മത്തായി എഴുതിയത്‌ 11:1-30

11  തന്റെ 12 ശിഷ്യന്മാർക്കു നിർദേശങ്ങൾ കൊടുത്തശേഷം, യേശു മറ്റു നഗരങ്ങളിൽ പഠിപ്പിക്കാനും പ്രസംഗിക്കാനും പോയി.+  ജയിലിലായിരുന്ന യോഹന്നാൻ+ ക്രിസ്‌തുവിന്റെ പ്രവൃത്തികളെക്കുറിച്ച്‌ കേട്ടിട്ട്‌ തന്റെ ശിഷ്യന്മാരെ അയച്ച്‌+  അദ്ദേഹത്തോട്‌, “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ”+ എന്നു ചോദിച്ചു.  യേശു അവരോടു പറഞ്ഞു: “നിങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്‌, പോയി യോഹന്നാനെ അറിയിക്കുക:+  അന്ധർ കാണുന്നു,+ മുടന്തർ നടക്കുന്നു, കുഷ്‌ഠരോഗികൾ+ ശുദ്ധരാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു, ദരിദ്രരോടു സന്തോഷവാർത്ത അറിയിക്കുന്നു.+  ഞാൻ കാരണം വിശ്വാസത്തിൽനിന്ന്‌ വീണുപോകാത്തവൻ സന്തുഷ്ടൻ.”+  അവർ പോയപ്പോൾ യേശു ജനക്കൂട്ടത്തോടു യോഹന്നാനെക്കുറിച്ച്‌ ഇങ്ങനെ പറഞ്ഞുതുടങ്ങി: “നിങ്ങൾ എന്തു കാണാനാണു വിജനഭൂമിയിലേക്കു പോയത്‌?+ കാറ്റത്ത്‌ ആടിയുലയുന്ന ഈറ്റയോ?+  അല്ല, നിങ്ങൾ എന്തു കാണാനാണു പോയത്‌? പട്ടുവസ്‌ത്രം* ധരിച്ച മനുഷ്യനെയോ? പട്ടുവസ്‌ത്രങ്ങൾ ധരിക്കുന്നവർ രാജകൊട്ടാരങ്ങളിലല്ലേ ഉള്ളത്‌?  അല്ലെങ്കിൽപ്പിന്നെ നിങ്ങൾ എന്തിനു പോയി? ഒരു പ്രവാചകനെ കാണാനോ? ശരിയാണ്‌, എന്നാൽ പ്രവാചകനിലും വലിയവനെത്തന്നെ എന്നു ഞാൻ പറയുന്നു.+ 10  ‘ഇതാ, ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ* അയയ്‌ക്കുന്നു; അവൻ മുമ്പേ പോയി നിനക്കു വഴി ഒരുക്കും’ എന്ന്‌ എഴുതിയിരിക്കുന്നത്‌ ഈ യോഹന്നാനെക്കുറിച്ചാണ്‌!+ 11  സ്‌ത്രീകൾക്കു ജനിച്ചവരിൽ സ്‌നാപകയോഹന്നാനെക്കാൾ വലിയവനായി ആരും എഴുന്നേറ്റിട്ടില്ല. എന്നാൽ സ്വർഗരാജ്യത്തിലെ ചെറിയവരിൽ ഒരാൾപ്പോലും യോഹന്നാനെക്കാൾ വലിയവനാണ്‌ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.+ 12  സ്‌നാപകയോഹന്നാന്റെ കാലംമുതൽ ഇന്നോളം സ്വർഗരാജ്യം എന്ന ലക്ഷ്യത്തിൽ എത്താനാണു മനുഷ്യർ പരിശ്രമിക്കുന്നത്‌. വിടാതെ പരിശ്രമിക്കുന്നവർ അതു കൈവശമാക്കുകയും ചെയ്യുന്നു.+ 13  എല്ലാ പ്രവാചകന്മാരും നിയമവും യോഹന്നാന്റെ കാലംവരെ പ്രവചിച്ചു.+ 14  ‘വരാനിരിക്കുന്ന ഏലിയ’ യോഹന്നാൻതന്നെ എന്നു മനസ്സുണ്ടെങ്കിൽ അംഗീകരിക്കുക.+ 15  ചെവിയുള്ളവൻ കേൾക്കട്ടെ.+ 16  “ഈ തലമുറയെ ഞാൻ ആരോട്‌ ഉപമിക്കും?+ അവർ ചന്തസ്ഥലങ്ങളിൽ ഇരുന്ന്‌ കളിക്കൂട്ടുകാരോട്‌ ഇങ്ങനെ വിളിച്ചുപറയുന്ന കുട്ടികളെപ്പോലെയാണ്‌: 17  ‘ഞങ്ങൾ നിങ്ങൾക്കായി കുഴലൂതി, നിങ്ങളോ നൃത്തം ചെയ്‌തില്ല. ഞങ്ങൾ വിലാപഗീതം പാടി, നിങ്ങളോ നെഞ്ചത്തടിച്ചില്ല.’ 18  അതുപോലെ യോഹന്നാൻ തിന്നാത്തവനും കുടിക്കാത്തവനും+ ആയി വന്നപ്പോൾ, ‘അവനു ഭൂതബാധയുണ്ട്‌ ’ എന്ന്‌ ആളുകൾ പറഞ്ഞു. 19  എന്നാൽ മനുഷ്യപുത്രൻ തിന്നുകയും കുടിക്കുകയും ചെയ്യുന്നവനായി വന്നപ്പോൾ+ ‘ഇതാ! തീറ്റിപ്രിയനും വീഞ്ഞുകുടിയനും ആയ മനുഷ്യൻ, നികുതിപിരിവുകാരുടെയും പാപികളുടെയും കൂട്ടുകാരൻ’+ എന്ന്‌ അവർ പറഞ്ഞു. പക്ഷേ ജ്ഞാനം അതിന്റെ പ്രവൃത്തികളാൽ* നീതിയുള്ളതെന്നു തെളിയും.”*+ 20  പിന്നെ, തന്റെ അത്ഭുതങ്ങൾ മിക്കതും നടന്ന നഗരങ്ങൾ മാനസാന്തരപ്പെടാഞ്ഞതുകൊണ്ട്‌+ യേശു അവയെ അപലപിച്ചു: 21  “കോരസീനേ, ബേത്ത്‌സയിദേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ സോരിലും സീദോനിലും നടന്നിരുന്നെങ്കിൽ അവർ പണ്ടേ വിലാപവസ്‌ത്രം ധരിച്ച്‌ ചാരത്തിൽ ഇരുന്ന്‌ പശ്ചാത്തപിച്ചേനേ.+ 22  അതുകൊണ്ട്‌ സോരിനും സീദോനും+ ന്യായവിധിദിവസം ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും നിങ്ങളുടേത്‌+ എന്നു ഞാൻ പറയുന്നു. 23  നീയോ കഫർന്നഹൂമേ,+ നീ ആകാശത്തോളം ഉയരുമോ? നിന്നെ ശവക്കുഴിയോളം താഴ്‌ത്തും.+ നിന്നിൽ നടന്ന അത്ഭുതപ്രവൃത്തികൾ സൊദോമിൽ നടന്നിരുന്നെങ്കിൽ അത്‌ ഇന്നോളം നിലനിന്നേനേ. 24  അതുകൊണ്ട്‌ ന്യായവിധിദിവസം സൊദോമിനു ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും നിന്റേതെന്നു ഞാൻ പറയുന്നു.”+ 25  പിന്നെ യേശു പറഞ്ഞു: “‘പിതാവേ, സ്വർഗത്തിന്റെയും ഭൂമിയുടെയും നാഥാ,* അങ്ങ്‌ ഇക്കാര്യങ്ങൾ ജ്ഞാനികളിൽനിന്നും ബുദ്ധിശാലികളിൽനിന്നും മറച്ചുവെച്ച്‌ കുട്ടികൾക്കു വെളിപ്പെടുത്തിയതുകൊണ്ട്‌+ ഞാൻ അങ്ങയെ പരസ്യമായി സ്‌തുതിക്കുന്നു. 26  അതെ പിതാവേ, അങ്ങനെ ചെയ്യാനാണല്ലോ അങ്ങ്‌ തീരുമാനിച്ചത്‌.’ 27  പിതാവ്‌ എല്ലാം എന്നെ ഏൽപ്പിച്ചിരിക്കുന്നു.+ പിതാവല്ലാതെ ആരും പുത്രനെ പൂർണമായി അറിയുന്നില്ല.+ പുത്രനും പുത്രൻ വെളിപ്പെടുത്തിക്കൊടുക്കാൻ താത്‌പര്യപ്പെടുന്നവനും അല്ലാതെ ആരും പിതാവിനെയും പൂർണമായി അറിയുന്നില്ല.+ 28  കഷ്ടപ്പെടുന്നവരേ,* ഭാരങ്ങൾ ചുമന്ന്‌ വലയുന്നവരേ, നിങ്ങളെല്ലാവരും എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം. 29  എന്റെ നുകം വഹിച്ച്‌ എന്നിൽനിന്ന്‌ പഠിക്കൂ.* ഞാൻ സൗമ്യനും+ താഴ്‌മയുള്ളവനും ആയതുകൊണ്ട്‌+ നിങ്ങൾക്ക്‌ ഉന്മേഷം കിട്ടും; 30  കാരണം, എന്റെ നുകം മൃദുവും* എന്റെ ചുമടു ഭാരം കുറഞ്ഞതും ആണ്‌.”

അടിക്കുറിപ്പുകള്‍

അഥവാ “മേത്തരം (ആഡംബര) വസ്‌ത്രം.”
അഥവാ “ദൈവദൂതനെ.”
അഥവാ “ജ്ഞാനത്തെ അതിന്റെ പ്രവൃത്തികൾ സാധൂകരിക്കും.”
അഥവാ “അന്തിമഫലത്താൽ.”
അക്ഷ. “കർത്താവേ.”
മറ്റൊരു സാധ്യത “ക്ഷീണിച്ച്‌ തളർന്നവരേ.”
അഥവാ “എന്റെ ശിഷ്യരാകൂ.”
അഥവാ “ചുമക്കാൻ എളുപ്പമുള്ളതും; സുഖകരവും.”

പഠനക്കുറിപ്പുകൾ

പഠിപ്പി​ക്കു​ക​യും . . . പ്രസം​ഗി​ക്കു​ക​യും: പഠിപ്പി​ക്ക​ലും പ്രസം​ഗി​ക്ക​ലും തമ്മിൽ വ്യത്യാ​സ​മുണ്ട്‌. പ്രസം​ഗി​ക്കുന്ന ആൾ ഒരു കാര്യം ഘോഷി​ക്കുക മാത്രം ചെയ്യുന്നു. എന്നാൽ പഠിപ്പി​ക്കു​ന്ന​യാൾ അതിലും കൂടുതൽ ചെയ്യു​ന്നുണ്ട്‌—അദ്ദേഹം അറിവ്‌ പകർന്നു​കൊ​ടു​ക്കു​ന്നു, വിശദീ​ക​രി​ക്കു​ന്നു, ബോധ്യം​വ​രു​ത്തുന്ന വാദങ്ങൾ ഉപയോ​ഗി​ക്കു​ന്നു, തെളി​വു​കൾ നിരത്തു​ന്നു.​—മത്ത 3:1; 28:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മറ്റു നഗരങ്ങൾ: തെളി​വ​നു​സ​രിച്ച്‌ ആ പ്രദേ​ശത്തെ (ഗലീല​യി​ലെ) ജൂതന​ഗ​രങ്ങൾ.

പഠിപ്പി​ക്കു​ക​യും . . . പ്രസം​ഗി​ക്കു​ക​യും: മത്ത 4:23-ന്റെ പഠനക്കു​റി​പ്പു കാണുക.

ക്രിസ്‌തു: ഗ്രീക്കിൽ “ക്രിസ്‌തു” എന്ന സ്ഥാന​പ്പേ​രി​നു മുമ്പ്‌ ഒരു നിശ്ചായക ഉപപദം (definite article) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇത്‌ മിശിഹ എന്ന നിലയി​ലുള്ള യേശു​വി​ന്റെ സ്ഥാനത്തിന്‌ ഊന്നൽ നൽകാ​നാ​യി​രി​ക്കാം.

ക്രിസ്‌തു: “അഭിഷി​ക്തൻ” എന്ന്‌ അർഥമുള്ള “ക്രിസ്‌തു” എന്ന സ്ഥാന​പ്പേ​രി​നു മുമ്പ്‌ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം (definite article) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. മുൻകൂ​ട്ടി​പ്പറഞ്ഞ മിശിഹ അഥവാ അഭിഷി​ക്തൻ യേശു​വാ​ണെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. ഒരു പ്രത്യേ​ക​സ്ഥാ​നം വഹിക്കാൻ അഭി​ഷേകം ചെയ്യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു യേശു.​— മത്ത 1:1; 2:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ക്രിസ്‌തു: ക്രിസ്‌തോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നിരി​ക്കുന്ന സ്ഥാന​പ്പേര്‌. “മിശിഹ” (എബ്രാ​യ​യിൽ മാഷി​യാക്‌) എന്ന സ്ഥാന​പ്പേ​രി​നു തുല്യ​മായ പദമാണ്‌ ഇത്‌. ഈ രണ്ടു വാക്കു​ക​ളു​ടെ​യും അർഥം “അഭിഷി​ക്തൻ” എന്നാണ്‌. ബൈബിൾക്കാ​ല​ങ്ങ​ളിൽ ഭരണാ​ധി​കാ​രി​കളെ തൈലം​കൊണ്ട്‌ അഭി​ഷേകം ചെയ്യുന്ന ആചാരം നിലവി​ലു​ണ്ടാ​യി​രു​ന്നു.

വരാനി​രി​ക്കു​ന്ന​യാൾ: അതായത്‌, മിശിഹ.​—സങ്ക 118:26; മത്ത 3:11; 21:9; 23:39.

ഒരു കുഷ്‌ഠ​രോ​ഗി: ഗുരു​ത​ര​മായ ഒരു ചർമ​രോ​ഗം ബാധി​ച്ച​യാൾ. ഇന്നു കുഷ്‌ഠം എന്ന പേരിൽ അറിയ​പ്പെ​ടുന്ന രോഗത്തെ മാത്രമല്ല ബൈബി​ളിൽ കുഷ്‌ഠം എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ആർക്കെ​ങ്കി​ലും കുഷ്‌ഠ​മാ​ണെന്നു തെളി​ഞ്ഞാൽ അതു സുഖമാ​കു​ന്ന​തു​വരെ സമൂഹം അദ്ദേഹ​ത്തി​നു ഭ്രഷ്ട്‌ കല്‌പി​ച്ചി​രു​ന്നു.​—ലേവ 13:2, അടിക്കു​റിപ്പ്‌, 45, 46; പദാവ​ലി​യിൽ “കുഷ്‌ഠം; കുഷ്‌ഠ​രോ​ഗി” കാണുക.

കുഷ്‌ഠ​രോ​ഗി​കൾ: മത്ത 8:2-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “കുഷ്‌ഠം; കുഷ്‌ഠ​രോ​ഗി” എന്നതും കാണുക.

ഇതാ: “ഇതാ” എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഇദൗ എന്ന ഗ്രീക്കു​പദം, തുടർന്നു പറയാൻപോ​കുന്ന കാര്യ​ത്തി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നാ​ണു മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നത്‌. ഒരു രംഗം ഭാവന​യിൽ കാണാ​നോ വിവര​ണ​ത്തി​ലെ ഏതെങ്കി​ലും ഒരു പ്രത്യേ​ക​വി​ശ​ദാം​ശ​ത്തി​നു ശ്രദ്ധ കൊടു​ക്കാ​നോ അതു വായന​ക്കാ​രനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഊന്നലി​നു​വേ​ണ്ടി​യും പുതി​യ​തോ അതിശ​യ​ക​ര​മോ ആയ എന്തെങ്കി​ലും കാര്യം അവതരി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും ഇത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മത്തായി​യു​ടെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളി​ലും വെളി​പാ​ടു​പു​സ്‌ത​ക​ത്തി​ലും ആണ്‌ ഇത്‌ അധിക​വും കാണു​ന്നത്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലും ഇതിനു തുല്യ​മായ ഒരു പ്രയോ​ഗം ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

സ്‌നാ​പ​കൻ: അഥവാ “നിമജ്ജനം ചെയ്യു​ന്നവൻ; മുക്കു​ന്നവൻ.”​—മത്ത 3:1-ന്റെ പഠനക്കു​റി​പ്പു കാണുക.

സത്യമാ​യി: മത്ത 5:18-ന്റെ പഠനക്കു​റി​പ്പു കാണുക.

സത്യമാ​യി: ഗ്രീക്കിൽ അമീൻ. “അങ്ങനെ​യാ​കട്ടെ,” “തീർച്ച​യാ​യും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രാ​യ​പ​ദ​ത്തി​ന്റെ ലിപ്യ​ന്ത​രണം. ഒരു പ്രസ്‌താ​വ​ന​യോ വാഗ്‌ദാ​ന​മോ പ്രവച​ന​മോ ഉച്ചരി​ക്കു​ന്ന​തി​നു മുമ്പ്‌ യേശു പലപ്പോ​ഴും ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയ​യോ​ഗ്യ​വും ആണെന്നു കാണി​ക്കാ​നാ​യി​രു​ന്നു ഇത്‌. വിശു​ദ്ധ​ലി​ഖി​ത​ങ്ങ​ളിൽ “സത്യമാ​യും” (അമീൻ) എന്ന പദം ഈ രീതി​യിൽ ഉപയോ​ഗി​ച്ചതു യേശു മാത്ര​മാ​ണെന്നു പറയ​പ്പെ​ടു​ന്നു. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തിൽ ഉടനീളം മൂലഭാ​ഷ​യിൽ ഈ പദം അടുത്ത​ടുത്ത്‌ ആവർത്തിച്ച്‌ (അമീൻ അമീൻ) ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അതിനെ മിക്കയി​ട​ങ്ങ​ളി​ലും “സത്യം​സ​ത്യ​മാ​യി” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—യോഹ 1:51.

സ്‌നാ​പ​കൻ: അഥവാ “നിമജ്ജനം ചെയ്യു​ന്നവൻ; മുക്കു​ന്നവൻ.” ഈ വാക്യ​ത്തിൽ “സ്‌നാ​പ​ക​യോ​ഹ​ന്നാൻ” എന്നാണു കാണു​ന്ന​തെ​ങ്കി​ലും മർ 1:4; 6:14, 24 വാക്യ​ങ്ങ​ളിൽ “യോഹ​ന്നാൻ സ്‌നാ​പകൻ” എന്നു വിളി​ച്ചി​രി​ക്കു​ന്നു. വെള്ളത്തിൽ മുക്കി സ്‌നാ​ന​പ്പെ​ടു​ത്തു​ന്നതു യോഹ​ന്നാ​ന്റെ പ്രത്യേ​ക​ത​യാ​യി​രു​ന്നെന്നു സൂചി​പ്പി​ക്കുന്ന ഒരു വിളി​പ്പേ​രാ​യി​രി​ക്കാം “സ്‌നാ​പകൻ.” ‘സ്‌നാ​പകൻ എന്നു വിളി​പ്പേ​രുള്ള യോഹ​ന്നാ​നെ’ക്കുറിച്ച്‌ ജൂതച​രി​ത്ര​കാ​ര​നായ ഫ്‌ളേ​വി​യസ്‌ ജോസീ​ഫ​സും എഴുതി​യി​ട്ടുണ്ട്‌.

എന്ന ലക്ഷ്യത്തിൽ എത്താനാ​ണു . . . പരി​ശ്ര​മി​ക്കു​ന്നത്‌, വിടാതെ പരി​ശ്ര​മി​ക്കു​ന്നവർ: പരസ്‌പരം ബന്ധപ്പെ​ട്ടി​രി​ക്കുന്ന രണ്ടു ഗ്രീക്കു​പ​ദ​ങ്ങ​ളാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അവ അടിസ്ഥാ​ന​പ​ര​മാ​യി തീക്ഷ്‌ണ​ത​യോ​ടെ പ്രവർത്തി​ക്കു​ന്ന​തി​നെ​യോ ശക്തി പ്രയോ​ഗി​ക്കു​ന്ന​തി​നെ​യോ കുറി​ക്കു​ന്നു. ചില ബൈബിൾപ​രി​ഭാ​ഷകർ ഈ പദങ്ങളെ നിഷേ​ധാർഥ​ത്തി​ലാ​ണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. (ആക്രമി​ക്കുക, അക്രമ​പ്ര​വർത്ത​ന​ത്തിന്‌ ഇരയാ​കുക എന്നൊ​ക്കെ​യുള്ള അർഥത്തിൽ.) എന്നാൽ ഈ വാക്യ​ത്തി​ന്റെ സന്ദർഭ​വും ഇതേ ഗ്രീക്കു​ക്രിയ പ്രത്യ​ക്ഷ​പ്പെ​ടുന്ന ലൂക്ക 16:16-ഉം (ബൈബി​ളിൽ ഈ രണ്ടു വാക്യ​ങ്ങ​ളിൽ മാത്രമേ ഈ ഗ്രീക്കു​ക്രിയ ഉപയോ​ഗി​ച്ചി​ട്ടു​ള്ളൂ.) പരി​ശോ​ധി​ച്ചാൽ ഈ പദങ്ങൾ നിഷേ​ധാർഥ​ത്തി​ലല്ല മനസ്സി​ലാ​ക്കേ​ണ്ട​തെന്ന സൂചന​യാ​ണു കിട്ടു​ന്നത്‌. “ആവേശ​ത്തോ​ടെ ഒരു കാര്യ​ത്തി​നാ​യി പരി​ശ്ര​മി​ക്കുക; ഉത്സാഹ​ത്തോ​ടെ അന്വേ​ഷി​ക്കുക” എന്നൊ​ക്കെ​യാ​യി​രി​ക്കണം അവയുടെ അർഥം. സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ പ്രസം​ഗ​പ്ര​വർത്ത​ന​ത്തോ​ടു പ്രതി​ക​രിച്ച വ്യക്തി​ക​ളു​ടെ തീക്ഷ്‌ണ​ത​യോ​ടെ​യുള്ള, ശക്തമായ പ്രവർത്ത​ന​ത്തെ​യാ​യി​രി​ക്കാം ഈ വാക്കുകൾ കുറി​ക്കു​ന്നത്‌. അവരുടെ ആ പ്രവർത്തനം ദൈവ​രാ​ജ്യ​ത്തി​ന്റെ അംഗങ്ങ​ളാ​കാ​നു​ള്ള​വ​രു​ടെ നിരയി​ലേക്ക്‌ അവരെ​യും ചേർത്തു.

പ്രവാ​ച​ക​ന്മാ​രും നിയമ​വും: സാധാരണ കാണു​ന്നതു ‘നിയമ​വും പ്രവാ​ച​ക​ന്മാ​രും’ (മത്ത 5:17; 7:12; 22:40; ലൂക്ക 16:16) എന്ന ക്രമത്തി​ലാണ്‌. എന്നാൽ ഇവിടെ മാത്രം അതു നേരെ തിരി​ച്ചാണ്‌. തെളി​വ​നു​സ​രിച്ച്‌ രണ്ടി​ന്റെ​യും അടിസ്ഥാ​നാർഥം ഒന്നുത​ന്നെ​യാ​ണെ​ങ്കി​ലും, (മത്ത 5:17-ന്റെ പഠനക്കു​റി​പ്പു കാണുക.) ഈ വാക്യ​ത്തിൽ തിരു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​ന​ങ്ങൾക്കു കൂടുതൽ ഊന്നൽ നൽകി​യി​രി​ക്കു​ന്ന​താ​യി തോന്നു​ന്നു. ഇനി, നിയമം​പോ​ലും പ്രവചി​ച്ച​താ​യി പറഞ്ഞി​രി​ക്കു​ന്നു. മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തി​ന്റെ പ്രവച​ന​സ്വ​ഭാ​വ​ത്തിന്‌ ഊന്നൽ നൽകുന്ന വാക്കു​ക​ളാണ്‌ അവ.

നിയമ​വും പ്രവാ​ച​ക​ന്മാ​രു​ടെ വാക്കു​ക​ളും: ഇവിടെ ‘നിയമം’ എന്ന പദം കുറി​ക്കു​ന്നത്‌ ഉല്‌പത്തി മുതൽ ആവർത്തനം വരെയുള്ള ബൈബിൾപു​സ്‌ത​ക​ങ്ങ​ളെ​യാണ്‌. ‘പ്രവാ​ച​ക​ന്മാ​രു​ടെ വാക്കുകൾ’ എന്ന പദപ്ര​യോ​ഗം കുറി​ക്കു​ന്നത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ പ്രവച​ന​പു​സ്‌ത​ക​ങ്ങ​ളെ​യും. എന്നാൽ ഇവ രണ്ടും ഒന്നിച്ച്‌ വരു​മ്പോൾ അത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​കളെ മൊത്ത​ത്തിൽ അർഥമാ​ക്കി​യേ​ക്കാം.​—മത്ത 7:12; 22:40; ലൂക്ക 16:16.

ഏലിയ: “എന്റെ ദൈവം യഹോ​വ​യാണ്‌” എന്ന്‌ അർഥമുള്ള ഒരു എബ്രാ​യ​പേ​രിൽനിന്ന്‌ വന്നത്‌.

നെഞ്ചത്ത​ടി​ക്കു​ക: ഒരാൾ ആവർത്തിച്ച്‌ നെഞ്ചത്ത​ടി​ക്കു​ന്നത്‌ അങ്ങേയ​റ്റത്തെ സങ്കടമോ കുറ്റ​ബോ​ധ​മോ മനപ്ര​യാ​സ​മോ കാണി​ക്കാ​നാ​യി​രു​ന്നു.​—യശ 32:12; നഹൂ 2:7; ലൂക്ക 23:48.

തിന്നാ​ത്ത​വ​നും കുടി​ക്കാ​ത്ത​വ​നും ആയി: തെളി​വ​നു​സ​രിച്ച്‌ യോഹ​ന്നാൻ നയിച്ച, ആത്മപരി​ത്യാ​ഗ​ത്തി​ന്റേ​തായ ജീവി​ത​ത്തെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. അതിൽ ഉപവസി​ക്കു​ന്ന​തും ഒരു നാസീർവ്ര​ത​ക്കാ​ര​നെന്ന നിലയിൽ ലഹരി​പാ​നീ​യങ്ങൾ ഒഴിവാ​ക്കു​ന്ന​തും ഉൾപ്പെ​ട്ടി​രു​ന്നു.​—സംഖ 6:2-4; മത്ത 9:14, 15; ലൂക്ക 1:15; 7:33.

നികു​തി​പി​രി​വു​കാർ: ധാരാളം ജൂതന്മാർ റോമൻ അധികാ​രി​കൾക്കു​വേണ്ടി നികുതി പിരി​ച്ചി​രു​ന്നു. ഈ നികു​തി​പി​രി​വു​കാ​രോ​ടു ജനങ്ങൾക്കു വെറു​പ്പാ​യി​രു​ന്നു. കാരണം, തങ്ങൾ വെറു​ത്തി​രുന്ന ഒരു വിദേ​ശ​ശ​ക്തി​യു​മാ​യി ചേർന്ന്‌ പ്രവർത്തി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു അവർ. പോരാ​ത്ത​തിന്‌, ഔദ്യോ​ഗി​ക​മാ​യി അംഗീ​ക​രി​ച്ചി​രു​ന്ന​തി​ലും കൂടുതൽ നികുതി അവർ ഈടാ​ക്കു​ക​യും ചെയ്‌തി​രു​ന്നു. മറ്റു ജൂതന്മാർ ഈ നികു​തി​പി​രി​വു​കാ​രെ പൊതു​വേ അകറ്റി​നി​റു​ത്തി​യി​രു​ന്നു. പാപി​ക​ളു​ടെ​യും വേശ്യ​മാ​രു​ടെ​യും അതേ തട്ടിലാണ്‌ ഇവരെ​യും കണ്ടിരു​ന്നത്‌.​—മത്ത 11:19; 21:32.

മനുഷ്യ​പു​ത്രൻ: മത്ത 8:20-ന്റെ പഠനക്കു​റി​പ്പു കാണുക.

നികു​തി​പി​രി​വു​കാർ: മത്ത 5:46-ന്റെ പഠനക്കു​റി​പ്പു കാണുക.

മനുഷ്യ​പു​ത്രൻ: അഥവാ “മനുഷ്യ​ന്റെ പുത്രൻ.” ഈ പദപ്ര​യോ​ഗം സുവി​ശേ​ഷ​ങ്ങ​ളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേ​ഷി​പ്പി​ച്ച​തി​ലൂ​ടെ, താൻ ഒരു സ്‌ത്രീ​യിൽനിന്ന്‌ ജനിച്ച യഥാർഥ​മ​നു​ഷ്യ​നാ​ണെ​ന്നും അതു​കൊ​ണ്ടു​തന്നെ ആദാമി​നു പകരം​വെ​ക്കാൻ എന്തു​കൊ​ണ്ടും അനു​യോ​ജ്യ​നാ​ണെ​ന്നും യേശു വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നി​രി​ക്കാം. അങ്ങനെ മനുഷ്യ​കു​ലത്തെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വീണ്ടെ​ടു​ക്കാൻ യേശു​വി​നു കഴിയു​മാ​യി​രു​ന്നു. (റോമ 5:12, 14, 15) ഈ പദപ്ര​യോ​ഗം, യേശു​ത​ന്നെ​യാ​ണു മിശിഹ അഥവാ ക്രിസ്‌തു എന്നും തിരി​ച്ച​റി​യി​ച്ചു.​—ദാനി 7:13, 14. പദാവലി കാണുക.

കഫർന്ന​ഹൂം: “നഹൂമി​ന്റെ ഗ്രാമം” അഥവാ “ആശ്വാ​സ​ത്തി​ന്റെ ഗ്രാമം” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രിൽനിന്ന്‌ വന്നിരി​ക്കു​ന്നത്‌. (നഹൂ 1:1, അടിക്കു​റിപ്പ്‌) യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യിൽ വളരെ​യ​ധി​കം പ്രാധാ​ന്യ​മു​ണ്ടാ​യി​രുന്ന ഒരു നഗരം. ഗലീല​ക്ക​ട​ലി​ന്റെ വടക്കു​പ​ടി​ഞ്ഞാ​റേ തീരത്ത്‌ സ്ഥിതി​ചെ​യ്‌തി​രുന്ന ഈ നഗരത്തെ മത്ത 9:1-ൽ യേശു​വി​ന്റെ ‘സ്വന്തം നഗരം’ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌.

കഫർന്ന​ഹൂം: മത്ത 4:13-ന്റെ പഠനക്കു​റി​പ്പു കാണുക.

ആകാശം: ഏറെ പ്രീതി ലഭിച്ച ഒരവസ്ഥയെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന രൂപകാ​ല​ങ്കാ​ര​പ്ര​യോ​ഗം.

ശവക്കുഴി: അഥവാ “ഹേഡിസ്‌.” അതായത്‌, മനുഷ്യ​വർഗ​ത്തി​ന്റെ ശവക്കുഴി. (പദാവ​ലി കാണുക.) കഫർന്ന​ഹൂ​മി​നു വരാനി​രുന്ന അധമാ​വ​സ്ഥയെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ആലങ്കാ​രി​ക​പ്ര​യോ​ഗം.

നിന്റേത്‌: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ‘നീ’ എന്ന സർവനാ​മം ഗ്രീക്കിൽ ഏകവച​ന​മാണ്‌. തെളി​വ​നു​സ​രിച്ച്‌ അത്‌ ആ നഗരത്തെ കുറി​ക്കു​ന്നു.

കുട്ടികൾ: അഥവാ “കുട്ടി​ക​ളെ​പ്പോ​ലു​ള്ളവർ.” അതായത്‌ താഴ്‌മ​യുള്ള, മറ്റുള്ള​വ​രിൽനിന്ന്‌ പഠിക്കാൻ മനസ്സുള്ള വ്യക്തികൾ.

ഭാരങ്ങൾ ചുമന്ന്‌ വലയു​ന്നവർ: ഉത്‌ക​ണ്‌ഠ​യു​ടെ​യും കഷ്ടപ്പാ​ടി​ന്റെ​യും ‘ഭാരങ്ങൾ ചുമന്ന്‌ വലഞ്ഞവ​രെ​യാണ്‌ ’ യേശു തന്റെ അടുക്ക​ലേക്കു ക്ഷണിച്ചത്‌. മോശ​യ്‌ക്കു കൊടുത്ത നിയമ​ത്തോ​ടു മനുഷ്യ​പാ​ര​മ്പ​ര്യ​ങ്ങൾ കൂട്ടി​ച്ചേർത്ത​തു​കൊണ്ട്‌ യഹോ​വയെ ആരാധി​ക്കു​ന്നത്‌ അവർക്ക്‌ ഒരു ഭാരമാ​യി​ത്തീർന്നു. (മത്ത 23:4) ഉന്മേഷം പകരേ​ണ്ടി​യി​രുന്ന ശബത്തു​പോ​ലും അവർക്ക്‌ ഒരു ഭാരമാ​യി മാറി.​—പുറ 23:12; മർ 2:23-28; ലൂക്ക 6:1-11.

ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം: നഷ്ടമായ ശക്തി വീണ്ടെ​ടു​ക്കാ​നാ​യി വിശ്ര​മി​ക്കാൻ അനുവ​ദി​ക്കു​ന്ന​തി​നെ​യും (മത്ത 26:45; മർ 6:31) കഷ്ടപ്പാ​ടു​ക​ളിൽനിന്ന്‌ മോചി​പ്പി​ക്കു​ന്ന​തി​നെ​യും ആണ്‌ ‘ഉന്മേഷം പകരുക’ എന്നതിന്റെ ഗ്രീക്കു​പദം കുറി​ക്കു​ന്നത്‌. (2കൊ 7:13; ഫിലേ 7) എന്നാൽ യേശു​വി​ന്റെ “നുകം” (മത്ത 11:29) വഹിക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നതു വിശ്ര​മമല്ല സേവന​മാണ്‌ എന്ന്‌ ഈ വാക്യ​ത്തി​ന്റെ സന്ദർഭം സൂചി​പ്പി​ക്കു​ന്നു. യേശു ചെയ്യുന്ന പ്രവൃ​ത്തി​യെ കുറി​ക്കുന്ന ഗ്രീക്കു​ക്രി​യാ​പദം സൂചി​പ്പി​ക്കു​ന്നത്‌, ക്ഷീണി​ത​രാ​യ​വർക്കു യേശു ഓജസ്സും നവ​ചൈ​ത​ന്യ​വും പകരു​ന്ന​തു​കൊണ്ട്‌ യേശു​വി​ന്റെ മൃദു​വും ഭാരം കുറഞ്ഞ​തും ആയ നുകം വഹിക്കാൻ അവർക്കു സ്വാഭാ​വി​ക​മാ​യും ആഗ്രഹം തോന്നും എന്നാണ്‌.

സൗമ്യ​രാ​യ​വർ: ദൈവ​ത്തി​ന്റെ ഇഷ്ടത്തി​നും വഴിന​ട​ത്തി​പ്പി​നും മനസ്സോ​ടെ കീഴ്‌പെ​ടുന്ന, മറ്റുള്ള​വ​രു​ടെ മേൽ ആധിപ​ത്യം നടത്താൻ ശ്രമി​ക്കാത്ത ഒരാളു​ടെ ആന്തരി​ക​ഗു​ണ​മാ​ണു സൗമ്യത. സൗമ്യ​നായ ഒരാൾ ഭീരു​വാ​ണെ​ന്നോ ദുർബ​ല​നാ​ണെ​ന്നോ അർഥമില്ല. “താഴ്‌മ” എന്നും അർഥമുള്ള ഒരു എബ്രാ​യ​പദം പരിഭാ​ഷ​പ്പെ​ടു​ത്താൻ സെപ്‌റ്റു​വ​ജി​ന്റിൽ ഇതേ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. മോശ (സംഖ 12:3), പഠിപ്പി​ക്കു​മ്പോൾ മറുത്തു​നിൽക്കാ​ത്തവർ (സങ്ക 25:9), ഭൂമി കൈവ​ശ​മാ​ക്കു​ന്നവർ (സങ്ക 37:11), മിശിഹ (സെഖ 9:9; മത്ത 21:5) എന്നിവ​രോ​ടുള്ള ബന്ധത്തിൽ ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. താൻ സൗമ്യ​ത​യു​ള്ള​വ​നാ​ണെന്നു യേശു​ത​ന്നെ​യും പറഞ്ഞു.​—മത്ത 11:29.

എന്റെ നുകം വഹിക്കൂ: യേശു ഇവിടെ “നുകം” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ ആലങ്കാ​രി​ക​മാ​യി​ട്ടാണ്‌. അധികാ​ര​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നും കീഴ്‌പെ​ടു​ന്ന​തി​നെ അതു സൂചി​പ്പി​ക്കു​ന്നു. യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നതു ദൈവം യേശു​വി​ന്റെ തോളിൽ വെച്ചു​കൊ​ടുത്ത നുകമാ​യി​രു​ന്നെ​ങ്കിൽ (അതായത്‌ ഒരു ഇരട്ടനു​കം.) തന്നോ​ടൊ​പ്പം ആ നുകത്തിൻകീ​ഴിൽ വരാനാണ്‌ യേശു ശിഷ്യ​ന്മാ​രെ ക്ഷണിക്കു​ന്നത്‌; ആ നുകം വഹിക്കാൻ യേശു​വും ഒരു വശത്തു​ള്ള​തു​കൊണ്ട്‌ അത്‌ അവർക്ക്‌ ഒരു സഹായ​മാ​കു​മാ​യി​രു​ന്നു. യേശു ഉദ്ദേശി​ച്ചത്‌ ഇതാ​ണെ​ങ്കിൽ, “എന്നോ​ടൊ​പ്പം എന്റെ നുകത്തിൻകീ​ഴിൽ വരുക” എന്നും അതു പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും. എന്നാൽ ഇതു യേശു​തന്നെ മറ്റുള്ള​വ​രു​ടെ മേൽ വെക്കുന്ന ഒരു നുകമാ​ണെ​ങ്കിൽ, ക്രിസ്‌തു​ശി​ഷ്യർ ക്രിസ്‌തു​വി​ന്റെ അധികാ​ര​ത്തി​നും മാർഗ​നിർദേ​ശ​ത്തി​നും കീഴ്‌പെ​ടു​ന്ന​തി​നെ​യാണ്‌ അത്‌ അർഥമാ​ക്കു​ന്നത്‌.​—പദാവ​ലി​യിൽ “നുകം” കാണുക.

സൗമ്യൻ: മത്ത 5:5-ന്റെ പഠനക്കു​റി​പ്പു കാണുക.

താഴ്‌മ​യു​ള്ള​വൻ: “താഴ്‌മ” എന്നതിന്റെ ഗ്രീക്കു​പദം ഹൃദയ​ത്തിൽ എളിമ​യു​ള്ള​വ​രാ​യി​രി​ക്കു​ന്ന​തി​നെ, ഉന്നതഭാ​വം ഇല്ലാതി​രി​ക്കു​ന്ന​തി​നെ ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. ഇതേ പദംത​ന്നെ​യാ​ണു യാക്ക 4:6-ലും 1പത്ര 5:5-ലും ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഒരാളു​ടെ പ്രകൃ​ത​ത്തിൽനി​ന്നും ദൈവ​ത്തോ​ടും മറ്റു മനുഷ്യ​രോ​ടും ഉള്ള മനോ​ഭാ​വ​ത്തിൽനി​ന്നും ആ വ്യക്തി​യു​ടെ ആലങ്കാ​രി​ക​ഹൃ​ദയം എങ്ങനെ​യു​ള്ള​താ​ണെന്നു വായി​ച്ചെ​ടു​ക്കാം.

നിങ്ങൾക്ക്‌: അഥവാ “നിങ്ങളു​ടെ ദേഹി​കൾക്ക്‌.” പദാവ​ലി​യിൽ “ദേഹി” കാണുക.

ദൃശ്യാവിഷ്കാരം

രാജ​കൊ​ട്ടാ​രങ്ങൾ
രാജ​കൊ​ട്ടാ​രങ്ങൾ

‘രാജ​കൊ​ട്ടാ​ര​ങ്ങ​ളിൽ’ (മത്ത 11:8; ലൂക്ക 7:25) താമസി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ യേശു പറയു​ന്നതു കേട്ട​പ്പോൾ ആളുക​ളു​ടെ മനസ്സി​ലേക്കു വന്നതു മഹാനായ ഹെരോദ്‌ നിർമിച്ച ആഡംബ​ര​പൂർണ​മായ അനേകം കൊട്ടാ​ര​ങ്ങ​ളാ​യി​രി​ക്കാം. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന നാശാ​വ​ശി​ഷ്ടങ്ങൾ ഹെരോദ്‌ ശൈത്യ​കാ​ല​വ​സ​തി​യാ​യി യരീ​ഹൊ​യിൽ പണിത കൊട്ടാ​ര​സ​മു​ച്ച​യ​ത്തി​ന്റെ ചെറി​യൊ​രു ഭാഗം മാത്ര​മാണ്‌. ഈ കെട്ടി​ട​ത്തിൽ ഒരു വലിയ വിരു​ന്നു​ശാല ഉണ്ടായി​രു​ന്നു. പ്രൗഢ​ഗം​ഭീ​ര​മായ തൂണു​ക​ളാൽ അലങ്കൃ​ത​മായ അതിന്റെ നീളം 29 മീറ്ററും (95 അടി) വീതി 19 മീറ്ററും (62 അടി) ആയിരു​ന്നു. തൂണു​ക​ളുള്ള നടുമു​റ്റ​വും അതിനു ചുറ്റു​മാ​യി പണിത മുറി​ക​ളും, തണുപ്പി​ക്കാ​നും ചൂടാ​ക്കാ​നും ഉള്ള സംവി​ധാ​ന​ങ്ങ​ളോ​ടു​കൂ​ടിയ സ്‌നാ​ന​ഗൃ​ഹ​വും ഈ കൊട്ടാ​ര​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു. ഈ കൊട്ടാ​ര​ത്തോ​ടു ചേർന്ന്‌ പല തട്ടുക​ളാ​യി പണിത ഒരു പൂന്തോ​ട്ട​വും ഉണ്ടായി​രു​ന്നു. യോഹ​ന്നാൻ സ്‌നാ​പകൻ ശുശ്രൂഷ തുടങ്ങു​ന്ന​തിന്‌ ഏതാനും പതിറ്റാ​ണ്ടു​കൾക്കു മുമ്പു​ണ്ടായ കലാപ​ത്തിൽ ഈ കൊട്ടാ​രം ചുട്ടെ​രി​ച്ച​താ​യി കരുത​പ്പെ​ടു​ന്നു. ഹെരോ​ദി​ന്റെ മകൻ അർക്കെ​ല​യൊ​സാണ്‌ അതു പുതു​ക്കി​പ്പ​ണി​തത്‌.

എല്ലു​കൊ​ണ്ടുള്ള കുഴൽവാ​ദ്യം
എല്ലു​കൊ​ണ്ടുള്ള കുഴൽവാ​ദ്യം

ബൈബിൾക്കാ​ല​ങ്ങ​ളിൽ ഈറ്റ​കൊ​ണ്ടും മുള​കൊ​ണ്ടും മാത്രമല്ല എല്ല്‌, ആനക്കൊമ്പ്‌ എന്നിവ​കൊ​ണ്ടു​പോ​ലും കുഴൽ ഉണ്ടാക്കി​യി​രു​ന്നു. അക്കാലത്ത്‌ ഏറ്റവും പ്രചാ​ര​ത്തി​ലി​രുന്ന വാദ്യോ​പ​ക​ര​ണ​ങ്ങ​ളിൽ ഒന്നായി​രു​ന്നു ഇത്‌. വിരു​ന്നും വിവാ​ഹ​വും പോലുള്ള സന്തോ​ഷ​വേ​ള​ക​ളിൽ കുഴൽ വായി​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. (1രാജ 1:40; യശ 5:12; 30:29) ഇത്‌ അനുക​രിച്ച്‌ കുട്ടി​ക​ളും ചില​പ്പോ​ഴൊ​ക്കെ പൊതു​സ്ഥ​ല​ങ്ങ​ളിൽവെച്ച്‌ കുഴൽ വായി​ച്ചി​രു​ന്നു. ദുഃഖ​വേ​ള​ക​ളി​ലും ആളുകൾ കുഴൽ ഊതു​മാ​യി​രു​ന്നു. വിലപി​ക്കാൻ കൂലിക്കു വിളി​ച്ചി​രു​ന്ന​വ​രോ​ടൊ​പ്പം, ദുഃഖ​സാ​ന്ദ്ര​മായ സംഗീതം വായി​ക്കാൻ പലപ്പോ​ഴും കുഴലൂ​ത്തു​കാ​രും കാണും. യരുശ​ലേ​മിൽ ഉത്‌ഖ​നനം നടത്തി​യ​പ്പോൾ മണ്ണിന്‌ അടിയിൽനിന്ന്‌ കിട്ടിയ ഒരു കുഴലി​ന്റെ ഭാഗമാ​ണു ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. റോമാ​ക്കാർ ദേവാ​ലയം നശിപ്പിച്ച കാലത്തെ നാശാ​വ​ശി​ഷ്ട​ങ്ങൾക്കി​ട​യി​ലാണ്‌ അതു കിടന്നി​രു​ന്നത്‌. ഏതാണ്ട്‌ 15 സെ.മീ. (6 ഇഞ്ച്‌) നീളമുള്ള ഈ കുഴൽ സാധ്യ​ത​യ​നു​സ​രിച്ച്‌ പശുവി​ന്റെ മുൻകാ​ലി​ലെ എല്ലു​കൊണ്ട്‌ ഉണ്ടാക്കി​യ​താണ്‌.

ചന്തസ്ഥലം
ചന്തസ്ഥലം

ഇവിടെ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ചില​പ്പോ​ഴൊ​ക്കെ റോഡി​ന്റെ ഇരുവ​ശ​ത്തു​മാ​യി​ട്ടാ​യി​രു​ന്നു ചന്തകൾ. മിക്ക​പ്പോ​ഴും വ്യാപാ​രി​കൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചി​രു​ന്ന​തു​കൊണ്ട്‌ ഗതാഗതം തടസ്സ​പ്പെ​ട്ടി​രു​ന്നു. പ്രദേ​ശ​വാ​സി​കൾക്കു വീട്ടു​സാ​ധ​ന​ങ്ങ​ളും കളിമൺപാ​ത്ര​ങ്ങ​ളും വിലകൂ​ടിയ ചില്ലു​പാ​ത്ര​ങ്ങ​ളും നല്ല പച്ചക്കറി​ക​ളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമാ​യി​രു​ന്നു ഇത്‌. അക്കാലത്ത്‌ ഭക്ഷണം ശീതീ​ക​രിച്ച്‌ സൂക്ഷി​ക്കാ​നുള്ള സൗകര്യം ഇല്ലാഞ്ഞ​തു​കൊണ്ട്‌ ഓരോ ദിവസ​ത്തേ​ക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടി​ക്കു​ന്ന​താ​യി​രു​ന്നു രീതി. അവിടെ ചെല്ലു​ന്ന​വർക്കു കച്ചവട​ക്കാ​രിൽനി​ന്നും മറ്റു സന്ദർശ​ക​രിൽനി​ന്നും പുതി​യ​പു​തിയ വാർത്തകൾ കേൾക്കാ​മാ​യി​രു​ന്നു. കുട്ടികൾ അവിടെ കളിച്ചി​രു​ന്നു. തങ്ങളെ കൂലിക്കു വിളി​ക്കു​ന്ന​തും പ്രതീ​ക്ഷിച്ച്‌ ആളുകൾ അവിടെ കാത്തി​രി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. ചന്തസ്ഥല​ത്തു​വെച്ച്‌ യേശു ആളുകളെ സുഖ​പ്പെ​ടു​ത്തി​യ​താ​യും പൗലോസ്‌ മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ച്ച​താ​യും നമ്മൾ വായി​ക്കു​ന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാ​രി​ക​ളായ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും ഇത്തരം പൊതു​സ്ഥ​ല​ങ്ങ​ളിൽവെച്ച്‌, ആളുക​ളു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​കാ​നും അവരുടെ അഭിവാ​ദ​നങ്ങൾ ഏറ്റുവാ​ങ്ങാ​നും ആഗ്രഹി​ച്ചു.

കോര​സീ​നും ബേത്ത്‌സ​യി​ദ​യും
കോര​സീ​നും ബേത്ത്‌സ​യി​ദ​യും

കോര​സീൻ, ബേത്ത്‌സ​യിദ എന്നീ പട്ടണങ്ങൾ കഫർന്ന​ഹൂം നഗരത്തിന്‌ അടുത്താ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌, ഗലീല​യി​ലെ രണ്ടു വർഷം നീണ്ട വിപു​ല​മായ ശുശ്രൂ​ഷ​യു​ടെ സമയത്ത്‌ യേശു​വി​ന്റെ പ്രധാ​ന​താ​വ​ള​മാ​യി​രു​ന്നു ഈ നഗരം. സോരി​ലെ​യും സീദോ​നി​ലെ​യും വിഗ്ര​ഹാ​രാ​ധി​ക​ളായ ജനങ്ങ​ളെ​പ്പോ​ലും പശ്ചാത്താ​പ​ത്തി​ലേക്കു നയിക്കാൻപോന്ന വലിയ അത്ഭുത​പ്ര​വൃ​ത്തി​കൾ യേശു ചെയ്യു​ന്നത്‌ ആ പട്ടണങ്ങ​ളി​ലെ ജൂതന്മാർ നേരിട്ട്‌ കണ്ടതാണ്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു 5,000-ത്തിലധി​കം ആളുകൾക്ക്‌ അത്ഭുത​ക​ര​മാ​യി ഭക്ഷണം കൊടു​ത്ത​തും പിന്നീട്‌ ഒരു അന്ധനെ സുഖ​പ്പെ​ടു​ത്തി​യ​തും ബേത്ത്‌സ​യിദ പ്രദേ​ശ​ത്തു​വെ​ച്ചാ​യി​രു​ന്നു.—മത്ത 14:13-21; മർ 8:22; ലൂക്ക 9:10-17.

കഫർന്ന​ഹൂം, കോര​സീൻ, ബേത്ത്‌സ​യിദ
കഫർന്ന​ഹൂം, കോര​സീൻ, ബേത്ത്‌സ​യിദ

ഈ വീഡി​യോ​യി​ലെ വിശാ​ല​മായ ദൃശ്യം ഗലീല​ക്ക​ട​ലി​ന്റെ വടക്കു​കി​ഴക്കേ തീരത്തിന്‌ അടുത്തുള്ള ഓഫി​റി​ലെ നിരീ​ക്ഷ​ണ​കേ​ന്ദ്ര​ത്തിൽനിന്ന്‌ പകർത്തി​യ​താണ്‌. യേശു രണ്ടു വർഷത്തി​ലേറെ ഗലീല​യിൽ വിപു​ല​മായ ശുശ്രൂഷ നടത്തി​യ​പ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ കഫർന്ന​ഹൂം ആയിരു​ന്നു താവളം. പുരാതന കഫർന്ന​ഹൂം നഗരം സ്ഥിതി ചെയ്‌തി​രു​ന്ന​താ​യി കരുത​പ്പെ​ടുന്ന സ്ഥലത്തു​നിന്ന്‌ (1) കോര​സീ​നി​ലേക്ക്‌ (2) ഏതാണ്ട്‌ 3 കി.മീ. ദൂരമേ ഉണ്ടായി​രു​ന്നു​ള്ളൂ. അപ്പോ​സ്‌ത​ല​ന്മാ​രായ പത്രോ​സും അന്ത്ര​യോ​സും കഫർന്ന​ഹൂ​മി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. മത്തായി നികുതി പിരി​ച്ചി​രുന്ന ഓഫീ​സും കഫർന്ന​ഹൂ​മി​ലോ അതിന്‌ അടുത്തോ ആയിരുന്നു. (മർ 1:21, 29; 2:1, 13, 14; 3:16; ലൂക്ക 4:31, 38) വാസ്‌ത​വ​ത്തിൽ അതിന്‌ അടുത്തുള്ള ബേത്ത്‌സ​യിദ (3) നഗരത്തിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു പത്രോ​സും അന്ത്ര​യോ​സും. ഫിലി​പ്പോ​സും അന്നാട്ടു​കാ​ര​നാ​യി​രു​ന്നു. (യോഹ 1:44) യേശു ഈ മൂന്നു നഗരങ്ങ​ളി​ലും അവയുടെ സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും വെച്ച്‌ ധാരാളം അത്ഭുത​പ്ര​വൃ​ത്തി​കൾ ചെയ്‌തു.—അനുബന്ധം എ7-ഡി-യിലെ ഭൂപടം 3ബി-യും എ7-ഇ-യിലെ ഭൂപടം 4-ഉം കാണുക.

നുകം
നുകം

തടി​കൊ​ണ്ടുള്ള രണ്ടു തരം നുകങ്ങ​ളു​ണ്ടാ​യി​രു​ന്നു. ആളുക​ളു​ടെ ചുമലിൽ വെക്കു​ന്ന​താ​യി​രു​ന്നു അതിൽ ഒന്ന്‌. ദണ്ഡി​ന്റെ​യോ ചട്ടക്കൂ​ടി​ന്റെ​യോ രൂപത്തി​ലുള്ള ഇത്തരം നുകങ്ങൾ ഒരാളു​ടെ ചുമലിൽ വെച്ചിട്ട്‌ അതിന്റെ ഇരുവ​ശ​ത്തും ചുമടു തൂക്കി​യി​ടു​ന്ന​താ​യി​രു​ന്നു രീതി. മറ്റൊരു തരം നുകം ചുമട്ടു​മൃ​ഗ​ങ്ങ​ളു​ടെ കഴുത്തിൽ വെക്കു​ന്ന​വ​യാ​യി​രു​ന്നു. ദണ്ഡി​ന്റെ​യോ ചട്ടക്കൂ​ടി​ന്റെ​യോ രൂപത്തി​ലുള്ള ആ നുകം ഉപയോ​ഗിച്ച്‌ രണ്ടു മൃഗങ്ങൾ ഒരുമി​ച്ചാ​ണു ഭാരം വലിച്ചി​രു​ന്നത്‌.