വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സന്തുഷ്ട ദാസർ

യഹോവയുടെ സന്തുഷ്ട ദാസർ

യഹോവയുടെ സന്തുഷ്ട ദാസർ

“തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ സന്തുഷ്ടരാകുന്നു.”​—⁠മത്തായി 5:⁠3, Nw.

1. എന്താണ്‌ യഥാർഥ സന്തുഷ്ടി, അത്‌ എന്തിന്റെ പ്രതിഫലനമാണ്‌?

സന്തുഷ്ടി യഹോവയുടെ ജനത്തിന്റെ ഒരു അമൂല്യ സ്വത്താണ്‌. സങ്കീർത്തനക്കാരനായ ദാവീദ്‌ ഉദ്‌ഘോഷിച്ചു: “യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ [“സന്തുഷ്ടരാകുന്നു,” NW].” (സങ്കീർത്തനം 144:⁠15) സുഖകരമായ അഥവാ ക്ഷേമപൂർണമായ ഒരു അവസ്ഥയാണ്‌ സന്തുഷ്ടി. ഏറ്റവും വലിയ സന്തുഷ്ടി​—⁠നമ്മുടെ ഉള്ളിന്റെയുള്ളിലേക്ക്‌ ഇറങ്ങിച്ചെല്ലുന്നതരം സന്തുഷ്ടി​—⁠ഉളവാകുന്നത്‌ നാം യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരാണെന്ന തിരിച്ചറിവിൽനിന്നാണ്‌. (സദൃശവാക്യങ്ങൾ 10:⁠22) അത്തരം സന്തുഷ്ടി നമ്മുടെ സ്വർഗീയ പിതാവായ യഹോവയാം ദൈവവുമായുള്ള അടുത്ത ബന്ധത്തിന്റെയും നാം അവന്റെ ഇഷ്ടം ചെയ്യുകയാണെന്ന അറിവിന്റെയും പ്രതിഫലനമാണ്‌. (സങ്കീർത്തനം 112:⁠1; 119:⁠1, 2) നമുക്കു സന്തുഷ്ടരായിരിക്കാൻ കഴിയുന്നതിനുള്ള ഒമ്പതു കാരണങ്ങൾ യേശു പട്ടികപ്പെടുത്തി എന്നതു താത്‌പര്യജനകമാണ്‌. ഈ ലേഖനത്തിലും അടുത്തതിലും നാം അവ പരിശോധിക്കും. നാം ‘സന്തുഷ്ട ദൈവമായ’ യഹോവയെ വിശ്വസ്‌തമായി സേവിക്കുന്നെങ്കിൽ നമുക്ക്‌ എത്രയധികം സന്തുഷ്ടരായിരിക്കാൻ കഴിയുമെന്നു തിരിച്ചറിയാൻ ഈ പരിശോധന സഹായിക്കും.​—⁠1 തിമൊഥെയൊസ്‌ 1:⁠11, NW.

നമ്മുടെ ആത്മീയ ആവശ്യം സംബന്ധിച്ച തിരിച്ചറിവ്‌

2. ഏത്‌ അവസരത്തിലാണ്‌ യേശു സന്തുഷ്ടിയെക്കുറിച്ചു സംസാരിച്ചത്‌, എന്തായിരുന്നു അവന്റെ പ്രാരംഭ വാക്കുകൾ?

2 പൊതുയുഗം (പൊ.യു.) 31-ൽ യേശു, എക്കാലത്തെയും പ്രശസ്‌തമായ പ്രഭാഷണങ്ങളിൽ ഒന്ന്‌ നടത്തുകയുണ്ടായി. ഗിരിപ്രഭാഷണം എന്നാണ്‌ അത്‌ അറിയപ്പെടുന്നത്‌. കാരണം അവൻ അതു നിർവഹിച്ചത്‌ ഗലീലക്കടലിന്‌ അഭിമുഖമായുള്ള ഒരു മലഞ്ചെരിവിൽവെച്ച്‌ ആയിരുന്നു. മത്തായിയുടെ സുവിശേഷം വിശദീകരിക്കുന്നു: “[യേശു] പുരുഷാരത്തെ കണ്ടാറെ മലമേൽ കയറി. അവൻ ഇരുന്നശേഷം ശിഷ്യന്മാർ അടുക്കൽ വന്നു. അവൻ തിരുവായ്‌മൊഴിഞ്ഞു അവരോടു ഉപദേശിച്ചതെന്തെന്നാൽ: ആത്മാവിൽ ദരിദ്രരായവർ [“തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ,” NW] ഭാഗ്യവാന്മാർ; സ്വർഗ്ഗരാജ്യം അവർക്കുള്ളത്‌. * (ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.) യേശുവിന്റെ പ്രാരംഭ വാക്കുകൾ അക്ഷരാർഥത്തിൽ ഇങ്ങനെ വായിക്കാം: “ആത്മാവു സംബന്ധിച്ച്‌ ദരിദ്രരായവർ സന്തുഷ്ടരാകുന്നു,” അല്ലെങ്കിൽ “ആത്മാവിനുവേണ്ടി യാചിക്കുന്നവർ സന്തുഷ്ടരാകുന്നു.” (മത്തായി 5:⁠1-3; രാജ്യവരിമധ്യ ഭാഷാന്തരം; അടിക്കുറിപ്പ്‌) ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം അത്‌ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “തങ്ങൾ ആത്മീയമായി ദരിദ്രരാണ്‌ എന്ന്‌ അറിയാവുന്നവർ സന്തുഷ്ടരാകുന്നു.”

3. താഴ്‌മയുള്ള മനോഭാവം നമ്മുടെ സന്തുഷ്ടിക്കു സംഭാവന ചെയ്യുന്നത്‌ എങ്ങനെ?

3 തനിക്ക്‌ ആത്മീയ ആവശ്യമുള്ളതായി ഒരു വ്യക്തി തിരിച്ചറിയുന്നെങ്കിൽ അയാൾക്കു കൂടുതൽ സന്തുഷ്ടൻ ആയിരിക്കാൻ കഴിയുമെന്ന്‌ തന്റെ ഗിരിപ്രഭാഷണത്തിൽ യേശു ചൂണ്ടിക്കാട്ടി. താഴ്‌മയുള്ള ക്രിസ്‌ത്യാനികൾ, തങ്ങളുടെ പാപാവസ്ഥ സംബന്ധിച്ച തികഞ്ഞ അവബോധത്തോടെ ക്രിസ്‌തുവിന്റെ മറുവില യാഗത്തിന്റെ അടിസ്ഥാനത്തിൽ യഹോവയോടു ക്ഷമയ്‌ക്കായി യാചിക്കുന്നു. (1 യോഹന്നാൻ 1:⁠9) അങ്ങനെ അവർ മനസ്സമാധാനവും യഥാർഥ സന്തുഷ്ടിയും കണ്ടെത്തുന്നു. “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ.”—സങ്കീർത്തനം 32:⁠1; 119:⁠165.

4. (എ) നമ്മുടെയും മറ്റുള്ളവരുടെയും ആത്മീയ ആവശ്യം സംബന്ധിച്ച അവബോധം നമുക്ക്‌ ഏതെല്ലാം വിധങ്ങളിൽ പ്രകടമാക്കാൻ കഴിയും? (ബി) നമ്മുടെ ആത്മീയ ആവശ്യം സംബന്ധിച്ച്‌ നാം ബോധമുള്ളവർ ആയിരിക്കുമ്പോൾ നമ്മുടെ സന്തുഷ്ടി വർധിപ്പിക്കുന്നത്‌ എന്ത്‌?

4 ആത്മീയ ആവശ്യം സംബന്ധിച്ച നമ്മുടെ അവബോധം, ദിനംപ്രതി ബൈബിൾ വായിക്കാനും “വിശ്വസ്‌തനും വിവേകിയുമായ അടിമ” “തക്ക സമയത്ത്‌” പ്രദാനം ചെയ്യുന്ന ആത്മീയ ആഹാരത്തിൽനിന്നു പൂർണ പ്രയോജനം നേടാനും ക്രിസ്‌തീയ യോഗങ്ങളിൽ ക്രമമായി ഹാജരാകാനും നമ്മെ പ്രേരിപ്പിക്കുന്നു. (മത്തായി 24:⁠45, NW; സങ്കീർത്തനം 1:⁠1, 2; 119:⁠111; എബ്രായർ 10:​24, 25) അയൽക്കാരനോടുള്ള സ്‌നേഹം മറ്റുള്ളവരുടെ ആത്മീയ ആവശ്യം സംബന്ധിച്ചു നമ്മെ ബോധമുള്ളവരാക്കുകയും തീക്ഷ്‌ണതയോടെ രാജ്യസുവാർത്ത പ്രസംഗിക്കാനും പഠിപ്പിക്കാനും നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. (മർക്കൊസ്‌ 13:⁠10; റോമർ 1:⁠14-16) മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നതു നമുക്കു സന്തോഷം നൽകുന്നു. (പ്രവൃത്തികൾ 20:⁠20, 35) അത്ഭുതകരമായ രാജ്യപ്രത്യാശയെയും രാജ്യം കൊണ്ടുവരാൻ പോകുന്ന അനുഗ്രഹങ്ങളെയും കുറിച്ചു ധ്യാനിക്കുമ്പോൾ നമ്മുടെ സന്തുഷ്ടി വർധിക്കുന്നു. “ചെറിയ ആട്ടിൻകൂട്ട”ത്തിന്റെ ഭാഗമായ അഭിഷിക്ത ക്രിസ്‌ത്യാനികളെ സംബന്ധിച്ചിടത്തോളം രാജ്യപ്രത്യാശ, ക്രിസ്‌തുവിന്റെ രാജ്യ ഗവൺമെന്റിന്റെ ഭാഗമെന്ന നിലയിലുള്ള സ്വർഗീയ അമർത്യ ജീവനെ അർഥമാക്കുന്നു. (ലൂക്കൊസ്‌ 12:⁠32; 1 കൊരിന്ത്യർ 15:⁠50, 54) “വേറെ ആടുകൾ”ക്ക്‌ അത്‌, ആ രാജ്യ ഗവൺമെന്റിനു കീഴിലുള്ള ഒരു പറുദീസാ ഭൂമിയിലെ നിത്യജീവനെ അർഥമാക്കുന്നു.​—⁠യോഹന്നാൻ 10:⁠16; സങ്കീർത്തനം 37:⁠11; മത്തായി 25:⁠34, 46.

ദുഃഖിക്കുന്നവർക്കു സന്തുഷ്ടരായിരിക്കാൻ കഴിയുന്ന വിധം

5. (എ) “ദുഃഖിക്കുന്നവർ” എന്നതുകൊണ്ട്‌ എന്താണ്‌ അർഥമാക്കുന്നത്‌? (ബി) അത്തരത്തിൽ ദുഃഖിക്കുന്നവർക്ക്‌ ആശ്വാസം ലഭിക്കുന്നത്‌ എങ്ങനെ?

5 സന്തുഷ്ടിയുടെ കാരണങ്ങളെക്കുറിച്ചു പറഞ്ഞുവരുമ്പോൾ അടുത്തതായി യേശു നടത്തുന്ന പ്രസ്‌താവന പരസ്‌പര വിരുദ്ധമായ ഒന്നായി തോന്നിയേക്കാം. അവൻ പറയുന്നു: “ദുഃഖിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു ആശ്വാസം ലഭിക്കും.” (മത്തായി 5:⁠4) ഒരു വ്യക്തിക്കു ദുഃഖിക്കാനും അതേസമയം സന്തുഷ്ടനായിരിക്കാനും എങ്ങനെയാണു കഴിയുക? യേശുവിന്റെ പ്രസ്‌താവനയുടെ അർഥം മനസ്സിലാക്കുന്നതിന്‌ ഏതുതരം ദുഃഖത്തെക്കുറിച്ചാണ്‌ അവൻ പറഞ്ഞതെന്ന കാര്യം നാം കണക്കിലെടുക്കേണ്ടതുണ്ട്‌. നമ്മുടെ സ്വന്തം പാപാവസ്ഥ ദുഃഖത്തിനു കാരണമായിരിക്കണമെന്നു ശിഷ്യനായ യാക്കോബ്‌ വിശദീകരിക്കുന്നു. അവൻ എഴുതി: “പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധികരിപ്പിൻ; സങ്കടപ്പെട്ടു ദുഃഖിച്ചു കരവിൻ; നിങ്ങളുടെ ചിരി ദുഃഖമായും സന്തോഷം വിഷാദമായും തീരട്ടെ. കർത്താവിന്റെ സന്നിധിയിൽ താഴുവിൻ; എന്നാൽ അവൻ നിങ്ങളെ ഉയർത്തും.” (യാക്കോബ്‌ 4:⁠8-10) ക്രിസ്‌തുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം അർപ്പിക്കുകയും യഹോവയുടെ ഇഷ്ടം ചെയ്‌തുകൊണ്ട്‌ യഥാർഥ അനുതാപം പ്രകടമാക്കുകയും ചെയ്യുന്നെങ്കിൽ തങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടുമെന്ന അറിവ്‌, തങ്ങളുടെ പാപാവസ്ഥ സംബന്ധിച്ച്‌ യഥാർഥത്തിൽ ദുഃഖിക്കുന്നവർക്ക്‌ ആശ്വാസം കൈവരുത്തുന്നു. (യോഹന്നാൻ 3:⁠16; 2 കൊരിന്ത്യർ 7:⁠9, 10) തന്മൂലം അവർക്കു ദൈവവുമായി അമൂല്യമായ ഒരു ബന്ധത്തിലേക്കു വരാനും അവനെ എന്നേക്കും സേവിക്കുകയും സ്‌തുതിക്കുകയും ചെയ്‌തുകൊണ്ട്‌ നിത്യകാലം ജീവിച്ചിരിക്കാനുള്ള പ്രത്യാശ ഉണ്ടായിരിക്കാനും കഴിയും. ഇത്‌ അവർക്കു വലിയ ആന്തരിക സന്തുഷ്ടി പ്രദാനം ചെയ്യുന്നു.​—⁠റോമർ 4:⁠7, 8.

6. ഏത്‌ അർഥത്തിലാണ്‌ ചിലർ ദുഃഖിക്കുന്നത്‌, അവർ എങ്ങനെയാണ്‌ ആശ്വസിപ്പിക്കപ്പെടുന്നത്‌?

6 യേശുവിന്റെ പ്രസ്‌താവനയിൽ ഭൂമിയിലെ മ്ലേച്ഛമായ അവസ്ഥകൾ നിമിത്തം ദുഃഖിക്കുന്നവരും ഉൾപ്പെടുന്നു. യേശു യെശയ്യാവു 61:⁠1-3-ലെ പ്രവചനം തനിക്കുതന്നെ ബാധകമാക്കി: “എളിയവരോടു സദ്വർത്തമാനം ഘോഷിപ്പാൻ യഹോവ എന്നെ അഭിഷേകം ചെയ്‌തിരിക്കകൊണ്ടു യഹോവയായ കർത്താവിന്റെ ആത്മാവു എന്റെ മേൽ ഇരിക്കുന്നു; ഹൃദയം തകർന്നവരെ മുറികെട്ടുവാനും . . . ദുഃഖിതന്മാരെയൊക്കെയും ആശ്വസിപ്പിപ്പാനും . . . അവൻ എന്നെ അയച്ചിരിക്കുന്നു.” ആ നിയമനം ഭൂമിയിലുള്ള അഭിഷിക്ത ക്രിസ്‌ത്യാനികൾക്കും ബാധകമാകുന്നു. അവർ തങ്ങളുടെ സഹകാരികളായ “വേറെ ആടു”കളുടെ സഹായത്തോടെ ആ വേല നിർവഹിക്കുന്നു. “അതിൽ [ക്രൈസ്‌തവലോകത്തെ കുറിക്കുന്ന വിശ്വാസത്യാഗിയായ യെരൂശലേമിൽ] നടക്കുന്ന സകലമ്ലേച്ഛതകളുംനിമിത്തം നെടുവീർപ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെററികളിൽ” ആലങ്കാരികമായി ഒരു അടയാളം ഇടുന്ന വേലയിൽ അവർ എല്ലാവരും പങ്കെടുക്കുന്നു. (യെഹെസ്‌കേൽ 9:⁠4) അങ്ങനെ ദുഃഖിക്കുന്ന ആളുകൾ ‘രാജ്യത്തിന്റെ സുവിശേഷ’ത്താൽ ആശ്വസിപ്പിക്കപ്പെടുന്നു. (മത്തായി 24:⁠14) സാത്താന്റെ ദുഷ്ട വ്യവസ്ഥിതിയുടെ സ്ഥാനത്തു പെട്ടെന്നുതന്നെ യഹോവയുടെ നീതിനിഷ്‌ഠമായ പുതിയലോകം വരുമെന്ന്‌ അറിയുന്നതിൽ അവർ സന്തുഷ്ടരാണ്‌.

സൗമ്യതയുള്ളവർ സന്തുഷ്ടരാകുന്നു

7. ‘സൗമ്യത’ എന്നതുകൊണ്ട്‌ എന്തല്ല അർഥമാക്കുന്നത്‌?

7 യേശു തന്റെ ഗിരിപ്രഭാഷണം തുടരുന്നു: “സൌമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും.” (മത്തായി 5:⁠5) സൗമ്യത ചില സന്ദർഭങ്ങളിൽ ബലഹീനതയുടെ ലക്ഷണമായി കരുതപ്പെടാറുണ്ട്‌. എന്നാൽ വാസ്‌തവം അതല്ല. “സൗമ്യതയുള്ളവർ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന്റെ അർഥം വിശദീകരിച്ചുകൊണ്ട്‌ ഒരു ബൈബിൾ പണ്ഡിതൻ എഴുതുന്നു: “[സൗമ്യതയുള്ള] വ്യക്തിയുടെ ഏറ്റവും പ്രമുഖമായ സവിശേഷത, തന്റെ എല്ലാ വികാരങ്ങളുടെയുംമേൽ അയാൾക്കു പൂർണ നിയന്ത്രണം ഉണ്ടായിരിക്കും എന്നതാണ്‌. അത്‌ ഇച്ഛാശക്തിയുടെ അഭാവത്തിൽ ഒരു വ്യക്തി പ്രകടമാക്കുന്ന വഴക്കമോ വെറും വികാരത്തിന്റെ സ്വാധീനത്താൽ കാണിക്കുന്ന ആർദ്രതയോ ഏതെങ്കിലുമൊരു കാര്യത്തിൽ ഉൾപ്പെടാതെ വിട്ടുനിന്നുകൊണ്ട്‌ പ്രകടമാക്കുന്ന ശാന്തതയോ അല്ല, നിയന്ത്രണാധീനമായ കരുത്താണ്‌.” യേശു തന്നെക്കുറിച്ചുതന്നെ ഇങ്ങനെ പറഞ്ഞു: “ഞാൻ സൌമ്യതയും താഴ്‌മയും ഉള്ളവൻ” ആകുന്നു. (മത്തായി 11:⁠29) എന്നിരുന്നാലും നീതിനിഷ്‌ഠമായ തത്ത്വങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന കാര്യത്തിൽ യേശു ധീരത പ്രകടിപ്പിച്ചു.​—⁠മത്തായി 21:⁠12, 13; 23:⁠13-33.

8. ‘സൗമ്യത’ എന്തിനോടാണ്‌ അടുത്തു ബന്ധപ്പെട്ടിരിക്കുന്നത്‌, മറ്റുള്ളവരോടുള്ള ബന്ധങ്ങളിൽ നമുക്ക്‌ ഈ ഗുണം ആവശ്യമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 അപ്പോൾ, സൗമ്യസ്വഭാവം ആത്മനിയന്ത്രണവുമായി അടുത്തു ബന്ധപ്പെട്ടിരിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌, ‘ആത്മാവിന്റെ ഫലം’ പട്ടികപ്പെടുത്തിയപ്പോൾ സൗമ്യതയ്‌ക്കും ആത്മനിയന്ത്രണത്തിനും (ഇന്ദ്രിയജയം) അടുത്തടുത്ത സ്ഥാനങ്ങളാണു നൽകിയത്‌ എന്നതു ശ്രദ്ധേയമാണ്‌. (ഗലാത്യർ 5:⁠22, 23) പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നട്ടുവളർത്തേണ്ട ഒന്നാണ്‌ സൗമ്യത. അതു സഭയിലും പുറത്തുമുള്ള എല്ലാവരോടും സമാധാനബന്ധത്തിൽ കഴിയുന്നതിനു സംഭാവന ചെയ്യുന്ന ഒരു ക്രിസ്‌തീയ ഗുണമാണ്‌. പൗലൊസ്‌ എഴുതി: “മനസ്സലിവു, ദയ, താഴ്‌മ, സൌമ്യത, ദീർഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ.”​—⁠കൊലൊസ്സ്യർ 3:⁠12, 13.

9. (എ) സൗമ്യതയുള്ളവർ ആയിരിക്കുക എന്നത്‌ സഹമനുഷ്യരോടുള്ള നമ്മുടെ ബന്ധത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) സൗമ്യതയുള്ളവർ “ഭൂമിയെ കൈവശമാക്കുന്നത്‌” എങ്ങനെ?

9 എന്നാൽ സൗമ്യത സഹമനുഷ്യരോടുള്ള നമ്മുടെ ബന്ധങ്ങളിൽ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നില്ല. യഹോവയുടെ പരമാധികാരത്തിനു മനസ്സോടെ കീഴ്‌പെട്ടിരിക്കുന്നതിലൂടെ നാം സൗമ്യതയുള്ളവരാണെന്നു പ്രകടമാക്കുന്നു. ഇക്കാര്യത്തിൽ അതിശ്രേഷ്‌ഠ മാതൃക യേശുക്രിസ്‌തുവാണ്‌. അവൻ ഭൂമിയിൽ ആയിരുന്നപ്പോൾ സൗമ്യത പ്രകടമാക്കുകയും തന്റെ പിതാവിന്റെ ഇഷ്ടത്തിനു പൂർണമായി കീഴ്‌പെട്ടിരിക്കുകയും ചെയ്‌തു. (യോഹന്നാൻ 5:⁠19, 30) ഈ ഭൂമി അവകാശമാക്കുന്നവരിൽ ഒന്നാമൻ യേശുവായിരിക്കും, എന്തുകൊണ്ടെന്നാൽ അവൻ ഭൂമിയുടെ രാജാവായി നിയമിക്കപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 2:⁠6-8; ദാനീയേൽ 7:⁠13, 14) ഈ അവകാശം രാജാക്കന്മാരായി “വാഴുന്ന”തിനു “മനുഷ്യരുടെ ഇടയിൽനിന്നു വീണ്ടെടുത്തിരിക്കുന്ന” 1,44,000 “കൂട്ടവകാശി”കളുമായി അവൻ പങ്കുവെക്കുന്നു. (റോമർ 8:⁠17; വെളിപ്പാടു 5:⁠9, 10; 14:⁠1, 3, 4; ദാനീയേൽ 7:⁠27) ക്രിസ്‌തുവും സഹഭരണാധികാരികളും ചെമ്മരിയാടുതുല്യരായ ദശലക്ഷക്കണക്കിനു സ്‌ത്രീപുരുഷന്മാരെ ഭരിക്കും. ആ സ്‌ത്രീപുരുഷന്മാരുടെമേൽ ഈ പ്രാവചനിക സങ്കീർത്തനത്തിനു സന്തോഷകരമായ നിവൃത്തി ഉണ്ടായിരിക്കും: “സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.”​—⁠സങ്കീർത്തനം 37:⁠11; മത്തായി 25:⁠33, 34, 46.

നീതിക്കായി വിശക്കുന്നവർ സന്തുഷ്ടരാകുന്നു

10. “നീതിക്കു വിശന്നു ദാഹിക്കുന്നവർ” തൃപ്‌തരായിത്തീരുന്ന ഒരു വിധം എന്ത്‌?

10 ഗലീലയിലെ മലഞ്ചെരിവിൽ സംസാരിച്ചുകൊണ്ടിരിക്കെ യേശു സന്തുഷ്ടിയുടെ അടുത്ത കാരണത്തെക്കുറിച്ചു പറയുന്നു: “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്‌തിവരും.” (മത്തായി 5:⁠6) യഹോവയാണ്‌ ക്രിസ്‌ത്യാനികൾക്കു നീതി സംബന്ധിച്ച നിലവാരങ്ങൾ വെക്കുന്നത്‌. അതുകൊണ്ട്‌ നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ ഫലത്തിൽ വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നത്‌ ദിവ്യ മാർഗനിർദേശത്തിനു വേണ്ടിയാണ്‌. അത്തരക്കാർ തങ്ങളുടെ പാപവും അപൂർണതയും സംബന്ധിച്ചു തികഞ്ഞ ബോധ്യമുള്ളവരും യഹോവയുടെ മുമ്പാകെ ഒരു അംഗീകൃത നില ലഭിക്കുന്നതിനുവേണ്ടി വാഞ്‌ഛിക്കുന്നവരുമാണ്‌. അനുതപിക്കുകയും ക്രിസ്‌തുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ക്ഷമ തേടുകയും ചെയ്യുന്നെങ്കിൽ തങ്ങൾക്കു ദൈവമുമ്പാകെ നീതിനിഷ്‌ഠമായ ഒരു നില ലഭിക്കുമെന്ന്‌ ദൈവവചനത്തിൽനിന്നു മനസ്സിലാക്കുമ്പോൾ അവർ എത്ര സന്തോഷിക്കുന്നു!​—⁠പ്രവൃത്തികൾ 2:⁠38; 10:43; 13:38, 39; റോമർ 5:⁠19.

11, 12. (എ) അഭിഷിക്ത ക്രിസ്‌ത്യാനികൾ നീതീകരണം പ്രാപിക്കുന്നത്‌ എങ്ങനെ? (ബി) അഭിഷിക്തരുടെ സഹകാരികളുടെ കാര്യത്തിൽ നീതിക്കായുള്ള ദാഹത്തിനു തൃപ്‌തിവരുന്നത്‌ എങ്ങനെ?

11 അത്തരക്കാർക്ക്‌ “തൃപ്‌തിവരു”ന്നതിനാൽ അവർ സന്തുഷ്ടരായിരിക്കുമെന്ന്‌ യേശു പറഞ്ഞു. ക്രിസ്‌തുവിനോടുകൂടെ രാജാക്കന്മാരായി ‘വാഴാൻ’ വിളിക്കപ്പെട്ടിരിക്കുന്ന അഭിഷിക്ത ക്രിസ്‌ത്യാനികൾ ‘ജീവനായി നീതീകരിക്കപ്പെട്ടവർ’ ആയി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. (റോമർ 5:⁠1, 9, 16-18) യഹോവ അവരെ ആത്മീയ പുത്രന്മാരായി ദത്തെടുക്കുന്നു. സ്വർഗീയ രാജ്യഗവൺമെന്റിൽ രാജാക്കന്മാരും പുരോഹിതന്മാരും ആയിത്തീരാൻ വിളിക്കപ്പെട്ട അവർ ക്രിസ്‌തുവിനു കൂട്ടവകാശികൾ ആയിത്തീരുന്നു.​—⁠യോഹന്നാൻ 3:⁠3; 1 പത്രൊസ്‌ 2:⁠9.

12 അഭിഷിക്തരുടെ സഹകാരികൾ ജീവനായി നീതീകരണം പ്രാപിച്ചവരായി ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും ക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുള്ള അവരുടെ വിശ്വാസം നിമിത്തം യഹോവ അവരെ ഒരളവോളം നീതിയുള്ളവരായി കണക്കാക്കിയിരിക്കുന്നു. (യാക്കോബ്‌ 2:⁠22-25; വെളിപ്പാടു 7:⁠9, 10) അവർ, യഹോവയുടെ സുഹൃത്തുക്കളെന്ന നിലയിൽ നീതിമാന്മാരായി കണക്കാക്കപ്പെടുകയും “മഹോപദ്രവ” കാലത്തു വിടുവിക്കപ്പെടാനുള്ളവരുടെ നിരയിലായിത്തീരുകയും ചെയ്യുന്നു. (വെളിപ്പാടു 7:⁠14, NW) “പുതിയ ആകാശ”ത്തിനു കീഴിൽ “നീതി വസിക്കുന്ന” പുതിയ ഭൂമിയുടെ ഭാഗമായിത്തീരുമ്പോൾ നീതിക്കായുള്ള അവരുടെ ദാഹത്തിനു കൂടുതലായ തൃപ്‌തിവരും.​—⁠2 പത്രൊസ്‌ 3:⁠13; സങ്കീർത്തനം 37:⁠29.

കരുണയുള്ളവർ സന്തുഷ്ടരാകുന്നു

13, 14. നാം കരുണയുള്ളവരാണെന്ന്‌ ഏതു പ്രായോഗിക വിധങ്ങളിൽ പ്രകടമാക്കണം, നമുക്ക്‌ എന്തു പ്രയോജനം ലഭിക്കും?

13 ഗിരിപ്രഭാഷണം തുടർന്നുകൊണ്ട്‌ യേശു പറയുന്നു: “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും.” (മത്തായി 5:⁠7) നിയമപരമായ ഒരർഥത്തിൽ ചിന്തിച്ചാൽ ഒരു കുറ്റവാളിയുടെമേൽ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഒഴിവാക്കിക്കൊണ്ട്‌ ഒരു ന്യായാധിപൻ പ്രകടമാക്കുന്ന ദയയെയാണ്‌ കരുണ എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. എന്നാൽ ബൈബിളിൽ “കരുണ” എന്നു വിവർത്തനം ചെയ്‌തിരിക്കുന്ന മൂലപദങ്ങൾ മിക്കപ്പോഴും ദയാപൂർവകമായ പരിഗണനയെയോ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവർക്ക്‌ ആശ്വാസം കൈവരുത്തുന്ന മനസ്സലിവിനെയോ ആണ്‌ അർഥമാക്കുന്നത്‌. അപ്പോൾ, കരുണയുള്ളവർ തങ്ങളുടെ പ്രവൃത്തികളിലൂടെ അനുകമ്പ പ്രകടമാക്കുന്നവർ ആയിരിക്കും. യേശുവിന്റെ ദൃഷ്ടാന്തത്തിലെ അയൽസ്‌നേഹിയായ ശമര്യക്കാരൻ, സഹായം ആവശ്യമുണ്ടായിരുന്ന ഒരു വ്യക്തിയോടു “കരുണ”യോടെ പ്രവർത്തിച്ചതിന്റെ മികച്ച ഒരു ഉദാഹരണമാണ്‌.​—⁠ലൂക്കൊസ്‌ 10:⁠29-37.

14 കരുണയുള്ളവർ ആയിരിക്കുന്നതിൽനിന്ന്‌ ഉളവാകുന്ന സന്തോഷം ആസ്വദിക്കുന്നതിനു നാം സഹായം ആവശ്യമുള്ളവരെ ദയാപ്രവൃത്തികളാൽ ക്രിയാത്മകമായി സഹായിക്കേണ്ടതുണ്ട്‌. (ഗലാത്യർ 6:⁠10) യേശുവിന്‌ താൻ കണ്ട ആളുകളോട്‌ അനുകമ്പ തോന്നി. “അവർ ഇടയൻ ഇല്ലാത്ത ആടുകളെപ്പോലെ ആകകൊണ്ടു അവരിൽ മനസ്സലിഞ്ഞു പലതും ഉപദേശിച്ചുതുടങ്ങി.” (മർക്കൊസ്‌ 6:⁠34) മനുഷ്യവർഗത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം ആത്മീയത സംബന്ധിച്ചുള്ളതാണെന്ന്‌ യേശു തിരിച്ചറിഞ്ഞു. അനുകമ്പയും കരുണയും ഉള്ളവരാണെന്നു തെളിയിക്കാൻ നമുക്കും കഴിയും, ആളുകൾക്ക്‌ ഏറ്റവുമധികം ആവശ്യമുള്ള ഒന്ന്‌ അതായത്‌ ‘രാജ്യത്തിന്റെ സുവിശേഷം’ അവരുമായി പങ്കുവെച്ചുകൊണ്ട്‌. (മത്തായി 24:⁠14) കൂടാതെ, പ്രായാധിക്യമുള്ള സഹക്രിസ്‌ത്യാനികൾ, വിധവകൾ, അനാഥർ എന്നിവർക്കു പ്രായോഗിക സഹായം നീട്ടിക്കൊടുക്കാനും ‘ഉൾക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്താനും’ നമുക്കു കഴിയും. (1 തെസ്സലൊനീക്യർ 5:⁠14; സദൃശവാക്യങ്ങൾ 12:⁠25; യാക്കോബ്‌ 1:⁠27) അങ്ങനെ ചെയ്യുന്നതു നമുക്കു സന്തുഷ്ടി കൈവരുത്തും എന്നുമാത്രമല്ല, നമുക്കുതന്നെ യഹോവയുടെ കരുണ ലഭിക്കാനും ഇടയാക്കും.​—⁠പ്രവൃത്തികൾ 20:⁠35; യാക്കോബ്‌ 2:⁠13.

ഹൃദയശുദ്ധിയുള്ളവരും സമാധാനം ഉണ്ടാക്കുന്നവരും

15. നമുക്കു ഹൃദയശുദ്ധിയുള്ളവരും സമാധാനം ഉണ്ടാക്കുന്നവരും ആയിരിക്കാൻ കഴിയുന്നത്‌ എങ്ങനെ?

15 സന്തുഷ്ടിക്കുള്ള ആറാമത്തെയും ഏഴാമത്തെയും കാരണങ്ങൾ യേശു വിവരിക്കുന്നു: “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും. സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും.” (മത്തായി 5:⁠8, 9) ശുദ്ധമായ ഒരു ഹൃദയം, ധാർമികമായി മാത്രമല്ല ആത്മീയമായും കറയറ്റതും യഹോവയോടുള്ള ഭക്തിയിൽ ഏകാഗ്രവും ആയിരിക്കും. (1 ദിനവൃത്താന്തം 28:⁠9; സങ്കീർത്തനം 86:⁠11) സമാധാനം ഉണ്ടാക്കുന്നവർ തങ്ങളുടെ സഹോദരങ്ങളുമായും തങ്ങളാൽ ആവോളം അയൽക്കാരുമായും സമാധാനത്തിൽ കഴിയുന്നു. (റോമർ 12:⁠17-21) അവർ ‘സമാധാനം അന്വേഷിച്ചു പിന്തുടരുന്നു.’​—⁠1 പത്രൊസ്‌ 3:⁠11.

16, 17. (എ) അഭിഷിക്തർ “ദൈവത്തിന്റെ പുത്രന്മാർ” എന്നു വിളിക്കപ്പെടുന്നത്‌ എന്തുകൊണ്ട്‌, അവർ ‘ദൈവത്തെ കാണുന്നത്‌’ എങ്ങനെ? (ബി) “വേറെ ആടുകൾ” ‘ദൈവത്തെ കാണുന്നത്‌’ എങ്ങനെ? (സി) പൂർണമായ അർഥത്തിൽ “വേറെ ആടുകൾ” “ദൈവത്തിന്റെ പുത്രന്മാർ” ആയിത്തീരുന്നത്‌ എപ്പോൾ, എങ്ങനെ?

16 സമാധാനം ഉണ്ടാക്കുന്നവരും ഹൃദയശുദ്ധിയുള്ളവരുമായ വ്യക്തികൾ “ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടു”കയും “ദൈവത്തെ കാണു”കയും ചെയ്യും എന്നാണു വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌. അഭിഷിക്ത ക്രിസ്‌ത്യാനികൾ ആത്മാവിനാൽ ജനിപ്പിക്കപ്പെടുകയും ഭൂമിയിൽ ആയിരിക്കുമ്പോൾത്തന്നെ യഹോവയാൽ “മക്കൾ” ആയി ദത്തെടുക്കപ്പെടുകയും ചെയ്യുന്നു. (റോമർ 8:⁠14-17) ക്രിസ്‌തുവിനോടുകൂടെ സ്വർഗത്തിൽ ആയിരിക്കുന്നതിനുവേണ്ടി ഉയിർപ്പിക്കപ്പെടുമ്പോൾ അവർ ദൈവസന്നിധിയിൽ സേവനം അനുഷ്‌ഠിക്കുകയും യഹോവയെ വാസ്‌തവമായി കാണുകയും ചെയ്യും.​—⁠1 യോഹന്നാൻ 3:⁠1, 2; വെളിപ്പാടു 4:⁠9-11.

17 സമാധാനം ഉണ്ടാക്കുന്നവരായ “വേറെ ആടുകൾ” തങ്ങളുടെ “നിത്യപിതാവ്‌” ആയിത്തീരുന്ന നല്ല ഇടയനായ ക്രിസ്‌തുയേശുവിനു കീഴിൽ യഹോവയെ സേവിക്കുന്നു. (യോഹന്നാൻ 10:⁠14, 16; യെശയ്യാവു 9:⁠6) ക്രിസ്‌തുവിന്റെ സഹസ്രാബ്ദവാഴ്‌ചയ്‌ക്കു ശേഷമുള്ള അന്തിമ പരിശോധനയിൽ വിജയിക്കുന്നവർ യഹോവയുടെ ഭൗമിക പുത്രന്മാരായി ദത്തെടുക്കപ്പെടുകയും “ദൈവമക്കളുടെ തേജസ്സാകുന്ന [“മഹത്തായ,” NW] സ്വാതന്ത്ര്യം” പ്രാപിക്കുകയും ചെയ്യും. (റോമർ 8:⁠20; വെളിപ്പാടു 20:⁠7, 9) ആ സമയത്തിനായി കാത്തിരിക്കവേ, തങ്ങളുടെ ജീവിതം യഹോവയ്‌ക്കു സമർപ്പിക്കുകയും ജീവദാതാവെന്ന നിലയിൽ അവനെ അംഗീകരിക്കുകയും ചെയ്യുന്നതിനാൽ അവർ ഇപ്പോൾത്തന്നെ അവനെ പിതാവ്‌ എന്നു സംബോധന ചെയ്യുന്നു. (യെശയ്യാവു 64:⁠8) പുരാതനകാലത്തെ ഇയ്യോബിനെയും മോശെയെയും പോലെ വിശ്വാസക്കണ്ണുകളാൽ അവർ ‘ദൈവത്തെ കാണുന്നു.’ (ഇയ്യോബ്‌ 42:⁠5; എബ്രായർ 11:⁠27) “ഹൃദയദൃഷ്ടി”യാലും സൂക്ഷ്‌മപരിജ്ഞാനത്താലും അവർ യഹോവയുടെ അത്ഭുതകരമായ ഗുണങ്ങൾ ദർശിക്കുകയും അവന്റെ ഇഷ്ടം ചെയ്‌തുകൊണ്ട്‌ അവനെ അനുകരിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.​—⁠എഫെസ്യർ 1:⁠17; റോമർ 1:⁠19, 20; 3 യോഹന്നാൻ 11.

18. സന്തുഷ്ടിക്കുള്ള കാരണങ്ങളായി യേശു പരാമർശിച്ച ആദ്യത്തെ ഏഴു കാര്യങ്ങൾ പരിഗണിക്കുമ്പോൾ, ആരാണ്‌ ഇന്ന്‌ യഥാർഥ സന്തുഷ്ടി കണ്ടെത്തുന്നത്‌?

18 തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ, ദുഃഖിക്കുന്നവർ, സൗമ്യതയുള്ളവർ, നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ, കരുണയുള്ളവർ, ഹൃദയശുദ്ധിയുള്ളവർ, സമാധാനം ഉണ്ടാക്കുന്നവർ എന്നിവരെല്ലാം യഹോവയെ സേവിക്കുന്നതിൽ യഥാർഥ സന്തുഷ്ടി കണ്ടെത്തുന്നുവെന്നു നാം കണ്ടുകഴിഞ്ഞു. എന്നാൽ അത്തരത്തിലുള്ളവർക്ക്‌ എല്ലായ്‌പോഴും എതിർപ്പുകൾ എന്തിന്‌, പീഡനം പോലും നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇത്‌ അവരുടെ സന്തോഷം കെടുത്തിക്കളയുന്നുണ്ടോ? അടുത്ത ലേഖനം ആ ചോദ്യത്തെക്കുറിച്ചു പരിചിന്തിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 2 മൂല തിരുവെഴുത്തുകളിൽ സന്തുഷ്ടി എന്നതിന്‌ ഉപയോഗിച്ചിരിക്കുന്ന പദം സത്യവേദപുസ്‌തകത്തിൽ മിക്കപ്പോഴും ‘ഭാഗ്യം’ എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. അതുകൊണ്ട്‌ ഈ ലേഖനത്തിലും അടുത്തതിലും ഭാഗ്യവാൻ, ഭാഗ്യവാന്മാർ എന്നിങ്ങനെ വരുന്നിടത്തെല്ലാം സന്തുഷ്ടൻ, സന്തുഷ്ടർ എന്നിങ്ങനെയാണ്‌ അർഥമാക്കുന്നത്‌.

പുനരവലോകനം

• തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർക്ക്‌ എന്തു സന്തുഷ്ടിയാണ്‌ അനുഭവിക്കാൻ കഴിയുന്നത്‌?

• ദുഃഖിക്കുന്നവർക്ക്‌ ഏതെല്ലാം വിധങ്ങളിലാണ്‌ ആശ്വാസം ലഭിക്കുന്നത്‌?

• നമുക്ക്‌ സൗമ്യത കാണിക്കാൻ കഴിയുന്നത്‌ എങ്ങനെ?

• നാം കരുണയുള്ളവരും ഹൃദയശുദ്ധിയുള്ളവരും സമാധാനം ഉണ്ടാക്കുന്നവരും ആയിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[10-ാം പേജിലെ ചിത്രം]

‘ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ ഭാഗ്യവാന്മാർ’

[10-ാം പേജിലെ ചിത്രം]

“നീതിക്കായി വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ”

[10-ാം പേജിലെ ചിത്രം]

“കരുണയുള്ളവർ ഭാഗ്യവാന്മാർ”