മർക്കൊസ്‌ എഴുതിയത്‌ 2:1-28

2  എന്നാൽ കുറെ ദിവസം കഴിഞ്ഞ്‌ യേശു വീണ്ടും കഫർന്നഹൂമിൽ ചെന്നു. യേശു വീട്ടിലുണ്ടെന്നു വാർത്ത പരന്നു.+ 2  വാതിൽക്കൽപ്പോലും നിൽക്കാൻ ഇടമില്ലാത്തവിധം ധാരാളം പേർ അവിടെ വന്നുകൂടി. യേശു അവരോടു ദൈവവചനം പ്രസംഗിക്കാൻതുടങ്ങി.+ 3  ശരീരം തളർന്നുപോയ ഒരാളെ അപ്പോൾ അവിടെ കൊണ്ടുവന്നു. നാലു പേർ ചേർന്ന്‌ അയാളെ എടുത്തുകൊണ്ടാണു വന്നത്‌.+ 4  എന്നാൽ ജനക്കൂട്ടം കാരണം അയാളെ യേശുവിന്റെ അടുത്ത്‌ എത്തിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട്‌ അവർ യേശു ഇരുന്നിടത്തെ മേൽക്കൂര ഇളക്കിമാറ്റിയിട്ട്‌ മതിയായ ഒരു ദ്വാരം ഉണ്ടാക്കി അയാളെ കിടക്കയോടെ താഴെ ഇറക്കി. 5  അവരുടെ വിശ്വാസം കണ്ടിട്ട്‌+ യേശു തളർവാതരോഗിയോട്‌, “മകനേ, നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു” എന്നു പറഞ്ഞു.+ 6  ഇതു കേട്ട്‌, അവിടെയുണ്ടായിരുന്ന ചില ശാസ്‌ത്രിമാർ ഇങ്ങനെ മനസ്സിൽ പറഞ്ഞു:+ 7  “ഈ മനുഷ്യൻ എന്താ ഇങ്ങനെ പറയുന്നത്‌? ഇതു ദൈവനിന്ദയാണ്‌.+ ദൈവത്തിനല്ലാതെ ആർക്കെങ്കിലും പാപങ്ങൾ ക്ഷമിക്കാൻ കഴിയുമോ?”+ 8  പെട്ടെന്നുതന്നെ അവരുടെ ചിന്ത തിരിച്ചറിഞ്ഞ യേശു അവരോടു ചോദിച്ചു: “നിങ്ങൾ എന്തിനാണ്‌ ഇങ്ങനെയൊക്കെ ആലോചിക്കുന്നത്‌?+ 9  ഏതാണ്‌ എളുപ്പം? തളർവാതരോഗിയോട്‌, ‘നിന്റെ പാപങ്ങൾ ക്ഷമിച്ചിരിക്കുന്നു’ എന്നു പറയുന്നതാണോ അതോ ‘എഴുന്നേറ്റ്‌ നിന്റെ കിടക്ക എടുത്ത്‌ നടക്കുക’ എന്നു പറയുന്നതാണോ? 10  എന്നാൽ ഭൂമിയിൽ പാപങ്ങൾ ക്ഷമിക്കാൻ+ മനുഷ്യപുത്രന്‌+ അധികാരമുണ്ടെന്നു നിങ്ങൾ അറിയാൻവേണ്ടി.⁠.⁠.” യേശു തളർവാതരോഗിയോടു പറഞ്ഞു: 11  “എഴുന്നേറ്റ്‌, കിടക്ക എടുത്ത്‌ വീട്ടിലേക്കു പോകൂ എന്നു ഞാൻ നിന്നോടു പറയുന്നു.” 12  ഉടൻതന്നെ, എല്ലാവരും നോക്കിനിൽക്കെ അയാൾ എഴുന്നേറ്റ്‌ കിടക്കയും എടുത്ത്‌ പുറത്തേക്കു നടന്നു. എല്ലാവരും അത്ഭുതപ്പെട്ടുപോയി. “ആദ്യമായിട്ടാണ്‌ ഇങ്ങനെയൊരു സംഭവം കാണുന്നത്‌ ” എന്നു പറഞ്ഞ്‌ അവർ ദൈവത്തെ സ്‌തുതിച്ചു.+ 13  യേശു പിന്നെയും കടൽത്തീരത്തേക്കു പോയി. അനേകർ യേശുവിന്റെ അടുത്ത്‌ വന്നുകൊണ്ടിരുന്നു. യേശു ആ ജനക്കൂട്ടത്തെ പഠിപ്പിക്കാൻതുടങ്ങി. 14  യേശു നടന്നുപോകുമ്പോൾ അൽഫായിയുടെ മകൻ ലേവി നികുതി പിരിക്കുന്നിടത്ത്‌ ഇരിക്കുന്നതു കണ്ട്‌, “എന്നെ അനുഗമിക്കുക” എന്നു പറഞ്ഞു. ഉടനെ ലേവി എഴുന്നേറ്റ്‌ യേശുവിനെ അനുഗമിച്ചു.+ 15  പിന്നെ യേശു ലേവിയുടെ വീട്ടിൽ ഭക്ഷണത്തിന്‌ ഇരുന്നു. കുറെ നികുതിപിരിവുകാരും പാപികളും യേശുവിന്റെയും ശിഷ്യന്മാരുടെയും കൂടെ ഇരുന്ന്‌ ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. അങ്ങനെയുള്ള അനേകർ യേശുവിനെ അനുഗമിച്ചിരുന്നു.+ 16  യേശു നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നതു കണ്ട്‌ പരീശന്മാരിൽപ്പെട്ട ശാസ്‌ത്രിമാർ യേശുവിന്റെ ശിഷ്യന്മാരോട്‌, “ഇയാൾ എന്താ നികുതിപിരിവുകാരുടെയും പാപികളുടെയും കൂടെ ഭക്ഷണം കഴിക്കുന്നത്‌ ” എന്നു ചോദിച്ചു. 17  ഇതു കേട്ട യേശു അവരോടു പറഞ്ഞു: “ആരോഗ്യമുള്ളവർക്കല്ല, രോഗികൾക്കാണു വൈദ്യനെ ആവശ്യം. നീതിമാന്മാരെയല്ല, പാപികളെ വിളിക്കാനാണു ഞാൻ വന്നത്‌.”+ 18  പരീശന്മാർക്കും യോഹന്നാന്റെ ശിഷ്യന്മാർക്കും ഉപവസിക്കുന്ന പതിവുണ്ടായിരുന്നു. അതുകൊണ്ട്‌ അവർ വന്ന്‌ യേശുവിനോടു ചോദിച്ചു: “യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരുടെ ശിഷ്യന്മാരും പതിവായി ഉപവസിക്കാറുണ്ട്‌. പക്ഷേ അങ്ങയുടെ ശിഷ്യന്മാർ എന്താണ്‌ ഉപവസിക്കാത്തത്‌?”+ 19  യേശു അവരോടു പറഞ്ഞു: “മണവാളൻ+ കൂടെയുള്ളപ്പോൾ അയാളുടെ കൂട്ടുകാർ ഉപവസിക്കാറില്ല, ഉണ്ടോ? മണവാളൻ കൂടെയുള്ളിടത്തോളം അവർക്ക്‌ ഉപവസിക്കാൻ കഴിയില്ല.+ 20  എന്നാൽ മണവാളനെ അവരുടെ അടുത്തുനിന്ന്‌ കൊണ്ടുപോകുന്ന കാലം വരും.+ അന്ന്‌ അവർ ഉപവസിക്കും. 21  പഴയ വസ്‌ത്രത്തിൽ ആരും പുതിയ തുണിക്കഷണം തുന്നിച്ചേർക്കാറില്ല. അങ്ങനെ ചെയ്‌താൽ പുതിയ തുണിക്കഷണം ചുരുങ്ങുമ്പോൾ അതു പഴയ വസ്‌ത്രത്തെ വലിച്ചിട്ട്‌ കീറൽ കൂടുതൽ വലുതാകും.+ 22  അതുപോലെ ആരും പുതിയ വീഞ്ഞു പഴയ തുരുത്തിയിൽ ഒഴിച്ചുവെക്കാറില്ല. അങ്ങനെ ചെയ്‌താൽ വീഞ്ഞ്‌ ആ തുരുത്തി പൊട്ടിക്കും. വീഞ്ഞും തുരുത്തിയും നഷ്ടപ്പെടും. പുതിയ വീഞ്ഞു പുതിയ തുരുത്തിയിലാണ്‌ ഒഴിച്ചുവെക്കുന്നത്‌.” 23  ഒരു ശബത്തുദിവസം യേശു വിളഞ്ഞുകിടക്കുന്ന ഒരു വയലിലൂടെ പോകുകയായിരുന്നു. യേശുവിന്റെ ശിഷ്യന്മാർ ധാന്യക്കതിരുകൾ പറിച്ചു.+ 24  ഇതു കണ്ട പരീശന്മാർ യേശുവിനോട്‌, “എന്താ ഇത്‌? ഇവർ ശബത്തിൽ ചെയ്യാൻ പാടില്ലാത്ത* കാര്യം ചെയ്യുന്നതു കണ്ടില്ലേ” എന്നു ചോദിച്ചു. 25  പക്ഷേ യേശു അവരോടു പറഞ്ഞു: “ദാവീദ്‌ തനിക്കും കൂടെയുള്ളവർക്കും തിന്നാൻ ഒന്നുമില്ലാതെ വിശന്നപ്പോൾ ചെയ്‌തത്‌ എന്താണെന്നു നിങ്ങൾ വായിച്ചിട്ടില്ലേ?+ 26  മുഖ്യപുരോഹിതനായ അബ്യാഥാരിനെക്കുറിച്ചുള്ള+ വിവരണത്തിൽ പറയുന്നതുപോലെ, ദാവീദ്‌ ദൈവഭവനത്തിൽ കയറി പുരോഹിതന്മാരല്ലാതെ മറ്റാരും തിന്നാൻ പാടില്ലാത്ത* കാഴ്‌ചയപ്പം തിന്നുകയും+ കൂടെയുള്ളവർക്കു കൊടുക്കുകയും ചെയ്‌തില്ലേ?” 27  പിന്നെ യേശു അവരോടു പറഞ്ഞു: “ശബത്ത്‌ മനുഷ്യനുവേണ്ടിയാണ്‌ ഉണ്ടായത്‌;+ അല്ലാതെ, മനുഷ്യൻ ശബത്തിനുവേണ്ടിയല്ല. 28  മനുഷ്യപുത്രൻ ശബത്തിനും കർത്താവാണ്‌ ”+ എന്നു പറഞ്ഞു.

അടിക്കുറിപ്പുകള്‍

അഥവാ “നിയമാനുസൃതമല്ലാത്ത.”
അഥവാ “തിന്നാൻ നിയമം അനുവദിക്കാത്ത.”

പഠനക്കുറിപ്പുകൾ

കഫർന്നഹൂം: മത്ത 4:​13-ന്റെ പഠനക്കുറിപ്പു കാണുക.

വീട്ടിലുണ്ടെന്ന്‌: യേശു തന്റെ ശുശ്രൂഷയുടെ ആദ്യത്തെ മൂന്നു വർഷത്തിൽ ഏറിയ ഭാഗവും ചെലവഴിച്ചതു ഗലീലയിലും സമീപപ്രദേശങ്ങളിലും ആണ്‌. മുഖ്യമായും കഫർന്നഹൂം കേന്ദ്രീകരിച്ചായിരുന്നു യേശുവിന്റെ പ്രവർത്തനം. പത്രോസിന്റെയും അന്തയോസിന്റെയും വീട്ടിലായിരിക്കാം യേശു താമസിച്ചിരുന്നത്‌.​—മർ 1:29; മത്ത 9:1-ന്റെ പഠനക്കുറിപ്പു കാണുക.

മേൽക്കൂര ഇളക്കിമാറ്റിയിട്ട്‌ . . . ഒരു ദ്വാരം ഉണ്ടാക്കി: ഒന്നാം നൂറ്റാണ്ടിൽ ഇസ്രായേലിലെ മിക്ക വീടുകൾക്കും പരന്ന മേൽക്കൂരയാണ്‌ ഉണ്ടായിരുന്നത്‌. അവിടെ എത്താൻ ഗോവണിപ്പടികൾ നിർമിച്ചിരുന്നു. പുറമേനിന്ന്‌ ഏണി വെച്ച്‌ കയറുന്ന രീതിയുമുണ്ടായിരുന്നു. ഈ വീടിന്റെ മേൽക്കൂര എന്ത്‌ ഉപയോഗിച്ച്‌ നിർമിച്ചതാണെന്നു മർക്കോസിന്റെ വിവരണത്തിൽ പ്രത്യേകിച്ചൊന്നും പറയുന്നില്ല. പക്ഷേ, മേൽക്കൂര പണിയാൻ തടികൊണ്ടുള്ള ഉത്തരങ്ങൾ പിടിപ്പിച്ചിട്ട്‌ അതിനു മുകളിൽ മരക്കൊമ്പുകളും ഈറ്റത്തണ്ടുകളും നിരത്തി, മണ്ണ്‌ ഇട്ട്‌, പുറമേ ചാന്തു തേക്കുന്നതായിരുന്നു അക്കാലത്ത്‌ പൊതുവേയുള്ള രീതി. ചില വീടുകൾക്ക്‌ ഓടുകൊണ്ടുള്ള മേൽക്കൂരയായിരുന്നു. ലൂക്കോസിന്റെ വിവരണത്തിൽ ആ മനുഷ്യനെ “ഓടു നീക്കി” താഴേക്ക്‌ ഇറക്കി എന്നാണു കാണുന്നത്‌. (ലൂക്ക 5:​19-ന്റെ പഠനക്കുറിപ്പു കാണുക.) ആളുകൾ തിങ്ങിനിറഞ്ഞിരുന്ന മുറിയിലേക്കു തളർവാതരോഗിയായ ആ മനുഷ്യന്റെ കട്ടിൽ ഇറക്കാൻ മതിയായ ഒരു ദ്വാരം ഉണ്ടാക്കാൻ അയാളുടെ കൂട്ടുകാർക്ക്‌ എളുപ്പം സാധിക്കുമായിരുന്നു.

ശാസ്‌ത്രിമാർ: മത്ത 2:4-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “ശാസ്‌ത്രി” എന്നതും കാണുക.

അവരുടെ ചിന്ത തിരിച്ചറിഞ്ഞ: അക്ഷ. “തന്റെ ആത്മാവിനാൽ അവരുടെ ചിന്ത തിരിച്ചറിഞ്ഞ.” ഇവിടെ കാണുന്ന ന്യൂമ എന്ന ഗ്രീക്കുപദം തെളിവനുസരിച്ച്‌, കാര്യങ്ങൾ മനസ്സിലാക്കിയെടുക്കാനുള്ള യേശുവിന്റെ പ്രാപ്‌തിയെയാണു കുറിക്കുന്നത്‌. യശ 11:2, 3 മിശിഹയെക്കുറിച്ച്‌, “യഹോവയുടെ ആത്മാവ്‌ അവന്റെ മേൽ വസിക്കും” എന്നും അതുകൊണ്ട്‌ “കണ്ണുകൊണ്ട്‌ കാണുന്നതനുസരിച്ച്‌ അവൻ വിധി കല്‌പിക്കില്ല” എന്നും പറയുന്നു. യേശുവിന്‌ അവരുടെ ചിന്തയും മനസ്സിലിരിപ്പും ഉദ്ദേശ്യവും മനസ്സിലാക്കാനായത്‌ അതുകൊണ്ടാണ്‌.​—യോഹ 2:24, 25.

ഏതാണ്‌ എളുപ്പം: തനിക്കു മറ്റുള്ളവരുടെ പാപങ്ങൾ ക്ഷമിച്ചുകൊടുക്കാനാകും എന്ന്‌ അവകാശപ്പെടാൻ എളുപ്പമാണ്‌. കാരണം അതു സംഭവിച്ചോ ഇല്ലയോ എന്നു സ്ഥിരീകരിക്കാനുള്ള ദൃശ്യമായ തെളിവുകൾ ആർക്കും ആവശ്യപ്പെടാനാകില്ല. എന്നാൽ എഴുന്നേറ്റ്‌ . . . നടക്കുക എന്ന വാക്കുകൾ നിറവേറണമെങ്കിൽ ഒരു അത്ഭുതം നടന്നേ തീരൂ. അപ്പോൾ യേശുവിനു പാപങ്ങൾ ക്ഷമിക്കാൻ അധികാരമുണ്ടെന്ന കാര്യം എല്ലാവർക്കും വ്യക്തമാകുമായിരുന്നു. ഈ വിവരണവും യശ 33:24-ഉം, രോഗങ്ങളെ നമ്മുടെ പാപാവസ്ഥയുമായി ബന്ധിപ്പിച്ച്‌ സംസാരിക്കുന്നു.

മനുഷ്യപുത്രൻ: മത്ത 8:​20-ന്റെ പഠനക്കുറിപ്പു കാണുക.

നിങ്ങൾ അറിയാൻവേണ്ടി. . .: മത്ത 9:6-ന്റെ പഠനക്കുറിപ്പു കാണുക.

കടൽത്തീരം: അതായത്‌, ഗലീലക്കടലിന്റെ തീരം.​—മർ 1:​16; മത്ത 4:​18-ന്റെ പഠനക്കുറിപ്പു കാണുക.

അൽഫായി: മർ 3:18-ൽ ഒരു അൽഫായിയെക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും അതു മറ്റൊരാളാണെന്നു തെളിവുകൾ സൂചിപ്പിക്കുന്നു. (മർ 3:​18-ന്റെ പഠനക്കുറിപ്പു കാണുക.) ആ അൽഫായി 12 അപ്പോസ്‌തലന്മാരിൽ 9-ാമത്തെ ആളായി രേഖപ്പെടുത്തിയിരിക്കുന്ന യാക്കോബിന്റെ അപ്പനാണ്‌.​—മത്ത 10:3; ലൂക്ക 6:15.

ലേവി: മത്ത 9:9-ലെ സമാന്തരവിവരണത്തിൽ ഈ ശിഷ്യനെ മത്തായി എന്നാണു വിളിച്ചിരിക്കുന്നത്‌. അദ്ദേഹം മുമ്പ്‌ നികുതിപിരിവുകാരനായിരുന്ന കാലത്തെക്കുറിച്ച്‌ പറയുമ്പോൾ മർക്കോസും ലൂക്കോസും ലേവി എന്ന പേരാണ്‌ ഉപയോഗിച്ചിരിക്കുന്നതെങ്കിലും (ലൂക്ക 5:27, 29) അദ്ദേഹത്തെ അപ്പോസ്‌തലന്മാരിൽ ഒരാളായി പറഞ്ഞിരിക്കുന്നിടത്ത്‌ മത്തായി എന്ന പേരാണ്‌ അവർ ഉപയോഗിച്ചിരിക്കുന്നത്‌ (മർ 3:18; ലൂക്ക 6:15; പ്രവൃ 1:13). യേശുവിന്റെ ശിഷ്യനാകുന്നതിനു മുമ്പ്‌ ലേവിക്കു മത്തായി എന്നൊരു പേരുണ്ടായിരുന്നോ എന്നു തിരുവെഴുത്തുകൾ പറയുന്നില്ല. മത്തായി എന്ന ലേവി അൽഫായിയുടെ മകനാണെന്നു പറയുന്ന സുവിശേഷയെഴുത്തുകാരൻ മർക്കോസ്‌ മാത്രമാണ്‌.​—മർ 3:​18-ന്റെ പഠനക്കുറിപ്പു കാണുക.

നികുതി പിരിക്കുന്നിടം: അഥവാ “നികുതി പിരിക്കുന്ന താത്‌കാലികകേന്ദ്രം.” നികുതി പിരിക്കുന്നയാളുടെ ഓഫീസ്‌, ഒരു ചെറിയ കെട്ടിടമോ താത്‌കാലികമായി കെട്ടിയുണ്ടാക്കിയ ഒരു നിർമിതിയോ ആയിരുന്നു. നികുതിപിരിവുകാരൻ അവിടെ ഇരുന്ന്‌ കയറ്റുമതി-ഇറക്കുമതി സാധനങ്ങളുടെയും ആ ദേശത്തുകൂടെ വ്യാപാരികൾ കൊണ്ടുപോകുന്ന വസ്‌തുക്കളുടെയും നികുതി പിരിച്ചിരുന്നു. മത്തായി എന്നും അറിയപ്പെട്ട ലേവി നികുതി പിരിച്ചിരുന്ന ഓഫീസ്‌ കഫർന്നഹൂമിലോ കഫർന്നഹൂമിന്‌ അടുത്തോ ആയിരുന്നിരിക്കാം.

എന്നെ അനുഗമിക്കുക: ഈ ആഹ്വാനത്തിൽ കാണുന്ന ഗ്രീക്കുക്രിയയുടെ അടിസ്ഥാനാർഥം “പിന്നാലെ പോകുക, പിന്തുടരുക” എന്നെല്ലാമാണെങ്കിലും ഇവിടെ അതിന്റെ അർഥം “ശിഷ്യനായി ആരെയെങ്കിലും അനുഗമിക്കുക” എന്നാണ്‌.

ഭക്ഷണത്തിന്‌ ഇരുന്നു: അഥവാ “മേശയ്‌ക്കൽ ചാരിക്കിടന്നു.” ആരുടെയെങ്കിലും ഒപ്പം മേശയ്‌ക്കൽ ചാരിക്കിടക്കുന്നത്‌ അയാളുമായുള്ള ഉറ്റസൗഹൃദത്തിന്റെ സൂചനയായിരുന്നു. അക്കാലത്ത്‌ ജൂതന്മാർ ജൂതന്മാരല്ലാത്തവരുടെകൂടെ ഇങ്ങനെ ഒരേ മേശയ്‌ക്കൽ ഇരുന്ന്‌ ഭക്ഷണം കഴിക്കില്ലായിരുന്നു.

പാപികൾ: മത്ത 9:​10-ന്റെ പഠനക്കുറിപ്പു കാണുക.

നികുതിപിരിവുകാർ: മത്ത 5:​46-ന്റെ പഠനക്കുറിപ്പു കാണുക.

മണവാളന്റെ കൂട്ടുകാർ: മത്ത 9:​15-ന്റെ പഠനക്കുറിപ്പു കാണുക.

മുഖ്യപുരോഹിതനായ അബ്യാഥാർ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം “മഹാപുരോഹിതൻ” എന്നോ “മുഖ്യപുരോഹിതൻ” എന്നോ പരിഭാഷപ്പെടുത്താം. എന്നാൽ രണ്ടാമത്തേതാണ്‌ അബ്യാഥാരിനു കൂടുതൽ യോജിക്കുന്നത്‌. കാരണം ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന സംഭവം നടക്കുമ്പോൾ അദ്ദേഹത്തിന്റെ പിതാവായ അഹിമേലെക്കായിരുന്നു മഹാപുരോഹിതൻ. (1ശമു 21:1-6) ദാവീദ്‌ ദൈവഭവനത്തിൽ പ്രവേശിച്ച്‌ കാഴ്‌ചയപ്പം കഴിച്ചതിനെപ്പറ്റി പറഞ്ഞതിനു ശേഷമാണ്‌ അബ്യാഥാരിനെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്‌. മഹാപുരോഹിതനായ അഹിമേലെക്കിന്റെ മകനായിരുന്നതുകൊണ്ട്‌ അബ്യാഥാർ അപ്പോൾത്തന്നെ ഒരു പ്രമുഖപുരോഹിതൻ അഥവാ മുഖ്യപുരോഹിതൻ ആയിരുന്നിരിക്കാൻ സാധ്യതയുണ്ട്‌. അഹിമേലെക്കിന്റെ പുത്രന്മാരിൽ ഇദ്ദേഹം മാത്രമാണ്‌ ഏദോമ്യനായ ദോവേഗ്‌ നടത്തിയ കൂട്ടക്കൊലയിൽനിന്ന്‌ രക്ഷപ്പെട്ടത്‌. (1ശമു 22:18-20) തെളിവനുസരിച്ച്‌ പിൽക്കാലത്ത്‌ ദാവീദ്‌ ഭരിക്കുമ്പോഴാണ്‌ ഇദ്ദേഹം മഹാപുരോഹിതനാകുന്നത്‌. ഇവിടെ “മഹാപുരോഹിതൻ” എന്ന പരിഭാഷ ഉപയോഗിച്ചാൽപ്പോലും അത്‌ “(അബ്യാഥാരിനെക്കുറിച്ചുള്ള) വിവരണത്തിൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദപ്രയോഗവുമായി ചേരും. കാരണം ആ പദപ്രയോഗത്തിന്‌, അറിയപ്പെടുന്ന ഒരു പുരോഹിതനായി അബ്യാഥാരിനെ വർണിച്ചിരിക്കുന്ന 1ശമു 21-23 അധ്യായങ്ങളെ മുഴുവനായി കുറിക്കാനാകും. ചില ഗ്രീക്കുപണ്ഡിതന്മാർ ഈ പദപ്രയോഗത്തെ “മഹാപുരോഹിതനായ അബ്യാഥാരിന്റെ കാലത്ത്‌ ” എന്നു പരിഭാഷപ്പെടുത്തുന്നതിനെയാണ്‌ അനുകൂലിക്കുന്നത്‌. അബ്യാഥാർ പിന്നീടാണു മഹാപുരോഹിതനായതെങ്കിലും ഈ പരിഭാഷയ്‌ക്കും ഏതാണ്ട്‌ മേൽപ്പറഞ്ഞ അതേ കാലഘട്ടത്തെ കുറിക്കാനാകും. ഇതിൽ ഏതു വിശദീകരണമെടുത്താലും യേശുവിന്റെ പ്രസ്‌താവന ചരിത്രവസ്‌തുതകളുമായി യോജിക്കുന്നതായിരുന്നെന്നു നമുക്ക്‌ ഉറപ്പുണ്ടായിരിക്കാം.

(അബ്യാഥാരിനെക്കുറിച്ചുള്ള) വിവരണത്തിൽ: ഇവിടെ കാണുന്ന എപീ എന്ന ഗ്രീക്കുപ്രത്യയത്തിനു സമയത്തെ മാത്രമല്ല സ്ഥലത്തെയും (ഒരു തിരുവെഴുത്തുഭാഗംപോലുള്ളത്‌.) കുറിക്കാനാകും. ഈ വാക്യത്തിൽ ഇത്‌ ഉപയോഗിച്ചിരിക്കുന്നത്‌ “(അബ്യാഥാരിന്റെ) കാലത്ത്‌  ” എന്ന അർഥത്തിൽ സമയത്തെ സൂചിപ്പിക്കാനാണെന്നാണു മിക്ക പരിഭാഷകരും കരുതുന്നത്‌. എന്നാൽ ഈ വാക്യത്തിലെ മുഖ്യപുരോഹിതനായ അബ്യാഥാർ എന്ന പഠനക്കുറിപ്പിൽ പറഞ്ഞിരിക്കുന്നതുപോലെ, ആ ഗ്രീക്കുപദം സമയത്തെയല്ല മറിച്ച്‌ ഒരു സ്ഥലത്തെ, അതായത്‌ ഒരു തിരുവെഴുത്തുഭാഗത്തെ, ആയിരിക്കാം കുറിക്കുന്നതെന്നാണു യേശുക്രിസ്‌തു പരാമർശിച്ച ചരിത്രവിവരണം (1ശമു 21:1-6) സൂചിപ്പിക്കുന്നത്‌. സമാനമായ ഒരു ഗ്രീക്കുവ്യാകരണഘടന കാണുന്ന മർ 12:26; ലൂക്ക 20:37 എന്നീ വാക്യങ്ങളിൽ പല പരിഭാഷകളും ആ ഗ്രീക്കുപദത്തെ, “കുറിച്ചുള്ള വിവരണത്തിൽ” എന്നതുപോലെ സ്ഥലത്തെ (തിരുവെഴുത്തുഭാഗത്തെ) സൂചിപ്പിക്കുന്ന രീതിയിലാണു തർജമ ചെയ്‌തിരിക്കുന്നത്‌.

ദൈവഭവനം: ഇവിടെ വിശുദ്ധകൂടാരത്തെ കുറിക്കുന്നു. യേശു ഇവിടെ സൂചിപ്പിച്ച സംഭവം (1ശമു 21:1-6) നടക്കുന്നതു വിശുദ്ധകൂടാരം നോബിൽ ഉണ്ടായിരുന്ന കാലത്താണ്‌. തെളിവനുസരിച്ച്‌, യരുശലേമിന്‌ അടുത്ത്‌ സ്ഥിതി ചെയ്‌തിരുന്ന ഈ പട്ടണം ബന്യാമീന്റെ പ്രദേശത്തായിരുന്നു.​—അനു. ബി7 (ഭൂപടത്തിലെ ചെറുചിത്രം) കാണുക.

കാഴ്‌ചയപ്പം: മത്ത 12:4-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.

ശബത്തിനു കർത്താവ്‌: യേശു തന്നെത്തന്നെ ഇങ്ങനെ വിശേഷിപ്പിച്ചതിലൂടെ, (മത്ത 12:8; ലൂക്ക 6:5) സ്വർഗീയപിതാവ്‌ കല്‌പിച്ച കാര്യങ്ങൾ ശബത്തിൽ ചെയ്യാൻ തനിക്ക്‌ അധികാരവും സ്വാതന്ത്ര്യവും ഉണ്ടെന്നു സൂചിപ്പിക്കുകയായിരുന്നു. (യോഹ 5:19; 10:37, 38 താരതമ്യം ചെയ്യുക.) രോഗികളെ സൗഖ്യമാക്കിയത്‌ ഉൾപ്പെടെ, ശ്രദ്ധേയമായ അത്ഭുതങ്ങളിൽ ചിലതു യേശു ചെയ്‌തതു ശബത്തിലാണ്‌. (ലൂക്ക 13:10-13; യോഹ 5:5-9; 9:1-14) തെളിവനുസരിച്ച്‌ ഈ അത്ഭുതങ്ങൾ ദൈവരാജ്യഭരണത്തിൻകീഴിൽ യേശു കൈവരുത്തുന്ന ആശ്വാസത്തിന്റെ ഒരു നിഴലായിരുന്നു. ശബത്തിലെ വിശ്രമത്തോട്‌ അഥവാ സ്വസ്ഥതയോടു താരതമ്യം ചെയ്യാവുന്ന ഒരു സമയമായിരിക്കും അത്‌.​—എബ്ര 10:1.

ദൃശ്യാവിഷ്കാരം