വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അദ്ദേഹത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടു

അദ്ദേഹത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടു

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

അദ്ദേഹത്തിന്റെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റപ്പെട്ടു

മെഡിറ്ററേനിയൻ സമുദ്രത്തിന്റെ വടക്കുകിഴക്കേ കോണിലുള്ള ഒരു ദ്വീപാണ്‌ സൈപ്രസ്‌ (കുപ്രൊസ്‌). ബൈബിൾ കാലങ്ങളിൽ ചെമ്പിനും ഗുണമേന്മയുള്ള തടിക്കും പേരുകേട്ട ഒരു സ്ഥലമായിരുന്നു ഇവിടം. പൗലൊസും ബർന്നബാസും തങ്ങളുടെ ആദ്യത്തെ മിഷനറി യാത്രയിൽ അവിടെ രാജ്യസുവാർത്ത പ്രസംഗിച്ചു. (പ്രവൃത്തികൾ 13:​4-12) ഇന്നും, സൈപ്രസുകാരിൽ അനേകരുടെയും ജീവിതത്തിൽ സുവാർത്ത ഒരു ക്രിയാത്മക സ്വാധീനം ചെലുത്തുന്നു. ലൂക്കാസ്‌ എന്ന വ്യക്തിയുടെ കാര്യത്തിൽ ഇതു തീർച്ചയായും സത്യമാണ്‌. 40-നുമേൽ പ്രായമുള്ള അദ്ദേഹം വിവരിക്കുന്നു:

“ഒരു കാലിവളർത്തൽ കേന്ദ്രത്തിലെ ഒരു വീട്ടിൽ ഏഴു മക്കളിൽ ഒരാളായിട്ടാണ്‌ ഞാൻ ജനിച്ചത്‌. കുട്ടിക്കാലം മുതലേ വായന എനിക്കു വലിയ ഇഷ്ടമായിരുന്നു. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പുസ്‌തകം ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളുടെ പോക്കറ്റ്‌ സൈസിലുള്ള ഒരു പതിപ്പായിരുന്നു. എനിക്ക്‌ പത്തു വയസ്സുള്ളപ്പോൾ ഞാനും ചില കൂട്ടുകാരും ചേർന്ന്‌ ഒരു ചെറിയ ബൈബിൾ പഠന കൂട്ടം രൂപീകരിച്ചു. ഗ്രാമത്തിലെ പ്രായമേറിയ ചിലർ ഞങ്ങളെ മതവിരോധികൾ എന്നു വിളിച്ചതു നിമിത്തം അത്‌ ഏറെ നാൾ നിലനിന്നില്ല.

“പിന്നീട്‌, ഐക്യനാടുകളിലെ സ്‌കൂൾ വിദ്യാഭ്യാസ കാലത്ത്‌ നിരവധി മത പശ്ചാത്തലങ്ങളിൽനിന്നുള്ളവരെ ഞാൻ കണ്ടുമുട്ടി. അത്‌ ആത്മീയ കാര്യങ്ങളോടുള്ള ആഗ്രഹം എന്നിൽ വീണ്ടും ഉണരാൻ ഇടയാക്കി. വ്യത്യസ്‌ത മതങ്ങളെ കുറിച്ചു പഠിച്ചുകൊണ്ട്‌ ഞാൻ അനേകം ദിവസങ്ങൾ സർവകലാശാലാ ലൈബ്രറിയിൽ ചെലവഴിച്ചു. അതിനു പുറമേ, ഞാൻ അനേകം സഭകളും സന്ദർശിച്ചു. എന്നാൽ ഇതൊന്നും എനിക്ക്‌ ആത്മീയ സംതൃപ്‌തി കൈവരുത്തിയില്ല.

“പഠനം പൂർത്തിയാക്കി സൈപ്രസിലേക്കു മടങ്ങിയ ഞാൻ ഒരു മെഡിക്കൽ ലബോറട്ടറിയുടെ ഡയറക്ടറായി ഉദ്യോഗമേറ്റു. ആന്റോണിസ്‌ എന്ന ഒരു പ്രായംചെന്ന മനുഷ്യൻ ജോലിസ്ഥലത്ത്‌ എന്നെ സന്ദർശിക്കാറുണ്ടായിരുന്നു. എന്നാൽ യഹോവയുടെ സാക്ഷികളിൽ ഒരാളായ അദ്ദേഹത്തിന്റെ സന്ദർശനം ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയുടെ ശ്രദ്ധയിൽ പെടാതിരുന്നില്ല.

“താമസിയാതെ ഒരു ദൈവശാസ്‌ത്രജ്ഞൻ എന്റെ അടുത്തു വന്ന്‌ യഹോവയുടെ സാക്ഷികളോടു സംസാരിക്കുന്നതിൽനിന്ന്‌ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഗ്രീക്ക്‌ ഓർത്തഡോക്‌സ്‌ സഭയാണ്‌ സത്യത്തിന്റെ മാർഗമെന്ന്‌ കുട്ടിക്കാലം മുതൽ പഠിപ്പിക്കപ്പെട്ടിട്ടുള്ളതിനാൽ ഞാൻ അദ്ദേഹത്തിന്റെ ഉപദേശത്തിനു വഴങ്ങി ആന്റോണിസുമായി സംസാരിക്കുന്നതു നിറുത്തി. തുടർന്ന്‌, ദൈവശാസ്‌ത്രജ്ഞനോടൊപ്പം ബൈബിൾ ചർച്ച ചെയ്യാൻ തുടങ്ങി. കൂടാതെ, ഞാൻ സൈപ്രസിലെ അനേകം സന്ന്യാസ ആശ്രമങ്ങളും സന്ദർശിച്ചു. ഞാൻ ഉത്തര ഗ്രീസിലേക്കു പോയി ഓർത്തഡോക്‌സുകാരുടെ ഇടയിൽ അതിവിശുദ്ധ പർവതമായി കണക്കാക്കപ്പെടുന്ന ആഥോസ്‌ പർവതം സന്ദർശിക്കുക പോലും ചെയ്‌തു. ഇതൊക്കെയായിട്ടും, എന്റെ ബൈബിൾ ചോദ്യങ്ങൾക്ക്‌ ഉത്തരം ലഭിച്ചില്ല.

“അങ്ങനെയിരിക്കെ, സത്യം കണ്ടെത്താൻ എന്നെ സഹായിക്കണമേ എന്നു ഞാൻ ദൈവത്തോടു പ്രാർഥിച്ചു. താമസിയാതെ, എന്നെ കാണാനായി ആന്റോണിസ്‌ വീണ്ടും എന്റെ ജോലിസ്ഥലത്തു വന്നു. ഇത്‌ എന്റെ പ്രാർഥനയ്‌ക്കുള്ള ഉത്തരമായിരിക്കുമെന്ന്‌ എനിക്കു തോന്നി. അതുകൊണ്ട്‌, ഞാൻ ദൈവശാസ്‌ത്രജ്ഞന്റെ അടുത്തു പോകുന്നതു നിറുത്തി ആന്റോണിസിനോടൊപ്പം ബൈബിൾ പഠനം ആരംഭിച്ചു. തുടർച്ചയായ പുരോഗതി വരുത്തിയ ഞാൻ 1997 ഒക്ടോബറിൽ യഹോവയ്‌ക്കുള്ള എന്റെ സമർപ്പണം ജലസ്‌നാപനത്താൽ പ്രതീകപ്പെടുത്തി.

“എന്റെ ഭാര്യയും മൂത്ത രണ്ടു പെൺമക്കളും​—⁠അവർക്ക്‌ അന്ന്‌ 14-ഉം 10-ഉം വയസ്സായിരുന്നു​—⁠ആദ്യം എതിർപ്പു പ്രകടിപ്പിച്ചു. എങ്കിലും എന്റെ നല്ല നടത്ത കാരണം, രാജ്യഹാളിലെ ഒരു യോഗത്തിൽ സംബന്ധിക്കാൻ ഭാര്യ തീരുമാനിച്ചു. സാക്ഷികളുടെ ദയാവായ്‌പും അവർ കാണിച്ച വ്യക്തിപരമായ താത്‌പര്യവും അവളിൽ ആഴമായ മതിപ്പുളവാക്കി. അവർ ബൈബിൾ ഉപയോഗിച്ച വിധമാണ്‌ അവളെ ഏറ്റവും ആകർഷിച്ചത്‌. തത്‌ഫലമായി, ഭാര്യയും മൂത്ത രണ്ടു പെൺമക്കളും യഹോവയുടെ സാക്ഷികളോടൊപ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. 1999-ലെ “ദൈവത്തിന്റെ പ്രാവചനിക വചനം” ഡിസ്‌ട്രിക്‌റ്റ്‌ കൺവെൻഷനിൽ അവർ മൂന്നുപേരും സ്‌നാപനമേറ്റപ്പോഴത്തെ എന്റെ ആഹ്ലാദം ഒന്നു സങ്കൽപ്പിച്ചുനോക്കൂ!

“അതേ, സത്യത്തിനു വേണ്ടിയുള്ള എന്റെ അന്വേഷണത്തിനു ഫലമുണ്ടായി. ഇന്ന്‌, ഭാര്യയും നാലു മക്കളും ഉൾപ്പെടെ എന്റെ മുഴു കുടുംബവും യഹോവയുടെ നിർമലാരാധനയിൽ ഏകീകൃതമാണ്‌.”