ലൂക്കോസ്‌ എഴുതിയത്‌ 23:1-56

23  അപ്പോൾ ജനക്കൂട്ടം എഴു​ന്നേറ്റു. എല്ലാവ​രും ചേർന്ന്‌ യേശു​വി​നെ പീലാത്തൊസിന്റെ അടു​ത്തേക്കു കൊണ്ടു​പോ​യി.+  “ഈ മനുഷ്യൻ ഞങ്ങളുടെ ജനതയെ വഴി​തെ​റ്റി​ക്കു​ക​യും സീസറി​നു നികുതി കൊടു​ക്കു​ന്നതു വിലക്കുകയും+ താൻ ക്രിസ്‌തു​വെന്ന രാജാ​വാ​ണെന്ന്‌ അവകാ​ശ​പ്പെ​ടു​ക​യും ചെയ്യുന്നു”+ എന്നു പറഞ്ഞ്‌ അവർ യേശു​വിന്‌ എതിരെ കുറ്റാ​രോ​പണം നടത്താൻതു​ടങ്ങി.+  പീലാ​ത്തൊസ്‌ യേശു​വി​നോട്‌, “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ” എന്നു ചോദി​ച്ച​പ്പോൾ, “അങ്ങുതന്നെ അതു പറയു​ന്ന​ല്ലോ”+ എന്നു യേശു പറഞ്ഞു.  അപ്പോൾ പീലാ​ത്തൊസ്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രോ​ടും ജനക്കൂ​ട്ട​ത്തോ​ടും, “ഈ മനുഷ്യ​നിൽ ഞാൻ ഒരു കുറ്റവും കാണു​ന്നില്ല”+ എന്നു പറഞ്ഞു.  പക്ഷേ അവർ വിട്ടു​കൊ​ടു​ക്കാൻ തയ്യാറാ​കാ​തെ, “ഇവൻ അങ്ങു ഗലീല മുതൽ ഇവിടം വരെ യഹൂദ്യ​യി​ലെ​ങ്ങും പഠിപ്പി​ച്ചു​കൊണ്ട്‌ ജനത്തെ ഇളക്കി​വി​ടു​ന്നു” എന്നു പറഞ്ഞു.  ഇതു കേട്ടിട്ട്‌ പീലാ​ത്തൊസ്‌ യേശു ഗലീല​ക്കാ​ര​നാ​ണോ എന്നു ചോദി​ച്ചു.  യേശു ഹെരോദിന്റെ അധികാ​ര​പ​രി​ധി​യിൽപ്പെ​ട്ട​വ​നാ​ണെന്നു മനസ്സിലാക്കിയപ്പോൾ+ പീലാ​ത്തൊസ്‌ യേശു​വി​നെ ഹെരോദിന്റെ അടു​ത്തേക്ക്‌ അയച്ചു. ആ സമയത്ത്‌ ഹെരോദ്‌ യരുശ​ലേ​മി​ലു​ണ്ടാ​യി​രു​ന്നു.  യേശു​വി​നെ കണ്ടപ്പോൾ ഹെരോ​ദി​നു വലിയ സന്തോ​ഷ​മാ​യി. യേശു​വി​നെ​ക്കു​റിച്ച്‌ ധാരാളം കേട്ടി​രു​ന്ന​തു​കൊണ്ട്‌ ഒന്നു നേരിൽ കാണാൻ ഏറെക്കാ​ല​മാ​യി അദ്ദേഹം ആഗ്രഹി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു.+ യേശു എന്തെങ്കി​ലും അടയാളം ചെയ്യു​ന്നതു കാണാ​മെന്ന പ്രതീ​ക്ഷ​യും ഹെരോ​ദി​നു​ണ്ടാ​യി​രു​ന്നു.  ഹെരോദ്‌ നിരവധി ചോദ്യ​ങ്ങൾ ചോദി​ച്ചെ​ങ്കി​ലും യേശു ഒരു മറുപ​ടി​യും പറഞ്ഞില്ല.+ 10  എന്നാൽ മുഖ്യ​പു​രോ​ഹി​ത​ന്മാ​രും ശാസ്‌ത്രി​മാ​രും വീറോ​ടെ യേശു​വിന്‌ എതിരെ കുറ്റാ​രോ​പണം ഉന്നയി​ച്ചു​കൊ​ണ്ടി​രു​ന്നു. 11  ഹെരോ​ദും കാവൽഭ​ട​ന്മാ​രും യേശു​വി​നോട്‌ ആദരവി​ല്ലാ​തെ പെരു​മാ​റി.+ യേശു​വി​നെ കളിയാക്കാനായി+ ഹെരോദ്‌ യേശു​വി​നെ നിറപ്പകിട്ടുള്ള* ഒരു വസ്‌ത്രം ധരിപ്പി​ച്ചിട്ട്‌ പീലാത്തൊസിന്റെ അടു​ത്തേക്കു തിരി​ച്ച​യച്ചു.+ 12  അതുവരെ ശത്രു​ത​യി​ലാ​യി​രുന്ന ഹെരോ​ദും പീലാ​ത്തൊ​സും അന്നു സ്‌നേ​ഹി​ത​ന്മാ​രാ​യി മാറി. 13  അപ്പോൾ പീലാ​ത്തൊസ്‌ മുഖ്യ​പു​രോ​ഹി​ത​ന്മാ​രെ​യും പ്രമാ​ണി​മാ​രെ​യും ജനത്തെ​യും വിളി​ച്ചു​കൂ​ട്ടി 14  അവരോ​ടു പറഞ്ഞു: “ആളുകളെ കലാപ​ത്തി​നു പ്രേരി​പ്പി​ക്കു​ന്നെന്നു പറഞ്ഞാ​ണ​ല്ലോ നിങ്ങൾ ഈ മനുഷ്യ​നെ എന്റെ അടുത്ത്‌ കൊണ്ടു​വ​ന്നത്‌. എന്നാൽ നിങ്ങളു​ടെ മുന്നിൽവെച്ച്‌ ഞാൻ ഇയാളെ വിസ്‌ത​രി​ച്ചി​ട്ടും നിങ്ങൾ ഇയാൾക്കെ​തി​രെ ഉന്നയി​ക്കുന്ന ആരോ​പ​ണ​ങ്ങൾക്ക്‌ ഒരു അടിസ്ഥാ​ന​വും കണ്ടില്ല.+ 15  ഹെരോ​ദും കണ്ടില്ല. ഹെരോദ്‌ ഇയാളെ നമ്മുടെ അടു​ത്തേ​ക്കു​തന്നെ തിരി​ച്ച​യ​ച്ച​ല്ലോ. മരണശിക്ഷ അർഹി​ക്കുന്ന ഒന്നും ഇയാൾ ചെയ്‌തി​ട്ടില്ല. 16  അതു​കൊണ്ട്‌ വേണ്ട ശിക്ഷ കൊടുത്തിട്ട്‌+ ഞാൻ ഇയാളെ വിട്ടയ​യ്‌ക്കാൻപോ​കു​ക​യാണ്‌.” 17  *—— 18  പക്ഷേ ജനമെ​ല്ലാം ഇങ്ങനെ ആർത്തു​വി​ളി​ച്ചു: “ഇവനെ കൊന്നു​ക​ളയൂ,* ബറബ്ബാ​സി​നെ വിട്ടുതരൂ!”+ 19  (ഈ ബറബ്ബാ​സാ​കട്ടെ കൊലപാതകത്തിന്റെയും നഗരത്തി​ലു​ണ്ടായ കലാപത്തിന്റെയും പേരിൽ ജയിലിൽ കിടക്കുന്നവനായിരുന്നു.) 20  യേശു​വി​നെ വിട്ടയ​യ്‌ക്കാ​നുള്ള ആഗ്രഹം​കൊണ്ട്‌ പീലാ​ത്തൊസ്‌ വീണ്ടും അവരോ​ടു സംസാ​രി​ച്ചു​നോ​ക്കി.+ 21  എന്നാൽ അവർ, “അവനെ സ്‌തം​ഭ​ത്തി​ലേറ്റ്‌! അവനെ സ്‌തം​ഭ​ത്തി​ലേറ്റ്‌!” എന്ന്‌ അലറി.+ 22  മൂന്നാ​മ​തും പീലാ​ത്തൊസ്‌ അവരോ​ടു പറഞ്ഞു: “എന്തിന്‌? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്‌തു? മരണം അർഹി​ക്കു​ന്ന​തൊ​ന്നും ഞാൻ ഇയാളിൽ കാണു​ന്നില്ല.+ അതു​കൊണ്ട്‌ ഞാൻ ഇയാളെ ശിക്ഷി​ച്ചിട്ട്‌ വിട്ടയ​യ്‌ക്കു​ക​യാണ്‌.” 23  അപ്പോൾ, അവർ യേശു​വി​നെ വധിക്കണമെന്നു* ശഠിച്ചു​കൊണ്ട്‌ വല്ലാതെ ബഹളം വെക്കാൻതുടങ്ങി.+ ഒടുവിൽ അതു ഫലം കണ്ടു. 24  അവർ ആവശ്യ​പ്പെ​ടു​ന്ന​തു​പോ​ലെ നടക്കട്ടെ എന്നു പീലാ​ത്തൊസ്‌ വിധിച്ചു. 25  കലാപത്തിന്റെയും കൊലപാതകത്തിന്റെയും പേരിൽ ജയിലി​ലാ​ക്കി​യി​രു​ന്ന​വനെ അവർ ആവശ്യ​പ്പെ​ട്ട​തു​പോ​ലെ പീലാ​ത്തൊസ്‌ വിട്ടയച്ചു. എന്നാൽ യേശു​വി​നെ അവരുടെ ഇഷ്ടത്തിനു വിട്ടു​കൊ​ടു​ത്തു. 26  യേശു​വി​നെ കൊണ്ടു​പോ​കു​മ്പോൾ നാട്ടിൻപു​റ​ത്തു​നിന്ന്‌ വരുക​യാ​യി​രുന്ന കുറേ​ന​ക്കാ​ര​നായ ശിമോ​നെ അവർ പിടി​ച്ചു​നി​റു​ത്തി. എന്നിട്ട്‌ യേശുവിന്റെ പിന്നാലെ ദണ്ഡനസ്‌തം​ഭം ചുമന്നു​കൊണ്ട്‌ ചെല്ലാൻ, ശിമോന്റെ മേൽ അതു വെച്ചുകൊടുത്തു.+ 27  ഒരു വലിയ ജനാവലി യേശുവിന്റെ പിന്നാലെ ചെന്നു. യേശു​വി​നെ​ച്ചൊ​ല്ലി നെഞ്ചത്ത​ടിച്ച്‌ കരയു​ക​യും അലമു​റ​യി​ടു​ക​യും ചെയ്യുന്ന അനേകം സ്‌ത്രീ​ക​ളും അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. 28  യേശു ആ സ്‌ത്രീ​ക​ളു​ടെ നേരെ തിരിഞ്ഞ്‌ അവരോ​ടു പറഞ്ഞു: “യരുശ​ലേം​പു​ത്രി​മാ​രേ, എന്നെ ഓർത്ത്‌ കരയേണ്ടാ. നിങ്ങ​ളെ​യും നിങ്ങളു​ടെ മക്കളെ​യും ഓർത്ത്‌ കരയൂ.+ 29  കാരണം, ‘പ്രസവി​ക്കു​ക​യോ മുലയൂ​ട്ടു​ക​യോ ചെയ്യാത്ത വന്ധ്യമാ​രായ സ്‌ത്രീ​കൾ സന്തുഷ്ടർ’ എന്ന്‌ ആളുകൾ പറയുന്ന കാലം ഇതാ വരുന്നു.+ 30  അന്ന്‌ അവർ മലക​ളോട്‌, ‘ഞങ്ങളുടെ മേൽ വന്നുവീ​ഴൂ!’ എന്നും കുന്നു​ക​ളോട്‌, ‘ഞങ്ങളെ മൂടൂ!’ എന്നും പറയും.+ 31  മരം പച്ചയാ​യി​രി​ക്കു​മ്പോൾ സ്ഥിതി ഇതാ​ണെ​ങ്കിൽ അത്‌ ഉണങ്ങി​ക്ക​ഴി​യു​മ്പോൾ എന്തായി​രി​ക്കും അവസ്ഥ?” 32  യേശുവിന്റെകൂടെ വധിക്കാൻ രണ്ടു കുറ്റവാ​ളി​ക​ളെ​യും കൊണ്ടു​പോ​യി​രു​ന്നു.+ 33  തലയോടിടം+ എന്നു വിളി​ക്കുന്ന സ്ഥലത്ത്‌ എത്തിയ​പ്പോൾ അവർ യേശു​വിനെ സ്‌തം​ഭ​ത്തിൽ തറച്ചു. കുറ്റവാ​ളി​കളെ​യോ ഒരാളെ വലത്തും മറ്റേ ആളെ ഇടത്തും ആയി സ്‌തം​ഭ​ത്തി​ലേറ്റി.+ 34  അപ്പോൾ യേശു, “പിതാവേ, ഇവർ ചെയ്യു​ന്നത്‌ എന്താ​ണെന്ന്‌ ഇവർക്ക്‌ അറിയി​ല്ലാ​ത്ത​തു​കൊണ്ട്‌ ഇവരോ​ടു ക്ഷമി​ക്കേ​ണമേ” എന്നു പറഞ്ഞു.+ പിന്നെ അവർ യേശുവിന്റെ വസ്‌ത്രങ്ങൾ വീതി​ച്ചെ​ടു​ക്കാൻ നറുക്കി​ട്ടു.+ 35  ആളുകൾ ഇതെല്ലാം നോക്കി​ക്കൊണ്ട്‌ നിന്നു. പ്രമാ​ണി​മാ​രാ​കട്ടെ യേശു​വി​നെ പുച്ഛി​ച്ചു​കൊണ്ട്‌ പറഞ്ഞു: “മറ്റുള്ള​വരെ ഇവൻ രക്ഷിച്ച​ല്ലോ. ഇവൻ ദൈവത്തിന്റെ അഭിഷിക്തനും* തിര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​നും ആണെങ്കിൽ സ്വയം രക്ഷിക്കട്ടെ.”+ 36  പടയാ​ളി​ക​ളും അടുത്ത്‌ ചെന്ന്‌ പുളിച്ച വീഞ്ഞു+ യേശു​വി​നു നേരെ നീട്ടി കളിയാ​ക്കി ഇങ്ങനെ പറഞ്ഞു: 37  “നീ ജൂതന്മാ​രു​ടെ രാജാ​വാ​ണെ​ങ്കിൽ നിന്നെ​ത്തന്നെ രക്ഷിക്കുക.” 38  “ഇതു ജൂതന്മാ​രു​ടെ രാജാവ്‌”+ എന്ന്‌ അവർ യേശുവിന്റെ തലയ്‌ക്കു മുകളിൽ എഴുതി​വെ​ച്ചി​രു​ന്നു. 39  സ്‌തം​ഭ​ത്തിൽ കിടന്ന കുറ്റവാ​ളി​ക​ളിൽ ഒരാൾ ഇങ്ങനെ പറഞ്ഞ്‌ യേശു​വി​നെ നിന്ദിച്ചു:+ “നീ ക്രിസ്‌തു​വാ​ണല്ലേ? എങ്കിൽ നിന്നെ​ത്ത​ന്നെ​യും ഞങ്ങളെ​യും രക്ഷിക്ക്‌.” 40  അപ്പോൾ മറ്റേ ആൾ അയാളെ ശകാരി​ച്ചു​കൊണ്ട്‌ ചോദി​ച്ചു: “ഈ മനുഷ്യന്റെ അതേ ശിക്ഷാ​വി​ധി കിട്ടി​യി​ട്ടും നിനക്കു ദൈവത്തെ ഒട്ടും പേടി​യി​ല്ലേ? 41  നമുക്ക്‌ ഈ ശിക്ഷ ലഭിച്ചതു ന്യായ​മാണ്‌. നമ്മൾ ചെയ്‌തു​കൂ​ട്ടി​യ​തി​നു കിട്ടേ​ണ്ടതു കിട്ടി. എന്നാൽ ഈ മനുഷ്യൻ ഒരു തെറ്റും ചെയ്‌തി​ട്ടില്ല.” 42  പിന്നെ അയാൾ, “യേശുവേ, അങ്ങ്‌ അങ്ങയുടെ രാജ്യ​ത്തിൽ പ്രവേ​ശി​ക്കു​മ്പോൾ എന്നെയും ഓർക്കേ​ണമേ”+ എന്നു പറഞ്ഞു. 43  അപ്പോൾ യേശു അയാ​ളോ​ടു പറഞ്ഞു: “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.”+ 44  അപ്പോൾ ഏകദേശം ആറാം മണിയാ​യി​രു​ന്നു. എന്നിട്ടും നാട്ടിലെങ്ങും* ഇരുട്ടു പരന്നു. ഒൻപതാം മണിവരെ അങ്ങനെ നിന്നു.+ 45  കാരണം സൂര്യ​പ്ര​കാ​ശം മങ്ങി​പ്പോ​യി. കൂടാതെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ തിരശ്ശീല+ മുകളിൽനിന്ന്‌ താഴെ​വരെ നെടുകെ കീറി​പ്പോ​യി.+ 46  യേശു ഉറക്കെ, “പിതാവേ, ഞാൻ എന്റെ ജീവൻ തൃ​ക്കൈ​യിൽ ഏൽപ്പിക്കുന്നു”+ എന്നു പറഞ്ഞു. ഇതു പറഞ്ഞിട്ട്‌ യേശു ജീവൻ വെടിഞ്ഞു.+ 47  സംഭവി​ച്ചതു കണ്ടിട്ട്‌ സൈനി​കോ​ദ്യോ​ഗസ്ഥൻ, “ശരിക്കും ഈ മനുഷ്യൻ നീതി​മാ​നാ​യി​രു​ന്നു” എന്നു പറഞ്ഞ്‌ ദൈവത്തെ സ്‌തു​തി​ച്ചു.+ 48  സംഭവം കാണാൻ വന്നുകൂ​ടിയ ജനം നടന്ന​തെ​ല്ലാം കണ്ടിട്ടു നെഞ്ചത്ത​ടി​ച്ചു​കൊണ്ട്‌ വീട്ടി​ലേക്കു തിരി​ച്ചു​പോ​യി. 49  ഗലീല​യിൽനിന്ന്‌ യേശു​വി​നെ അനുഗ​മിച്ച സ്‌ത്രീ​കൾ ഉൾപ്പെടെ യേശുവിന്റെ പരിച​യ​ക്കാ​രെ​ല്ലാം ഇതൊക്കെ കണ്ടു​കൊണ്ട്‌ ദൂരെ നിൽക്കു​ന്നു​ണ്ടാ​യി​രു​ന്നു.+ 50  യോ​സേഫ്‌ എന്നു പേരുള്ള നല്ലവനും നീതി​മാ​നും ആയ ഒരാളു​ണ്ടാ​യി​രു​ന്നു.+ അദ്ദേഹം ന്യായാ​ധി​പ​സ​ഭ​യി​ലെ ഒരു അംഗമാ​യി​രു​ന്നു. 51  (യോസേഫ്‌ അവരുടെ കുടി​ല​പ​ദ്ധ​തി​യെ​യും പ്രവൃ​ത്തി​യെ​യും അനുകൂ​ലിച്ച്‌ വോട്ടു ചെയ്‌തില്ലായിരുന്നു.) യഹൂദ്യ​രു​ടെ ഒരു നഗരമായ അരിമ​ഥ്യ​യിൽനി​ന്നുള്ള യോ​സേഫ്‌ ദൈവ​രാ​ജ്യ​ത്തി​നു​വേണ്ടി കാത്തിരുന്നയാളാണ്‌. 52  യോ​സേഫ്‌ പീലാത്തൊസിന്റെ അടുത്ത്‌ ചെന്ന്‌ യേശുവിന്റെ ശരീരം ചോദി​ച്ചു. 53  അതു താഴെ ഇറക്കി+ മേന്മ​യേ​റിയ ഒരു ലിനൻതു​ണി​യിൽ പൊതിഞ്ഞ്‌, പാറയിൽ വെട്ടി​യു​ണ്ടാ​ക്കിയ ഒരു കല്ലറയിൽ വെച്ചു.+ അതുവരെ ആരെയും അതിൽ അടക്കി​യി​ട്ടി​ല്ലാ​യി​രു​ന്നു. 54  അന്ന്‌ ഒരുക്ക​നാ​ളാ​യി​രു​ന്നു.+ ശബത്ത്‌+ ആരംഭി​ക്കാ​റാ​യി​രു​ന്നു. 55  ഗലീല​യിൽനിന്ന്‌ യേശുവിന്റെകൂടെ വന്ന സ്‌ത്രീ​ക​ളും ഒപ്പം ചെന്ന്‌ കല്ലറയും അതിൽ യേശുവിന്റെ ശരീരം വെച്ചി​രി​ക്കു​ന്ന​തും കണ്ടു.+ 56  പിന്നെ അവർ സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും സുഗന്ധ​തൈ​ല​ങ്ങ​ളും ഒരുക്കാൻവേണ്ടി മടങ്ങി​പ്പോ​യി. ശബത്തിൽ പക്ഷേ അവർ കല്‌പ​ന​യ​നു​സ​രിച്ച്‌ വിശ്ര​മി​ച്ചു.+

അടിക്കുറിപ്പുകള്‍

അഥവാ “തിളങ്ങുന്ന.”
അനു. എ3 കാണുക.
അക്ഷ. “ഇവനെ കൊണ്ടു​പോ​കൂ.”
അഥവാ “സ്‌തം​ഭ​ത്തി​ലേറ്റി കൊല്ല​ണ​മെന്ന്‌.”
അക്ഷ. “ക്രിസ്‌തു​വും.”
അക്ഷ. “ഭൂമി​യിൽ”

പഠനക്കുറിപ്പുകൾ

സീസർ: അഥവാ “ചക്രവർത്തി.” യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​ക്കാ​ലത്ത്‌ തിബെ​ര്യൊസ്‌ ആയിരു​ന്നു റോമൻ ചക്രവർത്തി. പക്ഷേ ഭരണത്തി​ലി​രുന്ന ചക്രവർത്തി​യെ മാത്രമല്ല “സീസർ” എന്ന പദം കുറി​ച്ചി​രു​ന്നത്‌. റോമൻ ഗവൺമെ​ന്റി​നെ​യും അതിന്റെ നിയമി​ത​പ്ര​തി​നി​ധി​ക​ളെ​യും അതിന്‌ അർഥമാ​ക്കാ​നാ​കു​മാ​യി​രു​ന്നു. പൗലോസ്‌ പറഞ്ഞ ‘ഉന്നതാ​ധി​കാ​രി​ക​ളും’ പത്രോസ്‌ പറഞ്ഞ ‘രാജാ​വും’ ‘ഗവർണർമാ​രും’ ഇതിൽപ്പെ​ടും.​—റോമ 13:1-7; 1പത്ര 2:13-17; തീത്ത 3:1; പദാവലി കാണുക.

നീ ജൂതന്മാ​രു​ടെ രാജാ​വാ​ണോ?: നാലു സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളി​ലും പീലാ​ത്തൊ​സി​ന്റെ ഈ ചോദ്യം ഇങ്ങനെ​തന്നെ കൊടു​ത്തി​ട്ടുണ്ട്‌. (മത്ത 27:11; മർ 15:2; ലൂക്ക 23:3; യോഹ 18:33) സീസറി​ന്റെ അനുമ​തി​യി​ല്ലാ​തെ ആർക്കും റോമൻ സാമ്രാ​ജ്യ​ത്തിൽ രാജാ​വാ​യി ഭരിക്കാൻ കഴിയി​ല്ലാ​യി​രു​ന്നു. അതു​കൊ​ണ്ടാ​യി​രി​ക്കാം യേശു​വി​നെ ചോദ്യം ചെയ്‌ത​പ്പോൾ പീലാ​ത്തൊസ്‌ പ്രധാ​ന​മാ​യും യേശു​വി​ന്റെ രാജാ​ധി​കാ​രം എന്ന വിഷയ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചത്‌.

ഹെരോദ്‌: അതായത്‌ ഹെരോദ്‌ അന്തിപ്പാസ്‌, മഹാനായ ഹെരോദിന്റെ മകൻ. ഗലീല​യു​ടെ​യും പെരി​യ​യു​ടെ​യും ജില്ലാ​ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു അന്തിപ്പാസ്‌. യേശു​വി​നെ ഹെരോ​ദി​ന്റെ മുന്നിൽ ഹാജരാ​ക്കിയ കാര്യം ലൂക്കോസ്‌ മാത്രമേ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ.​—ലൂക്ക 3:1; പദാവലി കാണുക.

ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ ഇങ്ങനെ കാണാം: “ഉത്സവം​തോ​റും അദ്ദേഹം ഒരാളെ മോചി​പ്പി​ക്കേ​ണ്ടി​യി​രു​ന്നു.” എന്നാൽ ആധികാ​രി​ക​മായ പല പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഈ വാക്കുകൾ കാണു​ന്നില്ല. അതു സൂചി​പ്പി​ക്കു​ന്നത്‌, ലൂക്കോസ്‌ സുവി​ശേഷം എഴുതി​യ​പ്പോൾ ഈ വാക്കുകൾ അതിൽ ഇല്ലായി​രു​ന്നു എന്നാണ്‌. ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ 19-ാം വാക്യ​ത്തി​നു ശേഷം ഈ വാക്കുകൾ കാണാം. അതേ വാക്കു​കൾതന്നെ ചെറിയ വ്യത്യാ​സ​ത്തോ​ടെ മത്ത 27:15; മർ 15:6 എന്നീ വാക്യ​ങ്ങ​ളി​ലുണ്ട്‌. അവയുടെ ആധികാ​രി​ക​ത​യെ​ക്കു​റി​ച്ചാ​കട്ടെ ആർക്കും സംശയ​മി​ല്ല​താ​നും. മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളി​ലെ സമാന്ത​ര​വി​വ​ര​ണ​ങ്ങളെ ആധാര​മാ​ക്കി പകർപ്പെ​ഴു​ത്തു​കാർ ഈ വാക്കുകൾ ഇവിടെ ഒരു വിശദീ​ക​ര​ണ​മാ​യി കൂട്ടി​ച്ചേർത്ത​താ​കാം.

കുറേന: ആഫ്രി​ക്ക​യു​ടെ വടക്കൻതീ​ര​ത്തോട്‌ അടുത്ത്‌ ക്രേത്ത ദ്വീപി​ന്റെ തെക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി ചെയ്‌തി​രുന്ന ഒരു നഗരം. (അനു. ബി13 കാണുക.) സാധ്യ​ത​യ​നു​സ​രിച്ച്‌ കുറേ​ന​യിൽ ജനിച്ച ശിമോൻ പിൽക്കാ​ലത്ത്‌ ഇസ്രാ​യേ​ലിൽ താമസ​മാ​ക്കി​യ​താ​കാം.

ദണ്ഡനസ്‌തം​ഭം: അഥവാ “വധസ്‌തം​ഭം.”—പദാവ​ലി​യിൽ “ദണ്ഡനസ്‌തം​ഭം;” “സ്‌തംഭം” എന്നിവ​യും ഈ പദം ആലങ്കാ​രി​കാർഥ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ലൂക്ക 9:23; 14:27 എന്നിവ​യും കാണുക.

മരം പച്ചയാ​യി​രി​ക്കു​മ്പോൾ . . . അത്‌ ഉണങ്ങി​ക്ക​ഴി​യു​മ്പോൾ: തെളി​വ​നു​സ​രിച്ച്‌, യേശു ഇവിടെ ജൂതജ​ന​ത​യെ​ക്കു​റി​ച്ചാ​ണു പറഞ്ഞത്‌. ഉണങ്ങി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു മരം​പോ​ലെ​യാ​യി​രു​ന്നു അത്‌. എന്നാൽ യേശു​വും യേശു​വിൽ വിശ്വ​സിച്ച അനേകം ജൂതന്മാ​രും അവരുടെ ഇടയിൽ അപ്പോ​ഴും ഉണ്ടായി​രു​ന്ന​തു​കൊണ്ട്‌, ആ മരത്തിൽ അൽപ്പം പച്ചപ്പ്‌ അവശേ​ഷി​ച്ചി​രു​ന്നെന്നു പറയാം. പക്ഷേ യേശു പെട്ടെ​ന്നു​തന്നെ വധിക്ക​പ്പെ​ടു​ക​യും വിശ്വ​സ്‌ത​രായ ജൂതന്മാർ പരിശു​ദ്ധാ​ത്മാ​വി​നാൽ അഭി​ഷേകം പ്രാപിച്ച്‌ ആത്മീയ ഇസ്രായേലിന്റെ ഭാഗമാ​യി​ത്തീ​രു​ക​യും ചെയ്യു​മാ​യി​രു​ന്നു. (റോമ 2:28, 29; ഗല 6:16) അതോടെ, അക്ഷരീയ ഇസ്രാ​യേൽജനത ആത്മീയ​മാ​യി മരിച്ച്‌, ഉണങ്ങിയ ഒരു മരം​പോ​ലെ ആയിത്തീ​രു​മാ​യി​രു​ന്നു.​—മത്ത 21:43.

ഗൊൽഗോ​ഥ: “തലയോട്ടി” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​ത്തിൽനിന്ന്‌ വന്നത്‌. (യോഹ 19:17 കാണുക; ഗുൽഗോ​ലെത്‌ എന്ന എബ്രാ​യ​പദം “തലയോ​ട്ടി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ന്യായ 9:53 താരത​മ്യം ചെയ്യുക.) യേശു​വി​ന്റെ കാലത്ത്‌ ഈ സ്ഥലം യരുശ​ലേ​മി​ന്റെ നഗരമ​തി​ലു​കൾക്കു വെളി​യി​ലാ​യി​രു​ന്നു. എന്നാൽ അതിന്റെ കൃത്യ​സ്ഥാ​നം അറിയില്ല. (അനു. ബി12 കാണുക.) ഗൊൽഗോഥ ഒരു കുന്നിൻമു​ക​ളി​ലാ​യി​രു​ന്നെന്നു ബൈബിൾ പറയു​ന്നി​ല്ലെ​ങ്കി​ലും യേശു​വി​നെ വധിക്കു​ന്നതു ചിലർ ദൂരെ നിന്ന്‌ കണ്ടതായി ബൈബി​ളിൽ രേഖയുണ്ട്‌.​—മർ 15:40; ലൂക്ക 23:49.

തലയോ​ടി​ടം: ഇവിടെ കാണുന്ന ‘തലയോട്‌’ എന്നതിന്റെ ഗ്രീക്കു​പ​ദ​ത്തി​നു (ക്രാനീ​യൊൻ) ഗൊൽഗോഥ എന്ന എബ്രായപദത്തിന്റെ അതേ അർഥമാ​ണു​ള്ളത്‌. (യോഹ 19:17-ഉം മത്ത 27:33-ന്റെ പഠനക്കു​റി​പ്പും കാണുക.) ബൈബിളിന്റെ ചില ഇംഗ്ലീഷ്‌ പരിഭാ​ഷകൾ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു “കാൽവരി” എന്ന പദമാണ്‌. വൾഗേറ്റിൽ കാണുന്ന കൽവേ​രിയ (“തലയോ​ട്ടി” എന്ന്‌ അർഥം) എന്ന ലത്തീൻപ​ദ​ത്തിൽനിന്ന്‌ വന്നിരി​ക്കു​ന്ന​താണ്‌ ഇത്‌.

. . . എന്നു പറഞ്ഞു: ഈ വാക്യ​ത്തി​ന്റെ ആദ്യഭാ​ഗം ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലില്ല. എന്നാൽ ആധികാ​രി​ക​മായ മറ്റു പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്കുകൾ കാണു​ന്ന​തു​കൊ​ണ്ടാ​ണു പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലും മറ്റ്‌ അനേകം ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളി​ലും ഇത്‌ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

പുളിച്ച വീഞ്ഞ്‌: അഥവാ “വീഞ്ഞിൽനിന്നുള്ള വിനാ​ഗി​രി.” ഇത്‌, ലത്തീൻ ഭാഷയിൽ അസെറ്റം (വിനാ​ഗി​രി) എന്ന്‌ അറിയ​പ്പെ​ടുന്ന വീര്യം കുറഞ്ഞ, നല്ല പുളി​യുള്ള ഒരിനം വീഞ്ഞോ അതിൽ വെള്ളം ചേർത്ത്‌ നേർപ്പിച്ച പോസ്‌ക​യോ ആയിരു​ന്നി​രി​ക്കാം. റോമൻ പടയാ​ളി​കൾ ഉൾപ്പെടെ പാവ​പ്പെ​ട്ടവർ സാധാ​ര​ണ​യാ​യി ദാഹം ശമിപ്പി​ക്കാൻ കുടി​ച്ചി​രുന്ന വില കുറഞ്ഞ ഒരു പാനീ​യ​മാ​യി​രു​ന്നു ഇത്‌. മിശി​ഹ​യ്‌ക്കു “വിനാഗിരി” കുടി​ക്കാൻ കൊടു​ക്കും എന്നു പ്രവചി​ച്ചി​രി​ക്കുന്ന സങ്ക 69:21-ന്റെ സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും ഒക്‌സൊസ്‌ എന്ന ഗ്രീക്കു​പ​ദം​ത​ന്നെ​യാണ്‌.

തലയ്‌ക്കു മുകളിൽ എഴുതി​വെ​ച്ചി​രു​ന്നു: ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “തലയ്‌ക്കു മുകളിൽ ഗ്രീക്കി​ലും ലത്തീനി​ലും എബ്രാ​യ​യി​ലും എഴുതി​വെ​ച്ചി​രു​ന്നു” എന്നാണു കാണു​ന്നത്‌. എന്നാൽ “ഗ്രീക്കി​ലും ലത്തീനി​ലും എബ്രാ​യ​യി​ലും” എന്ന വാക്കുകൾ ആധികാ​രി​ക​മായ പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കാണു​ന്നില്ല. യോഹ 19:20-മായി യോജി​ക്കാൻവേണ്ടി പകർപ്പെ​ഴു​ത്തു​കാർ ഇതു കൂട്ടി​ച്ചേർത്ത​താ​കാ​മെന്നു കരുത​പ്പെ​ടു​ന്നു.

കിടന്ന: ഇവിടെ കാണുന്ന ഗ്രീക്കു​ക്രിയ ക്രിമാ​ന്നി​മൈ (“തൂക്കുക”) ആണ്‌, സ്റ്റോറോ (“സ്‌തം​ഭ​ത്തി​ലേറ്റി വധിക്കുക”) അല്ല. യേശു​വി​നെ വധിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ങ്ങ​ളിൽ ആ ക്രിയ​യോ​ടൊ​പ്പം എപീ സൈലൗ (“സ്‌തം​ഭ​ത്തിൽ” അഥവാ “മരത്തിൽ”) എന്ന പദപ്ര​യോ​ഗ​വും കാണാം. (പ്രവൃ 5:30, അടിക്കു​റിപ്പ്‌; 10:39, അടിക്കു​റിപ്പ്‌; ഗല 3:13) സെപ്‌റ്റു​വ​ജി​ന്റിൽ ഈ ക്രിയ മിക്ക​പ്പോ​ഴും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, ഒരാളെ സ്‌തം​ഭ​ത്തി​ലോ മരത്തി​ലോ തൂക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്താണ്‌.​—ഉൽ 40:19; ആവ 21:22; എസ്ഥ 8:7.

സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു,: ഗ്രീക്കു​പാ​ഠ​ത്തി​ന്റെ വ്യാക​ര​ണ​വും വാക്യ​സ​ന്ദർഭ​വും കണക്കി​ലെ​ടു​ത്താണ്‌ ആധുനിക ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളിൽ ഈ വാക്യ​ഭാ​ഗം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ഗ്രീക്ക്‌ വ്യാക​ര​ണ​മ​നു​സ​രിച്ച്‌ ഈ വാക്യ​ത്തിന്‌ രണ്ട്‌ അർഥം വരാം.

ഒന്നാമ​ത്തേത്‌, “സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.” രണ്ടാമ​ത്തേത്‌, “സത്യമാ​യി ഞാൻ നിന്നോ​ടു പറയുന്നു, ഇന്നു നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.” എന്നാൽ യേശു​വി​ന്റെ ഈ വാക്കുകൾ പരിഭാ​ഷകർ എങ്ങനെ മനസ്സി​ലാ​ക്കു​ന്നു എന്നതിന്റെ അടിസ്ഥാ​ന​ത്തി​ലാ​ണു പൊതു​വേ ഇതു പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നത്‌. എന്നാൽ ബൈബി​ളി​ലെ മറ്റു ഭാഗങ്ങൾ ഇതെക്കു​റിച്ച്‌ എന്തു പറയുന്നു എന്നതും അവർ പരിഗ​ണി​ക്കേ​ണ്ട​താണ്‌. ആധുനികകാല പണ്ഡിതന്മാർ തയ്യാറാക്കിയ ചില ഗ്രീക്കുപാഠങ്ങൾ “ഇന്നു നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും” എന്ന ആശയത്തെ അനുകൂ​ലി​ക്കുന്നുണ്ട്‌. അതിന്‌ ഉദാഹരണങ്ങളാണ്‌, വെസ്റ്റ്‌കോ​ട്ടി​ന്റെ​യും ഹോർട്ടി​ന്റെ​യും ഗ്രീക്കു​പാ​ഠം, നെസ്‌ലെ​യു​ടെ​യും അലൻഡി​ന്റെ​യും ഗ്രീക്കു​പാ​ഠം, യു​ണൈ​റ്റഡ്‌ ബൈബിൾ സൊ​സൈ​റ്റി​ക​ളു​ടെ ഗ്രീക്കു​പാ​ഠം എന്നിവ. എന്നാൽ യേശു മുമ്പ്‌ നടത്തിയ പ്രസ്‌താ​വ​ന​ക​ളു​മാ​യും ബൈബി​ളി​ലെ മറ്റ്‌ ഉപദേ​ശ​ങ്ങ​ളു​മാ​യും ചേരുന്നത്‌ പുതിയ ലോക ഭാഷാന്തരത്തിൽ കാണുന്ന തർജമയാണ്‌. ഉദാഹ​ര​ണ​ത്തിന്‌, താൻ മരിക്കു​മെ​ന്നും മൂന്നാം ദിവസം​വരെ ‘ഭൂമി​യു​ടെ ഉള്ളിൽ’ അഥവാ ശവക്കു​ഴി​യിൽ ആയിരി​ക്കു​മെ​ന്നും യേശു പറഞ്ഞി​രു​ന്നു. (മത്ത 12:40; മർ 10:34) താൻ കൊല്ല​പ്പെ​ട്ടിട്ട്‌, മൂന്നാം ദിവസം ഉയിർത്തെ​ഴു​ന്നേൽക്കു​മെ​ന്നും യേശു ഒന്നില​ധി​കം തവണ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞു. (ലൂക്ക 9:22; 18:33) ഇനി, യേശു “മരിച്ച​വ​രിൽനി​ന്നുള്ള ആദ്യഫ​ല​മാ​യി” പുനരു​ത്ഥാ​ന​പ്പെ​ട്ടെ​ന്നും 40 ദിവസ​ത്തി​നു ശേഷമാ​ണു സ്വർഗാ​രോ​ഹണം ചെയ്‌ത​തെ​ന്നും ബൈബിൾ പറയു​ന്നുണ്ട്‌. (1കൊ 15:20; യോഹ 20:17; പ്രവൃ 1:1-3, 9; കൊലോ 1:18) യേശു പുനരു​ത്ഥാ​ന​പ്പെ​ട്ടത്‌ മരണദി​വ​സമല്ല, മറിച്ച്‌ അതിന്റെ മൂന്നാം ദിവസം ആയിരു​ന്നു. അതു​കൊണ്ട്‌ യേശു ആ കുറ്റവാ​ളി​യോ​ടു സംസാ​രിച്ച അതേ ദിവസം​തന്നെ അയാൾക്കു യേശു​വി​നോ​ടൊ​പ്പം പറുദീ​സ​യിൽ ഉണ്ടായി​രി​ക്കാൻ കഴിയി​ല്ലാ​യി​രു​ന്നു.

അഞ്ചാം നൂറ്റാ​ണ്ടി​ലെ കുറേ​റ്റോ​ണി​യൻ സുറി​യാ​നി കൈ​യെ​ഴു​ത്തു​പ്ര​തി​യി​ലെ ലൂക്കോ​സി​ന്റെ വിവര​ണ​വും ഈ അഭി​പ്രാ​യ​ത്തോ​ടു യോജി​ക്കു​ന്നു. അതിൽ ഈ വാക്യം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “ആമേൻ, ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്നോ​ടു​കൂ​ടെ ഏദെൻ തോട്ട​ത്തി​ലു​ണ്ടാ​യി​രി​ക്കും.” (എഫ്‌. സി. ബർക്കിറ്റ്‌, നാലു സുവി​ശേ​ഷ​ങ്ങ​ളു​ടെ കുറേ​റ്റോ​ണി​യൻ പതിപ്പ്‌ (ഇംഗ്ലീഷ്‌), വാല്യം 1, കേം​ബ്രിജ്‌, 1904) ഈ വാക്കുകൾ എങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്ത​ണ​മെന്ന കാര്യ​ത്തിൽ പല അഭി​പ്രാ​യ​ങ്ങ​ളും ഉണ്ടായി​രു​ന്ന​താ​യി പുരാ​ത​ന​കാ​ല​ത്തെ​യും പിൽക്കാ​ല​ത്തെ​യും ഗ്രീക്ക്‌ എഴുത്തു​കാ​രും വ്യാഖ്യാ​താ​ക്ക​ളും സാക്ഷ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, എ.ഡി. നാലും അഞ്ചും നൂറ്റാ​ണ്ടു​ക​ളിൽ ജീവി​ച്ചി​രുന്ന യരുശ​ലേ​മി​ലെ ഹെയ്‌സി​കി​യെസ്‌ ലൂക്ക 23:43-നെക്കു​റിച്ച്‌ ഇങ്ങനെ എഴുതി: ”ചിലർ ആ ഭാഗം ഇങ്ങനെ വായി​ക്കു​ന്നു: ‘സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.’“ (ഗ്രീക്കി​ലെ ഉറവിടം: പെ​ട്രോ​ള​ജി​യേ ഗ്രീക്കേ, വാല്യം 93, കോളം 1432-1433) “ആ ഭാഗം വായി​ക്കേ​ണ്ടത്‌, ‘സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും’” എന്നാ​ണെന്നു വാദിച്ച ചില​രെ​ക്കു​റിച്ച്‌ എ.ഡി. 11-ഉം 12-ഉം നൂറ്റാ​ണ്ടു​ക​ളിൽ ജീവി​ച്ചി​രുന്ന തിയോ​ഫി​ലാ​ക്‌റ്റും എഴുതി. (പെ​ട്രോ​ള​ജി​യേ ഗ്രീക്കേ, വാല്യം 123, കോളം 1104) സുവി​ശേ​ഷ​വെ​ളി​ച്ചം—അരമാ​യ​യെ​യും മാറ്റമി​ല്ലാത്ത പൗരസ്‌ത്യാ​ചാ​ര​ങ്ങ​ളെ​യും അടിസ്ഥാ​ന​മാ​ക്കി യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള വ്യാഖ്യാ​നം (ഇംഗ്ലീഷ്‌) എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ന്റെ 303-304 പേജു​ക​ളിൽ ലൂക്ക 23:43-ലെ “ഇന്ന്‌” എന്ന പദത്തെ​ക്കു​റിച്ച്‌ ജി. എം. ലാംസ പറയുന്നു: “ഈ ഭാഗത്ത്‌ ‘ഇന്ന്‌’ എന്ന പദത്തി​നാണ്‌ ഊന്നൽ നൽകേ​ണ്ടത്‌. അതു​കൊണ്ട്‌ ആ വാക്യ​ഭാ​ഗം ഇങ്ങനെ വായി​ക്കണം: ‘സത്യമാ​യി ഇന്നു ഞാൻ നിന്നോ​ടു പറയുന്നു, നീ എന്റെകൂ​ടെ പറുദീ​സ​യി​ലു​ണ്ടാ​യി​രി​ക്കും.’ ആ ദിവസം യേശു വാഗ്‌ദാ​നം നൽകുക മാത്ര​മാ​ണു ചെയ്‌തത്‌, അതിന്റെ നിവൃത്തി പിന്നീടു മാത്രമേ ഉണ്ടാകു​മാ​യി​രു​ന്നു​ള്ളൂ. ‘ഇന്ന ദിവസം വാഗ്‌ദാ​നം നൽകി’ എന്ന്‌ ആളുകൾ പൗരസ്‌ത്യ​നാ​ടു​ക​ളിൽ പൊതു​വേ പറയു​ന്നത്‌ ആ വാഗ്‌ദാ​നം തീർച്ച​യാ​യും പാലി​ക്കും എന്നു സൂചി​പ്പി​ക്കാ​നാണ്‌.” അതു​കൊണ്ട്‌ ലൂക്ക 23:43-ലെ ഗ്രീക്കു​പ​ദ​പ്ര​യോ​ഗം സാധ്യ​ത​യ​നു​സ​രിച്ച്‌, ഊന്നലി​നെ സൂചി​പ്പി​ക്കുന്ന ഒരു സെമി​റ്റിക്ക്‌ ഭാഷാ​ശൈ​ലി​യാണ്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ വാഗ്‌ദാ​ന​ങ്ങ​ളും കല്‌പ​ന​ക​ളും നൽകുന്ന പല വാക്യ​ങ്ങ​ളി​ലും അതിന്റെ ഗൗരവത്തെ സൂചി​പ്പി​ക്കാൻ “ഇന്ന്‌” എന്ന പദപ്ര​യോ​ഗം ഒരു ശൈലി​യാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ആവ 4:26; 6:6; 7:11; 8:1, 19; 30:15; സെഖ 9:12) ഈ തെളി​വു​കൾ ഒരു കാര്യം സൂചി​പ്പി​ക്കു​ന്നു: യേശു ഇവിടെ “ഇന്ന്‌” എന്ന പദം ഉപയോ​ഗി​ച്ചത്‌ ആ കുറ്റവാ​ളിക്ക്‌ അന്നുതന്നെ പറുദീസ ലഭിക്കു​മെന്നു സൂചി​പ്പി​ക്കാ​നല്ല, മറിച്ച്‌ താൻ അന്നേ ദിവസം വാഗ്‌ദാ​നം ചെയ്യുന്നു എന്ന കാര്യ​ത്തിന്‌ ഊന്നൽ നൽകാ​നാണ്‌.

ഈ വാക്യ​ത്തിൽ ശരിക്കും ഊന്നൽ നൽകേ​ണ്ടതു യേശു വാഗ്‌ദാ​നം നൽകിയ സമയത്തി​നാണ്‌, അല്ലാതെ ആ വാഗ്‌ദാ​നം നിറ​വേ​റുന്ന സമയത്തി​നല്ല എന്ന കാര്യം അനേകം പരിഭാ​ഷ​ക​ളും അംഗീ​ക​രി​ച്ചി​ട്ടുണ്ട്‌. റോഥർഹാ​മി​ന്റെ​യും ലാംസ​യു​ടെ​യും (1933 പതിപ്പ്‌) ഇംഗ്ലീഷ്‌ പരിഭാ​ഷ​ക​ളും എൽ. റീൻഹാർട്ടി​ന്റെ​യും ഡബ്ല്യു. മൈക്കാ​ലി​സി​ന്റെ​യും ജർമൻ പരിഭാ​ഷ​ക​ളും അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. ഈ ഭാഷാ​ന്ത​ര​ങ്ങ​ളിൽ ലൂക്ക 23:43 പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലേ​തു​പോ​ലെ​ത​ന്നെ​യാണ്‌.

പറുദീസ: ഇതിന്റെ ഗ്രീക്കു​പദം പരാ​ഡേ​സൊസ്‌ എന്നാണ്‌. ഇതി​നോ​ടു സാമ്യ​മുള്ള വാക്കുകൾ എബ്രായ ഭാഷയി​ലും (നെഹ 2:8; സഭ 2:5; ഉത്ത 4:13 എന്നിവി​ട​ങ്ങ​ളിൽ പർഡേസ്‌ എന്നു കാണുന്നു.) പേർഷ്യൻ ഭാഷയി​ലും (പരി​ഡൈസ) ഉണ്ട്‌. ഈ മൂന്നു പദങ്ങളു​ടെ​യും അടിസ്ഥാ​നാർഥം മനോ​ഹ​ര​മായ ഒരു ഉദ്യാനം, പൂന്തോ​ട്ടം എന്നൊ​ക്കെ​യാണ്‌. ഉൽ 2:8-ലെ ‘ഏദെൻ തോട്ടം’ എന്ന പദപ്ര​യോ​ഗ​ത്തി​ലെ “തോട്ടം” എന്നതിന്റെ എബ്രാ​യ​പ​ദത്തെ (ഗൻ) ഗ്രീക്ക്‌ സെപ്‌റ്റു​വ​ജി​ന്റിപരാ​ഡേ​സൊസ്‌ എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രാ​യ​പ​രി​ഭാ​ഷ​ക​ളിൽ (അനു. സി-യിൽ J17, 18, 22 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ലൂക്ക 23:43 പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ “നീ എന്റെകൂ​ടെ ഏദെൻ തോട്ട​ത്തി​ലു​ണ്ടാ​യി​രി​ക്കും” എന്നാണ്‌. തന്നോ​ടൊ​പ്പം സ്‌തം​ഭ​ത്തിൽ തൂക്കിയ കുറ്റവാ​ളി​യോ​ടു യേശു വാഗ്‌ദാ​നം ചെയ്‌ത പറുദീസ വെളി 2:7-ൽ പറഞ്ഞി​രി​ക്കുന്ന “ദൈവ​ത്തി​ന്റെ പറുദീസ” അല്ല. കാരണം അതു ലഭിക്കു​ന്നത്‌ ‘ജയിക്കു​ന്ന​വർക്കാണ്‌,’ അതായത്‌ ക്രിസ്‌തു​വി​നോ​ടൊ​പ്പം സ്വർഗ​ത്തിൽ രാജാ​ക്ക​ന്മാ​രാ​യി ഭരിക്കാ​നു​ള്ള​വർക്കാണ്‌. (ലൂക്ക 22:28-30) എന്നാൽ ആ കുറ്റവാ​ളി യേശു​ക്രി​സ്‌തു​വി​നോ​ടൊ​പ്പം ലോകത്തെ ജയിച്ച​ട​ക്കി​യവൻ അല്ലായി​രു​ന്നു. അയാൾ ‘വെള്ളത്തിൽനി​ന്നും ദൈവാ​ത്മാ​വിൽനി​ന്നും ജനിച്ച​വ​നും’ ആയിരു​ന്നില്ല. (യോഹ 3:5; 16:33) തെളി​വ​നു​സ​രിച്ച്‌, ക്രിസ്‌തു പറുദീ​സാ​ഭൂ​മി​യു​ടെ മേൽ ആയിരം വർഷം ഭരിക്കു​മ്പോൾ, ഭൂമി​യിൽ ജീവി​ക്കാ​നാ​യി പുനരു​ത്ഥാ​ന​പ്പെ​ടുന്ന ‘നീതി​കെ​ട്ട​വ​രിൽ’ ഒരാളാ​യി​രി​ക്കും ഇദ്ദേഹം.​—പ്രവൃ 24:15; വെളി 20:4, 6.

ഏകദേശം ആറാം മണി: അതായത്‌, ഉച്ചയ്‌ക്ക്‌ ഏകദേശം 12 മണി.​—മത്ത 20:3-ന്റെ പഠനക്കു​റി​പ്പു കാണുക.

ഒൻപതാം മണി: അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.​—മത്ത 20:3-ന്റെ പഠനക്കു​റി​പ്പു കാണുക.

ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാ​ണ്ടിൽ ജൂതന്മാർ 12 മണിക്കൂ​റാ​യാ​ണു പകൽസ​മ​യത്തെ വിഭാ​ഗി​ച്ചി​രു​ന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നു അതിന്റെ തുടക്കം. (യോഹ 11:9) അതു​കൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമ​യ​വും ഒൻപതാം മണി വൈകു​ന്നേരം ഏകദേശം 3 മണിയും ആയിരു​ന്നു. ആളുക​ളു​ടെ കൈയിൽ കൃത്യ​സ​മയം കാണി​ക്കുന്ന ഘടികാ​രങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേ​ശ​സ​മയം മാത്രമേ സാധാരണ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.​—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.

ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാ​ണ്ടിൽ ജൂതന്മാർ 12 മണിക്കൂ​റാ​യാ​ണു പകൽസ​മ​യത്തെ വിഭാ​ഗി​ച്ചി​രു​ന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നു അതിന്റെ തുടക്കം. (യോഹ 11:9) അതു​കൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമ​യ​വും ഒൻപതാം മണി വൈകു​ന്നേരം ഏകദേശം 3 മണിയും ആയിരു​ന്നു. ആളുക​ളു​ടെ കൈയിൽ കൃത്യ​സ​മയം കാണി​ക്കുന്ന ഘടികാ​രങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേ​ശ​സ​മയം മാത്രമേ സാധാരണ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.​—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.

വിശു​ദ്ധ​മ​ന്ദി​രം: നയോസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ ആലയസ​മു​ച്ച​യ​ത്തി​ന്റെ കേന്ദ്ര​ഭാ​ഗ​ത്തുള്ള കെട്ടി​ടത്തെ കുറി​ക്കു​ന്നു. അതിലാ​യി​രു​ന്നു വിശു​ദ്ധ​വും അതിവി​ശു​ദ്ധ​വും.

തിരശ്ശീല: ദേവാ​ല​യ​ത്തി​ലെ വിശു​ദ്ധ​ത്തെ​യും അതിവി​ശു​ദ്ധ​ത്തെ​യും തമ്മിൽ വേർതി​രി​ക്കുന്ന ഈ തിരശ്ശീ​ല​യിൽ മനോ​ഹ​ര​മായ ചിത്ര​പ്പ​ണി​ക​ളു​ണ്ടാ​യി​രു​ന്നു. ജൂതപാ​ര​മ്പ​ര്യം പറയുന്നതനുസരിച്ച്‌, നല്ല ഭാരമു​ണ്ടാ​യി​രുന്ന ഈ തിരശ്ശീ​ല​യ്‌ക്കു 18 മീ. (60 അടി) നീളവും 9 മീ. (30 അടി) വീതി​യും 7.4 സെ.മീ. (2.9 ഇഞ്ച്‌) കനവും ഉണ്ടായി​രു​ന്നു. തിരശ്ശീല രണ്ടായി കീറി​യ​തി​ലൂ​ടെ യഹോവ തന്റെ മകനെ കൊന്ന​വ​രോ​ടുള്ള ക്രോധം പ്രകടി​പ്പി​ച്ചു. സ്വർഗ​ത്തി​ലേ​ക്കുള്ള പ്രവേ​ശനം ഇനി സാധ്യ​മാ​ണെ​ന്നും അതു സൂചി​പ്പി​ച്ചു.​—എബ്ര 10:19, 20; പദാവലി കാണുക.

ജീവൻ: അഥവാ “ആത്മാവ്‌; ജീവശക്തി.” യേശു ഇവിടെ സങ്ക 31:5-ൽനിന്നാണ്‌ ഉദ്ധരി​ക്കു​ന്നത്‌. അവിടെ ദാവീദ്‌, തന്റെ ജീവനെ അഥവാ ജീവശ​ക്തി​യെ കാക്കണ​മെന്നു ദൈവ​ത്തോട്‌ അപേക്ഷി​ക്കു​ന്ന​താ​യി കാണാം. തന്റെ ജീവൻ താൻ ദൈവ​ത്തി​ന്റെ കൈക​ളിൽ ഏൽപ്പി​ക്കു​ക​യാണ്‌ എന്നായി​രു​ന്നു അതിന്റെ അർഥം. മരണസ​മ​യത്ത്‌, യേശു തന്റെ ജീവശക്തി യഹോ​വ​യു​ടെ കൈക​ളിൽ ഏൽപ്പി​ക്കു​ന്ന​താ​യി പറഞ്ഞു. തനിക്കു വീണ്ടും ജീവൻ നൽകാൻ ദൈവ​ത്തി​നു മാത്രമേ കഴിയൂ എന്നാണ്‌ ആ വാക്കുകൾ സൂചി​പ്പി​ച്ചത്‌.​—പദാവ​ലി​യിൽ “ആത്മാവ്‌” കാണുക.

ജീവൻ വെടിഞ്ഞു: ഇവിടെ കാണുന്ന എക്‌പ്‌നി​യോ (അക്ഷ. “ശ്വാസം പുറ​ത്തേക്കു വിട്ടു.”) എന്ന ഗ്രീക്കു​ക്രി​യയെ “അന്ത്യശ്വാ​സം വലിച്ചു” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം. (മത്ത 27:50-ന്റെ പഠനക്കു​റി​പ്പു കാണുക.) “ജീവൻ (അഥവാ ആത്മാവ്‌) തൃ​ക്കൈ​യിൽ ഏൽപ്പി​ക്കു​ന്നു” എന്ന്‌ യേശു പറഞ്ഞതാ​യി ഈ വാക്യ​ത്തിൽ കാണു​ന്നു​ണ്ടെ​ങ്കി​ലും യേശു ഉടനെ സ്വർഗ​ത്തി​ലേക്കു പോയി​ല്ലെന്നു തിരു​വെ​ഴു​ത്തു​കൾ വ്യക്തമാ​ക്കു​ന്നു. യേശു ജീവൻ വെടിഞ്ഞു അഥവാ മരിച്ചു എന്നാണു നമ്മൾ വായി​ക്കു​ന്നത്‌. താൻ മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേൽക്കു​ന്നത്‌ “മൂന്നാം ദിവസം” മാത്ര​മാ​യി​രി​ക്കു​മെന്നു യേശു​തന്നെ മുമ്പ്‌ പറഞ്ഞി​രു​ന്നു. (മത്ത 16:21; ലൂക്ക 9:22) ഇനി, 40 ദിവസം​കൂ​ടെ കഴിഞ്ഞാ​ണു യേശു സ്വർഗാ​രോ​ഹണം ചെയ്‌ത​തെന്നു പ്രവൃ 1:3, 9 സൂചി​പ്പി​ക്കു​ന്നു.

പ്രാണൻ വെടിഞ്ഞു: അക്ഷ. “ആത്മാവിനെ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.” അഥവാ “ശ്വാസം നിലച്ചു.” മൂലഭാ​ഷ​യി​ലെ “ആത്മാവ്‌” എന്ന പദത്തിന്‌ (ഗ്രീക്കിൽ, ന്യൂമ) ഇവിടെ “ശ്വാസ​ത്തെ​യോ” “ജീവശ​ക്തി​യെ​യോ” കുറി​ക്കാ​നാ​കും. സമാന്ത​ര​വി​വ​ര​ണ​മായ മർ 15:37-ൽ എക്‌പ്‌നി​യോ (അക്ഷ. “ശ്വാസം പുറ​ത്തേ​ക്കു​വി​ടുക.”) എന്ന ഗ്രീക്കു​ക്രിയ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ഈ വാദത്തെ പിന്താ​ങ്ങു​ന്നു. (അവിടെ ആ പദം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു “ജീവൻ വെടിഞ്ഞു,” അഥവാ അടിക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ “അന്ത്യശ്വാ​സം വലിച്ചു” എന്നാണ്‌.) സംഭവി​ക്കേ​ണ്ട​തെ​ല്ലാം പൂർത്തി​യാ​യ​തു​കൊണ്ട്‌ ജീവൻ നിലനി​റു​ത്താ​നുള്ള പരി​ശ്രമം യേശു മനഃപൂർവം അവസാ​നി​പ്പി​ച്ചു എന്ന അർഥത്തി​ലാ​കാം മൂലഭാ​ഷ​യിൽ “ഏൽപ്പി​ച്ചു​കൊ​ടു​ത്തു” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എന്നാണു ചിലരു​ടെ അഭി​പ്രാ​യം. (യോഹ 19:30) അതെ, യേശു മനസ്സോ​ടെ ‘മരണത്തോളം തന്റെ ജീവൻ ചൊരി​ഞ്ഞു.’​—യശ 53:12; യോഹ 10:11.

സൈനി​കോ​ദ്യോ​ഗസ്ഥൻ: അഥവാ “ശതാധി​പൻ.” അതായത്‌, റോമൻ സൈന്യ​ത്തി​ലെ ഏകദേശം 100 പടയാ​ളി​ക​ളു​ടെ മേധാവി. യേശു ‘ദൈവ​പു​ത്ര​നാ​ണെന്ന’ കാര്യ​വും അദ്ദേഹം അംഗീ​ക​രി​ച്ച​താ​യി മത്തായി​യു​ടെ​യും മർക്കോ​സി​ന്റെ​യും സമാന്ത​ര​വി​വ​ര​ണ​ങ്ങ​ളി​ലുണ്ട്‌.​—മത്ത 27:54; മർ 15:39.

യോസേഫ്‌: മർ 15:43-ന്റെ പഠനക്കു​റി​പ്പു കാണുക.

ന്യായാ​ധി​പ​സ​ഭ​യി​ലെ ഒരു അംഗം: അഥവാ “കൗൺസി​ലർ.” അതായത്‌, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ട​തി​യായ സൻഹെ​ദ്രി​നി​ലെ ഒരംഗം. ആ കോടതി യരുശ​ലേ​മി​ലാ​യി​രു​ന്നു.​—മത്ത 26:59-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “സൻഹെ​ദ്രിൻ” എന്നതും കാണുക.

സൻഹെ​ദ്രിൻ: അതായത്‌ യരുശ​ലേ​മിൽ സ്ഥിതി​ചെ​യ്യുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ടതി. “സൻഹെ​ദ്രിൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ (സുനേ​ദ്രി​ഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്‌. കൂടി​വ​രവ്‌ അല്ലെങ്കിൽ യോഗം എന്ന വിശാ​ല​മായ അർഥമുള്ള പദമാ​യി​രു​ന്നു ഇതെങ്കി​ലും ഇസ്രാ​യേ​ലിൽ അതിനു മതപര​മായ ന്യായാ​ധി​പ​സം​ഘത്തെ അഥവാ കോട​തി​യെ അർഥമാ​ക്കാ​നാ​കു​മാ​യി​രു​ന്നു.​— മത്ത 5:22-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യും കാണുക; സൻഹെ​ദ്രിൻ ഹാൾ സ്ഥിതി​ചെ​യ്‌തി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.

യോസേഫ്‌: യോസേഫിനെക്കുറിച്ച്‌ ഓരോ സുവിശേഷയെഴുത്തുകാരനും നൽകുന്ന വിശദാംശങ്ങൾ വ്യത്യസ്‌തമാണ്‌. അവരുടെ ഓരോരുത്തരുടെയും പശ്ചാത്തലം അതിനെ സ്വാധീനിച്ചിരിക്കുന്നതായി കാണാം. ഉദാഹരണത്തിന്‌, നികുതിപിരിവുകാരനായ മത്തായി, യോസേഫ്‌ ധനികനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നു; റോമാക്കാർക്കുവേണ്ടി എഴുതിയ മർക്കോസ്‌ ആകട്ടെ, ദൈവരാജ്യത്തിനുവേണ്ടി കാത്തിരുന്ന ആളായ യോസേഫ്‌ ‘ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗമാണ്‌ ’ എന്നു പറയുന്നു; മനസ്സലിവുള്ള വൈദ്യനായ ലൂക്കോസ്‌ എഴുതിയത്‌ യോസേഫ്‌ യേശുവിന്‌ എതിരെയുള്ള ന്യായാധിപസഭയുടെ തീരുമാനത്തെ അനുകൂലിക്കാഞ്ഞ, ‘നല്ലവനും നീതിമാനും’ ആയ ഒരാളാണെന്നാണ്‌; യോസേഫ്‌ “ജൂതന്മാരെ പേടിച്ച്‌ യേശുവിന്റെ ഒരു രഹസ്യശിഷ്യനായി കഴിഞ്ഞിരുന്ന” ആളാണെന്നു പറഞ്ഞിരിക്കുന്നതു യോഹന്നാൻ മാത്രമാണ്‌.​—മത്ത 27:57-60; മർ 15:43-46; ലൂക്ക 23:50-53; യോഹ 19:38-42.

അരിമഥ്യ: “ഉയരം” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പ​ദ​ത്തിൽനി​ന്നാണ്‌ ഈ നഗരത്തി​ന്റെ പേര്‌ വന്നിരി​ക്കു​ന്നത്‌. ലൂക്ക 23:51-ൽ അതിനെ ‘യഹൂദ്യ​രു​ടെ ഒരു നഗരം’ എന്നു വിളി​ച്ചി​രി​ക്കു​ന്നു.​—അനു. ബി10 കാണുക.

കല്ലറ: അഥവാ “സ്‌മാ​ര​ക​ക്കല്ലറ.” ഇതു പ്രകൃ​തി​ജ​ന്യ​മായ ഗുഹയല്ല, മറിച്ച്‌ താരത​മ്യേന മൃദു​വായ, ചുണ്ണാ​മ്പു​കൽപ്പാ​റ​യിൽ വെട്ടി​യു​ണ്ടാ​ക്കിയ അറയാ​യി​രു​ന്നു. മിക്ക​പ്പോ​ഴും അത്തരം കല്ലറക​ളിൽ ശവശരീ​രം വെക്കാൻ പാകത്തി​നു ബെഞ്ചു​പോ​ലുള്ള തട്ടുകൾ കാണു​മാ​യി​രു​ന്നു. അവയുടെ ഭിത്തി​ക​ളി​ലും അറകൾ വെട്ടി​യു​ണ്ടാ​ക്കി​യി​രു​ന്നു.​—പദാവ​ലി​യിൽ “സ്‌മാ​ര​ക​ക്കല്ലറ” കാണുക.

ഒരുക്ക​നാൾ: ഒരാഴ്‌ച​യി​ലെ ശബത്തു​ദി​വ​സ​ത്തി​ന്റെ തലേനാൾ. ജൂതന്മാർ ശബത്തി​നു​വേ​ണ്ടി​യുള്ള ഒരുക്കങ്ങൾ നടത്തുന്ന ദിവസ​മാ​യി​രു​ന്നു ഇത്‌. ശബത്തു​ദി​വ​സം​കൂ​ടി കണക്കാക്കി കൂടുതൽ ഭക്ഷണം ഉണ്ടാക്കുക, ശബത്ത്‌ കഴിയു​ന്ന​തു​വരെ മാറ്റി​വെ​ക്കാൻ പറ്റാത്ത ജോലി​കൾ ചെയ്‌തു​തീർക്കുക എന്നിവ​യെ​ല്ലാം അതിന്റെ ഭാഗമാ​യി​രു​ന്നു. ഇത്തവണ നീസാൻ 14 ആയിരു​ന്നു ആ ഒരുക്ക​നാൾ.​—മർ 15:42; പദാവലി കാണുക.

കല്ലറ: അഥവാ “സ്‌മാ​ര​ക​ക്കല്ലറ.”—പദാവ​ലി​യിൽ “സ്‌മാ​ര​ക​ക്കല്ലറ” കാണുക.

ദൃശ്യാവിഷ്കാരം

ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി
ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ അടിച്ചു​ക​യ​റ്റിയ ആണി

മനുഷ്യ​ന്റെ ഉപ്പൂറ്റി​യി​ലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാ​ണി അടിച്ചു​ക​യ​റ്റി​യി​രി​ക്കു​ന്ന​തി​ന്റെ ഒരു ഫോ​ട്ടോ​യാണ്‌ ഇത്‌. ഈ അസ്ഥിയും ആണിയും യഥാർഥ​ത്തി​ലു​ള്ള​തി​ന്റെ ഒരു പകർപ്പു മാത്ര​മാണ്‌. യഥാർഥ​ത്തി​ലു​ള്ളതു കണ്ടെത്തി​യത്‌ 1968-ൽ വടക്കേ യരുശ​ലേ​മിൽ പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ ഉത്‌ഖ​നനം നടത്തി​യ​പ്പോ​ഴാണ്‌. ഇതിനു റോമൻ ഭരണകാ​ല​ത്തോ​ളം പഴക്കമുണ്ട്‌. തടി​കൊ​ണ്ടുള്ള സ്‌തം​ഭ​ത്തിൽ ഒരാളെ ബന്ധിക്കു​ന്ന​തിന്‌ ആണികൾ ഉപയോ​ഗി​ച്ചി​രി​ക്കാം എന്നതിനെ പുരാ​വ​സ്‌തു​ശാ​സ്‌ത്രം പിന്താ​ങ്ങു​ന്ന​തി​ന്റെ തെളി​വാണ്‌ ഇത്‌. ഇതു​പോ​ലുള്ള ആണിക​ളാ​യി​രി​ക്കാം റോമൻ പടയാ​ളി​കൾ യേശു​ക്രി​സ്‌തു​വി​നെ സ്‌തം​ഭ​ത്തിൽ തറയ്‌ക്കാൻ ഉപയോ​ഗി​ച്ചത്‌. ഗവേഷ​കർക്ക്‌ ഇതു കിട്ടി​യത്‌, ശവശരീ​രം ജീർണി​ച്ച​ശേഷം ബാക്കി​യാ​കുന്ന അസ്ഥികൾ സൂക്ഷി​ക്കുന്ന കല്ലു​കൊ​ണ്ടുള്ള ഒരു പെട്ടി​യിൽനി​ന്നാണ്‌. സ്‌തം​ഭ​ത്തിൽ വധിക്കുന്ന ആളുകൾക്കു ശവസം​സ്‌കാ​രം ലഭിച്ചി​രി​ക്കാം എന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.

ശവക്കല്ലറ
ശവക്കല്ലറ

പാറയിൽ വെട്ടി​യു​ണ്ടാ​ക്കിയ ഗുഹക​ളി​ലോ അറകളി​ലോ ആണ്‌ ജൂതന്മാർ സാധാ​ര​ണ​യാ​യി ശവസം​സ്‌കാ​രം നടത്തി​യി​രു​ന്നത്‌. രാജാ​ക്ക​ന്മാ​രു​ടേത്‌ ഒഴി​കെ​യുള്ള കല്ലറക​ളെ​ല്ലാം പൊതു​വേ നഗരങ്ങൾക്കു വെളി​യി​ലാ​യി​രു​ന്നു. ഇപ്പോൾ കണ്ടെത്തി​യി​ട്ടുള്ള ജൂതക​ല്ല​റ​ക​ളു​ടെ ഒരു പ്രത്യേ​കത അവയുടെ ലാളി​ത്യ​മാണ്‌. ജൂതന്മാർ മരിച്ച​വരെ ആരാധി​ക്കാ​ഞ്ഞ​താ​യി​രി​ക്കാം ഇതിന്റെ കാരണം. മരണ​ശേഷം ഒരാൾ ഒരു ആത്മലോ​കത്ത്‌ ജീവി​ക്കു​ന്നു എന്ന വിശ്വാ​സ​വും ജൂതമ​ത​ത്തി​ന്റെ ഭാഗമ​ല്ലാ​യി​രു​ന്നു.