വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്ന്‌ നമ്മെ നയിക്കാൻ ഏറ്റവും യോഗ്യതയുള്ളത്‌ ആർക്കാണ്‌?

ഇന്ന്‌ നമ്മെ നയിക്കാൻ ഏറ്റവും യോഗ്യതയുള്ളത്‌ ആർക്കാണ്‌?

ഇന്ന്‌ നമ്മെ നയിക്കാൻ ഏറ്റവും യോഗ്യതയുള്ളത്‌ ആർക്കാണ്‌?

ബ്രിട്ടീഷ്‌ പാർലമെന്റ്‌ 1940-ൽ, നേതൃത്വത്തിന്റെ കാര്യത്തിൽ ഒരു നിർണായക പ്രതിസന്ധിയെ അഭിമുഖീകരിച്ചു. ശക്തമായ വാദപ്രതിവാദങ്ങൾ സഭയെ പ്രകമ്പനം കൊള്ളിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനു വിജയം നേടിക്കൊടുത്ത എഴുപത്തിയേഴുകാരനായ ഡേവിഡ്‌ ലോയിഡ്‌ ജോർജ്‌ അതെല്ലാം ശ്രദ്ധാപൂർവം കേൾക്കുകയായിരുന്നു. വർഷങ്ങളോളം രാഷ്‌ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ അദ്ദേഹത്തിന്‌, ഉന്നത അധികാരികളുടെ പ്രവർത്തനങ്ങൾ സുസൂക്ഷ്‌മം വിലയിരുത്തുന്നതിൽ ഒട്ടും പ്രയാസം ഉണ്ടായിരുന്നില്ല. മേയ്‌ 8-ന്‌ പൊതുസഭയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ഇപ്രകാരം പ്രഖ്യാപിച്ചു: “ശക്തമായ നേതൃത്വം ഉള്ളിടത്തോളവും, എന്തു ചെയ്യാനാണു തങ്ങൾ ഉദ്ദേശിക്കുന്നത്‌ എന്നു ഗവൺമെന്റ്‌ വ്യക്തമാക്കുന്നിടത്തോളവും, ചുക്കാൻ പിടിക്കുന്നവർ തങ്ങളാലാവതു ചെയ്യുന്നുണ്ടെന്നു പൗരന്മാർക്കു ബോധ്യം ഉള്ളിടത്തോളവും കാലം എന്തു ത്യാഗം അനുഷ്‌ഠിക്കാനും അവർ തയ്യാറാണ്‌.”

നേതാക്കൾ സമർഥരായിരിക്കണമെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ അവർ ആത്മാർഥമായി പരിശ്രമിക്കണമെന്നും ജനം പ്രതീക്ഷിക്കുന്നു എന്ന്‌ ലോയിഡ്‌ ജോർജിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. ഒരു തെരഞ്ഞെടുപ്പുപ്രചാരണ പ്രവർത്തക അതിനെ കുറിച്ചു പറഞ്ഞത്‌ ഇപ്രകാരമാണ്‌: “പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായി വോട്ടു ചെയ്യുമ്പോൾ ജനം, തങ്ങളുടെ ജീവിതത്തെയും ഭാവിയെയും മക്കളെയും ആ വ്യക്തിയുടെ കയ്യിൽ ഭരമേൽപ്പിക്കുകയാണു ചെയ്യുന്നത്‌.” നേതാക്കളെ സംബന്ധിച്ചിടത്തോളം, തങ്ങളിൽ നിക്ഷിപ്‌തമായ ആ വലിയ ഉത്തരവാദിത്വം നിർവഹിക്കുക എന്നത്‌ ഒരു ഭാരിച്ച സംഗതിയാണ്‌. എന്തുകൊണ്ട്‌?

പരിഹാരം ഇല്ല എന്നു തോന്നിക്കുന്ന തരത്തിലുള്ള അതിസങ്കീർണമായ പ്രശ്‌നങ്ങളുടെ നടുവിൽ വീർപ്പുമുട്ടിയ ഒരു അവസ്ഥയിലാണ്‌ ഇന്നു നമ്മുടെ ലോകം. ഉദാഹരണത്തിന്‌, കുറ്റകൃത്യവും യുദ്ധവും നിർമാർജനം ചെയ്യാൻതക്ക ജ്ഞാനവും ശക്തിയും തനിക്കുണ്ടെന്നു തെളിയിച്ചിട്ടുള്ള ഏതെങ്കിലും ഒരു നേതാവ്‌ ഇന്നുണ്ടോ? സകല മനുഷ്യർക്കും ആവശ്യമായ ഭക്ഷണവും ശുദ്ധജലവും ആരോഗ്യപരിചരണവും ലഭ്യമാക്കാൻമാത്രം വിഭവങ്ങളും അനുകമ്പയും ഉള്ള ഏതു നേതാവാണ്‌ ഇന്നുള്ളത്‌? പരിസ്ഥിതി സംരക്ഷിക്കാനും പുനരുദ്ധരിക്കാനുമുള്ള പരിജ്ഞാനവും നിശ്ചയദാർഢ്യവും ആർക്കാണുള്ളത്‌? മുഴു മനുഷ്യവർഗത്തിനും സുദീർഘവും സന്തുഷ്ടവുമായ ഒരു ജീവിതം പ്രദാനംചെയ്യാനുള്ള പ്രാപ്‌തിയും ശക്തിയും ആർക്കെങ്കിലും ഉണ്ടോ?

മനുഷ്യർക്ക്‌ അസാധ്യം

ചില നേതാക്കന്മാർ കുറെയൊക്കെ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്‌ എന്നതു സത്യംതന്നെ. എന്നിരുന്നാലും, ഏറിയാൽ ഏതാനും ദശാബ്ദങ്ങൾ മാത്രമേ അവർക്കു പ്രവർത്തിക്കാനാവൂ. പിന്നീടു വരുന്ന നേതാവ്‌ എങ്ങനെയുള്ളവനായിരിക്കും? ജീവിച്ചിരുന്നിട്ടുള്ളതിൽ ഏറ്റവും പ്രഗത്ഭരായ നേതാക്കളിൽ ഒരുവനായ പുരാതന ഇസ്രായേലിലെ ശലോമോൻ രാജാവ്‌ ഒരിക്കൽ ഈ ചോദ്യത്തെക്കുറിച്ച്‌ ചിന്തിക്കുകയുണ്ടായി. അവന്റെ നിഗമനം ഇപ്രകാരമായിരുന്നു: “സൂര്യന്നു കീഴെ ഞാൻ പ്രയത്‌നിച്ച പ്രയത്‌നം ഒക്കെയും ഞാൻ വെറുത്തു; എന്റെ ശേഷം വരുവാനിരിക്കുന്ന മനുഷ്യന്നു ഞാൻ അതു വെച്ചേക്കേണ്ടിവരുമല്ലോ. അവൻ ജ്ഞാനിയായിരിക്കുമോ ഭോഷനായിരിക്കുമോ? ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന്നു കീഴെ പ്രയത്‌നിച്ചതും ജ്ഞാനം വിളങ്ങിച്ചതും ആയ സകലപ്രയത്‌നഫലത്തിന്മേലും അവൻ അധികാരം പ്രാപിക്കും. അതും മായ അത്രേ.”​—⁠സഭാപ്രസംഗി 2:⁠18, 19.

തന്റെ പിൻഗാമി, തന്റെ നേട്ടങ്ങളുടെ പട്ടികയിലേക്കു സ്വന്തം സംഭാവനകൾകൂടെ എഴുതിച്ചേർക്കുമോ അതോ താൻ ചെയ്‌തതുംകൂടെ ഇല്ലാതാക്കുമോ എന്നു ശലോമോന്‌ അറിയില്ലായിരുന്നു. ശലോമോനെ സംബന്ധിച്ചിടത്തോളം, അധികാരികൾ മാറിമാറി വരുന്നത്‌ കേവലം “മായ” ആയിരുന്നു. മറ്റു ബൈബിൾ പരിഭാഷകൾ ഈ പ്രക്രിയയെ “വ്യർഥം” എന്നും “നിഷ്‌ഫലം” എന്നും വിളിക്കുന്നു.

ഭരണമാറ്റം ആഗ്രഹിക്കുന്നവർ അതു കൈവരിക്കാനായി ചിലപ്പോഴൊക്കെ അക്രമത്തിന്റെ പാത സ്വീകരിക്കുന്നു. അധികാരത്തിലിരിക്കെ, പ്രാപ്‌തരായ നേതാക്കൾ വധിക്കപ്പെട്ടിട്ടുണ്ട്‌. ഐക്യനാടുകളുടെ അങ്ങേയറ്റം ആദരണീയനായ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കൺ ഒരിക്കൽ ഒരു സദസ്സിനോട്‌ ഇങ്ങനെ പറഞ്ഞു: “ചുരുങ്ങിയ ഒരു കാലയളവിലേക്ക്‌ ഒരു പ്രധാന സ്ഥാനം വഹിക്കാനായി ഞാൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്‌. നിങ്ങളുടെ ദൃഷ്ടിയിൽ എനിക്കു ലഭിച്ചിരിക്കുന്ന ഈ അധികാരശക്തി വളരെ പെട്ടെന്നു നീങ്ങിപ്പോകും.” അദ്ദേഹത്തിന്റെ സേവനകാലയളവ്‌ ചുരുങ്ങിയതുതന്നെ ആയിരുന്നു. വളരെ നേട്ടങ്ങൾ കൈവരിക്കുകയും ജനങ്ങൾക്കായി പിന്നെയും കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുകയും ചെയ്‌തിട്ടും, പ്രസിഡന്റ്‌ ലിങ്കൺ നാലു വർഷം മാത്രമേ രാജ്യം ഭരിച്ചുള്ളൂ. തന്റെ ഭരണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ ആരംഭത്തിൽ, ഭരണമാറ്റം ആഗ്രഹിച്ച ഒരു വ്യക്തി അദ്ദേഹത്തെ വധിച്ചു.

ഏറ്റവും മികച്ച നേതാക്കന്മാർക്കുപോലും തങ്ങളുടെ സ്വന്തം ഭാവി സംബന്ധിച്ച്‌ യാതൊരു ഉറപ്പുമില്ല. അപ്പോൾപ്പിന്നെ, നിങ്ങളുടെ ഭാവിയുടെ സുരക്ഷിതത്വത്തിനായി നിങ്ങൾക്ക്‌ അവരെ ആശ്രയിക്കാനാകുമോ? ബൈബിൾ ഇപ്രകാരം പറയുന്നു: “നിങ്ങൾ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു. അവന്റെ ശ്വാസം പോകുന്നു; അവൻ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങൾ നശിക്കുന്നു.”​—⁠സങ്കീർത്തനം 146:⁠3, 4.

മാനുഷ നേതാക്കളിൽ ആശ്രയിക്കരുത്‌ എന്ന ബുദ്ധിയുപദേശം സ്വീകരിക്കുക പ്രയാസം ആയിരുന്നേക്കാം. എന്നിരുന്നാലും, മനുഷ്യനു നല്ലതും സുസ്ഥിരവുമായ ഒരു നേതൃത്വം ഒരിക്കലും ഉണ്ടായിരിക്കില്ല എന്നു ബൈബിൾ പറയുന്നില്ല. “ഒരു രാജാവു നീതിയോടെ വാഴും” എന്ന്‌ യെശയ്യാവു 32:⁠1 പ്രസ്‌താവിക്കുന്നു. മനുഷ്യന്റെ സ്രഷ്ടാവായ യഹോവയാം ദൈവം, ഭൂമിയിലെ കാര്യങ്ങളുടെമേൽ ഉടൻതന്നെ പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ ‘ഒരു രാജാവിനെ’ അല്ലെങ്കിൽ ഒരു നേതാവിനെ അധികാരപ്പെടുത്തിയിരിക്കുന്നു. ആരാണ്‌ അവൻ? ബൈബിൾപ്രവചനം അവനെ തിരിച്ചറിയിക്കുന്നു.

നയിക്കാൻ യഥാർഥത്തിൽ യോഗ്യനായവൻ

രണ്ടായിരം വർഷങ്ങൾക്കു മുമ്പ്‌, മറിയ എന്നു പേരുള്ള ഒരു യഹൂദ യുവതിയോട്‌ ഒരു ദൂതൻ ഇപ്രകാരം പറഞ്ഞു: “നീ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേർ വിളിക്കേണം. അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്‌ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും; അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ലൂക്കൊസ്‌ 1:⁠31-33) അതേ, നസറെത്തിലെ യേശു ആയിരുന്നു ബൈബിളിൽ പ്രവചിച്ചിരുന്ന ആ രാജാവ്‌.

മതപരമായ ചിത്രങ്ങളിൽ മിക്കപ്പോഴും യേശുവിനെ, ഒരു ശിശുവായിട്ടോ തീരെ ആരോഗ്യമില്ലാത്ത ദുർബലനായ ഒരു മനുഷ്യനായിട്ടോ എന്തു വന്നാലും യാതൊരു എതിർപ്പും കൂടാതെ അത്‌ ഏറ്റുവാങ്ങുന്ന ഒരു യോഗി ആയിട്ടോ ചിത്രീകരിക്കുന്നു. ഇത്തരം പ്രതിച്ഛായകൾ, ഒരു ഭരണാധികാരിയെന്ന നിലയിൽ അവനിൽ ആശ്രയം അർപ്പിക്കാൻ നമ്മെ പ്രചോദിപ്പിക്കുന്നില്ല. എന്നാൽ, ബൈബിൾ വർണിക്കുന്ന യഥാർഥ യേശുക്രിസ്‌തു, ഊർജസ്വലനും ആരോഗ്യവാനുമാണ്‌. അവൻ സ്വന്തമായി തീരുമാനങ്ങൾ എടുക്കുകയും മുൻകൈയെടുത്തു പ്രവർത്തിക്കുകയും ചെയ്‌തിരുന്നു. നേതൃത്വം വഹിക്കാൻ തന്നെ യോഗ്യനാക്കിയ മറ്റു ഗുണങ്ങളും അവന്‌ ഉണ്ടായിരുന്നു. (ലൂക്കൊസ്‌ 2:⁠52) അവന്റെ ഉജ്ജ്വല വ്യക്തിത്വത്തിന്റെ ചില സവിശേഷ വശങ്ങളാണു താഴെ കൊടുത്തിരിക്കുന്നത്‌.

യേശു സമ്പൂർണ നിർമലത പാലിച്ചു. ശ്രദ്ധേയമാംവിധം സത്യസന്ധവും സംശുദ്ധവുമായിരുന്നു അവന്റെ ജീവിതം. തന്നിമിത്തം, തനിക്കെതിരെ കഴമ്പുള്ള ഒരു കുറ്റാരോപണം ഉന്നയിക്കാൻ അവൻ തന്റെ എതിരാളികളെ പരസ്യമായി വെല്ലുവിളിച്ചു. അവർക്കതിനു കഴിഞ്ഞില്ല. (യോഹന്നാൻ 8:⁠46) നിഷ്‌കപടമായ അവന്റെ പഠിപ്പിക്കലുകൾ, ആത്മാർഥ ഹൃദയരായ അനേകരെയും അവന്റെ ശിഷ്യന്മാർ ആയിത്തീരാൻ പ്രചോദിപ്പിച്ചു.​—⁠യോഹന്നാൻ 7:⁠46; 8:⁠28-30; 12:⁠19.

യേശു തന്നെത്തന്നെ സമ്പൂർണമായി ദൈവത്തിനു സമർപ്പിച്ചു. തന്റെ ദൈവനിയമിത വേല പൂർത്തിയാക്കുന്നതിൽ യേശുവിനു ശക്തമായ നിശ്ചയദാർഢ്യം ഉണ്ടായിരുന്നതിനാൽ, അവനെ അതിൽനിന്നു വ്യതിചലിപ്പിക്കാൻ ശത്രുക്കളായ മനുഷ്യർക്കോ ഭൂതങ്ങൾക്കോ കഴിഞ്ഞില്ല. അക്രമാസക്തമായ എതിർപ്പുകൾ അവനെ ഭയപ്പെടുത്തിയില്ല. (ലൂക്കൊസ്‌ 4:⁠28-30) ക്ഷീണവും വിശപ്പും അവനെ തളർത്തിയതുമില്ല. (യോഹന്നാൻ 4:⁠5-16, 31-34) സ്‌നേഹിതന്മാർ കൈവിട്ടപ്പോൾപ്പോലും അവൻ തന്റെ ലക്ഷ്യത്തിൽ ഉറച്ചുനിന്നു.​—⁠മത്തായി 26:⁠55, 56; യോഹന്നാൻ 18:⁠3-9.

യേശുവിന്‌ ആളുകളുടെ ക്ഷേമത്തിൽ ആഴമായ താത്‌പര്യം ഉണ്ടായിരുന്നു. വിശക്കുന്നവർക്ക്‌ അവൻ ഭക്ഷണം നൽകി. (യോഹന്നാൻ 6:⁠10, 11) വിഷാദമഗ്നരെ അവൻ ആശ്വസിപ്പിച്ചു. (ലൂക്കൊസ്‌ 7:⁠11-15) അന്ധരും ബധിരരും ഉൾപ്പെടെ അനേകരെ അവൻ സൗഖ്യമാക്കി. (മത്തായി 12:⁠22; ലൂക്കൊസ്‌ 8:⁠43-48; യോഹന്നാൻ 9:⁠1-6) കഠിനാധ്വാനികളായ തന്റെ അപ്പൊസ്‌തലന്മാരെ അവൻ ബലപ്പെടുത്തി. (യോഹന്നാൻ 13 മുതൽ 17 വരെയുള്ള അധ്യായങ്ങൾ) ആടുകൾക്കു വേണ്ടി കരുതുന്ന “നല്ല ഇടയൻ” ആണ്‌ താനെന്ന്‌ അവൻ തെളിയിച്ചു.​—⁠യോഹന്നാൻ 10:⁠11-14.

യേശു വേല ചെയ്യാൻ സന്നദ്ധനായിരുന്നു. അപ്പൊസ്‌തലന്മാരെ ഒരു സുപ്രധാന പാഠം പഠിപ്പിക്കാനായി അവൻ അവരുടെ പാദങ്ങൾ കഴുകി. (യോഹന്നാൻ 13:⁠4-15) കൂടാതെ, സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ ഇസ്രായേലിലെ പൊടി നിറഞ്ഞ നിരത്തുകളിലൂടെ അവൻ സഞ്ചരിച്ചു. (ലൂക്കൊസ്‌ 8:⁠1) “ഒരു ഏകാന്തസ്ഥലത്തു” അൽപ്പനേരം വിശ്രമിക്കാൻ തീരുമാനിച്ചപ്പോൾപ്പോലും, തന്റെ ഉപദേശം കേൾക്കാനായി അവിടെ ഓടിയെത്തിയ ജനക്കൂട്ടത്തെ അവൻ നിരാശപ്പെടുത്തിയില്ല. (മർക്കൊസ്‌ 6:⁠30-34) അതുവഴി അവൻ, എല്ലാ ക്രിസ്‌ത്യാനികൾക്കുമായി ശുഷ്‌കാന്തിയുടെ ഒരു മാതൃക പ്രദാനംചെയ്‌തു.​—⁠1 യോഹന്നാൻ 2:⁠6.

തന്റെ ദൗത്യം പൂർത്തിയാക്കിയ ശേഷം യേശു ഭൂമിയിൽനിന്നു മടങ്ങിപ്പോയി. അവന്റെ വിശ്വസ്‌തതയെ വിലമതിച്ചുകൊണ്ട്‌ യഹോവയാം ദൈവം, അവനു രാജത്വവും സ്വർഗത്തിലുള്ള അമർത്യ ജീവനും പ്രതിഫലമായി നൽകി. പുനരുത്ഥാനം പ്രാപിച്ച യേശുവിനെക്കുറിച്ചു ബൈബിൾ ഇങ്ങനെ പറയുന്നു: “ക്രിസ്‌തു മരിച്ചിട്ടു ഉയിർത്തെഴുന്നേററിരിക്കയാൽ ഇനി മരിക്കയില്ല; മരണത്തിന്നു അവന്റെ മേൽ ഇനി കർത്തൃത്വമില്ല.” (റോമർ 6:⁠9) അവനാണു മനുഷ്യവർഗത്തിനു കിട്ടാവുന്നതിലേക്കും നല്ല നേതാവ്‌ എന്ന കാര്യത്തിൽ നിങ്ങൾക്ക്‌ ഉറപ്പുള്ളവർ ആയിരിക്കാൻ കഴിയും. യേശുക്രിസ്‌തു ഭൂമിയുടെമേൽ പൂർണ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞാൽപ്പിന്നെ, ജനങ്ങൾ മറ്റൊരു നേതാവിനെ അന്വേഷിക്കേണ്ടിവരില്ല. പിന്നീടൊരിക്കലും ഒരു നേതൃമാറ്റം ആവശ്യമായി വരുകയുമില്ല. അധികാരത്തിലിരിക്കെ അവൻ വധിക്കപ്പെടുകയോ കഴിവുകെട്ട ഏതെങ്കിലും ഒരു പിൻഗാമി അവന്റെ മഹത്തായ നേട്ടങ്ങളെ കുഴിച്ചുമൂടുകയോ താറുമാറാക്കുകയോ ചെയ്യുകയില്ല. എന്നാൽ, മനുഷ്യവർഗത്തിന്റെ പ്രയോജനത്തിനായി അവൻ ചെയ്യാൻ പോകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണ്‌?

ഈ പുതിയ നേതാവ്‌ നിർവഹിക്കാനിരിക്കുന്ന കാര്യങ്ങൾ

പരിപൂർണനും അമർത്യനുമായ ഈ രാജാവിന്റെ ഭരണവിധം സംബന്ധിച്ചുള്ള ചില പ്രാവചനിക വിശദാംശങ്ങൾ 72-ാം സങ്കീർത്തനത്തിൽ നാം കാണുന്നു. അതിന്റെ 7, 8 വാക്യങ്ങൾ ഇങ്ങനെ പറയുന്നു: “അവന്റെ കാലത്തു നീതിമാന്മാർ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ. അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അററങ്ങൾവരെയും ഭരിക്കട്ടെ.” അവന്റെ അനുഗൃഹീത ഭരണത്തിൻകീഴിൽ ഭൂവാസികൾ എന്നെന്നേക്കും സമ്പൂർണ സുരക്ഷിതത്വം ആസ്വദിക്കും. നിലവിലുള്ള മുഴുവൻ യുദ്ധായുധങ്ങളും നശിപ്പിക്കുന്നതിനു പുറമേ അവൻ മനുഷ്യ ഹൃദയങ്ങളിൽനിന്നു കലഹത്തിലേക്കു നയിക്കുന്ന പ്രവണതകൾതന്നെ പിഴുതുമാറ്റുകയും ചെയ്യും. ഇരയുടെമേൽ ചാടിവീഴുന്ന വിശന്നുവലഞ്ഞ ഒരു സിംഹത്തെപ്പോലെ മറ്റുള്ളവരെ ആക്രമിക്കുകയോ, കരടിയെപ്പോലെ തങ്ങളുടെ അയൽക്കാരോടു ദ്രോഹബുദ്ധിയോടെ പ്രവർത്തിക്കുകയോ ചെയ്യുന്ന മനുഷ്യരുടെ സ്വഭാവത്തിൽ ആഴമായ പരിവർത്തനം സംഭവിക്കും. (യെശയ്യാവു 11:⁠1-9) എങ്ങും സമാധാനം കളിയാടും.

തുടർന്ന്‌, സങ്കീർത്തനം 72-ന്റെ 12 മുതൽ 14 വരെയുള്ള വാക്യങ്ങൾ ഇപ്രകാരം പറയുന്നു: “അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ. എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽനിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.” എളിയവരും ദരിദ്രരും ക്ലേശിതരും ആയവർ, രാജാവായ യേശുക്രിസ്‌തുവിന്റെ നേതൃത്വത്തിൻകീഴിൽ ഏകീഭവിച്ച ഒരു സന്തുഷ്ട മാനുഷ കുടുംബത്തിന്റെ ഭാഗമായിത്തീരും. വേദനയും നൈരാശ്യവും പൊയ്‌പോകും, പകരം എങ്ങും സന്തോഷം അലയടിക്കും.​—⁠യെശയ്യാവു 35:⁠10.

16-ാം വാക്യത്തിൽ നമ്മൾ ഈ വാഗ്‌ദാനം കാണുന്നു: “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” ഇന്നു ദശലക്ഷങ്ങളുടെ കൂടപ്പിറപ്പാണ്‌ പട്ടിണി. ആവശ്യത്തിനുള്ള ഭക്ഷണം ന്യായമായ വിധത്തിൽ എല്ലാവർക്കും വിതരണം ചെയ്യുന്നതിന്‌ രാഷ്‌ട്രീയവും അത്യാഗ്രഹവും മിക്കപ്പോഴും തടസ്സം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി ജനക്കൂട്ടങ്ങൾ പട്ടിണി കിടന്നു മരിക്കുന്നു, അവരിൽ ബഹുഭൂരിപക്ഷവും കുട്ടികളാണ്‌. എന്നാൽ യേശുക്രിസ്‌തു ഭരിക്കുമ്പോൾ, ഈ പ്രശ്‌നം ദൂരീകരിക്കപ്പെടും. ഭൂമി സ്വാദിഷ്‌ഠമായ ഭക്ഷ്യവിഭവങ്ങൾ സമൃദ്ധമായി വിളയിക്കും. സകല മനുഷ്യരും തൃപ്‌തിയാകുവോളം ഭക്ഷിക്കും.

മികച്ച നേതൃത്വത്തിന്റെ അത്തരം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, മുഴു ഭൂമിയുടെയുംമേൽ ഉടൻതന്നെ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കാൻ പോകുന്ന നേതാവിനെക്കുറിച്ചു പഠിക്കാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. അപ്രകാരം ചെയ്യാൻ നിങ്ങളെ സഹായിക്കുന്നതിൽ യഹോവയുടെ സാക്ഷികൾക്കു സന്തോഷമുണ്ട്‌. ഇങ്ങനെ ചെയ്‌താൽ നിങ്ങൾ ഒരിക്കലും നിരാശരാകേണ്ടിവരില്ല. എന്തുകൊണ്ടെന്നാൽ, തന്റെ പുത്രനെക്കുറിച്ച്‌ “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു” എന്ന്‌ യഹോവയാം ദൈവംതന്നെ പ്രസ്‌താവിച്ചിരിക്കുന്നു.​—⁠സങ്കീർത്തനം 2:⁠6.

[5-ാം പേജിലെ ചതുരം]

അധികാരനഷ്ടം​—⁠ഓർക്കാപ്പുറത്ത്‌

ന്യായമായ അളവിലുള്ള സമാധാനവും സുരക്ഷിതമായ ജീവിത സാഹചര്യങ്ങളും ഉറപ്പുവരുത്തുന്ന ഒരു ജനനേതാവിന്‌, സാധാരണഗതിയിൽ പ്രജകളുടെ ആദരവും പിന്തുണയും പ്രതീക്ഷിക്കാൻ കഴിയും. എന്നാൽ, ഏതെങ്കിലും കാര്യത്തോടുള്ള ബന്ധത്തിൽ ജനങ്ങളുടെ വിശ്വാസം നഷ്ടമായാൽ പെട്ടെന്നുതന്നെ അദ്ദേഹം മറ്റൊരാൾക്കു കസേര ഒഴിഞ്ഞുകൊടുക്കേണ്ടി വന്നേക്കാം. ശക്തരായ ഭരണാധികാരികളെ ഓർക്കാപ്പുറത്ത്‌ താഴെയിറക്കിയ ചില സാഹചര്യങ്ങളാണു ചുവടെ ചേർത്തിരിക്കുന്നത്‌.

മോശമായ ജീവിത സാഹചര്യങ്ങൾ. 18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അനേകം ഫ്രഞ്ച്‌ പൗരന്മാരും ഭക്ഷ്യദൗർലഭ്യത്തിന്റെ പിടിയിലായി. എന്നാൽ ഈ അവസ്ഥയിലും അവർ ഭീമമായ നികുതി നൽകണമായിരുന്നു. ഈ സാഹചര്യം ഫ്രഞ്ചു വിപ്ലവത്തിനു പ്രചോദനമേകി. അതിന്റെ ഫലമായി, 1793-ൽ ലൂയി പതിനാറാമൻ രാജാവ്‌ ശിരച്ഛേദം ചെയ്യപ്പെട്ടു.

യുദ്ധം. ഒന്നാം ലോകമഹായുദ്ധം, ചരിത്രത്തിലെ അതിശക്തരായ ചില ചക്രവർത്തിമാരുടെ ഭരണത്തിന്‌ അന്ത്യം കുറിച്ചു. ഉദാഹരണത്തിന്‌, 1917-ൽ റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗിൽ യുദ്ധത്തിന്റെ അനന്തരഫലമായി ഉണ്ടായ ഒരു ഭക്ഷ്യക്ഷാമം ‘ഫെബ്രുവരി വിപ്ലവ’ത്തിനു വഴിതെളിച്ചു. ഈ പ്രതിഷേധം, നിക്കോളസ്‌ രണ്ടാമൻ ചക്രവർത്തിയെ സ്ഥാനഭ്രഷ്ടനാക്കുകയും കമ്മ്യൂണിസ്റ്റു ഭരണം ആനയിക്കുകയും ചെയ്‌തു. 1918 നവംബറിൽ ജർമനി യുദ്ധം അവസാനിപ്പിക്കാൻ ആഗ്രഹിച്ചപ്പോൾ, ഭരണകൂടത്തെ മറിച്ചിടുന്നതുവരെ പടപൊരുതാൻ സഖ്യകക്ഷികൾ ഉറച്ചിരുന്നു. തത്‌ഫലമായി ജർമൻ ചക്രവർത്തിയായ വിൽഹെം രണ്ടാമൻ, നെതർലൻഡ്‌സിലേക്കു നാടുകടത്തപ്പെട്ടു.

ഭരണവ്യവസ്ഥയിൽ മാറ്റം വരുത്താനുള്ള ആഗ്രഹം. 1989-ൽ ‘ഇരുമ്പുമറ’ തകർക്കപ്പെട്ടു. ജനം കമ്മ്യൂണിസത്തെ നിരാകരിക്കുകയും വ്യത്യസ്‌ത സ്വഭാവമുള്ള ഭരണങ്ങൾ സ്ഥാപിക്കുകയും ചെയ്‌തതോടെ ഉരുക്കുപോലെ ശക്തമെന്നു കരുതിയിരുന്ന ഭരണക്രമങ്ങൾ തകർന്നുതരിപ്പണമായി.

[7-ാം പേജിലെ ചിത്രങ്ങൾ]

യേശു വിശക്കുന്നവർക്കു ഭക്ഷണം നൽകു കയും രോഗികളെ സൗഖ്യമാക്കുകയും എല്ലാ ക്രിസ്‌ത്യാനികൾക്കുമായി ശ്രേഷ്‌ഠമായ ഒരു മാതൃക വെക്കുകയും ചെയ്‌തു

[4-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

ലോയിഡ്‌ ജോർജ്‌: Photo by Kurt Hutton/Picture Post/Getty Images