യാക്കോബ്‌ 2:1-26

2  എന്റെ സഹോ​ദ​ര​ങ്ങളേ, യേശുക്രി​സ്‌തു എന്ന നമ്മുടെ ശ്രേഷ്‌ഠ​നായ കർത്താ​വിൽ വിശ്വ​സി​ക്കുന്ന നിങ്ങൾക്കു പക്ഷപാതം കാണി​ക്കാൻ കഴിയു​ന്നത്‌ എങ്ങനെ?+  നിങ്ങളുടെ യോഗ​ത്തിലേക്കു സ്വർണമോ​തി​ര​ങ്ങ​ളും മനോ​ഹ​ര​മായ വസ്‌ത്ര​ങ്ങ​ളും അണിഞ്ഞ ഒരാളും മുഷിഞ്ഞ വസ്‌ത്രം ധരിച്ച ഒരു ദരി​ദ്ര​നും കടന്നു​വ​രുമ്പോൾ,  മനോഹരമായ വസ്‌ത്രം ധരിച്ച​യാൾക്കു പ്രത്യേ​ക​പ​രി​ഗണന നൽകി അയാ​ളോട്‌, “ഇതാ, ഇവിടെ സുഖമാ​യി​രു​ന്നാ​ലും” എന്നും ദരി​ദ്രനോട്‌, “നീ അവിടെ നിൽക്ക്‌” അല്ലെങ്കിൽ, “അവിടെ നിലത്ത്‌* ഇരിക്ക്‌” എന്നും നിങ്ങൾ പറയാ​റു​ണ്ടോ?+  ഉണ്ടെങ്കിൽ, നിങ്ങൾ ഈ രീതി​യിൽ ആളുകളെ തരം തിരിച്ച്‌ കാണുന്നെന്നും+ നിങ്ങൾ ദുഷ്ടമായ വിധികൾ പുറ​പ്പെ​ടു​വി​ക്കുന്ന ന്യായാ​ധി​പ​ന്മാ​രാണെ​ന്നും അല്ലേ അതിന്‌ അർഥം?+  എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, കേൾക്കുക: ലോക​ത്തി​ന്റെ വീക്ഷണ​ത്തിൽ ദരി​ദ്ര​രാ​യ​വരെ, വിശ്വാ​സ​ത്തിൽ സമ്പന്നരാകാനും+ തന്നെ സ്‌നേ​ഹി​ക്കു​ന്ന​വർക്കു വാഗ്‌ദാ​നം ചെയ്‌ത രാജ്യ​ത്തി​ന്റെ അവകാ​ശി​ക​ളാ​കാ​നും വേണ്ടി ദൈവം തിര​ഞ്ഞെ​ടു​ത്തി​ല്ലേ?+  എന്നാൽ നിങ്ങൾ ദരി​ദ്രരെ അപമാ​നി​ച്ചി​രി​ക്കു​ന്നു. വാസ്‌ത​വ​ത്തിൽ, പണക്കാ​രല്ലേ നിങ്ങളെ ഉപദ്ര​വി​ക്കു​ന്നത്‌?+ അവരല്ലേ നിങ്ങളെ കോട​തി​യിലേക്കു വലിച്ചി​ഴ​യ്‌ക്കു​ന്നത്‌?  നിങ്ങൾക്കു ലഭിച്ച ശ്രേഷ്‌ഠ​നാ​മത്തെ നിന്ദി​ക്കു​ന്ന​തും അവരല്ലേ?  തിരുവെഴുത്തിലുള്ള, “നിന്റെ അയൽക്കാ​രനെ നിന്നെപ്പോലെ​തന്നെ സ്‌നേ​ഹി​ക്കണം”+ എന്ന രാജകീ​യ​നി​യമം അനുസ​രി​ക്കുന്നെ​ങ്കിൽ നിങ്ങൾ ശരിയായ കാര്യ​മാ​ണു ചെയ്യു​ന്നത്‌.  എന്നാൽ ഇനിയും ഇങ്ങനെ പക്ഷപാതം കാണിക്കുകയാണെങ്കിൽ+ നിങ്ങൾ പാപം ചെയ്യു​ക​യാണ്‌; നിയമം നിങ്ങളെ കുറ്റക്കാ​രെന്നു വിധി​ക്കും.*+ 10  നിയമത്തിലുള്ളതെല്ലാം അനുസ​രി​ക്കുന്ന ഒരാൾ അതിലെ ഒരു കാര്യ​ത്തിൽ തെറ്റിപ്പോ​യാൽ അയാൾ എല്ലാത്തി​ലും കുറ്റക്കാ​ര​നാ​യി​ത്തീ​രു​ന്നു.+ 11  “വ്യഭി​ചാ​രം ചെയ്യരു​ത്‌”+ എന്നു കല്‌പി​ച്ചവൻ, “കൊല ചെയ്യരു​ത്‌”+ എന്നും കല്‌പി​ച്ചി​രി​ക്കു​ന്നു. അതു​കൊണ്ട്‌ വ്യഭി​ചാ​രം ചെയ്യു​ന്നില്ലെ​ങ്കി​ലും കൊല ചെയ്യുന്നെ​ങ്കിൽ നിങ്ങൾ നിയമം ലംഘി​ച്ചി​രി​ക്കു​ന്നു. 12  സ്വതന്ത്രമായൊരു ജനതയുടെ* നിയമ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ വിധി​ക്കപ്പെ​ടാ​നു​ള്ള​വരെപ്പോ​ലെ സംസാ​രി​ക്കു​ക​യും പെരു​മാ​റു​ക​യും ചെയ്യുക.+ 13  കരുണ കാണി​ക്കാ​ത്ത​യാൾക്കു കരുണ​യി​ല്ലാത്ത ന്യായ​വി​ധി ഉണ്ടാകും.+ കരുണ ന്യായ​വി​ധി​യു​ടെ മേൽ ജയം നേടുന്നു. 14  എന്റെ സഹോ​ദ​ര​ങ്ങളേ, ഒരാൾ തനിക്കു വിശ്വാ​സ​മുണ്ടെന്നു പറയു​ക​യും എന്നാൽ അതനു​സ​രി​ച്ചുള്ള പ്രവൃ​ത്തി​ക​ളി​ല്ലാ​തി​രി​ക്കു​ക​യും ചെയ്‌താൽ എന്തു പ്രയോ​ജനം?+ ആ വിശ്വാ​സംകൊണ്ട്‌ അയാൾക്കു രക്ഷപ്പെ​ടാ​നാ​കു​മോ?+ 15  ഉണ്ണാനും ഉടുക്കാ​നും വകയി​ല്ലാത്ത ഒരു സഹോ​ദ​ര​നോ സഹോ​ദ​രി​യോ നിങ്ങൾക്കി​ട​യി​ലുണ്ടെന്നു കരുതുക. 16  നിങ്ങളിൽ ഒരാൾ അവരോ​ട്‌, “സമാധാ​നത്തോ​ടെ പോകുക; ചെന്ന്‌ തീ കായുക; വയറു നിറച്ച്‌ ആഹാരം കഴിക്കുക” എന്നെല്ലാം പറയു​ന്ന​ത​ല്ലാ​തെ അവർക്കു ജീവി​ക്കാൻ വേണ്ട​തൊ​ന്നും കൊടു​ക്കു​ന്നില്ലെ​ങ്കിൽ അതു​കൊണ്ട്‌ എന്തു ഗുണം?+ 17  അതെ, പ്രവൃ​ത്തി​ക​ളില്ലെ​ങ്കിൽ വിശ്വാ​സം ചത്തതാണ്‌.+ 18  എന്നാൽ ഒരാൾ, “നിനക്കു വിശ്വാ​സ​മുണ്ട്‌; എനിക്കു പ്രവൃ​ത്തി​ക​ളുണ്ട്‌. നിന്റെ വിശ്വാ​സം പ്രവൃ​ത്തി​കൾ കൂടാതെ കാണി​ക്കുക; എന്റെ വിശ്വാ​സം പ്രവൃ​ത്തി​ക​ളി​ലൂ​ടെ ഞാൻ കാണി​ക്കാം” എന്നു പറഞ്ഞേ​ക്കാം. 19  ഒരു ദൈവമേ ഉള്ളൂ എന്നു നീ വിശ്വ​സി​ക്കു​ന്നു​ണ്ട​ല്ലോ. നല്ല കാര്യം! പക്ഷേ, ഭൂതങ്ങ​ളും അതു വിശ്വ​സി​ക്കു​ക​യും വിറയ്‌ക്കു​ക​യും ചെയ്യുന്നു.+ 20  അറിവില്ലാത്തവനേ, പ്രവൃ​ത്തി​ക​ളി​ല്ലാത്ത വിശ്വാ​സംകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല എന്നതിനു നിനക്കു തെളിവ്‌ വേണോ? 21  തന്റെ മകനായ യിസ്‌ഹാ​ക്കി​നെ യാഗപീ​ഠ​ത്തിൽ അർപ്പി​ച്ച​തുകൊണ്ട്‌, പ്രവൃ​ത്തി​ക​ളാ​ലല്ലേ നമ്മുടെ പിതാ​വായ അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി പ്രഖ്യാ​പി​ച്ചത്‌?+ 22  അബ്രാഹാം വിശ്വാ​സ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ച്ചുകൊണ്ട്‌ തന്റെ വിശ്വാ​സം ജീവനു​ള്ള​താണെന്നു കാണിച്ചെ​ന്നും പ്രവൃ​ത്തി​ക​ളാൽ അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം പൂർത്തി​യാ​യി എന്നും നിനക്ക്‌ അറിയി​ല്ലേ?+ 23  “അബ്രാ​ഹാം യഹോവയിൽ* വിശ്വ​സി​ച്ചു. അതു​കൊണ്ട്‌ അബ്രാ​ഹാ​മി​നെ നീതി​മാ​നാ​യി കണക്കാക്കി”+ എന്ന തിരുവെ​ഴുത്ത്‌ അങ്ങനെ നിറ​വേറി. അബ്രാ​ഹാ​മി​നെ യഹോവയുടെ* സ്‌നേ​ഹി​തൻ എന്നു വിളി​ക്കു​ക​യും ചെയ്‌തു.+ 24  അതുകൊണ്ട്‌, ഒരാളെ നീതി​മാ​നാ​യി പ്രഖ്യാ​പി​ക്കു​ന്നത്‌ അയാളു​ടെ വിശ്വാ​സ​ത്താൽ മാത്രമല്ല, പ്രവൃ​ത്തി​ക​ളാ​ലു​മാണ്‌ എന്നു മനസ്സി​ലാ​യി​ല്ലേ? 25  രാഹാബ്‌ എന്ന വേശ്യയെ​യും പ്രവൃ​ത്തി​ക​ളാ​ലല്ലേ നീതി​യു​ള്ള​വ​ളാ​യി പ്രഖ്യാ​പി​ച്ചത്‌? രാഹാബ്‌ സന്ദേശ​വാ​ഹ​കർക്ക്‌ ആതിഥ്യ​മ​രു​ളു​ക​യും അവരെ മറ്റൊരു വഴിക്കു പറഞ്ഞയ​യ്‌ക്കു​ക​യും ചെയ്‌ത​ല്ലോ.+ 26  അങ്ങനെ, ശ്വാസമില്ലാത്ത* ശരീരം ചത്തതായിരിക്കുന്നതുപോലെ+ പ്രവൃ​ത്തി​യി​ല്ലാത്ത വിശ്വാ​സ​വും ചത്തതാണ്‌.+

അടിക്കുറിപ്പുകള്‍

അക്ഷ. “എന്റെ പാദപീ​ഠ​ത്തി​നു താഴെ.”
അഥവാ “കുറ്റക്കാ​രെന്ന നിലയിൽ ശകാരി​ക്കും.”
അക്ഷ. “സ്വാത​ന്ത്ര്യ​ത്തി​ന്റെ.”
അനു. എ5 കാണുക.
അനു. എ5 കാണുക.
അഥവാ “ആത്മാവി​ല്ലാത്ത.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം