അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 5:1-42
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
നിന്നെ ധൈര്യപ്പെടുത്തിയത്: അക്ഷ. “നിന്റെ ഹൃദയം നിറച്ചത്.” ഈ വാക്യത്തിൽ കാണുന്ന ഗ്രീക്ക് പദപ്രയോഗം ഇവിടെ സൂചിപ്പിക്കുന്നത് “ഒരു കാര്യം ചെയ്യാൻ മുതിരുക; ധൈര്യപ്പെടുക” എന്നൊക്കെയാണ്. ഈ പദപ്രയോഗം വന്നിരിക്കുന്നത് ഒരു എബ്രായശൈലിയിൽനിന്നായിരിക്കാം. ആ എബ്രായശൈലിക്കും ഈ ഗ്രീക്ക് പദപ്രയോഗത്തിന്റെ അതേ അർഥമാണുള്ളത്. ഉദാഹരണത്തിന്, “ഹൃദയം നിറച്ച” എന്ന ഈ എബ്രായശൈലിയെ എസ്ഥ 7:5-ൽ പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ധൈര്യപ്പെട്ട” എന്നും സഭ 8:11-ൽ പരിഭാഷപ്പെടുത്തിയിരിക്കുന്നതു “ഹൃദയം . . . ധൈര്യപ്പെടുന്നു” എന്നും ആണ്.
യഹോവയുടെ ആത്മാവ്: ഈ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ പലയിടത്തും കാണാം. (ന്യായ 3:10; 6:34; 11:29; 13:25; 14:6; 15:14; 1ശമു 10:6; 16:13; 2ശമു 23:2; 1രാജ 18:12; 2രാജ 2:16; 2ദിന 20:14; യശ 11:2; 40:13; 63:14; യഹ 11:5; മീഖ 2:7; 3:8 എന്നിവ ചില ഉദാഹരണങ്ങളാണ്.) ‘യഹോവയുടെ . . . ആത്മാവ്’ എന്ന പദപ്രയോഗം ലൂക്ക 4:18-ലും കാണുന്നുണ്ട്. അതാകട്ടെ, യശ 61:1-ൽനിന്നുള്ള ഉദ്ധരണിയാണ്. ആ വാക്യത്തിന്റെയും സമാനമായ എബ്രായതിരുവെഴുത്തുഭാഗങ്ങളുടെയും മൂലപാഠത്തിൽ “ആത്മാവ്” എന്ന പദത്തോടൊപ്പം ദൈവനാമം (ചതുരക്ഷരി) ഉപയോഗിച്ചിരിക്കുന്നതായി കാണാം. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ പ്രവൃ 5:9 എന്ന തിരുവെഴുത്തുഭാഗത്ത് “കർത്താവിന്റെ ആത്മാവ്” എന്നാണു കാണുന്നതെങ്കിലും പുതിയ ലോക ഭാഷാന്തരം അവിടെ “യഹോവയുടെ ആത്മാവ്” എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം അനു. സി-യിൽ വിശദീകരിച്ചിട്ടുണ്ട്.
സഭ: എക്ലേസിയ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ഈ പദം എക് (“വേർതിരിക്കുക”) എന്നും കലിയോ (“വിളിക്കുക”) എന്നും ഉള്ള രണ്ടു ഗ്രീക്കുപദങ്ങളിൽനിന്ന് വന്നതാണ്. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ പ്രവർത്തനത്തിനോ വേണ്ടി വിളിച്ചുചേർത്ത ഒരു കൂട്ടം ആളുകളെയാണ് ഇത് അർഥമാക്കുന്നത്. (പദാവലി കാണുക.) ഒരു ‘ആത്മീയഭവനമായി പണിയപ്പെടുന്ന’ “ജീവനുള്ള കല്ലുകളായ” അഭിഷിക്തക്രിസ്ത്യാനികൾ ചേർന്ന് ക്രിസ്തീയസഭ രൂപംകൊള്ളുന്നതിനെക്കുറിച്ചാണു യേശു ഇവിടെ മുൻകൂട്ടിപ്പറഞ്ഞത്. (1പത്ര 2:4, 5) “സഭ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദത്തിനു തത്തുല്യമായി സെപ്റ്റുവജിന്റിലും ഈ ഗ്രീക്കുപദം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്. അവിടെ അതു മിക്കപ്പോഴും ദൈവജനത്തെ മുഴുവൻ, അതായത് ആ ജനതയെ ഒന്നാകെ, കുറിക്കുന്നു. (ആവ 23:3; 31:30) പ്രവൃ 7:38-ൽ, ഈജിപ്തിൽനിന്ന് വിളിച്ചുകൊണ്ടുവന്ന ഇസ്രായേല്യരെ “സഭ” എന്നാണു വിളിച്ചിരിക്കുന്നത്. സമാനമായി ‘ഇരുളിൽനിന്ന് വിളിക്കപ്പെട്ടവരും’ ‘ലോകത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവരും’ ആയ ക്രിസ്ത്യാനികൾ ചേർന്ന കൂട്ടത്തെ “ദൈവസഭ” എന്നും വിളിച്ചിരിക്കുന്നു.—1പത്ര 2:9; യോഹ 15:19; 1കൊ 1:2.
വിജനഭൂമിയിലെ സഭ: ഈജിപ്തിൽനിന്ന് വിടുവിച്ച ഇസ്രായേൽ ജനത്തെ ഇവിടെ “സഭ” എന്നു വിളിച്ചിരിക്കുന്നതായി കാണാം. പുതിയ ലോക ഭാഷാന്തരത്തിൽ എബ്രായ തിരുവെഴുത്തുഭാഗത്ത് പൊതുവേ “സഭ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഖാഹാൽ എന്ന എബ്രായപദം വന്നിരിക്കുന്നത്, “വിളിച്ചുകൂട്ടുക; കൂട്ടിവരുത്തുക” എന്നൊക്കെ അർഥമുള്ള ഒരു പദത്തിൽനിന്നാണ്. (സംഖ 20:8; ആവ 4:10) ഇസ്രായേല്യർ ഒരു സംഘടിതകൂട്ടമായിരുന്നെന്നു സൂചിപ്പിക്കാൻ പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. അതിന് ഉദാഹരണമാണ് “ഇസ്രായേൽസഭ” (ലേവ 16:17; യോശ 8:35; 1രാജ 8:14), “സത്യദൈവത്തിന്റെ സഭ” (നെഹ 13:1), “യഹോവയുടെ സഭ” (സംഖ 20:4; ആവ 23:2, 3; മീഖ 2:5), “ദൈവത്തിന്റെ സഭ” (1ദിന 28:8) എന്നീ പദപ്രയോഗങ്ങൾ. ഖാഹാൽ എന്ന എബ്രായപദം പരിഭാഷപ്പെടുത്താൻ പൊതുവേ ഗ്രീക്കു സെപ്റ്റുവജിന്റിൽ ഉപയോഗിച്ചിരിക്കുന്ന എക്ലേസിയ എന്ന പദംതന്നെയാണു [ഉദാഹരണത്തിന്, സങ്ക 22:22 (21:23, LXX)] ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ “സഭ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതും.—മത്ത 16:18; പ്രവൃ 5:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സഭ: പ്രവൃത്തികളുടെ പുസ്തകത്തിൽ എക്ലേസിയ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ഈ പദം എക് (“വേർതിരിക്കുക”) എന്നും കലിയോ (“വിളിക്കുക”) എന്നും ഉള്ള രണ്ടു ഗ്രീക്കുപദങ്ങളിൽനിന്ന് വന്നതാണ്. ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ പ്രവർത്തനത്തിനോ വേണ്ടി വിളിച്ചുചേർത്ത ഒരു കൂട്ടം ആളുകളെയാണ് ഇതു കുറിക്കുന്നത്. അതുകൊണ്ടുതന്നെ പുതുതായി സ്ഥാപിതമായ ക്രിസ്തീയസഭയ്ക്ക് ഈ വിശേഷണം എന്തുകൊണ്ടും ചേരുമായിരുന്നു. (പദാവലി കാണുക.) അഭിഷിക്തക്രിസ്ത്യാനികൾ ചേർന്ന് ക്രിസ്തീയസഭ രൂപംകൊള്ളുന്നതിനെക്കുറിച്ച് യേശു മുൻകൂട്ടിപ്പറഞ്ഞ മത്ത 16:18-ലും (പഠനക്കുറിപ്പു കാണുക.) എക്ലേസിയ എന്ന ഗ്രീക്കുപദം ഉപയോഗിച്ചിട്ടുണ്ട്. ഒരു ‘ആത്മീയഭവനമായി പണിയപ്പെടുന്ന’ ജീവനുള്ള കല്ലുകളാണ് ആ അഭിഷിക്തർ. (1പത്ര 2:4, 5) എക്ലേസിയ എന്ന ഈ പദം, അഭിഷിക്തക്രിസ്ത്യാനികളുടെ കൂട്ടത്തെ മാത്രമല്ല ഒരു പ്രത്യേകഭൂപ്രദേശത്ത് താമസിക്കുന്ന ക്രിസ്ത്യാനികളെ മൊത്തത്തിലോ ഒരു പ്രാദേശികസഭയിലെ ക്രിസ്ത്യാനികളെ മാത്രമോ കുറിക്കാനും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിട്ടുണ്ട്. പ്രവൃ 5:11-ൽ ആ പദം കുറിക്കുന്നത് യരുശലേമിലെ ക്രിസ്തീയസഭയെയാണെന്നു സന്ദർഭം സൂചിപ്പിക്കുന്നു.—പ്രവൃ 7:38-ന്റെ പഠനക്കുറിപ്പു കാണുക.
അത്ഭുതങ്ങൾ: ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ റ്റേറസ് എന്ന ഗ്രീക്കുപദം എപ്പോഴും സേമെയ്ഓൻ (“അടയാളം”) എന്ന പദത്തോടൊപ്പമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ രണ്ടു പദങ്ങളും എപ്പോഴും കാണുന്നതു ബഹുവചനരൂപത്തിലാണുതാനും. (മത്ത 24:24; യോഹ 4:48; പ്രവൃ 7:36; 14:3; 15:12; 2കൊ 12:12) അത്ഭുതമോ അതിശയമോ തോന്നിപ്പിക്കുന്ന എന്തിനെയെങ്കിലും കുറിക്കാനാണു റ്റേറസ് എന്ന പദം സാധാരണയായി ഉപയോഗിക്കാറുള്ളത്.
അത്ഭുതങ്ങൾ: പ്രവൃ 2:19-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ ദൂതൻ: ഉൽ 16:7-ൽ ആദ്യമായി കാണുന്ന ഈ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ പല തവണ ഉപയോഗിച്ചിട്ടുണ്ട്. അവിടങ്ങളിലെല്ലാം “ദൂതൻ” എന്നതിന്റെ എബ്രായപദത്തോടൊപ്പം ദൈവനാമവും (ചതുരക്ഷരി) കാണാം. ഇനി, സെപ്റ്റുവജിന്റിന്റെ ഒരു ആദ്യകാല പ്രതിയിലും സെഖ 3:5, 6 എന്ന തിരുവെഴുത്തുഭാഗത്ത് ആൻഗലൊസ് (ദൈവദൂതൻ; സന്ദേശവാഹകൻ) എന്ന ഗ്രീക്കുവാക്കിനോടൊപ്പം എബ്രായാക്ഷരങ്ങളിൽ ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്. ഇസ്രായേലിലെ യഹൂദ്യ മരുഭൂമിയിലുള്ള നഹൽ ഹെവറിലെ ഒരു ഗുഹയിൽനിന്ന് കണ്ടെടുത്ത സെപ്റ്റുവജിന്റിന്റെ ആ ശകലം ബി.സി. 50-നും എ.ഡി. 50-നും ഇടയ്ക്കുള്ളതാണെന്നു കരുതപ്പെടുന്നു. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ പ്രവൃ 5:19 എന്ന തിരുവെഴുത്തുഭാഗത്ത് “കർത്താവിന്റെ ദൂതൻ” എന്നാണു കാണുന്നതെങ്കിലും പുതിയ ലോക ഭാഷാന്തരം അവിടെ “യഹോവയുടെ ദൂതൻ” എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിന്റെ കാരണം അനു. സി-യിൽ വിശദീകരിച്ചിട്ടുണ്ട്.
മൂപ്പന്മാർ: അക്ഷ. “പ്രായമേറിയ പുരുഷന്മാർ.” ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് എന്ന ഗ്രീക്കുപദം, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണു പ്രധാനമായും കുറിക്കുന്നത്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. ഇവിടെ ഈ പദംകൊണ്ട് ഉദ്ദേശിക്കുന്നതു ജൂതജനതയിൽപ്പെട്ട നേതാക്കന്മാരെയാണ്. മിക്കപ്പോഴും മുഖ്യപുരോഹിതന്മാരുടെയും ശാസ്ത്രിമാരുടെയും കൂടെയാണ് ഇവരെക്കുറിച്ച് പറയാറുള്ളത്. ഈ മൂന്നു കൂട്ടത്തിൽനിന്നുള്ളവരായിരുന്നു സൻഹെദ്രിനിലെ അംഗങ്ങൾ.—മത്ത 21:23; 26:3, 47, 57; 27:1, 41; 28:12; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” കാണുക.
മൂപ്പന്മാരുടെ സംഘം: അഥവാ “മൂപ്പന്മാരുടെ സമിതി.” ഇവിടെ കാണുന്ന പ്രെസ്ബൂറ്റെറിയോൻ എന്ന ഗ്രീക്കുപദത്തിന് പ്രെസ്ബൂറ്റെറൊസ് (അക്ഷ. “പ്രായമേറിയ പുരുഷൻ.”) എന്ന പദവുമായി ബന്ധമുണ്ട്. ബൈബിളിൽ പ്രെസ്ബൂറ്റെറൊസ് പ്രധാനമായും കുറിക്കുന്നത്, സമൂഹത്തിലോ ജനതയിലോ ഒരു അധികാരസ്ഥാനമോ ഉത്തരവാദിത്വസ്ഥാനമോ വഹിക്കുന്നവരെയാണ്. ചില സാഹചര്യങ്ങളിൽ ഇതു പ്രായത്തെയാണ് അർഥമാക്കുന്നതെങ്കിലും (ലൂക്ക 15:25; പ്രവൃ 2:17 എന്നിവ ഉദാഹരണങ്ങൾ.) എപ്പോഴും അതു വയസ്സുചെന്നവരെയല്ല കുറിക്കുന്നത്. തെളിവനുസരിച്ച് ഇവിടെ “മൂപ്പന്മാരുടെ സംഘം” എന്നു പറഞ്ഞിരിക്കുന്നതു ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെക്കുറിച്ചാണ്. യരുശലേമിൽ സ്ഥിതിചെയ്തിരുന്ന ആ കോടതി മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ചേർന്നതായിരുന്നു. ബൈബിളിൽ പലപ്പോഴും ഈ മൂന്നു കൂട്ടരെയുംകുറിച്ച് ഒന്നിച്ചാണു പറഞ്ഞിട്ടുള്ളത്.—മത്ത 16:21; 27:41; മർ 8:31; 11:27; 14:43, 53; 15:1; ലൂക്ക 9:22; 20:1; പദാവലിയിൽ “മൂപ്പൻ; പ്രായമേറിയ പുരുഷൻ” എന്നതും ഈ വാക്യത്തിലെ സൻഹെദ്രിൻ ഹാൾ എന്നതിന്റെ പഠനക്കുറിപ്പും കാണുക.
ഇസ്രായേൽമക്കൾ: അഥവാ “ഇസ്രായേൽജനം; ഇസ്രായേല്യർ.”—പദാവലിയിൽ “ഇസ്രായേൽ” കാണുക.
മൂപ്പന്മാരുടെ സംഘം: അഥവാ “മൂപ്പന്മാരുടെ സമിതി.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗെറൂസിയ എന്ന ഗ്രീക്കുപദത്തിനു യോഹ 3:4-ൽ കാണുന്ന ഗീറോൻ (അക്ഷ. “പ്രായമേറിയ പുരുഷൻ.”) എന്ന പദവുമായി ബന്ധമുണ്ട്. ഈ രണ്ടു പദങ്ങളും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ ഒരിടത്ത് മാത്രമേ കാണുന്നുള്ളൂ. (മത്ത 16:21-ന്റെ പഠനക്കുറിപ്പു കാണുക.) മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും ചേർന്ന, യരുശലേമിലെ പരമോന്നത ജൂതകോടതിയായ സൻഹെദ്രിൻ തന്നെയാണു “മൂപ്പന്മാരുടെ സംഘം” എന്നു ചിലർ അഭിപ്രായപ്പെടുന്നു. (ലൂക്ക 22:66-ന്റെ പഠനക്കുറിപ്പു കാണുക.) എന്നാൽ ഈ വാക്യത്തിൽ ‘സൻഹെദ്രിനെയും’ ‘മൂപ്പന്മാരുടെ സംഘത്തെയും’ രണ്ടായിട്ടാണു കാണേണ്ടത്. പക്ഷേ ‘മൂപ്പന്മാരുടെ സംഘത്തിലെ’ ചിലർ സൻഹെദ്രിനിലെ ഔദ്യോഗിക അംഗങ്ങളായിരുന്നിരിക്കാനും സാധ്യതയുണ്ട്. മറ്റു ചിലർ, സൻഹെദ്രിന്റെ ഉപദേഷ്ടാക്കളുമായിരുന്നിരിക്കാം.
ദേവാലയത്തിലെ കാവൽക്കാരുടെ മേധാവി: പ്രവൃ 5:24, 26 വാക്യങ്ങളിലും ഈ മേധാവിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. എ.ഡി. ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും പുരോഹിതന്മാരാണ് ഈ ഔദ്യോഗികസ്ഥാനം വഹിച്ചിരുന്നത്. ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിയായി നിയമിക്കപ്പെടുന്ന പുരോഹിതനായിരുന്നു മഹാപുരോഹിതൻ കഴിഞ്ഞാൽ തൊട്ടടുത്ത സ്ഥാനം. ദേവാലയത്തിൽ സേവിച്ചിരുന്ന പുരോഹിതന്മാരുടെ മേൽനോട്ടം ഇദ്ദേഹത്തിനായിരുന്നു. ദേവാലയത്തിനുള്ളിലും ദേവാലയപരിസരത്തും ക്രമസമാധാനം നിലനിറുത്താനായി ഇദ്ദേഹത്തിനു കീഴിൽ ‘ദേവാലയ പോലീസ് സേന’ എന്നു വിളിക്കാവുന്ന ഒരു കൂട്ടം ലേവ്യരുണ്ടായിരുന്നു. ദേവാലയകവാടങ്ങൾ രാവിലെ തുറക്കാനും രാത്രിയിൽ അടയ്ക്കാനും നിയോഗിച്ചിരുന്ന ലേവ്യരുടെ മേൽനോട്ടത്തിനായി ഈ മേധാവിക്കു കീഴിൽ ഉപമേധാവികളും കാണും. ദേവാലയഖജനാവ് സംരക്ഷിക്കുക, ജനക്കൂട്ടത്തെ നിയന്ത്രിക്കുക, പ്രവേശനം നിരോധിച്ചിരുന്ന സ്ഥലങ്ങളിലേക്ക് ആരും കടക്കാതെ നോക്കുക എന്നീ ഉത്തരവാദിത്വങ്ങളെല്ലാം ലേവ്യരായ ഈ കാവൽക്കാരുടേതായിരുന്നു. ലേവ്യരെ 24 ഗണങ്ങളായി തിരിച്ചിരുന്നു. ഓരോ ഗണവും ഊഴമനുസരിച്ച് വർഷത്തിൽ രണ്ടു പ്രാവശ്യം ഓരോ ആഴ്ച വീതം ആലയത്തിൽ സേവിക്കും. സാധ്യതയനുസരിച്ച് ഓരോ ഗണത്തിന്റെയും മേൽനോട്ടത്തിനായി ദേവാലയത്തിലെ കാവൽക്കാരുടെ മേധാവിക്കു കീഴിൽ ഒരു ഉപമേധാവിയുണ്ടായിരുന്നു. വലിയ സ്വാധീനശക്തിയുള്ളവരായിരുന്നു ദേവാലയത്തിലെ കാവൽക്കാരുടെ മേധാവികൾ. യേശുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയ മുഖ്യപുരോഹിതന്മാരോടൊപ്പം ഇവരും ഉണ്ടായിരുന്നു. യേശുവിനെ ഒറ്റിക്കൊടുത്ത രാത്രിയിൽ ഇവർ തങ്ങളുടെ കീഴിലുള്ള ഭടന്മാരോടൊപ്പം യേശുവിനെ അറസ്റ്റ് ചെയ്യാൻ വന്നതായി ബൈബിൾ പറയുന്നു.—ലൂക്ക 22:4 (പഠനക്കുറിപ്പു കാണുക), 52.
ദേവാലയത്തിലെ കാവൽക്കാരുടെ മേധാവി: പ്രവൃ 4:1-ന്റെ പഠനക്കുറിപ്പു കാണുക.
സ്തംഭത്തിൽ: അഥവാ “മരത്തിൽ.” സൈലോൺ (അക്ഷ. “മരത്തടി.”) എന്ന ഗ്രീക്കുപദം ഇവിടെ ഉപയോഗിച്ചിരിക്കുന്നതു സ്റ്റോറോസ് (“ദണ്ഡനസ്തംഭം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു.) എന്ന ഗ്രീക്കുപദത്തിന്റെ അതേ അർഥത്തിലാണ്. യേശുവിനെ തറച്ചുകൊന്നത് എന്തിലായിരുന്നെന്നു മനസ്സിലാക്കാൻ ഈ പദം സഹായിക്കും. ലൂക്കോസും പൗലോസും പത്രോസും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ സൈലോൺ എന്ന പദം ഈയൊരു അർഥത്തിൽ അഞ്ചു പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്. (പ്രവൃ 5:30; 10:39; 13:29; ഗല 3:13; 1പത്ര 2:24) സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ, “സ്തംഭത്തിൽ തൂക്കിയാൽ” എന്ന പദപ്രയോഗം കാണുന്ന ആവ 21:22, 23-ലും സൈലോൺ എന്ന ഗ്രീക്കുപദം കാണാം. “സ്തംഭം” എന്നതിന്റെ എബ്രായപദമായ ഏറ്റ്സിനെയാണ് (അർഥം, “മരം; തടി; തടിക്കഷണം”) അവിടെ സൈലോൺ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പൗലോസ് ഈ തിരുവെഴുത്തുഭാഗം ഗല 3:13-ൽ ഉദ്ധരിച്ചപ്പോഴും (“സ്തംഭത്തിൽ തൂക്കപ്പെടുന്നവനെല്ലാം ശപിക്കപ്പെട്ടവൻ.”) സൈലോൺ എന്ന പദമാണ് ഉപയോഗിച്ചത്. സെപ്റ്റുവജിന്റിൽ എസ്ര 6:11-ലും (1 എസ്ദ്രാസ് 6:31, LXX) ഈ ഗ്രീക്കുപദം കാണാം. ഏറ്റ്സ് എന്ന എബ്രായപദത്തിന്റെ അതേ അർഥമുള്ള ഏ എന്ന അരമായപദത്തെയാണ് അവിടെ സൈലോൺ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പേർഷ്യൻ രാജാവിന്റെ കല്പന ലംഘിക്കുന്നവർക്കുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന അവിടെ കാണുന്നത് ‘അവന്റെ വീടിന്റെ ഉത്തരം വലിച്ചൂരി അവനെ അതിൽ തറയ്ക്കും’ എന്നാണ്. ചുരുക്കത്തിൽ, ബൈബിളെഴുത്തുകാർ സൈലോൺ എന്ന പദത്തെ സ്റ്റോറോസ് എന്ന പദത്തിന്റെ അതേ അർഥത്തിൽ ഉപയോഗിച്ചു എന്ന വസ്തുത സൂചിപ്പിക്കുന്നത്, യേശുവിനെ വധിച്ചതു കുത്തനെയുള്ള ഒരു സ്തംഭത്തിലാണെന്നും അതിൽ തടിക്കഷണമൊന്നും കുറുകെ പിടിപ്പിച്ചിരുന്നില്ലെന്നും ആണ്. സൈലോൺ എന്ന പദത്തിന് അങ്ങനെയൊരു അർഥമേ ഉള്ളൂ.
ജീവനായകൻ: അഥവാ “ജീവന്റെ മുഖ്യനായകൻ.” ഇവിടെ “നായകൻ” (അർഖീഗൊസ്) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “പ്രധാനനേതാവ്; ആദ്യം പോകുന്നയാൾ” എന്നൊക്കെയാണ്. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന നാലു സന്ദർഭങ്ങളിലും അതു യേശുവിനെയാണു കുറിക്കുന്നത്. (പ്രവൃ 3:15; 5:31; എബ്ര 2:10; 12:2) മറ്റുള്ളവർക്കു വഴിയൊരുക്കാനായി മുമ്പേ പോകുന്നയാൾ എന്നൊരു അർഥവും ഈ ഗ്രീക്കുപദത്തിനുണ്ട്. ദൈവത്തിനും മനുഷ്യകുലത്തിനും ഇടയിൽ മധ്യസ്ഥനായി നിന്ന്, നിത്യജീവനിലേക്കുള്ള വഴി കാണിച്ചുതന്നതുകൊണ്ട് യേശുവിനെ ‘ജീവനിലേക്കുള്ള വഴികാട്ടി’ എന്നു വിശേഷിപ്പിക്കാം. “നായകൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്ക് പദപ്രയോഗം സൂചിപ്പിക്കുന്നത്, ആ വ്യക്തി ഒരു നേതാവിനെയോ പ്രഭുവിനെയോ പോലെ ഔദ്യോഗികപദവിയിലുള്ള ഒരു ഭരണനിർവാഹകനാണ് എന്നാണ്. (പ്രവൃ 7:27, 35-ൽ മോശയെ ഇസ്രായേലിലെ ഒരു “ഭരണാധികാരി” എന്നു വിളിച്ചിരിക്കുന്നിടത്ത് അർഖീഗൊസ് എന്നതിനോടു ബന്ധമുള്ള ഒരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്.) ഈ തിരുവെഴുത്തുഭാഗത്ത് ഈ പദത്തിന്, “തന്റെ ഉദ്ദേശ്യം നിറവേറ്റാൻ ദൈവം ഉപയോഗിക്കുന്ന ഉപാധി” എന്നൊരു അർഥമുണ്ട്. യേശു അനേകർക്കുവേണ്ടി “തത്തുല്യമായ ഒരു മോചനവിലയായി.” (1തിമ 2:5, 6; മത്ത 20:28; പ്രവൃ 4:12) മഹാപുരോഹിതനും ന്യായാധിപനും ആയ യേശുവിനു പുനരുത്ഥാനശേഷം, തന്റെ ആ മോചനവിലയുടെ മൂല്യം ആളുകൾക്കു പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കാനാകുമായിരുന്നു. യേശുവിന്റെ ബലിയിൽ വിശ്വാസമർപ്പിക്കുന്ന മനുഷ്യർ പാപത്തിന്റെയും മരണത്തിന്റെയും പിടിയിൽനിന്ന് സ്വതന്ത്രരാകും. അതുകൊണ്ടുതന്നെ മരിച്ചവരുടെ പുനരുത്ഥാനം നടക്കുന്നതു യേശുവിലൂടെയാണ്. (യോഹ 5:28, 29; 6:39, 40) ഇക്കാരണങ്ങളാലാണു യേശു നിത്യജീവനിലേക്കുള്ള വഴി തുറക്കുന്നു എന്നു പറഞ്ഞിരിക്കുന്നത്. (യോഹ 11:25; 14:6; എബ്ര 5:9; 10:19, 20) ചില ബൈബിൾപരിഭാഷകർ ഈ പദപ്രയോഗത്തെ ജീവന്റെ “രൂപരചയിതാവ്,” “ഉറവ്” എന്നൊക്കെയാണു പരിഭാഷപ്പെടുത്തിയിരിക്കുന്നതെങ്കിലും യേശുവിന് ആ വിശേഷണങ്ങൾ ചേരില്ലെന്നു ബൈബിൾ വ്യക്തമാക്കുന്നുണ്ട്. വാസ്തവത്തിൽ യേശുവിനുപോലും തന്റെ ജീവനും അധികാരവും ലഭിച്ചതു ദൈവത്തിൽനിന്നാണ്. തന്റെ ഇഷ്ടം നടപ്പാക്കാൻ ദൈവം യേശുവിനെ ഉപയോഗിക്കുകയും ചെയ്യുന്നു.—സങ്ക 36:9; യോഹ 6:57; പ്രവൃ 17:26-28; കൊലോ 1:15; വെളി 3:14.
മുഖ്യനായകൻ: ഇവിടെ കാണുന്ന അർഖീഗൊസ് എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “പ്രധാനനേതാവ്; ആദ്യം പോകുന്നയാൾ” എന്നൊക്കെയാണ്. ബൈബിളിൽ ഈ പദം ഉപയോഗിച്ചിരിക്കുന്ന നാലു സന്ദർഭങ്ങളിലും അതു യേശുവിനെയാണു കുറിക്കുന്നത്. (പ്രവൃ 3:15; 5:31; എബ്ര 2:10; 12:2) ഈ വാക്യത്തിൽ അതു ‘രക്ഷകൻ’ എന്ന സ്ഥാനപ്പേരിനൊപ്പമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതു ശ്രദ്ധേയമാണ്.—പ്രവൃ 3:15-ന്റെ പഠനക്കുറിപ്പു കാണുക.
അവർക്കു കോപം അടക്കാനായില്ല: അഥവാ “അവർക്കു മുറിവേറ്റതുപോലെ തോന്നി.” ഇവിടെയും പ്രവൃ 7:54-ലും മാത്രമാണ് ഈ ഗ്രീക്ക് പദപ്രയോഗം കാണുന്നത്. അതിന്റെ അക്ഷരാർഥം “അറുത്തുമുറിക്കുക” എന്നാണെങ്കിലും രണ്ടു വാക്യങ്ങളിലും അത് ആലങ്കാരികാർഥത്തിൽ, ശക്തമായ വൈകാരികപ്രതികരണത്തെ കുറിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്.
ഗമാലിയേൽ: മോശയുടെ നിയമം പഠിപ്പിച്ചിരുന്ന ഇദ്ദേഹത്തെക്കുറിച്ച് പ്രവൃത്തികളുടെ പുസ്തകത്തിൽ ഈ അധ്യായത്തിലും പ്രവൃ 22:3-ലും പറയുന്നുണ്ട്. മറ്റു ഗ്രന്ഥങ്ങളിൽ “ഗമാലിയേൽ മൂപ്പൻ” എന്നു പറഞ്ഞിരിക്കുന്നതും ഇദ്ദേഹത്തെക്കുറിച്ചുതന്നെയാണെന്നു കരുതപ്പെടുന്നു. പരീശന്മാരുടെ ഇടയിൽ വിശാലമായ ഒരു ചിന്താഗതിക്കു തുടക്കമിട്ട ഹില്ലേൽ മൂപ്പന്റെ കൊച്ചുമകനോ ഒരുപക്ഷേ മകൻതന്നെയോ ആയിരുന്നു ഇദ്ദേഹം. ആളുകൾ “റബ്ബാൻ” എന്ന ബഹുമാനസൂചകമായ സ്ഥാനപ്പേര് ആദ്യമായി നൽകിയത് ഗമാലിയേലിനാണെന്നു കരുതപ്പെടുന്നു. അവർ അദ്ദേഹത്തെ അത്രമാത്രം ആദരിച്ചിരുന്നു എന്നാണ് അതു സൂചിപ്പിക്കുന്നത്. തർസൊസിലെ ശൗൽ ഉൾപ്പെടെ പരീശകുടുംബത്തിൽപ്പെട്ട പലരെയും പഠിപ്പിച്ച അദ്ദേഹം അക്കാലത്തെ ജൂതസമൂഹത്തെ അങ്ങനെ വളരെയധികം സ്വാധീനിച്ചു. (പ്രവൃ 22:3; 23:6; 26:4, 5; ഗല 1:13, 14) പലപ്പോഴും മോശയുടെ നിയമത്തിനും ജൂതപാരമ്പര്യങ്ങൾക്കും അദ്ദേഹം നൽകിയ വ്യാഖ്യാനങ്ങൾ സൂചിപ്പിക്കുന്നത്, സമകാലികരായ മറ്റു പലരെക്കാളും വിശാലമായി അദ്ദേഹം ചിന്തിച്ചിരുന്നു എന്നാണ്. ഉദാഹരണത്തിന്, വഷളന്മാരായ ഭർത്താക്കന്മാരിൽനിന്ന് ഭാര്യമാരെയും, താന്തോന്നികളായ മക്കളിൽനിന്ന് വിധവമാരെയും സംരക്ഷിക്കുന്ന നിയമങ്ങൾ കൊണ്ടുവന്നത് ഇദ്ദേഹമാണെന്നു പറയപ്പെടുന്നു. കാലാ പെറുക്കാൻ ദരിദ്രരായ ജൂതന്മാർക്കുണ്ടായിരുന്ന അതേ അവകാശങ്ങൾ ജൂതന്മാരല്ലാത്തവർക്കും നൽകണമെന്നു വാദിച്ചതും അദ്ദേഹമാണെന്ന് അഭിപ്രായമുണ്ട്. ഇനി, പത്രോസിനോടും മറ്റ് അപ്പോസ്തലന്മാരോടും ഗമാലിയേൽ ഇടപെട്ട രീതിയും അദ്ദേഹത്തിന്റെ തുറന്ന ചിന്താഗതിയുടെ മറ്റൊരു തെളിവാണ്. (പ്രവൃ 5:35-39) എന്നാൽ അദ്ദേഹം തിരുവെഴുത്തുകളെക്കാൾ പ്രാധാന്യം നൽകിയതു റബ്ബിമാരുടെ പാരമ്പര്യത്തിനാണെന്നു ജൂതറബ്ബിമാരുടെ രേഖകൾ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഉപദേശങ്ങൾ ഏറെക്കുറെ, അക്കാലത്തെ മതനേതാക്കന്മാരുടെയും റബ്ബിമാരായ പൂർവപിതാക്കന്മാരുടെയും ഉപദേശങ്ങൾപോലെതന്നെ ആയിരുന്നെന്നു പറയാം.—മത്ത 15:3-9; 2തിമ 3:16, 17; പദാവലിയിൽ “പരീശന്മാർ;” “സൻഹെദ്രിൻ” എന്നിവ കാണുക.
അടിപ്പിച്ചിട്ട്: “ഒന്നു കുറച്ച് 40 അടി” നൽകുന്ന ജൂതശിക്ഷാരീതിയെക്കുറിച്ചായിരിക്കാം ഇവിടെ പറയുന്നത്.—2കൊ 11:24; ആവ 25:2, 3.
സന്തോഷവാർത്ത: യുഅംഗേലിഓൻ എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ചില ബൈബിളുകൾ ഇതിനെ “സുവിശേഷം” എന്നു വിവർത്തനം ചെയ്തിട്ടുണ്ട്. ഇതിനോടു ബന്ധമുള്ള യുഅംഗലിസ്റ്റേസ് എന്ന ഗ്രീക്കു പദപ്രയോഗം പരിഭാഷ ചെയ്തിരിക്കുന്നത് ‘സുവിശേഷകൻ’ എന്നാണ്. ‘സന്തോഷവാർത്ത ഘോഷിക്കുന്നവൻ’ എന്നാണ് അതിന്റെ അർഥം.—പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്; 2തിമ 4:5, അടിക്കുറിപ്പ്.
ഈ സന്തോഷവാർത്ത: ഗ്രീക്കുപദം യുഅംഗേലിഓൻ. “നല്ലത്” എന്ന് അർഥമുള്ള യു എന്ന പദവും “വാർത്തയുമായി വരുന്നവൻ; പ്രസിദ്ധമാക്കുന്നവൻ (പ്രഖ്യാപിക്കുന്നവൻ)” എന്ന് അർഥമുള്ള ആൻഗലൊസ് എന്ന പദവും ചേർന്നതാണ് ഇത്. (പദാവലിയിൽ “സന്തോഷവാർത്ത” കാണുക.) ചില ബൈബിളുകളിൽ അതിനെ “സുവിശേഷം” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനോടു ബന്ധമുള്ള “സുവിശേഷകൻ” (യുഅംഗലിസ്റ്റേസ്) എന്ന പദത്തിന്റെ അർഥം “സന്തോഷവാർത്ത അറിയിക്കുന്നവൻ” എന്നാണ്.—പ്രവൃ 21:8; എഫ 4:11, അടിക്കുറിപ്പ്; 2തിമ 4:5, അടിക്കുറിപ്പ്.
വീടുതോറും: ഇവിടെ കാണുന്ന കറ്റൊയ്കോൻ എന്ന ഗ്രീക്ക് പദപ്രയോഗത്തിന്റെ അക്ഷരാർഥം “വീടുകളനുസരിച്ച്” എന്നാണ്. അതിലെ കറ്റാ എന്ന പദത്തിന് “ഓരോന്നായി” എന്ന അർഥമുണ്ടെന്നു പല നിഘണ്ടുക്കളും പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു. ഉദാഹരണത്തിന്, ആ പദപ്രയോഗത്തിന്റെ അർഥം ‘ഒരു വീടിനു ശേഷം മറ്റൊന്ന് എന്ന രീതിയിൽ . . . വീടുതോറും’ എന്നാണെന്ന് ഒരു നിഘണ്ടു പറയുന്നു. (പുതിയ നിയമത്തിന്റെയും മറ്റ് ആദിമ ക്രിസ്തീയ സാഹിത്യത്തിന്റെയും ഒരു ഗ്രീക്ക്-ഇംഗ്ലീഷ് നിഘണ്ടു, മൂന്നാം പതിപ്പ്) കറ്റാ എന്ന പദത്തിന്റെ അർഥം “ഓരോന്നായി [പ്രവൃ 2:46; 5:42: . . . വീടുതോറും/(ഓരോരോ) വീടുകളിൽ . . .]” എന്നുതന്നെയാണെന്നു മറ്റൊരു ഗ്രന്ഥവും അഭിപ്രായപ്പെടുന്നു. [പുതിയനിയമ വിശദീകരണ നിഘണ്ടു (ഇംഗ്ലീഷ്), ഹോഴ്സ്റ്റ് ബാൾസും ജെറാഡ് ഷ്നെയ്ഡറും തയ്യാറാക്കിയത്] ബൈബിൾപണ്ഡിതനായ ആർ. സി. എച്ച്. ലെൻസ്കി ഇങ്ങനെ അഭിപ്രായപ്പെട്ടു: “അപ്പോസ്തലന്മാർ അനുഗൃഹീതമായ ആ പ്രവർത്തനം ഒരു നിമിഷംപോലും നിറുത്തിയില്ല. ‘ദിവസവും’ അവർ അതു ചെയ്തു, അതും ‘ദേവാലയത്തിൽ’ സൻഹെദ്രിന്റെയും ദേവാലയപോലീസിന്റെയും കൺമുന്നിൽവെച്ച്. അതിനു പുറമേ κατ’ οἴκον (കറ്റൊയ്കോൻ) എന്ന പദം സൂചിപ്പിക്കുന്നത് അവർ ‘വീടുതോറും’ കയറിയിറങ്ങി പ്രസംഗിക്കുകയും ചെയ്തു എന്നാണ്. അല്ലാതെ അവർ ഏതെങ്കിലും ഒരു ‘വീട്ടിൽവെച്ച്’ ആളുകളോടു പ്രസംഗിക്കുകയായിരുന്നില്ല.” (അപ്പോസ്തലപ്രവൃത്തികളുടെ പുസ്തകത്തിന് ഒരു വ്യാഖ്യാനം (ഇംഗ്ലീഷ്), 1961) ഈ ഗ്രന്ഥങ്ങളെല്ലാം സൂചിപ്പിക്കുന്നതു ശിഷ്യന്മാരുടെ പ്രസംഗപ്രവർത്തനം വീടുതോറും കയറിയിറങ്ങിയായിരുന്നു എന്നാണ്. യേശു “നഗരംതോറും ഗ്രാമംതോറും” പ്രസംഗപ്രവർത്തനം നടത്തിയെന്നു പറയുന്ന ലൂക്ക 8:1-ലും കറ്റാ എന്ന ഗ്രീക്കുപദം ഇതേ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. ആളുകളെ വീടുകളിൽ നേരിട്ട് ചെന്ന് കാണുന്ന ഈ രീതി നല്ല ഫലം കണ്ടു.—പ്രവൃ 6:7; പ്രവൃ 4:16, 17-ഉം 5:28-ഉം താരതമ്യം ചെയ്യുക.
സന്തോഷവാർത്ത . . . അറിയിക്കുകയും: ഇവിടെ കാണുന്ന യുഅംഗേലിസൊമായ് എന്ന ഗ്രീക്കുക്രിയയുമായി ബന്ധമുള്ള യുഅംഗേലിഓൻ എന്ന നാമപദത്തിന്റെ അർഥം “സന്തോഷവാർത്ത” എന്നാണ്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളിൽ “സന്തോഷവാർത്ത” എന്ന പദപ്രയോഗത്തിന്, യേശുവിന്റെ പ്രസംഗ-പഠിപ്പിക്കൽ വേലയുടെ കേന്ദ്രവിഷയമായ ദൈവരാജ്യവുമായും യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കുന്നവർക്കു ലഭിക്കുന്ന രക്ഷയുമായും അടുത്ത ബന്ധമുണ്ട്. പ്രവൃത്തികളുടെ പുസ്തകത്തിൽ യുഅംഗേലിസൊമായ് എന്ന ഗ്രീക്കുക്രിയ ധാരാളം പ്രാവശ്യം കാണുന്നുവെന്ന വസ്തുത പ്രസംഗപ്രവർത്തനത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു.—പ്രവൃ 8:4, 12, 25, 35, 40; 10:36; 11:20; 13:32; 14:7, 15, 21; 15:35; 16:10; 17:18; മത്ത 4:23; 24:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദൃശ്യാവിഷ്കാരം

ഇവിടെ കാണിച്ചിരിക്കുന്ന തുകൽ കൈയെഴുത്തുപ്രതിയിൽ പ്രവൃ 5:3-21 വരെയാണുള്ളത്. അൺഷൽ 0189 എന്ന് അറിയപ്പെടുന്ന ഈ ശകലം പ്രവൃത്തികളുടെ പുസ്തകം ഉൾപ്പെട്ട ഒരു കോഡക്സിന്റെ ഭാഗമായിരുന്നു. മുൻഭാഗത്ത് (ഇടതുവശത്തുള്ളത്.) പ്രവൃ 5:3-12 വരെയും പിൻഭാഗത്ത് (വലതുവശത്തുള്ളത്.) പ്രവൃ 5:12-21 വരെയും ആണ് കാണുന്നത്. ഈ കൈയെഴുത്തുപ്രതി എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തിലോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ തയ്യാറാക്കിയതാണെന്നു ചില പണ്ഡിതന്മാർ പറയുന്നു. എന്നാൽ ഇത് എ.ഡി. മൂന്നാം നൂറ്റാണ്ടിലെയോ നാലാം നൂറ്റാണ്ടിലെയോ ആണെന്നാണു മറ്റു ചിലരുടെ പക്ഷം. ഇതിലും പഴക്കമുള്ള ചില പപ്പൈറസ് ശകലങ്ങൾ കണ്ടെടുത്തിട്ടുണ്ടെങ്കിലും ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ തുകൽ കൈയെഴുത്തുപ്രതികളിൽ ഏറ്റവും പഴക്കമുള്ളതാണ് ഇതെന്നു കരുതപ്പെടുന്നു. ഇതു ജർമനിയിലെ ബർലിനിലുള്ള സ്റ്റാറ്റ്ലിഷ മുസീനിൽ സൂക്ഷിച്ചിട്ടുണ്ട്.

ശലോമോന്റെ മണ്ഡപം എങ്ങനെയായിരുന്നിരിക്കാം എന്നതിന്റെ ഒരു സാധ്യതയാണ് ഈ ത്രിമാനവീഡിയോയിൽ കാണുന്നത്. ഒന്നാം നൂറ്റാണ്ടിലെ യരുശലേം ദേവാലയത്തിൽ, ഈ മണ്ഡപം സ്ഥിതി ചെയ്തിരുന്നതു പുറത്തെ മുറ്റത്തിന്റെ കിഴക്കുവശത്തായിരുന്നു. ആളുകൾക്കു നടക്കാമായിരുന്ന, വിശാലമായ ഈ മണ്ഡപത്തിനു മേൽക്കൂരയുമുണ്ടായിരുന്നു. ബൈബിളിൽ മൂന്നിടത്ത് ഇതിന്റെ പേരെടുത്ത് പറഞ്ഞിരിക്കുന്നതായി കാണാം. ഒരിക്കൽ യേശു ഈ മണ്ഡപത്തിലൂടെ നടക്കുമ്പോൾ, ഒരു കൂട്ടം ജൂതന്മാർ ചുറ്റും കൂടിയിട്ട് യേശുതന്നെയാണോ ക്രിസ്തു എന്നു തുറന്നുപറയാൻ ആവശ്യപ്പെടുന്നതായി യോഹന്നാൻ രേഖപ്പെടുത്തിയിട്ടുണ്ട്. (യോഹ 10:22-24) പിന്നീട്, ജന്മനാ കാലിനു സ്വാധീനമില്ലാതിരുന്ന ഒരാളെ സുഖപ്പെടുത്തിയതിനെക്കുറിച്ച് പത്രോസ് വിവരിക്കുന്നതു കേൾക്കാൻ ഒരു കൂട്ടം ആളുകൾ അതിശയത്തോടെ ഈ മണ്ഡപത്തിൽ കൂടിവന്നതായും നമ്മൾ വായിക്കുന്നു. (പ്രവൃ 3:1-7, 11) ആദ്യകാലക്രിസ്ത്യാനികൾ ശലോമോന്റെ മണ്ഡപത്തിൽ പരസ്യമായി കൂടിവരാറുണ്ടായിരുന്നു.—പ്രവൃ 5:12, 13; പദാവലിയിൽ “ശലോമോന്റെ മണ്ഡപം” കാണുക.

എ.ഡി. 33-ലെ പെന്തിക്കോസ്തിനു ശേഷം, യേശുവിന്റെ ശിഷ്യന്മാർ കൂടുതൽ ഉത്സാഹത്തോടെ ആളുകളുടെ വീടുകളിൽ ചെന്ന് സന്തോഷവാർത്ത അറിയിച്ചു. മേലാൽ ഇങ്ങനെ “സംസാരിക്കരുതെന്ന്” ശിഷ്യന്മാരെ വിലക്കിയിരുന്നെങ്കിലും “അവർ ദിവസവും ദേവാലയത്തിലും വീടുതോറും ക്രിസ്തുവായ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത നിറുത്താതെ പഠിപ്പിക്കുകയും അറിയിക്കുകയും ചെയ്തു” എന്നാണു ദൈവപ്രചോദിതമായ രേഖ പറയുന്നത്. (പ്രവൃ 5:40-42) ഏതാണ്ട് എ.ഡി. 56-ൽ അപ്പോസ്തലനായ പൗലോസ് എഫെസൊസിലെ മൂപ്പന്മാരോട് ഇങ്ങനെ പറഞ്ഞു: “പ്രയോജനമുള്ളതൊന്നും മറച്ചുവെക്കാതെ . . . പരസ്യമായും വീടുതോറും (ഞാൻ) നിങ്ങളെ പഠിപ്പിച്ചു.” (പ്രവൃ 20:20) പൗലോസ് ഇവിടെ പറയുന്നത്, അവർ വിശ്വാസികളാകുന്നതിനു മുമ്പ് അവരോടു പ്രസംഗിക്കാൻ താൻ ചെയ്ത ശ്രമങ്ങളെക്കുറിച്ചാണ്. ‘മാനസാന്തരപ്പെട്ട് ദൈവത്തിലേക്കു തിരിയേണ്ടതിനെക്കുറിച്ചോ കർത്താവായ യേശുവിൽ വിശ്വസിക്കേണ്ടതിനെക്കുറിച്ചോ’ അവർക്ക് അറിയാത്ത ഒരു സമയമായിരുന്നു അത്. (പ്രവൃ 20:21) ആത്മീയകാര്യങ്ങളോടു താത്പര്യമുള്ളവരെ കണ്ടെത്തിയപ്പോൾ അവരെ കൂടുതലായി പഠിപ്പിക്കാൻ പൗലോസ് എന്തായാലും അവരുടെ വീടുകളിൽ മടങ്ങിച്ചെന്നിട്ടുമുണ്ടാകും. ഇനി, അവർ ക്രിസ്ത്യാനികളായിത്തീർന്നശേഷവും അവരെ വിശ്വാസത്തിൽ ബലപ്പെടുത്താൻവേണ്ടി പൗലോസ് അവരുടെ വീടുകൾ വീണ്ടും സന്ദർശിച്ചിരിക്കാം.—പ്രവൃ 5:42; 20:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.