ലൂക്കോസ് എഴുതിയത് 4:1-44
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ആത്മാവ് . . . നയിച്ചു: ഇവിടെ കാണുന്ന ന്യൂമ എന്ന ഗ്രീക്കുപദം ദൈവാത്മാവിനെ കുറിക്കുന്നു. ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നതിന് ഒരു വ്യക്തിയെ പ്രേരിപ്പിക്കാനുള്ള ശക്തി അതിനുണ്ട്.—മർ 1:12; പദാവലിയിൽ “ആത്മാവ്” കാണുക.
പിശാച്: മത്ത 4:1-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യൻ അപ്പംകൊണ്ട് മാത്രമല്ല ജീവിക്കേണ്ടത്: എബ്രായതിരുവെഴുത്തുകളിലെ ആവ 8:3-ൽനിന്ന് യേശു ഉദ്ധരിച്ച ഭാഗം ലൂക്കോസും മത്തായിയും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ലൂക്കോസിന്റെ വിവരണത്തിൽ കാണുന്നതു താരതമ്യേന ഹ്രസ്വമായ ഒരു ഉദ്ധരണിയാണ്. ആ ഉദ്ധരണി പൂർത്തിയാക്കുക എന്ന ലക്ഷ്യത്തിൽ, ചില പുരാതന ഗ്രീക്കു കൈയെഴുത്തുപ്രതികളും പരിഭാഷകളും ഈ വാക്യത്തിൽ “ദൈവത്തിന്റെ എല്ലാ വചനംകൊണ്ടുമാണ് (ജീവിക്കേണ്ടത്)” എന്ന ഭാഗംകൂടി കൂട്ടിച്ചേർത്തിരിക്കുന്നതായി കാണാം. അങ്ങനെ അവർ ലൂക്കോസിന്റെ വിവരണവും മത്ത 4:4-ലെ സമാന്തരവിവരണവും ഒരുപോലെയാക്കിയിരിക്കുന്നു. എന്നാൽ ലൂക്കോസിന്റെ സുവിശേഷത്തിന്റെതന്നെ കൂടുതൽ പഴക്കമുള്ള ചില കൈയെഴുത്തുപ്രതികളിൽ ഹ്രസ്വമായ ഉദ്ധരണിയേ കാണുന്നുള്ളൂ. വസ്തുത ഇതാണെങ്കിലും, ശ്രദ്ധേയമായ ഒരു കാര്യമുണ്ട്: ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളിലും (അനു. സി-യിൽ J7, 8, 10, 13-15, 17 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ദൈർഘ്യമേറിയ ഉദ്ധരണി ഉപയോഗിച്ചിരിക്കുന്നിടത്ത്, ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായ അക്ഷരങ്ങൾ കാണാം. ദൈർഘ്യമേറിയ ആ ഉദ്ധരണിയിലെ കൂട്ടിച്ചേർത്തിരിക്കുന്ന ഭാഗം ഇങ്ങനെ പരിഭാഷപ്പെടുത്താവുന്നതാണ്: “യഹോവയുടെ വായിൽനിന്ന് പുറപ്പെടുന്ന എല്ലാംകൊണ്ടുമാണ് (ജീവിക്കേണ്ടത്).”
യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 6:13; 10:20 എന്നിവയുടെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗം: മത്ത 4:5-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന ആവ 6:16-ന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
സിനഗോഗുകൾ: പദാവലിയിൽ “സിനഗോഗ്” കാണുക.
എല്ലാ ശബത്തിലും ചെയ്യാറുള്ളതുപോലെ: തെളിവുകൾ സൂചിപ്പിക്കുന്നതനുസരിച്ച് ബാബിലോണിയൻ പ്രവാസത്തിനു മുമ്പുള്ള കാലത്ത് ജൂതന്മാർ ശബത്ത് ആചരിക്കാൻ സിനഗോഗുകളിൽ കൂടിവന്നിട്ടില്ല. സാധ്യതയനുസരിച്ച്, എസ്രയുടെയും നെഹമ്യയുടെയും കാലംമുതലാണ് അങ്ങനെയൊരു രീതി തുടങ്ങിയത്. ഇത് ആത്മീയമായി പ്രയോജനം ചെയ്യുന്ന ഒരു കാര്യമായിരുന്നതുകൊണ്ട് യേശുവും ആ രീതി പിന്തുടർന്നു. യേശു ഭൂമിയിൽ ജീവിച്ചിരുന്ന കാലത്ത് ഉടനീളം യേശുവിന്റെ വീട്ടുകാർക്കു നസറെത്തിലെ സിനഗോഗിൽ പോകുന്ന പതിവുണ്ടായിരുന്നതായി രേഖയുണ്ട്. ആരാധനയ്ക്കായി ഒരുമിച്ചുകൂടുന്ന സമാനമായൊരു രീതി പിൽക്കാലത്ത് ക്രിസ്തീയസഭയിലും തുടങ്ങി.
വായിക്കാൻ എഴുന്നേറ്റുനിന്നു: സിനഗോഗിലെ ആരാധനാരീതി വർണിക്കുന്ന, ലഭ്യമായതിലേക്കും ഏറ്റവും പഴക്കമുള്ള വിവരണമാണ് ഇതെന്നു പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ജൂതപാരമ്പര്യം പറയുന്നത്, സിനഗോഗിലേക്കു വരുന്നവർ ആ കെട്ടിടത്തിൽ പ്രവേശിച്ചുകഴിയുമ്പോൾ ആദ്യം സ്വന്തമായ പ്രാർഥനകൾ നടത്തിയിരുന്നു എന്നാണ്. അതായിരുന്നു പൊതുവേ സിനഗോഗിലെ ശുശ്രൂഷയ്ക്കു തുടക്കം കുറിച്ചിരുന്നത്. അതേത്തുടർന്ന് ആവ 6:4-9; 11:13-21 എന്നീ ഭാഗങ്ങൾ ചൊല്ലും. പിന്നീട് പൊതുപ്രാർഥനകൾക്കുള്ള സമയമാണ്. അതിനു ശേഷം പട്ടികയനുസരിച്ച് പഞ്ചഗ്രന്ഥിയിലെ ഒരു ഭാഗം ഉറക്കെ വായിക്കും. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ “ശബത്തുതോറും” അത്തരത്തിൽ തിരുവെഴുത്തു വായിച്ചിരുന്നതായി പ്രവൃ 15:21 പറയുന്നു. ശുശ്രൂഷയുടെ അടുത്ത ഘട്ടം, പ്രവചനപുസ്തകത്തിലെ ഒരു ഭാഗം വായിച്ച് അതിൽനിന്നുള്ള ഒരു പാഠം വിശദീകരിക്കുന്നതായിരുന്നു. സാധ്യതയനുസരിച്ച് അതെക്കുറിച്ചാണ് ഈ വാക്യം പറയുന്നത്. വായിക്കുന്നയാൾ പൊതുവേ നിന്നുകൊണ്ടാണ് അതു ചെയ്തിരുന്നത്. ഏതു പ്രവചനഭാഗം വായിക്കണമെന്നു തീരുമാനിക്കാൻ അദ്ദേഹത്തിനു കുറെയൊക്കെ സ്വാതന്ത്ര്യമുണ്ടായിരുന്നെന്നു തോന്നുന്നു.
യശയ്യ പ്രവാചകന്റെ ചുരുൾ: യശയ്യയുടെ ചാവുകടൽ ചുരുൾ, 17 വലിയ തുകൽക്കഷണങ്ങൾ ഒന്നോടൊന്നു ചേർത്ത് തയ്യാറാക്കിയതായിരുന്നു. 54 കോളങ്ങളുള്ള ആ ചുരുളിന് 7.3 മീ. (24 അടി) നീളമുണ്ട്. സാധ്യതയനുസരിച്ച്, അത്രയും നീളമുള്ള ഒരു ചുരുളായിരിക്കാം നസറെത്തിലെ സിനഗോഗിലുണ്ടായിരുന്നത്. ഒന്നാം നൂറ്റാണ്ടിൽ ബൈബിൾഭാഗങ്ങൾ അധ്യായങ്ങളും വാക്യങ്ങളും ആയി തിരിക്കുന്ന രീതി ഇല്ലാതിരുന്നതുകൊണ്ട് താൻ വായിക്കാൻ പോകുന്ന ഭാഗം യേശുവിന് അതിൽനിന്ന് തിരഞ്ഞ് കണ്ടുപിടിക്കണമായിരുന്നു. എന്നാൽ യേശു ആ പ്രവചനഭാഗം എടുത്തു എന്ന വസ്തുത സൂചിപ്പിക്കുന്നതു യേശുവിനു ദൈവവചനത്തിലെ ഭാഗങ്ങൾ വളരെ പരിചിതമായിരുന്നു എന്നാണ്.
യഹോവ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന യശ 61:1-ന്റെ മൂല എബ്രായപാഠത്തിൽ ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
യഹോവ എന്നെ അഭിഷേകം ചെയ്തതിനാൽ ദൈവത്തിന്റെ ആത്മാവ്: ലൂക്കോസ് ഇവിടെ യശയ്യ പ്രവചനത്തിന്റെ സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽനിന്നാണ് ഉദ്ധരിച്ചിരിക്കുന്നത്. അവിടെ ദൈവനാമം ഒരു പ്രാവശ്യമേ കാണുന്നുള്ളൂ. എന്നാൽ യേശു ഈ ഭാഗം വായിച്ചത് യശയ്യ പ്രവചനത്തിന്റെ (61:1, 2) എബ്രായപാഠത്തിൽനിന്നായിരിക്കാം. അവിടെ ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്) രണ്ടിടത്ത് കാണുന്നുണ്ട്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളിലും (അനു. സി-യിൽ J7, 8, 10, 13-15 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ദൈവനാമം ആ രണ്ടു സ്ഥലങ്ങളിലും കാണാം.
ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നു പ്രഖ്യാപിക്കാൻ: യേശു യശയ്യ പ്രവചനത്തിൽനിന്ന് ഉദ്ധരിച്ച ഈ ഭാഗം ചില ജൂതന്മാർ അക്ഷരാർഥത്തിലായിരിക്കാം മനസ്സിലാക്കിയത്. (യശ 61:1) എന്നാൽ യേശുവിന്റെ ശുശ്രൂഷയുടെ ലക്ഷ്യം, ആളുകളെ ആത്മീയമായ ബന്ധനത്തിൽനിന്ന് വിടുവിക്കുക എന്നതായിരുന്നു. അതുകൊണ്ടുതന്നെ യേശു പ്രഖ്യാപിച്ചത് ആത്മീയാർഥത്തിലുള്ള സ്വാതന്ത്ര്യമാണ്. സാധ്യതയനുസരിച്ച്, ഈ പ്രവചനത്തിനും അതിനെ തന്റെ ശുശ്രൂഷയുമായി ബന്ധിപ്പിച്ച യേശുവിന്റെ വാക്കുകൾക്കും ജൂബിലി വർഷവുമായി ബന്ധമുണ്ട്. എല്ലാ 50-ാം വർഷവും ആചരിച്ചിരുന്ന ജൂബിലിയുടെ സമയത്ത് ദേശമെങ്ങും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന രീതിയുണ്ടായിരുന്നു.—ലേവ 25:8-12.
യഹോവയുടെ: ഇവിടെ ഉദ്ധരിച്ചിരിക്കുന്ന യശ 61:2-ന്റെ മൂല എബ്രായപാഠത്തിൽ ദൈവനാമത്തെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
യഹോവയുടെ പ്രസാദവർഷം: അഥവാ “യഹോവയ്ക്കു സ്വീകാര്യമായ വർഷം.” യേശു ഇവിടെ യശ 61:1, 2-ൽനിന്ന് ഉദ്ധരിക്കുകയായിരുന്നു. ഈ പ്രവചനഭാഗം തന്നിൽ നിറവേറുന്നതായി യേശു പറഞ്ഞു. താൻ ചെയ്തുകൊണ്ടിരിക്കുന്ന രക്ഷയുടെ ശുശ്രൂഷ യഹോവയുടെ ‘പ്രസാദത്തിന്റെ’ ‘വർഷത്തിനു’ തുടക്കം കുറിച്ചെന്നും അതോടെ ആളുകളിൽ പ്രസാദിച്ച് അവരെ സ്വീകരിക്കാനുള്ള യഹോവയുടെ സമയം തുടങ്ങിയെന്നും സൂചിപ്പിക്കുകയായിരുന്നു യേശു. എന്നാൽ യശയ്യ പ്രവചനത്തിലെ തുടർന്നുള്ള വാക്കുകൾ ‘ദൈവം പ്രതികാരം ചെയ്യുന്ന (താരതമ്യേന ഹ്രസ്വമായ) ദിവസത്തെക്കുറിച്ച്’ പറയുന്നുണ്ടെങ്കിലും യേശു ആ ഭാഗം വായിച്ചില്ല. രക്ഷയ്ക്കായി തന്നിലേക്കു തിരിയുന്നവരിൽ ദൈവം പ്രസാദിക്കുന്ന താരതമ്യേന ദീർഘമായ ‘പ്രസാദവർഷത്തിൽ’ ആളുകളുടെ ശ്രദ്ധ പിടിച്ചുനിറുത്താനായിരിക്കാം യേശു അതെക്കുറിച്ച് മാത്രം വായിച്ചത്.—ലൂക്ക 19:9, 10; യോഹ 12:47.
ഇരുന്നു: ഇങ്ങനെ ചെയ്തതിലൂടെ, താൻ സംസാരിക്കാൻപോകുകയാണെന്നു സൂചിപ്പിക്കുകയായിരുന്നു യേശു. സിനഗോഗിൽ കൂടിവന്നവരുടെ മുന്നിൽ നിന്ന് വായിക്കുന്ന ഒരാൾ തിരിച്ച് തന്റെ ഇരിപ്പിടത്തിൽ പോയി ഇരിക്കുന്നതിനു പകരം അവിടെയുള്ള ‘എല്ലാവർക്കും’ കാണാവുന്ന ഒരിടത്ത് ഇരുന്ന് പഠിപ്പിക്കുന്നതായിരുന്നു അന്നത്തെ രീതി.—മത്ത 5:1-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
പഴഞ്ചൊല്ല്: അഥവാ “പഴമൊഴി; ദൃഷ്ടാന്തകഥ; ദൃഷ്ടാന്തം.” ഇതിന്റെ ഗ്രീക്കുപദമായ പരബൊളേയുടെ അക്ഷരാർഥം “അരികിൽ (ചേർത്ത്) വെക്കുക” എന്നാണ്. ഇതിന് ഒരു ദൃഷ്ടാന്തകഥയെയോ പഴഞ്ചൊല്ലിനെയോ ദൃഷ്ടാന്തത്തെയോ അർഥമാക്കാനാകും.—മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.
മൂന്നു വർഷവും ആറു മാസവും: വരൾച്ച അവസാനിക്കുന്നതിനെക്കുറിച്ച് ഏലിയ പ്രഖ്യാപിച്ചത് “മൂന്നാം വർഷം” ആണെന്നു 1രാജ 18:1 പറയുന്നു. അതുകൊണ്ടുതന്നെ യേശുവിന്റെ വാക്കുകൾ 1 രാജാക്കന്മാരിലെ വിവരണവുമായി യോജിക്കുന്നില്ലെന്നാണു ചിലരുടെ വാദം. എന്നാൽ വരൾച്ച മൂന്നു വർഷത്തിൽ താഴെ മാത്രമേ നീണ്ടുനിന്നുള്ളൂ എന്ന് എബ്രായതിരുവെഴുത്തുകളിലെ ആ വിവരണം സൂചിപ്പിക്കുന്നില്ല എന്നതാണു സത്യം. സാധ്യതയനുസരിച്ച്, “മൂന്നാം വർഷം” എന്നു പറഞ്ഞിരിക്കുന്ന കാലഘട്ടം കണക്കുകൂട്ടേണ്ടത് ഏലിയ ആഹാബിനോടു വരൾച്ചയെക്കുറിച്ച് ആദ്യമായി പ്രഖ്യാപിച്ച സമയംമുതലാണ്. (1രാജ 17:1) ഏലിയ ഇക്കാര്യം രാജാവിനോടു പറയുന്നതിനു മുമ്പുതന്നെ വേനൽക്കാലം തുടങ്ങിയിട്ടുണ്ടാകും. സാധാരണഗതിയിൽ ആറു മാസം നീളുന്ന വേനൽ ഇത്തവണ പതിവിലും നീണ്ടിരിക്കാനും സാധ്യതയുണ്ട്. ഇനി, വരൾച്ച അവസാനിച്ചത് ഏലിയ “മൂന്നാം വർഷം” ആഹാബിന്റെ മുന്നിൽ വീണ്ടും ചെന്ന ഉടനെ അല്ല, മറിച്ച് കർമേൽ പർവതത്തിൽവെച്ച് നടന്ന അഗ്നിപരിശോധനയ്ക്കു ശേഷമാണ് എന്നതും ഓർക്കുക. (1രാജ 18:18-45) അതുകൊണ്ട് ഇവിടെ കാണുന്ന യേശുവിന്റെ വാക്കുകളും യാക്ക 5:17-ൽ ക്രിസ്തുവിന്റെ അർധസഹോദരനായ യാക്കോബ് രേഖപ്പെടുത്തിയിരിക്കുന്ന സമാനമായ വാക്കുകളും 1രാജ 18:1-ലെ കാലക്കണക്കുമായി നന്നായി യോജിക്കുന്നു.
സാരെഫാത്ത്: ഫൊയ്നിക്യപ്രദേശത്തെ ഈ പട്ടണത്തിന്റെ സ്ഥാനം മെഡിറ്ററേനിയൻ തീരത്ത് സീദോൻ, സോർ എന്നീ നഗരങ്ങളുടെ ഇടയ്ക്കായിരുന്നു. ഇസ്രായേല്യരുടെ പ്രദേശത്തിനു വെളിയിലായിരുന്നു അത്. അതിന്റെ ഗ്രീക്കുപേര് സരെപ്ത എന്നായിരുന്നു. 1രാജ 17:9, 10; ഓബ 20 എന്നീ വാക്യങ്ങളിൽ അതിന്റെ എബ്രായപേര് കാണാം. ആധുനിക ലബാനോനിലെ സരഫന്റ് എന്ന സ്ഥലപ്പേരിലൂടെ ആ പേര് ഇന്നും നിലനിന്നുപോരുന്നു. സീദോന് ഏതാണ്ട് 13 കി.മീ. തെക്കുപടിഞ്ഞാറായാണ് സരഫന്റിന്റെ സ്ഥാനം. എന്നാൽ മെഡിറ്ററേനിയൻ തീരത്ത് സ്ഥിതി ചെയ്തിരുന്ന പുരാതന സാരെഫാത്ത് പട്ടണത്തിന്റെ സ്ഥാനം സരഫന്റിൽനിന്ന് കുറച്ച് ദൂരെയായിരുന്നിരിക്കാം.—അനു. ബി10 കാണുക.
ശുദ്ധീകരിക്കപ്പെട്ടത്: അഥവാ “സുഖം പ്രാപിച്ചത്.” നയമാന്റെ കുഷ്ഠരോഗം മാറിയതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. (2രാജ 5:3-10, 14) ഒരാൾക്ക് ഈ അസുഖം ബാധിച്ചാൽ, മോശയുടെ നിയമമനുസരിച്ച് അയാൾ ആചാരപരമായി അശുദ്ധനാകുമായിരുന്നു. (ലേവ 13:1-59) അതുകൊണ്ടുതന്നെ കുഷ്ഠം ഭേദമാകുന്നതിനെക്കുറിച്ച് പറയുന്നിടത്ത് ഈ ഗ്രീക്കുപദപ്രയോഗം മിക്കപ്പോഴും ഉപയോഗിക്കാറുണ്ട്.—മത്ത 8:3; 10:8; മർ 1:40, 41.
യേശുവിനെ തലകീഴായി തള്ളിയിടാനായിരുന്നു: ജൂതപാരമ്പര്യമനുസരിച്ച്, കുറ്റക്കാരനെന്നു കണ്ടെത്തിയ ഒരാളെ ചെങ്കുത്തായ ഒരു മലയുടെ മുകളിൽനിന്ന് താഴേക്കു തള്ളിയിടുന്ന രീതിയുണ്ടായിരുന്നെന്ന് പിൽക്കാലത്ത് താൽമൂദിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മരിച്ചെന്ന് ഉറപ്പാക്കാൻ അയാളെ കല്ലെറിയുമായിരുന്നെന്നും അതു പറയുന്നു. നസറെത്തിലെ ജനക്കൂട്ടത്തിന്റെ പദ്ധതി അതായിരുന്നോ എന്ന് അറിയില്ലെങ്കിലും യേശുവിനെ കൊല്ലണമെന്നുതന്നെയായിരുന്നു അവരുടെ ഉദ്ദേശ്യം.
കഫർന്നഹൂം: “നഹൂമിന്റെ ഗ്രാമം” അഥവാ “ആശ്വാസത്തിന്റെ ഗ്രാമം” എന്ന് അർഥമുള്ള ഒരു എബ്രായപേരിൽനിന്ന് വന്നിരിക്കുന്നത്. (നഹൂ 1:1, അടിക്കുറിപ്പ്) യേശുവിന്റെ ഭൗമികശുശ്രൂഷയിൽ വളരെയധികം പ്രാധാന്യമുണ്ടായിരുന്ന ഒരു നഗരം. ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറേ തീരത്ത് സ്ഥിതിചെയ്തിരുന്ന ഈ നഗരത്തെ മത്ത 9:1-ൽ യേശുവിന്റെ ‘സ്വന്തം നഗരം’ എന്നാണു വിളിച്ചിരിക്കുന്നത്. സമുദ്രനിരപ്പിൽനിന്ന് 200 മീറ്ററിലേറെ (650 അടി) താഴ്ന്ന പ്രദേശമായിരുന്നു കഫർന്നഹൂം. നസറെത്താകട്ടെ, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 360 മീ. (1,200 അടി) ഉയരത്തിലും. അതുകൊണ്ട്, യേശു കഫർന്നഹൂമിലേക്ക് “ഇറങ്ങിച്ചെന്നു” എന്നാണു ഗ്രീക്കുപാഠത്തിൽ കാണുന്നത്.
അശുദ്ധാത്മാവ്: അഥവാ “അശുദ്ധമായ ഭൂതാത്മാവ്.”—പദാവലിയിൽ “ആത്മാവ്” കാണുക.
അങ്ങയ്ക്ക് ഇവിടെ എന്തു കാര്യം?: മത്ത 8:29-ന്റെ പഠനക്കുറിപ്പു കാണുക.
ശിമോന്റെ അമ്മായിയമ്മ: അതായത് പത്രോസിന്റെ അമ്മായിയമ്മ. പത്രോസിനെ കേഫ എന്നും വിളിച്ചിരുന്നു. (യോഹ 1:42) കേഫ വിവാഹിതനാണെന്നു സൂചിപ്പിക്കുന്ന 1കൊ 9:5-ലെ പൗലോസിന്റെ വാക്കുകളും ഇതുമായി യോജിക്കുന്നു. തെളിവനുസരിച്ച്, പത്രോസും സഹോദരനായ അന്ത്രയോസും താമസിച്ചിരുന്ന വീട്ടിൽതന്നെയാണു പത്രോസിന്റെ അമ്മായിയമ്മയും താമസിച്ചിരുന്നത്.—മർ 1:29-31; പത്രോസ് അപ്പോസ്തലന്റെ വ്യത്യസ്തപേരുകളെക്കുറിച്ച് വിശദീകരിച്ചിരിക്കുന്ന മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.
കടുത്ത പനി പിടിച്ച്: പത്രോസിന്റെ അമ്മായിയമ്മ ‘പനി പിടിച്ച് കിടക്കുകയായിരുന്നു’ എന്ന് മത്തായിയും മർക്കോസും പറഞ്ഞിട്ടുണ്ട്. (മത്ത 8:14; മർ 1:30) എന്നാൽ അതു ‘കടുത്ത പനിയായിരുന്നെന്ന്’ പറഞ്ഞ് രോഗത്തിന്റെ ഗുരുതരാവസ്ഥയിലേക്കു ശ്രദ്ധ ക്ഷണിക്കുന്നതു ലൂക്കോസ് മാത്രമാണ്. ഒരു വൈദ്യനായതുകൊണ്ടായിരിക്കാം അദ്ദേഹം ഇക്കാര്യം രേഖപ്പെടുത്തിയത്.—“ലൂക്കോസ്—ആമുഖം” കാണുക.
ദൃശ്യാവിഷ്കാരം
യോഹന്നാൻ സ്നാപകൻ തന്റെ ശുശ്രൂഷ ആരംഭിച്ചതും പിശാച് യേശുവിനെ പ്രലോഭിപ്പിച്ചതും ഈ തരിശുഭൂമിയിൽവെച്ചാണ്.
ബൈബിളിൽ വിജനഭൂമി എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദങ്ങൾ (എബ്രായയിൽ മിദ്ബാർ; ഗ്രീക്കിൽ എറേമൊസ്) പൊതുവേ സൂചിപ്പിക്കുന്നത് അധികം ജനവാസമില്ലാത്ത, കൃഷി ചെയ്യാത്ത സ്ഥലങ്ങളെയാണ്. മരങ്ങളൊന്നും ഇല്ലാതെ കുറ്റിച്ചെടികളും പുല്ലും മാത്രം വളരുന്ന സ്ഥലങ്ങളും പുൽത്തകിടികൾപോലും ഇതിൽപ്പെടും. ഉണങ്ങിവരണ്ട മരുഭൂമികളെ കുറിക്കാനും ഈ പദത്തിനാകും. സുവിശേഷങ്ങളിൽ പൊതുവേ വിജനഭൂമി എന്നു വിളിച്ചിരിക്കുന്നത് യഹൂദ്യ വിജനഭൂമിയെ ആണ്. യോഹന്നാൻ സ്നാപകൻ ജീവിച്ചതും പ്രസംഗപ്രവർത്തനം നടത്തിയതും പിശാച് യേശുവിനെ പ്രലോഭിപ്പിച്ചതും ഇവിടെവെച്ചാണ്.—മർ 1:12.
താഴേക്കു ചാടാൻ പറയുന്നതിനു മുമ്പ് സാത്താൻ യേശുവിനെ അക്ഷരാർഥത്തിൽ “ദേവാലയത്തിന്റെ മുകളിലെ കൈമതിലിന്മേൽ (അഥവാ “ദേവാലയത്തിന്റെ ഏറ്റവും ഉയർന്ന ഭാഗത്ത്”)” നിറുത്തിക്കാണും. പക്ഷേ യേശു നിന്നിരിക്കാൻ സാധ്യതയുള്ള കൃത്യസ്ഥലം നമുക്ക് അറിയില്ല. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ‘ദേവാലയം’ എന്ന പദത്തിനു ദേവാലയസമുച്ചയത്തെ മുഴുവനായി കുറിക്കാനാകുന്നതുകൊണ്ട് യേശു നിന്നത് ആലയവളപ്പിന്റെ തെക്കുകിഴക്കേ മൂലയ്ക്കായിരിക്കാം (1). യേശു നിന്ന സ്ഥലം ദേവാലയസമുച്ചയത്തിന്റെ മറ്റൊരു മൂലയായിരിക്കാനും സാധ്യതയുണ്ട്. ഇതിൽ എവിടെനിന്ന് വീണാലും യഹോവ ഇടപെട്ടില്ലെങ്കിൽ മരണം ഉറപ്പായിരുന്നു.
ചാവുകടൽ ചുരുളിലെ യശയ്യ പുസ്തകത്തിന്റെ ഒരു ഭാഗമാണ് (1QIsa) ഇവിടെ കാണിച്ചിരിക്കുന്നത്. ഈ ചുരുൾ ബി.സി. 125-നും ബി.സി. 100-നും ഇടയ്ക്കുള്ളതാണെന്നു കരുതപ്പെടുന്നു. ചാവുകടലിന് അടുത്തുള്ള ഖുംറാനിലെ ഒരു ഗുഹയിൽനിന്ന് 1947-ൽ കണ്ടെടുത്തതാണ് ഇത്. യേശു നസറെത്തിലെ സിനഗോഗ് സന്ദർശിച്ചപ്പോൾ വായിച്ച യശയ്യ 61:1, 2 വാക്യങ്ങളാണ് ഇവിടെ എടുത്തുകാണിച്ചിരിക്കുന്നത്. യശയ്യയുടെ ചാവുകടൽ ചുരുൾ 17 തുകൽത്താളുകൾ ചേർന്നതായിരുന്നു. ആ താളുകൾ ലിനൻനൂലുകൊണ്ട് തുന്നിച്ചേർത്തിരുന്നു. അവയുടെ ശരാശരി നീളം 26.4 സെന്റിമീറ്ററും (10.3 ഇഞ്ച്) വീതി ഏതാണ്ട് 25.2 സെന്റിമീറ്റർമുതൽ (ഏതാണ്ട് 10 ഇഞ്ച്) 62.8 സെന്റിമീറ്റർവരെയും (ഏതാണ്ട് 25 ഇഞ്ച്) ആയിരുന്നു. ഇപ്പോൾ ആ ചുരുളിന്റെ ആകെ നീളം 7.3 മീ. (24 അടി) ആണ്. ഇതുപോലുള്ള ഒരു ചുരുളിൽനിന്നായിരിക്കാം മിശിഹയെക്കുറിച്ചുള്ള പ്രവചനഭാഗം യേശു തുറന്ന് ‘എടുത്തത്.’ (ലൂക്ക 4:17) ആ ഭാഗത്ത് ദൈവനാമത്തെ സൂചിപ്പിക്കുന്ന എബ്രായാക്ഷരങ്ങൾ വരുന്ന മൂന്നു സ്ഥലങ്ങളും ഇവിടെ പ്രത്യേകം അടയാളപ്പെടുത്തിയിട്ടുണ്ട്.
ഈ ചിത്രത്തിൽ കാണുന്ന വെള്ള ചുണ്ണാമ്പുകൽഭിത്തികൾ എ.ഡി. രണ്ടാം നൂറ്റാണ്ടിന്റെ അവസാനഭാഗത്തിനും അഞ്ചാം നൂറ്റാണ്ടിന്റെ ആദ്യഭാഗത്തിനും ഇടയ്ക്കു പണിത ഒരു സിനഗോഗിന്റെ ഭാഗമാണ്. എന്നാൽ ഭിത്തിക്കു താഴെ കറുത്ത കൃഷ്ണശിലകൊണ്ട് പണിത അടിത്തറയുടെ ഭാഗങ്ങൾ, ഒന്നാം നൂറ്റാണ്ടിലെ ഒരു സിനഗോഗിന്റേതാണെന്നു ചിലർ കരുതുന്നു. അതു സത്യമെങ്കിൽ, യേശു ആളുകളെ ഈ സിനഗോഗിൽവെച്ച് പഠിപ്പിച്ചിട്ടുണ്ടാകും. മർ 1:23-27; ലൂക്ക 4:33-36 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന ഭൂതബാധിതനെ സുഖപ്പെടുത്തിയതും ഇവിടെവെച്ചായിരിക്കാം.