വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനദണ്ഡങ്ങൾ മാറുന്നു, വിശ്വാസം വഞ്ചിക്കപ്പെടുന്നു

മാനദണ്ഡങ്ങൾ മാറുന്നു, വിശ്വാസം വഞ്ചിക്കപ്പെടുന്നു

മാനദണ്ഡങ്ങൾ മാറുന്നു, വിശ്വാസം വഞ്ചിക്കപ്പെടുന്നു

ഇംഗ്ലണ്ടിലെ ഹെൻറി ഒന്നാമൻ രാജാവിന്റെ കാലത്ത്‌ (1100-1135), “രാജാവിന്റെ നാസികാഗ്രം മുതൽ മുന്നിലേക്കു നീട്ടിപ്പിടിച്ച കൈയുടെ തള്ളവിരലിന്റെ അറ്റം വരെയുള്ള അകലം” ആയിരുന്നു ഒരു വാര ആയി കണക്കാക്കിയിരുന്നത്‌. ഹെൻറി രാജാവിന്റെ പ്രജകൾ ഉപയോഗിച്ചിരുന്ന വാരക്കോലുകളുടെ കൃത്യത ഉറപ്പാക്കാനുള്ള മാർഗം എന്തായിരുന്നു? അതിനുള്ള ഏക മാർഗം സാധ്യതയനുസരിച്ച്‌ രാജാവിനെ മുഖം കാണിക്കുന്നതായിരുന്നു.

അളവുകളുടെ മാനദണ്ഡങ്ങൾ ഇന്നു കൂടുതൽ കൃത്യമായി നിർവചിക്കപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന്‌, പ്രകാശം നിർവാതമേഖലയിൽ [vacuum] ഒരു സെക്കന്റിന്റെ 29,97,92,458-ൽ ഒന്നു സമയംകൊണ്ട്‌ സഞ്ചരിക്കുന്ന ദൂരം എന്നാണ്‌ മീറ്ററിന്റെ നിർവചനം. കൃത്യതയ്‌ക്ക്‌ യാതൊരു വിട്ടുവീഴ്‌ചയും വരാതിരിക്കുന്നതിന്‌, ഒരു പ്രത്യേക ഇനം ലേസറിൽനിന്ന്‌ ഉത്സർജിക്കപ്പെടുന്ന, നിശ്ചിത തരംഗ ദൈർഘ്യമുള്ള പ്രകാശമാണ്‌ ഇതിന്‌ ഉപയോഗിച്ചിരിക്കുന്നത്‌. അളവിന്റെ ഈ മാനദണ്ഡം പുനരാവിഷ്‌കരിക്കാവുന്ന സജ്ജീകരണം ഉണ്ടെങ്കിൽ എവിടെയുമുള്ള ആളുകൾക്ക്‌ നീളം സംബന്ധിച്ച തങ്ങളുടെ അളവ്‌ മറ്റെല്ലാവരും ഉപയോഗിക്കുന്ന അളവിനോടു തുല്യമാണോ എന്നു പരിശോധിക്കാനാകും.

അളവുകളുടെ മാനദണ്ഡങ്ങളിൽ ഉണ്ടാകുന്ന മാറ്റം ആശയക്കുഴപ്പം സൃഷ്ടിക്കും, മാറ്റം എത്രതന്നെ നിസ്സാരമാണെങ്കിലും. അതുകൊണ്ട്‌ ഈ മാനദണ്ഡങ്ങൾക്കു മാറ്റം വരാതെ സൂക്ഷിക്കാൻ വളരെയേറെ ശ്രമങ്ങൾ നടത്തിവരുന്നു. ഉദാഹരണത്തിന്‌, പ്ലാറ്റിനവും ഇറിഡിയവും ചേർന്ന ഒരു കിലോഗ്രാം തൂക്കമുള്ള ഒരു സങ്കരലോഹക്കട്ടയാണ്‌ ബ്രിട്ടനിൽ തൂക്കം അളക്കുന്നതിനുള്ള മാനദണ്ഡം. ഈ കട്ട നാഷണൽ ഫിസിക്കൽ ലബോറട്ടറിയിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. വാഹനങ്ങളും വിമാനങ്ങളും മൂലമുണ്ടാകുന്ന വായു മലിനീകരണത്തിന്റെ ഫലമായി ഈ കിലോഗ്രാം മാനദണ്ഡത്തിന്‌ ദിവസവും തൂക്കം കൂടുന്നു. എന്നിരുന്നാലും, ഈ ലോഹക്കട്ട ഫ്രാൻസിലെ സെവ്രയിലുള്ള ഇന്റർനാഷണൽ ബ്യൂറോ ഓഫ്‌ വെയ്‌റ്റ്‌സ്‌ ആൻഡ്‌ മെഷേഴ്‌സിലെ ഒരു ഭൂഗർഭ അറയിൽ മണിയുടെ ആകൃതിയിലുള്ള മൂന്നു ജാറുകളുടെ കീഴിൽ സൂക്ഷിച്ചിരിക്കുന്ന ആഗോള തൂക്ക മാനദണ്ഡത്തിന്റെ ഒരു പകർപ്പാണ്‌. എന്നാൽ അതിസൂക്ഷ്‌മ ഘടകങ്ങളാലുള്ള മലിനീകരണത്തിന്റെ ഫലമായി ഇതിന്റെ തൂക്കത്തിനും വ്യതിയാനം സംഭവിക്കുന്നുണ്ട്‌. ലോകത്തിലെ അളവുശാസ്‌ത്രജ്ഞർക്ക്‌ കൂടുതൽ സ്ഥിരതയുള്ള ഒരു മാനദണ്ഡം ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.

ഒരു സാധാരണക്കാരന്‌ ഇത്തരം നേരിയ മാറ്റങ്ങൾ അപ്രധാനമായി തോന്നിയേക്കാമെങ്കിലും മാനദണ്ഡത്തിൽ ഉണ്ടാകുന്ന ഒരു സമ്പൂർണ മാറ്റം ആശയക്കുഴപ്പത്തിന്‌ ഇടയാക്കിയേക്കാം. ഉദാഹരണത്തിന്‌ ബ്രിട്ടനിലെ കാര്യംതന്നെ എടുക്കാം. തൂക്കം അളക്കുന്നതിനുള്ള ബ്രിട്ടീഷ്‌ സമ്പ്രദായത്തിൽനിന്ന്‌ (പൗണ്ട്‌, ഔൺസ്‌) മെട്രിക്‌ സമ്പ്രദായത്തിലേക്കുള്ള (കിലോഗ്രാം, ഗ്രാം) മാറ്റം അവിടെ വളരെയധികം അവിശ്വാസത്തിനിടയാക്കി. അതിനു സാധുവായ കാരണവും ഉണ്ടായിരുന്നു. തത്ത്വദീക്ഷയില്ലാത്ത ചില കച്ചവടക്കാർ പുതിയ സമ്പ്രദായം സംബന്ധിച്ച്‌ പൊതുവെ ഉണ്ടായിരുന്ന അജ്ഞത മുതലെടുത്ത്‌ ഇടപാടുകാരെ പറ്റിക്കാൻ തുടങ്ങി.

മാനദണ്ഡങ്ങൾ​—⁠കുടുംബത്തിലും ധാർമികതയുടെ കാര്യത്തിലും

കുടുംബ-ധാർമിക മാനദണ്ഡങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങളുടെ കാര്യമോ? അത്തരം മാറ്റങ്ങൾ ഉണ്ടാക്കുന്ന ഫലം അളവുകളുടെയും തൂക്കങ്ങളുടെയും മാനദണ്ഡങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ സൃഷ്ടിക്കുന്ന ഫലത്തെക്കാളും വളരെയേറെ ഹാനികരമാണ്‌. കുടുംബത്തകർച്ച, കുത്തഴിഞ്ഞ ലൈംഗിക നടത്ത, വ്യാപകമായ ശിശുദ്രോഹം എന്നിവ സംബന്ധിച്ച ഇക്കാലത്തെ നടുക്കുന്ന റിപ്പോർട്ടുകൾ മാനദണ്ഡങ്ങൾ തകർന്നു വീഴുന്ന ഒരു യുഗത്തിലാണ്‌ നാം ജീവിക്കുന്നത്‌ എന്നതിന്റെ തെളിവാണ്‌. അച്ഛനമ്മമാരിൽ ഒരാൾ മാത്രമുള്ള കുടുംബങ്ങൾ, ഒരേ ലിംഗവർഗത്തിൽപ്പെട്ട “മാതാപിതാക്കൾ” വളർത്തുന്ന കുട്ടികൾ, പ്രാദേശിക അധികാരികളുടെ പരിപാലനയിലുള്ള കുട്ടികൾക്കു നേരിടേണ്ടിവരുന്ന ഞെട്ടിക്കുന്ന ലൈംഗിക ദ്രോഹങ്ങൾ ഇതെല്ലാം മനുഷ്യർ അംഗീകൃത മാനദണ്ഡങ്ങൾക്കു പുറംതിരിയുന്നതിന്റെ ഫലങ്ങളാണ്‌. ഏതാണ്ട്‌ രണ്ടായിരം വർഷം മുമ്പ്‌ ബൈബിൾ മുൻകൂട്ടി പറഞ്ഞതുപോലെ, കൂടുതൽ കൂടുതൽ ആളുകൾ “സ്വസ്‌നേഹികളും . . . വാത്സല്യമില്ലാത്തവരും . . . സൽഗുണദ്വേഷികളും . . . ദൈവപ്രിയമില്ലാതെ ഭോഗപ്രിയ”രും ആയിത്തീരുകയാണ്‌.​—⁠2 തിമൊഥെയൊസ്‌ 3:1-4.

ധാർമിക മാനദണ്ഡങ്ങളുടെ തകർച്ച നിർദയമായ വിശ്വാസ വഞ്ചനയുമായി കൈകോർത്തു പോകുന്നു. അടുത്തയിടെ ഉത്തര ഇംഗ്ലണ്ടിലെ ഒരു പട്ടണമായ ഹൈഡിൽ വൈദ്യരംഗത്തെ ഉന്നത മാനദണ്ഡങ്ങൾ അപ്പാടെ അവഗണിക്കപ്പെട്ടതിന്റെ തെളിവുകൾ വെളിച്ചത്തു വന്നു. അവിടത്തെ ആളുകൾ അവരുടെ “ആദരണീയരും വിശ്വാസയോഗ്യരു”മായ കുടുംബ ഡോക്ടർമാരിൽ പൂർണ വിശ്വാസം അർപ്പിച്ചിരുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, അവരുടെ വിശ്വാസം വഞ്ചിക്കപ്പെട്ടു. എങ്ങനെ? ഒരു ഡോക്ടർ സ്‌ത്രീകളായ തന്റെ 15 രോഗികളുടെയെങ്കിലും മരണത്തിന്‌ ഇടയാക്കിയിട്ടുണ്ടെന്ന്‌ വിചാരണാ റിപ്പോർട്ടുകൾ വെളിപ്പെടുത്തി. വാസ്‌തവത്തിൽ, ആ ഡോക്ടർ ഉൾപ്പെട്ട 130-ലധികം മറ്റു മരണങ്ങൾ പൊലീസിന്‌ പുനഃപരിശോധിക്കേണ്ടി വന്നു. ആ ഡോക്ടറെ കുറ്റം വിധിച്ച്‌ ജയിലിലടച്ചപ്പോൾ അയാളുടെ വിശ്വാസ വഞ്ചനയുടെ വ്യാപ്‌തി ഒന്നുകൂടെ തുറന്നുകാട്ടപ്പെട്ടു. അയാളുടെ കയ്യാൽ കൊല്ലപ്പെട്ടിരിക്കാൻ സാധ്യതയുള്ള ഒരു സ്‌ത്രീയുടെ മക്കളായ രണ്ടു ജയിൽ ഓഫീസർമാർക്ക്‌ വേറെ ജോലികൾ നൽകുകയുണ്ടായി. അല്ലാത്തപക്ഷം അവർക്ക്‌ കുപ്രസിദ്ധനായ ഈ തടവുകാരനെ നോക്കേണ്ടി വരുമായിരുന്നു. പ്രസ്‌തുത കേസ്‌ സംബന്ധിച്ച്‌ ദ ഡെയ്‌ലി ടെലിഗ്രാഫിൽ വന്ന ഒരു റിപ്പോർട്ട്‌ കുറ്റവാളിയായ ആ ഡോക്ടറെ “‘ചെകുത്താൻ’ ഡോക്ടർ” എന്നു വിശേഷിപ്പിച്ചതിൽ തെല്ലും അതിശയമില്ല.

ജീവിതത്തിന്റെ നിരവധി മേഖലകളിൽ മാനദണ്ഡങ്ങൾ മാറിക്കൊണ്ടിരിക്കുകയും തകർന്നടിയുകയും ചെയ്യുന്ന സ്ഥിതിക്ക്‌, ആരിലാണ്‌ നമുക്ക്‌ ഉറപ്പോടെ വിശ്വാസം അർപ്പിക്കാൻ കഴിയുക? മാനദണ്ഡങ്ങളെ ഉയർത്തിപ്പിടിക്കാൻ പ്രാപ്‌തിയുള്ള ഒരു ആധികാരിക ഉറവിനാൽ പിന്തുണയ്‌ക്കപ്പെടുന്ന മാറ്റംവരാത്ത മാനദണ്ഡങ്ങൾ നിങ്ങൾക്ക്‌ എവിടെ കണ്ടെത്താൻ കഴിയും? പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകുന്നു.