വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരുടെ മാനദണ്ഡങ്ങളാണ്‌ വിശ്വാസയോഗ്യം?

ആരുടെ മാനദണ്ഡങ്ങളാണ്‌ വിശ്വാസയോഗ്യം?

ആരുടെ മാനദണ്ഡങ്ങളാണ്‌ വിശ്വാസയോഗ്യം?

റോഡരികിൽ വടിപോലെ നിൽക്കുന്ന ഒരു മനുഷ്യനെ കണ്ട്‌ ആദ്യമായി ആഫ്രിക്ക സന്ദർശിച്ച ഒരാൾക്ക്‌ അത്ഭുതം തോന്നി. ഏതാനും മിനിട്ട്‌ കൂടുമ്പോൾ, നിൽക്കുന്ന നിൽപ്പിൽത്തന്നെ അയാൾ വശത്തേക്ക്‌ തെല്ലൊന്നു മാറിനിൽക്കുന്നത്‌ അദ്ദേഹം ശ്രദ്ധിച്ചു. അയാൾ അങ്ങനെ ചെയ്‌തത്‌ എന്തുകൊണ്ടാണെന്ന്‌ പിന്നീടു മാത്രമാണ്‌ ആ സന്ദർശകനു മനസ്സിലായത്‌. ഒരു ടെലിഗ്രാഫ്‌ തൂണിന്റെ തണൽ പറ്റി നിൽക്കാൻ ശ്രമിക്കുകയായിരുന്നു അയാൾ. അപരാഹ്ന സൂര്യന്റെ സ്ഥാനം മാറുന്നത്‌ അനുസരിച്ച്‌ നിഴലും പതുക്കെ മാറുന്നുണ്ടായിരുന്നു.

ആ നിഴൽ പോലെയാണ്‌ മനുഷ്യന്റെ കാര്യാദികളും മാനദണ്ഡങ്ങളും. അവ എപ്പോഴും മാറിക്കൊണ്ടിരിക്കുന്നു. നേരെമറിച്ച്‌, “വെളിച്ചങ്ങളുടെ പിതാ”വായ യഹോവയാം ദൈവം മാറ്റമില്ലാത്തവനാണ്‌. ‘അവന്നു ഗതിഭേദത്താലുള്ള ആഛാദനമില്ല [“നിഴൽമാറ്റത്തിന്റെ വ്യതിയാനമില്ല,” NW]’ എന്ന്‌ ശിഷ്യനായ യാക്കോബ്‌ എഴുതി. (യാക്കോബ്‌ 1:17) എബ്രായ പ്രവാചകനായ മലാഖി, ദൈവംതന്നെ പിൻവരുന്ന പ്രകാരം പ്രഖ്യാപിക്കുന്നതായി രേഖപ്പെടുത്തി: “യഹോവയായ ഞാൻ മാറാത്തവൻ.” (മലാഖി 3:6) യെശയ്യാവിന്റെ നാളിലെ ഇസ്രായേൽ ജനത്തോട്‌ ദൈവം പറഞ്ഞു: “നിങ്ങളുടെ വാർദ്ധക്യംവരെയും ഞാൻ അങ്ങനെതന്നെയായിരിക്കും. നിങ്ങൾക്കു നര ബാധിക്കുമ്പോഴും [“ബാധിക്കുന്നതുവരെയും,” NW] ഞാൻ നിങ്ങളെ വഹിക്കും.” (യെശയ്യാവു 46:​4, പി.ഒ.സി. ബൈബിൾ) അതുകൊണ്ട്‌, കാലമെത്ര കടന്നുപോയാലും സർവശക്തന്റെ വാഗ്‌ദാനങ്ങളിൽ നമുക്ക്‌ ഉണ്ടായിരിക്കാൻ കഴിയുന്ന ഉറപ്പിന്‌ മാറ്റം വരുന്നില്ല.

ന്യായപ്രമാണത്തിൽനിന്ന്‌ ഒരു പാഠം

യഹോവയുടെ വാഗ്‌ദാനങ്ങൾ ആശ്രയയോഗ്യവും മാറ്റമില്ലാത്തവയും ആയിരിക്കുന്നതുപോലെ തന്നെയാണ്‌ ശരിയും തെറ്റും സംബന്ധിച്ച അവന്റെ മാനദണ്ഡങ്ങളും. ഒരു കച്ചവടക്കാരൻ സാധനങ്ങൾ തൂക്കുന്നതിന്‌ രണ്ടുതരം കട്ടികൾ ഉപയോഗിക്കുന്നുവെന്നു വിചാരിക്കുക. അവയിൽ ഒന്നു മാത്രമേ കൃത്യമായിരിക്കുന്നുള്ളൂ. നിങ്ങൾക്ക്‌ അയാളിൽ വിശ്വാസമുണ്ടായിരിക്കുമോ? ഒരിക്കലുമില്ല. അതുപോലെതന്നെ, ‘കള്ളത്തുലാസ്സു യഹോവെക്കു വെറുപ്പാണ്‌. എന്നാൽ ഒത്ത പടി അവന്നു പ്രസാദമാണ്‌.’ (സദൃശവാക്യങ്ങൾ 11:1; 20:10) ഇസ്രായേല്യർക്കു നൽകിയ ന്യായപ്രമാണത്തിൽ യഹോവ പിൻവരുന്ന കൽപ്പന ഉൾപ്പെടുത്തി: “ന്യായവിസ്‌താരത്തിലും അളവിലും തൂക്കത്തിലും നിങ്ങൾ അന്യായം ചെയ്യരുതു. ഒത്ത തുലാസ്സും ഒത്ത കട്ടിയും ഒത്ത പറയും ഒത്ത ഇടങ്ങഴിയും നിങ്ങൾക്കു ഉണ്ടായിരിക്കേണം; ഞാൻ നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു.”​—⁠ലേവ്യപുസ്‌തകം 19:35, 36.

ആ കൽപ്പനയോടുള്ള അനുസരണം ഇസ്രായേല്യർക്ക്‌ ദൈവപ്രീതിയും അനേകം ഭൗതിക നേട്ടങ്ങളും കൈവരുത്തി. സമാനമായി, യഹോവയുടെ മാറ്റമില്ലാത്ത മാനദണ്ഡങ്ങളോടു പറ്റിനിൽക്കുന്നത്‌​—⁠അളവിന്റെയും തൂക്കത്തിന്റെയും കാര്യത്തിൽ മാത്രമല്ല, ജീവിതത്തിന്റെ സമസ്‌ത തലങ്ങളിലും​—⁠അവനിൽ വിശ്വാസം അർപ്പിക്കുന്ന ആരാധകന്‌ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. ദൈവം ഇപ്രകാരം പ്രഖ്യാപിക്കുന്നു: “ശുഭകരമായി പ്രവർത്തിപ്പാൻ നിന്നെ അഭ്യസിപ്പിക്കയും നീ പോകേണ്ടുന്ന വഴിയിൽ നിന്നെ നടത്തുകയും ചെയ്യുന്ന നിന്റെ ദൈവമായ യഹോവ ഞാൻ തന്നേ.”​—⁠യെശയ്യാവു 48:⁠17.

ഇന്നു മാനദണ്ഡങ്ങൾ തകരുന്നത്‌ എന്തുകൊണ്ട്‌?

ഇന്നു മാനദണ്ഡങ്ങൾ തകരുന്നതിന്റെ കാരണത്തിലേക്ക്‌ ബൈബിൾ വിരൽചൂണ്ടുന്നു. ബൈബിളിലെ അവസാന പുസ്‌തകമായ വെളിപ്പാടു സ്വർഗത്തിൽ നടന്ന ഒരു യുദ്ധത്തെ കുറിച്ചു പരാമർശിക്കുന്നു. അതിന്റെ അനന്തരഫലം സകല മനുഷ്യരെയും ഇന്നോളം ബാധിച്ചിരിക്കുന്നു. അപ്പൊസ്‌തലനായ യോഹന്നാൻ എഴുതി: “പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും. സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല. ഭൂതലത്തെ മുഴുവൻ തെററിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടുകൂടെ തള്ളിക്കളഞ്ഞു.”​—⁠വെളിപ്പാടു 12:7-9.

ആ യുദ്ധത്തിന്റെ സത്വര ഫലം എന്തായിരുന്നു? യോഹന്നാൻ തുടർന്നു: “ആകയാൽ സ്വർഗ്ഗവും അതിൽ വസിക്കുന്നവരുമായുള്ളോരേ, ആനന്ദിപ്പിൻ; ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്‌പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.”​—⁠വെളിപ്പാടു 12:⁠12.

ആയിരത്തിത്തൊള്ളായിരത്തിപ്പതിനാലിൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയും ഇന്നത്തേവയിൽനിന്നു വളരെ വിഭിന്നമായ മാനദണ്ഡങ്ങളുടെ ഒരു യുഗത്തിന്‌ അന്ത്യം കുറിക്കുകയും ചെയ്‌തതോടെ ‘ഭൂമിക്കു കഷ്ടം’ തുടങ്ങി. “1914-18-ലെ മഹായുദ്ധം ആ കാലഘട്ടത്തെ നമ്മുടേതിൽനിന്നു വേർതിരിക്കുന്ന ഒരു അതിർത്തിരേഖ പോലെ കിടക്കുന്നു” എന്ന്‌ ചരിത്രകാരിയായ ബാർബറ ടക്‌മൻ പ്രസ്‌താവിക്കുന്നു. “പിൽക്കാല വർഷങ്ങളിൽ ജീവിച്ചിരിക്കുമായിരുന്ന ഒട്ടേറെ പേരെ കൊന്നൊടുക്കിക്കൊണ്ട്‌, വിശ്വാസങ്ങളെ തകർത്തു നശിപ്പിച്ചുകൊണ്ട്‌, ആശയങ്ങളെ മാറ്റിമറിച്ചുകൊണ്ട്‌, മോഹഭംഗത്തിന്റെ ഉണങ്ങാത്ത മുറിവുകൾ അവശേഷിപ്പിച്ചുകൊണ്ട്‌ അത്‌ രണ്ടു യുഗങ്ങൾക്കും ഇടയിൽ അക്ഷരീയവും മനശ്ശാസ്‌ത്രപരവുമായ ഒരു വൻ വിടവ്‌ സൃഷ്ടിച്ചു.” സഹ ചരിത്രകാരനായ എറിക്‌ ഹോബ്‌സ്‌ബാമിനും സമാനമായ ആശയമാണുള്ളത്‌. അദ്ദേഹം പറയുന്നു: “വികസിത രാജ്യങ്ങളിൽ സാധാരണമായി കരുതപ്പെട്ടിരുന്ന മാനദണ്ഡങ്ങളിൽ 1914-നു ശേഷം ശ്രദ്ധേയമായ ഒരു അധോഗതി ഉണ്ടായിരിക്കുന്നു . . . പത്തൊമ്പതാം നൂറ്റാണ്ടിലെ നമ്മുടെ പൂർവികർ വന്യമായ മാനദണ്ഡങ്ങൾ എന്നു വിളിക്കുമായിരുന്ന ഒന്നിലേക്കുള്ള തിരിച്ചുപോക്കിന്റെ​—⁠സങ്കടകരമെന്നു പറയട്ടെ, ഇതിനു വേഗം കൂടിവരികയാണ്‌​—⁠വ്യാപ്‌തി ഗ്രഹിക്കുക എളുപ്പമല്ല.”

മാനുഷികത്വം​—⁠ഇരുപതാം നൂറ്റാണ്ടിന്റെ ഒരു ധാർമിക ചരിത്രം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ഗ്രന്ഥകാരനായ ജോനാഥാൻ ഗ്ലോവർ ഇപ്രകാരം പ്രസ്‌താവിക്കുന്നു: “ധാർമിക നിയമത്തിന്റെ തിരോധാനമാണ്‌ നമ്മുടെ കാലത്തിന്റെ ഒരു പ്രത്യേകത.” പാശ്ചാത്യ ലോകത്തിലെ മതത്തിന്റെ തകർച്ച നിമിത്തം, ബാഹ്യ ഉറവിൽനിന്നുള്ള ധാർമിക നിയമം സംബന്ധിച്ച്‌ സംശയാലുവാണെങ്കിലും അദ്ദേഹം ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു. “മതപരമായ ധാർമിക നിയമത്തിൽ വിശ്വാസം ഇല്ലാത്ത നമ്മെ പോലും അതിന്റെ തിരോധാനം ആശങ്കാകുലരാക്കേണ്ടതുണ്ട്‌.”

വ്യാവസായിക, രാഷ്‌ട്രീയ, മത മണ്ഡലങ്ങളിലായാലും വ്യക്തിപരവും കുടുംബപരവുമായ ബന്ധങ്ങളിലായാലും ഇന്നു കണ്ടുവരുന്ന വിശ്വാസവഞ്ചനയും അതിന്റെ ബീഭത്സ ഫലങ്ങളും ഭൂമിയിലെ നിവാസികൾക്ക്‌ കഷ്ടം വരുത്താനുള്ള പിശാചിന്റെ ദുഷ്ട പദ്ധതിയുടെ ഭാഗമാണ്‌. അവസാനം വരെ പടവെട്ടാനും ദൈവത്തിന്റെ മാനദണ്ഡങ്ങളനുസരിച്ച്‌ ജീവിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും തന്നോടൊപ്പം നാശത്തിലേക്കു വലിച്ചിഴയ്‌ക്കാനും സാത്താൻ കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്‌.​—⁠വെളിപ്പാടു 12:⁠17.

ഇന്നു കൊടികുത്തി വാഴുന്ന വിശ്വാസവഞ്ചനയ്‌ക്ക്‌ ഒരു പരിഹാരമുണ്ടോ? അപ്പൊസ്‌തലനായ പത്രൊസ്‌ മറുപടി പറയുന്നു: “നാം അവന്റെ [ദൈവത്തിന്റെ] വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” (2 പത്രൊസ്‌ 3:13) ആ വാഗ്‌ദാനത്തിൽ നമുക്കു വിശ്വാസം അർപ്പിക്കാൻ കഴിയും. കാരണം, ദൈവത്തിനു തന്റെ ഉദ്ദേശ്യം നിവർത്തിക്കാനുള്ള ശക്തി ഉണ്ട്‌. മാത്രമല്ല തന്റെ വാഗ്‌ദാനം നിവൃത്തിയേറുമെന്ന്‌ അവൻ ഉറപ്പുതരുകയും ചെയ്യുന്നു. ‘തന്റെ വായിൽനിന്നു പുറപ്പെടുന്ന വചനത്തെ’ കുറിച്ച്‌ യഹോവ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അതു വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.” തീർച്ചയായും വിശ്വാസയോഗ്യമായ ഒരു വാഗ്‌ദാനം!​—⁠യെശയ്യാവു 55:11; വെളിപ്പാടു 21:​4, 5.

ദൈവത്തിന്റെ മാനദണ്ഡങ്ങളനുസരിച്ചു ജീവിക്കൽ

മാനദണ്ഡങ്ങൾ അസ്ഥിരവും തകർന്നുകൊണ്ടിരിക്കുന്നതുമായ ഒരു ലോകത്തിൽ, നടത്ത സംബന്ധിച്ച ബൈബിളിന്റെ മാനദണ്ഡങ്ങളനുസരിച്ചു ജീവിക്കാൻ യഹോവയുടെ സാക്ഷികൾ ശ്രമിക്കുന്നു. ഇത്‌ അവരെ ഭൂരിപക്ഷം ആളുകളിൽനിന്നും വിഭിന്നരാക്കുന്നു. അതിന്റെ ഫലമായി അവർ പലപ്പോഴും മറ്റുള്ളവരുടെ ശ്രദ്ധയ്‌ക്കു പാത്രമായിട്ടുണ്ട്‌, നിന്ദയ്‌ക്കും.

യഹോവയുടെ സാക്ഷികൾ വാസ്‌തവത്തിൽ ക്രിസ്‌ത്യാനികളാണോ എന്ന്‌ ലണ്ടനിലെ യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷനിൽ വെച്ച്‌ ഒരു ടിവി റിപ്പോർട്ടർ അവരുടെ ഒരു വക്താവിനോടു ചോദിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു: “തീർച്ചയായും, കാരണം യേശുവാണ്‌ ഞങ്ങളുടെ മാതൃക. ലോകത്തെവിടെയും ഇന്ന്‌ സ്വാർഥത പ്രകടമാണ്‌. എന്നാൽ വഴിയും സത്യവും ജീവനും എന്ന നിലയിൽ ഞങ്ങൾ യേശുക്രിസ്‌തുവിലേക്കാണു നോക്കുന്നത്‌. അവൻ ഒരു ത്രിത്വത്തിന്റെ ഭാഗമല്ല, പകരം ദൈവത്തിന്റെ പുത്രനാണെന്ന്‌ ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട്‌ ഞങ്ങൾ ബൈബിൾ മനസ്സിലാക്കുന്ന വിധം, വ്യവസ്ഥാപിത മതം അതു മനസ്സിലാക്കുന്ന വിധത്തിൽനിന്നു വ്യത്യസ്‌തമാണ്‌.”

ബിബിസി ടെലിവിഷനിൽ ഈ അഭിമുഖം പ്രക്ഷേപണം ചെയ്‌തപ്പോൾ റിപ്പോർട്ടർ ഇങ്ങനെ പറഞ്ഞുകൊണ്ട്‌ ആ പരിപാടി ഉപസംഹരിച്ചു: “യഹോവയുടെ സാക്ഷികൾ നമ്മുടെ വീട്ടുവാതിൽക്കൽ വരുന്നത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്കിപ്പോൾ മുമ്പത്തേതിലും വളരെ മെച്ചമായി അറിയാം. നന്നായി വസ്‌ത്രധാരണം ചെയ്‌ത, സഭ്യമായി പെരുമാറുന്ന 25,000 പേർ ഒരു സ്ഥലത്ത്‌ ഒരുമിച്ച്‌ കൂടിയിരിക്കുന്നത്‌ ഇതിനുമുമ്പ്‌ ഞാൻ കണ്ടിട്ടുണ്ടെന്ന്‌ തോന്നുന്നില്ല.” ദൈവത്തിന്റെ മാറ്റമില്ലാത്ത മാനദണ്ഡങ്ങൾ അനുസരിച്ചു ജീവിക്കുന്നതിലെ ജ്ഞാനത്തിലേക്ക്‌ വിരൽചൂണ്ടുന്ന പുറത്തുനിന്നുള്ള ഒരു നിരീക്ഷകന്റെ എത്ര നല്ല സാക്ഷ്യം!

തങ്ങളുടേതല്ലാത്ത മാനദണ്ഡങ്ങൾ അനുസരിച്ചു ജീവിക്കുക എന്ന ആശയം ചിലർക്ക്‌ അരോചകമായി തോന്നിയേക്കാമെങ്കിലും, ബൈബിൾ പരിശോധിക്കാനും ദൈവത്തിന്റെ മാനദണ്ഡങ്ങൾ എന്താണെന്നു മനസ്സിലാക്കാനും ഞങ്ങൾ നിങ്ങളെ ക്ഷണിക്കുകയാണ്‌. എന്നാൽ, ഉപരിപ്ലവമായ ഒരു പരിശോധനകൊണ്ട്‌ തൃപ്‌തിയടയരുത്‌. അപ്പൊസ്‌തലനായ പൗലൊസിന്റെ ഉദ്‌ബോധനം അനുസരിക്കുക: “ഈ ലോകത്തിന്നു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിന്നു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.” (റോമർ 12:2) നിങ്ങളുടെ പ്രദേശത്തുള്ള രാജ്യഹാൾ സന്ദർശിച്ച്‌ അവിടെയുള്ള സാക്ഷികളെ പരിചയപ്പെടുക. ബൈബിളിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസം അർപ്പിക്കുകയും ദൈവത്തിന്റെ മാനദണ്ഡങ്ങൾ അനുസരിച്ച്‌ ജീവിക്കാൻ ശ്രമിച്ചുകൊണ്ട്‌ അവനിലുള്ള വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്ന സാധാരണക്കാരായ ആളുകളാണ്‌ അവരെന്ന്‌ നിങ്ങൾ കണ്ടെത്തും.

ദൈവത്തിന്റെ മാറ്റമില്ലാത്തതും വിശ്വാസയോഗ്യവുമായ മാനദണ്ഡങ്ങൾ അനുസരിച്ച്‌ ജീവിക്കുന്നപക്ഷം, അതു നിങ്ങൾക്ക്‌ അനവധി അനുഗ്രഹങ്ങൾ കൈവരുത്തും, തീർച്ച. ദൈവംതന്നെ നൽകുന്ന ആഹ്വാനത്തിനു ചെവികൊടുക്കുക: “അയ്യോ, നീ എന്റെ കല്‌പനകളെ കേട്ടനുസരിച്ചങ്കിൽ കൊള്ളായിരുന്നു! എന്നാൽ നിന്റെ സമാധാനം നദിപോലെയും നിന്റെ നീതി സമുദ്രത്തിലെ തിരപോലെയും ആകുമായിരുന്നു.”​—⁠യെശയ്യാവു 48:⁠18.

[5-ാം പേജിലെ ചിത്രങ്ങൾ]

വ്യാവസായിക, രാഷ്‌ട്രീയ, മത മണ്ഡലങ്ങളിലും കുടുംബ ബന്ധങ്ങളിലും ഇന്ന്‌ വിശ്വാസം വഞ്ചിക്കപ്പെടുന്നു