സങ്കീർത്ത​നം 31:1-24

സംഗീതസംഘനായകന്‌. ദാവീദ്‌ രചിച്ച ശ്രുതി​മ​ധു​ര​മായ ഗാനം. 31  യഹോവേ, അങ്ങയെ ഞാൻ എന്റെ അഭയമാ​ക്കി​യി​രി​ക്കു​ന്നു.+ ഞാൻ നാണം​കെ​ടാൻ ഒരിക്ക​ലും ഇടവരു​ത്ത​രു​തേ.+ അങ്ങയുടെ നീതിയെ ഓർത്ത്‌ എന്നെ രക്ഷി​ക്കേ​ണമേ.+   അങ്ങ്‌ എന്നി​ലേക്കു ചെവി ചായി​ക്കേ​ണമേ.* വേഗം വന്ന്‌ എന്നെ രക്ഷി​ക്കേ​ണമേ.+ എനിക്കാ​യി മലമു​ക​ളി​ലെ ഒരു രക്ഷാസ​ങ്കേ​ത​മാ​കേ​ണമേ;എനിക്കാ​യി കോട്ട​മ​തി​ലുള്ള ഒരു രക്ഷാ​കേ​ന്ദ്ര​മാ​കേ​ണമേ.+   അങ്ങ്‌ എന്റെ വൻപാ​റ​യും എന്റെ അഭയസ്ഥാ​ന​വും അല്ലോ;+അങ്ങയുടെ പേരിനെ ഓർത്ത്‌+ അങ്ങ്‌ എന്നെ നയിക്കും, എനിക്കു വഴി കാട്ടും.+   അവർ എന്നെ കുടു​ക്കാൻ രഹസ്യ​മാ​യി വിരിച്ച വലയിൽനി​ന്ന്‌ അങ്ങ്‌ എന്നെ സ്വത​ന്ത്ര​നാ​ക്കും;+അങ്ങല്ലോ എന്റെ കോട്ട.+   ഞാൻ എന്റെ ജീവൻ* തൃ​ക്കൈ​യിൽ ഏൽപ്പി​ക്കു​ന്നു.+ സത്യത്തി​ന്റെ ദൈവമായ* യഹോവേ, അങ്ങ്‌ എന്നെ വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു.+   ഒരു ഗുണവു​മി​ല്ലാത്ത വ്യർഥ​വി​ഗ്ര​ഹ​ങ്ങ​ളു​ടെ ഭക്തരെ ഞാൻ വെറു​ക്കു​ന്നു;ഞാൻ പക്ഷേ, യഹോ​വ​യിൽ ആശ്രയി​ക്കു​ന്നു.   അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്തെ​പ്രതി ഞാൻ അത്യന്തം സന്തോ​ഷി​ക്കും.എന്റെ ദുരിതം അങ്ങ്‌ കണ്ടിരി​ക്കു​ന്ന​ല്ലോ,+എന്റെ പ്രാണ​സ​ങ്കടം അങ്ങ്‌ അറിയു​ന്ന​ല്ലോ.   അങ്ങ്‌ എന്നെ ശത്രു​ക്ക​ളു​ടെ കൈയിൽ ഏൽപ്പി​ക്കാ​തെഒരു സുരക്ഷിതസ്ഥാനത്ത്‌* നിറു​ത്തു​ന്നു.   യഹോവേ, എന്നോടു പ്രീതി കാണി​ക്കേ​ണമേ; ഞാൻ വലിയ കഷ്ടത്തി​ലാ​യി​രി​ക്കു​ന്നു. കടുത്ത ദുഃഖം എന്റെ കണ്ണുക​ളെ​യും എന്റെ ശരീരത്തെയും* ക്ഷീണി​പ്പി​ച്ചി​രി​ക്കു​ന്നു.+ 10  എന്റെ ജീവിതം ദുഃഖത്താലും+എന്റെ വർഷങ്ങൾ ഞരക്കങ്ങ​ളാ​ലും നിറഞ്ഞി​രി​ക്കു​ന്നു.+ എന്റെ തെറ്റ്‌ എന്റെ ശക്തി ചോർത്തി​ക്ക​ള​യു​ന്നു;എന്റെ അസ്ഥികൾ ക്ഷയിക്കു​ന്നു.+ 11  എന്റെ സകല എതിരാ​ളി​ക​ളും,പ്രത്യേ​കിച്ച്‌ എന്റെ അയൽക്കാർ, എന്നെ പരിഹ​സി​ക്കു​ന്നു.+ എന്റെ പരിച​യ​ക്കാർക്ക്‌ എന്നെ പേടി​യാണ്‌;വെളി​യിൽ എന്നെ കണ്ടാൽ അവർ ഓടി​യ​ക​ലു​ന്നു.+ 12  മരിച്ചുപോയവനെപ്പോലെ അവർ എന്നെ മറന്നു​ക​ള​ഞ്ഞി​രി​ക്കു​ന്നു;അവരുടെ ഹൃദയത്തിൽ* എനിക്കു സ്ഥാനമില്ല.ഉടഞ്ഞ ഒരു പാത്രം​പോ​ലെ​യാ​ണു ഞാൻ. 13  അനേകം ദുഷ്‌പ്ര​ചാ​ര​ണങ്ങൾ ഞാൻ കേട്ടി​രി​ക്കു​ന്നു;ഭീതി എന്നെ വലയം ചെയ്യുന്നു.+ എനിക്ക്‌ എതിരെ ഒറ്റക്കെ​ട്ടാ​യി വരുന്ന അവർഎന്റെ ജീവ​നെ​ടു​ക്കാൻ തന്ത്രങ്ങൾ മനയുന്നു.+ 14  എങ്കിലും യഹോവേ, ഞാൻ അങ്ങയിൽ ആശ്രയി​ക്കു​ന്നു.+ “അങ്ങാണ്‌ എന്റെ ദൈവം” എന്നു ഞാൻ പ്രഖ്യാ​പി​ക്കു​ന്നു.+ 15  എന്റെ നാളുകൾ* അങ്ങയുടെ കൈക​ളി​ലാണ്‌. എന്റെ ശത്രു​ക്ക​ളു​ടെ​യും എന്നെ ഉപദ്ര​വി​ക്കു​ന്ന​വ​രു​ടെ​യും കൈയിൽനി​ന്ന്‌ എന്നെ വിടു​വി​ക്കേ​ണമേ.+ 16  അങ്ങയുടെ മുഖം ഈ ദാസന്റെ മേൽ പ്രകാ​ശി​ക്കട്ടെ.+ അങ്ങയുടെ അചഞ്ചല​മായ സ്‌നേ​ഹ​ത്താൽ എന്നെ രക്ഷി​ക്കേ​ണമേ. 17  യഹോവേ, ഞാൻ അങ്ങയെ വിളി​ച്ച​പേ​ക്ഷി​ക്കു​മ്പോൾ എന്നെ നാണം​കെ​ടു​ത്ത​രു​തേ;+ ദുഷ്ടന്മാർ നാണം​കെ​ടട്ടെ;+ശവക്കുഴിയിൽ* അവർ മിണ്ടാ​താ​കട്ടെ.+ 18  നുണ പറയുന്ന നാവുകൾ നിശ്ശബ്ദ​മാ​കട്ടെ;+നീതി​മാന്‌ എതിരെ ധാർഷ്ട്യ​ത്തോ​ടെ​യും വെറു​പ്പോ​ടെ​യും അഹങ്കാരം പറയുന്ന നാവു​ക​ളാ​ണ​ല്ലോ അവ. 19  അങ്ങയുടെ നന്മ എത്ര വലിയത്‌!+ അങ്ങയെ ഭയപ്പെ​ടു​ന്ന​വർക്കാ​യി അങ്ങ്‌ അതു സംഭരി​ച്ചു​വെ​ച്ചി​രി​ക്കു​ന്ന​ല്ലോ;+അങ്ങയെ അഭയമാ​ക്കു​ന്ന​വർക്കു സകല മനുഷ്യ​രു​ടെ​യും കൺമു​ന്നിൽവെച്ച്‌ അങ്ങ്‌ നന്മ ചെയ്‌തി​രി​ക്കു​ന്ന​ല്ലോ.+ 20  അങ്ങയുടെ സാന്നി​ധ്യ​മുള്ള രഹസ്യ​സ്ഥ​ലത്ത്‌ അങ്ങ്‌ അവരെമനുഷ്യ​രു​ടെ ഗൂഢത​ന്ത്ര​ങ്ങ​ളിൽപ്പെ​ടാ​തെ ഒളിപ്പി​ക്കും;+ദ്രോ​ഹ​ചി​ന്ത​യോ​ടെ​യുള്ള ആക്രമണമേൽക്കാതെ*അങ്ങ്‌ അവരെ അങ്ങയുടെ താവള​ത്തിൽ മറച്ചു​വെ​ക്കും.+ 21  യഹോവ വാഴ്‌ത്ത​പ്പെ​ടട്ടെ;ഉപരോ​ധി​ച്ച നഗരത്തിൽ+ കഴിഞ്ഞ എന്നോടു ദൈവം കാണിച്ച അചഞ്ചലസ്‌നേഹം+ മഹനീ​യ​മാ​യി​രു​ന്ന​ല്ലോ. 22  ഞാനോ പരി​ഭ്ര​മിച്ച്‌, “തിരു​സ​ന്നി​ധി​യിൽനിന്ന്‌ ഞാൻ നശിച്ചു​പോ​കും”+ എന്നു പറഞ്ഞു. എന്നാൽ സഹായ​ത്തി​നാ​യി വിളി​ച്ച​പേ​ക്ഷി​ച്ച​പ്പോൾ അങ്ങ്‌ എന്റെ യാചനകൾ ചെവി​ക്കൊ​ണ്ടു.+ 23  യഹോവയുടെ വിശ്വ​സ്‌തരേ, നിങ്ങ​ളെ​ല്ലാം ദൈവത്തെ സ്‌നേ​ഹി​ക്കു​വിൻ!+ വിശ്വ​സ്‌ത​രെ യഹോവ സംരക്ഷി​ക്കു​ന്നു;+എന്നാൽ, ധാർഷ്ട്യം കാണി​ക്കു​ന്ന​വരെ അതിക​ഠി​ന​മാ​യി ശിക്ഷി​ക്കു​ന്നു.+ 24  യഹോവയ്‌ക്കായി കാത്തി​രി​ക്കു​ന്ന​വരേ,+ധീരരാ​യി​രി​ക്കൂ, നിങ്ങളു​ടെ ഹൃദയം കരുത്തു​റ്റ​താ​യി​രി​ക്കട്ടെ.+

അടിക്കുറിപ്പുകള്‍

അഥവാ “കുനിഞ്ഞ്‌ ഞാൻ പറയു​ന്നതു കേൾക്കേ​ണമേ.”
അഥവാ “ആത്മാവ്‌.”
അഥവാ “വിശ്വ​സ്‌ത​ദൈ​വ​മായ.”
അഥവാ “വിശാ​ല​മായ ഒരു സ്ഥലത്ത്‌.”
അഥവാ “കണ്ണുക​ളെ​യും എന്റെ ദേഹി​യെ​യും വയറി​നെ​യും.”
അഥവാ “മനസ്സിൽ.”
അക്ഷ. “കാലങ്ങൾ.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “നാവു​ക​ളു​ടെ വഴക്കിൽനി​ന്ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം