വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

മറുവില യാഗത്തിന്റെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ പാപങ്ങൾ ക്ഷമിക്കാനുള്ള മനസ്സൊരുക്കം യഹോവയ്‌ക്ക്‌ ഉള്ള സ്ഥിതിക്ക്‌, ക്രിസ്‌ത്യാനികൾ സഭയിലെ മൂപ്പന്മാരോട്‌ പാപങ്ങൾ ഏറ്റുപറയേണ്ടത്‌ എന്തുകൊണ്ടാണ്‌?

ദാവീദും ബത്ത്‌-ശേബയും ഉൾപ്പെട്ട കേസിൽ ദാവീദിന്റെ പാപം ഗുരുതരമായിരുന്നെങ്കിലും, അവൻ യഥാർഥ അനുതാപം പ്രകടമാക്കിയതിനാൽ യഹോവ അവനോടു ക്ഷമിച്ചു. നാഥാൻ പ്രവാചകൻ ദാവീദിനെ സമീപിച്ചപ്പോൾ ദാവീദ്‌ ഇങ്ങനെ തുറന്നുപറഞ്ഞു: “ഞാൻ യഹോവയോടു പാപം ചെയ്‌തിരിക്കുന്നു.”​—⁠2 ശമൂവേൽ 12:⁠13.

എന്നാൽ, പാപം ചെയ്‌ത ഒരു വ്യക്തിയുടെ ആത്മാർഥമായ അനുതാപത്തെ അംഗീകരിക്കുകയും അയാളോടു ക്ഷമിക്കുകയും മാത്രമല്ല യഹോവ ചെയ്യുന്നത്‌. അവൻ അയാൾക്ക്‌ ആത്മീയ സൗഖ്യം പ്രാപിക്കുന്നതിനുള്ള സ്‌നേഹപൂർവകമായ സഹായം നൽകുകയും ചെയ്യുന്നു. ദാവീദിന്‌ ഈ സഹായം ലഭിച്ചത്‌ നാഥാൻ പ്രവാചകനിലൂടെ ആയിരുന്നു. ഇന്ന്‌, ക്രിസ്‌തീയ സഭയിൽ ആത്മീയ പക്വതയുള്ള പ്രായമേറിയ പുരുഷന്മാർ അഥവാ മൂപ്പന്മാർ ഉണ്ട്‌. ശിഷ്യനായ യാക്കോബ്‌ ഇങ്ങനെ വിശദീകരിക്കുന്നു: “നിങ്ങളിൽ [ആത്മീയ] ദീനമായി കിടക്കുന്നവൻ സഭയിലെ മൂപ്പന്മാരെ വരുത്തട്ടെ. അവർ കർത്താവിന്റെ നാമത്തിൽ അവനെ എണ്ണ പൂശി അവന്നു വേണ്ടി പ്രാർത്ഥിക്കട്ടെ. എന്നാൽ വിശ്വാസത്തോടുകൂടിയ പ്രാർത്ഥന ദീനക്കാരനെ രക്ഷിക്കും; കർത്താവു അവനെ എഴുന്നേല്‌പിക്കും; അവൻ പാപം ചെയ്‌തിട്ടുണ്ടെങ്കിൽ അവനോടു ക്ഷമിക്കും.”​—⁠യാക്കോബ്‌ 5:14, 15.

കുറ്റബോധവുമായി മല്ലിടുന്ന ഒരു പാപിയുടെ ഹൃദയവേദന കുറയ്‌ക്കാൻ അനുഭവസമ്പന്നരായ മൂപ്പന്മാർക്ക്‌ പലതും ചെയ്യാനാകും. അയാളുമായുള്ള ഇടപെടലുകളിൽ അവർ യഹോവയെ അനുകരിക്കാൻ ശ്രമിക്കുന്നു. കടുത്ത ശിക്ഷണം ഉചിതമായിരിക്കുമ്പോൾ പോലും, പരുക്കൻ രീതിയിൽ പെരുമാറാൻ അവർ ആഗ്രഹിക്കുന്നില്ല. പകരം, അവർ അനുകമ്പാപൂർവം വ്യക്തിയുടെ അപ്പോഴത്തെ ആവശ്യങ്ങൾ പരിഗണിക്കുന്നു. ദൈവവചനം ഉപയോഗിച്ചുകൊണ്ട്‌ തെറ്റു ചെയ്‌ത വ്യക്തിയുടെ ചിന്താഗതിയെ യഥാസ്ഥാനപ്പെടുത്താൻ അവർ ക്ഷമയോടെ ശ്രമിക്കുന്നു. (ഗലാത്യർ 6:1) ഒരു വ്യക്തി തന്റെ പാപം സ്വമേധയാ ഏറ്റുപറഞ്ഞില്ലെങ്കിൽ പോലും, മൂപ്പന്മാർ സമീപിക്കുമ്പോൾ അയാൾക്ക്‌ അനുതാപം തോന്നാൻ ഇടയായേക്കാം. നാഥാൻ ദാവീദിനെ സമീപിച്ചപ്പോൾ അതാണു സംഭവിച്ചത്‌. ഇങ്ങനെ മൂപ്പന്മാർ നൽകുന്ന പിന്തുണ ഒരു പാപം ആവർത്തിക്കാതിരിക്കാനും പാപഗതിയിൽ തഴമ്പിച്ചു പോകുന്നതിന്റെ ഗുരുതരമായ അനന്തരഫലങ്ങൾ ഒഴിവാക്കാനും വ്യക്തിയെ സഹായിക്കുന്നു.​—⁠എബ്രായർ 10:26-31.

തനിക്കുതന്നെ ലജ്ജാകരമായി തോന്നുന്ന പ്രവൃത്തികൾ മറ്റുള്ളവരോടു തുറന്നുപറയുകയും ക്ഷമ തേടുകയും ചെയ്യുന്നത്‌ തീർച്ചയായും എളുപ്പമല്ല. അതിന്‌ മനക്കരുത്ത്‌ ആവശ്യമാണ്‌. എന്നാൽ അങ്ങനെ ചെയ്‌തില്ലെങ്കിലുള്ള അവസ്ഥയെ കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കുക. ഗുരുതരമായ ഒരു പാപം സഭയിലെ മൂപ്പന്മാരിൽനിന്നു മറച്ചുവെച്ച ഒരാൾ ഇങ്ങനെ പറഞ്ഞു: “ഒരു പ്രകാരത്തിലും നീങ്ങിക്കിട്ടാത്ത ഹൃദയവേദന എനിക്ക്‌ അനുഭവപ്പെട്ടു. ഞാൻ എന്റെ പ്രസംഗപ്രവർത്തനം വർധിപ്പിച്ചെങ്കിലും മനസ്സിന്റെ അസ്വസ്ഥത മാറിയില്ല.” പ്രാർഥനയിൽ ദൈവത്തോടു തെറ്റ്‌ ഏറ്റുപറഞ്ഞാൽ മതി എന്നാണ്‌ അയാൾ വിചാരിച്ചത്‌, എന്നാൽ അതു പോരായിരുന്നു. കാരണം, ദാവീദു രാജാവിന്റേതിനു സമാനമായ വികാരങ്ങൾ അയാൾക്ക്‌ ഉണ്ടായി. (സങ്കീർത്തനം 51:8, 11) മൂപ്പന്മാർ മുഖാന്തരം യഹോവ നൽകുന്ന സ്‌നേഹപുരസ്സരമായ സഹായം സ്വീകരിക്കുന്നത്‌ എത്രയോ മെച്ചമാണ്‌!