വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പകർപ്പെഴുത്തുകാരൻ

പകർപ്പെഴുത്തുകാരൻ

ബൈബിളിൽ ഈ പദം കുറിക്കുന്നത്‌, തിരുവെഴുത്തുഭാഗങ്ങളുടെയും മറ്റു രേഖകളുടെയും പകർപ്പുകൾ തയ്യാറാക്കിയിരുന്നവരെയാണ്‌.​—എസ്ര 7:6.

പുരാതനകാലത്ത്‌ ലിഖിതരേഖകളുടെ പകർപ്പുകൾ കൈകൊണ്ട്‌ എഴുതിത്തയ്യാറാക്കുന്നതായിരുന്നു രീതി. വളരെയധികം സമയവും സൂക്ഷ്‌മതയും ആവശ്യമായിരുന്ന ഈ ജോലി ചെയ്യാൻ നല്ല വൈദഗ്‌ധ്യം വേണമായിരുന്നു. (സങ്ക 45:1) ബൈബിളിൽ പേരെടുത്ത്‌ പറഞ്ഞിരിക്കുന്ന പകർപ്പെഴുത്തുകാരാണ്‌ എസ്ര, സാദോക്ക്‌, ശാഫാൻ എന്നിവർ. (നെഹ 12:26; 13:13; യിര 36:10) ദൈവപ്രചോദിതമായ തിരുവെഴുത്തുകളുടെ യഥാർഥപ്രതികൾ കാലപ്പഴക്കംകൊണ്ട്‌ നശിച്ചുപോകുമായിരുന്നതിനാൽ തിരുവെഴുത്തുകൾ സംരക്ഷിക്കാൻ പകർപ്പെഴുത്തുകാരുടെ ഈ ഉദ്യമം സഹായിച്ചു. തിരുവെഴുത്തുകളുടെ കൂടുതൽ പകർപ്പുകൾ തയ്യാറാക്കേണ്ടിവന്നതിന്റെ മറ്റൊരു കാരണം വായനക്കാരുടെ എണ്ണത്തിലുണ്ടായ വർധനയാണ്‌. ഇത്തരം പകർപ്പുകളുടെ കൃത്യത അതീവശ്രദ്ധയോടെ പരിശോധിച്ച്‌ തെറ്റുകൾ തിരുത്തുന്നതും മിക്കപ്പോഴും പകർപ്പെഴുത്തുകാരുടെ ജോലിയിൽ ഉൾപ്പെട്ടിരുന്നു. ഇവരിൽ ചിലർ തങ്ങൾ പകർത്തിയെഴുതുന്ന പ്രതികളിലെ വാക്കുകളും അക്ഷരങ്ങളും എണ്ണിനോക്കുകപോലും ചെയ്‌തിരുന്നു. നൂറ്റാണ്ടുകളേറെ കടന്നുപോയെങ്കിലും ദൈവവചനം ഇന്നോളം സംരക്ഷിക്കപ്പെടാൻ, പകർപ്പെഴുത്തുകാരുടെ വൈദഗ്‌ധ്യവും അതീവശ്രദ്ധയോടെ കൃത്യത പരിശോധിക്കുന്ന ഈ രീതിയും സഹായിച്ചിരിക്കുന്നു.