ആവർത്തനം 30:1-20
30 “ഈ വാക്കുകളെല്ലാം, അതായത് ഞാൻ നിങ്ങളുടെ മുമ്പാകെ വെച്ചിരിക്കുന്ന ഈ അനുഗ്രഹവും ശാപവും,+ നിങ്ങളുടെ മേൽ വരുകയും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളയുന്ന എല്ലാ ജനതകളുടെയും ഇടയിൽവെച്ച്+ അവ നിങ്ങളുടെ മനസ്സിലേക്കു വരുകയും*+
2 നിങ്ങളും മക്കളും നിങ്ങളുടെ ദൈവമായ യഹോവയിലേക്കു തിരിഞ്ഞ്+ ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്നതുപോലെ ദൈവത്തിന്റെ വാക്കുകളെല്ലാം നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും* കൂടെ അനുസരിക്കുകയും ചെയ്യുമ്പോൾ,+
3 ബന്ദികളായി പോകേണ്ടിവന്ന നിങ്ങളെ നിങ്ങളുടെ ദൈവമായ യഹോവ തിരികെ കൊണ്ടുവരുകയും+ നിങ്ങളോടു കരുണ കാണിക്കുകയും+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ചിതറിച്ചുകളഞ്ഞ സകല ജനങ്ങളിൽനിന്നും നിങ്ങളെ കൂട്ടിച്ചേർക്കുകയും ചെയ്യും.+
4 നിങ്ങളെ ആകാശത്തിന്റെ അറ്റത്തോളം ചിതറിച്ചുകളഞ്ഞാലും അവിടെനിന്നെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൂട്ടിച്ചേർക്കുകയും മടക്കിവരുത്തുകയും ചെയ്യും.+
5 നിങ്ങളുടെ പിതാക്കന്മാർ കൈവശമാക്കിയ ദേശത്തേക്കു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ കൊണ്ടുവരും; നിങ്ങൾ അത് അവകാശമാക്കും. ദൈവം നിങ്ങൾക്ക് അഭിവൃദ്ധി നൽകുകയും നിങ്ങളെ നിങ്ങളുടെ പിതാക്കന്മാരെക്കാൾ വർധിപ്പിക്കുകയും ചെയ്യും.+
6 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെയും നിങ്ങളുടെ സന്തതികളുടെയും ഹൃദയം ശുദ്ധീകരിക്കും.*+ അങ്ങനെ നിങ്ങൾ നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും കൂടെ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും ജീവനോടിരിക്കുകയും ചെയ്യും.+
7 നിങ്ങളുടെ ദൈവമായ യഹോവ ഈ ശാപങ്ങളെല്ലാം നിങ്ങളെ വെറുക്കുകയും പീഡിപ്പിക്കുകയും ചെയ്ത നിങ്ങളുടെ ശത്രുക്കളുടെ മേൽ വരുത്തും.+
8 “നിങ്ങൾ തിരിഞ്ഞുവന്ന് യഹോവയുടെ വാക്കു കേൾക്കുകയും ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ദൈവകല്പനകളെല്ലാം അനുസരിക്കുകയും ചെയ്യും.
9 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ കൈകളുടെ എല്ലാ പ്രവൃത്തികളെയും സമൃദ്ധമായി അനുഗ്രഹിക്കും.+ അങ്ങനെ നിങ്ങളുടെ മക്കളും മൃഗങ്ങളും നിലത്തെ വിളവുകളും അനേകമായി വർധിക്കും. യഹോവ നിങ്ങളുടെ പൂർവികരിൽ ആനന്ദിച്ചതുപോലെ, നിങ്ങൾക്ക് അഭിവൃദ്ധി നൽകുന്നതിൽ വീണ്ടും ആനന്ദം കണ്ടെത്തും.+
10 കാരണം നിങ്ങൾ അപ്പോൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേൾക്കുകയും ഈ നിയമപുസ്തകത്തിൽ എഴുതിയിരിക്കുന്ന ദൈവകല്പനകളും നിയമങ്ങളും പാലിക്കുകയും നിങ്ങളുടെ മുഴുഹൃദയത്തോടും നിങ്ങളുടെ മുഴുദേഹിയോടും കൂടെ നിങ്ങളുടെ ദൈവമായ യഹോവയിലേക്കു തിരിയുകയും ചെയ്യുമല്ലോ.+
11 “ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന ഈ കല്പന അത്ര ബുദ്ധിമുട്ടുള്ളതല്ല; അതു നിങ്ങളുടെ എത്തുപാടിന് അതീതവുമല്ല.*+
12 ‘ഞങ്ങൾ കേട്ടനുസരിക്കാൻവേണ്ടി ആരാണ് ആകാശത്തിൽ കയറിച്ചെന്ന് അതു കൊണ്ടുവരുക’ എന്നു നിങ്ങൾ പറയാൻ അത് ആകാശത്തിലല്ല.+
13 ‘ഞങ്ങൾ കേട്ടനുസരിക്കാൻവേണ്ടി കടലിന് അക്കരെ ചെന്ന് ആര് അതു കൊണ്ടുവരും’ എന്നു പറയാൻ അതു കടലിന് അക്കരെയുമല്ല.
14 നിങ്ങൾക്കു പാലിക്കാൻ കഴിയേണ്ടതിനു+ വചനം നിങ്ങളുടെ ഏറ്റവും അടുത്ത്, നിങ്ങളുടെ വായിലും ഹൃദയത്തിലും, തന്നെയുണ്ടല്ലോ.+
15 “ഇതാ, ഞാൻ ഇന്നു ജീവനും അനുഗ്രഹവും, മരണവും ശാപവും നിങ്ങളുടെ മുന്നിൽ വെക്കുന്നു.+
16 നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും ദൈവത്തിന്റെ വഴികളിൽ നടക്കുകയും ദൈവത്തിന്റെ കല്പനകൾ, നിയമങ്ങൾ, ന്യായത്തീർപ്പുകൾ എന്നിവയെല്ലാം പാലിക്കുകയും ചെയ്തുകൊണ്ട്, ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നെങ്കിൽ+ നിങ്ങൾ ജീവിച്ചിരുന്ന്+ അനേകമായി വർധിക്കും. നിങ്ങൾ കൈവശമാക്കാൻപോകുന്ന ദേശത്ത് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ അനുഗ്രഹിക്കും.+
17 “എന്നാൽ നിങ്ങളുടെ ഹൃദയം വഴിതെറ്റുകയും+ നിങ്ങൾ അനുസരണക്കേടു കാണിക്കുകയും വശീകരിക്കപ്പെട്ട് അന്യദൈവങ്ങളുടെ മുമ്പാകെ കുമ്പിടുകയും അവയെ സേവിക്കുകയും ചെയ്താൽ,+
18 ഇന്നു ഞാൻ നിങ്ങളോടു പറയുന്നു, നിങ്ങൾ ഉറപ്പായും നശിച്ചുപോകും;+ യോർദാൻ കടന്ന് നിങ്ങൾ കൈവശമാക്കുന്ന ദേശത്ത് നിങ്ങൾ അധികകാലം ജീവിച്ചിരിക്കില്ല.
19 ഞാൻ നിങ്ങളുടെ മുമ്പാകെ ജീവനും മരണവും, അനുഗ്രഹവും ശാപവും വെച്ചിരിക്കുന്നു+ എന്നതിന് ഇന്നു ഞാൻ ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കെതിരെ സാക്ഷിയാക്കുന്നു. നിങ്ങളും നിങ്ങളുടെ വംശജരും ജീവിച്ചിരിക്കാനായി+ ജീവൻ തിരഞ്ഞെടുത്തുകൊള്ളുക.+
20 നിങ്ങൾ ജീവനോടിരിക്കണമെങ്കിൽ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കുകയും+ ദൈവത്തിന്റെ വാക്കു കേൾക്കുകയും ദൈവത്തോടു പറ്റിച്ചേരുകയും വേണം.+ കാരണം ദൈവമാണു നിങ്ങൾക്കു ജീവനും ദീർഘായുസ്സും തരുന്നത്. നിങ്ങളുടെ പൂർവികരായ അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ് എന്നിവർക്കു കൊടുക്കുമെന്ന് യഹോവ സത്യം ചെയ്ത ദേശത്ത് ദീർഘകാലം ജീവിച്ചിരിക്കാൻ ദൈവം നിങ്ങളെ സഹായിക്കും.”+
അടിക്കുറിപ്പുകള്
^ അക്ഷ. “നിങ്ങൾ വീണ്ടും നിങ്ങളുടെ ഹൃദയത്തിലേക്കു കൊണ്ടുവരുകയും.”
^ അക്ഷ. “പരിച്ഛേദന ചെയ്യും.”
^ അക്ഷ. “അതു ദൂരത്തുമല്ല.”