മത്തായി എഴുതിയത് 20:1-34
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
പണിക്കാരെ കൂലിക്കു വിളിക്കാൻ: ചിലരെ വിളിച്ചിരുന്നത് ഒരു കൊയ്ത്തുകാലം മുഴുവൻ പണിയെടുക്കാനാണ്. മറ്റു ചിലരെയാകട്ടെ ആവശ്യാനുസരണം ഓരോ ദിവസത്തേക്കും.
ദിനാറെ: 3.85 ഗ്രാം തൂക്കമുള്ള ഒരു റോമൻ വെള്ളിനാണയം. അതിന്റെ ഒരു വശത്ത് സീസറിന്റെ രൂപമുണ്ടായിരുന്നു. ഈ വാക്യത്തിൽ കാണുന്നതുപോലെ യേശുവിന്റെ കാലത്ത്, 12 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രവൃത്തിദിവസത്തെ കൂലിയായി കൃഷിപ്പണിക്കാർക്കു സാധാരണ ലഭിച്ചിരുന്നത് ഒരു ദിനാറെയായിരുന്നു.—പദാവലിയും അനു. ബി14-ഉം കാണുക.
ഏകദേശം മൂന്നാം മണി: അതായത്, രാവിലെ ഏകദേശം 9 മണി. ഒന്നാം നൂറ്റാണ്ടിൽ ജൂതന്മാർ 12 മണിക്കൂറായാണു പകൽസമയത്തെ വിഭാഗിച്ചിരുന്നത്. രാവിലെ ഏകദേശം 6 മണിക്കു സൂര്യോദയത്തോടെയായിരുന്നു അതിന്റെ തുടക്കം. (യോഹ 11:9) അതുകൊണ്ട് മൂന്നാം മണി എന്നതു രാവിലെ ഏകദേശം 9 മണിയും ആറാം മണി ഏകദേശം ഉച്ചസമയവും ഒൻപതാം മണി വൈകുന്നേരം ഏകദേശം 3 മണിയും ആയിരുന്നു. ആളുകളുടെ കൈയിൽ കൃത്യസമയം കാണിക്കുന്ന ഘടികാരങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് ഒരു സംഭവം നടക്കുന്ന ഏകദേശസമയം മാത്രമേ സാധാരണ രേഖപ്പെടുത്തിയിരുന്നുള്ളൂ.—യോഹ 1:39; 4:6; 19:14; പ്രവൃ 10:3, 9.
ഏകദേശം ആറാം മണി: അതായത്, ഉച്ചയ്ക്ക് ഏകദേശം 12 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
ഒൻപതാം മണി: അതായത്, ഉച്ച കഴിഞ്ഞ് ഏകദേശം 3 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
ഏകദേശം 11-ാം മണി: അതായത്, വൈകുന്നേരം ഏകദേശം 5 മണി.—മത്ത 20:3-ന്റെ പഠനക്കുറിപ്പു കാണുക.
നല്ലവൻ: അഥവാ “ഔദാര്യമുള്ളവൻ.” ഇവിടെ “നല്ലവൻ” എന്ന വിശേഷണം ആ വ്യക്തിയുടെ ഔദാര്യപ്രവൃത്തിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
അസൂയയാണോ നിനക്ക്?: അക്ഷ. “നിന്റെ കണ്ണു ചീത്തയായോ (ദുഷിച്ചുപോയോ)?” (മത്ത 6:23-ന്റെ പഠനക്കുറിപ്പു കാണുക.) മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്ന “കണ്ണ്” എന്ന പദം ആലങ്കാരികാർഥത്തിൽ ഒരു വ്യക്തിയുടെ ഉദ്ദേശ്യത്തെയോ മനോഭാവത്തെയോ വികാരങ്ങളെയോ ആണ് കുറിക്കുന്നത്.—മർ 7:22-ലെ “അസൂയയുള്ള കണ്ണ്” എന്ന പദപ്രയോഗം താരതമ്യം ചെയ്യുക.
യരുശലേമിലേക്കു പോകുംവഴി: സമുദ്രനിരപ്പിൽനിന്ന് ഏകദേശം 750 മീ. (2,500 അടി) ഉയരത്തിലായിരുന്നു യരുശലേം നഗരം. ഇപ്പോൾ യേശുവും ശിഷ്യന്മാരും യോർദാൻ താഴ്വരയിൽ എത്തിനിൽക്കുകയായിരുന്നു. (മത്ത 19:1-ന്റെ പഠനക്കുറിപ്പു കാണുക.) സമുദ്രനിരപ്പിൽനിന്ന് ഏകദേശം 400 മീ. (1,300 അടി) താഴെയായിരുന്നു ആ താഴ്വരയുടെ ഏറ്റവും താഴ്ന്ന ഭാഗം. അതുകൊണ്ട് ഏകദേശം 1,000 മീ. (3,330 അടി) കയറ്റം കയറിയാൽ മാത്രമേ അവർക്ക് യരുശലേമിൽ എത്താനാകുമായിരുന്നുള്ളൂ.
പോകുംവഴി: ചുരുക്കം ചില കൈയെഴുത്തുപ്രതികളിൽ “പോകാൻതുടങ്ങുമ്പോൾ” എന്നാണു കാണുന്നതെങ്കിലും “പോകുംവഴി” എന്ന പരിഭാഷയെയാണു കൂടുതൽ കൈയെഴുത്തുപ്രതികളും പിന്തുണയ്ക്കുന്നത്.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
സ്തംഭത്തിലേറ്റി കൊല്ലുകയും ചെയ്യും: അഥവാ “ഒരു സ്തംഭത്തിൽ (തൂണിൽ) ബന്ധിക്കുകയും ചെയ്യും.” ഗ്രീക്കുതിരുവെഴുത്തുകളിൽ സ്റ്റോറോ എന്ന ഗ്രീക്കുക്രിയ 40-ലേറെ പ്രാവശ്യം കാണാം. അതിൽ ആദ്യത്തേതാണ് ഇത്. “ദണ്ഡനസ്തംഭം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന സ്റ്റോറോസ് എന്ന ഗ്രീക്കുനാമത്തിന്റെ ക്രിയാരൂപമാണ് ഇത്. (മത്ത 10:38; 16:24; 27:32 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “ദണ്ഡനസ്തംഭം”; “സ്തംഭം” എന്നിവയും കാണുക.) എസ്ഥ 7:9-ൽ ഹാമാനെ 20 മീ.-ലേറെ (65 അടി) ഉയരമുള്ള ഒരു സ്തംഭത്തിൽ തൂക്കാൻ കല്പന കൊടുത്തതായി പറയുന്നിടത്ത് സെപ്റ്റുവജിന്റിലും ഇതേ ക്രിയാരൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്കു സാഹിത്യഭാഷയിൽ അതിന്റെ അർഥം “മരക്കുറ്റികൾകൊണ്ട് വേലി കെട്ടുക, മരത്തൂണുകൾ നിരയായി നാട്ടി പ്രതിരോധം തീർക്കുക” എന്നെല്ലാമാണ്.
സെബെദിപുത്രന്മാരുടെ അമ്മ: അതായത് അപ്പോസ്തലന്മാരായ യാക്കോബിന്റെയും യോഹന്നാന്റെയും അമ്മ. യേശുവിനെ സമീപിച്ചത് യാക്കോബും യോഹന്നാനും ആണെന്നാണു മർക്കോസിന്റെ വിവരണത്തിൽ പറയുന്നത്. തെളിവനുസരിച്ച് ആ അപേക്ഷയുടെ ഉറവിടം അവരായിരുന്നു. എന്നാൽ അവർ തങ്ങളുടെ അമ്മയായ ശലോമയിലൂടെയാണു കാര്യം യേശുവിന്റെ മുന്നിൽ അവതരിപ്പിച്ചത്. സാധ്യതയനുസരിച്ച് യേശുവിന്റെ അമ്മയുടെ സഹോദരിയായിരുന്നു ശലോമ.—മത്ത 27:55, 56; മർ 15:40, 41; യോഹ 19:25.
വണങ്ങിയിട്ട്: അഥവാ “കുമ്പിട്ട് നമസ്കരിച്ചിട്ട്; ആദരവോടെ മുട്ടുകുത്തി.”—മത്ത 8:2; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഒരാളെ അങ്ങയുടെ വലത്തും ഒരാളെ ഇടത്തും: മർ 10:37-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങൾ ചോദിക്കുന്നത് എന്താണെന്നു നിങ്ങൾക്ക് അറിയില്ല: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയകളുടെ ബഹുവചനരൂപവും വാക്യത്തിന്റെ സന്ദർഭവും സൂചിപ്പിക്കുന്നത്, യേശു സംസാരിക്കുന്നത് ആ സ്ത്രീയോടല്ല മറിച്ച് അവരുടെ രണ്ട് ആൺമക്കളോടാണ് എന്നാണ്.—മർ 10:35-38.
പാനപാത്രം കുടിക്കാൻ: ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന “പാനപാത്രം” എന്ന പദം, മിക്കപ്പോഴും ആലങ്കാരികാർഥത്തിൽ ഒരാളെക്കുറിച്ചുള്ള ദൈവത്തിന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമിച്ചുകൊടുത്ത ഓഹരി”യെ ആണ് സൂചിപ്പിക്കുന്നത്. ഇവിടെ, ‘പാനപാത്രം കുടിക്കുക’ എന്നാൽ ദൈവത്തിന്റെ ഇഷ്ടത്തിനു കീഴ്പെടുക എന്നാണ് അർഥം. ദൈവനിന്ദകനെന്ന വ്യാജാരോപണത്തിന്റെ പേരിൽ യേശു അനുഭവിക്കേണ്ടിയിരുന്ന കഷ്ടപ്പാടും മരണവും മാത്രമല്ല ഇവിടെ “പാനപാത്രം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സ്വർഗത്തിലെ അമർത്യജീവനിലേക്കുള്ള യേശുവിന്റെ പുനരുത്ഥാനവും അതിൽ ഉൾപ്പെട്ടിരുന്നു.
ശുശ്രൂഷ ചെയ്യുന്നവൻ: അഥവാ “സേവകൻ; ജോലിക്കാരൻ.” മടുത്ത് പിന്മാറാതെ മറ്റുള്ളവർക്കുവേണ്ടി താഴ്മയോടെ സേവനം ചെയ്യുന്നവരെ കുറിക്കാനാണു ബൈബിളിൽ മിക്കപ്പോഴും ഡയാക്കൊനൊസ് എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നത്. ഈ പദം ക്രിസ്തു (റോമ 15:8), ക്രിസ്തുവിന്റെ ശുശ്രൂഷകർ അഥവാ സേവകന്മാർ (1കൊ 3:5-7; കൊലോ 1:23), ശുശ്രൂഷാദാസന്മാർ (ഫിലി 1:1; 1തിമ 3:8) എന്നിവരെയും വീട്ടുജോലിക്കാർ (യോഹ 2:5, 9), ഗവൺമെന്റ് അധികാരികൾ (റോമ 13:4) എന്നിവരെയും കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്.
ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാൻ: അഥവാ “സേവിക്കപ്പെടാനല്ല, സേവിക്കാൻ.”—മത്ത 20:26-ന്റെ പഠനക്കുറിപ്പു കാണുക.
ജീവൻ: കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ജീവനെയാണു കുറിക്കുന്നത്.—പദാവലിയിൽ “ദേഹി” കാണുക.
മോചനവില: ഇതിന്റെ ഗ്രീക്കുപദം ലൂട്രൊൻ (“മോചിപ്പിക്കുക; മുക്തനാക്കുക” എന്നൊക്കെ അർഥംവരുന്ന ലൂഓ എന്ന ക്രിയയിൽനിന്ന് വന്നത്.) എന്നാണ്. ബന്ധനത്തിലും അടിമത്തത്തിലും കഴിയുന്നവരെയോ യുദ്ധത്തടവുകാരെയോ മോചിപ്പിക്കാൻ നൽകുന്ന തുകയെ കുറിക്കാനാണു ഗ്രീക്കുസാഹിത്യകാരന്മാർ ഈ പദം ഉപയോഗിച്ചിരുന്നത്. (എബ്ര 11:35) ഗ്രീക്കുതിരുവെഴുത്തുകളിൽ ഈ പദം രണ്ടു പ്രാവശ്യം കാണാം. ഒന്ന് ഇവിടെയും മറ്റൊന്ന് മർ 10:45-ലും. ഇതിനോടു ബന്ധപ്പെട്ട ആന്റിലൂട്രൊൻ എന്ന പദം 1തിമ 2:6-ൽ കാണാം. അവിടെ അത് ‘തത്തുല്യമായ മോചനവില’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. “സ്വതന്ത്രമാക്കുക; മോചനവില കൊടുത്ത് വാങ്ങുക” (തീത്ത 2:14; 1പത്ര 1:18; അടിക്കുറിപ്പുകളും കാണുക.) എന്നെല്ലാം അർഥമുള്ള ലൂട്രൊമായി എന്ന പദവും ‘മോചനവിലയാൽ മോചിപ്പിക്കുക (വിടുവിക്കുക)’ (എഫ 1:7; കൊലോ 1:14; എബ്ര 9:15; റോമ 3:24; 8:23) എന്നു മിക്കപ്പോഴും പരിഭാഷപ്പെടുത്തിയിരിക്കുന്ന അപ്പോലൂട്രൊസിസ് എന്ന പദവും ലൂട്രൊൻ എന്ന പദത്തോടു ബന്ധമുള്ളവയാണ്.—പദാവലി കാണുക.
യരീഹൊ: യോർദാൻ നദിക്കു പടിഞ്ഞാറ് ഇസ്രായേല്യർ കീഴടക്കിയ ആദ്യ കനാന്യനഗരം. (സംഖ 22:1; യോശ 6:1, 24, 25) യേശുവിന്റെ കാലമായപ്പോഴേക്കും പഴയ നഗരത്തിന് ഏതാണ്ട് 2 കി.മീ. തെക്കായി പുതിയൊരു നഗരം നിർമിച്ചിരുന്നു. അതുകൊണ്ടായിരിക്കാം ഇതേ സംഭവത്തെക്കുറിച്ച് വിവരിക്കുന്ന ലൂക്ക 18:35-ൽ “യേശു യരീഹൊയോട് അടുത്തു” എന്നു പറഞ്ഞിരിക്കുന്നത്. ജൂതന്മാരുടെ യരീഹൊയിൽനിന്ന് യാത്ര തിരിച്ച (അഥവാ ‘യരീഹൊ വിട്ട് പോയ’) യേശു, റോമാക്കാരുടെ യരീഹൊയോട് അടുക്കുമ്പോഴായിരിക്കാം ഈ അത്ഭുതം ചെയ്തത്. അതു തിരിച്ചാകാനും സാധ്യതയുണ്ട്.—അനു. ബി4-ഉം ബി10-ഉം കാണുക.
രണ്ട് അന്ധന്മാർ: ഒരു അന്ധനെക്കുറിച്ചേ മർക്കോസും ലൂക്കോസും പറയുന്നുള്ളൂ. മർക്കോസിന്റെ വിവരണത്തിൽ അദ്ദേഹത്തിന്റെ പേര് ബർത്തിമായി എന്നാണെന്നും പറഞ്ഞിരിക്കുന്നു. സാധ്യതയനുസരിച്ച് ഈ വ്യക്തിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുകൊണ്ടാകാം മർക്കോസിന്റെയും ലൂക്കോസിന്റെയും വിവരണത്തിൽ ഒരു അന്ധനെക്കുറിച്ച് മാത്രം പറഞ്ഞിരിക്കുന്നത്. (മർ 10:46; ലൂക്ക 18:35) എന്നാൽ അവിടെയുണ്ടായിരുന്ന അന്ധന്മാരുടെ എണ്ണം മത്തായി കൃത്യമായി എടുത്തുപറഞ്ഞിരിക്കുന്നു.
ദാവീദുപുത്രാ: യേശുവിനെ “ദാവീദുപുത്രാ” എന്നു വിളിച്ചതിലൂടെ യേശുതന്നെയാണു മിശിഹ എന്ന കാര്യം ആ രണ്ട് അന്ധന്മാർ പരസ്യമായി അംഗീകരിക്കുകയായിരുന്നു.—മത്ത 1:1, 6; 15:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മനസ്സ് അലിഞ്ഞ്: അഥവാ “അനുകമ്പ തോന്നി.”—മത്ത 9:36-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
ഇവിടെ കാണിച്ചിരിക്കുന്നതുപോലെ, ചിലപ്പോഴൊക്കെ റോഡിന്റെ ഇരുവശത്തുമായിട്ടായിരുന്നു ചന്തകൾ. മിക്കപ്പോഴും വ്യാപാരികൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചിരുന്നതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രദേശവാസികൾക്കു വീട്ടുസാധനങ്ങളും കളിമൺപാത്രങ്ങളും വിലകൂടിയ ചില്ലുപാത്രങ്ങളും നല്ല പച്ചക്കറികളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമായിരുന്നു ഇത്. അക്കാലത്ത് ഭക്ഷണം ശീതീകരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാഞ്ഞതുകൊണ്ട് ഓരോ ദിവസത്തേക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടിക്കുന്നതായിരുന്നു രീതി. അവിടെ ചെല്ലുന്നവർക്കു കച്ചവടക്കാരിൽനിന്നും മറ്റു സന്ദർശകരിൽനിന്നും പുതിയപുതിയ വാർത്തകൾ കേൾക്കാമായിരുന്നു. കുട്ടികൾ അവിടെ കളിച്ചിരുന്നു. തങ്ങളെ കൂലിക്കു വിളിക്കുന്നതും പ്രതീക്ഷിച്ച് ആളുകൾ അവിടെ കാത്തിരിക്കാറുമുണ്ടായിരുന്നു. ചന്തസ്ഥലത്തുവെച്ച് യേശു ആളുകളെ സുഖപ്പെടുത്തിയതായും പൗലോസ് മറ്റുള്ളവരോടു പ്രസംഗിച്ചതായും നമ്മൾ വായിക്കുന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാരികളായ ശാസ്ത്രിമാരും പരീശന്മാരും ഇത്തരം പൊതുസ്ഥലങ്ങളിൽവെച്ച്, ആളുകളുടെ ശ്രദ്ധാകേന്ദ്രമാകാനും അവരുടെ അഭിവാദനങ്ങൾ ഏറ്റുവാങ്ങാനും ആഗ്രഹിച്ചു.
ആളുകൾ ഏറ്റവും ഭയന്നിരുന്ന ഈ ദണ്ഡനോപകരണം ഫ്ലാഗെല്ലും എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ചാട്ടയുടെ പിടിയിൽ നിരവധി വള്ളികളോ കെട്ടുകളുള്ള തോൽവാറുകളോ പിടിപ്പിച്ചിരുന്നു. വേദനയുടെ കാഠിന്യം കൂട്ടാൻ ആ തോൽവാറുകളിൽ കൂർത്ത എല്ലിൻകഷണങ്ങളോ ലോഹക്കഷണങ്ങളോ പിടിപ്പിക്കാറുമുണ്ടായിരുന്നു.