സുഭാഷിതങ്ങൾ 12:1-28
12 ശിക്ഷണം ഇഷ്ടപ്പെടുന്നവൻ അറിവിനെ സ്നേഹിക്കുന്നു;+എന്നാൽ ശാസന വെറുക്കുന്നവൻ ബുദ്ധിഹീനൻ.*+
2 നല്ല മനുഷ്യന് യഹോവയുടെ അംഗീകാരം ലഭിക്കുന്നു;എന്നാൽ ദുഷ്ടമായ പദ്ധതികൾ ഉണ്ടാക്കുന്നവരെ ദൈവം കുറ്റം വിധിക്കുന്നു.+
3 ദുഷ്ടത കാണിച്ച് ആർക്കും സുരക്ഷിതത്വം നേടാനാകില്ല;+എന്നാൽ നീതിമാന്മാരെ ഒരിക്കലും പിഴുതെറിയാനാകില്ല.
4 കാര്യപ്രാപ്തിയുള്ള ഭാര്യ ഭർത്താവിന് ഒരു കിരീടമാണ്;+എന്നാൽ നാണംകെട്ട കാര്യങ്ങൾ ചെയ്യുന്നവൾ ഭർത്താവിന്റെ അസ്ഥികൾ ദ്രവിപ്പിക്കുന്നു.+
5 നീതിമാന്റെ ചിന്തകൾ നീതിയുള്ളവ;എന്നാൽ ദുഷ്ടന്മാരുടെ ഉപദേശം വഞ്ചന നിറഞ്ഞത്.
6 ദുഷ്ടന്മാരുടെ വാക്കുകൾ രക്തം ചൊരിയാൻ പതിയിരിക്കുന്നു;+എന്നാൽ നേരുള്ളവരുടെ വായ് അവരെ രക്ഷിക്കുന്നു.+
7 ദുഷ്ടന്മാരെ നശിപ്പിക്കുമ്പോൾ അവർ ഇല്ലാതായിപ്പോകുന്നു;എന്നാൽ നീതിമാന്റെ വീട് ഇളകാതെ നിൽക്കും.+
8 ഒരുവന്റെ വായിലെ വിവേകം നിമിത്തം ആളുകൾ അവനെ പുകഴ്ത്തുന്നു;+എന്നാൽ ഹൃദയത്തിൽ വക്രതയുള്ളവനെ അവർ വെറുക്കുന്നു.+
9 ആഹാരത്തിനു വകയില്ലാത്ത പൊങ്ങച്ചക്കാരനെക്കാൾഒരു വേലക്കാരനുള്ള സാധാരണക്കാരൻ ഭേദം.+
10 നീതിമാൻ തന്റെ വളർത്തുമൃഗങ്ങളെ നന്നായി നോക്കുന്നു;+എന്നാൽ ദുഷ്ടന്മാരുടെ കരുണപോലും ക്രൂരത നിറഞ്ഞതാണ്.
11 തന്റെ നിലം കൃഷി ചെയ്യുന്നവൻ ഭക്ഷണം കഴിച്ച് തൃപ്തനാകും;+എന്നാൽ പ്രയോജനമില്ലാത്ത കാര്യങ്ങൾക്കു പിന്നാലെ പോകുന്നവൻ സാമാന്യബോധമില്ലാത്തവനാണ്.
12 ഒരു ദുഷ്ടൻ പിടിച്ചതു സ്വന്തമാക്കാൻ മറ്റൊരു ദുഷ്ടൻ ആഗ്രഹിക്കുന്നു;എന്നാൽ നീതിമാന്മാരുടെ വേരു ഫലം കായ്ക്കുന്നു.
13 പാപപൂർണമായ സംസാരം നിമിത്തം ദുഷ്ടൻ കെണിയിലാകുന്നു;+എന്നാൽ നീതിമാൻ കഷ്ടതകളിൽനിന്ന് രക്ഷപ്പെടുന്നു.
14 തന്റെ സംസാരത്തിന്റെ ഫലമായി ഒരുവൻ നന്മകൊണ്ട് തൃപ്തനാകുന്നു;+അവന്റെ കൈകൾ ചെയ്തതിന് അവനു പ്രതിഫലം കിട്ടും.
15 വിഡ്ഢിക്കു സ്വന്തം വഴി ശരിയാണെന്നു തോന്നുന്നു;+എന്നാൽ ബുദ്ധിയുള്ളവൻ ഉപദേശം സ്വീകരിക്കുന്നു.+
16 വിഡ്ഢി പെട്ടെന്നു* കോപം പ്രകടിപ്പിക്കുന്നു;+എന്നാൽ വിവേകമുള്ളവൻ പരിഹാസം വകവെക്കുന്നില്ല.*
17 വിശ്വസ്തതയോടെ സാക്ഷി പറയുന്നവൻ സത്യം* സംസാരിക്കുന്നു;എന്നാൽ കള്ളസാക്ഷി വഞ്ചനയോടെ സംസാരിക്കുന്നു.
18 ചിന്തിക്കാതെ സംസാരിക്കുന്നതു വാളുകൊണ്ട് കുത്തുന്നതുപോലെയാണ്;എന്നാൽ ബുദ്ധിയുള്ളവരുടെ നാവ് മുറിവ് ഉണക്കുന്നു.+
19 സത്യം സംസാരിക്കുന്ന ചുണ്ടുകൾ എന്നും നിലനിൽക്കും;+എന്നാൽ നുണ പറയുന്ന നാവ് ഒരു നിമിഷംകൊണ്ട് നശിച്ചുപോകും.+
20 ദ്രോഹിക്കാൻ പദ്ധതിയിടുന്നവരുടെ ഹൃദയത്തിൽ വഞ്ചനയുണ്ട്;എന്നാൽ സമാധാനത്തിനായി പ്രവർത്തിക്കുന്നവർ* സന്തുഷ്ടർ.+
21 നീതിമാന് ഒരു ദോഷവുമുണ്ടാകില്ല;+എന്നാൽ ദുഷ്ടന്മാരുടെ ജീവിതം ആപത്തുകൊണ്ട് നിറയും.+
22 നുണ പറയുന്ന വായ് യഹോവയ്ക്ക് അറപ്പാണ്;+എന്നാൽ വിശ്വസ്തത കാണിക്കുന്നവർ ദൈവത്തെ സന്തോഷിപ്പിക്കുന്നു.
23 വിവേകമുള്ളവൻ തന്റെ അറിവ് മൂടിവെക്കുന്നു;വിഡ്ഢിയുടെ ഹൃദയം വിഡ്ഢിത്തം വിളമ്പുന്നു.+
24 അധ്വാനശീലമുള്ളവന്റെ കൈകൾ ഭരണം നടത്തും;+എന്നാൽ മടിയന്റെ കൈകൾ അടിമപ്പണി ചെയ്യേണ്ടിവരും.+
25 മനുഷ്യന്റെ ഹൃദയത്തിലെ ഉത്കണ്ഠ അവനെ തളർത്തിക്കളയുന്നു;*+എന്നാൽ ഒരു നല്ല വാക്ക് അവനിൽ സന്തോഷം നിറയ്ക്കുന്നു.+
26 നീതിമാൻ തന്റെ മേച്ചിൽപ്പുറങ്ങൾ പരിശോധിക്കുന്നു;എന്നാൽ ദുഷ്ടന്റെ ചെയ്തികൾ അവനെ വഴിതെറ്റിക്കുന്നു.
27 മടിയൻ ഇരയുടെ പിന്നാലെ ഓടുന്നില്ല;+എന്നാൽ അധ്വാനശീലം ഒരുവന്റെ അമൂല്യസ്വത്താണ്.
28 നീതിയുടെ വഴി ജീവനിലേക്കു നയിക്കുന്നു;+അതിന്റെ പാതയിൽ മരണമില്ല.
അടിക്കുറിപ്പുകള്
^ അഥവാ “സാമാന്യബോധമില്ലാത്തവൻ.”
^ അക്ഷ. “മൂടിവെക്കുന്നു.”
^ അഥവാ “അതേ ദിവസംതന്നെ.”
^ അക്ഷ. “നീതിയായത്.”
^ അക്ഷ. “സമാധാനത്തിന്റെ ഉപദേശകർ.”
^ അഥവാ “നിരാശപ്പെടുത്തുന്നു.”