വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അതിഭക്ഷണം സംബന്ധിച്ച ക്രിസ്‌തീയ സഭയുടെ വീക്ഷണം എന്ത്‌?

ദൈവദാസന്മാർക്ക്‌ അസ്വീകാര്യമായ സംഗതികളായി അതിഭക്ഷണത്തെയും അമിതകുടിയെയും ബൈബിൾ കുറ്റംവിധിക്കുന്നു. അതുകൊണ്ട്‌ ക്രിസ്‌തീയ സഭ, അമിതകുടി ശീലമാക്കിയിരിക്കുന്ന ഒരാളെ വീക്ഷിക്കുന്നത്‌ എങ്ങനെയോ അതേ വിധമാണ്‌ അതിഭക്ഷണം ശീലമാക്കിയിരിക്കുന്ന ഒരുവനെയും വീക്ഷിക്കുന്നത്‌. മദ്യാസക്തനോ അതിഭക്ഷകനോ ക്രിസ്‌തീയ സഭയുടെ ഭാഗമായിരിക്കാൻ കഴിയില്ല.

സദൃശവാക്യങ്ങൾ 23:⁠20, 21 പ്രസ്‌താവിക്കുന്നു: “നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു. കുടിയനും അതിഭക്ഷകനും ദരിദ്രരായ്‌തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.” ആവർത്തനപുസ്‌തകം 21:⁠20-ൽ മോശൈക ന്യായപ്രമാണ പ്രകാരം മരണശിക്ഷയ്‌ക്കു യോഗ്യനായിരുന്ന “ശഠനും മത്സരിയു”മായ ഒരു വ്യക്തിയെക്കുറിച്ചു നാം വായിക്കുന്നു. ഈ വാക്യം അനുസരിച്ച്‌ മത്സരിയും അനുതാപരഹിതനുമായ ആ വ്യക്തിയെക്കുറിച്ച്‌ എടുത്തു പറയാൻ കഴിയുന്ന രണ്ടു കാര്യങ്ങൾ അയാൾ “തിന്നിയും കുടിയനും” ആണ്‌ എന്നതായിരുന്നു. വ്യക്തമായും പുരാതന ഇസ്രായേലിൽ, അതിഭക്ഷണശീലം ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ അസ്വീകാര്യമായ ഒന്നായിരുന്നു.

എന്നാൽ, ഒരുവൻ അതിഭക്ഷകനാണോ എന്നു തീരുമാനിക്കുന്നത്‌ എങ്ങനെ, ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകൾ ഈ വിഷയത്തെക്കുറിച്ച്‌ എന്താണു പറയുന്നത്‌? “അത്യാർത്തിയോടും ആക്രാന്തത്തോടും കൂടി തിന്നുകയും കുടിക്കുകയും ചെയ്യുന്നതു ശീലമാക്കിയിട്ടുള്ള ഒരുവൻ” എന്നാണ്‌ അതിഭക്ഷകനെ നിർവചിച്ചിട്ടുള്ളത്‌. അപ്പോൾ, അതിഭക്ഷണശീലം അത്യാർത്തിയുടെ അഥവാ അത്യാഗ്രഹത്തിന്റെ ഒരു രൂപമാണ്‌. “അത്യാഗ്രഹികൾ” ദൈവരാജ്യം അവകാശമാക്കുകയില്ലെന്നു ദൈവവചനം നമ്മോടു പറയുന്നു. (1 കൊരിന്ത്യർ 6:⁠9, 10; ഫിലിപ്പിയർ 3:⁠18, 19; 1 പത്രൊസ്‌ 4:⁠3) കൂടാതെ “ജഡത്തിന്റെ പ്രവൃത്തി”കൾക്കെതിരെ ക്രിസ്‌ത്യാനികൾക്കു മുന്നറിയിപ്പു നൽകിയപ്പോൾ പൗലൊസ്‌, “മദ്യപാനം, വെറിക്കൂത്തു മുതലായവ” എന്നും പറയുകയുണ്ടായി. (ഗലാത്യർ 5:⁠19-21) അതിഭക്ഷണ വേളകൾക്കു മിക്കപ്പോഴും അമിതകുടിയും വെറിക്കൂത്തും അകമ്പടി സേവിക്കാറുണ്ട്‌. മാത്രമല്ല, “മുതലായവ” എന്ന പൗലൊസിന്റെ പരാമർശത്തിൽ തീർച്ചയായും അതിഭക്ഷണം ഉൾപ്പെട്ടിട്ടുണ്ട്‌. “ജഡത്തിന്റെ പ്രവൃത്തി”കളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റു കാര്യങ്ങളിലെന്നപോലെ അതിഭക്ഷണത്തിനു പേരുകേട്ട ഒരു ക്രിസ്‌ത്യാനിയെയും തന്റെ അത്യാഗ്രഹം നിറഞ്ഞ പെരുമാറ്റത്തിനു മാറ്റം വരുത്താൻ അയാൾ ശാഠ്യപൂർവം വിസമ്മതിക്കുന്നെങ്കിൽ സഭയിൽനിന്നു പുറത്താക്കേണ്ടതാണ്‌.​—⁠1 കൊരിന്ത്യർ 5:⁠11, 13. *

മദ്യാസക്തനെയും അതിഭക്ഷകനെയും ദൈവവചനം ഒരേ വിഭാഗത്തിലാണു പട്ടികപ്പെടുത്തുന്നതെങ്കിലും, അതിഭക്ഷകനെ അപേക്ഷിച്ച്‌ അമിതമായി കുടിക്കുന്ന ഒരാളെ തിരിച്ചറിയാൻ എളുപ്പമാണ്‌. അമിതകുടിയുടെ ലക്ഷണങ്ങൾ മിക്കപ്പോഴും ദൃശ്യമാണ്‌. എന്നാൽ ബാഹ്യ പ്രത്യക്ഷതയാൽ മാത്രം തീരുമാനിക്കാൻ കഴിയാത്തതിനാൽ ഒരാൾ അതിഭക്ഷകനാണോ എന്ന്‌ ഉറപ്പാക്കുക ബുദ്ധിമുട്ടാണ്‌. അതുകൊണ്ട്‌, ഈ സംഗതിയോടു ബന്ധപ്പെട്ട സാഹചര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ സഭാ മൂപ്പന്മാരുടെ പക്ഷത്ത്‌ വളരെയധികം ശ്രദ്ധയും വിവേചനയും ആവശ്യമാണ്‌.

ഉദാഹരണത്തിന്‌ അമിതതടി, അമിതമായി ഭക്ഷണം കഴിക്കുന്നു എന്നതിന്റെ ലക്ഷണം ആയിരിക്കാം, എന്നാൽ എല്ലായ്‌പോഴും അങ്ങനെ ആയിരിക്കണമെന്നില്ല. അമിതവണ്ണം ഒരുപക്ഷേ രോഗത്തിന്റെ ഫലമായിരിക്കാം, പാരമ്പര്യ ഘടകങ്ങൾ നിമിത്തവും ആകാം. അമിതതടി ഒരു ശാരീരിക അവസ്ഥയും അതേസമയം അതിഭക്ഷണം ഒരു മനോഭാവവും ആണെന്ന സംഗതിയും നാം മനസ്സിൽ പിടിക്കണം. ശരീരത്തിൽ കൊഴുപ്പിന്റെ അളവ്‌ ക്രമാതീതമാകുന്ന അവസ്ഥയാണ്‌ അമിതതടി. എന്നാൽ അത്യാർത്തിയോടുകൂടിയ തീറ്റിയാണ്‌ അതിഭക്ഷണം. അപ്പോൾ ഒരാളുടെ തടിയോ ഭാരമോ നോക്കി അല്ല, ഭക്ഷണത്തോടുള്ള മനോഭാവം നോക്കി ആയിരിക്കണം അതിഭക്ഷകനാണോ എന്നു നിർണയിക്കുന്നത്‌. ശരാശരി വണ്ണം മാത്രമുള്ള, ഒരുപക്ഷേ മെലിഞ്ഞിരിക്കുന്ന ഒരാൾപോലും അതിഭക്ഷകൻ ആയിരുന്നേക്കാം. മാത്രമല്ല പാകത്തിനുള്ള വണ്ണം എത്രയാണ്‌ എന്നതു സംബന്ധിച്ച ആളുകളുടെ കാഴ്‌ചപ്പാടുകൾ പ്രദേശം അനുസരിച്ച്‌ വളരെ വ്യത്യാസപ്പെട്ടുമിരിക്കും.

എന്തൊക്കെയാണ്‌ അതിഭക്ഷണത്തിന്റെ ലക്ഷണങ്ങൾ? അതിഭക്ഷകൻ ഭക്ഷണകാര്യത്തിൽ ആത്മനിയന്ത്രണം പ്രകടിപ്പിക്കാറില്ല. അത്യാർത്തിയോടെ, ഒരുപക്ഷേ അസ്വസ്ഥത തോന്നുകയോ ഛർദിക്കുകയോ ചെയ്യുന്ന അളവോളംപോലും അയാൾ ഭക്ഷണം കഴിച്ചെന്നു വരാം. അയാളുടെ ആത്മനിയന്ത്രണമില്ലായ്‌മ, യഹോവയാം ദൈവത്തിനും അവന്റെ ജനത്തിന്റെ സത്‌പേരിനും താൻ വരുത്തിവെക്കുന്ന അപമാനം സംബന്ധിച്ച്‌ അയാൾക്കു യാതൊരു ശ്രദ്ധയുമില്ലെന്നു സൂചിപ്പിക്കുന്നു. (1 കൊരിന്ത്യർ 10:⁠31) അതേസമയം, വല്ലപ്പോഴും കൂടുതലായി ഭക്ഷണം കഴിക്കുന്ന ഒരാളെ അതുകൊണ്ടുമാത്രം “അത്യാഗ്രഹി” എന്നു മുദ്രകുത്താൻ കഴിയില്ല. (എഫെസ്യർ 5:⁠5, NW) എന്നാൽ ഗലാത്യർ 6:⁠1-ന്റെ വീക്ഷണത്തിൽ അത്തരം ക്രിസ്‌ത്യാനികൾക്കു സഹായം ആവശ്യമായിരുന്നേക്കാം. ഒരു മനുഷ്യൻ വല്ല തെററിലും അകപ്പെട്ടുപോകുന്നെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ “സൌമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുവിൻ” എന്ന്‌ പൗലൊസ്‌ പറയുന്നു.

അമിതതീറ്റി ഒഴിവാക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം ഇന്ന്‌ വിശേഷാൽ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ പ്രത്യേകിച്ചു നമ്മുടെ നാളുകളെക്കുറിച്ച്‌ യേശു ഇങ്ങനെ മുന്നറിയിപ്പു നൽകിയിരുന്നു: “നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.” (ലൂക്കൊസ്‌ 21:⁠34) അമിത ഭക്ഷണം ഒഴിവാക്കുന്നത്‌ ആത്മീയമായി ഹാനികരമായ ഒരു ജീവിതരീതി ഒഴിവാക്കുന്നതിനുള്ള സുപ്രധാനമായ ഒരു മാർഗമാണ്‌.

ഒരു ക്രിസ്‌തീയ ഗുണമാണു മിതത്വം. (1 തിമൊഥെയൊസ്‌ 3:⁠2, 1, NW) അതുകൊണ്ട്‌ തീറ്റിയും കുടിയും സംബന്ധിച്ച ശീലങ്ങളിൽ മിതത്വം പാലിക്കാനുള്ള ബൈബിളിന്റെ ബുദ്ധിയുപദേശം പാലിക്കാൻ ആത്മാർഥമായി ശ്രമിക്കുന്നവരെ യഹോവ സഹായിക്കുകതന്നെ ചെയ്യും.​—⁠എബ്രായർ 4:⁠16.

[അടിക്കുറിപ്പ്‌]

^ ഖ. 5 1986 മേയ്‌ 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്‌) “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.