മർക്കൊസ്‌ എഴുതിയത്‌ 13:1-37

13  യേശു ദേവാലയത്തിൽനിന്ന്‌ പുറത്തേക്ക്‌ ഇറങ്ങുമ്പോൾ ശിഷ്യന്മാരിൽ ഒരാൾ യേശുവിനോട്‌, “ഗുരുവേ, എത്ര മനോഹരമായ കെട്ടിടങ്ങളും കല്ലുകളും!” എന്നു പറഞ്ഞു.+ 2  എന്നാൽ യേശു ആ ശിഷ്യനോടു പറഞ്ഞു: “ഈ വലിയ കെട്ടിടങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും.”+ 3  പിന്നെ യേശു ദേവാലയത്തിന്‌ അഭിമുഖമായി ഒലിവുമലയിൽ ഇരിക്കുമ്പോൾ പത്രോസും യാക്കോബും യോഹന്നാനും അന്ത്രയോസും തനിച്ച്‌ യേശുവിന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ ചോദിച്ചു: 4  “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? ഇതെല്ലാം അവസാനിക്കുന്ന കാലത്തിന്റെ അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?”+ 5  അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+ 6  ‘ഞാനാണു ക്രിസ്‌തു’ എന്നു പറഞ്ഞ്‌ പലരും എന്റെ നാമത്തിൽ വന്ന്‌ അനേകരെ വഴിതെറ്റിക്കും. 7  യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും കേൾക്കുമ്പോൾ നിങ്ങൾ പേടിക്കരുത്‌. അവ സംഭവിക്കേണ്ടതാണ്‌. എന്നാൽ അത്‌ അവസാനമല്ല.+ 8  “ജനത ജനതയ്‌ക്ക്‌ എതിരെയും രാജ്യം രാജ്യത്തിന്‌ എതിരെയും എഴുന്നേൽക്കും.+ ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭൂകമ്പങ്ങൾ ഉണ്ടാകും. കൂടാതെ, ഭക്ഷ്യക്ഷാമങ്ങളും ഉണ്ടാകും.+ ഇതൊക്കെ പ്രസവവേദനയുടെ ആരംഭം മാത്രമാണ്‌.+ 9  “നിങ്ങളോ ജാഗ്രതയോടിരിക്കുക. ആളുകൾ നിങ്ങളെ കോടതിയിൽ ഹാജരാക്കും.+ സിനഗോഗുകളിൽവെച്ച്‌ നിങ്ങളെ തല്ലുകയും+ എന്നെപ്രതി ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കുകയും ചെയ്യും. അങ്ങനെ അവരോടു നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച്‌ പറയാൻ നിങ്ങൾക്ക്‌ അവസരം കിട്ടും.+ 10  മാത്രമല്ല ആദ്യം ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത സകല ജനതകളോടും പ്രസംഗിക്കേണ്ടതാണ്‌.+ 11  അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കാൻ കൊണ്ടുപോകുമ്പോൾ, എന്തു പറയുമെന്നു മുൻകൂട്ടി ചിന്തിച്ച്‌ ഉത്‌കണ്‌ഠപ്പെടേണ്ടാ. ആ സമയത്ത്‌ പരിശുദ്ധാത്മാവ്‌ നിങ്ങൾക്കു നൽകുന്നത്‌ എന്തോ അതു പറയുക. കാരണം സംസാരിക്കുന്നതു നിങ്ങളല്ല, പരിശുദ്ധാത്മാവാണ്‌.+ 12  കൂടാതെ സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ്‌ അവരെ കൊല്ലിക്കും.+ 13  എന്റെ പേര്‌ നിമിത്തം സകലരും നിങ്ങളെ വെറുക്കും.+ എന്നാൽ അവസാനത്തോളം+ സഹിച്ചുനിൽക്കുന്നവൻ+ രക്ഷ നേടും.+ 14  “എന്നാൽ നാശം വിതയ്‌ക്കുന്ന മ്ലേച്ഛവസ്‌തു+ നിൽക്കരുതാത്തിടത്ത്‌ നിൽക്കുന്നതു കാണുമ്പോൾ (വായനക്കാരൻ വിവേചിച്ചെടുക്കട്ടെ.) യഹൂദ്യയിലുള്ളവർ മലകളിലേക്ക്‌ ഓടിപ്പോകട്ടെ.+ 15  പുരമുകളിൽ നിൽക്കുന്നവൻ താഴെ ഇറങ്ങുകയോ വീട്ടിൽനിന്ന്‌ എന്തെങ്കിലും എടുക്കാൻ അകത്ത്‌ കയറുകയോ അരുത്‌.+ 16  വയലിലായിരിക്കുന്നവൻ പുറങ്കുപ്പായം എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്‌. 17  ആ നാളുകളിൽ ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും കാര്യം കഷ്ടംതന്നെ!+ 18  അതു മഞ്ഞുകാലത്ത്‌ സംഭവിക്കാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുക. 19  കാരണം ദൈവം ലോകത്തെ സൃഷ്ടിച്ചതുമുതൽ* അന്നുവരെ* സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ കഷ്ടതയുടെ+ നാളുകളായിരിക്കും അവ.+ 20  യഹോവ ആ നാളുകൾ വെട്ടിച്ചുരുക്കുന്നില്ലെങ്കിൽ ആരും രക്ഷപ്പെടില്ല. എന്നാൽ താൻ തിരഞ്ഞെടുത്തിരിക്കുന്നവരെപ്രതി ദൈവം ആ നാളുകൾ വെട്ടിച്ചുരുക്കും.+ 21  “അന്ന്‌ ആരെങ്കിലും നിങ്ങളോട്‌, ‘ഇതാ, ക്രിസ്‌തു ഇവിടെ’ എന്നോ ‘അതാ, അവിടെ’ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്‌;+ 22  കാരണം കള്ളക്രിസ്‌തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ്‌+ കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും വഴിതെറ്റിക്കാൻ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും. 23  നിങ്ങൾ സൂക്ഷിച്ചുകൊള്ളുക.+ എല്ലാം ഞാൻ മുൻകൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. 24  “എന്നാൽ അക്കാലത്ത്‌, ആ കഷ്ടതയ്‌ക്കു ശേഷം, സൂര്യൻ ഇരുണ്ടുപോകും. ചന്ദ്രൻ വെളിച്ചം തരില്ല.+ 25  നക്ഷത്രങ്ങൾ ആകാശത്തുനിന്ന്‌ വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും. 26  അപ്പോൾ മനുഷ്യപുത്രൻ+ വലിയ ശക്തിയോടെയും മഹത്ത്വത്തോടെയും മേഘങ്ങളിൽ വരുന്നത്‌ അവർ കാണും.+ 27  പിന്നെ മനുഷ്യപുത്രൻ ദൂതന്മാരെ അയയ്‌ക്കും. തിരഞ്ഞെടുത്തിരിക്കുന്നവരെ അവർ ഭൂമിയുടെ അറുതിമുതൽ ആകാശത്തിന്റെ അറുതിവരെ നാലു ദിക്കിൽനിന്നും* കൂട്ടിച്ചേർക്കും.+ 28  “അത്തി മരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ പഠിക്കുക: അതിന്റെ ഇളങ്കൊമ്പ്‌ തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ അറിയുന്നല്ലോ.+ 29  അതുപോലെ, ഇതെല്ലാം സംഭവിക്കുന്നതു കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത്‌ എത്തിയെന്ന്‌, അവൻ വാതിൽക്കലുണ്ടെന്ന്‌, മനസ്സിലാക്കിക്കൊള്ളുക.+ 30  ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 31  ആകാശവും ഭൂമിയും നീങ്ങിപ്പോകും.+ എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല.+ 32  “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+ 33  അതുകൊണ്ട്‌ നോക്കിയിരിക്കൂ! ഉണർന്നിരിക്കൂ!+ നിശ്ചയിച്ചിരിക്കുന്ന സമയം നിങ്ങൾക്ക്‌ അറിയില്ലല്ലോ.+ 34  ഒരു മനുഷ്യൻ വീടിന്റെ ചുമതല അടിമകളെ ഏൽപ്പിച്ചിട്ട്‌ ദൂരദേശത്തേക്കു പോകുന്നതുപോലെയാണ്‌ അത്‌.+ അയാൾ അടിമകളിൽ ഓരോരുത്തർക്കും ഓരോ ജോലി നൽകുകയും ഉണർന്നിരിക്കാൻ വാതിൽക്കാവൽക്കാരനോടു കല്‌പിക്കുകയും ചെയ്‌തു.+ 35  നിങ്ങളും എപ്പോഴും ഉണർന്നിരിക്കുക. കാരണം വീട്ടുകാരൻ വരുന്നതു സന്ധ്യക്കോ അർധരാത്രിക്കോ നേരം പുലരും​മുമ്പോ അതിരാവിലെയോ എപ്പോഴാണെന്ന്‌ അറിയില്ല.+ 36  ഓർക്കാപ്പുറത്ത്‌ വീട്ടുകാരൻ വരുമ്പോൾ നിങ്ങളെ ഉറങ്ങുന്നവരായി കാണരുതല്ലോ.+ 37  നിങ്ങളോടു പറയുന്നതുതന്നെ ഞാൻ എല്ലാവരോടും പറയുന്നു: എപ്പോഴും ഉണർന്നിരിക്കുക.”*+

അടിക്കുറിപ്പുകള്‍

അക്ഷ. “ഇക്കാലംവരെ; ഇപ്പോൾവരെ.”
അക്ഷ. “സൃഷ്ടിയുടെ ആരംഭംമുതൽ.”
അക്ഷ. “നാലു കാറ്റിൽനിന്നും.”
അഥവാ “ഉണർവോടിരിക്കുക.”

പഠനക്കുറിപ്പുകൾ

ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ: മത്ത 24:2-ന്റെ പഠനക്കുറിപ്പു കാണുക.

ദേവാലയത്തിന്‌ അഭിമുഖമായി: അഥവാ “ദേവാലയം കാണാവുന്ന വിധത്തിൽ.” ഒലിവുമലയിൽ നിന്ന്‌ നോക്കിയാൽ ദേവാലയം കാണാം എന്നു മർക്കോസ്‌ ഇവിടെ പറഞ്ഞിരിക്കുന്നു. എന്നാൽ ജൂതന്മാരായ മിക്ക വായനക്കാർക്കും ഇങ്ങനെയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലായിരുന്നു.​—“മർക്കോസ്‌​—ആമുഖം” കാണുക.

അവസാനിക്കുന്ന: ഇവിടെ കാണുന്ന സുന്റേലയോ എന്ന ഗ്രീക്കുക്രിയയ്‌ക്കു മത്ത 24:3-ലെ സമാന്തരവിവരണത്തിൽ കാണുന്ന സുന്റേലയ എന്ന ഗ്രീക്കുനാമവുമായി ബന്ധമുണ്ട്‌. സുന്റേലയ എന്ന പദത്തിന്റെ അർഥം “ഒന്നിച്ചുള്ള അവസാനം; സംയുക്താന്ത്യം; ഒരുമിച്ച്‌ അവസാനിക്കുക” എന്നെല്ലാമാണ്‌. (മത്ത 13:39, 40, 49; 28:20; എബ്ര 9:26 എന്നീ വാക്യങ്ങളിലും സുന്റേലയ എന്ന ഗ്രീക്കുപദം കാണുന്നുണ്ട്‌.) ഇത്‌ ഒരു കാലഘട്ടത്തെയാണ്‌ അർഥമാക്കുന്നത്‌. ആ സമയത്ത്‌ സംയുക്തമായി നടക്കുന്ന ചില സംഭവങ്ങൾ മർ 13:7, 13 വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന സമ്പൂർണമായ “അവസാന”ത്തിലേക്കു നയിക്കും. അവിടെ ‘അവസാനം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌, ടെലോസ്‌ എന്ന മറ്റൊരു ഗ്രീക്കുപദമാണ്‌.​—മർ 13:7, 13 എന്നിവയുടെ പഠനക്കുറിപ്പുകളും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.

അവസാനം: അഥവാ “സമ്പൂർണമായ അവസാനം.” ടെലോസ്‌ എന്ന ഗ്രീക്കുപദമാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാൽ ഇതിൽനിന്ന്‌ വ്യത്യസ്‌തമായി, മത്ത 24:3-ൽ “അവസാനിക്കാൻപോകുന്നു” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു സുന്റേലയ എന്ന ഗ്രീക്കുനാമവും മർ 13:4-ൽ “അവസാനിക്കുന്ന” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതു സുന്റേലയോ എന്ന ഗ്രീക്കുക്രിയയും ആണ്‌.​—മത്ത 24:3-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” എന്നതും കാണുക.

ജനത: ഏത്‌നൊസ്‌ എന്ന ഗ്രീക്കുപദത്തിനു വിശാലമായ അർഥമാണുള്ളത്‌. ഏതെങ്കിലും ഒരു രാഷ്‌ട്രത്തിന്റെ അതിർത്തിക്കുള്ളിലോ ഒരു പ്രത്യേക ഭൂപ്രദേശത്തോ താമസിക്കുന്നവരെ ഇതിനു കുറിക്കാനാകും. ഏതെങ്കിലും ഒരു വംശത്തിൽപ്പെട്ടവരെയും ഇതിന്‌ അർഥമാക്കാനാകും.​—മർ 13:10-ന്റെ പഠനക്കുറിപ്പു കാണുക.

എഴുന്നേൽക്കും: മത്ത 24:7-ന്റെ പഠനക്കുറിപ്പു കാണുക.

പ്രസവവേദന: പ്രസവസമയത്ത്‌ അനുഭവപ്പെടുന്ന തീവ്രവേദനയെയാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം കുറിക്കുന്നത്‌. ഇവിടെ പക്ഷേ, അതു ദുരിതത്തെയും വേദനയെയും കഷ്ടപ്പാടിനെയും കുറിക്കാൻ പൊതുവായ അർഥത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. എന്നാൽ മർ 13:19-ൽ പറഞ്ഞിരിക്കുന്ന ‘കഷ്ടതയുടെ നാളുകൾക്കു’ മുമ്പുള്ള സമയത്ത്‌, മുൻകൂട്ടിപ്പറഞ്ഞിരിക്കുന്ന കുഴപ്പങ്ങളും കഷ്ടതകളും പ്രസവവേദനപോലെതന്നെ കൂടിക്കൂടിവരും എന്നൊരു സൂചനയും അതിലുണ്ടായിരിക്കാം. അതിന്‌ അർഥം ആ സമയത്ത്‌ അവയുടെ എണ്ണവും തീവ്രതയും ദൈർഘ്യവും വർധിക്കാമെന്നാണ്‌.

കോടതി: സുനേദ്രിഒൻ എന്ന ഗ്രീക്കുപദമാണ്‌ ഇവിടെ “കോടതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌. ഈ പദം ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെ കുറിക്കാനാണ്‌. (പദാവലിയിൽ “സൻഹെദ്രിൻ” എന്നതും മത്ത 5:22; 26:59 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.) എന്നാൽ കുറെക്കൂടെ വിശാലമായ ഒരർഥത്തിൽ, ആളുകളുടെ ഒരു കൂടിവരവിനെയോ യോഗത്തെയോ കുറിക്കാനും ഇത്‌ ഉപയോഗിച്ചിരുന്നു. ഇവിടെ അതു സിനഗോഗുകളോടു ചേർന്ന്‌ പ്രവർത്തിച്ചിരുന്ന പ്രാദേശികകോടതികളെ കുറിക്കുന്നു. ആളുകളെ മതഭ്രഷ്ടരാക്കാനും ചാട്ടയ്‌ക്കടിപ്പിക്കാനും ഇത്തരം കോടതികൾക്ക്‌ അധികാരമുണ്ടായിരുന്നു.​—മത്ത 10:17; 23:34; ലൂക്ക 21:12; യോഹ 9:22; 12:42; 16:2.

സന്തോഷവാർത്ത: മത്ത 24:14-ന്റെ പഠനക്കുറിപ്പു കാണുക.

സകല ജനതകളോടും: പ്രസംഗപ്രവർത്തനം എത്ര വിപുലമായി ചെയ്യേണ്ടതുണ്ടെന്നാണ്‌ ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്‌. ഇതു സഹജൂതന്മാരുടെ ഇടയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രവർത്തനമായിരിക്കില്ല എന്ന സൂചന അതു ശിഷ്യന്മാർക്കു നൽകി. ഇവിടെ “ജനത” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിനു (ഏത്‌നൊസ്‌) പരസ്‌പരം കുറെയൊക്കെ ബന്ധമുള്ള, ഒരേ ഭാഷ സംസാരിക്കുന്ന ഒരു കൂട്ടം ആളുകളെ കുറിക്കാനാകും. ഒരേ രാഷ്‌ട്രത്തിൽനിന്നുള്ളവരോ ഒരേ വംശക്കാരോ ആയ ഇവർ മിക്കപ്പോഴും തങ്ങളുടേതായ ഒരു ഭൂപ്രദേശത്ത്‌ ഒരുമിച്ച്‌ താമസിക്കുന്നവരായിരിക്കും.

കൊണ്ടുപോകുമ്പോൾ: ആഗൊ എന്ന ഗ്രീക്കുക്രിയ, “അറസ്റ്റു ചെയ്യുക; കസ്റ്റഡിയിൽ എടുക്കുക” എന്ന അർഥത്തിൽ നിയമസംബന്ധമായ ഒരു സാങ്കേതികപദമായിട്ടാണ്‌ ഇവിടെ ഉപയോഗിച്ചിരിക്കുന്നത്‌. അതിൽ ബലപ്രയോഗവും ഉൾപ്പെടാം.

അവസാനത്തോളം: അഥവാ “സമ്പൂർണമായ അവസാനത്തോളം; അന്തിമമായ പരിസമാപ്‌തിയോളം.”​—മർ 13:7-ന്റെ പഠനക്കുറിപ്പു കാണുക.

സഹിച്ചുനിൽക്കുന്നവൻ: അഥവാ “സഹിച്ചുനിന്നവൻ.” ‘സഹിച്ചുനിൽക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയുടെ (ഹുപ്പൊമെനോ) അക്ഷരാർഥം “കീഴിൽ തുടരുക (കഴിയുക)” എന്നാണ്‌. ആ പദം മിക്കപ്പോഴും, “ഓടിപ്പോകാതെ ഒരിടത്തുതന്നെ തുടരുക; ഉറച്ചുനിൽക്കുക; മടുത്ത്‌ പിന്മാറാതിരിക്കുക; കുലുങ്ങിപ്പോകാതിരിക്കുക” എന്നീ അർഥങ്ങളിലാണ്‌ ഉപയോഗിച്ചിട്ടുള്ളത്‌. (മത്ത 10:22; റോമ 12:12; എബ്ര 10:32; യാക്ക 5:11) എതിർപ്പുകളും പരിശോധനകളും ഉള്ളപ്പോഴും ക്രിസ്‌തുശിഷ്യരായി ജീവിക്കുന്നതിനെയാണ്‌ ഇവിടെ ആ പദംകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌.​—മർ 13:11-13.

യഹോവ: ഗ്രീക്ക്‌ കൈയെഴുത്തുപ്രതികളിൽ ഈ ഭാഗത്ത്‌ കിരിയോസ്‌ (കർത്താവ്‌) എന്ന പദമാണു കാണുന്നതെങ്കിലും ഇവിടെ ദൈവനാമം ഉപയോഗിക്കാൻ തക്കതായ കാരണങ്ങളുണ്ട്‌. കിരിയോസ്‌ എന്ന പദം ദൈവത്തെയാണു കുറിക്കുന്നതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. കാരണം യേശു ശിഷ്യന്മാരോടു സംസാരിച്ചുകൊണ്ടിരുന്നത്‌, മഹാകഷ്ടതയുടെ സമയത്ത്‌ തന്റെ പിതാവ്‌ ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ചാണ്‌. ഇതു ദൈവമായ യഹോവയെയാണു കുറിക്കുന്നതെന്നു മറ്റനേകം ബൈബിൾ പരിഭാഷകളും സൂചിപ്പിക്കുന്നുണ്ട്‌. അതിനായി ആ പരിഭാഷകൾ ഈ വാക്യത്തിലോ അതിന്റെ അടിക്കുറിപ്പിലോ മാർജിനിലെ കുറിപ്പുകളിലോ യഹോവ, യാഹ്‌വെ, יהוה (യ്‌ഹ്‌വ്‌ഹ്‌ എന്ന എബ്രായചതുരക്ഷരി), കർത്താവ്‌ (വല്യക്ഷരത്തിൽ LORD), അദോനായ്‌ (വല്യക്ഷരത്തിൽ ADONAI) എന്നീ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്‌. (അനു. സി കാണുക.) ഇനി, യേശുവിന്റെ പ്രവചനത്തിലെ ഈ വാക്കുകൾക്ക്‌ എബ്രായതിരുവെഴുത്തുകളിൽ ദൈവനാമം ഉപയോഗിച്ചിരിക്കുന്ന ചില പ്രവചനഭാഗങ്ങളുമായി സാദൃശ്യമുണ്ട്‌ എന്നതും ശ്രദ്ധേയമാണ്‌. [യശ 1:9; 65:8; യിര 46:28 (സെപ്‌റ്റുവജിന്റിൽ 26:28); ആമോ 9:8] ഈ നാലു വാക്യങ്ങളുടെയും എബ്രായപാഠത്തിൽ ചതുരക്ഷരി കാണുന്നുണ്ടെങ്കിലും സെപ്‌റ്റുവജിന്റിന്റെ ഇപ്പോഴുള്ള പ്രതികളിൽ ആ ഭാഗത്ത്‌ കിരിയോസ്‌ എന്ന പദമാണു കാണുന്നത്‌. വ്യാകരണനിയമമനുസരിച്ച്‌ ഈ പദത്തോടൊപ്പം നിശ്ചായക ഉപപദം (definite article) കാണാൻ പ്രതീക്ഷിക്കുമെങ്കിലും ആ വാക്യങ്ങളുടെ സെപ്‌റ്റുവജിന്റ്‌ പരിഭാഷയിൽ അതു കാണുന്നില്ല. മർ 13:20-ന്റെ കാര്യത്തിലും സമാനമായ ഒരു കാര്യം പണ്ഡിതന്മാരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്‌. അവിടെയും കിരിയോസ്‌ എന്ന പദത്തിനു മുമ്പ്‌ വരാൻ പ്രതീക്ഷിക്കുന്ന നിശ്ചായക ഉപപദം കാണുന്നില്ല. ഈ വസ്‌തുതയും സൂചിപ്പിക്കുന്നത്‌, മർ 13:20-ൽ ദൈവനാമത്തിനു പകരമായിട്ടാണു കിരിയോസ്‌ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്‌ എന്നാണ്‌.

കള്ളക്രിസ്‌തുക്കൾ: അഥവാ “കള്ളമിശിഹമാർ.” ഗ്രീക്കുപദമായ പ്‌സൂഡോക്രിസ്റ്റോസ്‌ ഇവിടെയും മത്ത 24:24-ലെ സമാന്തരവിവരണത്തിലും മാത്രമേ കാണുന്നുള്ളൂ. താൻ ക്രിസ്‌തു അഥവാ മിശിഹ (അക്ഷ. “അഭിഷിക്തൻ.”) ആണെന്നു തെറ്റായി അവകാശവാദം ഉന്നയിക്കുന്നവരെയാണ്‌ ഇത്‌ അർഥമാക്കുന്നത്‌.​—മത്ത 24:5-ന്റെ പഠനക്കുറിപ്പു കാണുക.

മേഘങ്ങൾ: മേഘങ്ങൾ സാധാരണഗതിയിൽ കാഴ്‌ചയെ മറയ്‌ക്കുകയാണു ചെയ്യുന്നത്‌, അല്ലാതെ കാണാൻ സഹായിക്കുകയല്ല. എന്നാൽ നിരീക്ഷകർക്കു തങ്ങളുടെ മനക്കണ്ണുകളാൽ അഥവാ ഗ്രഹണശക്തിയാൽ കാര്യങ്ങൾ ‘കാണാനാകും.’—പ്രവൃ 1:9.

കാണും: മത്ത 24:30-ന്റെ പഠനക്കുറിപ്പുകൾ കാണുക.

നാലു ദിക്ക്‌: മത്ത 24:31-ന്റെ പഠനക്കുറിപ്പു കാണുക.

ദൃഷ്ടാന്തം: മത്ത 24:32-ന്റെ പഠനക്കുറിപ്പു കാണുക.

ആകാശവും ഭൂമിയും നീങ്ങിപ്പോകും: ആകാശവും ഭൂമിയും എന്നും നിലനിൽക്കുമെന്നാണു മറ്റു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നത്‌. (ഉൽ 9:16; സങ്ക 104:5; സഭ 1:4) അതിൽനിന്ന്‌, യേശുവിന്റെ ഈ വാക്കുകൾ അതിശയോക്തിയായിരുന്നെന്ന്‌ അനുമാനിക്കാം. ആകാശവും ഭൂമിയും നീങ്ങിപ്പോകുക എന്ന അസംഭവ്യമായ കാര്യം ഒരുപക്ഷേ സംഭവിച്ചാൽപ്പോലും യേശുവിന്റെ വാക്കുകൾ നിറവേറും എന്നായിരിക്കാം അതിന്റെ അർഥം. (മത്ത 5:18 താരതമ്യം ചെയ്യുക.) ഇനി ഇത്‌, വെളി 21:1-ൽ “പഴയ ആകാശവും പഴയ ഭൂമിയും” എന്നു വിളിച്ചിരിക്കുന്ന ആലങ്കാരികാർഥത്തിലുള്ള ആകാശവും ഭൂമിയും ആയിരിക്കാനും സാധ്യതയുണ്ട്‌.

എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല: ഗ്രീക്കുപാഠത്തിൽ ഇവിടെ ക്രിയയോടൊപ്പം നിഷേധാർഥത്തിലുള്ള രണ്ടു വാക്കുകൾ ഉപയോഗിച്ചിരിക്കുന്നു. ഒരു കാര്യം ഒരിക്കലും സംഭവിക്കില്ലെന്ന വസ്‌തുത ഊന്നിപ്പറയുന്നതിനുള്ള ഒരു രീതിയാണ്‌ അത്‌. യേശുവിന്റെ വാക്കുകൾക്ക്‌ ഒരിക്കലും മാറ്റം വരില്ലെന്നാണ്‌ അതു സൂചിപ്പിക്കുന്നത്‌. ചില കൈയെഴുത്തുപ്രതികളിൽ നിഷേധാർഥത്തിലുള്ള ആ പദങ്ങളിൽ ഒന്നു മാത്രമേ കാണുന്നുള്ളൂ എങ്കിലും ഊന്നലിനായി ആ രണ്ടു പദങ്ങളും ഉപയോഗിക്കുന്നതിനെയാണ്‌ മിക്ക കൈയെഴുത്തുപ്രതികളും പിന്തുണയ്‌ക്കുന്നത്‌.

വാതിൽക്കാവൽക്കാരൻ: പുരാതനകാലത്ത്‌ നഗരങ്ങളുടെയും ക്ഷേത്രങ്ങളുടെയും ചിലപ്പോഴൊക്കെ വീടുകളുടെയും കവാടത്തിൽ വാതിൽക്കാവൽക്കാരെ അഥവാ കവാടംസൂക്ഷിപ്പുകാരെ നിറുത്തിയിരുന്നു. രാത്രിയിൽ കവാടങ്ങളും വാതിലുകളും അടച്ചിട്ടുണ്ട്‌ എന്ന്‌ ഉറപ്പുവരുത്തുന്നതിനു പുറമേ കാവൽജോലിയും ഇവർ ചെയ്‌തിരുന്നു. (2ശമു 18:24, 26; 2രാജ 7:10, 11; എസ്ഥ 2:21-23; 6:2; യോഹ 18:17) ഒരു ക്രിസ്‌ത്യാനിയെ ഒരു വീടിന്റെ വാതിൽക്കാവൽക്കാരനോടു താരതമ്യപ്പെടുത്തിയതിലൂടെ, താൻ ഭാവിയിൽ ന്യായവിധി നടപ്പാക്കാൻ വരുന്നതും നോക്കി ക്രിസ്‌ത്യാനികൾ ജാഗ്രതയോടെ ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറയുകയായിരുന്നു യേശു.​—മർ 13:26.

എപ്പോഴും ഉണർന്നിരിക്കുക: ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “ഉണർന്നിരിക്കുക” എന്നാണെങ്കിലും പല സന്ദർഭങ്ങളിലും ഇതിന്റെ അർഥം “ജാഗ്രതയോടിരിക്കുക; ശ്രദ്ധയോടിരിക്കുക” എന്നൊക്കെയാണ്‌. ഈ വാക്യത്തിനു പുറമേ മർ 13:34, 37; 14:34, 37, 38 എന്നീ വാക്യങ്ങളിലും മർക്കോസ്‌ ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌.​—മത്ത 24:42; 26:38; മർ 14:34 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

സന്ധ്യക്കോ: ഈ വാക്യത്തിൽ രാത്രിയുടെ നാലു യാമങ്ങളെക്കുറിച്ചാണു പറഞ്ഞിരിക്കുന്നത്‌. ഗ്രീക്ക്‌, റോമൻ സമ്പ്രദായമനുസരിച്ച്‌ വൈകിട്ട്‌ 6 മണിമുതൽ രാവിലെ 6 മണിവരെയുള്ള സമയം മൂന്നു മണിക്കൂർ വീതമുള്ള നാലു യാമങ്ങളായി തിരിച്ചിരുന്നു. (ഈ വാക്യത്തിലെ തുടർന്നുള്ള പഠനക്കുറിപ്പുകളും കാണുക.) എന്നാൽ മുമ്പ്‌ എബ്രായരുടെ രീതി, രാത്രിയെ നാലു മണിക്കൂർ വീതമുള്ള മൂന്നു യാമങ്ങളായി തിരിക്കുന്നതായിരുന്നു. (പുറ 14:24; ന്യായ 7:19) പക്ഷേ യേശുവിന്റെ കാലമായപ്പോഴേക്കും അവരും റോമൻ സമ്പ്രദായം സ്വീകരിച്ചിരുന്നു. ഈ വാക്യത്തിലെ “സന്ധ്യ” എന്ന പദപ്രയോഗം രാത്രിയുടെ ആദ്യയാമത്തെ കുറിക്കുന്നു. സൂര്യാസ്‌തമയംമുതൽ രാത്രി ഏകദേശം 9 മണിവരെ നീളുന്നതായിരുന്നു അത്‌.​—മത്ത 14:25-ന്റെ പഠനക്കുറിപ്പു കാണുക.

അർധരാത്രിക്കോ: ഗ്രീക്ക്‌, റോമൻ സമ്പ്രദായമനുസരിച്ച്‌ ഇതു രാത്രിയുടെ രണ്ടാം യാമത്തെ കുറിക്കുന്നു. രാത്രി ഏകദേശം 9 മണിമുതൽ അർധരാത്രിവരെ നീളുന്നതായിരുന്നു ഇത്‌.​—ഈ വാക്യത്തിലെ സന്ധ്യക്കോ എന്നതിന്റെ പഠനക്കുറിപ്പു കാണുക.

നേരം പുലരുംമുമ്പോ: അക്ഷ. “കോഴി കൂകുന്ന നേരത്തോ.” ഗ്രീക്ക്‌, റോമൻ സമ്പ്രദായമനുസരിച്ചുള്ള (രാത്രിയുടെ) മൂന്നാം യാമം ഇങ്ങനെയാണ്‌ അറിയപ്പെട്ടിരുന്നത്‌. അർധരാത്രിമുതൽ അതിരാവിലെ ഏകദേശം 3 മണിവരെ നീളുന്നതായിരുന്നു ഇത്‌. (ഈ വാക്യത്തിലെ മുൻ പഠനക്കുറിപ്പുകൾ കാണുക.) സാധ്യതയനുസരിച്ച്‌, ‘കോഴി കൂകിയതായി’ പറഞ്ഞിരിക്കുന്ന സംഭവം നടന്നത്‌ ഈ സമയത്തായിരിക്കാം. (മർ 14:72) മെഡിറ്ററേനിയനു കിഴക്കുള്ള നാടുകളിൽ സമയം കണക്കാക്കാൻ ആളുകൾ പണ്ടുമുതലേ കോഴിയുടെ കൂകൽ ഉപയോഗപ്പെടുത്തിയിരുന്നതായി പൊതുവേ അംഗീകരിക്കപ്പെടുന്നു. തെളിവനുസരിച്ച്‌ ഇന്നും ആ രീതി ഉപയോഗത്തിലുണ്ട്‌.​—മത്ത 26:34; മർ 14:30, 72 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

അതിരാവിലെയോ: ഗ്രീക്ക്‌, റോമൻ സമ്പ്രദായമനുസരിച്ച്‌ ഇതു രാത്രിയുടെ നാലാം യാമത്തെ കുറിക്കുന്നു. അതിരാവിലെ ഏകദേശം 3 മണിമുതൽ സൂര്യോദയംവരെ നീളുന്നതായിരുന്നു ഇത്‌.​—ഈ വാക്യത്തിലെ മുൻ പഠനക്കുറിപ്പുകൾ കാണുക.

ദൃശ്യാവിഷ്കാരം

ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ
ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ

ഈ ചിത്ര​ത്തിൽ കാണുന്ന കല്ലുകൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെന്നു കരുത​പ്പെ​ടു​ന്നു. പടിഞ്ഞാ​റേ മതിലി​ന്റെ തെക്കൻ ഭാഗത്താണ്‌ അവ കിടക്കു​ന്നത്‌. റോമാ​ക്കാർ യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും നശിപ്പി​ച്ച​തി​ന്റെ ദുഃഖ​സ്‌മ​ര​ണ​യാ​യി അവ നില​കൊ​ള്ളു​ന്നു.

ഒലിവു​മല
ഒലിവു​മല

യരുശ​ലേം​ന​ഗ​ര​ത്തി​നു കിഴക്ക്‌, കി​ദ്രോൻ താഴ്‌വ​ര​യ്‌ക്ക്‌ അപ്പുറ​ത്താ​യി സ്ഥിതി​ചെ​യ്യുന്ന ചുണ്ണാ​മ്പു​കൽ മലനി​ര​യാണ്‌ ഒലിവു​മല (1); അതിലെ മലകൾ പൊതു​വേ ഉരുണ്ട​താണ്‌. അതിൽ ഒരു മല, ദേവാ​ലയം സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലത്തിനു (2) നേരെ എതിർവ​ശ​ത്താണ്‌. പൊതു​വേ അതി​നെ​യാ​ണു ബൈബി​ളിൽ ഒലിവു​മല എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ഏതാണ്ട്‌ 812 മീ. (2,644 അടി) ആണ്‌ അതിന്റെ ഉയരം. ഒലിവു​മ​ല​യി​ലുള്ള ഏതോ ഒരു സ്ഥലത്തു​വെ​ച്ചാ​ണു യേശു തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം ശിഷ്യ​ന്മാർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തത്‌.