ലൂക്കോസ്‌ എഴുതിയത്‌ 10:1-42

10  ഇതിനു ശേഷം കർത്താവ്‌ വേറെ 70 പേരെ തിര​ഞ്ഞെ​ടുത്ത്‌ ഈരണ്ടു പേരെ വീതം+ താൻ പോകാ​നി​രുന്ന നഗരങ്ങ​ളി​ലേ​ക്കും സ്ഥലങ്ങളി​ലേ​ക്കും തനിക്കു മുമ്പേ അയച്ചു.+  യേശു അവരോ​ടു പറഞ്ഞു: “വിളവ്‌ ധാരാ​ള​മുണ്ട്‌. പക്ഷേ പണിക്കാർ കുറവാണ്‌. അതു​കൊണ്ട്‌ വിള​വെ​ടു​പ്പി​നു പണിക്കാ​രെ അയയ്‌ക്കാൻ വിളവെടുപ്പിന്റെ അധികാ​രി​യോ​ടു യാചി​ക്കുക.+  പോകൂ! ചെന്നാ​യ്‌ക്ക​ളു​ടെ ഇടയി​ലേക്കു കുഞ്ഞാ​ടു​കൾ എന്നപോ​ലെ ഞാൻ നിങ്ങളെ അയയ്‌ക്കു​ന്നു.+  പണസ്സഞ്ചി​യോ ഭക്ഷണസ​ഞ്ചി​യോ ചെരി​പ്പോ എടുക്ക​രുത്‌.+ വഴിയിൽവെച്ച്‌ ആരെ​യെ​ങ്കി​ലും അഭിവാ​ദനം ചെയ്യാൻവേണ്ടി സമയം കളയു​ക​യു​മ​രുത്‌.+  നിങ്ങൾ ഒരു വീട്ടിൽ ചെന്നാൽ ആദ്യം​തന്നെ, ‘ഈ വീടിനു സമാധാ​നം!’ എന്നു പറയണം.+  സമാധാ​നം പ്രിയ​പ്പെ​ടുന്ന ഒരാൾ അവി​ടെ​യു​ണ്ടെ​ങ്കിൽ നിങ്ങളു​ടെ സമാധാ​നം അയാളു​ടെ മേൽ ഇരിക്കും. ഇല്ലെങ്കി​ലോ അതു നിങ്ങളി​ലേക്കു മടങ്ങി​പ്പോ​രും.  അവർ തരുന്നതു തിന്നു​ക​യും കുടി​ക്കു​ക​യും ചെയ്‌ത്‌+ ആ വീട്ടിൽത്തന്നെ താമസി​ക്കുക.+ പണിക്കാ​രൻ കൂലിക്ക്‌ അർഹനാ​ണ​ല്ലോ.+ വീടുകൾ മാറി​മാ​റി താമസി​ക്ക​രുത്‌.  “ഏതെങ്കിലും ഒരു നഗരത്തിൽ ചെല്ലു​മ്പോൾ അവർ നിങ്ങളെ സ്വീക​രി​ക്കു​ന്നെ​ങ്കിൽ നിങ്ങൾക്കു മുന്നിൽ വിളമ്പു​ന്നത്‌ എന്തോ അതു കഴിക്കുക.  അവി​ടെ​യുള്ള രോഗി​കളെ സുഖ​പ്പെ​ടു​ത്തണം. ‘ദൈവ​രാ​ജ്യം നിങ്ങളു​ടെ അടുത്ത്‌ എത്തിയി​രി​ക്കു​ന്നു’+ എന്ന്‌ അവരോ​ടു പറയു​ക​യും വേണം. 10  എന്നാൽ ഏതെങ്കി​ലും ഒരു നഗരത്തിൽ ചെല്ലു​മ്പോൾ അവർ നിങ്ങളെ സ്വീക​രി​ക്കാ​തി​രു​ന്നാൽ അവിടത്തെ പ്രധാ​ന​തെ​രു​വു​ക​ളിൽ ചെന്ന്‌ ഇങ്ങനെ പറയുക: 11  ‘നിങ്ങളുടെ നഗരത്തിൽനിന്ന്‌ ഞങ്ങളുടെ കാലിൽ പറ്റിയ പൊടി​പോ​ലും ഞങ്ങൾ നിങ്ങളു​ടെ നേരെ തട്ടിക്ക​ള​ഞ്ഞിട്ട്‌ പോകു​ന്നു.+ എന്നാൽ ഒരു കാര്യം അറിഞ്ഞു​കൊ​ള്ളൂ: ദൈവ​രാ​ജ്യം അടുത്ത്‌ എത്തിയി​രി​ക്കു​ന്നു.’ 12  സൊ​ദോ​മി​നു ലഭിക്കുന്ന ന്യായ​വി​ധി​യെ​ക്കാൾ കടുത്ത​താ​യി​രി​ക്കും ആ നഗരത്തിന്റേത്‌ എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.+ 13  “കോരസീനേ, ബേത്ത്‌സ​യി​ദേ, നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങളിൽ നടന്ന അത്ഭുതപ്രവൃത്തികൾ+ സോരി​ലും സീദോ​നി​ലും നടന്നി​രു​ന്നെ​ങ്കിൽ അവർ പണ്ടേ വിലാ​പ​വ​സ്‌ത്രം ധരിച്ച്‌ ചാരത്തിൽ ഇരുന്ന്‌ പശ്ചാത്ത​പി​ച്ചേനേ.+ 14  അതു​കൊണ്ട്‌ സോരി​നും സീദോ​നും ലഭിക്കുന്ന ന്യായ​വി​ധി​യെ​ക്കാൾ കടുത്ത​താ​യി​രി​ക്കും നിങ്ങളു​ടേത്‌. 15  കഫർന്ന​ഹൂ​മേ,+ നീ ആകാശ​ത്തോ​ളം ഉയരു​മോ? നിന്നെ ശവക്കു​ഴി​യോ​ളം താഴ്‌ത്തും! 16  “നിങ്ങളുടെ വാക്കു ശ്രദ്ധി​ക്കു​ന്നവൻ എന്റെ വാക്കു ശ്രദ്ധി​ക്കു​ന്നു.+ നിങ്ങളെ തള്ളിക്ക​ള​യു​ന്നവൻ എന്നെ തള്ളിക്ക​ള​യു​ന്നു. എന്നെ തള്ളിക്ക​ള​യു​ന്നവൻ എന്നെ അയച്ച വ്യക്തി​യെ​യും തള്ളിക്ക​ള​യു​ന്നു.”+ 17  പിന്നെ ആ 70 പേർ സന്തോ​ഷ​ത്തോ​ടെ മടങ്ങി​വന്ന്‌, “കർത്താവേ,* അങ്ങയുടെ പേര്‌ ഉപയോ​ഗി​ക്കു​മ്പോൾ ഭൂതങ്ങൾപോ​ലും ഞങ്ങൾക്കു കീഴട​ങ്ങു​ന്നു” എന്നു പറഞ്ഞു.+ 18  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “സാത്താൻ മിന്നൽപോ​ലെ ആകാശ​ത്തു​നിന്ന്‌ വീണു​ക​ഴി​ഞ്ഞ​താ​യി ഞാൻ കാണുന്നു.+ 19  ഇതാ, സർപ്പങ്ങ​ളെ​യും തേളുകളെയും+ ചവിട്ടി​മെ​തി​ക്കാൻ ഞാൻ നിങ്ങൾക്ക്‌ അധികാ​രം തന്നിരി​ക്കു​ന്നു. ശത്രുവിന്റെ എല്ലാ ശക്തി​യെ​യും വെല്ലുന്ന അധികാ​ര​വും ഞാൻ തന്നിരി​ക്കു​ന്നു.+ നിങ്ങൾക്കു ദ്രോഹം ചെയ്യാൻ ഒന്നിനും കഴിയില്ല. 20  എന്നാൽ ഭൂതങ്ങൾ നിങ്ങൾക്കു കീഴട​ങ്ങു​ന്ന​തു​കൊ​ണ്ടല്ല, നിങ്ങളു​ടെ പേരുകൾ സ്വർഗ​ത്തിൽ എഴുതി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ സന്തോ​ഷി​ക്കുക.”+ 21  ആ സമയത്ത്‌ യേശു പരിശു​ദ്ധാ​ത്മാവ്‌ നിറഞ്ഞ്‌ അതിയായ സന്തോ​ഷ​ത്തോ​ടെ ഇങ്ങനെ പറഞ്ഞു: “പിതാവേ, സ്വർഗത്തിന്റെയും ഭൂമി​യു​ടെ​യും നാഥാ, അങ്ങ്‌ ഇക്കാര്യ​ങ്ങൾ ജ്ഞാനി​ക​ളിൽനി​ന്നും ബുദ്ധിശാലികളിൽനിന്നും+ മറച്ചു​വെച്ച്‌ കുട്ടി​കൾക്കു വെളി​പ്പെ​ടു​ത്തി​യ​തു​കൊണ്ട്‌ ഞാൻ അങ്ങയെ പരസ്യ​മാ​യി സ്‌തു​തി​ക്കു​ന്നു. അതെ പിതാവേ, അങ്ങനെ ചെയ്യാ​നാ​ണ​ല്ലോ അങ്ങ്‌ തീരു​മാ​നി​ച്ചത്‌.+ 22  പിതാവ്‌ എല്ലാം എന്നെ ഏൽപ്പി​ച്ചി​രി​ക്കു​ന്നു. പുത്രൻ ആരാ​ണെന്നു പിതാ​വ​ല്ലാ​തെ ആരും അറിയു​ന്നില്ല. പിതാവ്‌ ആരാ​ണെന്നു പുത്ര​നും പുത്രൻ വെളി​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാൻ താത്‌പ​ര്യ​പ്പെ​ടു​ന്ന​വ​നും അല്ലാതെ ആരും അറിയു​ന്നില്ല.”+ 23  പിന്നെ യേശു ശിഷ്യ​ന്മാ​രു​ടെ നേരെ തിരിഞ്ഞ്‌ അവരോ​ടു മാത്ര​മാ​യി പറഞ്ഞു: “നിങ്ങൾ കാണു​ന്നതു കാണുന്ന കണ്ണുകൾക്കു സന്തോ​ഷി​ക്കാം.+ 24  കാരണം അനേകം പ്രവാ​ച​ക​ന്മാ​രും രാജാ​ക്ക​ന്മാ​രും നിങ്ങൾ കാണു​ന്നതു കാണാൻ ആഗ്രഹി​ച്ചി​ട്ടും കണ്ടില്ല,+ നിങ്ങൾ കേൾക്കു​ന്നതു കേൾക്കാൻ ആഗ്രഹി​ച്ചി​ട്ടും കേട്ടില്ല എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” 25  അപ്പോൾ ഒരു നിയമ​പ​ണ്ഡി​തൻ എഴു​ന്നേറ്റ്‌ യേശു​വി​നെ പരീക്ഷി​ക്കാൻവേണ്ടി ചോദി​ച്ചു: “ഗുരുവേ, നിത്യ​ജീ​വൻ അവകാ​ശ​മാ​ക്കാൻ ഞാൻ എന്തു ചെയ്യണം?”+ 26  യേശു പണ്ഡിത​നോ​ടു ചോദി​ച്ചു: “നിയമ​ത്തിൽ എന്താണ്‌ എഴുതി​യി​രി​ക്കു​ന്നത്‌, താങ്കൾക്ക്‌ എന്താണു മനസ്സി​ലാ​യി​ട്ടു​ള്ളത്‌?” 27  അപ്പോൾ പണ്ഡിതൻ പറഞ്ഞു: “‘നിന്റെ ദൈവ​മായ യഹോ​വയെ നീ നിന്റെ മുഴു​ഹൃ​ദ​യ​ത്തോ​ടും നിന്റെ മുഴു​ദേ​ഹി​യോ​ടും നിന്റെ മുഴു​ശ​ക്തി​യോ​ടും നിന്റെ മുഴു​മ​ന​സ്സോ​ടും കൂടെ സ്‌നേഹിക്കണം.’+ ‘നിന്റെ അയൽക്കാ​രനെ നീ നിന്നെ​പ്പോ​ലെ​തന്നെ സ്‌നേഹിക്കണം.’”+ 28  യേശു പണ്ഡിത​നോ​ടു പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരിയാണ്‌. അങ്ങനെ ചെയ്‌തു​കൊ​ണ്ടി​രി​ക്കുക. എങ്കിൽ താങ്കൾക്കു ജീവൻ ലഭിക്കും.”+ 29  എന്നാൽ താൻ നീതി​മാ​നാ​ണെന്നു വരുത്താൻ+ ആഗ്രഹിച്ച ആ പണ്ഡിതൻ, “ആരാണ്‌ യഥാർഥ​ത്തിൽ എന്റെ അയൽക്കാ​രൻ” എന്നു ചോദി​ച്ചു. 30  അപ്പോൾ യേശു പറഞ്ഞു: “ഒരു മനുഷ്യൻ യരുശ​ലേ​മിൽനിന്ന്‌ യരീ​ഹൊ​യി​ലേക്കു പോകു​ക​യാ​യി​രു​ന്നു. അയാൾ കവർച്ച​ക്കാ​രു​ടെ കൈയിൽ അകപ്പെട്ടു. അവർ അയാളു​ടെ വസ്‌ത്രം ഉൾപ്പെടെ എല്ലാം കൊള്ള​യ​ടി​ച്ചു. എന്നിട്ട്‌ അയാളെ അടിച്ച്‌ പാതി മരിച്ച​വ​നാ​യി അവിടെ ഉപേക്ഷിച്ച്‌ കടന്നു​ക​ളഞ്ഞു. 31  അപ്പോൾ യാദൃ​ച്ഛി​ക​മാ​യി ഒരു പുരോ​ഹി​തൻ അതുവഴി വന്നു. എന്നാൽ അയാളെ കണ്ടപ്പോൾ ആ പുരോ​ഹി​തൻ മറുവ​ശ​ത്തു​കൂ​ടെ പോയി. 32  ഒരു ലേവ്യ​നും അതുവഴി വന്നു. അയാളെ കണ്ടിട്ട്‌ ലേവ്യ​നും മറുവ​ശ​ത്തു​കൂ​ടെ പൊയ്‌ക്ക​ളഞ്ഞു. 33  എന്നാൽ ആ വഴിയേ യാത്ര ചെയ്യു​ക​യാ​യി​രുന്ന ഒരു ശമര്യക്കാരൻ+ അവിടെ എത്തി. അയാളു​ടെ അവസ്ഥ കണ്ട്‌ ശമര്യക്കാരന്റെ മനസ്സ്‌ അലിഞ്ഞു. 34  അയാളു​ടെ അടുത്ത്‌ ചെന്ന്‌ എണ്ണയും വീഞ്ഞും ഒഴിച്ച്‌ മുറി​വു​കൾ വെച്ചു​കെട്ടി. പിന്നെ അയാളെ തന്റെ മൃഗത്തിന്റെ പുറത്ത്‌ കയറ്റി ഒരു സത്രത്തിൽ കൊണ്ടു​ചെന്ന്‌ പരിച​രി​ച്ചു. 35  പിറ്റേന്ന്‌ ആ ശമര്യ​ക്കാ​രൻ രണ്ടു ദിനാറെ എടുത്ത്‌ സത്രക്കാ​രനു കൊടു​ത്തിട്ട്‌ പറഞ്ഞു: ‘ഇയാളെ നന്നായി നോക്കണം. കൂടു​ത​ലാ​യി എന്തെങ്കി​ലും ചെലവാ​യാൽ ഞാൻ മടങ്ങി​വ​രു​മ്പോൾ തന്നുകൊള്ളാം.’ 36  താങ്കൾക്ക്‌ എന്തു തോന്നു​ന്നു, കവർച്ച​ക്കാ​രു​ടെ കൈയിൽ അകപ്പെട്ട മനുഷ്യന്‌ ഈ മൂന്നു പേരിൽ ആരാണ്‌ അയൽക്കാ​ര​നാ​യത്‌?”+ 37  പണ്ഡിതൻ പറഞ്ഞു: “അയാ​ളോ​ടു കരുണ കാണി​ച്ച​യാൾ.”+ അപ്പോൾ യേശു പണ്ഡിത​നോട്‌, “താങ്കളും പോയി അങ്ങനെ​തന്നെ ചെയ്യുക” എന്നു പറഞ്ഞു.+ 38  അവർ പോകുന്ന വഴി യേശു ഒരു ഗ്രാമ​ത്തിൽ ചെന്നു. അവിടെ മാർത്ത+ എന്നു പേരുള്ള ഒരു സ്‌ത്രീ യേശു​വി​നെ വീട്ടിൽ അതിഥി​യാ​യി സ്വീക​രി​ച്ചു. 39  മാർത്ത​യ്‌ക്കു മറിയ എന്നൊരു സഹോ​ദ​രി​യു​ണ്ടാ​യി​രു​ന്നു. മറിയ കർത്താവിന്റെ കാൽക്കൽ ഇരുന്ന്‌ കർത്താവ്‌ പറയുന്നതു* ശ്രദ്ധി​ച്ചു​കൊ​ണ്ടി​രു​ന്നു. 40  എന്നാൽ മാർത്ത, യേശു​വി​നു​വേണ്ടി പലപല കാര്യങ്ങൾ ചെയ്യുന്ന തിരക്കി​ലാ​യി​രു​ന്നു. മാർത്ത യേശുവിന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “കർത്താവേ, ഇതൊക്കെ ചെയ്യാൻ എന്റെ സഹോ​ദരി എന്നെ തനിച്ചു വിട്ടി​രി​ക്കു​ന്നത്‌ അങ്ങ്‌ കാണു​ന്നി​ല്ലേ? വന്ന്‌ എന്നെ സഹായി​ക്കാൻ അവളോ​ടു പറയൂ.” 41  അപ്പോൾ കർത്താവ്‌ മാർത്ത​യോ​ടു പറഞ്ഞു: “മാർത്തേ, മാർത്തേ, നീ പല കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉത്‌ക​ണ്‌ഠ​പ്പെട്ട്‌ ആകെ അസ്വസ്ഥ​യാണ്‌. 42  അധിക​മൊ​ന്നും വേണ്ടാ. അല്ല, ഒന്നായാ​ലും മതി.+ എന്നാൽ മറിയ നല്ല പങ്കു തിരഞ്ഞെടുത്തിരിക്കുന്നു.+ അത്‌ അവളിൽനിന്ന്‌ ആരും എടുത്തുകളയില്ല.”

അടിക്കുറിപ്പുകള്‍

അഥവാ “യജമാ​നനേ.”
അഥവാ “കർത്താവ്‌ പഠിപ്പി​ക്കു​ന്നത്‌; കർത്താ​വി​ന്റെ സന്ദേശം.” അക്ഷ. “കർത്താ​വി​ന്റെ വചനം.”

പഠനക്കുറിപ്പുകൾ

ഇതിനു ശേഷം: ലൂക്ക 10:1 മുതൽ 18:14 വരെ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന സംഭവങ്ങൾ നടന്നത്‌ എ.ഡി. 32-ലെ ശരത്‌കാ​ലത്തെ (സെപ്‌റ്റം​ബർ/​ഒക്ടോബർ) കൂടാ​രോ​ത്സ​വ​ത്തി​നു ശേഷമാ​യി​രി​ക്കാം. (അനു. എ7 കാണുക.) മറ്റു സുവി​ശേ​ഷ​ങ്ങ​ളിൽ സമാന​മായ ചില കാര്യങ്ങൾ കാണു​ന്നു​ണ്ടെ​ങ്കി​ലും അവ ഈ കാലഘ​ട്ട​ത്തിൽ നടന്നത​ല്ലെന്നു തോന്നു​ന്നു. അവ ഒരുപക്ഷേ യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​യു​ടെ ആദ്യകാ​ലത്ത്‌ നടന്നതാ​യി​രി​ക്കാം. ലൂക്ക 10:1 മുതൽ 18:14 വരെ കാണു​ന്നത്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു ദേശത്തി​ന്റെ തെക്കൻപ്ര​ദേശം കേന്ദ്രീ​ക​രിച്ച്‌ പ്രവർത്തനം നടത്തിയ കാലത്തെ വിവര​ങ്ങ​ളാണ്‌. യരുശ​ലേ​മി​ലും അതിനു ചുറ്റു​മുള്ള പ്രദേ​ശ​ങ്ങ​ളി​ലും യഹൂദ്യ, പെരിയ എന്നീ ജില്ലക​ളി​ലും ആയിരു​ന്നു ആ സമയത്ത്‌ യേശു​വി​ന്റെ പ്രവർത്തനം. ഭൗമി​ക​ശു​ശ്രൂ​ഷ​യു​ടെ അവസാ​നത്തെ ആറു മാസം യേശു പ്രധാ​ന​മാ​യും ആ പ്രദേ​ശ​ങ്ങ​ളി​ലാ​ണു പ്രസം​ഗ​പ്ര​വർത്തനം നടത്തി​യത്‌.

വേറെ 70 പേരെ: 12 അപ്പോ​സ്‌ത​ല​ന്മാർക്ക്‌ നേര​ത്തേ​തന്നെ പരിശീ​ലനം കൊടുത്ത്‌ പ്രസം​ഗി​ക്കാൻ അയച്ചതു​കൊണ്ട്‌ സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നതു വേറെ 70 ശിഷ്യ​ന്മാ​രെ​ക്കു​റി​ച്ചാണ്‌.​—ലൂക്ക 9:1-6.

70: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “72” എന്നു കാണു​ന്ന​തു​കൊണ്ട്‌ പല ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളി​ലും അതേ സംഖ്യ കാണാം. എന്നാൽ ആധികാ​രി​ക​മായ മറ്റ്‌ അനേകം പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “70” എന്നാണു കാണു​ന്നത്‌. എ.ഡി. നാലാം നൂറ്റാ​ണ്ടി​ലെ കോഡ​ക്‌സ്‌ സൈനാ​റ്റി​ക്ക​സും എ.ഡി. അഞ്ചാം നൂറ്റാ​ണ്ടി​ലെ കോഡ​ക്‌സ്‌ അലക്‌സാൻഡ്രി​നസ്‌, കോഡ​ക്‌സ്‌ എഫ്രയീ​മി സൈറി റെസ്‌ക്രി​പ്‌റ്റസ്‌ എന്നിവ​യും അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കാണുന്ന ഈ വ്യത്യാ​സ​ത്തി​നു ബൈബിൾ പണ്ഡിത​ന്മാർ പല വിശദീ​ക​ര​ണ​ങ്ങ​ളും നൽകു​ന്നു​ണ്ടെ​ങ്കി​ലും നിസ്സാ​ര​മായ ഈ വ്യത്യാ​സം തിരു​വെ​ഴു​ത്തു​ഭാ​ഗ​ത്തി​ന്റെ ആകമാ​ന​സ​ന്ദേ​ശത്തെ ബാധി​ക്കു​ന്നില്ല. അനേകം​വ​രുന്ന പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും പരിഭാ​ഷ​ക​ളും അടിസ്ഥാ​ന​പ​ര​മായ കാര്യ​ങ്ങ​ളി​ലെ​ല്ലാം യോജി​പ്പി​ലാണ്‌. ശിഷ്യ​ന്മാ​രു​ടെ ആ വലിയ കൂട്ടത്തെ യേശു പ്രസം​ഗി​ക്കാൻ അയച്ചത്‌ ഈരണ്ടാ​യി​ട്ടാണ്‌ അഥവാ ജോടി​യാ​യി​ട്ടാണ്‌ എന്ന വസ്‌തു​തയെ അവയെ​ല്ലാം ശരി​വെ​ക്കു​ന്നു.

ചെരിപ്പ്‌: ഇവിടെ ശിഷ്യ​ന്മാർക്കു കിട്ടിയ നിർദേശം, ചെരിപ്പ്‌ എടുക്ക​രുത്‌ എന്നാ​ണെന്നു ശ്രദ്ധി​ക്കുക. അതു​കൊണ്ട്‌ യേശു ഉദ്ദേശി​ച്ചത്‌, ഇട്ടിരി​ക്കുന്ന ചെരി​പ്പ​ല്ലാ​തെ മറ്റൊരു ജോടി എടുക്ക​രുത്‌ എന്നായി​രി​ക്കാം. യാത്ര​യ്‌ക്കി​ടെ ചെരിപ്പു തേഞ്ഞു​തീ​രാ​നോ അതിന്റെ വള്ളി പൊട്ടാ​നോ സാധ്യ​ത​യു​ള്ള​തു​കൊണ്ട്‌, നീണ്ട യാത്ര പോകു​മ്പോൾ ഒരു ജോടി ചെരി​പ്പും​കൂ​ടെ കൈയിൽ കരുതു​ന്നത്‌ അന്നു സാധാ​ര​ണ​മാ​യി​രു​ന്നു. മുമ്പൊ​രി​ക്കൽ ശിഷ്യ​ന്മാർക്കു സമാന​മായ നിർദേ​ശങ്ങൾ കൊടു​ത്ത​പ്പോൾ അവർക്ക്‌ അപ്പോ​ഴു​ണ്ടാ​യി​രുന്ന ചെരിപ്പു “ധരിക്കാം” എന്നാണു യേശു അവരോ​ടു പറഞ്ഞത്‌. അവി​ടെ​യും മറ്റൊരു ജോടി ചെരി​പ്പി​നെ​ക്കു​റിച്ച്‌ സൂചന​യില്ല. (മർ 6:8, 9) ഇനി, മത്ത 10:9, 10-ൽ യേശു അവരോ​ടു ചെരിപ്പ്‌ ‘എടുക്ക​രുത്‌’ എന്നു പറഞ്ഞതി​ന്റെ അർഥവും അവർ ഇട്ടിരി​ക്കു​ന്ന​ത​ല്ലാ​തെ മറ്റൊരു ജോടി കൈയിൽ എടുക്ക​രുത്‌ എന്നായി​രു​ന്നു.

അഭിവാ​ദനം ചെയ്യാൻവേണ്ടി: അഥവാ “അഭിവാ​ദ​ന​ത്തി​ന്റെ ഭാഗമാ​യി ആലിം​ഗനം ചെയ്യാൻവേണ്ടി.” ചില സാഹച​ര്യ​ങ്ങ​ളിൽ, ഇവിടെ കാണുന്ന അസ്‌പാ​സൊ​മായ്‌ (“അഭിവാ​ദനം ചെയ്യുക”) എന്ന ഗ്രീക്കു​പ​ദ​ത്തിൽ “നമസ്‌കാ​രം,” “ശുഭദി​നം” എന്നൊക്കെ പറയു​ന്ന​തി​ലും കൂടുതൽ കാര്യങ്ങൾ ഉൾപ്പെ​ട്ടി​രു​ന്നി​രി​ക്കാം. കൂട്ടു​കാർ കണ്ടുമു​ട്ടു​മ്പോ​ഴു​ണ്ടാ​കുന്ന നീണ്ട സംഭാ​ഷ​ണ​ങ്ങ​ളെ​യും ആലിം​ഗ​ന​ങ്ങ​ളെ​യും കുറി​ക്കാൻ ഈ പദത്തി​നാ​കും. ‘അഭിവാ​ദനം ചെയ്യരുത്‌’ എന്നു പറഞ്ഞ​പ്പോൾ, തന്റെ ശിഷ്യ​ന്മാർ മറ്റുള്ള​വ​രോ​ടു പരുഷ​മാ​യി പെരു​മാ​റ​ണ​മെന്നല്ല യേശു ഉദ്ദേശി​ച്ചത്‌. അവർ അനാവ​ശ്യ​മായ ശ്രദ്ധാ​ശൈ​ഥി​ല്യ​ങ്ങൾ ഒഴിവാ​ക്ക​ണ​മെ​ന്നും അവരുടെ സമയം പരമാ​വധി പ്രയോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും ഊന്നി​പ്പ​റ​യു​ക​യാ​യി​രു​ന്നു യേശു. ഒരിക്കൽ എലീശ പ്രവാ​ചകൻ തന്റെ ദാസനായ ഗേഹസിക്ക്‌ സമാന​മായ ചില നിർദേ​ശങ്ങൾ കൊടു​ത്ത​താ​യി കാണാം. (2രാജ 4:29) ഈ രണ്ടു സാഹച​ര്യ​ങ്ങ​ളി​ലും ദൗത്യം വളരെ അടിയ​ന്തി​ര​മാ​യി​രു​ന്ന​തു​കൊണ്ട്‌ സമയം ഒട്ടും പാഴാ​ക്ക​രു​താ​യി​രു​ന്നു.

സമാധാ​നം പ്രിയ​പ്പെ​ടുന്ന ഒരാൾ: അക്ഷ. “സമാധാ​ന​പു​ത്രൻ.” ലൂക്കോസ്‌ ഇത്‌ എഴുതി​യതു ഗ്രീക്കി​ലാ​ണെ​ങ്കി​ലും ഈ പദപ്ര​യോ​ഗം ഒരു എബ്രാ​യ​ശൈ​ലി​യിൽനിന്ന്‌ വന്നതാ​യി​രി​ക്കാ​നാ​ണു സാധ്യത. എബ്രാ​യ​യിൽ അതിന്റെ അർഥം “സമാധാ​ന​സ്‌നേഹി,” “ശാന്തസ്വ​ഭാ​വി” എന്നൊ​ക്കെ​യാണ്‌. ഇവിടെ അതു കുറി​ക്കു​ന്നത്‌, ദൈവ​വു​മാ​യി അനുര​ഞ്‌ജ​ന​ത്തി​ലാ​കാൻ ആഗ്രഹി​ക്കുന്ന ഒരാ​ളെ​യോ “സമാധാ​ന​ത്തി​ന്റെ സന്തോ​ഷ​വാർത്ത” കേൾക്കു​മ്പോൾ അതു സ്വീക​രിച്ച്‌ ദൈവ​വു​മാ​യി സമാധാ​ന​ത്തി​ലാ​കുന്ന ഒരാ​ളെ​യോ ആണ്‌.​—പ്രവൃ 10:36.

വീടുകൾ മാറി​മാ​റി താമസി​ക്ക​രുത്‌: മുമ്പൊ​രി​ക്കൽ യേശു 12 അപ്പോ​സ്‌ത​ല​ന്മാർക്കു സമാന​മായ നിർദേ​ശങ്ങൾ കൊടു​ത്തി​രു​ന്നു. (മത്ത 10:11; മർ 6:10; ലൂക്ക 9:4) ഇപ്പോൾ യേശു, പ്രസം​ഗ​പ്ര​വർത്ത​ന​ത്തി​നാ​യി പോകുന്ന 70 പേർക്കു നിർദേ​ശങ്ങൾ കൊടു​ക്കു​ക​യാണ്‌. അവർ ഒരു പട്ടണത്തിൽ ചെന്നാൽ അവർക്ക്‌ ആതിഥ്യ​മ​രു​ളുന്ന വീട്ടിൽത്തന്നെ താമസി​ക്ക​ണ​മെ​ന്നും “വീടുകൾ മാറി​മാ​റി താമസി​ക്ക​രുത്‌” എന്നും യേശു പറഞ്ഞു. ആ വീടി​നെ​ക്കാൾ സുഖസൗ​ക​ര്യ​ങ്ങ​ളുള്ള, മികച്ച സത്‌കാ​രം കിട്ടുന്ന മറ്റൊരു വീടു തേടി അവർ പോക​രു​താ​യി​രു​ന്നു. അതിലൂ​ടെ, അത്തരം കാര്യ​ങ്ങൾക്കു പ്രസം​ഗ​നി​യോ​ഗ​ത്തോ​ടുള്ള താരത​മ്യ​ത്തിൽ രണ്ടാം സ്ഥാനമേ ഉള്ളൂ എന്നു ശിഷ്യ​ന്മാർക്കു തെളി​യി​ക്കാ​നാ​കു​മാ​യി​രു​ന്നു.

ന്യായ​വി​ധി​യെ​ക്കാൾ കടുത്ത​താ​യി​രി​ക്കും: സാധ്യ​ത​യ​നു​സ​രിച്ച്‌, യേശു ഇവിടെ ഒരുതരം അതിശ​യോ​ക്തി അലങ്കാരം ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ഈ വാക്കുകൾ അക്ഷരാർഥ​ത്തിൽ എടുക്കാൻ യേശു ഉദ്ദേശി​ച്ചി​രി​ക്കില്ല. (മത്ത 5:18; ലൂക്ക 16:17; 21:33 എന്നതു​പോ​ലുള്ള ചില വാക്യ​ങ്ങ​ളിൽ യേശു ഉപയോ​ഗിച്ച മിഴി​വുറ്റ അതിശ​യോ​ക്തി​പ്ര​യോ​ഗങ്ങൾ താരത​മ്യം ചെയ്യുക.) “സൊ​ദോ​മി​നു ലഭിക്കുന്ന ന്യായ​വി​ധി​യെ”ക്കുറിച്ച്‌ പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌, (മത്ത 10:15; 11:22, 24; ലൂക്ക 10:14) വരാനി​രി​ക്കുന്ന ന്യായ​വി​ധി​ദി​വ​സ​ത്തിൽ സൊ​ദോം നിവാ​സി​കൾ ഉണ്ടായി​രി​ക്കും എന്നല്ല. (യൂദ 7 താരത​മ്യം ചെയ്യുക.) കോരസീൻ, ബേത്ത്‌സ​യിദ, കഫർന്ന​ഹൂം എന്നീ നഗരങ്ങ​ളി​ലെ ആളുകൾ എത്രമാ​ത്രം പ്രതി​ക​ര​ണ​മി​ല്ലാ​ത്ത​വ​രും ശിക്ഷാർഹ​രും ആണെന്ന കാര്യം ഊന്നി​പ്പ​റ​യാൻവേണ്ടി മാത്ര​മാ​യി​രി​ക്കാം യേശു ഇതു പറഞ്ഞത്‌. (ലൂക്ക 10:13-15) ഇനി, ദൈവ​ത്തി​ന്റെ കോപ​ത്തെ​യും ന്യായ​വി​ധി​യെ​യും കുറിച്ച്‌ പറയുന്ന പല സന്ദർഭ​ങ്ങ​ളി​ലും, സൊ​ദോം എന്ന പുരാ​ത​ന​ന​ഗ​ര​ത്തി​നു സംഭവി​ച്ചത്‌ ഒരു പഴഞ്ചൊ​ല്ലാ​യി അവതരി​പ്പി​ച്ചി​ട്ടുണ്ട്‌ എന്നതും ശ്രദ്ധേ​യ​മാണ്‌.​—ആവ 29:23; യശ 1:9; വില 4:6.

സോരി​ലും സീദോ​നി​ലും: ഫൊയ്‌നി​ക്യ പ്രദേ​ശത്ത്‌ മെഡിറ്ററേനിയൻ തീര​ത്തോ​ടു ചേർന്ന്‌ സ്ഥിതി ചെയ്‌തി​രുന്ന നഗരങ്ങ​ളാ​യി​രു​ന്നു ഇവ. ജൂതന്മാ​ര​ല്ലാ​ത്ത​വ​രാണ്‌ അവിടെ താമസി​ച്ചി​രു​ന്നത്‌.​—അനു. ബി10 കാണുക.

ശവക്കുഴി: അഥവാ “ഹേഡിസ്‌.” അതായത്‌, മനുഷ്യ​വർഗ​ത്തി​ന്റെ ശവക്കുഴി. (പദാവ​ലി കാണുക.) കഫർന്ന​ഹൂ​മി​നു വരാനി​രുന്ന അധമാ​വ​സ്ഥയെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ആലങ്കാ​രി​ക​പ്ര​യോ​ഗം.

70: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ “72” എന്നു കാണു​ന്ന​തു​കൊണ്ട്‌ പല ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളി​ലും അതേ സംഖ്യ കാണാം. എന്നാൽ ആധികാ​രി​ക​മായ മറ്റ്‌ അനേകം പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “70” എന്നാണു കാണു​ന്നത്‌. എ.ഡി. നാലാം നൂറ്റാ​ണ്ടി​ലെ കോഡ​ക്‌സ്‌ സൈനാ​റ്റി​ക്ക​സും എ.ഡി. അഞ്ചാം നൂറ്റാ​ണ്ടി​ലെ കോഡ​ക്‌സ്‌ അലക്‌സാൻഡ്രി​നസ്‌, കോഡ​ക്‌സ്‌ എഫ്രയീ​മി സൈറി റെസ്‌ക്രി​പ്‌റ്റസ്‌ എന്നിവ​യും അതിന്‌ ഉദാഹ​ര​ണ​ങ്ങ​ളാണ്‌. കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കാണുന്ന ഈ വ്യത്യാ​സ​ത്തി​നു ബൈബിൾ പണ്ഡിത​ന്മാർ പല വിശദീ​ക​ര​ണ​ങ്ങ​ളും നൽകു​ന്നു​ണ്ടെ​ങ്കി​ലും നിസ്സാ​ര​മായ ഈ വ്യത്യാ​സം തിരു​വെ​ഴു​ത്തു​ഭാ​ഗ​ത്തി​ന്റെ ആകമാ​ന​സ​ന്ദേ​ശത്തെ ബാധി​ക്കു​ന്നില്ല. അനേകം​വ​രുന്ന പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും പരിഭാ​ഷ​ക​ളും അടിസ്ഥാ​ന​പ​ര​മായ കാര്യ​ങ്ങ​ളി​ലെ​ല്ലാം യോജി​പ്പി​ലാണ്‌. ശിഷ്യ​ന്മാ​രു​ടെ ആ വലിയ കൂട്ടത്തെ യേശു പ്രസം​ഗി​ക്കാൻ അയച്ചത്‌ ഈരണ്ടാ​യി​ട്ടാണ്‌ അഥവാ ജോടി​യാ​യി​ട്ടാണ്‌ എന്ന വസ്‌തു​തയെ അവയെ​ല്ലാം ശരി​വെ​ക്കു​ന്നു.

സാത്താൻ മിന്നൽപോ​ലെ ആകാശ​ത്തു​നിന്ന്‌ വീണു​ക​ഴി​ഞ്ഞ​താ​യി ഞാൻ കാണുന്നു: സാധ്യ​ത​യ​നു​സ​രിച്ച്‌, സാത്താനെ സ്വർഗ​ത്തിൽനിന്ന്‌ പുറത്താ​ക്കു​ന്നത്‌, നടന്നു​ക​ഴിഞ്ഞ ഒരു സംഭവം​പോ​ലെ കണ്ടു​കൊണ്ട്‌ യേശു ഇവിടെ പ്രാവ​ച​നി​ക​മാ​യി സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. സ്വർഗ​ത്തി​ലെ യുദ്ധ​ത്തെ​ക്കു​റിച്ച്‌ വർണി​ക്കുന്ന വെളി 12:7-9-ൽ സാത്താൻ വീഴു​ന്നതു മിശി​ഹൈ​ക​രാ​ജ്യം ജനിക്കുന്ന സമയത്താ​ണെന്നു വ്യക്തമാ​ക്കു​ന്നു. വെറും അപൂർണ​മ​നു​ഷ്യ​രായ തന്റെ 70 ശിഷ്യ​ന്മാർക്ക്‌ ഇപ്പോൾ ഭൂതങ്ങളെ പുറത്താ​ക്കാ​നുള്ള കഴിവ്‌ ദൈവം നൽകി​യ​തു​കൊണ്ട്‌, ഭാവി​യി​ലെ ആ യുദ്ധത്തിൽ സാത്താ​നും ഭൂതങ്ങ​ളും പരാജ​യ​പ്പെ​ടു​മെന്ന കാര്യം ഉറപ്പാ​ണെന്നു സൂചി​പ്പി​ക്കു​ക​യാ​യി​രു​ന്നു യേശു.​—ലൂക്ക 10:17.

സർപ്പങ്ങ​ളെ​യും തേളു​ക​ളെ​യും: ഇവിടെ യേശു ഈ ജീവി​ക​ളെ​ക്കു​റിച്ച്‌ പറഞ്ഞത്‌ ഒരു ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌. ഹാനി​ക​ര​മായ കാര്യ​ങ്ങ​ളു​ടെ ഒരു പ്രതീ​ക​മാ​യി​രു​ന്നു അവ.​—യഹ 2:6 താരത​മ്യം ചെയ്യുക.

ശക്തി: മനസ്സ്‌ എന്നതിന്റെ പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ ആവ 6:5-ൽനിന്നുള്ള ഈ ഉദ്ധരണിയുടെ മൂല എബ്രായപാഠത്തിൽ ‘ഹൃദയം, ദേഹി, ശക്തി’ എന്നീ മൂന്നു പദങ്ങളാണു കാണുന്നത്‌. എന്നാൽ “ശക്തി” (അഥവാ “ഓജസ്സ്‌,” അടിക്കുറിപ്പ്‌.) എന്നതിന്റെ എബ്രായപദത്തിനു ശാരീരികശക്തിയെ മാത്രമല്ല മാനസികമോ ബൗദ്ധികമോ ആയ പ്രാപ്‌തിയെയും കുറിക്കാനാകും. ആ വാക്യം ഗ്രീക്കുതിരുവെഴുത്തുകളിൽ ഉദ്ധരിച്ചപ്പോൾ “മനസ്സ്‌ ” എന്ന പദം കൂട്ടിച്ചേർക്കാനുള്ള ഒരു കാരണം ഇതായിരിക്കാം. ഇതേ കാരണംകൊണ്ടാകാം മത്ത 22:37-ൽ ആ വാക്യം ഉദ്ധരിച്ചപ്പോൾ “ശക്തി” എന്നു പറയാതെ “മനസ്സ്‌ ” എന്നു പറഞ്ഞത്‌. എന്തുതന്നെയായാലും ഒരു ശാസ്‌ത്രി [ഗ്രീക്കിൽ എഴുതിയ ലൂക്കോസിന്റെ വിവരണമനുസരിച്ച്‌ (10:27)] എബ്രായതിരുവെഴുത്തുകളിൽനിന്ന്‌ ഈ വാക്യം ഉദ്ധരിച്ചപ്പോൾ ഹൃദയം, ദേഹി, ശക്തി, മനസ്സ്‌ എന്നീ നാലു പദങ്ങൾ ഉപയോഗിച്ചതിൽനിന്ന്‌ ഒരു കാര്യം അനുമാനിക്കാം: മൂലപാഠത്തിലെ ആ മൂന്ന്‌ എബ്രായപദങ്ങളിൽ ഈ നാലു ഗ്രീക്കുപദങ്ങളുടെയും ആശയം അടങ്ങിയിരുന്നു എന്ന കാര്യം യേശുവിന്റെ കാലത്ത്‌ പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു.

അയൽക്കാ​രൻ: അക്ഷ. “സമീപ​ത്തു​ള്ളവൻ.” അയൽക്കാ​രൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം, അടുത്ത്‌ താമസി​ക്കുന്ന ആൾ എന്നു മാത്രമല്ല. ഒരാൾ ഏതെല്ലാം വ്യക്തി​ക​ളു​മാ​യി ഇടപെ​ടു​ന്നോ അവരെ​ല്ലാം അയാളു​ടെ അയൽക്കാ​രാണ്‌.​—ലൂക്ക 10:29-37; റോമ 13:8-10; മത്ത 5:43-ന്റെ പഠനക്കു​റി​പ്പു കാണുക.

യഹോവ: ഇവിടെ ഉദ്ധരി​ച്ചി​രി​ക്കുന്ന ആവ 6:5-ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

ഹൃദയം . . .ദേഹി . . . ശക്തി . . . മനസ്സ്‌: ആ നിയമ​പ​ണ്ഡി​തൻ ഇവിടെ ഉദ്ധരിച്ച ആവ 6:5-ന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ഹൃദയം, ദേഹി, ശക്തി എന്നീ മൂന്നു പദങ്ങളേ കാണു​ന്നു​ള്ളൂ. എന്നാൽ ഗ്രീക്കിൽ എഴുതിയ ലൂക്കോ​സി​ന്റെ വിവര​ണ​ത്തിൽ ആ മനുഷ്യൻ ഹൃദയം, ദേഹി, ശക്തി, മനസ്സ്‌ എന്നീ നാലു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. ആ മനുഷ്യ​ന്റെ മറുപടി ഒരു കാര്യം സൂചി​പ്പി​ക്കു​ന്നു: മൂലപാ​ഠ​ത്തി​ലെ ആ മൂന്ന്‌ എബ്രാ​യ​പ​ദ​ങ്ങ​ളിൽ ഈ നാലു ഗ്രീക്കു​പ​ദ​ങ്ങ​ളു​ടെ​യും ആശയം അടങ്ങി​യി​രു​ന്നെന്നു യേശുവിന്റെ കാലത്ത്‌ പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു.​—കൂടു​ത​ലായ വിശദീ​ക​ര​ണ​ത്തി​നു മർ 12:30-ന്റെ പഠനക്കു​റി​പ്പു കാണുക.

നിന്റെ മുഴു​ദേ​ഹി​യോ​ടും: അഥവാ “നിന്റെ മുഴു​ജീ​വ​നോ​ടും.”​—പദാവ​ലി​യിൽ “ദേഹി” കാണുക.

നിന്റെ അയൽക്കാ​രനെ: മത്ത 22:39-ന്റെ പഠനക്കു​റി​പ്പു കാണുക.

മനസ്സ്‌: അതായത്‌ ബൗദ്ധികപ്രാപ്‌തികൾ. ദൈവത്തെ അറിയാനും ദൈവത്തോടുള്ള സ്‌നേഹം വളർത്താനും ഒരാൾ തന്റെ മാനസികപ്രാപ്‌തികൾ ഉപയോഗിക്കണം. (യോഹ 17:3, അടിക്കുറിപ്പ്‌; റോമ 12:1) ഈ വാക്യം ആവ 6:5-ൽനിന്നുള്ള ഉദ്ധരണിയാണ്‌. അവിടെ മൂല എബ്രായപാഠത്തിൽ ‘ഹൃദയം, ദേഹി, ശക്തി’ എന്നീ മൂന്നു പദങ്ങൾ കാണുന്നു. എന്നാൽ ഗ്രീക്കിൽ എഴുതിയ മർക്കോസിന്റെ വിവരണത്തിൽ ഹൃദയം, ദേഹി, മനസ്സ്‌, ശക്തി എന്നീ നാലു കാര്യങ്ങളെക്കുറിച്ച്‌ പറയുന്നുണ്ട്‌. ഇങ്ങനെ ഒരു വ്യത്യാസം കാണുന്നതിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. എബ്രായപാഠത്തിലുള്ള ആ പദങ്ങളിൽ ഒളിഞ്ഞുകിടക്കുന്ന പൊതുവായ ഒരു ആശയം അടർത്തിയെടുത്ത്‌ അതു കുറെക്കൂടെ വ്യക്തമായി അവതരിപ്പിക്കാനായിരിക്കാം ഇവിടെ “മനസ്സ്‌ ” എന്ന പദം കൂട്ടിച്ചേർത്തത്‌. ഉദാഹരണത്തിന്‌, പുരാതന എബ്രായഭാഷയിൽ “മനസ്സ്‌ ” എന്നതിനു പ്രത്യേകമായ ഒരു പദമില്ലായിരുന്നെങ്കിലും “ഹൃദയം” എന്ന പദത്തിൽ “മനസ്സ്‌ ” എന്ന ആശയവുംകൂടെ ഉൾക്കൊണ്ടിരുന്നു. കാരണം ആലങ്കാരികാർഥത്തിൽ “ഹൃദയം” എന്ന പദത്തിന്‌, ചിന്തകളും വികാരങ്ങളും പ്രേരണകളും മനോഭാവവും ഉൾപ്പെടെ ഒരാളുടെ മുഴു ആന്തരികവ്യക്തിയെയും കുറിക്കാനാകുമായിരുന്നു. (ആവ 29:4; സങ്ക 26:2; 64:6; ഈ വാക്യത്തിലെ ഹൃദയം എന്നതിന്റെ പഠനക്കുറിപ്പു കാണുക.) അതുകൊണ്ടുതന്നെ എബ്രായപാഠത്തിൽ “ഹൃദയം” എന്നു വരുന്നിടത്ത്‌ ഗ്രീക്ക്‌ സെപ്‌റ്റുവജിന്റ്‌ മിക്കപ്പോഴും “മനസ്സ്‌ ” എന്നതിനുള്ള ഗ്രീക്കുപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (ഉൽ 8:21; 17:17; സുഭ 2:10; യശ 14:13) ഇനി മർക്കോസ്‌ മനസ്സ്‌ എന്ന പദം ഉപയോഗിക്കാൻ മറ്റൊരു കാരണവുമുണ്ടാകാം. “ശക്തി” എന്നതിന്റെ എബ്രായപദത്തിനും “മനസ്സ്‌ ” എന്നതിന്റെ ഗ്രീക്കുപദത്തിനും കുറെയൊക്കെ അർഥസമാനതകളുണ്ടായിരിക്കാം എന്നതാണ്‌ അത്‌. (“ശക്തി” എന്നതിനു പകരം “മനസ്സ്‌ ” എന്ന പദം ഉപയോഗിച്ചിരിക്കുന്ന മത്ത 22:37 താരതമ്യം ചെയ്യുക.) ഇനി, ശാസ്‌ത്രി യേശുവിനു മറുപടി കൊടുത്തപ്പോൾ “ചിന്താശേഷി” എന്ന പദം ഉപയോഗിച്ചതും എബ്രായഭാഷയിലെ ആ പദങ്ങളുടെ അർഥസമാനതകൾകൊണ്ടാകാം. (മർ 12:33) ഇക്കാരണങ്ങളാലായിരിക്കാം സുവിശേഷയെഴുത്തുകാർ ആവ 6:5 ഉദ്ധരിച്ചപ്പോൾ അവിടെ കാണുന്ന അതേ പദങ്ങൾതന്നെ ഉപയോഗിക്കാതിരുന്നത്‌.​—ഈ വാക്യത്തിലെ ശക്തി എന്നതിന്റെ പഠനക്കുറിപ്പും മത്ത 22:37; ലൂക്ക 10:27 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.

ഒരു ശമര്യ​ക്കാ​രൻ: ശമര്യ​ക്കാ​രെ പൊതു​വേ അവജ്ഞ​യോ​ടെ കണ്ടിരുന്ന ജൂതന്മാർ അവരു​മാ​യുള്ള സമ്പർക്കം ഏതു വിധേ​ന​യും ഒഴിവാ​ക്കി​യി​രു​ന്നു. (യോഹ 4:9) ചില ജൂതന്മാർ ‘ശമര്യ​ക്കാ​രൻ’ എന്ന പദപ്ര​യോ​ഗം പുച്ഛത്തിന്റെയും നിന്ദയു​ടെ​യും പര്യാ​യ​മാ​യി​പ്പോ​ലും ഉപയോ​ഗി​ച്ചി​രു​ന്നു. (യോഹ 8:48) “ശമര്യ​ക്കാ​രു​ടെ അപ്പം തിന്നു​ന്നതു പന്നിയി​റച്ചി തിന്നു​ന്ന​തു​പോ​ലെ​യാണ്‌” എന്ന്‌ ഒരു റബ്ബി പറഞ്ഞതാ​യി മിഷ്‌നാ​യിൽ കാണു​ന്നുണ്ട്‌. (ശെബിത്ത്‌ 8:10) ജൂതന്മാർ പൊതു​വേ ശമര്യ​ക്കാ​രു​ടെ സാക്ഷി​മൊ​ഴി വിശ്വ​സി​ക്കു​ക​യോ അവരിൽനിന്ന്‌ എന്തെങ്കി​ലും സഹായം സ്വീക​രി​ക്കു​ക​യോ ചെയ്യു​മാ​യി​രു​ന്നില്ല. ജൂതന്മാ​രു​ടെ ഇത്തരം പുച്ഛമ​നോ​ഭാ​വ​ത്തെ​ക്കു​റിച്ച്‌ അറിയാ​മാ​യി​രുന്ന യേശു ഈ ദൃഷ്ടാ​ന്ത​ക​ഥ​യി​ലൂ​ടെ ശക്തമായ ഒരു പാഠം പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു. നല്ല ശമര്യക്കാരന്റെ ദൃഷ്ടാ​ന്തകഥ, നല്ല അയൽക്കാരന്റെ ദൃഷ്ടാ​ന്തകഥ എന്നൊ​ക്കെ​യാണ്‌ ഇതു പൊതു​വേ അറിയ​പ്പെ​ടു​ന്നത്‌.

എണ്ണയും വീഞ്ഞും ഒഴിച്ച്‌ മുറി​വു​കൾ വെച്ചു​കെട്ടി: യേശുവിന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ എല്ലാ വിശദാം​ശ​ങ്ങ​ളും ശ്രദ്ധാ​പൂർവം രേഖ​പ്പെ​ടു​ത്തിയ വൈദ്യ​നായ ലൂക്കോസ്‌, മുറി​വി​നു നൽകുന്ന പരിച​ര​ണ​ത്തെ​ക്കു​റി​ച്ചും വിവരി​ച്ചി​ട്ടുണ്ട്‌. അക്കാലത്ത്‌ നിലവി​ലി​രുന്ന ചികി​ത്സാ​രീ​തി​യു​മാ​യി ഈ വിവരണം നന്നായി യോജി​ക്കു​ന്നു​മുണ്ട്‌. കാരണം അന്നൊക്കെ മുറി​വി​നുള്ള വീട്ടു​ചി​കി​ത്സ​യാ​യി എണ്ണയും വീഞ്ഞും ഉപയോ​ഗി​ക്കുന്ന രീതി​യു​ണ്ടാ​യി​രു​ന്നു. മുറിവിന്റെയും ചതവിന്റെയും വേദന​യ്‌ക്കു ശമനം ലഭിക്കാ​നാ​യി​രി​ക്കാം ഒരുപക്ഷേ എണ്ണ ഉപയോ​ഗി​ച്ചി​രു​ന്നത്‌. (യശ 1:6 താരത​മ്യം ചെയ്യുക.) വീഞ്ഞിന്‌, മുറിവ്‌ പഴുക്കു​ന്നതു തടയാ​നും അണുബാ​ധ​യ്‌ക്ക്‌ ഒരു പരിധി​വരെ തടയി​ടാ​നും കഴിയു​മാ​യി​രു​ന്നു. മുറിവ്‌ വ്രണമാ​കാ​തി​രി​ക്കാ​നാ​യി അതു വെച്ചു​കെ​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ചും ലൂക്കോസ്‌ വിവരി​ച്ചി​ട്ടുണ്ട്‌.

ഒരു സത്രം: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “എല്ലാവ​രെ​യും സ്വീക​രി​ക്കുന്ന, അഥവാ കൈ​ക്കൊ​ള്ളുന്ന സ്ഥലം” എന്നാണ്‌. വഴിയാ​ത്ര​ക്കാർക്കും അവരുടെ മൃഗങ്ങൾക്കും തങ്ങാനുള്ള സൗകര്യ​വും യാത്ര​ക്കാർക്കു വേണ്ട അവശ്യ​സാ​ധ​ന​ങ്ങ​ളും സത്രങ്ങ​ളിൽ ലഭിച്ചി​രു​ന്നു. ഇനി, വഴിയാ​ത്ര​ക്കാർ അവിടെ ഏൽപ്പി​ച്ചി​ട്ടു​പോ​കു​ന്ന​വർക്കു വേണ്ട പരിച​ര​ണ​വും സത്രക്കാ​രൻ നൽകു​മാ​യി​രു​ന്നു, അതിനു പ്രത്യേ​കം പണം കൊടു​ക്ക​ണ​മാ​യി​രു​ന്നെന്നു മാത്രം.

ദിനാറെ: പദാവ​ലി​യും അനു. ബി14-ഉം കാണുക.

അയാ​ളോ​ടു കരുണ കാണി​ച്ച​യാൾ: ആ നിയമ​പ​ണ്ഡി​തനു “ശമര്യ​ക്കാ​രൻ” എന്ന പദം ഉച്ചരി​ക്കാൻപോ​ലും മടിയാ​യി​രു​ന്നി​രി​ക്കാം. എന്തായാ​ലും അദ്ദേഹ​ത്തി​ന്റെ മറുപ​ടി​യും ഏറ്റവും ഒടുവിൽ യേശു പറഞ്ഞ വാക്കു​ക​ളും ആ ദൃഷ്ടാ​ന്ത​ത്തി​ന്റെ പാഠം വ്യക്തമാ​ക്കു​ന്നു: കരുണ കാണി​ക്കു​ന്ന​വ​നാണ്‌ യഥാർഥ അയൽക്കാ​രൻ.

ഒരു ഗ്രാമ​ത്തിൽ: സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു ബഥാന്യ ആണ്‌. ഒലിവു​മ​ല​യു​ടെ തെക്കു​കി​ഴക്കേ ചെരി​വിൽ സ്ഥിതി ചെയ്‌തി​രുന്ന ഈ ഗ്രാമം യരുശ​ലേ​മിൽനിന്ന്‌ ഏതാണ്ട്‌ 3 കി.മീ. അകലെ​യാ​യി​രു​ന്നു. (യോഹ 11:18-ന്റെ പഠനക്കു​റി​പ്പു കാണുക.) അവി​ടെ​യാ​യി​രു​ന്നു മാർത്ത​യു​ടെ​യും മറിയ​യു​ടെ​യും ലാസറി​ന്റെ​യും വീട്‌. ഗലീല​പ്ര​ദേ​ശത്തെ യേശു​വി​ന്റെ താവളം കഫർന്ന​ഹൂം ആയിരു​ന്ന​തു​പോ​ലെ (മർ 2:1) യഹൂദ്യ​പ്ര​ദേ​ശത്തെ താവള​മാ​യി​രു​ന്നു ബഥാന്യ.

മാർത്ത: യേശു​വി​നെ വീട്ടിൽ സ്വീക​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മാർത്ത​യു​ടെ പേര്‌ മാത്രമേ കാണു​ന്നു​ള്ളൂ. പൊതു​വേ കാര്യ​ങ്ങൾക്കു മുൻ​കൈ​യെ​ടു​ത്തി​രു​ന്നതു മാർത്ത​യാ​യ​തു​കൊണ്ട്‌, (ലൂക്ക 10:40; യോഹ 11:20) മാർത്ത മറിയ​യു​ടെ ചേച്ചി​യാ​യി​രു​ന്നെന്ന്‌ അനുമാ​നി​ക്കാം.​—ലൂക്ക 10:39.

അധിക​മൊ​ന്നും വേണ്ടാ. അല്ല, ഒന്നായാ​ലും മതി: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇതിന്റെ ഹ്രസ്വ​മായ രൂപമാ​ണു കാണു​ന്നത്‌. “ഒന്നേ ആവശ്യ​മു​ള്ളൂ” എന്ന്‌ അതു പരിഭാ​ഷ​പ്പെ​ടു​ത്താം. ഈ പരിഭാ​ഷ​യാ​ണു ചില ബൈബിൾഭാ​ഷാ​ന്ത​ര​ങ്ങ​ളിൽ കാണു​ന്നത്‌. എന്നാൽ “അധിക​മൊ​ന്നും വേണ്ടാ. അല്ല, ഒന്നായാ​ലും മതി” എന്ന പരിഭാ​ഷയെ ധാരാളം കൈ​യെ​ഴു​ത്തു​പ്ര​തി​കൾ പിന്താ​ങ്ങു​ന്നുണ്ട്‌. ഇതിൽ സ്വീകാ​ര്യ​മാ​യത്‌ ഏതാ​ണെ​ങ്കി​ലും യേശു പറഞ്ഞതി​ന്റെ ആകമാ​ന​സ​ന്ദേശം ഒന്നുത​ന്നെ​യാണ്‌: ആത്മീയ​കാ​ര്യ​ങ്ങൾ ഒന്നാമതു വെക്കുക. ആത്മീയ​കാ​ര്യ​ങ്ങൾക്കു മുൻഗണന നൽകി​ക്കൊണ്ട്‌ “നല്ല പങ്കു” തിര​ഞ്ഞെ​ടുത്ത മറിയയെ യേശു തുടർന്ന്‌ അഭിന​ന്ദി​ക്കു​ന്നു​മുണ്ട്‌.

നല്ല പങ്ക്‌: അഥവാ “ഏറ്റവും വിശി​ഷ്ട​മായ പങ്ക്‌.” ഇവിടെ “പങ്ക്‌” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മെറിസ്‌ എന്ന ഗ്രീക്കു​പദം, ആഹാര​ത്തി​ന്റെ പങ്കി​നെ​യോ ഓഹരി​യെ​യോ കുറി​ക്കാ​നും (ഉൽ 43:34; ആവ 18:8) ആത്മീയാർഥ​ത്തി​ലുള്ള ഒരു ‘പങ്കിനെ’ കുറി​ക്കാ​നും (സങ്ക 16:5; 119:57) സെപ്‌റ്റു​വ​ജി​ന്റിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇവിടെ, മറിയ തിര​ഞ്ഞെ​ടുത്ത “നല്ല പങ്ക്‌” ദൈവ​പു​ത്ര​നിൽനി​ന്നുള്ള ആത്മീയ​പോ​ഷ​ണ​മാ​യി​രു​ന്നു.

ദൃശ്യാവിഷ്കാരം

ചെന്നായ്‌
ചെന്നായ്‌

ഇസ്രാ​യേ​ലി​ലെ ചെന്നാ​യ്‌ക്കൾ പ്രധാ​ന​മാ​യും രാത്രി​യി​ലാണ്‌ ഇര പിടി​ക്കാ​റു​ള്ളത്‌. (ഹബ 1:8) ഭക്ഷണ​ത്തോട്‌ ആർത്തി​യുള്ള ഇക്കൂട്ടം ക്രൗര്യ​ത്തി​നും ധൈര്യ​ത്തി​നും പേരു​കേ​ട്ട​വ​യാണ്‌. അത്യാ​ഗ്ര​ഹി​ക​ളായ ഇവ പലപ്പോ​ഴും തങ്ങൾക്കു തിന്നാ​നാ​കു​ന്ന​തി​ലും കൂടുതൽ ആടുകളെ കൊല്ലാ​റുണ്ട്‌. മിക്ക​പ്പോ​ഴും ഇത്‌ അവയ്‌ക്കു കടിച്ച്‌ വലിച്ചു​കൊ​ണ്ടു​പോ​കാൻപോ​ലും പറ്റാത്ത​ത്ര​യാ​യി​രി​ക്കും. ബൈബി​ളിൽ മിക്കയി​ട​ങ്ങ​ളി​ലും മൃഗങ്ങ​ളെ​ക്കു​റി​ച്ചും അവയുടെ നല്ലതും മോശ​വും ആയ പ്രത്യേ​ക​തകൾ, ശീലങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചും പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മരണശ​യ്യ​യിൽ വെച്ച്‌ യാക്കോബ്‌ നടത്തിയ പ്രവച​ന​ത്തിൽ ബന്യാ​മീൻ ഗോ​ത്രത്തെ ചെന്നാ​യെ​പ്പോ​ലുള്ള (കാനിസ്‌ ലൂപുസ്‌) ഒരു പോരാ​ളി​യാ​യി വർണി​ച്ചി​രി​ക്കു​ന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളി​ലും ക്രൗര്യം, അത്യാർത്തി, അക്രമ​സ്വ​ഭാ​വം, കുടിലത എന്നീ മോശം ഗുണങ്ങ​ളു​ടെ പ്രതീ​ക​മാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ കള്ളപ്ര​വാ​ച​ക​ന്മാ​രെ​യും (മത്ത 7:15) ക്രിസ്‌തീ​യ​ശു​ശ്രൂ​ഷയെ ക്രൂര​മാ​യി എതിർക്കു​ന്ന​വ​രെ​യും (മത്ത 10:16; ലൂക്ക 10:3) ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു​ള്ളിൽനിന്ന്‌ അതിനെ അപകട​പ്പെ​ടു​ത്താൻ നോക്കുന്ന വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളെ​യും (പ്രവൃ 20:29, 30) ചെന്നാ​യ്‌ക്ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ചെന്നാ​യ്‌ക്കൾ എത്രമാ​ത്രം അപകട​കാ​രി​ക​ളാ​ണെന്ന്‌ ഇടയന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. “ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടി​ക്ക​ള​യുന്ന” ‘കൂലി​ക്കാ​ര​നെ​ക്കു​റിച്ച്‌’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുക​ളെ​ക്കു​റിച്ച്‌ ചിന്തയി​ല്ലാത്ത’ ആ കൂലി​ക്കാ​ര​നെ​പ്പോ​ലെയല്ല. യേശു ‘ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ത്തു.’—യോഹ 10:11-13.

വടിയും ഭക്ഷണസ​ഞ്ചി​യും
വടിയും ഭക്ഷണസ​ഞ്ചി​യും

വടി കൈയിൽ കൊണ്ടു​ന​ട​ക്കു​ന്നതു പണ്ട്‌ എബ്രാ​യ​രു​ടെ​ഒരു രീതി​യാ​യി​രു​ന്നു. പലതാ​യി​രു​ന്നു അതിന്റെ ഉപയോ​ഗങ്ങൾ: ഊന്നി​ന​ട​ക്കാ​നും (പുറ 12:11; സെഖ 8:4; എബ്ര 11:21) പ്രതി​രോ​ധ​ത്തി​നോ സ്വയര​ക്ഷ​യ്‌ക്കോ വേണ്ടി​യും (2ശമു 23:21) മെതി​ക്കാ​നും (യശ 28:27) ഒലിവു​കാ​യ്‌കൾ പറിക്കാ​നും (ആവ 24:20; യശ 24:13) മറ്റ്‌ അനേകം കാര്യ​ങ്ങൾക്കും അത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. ഭക്ഷണസഞ്ചി സാധാ​ര​ണ​യാ​യി തുകൽകൊ​ണ്ടാണ്‌ ഉണ്ടാക്കി​യി​രു​ന്നത്‌. സഞ്ചാരി​ക​ളും ഇടയന്മാ​രും കർഷക​രും മറ്റുള്ള​വ​രും പൊതു​വേ ഭക്ഷണവും വസ്‌ത്ര​വും മറ്റു വസ്‌തു​ക്ക​ളും കൊണ്ടു​പോ​കാൻ ഉപയോ​ഗി​ച്ചി​രുന്ന ഈ സഞ്ചി തോളി​ലാണ്‌ ഇട്ടിരു​ന്നത്‌. യേശു അപ്പോ​സ്‌ത​ല​ന്മാ​രെ പ്രസം​ഗ​പ​ര്യ​ട​ന​ത്തിന്‌ അയയ്‌ച്ച​പ്പോൾ അവർക്കു നൽകിയ നിർദേ​ശ​ങ്ങ​ളു​ടെ കൂട്ടത്തിൽ വടി, ഭക്ഷണസഞ്ചി എന്നിവ​യെ​ക്കു​റി​ച്ചും പറഞ്ഞു. അപ്പോ​സ്‌ത​ല​ന്മാർ കൂടു​ത​ലാ​യി എന്തെങ്കി​ലും എടുക്കാൻ തുനി​ഞ്ഞാൽ അവരുടെ ശ്രദ്ധ പതറു​മാ​യി​രു​ന്ന​തു​കൊണ്ട്‌ അതിനു നിൽക്കാ​തെ അങ്ങനെ​തന്നെ പോകാ​നാ​യി​രു​ന്നു നിർദേശം. കാരണം യഹോവ എന്തായാ​ലും അവർക്കു​വേണ്ടി കരുതു​മാ​യി​രു​ന്നു.—യേശു നൽകിയ നിർദേ​ശ​ങ്ങ​ളു​ടെ അർഥം കൂടുതൽ വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ ലൂക്ക 9:3; 10:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

കഫർന്ന​ഹൂം, കോര​സീൻ, ബേത്ത്‌സ​യിദ
കഫർന്ന​ഹൂം, കോര​സീൻ, ബേത്ത്‌സ​യിദ

ഈ വീഡി​യോ​യി​ലെ വിശാ​ല​മായ ദൃശ്യം ഗലീല​ക്ക​ട​ലി​ന്റെ വടക്കു​കി​ഴക്കേ തീരത്തിന്‌ അടുത്തുള്ള ഓഫി​റി​ലെ നിരീ​ക്ഷ​ണ​കേ​ന്ദ്ര​ത്തിൽനിന്ന്‌ പകർത്തി​യ​താണ്‌. യേശു രണ്ടു വർഷത്തി​ലേറെ ഗലീല​യിൽ വിപു​ല​മായ ശുശ്രൂഷ നടത്തി​യ​പ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ കഫർന്ന​ഹൂം ആയിരു​ന്നു താവളം. പുരാതന കഫർന്ന​ഹൂം നഗരം സ്ഥിതി ചെയ്‌തി​രു​ന്ന​താ​യി കരുത​പ്പെ​ടുന്ന സ്ഥലത്തു​നിന്ന്‌ (1) കോര​സീ​നി​ലേക്ക്‌ (2) ഏതാണ്ട്‌ 3 കി.മീ. ദൂരമേ ഉണ്ടായി​രു​ന്നു​ള്ളൂ. അപ്പോ​സ്‌ത​ല​ന്മാ​രായ പത്രോ​സും അന്ത്ര​യോ​സും കഫർന്ന​ഹൂ​മി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. മത്തായി നികുതി പിരി​ച്ചി​രുന്ന ഓഫീ​സും കഫർന്ന​ഹൂ​മി​ലോ അതിന്‌ അടുത്തോ ആയിരുന്നു. (മർ 1:21, 29; 2:1, 13, 14; 3:16; ലൂക്ക 4:31, 38) വാസ്‌ത​വ​ത്തിൽ അതിന്‌ അടുത്തുള്ള ബേത്ത്‌സ​യിദ (3) നഗരത്തിൽനി​ന്നു​ള്ള​വ​രാ​യി​രു​ന്നു പത്രോ​സും അന്ത്ര​യോ​സും. ഫിലി​പ്പോ​സും അന്നാട്ടു​കാ​ര​നാ​യി​രു​ന്നു. (യോഹ 1:44) യേശു ഈ മൂന്നു നഗരങ്ങ​ളി​ലും അവയുടെ സമീപ​പ്ര​ദേ​ശ​ങ്ങ​ളി​ലും വെച്ച്‌ ധാരാളം അത്ഭുത​പ്ര​വൃ​ത്തി​കൾ ചെയ്‌തു.—അനുബന്ധം എ7-ഡി-യിലെ ഭൂപടം 3ബി-യും എ7-ഇ-യിലെ ഭൂപടം 4-ഉം കാണുക.

യരുശ​ലേ​മിൽനിന്ന്‌ യരീ​ഹൊ​യി​ലേ​ക്കുള്ള വഴി
യരുശ​ലേ​മിൽനിന്ന്‌ യരീ​ഹൊ​യി​ലേ​ക്കുള്ള വഴി

ഇന്ന്‌ യരുശ​ലേ​മിൽനിന്ന്‌ യരീ​ഹൊ​യി​ലേക്കു പോകുന്ന വഴിയാണ്‌ (1) ഈ ഹ്രസ്വ​വീ​ഡി​യോ​യിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. പുരാ​ത​ന​കാ​ല​ത്തും യരുശ​ലേ​മിൽനിന്ന്‌ യരീ​ഹൊ​യി​ലേ​ക്കുള്ള വഴി ഏതാണ്ട്‌ ഈ പ്രദേ​ശ​ത്തു​കൂ​ടെ തന്നെയാ​യി​രു​ന്നി​രി​ക്കാം. ധാരാളം വളവും തിരി​വും ഉള്ള, കുത്തനെ താഴേക്ക്‌ ഇറങ്ങുന്ന (യരീ​ഹൊ​യെ​ക്കാൾ ഏതാണ്ട്‌ 1 കി.മീ. ഉയരത്തിൽ സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലമാ​യി​രു​ന്നു യരുശ​ലേം.) ആ വഴിയു​ടെ നീളം 20 കിലോ​മീ​റ്റ​റി​ല​ധി​കം വരുമാ​യി​രു​ന്നു. ഒറ്റപ്പെട്ട്‌, ആൾപ്പാർപ്പി​ല്ലാ​തെ കിടന്നി​രുന്ന ഈ പ്രദേ​ശത്ത്‌ കവർച്ച നിത്യ​സം​ഭ​വ​മാ​യി​രു​ന്ന​തു​കൊണ്ട്‌ യാത്ര​ക്കാ​രെ സംരക്ഷി​ക്കാൻ അവിടെ ഒരു കാവൽസേ​നാ​കേ​ന്ദ്രം സ്ഥാപി​ക്കേ​ണ്ടി​വന്നു. ആ വഴി യഹൂദ്യ​വി​ജ​ന​ഭൂ​മി​യിൽ ചെന്നു​ചേ​രുന്ന സ്ഥലത്താണു റോമൻ യരീഹൊ (2) സ്ഥിതി ചെയ്‌തി​രു​ന്നത്‌. അവി​ടെ​നിന്ന്‌ ഏതാണ്ട്‌ 2 കി.മീ. മാറി​യാ​യി​രു​ന്നു യരീഹൊ എന്ന പേരിൽത്തന്നെ അറിയ​പ്പെട്ട പഴയ നഗരത്തി​ന്റെ (3) സ്ഥാനം.