മർക്കൊസ് എഴുതിയത് 6:1-56
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
സ്വന്തം നാട്: അക്ഷ. “അപ്പന്റെ നാട്.” അതായത്, യേശു വളർന്നുവന്ന നസറെത്ത് എന്ന പട്ടണം. യേശുവിന്റെ മാതാപിതാക്കൾ അന്നാട്ടുകാരായിരുന്നു.
സ്വന്തം നാട്: മത്ത 13:54-ന്റെ പഠനക്കുറിപ്പു കാണുക.
മരണപ്പണിക്കാരന്റെ മകൻ: “മരപ്പണിക്കാരൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ടെക്‌റ്റോൻ എന്ന ഗ്രീക്കുപദത്തിനു വിശാലമായ അർഥമുണ്ട്. അതിൽ എല്ലാത്തരം കൈത്തൊഴിലും കെട്ടിടനിർമാണവും ഉൾപ്പെടും. എന്നാൽ മരപ്പണിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിൽ വീടുപണിയോടു ബന്ധപ്പെട്ട ജോലികളും, വീട്ടുപകരണങ്ങളുടെയോ തടികൊണ്ടുള്ള മറ്റു വസ്തുക്കളുടെയോ നിർമാണവും ഉൾപ്പെടാം. യേശു “മനുഷ്യരുടെ ഇടയിലായിരുന്നപ്പോൾ ഒരു മരപ്പണിക്കാരനായി കലപ്പയും നുകവും ഉണ്ടാക്കുന്ന” ജോലി ചെയ്‌തു എന്ന് എ.ഡി. 2-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ജസ്റ്റിൻ മാർട്ടയർ എഴുതി. പുരാതനഭാഷകളിലെ ആദ്യകാല ബൈബിൾതർജമകളും യേശു ഒരു മരപ്പണിക്കാരനായിരുന്നു എന്ന ആശയത്തെ പിന്താങ്ങുന്നു. യേശു ‘മരപ്പണിക്കാരന്റെ മകൻ’ എന്നും ‘മരപ്പണിക്കാരൻ’ എന്നും അറിയപ്പെട്ടിരുന്നു. (മർ 6:3) തെളിവനുസരിച്ച്, യേശു മരപ്പണി പഠിച്ചതു വളർത്തച്ഛനായ യോസേഫിൽനിന്നാണ്. സാധാരണയായി ആൺകുട്ടികൾക്ക് ഏതാണ്ട് 12 അല്ലെങ്കിൽ 15 വയസ്സുള്ളപ്പോൾത്തന്നെ അത്തരം തൊഴിൽപരിശീലനം നൽകിത്തുടങ്ങിയിരുന്നു. അനേകവർഷങ്ങൾ നീളുന്ന ഒരു പരിശീലനമായിരുന്നു അത്.
യാക്കോബ്: ഇതു യേശുവിന്റെ അർധസഹോദരനായ യാക്കോബാണ്. തെളിവനുസരിച്ച് പ്രവൃ 12:17; ഗല 1:19 എന്നീ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന യാക്കോബും, യാക്കോബ് എന്ന ബൈബിൾപുസ്തകം എഴുതിയ വ്യക്തിയും ഇദ്ദേഹംതന്നെയാണ്.—യാക്ക 1:1.
യൂദാസ്: യേശുവിന്റെ അർധസഹോദരനായ ഇദ്ദേഹംതന്നെയാണു തെളിവനുസരിച്ച് യൂദ (ഗ്രീക്കിൽ, യിഊദാസ്) എന്ന പേരിലുള്ള ബൈബിൾപുസ്തകം എഴുതിയ യൂദ.
മരപ്പണിക്കാരൻ: യേശു ‘മരപ്പണിക്കാരൻ’ എന്നും ‘മരപ്പണിക്കാരന്റെ മകൻ’ എന്നും അറിയപ്പെട്ടിരുന്നു. ഈ പദപ്രയോഗങ്ങൾ, യേശു 12-ാം വയസ്സിൽ ദേവാലയം സന്ദർശിച്ചതിനും പിൽക്കാലത്ത് ശുശ്രൂഷ ആരംഭിച്ചതിനും ഇടയ്‌ക്കുള്ള കാലഘട്ടത്തിലെ യേശുവിന്റെ ജീവിതത്തിലേക്കു വെളിച്ചം വീശുന്നു. (മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.) മത്തായിയുടെയും മർക്കോസിന്റെയും സുവിശേഷത്തിലെ ഈ ഭാഗങ്ങൾ പരസ്‌പരപൂരകങ്ങളാണ്.
മറിയയുടെ മകൻ: യേശുവിനെ ഇങ്ങനെ വിളിച്ചിരിക്കുന്നത് ഇവിടെ മാത്രമാണ്. ഇവിടെ യോസേഫിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലാത്തതുകൊണ്ട് യോസേഫ് അപ്പോഴേക്കും മരിച്ചുപോയിരുന്നു എന്ന് ഊഹിക്കാം. തന്റെ മരണശേഷം അമ്മയായ മറിയയെ നോക്കാനുള്ള ചുമതല യേശു യോഹന്നാനെ ഏൽപ്പിച്ചു എന്നതും ഈ സാധ്യതയെ ശരിവെക്കുന്നു.—യോഹ 19:26, 27.
യാക്കോബ്: മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.
യൂദാസ്: മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.
സഹോദരന്മാർ: അഡെൽഫോസ് എന്ന ഗ്രീക്കുപദം ബൈബിളിൽ ആത്മീയബന്ധത്തെ കുറിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ അതു യേശുവിനു തന്റെ അർധസഹോദരന്മാരുമായി, അതായത് യോസേഫിന്റെയും മറിയയുടെയും ഇളയ ആൺമക്കളുമായി, ഉള്ള ബന്ധത്തെയാണു കുറിക്കുന്നത്. യേശു ജനിച്ചശേഷവും മറിയ ഒരു കന്യകയായിത്തന്നെ തുടർന്നു എന്നു വിശ്വസിക്കുന്നവർ വാദിക്കുന്നത്, ഈ വാക്യത്തിലെ അഡെൽഫോസ് എന്ന പദം കുറിക്കുന്നതു യേശുവിന്റെ മാതാപിതാക്കളുടെ സഹോദരപുത്രന്മാരെയാണെന്നാണ്. എന്നാൽ മാതാപിതാക്കളുടെ സഹോദരീസഹോദരന്മാരുടെ പുത്രന്മാരെ കുറിക്കാൻ ഗ്രീക്കുതിരുവെഴുത്തുകളിൽ വേറൊരു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (കൊലോ 4:10-ലെ അനപ്‌സിയോസ് എന്ന ഗ്രീക്കുപദം.) ഇനി, “പൗലോസിന്റെ പെങ്ങളുടെ മകൻ” എന്നു പറയുന്നിടത്ത് മറ്റൊരു ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (പ്രവൃ 23:16) കൂടാതെ, ലൂക്ക 21:16-ൽ അഡെൽഫോസ് (“സഹോദരങ്ങൾ”), സിജെനെസ് (“ബന്ധുക്കൾ”) എന്നീ രണ്ടു ഗ്രീക്കുപദങ്ങളുടെയും ബഹുവചനരൂപങ്ങൾ കാണുന്നു. ഗ്രീക്കുതിരുവെഴുത്തുകളിൽ കുടുംബബന്ധങ്ങളെ സൂചിപ്പിക്കുന്ന പദങ്ങൾ വളരെ വിവേചനയോടെ, ശ്രദ്ധാപൂർവമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഈ ഉദാഹരണങ്ങൾ തെളിയിക്കുന്നു.
മറ്റ് അത്ഭുതങ്ങളൊന്നും അവിടെവെച്ച് ചെയ്യാൻ യേശുവിനു കഴിഞ്ഞില്ല: യേശുവിന് അധികം അത്ഭുതങ്ങൾ ചെയ്യാൻ കഴിയാതിരുന്നതു ശക്തിയില്ലാഞ്ഞിട്ടല്ല, മറിച്ച് ആ സാഹചര്യങ്ങളിൽ അത് ആവശ്യമില്ലാഞ്ഞിട്ടാണ്. നസറെത്തിലെ ആളുകൾക്ക് വിശ്വാസമില്ലായിരുന്നതുകൊണ്ടാണ് യേശുവിന് അവിടെവെച്ച് അധികം അത്ഭുതങ്ങൾ ചെയ്യാൻ കഴിയാഞ്ഞത്. (മത്ത 13:58) ഒട്ടും പ്രതികരണമില്ലാത്ത സംശയാലുക്കൾക്കുവേണ്ടി പാഴാക്കാനുള്ളതായിരുന്നില്ല ദൈവികശക്തി.—മത്ത 10:14; ലൂക്ക 16:29-31 എന്നിവ താരതമ്യം ചെയ്യുക.
പഠിപ്പിക്കുകയും . . . പ്രസംഗിക്കുകയും: പഠിപ്പിക്കലും പ്രസംഗിക്കലും തമ്മിൽ വ്യത്യാസമുണ്ട്. പ്രസംഗിക്കുന്ന ആൾ ഒരു കാര്യം ഘോഷിക്കുക മാത്രം ചെയ്യുന്നു. എന്നാൽ പഠിപ്പിക്കുന്നയാൾ അതിലും കൂടുതൽ ചെയ്യുന്നുണ്ട്—അദ്ദേഹം അറിവ് പകർന്നുകൊടുക്കുന്നു, വിശദീകരിക്കുന്നു, ബോധ്യംവരുത്തുന്ന വാദങ്ങൾ ഉപയോഗിക്കുന്നു, തെളിവുകൾ നിരത്തുന്നു.—മത്ത 3:1; 28:20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
അവർക്കു വിശ്വാസമില്ലാത്തതു കണ്ട് യേശുവിന് അതിശയം തോന്നി: ‘സ്വന്തം നാട്ടുകാർക്കു’ തന്നോടുള്ള മനോഭാവം യേശുവിനെ എത്രമാത്രം ബാധിച്ചു എന്ന കാര്യം രേഖപ്പെടുത്തിയിരിക്കുന്ന ഒരേ ഒരു സുവിശേഷയെഴുത്തുകാരൻ മർക്കോസാണ്. (മത്ത 13:57, 58; “മർക്കോസ്—ആമുഖം” എന്നതും കാണുക.) “അതിശയം തോന്നി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയ മിക്കപ്പോഴും യേശുവിന്റെ അത്ഭുതങ്ങളിലും ഉപദേശങ്ങളിലും ആളുകൾക്കു തോന്നിയ അതിശയത്തെ വർണിക്കാനാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും (മർ 5:20; 15:5) രണ്ടിടങ്ങളിൽ അതു യേശുവിന്റെതന്നെ പ്രതികരണത്തെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സൈനികോദ്യോഗസ്ഥന്റെ വലിയ വിശ്വാസം കണ്ട് യേശു അതിശയിച്ചതാണ് അതിലൊന്ന്. (മത്ത 8:10; ലൂക്ക 7:9) മറ്റേതാകട്ടെ ഈ വാക്യത്തിലാണ്. എന്നാൽ ഇവിടെ നസറെത്തിലെ ആളുകളുടെ വിശ്വാസമില്ലായ്‌മ കണ്ടപ്പോൾ യേശുവിനു തോന്നിയതു നിരാശ കലർന്ന അതിശയമായിരുന്നു.
ഗ്രാമങ്ങളിൽ ചുറ്റിസഞ്ചരിച്ച്: ഗലീലയിൽ യേശു നടത്തിയ മൂന്നാം പ്രസംഗപര്യടനത്തിന്റെ തുടക്കമായിരുന്നു ഇത്. (മത്ത 9:35; ലൂക്ക 9:1) “ചുറ്റിസഞ്ചരിച്ച് ” എന്ന പദപ്രയോഗം സൂചിപ്പിക്കുന്നതു യേശു ആ പ്രദേശം ഒട്ടും വിടാതെ പ്രവർത്തിച്ചുതീർത്തു എന്നായിരിക്കാം. ഇനി, പ്രസംഗപര്യടനം പൂർത്തിയാക്കിയ യേശു തുടങ്ങിയിടത്തുതന്നെ തിരിച്ചെത്തി എന്ന ആശയം ധ്വനിപ്പിക്കാനും ആ പദപ്രയോഗത്തിനാകും എന്നു ചിലർ കരുതുന്നു. യേശുവിന്റെ ശുശ്രൂഷയുടെ പ്രമുഖസവിശേഷതയായിരുന്നു ആളുകളെ പഠിപ്പിക്കുന്നത്.—മത്ത 4:23-ന്റെ പഠനക്കുറിപ്പു കാണുക.
ആ സ്ഥലം വിട്ട് പോകുന്നതുവരെ ആ വീട്ടിൽ താമസിക്കുക: ശിഷ്യന്മാർ ഒരു പട്ടണത്തിൽ ചെന്നാൽ അവർക്ക് ആതിഥ്യമരുളുന്ന വീട്ടിൽത്തന്നെ താമസിക്കണമെന്നും “വീടുകൾ മാറിമാറി താമസിക്കരുത് ” എന്നും നിർദേശിക്കുകയായിരുന്നു യേശു. (ലൂക്ക 10:1-7) ആ വീടിനെക്കാൾ സുഖസൗകര്യങ്ങളുള്ള, മികച്ച സത്‌കാരം കിട്ടുന്ന മറ്റൊരു വീടു തേടി അവർ പോകരുതായിരുന്നു. അതിലൂടെ, അത്തരം കാര്യങ്ങൾക്കു പ്രസംഗനിയോഗത്തോടുള്ള താരതമ്യത്തിൽ രണ്ടാം സ്ഥാനമേ ഉള്ളൂ എന്ന് അവർക്കു തെളിയിക്കാനാകുമായിരുന്നു.
നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക: ദൈവം വരുത്താൻപോകുന്ന കാര്യങ്ങൾക്ക് ഇനി തങ്ങൾ ഉത്തരവാദികളല്ലെന്നു ശിഷ്യന്മാരുടെ ഈ പ്രവൃത്തി സൂചിപ്പിക്കുമായിരുന്നു. മത്ത 10:14-ലും ലൂക്ക 9:5-ലും ഇതേ പദപ്രയോഗം കാണാം. എന്നാൽ മർക്കോസും ലൂക്കോസും അത് അവർക്ക് (അഥവാ “അവർക്കെതിരെ”) ഒരു തെളിവാകട്ടെ എന്നുകൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. പൗലോസും ബർന്നബാസും പിസിദ്യയിലെ അന്ത്യോക്യയിൽവെച്ച് ഇങ്ങനെ ചെയ്‌തതായി കാണാം. (പ്രവൃ 13:51) കൊരിന്തിൽവെച്ച് പൗലോസ് തന്റെ ‘വസ്‌ത്രം കുടഞ്ഞതും’ ഇതിനോടു സമാനമായൊരു കാര്യമായിരുന്നു. “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാരനല്ല” എന്നൊരു വിശദീകരണവും പൗലോസ് അതോടൊപ്പം നൽകി. (പ്രവൃ 18:6) ഇത്തരം രീതികൾ ശിഷ്യന്മാർക്കു സുപരിചിതമായിരുന്നിരിക്കണം. കാരണം മറ്റു ജനതകളിൽപ്പെട്ടവരുടെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചിട്ടു ജൂതന്മാരുടെ പ്രദേശത്തേക്കു വീണ്ടും കടക്കുന്നതിനു മുമ്പ് മതഭക്തരായ ജൂതന്മാർ ചെരിപ്പിലെ പൊടി തട്ടിക്കളയുമായിരുന്നു. ആ പൊടി അശുദ്ധമായാണ് അവർ കണ്ടിരുന്നത്. എന്നാൽ ശിഷ്യന്മാർക്കു നിർദേശം കൊടുത്തപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായാലും ഇതായിരുന്നില്ല.
അനേകം രോഗികളെ എണ്ണ പൂശി: എണ്ണ പൂശിയത് ഒരു പ്രതീകം മാത്രമായിരുന്നു. രോഗസൗഖ്യം വരുത്താനുള്ള എണ്ണയുടെ കഴിവിനെക്കുറിച്ച് അന്ന് അറിവുണ്ടായിരുന്നെങ്കിലും (ലൂക്ക 10:34 താരതമ്യം ചെയ്യുക.) ആളുകൾ സുഖപ്പെട്ടതിന്റെ കാരണം എണ്ണയെക്കാൾ ഉപരി ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ അത്ഭുതകരമായ പ്രവർത്തനമായിരുന്നു.—ലൂക്ക 9:1, 6.
ഹെരോദ്: അതായത് ഹെരോദ് അന്തിപ്പാസ്, മഹാനായ ഹെരോദിന്റെ മകൻ.—പദാവലി കാണുക.
ജില്ലാഭരണാധികാരി: റോമൻ അധികാരികളുടെ കീഴിൽ, അവരുടെ അംഗീകാരത്തോടെ മാത്രം ഭരണം നടത്തിയിരുന്ന ഒരു ജില്ലാഭരണാധികാരിയെയോ ഒരു പ്രദേശത്തിന്റെ പ്രഭുവിനെയോ ആണ് ഈ പദം കുറിച്ചിരുന്നത്.—മത്ത 14:1; മർ 6:14 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
സ്‌നാപകൻ: അഥവാ “നിമജ്ജനം ചെയ്യുന്നവൻ; മുക്കുന്നവൻ.” ഇവിടെയും മർ 6:14, 24 വാക്യങ്ങളിലും “സ്‌നാപകൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം “സ്‌നാനപ്പെടുത്തുന്നവൻ” എന്നും പരിഭാഷപ്പെടുത്താം. എന്നാൽ മർ 6:25; 8:28 എന്നീ വാക്യങ്ങളിലും മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും കാണുന്ന “സ്‌നാപകയോഹന്നാൻ” എന്ന പദപ്രയോഗത്തിലെ “സ്‌നാപക” എന്ന വിശേഷണം ആ ഗ്രീക്കുപദത്തിൽനിന്ന് അൽപ്പം വ്യത്യാസമുള്ള ബാപ്‌റ്റിസ്റ്റിസ് എന്ന ഗ്രീക്കുനാമത്തിന്റെ പരിഭാഷയാണ്. മർ 6:24, 25 വാക്യങ്ങളിൽ ഈ രണ്ടു പദപ്രയോഗങ്ങളും (“യോഹന്നാൻ സ്‌നാപകൻ,” “സ്‌നാപകയോഹന്നാൻ”) സമാനാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
ഹെരോദ് രാജാവ്: അതായത് ഹെരോദ് അന്തിപ്പാസ്, മഹാനായ ഹെരോദിന്റെ മകൻ. (പദാവലിയിൽ “ഹെരോദ് ” കാണുക.) മത്തായിയും ലൂക്കോസും “ജില്ലാഭരണാധികാരി” എന്ന് അർഥം വരുന്ന ഒരു റോമൻ സ്ഥാനപ്പേരാണു മൂലഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത്. (മത്ത 14:1; ലൂക്ക 3:1 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) ഗലീലയും പെരിയയും ആയിരുന്നു അദ്ദേഹത്തിന്റെ ഭരണപ്രദേശം. എന്നാൽ അദ്ദേഹത്തെ “രാജാവ് ” എന്നാണു പൊതുവേ വിളിച്ചിരുന്നത്. ഹെരോദിനെക്കുറിച്ച് പറയുന്ന എല്ലാ സ്ഥലങ്ങളിലും “രാജാവ് ” എന്ന സ്ഥാനപ്പേരാണു മർക്കോസ് ഉപയോഗിച്ചിരിക്കുന്നതെങ്കിൽ (മർ 6:22, 25, 26, 27) മത്തായിയുടെ സുവിശേഷത്തിന്റെ മൂലഭാഷയിൽ ഒരു പ്രാവശ്യമേ അതു കാണുന്നുള്ളൂ.—മത്ത 14:9.
ജനം ഇങ്ങനെ പറയുന്നുമുണ്ടായിരുന്നു: അക്ഷ. “അവർ ഇങ്ങനെ പറയുന്നുമുണ്ടായിരുന്നു.” ചില കൈയെഴുത്തുപ്രതികളിൽ “അവൻ ഇങ്ങനെ പറയുന്നുണ്ടായിരുന്നു” എന്നാണു കാണുന്നത്.
സ്‌നാപകൻ: മർ 1:4-ന്റെ പഠനക്കുറിപ്പു കാണുക.
സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ: തന്റെ അർധസഹോദരനായ ഹെരോദ് ഫിലിപ്പോസിന്റെ ഭാര്യയായ ഹെരോദ്യയിൽ ആകൃഷ്ടനായതിനെ തുടർന്ന് ഹെരോദ് അന്തിപ്പാസ് തന്റെ ഭാര്യയെ വിവാഹമോചനം ചെയ്‌തു. ഹെരോദ്യ ഫിലിപ്പോസിനെയും ഉപേക്ഷിച്ചു. തുടർന്ന് ഹെരോദ്യയെ ഹെരോദ് അന്തിപ്പാസ് വിവാഹം കഴിച്ചു. ജൂതനിയമത്തിനു വിരുദ്ധമായ ഈ വിവാഹം അധാർമികമാണെന്നു വിമർശിച്ചതിന്റെ പേരിലാണു സ്നാപകയോഹന്നാനെ അറസ്റ്റു ചെയ്‌തത്.
തന്റെ സഹോദരനായ ഫിലിപ്പോസിന്റെ ഭാര്യ ഹെരോദ്യ: മത്ത 14:3-ന്റെ പഠനക്കുറിപ്പു കാണുക.
യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന് അറിയാമായിരുന്നതുകൊണ്ട്: യോഹന്നാൻ നീതിമാനും വിശുദ്ധനും ആണെന്ന് അംഗീകരിച്ചതുകൊണ്ടാണു ഹെരോദ് അദ്ദേഹം പറഞ്ഞതു ശ്രദ്ധിക്കാനും അദ്ദേഹത്തെ സംരക്ഷിക്കാനും തയ്യാറായത്. ഹെരോദിനു യോഹന്നാനെ ഭയമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ വിശ്വാസമില്ലായ്‌മയും അതിഥികളുടെ മുന്നിൽ തന്റെ പേര് നഷ്ടപ്പെടുമെന്ന പേടിയും ആണ് യോഹന്നാനെ വധിക്കുന്നതിലേക്ക് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്. ജൂതചരിത്രകാരനായ ജോസീഫസ്, യോഹന്നാൻ സ്‌നാപകനെ “ഒരു നല്ല മനുഷ്യൻ” എന്നാണു വിളിച്ചത്.
യോഹന്നാനെ പിടിച്ച് . . . ജയിലിലാക്കി: ഈ സംഭവം നടന്നത് എവിടെവെച്ചാണെന്നു ബൈബിൾ പറയുന്നില്ല. ചാവുകടലിനു കിഴക്കുള്ള മഷേരൂസ് കോട്ടയിലാണു യോഹന്നാനെ തടവിലാക്കിയിരുന്നതെന്നും അവിടെവെച്ചാണ് അദ്ദേഹത്തെ വധിച്ചതെന്നും ജോസീഫസ് പറയുന്നു. [യഹൂദപുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), പുസ്‌തകം 18, അധ്യാ. 5, ഖ. 2 (ലോയബ് 18.119)] യോഹന്നാൻ കുറച്ച് കാലം ആ ജയിലിലായിരുന്നിരിക്കാൻ സാധ്യതയുണ്ടെന്നതു ശരിയാണ്. (മത്ത 4:12) എന്നാൽ മരണസമയത്ത് യോഹന്നാനെ തടവിലാക്കിയിരുന്നതു ഗലീലക്കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള തിബെര്യാസ് നഗരത്തിലായിരുന്നിരിക്കാനാണു സാധ്യത. ഇങ്ങനെയൊരു നിഗമനത്തിലെത്താനുള്ള കാരണങ്ങൾ ഇവയാണ്: (1) ഗലീലയിൽ യേശു ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നതിന് അടുത്താണ് യോഹന്നാനെ തടവിലാക്കിയിരുന്നതെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. കാരണം ജയിലിലായിരുന്ന യോഹന്നാൻ യേശു ചെയ്‌ത അത്ഭുതങ്ങളെക്കുറിച്ച് കേട്ടിട്ട് യേശുവിനോടു സംസാരിക്കാൻ തന്റെ ശിഷ്യന്മാരെ അയച്ചതായി വിവരണം പറയുന്നു. (മത്ത 11:1-3) (2) ഹെരോദിന്റെ ജന്മദിനാഘോഷത്തിൽ ‘ഗലീലയിലെ പ്രമുഖരും’ പങ്കെടുത്തെന്നു മർക്കോസ് പറയുന്നു. ആ ആഘോഷം നടന്നതു ഹെരോദിന്റെ തിബെര്യാസിലുള്ള ഭവനത്തിൽവെച്ചായിരിക്കാം എന്നാണ് അതു സൂചിപ്പിക്കുന്നത്. തെളിവനുസരിച്ച് യോഹന്നാനെ തടവിലാക്കിയിരുന്നത് ഈ ആഘോഷം നടന്നതിന് അടുത്താണ്.—മർ 6:21-29; മത്ത 14:6-11.
ജന്മദിനാഘോഷസമയത്ത്: സാധ്യതയനുസരിച്ച് ഹെരോദ് അന്തിപ്പാസിന്റെ തിബെര്യാസിലുള്ള ഭവനത്തിൽവെച്ചാണ് ഈ ആഘോഷം നടന്നത്. (മത്ത 14:3; മർ 6:21എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) രണ്ടു ജന്മദിനാഘോഷങ്ങളെക്കുറിച്ച് മാത്രമേ ബൈബിൾ പറയുന്നുള്ളൂ. അതിലൊന്നാണ് ഇത്. ഈ ആഘോഷത്തിനിടെ യോഹന്നാനെ ശിരച്ഛേദം ചെയ്‌തു. മറ്റേത് ഒരു ഫറവോന്റേതാണ്. ആ ഈജിപ്‌ഷ്യൻ ചക്രവർത്തിയുടെ ജന്മദിനാഘോഷവേളയിൽ അപ്പക്കാരുടെ പ്രമാണിയെ വധിച്ചു. (ഉൽ 40:18-22) ഈ രണ്ട് ആഘോഷങ്ങൾക്കും ചില സമാനതകളുണ്ടായിരുന്നു: രണ്ടു സാഹചര്യങ്ങളിലും വലിയ വിരുന്നു നടന്നതായും ചിലരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തതായും നമ്മൾ വായിക്കുന്നു. ആ രണ്ടു സംഭവങ്ങളും ആളുകൾ ഓർത്തിരിക്കുന്നത് അന്നു നടന്ന കൊലപാതകങ്ങളുടെ പേരിലുമാണ്.
ജന്മദിനത്തിൽ: സാധ്യതയനുസരിച്ച് ഗലീലക്കടലിന്റെ പടിഞ്ഞാറൻ തീരത്തെ തിബെര്യാസിൽ, ഹെരോദ് അന്തിപ്പാസിന്റെ ഭവനത്തിൽവെച്ചാണ് ഈ ആഘോഷം നടന്നത്. അങ്ങനെ നിഗമനം ചെയ്യാനുള്ള ഒരു കാരണം, ഹെരോദിന്റെ ജന്മദിനാഘോഷത്തിൽ ഗലീലയിലെ പ്രമുഖരും പങ്കെടുത്തെന്നു മർക്കോസ് പറയുന്നുണ്ട് എന്നതാണ്. (മത്ത 14:3, 6 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) രണ്ടു ജന്മദിനാഘോഷങ്ങളെക്കുറിച്ച് മാത്രമേ ബൈബിൾ പറയുന്നുള്ളൂ. അതിലൊന്നാണ് ഇത്. ഈ ആഘോഷത്തിനിടെ യോഹന്നാനെ ശിരച്ഛേദം ചെയ്‌തു. മറ്റേത് ഒരു ഫറവോന്റേതാണ്. ആ ഈജിപ്‌ഷ്യൻ ചക്രവർത്തിയുടെ ജന്മദിനാഘോഷവേളയിൽ അപ്പക്കാരുടെ പ്രമാണിയെ വധിച്ചു. (ഉൽ 40:18-22) ഈ രണ്ട് ആഘോഷങ്ങൾക്കും ചില സമാനതകളുണ്ടായിരുന്നു: രണ്ടു സാഹചര്യങ്ങളിലും വലിയ വിരുന്നു നടന്നതായും ചിലരുടെ ആഗ്രഹങ്ങൾ സാധിച്ചുകൊടുത്തതായും നമ്മൾ വായിക്കുന്നു. ആ രണ്ടു സംഭവങ്ങളും ആളുകൾ ഓർത്തിരിക്കുന്നത് അന്നു നടന്ന കൊലപാതകങ്ങളുടെ പേരിലുമാണ്.
സൈന്യാധിപന്മാർ: ഖിലിയാർഖോസ് (സഹസ്രാധിപൻ) എന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “ആയിരത്തിന്റെ (അതായത്, ആയിരം പടയാളികളുടെ) അധിപൻ” എന്നാണ്. അത് ഒരു റോമൻ സൈന്യാധിപനെ കുറിക്കുന്ന പദപ്രയോഗമായിരുന്നു. ഒരു റോമൻ ലഗ്യോനിൽ അത്തരം ആറു സൈന്യാധിപന്മാർ ഉണ്ടായിരുന്നു. എന്നാൽ ഒരു റോമൻ ലഗ്യോനിലെ ആറു സൈനികഗണങ്ങൾ ഓരോന്നും സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനു പകരം അവയിൽ ഓരോന്നിന്റെയും സൈന്യാധിപൻ ഊഴംവെച്ച് നിശ്ചിതകാലത്തേക്ക് ഒരു ലഗ്യോനെ മുഴുവനും നിയന്ത്രിക്കുന്നതായിരുന്നു രീതി. ഈ കാലയളവ് ആറു സൈന്യാധിപന്മാർക്കും തുല്യമായാണു വീതിച്ചിരുന്നത്. ഇത്തരം ഒരു സൈന്യാധിപന്, ശതാധിപന്മാരെ നാമനിർദേശം ചെയ്യുന്നതും നിയമിക്കുന്നതും പോലുള്ള വലിയ അധികാരങ്ങളുണ്ടായിരുന്നു. ഇനി ഈ പദം, ഉന്നതപദവിയിലുള്ള മറ്റു സൈനികോദ്യോഗസ്ഥരെ കുറിക്കാനും പൊതുവേ ഉപയോഗിച്ചിരുന്നു. ഉന്നതസ്ഥാനീയരായ ഇത്തരം ആളുകൾ അവിടെ സന്നിഹിതരായിരുന്നതുകൊണ്ട് തന്റെ വാക്കു പാലിക്കാൻ നിർബന്ധിതനായ ഹെരോദ് യോഹന്നാനെ ശിരച്ഛേദം ചെയ്യാൻ ഉത്തരവിട്ടു.
ഹെരോദ്യയുടെ മകൾ: ഹെരോദ് ഫിലിപ്പോസിനു ഹെരോദ്യയിൽ ജനിച്ച മകളായിരുന്നു ഇത്. ഹെരോദ്യക്കു വേറെ കുട്ടികളുണ്ടായിരുന്നില്ല. ഈ പെൺകുട്ടിയുടെ പേര് തിരുവെഴുത്തുകളിൽ കാണുന്നില്ലെങ്കിലും അതു ശലോമ എന്നാണെന്നു ജോസീഫസിന്റെ രേഖകളിൽ കാണാം. പിൽക്കാലത്ത് ഹെരോദ് അന്തിപ്പാസ് ശലോമയുടെ അമ്മയായ ഹെരോദ്യയെ വിവാഹംകഴിച്ചു. അദ്ദേഹം തന്റെ അർധസഹോദരനായ ഫിലിപ്പോസിന്റെ ഭാര്യയായ ഹെരോദ്യയെ ഇത്തരത്തിൽ സ്വന്തമാക്കിയത് ഒരു വ്യഭിചാരനടപടിയായിരുന്നു.
സ്‌നാപകൻ: അഥവാ “നിമജ്ജനം ചെയ്യുന്നവൻ; മുക്കുന്നവൻ.” ഇവിടെയും മർ 6:14, 24 വാക്യങ്ങളിലും “സ്‌നാപകൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം “സ്‌നാനപ്പെടുത്തുന്നവൻ” എന്നും പരിഭാഷപ്പെടുത്താം. എന്നാൽ മർ 6:25; 8:28 എന്നീ വാക്യങ്ങളിലും മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും കാണുന്ന “സ്‌നാപകയോഹന്നാൻ” എന്ന പദപ്രയോഗത്തിലെ “സ്‌നാപക” എന്ന വിശേഷണം ആ ഗ്രീക്കുപദത്തിൽനിന്ന് അൽപ്പം വ്യത്യാസമുള്ള ബാപ്‌റ്റിസ്റ്റിസ് എന്ന ഗ്രീക്കുനാമത്തിന്റെ പരിഭാഷയാണ്. മർ 6:24, 25 വാക്യങ്ങളിൽ ഈ രണ്ടു പദപ്രയോഗങ്ങളും (“യോഹന്നാൻ സ്‌നാപകൻ,” “സ്‌നാപകയോഹന്നാൻ”) സമാനാർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതായി കാണാം.—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
സ്‌നാപകൻ: മർ 1:4-ന്റെ പഠനക്കുറിപ്പു കാണുക.
തന്റെ ആണ: മൂലഭാഷയിൽ “ആണകൾ” എന്നു ബഹുവചനരൂപത്തിലാണു (എന്നാൽ മത്ത 14:7-ൽ ഏകവചനരൂപമാണു കാണുന്നത്.) കൊടുത്തിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത്, താൻ വാഗ്ദാനം ചെയ്‌ത കാര്യത്തിന് ഒരു മാറ്റവുമില്ലെന്ന് ഉറപ്പുകൊടുക്കാൻ ഹെരോദ് ആവർത്തിച്ച് ആണയിട്ടിരിക്കാം എന്നാണ്.
ആണയിട്ടുപോയതുകൊണ്ട്: മൂലഭാഷയിൽ “ആണകൾ” എന്നു ബഹുവചനരൂപത്തിലാണു കൊടുത്തിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത്, ഹെരോദ്യയുടെ മകൾക്കു കൊടുത്ത വാക്കിന് ഒരു മാറ്റവുമില്ലെന്ന് ഉറപ്പുകൊടുക്കാൻ ഹെരോദ് ആവർത്തിച്ച് ആണയിട്ടിരിക്കാം എന്നാണ്.—മത്ത 14:9-ന്റെ പഠനക്കുറിപ്പു കാണുക.
അംഗരക്ഷകൻ: ഇവിടെ കാണുന്ന സ്‌പെകുലാറ്റോർ എന്ന ഗ്രീക്കുപദം ലത്തീനിൽനിന്ന് (സ്‌പെകുലാത്തോർ) കടമെടുത്തതാണ്. അതിന് ഒരു അംഗരക്ഷകനെയോ സന്ദേശവാഹകനെയോ, ചിലപ്പോൾ ഒരു വധനിർവാഹകനെയോ കുറിക്കാനാകും. ഗ്രീക്കുതിരുവെഴുത്തുകളിൽ സൈനിക, നീതിന്യായ, സാമ്പത്തിക, ഗാർഹിക വിഷയങ്ങളോടു ബന്ധപ്പെട്ട 30-ഓളം ലത്തീൻ പദങ്ങളുടെ ഗ്രീക്കുരൂപങ്ങൾ കാണാം. അതിൽ മിക്കതും മർക്കോസിന്റെയും മത്തായിയുടെയും സുവിശേഷങ്ങളിലാണു കാണുന്നത്. മറ്റേതൊരു ബൈബിളെഴുത്തുകാരനെക്കാളും അധികമായി ഈ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നതു മർക്കോസാണ്. മർക്കോസ് ഈ സുവിശേഷം എഴുതിയത് റോമിൽവെച്ചാണെന്നും ആ സുവിശേഷം മുഖ്യമായും ജൂതന്മാരല്ലാത്ത ആളുകളെ, പ്രത്യേകിച്ച് റോമാക്കാരെ, മനസ്സിൽക്കണ്ട് എഴുതിയതാണെന്നും ഉള്ള നിഗമനത്തെ ഈ വസ്‌തുത പിന്താങ്ങുന്നു.—യോഹ 19:20-ന്റെ പഠനക്കുറിപ്പു കാണുക.
കല്ലറ: അഥവാ “സ്‌മാരകക്കല്ലറ.”—പദാവലിയിൽ “സ്‌മാരകക്കല്ലറ” കാണുക.
അലിവ് തോന്നി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്പ്ളങ്ഖ്നീസൊമായ് എന്ന ഗ്രീക്കുക്രിയയ്ക്കു “കുടൽ” (സ്പ്ളാങ്ഖനാ) എന്നതിനുള്ള പദവുമായി ബന്ധമുണ്ട്. ഇതു ശരീരത്തിന്റെ ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്ന ഒരു വികാരത്തെ, അതായത് ഒരു തീവ്രവികാരത്തെ, കുറിക്കുന്നു. അനുകമ്പയെ കുറിക്കുന്ന ഗ്രീക്കുപദങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ് ഇത്.
അലിവ് തോന്നി: അഥവാ “അനുകമ്പ തോന്നി.”—മത്ത 9:36-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങൾ അവർക്ക് വല്ലതും കഴിക്കാൻ കൊടുക്ക്: യേശുവിന്റെ അത്ഭുതങ്ങളിൽ ഇതു മാത്രമാണു നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നത്.—മത്ത 14:15-21; മർ 6:35-44; ലൂക്ക 9:10-17; യോഹ 6:1-13.
ദിനാറെ: പദാവലിയും അനു. ബി14-ഉം കാണുക.
മീൻ: മീൻ ചുട്ടെടുക്കുന്നതോ ഉപ്പു തേച്ച് ഉണക്കിയെടുക്കുന്നതോ ആയിരുന്നു ബൈബിൾക്കാലങ്ങളിലെ സാധാരണരീതി. എന്നിട്ട് അത് അപ്പത്തിന്റെകൂടെ കഴിക്കും. സാധ്യതയനുസരിച്ച് യേശു ഉപയോഗിച്ചത് ഉപ്പിട്ട് ഉണക്കിയ മീനുകളാണ്.
മീൻ: മത്ത 14:17-ന്റെ പഠനക്കുറിപ്പു കാണുക.
അപ്പം നുറുക്കി: പരന്ന അപ്പമാണു മിക്കപ്പോഴും ഉണ്ടാക്കിയിരുന്നത്. അതു നല്ല കട്ടിയാകുന്നതുവരെ ചുടും. അതുകൊണ്ട് കഴിക്കുന്നതിനു മുമ്പ് അപ്പം നുറുക്കുന്നത് അന്നത്തെ ഒരു രീതിയായിരുന്നു.—മത്ത 14:19; 15:36; 26:26; മർ 8:6; ലൂക്ക 9:16.
കൊട്ട: യേശു അത്ഭുതകരമായി ആളുകൾക്കു ഭക്ഷണം കൊടുത്ത രണ്ടു സാഹചര്യങ്ങളെക്കുറിച്ച് പറയുന്നിടത്തും, (മർ 6:43; 8:8, 20 എന്നിവയുടെ പഠനക്കുറിപ്പുകളും മത്ത 14:20; 15:37; 16:9, 10 എന്നീ വാക്യങ്ങളിലെ സമാന്തരവിവരണവും കാണുക.) മിച്ചം വന്ന ഭക്ഷണം ‘കൊട്ടകളിൽ’ ശേഖരിച്ചെന്നു പറഞ്ഞിരിക്കുന്നു. എന്നാൽ ഈ കൊട്ടകൾ തമ്മിലുള്ള വലുപ്പവ്യത്യാസം മൂലഭാഷയിൽ സുവിശേഷയെഴുത്തുകാർ ഒരേപോലെ എടുത്തുകാണിച്ചിട്ടുണ്ട്. യേശു 5,000-ത്തോളം പുരുഷന്മാരെ പോഷിപ്പിച്ചതിനെക്കുറിച്ച് പറയുന്നിടത്ത് കോഫിനൊസ് (“കൊട്ട”) എന്ന ഗ്രീക്കുപദവും 4,000 പുരുഷന്മാരെ പോഷിപ്പിച്ചതിനെക്കുറിച്ച് പറയുന്നിടത്ത് സ്‌ഫുറീസ് (“വലിയ കൊട്ട”) എന്ന ഗ്രീക്കുപദവും ആണ് ഉപയോഗിച്ചിരിക്കുന്നത്. ഇതു സൂചിപ്പിക്കുന്നത് ഒന്നുകിൽ ഈ സംഭവങ്ങൾ നടന്ന സമയത്ത് ഇതിന്റെ എഴുത്തുകാർ അവിടെ ഉണ്ടായിരുന്നെന്നോ അല്ലെങ്കിൽ അവർക്കു ദൃക്‌സാക്ഷികളിൽനിന്ന് വിശ്വസനീയമായ വിവരങ്ങൾ കിട്ടിയെന്നോ ആണ്.
കൊട്ട: അക്ഷ. “വലിയ കൊട്ട.” അഥവാ “ഭക്ഷണക്കൊട്ട.”—മർ 8:8, 19 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
കൊട്ട: നെയ്‌തുണ്ടാക്കിയ ചെറിയ കൊട്ടകളായിരിക്കാം ഇവ. യാത്രപോകുമ്പോൾ കൊണ്ടുപോകാൻ പാകത്തിൽ ഇതിനു വള്ളികൊണ്ടുള്ള പിടിയും ഉണ്ടായിരുന്നു. ഏതാണ്ട് 7.5 ലിറ്റർ കൊള്ളുന്ന കൊട്ടകളായിരുന്നു ഇവ.—മർ 8:19, 20 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
പുരുഷന്മാർ 5,000 പേരുണ്ടായിരുന്നു: യേശുവിന്റെ അത്ഭുതങ്ങളിൽ ഇതു മാത്രം നാലു സുവിശേഷങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. (മത്ത 14:15-21; മർ 6:35-44; ലൂക്ക 9:10-17; യോഹ 6:1-13) എന്നാൽ മത്തായി മാത്രമേ സ്‌ത്രീകളുടെയും കുട്ടികളുടെയും കാര്യം പറഞ്ഞിട്ടുള്ളൂ. അന്ന് അത്ഭുതകരമായി പോഷിപ്പിക്കപ്പെട്ടവരുടെ മൊത്തം സംഖ്യ 15,000-ത്തിലധികം വരാൻ സാധ്യതയുണ്ട്.
നാലാം യാമം: അതായത്, അതിരാവിലെ ഏകദേശം 3 മണിമുതൽ ഏകദേശം 6 മണിക്കു സൂര്യൻ ഉദിക്കുന്നതുവരെയുള്ള സമയം. രാത്രിയെ നാലു യാമങ്ങളായി തിരിച്ചിരുന്ന ഗ്രീക്ക്, റോമൻ സമ്പ്രദായമാണ് ഇതിന് ആധാരം. എന്നാൽ മുമ്പ് എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ ഈ സമയമായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു.
നാലാം യാമം: മത്ത 14:25-ന്റെ പഠനക്കുറിപ്പു കാണുക.
കടന്നുപോകുന്നതായി ഭാവിച്ചു: അഥവാ “കടന്നുപോകാറായി.” യേശു തങ്ങളെ കടന്നുപോകാൻ ഒരുങ്ങുകയാണെന്നു ശിഷ്യന്മാർക്കു തോന്നി എന്നായിരിക്കാം അതിന്റെ അർഥം.
അപ്പം നൽകിയ സംഭവം . . . അവർ ഗ്രഹിച്ചിരുന്നില്ല: ശിഷ്യന്മാരുടെ മുന്നിൽവെച്ച് യേശു അത്ഭുതകരമായി അപ്പം വർധിപ്പിച്ചിട്ട് ഏതാനും മണിക്കൂറുകളേ ആയിരുന്നുള്ളൂ. ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിച്ച് യേശുവിന് എത്രമാത്രം ശക്തി പകർന്നിരുന്നു എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു അത്. എന്നാൽ ആ അത്ഭുതത്തിൽനിന്നുള്ള സൂചനകൾ മനസ്സിലാക്കാൻ പരാജയപ്പെട്ടതുകൊണ്ട് യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നതും കൊടുങ്കാറ്റിനെ ശാന്തമാക്കുന്നതും കണ്ടപ്പോൾ ശിഷ്യന്മാർ അത്ഭുതസ്‌തബ്ധരായി. യേശു വെള്ളത്തിനു മുകളിലൂടെ നടക്കുന്നതു കണ്ടപ്പോൾ അവർ ആദ്യം കരുതിയത് അത് “എന്തോ ഒരു രൂപം” മാത്രമാണെന്നാണ്. അതു വെറുമൊരു തോന്നലോ മായക്കാഴ്‌ചയോ ആണെന്ന് അവർ ചിന്തിച്ചു.—മർ 6:49.
ഗന്നേസരെത്ത്: ഗലീലക്കടലിന്റെ വടക്കുപടിഞ്ഞാറൻ തീരത്തോടു ചേർന്നുകിടക്കുന്ന ഒരു ചെറിയ സമതലം. (ഏകദേശം 5 കി.മീ. നീളവും 2.5 കി.മീ. വീതിയും ഉള്ള പ്രദേശം.) ലൂക്ക 5:1-ൽ ഗലീലക്കടലിനെ ‘ഗന്നേസരെത്ത് തടാകം’ എന്നാണു വിളിച്ചിരിക്കുന്നത്.
ഗന്നേസരെത്ത്: മത്ത 14:34-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
വടി കൈയിൽ കൊണ്ടുനടക്കുന്നതു പണ്ട് എബ്രായരുടെഒരു രീതിയായിരുന്നു. പലതായിരുന്നു അതിന്റെ ഉപയോഗങ്ങൾ: ഊന്നിനടക്കാനും (പുറ 12:11; സെഖ 8:4; എബ്ര 11:21) പ്രതിരോധത്തിനോ സ്വയരക്ഷയ്ക്കോ വേണ്ടിയും (2ശമു 23:21) മെതിക്കാനും (യശ 28:27) ഒലിവുകായ്കൾ പറിക്കാനും (ആവ 24:20; യശ 24:13) മറ്റ് അനേകം കാര്യങ്ങൾക്കും അത് ഉപയോഗിച്ചിരുന്നു. ഭക്ഷണസഞ്ചി സാധാരണയായി തുകൽകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. സഞ്ചാരികളും ഇടയന്മാരും കർഷകരും മറ്റുള്ളവരും പൊതുവേ ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഈ സഞ്ചി തോളിലാണ് ഇട്ടിരുന്നത്. യേശു അപ്പോസ്തലന്മാരെ പ്രസംഗപര്യടനത്തിന് അയയ്ച്ചപ്പോൾ അവർക്കു നൽകിയ നിർദേശങ്ങളുടെ കൂട്ടത്തിൽ വടി, ഭക്ഷണസഞ്ചി എന്നിവയെക്കുറിച്ചും പറഞ്ഞു. അപ്പോസ്‌തലന്മാർ കൂടുതലായി എന്തെങ്കിലും എടുക്കാൻ തുനിഞ്ഞാൽ അവരുടെ ശ്രദ്ധ പതറുമായിരുന്നതുകൊണ്ട് അതിനു നിൽക്കാതെ അങ്ങനെതന്നെ പോകാനായിരുന്നു നിർദേശം. കാരണം യഹോവ എന്തായാലും അവർക്കുവേണ്ടി കരുതുമായിരുന്നു.—യേശു നൽകിയ നിർദേശങ്ങളുടെ അർഥം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ലൂക്ക 9:3; 10:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
വ്യത്യസ്തതരം കൊട്ടകളെ കുറിക്കാൻ ബൈബിളിൽ വെവ്വേറെ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യേശു അത്ഭുതകരമായി 5,000 പുരുഷന്മാരെ പോഷിപ്പിച്ചിട്ട് മിച്ചം വന്ന ഭക്ഷണം ശേഖരിക്കാൻ ഉപയോഗിച്ച 12 കൊട്ടകളെക്കുറിച്ച് പറയുന്നിടത്ത് കാണുന്ന ഗ്രീക്കുപദം സൂചിപ്പിക്കുന്നത് അവ നെയ്‌തുണ്ടാക്കിയ, കൈയിൽ പിടിക്കാവുന്ന തരം ചെറിയ കൊട്ടകളായിരിക്കാം എന്നാണ്. എന്നാൽ യേശു 4,000 പുരുഷന്മാർക്കു ഭക്ഷണം കൊടുത്തിട്ട് മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ടകളെക്കുറിച്ച് പറയുന്നിടത്ത് മറ്റൊരു ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (മർ 8:8, 9) അതു താരതമ്യേന വലിയ കൊട്ടകളെ കുറിക്കുന്നു. ദമസ്കൊസിലെ മതിലിന്റെ ദ്വാരത്തിലൂടെ പൗലോസിനെ താഴേക്ക് ഇറക്കാൻ ഉപയോഗിച്ച കൊട്ടയെക്കുറിച്ച് പറയുന്നിടത്തും ഇതേ ഗ്രീക്കുപദമാണു കാണുന്നത്.—പ്രവൃ 9:25.
ഇവിടെ കാണിച്ചിരിക്കുന്നതുപോലെ, ചിലപ്പോഴൊക്കെ റോഡിന്റെ ഇരുവശത്തുമായിട്ടായിരുന്നു ചന്തകൾ. മിക്കപ്പോഴും വ്യാപാരികൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചിരുന്നതുകൊണ്ട് ഗതാഗതം തടസ്സപ്പെട്ടിരുന്നു. പ്രദേശവാസികൾക്കു വീട്ടുസാധനങ്ങളും കളിമൺപാത്രങ്ങളും വിലകൂടിയ ചില്ലുപാത്രങ്ങളും നല്ല പച്ചക്കറികളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമായിരുന്നു ഇത്. അക്കാലത്ത് ഭക്ഷണം ശീതീകരിച്ച് സൂക്ഷിക്കാനുള്ള സൗകര്യം ഇല്ലാഞ്ഞതുകൊണ്ട് ഓരോ ദിവസത്തേക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടിക്കുന്നതായിരുന്നു രീതി. അവിടെ ചെല്ലുന്നവർക്കു കച്ചവടക്കാരിൽനിന്നും മറ്റു സന്ദർശകരിൽനിന്നും പുതിയപുതിയ വാർത്തകൾ കേൾക്കാമായിരുന്നു. കുട്ടികൾ അവിടെ കളിച്ചിരുന്നു. തങ്ങളെ കൂലിക്കു വിളിക്കുന്നതും പ്രതീക്ഷിച്ച് ആളുകൾ അവിടെ കാത്തിരിക്കാറുമുണ്ടായിരുന്നു. ചന്തസ്ഥലത്തുവെച്ച് യേശു ആളുകളെ സുഖപ്പെടുത്തിയതായും പൗലോസ് മറ്റുള്ളവരോടു പ്രസംഗിച്ചതായും നമ്മൾ വായിക്കുന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാരികളായ ശാസ്ത്രിമാരും പരീശന്മാരും ഇത്തരം പൊതുസ്ഥലങ്ങളിൽവെച്ച്, ആളുകളുടെ ശ്രദ്ധാകേന്ദ്രമാകാനും അവരുടെ അഭിവാദനങ്ങൾ ഏറ്റുവാങ്ങാനും ആഗ്രഹിച്ചു.