അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 10:1-48

10  കൈസ​ര്യ​യിൽ കൊർന്നേ​ല്യൊസ്‌ എന്നൊ​രാ​ളു​ണ്ടാ​യി​രു​ന്നു. ‘ഇറ്റലി​ക്കാ​രു​ടെ വിഭാഗം’ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന സൈനി​ക​വി​ഭാ​ഗ​ത്തി​ലെ ഒരു ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു കൊർന്നേ​ല്യൊസ്‌.  കൊർന്നേ​ല്യൊ​സും വീട്ടി​ലു​ള്ള​വ​രും, നല്ല ഭക്തിയും ദൈവ​ഭ​യ​വും ഉള്ളവരാ​യി​രു​ന്നു. കൊർന്നേ​ല്യൊസ്‌ ഒരുപാ​ടു ദാനധർമങ്ങൾ ചെയ്യു​ക​യും പതിവാ​യി ദൈവ​ത്തോട്‌ ഉള്ളുരു​കി പ്രാർഥി​ക്കു​ക​യും ചെയ്‌തു​പോ​ന്നു.  അങ്ങനെ​യി​രി​ക്കെ ഒരു ദിവസം, ഏകദേശം ഒൻപതാം മണി+ നേരത്ത്‌ കൊർന്നേ​ല്യൊസ്‌ ഒരു ദിവ്യ​ദർശനം കണ്ടു. ഒരു ദൈവ​ദൂ​തൻ അടു​ത്തേക്കു വരുന്ന​തും “കൊർന്നേ​ല്യൊ​സേ” എന്നു വിളി​ക്കു​ന്ന​തും കൊർന്നേ​ല്യൊസ്‌ വ്യക്തമാ​യി കണ്ടു.  കൊർന്നേ​ല്യൊസ്‌ ഭയത്തോ​ടെ ദൂതനെ സൂക്ഷി​ച്ചു​നോ​ക്കി​ക്കൊണ്ട്‌, “എന്താണു കർത്താവേ” എന്നു ചോദി​ച്ചു. ദൂതൻ കൊർന്നേ​ല്യൊ​സി​നോ​ടു പറഞ്ഞു: “നിന്റെ പ്രാർഥ​ന​ക​ളും ദാനധർമ​ങ്ങ​ളും ദൈവ​മു​മ്പാ​കെ എത്തി, ദൈവം നിന്നെ ഓർത്തി​രി​ക്കു​ന്നു.+  അതു​കൊണ്ട്‌ യോപ്പ​യി​ലേക്ക്‌ ആളയച്ച്‌ പത്രോസ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമോ​നെ വിളി​ച്ചു​വ​രു​ത്തുക.  കടൽത്തീ​രത്ത്‌ താമസി​ക്കുന്ന ശിമോൻ എന്ന തോൽപ്പ​ണി​ക്കാ​രന്റെ വീട്ടിൽ പത്രോസ്‌ അതിഥിയായി* കഴിയു​ക​യാണ്‌.”  ദൂതൻ പോയ ഉടനെ കൊർന്നേ​ല്യൊസ്‌ രണ്ടു വേലക്കാ​രെ​യും പരിചാ​ര​ക​രിൽനിന്ന്‌ ദൈവ​ഭ​ക്തി​യുള്ള ഒരു പടയാ​ളി​യെ​യും വിളിച്ച്‌  എല്ലാം വിവരി​ച്ച​ശേഷം അവരെ യോപ്പ​യി​ലേക്ക്‌ അയച്ചു.  അവർ യാത്ര ചെയ്‌ത്‌ പിറ്റെ ദിവസം ഏകദേശം ആറാം മണിയാ​യ​പ്പോൾ നഗരത്തിന്‌ അടുത്ത്‌ എത്തി. ആ സമയത്ത്‌ പത്രോസ്‌ വീടിനു മുകളിൽ പോയി പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു. 10  പത്രോ​സി​നു വല്ലാത്ത വിശപ്പു തോന്നി, എന്തെങ്കി​ലും കഴിക്കാൻ പത്രോസ്‌ ആഗ്രഹി​ച്ചു. അവർ ഭക്ഷണം തയ്യാറാ​ക്കി​ക്കൊ​ണ്ടി​രുന്ന സമയത്ത്‌ പത്രോസ്‌ ഒരു സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി.+ 11  ആകാശം തുറന്നി​രി​ക്കു​ന്ന​തും ഒരു വലിയ ലിനൻവി​രി​പോ​ലുള്ള എന്തോ ഒന്ന്‌* ആരോ നാലു മൂലയി​ലും പിടിച്ച്‌ ഭൂമി​യി​ലേക്ക്‌ ഇറക്കു​ന്ന​തും പത്രോസ്‌ കണ്ടു. 12  അതിൽ ഭൂമി​യി​ലെ എല്ലാ തരം നാൽക്കാ​ലി​ക​ളും ഇഴജന്തുക്കളും* പക്ഷിക​ളും ഉണ്ടായി​രു​ന്നു. 13  ഒരു ശബ്ദം പത്രോ​സി​നോട്‌, “പത്രോ​സേ, എഴു​ന്നേറ്റ്‌ ഇവയെ അറുത്ത്‌* തിന്നൂ” എന്നു പറഞ്ഞു. 14  അപ്പോൾ പത്രോസ്‌, “അയ്യോ, അങ്ങനെ പറയരു​തു കർത്താവേ, മലിന​മോ അശുദ്ധ​മോ ആയ ഒന്നും ഞാൻ ഇതുവരെ കഴിച്ചി​ട്ടില്ല”+ എന്നു പറഞ്ഞു. 15  ആ ശബ്ദം രണ്ടാമ​തും പത്രോ​സി​നോട്‌, “ദൈവം ശുദ്ധീ​ക​രി​ച്ച​വയെ നീ മലിന​മെന്നു വിളി​ക്ക​രുത്‌” എന്നു പറഞ്ഞു. 16  മൂന്നാ​മ​തും ഇങ്ങനെ സംഭവി​ച്ചു. ഉടൻതന്നെ അതു* തിരികെ ആകാശ​ത്തി​ലേക്ക്‌ എടുക്ക​പ്പെട്ടു. 17  താൻ കണ്ട ദർശന​ത്തി​ന്റെ അർഥ​ത്തെ​ക്കു​റിച്ച്‌ പത്രോ​സിന്‌ ഒരു എത്തും പിടി​യും കിട്ടി​യില്ല. പത്രോസ്‌ അതി​നെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ, കൊർന്നേ​ല്യൊസ്‌ അയച്ച ആളുകൾ ശിമോ​ന്റെ വീടു തേടി​പ്പി​ടിച്ച്‌ എത്തി.+ 18  പത്രോസ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമോൻ അവിടെ അതിഥി​യാ​യി താമസി​ക്കു​ന്നു​ണ്ടോ എന്ന്‌ അവർ പടിവാ​തിൽക്കൽ നിന്ന്‌ വിളി​ച്ചു​ചോ​ദി​ച്ചു. 19  ദർശന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രുന്ന പത്രോ​സി​നോ​ടു പരിശുദ്ധാത്മാവ്‌+ പറഞ്ഞു: “അതാ, നിന്നെ അന്വേ​ഷിച്ച്‌ മൂന്നു പേർ വന്നിരി​ക്കു​ന്നു. 20  താഴേക്കു ചെന്ന്‌ ഒട്ടും മടിക്കാ​തെ അവരു​ടെ​കൂ​ടെ പോകുക. ഞാനാണ്‌ അവരെ അയച്ചത്‌.” 21  അപ്പോൾ പത്രോസ്‌ താഴെ അവരുടെ അടുത്ത്‌ ചെന്ന്‌, “നിങ്ങൾ അന്വേ​ഷി​ക്കുന്ന ആൾ ഞാനാണ്‌. നിങ്ങൾ വന്നത്‌ എന്തിനാണ്‌” എന്നു ചോദി​ച്ചു. 22  അവർ പറഞ്ഞു: “കൊർന്നേല്യൊസ്‌+ എന്നു പേരുള്ള ഒരു സൈനി​കോ​ദ്യോ​ഗ​സ്ഥ​നുണ്ട്‌. നീതി​മാ​നും ദൈവ​ഭ​യ​മു​ള്ള​വ​നും ആയ അദ്ദേഹ​ത്തെ​ക്കു​റിച്ച്‌ ജൂതന്മാർക്കു മുഴുവൻ വളരെ നല്ല അഭി​പ്രാ​യ​മാണ്‌. അങ്ങയെ വീട്ടിൽ വരുത്തി അങ്ങയ്‌ക്കു പറയാ​നുള്ള കാര്യങ്ങൾ കേൾക്ക​ണ​മെന്ന്‌ ഒരു വിശു​ദ്ധ​ദൂ​ത​നി​ലൂ​ടെ അദ്ദേഹ​ത്തി​നു ദൈവി​ക​നിർദേശം ലഭിച്ചു.” 23  പത്രോസ്‌ അവരെ വീടിന്‌ അകത്തേക്കു ക്ഷണിച്ചു. അവർ പത്രോ​സി​ന്റെ അതിഥി​ക​ളാ​യി അന്ന്‌ അവിടെ താമസി​ച്ചു. പിറ്റേന്ന്‌ പത്രോസ്‌ അവരോ​ടൊ​പ്പം യാത്ര​യാ​യി. യോപ്പ​യിൽനി​ന്നുള്ള ചില സഹോ​ദ​ര​ന്മാ​രും പത്രോ​സി​ന്റെ​കൂ​ടെ പോയി. 24  അടുത്ത ദിവസം പത്രോസ്‌ കൈസ​ര്യ​യിൽ എത്തി. കൊർന്നേ​ല്യൊസ്‌ ബന്ധുക്ക​ളെ​യും ഉറ്റ സുഹൃ​ത്തു​ക്ക​ളെ​യും വിളി​ച്ചു​കൂ​ട്ടി അവരെ കാത്തി​രി​ക്കു​ക​യാ​യി​രു​ന്നു. 25  പത്രോസ്‌ എത്തിയ​പ്പോൾ കൊർന്നേ​ല്യൊസ്‌ പത്രോ​സി​ന്റെ അടുത്ത്‌ ചെന്ന്‌ കാൽക്കൽ വീണ്‌ വണങ്ങി. 26  എന്നാൽ പത്രോസ്‌, “എഴു​ന്നേൽക്ക്‌, ഞാനും വെറും ഒരു മനുഷ്യ​നാണ്‌”+ എന്നു പറഞ്ഞു​കൊണ്ട്‌ കൊർന്നേ​ല്യൊ​സി​നെ പിടിച്ച്‌ എഴു​ന്നേൽപ്പി​ച്ചു. 27  പത്രോസ്‌ കൊർന്നേ​ല്യൊ​സി​നോ​ടു സംസാ​രി​ച്ചു​കൊണ്ട്‌ അകത്തേക്കു ചെന്ന​പ്പോൾ കുറെ ആളുകൾ അവിടെ കൂടി​യി​രി​ക്കു​ന്നതു കണ്ടു. 28  പത്രോസ്‌ അവരോ​ടു പറഞ്ഞു: “ഒരു ജൂതൻ അന്യജാ​തി​ക്കാ​രന്റെ അടുത്ത്‌ ചെല്ലു​ന്ന​തും അയാ​ളോട്‌ അടുത്ത്‌ ഇടപഴ​കു​ന്ന​തും ഞങ്ങളുടെ നിയമ​ത്തി​നു വിരു​ദ്ധ​മാ​ണെന്നു നിങ്ങൾക്കു നന്നായി അറിയാ​മ​ല്ലോ;+ എന്നാൽ ഞാൻ ഒരാ​ളെ​യും മലിന​നെ​ന്നോ അശുദ്ധ​നെ​ന്നോ വിളി​ക്ക​രു​തെന്നു ദൈവം എനിക്കു കാണി​ച്ചു​ത​ന്നി​രി​ക്കു​ന്നു.+ 29  അതു​കൊ​ണ്ടാണ്‌ ആളയച്ച്‌ വിളി​ച്ച​പ്പോൾ ഒരു മടിയും കൂടാതെ ഞാൻ വന്നത്‌. ഇനി പറയൂ, എന്തിനാണ്‌ എന്നെ വിളി​ച്ചത്‌?” 30  അപ്പോൾ കൊർന്നേ​ല്യൊസ്‌ പറഞ്ഞു: “ഇന്നേക്കു നാലു ദിവസം മുമ്പ്‌ ഇതേ സമയത്ത്‌, അതായത്‌ ഒൻപതാം മണി നേരത്ത്‌, ഞാൻ വീട്ടിൽ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ വെട്ടി​ത്തി​ള​ങ്ങുന്ന വസ്‌ത്രം ധരിച്ച ഒരു പുരുഷൻ എന്റെ മുന്നിൽ പ്രത്യ​ക്ഷ​പ്പെട്ട്‌ 31  എന്നോടു പറഞ്ഞു: ‘കൊർന്നേ​ല്യൊ​സേ, ദൈവം പ്രീതി​യോ​ടെ നിന്റെ പ്രാർഥന കേട്ടി​രി​ക്കു​ന്നു, നിന്റെ ദാനധർമങ്ങൾ ഓർമി​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.+ 32  അതു​കൊണ്ട്‌ യോപ്പ​യി​ലേക്ക്‌ ആളയച്ച്‌ പത്രോസ്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ശിമോ​നെ വിളി​പ്പി​ക്കുക. കടൽത്തീ​രത്ത്‌ ശിമോൻ എന്ന തോൽപ്പ​ണി​ക്കാ​രന്റെ വീട്ടിൽ പത്രോസ്‌ അതിഥി​യാ​യി താമസി​ക്കു​ക​യാണ്‌.’+ 33  ഉടനെ ഞാൻ അങ്ങയുടെ അടു​ത്തേക്ക്‌ ആളയച്ചു, വരാൻ അങ്ങ്‌ മനസ്സു​കാ​ട്ടു​ക​യും ചെയ്‌തു. അതു​കൊണ്ട്‌ ഞങ്ങളോ​ടു പറയാൻ യഹോവ അങ്ങയോ​ടു കല്‌പി​ച്ചി​രി​ക്കുന്ന കാര്യങ്ങൾ കേൾക്കാ​നാ​യി ഞങ്ങൾ ഇപ്പോൾ ദൈവ​മു​മ്പാ​കെ കൂടി​വ​ന്നി​രി​ക്കു​ക​യാണ്‌.” 34  അപ്പോൾ പത്രോസ്‌ പറഞ്ഞു: “ദൈവം പക്ഷപാതമുള്ളവനല്ലെന്ന്‌+ എനിക്ക്‌ ഇപ്പോൾ ശരിക്കും മനസ്സി​ലാ​യി. 35  ഏതു ജനതയിൽപ്പെട്ട ആളാ​ണെ​ങ്കി​ലും, ദൈവത്തെ ഭയപ്പെട്ട്‌ ശരിയാ​യതു പ്രവർത്തി​ക്കുന്ന മനുഷ്യ​നെ ദൈവം അംഗീ​ക​രി​ക്കു​ന്നു.+ 36  യേശു​ക്രി​സ്‌തു​വി​ലൂ​ടെ​യുള്ള സമാധാ​ന​ത്തി​ന്റെ സന്തോഷവാർത്ത+ ഇസ്രാ​യേൽമ​ക്കളെ അറിയി​ച്ച​തി​ലൂ​ടെ ദൈവം അവർക്കു നൽകിയ സന്ദേശം ഇതായി​രു​ന്നു: യേശു എല്ലാവർക്കും കർത്താ​വാണ്‌.+ 37  സ്‌നാ​ന​ത്തെ​ക്കു​റിച്ച്‌ യോഹ​ന്നാൻ പ്രസം​ഗി​ച്ച​ശേഷം,+ ഗലീല​യിൽനിന്ന്‌ ആരംഭിച്ച്‌ യഹൂദ്യ മുഴുവൻ പരന്ന ആ വാർത്ത നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.+ 38  അതായത്‌, നസറെ​ത്തിൽനി​ന്നുള്ള യേശു​വി​നെ ദൈവം പരിശു​ദ്ധാ​ത്മാ​വി​നാ​ലും ശക്തിയാ​ലും അഭി​ഷേകം ചെയ്‌തെന്നും+ ദൈവം കൂടെയുണ്ടായിരുന്നതിനാൽ+ യേശു ദേശം മുഴുവൻ സഞ്ചരിച്ച്‌ നല്ല കാര്യങ്ങൾ ചെയ്യു​ക​യും പിശാച്‌ കഷ്ടപ്പെ​ടു​ത്തി​യി​രുന്ന എല്ലാവരെയും+ സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തെ​ന്നും ഉള്ള വാർത്ത നിങ്ങൾ കേട്ടി​ട്ടു​ണ്ട​ല്ലോ. 39  യേശു ജൂതന്മാ​രു​ടെ ദേശത്തും യരുശ​ലേ​മി​ലും ചെയ്‌ത സകല കാര്യ​ങ്ങൾക്കും ഞങ്ങൾ ദൃക്‌സാ​ക്ഷി​ക​ളാണ്‌. എന്നാൽ അവർ യേശു​വി​നെ സ്‌തം​ഭ​ത്തിൽ തൂക്കി​ക്കൊ​ന്നു.+ 40  ദൈവം യേശു​വി​നെ മൂന്നാം ദിവസം ഉയിർപ്പിക്കുകയും+ പലരു​ടെ​യും മുന്നിൽ പ്രത്യ​ക്ഷ​പ്പെ​ടാൻ അനുവ​ദി​ക്കു​ക​യും ചെയ്‌തു. 41  എന്നാൽ എല്ലാവ​രു​ടെ​യും മുന്നിലല്ല, ദൈവം മുന്നമേ നിയമിച്ച സാക്ഷി​ക​ളു​ടെ മുന്നിൽ, അതായത്‌ ഞങ്ങളുടെ മുന്നിൽ, മാത്ര​മാ​ണു യേശു പ്രത്യ​ക്ഷ​പ്പെ​ട്ടത്‌. യേശു മരിച്ച​വ​രു​ടെ ഇടയിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേ​റ്റ​ശേഷം ഞങ്ങൾ യേശു​വി​നോ​ടൊ​പ്പം തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌തു.+ 42  ജീവി​ച്ചി​രി​ക്കു​ന്ന​വർക്കും മരിച്ച​വർക്കും ന്യായാ​ധി​പ​നാ​യി ദൈവം നിയോ​ഗി​ച്ചി​രി​ക്കു​ന്നതു യേശുവിനെയാണ്‌+ എന്നു സമഗ്ര​മാ​യി സാക്ഷീ​ക​രി​ക്കാ​നും ജനത്തോ​ടു പ്രസം​ഗി​ക്കാ​നും കർത്താവ്‌ ഞങ്ങളോ​ടു കല്‌പി​ച്ചു.+ 43  യേശു​വിൽ വിശ്വ​സി​ക്കുന്ന എല്ലാവർക്കും ആ പേരി​ലൂ​ടെ പാപ​മോ​ചനം ലഭിക്കുമെന്ന്‌+ എല്ലാ പ്രവാ​ച​ക​ന്മാ​രും യേശു​വി​നെ​ക്കു​റിച്ച്‌ സാക്ഷ്യ​പ്പെ​ടു​ത്തു​ന്നു.”+ 44  പത്രോസ്‌ ഈ കാര്യങ്ങൾ പറഞ്ഞു​കൊ​ണ്ടി​രി​ക്കു​മ്പോൾത്തന്നെ ദൈവ​വ​ചനം കേട്ടു​കൊ​ണ്ടി​രുന്ന എല്ലാവ​രു​ടെ​യും മേൽ പരിശു​ദ്ധാ​ത്മാവ്‌ വന്നു.+ 45  പരിശു​ദ്ധാ​ത്മാവ്‌ എന്ന സമ്മാനം ജനതക​ളിൽപ്പെ​ട്ട​വർക്കും ലഭിച്ചതു കണ്ട്‌ പത്രോ​സി​ന്റെ​കൂ​ടെ വന്ന, പരിച്ഛേദനയേറ്റ* വിശ്വാ​സി​കൾ അമ്പരന്നു​പോ​യി. 46  ജനതക​ളിൽപ്പെ​ട്ടവർ അന്യഭാ​ഷ​ക​ളിൽ സംസാ​രി​ക്കു​ന്ന​തും ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​ന്ന​തും അവർ കേട്ടു.+ അപ്പോൾ പത്രോസ്‌ ചോദി​ച്ചു: 47  “നമ്മളെ​പ്പോ​ലെ​തന്നെ പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ച ഇവർ ജലസ്‌നാ​ന​മേൽക്കു​ന്നതു തടയാൻ ആർക്കു കഴിയും?”+ 48  അങ്ങനെ, യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തിൽ അവരെ സ്‌നാ​ന​പ്പെ​ടു​ത്താൻ പത്രോസ്‌ കല്‌പി​ച്ചു.+ അവരോ​ടൊ​പ്പം കുറച്ച്‌ ദിവസം താമസി​ക്കാൻ അവർ പത്രോ​സി​നോട്‌ അപേക്ഷി​ച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “വിരു​ന്നു​കാ​ര​നാ​യി.”
അക്ഷ. “ഒരുതരം പാത്രം.”
അഥവാ “ഉരഗങ്ങ​ളും.”
അഥവാ “ബലി അർപ്പിച്ച്‌.”
അക്ഷ. “ആ പാത്രം.”
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ലഗ്യോൻ: റോമൻ സൈന്യ​ത്തി​ന്റെ മുഖ്യ​വി​ഭാ​ഗം. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ഒരു ലഗ്യോ​നിൽ പൊതു​വേ 6,000-ത്തോളം പടയാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. ഇവിടെ കാണുന്ന “12 ലഗ്യോൻ” എന്ന പ്രയോ​ഗം സാധ്യ​ത​യ​നു​സ​രിച്ച്‌ ക്ലിപ്‌ത​മ​ല്ലാത്ത, വലി​യൊ​രു സംഖ്യ​യെ​യാ​ണു കുറി​ക്കു​ന്നത്‌. താൻ ചോദി​ച്ചാൽ തന്നെ സംരക്ഷി​ക്കാ​നാ​യി പിതാവ്‌ ആവശ്യ​ത്തി​ല​ധി​കം ദൂതന്മാ​രെ അയയ്‌ക്കും എന്നാണു യേശു ഇവിടെ പറയു​ന്നത്‌.

‘ഇറ്റലി​ക്കാ​രു​ടെ വിഭാഗം’ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന സൈനി​ക​വി​ഭാ​ഗം: ലഗ്യോൻ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന സാധാരണ റോമൻ സൈനി​ക​വി​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌ വേർതി​രി​ച്ച​റി​യാ​നാ​യി​രി​ക്കാം ഇതിന്‌ ഈ പേര്‌ നൽകി​യി​രു​ന്നത്‌. ഈ വിഭാ​ഗ​ത്തിൽ 400 മുതൽ 600 പടയാ​ളി​കൾവരെ ഉണ്ടാകാം, അതായത്‌ ഒരു ലഗ്യോ​ന്റെ പത്തി​ലൊ​ന്നോ​ളം. (മത്ത 26:53-ന്റെ പഠനക്കു​റി​പ്പു കാണുക.) എ.ഡി. 69-ൽ സിറി​യ​യിൽ, ‘റോമൻ പൗര സന്നദ്ധ​സേ​വ​ക​രു​ടെ രണ്ടാം ഇറ്റാലി​യൻ വിഭാഗം’ (ലത്തീനിൽ, കൊ​ഹോ​ഴ്‌സ്‌ II ഇറ്റാലി​ക്കാ വൊള​ണ്ടേ​റ്യോ​റം കീവ്യും റോമാ​നോ​റം) എന്നൊരു സൈനി​ക​ഗണം ഉണ്ടായി​രു​ന്ന​തി​ന്റെ തെളി​വു​ക​ളുണ്ട്‌. ഈ വാക്യ​ത്തിൽ ‘ഇറ്റലി​ക്കാ​രു​ടെ വിഭാഗം‘ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ഇതി​നെ​ക്കു​റി​ച്ചാ​ണെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

സൈനി​ക​വി​ഭാ​ഗ​ത്തി​ലെ ഒരു ഉദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു: അഥവാ “സൈനി​ക​വി​ഭാ​ഗ​ത്തി​ലെ ശതാധി​പ​നാ​യി​രു​ന്നു.” റോമൻ സൈന്യ​ത്തി​ലെ ഏകദേശം 100 പടയാ​ളി​ക​ളു​ടെ മേധാ​വി​യാ​യി​രു​ന്നു ശതാധി​പൻ.

ഏകദേശം ഒൻപതാം മണി: അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.—മത്ത 20:3-ന്റെ പഠനക്കു​റി​പ്പു കാണുക.

ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാ​ണ്ടിൽ ജൂതന്മാർ 12 മണിക്കൂ​റാ​യാ​ണു പകൽസ​മ​യത്തെ വിഭാ​ഗി​ച്ചി​രു​ന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നു അതിന്റെ തുടക്കം. (യോഹ 11:9) അതു​കൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമ​യ​വും ഒൻപതാം മണി വൈകു​ന്നേരം ഏകദേശം 3 മണിയും ആയിരു​ന്നു. ആളുക​ളു​ടെ കൈയിൽ കൃത്യ​സ​മയം കാണി​ക്കുന്ന ഘടികാ​രങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേ​ശ​സ​മയം മാത്രമേ സാധാരണ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.​—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.

ശിമോൻ എന്ന തോൽപ്പ​ണി​ക്കാ​രൻ: തോൽപ്പ​ണി​ക്കാ​രന്റെ ജോലി​യിൽ പല കാര്യങ്ങൾ ഉൾപ്പെ​ട്ടി​രു​ന്നു. ആദ്യം അയാൾ ചുണ്ണാ​മ്പു​ലാ​യനി ഉപയോ​ഗിച്ച്‌ മൃഗ​ത്തോ​ലിൽനിന്ന്‌ രോമ​വും മാംസ​ത്തി​ന്റെ​യോ കൊഴു​പ്പി​ന്റെ​യോ അവശി​ഷ്ട​ങ്ങ​ളും നീക്കം​ചെ​യ്യും. എന്നിട്ട്‌ വീര്യം കൂടിയ ഒരു ദ്രാവകം ഉപയോ​ഗിച്ച്‌ തോൽ സംസ്‌ക​രി​ച്ചി​ട്ടാ​ണു തുകലു​ത്‌പ​ന്നങ്ങൾ ഉണ്ടാക്കി​യി​രു​ന്നത്‌. ഇത്തരത്തിൽ മൃഗ​ത്തോൽ സംസ്‌ക​രി​ക്കു​മ്പോൾ വല്ലാത്ത ദുർഗന്ധം ഉണ്ടാകും. ഈ പ്രക്രി​യ​യ്‌ക്കു ധാരാളം വെള്ളവും ആവശ്യ​മാ​യി​രു​ന്നി​രി​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌ അതു​കൊ​ണ്ടാ​ണു ശിമോൻ കടൽത്തീ​രത്ത്‌ താമസി​ച്ചി​രു​ന്നത്‌. യോപ്പ​യു​ടെ തിരക്കു​ക​ളിൽനി​ന്നെ​ല്ലാം അല്‌പം മാറി​യുള്ള ഒരു സ്ഥലമാ​യി​രു​ന്നി​രി​ക്കാം അത്‌. മൃഗങ്ങ​ളു​ടെ ജഡവു​മാ​യി ബന്ധപ്പെട്ട ജോലി​കൾ ചെയ്‌തി​രു​ന്നവർ മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ ആചാര​പ​ര​മാ​യി അശുദ്ധ​രാ​യി​രു​ന്നു. (ലേവ 5:2; 11:39) അതു​കൊ​ണ്ടു​തന്നെ പല ജൂതന്മാ​രും തോൽപ്പ​ണി​ക്കാ​രെ അവജ്ഞ​യോ​ടെ​യാ​ണു കണ്ടിരു​ന്നത്‌. അവരു​ടെ​കൂ​ടെ താമസി​ക്കാ​നും പൊതു​വേ ജൂതന്മാർക്കു മടിയാ​യി​രു​ന്നു. വാസ്‌ത​വ​ത്തിൽ മൃഗങ്ങ​ളു​ടെ വിസർജ്യം ശേഖരി​ക്കു​ന്ന​തി​നെ​ക്കാൾ താഴ്‌ന്ന ജോലി​യാ​യി​ട്ടാ​ണു പിൽക്കാ​ലത്ത്‌ താൽമൂദ്‌ തോൽപ്പ​ണി​യെ വിശേ​ഷി​പ്പി​ച്ചത്‌. എന്നാൽ പത്രോസ്‌ അത്തരം മുൻവി​ധി​യൊ​ന്നു​മി​ല്ലാ​തെ ശിമോ​ന്റെ​കൂ​ടെ താമസി​ച്ചു. പത്രോ​സി​ന്റെ ഈ വിശാ​ല​മ​ന​സ്‌കത അദ്ദേഹ​ത്തിന്‌ അടുത്ത​താ​യി ലഭിക്കാ​നി​രുന്ന നിയമ​ന​ത്തി​ലേ​ക്കുള്ള ഒരു ചുവടു​വെ​പ്പാ​യി​രു​ന്നെന്നു പറയാം. കാരണം ജൂതന​ല്ലാത്ത ഒരാളെ അദ്ദേഹ​ത്തി​ന്റെ വീട്ടിൽച്ചെന്ന്‌ കാണുക എന്നതാ​യി​രു​ന്നു ആ നിയമനം. ‘തോൽപ്പ​ണി​ക്കാ​രൻ’ എന്നതിന്റെ ഗ്രീക്കു​പദം (ബുർസെ​യൂസ്‌) ശിമോ​ന്റെ വിളി​പ്പേ​രാ​യി​രു​ന്നെ​ന്നും ചില പണ്ഡിത​ന്മാർ കരുതു​ന്നു.

ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാ​ണ്ടിൽ ജൂതന്മാർ 12 മണിക്കൂ​റാ​യാ​ണു പകൽസ​മ​യത്തെ വിഭാ​ഗി​ച്ചി​രു​ന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നു അതിന്റെ തുടക്കം. (യോഹ 11:9) അതു​കൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമ​യ​വും ഒൻപതാം മണി വൈകു​ന്നേരം ഏകദേശം 3 മണിയും ആയിരു​ന്നു. ആളുക​ളു​ടെ കൈയിൽ കൃത്യ​സ​മയം കാണി​ക്കുന്ന ഘടികാ​രങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേ​ശ​സ​മയം മാത്രമേ സാധാരണ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.​—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.

പുരമു​ക​ളിൽ നിൽക്കു​ന്നവൻ: ഇസ്രാ​യേ​ല്യ​രു​ടെ വീടു​കൾക്കു പരന്ന മേൽക്കൂ​ര​യാണ്‌ ഉണ്ടായി​രു​ന്നത്‌. സാധനങ്ങൾ സംഭരി​ക്കുക (യോശ 2:6), വിശ്ര​മി​ക്കുക (2ശമു 11:2), ഉറങ്ങുക (1ശമു 9:26), ആരാധ​ന​യു​ടെ ഭാഗമായ ഉത്സവങ്ങൾ കൊണ്ടാ​ടുക (നെഹ 8:16-18) എന്നിങ്ങനെ പല ആവശ്യ​ങ്ങൾക്കാ​യി അത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. അതു​കൊ​ണ്ടാണ്‌ മേൽക്കൂ​ര​യ്‌ക്കു കൈമ​തിൽ ആവശ്യ​മാ​യി​രു​ന്നത്‌. (ആവ 22:8) സാധാ​ര​ണ​യാ​യി വീടിന്റെ മേൽക്കൂ​ര​യിൽ നിൽക്കുന്ന ഒരാൾക്കു വീടിന്‌ ഉള്ളിലൂ​ടെ​യ​ല്ലാ​തെ, പുറത്തെ ഗോവ​ണി​യി​ലൂ​ടെ​യോ ഏണി ഉപയോ​ഗി​ച്ചോ താഴേക്ക്‌ ഇറങ്ങാ​മാ​യി​രു​ന്നു. ഓടി​പ്പോ​കാ​നുള്ള യേശു​വി​ന്റെ മുന്നറി​യി​പ്പി​ന്റെ അടിയ​ന്തി​രത എത്ര​ത്തോ​ള​മാ​യി​രു​ന്നെന്ന്‌ ഇതിൽനിന്ന്‌ ഊഹി​ച്ചെ​ടു​ക്കാം.

ഏകദേശം ആറാം മണി: അതായത്‌, പകൽ ഏകദേശം 12 മണി.—മത്ത 20:3-ന്റെ പഠനക്കു​റി​പ്പു കാണുക.

വീടിനു മുകളിൽ: ഇസ്രാ​യേ​ല്യ​രു​ടെ വീടു​കൾക്കു പരന്ന മേൽക്കൂ​ര​യാണ്‌ ഉണ്ടായി​രു​ന്നത്‌. സാധനങ്ങൾ സംഭരി​ക്കുക (യോശ 2:6), വിശ്ര​മി​ക്കുക (2ശമു 11:2), ഉറങ്ങുക (1ശമു 9:26), ആരാധ​ന​യു​ടെ ഭാഗമായ ഉത്സവങ്ങൾ കൊണ്ടാ​ടുക (നെഹ 8:16-18), സ്വസ്ഥമാ​യി​രുന്ന്‌ പ്രാർഥി​ക്കുക എന്നിങ്ങനെ പല ആവശ്യ​ങ്ങൾക്കാ​യി അത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. അന്നത്തെ കപടഭ​ക്ത​രായ ആളുക​ളെ​പ്പോ​ലെ മറ്റുള്ള​വരെ കാണി​ക്കാൻവേ​ണ്ടി​യല്ല പത്രോസ്‌ വീടിനു മുകളിൽ പോയി പ്രാർഥി​ച്ചത്‌. (മത്ത 6:5) പരന്ന മേൽക്കൂ​ര​യ്‌ക്കു ചുറ്റും കൈമ​തിൽ കെട്ടി​യി​രു​ന്ന​തു​കൊണ്ട്‌ പത്രോ​സി​നെ മറ്റുള്ളവർ കണ്ടിരി​ക്കാൻ വഴിയില്ല. (ആവ 22:8) വൈകു​ന്നേ​ര​ങ്ങ​ളിൽ തെരു​വു​ക​ളി​ലെ ഒച്ചയും ബഹളവും ഒന്നും കേൾക്കാ​തെ സ്വസ്ഥമാ​യി​രി​ക്കാൻ പറ്റിയ ഒരിട​വു​മാ​യി​രു​ന്നു അത്‌.—മത്ത 24:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ഞാൻ സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി: ഇവിടെ “സ്വപ്‌നാ​വസ്ഥ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എക്‌സ്റ്റാ​സിസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ പ്രവൃ 10:10-ന്റെ പഠനക്കു​റി​പ്പു കാണുക. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ചില എബ്രാ​യ​പ​രി​ഭാ​ഷ​ക​ളിൽ (അനു. സി4-ൽ J13, 14, 17, 22 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ കാണു​ന്നത്‌ “യഹോ​വ​യു​ടെ കൈ എന്റെ മേൽ ഉണ്ടായി​രു​ന്നു” എന്നാണ്‌. മറ്റൊരു പരിഭാ​ഷ​യിൽ (J18 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) “യഹോ​വ​യു​ടെ ആത്മാവ്‌ എന്നെ പൊതി​ഞ്ഞു” എന്നും കാണുന്നു.

ഒരു സ്വപ്‌നാ​വ​സ്ഥ​യി​ലാ​യി: ഇവിടെ എക്‌സ്റ്റാ​സിസ്‌ [എക്‌ (“വ്യത്യ​സ്‌ത​മാ​യി”) എന്നും സ്റ്റാസിസ്‌ (“നിൽക്കുന്ന”) എന്നും ഉള്ള രണ്ടു ഗ്രീക്കു​പ​ദ​ങ്ങ​ളിൽനിന്ന്‌ വന്നിരി​ക്കു​ന്നത്‌.] എന്ന ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌. അത്ഭുത​വും അമ്പരപ്പും കാരണ​മോ ദൈവ​ത്തിൽനി​ന്നുള്ള ഒരു ദർശനം കണ്ടിട്ടോ ഒരാൾ പ്രത്യേ​ക​മാ​യൊ​രു മാനസി​കാ​വ​സ്ഥ​യി​ലാ​കു​ന്ന​തി​നെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. ഇതേ ഗ്രീക്കു​പ​ദത്തെ “സന്തോ​ഷം​കൊണ്ട്‌ മതിമ​റന്നു” (മർ 5:42), ‘വിസ്‌മ​യി​ച്ചു’ (ലൂക്ക 5:26), “അമ്പരന്നു” (മർ 16:8) എന്നെല്ലാം പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​ത്തി​ന്റെ ഇടപെ​ട​ലു​മാ​യി ബന്ധപ്പെ​ടു​ത്തി​യാണ്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ അത്തരം സന്ദർഭ​ങ്ങ​ളിൽ പരിശു​ദ്ധാ​ത്മാവ്‌ ഒരാളു​ടെ മനസ്സി​ലേക്ക്‌ ഒരു ദർശന​മോ ദൈ​വോ​ദ്ദേ​ശ്യ​വു​മാ​യി ബന്ധപ്പെട്ട ഒരു ചിത്ര​മോ നൽകും. ആ സമയത്ത്‌ അയാൾ അങ്ങേയറ്റം ഏകാ​ഗ്ര​ത​യി​ലോ നിദ്രാ​സ​മാ​ന​മായ ഒരു അവസ്ഥയി​ലോ ആയിരി​ക്കും. ഇത്തരത്തിൽ ദർശനം കാണു​ന്ന​യാൾ ചുറ്റും നടക്കുന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ബോധ​വാ​നാ​യി​രി​ക്കില്ല.—പ്രവൃ 22:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൈവ​ഹി​ത​മ​നു​സ​രിച്ച്‌ . . . വിളി​ച്ചത്‌: മിക്ക ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളും ഇവിടെ “ദൈവ​ഹി​ത​മ​നു​സ​രിച്ച്‌” എന്നത്‌ ഒഴിവാ​ക്കി “വിളി​ച്ചത്‌” എന്നു മാത്രമേ ഉപയോ​ഗി​ച്ചി​ട്ടു​ള്ളൂ. എന്നാൽ “വിളിച്ചു” എന്നു സാധാരണ പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ഗ്രീക്കു​പ​ദ​ങ്ങ​ളൊ​ന്നു​മല്ല ഇവിടെ കാണു​ന്നത്‌. (മത്ത 1:16; 2:23; ലൂക്ക 1:32; പ്രവൃ 1:19) പകരം ഈ വാക്യ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ക്രിമാ​റ്റി​സോ എന്ന ഗ്രീക്കു​പ​ദ​മാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഒൻപത്‌ പ്രാവ​ശ്യം കാണുന്ന ഈ പദം മിക്ക സന്ദർഭ​ങ്ങ​ളി​ലും കുറി​ക്കു​ന്നതു ദൈവ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കുന്ന കാര്യ​ങ്ങ​ളെ​യാണ്‌. (മത്ത 2:12, 22; ലൂക്ക 2:26; പ്രവൃ 10:22; 11:26; റോമ 7:3; എബ്ര 8:5; 11:7; 12:25) ഉദാഹ​ര​ണ​ത്തിന്‌, പ്രവൃ 10:22-ൽ ഈ പദം കാണു​ന്നതു ‘വിശു​ദ്ധ​ദൂ​തൻ’ എന്ന പദപ്ര​യോ​ഗ​ത്തോ​ടൊ​പ്പ​മാണ്‌. ഇനി, മത്ത 2:12, 22 വാക്യ​ങ്ങ​ളിൽ, ദൈവ​ത്തിൽനിന്ന്‌ ലഭിച്ച സ്വപ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്താണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇതി​നോ​ടു ബന്ധമുള്ള ക്രിമാ​റ്റി​സ്‌മോസ്‌ എന്ന നാമപദം റോമ 11:4-ൽ കാണാം. മിക്ക നിഘണ്ടു​ക്ക​ളും ബൈബിൾപ​രി​ഭാ​ഷ​ക​ളും ആ പദം തർജമ ചെയ്‌തി​രി​ക്കു​ന്നതു “ദൈവം പ്രഖ്യാ​പി​ച്ചത്‌; ദൈവ​ത്തി​ന്റെ മറുപടി; ദൈവ​ത്തി​ന്റെ ഉത്തരം” എന്നൊ​ക്കെ​യാണ്‌. അതു​കൊണ്ട്‌ “ക്രിസ്‌ത്യാ​നി​കൾ” എന്ന പേര്‌ ഉപയോ​ഗി​ക്കാൻ യഹോവ ഇവിടെ ശൗലി​നെ​യും ബർന്നബാ​സി​നെ​യും പ്രചോ​ദി​പ്പി​ച്ച​താ​യി​രി​ക്കാം. പക്ഷേ യേശു​വി​ന്റെ അനുഗാ​മി​കളെ കളിയാ​ക്കാ​നോ പുച്ഛി​ക്കാ​നോ വേണ്ടി അന്ത്യോ​ക്യ​യി​ലു​ണ്ടാ​യി​രുന്ന ജനതക​ളിൽപ്പെ​ട്ടവർ നൽകിയ വിളി​പ്പേ​രാ​യി​രു​ന്നു ഇതെന്നു ചിലർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. എന്നാൽ “ക്രിസ്‌ത്യാ​നി​കൾ” എന്ന പേര്‌ വരാൻ ഇടയാ​ക്കി​യതു ദൈവം​ത​ന്നെ​യാ​ണെന്ന്‌ ഇവിടെ കാണുന്ന ക്രിമാ​റ്റി​സോ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വ്യക്തമാണ്‌. ഇനി, അന്നത്തെ ജൂതജ​ന​ത​യും യേശു​വി​ന്റെ അനുഗാ​മി​കളെ “ക്രിസ്‌ത്യാ​നി​കൾ” (ഗ്രീക്കിൽനിന്ന്‌ വന്നത്‌.) എന്നോ “മിശി​ഹാ​ക്കാർ” (എബ്രാ​യ​യിൽനിന്ന്‌ വന്നത്‌.) എന്നോ വിശേ​ഷി​പ്പി​ക്കാൻ ഒരു സാധ്യ​ത​യു​മില്ല. കാരണം അവർ യേശു​വി​നെ മിശിഹ അഥവാ ക്രിസ്‌തു ആയി അംഗീ​ക​രി​ച്ചി​രു​ന്നില്ല. അവർ യേശു​വി​ന്റെ അനുഗാ​മി​കളെ “ക്രിസ്‌ത്യാ​നി​കൾ” എന്നു വിളി​ച്ചാൽ യേശു​വി​നെ അഭിഷി​ക്തൻ അഥവാ ക്രിസ്‌തു ആയി അംഗീ​ക​രി​ക്കു​ന്ന​തു​പോ​ലെ വരുമാ​യി​രു​ന്നു.

ദൈവി​ക​നിർദേശം ലഭിച്ചു: ഇവിടെ കാണുന്ന ക്രിമാ​റ്റി​സോ എന്ന ഗ്രീക്ക്‌ ക്രിയാ​പദം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഒൻപത്‌ പ്രാവ​ശ്യം കാണാം. (മത്ത 2:12, 22; ലൂക്ക 2:26; പ്രവൃ 10:22; 11:26; റോമ 7:3; എബ്ര 8:5; 11:7; 12:25) ദൈവ​ത്തിൽനിന്ന്‌ ഉത്ഭവി​ക്കുന്ന കാര്യ​ങ്ങളെ കുറി​ക്കാ​നാ​ണു മിക്ക സന്ദർഭ​ങ്ങ​ളി​ലും ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഇവിടെ ഈ ക്രിയാ​പദം കാണു​ന്നതു ‘വിശു​ദ്ധ​ദൂ​തൻ’ എന്ന പദപ്ര​യോ​ഗ​ത്തോ​ടൊ​പ്പ​മാണ്‌. ഇനി, മത്ത 2:12, 22 വാക്യ​ങ്ങ​ളിൽ, ദൈവ​ത്തിൽനിന്ന്‌ ലഭിച്ച സ്വപ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്താണ്‌ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഇതി​നോ​ടു ബന്ധമുള്ള ക്രിമാ​റ്റി​സ്‌മോസ്‌ എന്ന നാമപദം റോമ 11:4-ൽ കാണാം. മിക്ക നിഘണ്ടു​ക്ക​ളും പരിഭാ​ഷ​ക​ളും ആ പദം തർജമ ചെയ്‌തി​രി​ക്കു​ന്നതു “ദൈവം പ്രഖ്യാ​പി​ച്ചത്‌; ദൈവ​ത്തി​ന്റെ മറുപടി; ദൈവ​ത്തി​ന്റെ ഉത്തരം” എന്നൊ​ക്കെ​യാണ്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഒരു എബ്രാ​യ​പ​രി​ഭാ​ഷ​യിൽ (അനു. സി4-ൽ J18 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.), പ്രവൃ 10:22-ലെ ഈ വാക്യ​ഭാ​ഗം കാണു​ന്നത്‌ “യഹോ​വ​യിൽനി​ന്നുള്ള കല്‌പന ലഭിച്ചു” എന്നാണ്‌.—പ്രവൃ 11:26-ന്റെ പഠനക്കു​റി​പ്പു കാണുക.

വണങ്ങി: അഥവാ “കുമ്പിട്ട്‌ നമസ്‌ക​രി​ച്ചു; സാഷ്ടാം​ഗം പ്രണമി​ച്ചു; ആദരവ്‌ കാണിച്ചു.” താൻ ഭൂമി​യി​ലാ​യി​രി​ക്കെ ആളുകൾ തന്നെ വണങ്ങി​യ​പ്പോൾ യേശു അവരെ ശാസി​ച്ചില്ല. (ലൂക്ക 5:12; യോഹ 9:38) കാരണം ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തിന്‌ അവകാ​ശി​യാ​യി​രുന്ന യേശു​വിന്‌ ഒരു രാജാ​വി​ന്റെ ബഹുമതി ലഭിക്കാൻ എന്തു​കൊ​ണ്ടും അർഹത​യു​ണ്ടാ​യി​രു​ന്നു. (മത്ത 21:9; യോഹ 12:13-15) ഇനി, പ്രവാ​ച​ക​ന്മാ​രു​ടെ​യോ രാജാ​ക്ക​ന്മാ​രു​ടെ​യോ ദൈവ​ത്തി​ന്റെ മറ്റു പ്രതി​നി​ധി​ക​ളു​ടെ​യോ മുന്നിൽ ആളുകൾ കുമ്പി​ട്ട​താ​യി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലും പറഞ്ഞി​ട്ടുണ്ട്‌. അവരാ​രും അതു നിരസി​ച്ച​താ​യും കാണു​ന്നില്ല. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) എന്നാൽ കൊർന്നേ​ല്യൊസ്‌ പത്രോ​സി​ന്റെ കാൽക്കൽ വീണ്‌ വണങ്ങി​യ​പ്പോൾ “എഴു​ന്നേൽക്ക്‌, ഞാനും വെറും ഒരു മനുഷ്യ​നാണ്‌” എന്നു പറഞ്ഞു​കൊണ്ട്‌ പത്രോസ്‌ അതു നിരസി​ച്ചു. (പ്രവൃ 10:26) എന്തായി​രി​ക്കാം അതിന്‌ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌? ഭൂമി​യി​ലെ ദൈവ​ദാ​സ​ന്മാർ തമ്മിൽത്ത​മ്മിൽ എങ്ങനെ ഇടപെ​ടണം എന്നതി​നുള്ള പുതിയ മാനദ​ണ്ഡങ്ങൾ യേശു​വി​ന്റെ ഉപദേ​ശ​ങ്ങ​ളിൽനിന്ന്‌ പത്രോസ്‌ പഠിച്ചി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, യേശു ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞി​രു​ന്നു: “ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ ഗുരു, നിങ്ങളോ എല്ലാവ​രും സഹോ​ദ​ര​ന്മാർ. . . . ഒരാൾ മാത്ര​മാ​ണു നിങ്ങളു​ടെ നേതാവ്‌; അതു ക്രിസ്‌തു​വാണ്‌.”—മത്ത 23:8-12.

ഒരു ജൂതൻ അന്യജാ​തി​ക്കാ​രന്റെ അടുത്ത്‌ ചെല്ലു​ന്നത്‌ . . . ഞങ്ങളുടെ നിയമ​ത്തി​നു വിരു​ദ്ധ​മാണ്‌: ജനതക​ളിൽപ്പെട്ട ഒരാളു​ടെ വീട്ടിൽ കയറു​ന്ന​യാൾ ആചാര​പ​ര​മാ​യി അശുദ്ധ​നാ​കും എന്നാണു പത്രോ​സി​ന്റെ കാലത്തെ ജൂതമ​ത​നേ​താ​ക്ക​ന്മാർ പഠിപ്പി​ച്ചി​രു​ന്നത്‌. (യോഹ 18:28) എന്നാൽ ജനതക​ളിൽപ്പെ​ട്ട​വ​രു​മാ​യി ഇത്തരത്തിൽ ഇടപഴ​കു​ന്ന​തി​നെ വിലക്കുന്ന പ്രത്യേ​ക​മായ കല്‌പ​ന​ക​ളൊ​ന്നും മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തിൽ ഇല്ലായി​രു​ന്നു. മാത്രമല്ല, തന്റെ ജീവൻ മോച​ന​വി​ല​യാ​യി നൽകി പുതിയ ഉടമ്പടി പ്രാബ​ല്യ​ത്തിൽ കൊണ്ടു​വ​ന്ന​തി​ലൂ​ടെ യേശു ജൂതന്മാ​രെ​യും ജനതക​ളിൽപ്പെ​ട്ട​വ​രെ​യും വേർതി​രിച്ച മതിൽ ഇടിച്ചു​ക​ള​ഞ്ഞി​രു​ന്നു. അങ്ങനെ യേശു ഈ ‘രണ്ടു കൂട്ട​രെ​യും ഒന്നിപ്പി​ച്ചു.’ (എഫ 2:11-16) എന്നാൽ അതിൽ എന്താണ്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​തെന്നു മനസ്സി​ലാ​ക്കാൻ എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തി​നു ശേഷം​പോ​ലും ആദ്യകാ​ല​ശി​ഷ്യ​ന്മാർക്കു കഴിഞ്ഞില്ല. കാലങ്ങ​ളാ​യി ജൂതമ​ത​നേ​താ​ക്ക​ന്മാർ ഉന്നമി​പ്പി​ച്ചി​രുന്ന ചിന്താ​രീ​തി​കൾ തങ്ങളുടെ ഹൃദയ​ത്തിൽനിന്ന്‌ പിഴു​തെ​റി​യാൻ ജൂത​ക്രി​സ്‌ത്യാ​നി​കൾക്കു വർഷങ്ങൾതന്നെ വേണ്ടി​വന്നു. കാരണം അത്‌ അവരുടെ സംസ്‌കാ​ര​ത്തോട്‌ അത്രമാ​ത്രം ഇഴുകി​ച്ചേർന്നി​രു​ന്നു.

ഒൻപതാം മണി: അതായത്‌, ഉച്ച കഴിഞ്ഞ്‌ ഏകദേശം 3 മണി.—മത്ത 20:3-ന്റെ പഠനക്കു​റി​പ്പു കാണുക.

ഏകദേശം മൂന്നാം മണി: അതായത്‌, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാ​ണ്ടിൽ ജൂതന്മാർ 12 മണിക്കൂ​റാ​യാ​ണു പകൽസ​മ​യത്തെ വിഭാ​ഗി​ച്ചി​രു​ന്നത്‌. രാവിലെ ഏകദേശം 6 മണിക്കു സൂര്യോ​ദ​യ​ത്തോ​ടെ​യാ​യി​രു​ന്നു അതിന്റെ തുടക്കം. (യോഹ 11:9) അതു​കൊണ്ട്‌ മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമ​യ​വും ഒൻപതാം മണി വൈകു​ന്നേരം ഏകദേശം 3 മണിയും ആയിരു​ന്നു. ആളുക​ളു​ടെ കൈയിൽ കൃത്യ​സ​മയം കാണി​ക്കുന്ന ഘടികാ​രങ്ങൾ ഇല്ലാതി​രു​ന്ന​തു​കൊണ്ട്‌ ഒരു സംഭവം നടക്കുന്ന ഏകദേ​ശ​സ​മയം മാത്രമേ സാധാരണ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു​ള്ളൂ.​—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.

യഹോവ: മിക്ക ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഇവിടെ “കർത്താവ്‌” (ഗ്രീക്കിൽ, തൗ കിരി​യോ) എന്ന പദമാണു കാണു​ന്നത്‌. എന്നാൽ അനു. സി-യിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ഈ വാക്യ​ത്തി​ന്റെ മൂലപാ​ഠ​ത്തിൽ ദൈവ​നാ​മം ഉണ്ടായി​രു​ന്നെ​ന്നും പിന്നീട്‌ അതിനു പകരമാ​യി “കർത്താവ്‌” എന്ന സ്ഥാന​പ്പേര്‌ ചേർത്ത​താ​ണെ​ന്നും വിശ്വ​സി​ക്കാൻ പല കാരണ​ങ്ങ​ളു​മുണ്ട്‌. അതു​കൊ​ണ്ടാണ്‌ ഇവിടെ യഹോവ എന്ന പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

പക്ഷപാ​ത​മു​ള്ള​വനല്ല: ഇവിടെ കാണുന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “മുഖങ്ങൾ കണക്കി​ലെ​ടു​ക്കാ​ത്തവൻ (സ്വീക​രി​ക്കാ​ത്തവൻ)” എന്നാണ്‌. പക്ഷപാ​ത​മി​ല്ലാത്ത ദൈവം പുറമേ കാണു​ന്ന​തു​വെച്ച്‌ ആളുകളെ വിധി​ക്കു​ക​യോ അവരുടെ വംശം, ദേശം, സാമൂ​ഹി​ക​പ​ശ്ചാ​ത്തലം എന്നിവ​പോ​ലെ ബാഹ്യ​മായ ഏതെങ്കി​ലും ഘടകങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തിൽ അവരോ​ടു പ്രീതി കാണി​ക്കു​ക​യോ ഇല്ല. ദൈവ​ത്തി​ന്റെ ഈ ഗുണം അനുക​രി​ക്കുന്ന ഒരാൾ പുറമേ കാണു​ന്ന​തു​വെച്ച്‌ ആരെയും വിധി​ക്കില്ല. പകരം അവരുടെ വ്യക്തി​ത്വ​ത്തി​നും അവർ സ്വന്തജീ​വി​ത​ത്തിൽ പകർത്തുന്ന ദൈവി​ക​ഗു​ണ​ങ്ങൾക്കും ആയിരി​ക്കും അയാൾ പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌.

ഇസ്രാ​യേൽമക്കൾ: അഥവാ “ഇസ്രാ​യേൽജനം; ഇസ്രാ​യേ​ല്യർ.”—പദാവ​ലി​യിൽ “ഇസ്രാ​യേൽ” കാണുക.

സ്‌തം​ഭ​ത്തിൽ: അഥവാ “മരത്തിൽ.” സൈ​ലോൺ (അക്ഷ. “മരത്തടി.”) എന്ന ഗ്രീക്കു​പദം ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു സ്റ്റോ​റോസ്‌ (“ദണ്ഡനസ്‌തം​ഭം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അതേ അർഥത്തി​ലാണ്‌. യേശു​വി​നെ തറച്ചു​കൊ​ന്നത്‌ എന്തിലാ​യി​രു​ന്നെന്നു മനസ്സി​ലാ​ക്കാൻ ഈ പദം സഹായി​ക്കും. ലൂക്കോ​സും പൗലോ​സും പത്രോ​സും ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ സൈ​ലോൺ എന്ന പദം ഈയൊ​രു അർഥത്തിൽ അഞ്ചു പ്രാവ​ശ്യം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (പ്രവൃ 5:30; 10:39; 13:29; ഗല 3:13; 1പത്ര 2:24) സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ, “സ്‌തം​ഭ​ത്തിൽ തൂക്കി​യാൽ” എന്ന പദപ്ര​യോ​ഗം കാണുന്ന ആവ 21:22, 23-ലും സൈ​ലോൺ എന്ന ഗ്രീക്കു​പദം കാണാം. “സ്‌തംഭം” എന്നതിന്റെ എബ്രാ​യ​പ​ദ​മായ ഏറ്റ്‌സി​നെ​യാണ്‌ (അർഥം, “മരം; തടി; തടിക്ക​ഷണം”) അവിടെ സൈ​ലോൺ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പൗലോസ്‌ ഈ തിരു​വെ​ഴു​ത്തു​ഭാ​ഗം ഗല 3:13-ൽ ഉദ്ധരി​ച്ച​പ്പോ​ഴും (“സ്‌തം​ഭ​ത്തിൽ തൂക്ക​പ്പെ​ടു​ന്ന​വ​നെ​ല്ലാം ശപിക്ക​പ്പെ​ട്ടവൻ.”) സൈ​ലോൺ എന്ന പദമാണ്‌ ഉപയോ​ഗി​ച്ചത്‌. സെപ്‌റ്റു​വ​ജി​ന്റിഎസ്ര 6:11-ലും (1 എസ്‌ദ്രാസ്‌ 6:31, LXX) ഈ ഗ്രീക്കു​പദം കാണാം. ഏറ്റ്‌സ്‌ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ അതേ അർഥമുള്ള എന്ന അരമാ​യ​പ​ദ​ത്തെ​യാണ്‌ അവിടെ സൈ​ലോൺ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പേർഷ്യൻ രാജാ​വി​ന്റെ കല്‌പന ലംഘി​ക്കു​ന്ന​വർക്കുള്ള ശിക്ഷ​യെ​ക്കു​റിച്ച്‌ പറയുന്ന അവിടെ കാണു​ന്നത്‌ ‘അവന്റെ വീടിന്റെ ഉത്തരം വലിച്ചൂ​രി അവനെ അതിൽ തറയ്‌ക്കും’ എന്നാണ്‌. ചുരു​ക്ക​ത്തിൽ, ബൈബി​ളെ​ഴു​ത്തു​കാർ സൈ​ലോൺ എന്ന പദത്തെ സ്റ്റോ​റോസ്‌ എന്ന പദത്തിന്റെ അതേ അർഥത്തിൽ ഉപയോ​ഗി​ച്ചു എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നത്‌, യേശു​വി​നെ വധിച്ചതു കുത്ത​നെ​യുള്ള ഒരു സ്‌തം​ഭ​ത്തി​ലാ​ണെ​ന്നും അതിൽ തടിക്ക​ഷ​ണ​മൊ​ന്നും കുറുകെ പിടി​പ്പി​ച്ചി​രു​ന്നി​ല്ലെ​ന്നും ആണ്‌. സൈ​ലോൺ എന്ന പദത്തിന്‌ അങ്ങനെ​യൊ​രു അർഥമേ ഉള്ളൂ.

സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ: ബൈബി​ളിൽ, ചിലർക്ക്‌ അക്ഷരാർഥ​ത്തി​ലു​ള്ള​തോ ആലങ്കാ​രി​കാർഥ​ത്തി​ലു​ള്ള​തോ ആയ താക്കോ​ലു​കൾ ലഭിച്ച​താ​യി പറഞ്ഞി​ട്ടുണ്ട്‌. അവർക്ക്‌ ഒരളവി​ലുള്ള അധികാ​രം കൈവന്നു എന്നതിന്റെ സൂചന​യാ​യി​രു​ന്നു അത്‌. (1ദിന 9:26, 27; യശ 22:20-22) അതു​കൊ​ണ്ടു​തന്നെ “താക്കോൽ“ എന്ന പദം അധികാ​ര​ത്തി​ന്റെ​യും ഉത്തരവാ​ദി​ത്വ​ത്തി​ന്റെ​യും പ്രതീ​ക​മാ​യി മാറി. പത്രോസ്‌ തനിക്കു കിട്ടിയ “താക്കോ​ലു​കൾ” ഉപയോ​ഗിച്ച്‌ ജൂതന്മാർക്കും (പ്രവൃ 2:22-41) ശമര്യ​ക്കാർക്കും (പ്രവൃ 8:14-17) ജനതക​ളിൽപ്പെ​ട്ട​വർക്കും (പ്രവൃ 10:34-38) ദൈവാ​ത്മാവ്‌ ലഭിക്കാ​നുള്ള അവസരം തുറന്നു​കൊ​ടു​ത്തു. അതിലൂ​ടെ അവർക്കു സ്വർഗ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നാ​കു​മാ​യി​രു​ന്നു.

ദൈവ​വ​ചനം കേട്ടു​കൊ​ണ്ടി​രുന്ന എല്ലാവ​രു​ടെ​യും മേൽ പരിശു​ദ്ധാ​ത്മാവ്‌ വന്നു: സ്‌നാ​ന​മേൽക്കു​ന്ന​തി​നു മുമ്പു​തന്നെ ശിഷ്യ​ന്മാർക്കു പരിശു​ദ്ധാ​ത്മാവ്‌ കിട്ടി​യ​തി​നെ​ക്കു​റി​ച്ചുള്ള ഒരേ ഒരു ബൈബിൾവി​വ​ര​ണ​മാണ്‌ ഇത്‌. ഇനി, കൊർന്നേ​ല്യൊ​സി​നെ​യും കുടും​ബ​ത്തെ​യും ക്രിസ്‌ത്യാ​നി​ക​ളാ​ക്കു​ന്ന​തിൽ പത്രോ​സി​നു​ണ്ടാ​യി​രുന്ന സജീവ​മായ പങ്കി​നെ​ക്കു​റി​ച്ചും ഈ വാക്യ​ത്തിൽ കാണാം. അവർ ആരും ജൂതവം​ശ​ജ​രാ​യി​രു​ന്നില്ല. വാസ്‌ത​വ​ത്തിൽ പത്രോസ്‌ ഇവിടെ ‘സ്വർഗ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​ക​ളിൽ’ മൂന്നാ​മ​ത്തേത്‌ ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ജനതക​ളിൽപ്പെ​ട്ട​വ​രി​ലേക്കു സന്തോ​ഷ​വാർത്ത എത്താനും അവർക്കു ദൈവ​രാ​ജ്യ​ത്തിൽ പ്രവേ​ശി​ക്കാ​നുള്ള പ്രത്യാശ ലഭിക്കാ​നും ആ താക്കോൽ വഴി തുറന്നു. ജൂതന്മാ​രും ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വ​രും ശമര്യ​ക്കാ​രും ഒഴി​കെ​യുള്ള എല്ലാ മനുഷ്യ​രും ഉൾപ്പെട്ട വിശാ​ല​മാ​യൊ​രു വയലാ​യി​രു​ന്നു അത്‌. മുമ്പ്‌ പത്രോസ്‌ ഒന്നാമത്തെ താക്കോൽ ഉപയോ​ഗിച്ച്‌ ജൂതന്മാർക്കും ജൂതമ​ത​ത്തി​ലേക്കു പരിവർത്തനം ചെയ്‌ത​വർക്കും അതേ പ്രത്യാശ തുറന്നു​കൊ​ടു​ത്തി​രു​ന്നു. പിന്നീട്‌ രണ്ടാമത്തെ താക്കോൽ ശമര്യ​ക്കാർക്കു​വേ​ണ്ടി​യും ഉപയോ​ഗി​ച്ചു.—പ്രവൃ 2:22-41; 8:14-17; മത്ത 16:19-ന്റെ പഠനക്കു​റി​പ്പു കാണുക.

പരി​ച്ഛേ​ദ​ന​യേറ്റ വിശ്വാ​സി​കൾ: അഥവാ “പരി​ച്ഛേ​ദ​ന​യേറ്റ വിശ്വ​സ്‌തർ.” അതായത്‌, ജൂത​ക്രി​സ്‌ത്യാ​നി​കൾ.—പ്രവൃ 10:23.

ഭാഷക​ളിൽ: ഗ്ലോസ്സാ എന്ന ഗ്രീക്കു​വാ​ക്കു ബൈബി​ളിൽ ‘നാവിനെ’ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (മർ 7:33; ലൂക്ക 1:64; 16:24) എന്നാൽ അത്‌ ഒരു ഭാഷയെ കുറി​ക്കാ​നോ ഒരു പ്രത്യേ​ക​ഭാഷ സംസാ​രി​ക്കു​ന്ന​വരെ കുറി​ക്കാ​നോ ആലങ്കാ​രി​കാർഥ​ത്തി​ലും ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (വെളി 5:9; 7:9; 13:7) “നാക്കിന്റെ രൂപത്തിൽ തീനാ​ളങ്ങൾ” പ്രത്യ​ക്ഷ​മാ​യ​തി​നെ​ക്കു​റിച്ച്‌ പറയുന്ന പ്രവൃ 2:3-ലും ഇതേ ഗ്രീക്കു​പ​ദ​മാ​ണു കാണു​ന്നത്‌. ശിഷ്യ​ന്മാ​രിൽ ഓരോ​രു​ത്ത​രു​ടെ​യും മേൽ വന്നുനിന്ന ഈ ‘നാവു​ക​ളും’ അവരുടെ നാവു​ക​ളിൽനിന്ന്‌ വന്ന വ്യത്യ​സ്‌ത​ഭാ​ഷ​ക​ളും, അവർക്കു പരിശു​ദ്ധാ​ത്മാവ്‌ ലഭിച്ചു എന്നതിനു തെളി​വേകി.

അന്യഭാ​ഷ​ക​ളിൽ: ദൈവം ജനതക​ളിൽപ്പെ​ട്ട​വർക്കും സ്വർഗീ​യ​പ്ര​ത്യാ​ശ നീട്ടി​ക്കൊ​ടു​ത്തു എന്നതിന്റെ ദൃശ്യ​മായ തെളി​വാ​യി​രു​ന്നു ഈ അത്ഭുതം. ഈ പുതിയ ക്രമീ​ക​ര​ണ​ത്തി​നു തന്റെ പിന്തു​ണ​യു​ണ്ടെന്നു വ്യക്തമാ​ക്കാൻ പെന്തി​ക്കോ​സ്‌തി​ലെ​പ്പോ​ലെ​തന്നെ ദൈവം ഇവി​ടെ​യും പരിശു​ദ്ധാ​ത്മാ​വി​നെ ഉപയോ​ഗി​ച്ചു. ശക്തമായ ഈ തെളിവ്‌ അവർക്കു കാണാ​നും കേൾക്കാ​നും കഴിയു​മാ​യി​രു​ന്നു.—പ്രവൃ 2:4-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൃശ്യാവിഷ്കാരം