യോഹ​ന്നാൻ എഴുതി​യത്‌ 1:1-51

1  ആരംഭ​ത്തിൽ വചനമുണ്ടായിരുന്നു.+ വചനം ദൈവത്തിന്റെകൂടെയായിരുന്നു.+ വചനം ഒരു ദൈവമായിരുന്നു.+  ആരംഭ​ത്തിൽ വചനം ദൈവത്തിന്റെകൂടെയായിരുന്നു.+  സകലവും വചനം മുഖാ​ന്തരം ഉണ്ടായി.+ വചന​ത്തെ​ക്കൂ​ടാ​തെ ഒന്നും ഉണ്ടായിട്ടില്ല. വചനം മുഖാ​ന്തരം ഉണ്ടായതു ജീവനാണ്‌.  ജീവനോ മനുഷ്യ​രു​ടെ വെളിച്ചമായിരുന്നു.+  വെളിച്ചം ഇരുട്ടിൽ പ്രകാശിക്കുന്നു.+ അതിനെ കീഴട​ക്കാൻ ഇരുട്ടി​നു കഴിഞ്ഞിട്ടില്ല.  ദൈവത്തിന്റെ പ്രതി​നി​ധി​യാ​യി അയച്ച ഒരു മനുഷ്യനുണ്ടായിരുന്നു; പേര്‌ യോഹന്നാൻ.+  ഒരു സാക്ഷി​യാ​യി​ട്ടാണ്‌ ഈ മനുഷ്യൻ വന്നത്‌; എല്ലാ തരം മനുഷ്യ​രും യോഹ​ന്നാൻ മുഖാ​ന്തരം വിശ്വ​സി​ക്കേ​ണ്ട​തി​നു വെളി​ച്ച​ത്തെ​ക്കു​റിച്ച്‌ സാക്ഷി പറയാ​നാണ്‌ അദ്ദേഹം വന്നത്‌.+  പക്ഷേ ആ വെളിച്ചം യോഹന്നാനല്ലായിരുന്നു.+ യോഹന്നാന്റെ ദൗത്യം ആ വെളി​ച്ച​ത്തെ​ക്കു​റിച്ച്‌ സാക്ഷി പറയുക എന്നതായിരുന്നു.+  എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥ​വെ​ളി​ച്ചം ലോക​ത്തേക്കു വരാനുള്ള സമയം അടുത്തിരുന്നു.+ 10  അദ്ദേഹം ലോകത്തുണ്ടായിരുന്നു.+ ലോകം ഉണ്ടായ​തു​തന്നെ അദ്ദേഹം മുഖാന്തരമാണ്‌.+ എന്നിട്ടും ലോകം അദ്ദേഹത്തെ അറിഞ്ഞില്ല.* 11  അദ്ദേഹം സ്വന്തം വീട്ടി​ലേക്കു വന്നു. പക്ഷേ സ്വന്തം ആളുകൾപോ​ലും അദ്ദേഹത്തെ അംഗീകരിച്ചില്ല.+ 12  എന്നാൽ തന്നെ സ്വീക​രി​ച്ച​വർക്കെ​ല്ലാം അദ്ദേഹം ദൈവമക്കളാകാൻ+ അനുമതി കൊടുത്തു. കാരണം, അവർ അദ്ദേഹത്തിന്റെ നാമത്തിൽ വിശ്വാസമർപ്പിച്ചു.+ 13  അവർ ജനിച്ചതു രക്തത്തിൽനിന്നല്ല; ശരീരത്തിന്റെ ഇഷ്ടത്താ​ലോ പുരുഷന്റെ ഇഷ്ടത്താ​ലോ അല്ല; ദൈവത്തിൽനിന്നാണ്‌.+ 14  വചനം മനുഷ്യനായിത്തീർന്ന്‌+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന്‌ അയാളു​ടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സാ​യി​രു​ന്നു അത്‌. വചനം ദിവ്യ​പ്രീ​തി​യും സത്യവും+ നിറഞ്ഞയാളായിരുന്നു. 15  (യോഹന്നാൻ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ സാക്ഷി പറഞ്ഞു. അതെ, യോഹ​ന്നാൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “‘എന്റെ പിന്നാലെ വരുന്ന​യാൾ എന്റെ മുന്നിൽ കയറിക്കഴിഞ്ഞു. കാരണം, എനിക്കും മുമ്പേ അദ്ദേഹമുണ്ടായിരുന്നു’ എന്നു ഞാൻ പറഞ്ഞത്‌ ഈ മനുഷ്യനെക്കുറിച്ചാണ്‌.”)+ 16  അദ്ദേഹത്തിന്റെ ആ നിറവിൽനി​ന്നാ​ണു നമുക്ക്‌ എല്ലാവർക്കും നിലയ്‌ക്കാത്ത അനർഹദയ ലഭിച്ചത്‌. 17  കാരണം നിയമം* മോശയിലൂടെയാണു+ കിട്ടി​യ​തെ​ങ്കിൽ അനർഹദയയും+ സത്യവും യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യാ​ണു വന്നത്‌.+ 18  ആരും ഒരിക്ക​ലും ദൈവത്തെ കണ്ടിട്ടില്ല.+ ദൈവ​ത്തെ​ക്കു​റിച്ച്‌ നമുക്കു വിവരിച്ചുതന്നതു+ പിതാവിന്റെ അരികിലുള്ള+ ഏകജാ​ത​നായ ദൈവമാണ്‌.+ 19  “അങ്ങ്‌ ആരാണ്‌” എന്നു യോഹ​ന്നാ​നോ​ടു ചോദിക്കാൻ+ ജൂതന്മാർ യരുശ​ലേ​മിൽനിന്ന്‌ പുരോ​ഹി​ത​ന്മാ​രെ​യും ലേവ്യ​രെ​യും യോഹന്നാന്റെ അടു​ത്തേക്ക്‌ അയച്ചപ്പോൾ, 20  “ഞാൻ ക്രിസ്‌തു​വല്ല” എന്ന്‌ ഒട്ടും മടിക്കാ​തെ യോഹ​ന്നാൻ സമ്മതിച്ചുപറഞ്ഞു.+ 21  “പിന്നെ അങ്ങ്‌ ആരാണ്‌, ഏലിയ​യാ​ണോ”+ എന്ന്‌ അവർ ചോദിച്ചു. “അല്ല” എന്നു യോഹ​ന്നാൻ പറഞ്ഞു.+ “അങ്ങ്‌ ആ പ്രവാ​ച​ക​നാ​ണോ”+ എന്നു ചോദിച്ചപ്പോഴും, “അല്ല” എന്നായി​രു​ന്നു മറുപടി. 22  അപ്പോൾ അവർ യോഹ​ന്നാ​നോ​ടു ചോദിച്ചു: “എങ്കിൽ അങ്ങ്‌ ആരാണ്‌? ഞങ്ങളെ അയച്ചവ​രോ​ടു ഞങ്ങൾക്ക്‌ ഉത്തരം പറയണമല്ലോ. അങ്ങയെ​ക്കു​റിച്ച്‌ അങ്ങ്‌ എന്തു പറയുന്നു?” 23  അപ്പോൾ യോഹ​ന്നാൻ പറഞ്ഞു: “യശയ്യ പ്രവാ​ചകൻ പറഞ്ഞതുപോലെ, ‘യഹോവയുടെ വഴി നേരെയാക്കുക’+ എന്നു വിജനഭൂമിയിൽ* വിളിച്ചുപറയുന്നവന്റെ ശബ്ദമാണു ഞാൻ.”+ 24  പരീശ​ന്മാ​രാ​യി​രു​ന്നു അവരെ അയച്ചത്‌. 25  അവർ യോഹന്നാനോട്‌, “അങ്ങ്‌ ക്രിസ്‌തു​വോ ഏലിയ​യോ ആ പ്രവാ​ച​ക​നോ അല്ലെങ്കിൽ, പിന്നെ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നത്‌ എന്തിനാണ്‌” എന്നു ചോദിച്ചു. 26  യോഹ​ന്നാൻ അവരോ​ടു പറഞ്ഞു: “ഞാൻ വെള്ളത്തിൽ സ്‌നാനപ്പെടുത്തുന്നു. നിങ്ങൾ അറിയാത്ത ഒരാൾ നിങ്ങൾക്കിടയിലുണ്ട്‌. 27  അദ്ദേഹം എന്റെ പിന്നാലെ വരുന്നുണ്ട്‌. അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട്‌ അഴിക്കാൻപോ​ലും ഞാൻ യോഗ്യനല്ല.”+ 28  യോർദാന്‌ അക്കരെ, യോഹ​ന്നാൻ ആളുകളെ സ്‌നാനപ്പെടുത്തിക്കൊണ്ടിരുന്ന+ ബഥാന്യ​യിൽവെ​ച്ചാണ്‌ ഇതെല്ലാം സംഭവിച്ചത്‌. 29  പിറ്റേന്ന്‌ യേശു അടു​ത്തേക്കു വരുന്നതു കണ്ട്‌ യോഹ​ന്നാൻ പറഞ്ഞു: “ഇതാ, ലോകത്തിന്റെ പാപം നീക്കിക്കളയുന്ന+ ദൈവത്തിന്റെ കുഞ്ഞാട്‌!+ 30  ഇദ്ദേഹ​ത്തെ​ക്കു​റി​ച്ചാ​ണു മുമ്പ്‌ ഞാൻ ഇങ്ങനെ പറഞ്ഞത്‌: ‘എന്റെ പിന്നാലെ വരുന്ന ഒരാൾ എന്റെ മുന്നിൽ കയറിയിരിക്കുന്നു. കാരണം എനിക്കും മുമ്പേ അദ്ദേഹമുണ്ടായിരുന്നു.’+ 31  എനിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. എന്നാൽ അദ്ദേഹത്തെ ഇസ്രാ​യേ​ലി​നു വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻവേ​ണ്ടി​യാ​ണു ഞാൻ വെള്ളത്തിൽ സ്‌നാ​ന​പ്പെ​ടു​ത്തു​ന്ന​വ​നാ​യി വന്നത്‌.”+ 32  യോഹ​ന്നാൻ ഇങ്ങനെ​യും സാക്ഷി പറഞ്ഞു: “പരിശുദ്ധാത്മാവ്‌ പ്രാവു​പോ​ലെ ആകാശ​ത്തു​നിന്ന്‌ ഇറങ്ങി​വ​രു​ന്നതു ഞാൻ കണ്ടു. അത്‌ അദ്ദേഹത്തിന്റെ മേൽ വസിച്ചു.+ 33  എനിക്കും അദ്ദേഹത്തെ അറിയില്ലായിരുന്നു. എന്നാൽ, വെള്ളത്തിൽ സ്‌നാ​ന​പ്പെ​ടു​ത്താൻ എന്നെ അയച്ച ദൈവം എന്നോട്‌, ‘എന്റെ ആത്മാവ്‌ ഇറങ്ങി​വന്ന്‌ ആരുടെ മേൽ വസിക്കു​ന്ന​താ​ണോ നീ കാണുന്നത്‌+ അവനാണു പരിശു​ദ്ധാ​ത്മാ​വു​കൊണ്ട്‌ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നവൻ’+ എന്നു പറഞ്ഞു. 34  ഞാൻ അതു കണ്ടു. അതു​കൊണ്ട്‌ ഇദ്ദേഹ​മാ​ണു ദൈവ​പു​ത്രൻ എന്നു ഞാൻ സാക്ഷി പറഞ്ഞിരിക്കുന്നു.”+ 35  പിറ്റേന്നു യോഹ​ന്നാൻ തന്റെ രണ്ടു ശിഷ്യ​ന്മാ​രോ​ടൊ​പ്പം നിൽക്കു​മ്പോൾ 36  യേശു നടന്നു​പോ​കു​ന്നതു കണ്ടിട്ട്‌, “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്‌”+ എന്നു പറഞ്ഞു. 37  അതു കേട്ട്‌ ആ രണ്ടു ശിഷ്യ​ന്മാർ യേശു​വി​നെ അനുഗമിച്ചു. 38  യേശു തിരി​ഞ്ഞു​നോ​ക്കി​യ​പ്പോൾ അവർ പിന്നാലെ വരുന്നതു കണ്ടിട്ട്‌ അവരോട്‌, “നിങ്ങൾക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദിച്ചു. അപ്പോൾ അവർ, “റബ്ബീ, (“ഗുരു” എന്ന്‌ അർഥം) അങ്ങ്‌ എവി​ടെ​യാ​ണു താമസി​ക്കു​ന്നത്‌” എന്നു ചോദിച്ചു. 39  യേശു അവരോട്‌, “എന്റെകൂടെ വരൂ, കാണാ​മ​ല്ലോ” എന്നു പറഞ്ഞു. അങ്ങനെ അവർ ചെന്ന്‌ യേശു താമസി​ക്കുന്ന സ്ഥലം കണ്ടു. അന്ന്‌ അവർ യേശുവിന്റെകൂടെ താമസിച്ചു. അപ്പോൾ ഏകദേശം പത്താം മണി ആയിരുന്നു. 40  യോഹ​ന്നാൻ പറഞ്ഞതു കേട്ട്‌ യേശു​വി​നെ അനുഗ​മിച്ച രണ്ടു പേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോ​ദ​ര​നായ അന്ത്രയോസാണ്‌.+ 41  അന്ത്ര​യോസ്‌ ആദ്യം സ്വന്തം സഹോ​ദ​ര​നായ ശിമോ​നെ കണ്ടുപിടിച്ച്‌, “ഞങ്ങൾ മിശിഹയെ+ (“ക്രിസ്‌തു” എന്ന്‌ അർഥം)+ കണ്ടെത്തി” എന്നു പറഞ്ഞു. 42  അന്ത്ര​യോസ്‌ ശിമോ​നെ യേശുവിന്റെ അടു​ത്തേക്കു കൂട്ടിക്കൊണ്ടുവന്നു. യേശു ശിമോ​നെ നോക്കി, “നീ യോഹന്നാന്റെ മകനായ ശിമോനാണല്ലോ.+ നീ കേഫ (പരിഭാഷപ്പെടുത്തുമ്പോൾ “പത്രോസ്‌”)+ എന്ന്‌ അറിയ​പ്പെ​ടും” എന്നു പറഞ്ഞു. 43  പിറ്റേന്ന്‌ യേശു ഗലീല​യി​ലേക്കു പോകാൻ തീരുമാനിച്ചു. യേശു ഫിലി​പ്പോ​സി​നെ കണ്ടപ്പോൾ,+ “എന്നെ അനുഗ​മി​ക്കുക” എന്നു പറഞ്ഞു. 44  അന്ത്രയോസിന്റെയും പത്രോസിന്റെയും നഗരമായ ബേത്ത്‌സ​യി​ദ​യിൽനി​ന്നാ​യി​രു​ന്നു ഫിലിപ്പോസ്‌. 45  ഫിലി​പ്പോസ്‌ നഥനയേലിനെ+ കണ്ടപ്പോൾ ഇങ്ങനെ പറഞ്ഞു: “മോശയുടെ നിയമ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും എഴുതിയിരിക്കുന്നയാളെ+ ഞങ്ങൾ കണ്ടെത്തി. യോസേഫിന്റെ മകനായ, നസറെ​ത്തിൽനി​ന്നുള്ള യേശു​വാണ്‌ അത്‌.”+ 46  പക്ഷേ നഥനയേൽ ഫിലിപ്പോസിനോട്‌, “അതിന്‌, നസറെ​ത്തിൽനിന്ന്‌ എന്തു നന്മ വരാനാണ്‌”+ എന്നു ചോദിച്ചു. അപ്പോൾ ഫിലിപ്പോസ്‌, “നേരിട്ട്‌ വന്ന്‌ കാണൂ” എന്നു പറഞ്ഞു. 47  നഥനയേൽ അടു​ത്തേക്കു വരുന്നതു കണ്ട്‌ യേശു നഥനയേലിനെക്കുറിച്ച്‌, “ഇതാ, ഒരു കാപട്യ​വു​മി​ല്ലാത്ത തനി ഇസ്രാ​യേ​ല്യൻ”+ എന്നു പറഞ്ഞു. 48  നഥനയേൽ യേശുവിനോട്‌, “അങ്ങയ്‌ക്ക്‌ എന്നെ എങ്ങനെ അറിയാം” എന്നു ചോദിച്ചു. അപ്പോൾ യേശു പറഞ്ഞു: “ഫിലിപ്പോസ്‌ നിന്നെ വിളി​ക്കു​ന്ന​തി​നു മുമ്പ്‌, നീ ആ അത്തിയു​ടെ ചുവട്ടി​ലാ​യി​രി​ക്കു​മ്പോൾത്തന്നെ ഞാൻ നിന്നെ കണ്ടു.” 49  അപ്പോൾ നഥനയേൽ പറഞ്ഞു: “റബ്ബീ, അങ്ങ്‌ ദൈവപുത്രനാണ്‌, ഇസ്രായേലിന്റെ രാജാവ്‌.”+ 50  അപ്പോൾ യേശു നഥന​യേ​ലി​നോ​ടു ചോദിച്ചു: “അത്തിയുടെ ചുവട്ടിൽ ഞാൻ നിന്നെ കണ്ടു എന്നു പറഞ്ഞതു​കൊ​ണ്ടാ​ണോ നീ വിശ്വസിക്കുന്നത്‌? ഇതി​നെ​ക്കാ​ളെ​ല്ലാം വലിയ കാര്യങ്ങൾ നീ കാണും.” 51  പിന്നെ യേശു നഥന​യേ​ലി​നോ​ടു പറഞ്ഞു: “ആകാശം തുറന്നി​രി​ക്കു​ന്ന​തും ദൈവ​ദൂ​ത​ന്മാർ അവി​ടേക്കു കയറി​പ്പോ​കു​ന്ന​തും മനുഷ്യപുത്രന്റെ അടു​ത്തേക്ക്‌ ഇറങ്ങി​വ​രു​ന്ന​തും നിങ്ങൾ കാണും+ എന്നു സത്യം​സ​ത്യ​മാ​യി ഞാൻ പറയുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “തിരി​ച്ച​റി​ഞ്ഞില്ല; അംഗീ​ക​രി​ച്ചില്ല.”
പദാവലി കാണുക.
പദാവലിയിൽ “വിജനഭൂമി” കാണുക.

പഠനക്കുറിപ്പുകൾ

യോഹ​ന്നാൻ: അതായത്‌, സ്‌നാ​പ​ക​യോ​ഹ​ന്നാൻ. ഈ സുവി​ശേ​ഷ​ത്തിന്റെ മൂല ഗ്രീക്കുപാഠത്തിൽ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കു​റിച്ച്‌ 19 തവണ പറയു​ന്നുണ്ടെങ്കിലും ഇതിന്റെ എഴുത്തു​കാ​ര​നായ യോഹ​ന്നാൻ അപ്പോ​സ്‌തലൻ ഒരിക്കൽപ്പോ​ലും അദ്ദേഹത്തെ “സ്‌നാ​പകൻ” എന്നു വിശേ​ഷി​പ്പി​ച്ചി​ട്ടില്ല. എന്നാൽ മറ്റു സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ അദ്ദേഹത്തെ “സ്‌നാ​പ​ക​യോ​ഹ​ന്നാൻ” എന്നും “യോഹ​ന്നാൻ സ്‌നാ​പകൻ” എന്നും വിളി​ച്ചി​ട്ടുണ്ട്‌. (മത്ത 3:1; മർ 1:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) യോഹ​ന്നാൻ അപ്പോ​സ്‌തലൻ തന്റെ സുവി​ശേ​ഷ​ത്തിൽ മൂന്നു മറിയ​മാ​രെ വേർതി​രി​ച്ചു​കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും (യോഹ 11:1, 2; 19:25; 20:1) അദ്ദേഹ​ത്തിന്‌ ഒരിക്കൽപ്പോ​ലും സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ കാര്യ​ത്തിൽ ഇങ്ങനെ​യൊ​രു വ്യത്യാ​സം കല്‌പി​ക്കേ​ണ്ടി​വ​ന്നി​ട്ടില്ല. കാരണം, അപ്പോ​സ്‌തലൻ തന്റെ സ്വന്തം പേര്‌ സുവി​ശേ​ഷ​ത്തിൽ ഒരിട​ത്തും പറഞ്ഞി​ട്ടില്ല. അതു​കൊ​ണ്ടു​തന്നെ ഏതു യോഹ​ന്നാ​നെ​ക്കു​റി​ച്ചാണ്‌ അദ്ദേഹം സംസാ​രി​ക്കു​ന്ന​തെന്ന്‌ ആർക്കും സംശയം തോന്നില്ല. യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാണ്‌ ഈ സുവി​ശേഷം എഴുതി​യത്‌ എന്നതിന്റെ മറ്റൊരു തെളി​വാണ്‌ ഇത്‌.​—“യോഹ​ന്നാൻ​ആമുഖം” എന്നതും യോഹ​ന്നാൻ തലക്കെ​ട്ടി​ന്റെ പഠനക്കു​റി​പ്പും കാണുക.

യേശു സ്‌നേ​ഹിച്ച ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 19:26; 20:2; 21:7, 20) അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10) അങ്ങനെ പറയാ​നുള്ള ഒരു കാരണം, ഈ സുവി​ശേ​ഷ​ത്തിൽ എവി​ടെ​യും അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടില്ല എന്നതാണ്‌. ആകെക്കൂ​ടെ യോഹ 21:2-ൽ ‘സെബെ​ദി​പു​ത്ര​ന്മാർ’ എന്നൊരു പരാമർശം കാണാം. ഇനി, ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന “ശിഷ്യൻ” യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാ​യി​രി​ക്കാം എന്നതിന്റെ മറ്റൊരു സൂചന യോഹ 21:20-24-ൽ കാണാം. ‘യേശു സ്‌നേ​ഹിച്ച ശിഷ്യൻത​ന്നെ​യാണ്‌’ ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​രൻ എന്ന്‌ അവിടെ പറഞ്ഞി​ട്ടുണ്ട്‌. മാത്രമല്ല ആ അപ്പോ​സ്‌ത​ല​നെ​ക്കു​റിച്ച്‌, “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌” എന്നു യേശു ചോദി​ക്കു​ന്ന​താ​യും അവിടെ കാണാം. ഇപ്പറഞ്ഞ അപ്പോ​സ്‌തലൻ, പത്രോ​സി​നെ​ക്കാ​ളും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കാ​ളും എല്ലാം കൂടുതൽ കാലം ജീവി​ച്ചി​രി​ക്കു​മെ​ന്നാണ്‌ ഇതു സൂചി​പ്പി​ച്ചത്‌. അത്തരത്തിൽ ദീർഘ​കാ​ലം ജീവി​ച്ചി​രുന്ന അപ്പോ​സ്‌ത​ല​നും യോഹ​ന്നാൻത​ന്നെ​യാണ്‌.​—യോഹ തലക്കെ​ട്ടി​ന്റെ​യും യോഹ 1:6; 21:20 എന്നിവ​യു​ടെ​യും പഠനക്കു​റി​പ്പു​കൾ കാണുക.

യോഹ​ന്നാൻ: യഹോ​ഹാ​നാൻ അഥവാ യോഹാ​നാൻ എന്ന എബ്രായപേരിന്റെ മലയാ​ള​രൂ​പം. അർഥം: “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; യഹോവ കൃപ കാണി​ച്ചി​രി​ക്കു​ന്നു.” ഈ സുവി​ശേഷം എഴുതി​യത്‌ ആരാ​ണെന്ന്‌ ഇതിൽ പറയു​ന്നില്ല. എന്നാൽ ഇത്‌ എഴുതി​യത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ആണെന്ന്‌ എ.ഡി. രണ്ടും മൂന്നും നൂറ്റാ​ണ്ടു​ക​ളാ​യ​പ്പോ​ഴേ​ക്കും പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ സുവി​ശേ​ഷ​ത്തിൽ യോഹ​ന്നാൻ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ ഉദ്ദേശി​ച്ചാണ്‌. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേര്‌ ഇതിൽ ഒരിട​ത്തും കാണു​ന്നി​ല്ലെ​ങ്കി​ലും അദ്ദേഹ​ത്തെ​യും സഹോ​ദ​ര​നായ യാക്കോ​ബി​നെ​യും ഇതിൽ ‘സെബെ​ദി​പു​ത്ര​ന്മാർ’ എന്നു വിളി​ച്ചി​ട്ടുണ്ട്‌. (യോഹ 21:2; മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 1:6-ന്റെ പഠനക്കു​റി​പ്പു കാണുക.) സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​വാ​ക്യ​ങ്ങ​ളിൽ എഴുത്തു​കാ​രൻ തന്നെക്കു​റിച്ച്‌ “യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ” എന്നു പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. (യോഹ 21:20-24) ഈ പദപ്ര​യോ​ഗം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണെന്നു ചിന്തി​ക്കാൻ ന്യായ​മായ കാരണ​ങ്ങ​ളുണ്ട്‌.​—യോഹ 13:23-ന്റെ പഠനക്കു​റി​പ്പു കാണുക.

യോഹ​ന്നാൻ എഴുതി​യത്‌: സുവി​ശേ​ഷങ്ങൾ എഴുതി​യവർ ആരും അവരാണ്‌ അത്‌ എഴുതി​യ​തെന്ന്‌ അതിൽ വെളി​പ്പെ​ടു​ത്തി​യി​ട്ടില്ല. തെളി​വ​നു​സ​രിച്ച്‌ മൂലകൃ​തി​ക​ളിൽ തലക്കെ​ട്ടു​ക​ളും ഉണ്ടായി​രു​ന്നില്ല. യോഹന്നാന്റെ സുവിശേഷത്തിന്റെ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “യോഹ​ന്നാൻ എഴുതിയ സുവി​ശേഷം (അഥവാ “സന്തോ​ഷ​വാർത്ത”)” (യുഅം​ഗേ​ലി​ഓൻ കറ്റാ യൊവാ​നെൻ) എന്ന തലക്കെ​ട്ടും മറ്റു ചിലതിൽ “യോഹ​ന്നാൻ എഴുതി​യത്‌” (കറ്റാ യൊവാ​നെൻ) എന്ന ചെറിയ തലക്കെ​ട്ടും കാണു​ന്നുണ്ട്‌. അത്തരം തലക്കെ​ട്ടു​കൾ എപ്പോ​ഴാ​ണു കൂട്ടി​ച്ചേർത്ത​തെ​ന്നോ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യ​തെ​ന്നോ വ്യക്തമല്ല. അവ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യത്‌ എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ലാ​ണെ​ന്നാ​ണു ചിലരു​ടെ അഭി​പ്രാ​യം. കാരണം എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാ​ന​ഭാ​ഗ​ത്തോ മൂന്നാം നൂറ്റാണ്ടിന്റെ തുടക്ക​ത്തി​ലോ എഴുതി​യ​തെന്നു കരുത​പ്പെ​ടുന്ന ചില സുവി​ശേഷ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ നീളം കൂടിയ തലക്കെട്ടു കാണു​ന്നുണ്ട്‌. സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ “സുവി​ശേഷം” (അക്ഷ. “സന്തോ​ഷ​വാർത്ത”) എന്ന്‌ അറിയ​പ്പെ​ടാ​നുള്ള കാരണം മർക്കോ​സി​ന്റെ പുസ്‌ത​ക​ത്തി​ലെ പ്രാരം​ഭ​വാ​ക്കു​ക​ളാ​യി​രി​ക്കാം (“ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത തുടങ്ങു​ന്നു.”) എന്നു ചില പണ്ഡിത​ന്മാർ പറയുന്നു. എഴുത്തു​കാ​രു​ടെ പേരു​ക​ളോ​ടു​കൂ​ടിയ അത്തരം തലക്കെ​ട്ടു​കൾ പുസ്‌ത​ക​ങ്ങളെ വ്യക്തമാ​യി വേർതി​രി​ച്ച​റി​യാൻ സഹായി​ക്കു​മെന്നു കണ്ടിട്ടാ​യി​രി​ക്കാം അവ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യത്‌.

ദൈവ​ങ്ങ​ളാണ്‌: അഥവാ “ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​രാണ്‌.” യേശു ഇവിടെ സങ്ക 82:6-ൽനിന്ന്‌ ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു. ആ വാക്യ​ത്തിൽ എലോ​ഹീം (ദൈവങ്ങൾ) എന്ന എബ്രാ​യ​പദം മനുഷ്യ​രെ (അതായത്‌, ഇസ്രാ​യേ​ലി​ലെ മനുഷ്യ​ന്യാ​യാ​ധി​പ​ന്മാ​രെ) കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ പ്രതി​നി​ധി​ക​ളും വക്താക്ക​ളും എന്ന നിലയി​ലാണ്‌ അവർ ‘ദൈവ​ങ്ങ​ളാ​യി​രു​ന്നത്‌.’ അഹരോ​ന്റെ​യും ഫറവോ​ന്റെ​യും കാര്യ​ത്തിൽ, മോശ അവർക്ക്‌ ഒരു ‘ദൈവ​ത്തെ​പ്പോ​ലെ​യാ​യി​രി​ക്കും’ എന്നു പറഞ്ഞതും ഇതേ അർഥത്തി​ലാണ്‌.​—പുറ 4:16, അടിക്കു​റിപ്പ്‌; 7:1, അടിക്കു​റിപ്പ്‌.

വചനം: ഗ്രീക്കിൽ, ലോ​ഗൊസ്‌. ഇവിടെ ഒരു പദവി​നാ​മ​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഈ പദപ്ര​യോ​ഗം യോഹ 1:14-ലും വെളി 19:13-ലും കാണാം. ഈ പദവി​നാ​മം യേശുവിന്റേതാണെന്നു യോഹ​ന്നാൻതന്നെ വെളി​പ്പെ​ടു​ത്തു​ന്നുണ്ട്‌. യേശു മനുഷ്യ​നാ​യി വരുന്ന​തി​നു മുമ്പ്‌ ഒരു ആത്മവ്യ​ക്തി​യാ​യി​രുന്ന സമയത്തും ഒരു പൂർണ​മ​നു​ഷ്യ​നാ​യി ഭൂമി​യിൽ ശുശ്രൂഷ നടത്തിയ കാലത്തും സ്വർഗാ​രോ​ഹ​ണ​ത്തി​നു ശേഷമുള്ള സമയത്തും യേശു​വി​നെ വിശേ​ഷി​പ്പി​ക്കാൻ ഈ പദവി​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. സ്രഷ്ടാ​വായ ദൈവത്തിന്റെ മറ്റ്‌ ആത്മപു​ത്ര​ന്മാർക്കും മനുഷ്യർക്കും ദൈവ​ത്തിൽനി​ന്നുള്ള നിർദേ​ശ​ങ്ങ​ളും വിവര​ങ്ങ​ളും നൽകുന്ന, ദൈവത്തിന്റെ വക്താവാ​യി​രു​ന്നു യേശു. അതു​കൊ​ണ്ടു​തന്നെ യേശു ഭൂമി​യി​ലേക്കു വരുന്ന​തി​നു മുമ്പുള്ള കാലത്ത്‌ മനുഷ്യ​രു​മാ​യി ആശയവി​നി​മയം ചെയ്യാൻ യഹോവ പലപ്പോ​ഴും ‘വചനം’ എന്ന ഈ ദൂതവ​ക്താ​വി​നെ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെന്നു ന്യായ​മാ​യും നിഗമനം ചെയ്യാം.​—ഉൽ 16:7-11; 22:11; 31:11; പുറ 3:2-5; ന്യായ 2:1-4; 6:11, 12; 13:3.

കൂടെ​യാ​യി​രു​ന്നു: അക്ഷ. “നേർക്കാ​യി​രു​ന്നു.” ഈ വാക്യ​ത്തിൽ പ്രോസ്‌ എന്ന ഗ്രീക്കു​പ്ര​ത്യ​യം (Greek preposition), തൊട്ട​ടു​ത്താ​യി​രി​ക്കു​ന്ന​തി​നെ​യോ അടുത്ത കൂട്ടാ​ളി​യാ​യി​രി​ക്കു​ന്ന​തി​നെ​യോ ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. ഇനി, വചനവും ഏകസത്യ​ദൈ​വ​വും ഒന്നല്ല, രണ്ടു വ്യക്തി​ക​ളാ​ണെന്ന സൂചന​യും ഈ ഗ്രീക്കു​പദം തരുന്നുണ്ട്‌.

വചനം ഒരു ദൈവ​മാ​യി​രു​ന്നു: അഥവാ “വചനം ദിവ്യ​നാ​യി​രു​ന്നു (അല്ലെങ്കിൽ “ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​നാ​യി​രു​ന്നു”).” യോഹന്നാന്റെ ഈ പ്രസ്‌താ​വന, ‘വചനത്തിന്റെ’ (ഗ്രീക്കിൽ, ലോ​ഗൊസ്‌; ഈ വാക്യ​ത്തി​ലെ വചനം എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.) അഥവാ യേശുക്രിസ്‌തുവിന്റെ ഒരു സവി​ശേ​ഷ​ത​യെ​യാ​ണു വർണി​ക്കു​ന്നത്‌. മറ്റെല്ലാം സൃഷ്ടി​ക്കാൻ യഹോവ ഉപയോ​ഗിച്ച ആദ്യജാ​ത​പു​ത്രൻ എന്ന അതുല്യ​സ്ഥാ​ന​മു​ള്ള​തു​കൊണ്ട്‌ ‘വചനത്തിന്‌,’ “ഒരു ദൈവം; ദൈവ​ത്തെ​പ്പോ​ലു​ള്ളവൻ; ദിവ്യൻ” എന്നീ വിശേ​ഷ​ണങ്ങൾ ചേരും. എന്നാൽ പല പരിഭാ​ഷ​ക​രും ഈ ഭാഗത്തെ, “വചനം ദൈവ​മാ​യി​രു​ന്നു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്ത​ണ​മെന്നു വാദി​ക്കു​ന്ന​വ​രാണ്‌. പക്ഷേ അതിലൂ​ടെ അവർ ‘വചനത്തെ’ സർവശ​ക്ത​നായ ദൈവ​ത്തി​നു തുല്യ​നാ​ക്കു​ക​യാണ്‌. എന്നാൽ ‘വചനവും’ സർവശ​ക്ത​നായ ദൈവ​വും ഒന്നാ​ണെന്നു സൂചി​പ്പി​ക്കാൻ യോഹ​ന്നാൻ ഉദ്ദേശി​ച്ചില്ല. അങ്ങനെ പറയാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, ഈ പ്രസ്‌താ​വ​ന​യ്‌ക്കു മുമ്പും പിമ്പും ഉള്ള ഭാഗങ്ങ​ളിൽ “വചനം ദൈവത്തിന്റെകൂടെയായിരുന്നു” എന്നു വ്യക്തമാ​ക്കു​ന്നുണ്ട്‌. ഇനി, 1-ഉം 2-ഉം വാക്യ​ങ്ങ​ളിൽ തെയോസ്‌ എന്ന പദം മൂന്നു പ്രാവ​ശ്യം കാണു​ന്നു​ണ്ടെ​ങ്കി​ലും അതിൽ ഒന്നാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും സ്ഥലങ്ങളിൽ മാത്രമേ തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം കാണു​ന്നു​ള്ളൂ; രണ്ടാമ​ത്തേ​തി​നു മുമ്പ്‌ ഉപപദ​ങ്ങ​ളൊ​ന്നും കാണു​ന്നില്ല. ഇതിൽ രണ്ടാമത്തെ തെയോ​സി​നു മുമ്പ്‌ നിശ്ചായക ഉപപദം കാണു​ന്നി​ല്ലാ​ത്തതു പ്രത്യേ​കം കണക്കി​ലെ​ടു​ക്ക​ണ​മെന്നു പല പണ്ഡിത​ന്മാ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഉപപദം ഉപയോ​ഗി​ച്ചാൽ അതു സർവശ​ക്ത​നായ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. അതേസ​മയം, ഈ വ്യാക​ര​ണ​ഘ​ട​ന​യിൽ തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഒരു ഉപപദം ഉപയോ​ഗി​ച്ചി​ട്ടി​ല്ലെ​ങ്കിൽ, അത്‌ ‘വചനത്തിന്റെ’ പ്രകൃ​തി​യെ അഥവാ ഒരു സവി​ശേ​ഷ​തയെ മാത്ര​മാ​ണു കുറി​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌ ബൈബിളിന്റെ പല ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജർമൻ പരിഭാ​ഷ​ക​ളും “വചനം” എന്ന പദത്തെ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലെ​പ്പോ​ലെ, “ഒരു ദൈവം; ദിവ്യൻ; ദൈവ​ത്വ​മു​ള്ളവൻ; ദൈവ​ത്തെ​പ്പോ​ലു​ള്ളവൻ” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ എ.ഡി. മൂന്ന്‌, നാല്‌ നൂറ്റാ​ണ്ടു​ക​ളിൽ പുറത്തി​റ​ക്കിയ, യോഹന്നാന്റെ സുവിശേഷത്തിന്റെ സഹിദിക്ക്‌, ബൊ​ഹൈ​റിക്ക്‌ തർജമ​ക​ളും (കോപ്‌ടിക്‌ ഭാഷയു​ടെ പ്രാ​ദേ​ശി​ക​രൂ​പ​ങ്ങ​ളാണ്‌ ഇവ രണ്ടും.) ഇതി​നോ​ടു യോജി​ക്കു​ന്നു. കാരണം, ആ പരിഭാ​ഷ​ക​ളും യോഹ 1:1-ൽ തെയോസ്‌ എന്ന പദം, ഒന്നാമത്തെ സ്ഥലത്ത്‌ പരിഭാഷ ചെയ്‌തി​രി​ക്കു​ന്ന​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യാ​ണു രണ്ടാമത്തെ സ്ഥലത്ത്‌ ചെയ്‌തി​രി​ക്കു​ന്നത്‌. ‘വചനത്തിന്റെ’ പ്രകൃതി ദൈവ​ത്തെ​പ്പോ​ലെ​യാണ്‌ എന്നു സൂചി​പ്പി​ക്കുന്ന ഈ പരിഭാ​ഷകൾ ‘വചനത്തിന്റെ’ ഒരു സവി​ശേഷത എടുത്തു​കാ​ട്ടുക മാത്ര​മാ​ണു ചെയ്യു​ന്നത്‌. അല്ലാതെ “വചനം” പിതാ​വി​നോട്‌, അഥവാ സർവശ​ക്ത​നായ ദൈവ​ത്തോട്‌, തുല്യ​നാ​ണെന്നു പറയു​ന്നില്ല. “ക്രിസ്‌തു​വി​ലാ​ണ​ല്ലോ എല്ലാ ദൈവി​ക​ഗു​ണ​ങ്ങ​ളും അതിന്റെ പൂർണ​രൂ​പ​ത്തി​ലു​ള്ളത്‌” എന്നു പറയുന്ന കൊലോ 2:9-ഉം ഈ ആശയവു​മാ​യി യോജി​ക്കു​ന്നു. ഇനി, 2പത്ര 1:4-ൽ ക്രിസ്‌തുവിന്റെ കൂട്ടവ​കാ​ശി​ക​ളെ​ക്കു​റി​ച്ചു​പോ​ലും പറയു​ന്നത്‌ അവർ ‘ദൈവ​പ്ര​കൃ​തി​യിൽ പങ്കാളി​ക​ളാ​കും’ എന്നാണ്‌. സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യിൽ, പൊതു​വേ തെയോസ്‌ എന്നു തർജമ ചെയ്‌തി​രി​ക്കു​ന്നത്‌ ഏൽ, ഏലോ​ഹീം എന്നീ എബ്രാ​യ​പ​ദ​ങ്ങ​ളെ​യാണ്‌ എന്നതും ശ്രദ്ധി​ക്കുക. സാധാ​ര​ണ​യാ​യി “ദൈവം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദങ്ങളു​ടെ അടിസ്ഥാ​നാർഥം “ശക്തനാ​യവൻ; ബലവാൻ” എന്നൊക്കെ മാത്ര​മാണ്‌. ഈ എബ്രാ​യ​പ​ദങ്ങൾ സർവശ​ക്ത​നായ ദൈവത്തെ മാത്രമല്ല മറ്റു ദൈവ​ങ്ങ​ളെ​യും മനുഷ്യ​രെ​യും കുറി​ക്കാ​നും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (യോഹ 10:34-ന്റെ പഠനക്കു​റി​പ്പു കാണുക.) വചനത്തെ “ഒരു ദൈവം” എന്നോ “ശക്തനാ​യവൻ” എന്നോ വിളി​ക്കു​ന്നത്‌ യശ 9:6-ലെ പ്രവച​ന​വു​മാ​യും ചേരും. കാരണം മിശിഹ, “ശക്തനാം ദൈവം” എന്ന്‌ (“സർവശ​ക്ത​നാം ദൈവം” എന്നല്ല.) വിളി​ക്ക​പ്പെ​ടു​മെ​ന്നും തന്റെ പ്രജക​ളാ​യി​രി​ക്കാൻ പദവി ലഭിക്കു​ന്ന​വ​രു​ടെ “നിത്യ​പി​താവ്‌” ആയിരി​ക്കു​മെ​ന്നും ആണ്‌ അവിടെ പറയു​ന്നത്‌. അതു സാധ്യ​മാ​ക്കു​ന്ന​താ​കട്ടെ, മിശി​ഹ​യു​ടെ പിതാ​വായ, “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ” തീക്ഷ്‌ണ​ത​യാണ്‌.​—യശ 9:7.

വചനം മുഖാ​ന്തരം ഉണ്ടായതു ജീവനാണ്‌: ഏറ്റവും പഴയ ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ 3-ഉം 4-ഉം വാക്യ​ങ്ങ​ളിൽ ഒരിട​ത്തും ചിഹ്നങ്ങ​ളില്ല. അതു​കൊ​ണ്ടു​തന്നെ വെസ്റ്റ്‌കോ​ട്ടി​ന്റെ​യും ഹോർട്ടി​ന്റെ​യും ഗ്രീക്കു​പാ​ഠം, യു​ണൈ​റ്റഡ്‌ ബൈബിൾ സൊ​സൈ​റ്റി​ക​ളു​ടെ ഗ്രീക്കു​പാ​ഠം, നെസ്‌ലെ​യു​ടെ​യും അലൻഡി​ന്റെ​യും ഗ്രീക്കു​പാ​ഠം എന്നിവ​യിൽ ചിഹ്നങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു നോക്കി​യാ​ണു പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഈ വാക്യങ്ങൾ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ജീവനും വെളി​ച്ച​വും ഉണ്ടായതു വചനം മുഖാ​ന്ത​ര​മാണ്‌ എന്നൊരു ആശയമാണ്‌ അതു ധ്വനി​പ്പി​ക്കു​ന്നത്‌. (കൊലോ 1:15, 16) എന്നാൽ മറ്റു ചില ഭാഷാ​ന്ത​രങ്ങൾ ഗ്രീക്കു​പാ​ഠത്തെ വേറൊ​രു രീതി​യി​ലാ​ണു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നത്‌. അവർ 3-ാം വാക്യ​ത്തി​ന്റെ അവസാ​ന​ഭാ​ഗം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഉണ്ടായ​തൊ​ന്നും വചന​ത്തെ​ക്കൂ​ടാ​തെ ഉണ്ടായി​ട്ടില്ല. അവനിൽ ജീവനു​ണ്ടാ​യി​രു​ന്നു.” എന്നാൽ പല പണ്ഡിത​ന്മാ​രും ഇക്കാര്യ​ത്തിൽ പുതിയ ലോക ഭാഷാ​ന്ത​ര​ത്തോ​ടാ​ണു യോജി​ക്കു​ന്നത്‌.

ജീവൻ . . . വെളിച്ചം: യോഹ​ന്നാ​ന്റെ ദൈവ​പ്ര​ചോ​ദി​ത​മായ സുവി​ശേ​ഷ​വി​വ​ര​ണ​ത്തിൽ ഇഴുകി​ച്ചേർന്നി​രി​ക്കുന്ന രണ്ടു വിഷയ​ങ്ങ​ളാണ്‌ ഇവ. ജീവന്റെ ഉറവ്‌ ദൈവ​മാ​ണെ​ങ്കി​ലും വചനമായ യേശു മുഖാ​ന്തരം ആണ്‌ മറ്റെല്ലാ ജീവരൂ​പ​ങ്ങ​ളും ‘ഉണ്ടായത്‌.’ (യോഹ 1:3) അതു​കൊണ്ട്‌ യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യാ​ണു ജീവൻ ഉണ്ടായ​തെന്നു പറയാം. ഇതിനു പുറമേ, മരണത്തിന്‌ അധീന​രായ, പാപി​ക​ളായ മനുഷ്യർക്കു ദൈവം നിത്യ​ജീ​വ​നി​ലേ​ക്കുള്ള വഴി തുറന്ന​തും യേശു​വി​ലൂ​ടെ​യാണ്‌. ഈ അർഥത്തിൽ യേശു മനുഷ്യ​രു​ടെ വെളി​ച്ച​മായ ജീവൻ ആണെന്നു പറയാ​നാ​കും. യോഹ 1:9-ൽ വചനത്തെ വിളി​ച്ചി​രി​ക്കു​ന്നത്‌ “എല്ലാ തരം മനുഷ്യർക്കും വെളിച്ചം നൽകുന്ന യഥാർഥ​വെ​ളി​ച്ചം” എന്നാണ്‌. ‘ലോക​ത്തി​ന്റെ വെളി​ച്ച​മായ’ യേശു​വി​നെ അനുഗ​മി​ക്കുന്ന മനുഷ്യർക്കു “ജീവന്റെ വെളി​ച്ച​മു​ണ്ടാ​യി​രി​ക്കും” എന്നും ബൈബിൾ പറയുന്നു. (യോഹ 8:12) നിത്യ​ജീ​വ​നി​ലേ​ക്കുള്ള വഴിയിൽ മനുഷ്യ​കു​ല​ത്തി​നു വെളി​ച്ച​മേ​കാൻ ദൈവം നിയോ​ഗി​ച്ചി​രി​ക്കുന്ന ‘ജീവനാ​യ​ക​നാ​ണു’ വചനം.​—പ്രവൃ 3:15.

യോഹ​ന്നാൻ: യഹോ​ഹാ​നാൻ അഥവാ യോഹാ​നാൻ എന്ന എബ്രാ​യ​പേ​രി​ന്റെ മലയാ​ള​രൂ​പം. അർഥം: “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; യഹോവ കൃപ കാണി​ച്ചി​രി​ക്കു​ന്നു.”

സ്‌നാ​പ​കൻ: അഥവാ “നിമജ്ജനം ചെയ്യു​ന്നവൻ; മുക്കു​ന്നവൻ.” ഈ വാക്യ​ത്തിൽ “സ്‌നാ​പ​ക​യോ​ഹ​ന്നാൻ” എന്നാണു കാണു​ന്ന​തെ​ങ്കി​ലും മർ 1:4; 6:14, 24 വാക്യ​ങ്ങ​ളിൽ “യോഹ​ന്നാൻ സ്‌നാ​പകൻ” എന്നു വിളി​ച്ചി​രി​ക്കു​ന്നു. വെള്ളത്തിൽ മുക്കി സ്‌നാ​ന​പ്പെ​ടു​ത്തു​ന്നതു യോഹ​ന്നാ​ന്റെ പ്രത്യേ​ക​ത​യാ​യി​രു​ന്നെന്നു സൂചി​പ്പി​ക്കുന്ന ഒരു വിളി​പ്പേ​രാ​യി​രി​ക്കാം “സ്‌നാ​പകൻ.” ‘സ്‌നാ​പകൻ എന്നു വിളി​പ്പേ​രുള്ള യോഹ​ന്നാ​നെ’ക്കുറിച്ച്‌ ജൂതച​രി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫ​സും എഴുതി​യി​ട്ടുണ്ട്‌.

സ്‌നാപകൻ: അഥവാ “നിമജ്ജനം ചെയ്യുന്നവൻ; മുക്കുന്നവൻ.” ഇവിടെയും മർ 6:14, 24 വാക്യങ്ങളിലും “സ്‌നാപകൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം “സ്‌നാനപ്പെടുത്തുന്നവൻ” എന്നും പരിഭാഷപ്പെടുത്താം. എന്നാൽ മർ 6:25; 8:28 എന്നീ വാക്യങ്ങളിലും മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും കാണുന്ന “സ്‌നാപകയോഹന്നാൻ” എന്ന പദപ്രയോഗത്തിലെ “സ്‌നാപക” എന്ന വിശേഷണം ആ ഗ്രീക്കുപദത്തിൽനിന്ന്‌ അൽപ്പം വ്യത്യാസമുള്ള ബാപ്‌റ്റിസ്റ്റിസ്‌ എന്ന ഗ്രീക്കുനാമത്തിന്റെ പരിഭാഷയാണ്‌. മർ 6:24, 25 വാക്യങ്ങളിൽ ഈ രണ്ടു പദപ്രയോഗങ്ങളും (“യോഹന്നാൻ സ്‌നാപകൻ,” “സ്‌നാപകയോഹന്നാൻ”) സമാനാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.​—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.

യോഹ​ന്നാൻ: യഹോ​ഹാ​നാൻ അഥവാ യോഹാ​നാൻ എന്ന എബ്രായപേരിന്റെ മലയാ​ള​രൂ​പം. അർഥം: “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; യഹോവ കൃപ കാണി​ച്ചി​രി​ക്കു​ന്നു.” ഈ സുവി​ശേഷം എഴുതി​യത്‌ ആരാ​ണെന്ന്‌ ഇതിൽ പറയു​ന്നില്ല. എന്നാൽ ഇത്‌ എഴുതി​യത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ആണെന്ന്‌ എ.ഡി. രണ്ടും മൂന്നും നൂറ്റാ​ണ്ടു​ക​ളാ​യ​പ്പോ​ഴേ​ക്കും പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ സുവി​ശേ​ഷ​ത്തിൽ യോഹ​ന്നാൻ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ ഉദ്ദേശി​ച്ചാണ്‌. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേര്‌ ഇതിൽ ഒരിട​ത്തും കാണു​ന്നി​ല്ലെ​ങ്കി​ലും അദ്ദേഹ​ത്തെ​യും സഹോ​ദ​ര​നായ യാക്കോ​ബി​നെ​യും ഇതിൽ ‘സെബെ​ദി​പു​ത്ര​ന്മാർ’ എന്നു വിളി​ച്ചി​ട്ടുണ്ട്‌. (യോഹ 21:2; മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 1:6-ന്റെ പഠനക്കു​റി​പ്പു കാണുക.) സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​വാ​ക്യ​ങ്ങ​ളിൽ എഴുത്തു​കാ​രൻ തന്നെക്കു​റിച്ച്‌ “യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ” എന്നു പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. (യോഹ 21:20-24) ഈ പദപ്ര​യോ​ഗം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണെന്നു ചിന്തി​ക്കാൻ ന്യായ​മായ കാരണ​ങ്ങ​ളുണ്ട്‌.​—യോഹ 13:23-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൈവ​ത്തി​ന്റെ പ്രതി​നി​ധി​യാ​യി അയച്ച: അഥവാ “ദൈവം നിയോ​ഗിച്ച.” സ്‌നാ​പ​ക​യോ​ഹ​ന്നാ​നു തന്റെ നിയോ​ഗം ലഭിച്ചതു ദൈവ​ത്തിൽനി​ന്നാണ്‌. (ലൂക്ക 3:2) പരസ്യ​മാ​യി ആളുകളെ ചില കാര്യങ്ങൾ അറിയി​ക്കുക എന്നതാ​യി​രു​ന്നു ആ ദൗത്യം. തന്റെ അടു​ത്തേക്കു വന്ന ജൂതന്മാ​രോ​ടു മിശി​ഹ​യു​ടെ​യും ദൈവ​രാ​ജ്യ​ത്തി​ന്റെ​യും വരവി​നെ​ക്കു​റിച്ച്‌ പ്രഖ്യാ​പിച്ച യോഹ​ന്നാൻ, മാനസാ​ന്ത​ര​പ്പെ​ടാ​നും അവരെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. (മത്ത 3:1-3, 11, 12; മർ 1:1-4; ലൂക്ക 3:7-9) സ്‌നാ​പ​ക​യോ​ഹ​ന്നാൻ ഒരു പ്രവാ​ച​ക​നും ഗുരു​വും സുവി​ശേ​ഷ​ക​നും ആയിരു​ന്നു.​—ലൂക്ക 1:76, 77; 3:18; 11:1; യോഹ 1:35.

യോഹ​ന്നാൻ: അതായത്‌, സ്‌നാ​പ​ക​യോ​ഹ​ന്നാൻ. ഈ സുവി​ശേ​ഷ​ത്തിന്റെ മൂല ഗ്രീക്കുപാഠത്തിൽ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കു​റിച്ച്‌ 19 തവണ പറയു​ന്നുണ്ടെങ്കിലും ഇതിന്റെ എഴുത്തു​കാ​ര​നായ യോഹ​ന്നാൻ അപ്പോ​സ്‌തലൻ ഒരിക്കൽപ്പോ​ലും അദ്ദേഹത്തെ “സ്‌നാ​പകൻ” എന്നു വിശേ​ഷി​പ്പി​ച്ചി​ട്ടില്ല. എന്നാൽ മറ്റു സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ അദ്ദേഹത്തെ “സ്‌നാ​പ​ക​യോ​ഹ​ന്നാൻ” എന്നും “യോഹ​ന്നാൻ സ്‌നാ​പകൻ” എന്നും വിളി​ച്ചി​ട്ടുണ്ട്‌. (മത്ത 3:1; മർ 1:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) യോഹ​ന്നാൻ അപ്പോ​സ്‌തലൻ തന്റെ സുവി​ശേ​ഷ​ത്തിൽ മൂന്നു മറിയ​മാ​രെ വേർതി​രി​ച്ചു​കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും (യോഹ 11:1, 2; 19:25; 20:1) അദ്ദേഹ​ത്തിന്‌ ഒരിക്കൽപ്പോ​ലും സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ കാര്യ​ത്തിൽ ഇങ്ങനെ​യൊ​രു വ്യത്യാ​സം കല്‌പി​ക്കേ​ണ്ടി​വ​ന്നി​ട്ടില്ല. കാരണം, അപ്പോ​സ്‌തലൻ തന്റെ സ്വന്തം പേര്‌ സുവി​ശേ​ഷ​ത്തിൽ ഒരിട​ത്തും പറഞ്ഞി​ട്ടില്ല. അതു​കൊ​ണ്ടു​തന്നെ ഏതു യോഹ​ന്നാ​നെ​ക്കു​റി​ച്ചാണ്‌ അദ്ദേഹം സംസാ​രി​ക്കു​ന്ന​തെന്ന്‌ ആർക്കും സംശയം തോന്നില്ല. യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാണ്‌ ഈ സുവി​ശേഷം എഴുതി​യത്‌ എന്നതിന്റെ മറ്റൊരു തെളി​വാണ്‌ ഇത്‌.​—“യോഹ​ന്നാൻ​ആമുഖം” എന്നതും യോഹ​ന്നാൻ തലക്കെ​ട്ടി​ന്റെ പഠനക്കു​റി​പ്പും കാണുക.

യോഹ​ന്നാൻ സമ്മതി​ച്ചു​പ​റഞ്ഞു: അക്ഷ. “യോഹ​ന്നാൻ സമ്മതിച്ച്‌ സാക്ഷി പറഞ്ഞു.” യോഹ​ന്നാൻ വെളി​ച്ച​ത്തെ​ക്കു​റിച്ച്‌ സാക്ഷി പറയാൻ വന്നതു​കൊണ്ട്‌ യോഹ 1:7-ൽ അദ്ദേഹത്തെ “സാക്ഷി” (മാർട്ടു​റീയ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ഒരു രൂപമാണ്‌ ഇത്‌. അതേ പദമാണ്‌ ഇവി​ടെ​യും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.) എന്നു വിളി​ച്ചി​രി​ക്കു​ന്നു. എന്നാൽ ഈ വാക്യ​ഭാ​ഗത്ത്‌ അതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, യേശു​വി​നെ​ക്കു​റിച്ച്‌ യോഹ​ന്നാൻ നടത്തിയ പ്രഖ്യാ​പ​നത്തെ സൂചി​പ്പി​ക്കാ​നാണ്‌. യേശു​വി​നെ​ക്കു​റിച്ച്‌ യോഹ​ന്നാൻ പറഞ്ഞ കാര്യങ്ങൾ 20-ാം വാക്യം​മു​തൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

ഒരു സാക്ഷി​യാ​യി: അഥവാ “സാക്ഷ്യം നൽകാൻ.” ഇവിടെ “സാക്ഷി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​നാ​മം (മാർട്ടു​റീയ) യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ പലയി​ട​ത്തും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. വാസ്‌ത​വ​ത്തിൽ മറ്റു മൂന്നു സുവി​ശേ​ഷ​ങ്ങ​ളി​ലാ​യി ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ ഇരട്ടി​യോ​ളം വരും അത്‌. ഇതി​നോ​ടു ബന്ധമുള്ള മാർട്ടു​റേഓ എന്ന ഗ്രീക്കു​ക്രിയ (വാക്യ​ത്തിൽ സാക്ഷി പറയുക എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ 39 തവണ ഉപയോ​ഗി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മറ്റു സുവി​ശേ​ഷ​ങ്ങ​ളിൽ 2 തവണ മാത്രമേ കാണു​ന്നു​ള്ളൂ. (മത്ത 23:31; ലൂക്ക 4:22) യോഹ​ന്നാൻ സ്‌നാ​പ​ക​നെ​ക്കു​റിച്ച്‌ പറയുന്ന സ്ഥലങ്ങളിൽ ഈ ഗ്രീക്കു​ക്രിയ അനേകം പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തു​കൊണ്ട്‌ അദ്ദേഹത്തെ “സാക്ഷി​യായ യോഹ​ന്നാൻ” എന്നു​പോ​ലും വിളി​ക്കാ​മെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. (യോഹ 1:8, 15, 32, 34; 3:26; 5:33; യോഹ 1:20-ന്റെ പഠനക്കു​റി​പ്പു കാണുക.) യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ യേശു​വി​ന്റെ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ പറയുന്ന ഭാഗങ്ങ​ളി​ലും ഈ ക്രിയ ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യേശു ‘സാക്ഷി പറയു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള’ പരാമർശം ഈ സുവി​ശേ​ഷ​ത്തിൽ പലയി​ട​ത്തും കാണാം. (യോഹ 8:14, 17, 18) അതിൽ ഏറ്റവും ശ്രദ്ധേ​യ​മാ​ണു പൊന്തി​യൊസ്‌ പീലാ​ത്തൊ​സി​നോ​ടുള്ള യേശു​വി​ന്റെ ഈ വാക്കുകൾ: “സത്യത്തി​നു സാക്ഷി​യാ​യി നിൽക്കാൻവേ​ണ്ടി​യാ​ണു ഞാൻ ജനിച്ചത്‌. ഞാൻ ലോക​ത്തേക്കു വന്നിരി​ക്കു​ന്ന​തും അതിനാ​യി​ട്ടാണ്‌.” (യോഹ 18:37) യോഹ​ന്നാ​നു ലഭിച്ച വെളി​പാ​ടിൽ യേശു​വി​നെ “വിശ്വ​സ്‌ത​സാ​ക്ഷി,” “വിശ്വ​സ്‌ത​നും സത്യവാ​നും ആയ സാക്ഷി” എന്നൊക്കെ വിളി​ച്ചി​രി​ക്കു​ന്ന​താ​യും കാണാം.​—വെളി 1:5; 3:14.

ലോകം: “ലോകം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ മനുഷ്യ​കു​ല​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു ലോക​ത്തേക്കു വരുന്നു എന്ന്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നതു മുഖ്യ​മാ​യും സ്‌നാ​ന​ത്തെ​ത്തു​ടർന്ന്‌ യേശു മനുഷ്യ​രു​ടെ ഇടയി​ലേക്ക്‌ ഇറങ്ങി പ്രവർത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാണ്‌, അല്ലാതെ യേശു മനുഷ്യ​നാ​യി ജനിക്കു​ന്ന​തി​നെ​ക്കു​റി​ച്ചല്ല. സ്‌നാ​ന​ത്തി​നു ശേഷം യേശു തന്റെ ശുശ്രൂ​ഷ​യി​ലൂ​ടെ മനുഷ്യ​കു​ല​മാ​കുന്ന ലോക​ത്തി​നു വെളിച്ചം പകർന്നു.​—യോഹ 3:17, 19; 6:14; 9:39; 10:36; 11:27; 12:46; 1യോഹ 4:9 എന്നിവ താരത​മ്യം ചെയ്യുക.

ലോകം ഉണ്ടായ​തു​തന്നെ അദ്ദേഹം മുഖാ​ന്ത​ര​മാണ്‌: “ലോകം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം ഇവിടെ മനുഷ്യ​കു​ല​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌, ലോകം അദ്ദേഹത്തെ അറിഞ്ഞില്ല എന്ന്‌ ഈ വാക്യ​ത്തി​ന്റെ​തന്നെ തുടർന്നുള്ള ഭാഗത്ത്‌ പറയു​ന്നത്‌. ഗ്രീക്കു​ഭാ​ഷ​യി​ലുള്ള മറ്റു പുസ്‌ത​ക​ങ്ങ​ളിൽ കോസ്‌മൊസ്‌ എന്ന പദം, പ്രപഞ്ച​ത്തെ​യും എല്ലാ സൃഷ്ടി​ക​ളെ​യും കുറി​ക്കാൻ ചില​പ്പോ​ഴൊ​ക്കെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഒരു സന്ദർഭ​ത്തിൽ ഗ്രീക്കു​കാ​രായ ആളുക​ളോ​ടു സംസാ​രി​ക്കു​മ്പോൾ പൗലോസ്‌ ഈ പദം ഉപയോ​ഗി​ച്ച​തും ഈ അർഥത്തി​ലാ​യി​രി​ക്കാം. (പ്രവൃ 17:24) എന്നാൽ ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഈ പദം പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മനുഷ്യ​കു​ലത്തെ മൊത്ത​ത്തി​ലോ അതിന്റെ ഒരു ഭാഗ​ത്തെ​യോ കുറി​ക്കാ​നാണ്‌. സ്വർഗ​വും ഭൂമി​യും അതിലുള്ള സകലതും സൃഷ്ടി​ക്കു​ന്ന​തിൽ യേശു​വും ഉൾപ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ഈ വാക്യം പ്രധാ​ന​മാ​യും ശ്രദ്ധ കേന്ദ്രീ​ക​രി​ക്കു​ന്നതു മനുഷ്യ​കു​ല​ത്തി​നു തുടക്ക​മി​ടു​ന്ന​തിൽ യേശു​വി​നു​ണ്ടാ​യി​രുന്ന പങ്കിലാണ്‌.​—ഉൽ 1:26; യോഹ 1:3; കൊലോ 1:15-17.

മനുഷ്യ​പു​ത്രൻ: അഥവാ “മനുഷ്യ​ന്റെ പുത്രൻ.” ഈ പദപ്ര​യോ​ഗം സുവി​ശേ​ഷ​ങ്ങ​ളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേ​ഷി​പ്പി​ച്ച​തി​ലൂ​ടെ, താൻ ഒരു സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച യഥാർഥ​മ​നു​ഷ്യ​നാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ആദാമി​നു പകരം​വെ​ക്കാൻ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​നാ​ണെ​ന്നും യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം. അങ്ങനെ മനുഷ്യ​കു​ലത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. (റോമ 5:12, 14, 15) ഈ പദപ്ര​യോ​ഗം, യേശു​ത​ന്നെ​യാ​ണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരി​ച്ച​റി​യി​ച്ചു.​—ദാനി 7:13, 14. പദാവലി കാണുക.

ഒരേ ഒരു: മൊ​ണൊ​ഗെ​നെസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. മിക്ക​പ്പോ​ഴും “ഏകജാതൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദത്തെ “അത്തരത്തി​ലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തി​ലെ​യോ വർഗത്തി​ലെ​യോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവ​ചി​ച്ചി​രി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളു​മാ​യി മകനുള്ള ബന്ധത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മാത്രമല്ല മകളുടെ കാര്യ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ വാക്യ​ത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തി​ലാണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. യായീ​റൊ​സി​ന്റെ “ഒരേ ഒരു” മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും യേശു ഒരാളു​ടെ “ആകെയു​ള്ളൊ​രു” മകനെ സുഖ​പ്പെ​ടു​ത്തി​യ​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 8:41, 42; 9:38) യിഫ്‌താ​ഹി​ന്റെ മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിലും മൊ​ണൊ​ഗെ​നെസ്‌ എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായി​ക്കു​ന്നു: “അതു യിഫ്‌താ​ഹി​ന്റെ ഒരേ ഒരു മകളാ​യി​രു​ന്നു; ആ മകളല്ലാ​തെ യിഫ്‌താ​ഹി​നു വേറെ ആൺമക്ക​ളോ പെൺമ​ക്ക​ളോ ഉണ്ടായി​രു​ന്നില്ല.” (ന്യായ 11:34) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ യേശു​വി​നെ കുറി​ക്കാൻ മൊ​ണൊ​ഗെ​നെസ്‌ എന്ന പദം അഞ്ചു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഈ പദം ഏത്‌ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ അറിയാൻ യോഹ 1:14; 3:16 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഒരേ ഒരു: മൊ​ണൊ​ഗെ​നെസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. മിക്ക​പ്പോ​ഴും “ഏകജാതൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദത്തെ “അത്തരത്തി​ലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തി​ലെ​യോ വർഗത്തി​ലെ​യോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവ​ചി​ച്ചി​രി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളു​മാ​യി മകനുള്ള ബന്ധത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മാത്രമല്ല മകളുടെ കാര്യ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ വാക്യ​ത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തി​ലാണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. നയിനി​ലെ വിധവ​യു​ടെ “ഒരേ ഒരു” മകനെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും യേശു ഒരാളു​ടെ “ആകെയു​ള്ളൊ​രു” മകനിൽനിന്ന്‌ ഭൂതത്തെ പുറത്താ​ക്കി​യ​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 7:12; 9:38) യിഫ്‌താ​ഹി​ന്റെ മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിലും മൊ​ണൊ​ഗെ​നെസ്‌ എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായി​ക്കു​ന്നു: “അതു യിഫ്‌താ​ഹി​ന്റെ ഒരേ ഒരു മകളാ​യി​രു​ന്നു; ആ മകളല്ലാ​തെ യിഫ്‌താ​ഹി​നു വേറെ ആൺമക്ക​ളോ പെൺമ​ക്ക​ളോ ഉണ്ടായി​രു​ന്നില്ല.” (ന്യായ 11:34) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ യേശു​വി​നെ കുറി​ക്കാൻ മൊ​ണൊ​ഗെ​നെസ്‌ എന്ന പദം അഞ്ചു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഈ പദം ഏത്‌ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ അറിയാൻ യോഹ 1:14; 3:16 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ആകെയു​ള്ളൊ​രു: മൊ​ണൊ​ഗെ​നെസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. മിക്ക​പ്പോ​ഴും “ഏകജാതൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദത്തെ “അത്തരത്തി​ലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; ഒരു ഗണത്തി​ലെ​യോ വർഗത്തി​ലെ​യോ ഒരേ ഒരു അംഗം; അതുല്യൻ” എന്നൊക്കെ നിർവ​ചി​ച്ചി​രി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളു​മാ​യി ആൺമക്കൾക്കുള്ള ബന്ധത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മാത്രമല്ല പെൺമ​ക്ക​ളു​ടെ കാര്യ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഈ വാക്യ​ത്തിൽ ഒരേ ഒരു കുട്ടി എന്ന അർഥത്തി​ലാണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. നയിനി​ലെ വിധവ​യു​ടെ “ഒരേ ഒരു” മകനെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും യായീ​റൊ​സി​ന്റെ “ഒരേ ഒരു” മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തും ഇതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 7:12; 8:41, 42) യിഫ്‌താ​ഹി​ന്റെ മകളെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റിലും മൊ​ണൊ​ഗെ​നെസ്‌ എന്ന പദം കാണാം. ആ ഭാഗം ഇങ്ങനെ വായി​ക്കു​ന്നു: “അതു യിഫ്‌താ​ഹി​ന്റെ ഒരേ ഒരു മകളാ​യി​രു​ന്നു; ആ മകളല്ലാ​തെ യിഫ്‌താ​ഹി​നു വേറെ ആൺമക്ക​ളോ പെൺമ​ക്ക​ളോ ഉണ്ടായി​രു​ന്നില്ല.” (ന്യായ 11:34) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ യേശു​വി​നെ കുറി​ക്കാൻ മൊ​ണൊ​ഗെ​നെസ്‌ എന്ന പദം അഞ്ചു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഈ പദം ഏത്‌ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ അറിയാൻ യോഹ 1:14; 3:16 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മനുഷ്യ​നാ​യി​ത്തീർന്നു: അക്ഷ. “മാംസ​മാ​യി​ത്തീർന്നു.” സാർക്‌സ്‌ എന്ന ഗ്രീക്കു​പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ജഡശരീ​ര​മുള്ള ഒരു വ്യക്തിയെ കുറി​ക്കാ​നാണ്‌. ഒരു മനുഷ്യ​നാ​യി ജനിച്ച യേശു മേലാൽ ഒരു ആത്മാവ്‌ അല്ലായി​രു​ന്നു. മുൻകാ​ല​ങ്ങ​ളിൽ ദൈവ​ദൂ​ത​ന്മാർ ചെയ്‌ത​തു​പോ​ലെ ഒരു ജഡശരീ​രം സ്വീക​രി​ക്കു​ക​യാ​യി​രു​ന്നില്ല യേശു. (ഉൽ 18:1-3; 19:1; യോശ 5:13-15) അതു​കൊ​ണ്ടു​തന്നെ ‘മനുഷ്യ​പു​ത്രൻ’ എന്ന വിശേ​ഷണം യേശു​വിന്‌ എന്തു​കൊ​ണ്ടും ചേരു​മാ​യി​രു​ന്നു.​—യോഹ 1:51; 3:14; മത്ത 8:20-ന്റെ പഠനക്കു​റി​പ്പു കാണുക.

കഴിഞ്ഞു: അക്ഷ. “കൂടാരം അടിച്ചു.” വചനം ‘ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു അഥവാ കൂടാരം അടിച്ചു’ എന്നു പറഞ്ഞി​രി​ക്കു​ന്നതു യേശു ഒരു അവതാ​ര​മാ​യ​തു​കൊ​ണ്ടാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ യേശു ഒരു യഥാർഥ​മ​നു​ഷ്യ​ന​ല്ലെ​ന്നും ചിലർ വാദി​ക്കു​ന്നു. എന്നാൽ താത്‌കാ​ലി​ക​വാ​സ​സ്ഥ​ല​മായ തന്റെ ജഡശരീ​ര​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ പത്രോ​സും ഇതി​നോ​ടു ബന്ധമുള്ള ഒരു നാമപദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ‘കൂടാരം’ എന്നുത​ന്നെ​യാണ്‌ ആ പദവും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (2പത്ര 1:13) തന്റെ മരണം അടു​ത്തെ​ന്നും താൻ തന്റെ ഭൗതി​ക​ശ​രീ​ര​ത്തി​നു പകരം ഒരു ആത്മീയ​ശ​രീ​ര​ത്തിൽ ഉയിർപ്പി​ക്ക​പ്പെ​ടു​മെ​ന്നും അറിയാ​മാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ പത്രോസ്‌ സ്വന്തം ശരീരത്തെ ‘കൂടാരം’ എന്നു വിളി​ച്ചത്‌. അല്ലാതെ താൻ ഒരു അവതാ​ര​മാ​ണന്നു സൂചി​പ്പി​ക്കാ​നല്ല.​—2പത്ര 1:13-15; കൂടാതെ 1കൊ 15:35-38, 42-44; 1യോഹ 3:2 എന്നിവ​യും കാണുക.

ഞങ്ങൾ അദ്ദേഹ​ത്തി​ന്റെ തേജസ്സു കണ്ടു: യഹോ​വ​യു​ടെ ഗുണങ്ങൾ അതേപടി പ്രതി​ഫ​ലി​പ്പി​ക്കുന്ന ഒരാൾക്കു മാത്ര​മുള്ള ഒരു തേജസ്സ്‌ അഥവാ മഹത്ത്വം യേശു​വി​ന്റെ ജീവി​ത​ത്തി​ലും ശുശ്രൂ​ഷ​യി​ലും കാണാൻ യോഹ​ന്നാ​നും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാർക്കും കഴിഞ്ഞു. ഇനി, അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നും യാക്കോ​ബി​നും പത്രോ​സി​നും, യേശു രൂപാ​ന്ത​ര​പ്പെ​ടു​ന്നതു നേരിൽ കാണാ​നുള്ള അവസര​വും കിട്ടി. (മത്ത 17:1-9; മർ 9:1-9; ലൂക്ക 9:28-36) അതു​കൊണ്ട്‌ “ഞങ്ങൾ അദ്ദേഹ​ത്തി​ന്റെ തേജസ്സു കണ്ടു” എന്നു പറഞ്ഞ​പ്പോൾ യോഹ​ന്നാ​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നതു യേശു ദൈവി​ക​ഗു​ണങ്ങൾ പ്രതി​ഫ​ലി​പ്പി​ച്ചതു മാത്രമല്ല 60-ലധികം വർഷം മുമ്പ്‌ തങ്ങൾ കണ്ട രൂപാ​ന്ത​ര​ദർശ​ന​വും​കൂ​ടെ ആയിരു​ന്നി​രി​ക്കാം. ഈ ദർശനം അപ്പോ​സ്‌ത​ല​നായ പത്രോ​സി​ലും ആഴമായ സ്വാധീ​നം ചെലുത്തി. യോഹ​ന്നാൻ തന്റെ സുവി​ശേഷം എഴുതി ഏതാണ്ട്‌ 30 വർഷത്തി​നു ശേഷം തന്റെ ആദ്യത്തെ കത്ത്‌ എഴുതി​യ​പ്പോൾ പത്രോ​സും രൂപാ​ന്ത​ര​ദർശ​ന​ത്തെ​ക്കു​റിച്ച്‌ പ്രത്യേ​കം എടുത്തു​പ​റഞ്ഞു. ‘പ്രവച​ന​ത്തിൽ’ പറഞ്ഞി​രി​ക്കുന്ന കാര്യങ്ങൾ അതേപടി നടക്കു​മെന്ന്‌ ആ സംഭവം തെളി​യി​ച്ച​താ​യി അദ്ദേഹം സൂചി​പ്പി​ച്ചു.​—2പത്ര 1:17-19.

ഒരേ ഒരു മകൻ: അഥവാ “ഏകജാതൻ.” മൊ​ണൊ​ഗെ​നെസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. “ഏകജാതൻ; ഒരേ ഒരു മകൻ” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദത്തെ “അത്തരത്തി​ലുള്ള ഒരേ ഒരാൾ; ആകെയുള്ള ഒരാൾ; അതുല്യൻ” എന്നൊക്കെ നിർവ​ചി​ച്ചി​രി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളു​മാ​യി ഒരു മകനുള്ള ബന്ധത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മാത്രമല്ല മകളുടെ കാര്യ​ത്തി​ലും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ലൂക്ക 7:12; 8:42; 9:38 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ യേശു​വി​നെ​ക്കു​റിച്ച്‌ പറയു​മ്പോൾ മാത്രമേ ഈ പദം ഉപയോ​ഗി​ച്ചി​ട്ടു​ള്ളൂ. (യോഹ 3:16, 18; 1യോഹ 4:9) പക്ഷേ മനുഷ്യ​നാ​യുള്ള യേശു​വി​ന്റെ ജനന​ത്തെ​ക്കു​റി​ച്ചോ ജീവി​ത​ത്തെ​ക്കു​റി​ച്ചോ പറയുന്ന ഒരിട​ത്തും യോഹ​ന്നാൻ ഇത്‌ ഉപയോ​ഗി​ച്ചി​ട്ടില്ല. പകരം “ലോകം ഉണ്ടാകു​ന്ന​തി​നു മുമ്പ്‌,” യേശു ‘ആരംഭ​ത്തിൽ ദൈവ​ത്തി​ന്റെ​കൂ​ടെ​യാ​യി​രുന്ന’ സമയത്ത്‌ ലോ​ഗോസ്‌ അഥവാ വചനം ആയിരു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയു​മ്പോൾ മാത്ര​മാ​ണു യോഹ​ന്നാൻ ഈ പദം ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. (യോഹ 1:1, 2; 17:5, 24) യേശു ദൈവ​ത്തിന്‌ ആദ്യം ജനിച്ച​വ​നും ദൈവം നേരിട്ട്‌ സൃഷ്ടിച്ച ഒരേ ഒരാളും ആയതു​കൊ​ണ്ടാണ്‌ യേശു​വി​നെ “ഏകജാതൻ” അഥവാ ദൈവ​ത്തി​ന്റെ “ഒരേ ഒരു മകൻ” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ബൈബി​ളിൽ മറ്റ്‌ ആത്മജീ​വി​ക​ളെ​യും സത്യ​ദൈ​വ​ത്തി​ന്റെ പുത്ര​ന്മാർ എന്നും “ദൈവ​പു​ത്ര​ന്മാർ” എന്നും വിളി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും (ഉൽ 6:2, 4; ഇയ്യ 1:6; 2:1; 38:4-7) യഹോവ ആ പുത്ര​ന്മാ​രെ​യെ​ല്ലാം തന്റെ ഏകജാ​ത​നായ പുത്ര​നി​ലൂ​ടെ​യാ​ണു സൃഷ്ടി​ച്ചത്‌. (കൊലോ 1:15, 16) ചുരു​ക്ക​ത്തിൽ, യേശു “സമാന​ത​ക​ളി​ല്ലാ​ത്തവൻ; അതുല്യൻ” ആയതു​കൊ​ണ്ടും ദൈവം നേരിട്ട്‌, ഒറ്റയ്‌ക്കു സൃഷ്ടിച്ച ഒരേ ഒരാൾ ആയതു​കൊ​ണ്ടും ആണ്‌ യേശു​വി​നെ കുറി​ക്കാൻ മൊ​ണൊ​ഗെ​നെസ്‌ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—1യോഹ 5:18; എബ്ര 11:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ദിവ്യ​പ്രീ​തി: അഥവാ “അനർഹദയ.” ഇവിടെ കാണുന്ന ഖാരിസ്‌ എന്ന ഗ്രീക്കു​പദം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ 150-ലധികം പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. സന്ദർഭ​ത്തി​ന​നു​സ​രിച്ച്‌ അതിന്റെ അർഥത്തിന്‌ അല്‌പ​സ്വ​ല്‌പം വ്യത്യാ​സം വരും. ദൈവം മനുഷ്യ​രോ​ടു കാണി​ക്കുന്ന അനർഹ​ദ​യ​യെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ആ പദം കുറി​ക്കു​ന്നതു തിരി​ച്ചൊ​ന്നും പ്രതീ​ക്ഷി​ക്കാ​തെ, ഔദാ​ര്യ​ത്തോ​ടെ, സൗജന്യ​മാ​യി ദൈവം നൽകുന്ന ഒരു സമ്മാന​ത്തെ​യാണ്‌. മനുഷ്യ​രോ​ടുള്ള ദൈവ​ത്തി​ന്റെ വലിയ ഉദാര​ത​യു​ടെ​യും അളവറ്റ സ്‌നേ​ഹ​ത്തി​ന്റെ​യും ദയയു​ടെ​യും തെളി​വാണ്‌ ഇതെന്നു പറയാം. ഒരാൾ പ്രത്യേ​ക​മാ​യി എന്തെങ്കി​ലും ചെയ്‌ത​തു​കൊ​ണ്ടോ ആ വ്യക്തിക്ക്‌ അർഹത​യു​ള്ള​തു​കൊ​ണ്ടോ ലഭിക്കു​ന്നതല്ല ഇത്‌. മറിച്ച്‌ നൽകു​ന്ന​യാ​ളു​ടെ ഔദാ​ര്യം ഒന്നുമാ​ത്ര​മാണ്‌ ഇതിനു പിന്നിൽ. (റോമ 4:4; 11:6) പക്ഷേ ഇത്തരം ദയയ്‌ക്കു പാത്ര​മാ​കു​ന്നവർ അതിന്‌ ഒട്ടും അർഹത​യി​ല്ലാ​ത്ത​വ​രാ​ണെന്ന്‌ എപ്പോ​ഴും വരണ​മെ​ന്നില്ല. കാരണം യേശു​വി​നോ​ടു​പോ​ലും ദൈവം ഇത്തരം ദയ അഥവാ പ്രീതി കാണി​ച്ച​താ​യി ഈ വാക്യ​ത്തിൽ പറയു​ന്നുണ്ട്‌. അതു​കൊ​ണ്ടു​തന്നെ യേശു​വി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഖാരിസ്‌ എന്ന പദം “ദൈവ​പ്രീ​തി,” “പ്രീതി” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മാണ്‌. (ലൂക്ക 2:40, 52) മറ്റു ചില സ്ഥലങ്ങളിൽ ഈ ഗ്രീക്കു​പ​ദത്തെ “പ്രീതി,” “ഉദാര​മാ​യി നൽകുന്ന സംഭാവന,” “കാരു​ണ്യ​പ്ര​വർത്തനം” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.​—ലൂക്ക 1:30; പ്രവൃ 2:47; 7:46; 1കൊ 16:3; 2കൊ 8:19.

ദിവ്യ​പ്രീ​തി​യും സത്യവും നിറഞ്ഞ: ‘വചനത്തിന്‌’ അഥവാ യേശു​ക്രി​സ്‌തു​വിന്‌ എപ്പോ​ഴും ദൈവ​ത്തി​ന്റെ പ്രീതി​യു​ണ്ടാ​യി​രു​ന്നു, യേശു എപ്പോ​ഴും സത്യസ​ന്ധ​നും ആയിരു​ന്നു. പക്ഷേ “ദിവ്യ​പ്രീ​തി​യും സത്യവും നിറഞ്ഞ” എന്ന പദപ്ര​യോ​ഗ​ത്തി​ന്റെ അർഥം അതു മാത്ര​മ​ല്ലെന്ന്‌ ഈ വാക്യ​ത്തോ​ടു ചേർന്നുള്ള തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നു. പിതാ​വി​ന്റെ അനർഹ​ദ​യ​യെ​ക്കു​റി​ച്ചും പിതാവിൽനിന്നുള്ള സത്യത്തെക്കുറിച്ചും മറ്റുള്ള​വ​രോ​ടു നന്നായി വിശദീ​ക​രി​ക്കാ​നും അതു ജീവി​ത​ത്തിൽ ഏറ്റവും നന്നായി പകർത്തി​ക്കാ​ണി​ക്കാ​നും യഹോവ തന്റെ പുത്രനെ പ്രത്യേ​ക​മാ​യി തിര​ഞ്ഞെ​ടു​ത്തു എന്നൊരു അർഥവും അതിനുണ്ട്‌. (യോഹ 1:16, 17) ദൈവ​ത്തി​ന്റെ അനർഹദയ യേശു​ക്രി​സ്‌തു​വി​ലൂ​ടെ മറ്റുള്ള​വർക്ക്‌ ഏറ്റവും വ്യക്തമാ​യി കാണാ​നാ​യ​തു​കൊ​ണ്ടും യേശു ദൈവത്തിൽനിന്നുള്ള സത്യം പൂർണമായി വെളിപ്പെടുത്തിയതുകൊണ്ടും ആണ്‌ “എന്നെ കണ്ടിട്ടു​ള്ളവൻ പിതാ​വി​നെ​യും കണ്ടിരി​ക്കു​ന്നു” എന്നു യേശു​വി​നു പറയാ​നാ​യത്‌. (യോഹ 14:9) ദൈവ​ത്തിൽനി​ന്നുള്ള അനർഹ​ദ​യ​യും സത്യവും സ്വീക​രി​ക്കാൻ മനസ്സു കാട്ടി​യ​വർക്കെ​ല്ലാം അതു ലഭിച്ചതു യേശു​വി​ലൂ​ടെ​യാ​യി​രു​ന്നു.

എന്റെ പിന്നാലെ വരുന്ന​യാൾ: യേശു ജനിക്കു​ന്ന​തിന്‌ ഏതാണ്ട്‌ ആറു മാസം മുമ്പാണു സ്‌നാ​പ​ക​യോ​ഹ​ന്നാൻ ജനിച്ചത്‌. യേശു​വി​നു മുമ്പേ യോഹ​ന്നാൻ ശുശ്രൂ​ഷ​യും ആരംഭി​ച്ചു. അതു​കൊണ്ട്‌ യേശു വന്നതു യോഹ​ന്നാ​ന്റെ ‘പിന്നാ​ലെ​യാണ്‌’ അഥവാ ശേഷമാണ്‌ എന്നു പറയാം. (ലൂക്ക 1:24, 26; 3:1-20) എന്നാൽ യേശു യോഹ​ന്നാൻ ചെയ്‌ത​തി​ലും വലിയ​വ​ലിയ കാര്യങ്ങൾ ചെയ്‌ത​തു​കൊണ്ട്‌ യേശു എല്ലാ അർഥത്തി​ലും യോഹ​ന്നാ​ന്റെ മുന്നിൽ കയറി അഥവാ യോഹ​ന്നാ​നെ മറിക​ടന്നു എന്നു പറയാ​നാ​കും. ഇനി, എനിക്കും മുമ്പേ അദ്ദേഹ​മു​ണ്ടാ​യി​രു​ന്നു എന്ന സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ വാക്കു​ക​ളോ? ഒരു മനുഷ്യ​നാ​യി വരുന്ന​തി​നു മുമ്പേ യേശു അസ്‌തി​ത്വ​ത്തിൽ ഉണ്ടായി​രു​ന്നു എന്ന വസ്‌തുത അദ്ദേഹം അംഗീ​ക​രി​ച്ചു എന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌.

നിലയ്‌ക്കാത്ത അനർഹദയ: അക്ഷ. “അനർഹ​ദ​യ​യ്‌ക്കു മേൽ അനർഹദയ.” അനർഹദയ എന്നതിന്റെ ഗ്രീക്കു​പദം ഖാരിസ്‌ ആണ്‌. ദൈവ​ത്തി​ന്റെ വലിയ ഉദാരത, അളവറ്റ സ്‌നേഹം, ദയ എന്നിവ​യെ​യാണ്‌ ഇവിടെ അതു കുറി​ക്കു​ന്നത്‌. ഒരാൾ പ്രത്യേ​ക​മാ​യി എന്തെങ്കി​ലും ചെയ്‌ത​തു​കൊ​ണ്ടോ ആ വ്യക്തിക്ക്‌ അർഹത​യു​ള്ള​തു​കൊ​ണ്ടോ ലഭിക്കു​ന്നതല്ല ഇത്‌. മറിച്ച്‌ നൽകു​ന്ന​യാ​ളു​ടെ ഔദാ​ര്യം ഒന്നുമാ​ത്ര​മാണ്‌ ഇതിനു പിന്നിൽ. (പദാവ​ലി​യിൽ “അനർഹദയ” കാണുക.) മൂലപാ​ഠ​ത്തിൽ ഖാരിസ്‌ എന്ന പദം രണ്ടു പ്രാവ​ശ്യം ആവർത്തി​ച്ചി​രി​ക്കു​ന്ന​തും അവയെ ബന്ധിപ്പി​ക്കാൻ “മേൽ” എന്ന്‌ അർഥം വരുന്ന ഗ്രീക്കു​പദം (ആന്റി) ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും സൂചി​പ്പി​ക്കു​ന്നത്‌ അനർഹദയ നിലയ്‌ക്കാ​തെ, സമൃദ്ധ​മാ​യി ഒഴുകി​യെ​ത്തു​ന്ന​തി​നെ​യാണ്‌.

വചനം ഒരു ദൈവ​മാ​യി​രു​ന്നു: അഥവാ “വചനം ദിവ്യ​നാ​യി​രു​ന്നു (അല്ലെങ്കിൽ “ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​നാ​യി​രു​ന്നു”).” യോഹന്നാന്റെ ഈ പ്രസ്‌താ​വന, ‘വചനത്തിന്റെ’ (ഗ്രീക്കിൽ, ലോ​ഗൊസ്‌; ഈ വാക്യ​ത്തി​ലെ വചനം എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.) അഥവാ യേശുക്രിസ്‌തുവിന്റെ ഒരു സവി​ശേ​ഷ​ത​യെ​യാ​ണു വർണി​ക്കു​ന്നത്‌. മറ്റെല്ലാം സൃഷ്ടി​ക്കാൻ യഹോവ ഉപയോ​ഗിച്ച ആദ്യജാ​ത​പു​ത്രൻ എന്ന അതുല്യ​സ്ഥാ​ന​മു​ള്ള​തു​കൊണ്ട്‌ ‘വചനത്തിന്‌,’ “ഒരു ദൈവം; ദൈവ​ത്തെ​പ്പോ​ലു​ള്ളവൻ; ദിവ്യൻ” എന്നീ വിശേ​ഷ​ണങ്ങൾ ചേരും. എന്നാൽ പല പരിഭാ​ഷ​ക​രും ഈ ഭാഗത്തെ, “വചനം ദൈവ​മാ​യി​രു​ന്നു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്ത​ണ​മെന്നു വാദി​ക്കു​ന്ന​വ​രാണ്‌. പക്ഷേ അതിലൂ​ടെ അവർ ‘വചനത്തെ’ സർവശ​ക്ത​നായ ദൈവ​ത്തി​നു തുല്യ​നാ​ക്കു​ക​യാണ്‌. എന്നാൽ ‘വചനവും’ സർവശ​ക്ത​നായ ദൈവ​വും ഒന്നാ​ണെന്നു സൂചി​പ്പി​ക്കാൻ യോഹ​ന്നാൻ ഉദ്ദേശി​ച്ചില്ല. അങ്ങനെ പറയാൻ തക്കതായ കാരണ​ങ്ങ​ളുണ്ട്‌. ഒന്നാമ​താ​യി, ഈ പ്രസ്‌താ​വ​ന​യ്‌ക്കു മുമ്പും പിമ്പും ഉള്ള ഭാഗങ്ങ​ളിൽ “വചനം ദൈവത്തിന്റെകൂടെയായിരുന്നു” എന്നു വ്യക്തമാ​ക്കു​ന്നുണ്ട്‌. ഇനി, 1-ഉം 2-ഉം വാക്യ​ങ്ങ​ളിൽ തെയോസ്‌ എന്ന പദം മൂന്നു പ്രാവ​ശ്യം കാണു​ന്നു​ണ്ടെ​ങ്കി​ലും അതിൽ ഒന്നാമ​ത്തെ​യും മൂന്നാ​മ​ത്തെ​യും സ്ഥലങ്ങളിൽ മാത്രമേ തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം കാണു​ന്നു​ള്ളൂ; രണ്ടാമ​ത്തേ​തി​നു മുമ്പ്‌ ഉപപദ​ങ്ങ​ളൊ​ന്നും കാണു​ന്നില്ല. ഇതിൽ രണ്ടാമത്തെ തെയോ​സി​നു മുമ്പ്‌ നിശ്ചായക ഉപപദം കാണു​ന്നി​ല്ലാ​ത്തതു പ്രത്യേ​കം കണക്കി​ലെ​ടു​ക്ക​ണ​മെന്നു പല പണ്ഡിത​ന്മാ​രും അഭി​പ്രാ​യ​പ്പെ​ടു​ന്നു. തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഉപപദം ഉപയോ​ഗി​ച്ചാൽ അതു സർവശ​ക്ത​നായ ദൈവ​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. അതേസ​മയം, ഈ വ്യാക​ര​ണ​ഘ​ട​ന​യിൽ തെയോസ്‌ എന്ന പദത്തിനു മുമ്പ്‌ ഒരു ഉപപദം ഉപയോ​ഗി​ച്ചി​ട്ടി​ല്ലെ​ങ്കിൽ, അത്‌ ‘വചനത്തിന്റെ’ പ്രകൃ​തി​യെ അഥവാ ഒരു സവി​ശേ​ഷ​തയെ മാത്ര​മാ​ണു കുറി​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌ ബൈബിളിന്റെ പല ഇംഗ്ലീഷ്‌, ഫ്രഞ്ച്‌, ജർമൻ പരിഭാ​ഷ​ക​ളും “വചനം” എന്ന പദത്തെ പുതിയ ലോക ഭാഷാ​ന്ത​ര​ത്തി​ലെ​പ്പോ​ലെ, “ഒരു ദൈവം; ദിവ്യൻ; ദൈവ​ത്വ​മു​ള്ളവൻ; ദൈവ​ത്തെ​പ്പോ​ലു​ള്ളവൻ” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ എ.ഡി. മൂന്ന്‌, നാല്‌ നൂറ്റാ​ണ്ടു​ക​ളിൽ പുറത്തി​റ​ക്കിയ, യോഹന്നാന്റെ സുവിശേഷത്തിന്റെ സഹിദിക്ക്‌, ബൊ​ഹൈ​റിക്ക്‌ തർജമ​ക​ളും (കോപ്‌ടിക്‌ ഭാഷയു​ടെ പ്രാ​ദേ​ശി​ക​രൂ​പ​ങ്ങ​ളാണ്‌ ഇവ രണ്ടും.) ഇതി​നോ​ടു യോജി​ക്കു​ന്നു. കാരണം, ആ പരിഭാ​ഷ​ക​ളും യോഹ 1:1-ൽ തെയോസ്‌ എന്ന പദം, ഒന്നാമത്തെ സ്ഥലത്ത്‌ പരിഭാഷ ചെയ്‌തി​രി​ക്കു​ന്ന​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യാ​ണു രണ്ടാമത്തെ സ്ഥലത്ത്‌ ചെയ്‌തി​രി​ക്കു​ന്നത്‌. ‘വചനത്തിന്റെ’ പ്രകൃതി ദൈവ​ത്തെ​പ്പോ​ലെ​യാണ്‌ എന്നു സൂചി​പ്പി​ക്കുന്ന ഈ പരിഭാ​ഷകൾ ‘വചനത്തിന്റെ’ ഒരു സവി​ശേഷത എടുത്തു​കാ​ട്ടുക മാത്ര​മാ​ണു ചെയ്യു​ന്നത്‌. അല്ലാതെ “വചനം” പിതാ​വി​നോട്‌, അഥവാ സർവശ​ക്ത​നായ ദൈവ​ത്തോട്‌, തുല്യ​നാ​ണെന്നു പറയു​ന്നില്ല. “ക്രിസ്‌തു​വി​ലാ​ണ​ല്ലോ എല്ലാ ദൈവി​ക​ഗു​ണ​ങ്ങ​ളും അതിന്റെ പൂർണ​രൂ​പ​ത്തി​ലു​ള്ളത്‌” എന്നു പറയുന്ന കൊലോ 2:9-ഉം ഈ ആശയവു​മാ​യി യോജി​ക്കു​ന്നു. ഇനി, 2പത്ര 1:4-ൽ ക്രിസ്‌തുവിന്റെ കൂട്ടവ​കാ​ശി​ക​ളെ​ക്കു​റി​ച്ചു​പോ​ലും പറയു​ന്നത്‌ അവർ ‘ദൈവ​പ്ര​കൃ​തി​യിൽ പങ്കാളി​ക​ളാ​കും’ എന്നാണ്‌. സെപ്‌റ്റുവജിന്റ്‌ പരിഭാ​ഷ​യിൽ, പൊതു​വേ തെയോസ്‌ എന്നു തർജമ ചെയ്‌തി​രി​ക്കു​ന്നത്‌ ഏൽ, ഏലോ​ഹീം എന്നീ എബ്രാ​യ​പ​ദ​ങ്ങ​ളെ​യാണ്‌ എന്നതും ശ്രദ്ധി​ക്കുക. സാധാ​ര​ണ​യാ​യി “ദൈവം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദങ്ങളു​ടെ അടിസ്ഥാ​നാർഥം “ശക്തനാ​യവൻ; ബലവാൻ” എന്നൊക്കെ മാത്ര​മാണ്‌. ഈ എബ്രാ​യ​പ​ദങ്ങൾ സർവശ​ക്ത​നായ ദൈവത്തെ മാത്രമല്ല മറ്റു ദൈവ​ങ്ങ​ളെ​യും മനുഷ്യ​രെ​യും കുറി​ക്കാ​നും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (യോഹ 10:34-ന്റെ പഠനക്കു​റി​പ്പു കാണുക.) വചനത്തെ “ഒരു ദൈവം” എന്നോ “ശക്തനാ​യവൻ” എന്നോ വിളി​ക്കു​ന്നത്‌ യശ 9:6-ലെ പ്രവച​ന​വു​മാ​യും ചേരും. കാരണം മിശിഹ, “ശക്തനാം ദൈവം” എന്ന്‌ (“സർവശ​ക്ത​നാം ദൈവം” എന്നല്ല.) വിളി​ക്ക​പ്പെ​ടു​മെ​ന്നും തന്റെ പ്രജക​ളാ​യി​രി​ക്കാൻ പദവി ലഭിക്കു​ന്ന​വ​രു​ടെ “നിത്യ​പി​താവ്‌” ആയിരി​ക്കു​മെ​ന്നും ആണ്‌ അവിടെ പറയു​ന്നത്‌. അതു സാധ്യ​മാ​ക്കു​ന്ന​താ​കട്ടെ, മിശി​ഹ​യു​ടെ പിതാ​വായ, “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ” തീക്ഷ്‌ണ​ത​യാണ്‌.​—യശ 9:7.

ദൈവ​ങ്ങ​ളാണ്‌: അഥവാ “ദൈവ​ത്തെ​പ്പോ​ലു​ള്ള​വ​രാണ്‌.” യേശു ഇവിടെ സങ്ക 82:6-ൽനിന്ന്‌ ഉദ്ധരി​ക്കു​ക​യാ​യി​രു​ന്നു. ആ വാക്യ​ത്തിൽ എലോ​ഹീം (ദൈവങ്ങൾ) എന്ന എബ്രാ​യ​പദം മനുഷ്യ​രെ (അതായത്‌, ഇസ്രാ​യേ​ലി​ലെ മനുഷ്യ​ന്യാ​യാ​ധി​പ​ന്മാ​രെ) കുറി​ക്കാ​നാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ദൈവ​ത്തി​ന്റെ പ്രതി​നി​ധി​ക​ളും വക്താക്ക​ളും എന്ന നിലയി​ലാണ്‌ അവർ ‘ദൈവ​ങ്ങ​ളാ​യി​രു​ന്നത്‌.’ അഹരോ​ന്റെ​യും ഫറവോ​ന്റെ​യും കാര്യ​ത്തിൽ, മോശ അവർക്ക്‌ ഒരു ‘ദൈവ​ത്തെ​പ്പോ​ലെ​യാ​യി​രി​ക്കും’ എന്നു പറഞ്ഞതും ഇതേ അർഥത്തി​ലാണ്‌.​—പുറ 4:16, അടിക്കു​റിപ്പ്‌; 7:1, അടിക്കു​റിപ്പ്‌.

പിതാ​വി​ന്റെ അരികി​ലുള്ള: അക്ഷ. “പിതാ​വി​ന്റെ മാറോ​ടു ചേർന്നി​രി​ക്കുന്ന.” തനിക്കു പ്രത്യേ​ക​മായ ഇഷ്ടമു​ള്ള​വ​രെ​യോ തന്റെ അടുത്ത സുഹൃ​ത്തു​ക്ക​ളെ​യോ ആണ്‌ ഒരാൾ തന്റെ മാറോ​ടു ചേർത്ത്‌ ഇരുത്തി​യി​രു​ന്നത്‌. പണ്ട്‌ ആളുകൾ ഭക്ഷണം കഴിക്കാൻ ഇരിക്കു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ ഉറ്റസു​ഹൃ​ത്തു​ക്ക​ളു​ടെ മാറി​ലേക്ക്‌ അഥവാ നെഞ്ചി​ലേക്കു ചാരി​ക്കി​ട​ക്കു​മാ​യി​രു​ന്നു. അതിൽനിന്ന്‌ ഉത്ഭവിച്ച ഒരു അലങ്കാ​ര​പ്ര​യോ​ഗ​മാ​യി​രി​ക്കാം ഇത്‌. (യോഹ 13:23-25) അതു​കൊണ്ട്‌ യേശു പിതാ​വി​ന്റെ അരികിൽ അഥവാ മാറോ​ടു ചേർന്ന്‌ ഇരിക്കു​ന്നു എന്ന പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നതു യേശു ദൈവ​ത്തി​ന്റെ ഏറ്റവും അടുത്ത സുഹൃ​ത്താ​ണെ​ന്നാണ്‌. ഇക്കാര​ണം​കൊ​ണ്ടു​തന്നെ മറ്റാ​രെ​ക്കാ​ളും നന്നായി ദൈവ​ത്തെ​ക്കു​റിച്ച്‌ വിശദീ​ക​രി​ക്കാൻ കഴിയു​ന്ന​തും യേശു​വി​നാണ്‌.​—മത്ത 11:27.

ഏകജാ​ത​നായ ദൈവം: ഇവിടെ ഏകജാ​ത​നായ ദൈവം എന്നു വിളി​ച്ചി​രി​ക്കുന്ന വചനത്തെ അഥവാ ‘യേശു​ക്രി​സ്‌തു​വി​നെ’ യോഹ​ന്നാൻതന്നെ മുമ്പ്‌ ‘ഒരു ദൈവം’ എന്നു വിളി​ച്ചി​ട്ടുണ്ട്‌. (യോഹ 1:1, 17) യേശു ദൈവ​ത്തി​ന്റെ ‘ഏകജാ​ത​നായ മകനാ​ണെ​ന്നും’ യോഹ​ന്നാൻ പറഞ്ഞി​ട്ടുണ്ട്‌. (യോഹ 1:14; 3:16) ഈ വാക്യ​ഭാ​ഗത്ത്‌ യോഹ​ന്നാൻ യേശു​വി​നെ ‘ഏകജാ​ത​നായ ദൈവം’ എന്നു വിളി​ച്ചി​രി​ക്കു​ന്നതു ദൈവ​ത്തി​ന്റെ ക്രമീ​ക​ര​ണ​ത്തിൽ യേശു​വി​നുള്ള അതുല്യ​മായ സ്ഥാനത്തി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നാണ്‌. ബൈബി​ളിൽ “ദൈവം” എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന രീതി​വെച്ച്‌ നോക്കു​മ്പോൾ യേശു​വി​നെ ‘ഒരു ദൈവം’ എന്നു വിളി​ക്കു​ന്ന​തിൽ തെറ്റില്ല. കാരണം ദൈവം എന്ന സ്ഥാന​പ്പേ​രി​ന്റെ അടിസ്ഥാ​നാർഥം “ശക്തൻ” എന്നാണ്‌. തിരു​വെ​ഴു​ത്തു​ക​ളിൽ മനുഷ്യ​രെ​പ്പോ​ലും ദൈവ​മെന്നു വിളി​ച്ചി​ട്ടു​മുണ്ട്‌. (സങ്ക 82:6; യോഹ 1:1; 10:34 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) യേശു​വി​ന്റെ പിതാ​വായ സർവശ​ക്ത​നായ ദൈവം യേശു​വി​നു ശക്തിയും അധികാ​ര​വും നൽകി​യി​രി​ക്കു​ന്ന​തു​കൊ​ണ്ടാ​ണു ശക്തനാ​യവൻ എന്ന്‌ അർഥമുള്ള ‘ഒരു ദൈവം’ എന്ന വിശേ​ഷണം യേശു​വി​നു ചേരു​ന്നത്‌. (മത്ത 28:18; 1കൊ 8:6; എബ്ര 1:2) ദൈവം നേരിട്ട്‌ സൃഷ്ടിച്ച ഒരേ ഒരാൾ യേശു ആയതു​കൊ​ണ്ടും എല്ലാം ‘ഉണ്ടായത്‌’ (യോഹ 1:3) യേശു​വി​ലൂ​ടെ ആയതു​കൊ​ണ്ടും യേശു​വി​നെ ‘ഏകജാ​ത​നായ ദൈവം’ എന്നു വിളി​ക്കു​ന്ന​തും ഉചിത​മാണ്‌. ദൈവ​ത്തി​ന്റെ മറ്റെല്ലാ ആത്മപു​ത്ര​ന്മാ​രോ​ടു​മുള്ള താരത​മ്യ​ത്തിൽ യേശു​വി​നു മഹത്ത്വ​ത്തി​ന്റെ​യും പ്രാധാ​ന്യ​ത്തി​ന്റെ​യും കാര്യ​ത്തിൽ ഒരു അതുല്യ​സ്ഥാ​ന​മു​ണ്ടെന്ന്‌ ഈ പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നു. ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ ‘ഏകജാ​ത​നായ ദൈവം’ എന്നതിന്റെ സ്ഥാനത്ത്‌ “ഏകജാ​ത​നായ പുത്രൻ” എന്നു കാണു​ന്ന​തു​കൊണ്ട്‌ ചില ബൈബി​ളു​കൾ അത്‌ അങ്ങനെ​യാ​ണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പക്ഷേ ഏറ്റവും പഴക്കമു​ള്ള​തും ഏറെ ആധികാ​രി​ക​വും ആയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ ‘ഏകജാ​ത​നായ ദൈവം’ എന്നുത​ന്നെ​യാ​ണു കാണു​ന്നത്‌ (അത്തരം കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലെ ഗ്രീക്കു​പാ​ഠ​ത്തിൽ ഇവിടെ ഈ പദപ്ര​യോ​ഗം, നിശ്ചായക ഉപപദ​ത്തോ​ടൊ​പ്പ​വും അല്ലാ​തെ​യും കാണു​ന്നുണ്ട്‌.).

യോഹ​ന്നാൻ സമ്മതി​ച്ചു​പ​റഞ്ഞു: അക്ഷ. “യോഹ​ന്നാൻ സമ്മതിച്ച്‌ സാക്ഷി പറഞ്ഞു.” യോഹ​ന്നാൻ വെളി​ച്ച​ത്തെ​ക്കു​റിച്ച്‌ സാക്ഷി പറയാൻ വന്നതു​കൊണ്ട്‌ യോഹ 1:7-ൽ അദ്ദേഹത്തെ “സാക്ഷി” (മാർട്ടു​റീയ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ഒരു രൂപമാണ്‌ ഇത്‌. അതേ പദമാണ്‌ ഇവി​ടെ​യും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.) എന്നു വിളി​ച്ചി​രി​ക്കു​ന്നു. എന്നാൽ ഈ വാക്യ​ഭാ​ഗത്ത്‌ അതേ ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌, യേശു​വി​നെ​ക്കു​റിച്ച്‌ യോഹ​ന്നാൻ നടത്തിയ പ്രഖ്യാ​പ​നത്തെ സൂചി​പ്പി​ക്കാ​നാണ്‌. യേശു​വി​നെ​ക്കു​റിച്ച്‌ യോഹ​ന്നാൻ പറഞ്ഞ കാര്യങ്ങൾ 20-ാം വാക്യം​മു​തൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

ഏലിയ: “എന്റെ ദൈവം യഹോ​വ​യാണ്‌” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌.

ഏലിയ: മത്ത 11:14-ന്റെ പഠനക്കു​റി​പ്പു കാണുക.

ആ പ്രവാ​ചകൻ: അതായത്‌ മോശ മുൻകൂ​ട്ടി​പ്പറഞ്ഞ പ്രവാ​ചകൻ. ഏറെ നാളു​ക​ളാ​യി ആളുകൾ ഈ പ്രവാ​ച​ക​നു​വേണ്ടി കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു.​—ആവ 18:18, 19; യോഹ 1:25-27; 6:14; 7:40; പ്രവൃ 3:19-26.

യഹോവ: ഇത്‌ യശ 40:3-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. യശ 40:3-ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം. (അനു. എ5-ഉം സി-യും കാണുക.) യശയ്യയു​ടെ ഈ പ്രവചനം സ്‌നാ​പ​ക​യോ​ഹ​ന്നാ​നിൽ നിറ​വേ​റു​ന്ന​താ​യി സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രായ മത്തായി​യും മർക്കോ​സും ലൂക്കോ​സും പറഞ്ഞി​ട്ടുണ്ട്‌. ഈ പ്രവചനം തന്നിൽ നിറ​വേ​റി​യെന്നു സ്‌നാ​പ​ക​യോ​ഹ​ന്നാൻതന്നെ പറയു​ന്ന​താ​യി യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ലും കാണാം. ഇനി സ്‌നാ​പ​ക​യോ​ഹ​ന്നാൻ യഹോ​വ​യു​ടെ വഴി നേരെ​യാ​ക്കും എന്ന്‌ ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കു​ന്ന​തോ? പിതാവിന്റെ പ്രതിനിധിയായി, പിതാവിന്റെ നാമത്തിൽ വരാനി​രി​ക്കുന്ന യേശുവിന്റെ വരവ്‌ അറിയി​ക്കു​ന്ന​വ​നാ​യി​രി​ക്കും അദ്ദേഹം എന്ന അർഥത്തി​ലാണ്‌ അങ്ങനെ പറഞ്ഞി​രി​ക്കു​ന്നത്‌.​—യോഹ 5:43; 8:29.

ഞാൻ . . . സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു: അഥവാ “നിമജ്ജനം ചെയ്യുന്നു; മുക്കുന്നു.” ബാപ്‌റ്റി​ഡ്‌സോ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുക്കുക; ആഴ്‌ത്തുക” എന്നൊ​ക്കെ​യാണ്‌. സ്‌നാ​ന​പ്പെ​ടുന്ന ആളെ പൂർണ​മാ​യി മുക്കണ​മെന്നു മറ്റു ബൈബിൾഭാ​ഗ​ങ്ങ​ളും സൂചി​പ്പി​ക്കു​ന്നു. ഒരിക്കൽ യോർദാൻ താഴ്‌​വര​യി​ലെ ശലേമിന്‌ അടുത്തുള്ള ഒരു സ്ഥലത്തു​വെച്ച്‌ യോഹ​ന്നാൻ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തി​യത്‌ ‘അവിടെ ധാരാളം വെള്ളമു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌’ എന്നു ബൈബിൾ പറയുന്നു. (യോഹ 3:23) ഫിലി​പ്പോസ്‌ എത്യോ​പ്യൻ ഷണ്ഡനെ സ്‌നാ​ന​പ്പെ​ടു​ത്തി​യ​പ്പോൾ രണ്ടു പേരും “വെള്ളത്തിൽ ഇറങ്ങി” എന്നു കാണുന്നു. (പ്രവൃ 8:38) 2രാജ 5:14-ൽ നയമാൻ “യോർദാ​നിൽ ഏഴു പ്രാവ​ശ്യം മുങ്ങി” എന്നു പറയു​ന്നി​ടത്ത്‌ സെപ്‌റ്റുവജിന്റിൽ കാണു​ന്ന​തും ഇതേ ഗ്രീക്കു​പ​ദം​ത​ന്നെ​യാണ്‌.

ചെരിപ്പ്‌: മറ്റൊ​രാ​ളു​ടെ ചെരിപ്പിന്റെ കെട്ട്‌ അഴിച്ചു​കൊ​ടു​ക്കു​ന്ന​തും (മത്ത 3:11; മർ 1:7; ലൂക്ക 3:16) അത്‌ എടുത്തു​കൊണ്ട്‌ നടക്കു​ന്ന​തും ഒക്കെ അടിമകൾ ചെയ്യേണ്ട തരംതാഴ്‌ന്ന പണിയാ​യി​ട്ടാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌.

യോർദാന്‌ അക്കരെ . . . ബഥാന്യ​യിൽ: അതായത്‌ യോർദാ​നു കിഴക്കുള്ള ബഥാന്യ​യിൽ. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഒരിടത്ത്‌ മാത്രം പറഞ്ഞി​ട്ടുള്ള ഈ ബഥാന്യ, യരുശ​ലേ​മിന്‌ അടുത്തുള്ള ബഥാന്യ അല്ല. (മത്ത 21:17; മർ 11:1; ലൂക്ക 19:29; യോഹ 11:1) യോർദാ​നു കിഴക്കുള്ള ഈ ബഥാന്യ​യു​ടെ സ്ഥാനം നമുക്കു കൃത്യ​മാ​യി അറിയില്ല. യേശു സ്‌നാ​ന​മേ​റ്റ​തെന്നു പരമ്പരാ​ഗ​ത​മാ​യി കരുതി​പ്പോ​രുന്ന ഒരു സ്ഥലം യോർദാന്‌ അക്കരെ, യരീ​ഹൊ​യ്‌ക്ക്‌ എതിർവ​ശ​ത്താ​യി ഉണ്ട്‌. അതാണ്‌ ഇവിടെ പറയുന്ന ബഥാന്യ​യെന്ന്‌ ചിലർ കരുതു​ന്നു. പക്ഷേ യോഹ 1:29, 35, 43; 2:1 എന്നീ വാക്യങ്ങൾ അതിനെ അനുകൂ​ലി​ക്കു​ന്നില്ല. കാരണം ഈ വാക്യങ്ങൾ സൂചി​പ്പി​ക്കു​ന്ന​ത​നു​സ​രിച്ച്‌ ബഥാന്യ​യു​ടെ സ്ഥാനം യരീ​ഹൊ​യ്‌ക്ക്‌ അടുത്തല്ല മറിച്ച്‌ ഗലീല​യി​ലെ കാനാ​യ്‌ക്ക്‌ അടുത്താണ്‌. അതു​കൊണ്ട്‌ ഈ വാക്യ​ത്തിൽ പറയുന്ന ബഥാന്യ ഗലീല​ക്ക​ട​ലി​നു തെക്കു​വ​ശ​ത്താ​യി​രി​ക്കാ​നാ​ണു സാധ്യത. പക്ഷേ അക്കാര്യം തറപ്പി​ച്ചു​പ​റ​യാ​നാ​കില്ല.​—അനു. ബി10 കാണുക.

ബഥാന്യ: ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “ബഥാന്യ” എന്നതിനു പകരം “ബത്‌ബാറ” എന്നു കാണു​ന്ന​തു​കൊണ്ട്‌ ആ സ്ഥലപ്പേ​രാ​ണു ചില ബൈബി​ളു​കൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ ഏറ്റവും ആധികാ​രി​ക​മായ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കാണു​ന്നതു “ബഥാന്യ” എന്നാണ്‌.

ലോകം: ഗ്രീക്ക്‌ സാഹി​ത്യ​കൃ​തി​ക​ളി​ലും പ്രത്യേ​കിച്ച്‌ ബൈബി​ളി​ലും കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പദം പൊതു​വേ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു മനുഷ്യ​കു​ല​ത്തെ​ക്കു​റിച്ച്‌ പറയു​മ്പോ​ഴാണ്‌. ഈ വാക്യ​ത്തി​ലും യോഹ 3:16-ലും കോസ്‌മൊസ്‌ എന്ന പദം മുഴു​മാ​ന​വ​കു​ല​ത്തെ​യും കുറി​ക്കു​ന്നു. ഇവിടെ ലോക​ത്തി​ന്റെ പാപം എന്നു പറഞ്ഞി​രി​ക്കു​ന്നതു എല്ലാ മനുഷ്യർക്കും ആദാമിൽനിന്ന്‌ കൈമാ​റി​ക്കി​ട്ടിയ പാപ​ത്തെ​ക്കു​റി​ച്ചാണ്‌.

ദൈവത്തിന്റെ കുഞ്ഞാട്‌: സ്‌നാ​ന​മേ​റ്റ​ശേഷം, പിശാചിന്റെ പ്രലോ​ഭ​നത്തെ ചെറു​ത്തു​നിന്ന്‌ തിരി​ച്ചെ​ത്തിയ യേശു​വി​നെ യോഹ​ന്നാൻ സ്‌നാ​പകൻ “ദൈവത്തിന്റെ കുഞ്ഞാട്‌” എന്നു പരിച​യ​പ്പെ​ടു​ത്തി. ഇവി​ടെ​യും യോഹ 1:36-ലും മാത്ര​മാണ്‌ ഈ പദപ്ര​യോ​ഗം കാണു​ന്നത്‌. (അനു. എ7 കാണുക.) യേശു​വി​നെ കുഞ്ഞാ​ടി​നോട്‌ ഉപമി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടും ഉചിത​മാണ്‌. ആടുകളെ യാഗം അർപ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള പരാമർശം ബൈബി​ളി​ലു​ട​നീ​ളം കാണാം. താൻ പാപി​യാ​ണെന്ന വസ്‌തുത ഒരാൾ അംഗീ​ക​രി​ക്കു​ന്നു എന്നതിന്റെ തെളി​വാ​യും ദൈവത്തെ സമീപി​ക്കാ​നുള്ള അവസരം നേടി​യെ​ടു​ക്കാൻവേ​ണ്ടി​യും ആണ്‌ ആടുകളെ അർപ്പി​ച്ചി​രു​ന്നത്‌. ഇതാകട്ടെ, മനുഷ്യർക്കു​വേണ്ടി യേശു തന്റെ പൂർണ​ത​യുള്ള മനുഷ്യ​ജീ​വൻ ബലി അർപ്പി​ക്കാ​നി​രു​ന്ന​തി​നെ പ്രതീ​ക​പ്പെ​ടു​ത്തി. “ദൈവത്തിന്റെ കുഞ്ഞാട്‌” എന്ന പദപ്ര​യോ​ഗ​ത്തിന്‌, ദൈവ​പ്ര​ചോ​ദി​ത​മായ തിരു​വെ​ഴു​ത്തു​ക​ളി​ലെ പല ഭാഗങ്ങ​ളോ​ടും ബന്ധമു​ള്ള​താ​യി കാണാം. യോഹ​ന്നാൻ സ്‌നാ​പ​കന്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ നല്ല പരിച​യ​മു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌, “ദൈവത്തിന്റെ കുഞ്ഞാട്‌” എന്നു പറഞ്ഞ​പ്പോൾ അദ്ദേഹത്തിന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, അബ്രാ​ഹാം തന്റെ മകനായ യിസ്‌ഹാ​ക്കി​നു പകരം അർപ്പിച്ച ആൺചെ​മ്മ​രി​യാ​ടോ (ഉൽ 22:13) അടിമ​ത്ത​ത്തി​ലാ​യി​രുന്ന ഇസ്രാ​യേ​ല്യ​രു​ടെ മോച​ന​ത്തി​നാ​യി ഈജി​പ്‌തിൽവെച്ച്‌ അറുത്ത പെസഹാ​ക്കു​ഞ്ഞാ​ടോ (പുറ 12:1-13) യരുശ​ലേ​മിൽ ദൈവത്തിന്റെ യാഗപീ​ഠ​ത്തിൽ രാവി​ലെ​യും വൈകി​ട്ടും മുടങ്ങാ​തെ അർപ്പി​ച്ചി​രുന്ന ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യോ (പുറ 29:38-42) ഒക്കെയാ​യി​രി​ക്കാം. ഇനി, യോഹന്നാന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, യഹോ​വ​യു​ടെ ‘ദാസനെ,’ ‘അറുക്കാ​നുള്ള ആടി​നെ​പ്പോ​ലെ കൊണ്ടു​വന്നു’ എന്നു പറയുന്ന യശയ്യ പുസ്‌ത​ക​ത്തി​ലെ പ്രവച​ന​മാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. (യശ 52:13; 53:5, 7, 11) കൊരി​ന്തി​ലു​ള്ള​വർക്ക്‌ എഴുതിയ ഒന്നാമത്തെ കത്തിൽ പൗലോസ്‌ അപ്പോ​സ്‌തലൻ യേശു​വി​നെ ‘നമ്മുടെ പെസഹാ​ക്കു​ഞ്ഞാട്‌’ എന്നു വിളിച്ചു. (1കൊ 5:7) ക്രിസ്‌തുവിന്റെ ‘വില​യേ​റിയ രക്തം’ “കറയും കളങ്കവും ഇല്ലാത്ത കുഞ്ഞാടിന്റേതുപോലുള്ള”താണെന്ന്‌ അപ്പോ​സ്‌ത​ല​നായ പത്രോസ്‌ പറഞ്ഞു. (1പത്ര 1:19) മഹത്ത്വീ​ക​രി​ക്ക​പ്പെട്ട യേശു​വി​നെ വെളി​പാട്‌ പുസ്‌ത​ക​ത്തിൽ 25-ലധികം പ്രാവ​ശ്യം ആലങ്കാ​രി​കാർഥ​ത്തിൽ “കുഞ്ഞാട്‌” എന്നു വിളി​ച്ചി​ട്ടുണ്ട്‌.​—ചില ഉദാഹ​ര​ണങ്ങൾ: വെളി 5:8; 6:1; 7:9; 12:11; 13:8; 14:1; 15:3; 17:14; 19:7; 21:9; 22:1.

പ്രാവു​പോ​ലെ: ബലി അർപ്പി​ക്കു​ന്ന​തു​പോ​ലുള്ള വിശു​ദ്ധ​കാ​ര്യ​ങ്ങൾക്കു പ്രാവു​കളെ ഉപയോ​ഗി​ച്ചി​രു​ന്നു. (മർ 11:15; യോഹ 2:14-16) ഒരു പ്രതീ​ക​മാ​യും അവയെ​ക്കു​റിച്ച്‌ പറഞ്ഞി​ട്ടുണ്ട്‌; നിഷ്‌ക​ള​ങ്ക​ത​യു​ടെ​യും നിർമ​ല​ത​യു​ടെ​യും പ്രതീ​ക​മാ​യി​രു​ന്നു അവ. (മത്ത 10:16) നോഹ അയച്ച പ്രാവ്‌ ഒലിവി​ല​യു​മാ​യി പെട്ടക​ത്തി​ലേക്കു മടങ്ങി​വ​ന്നതു പ്രളയ​ജലം ഇറങ്ങി​ത്തു​ട​ങ്ങി​യെ​ന്നും (ഉൽ 8:11) സ്വസ്ഥത​യു​ടെ​യും സമാധാനത്തിന്റെയും നാളുകൾ സമീപി​ച്ചി​രി​ക്കു​ന്നെ​ന്നും (ഉൽ 5:29) സൂചി​പ്പി​ച്ചു. യേശുവിന്റെ സ്‌നാ​ന​സ​മ​യത്ത്‌ യഹോവ ഒരു പ്രാവി​ന്റെ രൂപം ഉപയോ​ഗി​ച്ചതു മിശിഹ എന്ന നിലയിൽ യേശു ചെയ്യാൻപോ​കുന്ന കാര്യ​ങ്ങ​ളി​ലേക്കു ശ്രദ്ധ ക്ഷണിക്കു​ന്ന​തി​നാ​യി​രി​ക്കാം. കാരണം നിർമ​ല​നും പാപര​ഹി​ത​നും ആയ ദൈവ​പു​ത്രൻ മനുഷ്യ​കു​ല​ത്തി​നു​വേണ്ടി തന്റെ ജീവൻ ബലി അർപ്പി​ക്കു​ക​യും അങ്ങനെ തന്റെ ഭരണത്തിൻകീ​ഴിൽ സ്വസ്ഥത​യും സമാധാ​ന​വും നിറഞ്ഞ കാലം വരുന്ന​തിന്‌ അടിസ്ഥാ​ന​മി​ടു​ക​യും ചെയ്യു​മാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാവ്‌ അഥവാ ചലനാ​ത്മ​ക​ശക്തി സ്‌നാ​ന​സ​മ​യത്ത്‌ യേശുവിന്റെ മേൽ ഇറങ്ങി​യ​പ്പോൾ, വേഗത്തിൽ ചിറക​ടിച്ച്‌ കൂടണ​യുന്ന പ്രാവി​നെ​പ്പോ​ലെ കാണ​പ്പെ​ട്ടി​രി​ക്കാം.

ആദാം ദൈവത്തിന്റെ മകൻ: മനുഷ്യകുലത്തിന്റെ ഉത്ഭവത്തി​ലേക്കു വിരൽചൂ​ണ്ടുന്ന ഒരു ഭാഗമാണ്‌ ഇത്‌. ആദ്യമ​നു​ഷ്യ​നെ സൃഷ്ടി​ച്ചതു ദൈവ​മാ​ണെ​ന്നും ദൈവം തന്റെ സ്വന്തം ഛായയി​ലാണ്‌ അവനെ സൃഷ്ടി​ച്ച​തെ​ന്നും ഉള്ള ഉൽപത്തി​വി​വ​ര​ണ​ത്തോട്‌ ഇതു യോജി​ക്കു​ന്നു. (ഉൽ 1:26, 27; 2:7) ഈ ബൈബിൾഭാഗം, റോമ 5:12; 8:20, 21; 1കൊ 15:22, 45 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങൾക്കു കൂടുതൽ വ്യക്തത പകരു​ക​യും ചെയ്യുന്നു.

ദൈവ​പു​ത്രൻ: യേശു​വി​നെ കുറി​ക്കാ​നാ​ണു മിക്ക​പ്പോ​ഴും ബൈബി​ളിൽ ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (യോഹ 1:49; 3:16-18; 5:25; 10:36; 11:4) ദൈവ​ത്തിന്‌ അക്ഷരാർഥ​ത്തിൽ ഒരു ഭാര്യ​യില്ല; ദൈവം മനുഷ്യ​പ്ര​കൃ​തി​യുള്ള ഒരു വ്യക്തി​യു​മല്ല. അതു​കൊണ്ട്‌ ‘ദൈവ​ത്തി​ന്റെ പുത്രൻ’ എന്നത്‌ ആലങ്കാ​രി​കാർഥ​ത്തി​ലുള്ള ഒരു പ്രയോ​ഗം മാത്ര​മാണ്‌. യേശു​വും ദൈവ​വും തമ്മിലുള്ള ബന്ധം, മനുഷ്യർക്കി​ട​യി​ലെ ഒരു അപ്പനും മകനും തമ്മിലുള്ള ബന്ധം​പോ​ലെ​യാ​ണെന്നു മനസ്സി​ലാ​ക്കാൻ വായന​ക്കാ​രനെ സഹായി​ക്കു​ന്ന​തി​നാ​ണു “ദൈവ​പു​ത്രൻ” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇനി, ആ പദപ്ര​യോ​ഗം യേശു ദൈവ​ത്തി​ന്റെ സൃഷ്ടി​യാ​ണെ​ന്നും (അഥവാ യേശു​വി​നു ജീവൻ നൽകി​യത്‌ യഹോ​വ​യാ​ണെന്നു) സൂചി​പ്പി​ക്കു​ന്നു. ബൈബി​ളിൽ ആദ്യമ​നു​ഷ്യ​നായ ആദാമി​നെ “ദൈവ​ത്തി​ന്റെ മകൻ” എന്നു വിളി​ച്ചി​രി​ക്കു​ന്ന​തും ഇതേ അർഥത്തിൽത്ത​ന്നെ​യാണ്‌.​—ലൂക്ക 3:38-ന്റെ പഠനക്കു​റി​പ്പു കാണുക.

രണ്ടു പേരിൽ ഒരാൾ: ഇവിടെ പറഞ്ഞി​രി​ക്കുന്ന ‘രണ്ടു പേർ’ യോഹ 1:35-ലെ രണ്ടു ശിഷ്യ​ന്മാർത​ന്നെ​യാണ്‌. അവരിൽ പേരു പറഞ്ഞി​ട്ടി​ല്ലാത്ത ശിഷ്യൻ, സെബെ​ദി​യു​ടെ മകനും ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാ​യി​രി​ക്കാം. (മത്ത 4:21; മർ 1:19; ലൂക്ക 5:10) ഇങ്ങനെ​യൊ​രു നിഗമ​ന​ത്തി​ലെ​ത്താ​നുള്ള കാരണങ്ങൾ ഇവയാണ്‌: സ്വന്തം പേര്‌ വെളി​പ്പെ​ടു​ത്താ​തി​രി​ക്കു​ന്നത്‌ ഈ സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രന്റെ ഒരു രീതി​യാണ്‌. ഇനി, അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേര്‌ കാണാൻ പ്രതീ​ക്ഷി​ക്കു​ന്നി​ട​ത്തും അദ്ദേഹം ആ പേര്‌ ഉപയോ​ഗി​ച്ചി​ട്ടില്ല. മാത്രമല്ല, സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ “സ്‌നാ​പകൻ” എന്ന വിശേ​ഷണം ഒഴിവാ​ക്കി “യോഹ​ന്നാൻ” എന്നു മാത്രമേ വിളി​ച്ചി​ട്ടു​മു​ള്ളൂ.

യോഹ​ന്നാൻ തന്റെ രണ്ടു ശിഷ്യ​ന്മാ​രോ​ടൊ​പ്പം: സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ ആ രണ്ടു ശിഷ്യ​ന്മാ​രിൽ ഒരാൾ ‘ശിമോൻ പത്രോ​സി​ന്റെ സഹോ​ദ​ര​നായ അന്ത്ര​യോസ്‌’ ആയിരു​ന്നു.​—യോഹ 1:40-ന്റെ പഠനക്കു​റി​പ്പു കാണുക.

യോഹ​ന്നാൻ തന്റെ രണ്ടു ശിഷ്യ​ന്മാ​രോ​ടൊ​പ്പം: സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ ആ രണ്ടു ശിഷ്യ​ന്മാ​രിൽ ഒരാൾ ‘ശിമോൻ പത്രോ​സി​ന്റെ സഹോ​ദ​ര​നായ അന്ത്ര​യോസ്‌’ ആയിരു​ന്നു.​—യോഹ 1:40-ന്റെ പഠനക്കു​റി​പ്പു കാണുക.

രണ്ടു പേരിൽ ഒരാൾ: ഇവിടെ പറഞ്ഞി​രി​ക്കുന്ന ‘രണ്ടു പേർ’ യോഹ 1:35-ലെ രണ്ടു ശിഷ്യ​ന്മാർത​ന്നെ​യാണ്‌. അവരിൽ പേരു പറഞ്ഞി​ട്ടി​ല്ലാത്ത ശിഷ്യൻ, സെബെ​ദി​യു​ടെ മകനും ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാ​യി​രി​ക്കാം. (മത്ത 4:21; മർ 1:19; ലൂക്ക 5:10) ഇങ്ങനെ​യൊ​രു നിഗമ​ന​ത്തി​ലെ​ത്താ​നുള്ള കാരണങ്ങൾ ഇവയാണ്‌: സ്വന്തം പേര്‌ വെളി​പ്പെ​ടു​ത്താ​തി​രി​ക്കു​ന്നത്‌ ഈ സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രന്റെ ഒരു രീതി​യാണ്‌. ഇനി, അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേര്‌ കാണാൻ പ്രതീ​ക്ഷി​ക്കു​ന്നി​ട​ത്തും അദ്ദേഹം ആ പേര്‌ ഉപയോ​ഗി​ച്ചി​ട്ടില്ല. മാത്രമല്ല, സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ “സ്‌നാ​പകൻ” എന്ന വിശേ​ഷണം ഒഴിവാ​ക്കി “യോഹ​ന്നാൻ” എന്നു മാത്രമേ വിളി​ച്ചി​ട്ടു​മു​ള്ളൂ.

ആ രണ്ടു ശിഷ്യ​ന്മാർ യേശു​വി​നെ അനുഗ​മി​ച്ചു: യേശു​വി​ന്റെ ആദ്യത്തെ ശിഷ്യ​ന്മാർ സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ ശിഷ്യ​ഗ​ണ​ത്തിൽപ്പെ​ട്ട​വ​രാ​യി​രു​ന്നെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു.​—യോഹ 1:35, 40 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാ​ണ്ടിൽ ജൂതന്മാർ 12 മണിക്കൂ​റാ​യാ​ണു പകൽസ​മ​യത്തെ വിഭാ​ഗി​ച്ചി​രു​ന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നു അതിന്റെ തുടക്കം. (യോഹ 11:9) അതു​കൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമ​യ​വും ഒൻപതാം മണി വൈകു​ന്നേരം ഏകദേശം 3 മണിയും ആയിരു​ന്നു. ആളുക​ളു​ടെ കൈയിൽ കൃത്യ​സ​മയം കാണി​ക്കുന്ന ഘടികാ​രങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേ​ശ​സ​മയം മാത്രമേ സാധാരണ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.​—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.

ഏകദേശം പത്താം മണി: അതായത്‌, വൈകു​ന്നേരം ഏകദേശം 4 മണി.​—മത്ത 20:3-ന്റെ പഠനക്കു​റി​പ്പു കാണുക.

രണ്ടു പേരിൽ ഒരാൾ: ഇവിടെ പറഞ്ഞി​രി​ക്കുന്ന ‘രണ്ടു പേർ’ യോഹ 1:35-ലെ രണ്ടു ശിഷ്യ​ന്മാർത​ന്നെ​യാണ്‌. അവരിൽ പേരു പറഞ്ഞി​ട്ടി​ല്ലാത്ത ശിഷ്യൻ, സെബെ​ദി​യു​ടെ മകനും ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാ​യി​രി​ക്കാം. (മത്ത 4:21; മർ 1:19; ലൂക്ക 5:10) ഇങ്ങനെ​യൊ​രു നിഗമ​ന​ത്തി​ലെ​ത്താ​നുള്ള കാരണങ്ങൾ ഇവയാണ്‌: സ്വന്തം പേര്‌ വെളി​പ്പെ​ടു​ത്താ​തി​രി​ക്കു​ന്നത്‌ ഈ സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രന്റെ ഒരു രീതി​യാണ്‌. ഇനി, അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേര്‌ കാണാൻ പ്രതീ​ക്ഷി​ക്കു​ന്നി​ട​ത്തും അദ്ദേഹം ആ പേര്‌ ഉപയോ​ഗി​ച്ചി​ട്ടില്ല. മാത്രമല്ല, സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ “സ്‌നാ​പകൻ” എന്ന വിശേ​ഷണം ഒഴിവാ​ക്കി “യോഹ​ന്നാൻ” എന്നു മാത്രമേ വിളി​ച്ചി​ട്ടു​മു​ള്ളൂ.

ക്രിസ്‌തു: ക്രിസ്‌തോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നിരി​ക്കുന്ന സ്ഥാന​പ്പേര്‌. “മിശിഹ” (എബ്രാ​യ​യിൽ മാഷി​യാക്‌) എന്ന സ്ഥാന​പ്പേ​രി​നു തുല്യ​മായ പദമാണ്‌ ഇത്‌. ഈ രണ്ടു വാക്കു​ക​ളു​ടെ​യും അർഥം “അഭിഷി​ക്തൻ” എന്നാണ്‌. ബൈബിൾക്കാ​ല​ങ്ങ​ളിൽ ഭരണാ​ധി​കാ​രി​കളെ തൈലം​കൊണ്ട്‌ അഭി​ഷേകം ചെയ്യുന്ന ആചാരം നിലവി​ലു​ണ്ടാ​യി​രു​ന്നു.

മിശിഹ: അഥവാ “അഭിഷി​ക്തൻ.” മെശി​യാസ്‌ എന്ന ഗ്രീക്കു​പദം (മാഷി​യാക്‌ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ ലിപ്യ​ന്ത​രണം.) ഗ്രീക്കു തിരു​വെ​ഴു​ത്തു​ക​ളിൽ രണ്ടു പ്രാവ​ശ്യ​മേ കാണു​ന്നു​ള്ളൂ. (യോഹ 4:25 കാണുക.) മാഷി​യാക്‌ എന്ന സ്ഥാന​പ്പേര്‌ വന്നിരി​ക്കു​ന്നതു മാഷഹ്‌ എന്ന എബ്രാ​യ​ക്രി​യ​യിൽനി​ന്നാണ്‌. ഈ ക്രിയാ​പ​ദ​ത്തി​ന്റെ അർഥം “(ഒരു ദ്രാവകം) പുരട്ടുക അല്ലെങ്കിൽ തേക്കുക,” “അഭി​ഷേകം ചെയ്യുക” എന്നൊ​ക്കെ​യാണ്‌. (പുറ 29:2, 7) ബൈബിൾക്കാ​ല​ങ്ങ​ളിൽ പുരോ​ഹി​ത​ന്മാ​രെ​യും ഭരണാ​ധി​കാ​രി​ക​ളെ​യും പ്രവാ​ച​ക​ന്മാ​രെ​യും ഒക്കെ ആചാര​പ​ര​മാ​യി തൈലം​കൊണ്ട്‌ അഭി​ഷേകം ചെയ്യുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. (ലേവ 4:3; 1ശമു 16:3, 12, 13; 1രാജ 19:16) ഈ വാക്യ​ത്തിൽ “മിശിഹ” എന്ന പദത്തോ​ടൊ​പ്പം “ക്രിസ്‌തു” എന്ന്‌ അർഥം എന്ന വിശദീ​ക​ര​ണ​വും കൊടു​ത്തി​ട്ടുണ്ട്‌. “ക്രിസ്‌തു” (ഗ്രീക്കിൽ, ക്രിസ്‌തോസ്‌) എന്ന സ്ഥാന​പ്പേര്‌ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ 500-ലേറെ പ്രാവ​ശ്യം കാണാം. “മിശിഹ” എന്ന സ്ഥാന​പ്പേ​രി​നു തുല്യ​മായ പദമാണ്‌ ഇത്‌. ഈ രണ്ടു വാക്കു​ക​ളു​ടെ​യും അർഥം “അഭിഷി​ക്തൻ” എന്നാണ്‌.​—മത്ത 1:1-ന്റെ പഠനക്കു​റി​പ്പു കാണുക.

പത്രോസ്‌ എന്നു വിളി​ച്ചി​രുന്ന ശിമോൻ: അദ്ദേഹ​ത്തി​ന്റെ സ്വന്തം പേര്‌ ശിമോൻ എന്നായി​രു​ന്നു. യേശു പത്രോ​സി​നു നൽകിയ കേഫാ (കേഫാസ്‌) എന്ന അരമാ​യ​പേ​രി​ന്റെ ഗ്രീക്കു​രൂ​പ​മാണ്‌ പത്രോസ്‌ (പെട്രൊസ്‌).​—മർ 3:16; യോഹ 1:42; മത്ത 10:2-ന്റെ പഠനക്കു​റി​പ്പു കാണുക.

പത്രോസ്‌ എന്നും പേരുള്ള ശിമോൻ: തിരു​വെ​ഴു​ത്തു​ക​ളിൽ പത്രോ​സി​ന്റെ അഞ്ച്‌ പേരുകൾ കാണാം: (1) “ശിമ്യോൻ.” ശിമെ​യോൻ എന്ന എബ്രാ​യ​പേ​രി​നോ​ടു വളരെ സാമ്യ​മുള്ള ഗ്രീക്കു​രൂ​പം; (2) “ശിമോൻ” എന്ന ഗ്രീക്കു​പേര്‌. (ശിമ്യോൻ, ശിമോൻ എന്നീ പേരു​ക​ളു​ടെ ഉത്ഭവം “കേൾക്കുക; ശ്രദ്ധി​ക്കുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രാ​യ​ക്രി​യ​യിൽനി​ന്നാണ്‌.); (3) “പത്രോസ്‌.” (“പാറക്ക​ഷണം” എന്ന്‌ അർഥം വരുന്ന ഗ്രീക്കു​പേര്‌. തിരു​വെ​ഴു​ത്തു​ക​ളിൽ മറ്റാർക്കും ഈ പേരില്ല.); (4) “കേഫ.” പത്രോസ്‌ എന്നതിനു തത്തുല്യ​മായ അരമാ​യ​പേര്‌. [ഇയ്യ 30:6; യിര 4:29 എന്നീ വാക്യ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന കെഫിം (പാറകൾ) എന്ന എബ്രാ​യ​പ​ദ​ത്തോട്‌ ഈ പേരിനു ബന്ധമു​ണ്ടാ​കാം.]; (5) ശിമോൻ, പത്രോസ്‌ എന്നീ പേരുകൾ ചേർന്ന “ശിമോൻ പത്രോസ്‌.”​—പ്രവൃ 15:14; യോഹ 1:42; മത്ത 16:16.

യോന​യു​ടെ മകൻ: അഥവാ, “ബർ-യോന.” മിക്ക എബ്രാ​യ​പേ​രു​ക​ളി​ലും, ബേൻ എന്ന എബ്രാ​യ​പ​ദ​മോ ബർ എന്ന അരമാ​യ​പ​ദ​മോ ചേർത്ത്‌ (രണ്ടി​ന്റെ​യും അർഥം “മകൻ” എന്നാണ്‌.) പിതാ​വി​ന്റെ പേരും എഴുതി​യി​രു​ന്നു. യേശു​വി​ന്റെ കാലത്ത്‌ സംസാ​രി​ച്ചി​രുന്ന എബ്രാ​യ​ഭാ​ഷ​യി​ലെ അരമാ​യ​സ്വാ​ധീ​ന​ത്തി​ന്റെ തെളി​വാണ്‌ അരമാ​യ​യിൽനിന്ന്‌ കടം​കൊണ്ട ബർ എന്ന വാക്കു ചേർത്ത, ബർത്തൊലൊമായി, ബർത്തിമായി, ബർന്നബാസ്‌, ബർ-യേശു എന്നിവ​പോ​ലുള്ള പേരുകൾ.

നീ . . . ശിമോ​നാ​ണ​ല്ലോ: ശിമോന്‌ അഞ്ച്‌ പേരുകൾ ഉള്ളതായി തിരു​വെ​ഴു​ത്തു​ക​ളിൽ കാണാം. (മത്ത 4:18; 10:2 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) ഒരുപക്ഷേ യേശു ഇപ്പോൾ ശിമോ​നെ ആദ്യമാ​യി കാണു​ക​യാണ്‌. ഈ അവസര​ത്തിൽ യേശു അദ്ദേഹ​ത്തി​നു കേഫ (കേഫാസ്‌) എന്ന അരമാ​യ​പേര്‌ നൽകുന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇയ്യ 30:6; യിര 4:29 എന്നീ വാക്യ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന കെഫിം (പാറകൾ) എന്ന എബ്രാ​യ​പ​ദ​ത്തോ​ടു ബന്ധമുള്ള ഒരു പേരാണ്‌ ഇത്‌. ഈ സുവി​ശേഷം എഴുതിയ യോഹ​ന്നാൻ ഇവിടെ, കേഫ എന്ന പേരി​നൊ​പ്പം, പരിഭാ​ഷ​പ്പെ​ടു​ത്തു​മ്പോൾ “പത്രോസ്‌” എന്ന വിശദീ​ക​ര​ണ​വും നൽകുന്നു. “പത്രോസ്‌” എന്ന ഈ ഗ്രീക്കു​പേ​രി​ന്റെ അർഥവും “പാറക്ക​ഷണം” എന്നാണ്‌. തിരു​വെ​ഴു​ത്തു​ക​ളിൽ ശിമോ​ന​ല്ലാ​തെ മറ്റാർക്കും ഈ അരമാ​യ​പേ​രോ ഗ്രീക്കു​പേ​രോ ഉള്ളതായി കാണു​ന്നില്ല. നഥനയേൽ “ഒരു കാപട്യ​വു​മി​ല്ലാത്ത” മനുഷ്യ​നാ​ണെന്നു തിരി​ച്ച​റി​യാൻ കഴിഞ്ഞ യേശു​വി​നു (യോഹ 1:47; 2:25) പത്രോസിന്റെ പ്രകൃ​ത​വും മനസ്സി​ലാ​ക്കി​യെ​ടു​ക്കാൻ കഴിഞ്ഞു. പ്രത്യേ​കിച്ച്‌ യേശുവിന്റെ മരണത്തി​നും പുനരു​ത്ഥാ​ന​ത്തി​നും ശേഷം, സഭയെ ശക്തി​പ്പെ​ടു​ത്തു​ക​യും ഉറപ്പി​ച്ചു​നി​റു​ത്തു​ക​യും ചെയ്‌ത​പ്പോൾ പത്രോസ്‌ പാറ​പോ​ലുള്ള ഗുണങ്ങൾ പ്രകടി​പ്പി​ച്ചു.​—ലൂക്ക 22:32; പ്രവൃ 1:15, 16; 15:6-11.

യോഹ​ന്നാൻ: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ പത്രോസ്‌ അപ്പോ​സ്‌ത​ലന്റെ അപ്പനെ യോഹ​ന്നാൻ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ മറ്റു ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ അദ്ദേഹത്തെ യോന എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. മത്ത 16:17-ൽ യേശു പത്രോ​സി​നെ ‘യോന​യു​ടെ മകനായ ശിമോൻ’ എന്നാണു വിളി​ച്ചത്‌. (മത്ത 16:17-ന്റെ പഠനക്കു​റി​പ്പു കാണുക.) യോഹ​ന്നാൻ എന്നതിന്റെ എബ്രാ​യ​പേര്‌ ഗ്രീക്കിൽ രണ്ടു രീതി​യിൽ എഴുതാം. അതിൽനി​ന്നാ​യി​രി​ക്കാം യോഹ​ന്നാൻ, യോന എന്നീ രണ്ടു പേരുകൾ വന്നതെന്നു ചില പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

നഥനയേൽ: “ദൈവ​മാ​ണു തന്നത്‌” എന്ന്‌ അർഥം​വ​രുന്ന ഒരു എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌. യേശു​വി​ന്റെ 12 അപ്പോ​സ്‌ത​ല​ന്മാ​രിൽ ഒരാളായ ബർത്തൊ​ലൊ​മാ​യി​യു​ടെ മറ്റൊരു പേരാ​യി​രി​ക്കാം ഇത്‌. (മത്ത 10:3) “തൊൽമാ​യി​യു​ടെ മകൻ” എന്ന്‌ അർഥം​വ​രുന്ന ബർത്തൊ​ലൊ​മാ​യി എന്ന പദം അദ്ദേഹ​ത്തി​ന്റെ അപ്പന്റെ പേരിൽനിന്ന്‌ വന്ന ഒരു വിളി​പ്പേ​രാ​യി​രു​ന്നു. നഥന​യേ​ലിന്‌ അത്തര​മൊ​രു പേരു​ണ്ടാ​യി​രു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. കാരണം മറ്റുള്ള​വർക്കും അത്തരം പേരുകൾ ഉണ്ടായി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ബർത്തി​മാ​യി എന്ന പേരിന്റെ അർഥം തിമാ​യി​യു​ടെ മകൻ എന്നാണ്‌. ബൈബി​ളിൽ അദ്ദേഹ​ത്തി​ന്റെ മറ്റു പേരു​ക​ളൊ​ന്നും കാണു​ന്നു​മില്ല. (മർ 10:46) മത്തായി​യും മർക്കോ​സും ലൂക്കോ​സും ബർത്തൊ​ലൊ​മാ​യി​യെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്തെ​ല്ലാം ഫിലി​പ്പോ​സി​നെ​ക്കു​റി​ച്ചും പറയു​ന്ന​താ​യി കാണാം. യോഹ​ന്നാ​നാ​കട്ടെ നഥന​യേ​ലി​നെ​യാ​ണു ഫിലി​പ്പോ​സു​മാ​യി ചേർത്തു​പ​റ​യു​ന്നത്‌. ബർത്തൊ​ലൊ​മാ​യി​യും നഥന​യേ​ലും ഒരാൾത​ന്നെ​യാണ്‌ എന്നതിന്റെ മറ്റൊരു തെളി​വാണ്‌ ഇത്‌. (മത്ത 10:3; മർ 3:18; ലൂക്ക 6:14; യോഹ 1:45, 46) ഒരാൾക്ക്‌ ഒന്നില​ധി​കം പേരു​ണ്ടാ​യി​രി​ക്കു​ന്നത്‌ അക്കാലത്ത്‌ സാധാ​ര​ണ​മാ​യി​രു​ന്നു.​—യോഹ 1:42.

മോശ​യു​ടെ നിയമ​ത്തി​ലും പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളി​ലും: സുവി​ശേ​ഷ​ങ്ങ​ളിൽ പലയി​ട​ത്തും കാണുന്ന, ‘നിയമ​ത്തി​ലും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളി​ലും’ എന്നതു​പോ​ലുള്ള പദപ്ര​യോ​ഗ​ങ്ങ​ളോട്‌ ഇതിനു സമാന​ത​യുണ്ട്‌. (മത്ത 5:17; 7:12; 11:13; 22:40; ലൂക്ക 16:16) ഇവിടെ ‘നിയമം’ എന്ന പദം ഉൽപത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപു​സ്‌ത​ക​ങ്ങ​ളെ​യും ‘പ്രവാ​ച​ക​പു​സ്‌ത​കങ്ങൾ’ എന്ന പദം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ എല്ലാ പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളെ​യും കുറി​ക്കു​ന്നു. എന്നാൽ ഇവ രണ്ടും ഒന്നിച്ച്‌ ഉപയോ​ഗി​ക്കു​മ്പോൾ അതു സാധ്യ​ത​യ​നു​സ​രിച്ച്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ എല്ലാ പുസ്‌ത​ക​ങ്ങ​ളെ​യു​മാ​ണു കുറി​ക്കു​ന്നത്‌. ഈ ശിഷ്യ​ന്മാർ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കൾ നന്നായി പഠിച്ചി​രു​ന്നു എന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. ഒരുപക്ഷേ ഫിലി​പ്പോ​സി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഉൽ 3:15; 22:18; 49:10; ആവ 18:18; യശ 9:6, 7; 11:1; യിര 33:15; യഹ 34:23; മീഖ 5:2; സെഖ 6:12; മല 3:1 എന്നീ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളാ​യി​രി​ക്കാം. വാസ്‌ത​വ​ത്തിൽ, മുഴു എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളും യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷി​പ​റ​യു​ന്നു എന്നു സൂചി​പ്പി​ക്കുന്ന ധാരാളം ബൈബിൾവാ​ക്യ​ങ്ങ​ളുണ്ട്‌.​—ലൂക്ക 24:27, 44; യോഹ 5:39, 40; പ്രവൃ 10:43; വെളി 19:10.

നസറെ​ത്തിൽനിന്ന്‌ എന്തു നന്മ വരാനാണ്‌: നസറെത്ത്‌, ഗലീല​പ്ര​ദേ​ശ​ത്തു​തന്നെ താമസി​ച്ചി​രു​ന്ന​വർപോ​ലും വലിയ വിലക​ല്‌പി​ക്കാ​തി​രുന്ന ഒരു ചെറിയ ഗ്രാമ​മാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ നഥനയേൽ ഇങ്ങനെ പറഞ്ഞ​തെന്നു പലരും കരുതു​ന്നു. (യോഹ 21:2) കാരണം നസറെ​ത്തി​നു തൊട്ട​ടു​ത്തുള്ള യാഫീ​യ​യെ​ക്കു​റിച്ച്‌ (നസറെ​ത്തിന്‌ ഏതാണ്ട്‌ 3 കി.മീ. തെക്കു​പ​ടി​ഞ്ഞാ​റാ​യി സ്ഥിതി ചെയ്യുന്നു.) യോശ 19:12-ലും ജോസീ​ഫ​സി​ന്റെ രേഖക​ളി​ലും പറയു​ന്നു​ണ്ടെ​ങ്കി​ലും നസറെ​ത്തി​നെ​ക്കു​റിച്ച്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലോ ജോസീ​ഫ​സി​ന്റെ രേഖക​ളി​ലോ കാണു​ന്നില്ല. എന്നാൽ ഗലീല​പ്ര​ദേ​ശത്തെ എല്ലാ നഗരങ്ങ​ളെ​ക്കു​റി​ച്ചും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലോ ജോസീ​ഫ​സി​ന്റെ രേഖക​ളി​ലോ പറയു​ന്നി​ല്ലെന്ന കാര്യം ഓർക്കുക. ഇനി, സുവി​ശേ​ഷങ്ങൾ എല്ലായ്‌പോ​ഴും നസറെ​ത്തി​നെ ‘നഗരം’ (ഗ്രീക്കിൽ പൊലിസ്‌) എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌ എന്നതും ശ്രദ്ധേ​യ​മാണ്‌. (മത്ത 2:23; ലൂക്ക 1:26; 2:4, 39; 4:29) ഗ്രാമ​ത്തെ​ക്കാൾ ജനവാ​സ​മുള്ള സ്ഥലങ്ങ​ളെ​യാ​ണു പൊതു​വേ നഗരം എന്നു വിളി​ച്ചി​രു​ന്നത്‌. നസറെത്ത്‌ ഒരു മലയടി​വാ​ര​ത്തി​ലാ​യി​രു​ന്നു. എസ്‌​ഡ്രേ​ലോൺ (ജസ്രീൽ) സമതല​ത്തിന്‌ അഭിമു​ഖ​മാ​യി അൽപ്പം ഉയരത്തിൽ സ്ഥിതി ചെയ്‌തി​രുന്ന ആ നഗരത്തി​നു ചുറ്റും കുന്നു​ക​ളു​ണ്ടാ​യി​രു​ന്നു. നല്ല ജനവാ​സ​മു​ണ്ടാ​യി​രുന്ന ഈ പ്രദേ​ശ​ത്തിന്‌ അടുത്ത്‌ ധാരാളം നഗരങ്ങ​ളും പട്ടണങ്ങ​ളും ഉണ്ടായി​രു​ന്നു. പ്രധാ​ന​പ്പെട്ട പല വാണി​ജ്യ​പാ​ത​ക​ളും നസറെ​ത്തിന്‌ അടുത്തു​കൂ​ടെ പോയി​രു​ന്ന​തു​കൊണ്ട്‌ അവിട​ത്തു​കാർക്ക്‌ അക്കാലത്തെ സാമൂ​ഹിക-മത-രാഷ്‌ട്രീയ സംഭവ​വി​കാ​സ​ങ്ങ​ളെ​ക്കു​റിച്ച്‌ എളുപ്പ​ത്തിൽ വിവരങ്ങൾ കിട്ടി​യി​രു​ന്നി​രി​ക്കാം. (ലൂക്ക 4:23 താരത​മ്യം ചെയ്യുക.) നസറെ​ത്തിൽ ഒരു സിന​ഗോ​ഗും ഉണ്ടായി​രു​ന്നു. (ലൂക്ക 4:16) നസറെത്ത്‌ അത്ര പ്രാധാ​ന്യ​മി​ല്ലാത്ത ഗ്രാമ​മ​ല്ലാ​യി​രു​ന്നെ​ന്നാണ്‌ ഇതെല്ലാം സൂചി​പ്പി​ക്കു​ന്നത്‌. എങ്കിൽപ്പി​ന്നെ മിശിഹ നസറെ​ത്തിൽനി​ന്നുള്ള ഒരാളാ​ണെന്നു ഫിലി​പ്പോസ്‌ നഥന​യേ​ലി​നോ​ടു പറഞ്ഞ​പ്പോൾ അദ്ദേഹം ആശ്ചര്യ​പ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കാം? മിശിഹ യഹൂദ​യി​ലെ ഒരു “ഗ്രാമ​മായ” ബേത്ത്‌ലെ​ഹെ​മിൽനി​ന്നാ​യി​രി​ക്കും വരിക​യെന്നു തിരു​വെ​ഴു​ത്തു​കൾ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രു​ന്ന​തു​കൊണ്ട്‌, ഗലീല​യി​ലെ തങ്ങളുടെ അയൽന​ഗ​ര​മായ നസറെ​ത്തിൽനി​ന്നുള്ള ഒരാളാ​ണു മിശിഹ എന്നു കേട്ട​പ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ നഥന​യേ​ലിന്‌ അത്‌ ഉൾക്കൊ​ള്ളാ​നാ​യില്ല.​—യോഹ 7:42, 52; മീഖ 5:2.

ഒരു കാപട്യ​വു​മി​ല്ലാത്ത തനി ഇസ്രാ​യേ​ല്യൻ: യാക്കോ​ബി​ന്റെ പിൻത​ല​മു​റ​ക്കാ​രെ​ല്ലാം ഇസ്രാ​യേ​ല്യ​രാ​യി​രു​ന്നു. അതു​കൊണ്ട്‌ നഥനയേൽ ഇസ്രാ​യേൽവം​ശ​ത്തിൽപ്പെ​ട്ടവൻ ആണെന്നു സൂചി​പ്പി​ക്കാൻ മാത്രമല്ല യേശു ഇതു പറഞ്ഞ​തെന്നു വ്യക്തം. “ദൈവ​ത്തോ​ടു പോരാ​ടു​ന്നവൻ (മടുത്തു​പോ​കാ​ത്തവൻ)” എന്ന്‌ അർഥം വരുന്ന ഇസ്രാ​യേൽ എന്ന പേര്‌ യാക്കോ​ബി​നു ലഭിച്ചത്‌ അദ്ദേഹം അനു​ഗ്ര​ഹ​ത്തി​നാ​യി ഒരു ദൂത​നോ​ടു മല്‌പി​ടി​ത്തം നടത്തി​യ​ശേ​ഷ​മാ​യി​രു​ന്നു. വിശു​ദ്ധ​കാ​ര്യ​ങ്ങളെ വിലമ​തി​ച്ചി​രു​ന്ന​വ​നും ദൈവ​ത്തി​ന്റെ പ്രീതി നേടാ​നാ​യി കഠിന​ശ്രമം ചെയ്യാൻ ഒരുക്ക​മു​ള്ള​വ​നും ആയിരുന്ന യാക്കോബ്‌ തന്റെ സഹോ​ദ​ര​നായ ഏശാവി​നെ​പ്പോ​ലെ അല്ലായി​രു​ന്നു. (ഉൽ 32:22-28; എബ്ര 12:16) ചുരു​ക്ക​ത്തിൽ, യേശു നഥന​യേ​ലി​നെ ഇസ്രാ​യേ​ല്യൻ എന്നു വിളി​ച്ചത്‌ അദ്ദേഹം ജനനം​കൊണ്ട്‌ ഒരു ഇസ്രാ​യേ​ല്യ​നാ​യ​തു​കൊണ്ട്‌ മാത്രമല്ല, തന്റെ പൂർവി​ക​നായ യാക്കോ​ബി​ന്റെ അതേ വിശ്വാ​സ​വും ദൈ​വേഷ്ടം ചെയ്യാ​നുള്ള മനസ്സൊ​രു​ക്ക​വും അദ്ദേഹ​ത്തിന്‌ ഉണ്ടായി​രു​ന്ന​തു​കൊ​ണ്ടും​കൂ​ടി​യാണ്‌. ഇനി നഥന​യേ​ലിൽ കാപട്യ​ത്തി​ന്റെ​യോ വഞ്ചനയു​ടെ​യോ ഒരു കണിക​പോ​ലും ഇല്ലായി​രു​ന്നെന്ന സൂചന​യും യേശു​വി​ന്റെ വാക്കു​ക​ളി​ലുണ്ട്‌ (ഇതു പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ സങ്ക 32:2-ലെ വാക്കു​ക​ളാ​യി​രി​ക്കാം.).

ഇതി​നെ​ക്കാ​ളെ​ല്ലാം വലിയ കാര്യങ്ങൾ നീ കാണും: അധികം വൈകാ​തെ ഈ വാക്കുകൾ നഥന​യേ​ലി​ന്റെ കൺമു​ന്നിൽ നിറ​വേ​റി​ത്തു​ടങ്ങി. തന്റെ സ്വദേ​ശ​മായ ഗലീല​യി​ലെ കാനാ​യിൽവെച്ച്‌ നഥനയേൽ യേശു​വി​ന്റെ ആദ്യത്തെ അത്ഭുത​ത്തി​നു സാക്ഷി​യാ​യി. അവിടെ ഒരു വിവാ​ഹ​വി​രു​ന്നിൽവെച്ച്‌ യേശു വെള്ളത്തെ മേത്തരം വീഞ്ഞാ​ക്കി​മാ​റ്റു​ന്നതു നഥനയേൽ കണ്ടു. (യോഹ 2:1-11; 21:2) പിന്നീട്‌ അപ്പോ​സ്‌ത​ല​ന്മാ​രാ​യി നിയമി​ത​രായ നഥന​യേ​ലും മറ്റു 11 പേരും, യേശു രോഗി​കളെ സുഖ​പ്പെ​ടു​ത്തു​ന്ന​തും ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തും മരിച്ച​വരെ ഉയിർപ്പി​ക്കു​ന്ന​തു​പോ​ലും നേരിൽ കണ്ടു. എന്നാൽ ഇത്തരം അത്ഭുത​ങ്ങൾക്കു സാക്ഷി​ക​ളാ​യ​തി​നു പുറമേ, അത്ഭുതങ്ങൾ ചെയ്യാ​നും “സ്വർഗ​രാ​ജ്യം അടുത്തി​രി​ക്കു​ന്നു” എന്നു പ്രഖ്യാ​പി​ക്കാ​നും അവർക്കു​ത​ന്നെ​യും ശക്തി ലഭിച്ചു.​—മത്ത 10:1-8.

മനുഷ്യ​പു​ത്രൻ: അഥവാ “മനുഷ്യ​ന്റെ പുത്രൻ.” ഈ പദപ്ര​യോ​ഗം സുവി​ശേ​ഷ​ങ്ങ​ളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേ​ഷി​പ്പി​ച്ച​തി​ലൂ​ടെ, താൻ ഒരു സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച യഥാർഥ​മ​നു​ഷ്യ​നാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ആദാമി​നു പകരം​വെ​ക്കാൻ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​നാ​ണെ​ന്നും യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം. അങ്ങനെ മനുഷ്യ​കു​ലത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. (റോമ 5:12, 14, 15) ഈ പദപ്ര​യോ​ഗം, യേശു​ത​ന്നെ​യാ​ണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരി​ച്ച​റി​യി​ച്ചു.​—ദാനി 7:13, 14. പദാവലി കാണുക.

ആകാശം: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിന്‌, ആകാശ​ത്തെ​യോ ആത്മവ്യ​ക്തി​കൾ വസിക്കുന്ന സ്വർഗ​ത്തെ​യോ അർഥമാ​ക്കാ​നാ​കും.

ദൈവ​ദൂ​ത​ന്മാർ: അഥവാ “സന്ദേശ​വാ​ഹകർ.” ഈ വാക്യ​ത്തിൽ “ദൂതന്മാർ” എന്നതിന്റെ ഗ്രീക്കു​പദം ആൻഗ​ലൊസ്‌ ആണ്‌. ബൈബി​ളിൽ ഈ ഗ്രീക്കു​പ​ദ​വും അതിനു തത്തുല്യ​മായ മലാഖ്‌ എന്ന എബ്രാ​യ​പ​ദ​വും മൊത്തം 400-ഓളം പ്രാവ​ശ്യം കാണു​ന്നുണ്ട്‌. രണ്ടു പദങ്ങളു​ടെ​യും അടിസ്ഥാ​നാർഥം “സന്ദേശ​വാ​ഹകൻ” എന്നാണ്‌. ആത്മവ്യ​ക്തി​ക​ളായ സന്ദേശ​വാ​ഹ​ക​രെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഈ പദം “ദൈവ​ദൂ​ത​ന്മാർ,” “ദൂതന്മാർ” എന്നൊ​ക്കെ​യാ​ണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. മനുഷ്യ​സ​ന്ദേ​ശ​വാ​ഹ​ക​രെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ അതു “സന്ദേശ​വാ​ഹകർ” എന്നും “ദൂതന്മാർ” എന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. സന്ദേശ​വാ​ഹകർ മനുഷ്യ​രാ​ണോ ദൈവ​ദൂ​ത​ന്മാ​രാ​ണോ എന്നതു സന്ദർഭ​ത്തിൽനിന്ന്‌ വ്യക്തമാ​കും. എന്നാൽ ഈ രണ്ട്‌ അർഥവും വരാവു​ന്നി​ടത്ത്‌ അതിൽ ഒരെണ്ണം മിക്ക​പ്പോ​ഴും അടിക്കു​റി​പ്പിൽ കൊടു​ത്തി​ട്ടു​ണ്ടാ​കും. (ഉൽ 16:7; 32:3; ഇയ്യ 4:18, അടിക്കു​റിപ്പ്‌; 33:23, അടിക്കു​റിപ്പ്‌; സഭ 5:6, അടിക്കു​റിപ്പ്‌; യശ 63:9, അടിക്കു​റിപ്പ്‌; മത്ത 1:20; യാക്ക 2:25; വെളി 22:8; പദാവ​ലി​യിൽ “ദൈവ​ദൂ​തൻ” കാണുക.) ആലങ്കാ​രി​ക​ഭാ​ഷ​യിൽ കാര്യങ്ങൾ വർണി​ച്ചി​രി​ക്കുന്ന വെളി​പാട്‌ പുസ്‌ത​ക​ത്തിൽ ദൈവ​ദൂ​ത​ന്മാ​രെ​ക്കു​റിച്ച്‌ പറയുന്ന ചില ഭാഗങ്ങൾ സാധ്യ​ത​യ​നു​സ​രിച്ച്‌ മനുഷ്യർക്കും ബാധക​മാണ്‌.​—വെളി 2:1, 8, 12, 18; 3:1, 7, 14.

മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കു​റി​പ്പു കാണുക.

മനുഷ്യ​പു​ത്രന്റെ അടു​ത്തേക്ക്‌: അഥവാ “മനുഷ്യ​പു​ത്രനു സേവനം ചെയ്‌തു​കൊ​ടു​ക്കാൻ.” ദൈവ​ദൂ​ത​ന്മാർ കയറി​പ്പോ​കു​ന്ന​തും . . . ഇറങ്ങി​വ​രു​ന്ന​തും കാണും എന്നു പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌, ദൈവ​ദൂ​ത​ന്മാ​രെ​ക്കു​റിച്ച്‌ യാക്കോബ്‌ കണ്ട ദിവ്യ​ദർശ​ന​മാ​യി​രി​ക്കാം. ദൈവ​ദൂ​ത​ന്മാർ ഒരു ഗോവ​ണി​യിൽ (അഥവാ പടികൾ) കയറു​ക​യും ഇറങ്ങു​ക​യും ചെയ്യു​ന്ന​താ​യി യാക്കോബ്‌ അതിൽ കണ്ടു. (ഉൽ 28:12) യഹോ​വ​യ്‌ക്കും യഹോ​വ​യു​ടെ അംഗീ​കാ​ര​മുള്ള മനുഷ്യർക്കും ഇടയിൽ ദൂതന്മാർ പ്രധാ​ന​പ്പെട്ട ഒരു വിധത്തിൽ സേവനം അനുഷ്‌ഠി​ക്കു​ന്നു എന്നാണ്‌ അതു സൂചി​പ്പി​ച്ചത്‌. സമാന​മാ​യി തനിക്കും ദൈവ​ദൂ​ത​ന്മാർ സേവനം ചെയ്‌തു​ത​രു​ന്നുണ്ട്‌ എന്നതിന്റെ തെളി​വു​കൾ തന്നെ അനുഗ​മി​ക്കു​ന്ന​വർക്കു വ്യക്തമാ​യി കാണാ​നാ​കു​മെ​ന്നാ​ണു യേശു ഇവിടെ ഉദ്ദേശി​ച്ചത്‌. യേശു​വി​നു പിതാ​വി​ന്റെ പ്രത്യേ​ക​പ​രി​പാ​ല​ന​വും മാർഗ​നിർദേ​ശ​വും ലഭിക്കു​ന്നു​ണ്ടെന്ന്‌ ആ തെളി​വു​കൾ അവരെ ബോധ്യ​പ്പെ​ടു​ത്തു​മാ​യി​രു​ന്നു.

സത്യം സത്യമാ​യി: ഗ്രീക്കിൽ അമീൻ അമീൻ. “അങ്ങനെ​യാ​കട്ടെ,” “തീർച്ച​യാ​യും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രായപദത്തിന്റെ ലിപ്യ​ന്ത​ര​ണ​മാണ്‌ അമീൻ എന്ന ഗ്രീക്കു​പദം. ഒരു പ്രസ്‌താ​വ​ന​യോ വാഗ്‌ദാ​ന​മോ പ്രവച​ന​മോ ഉച്ചരി​ക്കു​ന്ന​തി​നു മുമ്പ്‌ യേശു പലപ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയ​യോ​ഗ്യ​വും ആണെന്നു കാണി​ക്കാ​നാ​യി​രു​ന്നു അത്‌. വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളിൽ “സത്യമാ​യും” (അമീൻ) എന്ന പദം ഈ രീതി​യിൽ ഉപയോ​ഗി​ച്ചതു യേശു മാത്ര​മാ​ണെന്നു പറയ​പ്പെ​ടു​ന്നു. (മത്ത 5:18; മർ 3:28; ലൂക്ക 4:24) മൂലഭാ​ഷ​യിൽ ഈ പദം അടുത്ത​ടുത്ത്‌ ആവർത്തിച്ച്‌ (അമീൻ അമീൻ) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ യോഹന്നാന്റെ സുവി​ശേ​ഷ​ത്തിൽ മാത്ര​മാണ്‌. 25 സ്ഥലങ്ങളിൽ ഈ പദപ്ര​യോ​ഗം കാണാം. ഈ പരിഭാ​ഷ​യിൽ മിക്കയി​ട​ങ്ങ​ളി​ലും “സത്യം​സ​ത്യ​മാ​യി” എന്നാണ്‌ അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ആ പദപ്ര​യോ​ഗത്തെ “തീർച്ച​യാ​യും,” “ഉറപ്പിച്ച്‌ പറയുന്നു” എന്നൊ​ക്കെ​യും പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. “സത്യമാ​യി (അല്ലെങ്കിൽ “സത്യം സത്യമാ​യി”) ഞാൻ പറയുന്നു” എന്ന പദപ്ര​യോ​ഗത്തെ “ഞാൻ ഉറപ്പിച്ച്‌ പറയുന്നു” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താം.

ദൃശ്യാവിഷ്കാരം

യോഹ​ന്നാ​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ
യോഹ​ന്നാ​ന്റെ പുസ്‌തകം—ആമുഖ​വീ​ഡി​യോ
യോഹ​ന്നാൻ 1:1-ന്റെ സഹിദിക്ക്‌ കോപ്‌ടിക്‌ പരിഭാഷ
യോഹ​ന്നാൻ 1:1-ന്റെ സഹിദിക്ക്‌ കോപ്‌ടിക്‌ പരിഭാഷ

യോഹ​ന്നാ​ന്റെ സുവി​ശേഷം അടങ്ങിയ ഈ കൈ​യെ​ഴു​ത്തു​പ്രതി (ഏതാണ്ട്‌ എ.ഡി. 600-ലേത്‌.) കോപ്‌ടിക്‌ ഭാഷയു​ടെ ഒരു പ്രാ​ദേ​ശിക ഭാഷാ​രൂ​പ​മായ സഹിദി​ക്കി​ലു​ള്ള​താണ്‌. യേശു ഭൂമി​യിൽ ജീവി​ച്ചി​രു​ന്ന​തി​നു തൊട്ട​ടു​ത്തുള്ള നൂറ്റാ​ണ്ടു​ക​ളിൽ ഈജി​പ്‌തിൽ സംസാ​രി​ച്ചി​രുന്ന ഭാഷയാ​ണു കോപ്‌ടിക്‌. സുറി​യാ​നി​യും ലത്തീനും പോലെ, ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​കൾ ആദ്യം വിവർത്തനം ചെയ്‌ത ഭാഷക​ളി​ലൊ​ന്നാണ്‌ ഇത്‌. എ.ഡി. മൂന്നാം നൂറ്റാ​ണ്ടിൽത്തന്നെ കോപ്‌ടിക്‌ പരിഭാ​ഷകൾ ലഭ്യമാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ പരിഭാ​ഷകൾ പരി​ശോ​ധി​ച്ചാൽ അക്കാല​ങ്ങ​ളിൽ ആളുകൾ എങ്ങനെ​യാ​ണു ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ മൂലപാ​ഠം മനസ്സി​ലാ​ക്കി​യി​രു​ന്ന​തെന്ന്‌ അറിയാ​നാ​കും. യോഹ 1:1-ന്റെ അവസാ​ന​ഭാ​ഗ​ത്തെ​ക്കു​റിച്ച്‌ പല തർക്കങ്ങ​ളും നിലവി​ലു​ള്ള​തു​കൊണ്ട്‌ ഈ പരിഭാഷ ശരിക്കും ഒരു സഹായ​മാണ്‌. പല പരിഭാ​ഷ​ക​ളി​ലും ആ ഭാഗം ഇങ്ങനെ​യാ​ണു കാണു​ന്നത്‌: “വചനം ദൈവ​ത്തി​ന്റെ​കൂ​ടെ​യാ​യി​രു​ന്നു. വചനം ദൈവ​മാ​യി​രു​ന്നു.” കൊയ്‌നി ഗ്രീക്കി​ലും സുറി​യാ​നി​യി​ലും ലത്തീനി​ലും ഒക്കെ അനിശ്ചാ​യക ഉപപദം (മലയാ​ള​ത്തി​ലെ “ഒരു” എന്നതി​നോ​ടു ഏതാണ്ട്‌ സമാന​മാ​യത്‌.) ഇല്ലെങ്കി​ലും സഹിദിക്ക്‌ കോപ്‌ടിക്‌ ഭാഷയിൽ അതുണ്ട്‌. ഈ വാക്യ​ത്തിൽ “ദൈവം” എന്നതിന്റെ കോപ്‌ടിക്‌ പദം കാണുന്ന രണ്ടു സ്ഥലങ്ങളാ​ണു ചിത്ര​ത്തിൽ പ്രത്യേ​കം എടുത്തു​കാ​ണി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ അവ തമ്മിൽ ചെറി​യൊ​രു വ്യത്യാ​സ​മുണ്ട്‌: ആദ്യ​ത്തേ​തി​ന്റെ​കൂ​ടെ (1) നിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ കാണി​ച്ചി​രി​ക്കു​ന്നു.) ആണ്‌ കാണു​ന്നത്‌. ഈ പ്രയോ​ഗം സർവശ​ക്ത​നായ ദൈവത്തെ കുറി​ക്കു​ന്നു. രണ്ടാമ​ത്തേ​തി​ന്റെ​കൂ​ടെ (2) അനിശ്ചാ​യക ഉപപദം (ചുവന്ന വട്ടത്തിൽ കാണി​ച്ചി​രി​ക്കു​ന്നു.) ആണ്‌ കാണു​ന്നത്‌. ഈ പ്രയോ​ഗ​ത്തി​നു ദൈവ​ത്വ​മുള്ള ആരെയും കുറി​ക്കാ​നാ​കും. അതു​കൊണ്ട്‌ ആ ഭാഗം അക്ഷരാർഥ​ത്തിൽ മലയാ​ള​ത്തി​ലേക്കു പരിഭാഷ ചെയ്‌താൽ ഇങ്ങനെ വരും: “വചനം (സർവശ​ക്ത​നായ) ദൈവ​ത്തി​ന്റെ​കൂ​ടെ​യാ​യി​രു​ന്നു. വചനം ഒരു ദൈവ​മാ​യി​രു​ന്നു.”​—“വചനം ഒരു ദൈവ​മാ​യി​രു​ന്നു” എന്ന പരിഭാ​ഷ​യെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ യോഹ 1:1-ന്റെ പഠനക്കു​റി​പ്പു കാണുക.

1. നിശ്ചായക ഉപപദം (ചുവന്ന വട്ടത്തിൽ)

2. അനിശ്ചാ​യക ഉപപദം (ചുവന്ന വട്ടത്തിൽ)

യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ രണ്ടാം നൂറ്റാ​ണ്ടി​ലെ കൈ​യെ​ഴു​ത്തു​പ്രതി
യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ രണ്ടാം നൂറ്റാ​ണ്ടി​ലെ കൈ​യെ​ഴു​ത്തു​പ്രതി

ബൈബി​ളി​ന്റെ ഒരു ആദ്യകാല കൈ​യെ​ഴു​ത്തു​പ്ര​തി​യു​ടെ ആദ്യത്തെ പേജാണ്‌ ഇവിടെ കാണി​ച്ചി​രി​ക്കു​ന്നത്‌. പപ്പൈ​റസ്‌ ബോഡ്‌മർ 2 (P66) എന്ന്‌ അറിയ​പ്പെ​ടുന്ന ഈ കൈ​യെ​ഴു​ത്തു​പ്രതി ഏതാണ്ട്‌ എ.ഡി. 200-ലാണ്‌ പകർത്തി​യെ​ഴു​തി ഇത്തരത്തിൽ കോഡ​ക്‌സ്‌ രൂപത്തി​ലാ​ക്കി​യത്‌. യോഹ​ന്നാൻ എഴുതിയ സുവി​ശേ​ഷ​ത്തി​ന്റെ വലി​യൊ​രു ഭാഗം ഈ ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​യിൽ കാണാം. ഇതിന്റെ ആദ്യ​പേജ്‌ തുടങ്ങു​ന്നത്‌, യുഅം​ഗേ​ലി​ഓൻ കറ്റാ യൊവാ​നെൻ (“യോഹ​ന്നാൻ എഴുതിയ സുവി​ശേഷം”) എന്ന ശീർഷ​ക​ത്തോ​ടെ​യാണ്‌ (അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.). തെളി​വ​നു​സ​രിച്ച്‌ ഇതു​പോ​ലുള്ള തലക്കെ​ട്ടു​കൾ മൂലകൃ​തി​ക​ളിൽ ഉണ്ടായി​രു​ന്നില്ല. അവ പിൽക്കാ​ലത്ത്‌ പകർപ്പെ​ഴു​ത്തു​കാർ കൂട്ടി​ച്ചേർത്ത​താണ്‌. എഴുത്തു​കാ​രു​ടെ പേരു​ക​ളോ​ടു​കൂ​ടിയ അത്തരം തലക്കെ​ട്ടു​കൾ പുസ്‌ത​ക​ങ്ങളെ വ്യക്തമാ​യി വേർതി​രി​ച്ച​റി​യാൻ സഹായി​ക്കു​മെന്നു കണ്ടിട്ടാ​യി​രി​ക്കാം അവ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യത്‌.

യോഹന്നാന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ
യോഹന്നാന്റെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ

സാധി​ക്കു​ന്നി​ട​ത്തോ​ളം, സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്ത​ന്നെ​യാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌

ഓരോ സുവി​ശേ​ഷ​ത്തി​ന്റെ​യും ഭൂപട​ത്തിൽ അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു വ്യത്യ​സ്‌ത​മായ സംഭവ​പ​ര​മ്പ​ര​ക​ളാണ്‌

1. യോർദാന്‌ അക്കരെ​യുള്ള ബഥാന്യക്ക്‌ അടുത്തു​വെച്ച്‌ യോഹ​ന്നാൻ യേശു​വി​നെ “ദൈവ​ത്തി​ന്റെ കുഞ്ഞാട്‌” എന്നു വിളി​ക്കു​ന്നു (യോഹ 1:29)

2. ഗലീല​യി​ലെ കാനാ​യിൽ യേശു​വി​ന്റെ ആദ്യത്തെ അത്ഭുതം (യോഹ 2:3, 7-9, 11)

3. യേശു​വി​ന്റെ ആദ്യത്തെ ദേവാ​ല​യ​ശു​ദ്ധീ​ക​രണം (യോഹ 2:13-15)

4. യേശു യഹൂദ്യ​യി​ലെ നാട്ടിൻപു​റ​ത്തേക്കു പോകു​ന്നു; യേശു​വി​ന്റെ ശിഷ്യ​ന്മാർ ആളുകളെ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു; ഐനോ​നിൽവെച്ച്‌ യോഹ​ന്നാൻ സ്‌നാ​ന​പ്പെ​ടു​ത്തു​ന്നു (യോഹ 3:22, 23)

5. സുഖാ​റി​ലെ യാക്കോ​ബി​ന്റെ കിണറിന്‌ അടുത്തു​വെച്ച്‌ യേശു ഒരു ശമര്യ​ക്കാ​രി​യോ​ടു സംസാ​രി​ക്കു​ന്നു (യോഹ 4:4-7, 14, 19, 20)

6. അകലെ​യാ​യി​രു​ന്നി​ട്ടും യേശു ഒരു ഉദ്യോ​ഗ​സ്ഥന്റെ മകനെ സുഖ​പ്പെ​ടു​ത്തു​ന്നു, ഗലീല​യി​ലെ കാനാ​യിൽവെച്ച്‌ യേശു കാണിച്ച രണ്ടാമത്തെ അടയാ​ള​മാ​യി​രു​ന്നു ഇത്‌ (യോഹ 4:46, 47, 50-54)

7. യരുശ​ലേ​മി​ലെ ബേത്‌സഥ കുളത്തിന്‌ അടുത്തു​വെച്ച്‌ യേശു ഒരു രോഗി​യെ സുഖ​പ്പെ​ടു​ത്തു​ന്നു (യോഹ 5:2-5, 8, 9)

8. ഗലീല​ക്ക​ട​ലി​ന്റെ വടക്കു​കി​ഴക്കൻ ഭാഗം; 5,000-ത്തോളം പുരു​ഷ​ന്മാ​രെ അത്ഭുത​ക​ര​മാ​യി പോഷി​പ്പിച്ച യേശു​വി​നെ ആളുകൾ രാജാ​വാ​ക്കാൻ നോക്കു​ന്നു (മത്ത 14:19-21; യോഹ 6:10, 14, 15)

9. കഫർന്ന​ഹൂ​മി​ലെ ഒരു സിന​ഗോ​ഗിൽവെച്ച്‌ താൻ “ജീവന്റെ അപ്പം” ആണെന്നു യേശു പറയുന്നു; പലർക്കും അത്‌ ഇഷ്ടമാ​യില്ല (യോഹ 6:48, 54, 59, 66)

10. ശിലോ​ഹാം കുളത്തിന്‌ അടുത്തു​വെച്ച്‌ യേശു ജന്മനാ അന്ധനായ ഒരാളെ സുഖ​പ്പെ​ടു​ത്തു​ന്നു (യോഹ 9:1-3, 6, 7)

11. ദേവാ​ല​യ​ത്തി​ലെ ശലോ​മോ​ന്റെ മണ്ഡപത്തിൽവെച്ച്‌ ജൂതന്മാർ യേശു​വി​നെ കല്ല്‌ എറിയാൻ നോക്കു​ന്നു (യോഹ 10:22, 23, 31)

12. ജൂതന്മാർ പിടി​ക്കാൻ ശ്രമി​ച്ച​പ്പോൾ യേശു, യോഹ​ന്നാൻ ആദ്യം സ്‌നാ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടി​രുന്ന സ്ഥലത്തേക്കു പോകു​ന്നു; യോർദാന്‌ അക്കരെ​യുള്ള പലരും യേശു​വിൽ വിശ്വ​സി​ക്കു​ന്നു (യോഹ 10:39-42)

13. ബഥാന്യ​യിൽവെച്ച്‌ യേശു ലാസറി​നെ ഉയിർപ്പി​ക്കു​ന്നു (യോഹ 11:38, 39, 43, 44)

14. യരുശ​ലേ​മി​ലെ ജൂതന്മാർ തന്നെ കൊല്ലാൻ ഗൂഢാ​ലോ​ചന തുടങ്ങി​യ​പ്പോൾ യേശു വിജന​ഭൂ​മിക്ക്‌ അരി​കെ​യുള്ള എഫ്രയീം നഗരത്തി​ലേക്കു പോകു​ന്നു (യോഹ 11:53, 54)

15. യേശു കഴുത​പ്പു​റ​ത്തേറി ബേത്ത്‌ഫാ​ഗ​യിൽനിന്ന്‌ വരുന്നു, വിജയ​ശ്രീ​ലാ​ളി​ത​നാ​യി യരുശ​ലേ​മിൽ പ്രവേ​ശി​ക്കു​ന്നു (മത്ത 21:1, 7-10; മർ 11:1, 7-11; ലൂക്ക 19:29, 30, 35, 37, 38; യോഹ 12:12-15)

16. യേശു ശിഷ്യ​ന്മാ​രോ​ടൊ​പ്പം കി​ദ്രോൻ താഴ്വര കടന്ന്‌ ഗത്ത്‌ശെ​മ​ന​യി​ലേക്കു പോകു​ന്നു (മത്ത 26:30; മർ 14:26; ലൂക്ക 22:39; യോഹ 18:1)

17. ഗത്ത്‌ശെമന തോട്ട​ത്തിൽവെച്ച്‌ യൂദാസ്‌ യേശു​വി​നെ ഒറ്റി​ക്കൊ​ടു​ക്കു​ന്നു; യേശു​വി​നെ അറസ്റ്റ്‌ ചെയ്യുന്നു (മത്ത 26:47-50; മർ 14:43-46; ലൂക്ക 22:47, 48, 54; യോഹ 18:2, 3, 12)

18. ഗവർണ​റു​ടെ കൊട്ടാ​ര​ത്തിൽവെച്ച്‌ യേശു​വി​നെ ചാട്ടയ്‌ക്ക്‌ അടിപ്പി​ക്കു​ന്നു, കളിയാ​ക്കു​ന്നു (മത്ത 27:26-29; മർ 15:15-20; യോഹ 19:1-3)

19. ഗൊൽഗോ​ഥ​യിൽവെച്ച്‌ യേശു​വി​നെ സ്‌തം​ഭ​ത്തിൽ തറയ്‌ക്കു​ന്നു (മത്ത 27:33-36; മർ 15:22-25; ലൂക്ക 23:33; യോഹ 19:17, 18)

20. പുനരു​ത്ഥാ​ന​പ്പെട്ട യേശു കല്ലറയ്‌ക്ക്‌ അടുത്തുള്ള തോട്ട​ത്തിൽവെച്ച്‌ മഗ്‌ദ​ല​ക്കാ​രി മറിയ​യ്‌ക്കു പ്രത്യ​ക്ഷ​പ്പെ​ടു​ന്നു (മത്ത 28:1, 5, 6, 8, 9; യോഹ 20:11, 12, 15-17)

21. ഗലീല​ക്ക​ടൽത്തീ​ര​ത്തു​വെച്ച്‌ യേശു ശിഷ്യ​ന്മാർക്കു പ്രത്യ​ക്ഷ​നാ​കു​ന്നു; താൻ യേശു​വി​നെ സ്‌നേ​ഹി​ക്കു​ന്നെന്നു പത്രോസ്‌ ഉറപ്പു കൊടു​ക്കു​ന്നു (യോഹ 21:12-15)