ലൂക്കോസ് എഴുതിയത് 24:1-53
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ആഴ്ചയുടെ ഒന്നാം ദിവസം: മത്ത 28:1-ന്റെ പഠനക്കുറിപ്പു കാണുക.
കർത്താവായ യേശുവിന്റെ: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
യേശു ഇവിടെയില്ല, ഉയിർപ്പിക്കപ്പെട്ടിരിക്കുന്നു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
സ്തംഭത്തിലേറ്റുക: അഥവാ “ഒരു സ്തംഭത്തിൽ (തൂണിൽ) ബന്ധിക്കുക.”—മത്ത 20:19-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ദണ്ഡനസ്തംഭം;” “സ്തംഭം” എന്നിവയും കാണുക.
കല്ലറയിൽനിന്ന്: ചില കൈയെഴുത്തുപ്രതികളിൽ ഈ പദം കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
. . . അവിടെനിന്ന് പോന്നു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്യം കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏകദേശം 11 കിലോമീറ്റർ: ഏകദേശം ഏഴു മൈൽ. അക്ഷ. “60 സ്റ്റേഡിയം.” ഒരു റോമൻ സ്റ്റേഡിയം 185 മീറ്റർ (606.95 അടി) വരും.—പദാവലിയിൽ “മൈൽ” എന്നതും അനു ബി14-ഉം കാണുക.
വ്യാഖ്യാനിച്ചുകൊടുത്തു: ഇവിടെ കാണുന്ന ഡയർമെനിയുഓ എന്ന ഗ്രീക്കുപദത്തിന് “ഒരു ഭാഷയിൽനിന്ന് മറ്റൊന്നിലേക്കു പരിഭാഷപ്പെടുത്തുക” എന്ന് അർഥം വരാം. (1കൊ 12:30, അടിക്കുറിപ്പ്) എന്നാൽ അതേ പദത്തിന് “അർഥം വ്യക്തമാക്കുക; നന്നായി വിശദീകരിക്കുക” എന്നൊക്കെയും അർഥമുണ്ട്. ഈ വാക്യത്തിൽ, പ്രവചനങ്ങളുടെ അർഥം വ്യാഖ്യാനിച്ചുകൊടുക്കുക എന്ന അർഥത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത്.
അവരോട്, “നിങ്ങൾക്കു സമാധാനം” എന്നു പറഞ്ഞു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ആത്മവ്യക്തി: ഇവിടെ കാണുന്ന ന്യൂമ എന്ന ഗ്രീക്കുപദത്തിന് അദൃശ്യരായ ആത്മവ്യക്തികളെ കുറിക്കാനാകുമെങ്കിലും ശിഷ്യന്മാർ ആ പദം ഉപയോഗിച്ചതു തങ്ങൾ ഒരു മായക്കാഴ്ചയോ ദർശനമോ കാണുകയാണ് എന്ന അർഥത്തിലായിരിക്കാം. അതുകൊണ്ട് തന്റെ കൈകളും കാലുകളും ശിഷ്യന്മാരെ കാണിച്ചിട്ട് യേശു പറഞ്ഞു: “എന്നെ തൊട്ടുനോക്കൂ. ഒരു ആത്മവ്യക്തിക്കു നിങ്ങൾ ഈ കാണുന്നതുപോലെ മാംസവും അസ്ഥികളും ഇല്ലല്ലോ.” (ലൂക്ക 24:39) യേശു ഇങ്ങനെ ചെയ്തത്, താൻ ഇപ്പോൾ ശരിക്കും ഒരു മനുഷ്യശരീരം സ്വീകരിച്ചിരിക്കുന്നു എന്നു ശിഷ്യന്മാർക്കു കാണിച്ചുകൊടുക്കാനാണ്. പണ്ടു ദൈവദൂതന്മാരും ഇങ്ങനെ ചെയ്തതായി രേഖയുണ്ട്.—ഉൽ 18:1-8; 19:1-3.
എന്റെ കൈകളും കാലുകളും: കുറ്റക്കാരായി കണ്ടെത്തുന്നവരുടെ കൈകൾ (സാധ്യതയനുസരിച്ച് കാലുകളും) സ്തംഭത്തിൽ ആണിയടിച്ചുറപ്പിക്കുന്നതു റോമാക്കാരുടെ ഒരു രീതിയായിരുന്നു. യേശുവിന്റെ കാര്യത്തിലും അതാണു സംഭവിച്ചത്. (സങ്ക 22:16; യോഹ 20:25, 27; കൊലോ 2:14) യേശുവിന്റെ കാലുകൾ ഒന്നോ അതിലധികമോ ആണികൾ ഉപയോഗിച്ച് സ്തംഭത്തിൽത്തന്നെയോ അതിൽ പിടിപ്പിച്ച ചെറിയൊരു തട്ടിലോ തറച്ചിരിക്കാമെന്നു ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു.
. . . അവരെ കാണിച്ചു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്യം കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
മീൻ: പിൽക്കാലത്തെ ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “മീൻ” എന്നതിനു പകരം “മീനും ഒരു തേനടയും” എന്നാണു കാണുന്നതെങ്കിലും ആധികാരികമായ പുരാതന കൈയെഴുത്തുപ്രതികളിൽ തേനടയെക്കുറിച്ച് പറഞ്ഞിട്ടില്ല.
മോശയുടെ നിയമത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും: ദൈവപ്രചോദിതമായ എബ്രായതിരുവെഴുത്തുകളെ മുഴുവനും ഉദ്ദേശിച്ചാണു യേശു ഈ വാക്കുകൾ പറഞ്ഞത്. ജൂതന്മാർ അംഗീകരിച്ച, അവർക്കു സ്വീകാര്യമായ രീതിയനുസരിച്ച് യേശു ഇവിടെ മുഴു എബ്രായതിരുവെഴുത്തുകളെയും മൂന്നായി തരംതിരിക്കുകയായിരുന്നു എന്നു വേണം കരുതാൻ. ‘നിയമം‘ (എബ്രായയിൽ, തോറാ) എന്ന പദം കുറിക്കുന്നത് ഉൽപത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപുസ്തകങ്ങളെയാണ്. ‘പ്രവാചകപുസ്തകങ്ങൾ’ (എബ്രായയിൽ, നെവിം) എന്ന പദപ്രയോഗം കുറിക്കുന്നതാകട്ടെ എബ്രായതിരുവെഴുത്തുകളിലെ പ്രവാചകപുസ്തകങ്ങളെയും. അതിൽ ‘മുൻകാലപ്രവാചകന്മാരുടേത്’ എന്നു വിളിപ്പേരുള്ള പുസ്തകങ്ങളും (യോശുവ മുതൽ രാജാക്കന്മാർ വരെയുള്ള ബൈബിൾപുസ്തകങ്ങൾ) ഉൾപ്പെടും. ‘സങ്കീർത്തനങ്ങൾ’ എന്ന് അറിയപ്പെടുന്ന മൂന്നാം ഭാഗം, എബ്രായതിരുവെഴുത്തുകളിലെ മറ്റെല്ലാ പുസ്തകങ്ങളും ചേർന്നതാണ്. “ലിഖിതങ്ങൾ” എന്നും അറിയപ്പെടുന്ന ഈ ഭാഗത്തിന് എബ്രായയിൽ ക്തൂവീം എന്നാണു പേര്. മൂന്നാം ഭാഗത്തെ ആദ്യപുസ്തകം “സങ്കീർത്തനങ്ങൾ” ആയതുകൊണ്ടാണ്, ആ ഭാഗത്തിനു “സങ്കീർത്തനങ്ങൾ” എന്ന പേര് വന്നത്. എബ്രായതിരുവെഴുത്തുകൾക്കു ജൂതന്മാർ നൽകിയിരിക്കുന്ന “താനാക്ക്” എന്ന പേര് ഈ മൂന്നു ഭാഗങ്ങളുടെയും പേരുകളുടെ ആദ്യത്തെ അക്ഷരങ്ങൾ (ത, ന, ക) ചേർന്നതാണ്. യേശു ഈ മൂന്നു പദപ്രയോഗങ്ങളും ഉപയോഗിച്ചു എന്ന വസ്തുത സൂചിപ്പിക്കുന്നത്, ഏതെല്ലാം പുസ്തകങ്ങൾ ശരിക്കും എബ്രായതിരുവെഴുത്തുകളുടെ ഭാഗമാണെന്ന കാര്യം അതിനോടകം തീരുമാനിക്കപ്പെട്ടിരുന്നെന്നും യേശു ആ എബ്രായ കാനോനെ അംഗീകരിച്ചിരുന്നു എന്നും ആണ്.
ഈ നഗരം: അതായത്, യരുശലേം.
യേശുവിനെ സ്വർഗത്തിലേക്ക് എടുത്തു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇനി, പ്രവൃ 1:1, 2-ൽ ലൂക്കോസ് പറഞ്ഞിരിക്കുന്ന വാക്കുകളും ഇത് ഉൾപ്പെടുത്തുന്നതിനെയാണ് അനുകൂലിക്കുന്നത്. കാരണം, യേശുവിന്റെ ജീവിതത്തെക്കുറിച്ചും ശുശ്രൂഷയെക്കുറിച്ചും വിവരിക്കുന്ന തന്റെ ‘ആദ്യവിവരണമായ’ സുവിശേഷത്തിൽ ‘യേശുവിനെ സ്വർഗത്തിലേക്ക് എടുത്തതുവരെയുള്ള’ കാര്യങ്ങളാണു താൻ ഉൾപ്പെടുത്തിയിരിക്കുന്നതെന്നു ലൂക്കോസ് അവിടെ പറയുന്നു. അതുകൊണ്ട് യേശുവിന്റെ സ്വർഗാരോഹണത്തെക്കുറിച്ചുള്ള ഈ വാക്കുകൾ ലൂക്കോസ് എഴുതിയ സുവിശേഷത്തിന്റെ ഭാഗംതന്നെയാണെന്നു നമുക്ക് അനുമാനിക്കാം.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനെ സാഷ്ടാംഗം പ്രണമിച്ചു; യേശുവിനോട് ആദരവ് കാണിച്ചു.” ഒരു ദൈവത്തെയോ ദേവനെയോ ആരാധിക്കുക എന്ന് അർഥം വരുന്നിടത്ത് പ്രൊസ്കിനിയോ എന്ന ഗ്രീക്കുക്രിയ, “ആരാധിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (മത്ത 4:10; ലൂക്ക 4:8) എന്നാൽ പുനരുത്ഥാനപ്പെട്ട യേശുവിനെ ശിഷ്യന്മാർ ഇവിടെ ദൈവത്തിന്റെ ഒരു പ്രതിനിധിയായി മാത്രമാണു കണ്ടത്. അവർ യേശുവിനെ വണങ്ങിയത്, യേശു ദൈവമാണെന്നോ ഏതെങ്കിലും ഒരു ദേവനാണെന്നോ കരുതിയല്ല. യേശു ‘ദൈവത്തിന്റെ മകനാണെന്നും’ തിരുവെഴുത്തുകൾ മുൻകൂട്ടിപ്പറഞ്ഞ “മനുഷ്യപുത്രൻ” ആണെന്നും അവർക്ക് അറിയാമായിരുന്നു. യേശു ദൈവത്തിൽനിന്ന് അധികാരം കിട്ടിയ മിശിഹയാണെന്നു മനസ്സിലാക്കിത്തന്നെയാണ് അവർ യേശുവിനെ വണങ്ങിയത്. (ലൂക്ക 1:35; മത്ത 16:13-16; യോഹ 9:35-38) ചിലർ പ്രവാചകന്മാരെയോ രാജാക്കന്മാരെയോ ദൈവത്തിന്റെ മറ്റു പ്രതിനിധികളെയോ കണ്ടപ്പോൾ ഇത്തരത്തിൽ വണങ്ങിയതായി എബ്രായതിരുവെഴുത്തുകളിലും രേഖയുണ്ട്. (1ശമു 25:23, 24; 2ശമു 14:4; 1രാജ 1:16; 2രാജ 4:36, 37) പല സന്ദർഭങ്ങളിലും ആളുകൾ യേശുവിനെ വണങ്ങിയത്, ദൈവത്തിൽനിന്ന് ഒരു സന്ദേശം വെളിപ്പെടുത്തിക്കിട്ടിയപ്പോഴോ ദൈവാംഗീകാരത്തിന്റെ ഒരു തെളിവ് നേരിൽ കണ്ടപ്പോഴോ അതിനു നന്ദി പ്രകടിപ്പിക്കാനായിരുന്നു.—മത്ത 2:2; 8:2; 14:33; 15:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യേശുവിനെ വണങ്ങിയിട്ട്: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. എന്നാൽ ആധികാരികമായ അനേകം പുരാതന കൈയെഴുത്തുപ്രതികളിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്.
ദൃശ്യാവിഷ്കാരം

മനുഷ്യന്റെ ഉപ്പൂറ്റിയിലെ അസ്ഥിയിൽ 11.5 സെ.മീ. നീളമുള്ള ഇരുമ്പാണി അടിച്ചുകയറ്റിയിരിക്കുന്നതിന്റെ ഒരു ഫോട്ടോയാണ് ഇത്. ഈ അസ്ഥിയും ആണിയും യഥാർഥത്തിലുള്ളതിന്റെ ഒരു പകർപ്പു മാത്രമാണ്. യഥാർഥത്തിലുള്ളതു കണ്ടെത്തിയത് 1968-ൽ വടക്കേ യരുശലേമിൽ പുരാവസ്തുശാസ്ത്രജ്ഞർ ഉത്ഖനനം നടത്തിയപ്പോഴാണ്. ഇതിനു റോമൻ ഭരണകാലത്തോളം പഴക്കമുണ്ട്. തടികൊണ്ടുള്ള സ്തംഭത്തിൽ ഒരാളെ ബന്ധിക്കുന്നതിന് ആണികൾ ഉപയോഗിച്ചിരിക്കാം എന്നതിനെ പുരാവസ്തുശാസ്ത്രം പിന്താങ്ങുന്നതിന്റെ തെളിവാണ് ഇത്. ഇതുപോലുള്ള ആണികളായിരിക്കാം റോമൻ പടയാളികൾ യേശുക്രിസ്തുവിനെ സ്തംഭത്തിൽ തറയ്ക്കാൻ ഉപയോഗിച്ചത്. ഗവേഷകർക്ക് ഇതു കിട്ടിയത്, ശവശരീരം ജീർണിച്ചശേഷം ബാക്കിയാകുന്ന അസ്ഥികൾ സൂക്ഷിക്കുന്ന കല്ലുകൊണ്ടുള്ള ഒരു പെട്ടിയിൽനിന്നാണ്. സ്തംഭത്തിൽ വധിക്കുന്ന ആളുകൾക്കു ശവസംസ്കാരം ലഭിച്ചിരിക്കാം എന്നാണ് ഇതു സൂചിപ്പിക്കുന്നത്.