വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?”

“ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?”

“ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?”

“ഇതു സംബന്ധിച്ചു നാം എന്തു പറയേണ്ടു? ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?”​—⁠റോമർ 8:⁠31.

1. ആരാണ്‌ ഇസ്രായേല്യരോടൊപ്പം ഈജിപ്‌തിൽനിന്നു പുറപ്പെട്ടുപോന്നത്‌, അതിന്‌ അവരെ പ്രേരിപ്പിച്ചത്‌ എന്ത്‌?

ഈജിപ്‌തിലെ 215 വർഷത്തിൽ ഏറെക്കാലവും അടിമകളായി കഴിഞ്ഞശേഷം ഇസ്രായേല്യർ സ്വാതന്ത്ര്യത്തിലേക്കു പുറപ്പെട്ടപ്പോൾ “വലിയോരു സമ്മിശ്രപുരുഷാരവും” അവരോടൊപ്പം ഉണ്ടായിരുന്നു. (പുറപ്പാടു 12:38) ഈജിപ്‌തിന്മേൽ നാശം വിതച്ചുകൊണ്ട്‌ അവിടത്തെ വ്യാജ ദൈവങ്ങളെ പരിഹാസപാത്രങ്ങളാക്കിയ ഭയങ്കരമായ പത്തു ബാധകൾ ആ പുറജാതീയർ അനുഭവിച്ചിരുന്നു. അതേസമയം തന്റെ ജനത്തെ സംരക്ഷിക്കാനുള്ള യഹോവയുടെ പ്രാപ്‌തിക്കും അവർ സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ചും നാലാമത്തെ ബാധയുടെ സമയം മുതൽ. (പുറപ്പാടു 8:23, 24) യഹോവയുടെ ഉദ്ദേശ്യങ്ങൾ സംബന്ധിച്ച്‌ കാര്യമായൊന്നും അവർക്ക്‌ അറിയില്ലായിരുന്നെങ്കിലും, ഒരു കാര്യത്തിൽ അവർക്ക്‌ ഉറപ്പുണ്ടായിരുന്നു: ഈജിപ്‌തുകാരെ രക്ഷിക്കാൻ അവരുടെ ദൈവങ്ങൾ പരാജയപ്പെട്ടപ്പോൾ, ഇസ്രായേല്യരുടെ രക്ഷയ്‌ക്കായി പ്രവർത്തിച്ചുകൊണ്ട്‌ താൻ ശക്തനാണെന്ന്‌ യഹോവ തെളിയിച്ചു.

2. ഇസ്രായേല്യ ഒറ്റുകാരെ രാഹാബ്‌ സഹായിച്ചത്‌ എന്തുകൊണ്ട്‌, അവരുടെ ദൈവത്തിലുള്ള അവളുടെ വിശ്വാസം അസ്ഥാനത്താകാഞ്ഞത്‌ എന്തുകൊണ്ട്‌?

2 നാൽപ്പതു വർഷത്തിനു ശേഷം, ഇസ്രായേല്യർ വാഗ്‌ദത്തദേശത്തു പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്‌, മോശെയുടെ പിൻഗാമിയായ യോശുവ ദേശം ഒറ്റുനോക്കാൻ രണ്ടു പുരുഷന്മാരെ അയച്ചു. അവിടെ അവർ യെരീഹോ നിവാസിയായ രാഹാബിനെ കണ്ടുമുട്ടി. ഇസ്രായേല്യർ ഈജിപ്‌ത്‌ വിട്ടുപോന്നതു മുതലുള്ള നാൽപ്പതു വർഷക്കാലം അവരുടെ സംരക്ഷണാർഥം യഹോവ ചെയ്‌ത വീര്യപ്രവൃത്തികളെ കുറിച്ച്‌ അവൾ കേട്ടിരുന്നു. തന്മൂലം, ദൈവത്തിന്റെ അനുഗ്രഹം ലഭിക്കണമെങ്കിൽ അവന്റെ ജനത്തെ പിന്താങ്ങേണ്ടതുണ്ടെന്ന്‌ അവൾക്ക്‌ അറിയാമായിരുന്നു. അവളുടെ ജ്ഞാനപൂർവകമായ തീരുമാനത്തിന്റെ ഫലമായി, ഇസ്രായേല്യർ പിന്നീട്‌ ആ പട്ടണം പിടിച്ചടക്കിയപ്പോൾ ഉണ്ടായ നാശത്തിൽനിന്ന്‌ അവളും കുടുംബവും രക്ഷപ്പെട്ടു. അവർ രക്ഷിക്കപ്പെട്ട അത്ഭുതകരമായ രീതിതന്നെ ദൈവം അവരോടുകൂടെ ഉണ്ടെന്നതിന്റെ അനിഷേധ്യമായ തെളിവ്‌ ആയിരുന്നു. അങ്ങനെ, ഇസ്രായേല്യരുടെ ദൈവത്തിലുള്ള രാഹാബിന്റെ വിശ്വാസം അസ്ഥാനത്തായില്ല.​—⁠യോശുവ 2:1, 9-13; 6:​15-17, 25.

3. (എ) പുനർനിർമിച്ച യെരീഹോ നഗരത്തിന്‌ അടുത്തുവെച്ച്‌ യേശു എന്ത്‌ അത്ഭുതം പ്രവർത്തിച്ചു, അതിനോടു യഹൂദ മതനേതാക്കന്മാർ പ്രതികരിച്ചത്‌ എങ്ങനെ? (ബി) ചില യഹൂദന്മാരും പിന്നീട്‌ യഹൂദരല്ലാത്ത നിരവധി പേരും എന്തു തിരിച്ചറിഞ്ഞു?

3 പതിനഞ്ച്‌ നൂറ്റാണ്ടുകൾക്കുശേഷം, പുനർനിർമിക്കപ്പെട്ട യെരീഹോ നഗരത്തിന്‌ അടുത്തുവെച്ച്‌ അന്ധനായ ഒരു യാചകന്‌ യേശുക്രിസ്‌തു കാഴ്‌ച നൽകി. (മർക്കൊസ്‌ 10:46-52; ലൂക്കൊസ്‌ 18:35-43) തന്നോടു കരുണ കാണിക്കണമേ എന്ന്‌ ആ മനുഷ്യൻ യേശുവിനോടു യാചിച്ചു. യേശുവിനെ ദൈവം പിന്തുണയ്‌ക്കുന്നു എന്ന്‌ അവൻ തിരിച്ചറിഞ്ഞതായി അതു സൂചിപ്പിച്ചു. എന്നാൽ, യഹൂദ മതനേതാക്കന്മാരും അവരുടെ അനുയായികളും പൊതുവെ യേശു ചെയ്യുന്നത്‌ ദൈവത്തിന്റെ വേലയാണ്‌ എന്നതിന്റെ തെളിവായി അവന്റെ അത്ഭുതങ്ങളെ സ്വീകരിക്കാൻ കൂട്ടാക്കിയില്ല. പകരം, അവർ അവനിൽ കുറ്റം കണ്ടെത്തി. (മർക്കൊസ്‌ 2:15, 16; 3:​1-6; ലൂക്കൊസ്‌ 7:31-35) അവർ വധിച്ച യേശു പുനരുത്ഥാനം പ്രാപിച്ചപ്പോൾ പോലും അതു ദൈവത്തിന്റെ പ്രവൃത്തിയാണെന്ന്‌ അംഗീകരിക്കാൻ അവർക്കു മനസ്സില്ലായിരുന്നു. പകരം, അവർ യേശുവിന്റെ അനുഗാമികളെ പീഡിപ്പിക്കുന്നതിൽ നേതൃത്വമെടുക്കുകയും ‘കർത്താവായ യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന’ അവരുടെ വേലയെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്‌തു. എന്നാൽ ചില യഹൂദന്മാരും പിന്നീട്‌ യഹൂദരല്ലാത്ത നിരവധി പേരും ഈ സംഭവങ്ങൾ ശ്രദ്ധിക്കുകയും അവയെ ശരിയായി വിലയിരുത്തുകയും ചെയ്‌തു. സ്വയനീതിക്കാരായ യഹൂദ നേതാക്കന്മാരെ ദൈവം തള്ളിക്കളഞ്ഞിരിക്കുന്നു എന്നും യേശുക്രിസ്‌തുവിന്റെ താഴ്‌മയുള്ള അനുഗാമികളെ അവൻ ഇപ്പോൾ പിന്തുണയ്‌ക്കുന്നു എന്നും അവർക്കു ബോധ്യപ്പെട്ടു.​—⁠പ്രവൃത്തികൾ 11:19-21.

ഇന്നു ദൈവത്തിന്റെ പിന്തുണ ഉള്ളത്‌ ആർക്ക്‌?

4, 5. (എ) ഒരു മതം തിരഞ്ഞെടുക്കുന്നത്‌ സംബന്ധിച്ച്‌ ചിലർ എന്തു വിചാരിക്കുന്നു? (ബി) സത്യമതത്തെ തിരിച്ചറിയാൻ സഹായിക്കുന്ന സുപ്രധാന ചോദ്യം ഏത്‌?

4 അടുത്തകാലത്തു നടന്ന ഒരു ടിവി അഭിമുഖത്തിൽ സത്യമതം ഏതാണ്‌ എന്നതിനെ കുറിച്ച്‌ ഒരു വൈദികൻ ഇങ്ങനെ പറഞ്ഞു: “ഒരു മതം അനുശാസിക്കുന്നതു പോലെ ജീവിക്കുമ്പോൾ അത്‌ ഒരാളെ മെച്ചപ്പെട്ട വ്യക്തിയാക്കുന്നെങ്കിൽ, അത്‌ സത്യമതമാണെന്നാണ്‌ എന്റെ ശക്തമായ അഭിപ്രായം.” സത്യമതം ആളുകളെ മെച്ചപ്പെട്ട വ്യക്തികൾ ആക്കുന്നു എന്നതു ശരിതന്നെ. എന്നാൽ ഒരു മതം ആളുകളെ മെച്ചപ്പെട്ട വ്യക്തികൾ ആക്കുന്നുവെന്നതുകൊണ്ടു മാത്രം അതിനു ദൈവാംഗീകാരം ഉണ്ടെന്ന്‌ പറയാനാകുമോ? ഒരു മതം സത്യമാണോ എന്നു നിർണയിക്കാനുള്ള ഏക മാനദണ്ഡം അതാണോ?

5 വ്യക്തിപരമായ തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം ഏവരും വിലമതിക്കുന്നു. തനിക്ക്‌ ഏതു മതം വേണമെന്ന കാര്യവും അതിൽ പെടുന്നു. എന്നാൽ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു വിചാരിച്ച്‌ ആളുകൾ ശരിയായ തിരഞ്ഞെടുപ്പ്‌ നടത്തിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന്‌, ചിലർ ഒരു മതം തിരഞ്ഞെടുക്കുന്നത്‌ അതിന്റെ വലിപ്പമോ സമ്പത്തോ ആർഭാടമായ ചടങ്ങുകളോ തങ്ങളുടെ കുടുംബ ബന്ധങ്ങളോ ഒക്കെ കണക്കിലെടുത്തിട്ടാണ്‌. വാസ്‌തവത്തിൽ, ഒരു മതം സത്യമാണോ അല്ലയോ എന്നു നിർണയിക്കാനുള്ള ഘടകങ്ങളല്ല ഇവയൊന്നും. ഇക്കാര്യത്തിൽ സുപ്രധാന ചോദ്യം ഇതാണ്‌: ‘ദൈവം നമുക്കു അനുകൂലമാണ്‌’ എന്ന്‌ അതിലെ അംഗങ്ങൾക്ക്‌ ഉറപ്പോടെ പറയാൻ കഴിയുമാറ്‌, ദൈവഹിതം ചെയ്യാൻ അവരെ പ്രേരിപ്പിക്കുകയും ദിവ്യ പിന്തുണയുടെ ഈടുറ്റ തെളിവു നൽകുകയും ചെയ്യുന്ന മതം ഏതാണ്‌?

6. സത്യമതത്തെ വ്യാജമതത്തിൽനിന്നു തിരിച്ചറിയാൻ യേശുവിന്റെ ഏതു വാക്കുകൾ സഹായിക്കുന്നു?

6 പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ സത്യാരാധനയെ വ്യാജാരാധനയിൽനിന്നു തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം യേശു നൽകി: “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ; അവർ ആടുകളുടെ വേഷം പൂണ്ടു നിങ്ങളുടെ അടുക്കൽ വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്‌ക്കൾ ആകുന്നു. അവരുടെ ഫലങ്ങളാൽ നിങ്ങൾക്കു അവരെ തിരിച്ചറിയാം.” (ചെരിച്ചെഴുതിയിരിക്കുന്നത്‌ ഞങ്ങൾ.) (മത്തായി 7:15, 16; മലാഖി 3:18) സത്യമതത്തിന്റെ ‘ഫലങ്ങ’ളിൽ അഥവാ തിരിച്ചറിയിക്കൽ അടയാളങ്ങളിൽ ചിലത്‌ നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം. അങ്ങനെ, ഇന്ന്‌ ദൈവാംഗീകാരമുള്ളത്‌ ആർക്കാണ്‌ എന്നതു സംബന്ധിച്ച്‌ സത്യസന്ധമായ ഒരു നിഗമനത്തിലെത്താൻ നമുക്കു കഴിയും.

ദിവ്യപിന്തുണ ഉള്ളവരെ തിരിച്ചറിയിക്കുന്ന അടയാളങ്ങൾ

7. ബൈബിളിൽ അധിഷ്‌ഠിതമായ കാര്യങ്ങൾ മാത്രം പഠിപ്പിക്കുക എന്നതിന്റെ അർഥം എന്ത്‌?

7 അവരുടെ പഠിപ്പിക്കലുകൾ ബൈബിളിൽ അധിഷ്‌ഠിതമാണ്‌. യേശു പറഞ്ഞു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ. അവന്റെ ഇഷ്ടം ചെയ്‌വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽനിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്‌താവിക്കുന്നതോ എന്നു അറിയും.” മാത്രമല്ല, “ദൈവസന്തതിയായവൻ ദൈവവചനം കേൾക്കുന്നു” എന്നും യേശു പറഞ്ഞു. (യോഹന്നാൻ 7:​16, 17; 8:47) അതിനാൽ, ദിവ്യപിന്തുണ ഉണ്ടായിരിക്കുന്നതിന്‌ ഒരുവൻ, ദൈവം തന്റെ വചനത്തിൽ വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങൾ മാത്രം പഠിപ്പിക്കുകയും മനുഷ്യ ജ്ഞാനത്തിലും പാരമ്പര്യത്തിലും അധിഷ്‌ഠിതമായ ഉപദേശങ്ങൾ തള്ളിക്കളയുകയും വേണം.​—⁠യെശയ്യാവു 29:13; മത്തായി 15:3-9; കൊലൊസ്സ്യർ 2:⁠8.

8. ആരാധനയിൽ ദൈവനാമം ഉപയോഗിക്കുന്നത്‌ പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

8 അവർ യഹോവ എന്ന ദൈവനാമം ഉപയോഗിക്കുകയും പ്രസിദ്ധമാക്കുകയും ചെയ്യുന്നു. യെശയ്യാവ്‌ ഇങ്ങനെ മുൻകൂട്ടി പറഞ്ഞു: “അന്നാളിൽ നിങ്ങൾ പറയുന്നതു: യഹോവെക്കു സ്‌തോത്രം ചെയ്‌വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്‌താവിപ്പിൻ. യഹോവെക്കു കീർത്തനം ചെയ്‌വിൻ; അവൻ ശ്രേഷ്‌ഠമായതു ചെയ്‌തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായ്‌വരട്ടെ.” (യെശയ്യാവു 12:4, 5) “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു പ്രാർഥിക്കാൻ യേശു അനുഗാമികളെ പഠിപ്പിച്ചു. (മത്തായി 6:9) അതിനാൽ, യഹൂദർ ആയിരുന്നാലും അല്ലായിരുന്നാലും ക്രിസ്‌ത്യാനികൾ ‘ദൈവത്തിന്റെ നാമത്തിനായുള്ള ഒരു ജനം’ ആയിരിക്കണമായിരുന്നു. (പ്രവൃത്തികൾ 15:14) ‘ദൈവത്തിന്റെ നാമത്തിനായുള്ള ഒരു ജനം’ ആയിരിക്കുന്നതിൽ അഭിമാനിക്കുന്നവരെ പിന്തുണയ്‌ക്കുന്നതിൽ ദൈവത്തിനു തീർച്ചയായും സന്തോഷമേ ഉള്ളൂ.

9. (എ) സന്തോഷം സത്യാരാധകരുടെ ഒരു പ്രത്യേകത ആയിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) യെശയ്യാവ്‌ സത്യമതത്തെയും വ്യാജമതത്തെയും തമ്മിൽ വിപരീത താരതമ്യം ചെയ്യുന്നത്‌ എങ്ങനെ?

9 അവർ ദൈവത്തിന്റെ സന്തോഷകരമായ വ്യക്തിത്വം പ്രതിഫലിപ്പിക്കുന്നു. “സുവാർത്ത”യുടെ കാരണഭൂതനായ യഹോവ “സന്തുഷ്ടനായ ദൈവം” ആണ്‌. (1 തിമൊഥെയൊസ്‌ 1:​11, NW) അതിനാൽ അവന്റെ ആരാധകർക്ക്‌ എങ്ങനെ അസന്തുഷ്ടരും ശുഭാപ്‌തിവിശ്വാസം നഷ്ടപ്പെട്ടവരും ആയിരിക്കാനാകും? ലോകത്തിലെ അരിഷ്ടതയ്‌ക്കും തങ്ങളുടെ വ്യക്തിപരമായ പ്രശ്‌നങ്ങൾക്കും മധ്യേ പോലും സത്യ ക്രിസ്‌ത്യാനികൾ സന്തോഷം നിലനിറുത്തുന്നു, കാരണം അവർ സമൃദ്ധമായ ആത്മീയ ഭക്ഷണം പതിവായി കഴിക്കുന്നു. വ്യാജാരാധകരുമായി അവരെ വിപരീത താരതമ്യം ചെയ്‌തുകൊണ്ട്‌ യെശയ്യാവ്‌ പറയുന്നു: “യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും. എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.”​—⁠യെശയ്യാവു 65:13, 14.

10. സത്യമതത്തിൽ പെട്ടവർക്ക്‌ സ്വന്തം അനുഭവത്തിലൂടെ പാഠങ്ങൾ പഠിക്കേണ്ടിവരില്ലാത്തത്‌ എന്തുകൊണ്ട്‌?

10 അവരുടെ നടത്തയും തീരുമാനങ്ങളും ബൈബിൾ തത്ത്വങ്ങളിൽ അധിഷ്‌ഠിതമാണ്‌. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു” എന്ന്‌ സദൃശവാക്യങ്ങളുടെ എഴുത്തുകാരൻ നമ്മെ ബുദ്ധിയുപദേശിക്കുന്നു. “നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും.” (സദൃശവാക്യങ്ങൾ 3:5, 6) ദൈവജ്ഞാനത്തെ അവഗണിക്കുന്ന മനുഷ്യരുടെ പരസ്‌പര വിരുദ്ധങ്ങളായ സിദ്ധാന്തങ്ങളിൽ ആശ്രയിക്കുന്നതിനു പകരം, മാർഗനിർദേശത്തിനായി തന്നിലേക്കു നോക്കുന്നവരെ ദൈവം പിന്തുണയ്‌ക്കുന്നു. ദൈവവചനപ്രകാരം ജീവിതം നയിക്കാൻ ഒരുവൻ സന്നദ്ധനാണെങ്കിൽ അയാൾക്ക്‌ സ്വന്തം അനുഭവത്തിലൂടെ പാഠങ്ങൾ പഠിക്കേണ്ടിവരില്ല.​—⁠സങ്കീർത്തനം 119:33; 1 കൊരിന്ത്യർ 1:19-21.

11. (എ) സത്യമതത്തിലെ അംഗങ്ങളെ പുരോഹിതവർഗം എന്നും അയ്‌മേനികൾ എന്നും തരംതിരിക്കാൻ പാടില്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) ദൈവജനത്തിന്റെ ഇടയിൽ നേതൃത്വം എടുക്കുന്നവർ ആടുകൾക്ക്‌ എന്തു മാതൃക വെക്കേണ്ടതാണ്‌?

11 അവർ സംഘാടനത്തിന്റെ കാര്യത്തിൽ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌തീയ സഭയുടെ മാതൃക പിൻപറ്റുന്നു. യേശു ഈ തത്ത്വം വെച്ചു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്‌തു തന്നേ. നിങ്ങളിൽ ഏററവും വലിയവൻ നിങ്ങളുടെ ശുശ്രൂഷക്കാരൻ ആകേണം.” (മത്തായി 23:8-11) എല്ലാവരും സഹോദരങ്ങളായ ഒരു സഭയിൽ, ഉന്നതമായ പദവിനാമങ്ങളാൽ തങ്ങളെത്തന്നെ ബഹുമാനിക്കുകയും അയ്‌മേനികളിൽനിന്ന്‌ തങ്ങളെത്തന്നെ ഉയർത്തുകയും ചെയ്യുന്ന ഗർവിഷ്‌ഠരായ ഒരു പുരോഹിതവർഗം ഉണ്ടായിരിക്കുകയില്ല. (ഇയ്യോബ്‌ 32:21, 22, NW) ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്മേൽ ഇടയവേല ചെയ്യുന്നവരോട്‌ “നിർബ്ബന്ധത്താലല്ല, ദൈവത്തിന്നു ഹിതമാംവണ്ണം മനഃപൂർവ്വമായും ദുരാഗ്രഹത്തോടെയല്ല, ഉന്മേഷത്തോടെയും ഇടവകകളുടെമേൽ കർത്തൃത്വം നടത്തുന്നവരായിട്ടല്ല, ആട്ടിൻകൂട്ടത്തിന്നു മാതൃകകളായിത്തീർന്നുകൊണ്ടും” അങ്ങനെ ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. (1 പത്രൊസ്‌ 5:2, 3) യഥാർഥ ക്രിസ്‌തീയ ഇടയന്മാർ മറ്റുള്ളവരുടെ വിശ്വാസത്തിന്മേൽ തങ്ങളെത്തന്നെ യജമാനന്മാർ ആക്കിവെക്കുന്നില്ല. പകരം, ദൈവസേവനത്തിലെ കൂട്ടുവേലക്കാർ എന്ന നിലയിൽ നല്ല മാതൃക വെക്കാൻ അവർ ശ്രമിക്കുന്നു.​—⁠2 കൊരിന്ത്യർ 1:24.

12. ദൈവത്തിന്റെ പിന്തുണ ലഭിക്കാൻ ആഗ്രഹിക്കുന്നവർ മനുഷ്യ ഗവൺമെന്റുകളുമായുള്ള ബന്ധത്തിൽ സമനിലയുള്ള എന്തു നിലപാട്‌ സ്വീകരിക്കാൻ ദൈവം ആവശ്യപ്പെടുന്നു?

12 അവർ മനുഷ്യ ഗവൺമെന്റുകൾക്ക്‌ കീഴ്‌പെടുന്നു, അതേസമയം നിഷ്‌പക്ഷത പാലിക്കുകയും ചെയ്യുന്നു. ‘ശ്രേഷ്‌ഠാധികാരങ്ങൾക്കു കീഴ്‌പെടാത്ത’ ഒരു വ്യക്തിക്ക്‌ ദൈവത്തിന്റെ പിന്തുണ പ്രതീക്ഷിക്കാനാവില്ല. എന്തുകൊണ്ട്‌? എന്തുകൊണ്ടെന്നാൽ, ‘ഉള്ള അധികാരങ്ങൾ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു. ആകയാൽ അധികാരത്തോടു മറുക്കുന്നവൻ ദൈവവ്യവസ്ഥയോടു മറുക്കുന്നു.” (റോമർ 13:1, 2) എന്നിരുന്നാലും, താത്‌പര്യങ്ങൾ തമ്മിലുള്ള ഒരു ഏറ്റുമുട്ടലിന്റെ സാധ്യത തിരിച്ചറിഞ്ഞുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “കൈസർക്കുള്ളതു കൈസർക്കും ദൈവത്തിന്നുള്ളതു ദൈവത്തിന്നും കൊടുപ്പിൻ.” (മർക്കൊസ്‌ 12:17) ദൈവപിന്തുണ ലഭിക്കാൻ ആഗ്രഹിക്കുന്നവർ ‘മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിക്കണം.’ ഒപ്പം, ദൈവത്തോടുള്ള തങ്ങളുടെ പ്രാധാന്യമേറിയ ഉത്തരവാദിത്വങ്ങൾക്കു വിരുദ്ധമല്ലാത്ത ദേശനിയമങ്ങളും അവർ അനുസരിക്കേണ്ടതുണ്ട്‌. (മത്തായി 6:33; പ്രവൃത്തികൾ 5:29) ശിഷ്യന്മാരെ കുറിച്ച്‌ യേശു പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ, നിഷ്‌പക്ഷതയ്‌ക്ക്‌ അവൻ ഊന്നൽ നൽകി: “ഞാൻ ലോകത്തിന്റെ ഭാഗം അല്ലാത്തതുപോലെ, അവർ ലോകത്തിന്റെ ഭാഗമല്ല.” അവൻ പിന്നീട്‌ ഇങ്ങനെ കൂട്ടിച്ചേർക്കുകയും ചെയ്‌തു: “എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല.”​—⁠യോഹന്നാൻ 17:16; 18:⁠36, NW.

13. ദൈവജനത്തെ തിരിച്ചറിയിക്കുന്നതിൽ സ്‌നേഹം എന്തു പങ്കു വഹിക്കുന്നു?

13 അവർ മുഖപക്ഷം കാണിക്കുന്നില്ല, ‘എല്ലാവർക്കും നന്മ ചെയ്യുന്നു.’ (ഗലാത്യർ 6:10) ക്രിസ്‌തീയ സ്‌നേഹത്തിൽ പക്ഷപാതത്തിനു സ്ഥാനമില്ല. നിറമോ സാമ്പത്തിക സ്ഥിതിയോ വിദ്യാഭ്യാസമോ ദേശീയതയോ ഭാഷയോ ഗണ്യമാക്കാതെ സകലരെയും അംഗീകരിക്കാൻ അതു പ്രേരിപ്പിക്കുന്നു. സകലർക്കും, വിശേഷാൽ സഹവിശ്വാസികൾക്ക്‌, നന്മ ചെയ്യുന്നത്‌ ദിവ്യപിന്തുണ ഉള്ളവരെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു അടയാളമാണ്‌. യേശു പറഞ്ഞു: “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്‌നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.”​—⁠യോഹന്നാൻ 13:35; പ്രവൃത്തികൾ 10:34, 35.

14. ദൈവാംഗീകാരമുള്ളവർക്ക്‌ ജനസമ്മിതി ഉണ്ടായിരിക്കണമെന്നു നിർബന്ധമില്ലാത്തത്‌ എന്തുകൊണ്ട്‌? വിശദീകരിക്കുക.

14 ദൈവഹിതം ചെയ്യുന്നതിനെപ്രതി പീഡനം സഹിക്കാൻ അവർ സന്നദ്ധരാണ്‌. യേശു തന്റെ അനുഗാമികൾക്ക്‌ ഈ മുന്നറിയിപ്പു നൽകി: “അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും; എന്റെ വചനം പ്രമാണിച്ചു എങ്കിൽ നിങ്ങളുടേതും പ്രമാണിക്കും.” (യോഹന്നാൻ 15:20; മത്തായി 5:11, 12; 2 തിമൊഥെയൊസ്‌ 3:12) ദിവ്യപിന്തുണ ഉള്ളവർക്ക്‌ ഒരിക്കലും ജനസമ്മിതി ഇല്ലായിരുന്നു. അതിന്റെ ഒരു ഉദാഹരണമാണ്‌, തന്റെ വിശ്വാസത്തിലൂടെ ലോകത്തെ കുറ്റം വിധിച്ച നോഹ. (എബ്രായർ 11:7) ഇന്ന്‌, ദൈവത്തിന്റെ പിന്തുണ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നവർ പീഡനം ഒഴിവാക്കാനായി ദൈവവചനത്തിൽ വെള്ളം ചേർക്കാനോ ദിവ്യ തത്ത്വങ്ങളിൽ വിട്ടുവീഴ്‌ച ചെയ്യാനോ ധൈര്യപ്പെടുന്നില്ല. അവർ ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നിടത്തോളം കാലം ആളുകൾ അത്‌ ‘അപൂർവം എന്നുവെച്ച്‌ തങ്ങളെ ദുഷിക്കു’മെന്ന്‌ അവർക്ക്‌ അറിയാം.​—⁠1 പത്രൊസ്‌ 2:12; 3:16; 4:⁠4.

വസ്‌തുതകൾ വിലയിരുത്താനുള്ള സമയം

15, 16. (എ) ദിവ്യപിന്തുണയുള്ള മതവിഭാഗത്തെ തിരിച്ചറിയാൻ ഏതു ചോദ്യങ്ങൾ നമ്മെ സഹായിക്കും? (ബി) ദശലക്ഷക്കണക്കിന്‌ ആളുകൾ ഏതു നിഗമനത്തിൽ എത്തിയിരിക്കുന്നു, എന്തുകൊണ്ട്‌?

15 നിങ്ങളോടുതന്നെ ചോദിക്കുക, ‘ദൈവവചനത്തിന്റെ പഠിപ്പിക്കലുകൾ മിക്കവരുടെയും വിശ്വാസങ്ങളിൽനിന്ന്‌ വ്യത്യസ്‌തമായിരിക്കുമ്പോൾ പോലും അതിനോട്‌ അടുത്തു പറ്റിനിൽക്കുന്ന മതവിഭാഗം ഏതാണ്‌? ദൈവനാമത്തിന്റെ പ്രാധാന്യത്തിന്‌ ഊന്നൽ കൊടുക്കുന്നവർ, തങ്ങളെ തിരിച്ചറിയിക്കാൻ അത്‌ ഉപയോഗിക്കുക പോലും ചെയ്യുന്നവർ ആരാണ്‌? മനുഷ്യന്റെ എല്ലാ പ്രശ്‌നങ്ങളുടെയും ഏക പരിഹാരമെന്ന നിലയിൽ, ശുഭാപ്‌തിവിശ്വാസത്തോടെ ദൈവരാജ്യത്തിലേക്കു വിരൽ ചൂണ്ടുന്നവർ ആരാണ്‌? പഴഞ്ചൻ ചിന്താഗതിക്കാരെന്നു മറ്റുള്ളവർ മുദ്രകുത്തിയേക്കാമെങ്കിൽ പോലും, നടത്ത സംബന്ധിച്ച ബൈബിൾ നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നവർ ആരാണ്‌? ശമ്പളം പറ്റുന്ന ഒരു പുരോഹിതവർഗം ഇല്ലാത്ത, അംഗങ്ങളെല്ലാം സുവിശേഷ ഘോഷകരായ മതവിഭാഗം ഏതാണ്‌? രാഷ്‌ട്രീയത്തിൽനിന്ന്‌ ഒഴിഞ്ഞുനിൽക്കുന്നുവെങ്കിലും നിയമാനുസാരികളായ പൗരന്മാർ എന്നു പ്രശംസിക്കപ്പെടുന്നവർ ആരാണ്‌? ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചു പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിന്‌ സ്‌നേഹപൂർവം സമയവും പണവും വിനിയോഗിക്കുന്നവർ ആരാണ്‌? ഈ നല്ല കാര്യങ്ങളെല്ലാം ചെയ്‌തിട്ടും, നിന്ദിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നവർ ആരാണ്‌?’

16 വസ്‌തുതകൾ പരിശോധിച്ചു നോക്കിയശേഷം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്‌ ആളുകൾക്ക്‌ സത്യമതം ആചരിക്കുന്നവർ യഹോവയുടെ സാക്ഷികൾ മാത്രമാണെന്നു ബോധ്യം വന്നിരിക്കുന്നു. യഹോവയുടെ സാക്ഷികളുടെ പഠിപ്പിക്കലുകളുടെയും അവരുടെ പെരുമാറ്റത്തിന്റെയും ഒപ്പം അവരുടെ മതം കൈവരുത്തിയിട്ടുള്ള പ്രയോജനങ്ങളുടെയും അടിസ്ഥാനത്തിലാണ്‌ അവർ ഈ നിഗമനത്തിൽ എത്തിയിരിക്കുന്നത്‌. (യെശയ്യാവു 48:17) സെഖര്യാവു 8:​23-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നതു പോലെ, ദശലക്ഷക്കണക്കിന്‌ ആളുകൾ ഫലത്തിൽ ഇങ്ങനെ പറയുകയാണ്‌: “ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു.”

17. തങ്ങളുടേത്‌ സത്യമതം ആണെന്ന യഹോവയുടെ സാക്ഷികളുടെ അവകാശവാദം ധിക്കാരപരം അല്ലാത്തത്‌ എന്തുകൊണ്ട്‌?

17 യഹോവയുടെ സാക്ഷികൾ, തങ്ങൾക്കു മാത്രമേ ദിവ്യപിന്തുണയുള്ളൂ എന്നു പറയുന്നത്‌ ധിക്കാരപരമാണോ? വാസ്‌തവത്തിൽ അത്‌, ഈജിപ്‌തുകാരുടെ വിശ്വാസം തങ്ങളുടേതിൽനിന്നും വ്യത്യസ്‌തമായിരുന്നെങ്കിലും, ദൈവത്തിന്റെ പിന്തുണ ഉള്ളത്‌ തങ്ങൾക്കാണെന്ന്‌ ഇസ്രായേല്യർ അവകാശപ്പെട്ടതിൽ നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ല. അല്ലെങ്കിൽ യഹൂദ മതവിശ്വാസികൾക്കല്ല ദിവ്യപിന്തുണ ഉള്ളത്‌, മറിച്ച്‌ തങ്ങൾക്കാണ്‌ എന്ന്‌ ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾ അവകാശപ്പെട്ടതു പോലെയാണ്‌. യഹോവയുടെ സാക്ഷികളുടെ അവകാശവാദം സത്യമാണെന്നു വസ്‌തുതകൾ തെളിയിക്കുന്നു. അന്ത്യകാലത്ത്‌ തന്റെ യഥാർഥ ശിഷ്യന്മാർ ചെയ്യുമെന്ന്‌ യേശു മുൻകൂട്ടി പറഞ്ഞ പിൻവരുന്ന വേല യഹോവയുടെ സാക്ഷികൾ 235 ദേശങ്ങളിൽ ഇപ്പോൾ നിർവഹിക്കുന്നു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.”​—⁠മത്തായി 24:14.

18, 19. (എ) എതിർപ്പുണ്ടെങ്കിലും പ്രസംഗവേല നിറുത്താൻ യഹോവയുടെ സാക്ഷികൾക്ക്‌ യാതൊരു കാരണവും ഇല്ലാത്തത്‌ എന്തുകൊണ്ട്‌? (ബി) സാക്ഷികൾക്ക്‌ ദൈവത്തിന്റെ പിന്തുണ ഉണ്ട്‌ എന്ന വസ്‌തുതയെ സങ്കീർത്തനം 41:11 എങ്ങനെ സ്ഥിരീകരിക്കുന്നു?

18 പീഡനമോ എതിർപ്പോ തങ്ങളുടെ പ്രവർത്തനത്തിന്‌ ഒരു തടസ്സമാകാൻ അനുവദിക്കാതെ യഹോവയുടെ സാക്ഷികൾ ഈ നിയോഗം തുടർന്നും നിർവഹിക്കും. യഹോവയുടെ വേല നിർവഹിക്കപ്പെടണം, അതു തീർച്ചയായും നിർവഹിക്കപ്പെടുകതന്നെ ചെയ്യും. കഴിഞ്ഞ നൂറ്റാണ്ടിൽ ദൈവത്തിന്റെ വേല ചെയ്യുന്നതിൽനിന്ന്‌ സാക്ഷികളെ തടസ്സപ്പെടുത്താനുള്ള ആളുകളുടെ എല്ലാ ശ്രമവും സമ്പൂർണ പരാജയമായിരുന്നു. എന്തെന്നാൽ യഹോവ ഇങ്ങനെ വാഗ്‌ദാനം ചെയ്‌തിരിക്കുന്നു: “നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്യായവിസ്‌താരത്തിൽ നിനക്കു വിരോധമായി എഴുന്നേല്‌ക്കുന്ന എല്ലാ നാവിനെയും നീ കുററം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കൽനിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു.”​—⁠യെശയ്യാവു 54:17.

19 ലോകവ്യാപകമായ എതിർപ്പുണ്ടെങ്കിലും, യഹോവയുടെ സാക്ഷികൾ ഇന്ന്‌ എന്നത്തെക്കാളും ശക്തരും ഏറെ കർമനിരതരും ആണെന്ന വസ്‌തുത അവർ ചെയ്യുന്ന വേലയിൽ യഹോവ സന്തുഷ്ടനാണെന്നു തെളിയിക്കുന്നു. ദാവീദ്‌ രാജാവ്‌ പ്രസ്‌താവിച്ചു: “എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാൽ നിനക്കു എന്നിൽ പ്രസാദമായിരിക്കുന്നു എന്നു ഞാൻ അറിയുന്നു.” (സങ്കീർത്തനം 41:11; 56:​9, 11) യഹോവയുടെ ജനത്തിന്മേലുള്ള വിജയത്തെ ചൊല്ലി ജയഘോഷം മുഴക്കാൻ ദൈവത്തിന്റെ ശത്രുക്കൾക്ക്‌ ഒരിക്കലും കഴിയുകയില്ല. കാരണം, അവരുടെ നായകനായ യേശുക്രിസ്‌തു അന്തിമ വിജയത്തിലേക്കു മുന്നേറുകയാണ്‌!

നിങ്ങൾക്ക്‌ ഉത്തരം പറയാമോ?

• ആളുകൾക്ക്‌ ദിവ്യപിന്തുണ ഉണ്ടായിരുന്നതിന്റെ ചില പുരാതന ദൃഷ്ടാന്തങ്ങൾ ഏവ?

• സത്യമതത്തിന്റെ ചില തിരിച്ചറിയിക്കൽ അടയാളങ്ങൾ ഏവ?

• യഹോവയുടെ സാക്ഷികൾക്ക്‌ ദിവ്യപിന്തുണയുണ്ട്‌ എന്നു നിങ്ങൾക്കു വ്യക്തിപരമായി ബോധ്യമുള്ളത്‌ എന്തുകൊണ്ട്‌?

[അധ്യയന ചോദ്യങ്ങൾ]

[13-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ പിന്തുണ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നവർ തങ്ങളുടെ പഠിപ്പിക്കലുകൾ പൂർണമായും അവന്റെ വചനത്തിൽ അടിസ്ഥാനപ്പെടുത്തണം

[15-ാം പേജിലെ ചിത്രം]

ക്രിസ്‌തീയ മൂപ്പന്മാർ ആട്ടിൻകൂട്ടത്തിനു മാതൃകകളായി സേവിക്കുന്നു