വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹൃദയഭേദകമായ നഷ്ടത്തിനിടയിലും സന്തോഷത്തോടെ, നന്ദിയോടെ

ഹൃദയഭേദകമായ നഷ്ടത്തിനിടയിലും സന്തോഷത്തോടെ, നന്ദിയോടെ

ജീവിത കഥ

ഹൃദയഭേദകമായ നഷ്ടത്തിനിടയിലും സന്തോഷത്തോടെ, നന്ദിയോടെ

നാൻസി ഇ. പോർട്ടർ പറഞ്ഞപ്രകാരം

ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തേഴ്‌ ജൂൺ 5. ഐക്യനാടുകളുടെ തെക്കുകിഴക്കൻ തീരത്തുനിന്ന്‌ കുറച്ച്‌ മാറി സ്ഥിതിചെയ്യുന്ന ബഹാമാസ്‌ ദ്വീപുകളിലെ ഊഷ്‌മളമായ ഒരു സായാഹ്നം. ഒരു ഇമിഗ്രേഷൻ ഓഫീസർ തികച്ചും അപ്രതീക്ഷിതമായി എന്നെയും ഭർത്താവ്‌ ജോർജിനെയും കാണാനെത്തി. ഞങ്ങൾക്കുള്ള ഒരു കത്തുമായിട്ടാണ്‌ അദ്ദേഹം എത്തിയത്‌. ബഹാമാസിൽ ഞങ്ങളുടെ സാന്നിധ്യം ഒട്ടും പ്രതീക്ഷിക്കുന്നില്ലെന്നും അതുകൊണ്ട്‌ “ഉടനടി കോളനി വിടണം!” എന്നും അതിൽ എഴുതിയിരുന്നു.

ബഹാമാസിലെ ഏറ്റവും വലിയ നഗരമായ നാസൗവിൽ എത്തിയ, യഹോവയുടെ സാക്ഷികളുടെ ആദ്യത്തെ മിഷനറിമാരായിരുന്നു ഞാനും ജോർജും. ഉത്തര ന്യൂയോർക്കിലെ ഒരു മിഷനറി സ്‌കൂളായ ഗിലെയാദിലെ എട്ടാമത്തെ ക്ലാസ്സിൽനിന്നു ബിരുദം നേടിയ ഞങ്ങൾക്ക്‌ ഇവിടെ നിയമനം ലഭിച്ചു. ഇവിടെ എത്തി മൂന്നു മാസമായപ്പോൾത്തന്നെ ഇത്രയും ശക്തമായ ഒരു പ്രതികരണം ലഭിക്കാൻ മാത്രം ഞങ്ങൾ എന്താണു ചെയ്‌തത്‌? ആ സംഭവം നടന്ന്‌ 50-ലേറെ വർഷം പിന്നിട്ടിട്ടും ഞാൻ ബഹാമാസിൽത്തന്നെ ആയിരിക്കുന്നതിന്റെ രഹസ്യമോ?

ശുശ്രൂഷയ്‌ക്കായി പരിശീലിപ്പിക്കപ്പെടുന്നു

അച്ഛൻ ഹാരി കിൽനെർ, എന്റെ ജീവിതഗതിയെ ശക്തമായി സ്വാധീനിക്കുകയുണ്ടായി. യഹോവയുടെ സാക്ഷികളിലൊരാൾ ആയിത്തീരാൻ അനേകം ത്യാഗങ്ങൾ ചെയ്‌ത അച്ഛൻ എനിക്ക്‌ ഒരു ഉത്‌കൃഷ്ട മാതൃക ആയിരുന്നു. ആരോഗ്യം അത്ര മെച്ചമല്ലാതിരുന്നിട്ടും അദ്ദേഹം മിക്ക വാരാന്തങ്ങളിലും പ്രസംഗപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു. അങ്ങനെ രാജ്യതാത്‌പര്യങ്ങൾ ഒന്നാമതു വെക്കുന്നതിൽ അദ്ദേഹം ശുഷ്‌കാന്തി കാട്ടി. (മത്തായി 6:33) സാമ്പത്തികമായി ഞങ്ങൾക്ക്‌ അധികമൊന്നും ഇല്ലായിരുന്നെങ്കിലും കാനഡയിലെ ആൽബർട്ടയിലുള്ള ലെത്‌ബ്രിജിലെ അദ്ദേഹത്തിന്റെ ചെരിപ്പുകട 1930-കളിൽ ആത്മീയ പ്രവർത്തനത്തിന്റെ ഒരു കേന്ദ്രമായിരുന്നു. പയനിയർമാർ​—⁠യഹോവയുടെ സാക്ഷികളുടെ മുഴുസമയ ശുശ്രൂഷകർ​—⁠വീട്ടിൽ വരുന്നതിനെയും അനുഭവങ്ങൾ പങ്കുവെക്കുന്നതിനെയും കുറിച്ചുള്ളതാണ്‌ എന്റെ ആദ്യകാല സ്‌മരണകൾ.

ആയിരത്തിത്തൊള്ളായിരത്തിനാൽപ്പത്തിമൂന്നിൽ, ആൽബർട്ടയിലെ ഫോർട്ട്‌ മക്‌ലൗഡ്‌, ക്ലാർഷോം എന്നീ പട്ടണങ്ങൾക്ക്‌ അടുത്ത്‌ ഞാൻ പയനിയർ സേവനം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത്‌ എതിരാളികൾ വ്യാജാരോപണങ്ങൾ പരത്തിയതിന്റെ ഫലമായി അക്കാലത്ത്‌ കാനഡയിൽ ഞങ്ങളുടെ പ്രസംഗപ്രവർത്തനം നിരോധിക്കപ്പെട്ടിരിക്കുകയായിരുന്നു. ഞങ്ങളുടെ പ്രദേശം 100 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടന്നിരുന്നു. എന്നാൽ, ഊർജസ്വലരായ ചെറുപ്പക്കാരായിരുന്ന ഞങ്ങൾക്ക്‌ അവിടത്തെ ഫാമുകളിലും ആളുകൾ പാർക്കുന്ന ചെറിയ പ്രദേശങ്ങളിലും ചെന്നെത്താൻ സൈക്കിൾ ഓടിക്കുന്നതോ നടക്കുന്നതോ ഒന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. അക്കാലത്ത്‌ ഗിലെയാദ്‌ ബിരുദധാരികളായ ചിലരുമായി സംസാരിക്കാൻ എനിക്ക്‌ അവസരം ലഭിച്ചു. അവരുടെ അനുഭവങ്ങൾ ഒരു മിഷനറിയായിത്തീരാനുള്ള ആഗ്രഹം എന്നിൽ അങ്കുരിപ്പിച്ചു.

കാനഡയിലെ സസ്‌കാച്ചെവനിൽ നിന്നുള്ള ജോർജ്‌ പോർട്ടറെ 1945-ൽ ഞാൻ വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കൾ 1916 മുതൽ തീക്ഷ്‌ണതയുള്ള സാക്ഷികളായിരുന്നു. അദ്ദേഹവും മുഴുസമയശുശ്രൂഷ തന്റെ ജീവിതവൃത്തിയായി തിരഞ്ഞെടുത്തിരുന്നു. കാനഡയിലെ നോർത്ത്‌ വാൻകൂവറിലെ മനോഹരമായ ലിൻ വാലിയായിരുന്നു ഞങ്ങളുടെ ആദ്യ നിയമനപ്രദേശം. അധികം താമസിയാതെ ഞങ്ങൾക്കു ഗിലെയാദിലേക്കു ക്ഷണം ലഭിച്ചു.

വ്യത്യസ്‌ത ദൈവശാസ്‌ത്ര സെമിനാരികളിൽ നിന്നുള്ള ബിരുദധാരികളോടു സംസാരിക്കാൻ എനിക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്‌. അവർക്കു ലഭിച്ച ദൈവശാസ്‌ത്ര പരിശീലനം ദൈവത്തിലും അവന്റെ വചനമായ ബൈബിളിലും ഉള്ള അവരുടെ വിശ്വാസത്തെ ക്ഷയിപ്പിച്ചുകളഞ്ഞതായി ഞാൻ കണ്ടിരിക്കുന്നു. നേരെമറിച്ച്‌, ഗിലെയാദ്‌ സ്‌കൂളിൽ പഠിച്ച കാര്യങ്ങൾ ഞങ്ങളുടെ ചിന്താപ്രാപ്‌തിക്കു മൂർച്ചകൂട്ടുകയും സർവോപരി, യഹോവയാം ദൈവത്തിലും അവന്റെ വചനത്തിലും ഉള്ള ഞങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുകയുമാണു ചെയ്‌തത്‌. ഗിലെയാദിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവർക്ക്‌ ചൈന, സിംഗപ്പൂർ, ഇന്ത്യ, ആഫ്രിക്കൻ രാജ്യങ്ങൾ, തെക്കേ അമേരിക്ക തുടങ്ങിയ സ്ഥലങ്ങളിലാണ്‌ നിയമനം ലഭിച്ചത്‌. ഞങ്ങളുടെ നിയമനപ്രദേശം ബഹാമാസ്‌ ഉഷ്‌ണമേഖലാ ദ്വീപുകൾ ആണെന്ന്‌ അറിഞ്ഞപ്പോഴത്തെ ആവേശം ഞാൻ ഇന്നും ഓർക്കുന്നു.

ബഹാമാസിൽത്തന്നെ തുടരാൻ കഴിയുന്നു

ഗിലെയാദിൽ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നവരുടെ യാത്രകളുമായി തട്ടിച്ചു നോക്കുമ്പോൾ, ബഹാമാസിലേക്കുള്ള ഞങ്ങളുടെ യാത്ര ഹ്രസ്വമായിരുന്നു. അധികം താമസിയാതെ, അവിടത്തെ ഇളം ചൂടുള്ള കാലാവസ്ഥ ഞങ്ങൾ ആസ്വദിക്കാൻ തുടങ്ങി. നീലാകാശവും ഇളം നീലപ്പച്ചനിറത്തിലുള്ള വെള്ളവും ഇളം നിറങ്ങളിലുള്ള കെട്ടിടങ്ങളും എണ്ണമറ്റ സൈക്കിളുകളും ഞങ്ങളുടെ കണ്ണിനു വിരുന്നൊരുക്കി. എന്നിരുന്നാലും, ഞങ്ങളുടെ കപ്പൽ തുറമുഖത്ത്‌ അണഞ്ഞപ്പോൾ അഞ്ചുപേർ അടങ്ങുന്ന സാക്ഷികളുടെ ഒരു ചെറിയ കൂട്ടം ഞങ്ങളെയും കാത്ത്‌ അവിടെ നിന്നതാണ്‌ എന്നെ ഏറ്റവും ആഴത്തിൽ സ്‌പർശിച്ച ആദ്യ അനുഭവം. ഇവിടത്തെ സംസ്‌കാരം ഞങ്ങൾ പരിചയിച്ച സംസ്‌കാരത്തിൽനിന്ന്‌ വളരെ വിഭിന്നമാണെന്നു മനസ്സിലാക്കാൻ അധികം നാൾ വേണ്ടിവന്നില്ല. ഉദാഹരണത്തിന്‌, മറ്റുള്ളവരുടെ മുന്നിൽ വെച്ച്‌ എന്നെ ‘സ്വീറ്റ്‌ഹാർട്ട്‌’ എന്നു വിളിക്കുന്നത്‌ നിറുത്തണമെന്ന്‌ ആളുകൾ എന്റെ ഭർത്താവിനോട്‌ പറഞ്ഞു. കാരണം, വിവാഹബാഹ്യ ബന്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കു വേണ്ടി ഉള്ളതായിരുന്നു ആ പദം.

ആളുകളുമായി ഞങ്ങൾ സ്വതന്ത്രമായി ഇടപഴകുന്നതുകണ്ട്‌ ആശങ്ക തോന്നിയിട്ടായിരിക്കണം, താമസിയാതെ വൈദികർ ഞങ്ങൾ കമ്മ്യൂണിസ്റ്റുകാർ ആണെന്ന്‌ വ്യാജമായി ആരോപിച്ചു. തത്‌ഫലമായി രാജ്യം വിടാൻ ഞങ്ങൾക്ക്‌ ഉത്തരവ്‌ ലഭിച്ചു. എന്നാൽ സാക്ഷികൾ​—⁠അന്ന്‌ ആ ദ്വീപുകളിൽ 20-ൽ താഴെ സാക്ഷികളെ ഉണ്ടായിരുന്നുള്ളൂ​—⁠പെട്ടെന്നുതന്നെ, ഞങ്ങളെ താമസിക്കാൻ അനുവദിക്കണമെന്ന്‌ അഭ്യർഥിക്കുന്ന ഒരു കത്ത്‌ എഴുതി അതിൽ ആയിരക്കണക്കിനു പേരുടെ ഒപ്പു വാങ്ങി അധികാരികൾക്കു സമർപ്പിച്ചു. അങ്ങനെ ബഹിഷ്‌കരണ ഉത്തരവ്‌ റദ്ദാക്കപ്പെട്ടു.

ഒരു പുതിയ പ്രദേശത്തേക്ക്‌

ദൈവസ്‌നേഹമുള്ള ഹൃദയങ്ങളിൽ ബൈബിൾ സത്യത്തിന്റെ വിത്തുകൾ പെട്ടെന്നു പൊട്ടിമുളച്ചു. അതുകൊണ്ട്‌ ബഹാമാസിലേക്കു സൊസൈറ്റി കൂടുതൽ മിഷനറിമാരെ അയച്ചു. തുടർന്ന്‌ 1950-ൽ അവിടെ ഒരു ബ്രാഞ്ച്‌ ഓഫീസ്‌ സ്ഥാപിതമായി. പത്തു വർഷത്തിനുശേഷം ന്യൂയോർക്കിലെ ബ്രുക്ലിനിലുള്ള ആസ്ഥാനത്തെ ഒരു അംഗമായ മിൽട്ടൺ ഹെൻഷെൽ ബഹാമാസ്‌ സന്ദർശിച്ചപ്പോൾ, ബഹാമാസിലെ മറ്റൊരു ദ്വീപിൽ പോയി പ്രസംഗവേല തുടങ്ങാൻ സന്നദ്ധരായി ആരെങ്കിലുമുണ്ടോ എന്ന്‌ മിഷനറിമാരോടു ചോദിച്ചു. ഞാനും ജോർജും അവിടേക്കു പോകാൻ സന്നദ്ധരായി. അങ്ങനെ ലോങ്‌ ഐലൻഡിലെ 11 വർഷത്തെ ഞങ്ങളുടെ പ്രവർത്തനത്തിന്‌ അരങ്ങൊരുങ്ങി.

ബഹാമാസിലെ അനേകം ദ്വീപുകളിൽ ഒന്നായ ലോങ്‌ ഐലൻഡിന്‌ 140 കിലോമീറ്റർ നീളവും 6 കിലോമീറ്റർ വീതിയും ഉണ്ട്‌. യഥാർഥത്തിൽ പട്ടണങ്ങൾ എന്ന്‌ വിളിക്കാവുന്ന യാതൊന്നും അന്ന്‌ അവിടെ ഉണ്ടായിരുന്നില്ല. തലസ്ഥാനമായ ക്ലാരൻസ്‌ ടൗണിൽ ഏകദേശം 50 വീടുകൾ ഉണ്ടായിരുന്നു. അവിടത്തുകാരുടെ ജീവിതത്തിൽ യാതൊരുവിധ പരിഷ്‌കാരങ്ങളും കടന്നുചെന്നിരുന്നില്ല. വൈദ്യുതിയോ പൈപ്പുവെള്ളമോ വീടിനകത്തുവെച്ച്‌ പാകം ചെയ്യാനുള്ള സൗകര്യമോ പ്ലമിങ്‌ സംവിധാനമോ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. അതുകൊണ്ട്‌ പുറദ്വീപു ജീവിതം എന്നു വിളിക്കപ്പെടുന്ന അപരിഷ്‌കൃത ജീവിതരീതിയുമായി ഞങ്ങൾക്കു പൊരുത്തപ്പെടേണ്ടിവന്നു. ആരോഗ്യത്തെ കുറിച്ചു സംസാരിക്കാൻ അവിടത്തുകാർക്ക്‌ വലിയ ഇഷ്ടമായിരുന്നു. അഭിവാദനം ചെയ്യുമ്പോൾ “നിങ്ങൾക്ക്‌ എങ്ങനെയുണ്ട്‌?” എന്നു ചോദിക്കാതിരിക്കാൻ ഞങ്ങൾ പഠിച്ചു. കാരണം, വ്യക്തിയുടെ വൈദ്യ ചരിത്രം മുഴുവൻ ഉൾപ്പെട്ട നീണ്ട ഒരു വിവരണമായിരിക്കും പലപ്പോഴും അതിനുള്ള മറുപടി.

അടുക്കളതോറും ആയിരുന്നു മിക്കപ്പോഴും ഞങ്ങളുടെ സാക്ഷീകരണം. കാരണം പുല്ലുമേഞ്ഞ മേൽക്കൂരയും വിറകടുപ്പും ഉള്ള വെളിയിലെ അടുക്കളയിലായിരിക്കും ആളുകൾ മിക്കപ്പോഴും കാണുക. ജനങ്ങളിൽ ഭൂരിഭാഗവും പാവപ്പെട്ടവരായിരുന്നു, കൃഷിയോ മത്സ്യബന്ധനമോ തൊഴിലാക്കിയ അവർ വളരെ ദയയോടെയാണ്‌ പെരുമാറിയത്‌. അവരിൽ മിക്കവരും മതഭക്തരായിരുന്നെന്നു മാത്രമല്ല അന്ധവിശ്വാസികളുമായിരുന്നു. പതിവിനു വിരുദ്ധമായി എന്തു സംഭവിച്ചാലും സാധാരണഗതിയിൽ അവർ അതിനെ ശകുനമായി വ്യാഖ്യാനിച്ചിരുന്നു.

വൈദികർ വീടുകളിൽ കയറിയിറങ്ങി ഞങ്ങൾ കൊടുത്തിട്ടുപോന്ന ബൈബിൾ സാഹിത്യങ്ങൾ കീറിക്കളയുന്നതിന്‌ യാതൊരു മടിയും കാണിച്ചിരുന്നില്ല. ധൈര്യമില്ലാത്തവരെ അവർ ഈ രീതിയിൽ വിരട്ടുമായിരുന്നു. എന്നാൽ എല്ലാവരുമൊന്നും പേടിച്ചു പിന്മാറിയില്ല. ഉദാഹരണത്തിന്‌, 70 വയസ്സുള്ള ഒരു ധീരവനിത വൈദികരുടെ ഭീഷണിക്കു വഴങ്ങാൻ കൂട്ടാക്കിയില്ല. അവർക്കു ബൈബിളിലെ കാര്യങ്ങൾ മനസ്സിലാക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഒടുവിൽ അവരും ഒപ്പം മറ്റനേകരും സാക്ഷികളായിത്തീർന്നു. ആളുകൾക്കിടയിൽ കൂടുതൽ താത്‌പര്യം കണ്ടുതുടങ്ങിയതോടെ, താത്‌പര്യക്കാരെ യോഗങ്ങളിൽ പങ്കെടുക്കാൻ സഹായിക്കുന്നതിന്‌ ചില ഞായറാഴ്‌ചകളിൽ ജോർജിന്‌ 300 കിലോമീറ്റർ വാഹനം ഓടിക്കേണ്ടി വന്നു.

മറ്റു സാക്ഷികളൊന്നും ഇല്ലാതിരുന്ന ആദ്യ മാസങ്ങളിൽ, ക്രിസ്‌തീയ യോഗങ്ങളെല്ലാം നടത്തിക്കൊണ്ട്‌ ഞാനും ജോർജും ഞങ്ങളുടെ ആത്മീയത നിലനിറുത്തിപ്പോന്നു. അതിനു പുറമേ, സ്ഥിരോത്സാഹത്തോടെ ഞങ്ങൾ എല്ലാ തിങ്കളാഴ്‌ച രാത്രിയിലും വീക്ഷാഗോപുരം മാസികയിലെ അധ്യയനഭാഗം പഠിക്കുകയും ബൈബിൾ വായിക്കുകയും ചെയ്യുമായിരുന്നു. വീക്ഷാഗോപുരം, ഉണരുക! മാസികകൾ ലഭിച്ചാലുടൻ അവ വായിക്കുന്ന പതിവും ഞങ്ങൾക്കുണ്ടായിരുന്നു.

ഞങ്ങൾ ലോങ്‌ ഐലൻഡിൽ ആയിരിക്കെ എന്റെ പിതാവ്‌ മരണമടഞ്ഞു. പിറ്റേ വേനൽക്കാലത്ത്‌, 1963-ൽ, അമ്മയ്‌ക്ക്‌ ഞങ്ങളുടെ തൊട്ടടുത്തു വന്നു താമസിക്കുന്നതിനുള്ള ഏർപ്പാടുകൾ ഞങ്ങൾ ചെയ്‌തു. വളരെ പ്രായം ഉണ്ടായിരുന്നിട്ടും പുതിയ ചുറ്റുപാടുമായി അമ്മ ഒരുവിധം നന്നായിത്തന്നെ പൊരുത്തപ്പെടുകയും 1971-ൽ മരണമടയുന്നതുവരെ ലോങ്‌ ഐലൻഡിൽ താമസം തുടരുകയും ചെയ്‌തു. ഇന്ന്‌ ലോങ്‌ ഐലൻഡിൽ ഒരു സഭയും ഒരു പുതുപുത്തൻ രാജ്യഹാളും ഉണ്ട്‌.

ഹൃദയഭേദകമായ ഒരു വെല്ലുവിളി

അങ്ങനെയിരിക്കെ 1980-ൽ, തന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങിയിരിക്കുന്നതായി ജോർജ്‌ മനസ്സിലാക്കി. അങ്ങനെ, എന്റെ പ്രിയ ഭർത്താവും സഹപ്രവർത്തകനും കൂട്ടുകാരനുമൊക്കെയായ അദ്ദേഹം അൽസൈമേഴ്‌സ്‌ രോഗത്തിനു കീഴടങ്ങുന്നത്‌ നോക്കിനിൽക്കുക എന്ന എന്റെ ജീവിതത്തിലെ ഏറ്റവും വേദനാകരമായ അനുഭവങ്ങളിലൊന്നിനു തുടക്കം കുറിക്കപ്പെട്ടു. അദ്ദേഹം ആളാകെ മാറിപ്പോയി. ഏറ്റവുമധികം തളർത്തിക്കളയുന്ന അവസാനത്തെ ഘട്ടം 4 വർഷത്തോളം നീണ്ടുനിന്നു. ഒടുവിൽ 1987-ൽ അദ്ദേഹം മരണമടഞ്ഞു. ശുശ്രൂഷയിലും യോഗങ്ങളിലും അദ്ദേഹം കഴിയുന്നിടത്തോളം എന്റെ കൂടെ പങ്കെടുത്തിരുന്നു. എങ്കിലും കൂടെ വരാൻ അദ്ദേഹം വല്ലാതെ പാടുപെടുന്നതു കാണുന്നത്‌ പല ദിവസങ്ങളിലും എന്നെ കണ്ണീരണിയിച്ചിട്ടുണ്ട്‌. ക്രിസ്‌തീയ സഹോദരങ്ങൾ കോരിച്ചൊരിഞ്ഞിട്ടുള്ള സ്‌നേഹം ശരിക്കും ആശ്വാസദായകം ആയിരുന്നിട്ടുണ്ട്‌. എങ്കിലും അദ്ദേഹത്തിന്റെ അഭാവം ഇപ്പോഴും എനിക്ക്‌ നല്ലവണ്ണം അനുഭവപ്പെടുന്നുണ്ട്‌.

ജോർജിന്റെയും എന്റെയും ദാമ്പത്യത്തിന്റെ ഏറ്റവും വിലപ്പെട്ട വശങ്ങളിൽ ഒന്നായിരുന്നു ഞങ്ങൾ കൂടെക്കൂടെ നടത്താറുണ്ടായിരുന്ന ഹൃദ്യമായ സംഭാഷണങ്ങൾ. ഇപ്പോഴിതാ ജോർജ്‌ എന്നെ വിട്ടുപോയിരിക്കുന്നു. “ഇടവിടാതെ പ്രാർത്ഥി”ക്കാനും “പ്രാർത്ഥനയിൽ ഉററിരി”ക്കാനും “സകലപ്രാർത്ഥനയാലും . . . പൂർണസ്ഥിരത കാണി”ക്കാനും യഹോവ തന്റെ ദാസന്മാരെ ക്ഷണിക്കുന്നതിൽ ഞാൻ ഇപ്പോൾ മുമ്പെന്നത്തെക്കാളും നന്ദിയുള്ളവളാണ്‌. (1 തെസ്സലൊനീക്യർ 5:17; റോമർ 12:13; എഫെസ്യർ 6:18) യഹോവ നമ്മുടെ ക്ഷേമത്തിൽ തത്‌പരനാണെന്ന്‌ അറിയുന്നത്‌ വളരെ സാന്ത്വനദായകമാണ്‌. “നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കർത്താവു [“യഹോവ,” NW] വാഴ്‌ത്തപ്പെടുമാറാകട്ടെ” എന്നു പാടിയ സങ്കീർത്തനക്കാരനെപ്പോലെ തന്നെ എനിക്കു തോന്നുന്നു. (സങ്കീർത്തനം 68:19) യേശു പറഞ്ഞതുപോലെ, അന്നന്നത്തെ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതും എന്റെ പരിമിതികൾ അംഗീകരിക്കുന്നതും ഓരോ ദിവസത്തെയും അനുഗ്രഹങ്ങളെ പ്രതി നന്ദിയുള്ളവളായിരിക്കുന്നതും തീർച്ചയായും ഏറ്റവും മികച്ച ജീവിതരീതിയാണ്‌.​—⁠മത്തായി 6:⁠34.

ശുശ്രൂഷയുടെ ആഹ്ലാദകരമായ പ്രതിഫലങ്ങൾ

ക്രിസ്‌തീയ ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നത്‌ കഴിഞ്ഞതിനെ കുറിച്ച്‌ ചിന്തിച്ചു തലപുണ്ണാക്കാതിരിക്കാൻ എന്നെ സഹായിച്ചിട്ടുണ്ട്‌. അങ്ങനെ, വിഷാദത്തിലേക്ക്‌ ഒരുവനെ തള്ളിവിട്ടേക്കാവുന്ന തരത്തിലുള്ള വികാരങ്ങളെ തരണം ചെയ്യാൻ എനിക്കു കഴിയുന്നു. മറ്റുള്ളവരെ ബൈബിൾ സത്യം പഠിപ്പിക്കുന്നത്‌ പ്രത്യേകിച്ചും സന്തോഷം കൈവരുത്തിയിരിക്കുന്നു. എന്റെ ജീവിതത്തെ അടുക്കും ചിട്ടയും ഉള്ളതാക്കി നിറുത്തുന്ന ക്രമീകൃതമായ ഒരു ആത്മീയ ദിനചര്യ അത്‌ പ്രദാനം ചെയ്യുന്നു.​—⁠ഫിലിപ്പിയർ 3:⁠16, NW.

ഏതാണ്ട്‌ 47 വർഷം മുമ്പ്‌ ഞാൻ രാജ്യസന്ദേശം പങ്കുവെച്ച ഒരു സ്‌ത്രീ ഒരിക്കൽ എന്നെ ഫോണിൽ വിളിച്ചു. 1947-ൽ ബഹാമാസിൽ എത്തിയ സമയത്ത്‌ ഞങ്ങളൊടൊപ്പം ബൈബിൾ പഠിച്ച ആദ്യ വ്യക്തികളിൽ ഒരാളുടെ മകളായിരുന്നു അവർ. അവരുടെ അച്ഛനും അമ്മയും സഹോദരന്മാരും സഹോദരിമാരും അതുപോലെതന്നെ സഹോദരീസഹോദരന്മാരുടെ കുട്ടികളിലും പേരക്കുട്ടികളിലും മിക്കവരും യഹോവയുടെ സാക്ഷികളായിത്തീർന്നു. വാസ്‌തവത്തിൽ ആ സ്‌ത്രീയുടെ കുടുംബത്തിൽ 60-ലേറെ പേർ സാക്ഷികളാണ്‌. എങ്കിലും അവർ ബൈബിൾ സത്യം സ്വീകരിക്കുകയുണ്ടായില്ല. എന്നാൽ ഫോൺ വിളിച്ച സമയത്ത്‌, അവരും യഹോവയാം ദൈവത്തിന്റെ ഒരു ദാസിയായിത്തീരാൻ ഒരുക്കമുള്ളവളായിരുന്നു. ഞാനും ജോർജും ബഹാമാസിൽ എത്തിയ സമയത്ത്‌ ഇവിടെ വിരലിൽ എണ്ണാൻ മാത്രമുണ്ടായിരുന്ന സാക്ഷികൾ 1,400-ൽ അധികമായി വർധിക്കുന്നത്‌ കാണുന്നത്‌ എത്രയോ സന്തോഷകരമായിരുന്നിട്ടുണ്ട്‌!

മക്കളില്ലാത്തതിൽ വിഷമമുണ്ടോ എന്ന്‌ ചിലപ്പോൾ ആളുകൾ എന്നോടു ചോദിക്കാറുണ്ട്‌. മക്കളുണ്ടായിരിക്കുന്നത്‌ ഒരു അനുഗ്രഹമായിരിക്കാം എന്നതു ശരിതന്നെ. എന്നാൽ, എന്റെ ആത്മീയ മക്കളും കൊച്ചുമക്കളും അവരുടെ മക്കളും നിരന്തരം പ്രകടമാക്കുന്ന സ്‌നേഹം ഒരുപക്ഷേ സ്വന്തം മക്കളുള്ള എല്ലാവരും അനുഭവിച്ചിട്ടുള്ള ഒന്നായിരിക്കില്ല. ‘നന്മ ചെയ്യുകയും സൽപ്രവൃത്തികളിൽ സമ്പന്നരായിരിക്കുകയും’ ചെയ്യുന്നവരാണ്‌ സത്യത്തിൽ ഏറ്റവും സന്തോഷം അനുഭവിക്കുന്നത്‌. (1 തിമൊഥെയൊസ്‌ 6:18) അതുകൊണ്ടാണ്‌ ആരോഗ്യം അനുവദിക്കുന്ന അളവോളം ഞാൻ ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുന്നത്‌.

ഒരു ദിവസം ദന്തഡോക്ടറുടെ ഓഫീസിൽ വെച്ച്‌, ഒരു ചെറുപ്പക്കാരി എന്റെ അടുത്തു വന്നു പറഞ്ഞു: “നിങ്ങൾക്ക്‌ എന്നെ അറിയില്ലായിരിക്കാം. പക്ഷേ എനിക്ക്‌ നിങ്ങളെ അറിയാം. ഞാൻ നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന്‌ അറിയിക്കാൻ മാത്രം ഞാൻ ആഗ്രഹിക്കുന്നു.” പിന്നെ, താൻ ബൈബിളിലെ സത്യം അറിയാനിടയായത്‌ എങ്ങനെയെന്നും മിഷനറിമാരായ ഞങ്ങൾ ബഹാമാസിലേക്കു വന്നതിൽ താൻ എത്ര നന്ദിയുള്ളവളാണെന്നും അവൾ പറഞ്ഞു.

മറ്റൊരു അവസരത്തിൽ ഞാൻ അവധി കഴിഞ്ഞ്‌ മടങ്ങിയെത്തിയപ്പോൾ നാസൗവിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച്‌ ഓഫീസിലെ​—⁠ഇപ്പോൾ ഞാൻ അവിടെയാണ്‌​—⁠എന്റെ മുറിയുടെ വാതിൽക്കൽ ആരോ ഒരു റോസാപ്പൂവ്‌ വെച്ചിരിക്കുന്നതു കണ്ടു. “നിങ്ങൾ തിരിച്ചെത്തിയതിൽ ഞങ്ങൾ സന്തോഷിക്കുന്നു” എന്ന്‌ എഴുതിയ ഒരു കുറിപ്പും അതോടൊപ്പം ഉണ്ടായിരുന്നു. എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞു തുളുമ്പുന്നു. യഹോവയുടെ വചനവും സംഘടനയും ആത്മാവും ഏതുതരത്തിലുള്ള ആളുകളെയാണ്‌ വാർത്തെടുത്തിരിക്കുന്നത്‌ എന്നു കാണുമ്പോൾ എനിക്ക്‌ അവനോട്‌ എത്രയധികം സ്‌നേഹം തോന്നുന്നെന്നോ! യഹോവ പലപ്പോഴും നമ്മെ താങ്ങിനിറുത്തുന്നത്‌ നമുക്കു ചുറ്റുമുള്ള ആളുകളെ ഉപയോഗിച്ചാണ്‌.

നന്ദിയാൽ നിറഞ്ഞുതുളുമ്പുന്ന ഒരു ഹൃദയം

എന്റെ ജീവിതം എല്ലായ്‌പോഴും അത്ര എളുപ്പമുള്ളതായിരുന്നിട്ടില്ല. ഇപ്പോഴും അത്‌ അങ്ങനെയാണ്‌. എന്നാൽ നന്ദിയുള്ളവളായിരിക്കാൻ എനിക്ക്‌ ഒരുപാട്‌ കാരണങ്ങളുണ്ട്‌​—⁠ശുശ്രൂഷ തരുന്ന സന്തോഷങ്ങൾ, നിരവധി ക്രിസ്‌തീയ സഹോദരീസഹോദരന്മാരുടെ സ്‌നേഹവും വാത്സല്യവും, യഹോവയുടെ സംഘടനയുടെ സ്‌നേഹപൂർവകമായ കരുതൽ, ബൈബിളിലെ മനോഹരമായ സത്യങ്ങൾ, പ്രിയപ്പെട്ടവർ പുനരുത്ഥാനം ചെയ്‌തു വരുമ്പോൾ അവരോടൊപ്പം ആയിരിക്കുന്നതിനുള്ള പ്രത്യാശ, യഹോവയുടെ ഒരു വിശ്വസ്‌ത ദാസനുമൊത്തുള്ള 42 വർഷത്തെ വിവാഹജീവിതത്തെ കുറിച്ചുള്ള സ്‌മരണകൾ, അങ്ങനെ പലതും. ഭർത്താവിന്‌ മുഴുസമയ ശുശ്രൂഷയിൽ തുടരാൻ തക്കവണ്ണം എല്ലായ്‌പോഴും അദ്ദേഹത്തിന്‌ ഒരു തുണയായിരിക്കാൻ എന്നെ സഹായിക്കേണമേ എന്ന്‌ വിവാഹത്തിനു മുമ്പ്‌ ഞാൻ പ്രാർഥിച്ചിരുന്നു. യഹോവ ആ പ്രാർഥനയ്‌ക്ക്‌ കരുണാപൂർവം ഉത്തരം നൽകി. അതുകൊണ്ട്‌, അവനോട്‌ എല്ലായ്‌പോഴും വിശ്വസ്‌തയായിരുന്നുകൊണ്ട്‌ നന്ദി പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

വിനോദസഞ്ചാരികളുടെ ഒരു പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമാണ്‌ ബഹാമാസ്‌. ഉഷ്‌ണമേഖലാ പ്രദേശമായ ബഹാമാസിൽ വന്ന്‌ അവിടത്തെ ഉല്ലാസങ്ങൾ ആസ്വദിക്കാൻ ആളുകൾ വളരെയധികം പണം മുടക്കുന്നു. യഹോവയുടെ സംഘടന അയയ്‌ക്കുന്ന എവിടെയും പോയി അവനെ സേവിക്കാൻ തീരുമാനമെടുത്ത എനിക്ക്‌ ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചുകൊണ്ട്‌ ഈ ദ്വീപുകളിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്നതിന്റെ ആഹ്ലാദകരമായ അനുഭവം ആസ്വദിക്കാൻ കഴിഞ്ഞിരിക്കുന്നു. എന്നാൽ അതിലും പ്രധാനമായി, ബഹാമാസിലെ സൗഹൃദമനസ്‌കരായ ആളുകളിൽ ഏറ്റവും മികച്ചവരുടെ സ്‌നേഹം എന്താണെന്ന്‌ അറിയാനും അതിനെ അത്യന്തം വിലമതിക്കാനും എനിക്ക്‌ അവസരം ലഭിച്ചിരിക്കുന്നു.

എന്റെ മാതാപിതാക്കൾക്ക്‌ സത്യം എത്തിച്ചുകൊടുത്തവരോട്‌ എനിക്കു വളരെ നന്ദിയുണ്ട്‌. തുടർന്ന്‌ ഒന്നാമത്‌ ദൈവരാജ്യം അന്വേഷിക്കാനുള്ള ഉത്‌കടമായ ആഗ്രഹം മാതാപിതാക്കൾ എന്റെ ഇളം മനസ്സിലും ഹൃദയത്തിലും നട്ടു. വർധിച്ച അളവിലുള്ള ശുശ്രൂഷയുടെ മഹത്തായ അവസരങ്ങളിലേക്കു തുറക്കുന്ന ‘വലിയ വാതിലി’ലൂടെ പ്രവേശിക്കുന്നപക്ഷം യഹോവയുടെ ഇന്നത്തെ യുവദാസർക്ക്‌ ഇതുപോലെ അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയും. (1 കൊരിന്ത്യർ 16:9) “ദൈവാധിദൈവ”മായ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നതിനായി ജീവിതം ഉപയോഗിക്കുന്നപക്ഷം, നന്ദിയാൽ നിങ്ങളുടെ ഹൃദയവും നിറഞ്ഞുതുളുമ്പും.​—⁠ആവർത്തനപുസ്‌തകം 10:17; ദാനീയേൽ 2:⁠47.

[24-ാം പേജിലെ ചിത്രം]

1944-ൽ വിക്ടോറിയ, ബി.സി.-യിൽ തെരുവു സാക്ഷീകരണം നടത്തുന്നു

[24-ാം പേജിലെ ചിത്രം]

1946-ൽ ഞാനും ജോർജും ഗിലെയാദ്‌ സ്‌കൂളിൽ സംബന്ധിച്ചു

[25-ാം പേജിലെ ചിത്രം]

1955-ൽ ബഹാമാസിലെ നാസൗവിലുള്ള മിഷനറി ഭവനത്തിനു മുന്നിൽ ജോർജിനോടൊപ്പം

[26-ാം പേജിലെ ചിത്രം]

1961-72 കാലഘട്ടത്തിൽ ഞങ്ങൾ സേവിച്ച ഡെഡ്‌മാൻസ്‌ കേയിലെ മിഷനറി ഭവനം