യോഹന്നാൻ എഴുതിയത് 9:1-41
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
ഇരുട്ടു വാഴുന്ന സമയം: അഥവാ “ഇരുട്ടിന് അധികാരമുള്ള സമയം.” അതായത് ആത്മീയാന്ധകാരത്തിൽ കഴിയുന്നവർക്ക് അധികാരമുള്ള സമയം. (കൊലോ 1:13 താരതമ്യം ചെയ്യുക.) പ്രവൃ 26:18-ൽ അന്ധകാരത്തെക്കുറിച്ച് പറയുന്നിടത്തുതന്നെ ‘സാത്താന്റെ അധികാരത്തെക്കുറിച്ചും’ പറയുന്നുണ്ട്. അന്ധകാരത്തിന്റെ പ്രവൃത്തികൾ ചെയ്യാൻ ചില മനുഷ്യരെ സ്വാധീനിച്ചുകൊണ്ട് സാത്താൻ തന്റെ ആ അധികാരം പ്രയോഗിച്ചു; അതാകട്ടെ യേശുവിന്റെ മരണത്തിലും കലാശിച്ചു. സാത്താൻ ഇത്തരത്തിൽ മനുഷ്യരെ സ്വാധീനിച്ചതിന്റെ ഉദാഹരണമാണു ലൂക്ക 22:3-ൽ കാണുന്നത്. അവിടെ, ‘ഈസ്കര്യോത്ത് എന്ന് അറിയപ്പെട്ടിരുന്ന യൂദാസിൽ സാത്താൻ കടന്നതായി’ നമ്മൾ വായിക്കുന്നു. ആ യൂദാസാണു തുടർന്ന് യേശുവിനെ ഒറ്റിക്കൊടുത്തത്.—ഉൽ 3:15; യോഹ 13:27-30.
രാത്രി വരുന്നു: ബൈബിളിൽ “രാത്രി” എന്ന പദം ചിലപ്പോഴൊക്കെ ആലങ്കാരികാർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. “രാത്രി” എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, തന്റെ വിചാരണയും സ്തംഭത്തിലേറ്റലും മരണവും ഉൾപ്പെടുന്ന സമയമായിരുന്നു. കാരണം പിതാവ് ആഗ്രഹിച്ച പ്രവൃത്തികൾ ചെയ്യാൻ യേശുവിനു പറ്റാതാകുന്ന ഒരു സമയമായിരുന്നു അത്.—ഇയ്യ 10:21, 22; സഭ 9:10; ലൂക്ക 22:53-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
ഉമിനീർ: യേശു അത്ഭുതകരമായി ആളുകളെ സുഖപ്പെടുത്താൻ തന്റെ ഉമിനീർ ഉപയോഗിച്ചതിനെക്കുറിച്ച് പറയുന്ന മൂന്നു ബൈബിൾഭാഗങ്ങളുണ്ട്. (മർ 7:31-37; 8:22-26; യോഹ 9:1-7) അന്നു നാട്ടുചികിത്സയിൽ ഉമിനീർ ഉപയോഗിക്കുന്ന രീതി നിലവിലുണ്ടായിരുന്നെങ്കിലും യേശു അത്ഭുതങ്ങൾ ചെയ്തതു ദൈവാത്മാവിന്റെ ശക്തിയാലായിരുന്നു. അതുകൊണ്ട്, യേശുവിന്റെ ഉമിനീരല്ല ആളുകളെ സുഖപ്പെടുത്തിയത്. ഇവിടെ, ജന്മനാ അന്ധനായ ആ മനുഷ്യനോട് “ശിലോഹാം കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞതായി നമ്മൾ വായിക്കുന്നു. അതെത്തുടർന്നാണ് അദ്ദേഹത്തിനു കാഴ്ചശക്തി കിട്ടിയത്. (യോഹ 9:7) കുഷ്ഠരോഗം മാറിക്കിട്ടാൻ യോർദാൻ നദിയിൽ കുളിക്കണമെന്നു നയമാനോട് ആവശ്യപ്പെട്ടത് അദ്ദേഹത്തിന്റെ വിശ്വാസം പരിശോധിച്ചതുപോലെ, “ശിലോഹാം കുളത്തിൽ പോയി കഴുകുക” എന്നു പറഞ്ഞത് അന്ധനായ ആ മനുഷ്യന്റെ വിശ്വാസവും പരിശോധിക്കുമായിരുന്നു.—2രാജ 5:10-14.
ശിലോഹാം കുളം: എ.ഡി. ഒന്നാം നൂറ്റാണ്ടോളം പഴക്കമുള്ള ഒരു കുളത്തിന്റെ ചില ഭാഗങ്ങൾ, ദേവാലയം സ്ഥിതി ചെയ്തിരുന്ന മലയുടെ തെക്കുഭാഗത്ത് കണ്ടെത്തി. ഇതു ശിലോഹാം കുളമാണെന്നു കരുതപ്പെടുന്നു. പുരാതന യരുശലേം നഗരം ആദ്യം സ്ഥിതി ചെയ്തിരുന്ന തെക്കേ മലയുടെ ചുവട്ടിൽ, ടൈറോപ്പിയൻ താഴ്വരയും കിദ്രോൻ താഴ്വരയും ഒന്നിച്ചുചേരുന്ന സ്ഥലത്തിന് അടുത്താണ് അതിന്റെ സ്ഥാനം. (അനു. ബി12 കാണുക.) ശിലോഹാം എന്ന പേര് “ശീലോഹ” എന്ന എബ്രായപേരിന്റെ ഗ്രീക്കുരൂപമാണ്. സാധ്യതയനുസരിച്ച് ഈ എബ്രായപേരിന് “അയയ്ക്കുക” എന്ന് അർഥമുള്ള ശലാക് എന്ന എബ്രായക്രിയയുമായി ബന്ധമുണ്ട്. അതുകൊണ്ടാണ്, യോഹന്നാൻ ശീലോഹാം എന്ന പേരിന്റെ അർഥം, അയയ്ക്കപ്പെട്ടത് എന്നു പരിഭാഷപ്പെടുത്തിയത്. യരുശലേമിലെ ജലവിതരണസംവിധാനത്തിന്റെ ഭാഗമായ ഒരു നീർപ്പാത്തിക്ക് അഥവാ കനാലിന്, യശ 8:6-ൽ ശീലോഹ എന്ന എബ്രായപേര് നൽകിയിരിക്കുന്നിടത്ത്, സെപ്റ്റുവജിന്റ് ഉപയോഗിച്ചിരിക്കുന്ന പേര് ശിലോഹാം എന്നാണ്. ഇടയ്ക്കിടെ മാത്രം വെള്ളം പുറപ്പെടുവിക്കുന്ന ഗീഹോൻ നീരുറവയിൽനിന്നാണ് ശിലോഹാം കുളത്തിലേക്കു വെള്ളം വന്നിരുന്നത്. ഇത്തരത്തിൽ ആ നീരുറവ കുളത്തിലേക്കു വെള്ളം ‘അയച്ചിരുന്നതുകൊണ്ടാകാം’ അതിനു ശിലോഹാം എന്ന പേരു ലഭിച്ചത്. ക്രിസ്തീയ ഗ്രീക്കുതിരുവെഴുത്തുകളുടെ പല എബ്രായപരിഭാഷകളും (അനു. സി4-ൽ J7-14, 16-19, 22 എന്നു സൂചിപ്പിച്ചിരിക്കുന്നു.) യോഹ 9:7-ൽ ഉപയോഗിച്ചിരിക്കുന്നതു “ശീലോഹ” എന്ന പദമാണ്.
ജൂതന്മാർ: യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദത്തിനു സന്ദർഭമനുസരിച്ച് അർഥവ്യത്യാസം വരുന്നതായി കാണാം. അതു ജൂതജനതയെ മൊത്തത്തിൽ കുറിക്കാനും യഹൂദ്യയിൽ താമസിച്ചിരുന്നവരെ കുറിക്കാനും യരുശലേമിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്നവരെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ചില സന്ദർഭങ്ങളിൽ അത്, മോശയുടെ നിയമവുമായി ബന്ധപ്പെട്ട മനുഷ്യപാരമ്പര്യങ്ങളിൽ കടിച്ചുതൂങ്ങിയ ജൂതന്മാരെയാണു കുറിക്കുന്നത്. പലപ്പോഴും അവരുടെ ആ നിലപാട് മോശയുടെ നിയമത്തിന്റെ അന്തസ്സത്തയുമായി ചേരാത്തതായിരുന്നു. (മത്ത 15:3-6) യേശുവിനോടു ശത്രുത പുലർത്തിയിരുന്ന ജൂതമതനേതാക്കന്മാരോ അധികാരസ്ഥാനത്തുള്ള ജൂതന്മാരോ ആയിരുന്നു ഈ ‘ജൂതന്മാരിൽ’ പ്രമുഖർ. ഈ തിരുവെഴുത്തുഭാഗത്തും യോഹന്നാൻ 7-ാം അധ്യായത്തിൽത്തന്നെ ഈ പദം കാണുന്ന മറ്റു സ്ഥലങ്ങളിലും അതു കുറിക്കുന്നത്, അധികാരസ്ഥാനത്തുള്ള ജൂതന്മാരെയോ ജൂതമതനേതാക്കന്മാരെയോ ആണെന്നു സന്ദർഭം സൂചിപ്പിക്കുന്നു.—യോഹ 7:13, 15, 35എ.
ജൂതന്മാർ: സാധ്യതയനുസരിച്ച് ഈ പദം കുറിക്കുന്നത്, ജൂതന്മാരായ അധികാരികളെയോ ജൂതമതനേതാക്കന്മാരെയോ ആണ്.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
അതിനുള്ള പ്രായം അവനുണ്ടല്ലോ: അഥവാ, “അവനു പ്രായമെത്തിയല്ലോ.” ഈ പദപ്രയോഗം ആണുങ്ങൾക്കു സൈനികസേവനത്തിനു യോഗ്യത നേടാൻ മോശയുടെ നിയമം അനുശാസിച്ചിരുന്ന പ്രായപരിധിയായ 20 വയസ്സിനെയായിരിക്കാം കുറിക്കുന്നത്. (സംഖ 1:3) അയാളെ കുട്ടി എന്നു വിളിക്കാതെ ‘ഒരു മനുഷ്യൻ’ എന്നു വിളിച്ചിരിക്കുന്നതും (യോഹ 9:1) അയാൾ ഒരു യാചകനായിരുന്നു എന്നതും ഈ നിഗമനത്തോടു യോജിക്കുന്നു (യോഹ 9:8). ഇനി, 13 വയസ്സായ ഒരാൾക്കു നിയമപരമായി പ്രായപൂർത്തിയായെന്നു ജൂതസമൂഹം അംഗീകരിച്ചിരുന്നതുകൊണ്ട് ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന പ്രായം അതാണെന്നും അഭിപ്രായമുണ്ട്.
ജൂതന്മാർ: യോഹന്നാന്റെ സുവിശേഷത്തിൽ ഈ പദത്തിനു സന്ദർഭമനുസരിച്ച് അർഥവ്യത്യാസം വരുന്നതായി കാണാം. അതു ജൂതജനതയെ മൊത്തത്തിൽ കുറിക്കാനും യഹൂദ്യയിൽ താമസിച്ചിരുന്നവരെ കുറിക്കാനും യരുശലേമിലും സമീപപ്രദേശങ്ങളിലും താമസിച്ചിരുന്നവരെ കുറിക്കാനും ഉപയോഗിച്ചിട്ടുണ്ട്. പക്ഷേ ചില സന്ദർഭങ്ങളിൽ അത്, മോശയുടെ നിയമവുമായി ബന്ധപ്പെട്ട മനുഷ്യപാരമ്പര്യങ്ങളിൽ കടിച്ചുതൂങ്ങിയ ജൂതന്മാരെയാണു കുറിക്കുന്നത്. പലപ്പോഴും അവരുടെ ആ നിലപാട് മോശയുടെ നിയമത്തിന്റെ അന്തസ്സത്തയുമായി ചേരാത്തതായിരുന്നു. (മത്ത 15:3-6) യേശുവിനോടു ശത്രുത പുലർത്തിയിരുന്ന ജൂതമതനേതാക്കന്മാരോ അധികാരസ്ഥാനത്തുള്ള ജൂതന്മാരോ ആയിരുന്നു ഈ ‘ജൂതന്മാരിൽ’ പ്രമുഖർ. ഈ തിരുവെഴുത്തുഭാഗത്തും യോഹന്നാൻ 7-ാം അധ്യായത്തിൽത്തന്നെ ഈ പദം കാണുന്ന മറ്റു സ്ഥലങ്ങളിലും അതു കുറിക്കുന്നത്, അധികാരസ്ഥാനത്തുള്ള ജൂതന്മാരെയോ ജൂതമതനേതാക്കന്മാരെയോ ആണെന്നു സന്ദർഭം സൂചിപ്പിക്കുന്നു.—യോഹ 7:13, 15, 35എ.
കോടതി: സുനേദ്രിഒൻ എന്ന ഗ്രീക്കുപദമാണ് ഇവിടെ “കോടതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ പദം ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെ കുറിക്കാനാണ്. (പദാവലിയിൽ “സൻഹെദ്രിൻ” എന്നതും മത്ത 5:22; 26:59 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.) എന്നാൽ കുറെക്കൂടെ വിശാലമായ ഒരർഥത്തിൽ, ആളുകളുടെ ഒരു കൂടിവരവിനെയോ യോഗത്തെയോ കുറിക്കാനും ഇത് ഉപയോഗിച്ചിരുന്നു. ഇവിടെ അതു സിനഗോഗുകളോടു ചേർന്ന് പ്രവർത്തിച്ചിരുന്ന പ്രാദേശികകോടതികളെ കുറിക്കുന്നു. ആളുകളെ മതഭ്രഷ്ടരാക്കാനും ചാട്ടയ്ക്കടിപ്പിക്കാനും ഇത്തരം കോടതികൾക്ക് അധികാരമുണ്ടായിരുന്നു.—മത്ത 23:34; മർ 13:9; ലൂക്ക 21:12; യോഹ 9:22; 12:42; 16:2.
ജൂതന്മാർ: സാധ്യതയനുസരിച്ച് ഈ പദം കുറിക്കുന്നത്, ജൂതന്മാരായ അധികാരികളെയോ ജൂതമതനേതാക്കന്മാരെയോ ആണ്.—യോഹ 7:1-ന്റെ പഠനക്കുറിപ്പു കാണുക.
സിനഗോഗിൽനിന്ന് പുറത്താക്കുക: അഥവാ “ഭ്രഷ്ട് കല്പിക്കുക; സിനഗോഗിൽ വരുന്നതു വിലക്കുക.” ഗ്രീക്കിലെ ഒരു വിശേഷണപദമായ അപൊസുനഗോഗൊസ് ഇവിടെയും യോഹ 12:42; 16:2 എന്നീ വാക്യങ്ങളിലും മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിൽ സിനഗോഗിൽനിന്ന് പുറത്താക്കുന്ന ഒരാളെ സമൂഹം ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തിരുന്നു. ഇവരെ പൊതുവേ പുച്ഛത്തോടെയാണ് ആളുകൾ കണ്ടിരുന്നത്. മറ്റു ജൂതന്മാരുമായുള്ള ബന്ധം ഇത്തരത്തിൽ വിച്ഛേദിക്കപ്പെടുന്നത് ആ കുടുംബത്തിന്മേൽ ഗുരുതരമായ സാമ്പത്തികപ്രത്യാഘാതങ്ങൾ വരുത്തിവെക്കുമായിരുന്നു. സിനഗോഗുകൾ പ്രധാനമായും ആളുകളെ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നെങ്കിലും ചിലപ്പോഴൊക്കെ അതു പ്രാദേശികകോടതികൾ സമ്മേളിക്കാനുള്ള സ്ഥലമായും ഉപയോഗിച്ചിരുന്നു. ആളുകൾക്കു ചാട്ടയടിയും ഭ്രഷ്ടും ഒക്കെ ശിക്ഷയായി വിധിക്കാൻ അധികാരമുള്ള കോടതികളായിരുന്നു അവ.— മത്ത 10:17-ന്റെ പഠനക്കുറിപ്പു കാണുക.
ദൈവത്തിനു മഹത്ത്വം കൊടുക്ക്: സത്യം സംസാരിക്കാൻ ഒരാളെ നിർബന്ധിതനാക്കുന്ന ഒരു പ്രയോഗമാണ് ഇത്. ആ പ്രയോഗത്തിന്റെ അർഥം ഏതാണ്ട് ഇങ്ങനെയാണ്: “സത്യം പറഞ്ഞ് ദൈവത്തിനു മഹത്ത്വം കൊടുക്കുക” അഥവാ “ദൈവമുമ്പാകെ സത്യം പറയുക.”—യോശ 7:19 താരതമ്യം ചെയ്യുക.
വണങ്ങാൻ: അഥവാ “കുമ്പിട്ട് നമസ്കരിക്കാൻ.” ഗ്രീക്കിൽ പ്രൊസ്കിനിയോ. ഒരു ദൈവത്തെ അഥവാ ഏതെങ്കിലും ദേവീദേവന്മാരെ ആരാധിക്കുക എന്ന് അർഥം വരുന്നിടത്ത് ഈ ഗ്രീക്കു ക്രിയാപദം, “ആരാധിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവിടെ “ജൂതന്മാരുടെ രാജാവായി പിറന്നവ”നെ കാണാനാണു ജ്യോത്സ്യന്മാർ വന്നത്. അതുകൊണ്ട് ഇവിടെ ഒരു മനുഷ്യരാജാവിനെ വണങ്ങുന്നതോ അദ്ദേഹത്തോട് ആദരവ് കാണിക്കുന്നതോ ആണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം, അല്ലാതെ ഒരു ദൈവത്തെ ആരാധിക്കുന്നതല്ല. പടയാളികൾ പരിഹാസത്തോടെ യേശുവിനെ “ജൂതന്മാരുടെ രാജാവേ” എന്നു വിളിച്ച് ‘വണങ്ങുന്നതായി’ പറയുന്ന മർ 15:18, 19 വാക്യങ്ങളിലും സമാനമായ അർഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്.—മത്ത 18:26-ന്റെ പഠനക്കുറിപ്പു കാണുക.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനെ ആദരിച്ചു.” പ്രവാചകന്മാരെയോ രാജാക്കന്മാരെയോ ദൈവത്തിന്റെ മറ്റു പ്രതിനിധികളെയോ കണ്ടപ്പോൾ ആളുകൾ അവരുടെ മുന്നിൽ കുമ്പിട്ടതായി എബ്രായതിരുവെഴുത്തുകളിലും പറഞ്ഞിട്ടുണ്ട്. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) ആളുകളെ സുഖപ്പെടുത്താൻ കഴിവുള്ള, ദൈവത്തിന്റെ ഒരു പ്രതിനിധിയോടാണു താൻ സംസാരിക്കുന്നതെന്നു സാധ്യതയനുസരിച്ച് ആ മനുഷ്യനു മനസ്സിലായിരുന്നു. യഹോവയുടെ നിയുക്തരാജാവിനു മുന്നിൽ ആദരസൂചകമായി കുമ്പിടുന്നത് ഉചിതമായിരുന്നു.—മത്ത 9:18; ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തെക്കുറിച്ച് കൂടുതൽ അറിയാൻ മത്ത 2:2-ന്റെ പഠനക്കുറിപ്പു കാണുക.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനോട് ആദരവ് കാണിച്ചു.” യേശുവിനെ ദൈവത്തിന്റെ ഒരു പ്രതിനിധിയായി മാത്രമാണ് അവർ കണ്ടത്. യേശു ഒരു ദൈവമോ ദേവനോ ആണെന്ന ചിന്തയോടെയല്ല മറിച്ച് ‘ദൈവപുത്രൻ’ ആണെന്നു കരുതിത്തന്നെയാണ് അവർ വണങ്ങിയത്.—മത്ത 2:2; 8:2; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
താണുവണങ്ങിക്കൊണ്ട്: അഥവാ “കുമ്പിട്ട് നമസ്കരിച്ചുകൊണ്ട്; ആദരവ് കാണിച്ചുകൊണ്ട്.” ഒരു ജൂതസ്ത്രീയല്ലായിരുന്ന ഇവർ യേശുവിനെ “ദാവീദുപുത്രാ” എന്നു വിളിച്ചപ്പോൾ (മത്ത 15:22), തെളിവനുസരിച്ച് യേശുവാണു വാഗ്ദത്തമിശിഹ എന്ന കാര്യം അംഗീകരിക്കുകയായിരുന്നു. യേശു ഒരു ദൈവമോ ദേവനോ ആണെന്ന ചിന്തയോടെയല്ല, മറിച്ച് ദൈവത്തിന്റെ പ്രതിനിധിയാണെന്നു കരുതിത്തന്നെയാണ് ആ സ്ത്രീ യേശുവിനെ വണങ്ങിയത്.—മത്ത 2:2; 8:2; 14:33; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനെ സാഷ്ടാംഗം പ്രണമിച്ചു; യേശുവിനോട് ആദരവ് കാണിച്ചു.” ഒരു ദൈവത്തെയോ ദേവനെയോ ആരാധിക്കുക എന്ന് അർഥം വരുന്നിടത്ത് പ്രൊസ്കിനിയോ എന്ന ഗ്രീക്കുക്രിയ “ആരാധിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. (മത്ത 4:10; ലൂക്ക 4:8) എന്നാൽ ഇവിടെ, ജന്മനാ അന്ധനായ മനുഷ്യനു കാഴ്ച കിട്ടിയപ്പോൾ, അയാൾ യേശുവിനെ ദൈവത്തിന്റെ പ്രതിനിധിയായി അംഗീകരിച്ച് വണങ്ങുക മാത്രമായിരുന്നു. അയാൾ യേശുവിനെ കണ്ടതു ദൈവമായോ ദേവനായോ അല്ല, മറിച്ച് മുൻകൂട്ടിപ്പറഞ്ഞിരുന്ന ‘മനുഷ്യപുത്രനായിട്ടാണ്.’ യേശു ദൈവത്തിൽനിന്ന് അധികാരം കിട്ടിയ മിശിഹയാണെന്ന് അയാൾക്കു മനസ്സിലായി. (യോഹ 9:35) എബ്രായതിരുവെഴുത്തുകളിൽ ചിലർ പ്രവാചകന്മാരെയോ രാജാക്കന്മാരെയോ ദൈവത്തിന്റെ മറ്റു പ്രതിനിധികളെയോ കണ്ടപ്പോൾ വണങ്ങിയതായി രേഖയുണ്ട്. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) കാഴ്ച കിട്ടിയ ആ മനുഷ്യൻ യേശുവിന്റെ മുന്നിൽ ചെയ്തതും അതുപോലൊരു കാര്യമായിരിക്കാം. പല സന്ദർഭങ്ങളിലും ആളുകൾ യേശുവിനെ വണങ്ങിയത്, ദൈവത്തിൽനിന്ന് ഒരു സന്ദേശം വെളിപ്പെടുത്തിക്കിട്ടിയപ്പോഴോ ദൈവാംഗീകാരത്തിന്റെ ഒരു തെളിവ് നേരിൽ കണ്ടപ്പോഴോ അതിനു നന്ദി പ്രകടിപ്പിക്കാനായിരുന്നു.—മത്ത 2:2; 8:2; 14:33; 15:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ദൃശ്യാവിഷ്കാരം

ബൈബിളിൽ യോഹന്നാന്റെ പുസ്തകത്തിൽ മാത്രമേ ശിലോഹാം കുളത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളൂ. യരുശലേമിൽ ഈ കുളമുണ്ടായിരുന്നത് ഇന്നത്തെ ബിർകെത് സിൽവാൻ എന്ന ചെറിയ കുളത്തിന്റെ സ്ഥാനത്താണെന്നു വർഷങ്ങളോളം വിശ്വസിച്ചിരുന്നു. എന്നാൽ 2004-ൽ ഈ ചെറിയ കുളത്തിന് ഏതാണ്ട് 100 മീറ്റർ (330 അടി) തെക്കുകിഴക്കായി അതിനെക്കാൾ വലിയൊരു കുളത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അവിടെ ഉത്ഖനനം നടത്തിയപ്പോൾ കണ്ടെത്തിയ നാണയങ്ങൾ, റോമിന് എതിരെ ജൂതവിപ്ലവം നടന്ന കാലത്തേതാണ് (എ.ഡി. 66-നും 70-നും ഇടയ്ക്ക്.). റോമാക്കാർ യരുശലേം നശിപ്പിക്കുന്നതുവരെ ആ കുളം ഉപയോഗത്തിലുണ്ടായിരുന്നു എന്നാണ് അതു തെളിയിക്കുന്നത്. ഈ വലിയ കുളം യോഹ 9:7-ൽ പറഞ്ഞിരിക്കുന്ന ശിലോഹാം കുളംതന്നെയാണെന്ന് ഇന്നു പൊതുവേ അംഗീകരിക്കപ്പെടുന്നു. ഈ ഫോട്ടോയിൽ കാണുന്നതുപോലെ, ആ കുളത്തിന് അതിന്റെ അടിത്തട്ടുവരെ (ഇപ്പോൾ മണ്ണു മൂടിക്കിടക്കുന്ന അടിത്തട്ടിൽ ചെടികളും മറ്റും വളർന്നുനിൽക്കുന്നു.) ചെല്ലുന്ന പടവുകളുണ്ടായിരുന്നു. വീതി കൂടിയ പടികളും ഇടയ്ക്കിടെ കാണാം. അതുകൊണ്ടുതന്നെ കുളത്തിലെ വെള്ളത്തിന്റെ അളവ് കൂടിയാലും കുറഞ്ഞാലും ബുദ്ധിമുട്ടില്ലാതെ ആളുകൾക്ക് അതിൽ ഇറങ്ങാമായിരുന്നു.
1. ശിലോഹാം കുളം
2. ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലം