റോമിലുള്ളവർക്ക് എഴുതിയ കത്ത് 6:1-23
6 എന്നുവെച്ച് അനർഹദയ സമൃദ്ധമായി ലഭിക്കാൻവേണ്ടി പാപം ചെയ്തുകൊണ്ടിരിക്കാമെന്നാണോ പറഞ്ഞുവരുന്നത്?
2 ഒരിക്കലുമല്ല! പാപം ചെയ്യുന്ന കാര്യത്തിൽ നമ്മൾ മരിച്ച സ്ഥിതിക്ക്+ ഇനിയും പാപം ചെയ്തുകൊണ്ട് ജീവിക്കുന്നത് എങ്ങനെയാണ്?+
3 സ്നാനമേറ്റ് ക്രിസ്തുയേശുവിലേക്കു ചേർന്ന+ നമ്മൾ എല്ലാവരും ക്രിസ്തുവിന്റെ മരണത്തിലേക്കാണു സ്നാനമേറ്റ്+ ചേർന്നതെന്നു നിങ്ങൾക്ക് അറിയില്ലേ?
4 അങ്ങനെ സ്നാനമേറ്റ് ക്രിസ്തുവിന്റെ മരണത്തിലേക്കു ചേർന്ന നമ്മൾ ക്രിസ്തുവിന്റെകൂടെ അടക്കപ്പെട്ടു.+ പിതാവിന്റെ മഹത്ത്വത്താൽ ക്രിസ്തു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടതുപോലെ നമുക്കും പുതിയൊരു ജീവിതം നയിക്കാൻ അതു വഴി തുറന്നുതന്നു.+
5 ക്രിസ്തുവിന്റേതുപോലുള്ള ഒരു മരണത്തിലൂടെ നമ്മൾ ക്രിസ്തുവിനോടു ചേർന്നെങ്കിൽ+ ഉറപ്പായും ക്രിസ്തുവിന്റേതുപോലുള്ള ഒരു പുനരുത്ഥാനത്തിലൂടെയും നമ്മൾ ക്രിസ്തുവിനോടു ചേരും.+
6 കാരണം നമ്മുടെ പഴയ വ്യക്തിത്വത്തെ ക്രിസ്തുവിന്റെകൂടെ സ്തംഭത്തിൽ തറച്ചെന്നു+ നമുക്ക് അറിയാം. നമ്മൾ ഇനിയും പാപത്തിന്റെ അടിമകളായി കഴിയാതിരിക്കാൻവേണ്ടി+ പാപം നിറഞ്ഞ നമ്മുടെ ശരീരത്തെ നിഷ്ക്രിയമാക്കാനാണ്+ അതു ചെയ്തത്.
7 മരിച്ചയാൾ പാപത്തിൽനിന്ന് മോചിതനായല്ലോ.*
8 നമ്മൾ ക്രിസ്തുവിന്റെകൂടെ മരിച്ചെങ്കിൽ ക്രിസ്തുവിന്റെകൂടെ ജീവിക്കുമെന്നും വിശ്വസിക്കുന്നു.
9 മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ട ക്രിസ്തു+ ഇനി ഒരിക്കലും മരിക്കില്ലെന്നു+ നമുക്ക് അറിയാം. മരണത്തിനു ക്രിസ്തുവിന്റെ മേൽ ഇനി ഒരു അധികാരവുമില്ല.
10 ക്രിസ്തുവിന്റെ മരണം പാപം ഇല്ലാതാക്കുന്ന ഒരിക്കലായുള്ള* മരണമായിരുന്നു.+ എന്നാൽ ക്രിസ്തുവിന്റെ ജീവിതം ദൈവത്തിനായുള്ള ജീവിതമാണ്.
11 അങ്ങനെ, നിങ്ങളും പാപത്തിന്റെ കാര്യത്തിൽ മരിച്ചെന്നും ക്രിസ്തുയേശുവിലൂടെ ദൈവത്തിനായി ജീവിക്കുന്നെന്നും കരുതിക്കൊള്ളുക.+
12 അതുകൊണ്ട് നിങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ മോഹങ്ങളെ അനുസരിച്ച് നടക്കാതിരിക്കാൻ, നിങ്ങളുടെ നശ്വരമായ ശരീരത്തിൽ പാപത്തെ രാജാവായി വാഴാൻ+ അനുവദിക്കരുത്.
13 നിങ്ങളുടെ ശരീരങ്ങളെ* അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമർപ്പിക്കുന്നതിനു പകരം മരിച്ചവരിൽനിന്ന് ജീവനിലേക്കു വന്നവരായി നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക. നിങ്ങളുടെ ശരീരങ്ങളെ* നീതിയുടെ ആയുധങ്ങളായി ദൈവത്തിനു സമർപ്പിക്കുക.+
14 നിങ്ങൾ നിയമത്തിന്റെ കീഴിലല്ല,+ മറിച്ച് അനർഹദയയുടെ+ കീഴിലായതുകൊണ്ട് പാപം നിങ്ങളിൽ ആധിപത്യം നടത്താൻ പാടില്ല.
15 അതിന്റെ അർഥം എന്താണ്? നമ്മൾ നിയമത്തിന്റെ കീഴിലല്ല, അനർഹദയയുടെ+ കീഴിലാണ് എന്നതുകൊണ്ട് പാപം ചെയ്യാമെന്നാണോ? ഒരിക്കലുമല്ല.
16 നിങ്ങൾ അനുസരണമുള്ള അടിമകളായി ആർക്കെങ്കിലും നിങ്ങളെത്തന്നെ വിട്ടുകൊടുക്കുന്നെന്നിരിക്കട്ടെ. ആ വ്യക്തിയെ അനുസരിക്കുന്നതുകൊണ്ട് നിങ്ങൾ അയാളുടെ അടിമയാണെന്ന് അറിയില്ലേ?+ ഒന്നുകിൽ നിങ്ങൾ മരണത്തിലേക്കു നയിക്കുന്ന പാപത്തിന്റെ+ അടിമകൾ.+ അല്ലെങ്കിൽ നീതിയിലേക്കു നയിക്കുന്ന അനുസരണത്തിന്റെ അടിമകൾ.
17 നിങ്ങൾ ഒരിക്കൽ പാപത്തിന്റെ അടിമകളായിരുന്നെങ്കിലും നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ* ഹൃദയപൂർവം അനുസരിക്കാൻ നിങ്ങൾ ഇപ്പോൾ തയ്യാറായതുകൊണ്ട് ദൈവത്തിനു നന്ദി.
18 പാപത്തിൽനിന്ന് സ്വാതന്ത്ര്യം ലഭിച്ച+ നിങ്ങൾ ഇപ്പോൾ നീതിയുടെ അടിമകളായിത്തീർന്നിരിക്കുന്നു.+
19 നിങ്ങളുടെ ജഡത്തിന്റെ* ബലഹീനത നിമിത്തമാണു മനുഷ്യർക്കു മനസ്സിലാകുന്ന ഭാഷയിൽ ഞാൻ ഇതു പറയുന്നത്. നിങ്ങൾ നിങ്ങളുടെ അവയവങ്ങളെ കുത്തഴിഞ്ഞ അവസ്ഥയിലേക്കു നയിക്കുന്ന അശുദ്ധിക്കും വഷളത്തത്തിനും അടിമകളായി വിട്ടുകൊടുത്തതുപോലെ, വിശുദ്ധിയിലേക്കു നയിക്കുന്ന നീതിക്ക് ഇപ്പോൾ നിങ്ങളുടെ അവയവങ്ങളെ അടിമകളായി വിട്ടുകൊടുക്കുക.+
20 നിങ്ങൾ പാപത്തിന് അടിമകളായിരുന്നപ്പോൾ നീതിയുടെ പിടിയിൽനിന്ന് സ്വതന്ത്രരായിരുന്നല്ലോ.
21 എന്നാൽ അന്നു നിങ്ങൾ എന്തു ഫലമാണു പുറപ്പെടുവിച്ചത്? ഇപ്പോൾ അത്തരം കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ നാണക്കേടു തോന്നുന്നില്ലേ? അവയുടെ അവസാനം മരണമാണ്.+
22 എന്നാൽ പാപത്തിൽനിന്ന് സ്വതന്ത്രരായി ഇപ്പോൾ ദൈവത്തിന്റെ അടിമകളായിത്തീർന്നിരിക്കുന്ന നിങ്ങൾ വിശുദ്ധി എന്ന ഫലം പുറപ്പെടുവിക്കുന്നു.+ അതിന്റെ അവസാനമോ നിത്യജീവനും.+
23 പാപം തരുന്ന ശമ്പളം മരണം.+ ദൈവം തരുന്ന സമ്മാനമോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള+ നിത്യജീവനും.+
അടിക്കുറിപ്പുകള്
^ അഥവാ “മരിച്ചയാളുടെ പാപം ക്ഷമിച്ചല്ലോ.”
^ അഥവാ “പാപം ഇല്ലാതാക്കുന്ന, എല്ലാ കാലത്തേക്കുംവേണ്ടി ഒരിക്കലായുള്ള.”
^ അക്ഷ. “അവയവങ്ങളെ.”
^ അക്ഷ. “അവയവങ്ങളെ.”
^ അഥവാ “കാര്യങ്ങളുടെ മാതൃക; ആദർശങ്ങൾ.”