മർക്കൊസ്‌ എഴുതിയത്‌ 3:1-35

3  യേശു വീണ്ടും ഒരു സിനഗോഗിൽ ചെന്നു. ശോഷിച്ച കൈയുള്ള* ഒരാൾ അവിടെയുണ്ടായിരുന്നു.+  ശബത്തിൽ യേശു ആ മനുഷ്യനെ സുഖപ്പെടുത്തുമോ എന്നു കാണാൻ പരീശന്മാർ യേശുവിനെത്തന്നെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. യേശുവിൽ കുറ്റം കണ്ടുപിടിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.+  കൈ ശോഷിച്ച* മനുഷ്യനോടു യേശു, “എഴുന്നേറ്റ്‌ ഇവിടെ നടുക്കു വന്ന്‌ നിൽക്കുക” എന്നു പറഞ്ഞു.  പിന്നെ യേശു അവരോട്‌, “ശബത്തിൽ ഉപകാരം ചെയ്യുന്നതോ ഉപദ്രവിക്കുന്നതോ, ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണു ശരി”* എന്നു ചോദിച്ചു.+ എന്നാൽ അവർ ഒന്നും മിണ്ടിയില്ല.  അവരുടെ ഹൃദയകാഠിന്യത്തിൽ യേശുവിന്റെ മനസ്സു നൊന്തു.+ ദേഷ്യത്തോടെ അവരെ നോക്കിയിട്ട്‌ യേശു ആ മനുഷ്യനോട്‌, “കൈ നീട്ടൂ” എന്നു പറഞ്ഞു. അയാൾ കൈ നീട്ടി. അതു സുഖപ്പെട്ടു.  ഉടൻതന്നെ പരീശന്മാർ അവിടെനിന്ന്‌ ഇറങ്ങി യേശുവിനെ കൊല്ലാൻ ഹെരോദിന്റെ അനുയായികളുമായി+ കൂടിയാലോചിച്ചു.  എന്നാൽ യേശു ശിഷ്യന്മാരുടെകൂടെ കടപ്പുറത്തേക്കു പോയി. ഗലീലയിൽനിന്നും യഹൂദ്യയിൽനിന്നും ഉള്ള ഒരു വലിയ ജനക്കൂട്ടം യേശുവിന്റെ പിന്നാലെ ചെന്നു.+  യേശു ചെയ്‌തതൊക്കെ കേട്ടിട്ട്‌ ദൂരെ യരുശലേമിൽനിന്നും ഇദുമയയിൽനിന്നും യോർദാന്‌ അക്കരെനിന്നും സോരിന്റെയും സീദോന്റെയും ചുറ്റുമുള്ള പ്രദേശങ്ങളിൽനിന്നും വലിയ ഒരു ജനസമൂഹം യേശുവിന്റെ അടുത്ത്‌ വന്നു.  ജനക്കൂട്ടം തന്നെ ഞെരുക്കാതിരിക്കേണ്ടതിനു തനിക്കുവേണ്ടി ഒരു ചെറിയ വള്ളം സജ്ജമാക്കിനിറുത്താൻ യേശു ശിഷ്യന്മാരോടു പറഞ്ഞു. 10  യേശു അനേകരെ സുഖപ്പെടുത്തിയതുകൊണ്ട്‌, ഗുരുതരമായ രോഗങ്ങളാൽ കഷ്ടപ്പെട്ടിരുന്നവരെല്ലാം യേശുവിനെ ഒന്നു തൊടാൻ തിക്കിത്തിരക്കിക്കൊണ്ടിരുന്നു.+ 11  അശുദ്ധാത്മാക്കൾപോലും*+ യേശുവിനെ കാണുമ്പോൾ യേശുവിന്റെ മുന്നിൽ വീണ്‌, “നീ ദൈവപുത്രനാണ്‌” എന്നു വിളിച്ചുപറയുമായിരുന്നു.+ 12  എന്നാൽ തന്നെക്കുറിച്ച്‌ വെളിപ്പെടുത്തരുത്‌ എന്നു യേശു പലപ്പോഴും അവയോടു കർശനമായി കല്‌പിച്ചു.+ 13  യേശു ഒരു മലയിൽ കയറിയിട്ട്‌ താൻ മനസ്സിൽ കണ്ട ചിലരെ അടുത്തേക്കു വിളിച്ചുവരുത്തി.+ അവർ യേശുവിന്റെ അടുത്ത്‌ ചെന്നു.+ 14  യേശു 12 പേരുടെ ഒരു സംഘം രൂപീകരിച്ച്‌* അവർക്ക്‌ അപ്പോസ്‌തലന്മാർ എന്നു പേരിട്ടു. യേശുവിന്റെകൂടെ നടക്കാനും യേശു പറഞ്ഞയയ്‌ക്കുമ്പോൾ പോയി പ്രസംഗിക്കാനും വേണ്ടിയാണ്‌ അവരെ തിരഞ്ഞെടുത്തത്‌.+ 15  ഭൂതങ്ങളെ പുറത്താക്കാനുള്ള അധികാരവും അവർക്കു നൽകി.+ 16  യേശു രൂപീകരിച്ച* 12 പേരുടെ സംഘത്തിലുണ്ടായിരുന്നവർ+ ഇവരാണ്‌: പത്രോസ്‌+ എന്നു യേശു പേര്‌ നൽകിയ ശിമോൻ, 17  സെബെദിയുടെ മകനായ യാക്കോബ്‌, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ (യേശു ഇവർക്ക്‌ “ഇടിമുഴക്കത്തിന്റെ മക്കൾ” എന്ന്‌ അർഥമുള്ള ബൊവനേർഗെസ്‌ എന്ന പേര്‌ നൽകി.),+ 18  അന്ത്രയോസ്‌, ഫിലിപ്പോസ്‌, ബർത്തൊലൊമായി,+ മത്തായി, തോമസ്‌, അൽഫായിയുടെ മകനായ യാക്കോബ്‌, തദ്ദായി, കനാനേയനായ ശിമോൻ, 19  യേശുവിനെ പിന്നീട്‌ ഒറ്റിക്കൊടുത്ത യൂദാസ്‌ ഈസ്‌കര്യോത്ത്‌. പിന്നെ യേശു ഒരു വീട്ടിൽ ചെന്നു. 20  യേശുവിനും ശിഷ്യന്മാർക്കും ഭക്ഷണം കഴിക്കാൻപോലും പറ്റാത്ത+ വിധം വീണ്ടും ആളുകൾ വന്നുകൂടി. 21  എന്നാൽ യേശുവിന്റെ ബന്ധുക്കൾ ഇതെല്ലാം കേട്ടപ്പോൾ, “അവനു ഭ്രാന്താണ്‌ ” എന്നു പറഞ്ഞ്‌ യേശുവിനെ പിടിച്ചുകൊണ്ടുപോകാൻ ഇറങ്ങിത്തിരിച്ചു.+ 22  യരുശലേമിൽനിന്ന്‌ വന്ന ശാസ്‌ത്രിമാരും ഇങ്ങനെ ആരോപിച്ചു: “ഇവനിൽ ബയെത്‌സെബൂബ്‌ കയറിയിട്ടുണ്ട്‌. ഭൂതങ്ങളുടെ അധിപനെക്കൊണ്ടാണ്‌ ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്‌.”+ 23  അതുകൊണ്ട്‌ യേശു അവരെ അടുത്ത്‌ വിളിച്ച്‌ ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച്‌ അവരോടു സംസാരിക്കാൻതുടങ്ങി: “സാത്താന്‌ എങ്ങനെ സാത്താനെ പുറത്താക്കാൻ പറ്റും? 24  ഒരു രാജ്യത്തിലെ ആളുകൾ പരസ്‌പരം പോരടിക്കുന്നെങ്കിൽ ആ രാജ്യം നിലനിൽക്കില്ല.+ 25  ഒരു വീട്ടിലെ ആളുകൾ പരസ്‌പരം പോരടിക്കുന്നെങ്കിൽ ആ വീടും നിലനിൽക്കില്ല. 26  അതുപോലെ സാത്താൻ തന്നോടുതന്നെ എതിർത്ത്‌ തനിക്ക്‌ എതിരെ പോരാടുന്നെങ്കിൽ അവൻ നിലനിൽക്കില്ല. അത്‌ അവന്റെ അന്ത്യമായിരിക്കും. 27  ശക്തനായ ഒരാളുടെ വീട്ടിൽ കടന്ന്‌ സാധനങ്ങൾ കൊള്ളയടിക്കണമെങ്കിൽ ആദ്യം അയാളെ പിടിച്ചുകെട്ടണം. അയാളെ പിടിച്ചുകെട്ടിയാലേ അതിനു കഴിയൂ. 28  സത്യമായും ഞാൻ നിങ്ങളോടു പറയുന്നു: മനുഷ്യരുടെ ഏതൊരു പാപവും വിശുദ്ധകാര്യങ്ങളോടുള്ള നിന്ദയും അവരോടു ക്ഷമിക്കും. 29  പക്ഷേ ആരെങ്കിലും പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ അത്‌ ഒരിക്കലും ക്ഷമിക്കില്ല.+ ആ പാപം അവന്‌ എന്നേക്കുമായി കണക്കിടും.”+ 30  “അവനിലുള്ളത്‌ അശുദ്ധാത്മാവാണ്‌ ” എന്ന്‌ അവർ ആരോപിച്ചതുകൊണ്ടാണ്‌ യേശു ഇതു പറഞ്ഞത്‌.+ 31  ആ സമയത്ത്‌ യേശുവിന്റെ അമ്മയും സഹോദരന്മാരും+ അവിടെ എത്തി. അവർ പുറത്ത്‌ നിന്നിട്ട്‌ യേശുവിനെ വിളിക്കാൻ ആളയച്ചു.+ 32  യേശുവിന്റെ ചുറ്റും ഒരു ജനക്കൂട്ടം ഇരിപ്പുണ്ടായിരുന്നു. അവർ യേശുവിനോട്‌, “ഇതാ, അങ്ങയെ കാണാൻ അമ്മയും സഹോദരന്മാരും പുറത്ത്‌ കാത്തുനിൽക്കുന്നു”+ എന്നു പറഞ്ഞു. 33  എന്നാൽ യേശു അവരോടു ചോദിച്ചു: “ആരാണ്‌ എന്റെ അമ്മയും സഹോദരന്മാരും?”+ 34  എന്നിട്ട്‌ ചുറ്റും ഇരിക്കുന്നവരെ നോക്കിക്കൊണ്ട്‌ യേശു പറഞ്ഞു: “ഇതാ, എന്റെ അമ്മയും സഹോദരന്മാരും!+ 35  ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നത്‌ ആരോ അവരാണ്‌ എന്റെ സഹോദരനും സഹോദരിയും അമ്മയും.”+

അടിക്കുറിപ്പുകള്‍

അഥവാ “കൈ തളർന്നുപോയ.” അക്ഷ. “വരണ്ട കൈയുള്ള.”
അഥവാ “കൈ തളർന്നുപോയ.” അക്ഷ. “വരണ്ട കൈയുള്ള.”
അഥവാ “നിയമാനുസൃതം.”
ഭൂതങ്ങളെ കുറിക്കുന്നു.
അഥവാ “സംഘത്തെ നിയമിച്ച്‌.”
അഥവാ “നിയമിച്ച.”

പഠനക്കുറിപ്പുകൾ

ജീവൻ: അഥവാ “ദേഹി.”​—പദാവലിയിൽ “ദേഹി” കാണുക.

ജീവൻ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ: അഥവാ “ഒരു ദേഹിയെ രക്ഷിക്കുന്നതോ കൊല്ലുന്നതോ.”​—പദാവലിയിൽ “ദേഹി” കാണുക.

മനസ്സു നൊന്ത്‌, ദേഷ്യത്തോടെ: ഈ അവസരത്തിൽ മതനേതാക്കന്മാരുടെ ഹൃദയകാഠിന്യം കണ്ടപ്പോഴത്തെ യേശുവിന്റെ പ്രതികരണം മർക്കോസ്‌ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. (മത്ത 12:13; ലൂക്ക 6:10) യേശുവിന്റെ വികാരങ്ങളെക്കുറിച്ച്‌ ഇത്ര വ്യക്തമായൊരു ചിത്രം മർക്കോസിനു ലഭിച്ചത്‌, തീവ്രവികാരങ്ങളുള്ള വ്യക്തിയായിരുന്ന പത്രോസിൽനിന്നായിരിക്കാം.​—“മർക്കോസ്‌: ആമുഖം” കാണുക.

ഹെരോദിന്റെ അനുയായികൾ: പദാവലി കാണുക.

കൂടിയാലോചിച്ചു: പരസ്‌പരം ശത്രുതയിലായിരുന്ന പരീശന്മാരും ഹെരോദിന്റെ അനുയായികളും യേശുവിനെ വകവരുത്താൻ കൂടിയാലോചിച്ചതിനെക്കുറിച്ച്‌ ബൈബിൾ എടുത്തുപറഞ്ഞിരിക്കുന്ന രണ്ടു സന്ദർഭങ്ങളിൽ ആദ്യത്തേതാണ്‌ ഇത്‌. രണ്ടാമത്തേത്‌ ഏതാണ്ട്‌ രണ്ടു വർഷത്തിനു ശേഷമായിരുന്നു, അതായത്‌ യേശു കൊല്ലപ്പെടുന്നതിനു മൂന്നു ദിവസം മുമ്പ്‌. ഇതു സൂചിപ്പിക്കുന്നത്‌ ഇരുകൂട്ടരും ചേർന്ന്‌ യേശുവിന്‌ എതിരെ കുറെ കാലത്തേക്കു ഗൂഢാലോചന നടത്തി എന്നാണ്‌.​—മത്ത 22:15-22.

കടപ്പുറം: അതായത്‌ ഗലീലക്കടലിന്റെ തീരം.​—മത്ത 4:​18-ന്റെ പഠനക്കുറിപ്പു കാണുക.

ഗലീല​ക്ക​ടൽ: വടക്കൻ ഇസ്രാ​യേ​ലി​ലെ ഒരു ശുദ്ധജല തടാകം. (“കടൽ” എന്ന്‌ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു “തടാകം” എന്നും അർഥം വരാം.) അതിനെ കിന്നേ​രെത്ത്‌ കടൽ എന്നും (സംഖ 34:11) ഗന്നേസ​രെത്ത്‌ തടാകം എന്നും (ലൂക്ക 5:1) തിബെ​ര്യാസ്‌ കടൽ എന്നും (യോഹ 6:1) വിളി​ച്ചി​ട്ടുണ്ട്‌. സമു​ദ്ര​നി​ര​പ്പിൽനി​ന്നും ശരാശരി 210 മീ. (700 അടി) താഴെ​യാണ്‌ ഇത്‌. തെക്കേ അറ്റംമു​തൽ വടക്കേ അറ്റംവരെ അതിന്റെ നീളം 21 കി.മീ. ആണ്‌; വീതി 12 കി.മീ.; ഏറ്റവും കൂടിയ ആഴം ഏതാണ്ട്‌ 48 മീ. (160 അടി)—അനു. എ7-ലെ “ഗലീല​ക്ക​ടൽത്തീ​രത്തെ പ്രവർത്തനം” എന്ന ഭൂപടം 3ബി കാണുക.

ഇദുമയ: യേശുവിന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ യഹൂദ്യ എന്ന റോമൻ സംസ്ഥാനത്തിന്റെ തെക്കേ അറ്റത്തുള്ള പ്രദേശമായിരുന്നു ഇദുമയ. (അനു. ബി10 കാണുക.) ഗ്രീക്കിൽ ആ പേരിന്റെ അർഥം “ഏദോമ്യരുടെ (നാട്‌)” എന്നാണ്‌. ഏദോമ്യർ ആദ്യം താമസിച്ചിരുന്നത്‌ ചാവുകടലിനു തെക്കുള്ള പ്രദേശത്താണ്‌. (അനു. ബി3-ഉം ബി4-ഉം കാണുക.) ബി.സി. ആറാം നൂറ്റാണ്ടിൽ ബാബിലോൺരാജാവായ നബോണീഡസ്‌ അവരെ കീഴടക്കി. ബി.സി. നാലാം നൂറ്റാണ്ടായപ്പോഴേക്കും നബറ്റിയൻ അറബികൾ അവരുടെ ദേശം കൈവശപ്പെടുത്തിയതുകൊണ്ട്‌ ഏദോമ്യർക്ക്‌ അവിടെനിന്ന്‌ വടക്കോട്ടു മാറിത്താമസിക്കേണ്ടി വന്നു. അങ്ങനെ നെഗെബ്‌ മുതൽ ഹെബ്രോനു ചുറ്റുമുള്ള പ്രദേശംവരെ അവർ താമസമാക്കി. ആ സ്ഥലമാണ്‌ ഇദുമയ എന്ന്‌ അറിയപ്പെട്ടത്‌. പിന്നീട്‌ ഹാസ്‌മോണിയർ (മക്കബായർ) അവരെ കീഴടക്കിയപ്പോൾ, പരിച്ഛേദനയേൽക്കാനും ജൂതനിയമമനുസരിച്ച്‌ ജീവിക്കാനും അവർ നിർബന്ധിതരായി. വഴങ്ങാത്തവരെയെല്ലാം അവർ നാടുകടത്തി. ഇത്തരത്തിൽ ജൂതനിയമവും ആചാരങ്ങളും പാലിക്കാൻ തയ്യാറായ ചിലരായിരുന്നു ഹെരോദുമാരുടെ പൂർവികർ.

യോർദാന്‌ അക്കരെനിന്നും: തെളിവനുസരിച്ച്‌ യോർദാനു കിഴക്കുള്ള പ്രദേശത്തെ കുറിക്കുന്നു. പെരിയ (“മറുവശം; അപ്പുറം” എന്ന്‌ അർഥം വരുന്ന പെരാൻ എന്ന ഗ്രീക്കുപദത്തിൽനിന്നുള്ളത്‌.) എന്നും ഇത്‌ അറിയപ്പെട്ടിരുന്നു.

മിണ്ടിപ്പോകരുത്‌!: അക്ഷ. “വായ്‌ മൂടിക്കെട്ടുക.” യേശുവാണു ക്രിസ്‌തു അഥവാ മിശിഹ എന്ന്‌ അറിയാമായിരുന്ന ആ അശുദ്ധാത്മാവ്‌ യേശുവിനെ “ദൈവത്തിന്റെ പരിശുദ്ധൻ!” (24-ാം വാക്യം) എന്നു വിളിച്ചെങ്കിലും ഭൂതങ്ങൾ തന്നെക്കുറിച്ച്‌ സാക്ഷി പറയാൻ ആഗ്രഹിക്കാഞ്ഞ യേശു അതിനെ തടഞ്ഞു.​—മർ 1:34; 3:11, 12.

തന്നെക്കുറിച്ച്‌ വെളിപ്പെടുത്തരുത്‌: താൻ ആരാണെന്നു വെളിപ്പെടുത്തരുത്‌ എന്നാണു യേശു ഉദ്ദേശിച്ചത്‌. യേശുവാണു ‘ദൈവപുത്രൻ’ എന്ന്‌ അറിയാമായിരുന്ന അശുദ്ധാത്മാക്കൾ യേശുവിനെ അങ്ങനെ വിളിച്ചെങ്കിലും (11-ാം വാക്യം) ഭൂതങ്ങൾ തന്നെക്കുറിച്ച്‌ സാക്ഷി പറയാൻ ആഗ്രഹിക്കാഞ്ഞ യേശു അവയെ തടഞ്ഞു. കാരണം അവർ ഭ്രഷ്ടു കല്‌പിക്കപ്പെട്ടവരും ധിക്കാരികളും വിശുദ്ധമായതിനെ വെറുക്കുന്നവരും ദൈവത്തിന്റെ ശത്രുക്കളും ആണ്‌. (മർ 1:​25-ന്റെ പഠനക്കുറിപ്പു കാണുക.) അതുപോലെ പൗലോസും, ‘ഭാവിഫലം പറയാൻ സഹായിക്കുന്ന ഒരു ഭൂതത്തെ’ ഒരു പെൺകുട്ടിയിൽനിന്ന്‌ പുറത്താക്കി. പൗലോസും ശീലാസും ‘അത്യുന്നതനായ ദൈവത്തിന്റെ ദാസന്മാരും രക്ഷയ്‌ക്കുള്ള വഴി അറിയിക്കുന്നവരും’ ആണെന്ന്‌ ആ അശുദ്ധാത്മാവ്‌ അവളെക്കൊണ്ട്‌ പറയിച്ചപ്പോഴാണു പൗലോസ്‌ അങ്ങനെ ചെയ്‌തത്‌.​—പ്രവൃ 16:16-18.

അപ്പോ​സ്‌ത​ല​ന്മാർ: അഥവാ “അയയ്‌ക്ക​പ്പെ​ട്ടവർ.” അപ്പോ​സ്‌തൊ​ലൊസ്‌ എന്ന പദത്തിന്റെ ഉത്ഭവം, “പറഞ്ഞയ​യ്‌ക്കുക” എന്ന്‌ അർഥം​വ​രുന്ന അപ്പോ​സ്‌തെ​ലൊ എന്ന ഗ്രീക്കു​ക്രി​യ​യിൽനി​ന്നാണ്‌. (മത്ത 10:5; ലൂക്ക 11:49; 14:32) ഈ പദത്തിന്റെ അടിസ്ഥാ​നാർഥം യോഹ 13:16-ലെ യേശു​വി​ന്റെ വാക്കുകൾ വ്യക്തമാ​ക്കു​ന്നു. അവിടെ അത്‌ “അയയ്‌ക്ക​പ്പെ​ട്ടവൻ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

അപ്പോസ്‌തലന്മാർ: അഥവാ “അയയ്‌ക്കപ്പെട്ടവർ.” ഇതിന്റെ ഗ്രീക്കുപദമായ അപ്പോസ്‌തൊലൊസ്‌ വന്നിരിക്കുന്നത്‌ അപ്പോസ്‌തെലൊ എന്ന ഗ്രീക്കുക്രിയയിൽനിന്നാണ്‌. ആ ക്രിയാപദം ഈ വാക്യത്തിന്റെ അവസാനഭാഗത്ത്‌ വരുന്നുണ്ട്‌. അതു പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌ “പറഞ്ഞയയ്‌ക്കുമ്പോൾ” എന്നാണ്‌.​—മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.

പത്രോസ്‌ എന്നും പേരുള്ള ശിമോൻ: തിരു​വെ​ഴു​ത്തു​ക​ളിൽ പത്രോ​സി​ന്റെ അഞ്ച്‌ പേരുകൾ കാണാം: (1) “ശിമ്യോൻ.” ശിമെ​യോൻ എന്ന എബ്രാ​യ​പേ​രി​നോ​ടു വളരെ സാമ്യ​മുള്ള ഗ്രീക്കു​രൂ​പം; (2) “ശിമോൻ” എന്ന ഗ്രീക്കു​പേര്‌. (ശിമ്യോൻ, ശിമോൻ എന്നീ പേരു​ക​ളു​ടെ ഉത്ഭവം “കേൾക്കുക; ശ്രദ്ധി​ക്കുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രാ​യ​ക്രി​യ​യിൽനി​ന്നാണ്‌.); (3) “പത്രോസ്‌.” (“പാറക്ക​ഷണം” എന്ന്‌ അർഥം വരുന്ന ഗ്രീക്കു​പേര്‌. തിരു​വെ​ഴു​ത്തു​ക​ളിൽ മറ്റാർക്കും ഈ പേരില്ല.); (4) “കേഫ.” പത്രോസ്‌ എന്നതിനു തത്തുല്യ​മായ അരമാ​യ​പേര്‌. [ഇയ്യ 30:6; യിര 4:29 എന്നീ വാക്യ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന കെഫിം (പാറകൾ) എന്ന എബ്രാ​യ​പ​ദ​ത്തോട്‌ ഈ പേരിനു ബന്ധമു​ണ്ടാ​കാം.]; (5) ശിമോൻ, പത്രോസ്‌ എന്നീ പേരുകൾ ചേർന്ന “ശിമോൻ പത്രോസ്‌.”​—പ്രവൃ 15:14; യോഹ 1:42; മത്ത 16:16.

പത്രോസ്‌ എന്നു യേശു പേര്‌ നൽകിയ: ശിമോനു യേശു നൽകിയ പേരിന്റെ അർഥം “പാറക്കഷണം” എന്നാണ്‌. (യോഹ 1:42) നഥനയേൽ “ഒരു കാപട്യവുമില്ലാത്ത” മനുഷ്യനാണെന്നു തിരിച്ചറിയാൻ കഴിഞ്ഞ യേശുവിനു (യോഹ 1:47) പത്രോസിന്റെ പ്രകൃതവും മനസ്സിലാക്കിയെടുക്കാൻ കഴിഞ്ഞു. പത്രോസ്‌ പിൽക്കാലത്ത്‌, പ്രത്യേകിച്ച്‌ യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം, പാറസമാനമായ ഗുണങ്ങൾ പ്രകടിപ്പിക്കുകതന്നെ ചെയ്‌തു.​—മത്ത 10:2-ന്റെ പഠനക്കുറിപ്പു കാണുക.

എന്ന്‌ അർഥമുള്ള: ജൂതന്മാരായ വായനക്കാർക്കു സുപരിചിതമായ പദപ്രയോഗങ്ങൾപോലും മർക്കോസ്‌ വിശദീകരിക്കുകയോ പരിഭാഷപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ട്‌. പ്രധാനമായും ജൂതന്മാരല്ലാത്തവരെ മനസ്സിൽക്കണ്ടാണു മർക്കോസ്‌ ഈ വിവരണം എഴുതിയതെന്ന്‌ ഇതു സൂചിപ്പിക്കുന്നു.

ബൊവനേർഗെസ്‌: മർക്കോസിന്റെ വിവരണത്തിൽ മാത്രം കാണുന്ന ഒരു സെമിറ്റിക്‌ പദപ്രയോഗം. യാക്കോബിനും യോഹന്നാനും യേശു ഈ പേര്‌ നൽകിയത്‌ അവരുടെ അത്യുത്സാഹവും ആവേശവും കണ്ടിട്ടാകാം.​—ലൂക്ക 9:54.

ബർത്തൊലൊമായി: അർഥം: “തൊൽമായിയുടെ മകൻ.” യോഹന്നാൻ പറഞ്ഞ നഥനയേൽതന്നെയാണ്‌ ഇതെന്നു കരുതപ്പെടുന്നു. (യോഹ 1:45, 46) മത്തായിയും ലൂക്കോസും ബർത്തൊലൊമായിയെ ഫിലിപ്പോസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന അതേ വിധത്തിലാണു യോഹന്നാൻ നഥനയേലിനെ ഫിലിപ്പോസുമായി ബന്ധപ്പെടുത്തിയിരിക്കുന്നതെന്നു സുവിശേഷവിവരണങ്ങൾ താരതമ്യം ചെയ്യുമ്പോൾ മനസ്സിലാകും.​—മത്ത 10:3; ലൂക്ക 6:14.

അൽഫായിയുടെ മകനായ യാക്കോബ്‌: തെളിവനുസരിച്ച്‌ മർ 15:40-ൽ ‘ചെറിയ യാക്കോബ്‌ ’ എന്നു വിളിച്ചിരിക്കുന്ന അതേ ശിഷ്യനാണ്‌ ഇത്‌. ഇവിടെ കാണുന്ന അൽഫായിയും ക്ലോപ്പാസും ഒരേ ആളാണെന്നു പൊതുവേ കരുതപ്പെടുന്നു. (യോഹ 19:25) അങ്ങനെയെങ്കിൽ അദ്ദേഹംതന്നെയാണു ‘മറ്റേ മറിയയുടെ’ ഭർത്താവ്‌. (മത്ത 27:56; 28:1; മർ 15:40; 16:1; ലൂക്ക 24:10) എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന അൽഫായിയും മർ 2:14-ലെ ലേവിയുടെ അപ്പനായ അൽഫായിയും ഒരാളല്ല എന്നു തെളിവുകൾ സൂചിപ്പിക്കുന്നു.

തദ്ദായി: അപ്പോസ്‌തലന്മാരുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്ന ലൂക്ക 6:16-ലും പ്രവൃ 1:13-ലും തദ്ദായിയുടെ പേരു കാണുന്നില്ല. പകരം “യാക്കോബിന്റെ മകനായ യൂദാസ്‌ ” എന്നാണു കാണുന്നത്‌. ഇതിൽനിന്ന്‌ “യൂദാസ്‌ ഈസ്‌കര്യോത്ത്‌ അല്ലാത്ത മറ്റേ യൂദാസ്‌ ” എന്ന്‌ യോഹന്നാൻ വിളിച്ച അപ്പോസ്‌തലന്റെ മറ്റൊരു പേരാണ്‌ തദ്ദായി എന്നു നമുക്കു നിഗമനം ചെയ്യാം. (യോഹ 14:22) ഈ യൂദാസിനെ ഒറ്റുകാരനായ യൂദാസ്‌ ഈസ്‌കര്യോത്തായി തെറ്റിദ്ധരിച്ചേക്കും എന്നതുകൊണ്ടായിരിക്കാം തദ്ദായി എന്ന പേര്‌ ചിലയിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്‌.

കനാനേയൻ: അപ്പോസ്‌തലനായ ശിമോനെ അപ്പോസ്‌തലനായ ശിമോൻ പത്രോസിൽനിന്ന്‌ വേർതിരിച്ചുകാണിക്കുന്ന ഒരു വിശേഷണം. (മർ 10:4) “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നൊക്കെ അർഥമുള്ള ഒരു എബ്രായ അല്ലെങ്കിൽ അരമായ പദത്തിൽനിന്നായിരിക്കാം ഇതിന്റെ ഉത്ഭവം. “തീക്ഷ്‌ണതയുള്ളവൻ” എന്നു ശിമോനെ വിശേഷിപ്പിക്കാൻ ലൂക്കോസ്‌ ഉപയോഗിച്ച സെലോറ്റേസ്‌ എന്ന ഗ്രീക്കുപദത്തിനും “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നൊക്കെയാണ്‌ അർഥം. (ലൂക്ക 6:15; പ്രവൃ 1:13) മുമ്പ്‌ ശിമോൻ, റോമാക്കാരെ എതിർത്തിരുന്ന തീവ്രനിലപാടുകാരായ ഒരു ജൂതവിഭാഗത്തിൽപ്പെട്ട ആളായിരിക്കാൻ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീക്ഷ്‌ണതയും ഉത്സാഹവും കാരണമായിരിക്കാം ഇങ്ങനെയൊരു പേരു കിട്ടിയത്‌.

ഈസ്‌കര്യോത്ത്‌: മത്ത 10:4-ന്റെ പഠനക്കുറിപ്പു കാണുക.

ഈസ്‌ക​ര്യോത്ത്‌: “കെരീ​യോ​ത്തിൽനി​ന്നുള്ള മനുഷ്യൻ” എന്നായി​രി​ക്കാം അർഥം. യൂദാ​സി​ന്റെ അപ്പനായ ശിമോ​നെ​യും “ഈസ്‌ക​ര്യോത്ത്‌” എന്നു വിളി​ച്ചി​ട്ടുണ്ട്‌. (യോഹ 6:71) ശിമോ​നും യൂദാ​സും യഹൂദ്യ​യി​ലെ കെരീ​യോത്ത്‌-ഹെ​സ്രോൻ എന്ന പട്ടണത്തിൽനി​ന്നു​ള്ള​വ​രാ​ണെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്ന​താ​യി കരുത​പ്പെ​ടു​ന്നു. (യോശ 15:25) ഇതു സത്യമാ​ണെ​ങ്കിൽ 12 അപ്പോ​സ്‌ത​ല​ന്മാ​രിൽ യൂദാസ്‌ മാത്ര​മാണ്‌ യഹൂദ്യ​യിൽനി​ന്നു​ള്ളത്‌. മറ്റെല്ലാ​വ​രും ഗലീല​ക്കാ​രാ​യി​രു​ന്നു.

യാക്കോബ്‌: ഇതു യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോബാണ്‌. തെളി​വ​നു​സ​രിച്ച്‌ പ്രവൃ 12:17; ഗല 1:19 എന്നീ വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന യാക്കോബും, യാക്കോബ്‌ എന്ന ബൈബിൾപു​സ്‌തകം എഴുതിയ വ്യക്തി​യും ഇദ്ദേഹംതന്നെയാണ്‌.​—യാക്ക 1:1.

യൂദാസ്‌: യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ ഇദ്ദേഹം​ത​ന്നെ​യാ​ണു തെളി​വ​നു​സ​രിച്ച്‌ യൂദ (ഗ്രീക്കിൽ, യിഊദാസ്‌) എന്ന പേരി​ലുള്ള ബൈബിൾപു​സ്‌തകം എഴുതിയ യൂദ.

യേശുവിന്റെ ബന്ധുക്കൾ: യേശുവിന്റെ അർധസഹോദരന്മാരായ യാക്കോബും യൂദാസും (യൂദ) അക്കൂട്ടത്തിലുണ്ടായിരുന്നിരിക്കാം. രണ്ടു പേരും ഓരോ ബൈബിൾപുസ്‌തകം എഴുതിയിട്ടുണ്ട്‌. യേശുവിന്റെ നാല്‌ അർധസഹോദരന്മാരുടെ പേരുകൾ മത്ത 13:55-ലും മർ 6:3-ലും കാണാം.​—മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.

ബയെത്‌സെ​ബൂബ്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ “ഈച്ചക​ളു​ടെ നാഥൻ (ദേവൻ)” എന്ന്‌ അർഥം​വ​രുന്ന ബാൽസെ​ബൂബ്‌ എന്നതിന്റെ മറ്റൊരു രൂപം. എക്രോ​നി​ലെ ഫെലി​സ്‌ത്യർ ആരാധി​ച്ചി​രു​ന്നതു ബാൽസെ​ബൂബ്‌ എന്ന ഈ ബാൽദേ​വ​നെ​യാണ്‌. (2രാജ 1:3) ചില ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ബീൽസെ​ബൗൽ, ബീസെ​ബൗൽ എന്നിങ്ങ​നെ​യുള്ള മറ്റു രൂപങ്ങ​ളാ​ണു കാണു​ന്നത്‌. [സാധ്യ​ത​യ​നു​സ​രിച്ച്‌ അർഥം: ഉന്നതമായ വാസസ്ഥാ​ന​ത്തി​ന്റെ (തിരു​നി​വാ​സ​ത്തി​ന്റെ) നാഥൻ (ദേവൻ).] ഇനി ഈ പേര്‌ ബൈബി​ളേതര എബ്രാ​യ​പ​ദ​മായ സെവലിൽനിന്ന്‌ (കാഷ്‌ഠം) വന്നതാ​ണെ​ങ്കിൽ, അതിന്റെ അർഥം “കാഷ്‌ഠ​ത്തി​ന്റെ നാഥൻ (ദേവൻ)” എന്നാണ്‌. മത്ത 12:24-ൽ കാണു​ന്ന​തു​പോ​ലെ, ഭൂതങ്ങ​ളു​ടെ പ്രഭു അഥവാ അധിപൻ ആയ സാത്താനെ കുറി​ക്കാ​നാണ്‌ ഈ പേര്‌ പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌.

ബയെത്‌സെബൂബ്‌: സാത്താനെ കുറിക്കാനാണ്‌ ഈ പേര്‌ പൊതുവേ ഉപയോഗിക്കുന്നത്‌.​—മത്ത 10:25-ന്റെ പഠനക്കുറിപ്പു കാണുക.

ദൃഷ്ടാന്തങ്ങൾ: അഥവാ “ദൃഷ്ടാന്തകഥകൾ.” ഇതിന്റെ ഗ്രീക്കു​പ​ദ​മായ പരബൊ​ളേ​യു​ടെ അക്ഷരാർഥം “അരികിൽ (ചേർത്ത്‌) വെക്കുക” എന്നാണ്‌. ഇതിന്‌ ഒരു ദൃഷ്ടാ​ന്ത​ക​ഥ​യെ​യോ പഴമൊ​ഴി​യെ​യോ ദൃഷ്ടാ​ന്ത​ത്തെ​യോ അർഥമാക്കാനാകും. പലപ്പോ​ഴും യേശു ഒരു കാര്യം വിശദീ​ക​രി​ച്ചി​രു​ന്നത്‌ അതിനെ സാമ്യ​മുള്ള എന്തി​ന്റെ​യെ​ങ്കി​ലും ‘അരികിൽ വെച്ചുകൊണ്ട്‌,’ അഥവാ സാമ്യ​മുള്ള എന്തി​നോ​ടെ​ങ്കി​ലും താരത​മ്യം ചെയ്‌തു​കൊണ്ട്‌ ആയിരുന്നു. (മർ 4:30) ധാർമി​ക​മോ ആത്മീയ​മോ ആയ സത്യങ്ങൾ വേർതി​രി​ച്ചെ​ടു​ക്കാ​വുന്ന ഹ്രസ്വ​മായ ദൃഷ്ടാ​ന്ത​ങ്ങ​ളാ​ണു യേശു ഉപയോഗിച്ചത്‌. പലപ്പോ​ഴും അവ സാങ്കൽപ്പികകഥകളായിരുന്നു.

ദൃഷ്ടാന്തങ്ങൾ: മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.

വീട്‌: അതായത്‌, ഒരു കുടുംബം. “വീട്‌ ” എന്നതിന്റെ മൂലഭാഷാപദത്തിന്‌ ഒരു കുടുംബത്തെയോ ഒരു വീട്ടിൽ താമസിക്കുന്ന എല്ലാവരെയുമോ കുറിക്കാനാകും. ആ പദത്തിന്‌, ഒരു കൊട്ടാരത്തിൽ അഥവാ രാജാവിന്റെ വീട്ടിൽ താമസിക്കുന്ന എല്ലാ ആളുകളെയുംപോലും അർഥമാക്കാനാകും. (പ്രവൃ 7:10; ഫിലി 4:22) ആഭ്യന്തരകലഹങ്ങൾ സർവസാധാരണമായിരുന്ന രാജവംശങ്ങളെ (ഹെരോദുമാരുടെയും സീസറുമാരുടെയും രാജവംശങ്ങൾ ഇതിന്‌ ഉദാഹരണങ്ങളാണ്‌.) കുറിക്കാനും ഈ പദം ഉപയോഗിച്ചിട്ടുണ്ട്‌. അത്തരം രാജവംശങ്ങളുടെ തകർച്ചയ്‌ക്കുപോലും വഴിവെക്കുന്നതരം കലഹങ്ങളായിരുന്നു അവ.

നിലനിൽക്കില്ല: അഥവാ “നശിച്ചുപോകും (ഒരുമിച്ചുനിൽക്കില്ല).”​—ഈ വാക്യത്തിലെ വീട്‌ എന്നതിന്റെ പഠനക്കുറിപ്പു കാണുക.

വിശു​ദ്ധ​കാ​ര്യ​ങ്ങ​ളോ​ടുള്ള നിന്ദ . . . നിന്ദി​ക്കു​ന്നത്‌: ഇവിടെ “വിശു​ദ്ധ​കാ​ര്യ​ങ്ങ​ളോ​ടുള്ള നിന്ദ,” “നിന്ദി​ക്കു​ന്നത്‌” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മൂലഭാ​ഷാ​പദം, ദൈവ​ത്തെ​യോ വിശു​ദ്ധ​കാ​ര്യ​ങ്ങ​ളെ​യോ അപമാ​നി​ക്കു​ന്ന​തോ അപകീർത്തി​പ്പെ​ടു​ത്തു​ന്ന​തോ അധി​ക്ഷേ​പി​ക്കു​ന്ന​തോ ആയ സംസാ​ര​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. പരിശു​ദ്ധാ​ത്മാവ്‌ ദൈവ​ത്തിൽനിന്ന്‌ പുറ​പ്പെ​ടു​ന്ന​താ​യ​തു​കൊണ്ട്‌ അതിന്റെ പ്രവർത്ത​നത്തെ മനഃപൂർവം എതിർക്കു​ന്ന​തോ നിഷേ​ധി​ക്കു​ന്ന​തോ ദൈവത്തെ നിന്ദി​ക്കു​ന്ന​തി​നു തുല്യ​മാ​യി​രു​ന്നു. മത്ത 12:24, 28-ൽ കാണു​ന്ന​തു​പോ​ലെ, യേശു അത്ഭുതങ്ങൾ ചെയ്‌ത​പ്പോൾ ദൈവാ​ത്മാവ്‌ പ്രവർത്തി​ക്കു​ന്നതു ജൂതമ​ത​നേ​താ​ക്ക​ന്മാർ കണ്ടതാണ്‌; എന്നിട്ടും പിശാ​ചായ സാത്താന്റെ ശക്തിയാ​ലാണ്‌ യേശു അതു ചെയ്‌ത​തെന്ന്‌ അവർ പറഞ്ഞു.

പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ: “നിന്ദിച്ചാൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന മൂലഭാഷാപദം, ദൈവത്തെയോ വിശുദ്ധകാര്യങ്ങളെയോ അപമാനിക്കുന്നതോ അപകീർത്തിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ ആയ സംസാരത്തെയാണു കുറിക്കുന്നത്‌. പരിശുദ്ധാത്മാവ്‌ ദൈവത്തിൽനിന്ന്‌ പുറപ്പെടുന്നതായതുകൊണ്ട്‌ അതിന്റെ പ്രവർത്തനത്തെ മനഃപൂർവം എതിർക്കുന്നതോ നിഷേധിക്കുന്നതോ ദൈവത്തെ നിന്ദിക്കുന്നതിനു തുല്യമായിരുന്നു. മത്ത 12:24, 28-ലും മർ 3:22-ലും കാണുന്നതുപോലെ, യേശു അത്ഭുതങ്ങൾ ചെയ്‌തപ്പോൾ ദൈവാത്മാവ്‌ പ്രവർത്തിക്കുന്നതു ജൂതമതനേതാക്കന്മാർ കണ്ടതാണ്‌; എന്നിട്ടും പിശാചായ സാത്താന്റെ ശക്തിയാലാണ്‌ യേശു അതു ചെയ്‌തതെന്ന്‌ അവർ പറഞ്ഞു.

ആ പാപം . . . എന്നേക്കുമായി കണക്കിടും: നിത്യമായ ഭവിഷ്യത്തുകളുള്ള മനഃപൂർവപാപത്തെയായിരിക്കാം ഇതു കുറിക്കുന്നത്‌. ഒരു ബലിക്കും അത്തരം പാപത്തെ മറയ്‌ക്കാനാകില്ല.​—ഈ വാക്യത്തിലെ പരിശുദ്ധാത്മാവിനെ നിന്ദിച്ചാൽ എന്നതിന്റെ പഠനക്കുറിപ്പും സമാന്തരവിവരണമായ മത്ത 12:31-ന്റെ പഠനക്കുറിപ്പും കാണുക.

യേശുവിന്റെ . . . സഹോദരന്മാരും: അതായത്‌, യേശുവിന്റെ അർധസഹോദരന്മാർ. അവരുടെ പേരുകൾ മത്ത 13:55-ലും മർ 6:3-ലും കാണാം.​—“സഹോദരൻ” എന്ന പദത്തിന്റെ അർഥം വിശദീകരിക്കുന്ന, മത്ത 13:55-ന്റെ പഠനക്കുറിപ്പു കാണുക.

സഹോദരന്മാർ: അഡെൽഫോസ്‌ എന്ന ഗ്രീക്കു​പദം ബൈബി​ളിൽ ആത്മീയ​ബ​ന്ധത്തെ കുറി​ക്കാൻ ഉപയോഗിച്ചിട്ടുണ്ട്‌. എന്നാൽ ഇവിടെ അതു യേശു​വി​ന്റെ അർധസഹോദരന്മാരെ, യോ​സേ​ഫി​ന്റെ​യും മറിയ​യു​ടെ​യും ഇളയ ആൺമക്കളെ, ആണ്‌ കുറിക്കുന്നത്‌. യേശു ജനിച്ച​ശേ​ഷ​വും മറിയ ഒരു കന്യക​യാ​യി​ത്തന്നെ തുടർന്നു എന്നു വിശ്വ​സി​ക്കു​ന്നവർ വാദിക്കുന്നത്‌, ഈ വാക്യ​ത്തി​ലെ അഡെൽഫോസ്‌ എന്ന പദം കുറി​ക്കു​ന്നതു യേശു​വി​ന്റെ മാതാ​പി​താ​ക്ക​ളു​ടെ സഹോദരപുത്രന്മാരെയാണെന്നാണ്‌. എന്നാൽ മാതാ​പി​താ​ക്ക​ളു​ടെ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ പുത്ര​ന്മാ​രെ കുറി​ക്കാൻ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ വേറൊ​രു പദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (കൊലോ 4:10-ലെ അനപ്‌സി​യോസ്‌ എന്ന ഗ്രീക്കുപദം.) ഇനി, “പൗലോ​സി​ന്റെ പെങ്ങളു​ടെ മകൻ” എന്നു പറയു​ന്നി​ടത്ത്‌ മറ്റൊരു ഗ്രീക്കു​പ​ദ​മാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (പ്രവൃ 23:16) കൂടാതെ, ലൂക്ക 21:16-ൽ അഡെൽഫോസ്‌ (“സഹോ​ദ​രങ്ങൾ”), സിജെ​നെസ്‌ (“ബന്ധുക്കൾ”) എന്നീ രണ്ടു ഗ്രീക്കു​പ​ദ​ങ്ങ​ളു​ടെ​യും ബഹുവ​ച​ന​രൂ​പങ്ങൾ കാണുന്നു. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ കുടും​ബ​ബ​ന്ധ​ങ്ങളെ സൂചി​പ്പി​ക്കുന്ന പദങ്ങൾ വളരെ വിവേചനയോടെ, ശ്രദ്ധാ​പൂർവ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തെന്ന്‌ ഈ ഉദാഹ​ര​ണങ്ങൾ തെളിയിക്കുന്നു.

ഇതാ, എന്റെ അമ്മയും സഹോദരന്മാരും!: തന്റെ ജഡികസഹോദരന്മാരും (സാധ്യതയനുസരിച്ച്‌ ഇവരിൽ ചിലർക്കു യേശുവിൽ വിശ്വാസമില്ലായിരുന്നു.) (യോഹ 7:5) ആത്മീയസഹോദരന്മാരും (അതായത്‌ ശിഷ്യന്മാരും.) തമ്മിലുള്ള വ്യത്യാസമാണു യേശു ചൂണ്ടിക്കാണിച്ചത്‌. കുടുംബാംഗങ്ങളുമായി തനിക്കുള്ള ബന്ധം എത്ര വിലയേറിയതാണെങ്കിലും “ദൈവത്തിന്റെ ഇഷ്ടം” ചെയ്യുന്നവരുമായുള്ള ബന്ധം അതിനെക്കാൾ വിലയേറിയതാണെന്നു സൂചിപ്പിക്കുകയായിരുന്നു യേശു.​—മർ 3:35.

ദൃശ്യാവിഷ്കാരം