ലൂക്കോസ് എഴുതിയത് 2:1-52
പഠനക്കുറിപ്പുകൾ
ഭൂവാസികൾ: ഇവിടെ “ഭൂവാസികൾ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ഒയിക്കൂമെനേ എന്ന ഗ്രീക്കുപദമാണ്. ഭൂമിയെ മനുഷ്യകുലത്തിന്റെ വാസസ്ഥലമായി ചിത്രീകരിക്കുന്ന വിശാലമായ അർഥമുള്ള ഒരു പദമാണ് ഇത്. (ലൂക്ക 4:5; പ്രവൃ 17:31; റോമ 10:18; വെളി 12:9; 16:14) ഒന്നാം നൂറ്റാണ്ടിൽ, ജൂതന്മാർ ചിതറിപ്പാർത്തിരുന്ന വിസ്തൃതമായ റോമാസാമ്രാജ്യത്തെ കുറിക്കാനും ഈ പദം ഉപയോഗിച്ചിരുന്നു.—പ്രവൃ 24:5.
പേര് രേഖപ്പെടുത്തണം: ഒരു ജനസംഖ്യാകണക്കെടുപ്പു നടത്തിയാൽ തന്റെ പ്രജകളിൽനിന്ന് നികുതി ഈടാക്കാനും സൈനികസേവനത്തിനു പറ്റിയ പുരുഷന്മാരെ കണ്ടെത്താനും എളുപ്പമാകും എന്നു കരുതിയാകാം അഗസ്റ്റസ് ഇങ്ങനെയൊരു കല്പന പുറപ്പെടുവിച്ചത്. ഒരു ഭരണാധികാരി, “പിടിച്ചുവാങ്ങുന്ന ഒരാളെ . . . മഹിമയുള്ള രാജ്യത്തിലൂടെ അയയ്ക്കും” എന്ന ദാനിയേൽപുസ്തകത്തിലെ പ്രവചനത്തിന്റെ നിവൃത്തിയായിരുന്നിരിക്കാം അത്. ആ ഭരണാധികാരിയുടെ പിൻഗാമിയുടെ, അതായത് ‘ആളുകൾ അവജ്ഞയോടെ വീക്ഷിക്കുന്ന ഒരാളുടെ,’ ഭരണകാലത്ത് വളരെ ശ്രദ്ധേയമായ ഒരു കാര്യം നടക്കുമെന്നും ദാനിയേൽ മുൻകൂട്ടിപ്പറഞ്ഞിരുന്നു. എന്തായിരുന്നു അത്? ‘ഉടമ്പടിയുടെ നേതാവ്,’ അതായത് മിശിഹ ‘തകർന്നുപോകുമായിരുന്നു’ അഥവാ വധിക്കപ്പെടുമായിരുന്നു. (ദാനി 11:20-22) അഗസ്റ്റസിന്റെ പിൻഗാമിയായ തിബെര്യൊസിന്റെ ഭരണകാലത്താണു യേശു വധിക്കപ്പെട്ടത്.
സീസർ: അഥവാ “ചക്രവർത്തി.” സീസർ എന്ന ലത്തീൻപദത്തിന്റെ തത്തുല്യമായ ഗ്രീക്കുരൂപം കൈസർ എന്നാണ്. (പദാവലി കാണുക.) ഒന്നാമത്തെ റോമൻ ചക്രവർ ത്തിയായ ഗയസ് ഒക്ടേവിയസിന് ആദ്യമായി അഗസ്റ്റസ് (“ശ്രേഷ്ഠനായവൻ” എന്ന് അർഥമുള്ള ലത്തീൻപദം) എന്ന പദവിനാമം നൽകിയത് റോമൻ ഭരണസമിതിയാണ്. ബി.സി. 27-ലായിരുന്നു അത്. അങ്ങനെ അദ്ദേഹം അഗസ്റ്റസ് സീസർ എന്ന് അറിയപ്പെടാൻ തുടങ്ങി. അദ്ദേഹത്തിന്റെ കല്പനയാണു യേശു ബേത്ത്ലെഹെമിൽ ജനിക്കാൻ വഴിയൊരുക്കിയത്. അതിലൂടെ ഒരു ബൈബിൾപ്രവചനം നിറവേറുകയും ചെയ്തു.—ദാനി 11:20; മീഖ 5:2.
കുറേന്യൊസ് എന്ന ഗവർണർ സിറിയ ഭരിക്കുമ്പോൾ: റോമൻ ഭരണസമിതിയിലെ പ്രമുഖാംഗമായിരുന്ന പുബ്ലിയുസ് സുൾപിസിയുസ് കുറേന്യൊസ് എന്ന വ്യക്തിയെക്കുറിച്ച് ബൈബിളിൽ ഒരിടത്ത് മാത്രമേ പറയുന്നുള്ളൂ. കുറേന്യൊസ് എ.ഡി. 6-നോട് അടുത്ത് ഒരിക്കൽ മാത്രമേ റോമൻ സംസ്ഥാനമായ സിറിയയുടെ ഗവർണറായിരുന്നിട്ടുള്ളൂ എന്നാണു പണ്ഡിതന്മാർ ആദ്യം കരുതിയിരുന്നത്. അക്കാലത്ത് ഒരു ജനസംഖ്യാകണക്കെടുപ്പിന്റെ പേരിൽ ഒരു വിപ്ലവം നടന്നതായും അവർ കണ്ടെത്തി. അതിന്റെ വെളിച്ചത്തിൽ അവർ ഈ തിരുവെഴുത്തുഭാഗത്തിന്റെയും ലൂക്കോസിന്റെ വിവരണത്തിന്റെതന്നെയും ആധികാരികതയെ ചോദ്യം ചെയ്തു. കുറേന്യൊസ് ഗവർണറായിരുന്നത്, എ.ഡി. 6-ലോ 7-ലോ ആയിരുന്നെന്നും എന്നാൽ യേശുവിന്റെ ജനനം അതിനും മുമ്പ് ആയിരുന്നെന്നും അവർ വാദിച്ചു. എന്നാൽ കുറേന്യൊസ് രണ്ടു വട്ടം സിറിയയുടെ ഗവർണർ (അഥവാ, രാജപ്രതിനിധി) ആയിരുന്നു എന്നതിനെ ശക്തമായി പിന്താങ്ങുന്ന ഒരു ലിഖിതം 1764-ൽ കണ്ടെത്തി. മുമ്പ് ബി.സി. കാലഘട്ടത്തിലും കുറേന്യൊസ് ഒരു പ്രാവശ്യം സിറിയയുടെ ഗവർണറായിരുന്നിട്ടുണ്ട് എന്ന കാര്യം അംഗീകരിക്കാൻ ചില ചരിത്രകാരന്മാരെ സഹായിച്ച ലിഖിതങ്ങൾ വേറെയും കണ്ടെത്തിയിട്ടുണ്ട്. തെളിവനുസരിച്ച്, ആ സമയത്താണ് ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന ഒന്നാമത്തെ പേര് രേഖപ്പെടുത്തൽ നടന്നത്. ഇതിനു പുറമേ വിമർശകർ കണക്കിലെടുക്കാതിരുന്ന മൂന്നു സുപ്രധാനഘടകങ്ങൾ വേറെയുമുണ്ട്. ഒന്നാമതായി, ഒന്നിലധികം ജനസംഖ്യാകണക്കെടുപ്പു നടന്നതായി ലൂക്കോസുതന്നെ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇതിനെ “ഒന്നാമത്തെ പേര് രേഖപ്പെടുത്തൽ” എന്നു വിളിച്ചത്. പിന്നീട് എ.ഡി. 6-നോടടുത്ത് നടന്ന മറ്റൊരു ജനസംഖ്യാകണക്കെടുപ്പിനെക്കുറിച്ചും സാധ്യതയനുസരിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. അതിനെക്കുറിച്ച് ലൂക്കോസ് പ്രവൃത്തികളുടെ പുസ്തകത്തിൽ (5:37) പറയുന്നുണ്ട്. ജോസീഫസും ആ കണക്കെടുപ്പിനെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമതായി, കുറേന്യൊസ് രണ്ടാം വട്ടം ഗവർണറായിരുന്നപ്പോഴാണു യേശു ജനിച്ചത് എന്നതിനോടു ബൈബിൾ കാലക്കണക്കുകൾ യോജിക്കുന്നില്ല. അതേസമയം, കുറേന്യൊസ് ആദ്യം ഗവർണറായിരുന്നപ്പോഴാണ് (ബി.സി. 4-നും ബി.സി. 1-നും ഇടയ്ക്കുള്ള ഒരു കാലഘട്ടം.) യേശുവിന്റെ ജനനം എന്നതിനോട് അതു യോജിക്കുന്നുമുണ്ട്. മൂന്നാമതായി, വളരെ കൃത്യതയോടെ കാര്യങ്ങൾ രേഖപ്പെടുത്തുന്ന ചരിത്രകാരനെന്നൊരു ഖ്യാതിയാണു ലൂക്കോസിനുള്ളത്. തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പല സംഭവങ്ങളും നടന്ന അതേ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ആളുമാണ് അദ്ദേഹം. (ലൂക്ക 1:3) ഇനി, അദ്ദേഹത്തെ പ്രചോദിപ്പിച്ചതു ദൈവാത്മാവാണെന്ന വസ്തുതയും കണക്കിലെടുക്കണം.—2തിമ 3:16.
ഗലീലയിലെ . . . നഗരത്തിൽനിന്ന് . . . പോയി: നസറെത്തിൽനിന്ന് വെറും 11 കി.മീ. അകലെ ബേത്ത്ലെഹെം എന്നൊരു പട്ടണമുണ്ടായിരുന്നു. എന്നാൽ മിശിഹ വരുന്നത് ‘ബേത്ത്ലെഹെം എഫ്രാത്തയിൽനിന്നായിരിക്കുമെന്നു’ പ്രവചനം കൃത്യമായി മുൻകൂട്ടിപ്പറഞ്ഞിരുന്നു. (മീഖ 5:2) ദാവീദിന്റെ നഗരം എന്ന് അറിയപ്പെട്ടിരുന്ന ആ ബേത്ത്ലെഹെം തെക്ക് യഹൂദ്യയിലായിരുന്നു. (1ശമു 16:1, 11, 13) നസറെത്തിൽനിന്ന് ബേത്ത്ലെഹെം എഫ്രാത്തയിലേക്ക് നേർരേഖയിലുള്ള ദൂരം ഏകദേശം 110 കി.മീ. ആണ്. എന്നാൽ ശമര്യപ്രദേശത്തുകൂടെ അവിടെ എത്താൻ റോഡുമാർഗമുള്ള ദൂരം (ഇന്നത്തെ വഴികൾവെച്ച് നോക്കുമ്പോൾ) ഏതാണ്ട് 150 കി.മീ. വരും. കുന്നും മലയും നിറഞ്ഞ പ്രദേശത്തുകൂടെ അനേകം ദിവസങ്ങൾ നീണ്ട ആ യാത്ര ശരിക്കും ബുദ്ധിമുട്ടേറിയ ഒന്നായിരുന്നിരിക്കാം.
മൂത്ത മകൻ: മറിയയ്ക്കു പിന്നീടു മറ്റു മക്കൾ ജനിച്ചു എന്നാണ് ഇതു സൂചിപ്പിക്കുന്നത്.—മത്ത 13:55, 56; മർ 6:3.
പുൽത്തൊട്ടി: ഇവിടെ “പുൽത്തൊട്ടി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഫാന്റ്നേ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “തീറ്റ കൊടുക്കുന്ന സ്ഥലം” എന്നാണ്. ഇതു മൃഗങ്ങൾക്കു തീറ്റ കൊടുക്കാൻ ഉപയോഗിച്ചിരുന്ന ഒരുതരം പാത്രമായിരുന്നിരിക്കാം. എന്നാൽ ഫാന്റ്നേ എന്ന ഗ്രീക്കുപദത്തിനു മൃഗങ്ങളെ സൂക്ഷിക്കുന്ന തൊഴുത്തിനെയും അർഥമാക്കാനാകും. (ഈ ഗ്രീക്കുപദം ‘തൊഴുത്ത്’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ലൂക്ക 13:15 താരതമ്യം ചെയ്യുക.) സാധ്യതയനുസരിച്ച്, ഇവിടെ ആ പദം തീറ്റ കൊടുക്കുന്ന സ്ഥലത്തെയാണു കുറിക്കുന്നതെങ്കിലും ഈ പുൽത്തൊട്ടി കെട്ടിടത്തിനു പുറത്തായിരുന്നോ അകത്തായിരുന്നോ അതോ ഒരു തൊഴുത്തിന്റെ ഭാഗമായിരുന്നോ എന്നൊന്നും ബൈബിൾ വ്യക്തമാക്കുന്നില്ല.
സത്രം: ഇതിന്റെ ഗ്രീക്കുപദത്തെ “(അതിഥികൾക്കുള്ള) മുറി” എന്നും പരിഭാഷപ്പെടുത്താം.—മർ 14:14; ലൂക്ക 22:11.
ഇടയന്മാർ: യരുശലേമിലെ ദേവാലയത്തിൽ പതിവായി നടക്കുന്ന യാഗാർപ്പണങ്ങൾക്കു ധാരാളം ആടുകളെ വേണമായിരുന്നു. അതുകൊണ്ട് ബേത്ത്ലെഹെമിനു ചുറ്റുമുള്ള സ്ഥലങ്ങളിൽ വളർത്തിയിരുന്ന ആടുകളിൽ ചിലതു സാധ്യതയനുസരിച്ച് ഇതിനുവേണ്ടിയായിരുന്നു.
വെളിമ്പ്രദേശത്ത് കഴിയുന്നുണ്ടായിരുന്നു: ഇവിടെ കാണുന്ന ഗ്രീക്കുപദപ്രയോഗം വന്നിരിക്കുന്നത് അഗ്റോസ് (“പറമ്പ്”), ഔലെ (“തുറന്ന സ്ഥലം”) എന്നീ പദങ്ങൾ ചേർന്ന ഒരു ക്രിയാപദത്തിൽനിന്നാണ്. “തുറസ്സായ ഒരു സ്ഥലത്ത്, ഒരു പറമ്പിൽ കഴിയുക” എന്ന് അർഥം വരുന്ന ഈ പദപ്രയോഗം സൂചിപ്പിക്കുന്നത് അവർ രാത്രിയിൽ വെളിമ്പ്രദേശത്ത് കഴിയുകയായിരുന്നു എന്നാണ്. വർഷത്തിലെ ഏതു കാലത്തും പകൽസമയത്ത് ആടുകളെ മേയ്ക്കാൻ കൊണ്ടുപോകുന്ന രീതി സാധാരണമായിരുന്നു. എന്നാൽ ഇടയന്മാർ രാത്രിയിൽ ആടുകളെയുംകൊണ്ട് വെളിമ്പ്രദേശത്ത് കഴിയുകയായിരുന്നു എന്നാണു നമ്മൾ ഇവിടെ വായിക്കുന്നത്. ഇതിൽനിന്ന്, യേശു ജനിച്ച സമയത്തെക്കുറിച്ചുള്ള സൂചന ലഭിക്കുന്നുണ്ട്. ഒക്ടോബർ പകുതിയോടെ ആരംഭിച്ച് അനേകം മാസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഇസ്രായേലിലെ മഴക്കാലം. ഡിസംബറിലെ രാത്രികാലങ്ങളിൽ ബേത്ത്ലെഹെംപോലെതന്നെ യരുശലേമും മിക്കപ്പോഴും മഞ്ഞു മൂടിക്കിടക്കാറുണ്ട്. എന്നാൽ ബേത്ത്ലെഹെമിലെ ഇടയന്മാർ രാത്രിയിൽ വെളിമ്പ്രദേശത്തായിരുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് ഈ വാക്യത്തിലെ സംഭവം നടക്കുന്നതു മഴക്കാലം തുടങ്ങുന്നതിനു മുമ്പായിരുന്നു എന്നാണ്.—അനു. ബി15 കാണുക.
യഹോവയുടെ ദൂതൻ: ലൂക്ക 1:11-ന്റെ പഠനക്കുറിപ്പു കാണുക.
യഹോവയുടെ തേജസ്സ്: എബ്രായതിരുവെഴുത്തുകളിൽ ദൈവനാമം കാണപ്പെടുന്ന അനേകം പദപ്രയോഗങ്ങളും തിരുവെഴുത്തുഭാഗങ്ങളും ലൂക്കോസിന്റെ സുവിശേഷത്തിലെ ആദ്യത്തെ രണ്ട് അധ്യായങ്ങളിൽ നേരിട്ടോ അല്ലാതെയോ പലവട്ടം പരാമർശിക്കുന്നുണ്ട്. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ഈ വാക്യത്തിൽ കാണുന്ന “തേജസ്സ്” എന്നതിനു തത്തുല്യമായ എബ്രായപദം എബ്രായതിരുവെഴുത്തുകളിൽ ദൈവനാമത്തോടൊപ്പം (ചതുരക്ഷരി) 30-ലധികം തവണ കാണാം. (അതിനു ചില ഉദാഹരണങ്ങളാണ്, പുറ 16:7; 40:34; ലേവ 9:6, 23; സംഖ 14:10; 16:19; 20:6; 1രാജ 8:11; 2ദിന 5:14; 7:1; സങ്ക 104:31; 138:5; യശ 35:2; 40:5; 60:1; യഹ 1:28; 3:12; 10:4; 43:4; ഹബ 2:14 എന്നീ വാക്യങ്ങൾ.) ചാവുകടലിന് അടുത്തായി, യഹൂദ്യ മരുഭൂമിയിലുള്ള നഹൽ ഹെവറിലെ ഒരു ഗുഹയിൽനിന്ന് കണ്ടെടുത്ത സെപ്റ്റുവജിന്റിന്റെ ഒരു ആദ്യകാലപ്രതിയിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്ക്കുള്ളതെന്നു കരുതപ്പെടുന്നു.) ഹബ 2:14-ൽ ദൈവനാമം (ചതുരക്ഷരി) കാണാം. ഗ്രീക്കുപദങ്ങൾക്കിടയിൽ പുരാതന എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ചാണ് അത് എഴുതിയിരിക്കുന്നത്. ഇനി, ഗ്രീക്ക് സെപ്റ്റുവജിന്റിന്റെ പിൽക്കാലപ്രതികളിൽ ദൈവനാമത്തിനു പകരം കിരിയോസ് എന്ന പദം ഉപയോഗിച്ച ഈ വാക്യത്തിലും മറ്റ് അനേകം വാക്യങ്ങളിലും വ്യാകരണനിയമമനുസരിച്ച് ഈ പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന നിശ്ചായക ഉപപദം (definite article) കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതു സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. ചുരുക്കത്തിൽ, എബ്രായതിരുവെഴുത്തുകളിൽ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും ഗ്രീക്ക് നിശ്ചായക ഉപപദത്തിന്റെ അഭാവവും കണക്കിലെടുത്താണ് ലൂക്ക 2:9-ൽ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്.—ലൂക്ക 1:6; 1:9 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.
കർത്താവായ ക്രിസ്തു: കർത്താവായ ക്രിസ്തു (ക്രിസ്തോസ് കിരിയോസ്, അക്ഷ. “ക്രിസ്തു കർത്താവ്”) എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗം ഗ്രീക്കുതിരുവെഴുത്തുകളിൽ ഇവിടെ മാത്രമേ കാണുന്നുള്ളൂ. സാധ്യതയനുസരിച്ച് ദൂതൻ ഈ സ്ഥാനപ്പേരുകൾ ഉപയോഗിച്ചതു പ്രാവചനികാർഥത്തിൽ ആയതുകൊണ്ട് “കർത്താവായ ക്രിസ്തുവാണ് അത്” എന്ന ഭാഗം, “കർത്താവായ ക്രിസ്തു ആകാനുള്ളവനാണ് അത്” എന്നും പരിഭാഷപ്പെടുത്താം. (ഈ വാക്യത്തിലെ ക്രിസ്തുവാണ് അത് എന്നതിന്റെ പഠനക്കുറിപ്പു കാണുക.) ദൈവം യേശുവിനെ “കർത്താവും ക്രിസ്തുവും ആക്കി” എന്നു പ്രവൃ 2:36-ൽ പത്രോസ് ദൈവപ്രചോദിതനായി വിശദീകരിച്ചിട്ടുണ്ട്. എന്നാൽ “കർത്താവായ ക്രിസ്തു” എന്ന പദപ്രയോഗം ആളുകൾ മറ്റു വിധങ്ങളിലും മനസ്സിലാക്കിയിരിക്കുന്നു. അതിനെ “കർത്താവായ അഭിഷിക്തൻ” എന്നു പരിഭാഷപ്പെടുത്താമെന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. ഇനി, രണ്ടു സ്ഥാനപ്പേരുകൾ ചേർന്ന ഈ പദപ്രയോഗത്തിന്റെ അർഥം, “കർത്താവിന്റെ ക്രിസ്തു” എന്നാണെന്ന മറ്റൊരു അഭിപ്രായവുമുണ്ട്. ചില ലത്തീൻ, സുറിയാനി പരിഭാഷകളിൽ ലൂക്ക 2:11 പരിഭാഷപ്പെടുത്തിയിരിക്കുന്നത് അങ്ങനെയാണ്. ഗ്രീക്കുതിരുവെഴുത്തുകളുടെ ചില എബ്രായപരിഭാഷകളും (അനു. സി-യിൽ J5-8, 10 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇതിനോടു യോജിക്കുന്നു. ആ പരിഭാഷകളിൽ ഈ ഭാഗത്ത് “യഹോവയുടെ ക്രിസ്തു” എന്ന അർഥത്തിൽ മാഷിയാക് യഹോവ എന്നാണു കൊടുത്തിരിക്കുന്നത്. ലൂക്ക 2:11-ലെ ഗ്രീക്കുപദപ്രയോഗത്തിനു ലൂക്ക 2:26-ൽ (അടിക്കുറിപ്പ്) “യഹോവയുടെ ക്രിസ്തു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗത്തിന്റെ അതേ അർഥമാണെന്നു ചിന്തിക്കാൻ ചിലരെ പ്രേരിപ്പിച്ചിരിക്കുന്നതിന്റെ ഒരു കാരണം ഇതാണ്.
ക്രിസ്തുവാണ് അത്: സാധ്യതയനുസരിച്ച് ദൈവദൂതൻ ഈ സ്ഥാനപ്പേര് ഉപയോഗിച്ചതു പ്രാവചനികമായ അർഥത്തിലാണ്. കാരണം യേശു യഥാർഥത്തിൽ മിശിഹ അഥവാ ക്രിസ്തു ആയതു സ്നാനസമയത്ത് യേശുവിന്റെ മേൽ പരിശുദ്ധാത്മാവിനെ പകർന്നപ്പോഴായിരുന്നു.—മത്ത 3:16, 17; മർ 1:9-11; ലൂക്ക 3:21, 22.
ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്കു സമാധാനം: ചില കൈയെഴുത്തുപ്രതികളിൽ ഈ ഭാഗം കാണുന്നതു “ഭൂമിയിൽ സമാധാനം, മനുഷ്യരിൽ പ്രസാദം” എന്നാണ്. ചില ബൈബിൾഭാഷാന്തരങ്ങൾ ഈ ഭാഗം പരിഭാഷപ്പെടുത്തിയിരിക്കുന്നതും ഇങ്ങനെയാണ്. എന്നാൽ പുതിയ ലോക ഭാഷാന്തരത്തിൽ കാണുന്ന പരിഭാഷയെയാണ് കൂടുതൽ കൈയെഴുത്തുപ്രതികളും പിന്താങ്ങുന്നത്. ആളുകളുടെ മനോഭാവമോ പ്രവൃത്തികളോ ഒന്നും കണക്കിലെടുക്കാതെ എല്ലാ മനുഷ്യരിലും ദൈവം പ്രസാദിക്കും എന്നായിരുന്നില്ല ദൂതന്റെ വാക്കുകളുടെ അർഥം. മറിച്ച് ദൈവത്തിലുള്ള യഥാർഥമായ വിശ്വാസത്തോടെ ദൈവപുത്രന്റെ അനുഗാമികളാകുന്നവർക്കു ദൈവത്തിന്റെ പ്രസാദം ലഭിക്കുമെന്നാണ് അത് അർഥമാക്കിയത്.—ഈ വാക്യത്തിലെ ദൈവപ്രസാദമുള്ള മനുഷ്യർ എന്നതിന്റെ പഠനക്കുറിപ്പു കാണുക.
ദൈവപ്രസാദമുള്ള മനുഷ്യർ: ഇവിടെ ‘പ്രസാദം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന യുഡോക്കിയ എന്ന ഗ്രീക്കുപദത്തെ “പ്രീതി, ഇഷ്ടം, അംഗീകാരം” എന്നൊക്കെ പരിഭാഷപ്പെടുത്താം. ഇതിനോടു ബന്ധമുള്ള യുഡോക്കിയോ എന്ന ക്രിയ ഉപയോഗിച്ചിരിക്കുന്ന മത്ത 3:17; മർ 1:11; ലൂക്ക 3:22 എന്നീ വാക്യങ്ങളിൽ, (മത്ത 3:17; മർ 1:11 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) യേശു സ്നാനമേറ്റ ഉടൻ ദൈവം യേശുവിനോടു പറയുന്ന വാക്കുകളാണു കാണുന്നത്. അവിടെ ഈ പദത്തിന്റെ അടിസ്ഥാനാർഥം “അംഗീകരിക്കുക; സംപ്രീതനാകുക; പ്രീതിയോടെ കാണുക; (ഒരു കാര്യത്തെപ്രതി) സന്തോഷിക്കുക” എന്നൊക്കെയാണ്. ഇതിന്റെ വെളിച്ചത്തിൽ, മൂലഭാഷയിൽ ഇവിടെ കാണുന്ന അന്ത്രോപൊസ് യുഡോക്കിയസ് എന്ന പദപ്രയോഗത്തെ “ദൈവം അംഗീകരിക്കുന്ന ആളുകൾ; ദൈവം പ്രീതിയോടെ കാണുന്ന ആളുകൾ” എന്നും പരിഭാഷപ്പെടുത്താം. ദൈവദൂതന്റെ വാക്കുകൾ അർഥമാക്കിയത്, എല്ലാ മനുഷ്യരോടും ദൈവം പ്രസാദിക്കും എന്നല്ലെന്നും ഇത്തരം പ്രസാദം ലഭിക്കുന്നതു ദൈവത്തിലുള്ള യഥാർഥവിശ്വാസത്തോടെ ദൈവപുത്രന്റെ അനുഗാമികളാകുന്നവർക്കാണെന്നും ഇതിൽനിന്ന് മനസ്സിലാക്കാം. ചിലയിടങ്ങളിൽ യുഡോക്കിയ എന്ന ഗ്രീക്കുപദത്തിനു മനുഷ്യരുടെ പ്രസാദത്തെ (അഥവാ ആഗ്രഹത്തെ, നല്ല മനസ്സിനെ) കുറിക്കാനാകുമെങ്കിലും (റോമ 10:1; ഫിലി 1:15) മിക്കയിടങ്ങളിലും അതു ദൈവത്തിന്റെ പ്രസാദത്തെയോ ഇഷ്ടത്തെയോ ദൈവം കാര്യങ്ങൾ ചെയ്യാൻ തീരുമാനിക്കുന്ന വിധത്തെയോ ആണ് കുറിക്കുന്നത്. (മത്ത 11:26; ലൂക്ക 10:21; എഫ 1:5, 9; ഫിലി 2:13; 2തെസ്സ 1:11) സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ ഇതേ ഗ്രീക്കുപദം കാണുന്ന സങ്ക 51:18-ലും (50:20, LXX) ദൈവത്തിന്റെ ‘പ്രസാദത്തെക്കുറിച്ചാണു’ പറയുന്നത്.
യഹോവ നമ്മളെ അറിയിച്ച: ദൈവദൂതന്മാരാണ് ആ ഇടയന്മാരെ സന്ദേശം അറിയിച്ചത്. എന്നാൽ അതിന്റെ ഉറവിടം ദൈവമായ യഹോവയായിരുന്നെന്ന് അവർക്കു മനസ്സിലായി. ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. “അറിയിച്ച” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയ സെപ്റ്റുവജിന്റിലും കാണാം. അതിന്റെ മൂല എബ്രായപാഠത്തിൽ അതിനു തത്തുല്യമായ എബ്രായക്രിയാപദം കാണാറുള്ളത്, യഹോവ തന്റെ ഇഷ്ടം മനുഷ്യരെ അറിയിക്കുന്ന സന്ദർഭങ്ങളിലോ യഹോവയുടെ ഇഷ്ടം അറിയാൻ മനുഷ്യർ ആഗ്രഹിക്കുന്നതായി പറഞ്ഞിരിക്കുന്ന ഇടങ്ങളിലോ ആണ്. അത്തരം ഭാഗങ്ങളുടെ മൂല എബ്രായപാഠത്തിൽ മിക്കപ്പോഴും ദൈവനാമം (ചതുരക്ഷരി) ഉപയോഗിച്ചിട്ടുണ്ട് എന്നതു ശ്രദ്ധേയമാണ്. (സങ്ക 25:4; 39:4; 98:2; 103:6, 7) അതുകൊണ്ടുതന്നെ ജൂതയിടയന്മാരുടെ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്ന ഈ ഭാഗത്ത് ദൈവനാമം ഉപയോഗിക്കുന്നതു തികച്ചും ഉചിതമാണ്.—ലൂക്ക 1:6-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
അവരുടെ ശുദ്ധീകരണത്തിനുള്ള സമയമായപ്പോൾ: അതായത്, ദൈവത്തെ ആരാധിക്കാൻവേണ്ടി അവർ ആചാരപരമായി ശുദ്ധരാകേണ്ട സമയമായപ്പോൾ. ഒരു സ്ത്രീക്ക് ആൺകുട്ടി ജനിച്ചാൽ അവൾ 40 ദിവസം ശുദ്ധീകരണം ആചരിക്കണമെന്നു മോശയുടെ നിയമം ആവശ്യപ്പെട്ടിരുന്നു. (ലേവ 12:1-4) സ്ത്രീകളെയോ കുഞ്ഞിന്റെ ജനനത്തെയോ തരംതാഴ്ത്തിക്കാട്ടുന്ന ഒരു നിയമമായിരുന്നില്ല ഇത്. പകരം അത് അമൂല്യമായ ഈ ആത്മീയസത്യം പഠിപ്പിച്ചു: ഒരു കുഞ്ഞിനു ജന്മം നൽകുമ്പോൾ ആദാമിന്റെ പാപം ഒരു തലമുറയിൽനിന്ന് മറ്റൊന്നിലേക്കു കൈമാറപ്പെടുകയാണ്. എന്നാൽ മറിയ ഇതിൽനിന്ന് ഒഴിവുള്ളവളായിരുന്നെന്നു ചില മതപണ്ഡിതന്മാർ പറയുന്നു. പക്ഷേ ആ അവകാശവാദം ശരിയല്ല. (റോമ 5:12) ലൂക്കോസ് ഈ വാക്യഭാഗത്ത് ‘അവർ’ എന്ന സർവനാമം ഉപയോഗിച്ചതു യേശുവിനെയുംകൂടി ഉൾപ്പെടുത്തിയാണോ? അല്ല. കാരണം അപൂർണയായ മനുഷ്യമാതാവിന്റെ പാപാവസ്ഥയിൽനിന്ന് യേശുവിനെ പരിശുദ്ധാത്മാവ് സംരക്ഷിച്ചെന്നും അതുകൊണ്ടുതന്നെ യേശുവിനു ശുദ്ധീകരണം ആവശ്യമില്ലായിരുന്നെന്നും ലൂക്കോസിന് അറിയാമായിരുന്നു. (ലൂക്ക 1:34, 35) ഇവിടെ, യാത്രയ്ക്കു വേണ്ട ഏർപ്പാടുകളെല്ലാം ചെയ്തതു യോസേഫായിരുന്നു എന്ന് ഓർക്കുക. മാത്രമല്ല, കുടുംബനാഥനെന്ന നിലയിൽ ബലിയർപ്പണം നടന്നെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വവും അദ്ദേഹത്തിനായിരുന്നു. അതുകൊണ്ട് യേശുവിന്റെ വളർത്തച്ഛനായ യോസേഫിനെയുംകൂടി ഉൾപ്പെടുത്തിയായിരിക്കാം ലൂക്കോസ് ‘അവർ’ എന്നു പറഞ്ഞത്.
യഹോവ: ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് കിരിയോസ് (കർത്താവ്) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. അടുത്ത വാക്യത്തിൽ കാണുന്നതുപോലെ, ജനനശേഷം യേശുവിനെ ദേവാലയത്തിലേക്കു കൊണ്ടുവന്നത് പുറ 13:1, 2, 12-ൽ യഹോവ മോശയോടു പറഞ്ഞ വാക്കുകളനുസരിച്ചാണ്. “എല്ലാ മൂത്ത ആൺമക്കളെയും . . . യഹോവയ്ക്കു സമർപ്പിക്കണം” എന്നാണ് അവിടെ മാതാപിതാക്കളോടു കല്പിച്ചിരിക്കുന്നത്. ഇനി കുഞ്ഞിനെ യഹോവയ്ക്കു സമർപ്പിക്കാൻവേണ്ടി എന്ന പദപ്രയോഗത്തിന്, 1ശമു 1:22-28-ലെ വാക്കുകളോടു സമാനതയുണ്ട് എന്നതും ശ്രദ്ധേയമാണ്. ശമുവേലിനെ ചെറുപ്രായത്തിൽ “യഹോവയുടെ സന്നിധിയിൽ” കൊണ്ടുവന്ന് യഹോവയുടെ സേവനത്തിനായി സമർപ്പിക്കുന്നതിനെക്കുറിച്ചാണ് അവിടെ പറയുന്നത്. ചുരുക്കത്തിൽ, ലൂക്ക 2:22-ന്റെ സന്ദർഭവും ഇതിനോടു സമാനതയുള്ള എബ്രായതിരുവെഴുത്തുഭാഗങ്ങളും കണക്കിലെടുത്താണ് ഇവിടെ ദൈവനാമം ഉപയോഗിച്ചിരിക്കുന്നത്.—ലൂക്ക 1:6; 2:23 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.
യഹോവ: ഈ ഉദ്ധരണി പുറ 13:2, 12-നെ ആധാരമാക്കിയുള്ളതാണ്. ആ തിരുവെഴുത്തുഭാഗത്തിന്റെ മൂല എബ്രായപാഠത്തിൽ ദൈവത്തിന്റെ പേരിനെ പ്രതിനിധാനം ചെയ്യുന്ന നാല് എബ്രായവ്യഞ്ജനാക്ഷരങ്ങൾ (അതിന്റെ ലിപ്യന്തരണം യ്ഹ്വ്ഹ് എന്നാണ്.) കാണാം.—അനു. സി കാണുക.
യഹോവയുടെ നിയമം: ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് നോമൊ കിരിയോ (“കർത്താവിന്റെ നിയമം”) എന്നാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ‘നിയമം’ എന്നതിന്റെ എബ്രായപദം ദൈവനാമത്തോടൊപ്പം (ചതുരക്ഷരി) ഉപയോഗിക്കുന്ന രീതി എബ്രായതിരുവെഴുത്തുകളിൽ സാധാരണമാണ്. (ഉദാഹരണത്തിന്: പുറ 13:9; 2രാജ 10:31; 1ദിന 16:40; 22:12; 2ദിന 17:9; 31:3; നെഹ 9:3; സങ്ക 1:2; 119:1; യശ 5:24; യിര 8:8; ആമോ 2:4) ഇനി, എഴുതിയിരിക്കുന്നതനുസരിച്ച് എന്ന പദപ്രയോഗം ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും കാണാറുള്ളത് എബ്രായതിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിക്കുന്ന ഭാഗങ്ങളിലാണ്. (മർ 1:2; പ്രവൃ 7:42; 15:15; റോമ 1:17; 10:15) സെപ്റ്റുവജിന്റ് ഭാഷാന്തരത്തിൽ 2രാജ 14:6-ലെ ഒരു തിരുവെഴുത്തുദ്ധരണിയോടു ചേർന്നും ഈ പദപ്രയോഗം കാണാം. മേൽപ്പറഞ്ഞ രണ്ടു പദപ്രയോഗങ്ങളും ചേർന്ന, ‘യഹോവയുടെ നിയമത്തിൽ എഴുതിയിരിക്കുന്നതനുസരിച്ച്’ എന്ന പദപ്രയോഗത്തിനാകട്ടെ, ദൈവനാമം ഉപയോഗിച്ചിരിക്കുന്ന 2ദിന 31:3; 35:26 എന്നീ എബ്രായതിരുവെഴുത്തുഭാഗങ്ങളിലെ ഒരു പദപ്രയോഗവുമായും സമാനതയുണ്ട്. ഇനി, ഈ വാക്യത്തിൽ, വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന ഗ്രീക്ക് നിശ്ചായക ഉപപദം (definite article) കാണുന്നില്ല എന്നും പണ്ഡിതന്മാർ പറയുന്നു. അതു സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് ഈ വാക്യത്തിന്റെ മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. ചുരുക്കത്തിൽ വാക്യസന്ദർഭം, ഈ വാക്യത്തിലെ പദപ്രയോഗങ്ങൾ എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലം, ഗ്രീക്ക് നിശ്ചായക ഉപപദത്തിന്റെ അഭാവം എന്നീ ഘടകങ്ങൾ കണക്കിലെടുത്താണു ലൂക്ക 2:23-ൽ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്.—ലൂക്ക 1:6-ന്റെ പഠനക്കുറിപ്പും അനു. സി-യും കാണുക.
രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ: മോശയുടെ നിയമമനുസരിച്ച്, സാമ്പത്തികമായി ഏറെയൊന്നുമില്ലാത്ത സ്ത്രീകൾക്കു ചെമ്മരിയാടിനു പകരം പക്ഷികളെ അർപ്പിക്കാമായിരുന്നു. ചെമ്മരിയാടിനെക്കാൾ വളരെ വില കുറവായിരുന്നു പക്ഷികൾക്ക്. (ലേവ 12:6, 8) ആ സമയത്ത് യോസേഫും മറിയയും സാമ്പത്തികമായി അധികമൊന്നും ഇല്ലാത്തവരായിരുന്നു എന്നു വ്യക്തം. യോസേഫും മറിയയും ദേവാലയത്തിലേക്കു പോകുന്നതിനു മുമ്പാണ് ജ്യോത്സ്യന്മാർ വിലപിടിപ്പുള്ള സമ്മാനങ്ങളുമായി എത്തിയതെങ്കിൽ ഒരു ചെമ്മരിയാടിനെ വാങ്ങി ബലി അർപ്പിക്കാൻ അവർക്കു ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നു. അതുകൊണ്ട്, ജ്യോത്സ്യന്മാർ വന്നതു യേശു ഒരു നവജാതശിശു ആയിരുന്നപ്പോഴല്ല, മറിച്ച് കുറച്ചുകൂടി മുതിർന്നതിനു ശേഷമായിരുന്നു എന്ന് അനുമാനിക്കാം.—മത്ത 2:9-11.
യഹോവയുടെ നിയമം: ലൂക്ക 2:23-ന്റെ പഠനക്കുറിപ്പു കാണുക.
അവർ അവിടെ ഒരു ബലി അർപ്പിച്ചു: ഒരു സ്ത്രീ കുഞ്ഞിനു ജന്മം നൽകിയാൽ മോശയുടെ നിയമമനുസരിച്ച് ഒരു നിശ്ചിതകാലത്തേക്ക് ആചാരപരമായി അശുദ്ധയായിരുന്നു. ആ കാലാവധി തീരുമ്പോൾ അവൾക്കുവേണ്ടി ഒരു ദഹനയാഗവും പാപയാഗവും അർപ്പിച്ചിരുന്നു.—ലേവ 12:1-8.
ശിമെയോൻ: “കേൾക്കുക; ശ്രദ്ധിക്കുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രായക്രിയയിൽനിന്നാണ് ഈ പേര് വന്നിരിക്കുന്നത്. സെഖര്യയെയും എലിസബത്തിനെയും പോലെ ശിമെയോനെയും നീതിമാൻ എന്നു വിശേഷിപ്പിച്ചിരിക്കുന്നു. (ലൂക്ക 1:5, 6) അദ്ദേഹത്തെ ദൈവഭക്തൻ എന്നും വിളിച്ചിരിക്കുന്നതായി കാണാം. ദൈവഭക്തൻ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന യൂലാബിസ് എന്ന ഗ്രീക്കുപദം, ആരാധനാകാര്യങ്ങളിൽ വളരെ ശ്രദ്ധയും നിഷ്ഠയും ഉള്ള ഒരാളെ കുറിക്കാനാണു ഗ്രീക്കുതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നത്.—പ്രവൃ 2:5; 8:2; 22:12.
യഹോവയുടെ അഭിഷിക്തൻ: അഥവാ, “യഹോവയുടെ ക്രിസ്തു.” ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളനുസരിച്ച് ഈ ഭാഗത്തിന്റെ അക്ഷരാർഥപരിഭാഷ “കർത്താവിന്റെ ക്രിസ്തു” (റ്റോൺ ക്രിസ്റ്റോൺ കിരിയോ) എന്നാണെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. സെപ്റ്റുവജിന്റിന്റെ ഇപ്പോഴുള്ള പ്രതികളിലും ഈ പദപ്രയോഗം കാണുന്നുണ്ടെങ്കിലും അതിനു തത്തുല്യമായി മൂല എബ്രായപാഠത്തിൽ കാണുന്ന പദം “യഹോവയുടെ അഭിഷിക്തൻ” എന്ന് അർഥം വരുന്ന മാഷിയാക് യ്ഹ്വ്ഹ് എന്നതാണ്. എബ്രായതിരുവെഴുത്തുകളിൽ 11 പ്രാവശ്യം ഈ പദപ്രയോഗം കാണാം. [1ശമു 24:6 (രണ്ടു തവണ), 10; 26:9, 11, 16, 23; 2ശമു 1:14, 16; 19:21; വില 4:20] ലൂക്കോസിന്റെ വിവരണവും സെപ്റ്റുവജിന്റ് ഭാഷാന്തരവും പരിശോധിച്ച പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ഈ വാക്യങ്ങളിൽ വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന ഗ്രീക്ക് നിശ്ചായക ഉപപദം (definite article) കാണുന്നില്ല. അതു സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് ആ വാക്യങ്ങളുടെ മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. ചുരുക്കത്തിൽ, എബ്രായതിരുവെഴുത്തുകളിൽ ഈ പദപ്രയോഗം ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും ഗ്രീക്ക് നിശ്ചായക ഉപപദത്തിന്റെ അഭാവവും കണക്കിലെടുക്കുമ്പോൾ, ഈ പദപ്രയോഗം കാണുന്ന തിരുവെഴുത്തുഭാഗങ്ങളിൽ കിരിയോസ് എന്ന പദം ഉപയോഗിച്ചിരിക്കുന്നത് ഒരു സ്ഥാനപ്പേരായിട്ടല്ല പകരം ദൈവനാമത്തിനു പകരമായിട്ടാണെന്നു വ്യക്തമാണ്. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റ് അനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്വെ, യഹ്വെ, יהוה (യ്ഹ്വ്ഹ് എന്ന എബ്രായചതുരക്ഷരി), കർത്താവ് (വല്യക്ഷരത്തിൽ LORD), അദോനായ് (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു. ആധികാരികമായ പല ഉറവിടങ്ങളും ഇതിനെ പിന്താങ്ങുന്നുമുണ്ട്.—അനു. സി കാണുക.
അഭിഷിക്തൻ: അഥവാ, “ക്രിസ്തു; മിശിഹ.” “അഭിഷിക്തൻ” എന്ന് അർഥം വരുന്ന “ക്രിസ്തു” എന്ന സ്ഥാനപ്പേര് ക്രിസ്തോസ് എന്ന ഗ്രീക്കുപദത്തിൽനിന്നാണു വന്നിരിക്കുന്നത്. അതിനു തത്തുല്യമായ “മിശിഹ” (മാഷിയാക് എന്ന എബ്രായപദത്തിൽനിന്നുള്ളത്.) എന്ന സ്ഥാനപ്പേരിനും “അഭിഷിക്തൻ” എന്നുതന്നെയാണ് അർഥം.—മത്ത 1:1-ന്റെയും ഈ വാക്യത്തിലെ യഹോവയുടെ അഭിഷിക്തൻ എന്നതിന്റെയും പഠനക്കുറിപ്പു കാണുക.
പരമാധികാരിയാം കർത്താവ്: ഡെസ്പോട്ടസ് എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “കർത്താവ്; യജമാനൻ; നാഥൻ” എന്നൊക്കെയാണ്. (1തിമ 6:1; തീത്ത 2:9; 1പത്ര 2:18) എന്നാൽ ദൈവത്തെ നേരിട്ട് അഭിസംബോധന ചെയ്യുന്ന ഈ വാക്യത്തിലും പ്രവൃ 4:24; വെളി 6:10 എന്നീ വാക്യങ്ങളിലും ആ പദപ്രയോഗത്തെ ‘പരമാധികാരിയായ കർത്താവ്’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്, ദൈവം എത്ര ശ്രേഷ്ഠനായ കർത്താവാണെന്നു സൂചിപ്പിക്കാനാണ്. മറ്റു പരിഭാഷകൾ ഈ പദപ്രയോഗത്തെ “കർത്താവ്,” “യജമാനൻ,” “പരമാധികാരി,” “എല്ലാത്തിന്റെയും അധിപൻ” എന്നൊക്കെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഗ്രീക്കുതിരുവെഴുത്തുകളുടെ മിക്ക എബ്രായപരിഭാഷകളും അഥോനായ് (പരമാധികാരിയായ കർത്താവ്) എന്ന എബ്രായപദമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതെങ്കിലും അത്തരം രണ്ടു പരിഭാഷകളെങ്കിലും (അനു. സി-യിൽ J9, 18 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ യഹോവ എന്ന ദൈവനാമം ഉപയോഗിച്ചിട്ടുണ്ട്.
അടിയന് ഇനി . . . മരിക്കാമല്ലോ: ഇതിന്റെ മൂല ഗ്രീക്കുപാഠത്തിൽ ഇവിടെ “മരിക്കുക” എന്നു നേരിട്ട് പറയാതെ, അക്കാര്യം ഒരു അലങ്കാരപ്രയോഗത്തിലൂടെ മയപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. അവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “സ്വതന്ത്രനാക്കുക; മോചിപ്പിക്കുക; പോകാൻ അനുവദിക്കുക” എന്നൊക്കെയാണ്. ഇനി, സമാധാനത്തോടെ മരിക്കുക എന്നതുകൊണ്ട് അർഥമാക്കുന്നത്, ദീർഘകാലം ജീവിച്ചിരുന്നശേഷമോ ഏറെ നാളത്തെ ഒരു ആഗ്രഹം സഫലമായശേഷമോ സ്വസ്ഥതയോടെ മരിക്കുക എന്നാണ്. (ഉൽ 15:15; 1രാജ 2:6 എന്നിവ താരതമ്യം ചെയ്യുക.) മുൻകൂട്ടിപ്പറഞ്ഞ ‘യഹോവയുടെ അഭിഷിക്തനെ,’ അഥവാ ദൈവത്തിൽനിന്നുള്ള രക്ഷാമാർഗത്തെ ശിമെയോൻ സ്വന്തകണ്ണാൽ കണ്ടതോടെ ദൈവം ശിമെയോനു കൊടുത്ത വാഗ്ദാനം നിറവേറി. ഇനി, മനസ്സമാധാനത്തോടെയും സ്വസ്ഥതയോടെയും ശിമെയോനു മരിക്കാമായിരുന്നു, പുനരുത്ഥാനംവരെ പൂർണസംതൃപ്തിയോടെ ഉറങ്ങാമായിരുന്നു.—ലൂക്ക 2:26.
ജനതകളിൽനിന്ന് ഇരുട്ടിന്റെ മൂടുപടം നീക്കുന്ന: അഥവാ, “ജനതകൾക്കു വെളിപ്പെടുത്തിക്കിട്ടാൻ സഹായിക്കുന്ന.” ‘മൂടുപടം നീക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന അപ്പോകാലിപ്സിസ് എന്ന ഗ്രീക്കുപദത്തിന് “മറ നീക്കുക,” “വെളിപ്പെടുത്തുക” എന്നൊക്കെയാണ് അർഥം. ആ പദം പൊതുവേ, ആത്മീയകാര്യങ്ങളോ ദൈവത്തിന്റെ ഇഷ്ടം, ഉദ്ദേശ്യങ്ങൾ എന്നിവയോ വെളിപ്പെടുന്നതുമായി ബന്ധപ്പെട്ടാണു കാണാറുള്ളത്. (റോമ 16:25; എഫ 3:3; വെളി 1:1) വൃദ്ധനായ ശിമെയോൻ ശിശുവായ യേശുവിനെ വെളിച്ചം എന്നു വിശേഷിപ്പിച്ചു. കൂടാതെ, ആത്മീയവെളിച്ചം ജൂതവംശത്തിൽപ്പെട്ടവർക്കോ ജൂതമതത്തിലേക്കു പരിവർത്തനം ചെയ്തവർക്കോ മാത്രമല്ല ജൂതന്മാരല്ലാത്ത ജനതകൾക്കും ഇനി പ്രയോജനം ചെയ്യുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പ്രവചനരൂപത്തിലുള്ള ശിമെയോന്റെ വാക്കുകൾ എബ്രായതിരുവെഴുത്തുകളിലെ യശ 42:6; 49:6 എന്നീ വാക്യങ്ങളിൽ കാണുന്ന പ്രവചനങ്ങളുമായും യോജിപ്പിലാണ്.
എഴുന്നേൽപ്പിനും: ഇവിടെ ഉപയോഗിച്ചിരിക്കുന്ന അനസ്താസിസ് എന്ന ഗ്രീക്കുപദം മിക്കപ്പോഴും “പുനരുത്ഥാനം” എന്നാണു ഗ്രീക്കുതിരുവെഴുത്തുകളിൽ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (മത്ത 22:23-ന്റെ പഠനക്കുറിപ്പു കാണുക.) ഈ വാക്യത്തിലെ ശിമെയോന്റെ വാക്കുകൾ, ആളുകൾ യേശുവിനോടു പ്രതികരിക്കുന്നതു പല വിധത്തിലായിരിക്കും എന്നാണു സൂചിപ്പിച്ചത്. ആ പ്രതികരണം അവരുടെ ഹൃദയവിചാരങ്ങൾ എന്താണെന്നു വെളിപ്പെടുത്തുമായിരുന്നു. (ലൂക്ക 2:35) അവിശ്വാസികൾ യേശുവിന് എതിരെ സംസാരിക്കുമായിരുന്നു, അഥവാ അവനെ പുച്ഛിക്കുമായിരുന്നു. വിശ്വാസമില്ലാത്ത അക്കൂട്ടർ യേശുവിനെ തള്ളിക്കളയുകയും യേശു കാരണം ഇടറിവീഴുകയും ചെയ്യുമായിരുന്നു. മുൻകൂട്ടിപ്പറഞ്ഞതുപോലെ, പല ജൂതന്മാരും യേശു എന്ന കല്ലിൽ തട്ടി ഇടറിവീഴുകതന്നെ ചെയ്തു. (യശ 8:14) എന്നാൽ മറ്റു ചിലർ യേശുവിൽ വിശ്വസിക്കുമായിരുന്നു. (യശ 28:16) ‘പിഴവുകളും പാപങ്ങളും കാരണം മരിച്ചവരായിരുന്ന’ അവർ ഒരു ആലങ്കാരികാർഥത്തിൽ പുനരുത്ഥാനപ്പെടുമായിരുന്നു, അഥവാ എഴുന്നേൽക്കുമായിരുന്നു. അതിലൂടെ അവർക്കു ലഭിക്കുന്നതോ? ദൈവമുമ്പാകെ നീതിയുള്ള ഒരു നിലയും.—എഫ 2:1
നിന്റെ പ്രാണനിലൂടെ: അഥവാ “നിന്നിലൂടെ; നിന്റെ ദേഹിയിലൂടെ.”—പദാവലിയിൽ “ദേഹി” കാണുക.
ഒരു നീണ്ട വാൾ: മറിയയുടെ ശരീരത്തിലേക്ക് യഥാർഥത്തിൽ ഒരു വാൾ തുളച്ചുകയറിയതായി തിരുവെഴുത്തുകളിൽ സൂചനയൊന്നുമില്ല. അതുകൊണ്ട് തെളിവനുസരിച്ച് ഈ പദപ്രയോഗം സൂചിപ്പിച്ചത്, ഒരു ദണ്ഡനസ്തംഭത്തിൽ കിടന്ന് തന്റെ മകൻ മരിക്കുന്നതു കാണുമ്പോൾ മറിയയ്ക്ക് അനുഭവിക്കേണ്ടിവരുമായിരുന്ന വേദനയെയും ദുഃഖത്തെയും യാതനയെയും ആണ്.—യോഹ 19:25.
അന്ന: “പ്രീതി; കൃപ” എന്നൊക്കെ അർഥമുള്ള ഹന്ന എന്ന എബ്രായപേരിന്റെ ഗ്രീക്കുരൂപം. യരുശലേമിന്റെ വിമോചനത്തിനുവേണ്ടി കാത്തിരുന്ന എല്ലാവരോടും ശിശുവായ യേശുവിനെക്കുറിച്ച് പറഞ്ഞപ്പോൾ ഹന്ന ഒരു പ്രവാചികയായി പ്രവർത്തിക്കുകയായിരുന്നു. അടിസ്ഥാനപരമായി, “പ്രവചിക്കുക” എന്ന പദത്തിന്റെ അർഥം ദൈവപ്രചോദിതമായ സന്ദേശങ്ങൾ അറിയിക്കുക, ദൈവേഷ്ടം വെളിപ്പെടുത്തുക എന്നൊക്കെയാണ്.
എപ്പോഴും ദേവാലയത്തിൽ കാണാമായിരുന്നു: സാധ്യതയനുസരിച്ച് രാവിലെ ദേവാലയകവാടങ്ങൾ തുറക്കുന്ന സമയംമുതൽ വൈകിട്ട് അത് അടയ്ക്കുന്നതുവരെ അന്ന ദേവാലയത്തിൽത്തന്നെയായിരുന്നു. അന്നയുടെ ആരാധനയിൽ, ഉപവാസവും ഉള്ളുരുകിയുള്ള പ്രാർഥനയും ഉൾപ്പെട്ടിരുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത്, അന്നു നിലവിലിരുന്ന സാഹചര്യങ്ങളെപ്രതി മറ്റു വിശ്വസ്തദൈവദാസരെപ്പോലെ അന്നയും ദുഃഖിച്ചിരുന്നു എന്നാണ്. ഒരു മാറ്റത്തിനായി അന്നയും ഏറെ ആഗ്രഹിച്ചിരുന്നിരിക്കാം. (എസ്ര 10:1; നെഹ 1:4; വില 1:16) നൂറ്റാണ്ടുകളായി വിദേശശക്തികളുടെ കീഴിലായിരുന്നു ജൂതന്മാർ. സത്യാരാധനയും ഏറെ കളങ്കപ്പെട്ടിരുന്നു. ദേവാലയത്തിലും പുരോഹിതന്മാരുടെ ഇടയിൽപ്പോലും ആ ദുഷിച്ച സ്വാധീനം പ്രകടമായി. അന്നയും മറ്റുള്ളവരും “യരുശലേമിന്റെ വിമോചനത്തിനായി” ഇത്രയേറെ ആഗ്രഹിച്ചതിന്റെ കാരണവും മറ്റൊന്നല്ല.—ലൂക്ക 2:38.
ആരാധിച്ചുപോരുന്ന: അഥവാ, “വിശുദ്ധസേവനം ചെയ്തുപോരുന്ന.”—ലൂക്ക 1:74-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവം: ഏറ്റവും പഴക്കമുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഇവിടെ തെയോസ് (ദൈവം) എന്ന പദമാണു കാണുന്നത്. എന്നാൽ മറ്റു ഗ്രീക്ക് കൈയെഴുത്തുപ്രതികളിലും ചില ലത്തീൻ, സുറിയാനി പരിഭാഷകളിലും “കർത്താവ്” എന്നതിനുള്ള പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്രീക്കുതിരുവെഴുത്തുകളുടെ എബ്രായപരിഭാഷകൾ പലതും (അനു. സി-യിൽ J5, 7-17, 28 എന്നു സൂചിപ്പിച്ചിരിക്കുന്നു.) ഇവിടെ ദൈവനാമം ഉപയോഗിച്ചിരിക്കുന്നു. അതുവെച്ച് ഈ വാക്യഭാഗത്തെ, “യഹോവയ്ക്കു നന്ദി പറയാനും” എന്നു പരിഭാഷപ്പെടുത്താം.
യഹോവയുടെ നിയമം: ഇപ്പോഴുള്ള ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത് നോമൊൻ കിരിയോ (“കർത്താവിന്റെ നിയമം”) എന്നാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്. ‘നിയമം’ എന്നതിന്റെ എബ്രായപദം ദൈവനാമത്തോടൊപ്പം (ചതുരക്ഷരി) ഉപയോഗിക്കുന്ന രീതി എബ്രായതിരുവെഴുത്തുകളിൽ സാധാരണമാണ്. (ഉദാഹരണത്തിന്: പുറ 13:9; 2രാജ 10:31; 1ദിന 16:40; 22:12; 2ദിന 17:9; 31:3; നെഹ 9:3; സങ്ക 1:2; 119:1; യശ 5:24; യിര 8:8; ആമോ 2:4) ഇനി ഈ വാക്യത്തിൽ, വ്യാകരണനിയമമനുസരിച്ച് കിരിയോസ് എന്ന പദത്തോടൊപ്പം കാണാൻ പ്രതീക്ഷിക്കുന്ന ഗ്രീക്ക് നിശ്ചായക ഉപപദം (definite article) കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതു സൂചിപ്പിക്കുന്നത്, കിരിയോസ് എന്ന പദത്തിന്റെ സ്ഥാനത്ത് ഈ വാക്യത്തിന്റെ മൂലപാഠത്തിൽ ഒരു പേരുണ്ടായിരുന്നു എന്നാണ്. ചുരുക്കത്തിൽ, ഈ പദപ്രയോഗം എബ്രായതിരുവെഴുത്തുകളിൽ ഉപയോഗിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും ഗ്രീക്ക് നിശ്ചായക ഉപപദത്തിന്റെ അഭാവവും കണക്കിലെടുത്താണ് ഇവിടെ ദൈവനാമം ഉൾപ്പെടുത്തിയിരിക്കുന്നത്.—ലൂക്ക 1:6; 2:23 എന്നിവയുടെ പഠനക്കുറിപ്പുകളും അനു. സി-യും കാണുക.
അവർ ഗലീലയിലെ . . . നസറെത്തിലേക്കു മടങ്ങിപ്പോയി: ഈ ഭാഗം വായിച്ചാൽ, യേശുവിനെ ദേവാലയത്തിൽ കൊണ്ടുപോയശേഷം യോസേഫും മറിയയും നേരെ നസറെത്തിലേക്കാണു പോയത് എന്നു തോന്നിയേക്കാമെങ്കിലും കാര്യങ്ങൾ ചുരുക്കിപ്പറയുന്നതാണു പൊതുവേ ലൂക്കോസിന്റെ രീതി എന്ന് ഓർക്കുക. മത്തായിയുടെ വിവരണത്തിൽ (2:1-23) ഇതുമായി ബന്ധപ്പെട്ട കൂടുതലായ വിശദാംശങ്ങൾ കാണാം. ജ്യോത്സ്യന്മാരുടെ സന്ദർശനത്തെക്കുറിച്ചും ഹെരോദ് രാജാവിന്റെ കുടിലപദ്ധതിയിൽനിന്ന് രക്ഷപ്പെടാൻ യോസേഫും മറിയയും ഈജിപ്തിലേക്ക് ഓടിപ്പോയതിനെക്കുറിച്ചും ഹെരോദിന്റെ മരണത്തെക്കുറിച്ചും അതിലുണ്ട്. അവർ നസറെത്തിലേക്കു മടങ്ങിയത് അതെത്തുടർന്നാണ് എന്ന് അതിൽ പറയുന്നു.
അവന്റെ മാതാപിതാക്കൾ വർഷംതോറും . . . പോകാറുണ്ടായിരുന്നു: പെസഹാപ്പെരുന്നാളിനു സ്ത്രീകൾ പോകണമെന്നു മോശയുടെ നിയമം ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും വാർഷികപെരുന്നാളിനു യോസേഫ് യരുശലേമിലേക്കു പോകുമ്പോഴെല്ലാം മറിയയും കൂടെ പോകാറുണ്ടായിരുന്നു. (പുറ 23:17; 34:23) അംഗസംഖ്യ കൂടിക്കൊണ്ടിരുന്നെങ്കിലും എല്ലാ വർഷവും ആ കുടുംബം ഒരുമിച്ചാണ് അവിടേക്കു പോയിരുന്നത്. അങ്ങോട്ടും ഇങ്ങോട്ടും കൂടെ ഏകദേശം 300 കിലോമീറ്റർ വരുന്ന ഒരു യാത്രയായിരുന്നു അത്.
പോയി: അവർ യരുശലേമിലേക്കു പോയതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്. താരതമ്യേന ഉയർന്ന സ്ഥലമായ അവിടെ എത്താൻ കുന്നും മലയും നിറഞ്ഞ പ്രദേശത്തുകൂടെ യാത്ര ചെയ്യണമായിരുന്നു.— ലൂക്ക 2:4-ന്റെ പഠനക്കുറിപ്പു കാണുക.
അവരോടു ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു: യേശുവന്റേതു വെറുതേ കൗതുകത്തിന്റെ പേരിലുള്ള ബാലിശമായ ചോദ്യങ്ങളല്ലായിരുന്നു എന്നാണ് അവിടെ കൂടിയിരുന്നവരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. (ലൂക്ക 2:47) “ചോദ്യങ്ങൾ ചോദിക്കുക” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, കോടതിവിചാരണയുടെ സമയത്ത് ചോദിക്കുന്ന ചോദ്യങ്ങളെയും മറുചോദ്യങ്ങളെയും കുറിക്കാൻ ഉപയോഗിക്കാറുണ്ട്. (മത്ത 27:11; മർ 14:60, 61; 15:2, 4; പ്രവൃ 5:27) ചരിത്രകാരന്മാർ പറയുന്നത്, ഉത്സവങ്ങളും പെരുന്നാളുകളും മറ്റും കഴിഞ്ഞശേഷം പ്രമുഖരായ ചില മതനേതാക്കന്മാർ ദേവാലയത്തിലെ വിശാലമായ ഏതെങ്കിലും ഒരു മണ്ഡപത്തിൽ ഇരുന്ന് ആളുകളെ പഠിപ്പിക്കുന്ന പതിവുണ്ടായിരുന്നു എന്നാണ്. ആളുകൾക്ക് അവരുടെ കാൽക്കൽ ഇരുന്ന് അതു കേൾക്കാനും ചോദ്യങ്ങൾ ചോദിക്കാനും ഉള്ള അവസരമുണ്ടായിരുന്നു.
വിസ്മയിച്ചു: ഇവിടെ “വിസ്മയിച്ചു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയുടെ രൂപത്തിന്, ആളുകൾ കുറെ നേരം വിസ്മയഭരിതരായി നിന്നെന്നോ പലവട്ടം വിസ്മയിച്ചെന്നോ അർഥമാക്കാനാകും.
യേശു അവരോടു ചോദിച്ചു: യേശു പറഞ്ഞതായി ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ആദ്യവാക്കുകളാണു തുടർന്ന് കാണുന്നത്. തെളിവനുസരിച്ച്, ഒരു മനുഷ്യനായി ജനിക്കുന്നതിനു മുമ്പുള്ള കാര്യങ്ങളെക്കുറിച്ച് കുട്ടിക്കാലത്ത് യേശുവിനു പൂർണമായി അറിയില്ലായിരുന്നു. (മത്ത 3:16; ലൂക്ക 3:21 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.) എങ്കിലും അമ്മയിൽനിന്നും വളർത്തച്ഛനിൽനിന്നും യേശുവിനു ചില വിവരങ്ങൾ ലഭിച്ചിരിക്കാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന്, ദൈവദൂതൻ സന്ദർശിച്ച സന്ദർഭങ്ങളിൽ ലഭിച്ച വിവരങ്ങളെക്കുറിച്ചും യേശു ജനിച്ച് 40 ദിവസം കഴിഞ്ഞ് അവർ യരുശലേമിൽ ചെന്നപ്പോൾ ശിമെയോനും അന്നയും നടത്തിയ പ്രവചനങ്ങളെക്കുറിച്ചും അവർ യേശുവിനോടു പറഞ്ഞിട്ടുണ്ടാകും. (മത്ത 1:20-25; 2:13, 14, 19-21; ലൂക്ക 1:26-38; 2:8-38) തന്റെ അത്ഭുതകരമായ ജനനത്തെക്കുറിച്ചും സ്വർഗീയപിതാവായ യഹോവയുമായി തനിക്കുള്ള വ്യക്തിപരമായ ബന്ധത്തെക്കുറിച്ചും കുറെയൊക്കെ യേശുവിന് അറിയാമായിരുന്നു എന്നാണു യേശുവിന്റെ മറുപടി സൂചിപ്പിക്കുന്നത്.
ഞാൻ എന്റെ പിതാവിന്റെ ഭവനത്തിലുണ്ടായിരിക്കുമെന്ന്: “പിതാവിന്റെ ഭവനം” എന്നതിന്റെ ഗ്രീക്ക് പദപ്രയോഗം പദാനുപദമായി പരിഭാഷപ്പെടുത്തിയാൽ “എന്റെ പിതാവിന്റെ (കാര്യങ്ങളിൽ)” എന്നു വരും. എന്നാൽ യോസേഫിനും മറിയയ്ക്കും അറിയേണ്ടിയിരുന്നത് യേശു എവിടെയാണ് എന്നായിരുന്നതുകൊണ്ട് യേശുവിന്റെ വാക്കുകൾ ന്യായമായും സൂചിപ്പിച്ചത് ഒരു സ്ഥലത്തെ, അതായത് ‘പിതാവിന്റെ ഭവനത്തെ (അഥവാ, “വാസസ്ഥലത്തെ; രാജഗൃഹത്തെ”)” ആയിരിക്കാം. (ലൂക്ക 2:44-46) പിൽക്കാലത്ത് ഭൗമികശുശ്രൂഷയുടെ സമയത്ത് യേശു ദേവാലയത്തെ “പിതാവിന്റെ ഭവനം” എന്നുതന്നെ വിളിച്ചതായി രേഖയുണ്ട്. (യോഹ 2:16) എന്നാൽ ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ, ഈ പദപ്രയോഗം വിശാലമായൊരു അർഥത്തിൽ ഇങ്ങനെയും പരിഭാഷപ്പെടുത്താം: “ഞാൻ എന്റെ പിതാവിന്റെ കാര്യങ്ങളെക്കുറിച്ചല്ലേ ചിന്തിക്കേണ്ടത് (അഥവാ, “കാര്യങ്ങളിലല്ലേ മുഴുകേണ്ടത്”)?”
യേശു അവരുടെകൂടെ പോയി: സമുദ്രനിരപ്പിൽനിന്ന് ഏകദേശം 750 മീ. (2,500 അടി) ഉയരത്തിലായിരുന്നു യരുശലേം നഗരം. അവർ ആ നഗരത്തിൽനിന്ന് പോകുന്നതിനെക്കുറിച്ചാണ് ഇവിടെ പറയുന്നത്.—ലൂക്ക 10:30, 31; പ്രവൃ 24:1; 25:7; മത്ത 20:17; ലൂക്ക 2:4, 42 എന്നിവയുടെ പഠനക്കുറിപ്പുകൾ താരതമ്യം ചെയ്യുക.
പഴയപോലെ . . . കീഴ്പെട്ടിരുന്നു: അഥവാ, “തുടർന്നും അനുസരണമുള്ളവനായി ജീവിച്ചു.” ഇവിടെ കാണുന്ന ഗ്രീക്കുക്രിയയുടെ രൂപം തുടർച്ചയെ സൂചിപ്പിക്കുന്നു. ഇതിൽനിന്ന് മനസ്സിലാക്കാനാകുന്നത്, യേശുവിന്റെ തിരുവെഴുത്തുഗ്രാഹ്യം ദേവാലയത്തിലെ ഗുരുക്കന്മാരിൽ മതിപ്പുളവാക്കിയെങ്കിലും വീട്ടിൽ തിരിച്ചെത്തിയ യേശു താഴ്മയോടെ മാതാപിതാക്കൾക്കു കീഴ്പെട്ടിരുന്നു എന്നാണ്. യഥാർഥത്തിൽ ഈ അനുസരണത്തിനു മറ്റ് ഏതൊരു കുട്ടിയുടെ അനുസരണത്തെക്കാളും പ്രാധാന്യമുണ്ടായിരുന്നു; കാരണം അതിലൂടെ മോശയുടെ നിയമത്തിലെ ചെറിയ വിശദാംശങ്ങൾപോലും നിറവേറ്റുകയായിരുന്നു യേശു.—പുറ 20:12; ഗല 4:4.
ഇക്കാര്യങ്ങളെല്ലാം: അഥവാ, “ഈ വാക്കുകളെല്ലാം.”—ലൂക്ക 1:37-ന്റെ പഠനക്കുറിപ്പു കാണുക.
ദൃശ്യാവിഷ്കാരം
റോമൻ സാമ്രാജ്യത്തിന്റെ ആദ്യത്തെ ചക്രവർത്തിയായിരുന്നു ഒക്ടേവിയസ്. അദ്ദേഹത്തിന്റെ മുഴുവൻ പേര് ഗയസ് ജൂലിയസ് സീസർ ഒക്ടേവിയാനസ് (ഒക്ടേവിയസ് അഥവാ ഒക്ടേവിയൻ) എന്നായിരുന്നു. ബി.സി. 44-ൽ വധിക്കപ്പെട്ട റോമൻ ഏകാധിപതിയായ ജൂലിയസ് സീസറിന്റെ ദത്തുപുത്രനായിരുന്നു ഇദ്ദേഹം. ബി.സി. 31 സെപ്റ്റംബറിൽ ഒക്ടേവിയസ് റോമൻ സാമ്രാജ്യത്തിന്റെ അനിഷേധ്യനേതാവായി. ബി.സി. 27 ജനുവരി 16-ന് റോമൻ ഭരണസമിതി അദ്ദേഹത്തിന് അഗസ്റ്റസ് എന്ന സ്ഥാനപ്പേര് നൽകി. റോമൻ സാമ്രാജ്യത്തിലുള്ള എല്ലാവരും ‘അവരവരുടെ നഗരങ്ങളിൽ’ പേര് രേഖപ്പെടുത്തണമെന്ന് ബി.സി. 2-ൽ അഗസ്റ്റസ് ഉത്തരവിറക്കി. (ലൂക്ക 2:1-7) യേശു ബേത്ത്ലെഹെമിൽ ജനിക്കുമെന്ന ബൈബിൾപ്രവചനം നിറവേറാൻ ആ ഉത്തരവ് വഴിയൊരുക്കുകയും ചെയ്തു. (ദാനി 11:20; മീഖ 5:2) എ.ഡി. 14 ആഗസ്റ്റ് 17-ാം തീയതി (ജൂലിയൻ കലണ്ടറനുസരിച്ച് ആഗസ്റ്റ് 19) അഗസ്റ്റസ് അന്തരിച്ചു. അദ്ദേഹം സ്വന്തം പേര് നൽകിയ മാസംതന്നെയായിരുന്നു ആ സംഭവം. ഈ ഫോട്ടോയിൽ കാണിച്ചിരിക്കുന്ന വെങ്കലപ്രതിമ ബി.സി. 27-നും 25-നും ഇടയ്ക്കുള്ള കാലത്തേതാണ്. അത് ഇപ്പോൾ ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
യേശു ജനിച്ചതു ഡിസംബറിൽ ആയിരിക്കാൻ സാധ്യതയില്ല, കാരണം ബേത്ത്ലെഹെമിൽ നവംബർ മുതൽ മാർച്ച് വരെ നല്ല തണുപ്പും മഴയും ഉള്ള കാലാവസ്ഥയാണ്. ശൈത്യകാലത്ത് ഈ പ്രദേശത്ത് മഞ്ഞും പെയ്യാറുണ്ട്. വർഷത്തിലെ ഈ സമയത്ത് ഇടയന്മാർ എന്തായാലും ആട്ടിൻപറ്റത്തെയും കാത്തുകൊണ്ട് രാത്രിയിൽ ഒരു വെളിമ്പ്രദേശത്ത് കഴിയില്ല. (ലൂക്ക 2:8) യഹൂദ്യമലനാട്ടിൽ, സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 780 മീ. (2,550 അടി) ഉയരത്തിൽ സ്ഥിതിചെയ്യുന്ന സ്ഥലമാണു ബേത്ത്ലെഹെം.
ലൂക്ക 2:7-ൽ “പുൽത്തൊട്ടി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഫാന്റെനേ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “തീറ്റ കൊടുക്കുന്ന സ്ഥലം” എന്നാണ്. മൃഗങ്ങൾക്കു തീറ്റ കൊടുക്കാൻ ഉപയോഗിച്ചിരുന്ന വലിയ ചുണ്ണാമ്പുകൽപ്പാത്രങ്ങൾ പലസ്തീനിൽനിന്ന് പുരാവസ്തുശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. ഒറ്റക്കല്ലിൽ കൊത്തിയെടുത്ത അത്തരം പാത്രങ്ങൾക്ക് 0.9 മീ. (3 അടി) നീളവും 0.5 മീ. (1.5 അടി) വീതിയും 0.6 മീ. (2 അടി) ഉയരവും ഉണ്ടായിരുന്നു. ഇത്തരം പാത്രങ്ങളായിരിക്കാം പുൽത്തൊട്ടിയായി ഉപയോഗിച്ചിരുന്നത്. ഇനി യേശുവിനെ കിടത്തിയ പുൽത്തൊട്ടി, മൃഗങ്ങളെ പാർപ്പിച്ചിരുന്ന ഗുഹകളുടെ കൽഭിത്തികളിൽ വെട്ടിയുണ്ടാക്കിയതായിരിക്കാനും സാധ്യതയുണ്ട്. കാരണം, പിൽക്കാലങ്ങളിൽ ആളുകൾ അത്തരം പുൽത്തൊട്ടികളും നിർമിച്ചിരുന്നു.
പ്രസവം കഴിഞ്ഞ ഒരു സ്ത്രീ, മോശയ്ക്കു കൊടുത്ത നിയമമനുസരിച്ച് ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ ദഹനയാഗമായും ഒരു പ്രാവിൻകുഞ്ഞിനെയോ ചെങ്ങാലിപ്രാവിനെയോ പാപയാഗമായും അർപ്പിക്കണമായിരുന്നു. ആ കുടുംബത്തിനു ചെമ്മരിയാടിനെ നൽകാനുള്ള സാമ്പത്തികശേഷി ഇല്ലായിരുന്നെങ്കിൽ (സാധ്യതയനുസരിച്ച് മറിയയുടെയും യോസേഫിന്റെയും സ്ഥിതി അതായിരുന്നു.) രണ്ടു ചെങ്ങാലിപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ അർപ്പിക്കാമായിരുന്നു. (ലേവ 12:6-8) ഇവിടെ കാണിച്ചിരിക്കുന്ന (1) ചെങ്ങാലിപ്രാവ് (സ്റ്റ്രെപ്റ്റോപീലിയ ടുർടുർ) ഇസ്രായേലിനു പുറമേ യൂറോപ്പിലും വടക്കേ ആഫ്രിക്കയിലും പടിഞ്ഞാറൻ ഏഷ്യയിലും കണ്ടുവരുന്നതാണ്. എല്ലാ വർഷവും ഒക്ടോബറിൽ, ചൂടു കൂടിയ തെക്കൻ രാജ്യങ്ങളിലേക്കു ദേശാന്തരഗമനം നടത്തുന്ന ഇവ, ഏപ്രിൽ മാസത്തോട് അടുത്ത് ഇസ്രായേലിൽ തിരികെ എത്തും. ഇവിടെ കാണിച്ചിരിക്കുന്ന മറ്റേ പക്ഷി (2) മാടപ്രാവ് (കൊളംബ ലിവിയ) ആണ്. ഈ ഇനം ലോകമെമ്പാടും കണ്ടുവരുന്നു. ഇവ പൊതുവേ ദേശാന്തരഗമനം നടത്താറില്ല.