മത്തായി എഴുതിയത് 6:1-34
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
സത്യമായി: ഗ്രീക്കിൽ അമീൻ. “അങ്ങനെയാകട്ടെ,” “തീർച്ചയായും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണം. ഒരു പ്രസ്താവനയോ വാഗ്ദാനമോ പ്രവചനമോ ഉച്ചരിക്കുന്നതിനു മുമ്പ് യേശു പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയയോഗ്യവും ആണെന്നു കാണിക്കാനായിരുന്നു ഇത്. വിശുദ്ധലിഖിതങ്ങളിൽ “സത്യമായും” (അമീൻ) എന്ന പദം ഈ രീതിയിൽ ഉപയോഗിച്ചതു യേശു മാത്രമാണെന്നു പറയപ്പെടുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ ഉടനീളം മൂലഭാഷയിൽ ഈ പദം അടുത്തടുത്ത് ആവർത്തിച്ച് (അമീൻ അമീൻ) ഉപയോഗിച്ചിരിക്കുന്നു. അതിനെ മിക്കയിടങ്ങളിലും “സത്യംസത്യമായി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.—യോഹ 1:51.
ദാനം: കാലങ്ങളായി “ദാനധർമം” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള എലെയീമൊസുനേ എന്ന ഗ്രീക്കുപദത്തിനു “കരുണ,” ”കരുണ കാണിക്കുക” എന്നിവയുടെ ഗ്രീക്കുപദങ്ങളുമായി ബന്ധമുണ്ട്. ദരിദ്രർക്ക് ആശ്വാസമായി പണമോ ആഹാരമോ സൗജന്യമായി കൊടുക്കുന്നതിനെയാണ് ഇതു സൂചിപ്പിക്കുന്നത്.
കാഹളം ഊതുക: ഇതു ശ്രദ്ധ ആകർഷിക്കുമായിരുന്നു. തെളിവനുസരിച്ച് കാഹളം ഊതുക എന്ന് ഇവിടെ പറഞ്ഞിരിക്കുന്നത് ആലങ്കാരികാർഥത്തിലാണ്. ഒരാൾ താൻ ചെയ്യുന്ന ദാനധർമങ്ങൾ പരസ്യമാക്കരുത് എന്നാണ് ഇതു സൂചിപ്പിക്കുന്നത്.
കപടഭക്തർ: ഇവിടെ കാണുന്ന ഹുപ്പൊക്രിറ്റീസ് എന്ന ഗ്രീക്കുപദം ആദ്യം ഗ്രീക്കുകാരുടെ (പിന്നീട് റോമാക്കാരുടെയും) നാടകവേദികളിൽ വലിയ മുഖംമൂടികൾ ധരിച്ച് എത്തുന്ന അഭിനേതാക്കളെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. ശബ്ദത്തിന്റെ തീവ്രത കൂട്ടാൻവേണ്ടിയുള്ളതായിരുന്നു ആ മുഖംമൂടികൾ. കപടഭാവത്തിലൂടെയോ നാട്യത്തിലൂടെയോ താൻ ശരിക്കും ആരാണെന്നും തന്റെ ഉദ്ദേശ്യം എന്താണെന്നും മറച്ചുവെക്കുന്നവരെ കുറിക്കാൻ ഈ പദം പിന്നീട് ആലങ്കാരികമായി ഉപയോഗിച്ചുതുടങ്ങി. യേശു ഇവിടെ “കപടഭക്തർ” എന്നു വിളിക്കുന്നതു ജൂതമതനേതാക്കന്മാരെയാണ്.—മത്ത 6:5, 16.
അവർക്കു പ്രതിഫലം മുഴുവൻ കിട്ടിക്കഴിഞ്ഞിരിക്കുന്നു: ഇവിടെ കാണുന്ന അപേഖൊ എന്ന ഗ്രീക്കുപദത്തിന്റെ അർഥം “മുഴുവനായി കിട്ടുക” എന്നാണ്. പൊതുവേ ബിസിനെസ്സുകാർ ഉപയോഗിക്കുന്ന രസീതുകളിൽ, “മുഴുവൻ തുകയും അടച്ചു” എന്ന അർഥത്തിലാണ് ഈ പ്രയോഗം കണ്ടിരുന്നത്. കപടഭക്തർ ദാനം ചെയ്തിരുന്നതു മറ്റുള്ളവരെ കാണിക്കാൻവേണ്ടിയാണ്. അവരുടെ ദാനധർമം മറ്റുള്ളവർ കാണുകയും അതിന്റെ പേരിൽ അവരെ പുകഴ്ത്തുകയും ചെയ്തിരുന്നു. അങ്ങനെ, കിട്ടാനുള്ള പ്രതിഫലമെല്ലാം അവർക്ക് അപ്പോൾത്തന്നെ കിട്ടി. അതുകൊണ്ട് അവർ ദൈവത്തിൽനിന്ന് ഇനി ഒന്നും പ്രതീക്ഷിക്കരുതായിരുന്നു.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
നിങ്ങളുടെ വലതുകൈ ചെയ്യുന്നത് എന്തെന്ന് ഇടതുകൈ അറിയരുത്: വളരെയധികം വിവേകത്തോടെയോ രഹസ്യസ്വഭാവത്തോടെയോ ഒരു കാര്യം ചെയ്യുന്നതിനെ സൂചിപ്പിക്കുന്ന അലങ്കാരപ്രയോഗം. യേശുവിന്റെ അനുഗാമികൾ, തങ്ങൾ ചെയ്യുന്ന ദാനധർമങ്ങളെക്കുറിച്ചും ദയാപ്രവൃത്തികളെക്കുറിച്ചും വളരെ അടുപ്പമുള്ളവരോടുപോലും പരസ്യമാക്കരുതായിരുന്നു. ഇടങ്കൈയും വലങ്കൈയും തമ്മിലുള്ളത്ര അടുപ്പമുള്ള ഉറ്റസ്നേഹിതരോടുപോലും അതു പറയരുതെന്നാണ് യേശു ഉദ്ദേശിച്ചത്.
ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടരുത്: അഥവാ “ജല്പനം ചെയ്യരുത്; അർഥശൂന്യമായി ആവർത്തിക്കരുത്.” ചിന്തിക്കാതെ പ്രാർഥിക്കരുത് എന്നു യേശു തന്റെ അനുഗാമികളോടു പറയുകയായിരുന്നു. ഒരേ കാര്യത്തിനുവേണ്ടി പലയാവർത്തി അപേക്ഷിക്കുന്നതു തെറ്റാണെന്നല്ല യേശു പറഞ്ഞത്. (മത്ത 26:36-45) മറിച്ച് ജനതകളിലെ ആളുകളുടെ (അതായത്, ജൂതന്മാരല്ലാത്തവരുടെ) ആവർത്തിച്ചുള്ള പ്രാർഥനകൾ, അതായത് മനഃപാഠമാക്കിയ പദപ്രയോഗങ്ങൾ ചിന്താശൂന്യമായി ‘തന്നെയും പിന്നെയും ഉരുവിടുന്ന’ പ്രാർഥനാരീതി, അനുകരിക്കുന്നതു തെറ്റാണെന്നാണു യേശു ഉദ്ദേശിച്ചത്.
നിങ്ങളുടെ പിതാവ്: ചില പുരാതന കൈയെഴുത്തുപ്രതികളിൽ “നിങ്ങളുടെ പിതാവായ ദൈവം” എന്നു കാണുന്നുണ്ട്. എന്നാൽ “നിങ്ങളുടെ പിതാവ്” എന്ന ഹ്രസ്വരൂപമാണു കൂടുതൽ കൈയെഴുത്തുപ്രതികളിലും കാണുന്നത്.
നിങ്ങൾ: ഈ സംബോധന യേശു നേരത്തേ പരാമർശിച്ച കപടഭക്തരിൽനിന്ന് യേശുവിന്റെ കേൾവിക്കാരെ വേർതിരിച്ചുകാണിക്കുന്നു.—മത്ത 6:5.
ഈ രീതി: അതായത്, ‘ഒരേ കാര്യങ്ങൾ തന്നെയും പിന്നെയും ഉരുവിടുന്ന’ ആളുകളുടേതിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു രീതി.—മത്ത 6:7.
ഞങ്ങളുടെ പിതാവ്: “ഞങ്ങളുടെ” എന്ന ബഹുവചനസർവനാമം ഉപയോഗിച്ച് പ്രാർഥിക്കുന്ന ഒരാൾ, തന്നെപ്പോലെ മറ്റുള്ളവർക്കും ദൈവവുമായി ഒരു അടുത്തബന്ധം ഉണ്ടെന്നും അവരും സത്യാരാധകരുടെ കുടുംബത്തിന്റെ ഭാഗമാണെന്നും അംഗീകരിക്കുകയാണ്.—മത്ത 5:16-ന്റെ പഠനക്കുറിപ്പു കാണുക.
പേര്: ദൈവത്തിന്റെ വ്യക്തിപരമായ പേര്. יהוה (യ്ഹ്വ്ഹ്) എന്ന നാല് എബ്രായ അക്ഷരങ്ങൾ ഉപയോഗിച്ച് എഴുതുന്ന ഈ പേര് മലയാളത്തിൽ “യഹോവ” എന്നാണു പൊതുവേ പരിഭാഷപ്പെടുത്തിയിരിക്കുന്നത്. പുതിയ ലോക ഭാഷാന്തരത്തിൽ ഈ പേര് എബ്രായതിരുവെഴുത്തുകളിൽ 6,979 പ്രാവശ്യവും ഗ്രീക്കുതിരുവെഴുത്തുകളിൽ 237 പ്രാവശ്യവും കാണാം. (ഗ്രീക്കുതിരുവെഴുത്തുകളിൽ ദിവ്യനാമം ഉപയോഗിച്ചിരിക്കുന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ അനു. എ5-ഉം അനു. സി-യും കാണുക.) ബൈബിളിൽ, “പേര്” എന്ന പദം ചിലപ്പോൾ ആ വ്യക്തിയെത്തന്നെയോ സമൂഹത്തിൽ അയാൾക്കുള്ള പേരിനെയോ കുറിക്കുന്നു. ഇനി ആ പദത്തിന്, ആ വ്യക്തി തന്നെക്കുറിച്ച് വെളിപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും കുറിക്കാനാകും.—വെളി 3:4, അടിക്കുറിപ്പ്.
പരിശുദ്ധമായിരിക്കേണമേ: അഥവാ “പാവനമായി കണക്കാക്കപ്പെടട്ടെ.” മനുഷ്യരും ദൂതന്മാരും ഉൾപ്പെടെ ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളും ദൈവത്തിന്റെ പേര് പരിശുദ്ധമായി കണക്കാക്കാൻ ഇടവരട്ടെ എന്ന അപേക്ഷയാണ് ഇത്. ഏദെൻതോട്ടത്തിൽവെച്ച് ആദ്യ മനുഷ്യജോടി ധിക്കാരം കാട്ടിയതുമുതൽ ദൈവത്തിന്റെ പേരിന്മേൽ കുമിഞ്ഞുകൂടിയിരിക്കുന്ന നിന്ദ നീക്കിക്കൊണ്ട് ദൈവം തന്നെത്തന്നെ വിശുദ്ധീകരിക്കാൻ നടപടി എടുക്കേണമേ എന്ന അഭ്യർഥനയും ഇതേ അപേക്ഷയിൽ അടങ്ങിയിട്ടുണ്ട്.
പിതാവ്: യേശു, ദൈവമായ യഹോവയെ “പിതാവ്” എന്നു വിളിക്കുന്ന 160-ലധികം സന്ദർഭങ്ങൾ സുവിശേഷങ്ങളിലുണ്ട്. അതിൽ ആദ്യത്തേതാണ് ഇത്. എബ്രായതിരുവെഴുത്തുകളിൽ ദൈവത്തോടു ബന്ധപ്പെട്ട് ഈ പദം നേരത്തേ ഉപയോഗിച്ചിട്ടുള്ളതുകൊണ്ട് യേശു എന്താണ് ഉദ്ദേശിച്ചതെന്നു കേൾവിക്കാർക്ക് അറിയാമായിരുന്നു. അല്ലായിരുന്നെങ്കിൽ ഒരുപക്ഷേ യേശു അത് ഉപയോഗിക്കില്ലായിരുന്നു. (ആവ 32:6; സങ്ക 89:26; യശ 63:16) മുൻകാലദൈവദാസന്മാർ യഹോവയെ ‘സർവശക്തൻ,’ “അത്യുന്നതൻ,” ‘മഹാസ്രഷ്ടാവ് ’ എന്നിങ്ങനെ ഉന്നതമായ അനേകം പദവിനാമങ്ങൾ ഉപയോഗിച്ച് സംബോധന ചെയ്തിട്ടുണ്ട്. എന്നാൽ യേശു മിക്കപ്പോഴും ഉപയോഗിച്ച വളരെ ലളിതവും സാധാരണവും ആയ “പിതാവ്” എന്ന പദം, തന്റെ ആരാധകരുമായി ദൈവത്തിനുള്ള അടുപ്പമാണ് എടുത്തുകാണിക്കുന്നത്.—ഉൽ 17:1; ആവ 32:8; സഭ 12:1.
ഇന്നത്തേക്കുള്ള ആഹാരം: “അപ്പം” എന്നതിനുള്ള എബ്രായ, ഗ്രീക്ക് പദങ്ങൾക്കു പല സന്ദർഭങ്ങളിലും “ആഹാരം” എന്ന അർഥമാണുള്ളത്. (സഭ 10:19, അടിക്കുറിപ്പ്) ദൈവത്തെ സേവിക്കുന്നവർക്കു ദൈവം ആഹാരത്തിന്റെ വലിയൊരു ശേഖരമല്ല മറിച്ച് അതതു ദിവസത്തെ ആഹാരം തരുമെന്ന ഉറച്ച ബോധ്യത്തോടെ പ്രാർഥിക്കാമെന്നാണു യേശു ഇതിലൂടെ സൂചിപ്പിച്ചത്. ദൈവം അത്ഭുതകരമായി മന്ന കൊടുത്തപ്പോൾ, ഓരോ ഇസ്രായേല്യനും ‘ദിവസവും പോയി അവനവന്റെ പങ്കു ശേഖരിക്കണമായിരുന്നു.’ ആ കല്പനയെ ഓർമിപ്പിക്കുന്നതാണ് ഈ അപേക്ഷ.—പുറ 16:4.
ക്ഷമിക്കുക: ഈ ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “വിട്ടുകളയുക” എന്നാണെങ്കിലും അതിനു മത്ത 18:27, 32 വാക്യങ്ങളിൽ കാണുന്നതുപോലെ “ഒരു കടം എഴുതിത്തള്ളുക” എന്ന അർഥവും വരാം.
കടങ്ങൾ: പാപങ്ങളെ കുറിക്കുന്നു. ആരോടെങ്കിലും പാപം ചെയ്യുന്ന ഒരാൾ ആ വ്യക്തിക്ക് ഒരു കടം കൊടുത്തുതീർക്കാനുള്ളതുപോലെയാണ് അല്ലെങ്കിൽ ആ വ്യക്തിയോടു കടപ്പെട്ടിരിക്കുന്നതുപോലെയാണ്. അതുകൊണ്ടുതന്നെ അയാൾ ആ വ്യക്തിയുടെ ക്ഷമ തേടേണ്ടതുണ്ട്. ഒരാൾ തന്നോടു കടപ്പെട്ടിരിക്കുന്നവരോട്, അതായത് തന്നോടു പാപം ചെയ്തവരോട്, ക്ഷമിച്ചാൽ മാത്രമേ അയാൾക്കു ദൈവത്തിന്റെ ക്ഷമ കിട്ടുകയുള്ളൂ.—മത്ത 6:14, 15; 18:35; ലൂക്ക 11:4.
പ്രലോഭനത്തിൽ അകപ്പെടുത്തരുതേ: അഥവാ “പ്രലോഭനത്തിനു വഴിപ്പെടാൻ അനുവദിക്കരുതേ.” ചില കാര്യങ്ങൾ സംഭവിക്കാൻ ദൈവം അനുവദിച്ചു എന്നതുകൊണ്ട് ദൈവം അതിന്റെ കാരണക്കാരനാണെന്ന രീതിയിൽ ബൈബിൾ സംസാരിക്കുന്നുണ്ട്. (രൂത്ത് 1:20, 21) അതുപോലെ, “പ്രലോഭനത്തിൽ അകപ്പെടുത്തരുതേ” എന്നു പ്രാർഥിക്കാൻ അനുഗാമികളോടു പറഞ്ഞപ്പോഴും പാപം ചെയ്യാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നതു ദൈവമാണെന്നല്ല യേശു സൂചിപ്പിച്ചത്. (യാക്ക 1:13) പകരം പ്രലോഭനം ഒഴിവാക്കാനോ അതിനു വഴിപ്പെട്ടുപോകാതെ പിടിച്ചുനിൽക്കാനോ ഉള്ള സഹായത്തിനുവേണ്ടി ദൈവത്തോടു പ്രാർഥിക്കാനുള്ള പ്രോത്സാഹനമായിരുന്നു അത്.—1കൊ 10:13.
തെറ്റുകൾ: “തെറ്റുകൾ” എന്നതിനുള്ള ഗ്രീക്കുപദത്തെ ‘തെറ്റായ ഒരു ചുവടു വെക്കുക’ (ഗല 6:1) അഥവാ കാൽ ഇടറുക എന്നു പരിഭാഷപ്പെടുത്താം. ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾക്കു ചേർച്ചയിൽ നേരോടെ നടക്കുന്നതിനു നേർവിപരീതമാണ് ഇത്.
ഉപവാസം: അതായത്, ഒരു നിശ്ചിതസമയത്തേക്കു ഭക്ഷണം കഴിക്കാതിരിക്കുന്നത്. (പദാവലി കാണുക.) യേശു ഒരിക്കലും തന്റെ ശിഷ്യന്മാരോട് ഉപവസിക്കാൻ കല്പിച്ചില്ല, ഉപവാസം പാടേ ഒഴിവാക്കാനും നിർദേശിച്ചില്ല. മോശയിലൂടെ കൊടുത്ത നിയമത്തിൻകീഴിലായിരുന്ന ജൂതന്മാർ ഉപവസിക്കാറുണ്ടായിരുന്നു. ശരിയായ ആന്തരത്തോടെയുള്ള ഉപവാസം, യഹോവയുടെ മുമ്പാകെ തങ്ങളെത്തന്നെ താഴ്ത്തുന്നതിന്റെയും തങ്ങളുടെ പാപങ്ങളെപ്രതി പശ്ചാത്തപിക്കുന്നതിന്റെയും പ്രകടനമായിരുന്നു.—1ശമു 7:6; 2ദിന 20:3.
അവർ മുഖം വിരൂപമാക്കുന്നു: അഥവാ “അവർ മുഖം ഭംഗിയില്ലാത്തതാക്കുന്നു (തിരിച്ചറിയാൻ പറ്റാത്തതാക്കുന്നു).” മുഖം കഴുകാതിരുന്നുകൊണ്ടോ മുടിയും താടിയും ഒക്കെ അലക്ഷ്യമായി വിട്ടുകൊണ്ടോ തലയിൽ ചാരം വിതറുകയും തേക്കുകയും മറ്റും ചെയ്തുകൊണ്ടോ ആണ് അവർ അതു ചെയ്തിരുന്നത്.
തലയിൽ എണ്ണ തേക്കുകയും മുഖം കഴുകുകയും വേണം: പതിവായി ചെയ്യാറുണ്ടായിരുന്ന ഒരുക്കവും മറ്റും ഉപവാസസമയത്ത് ഒഴിവാക്കുന്ന രീതി ആളുകൾക്കുണ്ടായിരുന്നു. മറ്റുള്ളവരെ കാണിക്കാൻവേണ്ടിയുള്ള ആത്മപരിത്യാഗത്തിന്റെ അത്തരം പ്രകടനങ്ങൾ തന്റെ ശിഷ്യന്മാർ ഒഴിവാക്കണമെന്നു പറയുകയായിരുന്നു യേശു.
കണ്ണാണു ശരീരത്തിന്റെ വിളക്ക്: കുഴപ്പമൊന്നുമില്ലാത്ത കണ്ണു ശരീരത്തിന്, ഇരുട്ടത്ത് കത്തിച്ചുവെച്ചിരിക്കുന്ന വിളക്കുപോലെയാണ്. ചുറ്റുമുള്ള കാര്യങ്ങൾ കണ്ട് മനസ്സിലാക്കാൻ അത് ആ വ്യക്തിയെ സഹായിക്കുന്നു. എന്നാൽ ഇവിടെ ‘കണ്ണ് ’ ആലങ്കാരികാർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്.—എഫ 1:18.
ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ: അഥവാ “വ്യക്തമായി കാണാനാകുന്നെങ്കിൽ; ആരോഗ്യമുള്ളതെങ്കിൽ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹാപ്ളൗസ് എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “ഒന്നു മാത്രം; ലളിതം” എന്നൊക്കെയാണ്. മനസ്സ് ഒരു കാര്യത്തിൽ മാത്രം കേന്ദ്രീകരിക്കുക, ഒറ്റ ലക്ഷ്യത്തിൽ അർപ്പിതമായിരിക്കുക എന്നും അതിന് അർഥം വരാം. ഒറ്റ വസ്തുവിൽ മാത്രം കാഴ്ച കേന്ദ്രീകരിക്കാൻ കഴിയുന്നെങ്കിൽ മാത്രമേ ഒരു കണ്ണു നന്നായി പ്രവർത്തിക്കുന്നു എന്നു പറയാനാകൂ. ഒരു വ്യക്തിയുടെ ആലങ്കാരികമായ കണ്ണ്, ശരിയായ കാര്യത്തിൽ മാത്രം ‘കേന്ദ്രീകരിച്ചതാണെങ്കിൽ’ (മത്ത 6:33) അതിന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മുഴുവൻ നല്ല രീതിയിൽ സ്വാധീനിക്കാനാകും.
അസൂയയുള്ള: അക്ഷ. “ചീത്ത; ദുഷിച്ച.” ഒരു കണ്ണു ‘ചീത്തയാണെങ്കിൽ’ അഥവാ ആരോഗ്യമില്ലാത്തതാണെങ്കിൽ അതിനു വ്യക്തമായി കാണാനാകില്ല. സമാനമായി അസൂയയുള്ള ഒരു കണ്ണിന്, ശരിക്കും പ്രാധാന്യമുള്ള കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാകില്ല. (മത്ത 6:33) അങ്ങനെയുള്ള ഒരു കണ്ണ് അസംതൃപ്തി നിറഞ്ഞതും അത്യാഗ്രഹമുള്ളതും ആണ്; അതു ശ്രദ്ധാശൈഥില്യമുള്ളതും വഞ്ചകവും ആയിരിക്കും. അത്തരം കണ്ണുള്ള ഒരാൾ കാര്യങ്ങളെ ശരിയായി വിലയിരുത്താൻ പറ്റാതെ സ്വാർഥലക്ഷ്യങ്ങളുടെ പിന്നാലെ പോകും.—മത്ത 6:22-ന്റെ പഠനക്കുറിപ്പു കാണുക.
ഒരു കാര്യത്തിൽ കേന്ദ്രീകരിക്കുന്നെങ്കിൽ: അഥവാ “വ്യക്തമായി കാണാനാകുന്നെങ്കിൽ; ആരോഗ്യമുള്ളതെങ്കിൽ.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഹാപ്ളൗസ് എന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാനാർഥം “ഒന്നു മാത്രം; ലളിതം” എന്നൊക്കെയാണ്. മനസ്സ് ഒരു കാര്യത്തിൽ മാത്രം കേന്ദ്രീകരിക്കുക, ഒറ്റ ലക്ഷ്യത്തിൽ അർപ്പിതമായിരിക്കുക എന്നും അതിന് അർഥം വരാം. ഒറ്റ വസ്തുവിൽ മാത്രം കാഴ്ച കേന്ദ്രീകരിക്കാൻ കഴിയുന്നെങ്കിൽ മാത്രമേ ഒരു കണ്ണു നന്നായി പ്രവർത്തിക്കുന്നു എന്നു പറയാനാകൂ. ഒരു വ്യക്തിയുടെ ആലങ്കാരികമായ കണ്ണ്, ശരിയായ കാര്യത്തിൽ മാത്രം ‘കേന്ദ്രീകരിച്ചതാണെങ്കിൽ’ (മത്ത 6:33) അതിന് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ മുഴുവൻ നല്ല രീതിയിൽ സ്വാധീനിക്കാനാകും.
സേവിക്കുക: ഇതിന്റെ ഗ്രീക്കുക്രിയാപദം, ഒരു അടിമയായി ജോലി ചെയ്യുന്നതിനെ കുറിക്കുന്നു. അങ്ങനെയുള്ള ഒരു അടിമയ്ക്ക് ഒരൊറ്റ യജമാനനേ ഉണ്ടായിരിക്കൂ. ഒരു ക്രിസ്ത്യാനിക്ക് ഒരേ സമയം ദൈവം അർഹിക്കുന്ന സമ്പൂർണഭക്തി കൊടുക്കാനും ഒപ്പം വസ്തുവകകൾ വാരിക്കൂട്ടുന്നതിൽ മുഴുകാനും സാധിക്കില്ലെന്നു പറയുകയായിരുന്നു യേശു.
ധനം: പലപ്പോഴും “മാമോൻ” എന്നു തർജമ ചെയ്തിരിക്കുന്ന മാമ്മോനാസ് (സെമിറ്റിക്ക് ഉത്ഭവമുള്ളത്) എന്ന ഗ്രീക്കുപദത്തെ “പണം” എന്നും പരിഭാഷപ്പെടുത്താം. ധനത്തെ ഒരു യജമാനൻ, അല്ലെങ്കിൽ ഒരു വ്യാജദൈവം ആയി, ആളത്വം കല്പിച്ച് പറഞ്ഞിരിക്കുകയാണ് ഇവിടെ. എന്നാൽ ഈ പദം ഒരു പ്രത്യേകദേവതയുടെ പേരായി എന്നെങ്കിലും ഉപയോഗിച്ചിരുന്നെന്നു തറപ്പിച്ചുപറയാൻ സാധിക്കുന്ന തെളിവുകളൊന്നും ലഭ്യമല്ല.
ജീവനെക്കുറിച്ചും . . . ജീവനെന്നാൽ: കാലങ്ങളായി “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിട്ടുള്ള സൈക്കി എന്ന ഗ്രീക്കുപദം ഇവിടെ ജീവനെ കുറിക്കുന്നു. അതുകൊണ്ട് ഇവിടെ ജീവനും (ദേഹിയും) ശരീരവും ചേരുന്നതാണ് ഒരു വ്യക്തി.
ഇനി ഉത്കണ്ഠപ്പെടരുത്: അഥവാ “ആകുലപ്പെടുന്നതു നിറുത്തുക.” ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയയുടെ കാലം, ഇപ്പോൾത്തന്നെ ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യം നിറുത്തുന്നതിനെയാണു സൂചിപ്പിക്കുന്നത്. ‘ഉത്കണ്ഠ’ എന്നതിന്റെ ഗ്രീക്കുപദത്തിന്, ഒരാളുടെ മനസ്സിനെ കലുഷിതമാക്കുന്ന, അയാളുടെ ശ്രദ്ധ പതറിക്കുന്ന തരം ആകുലതയെ കുറിക്കാനാകും. ഇത് അയാളുടെ സന്തോഷം കവർന്നെടുക്കും. മത്ത 6:27, 28, 31, 34 വാക്യങ്ങളിലും ഇതേ പദം കാണാം.
ആയുസ്സ്: സാധ്യതയനുസരിച്ച് യേശു ഇവിടെ ജീവിതത്തെ ഒരു യാത്രയോട് ഉപമിക്കുകയാണ്. ഉത്കണ്ഠപ്പെടുന്നതിലൂടെ ആയുസ്സിനോട് അഥവാ ജീവിതത്തിന്റെ നീളത്തോട് അൽപ്പംപോലും കൂട്ടാനാകില്ലെന്നാണു യേശു പറയുന്നത്.
ഒരു മുഴം: നീളത്തിന്റെ ഒരു ചെറിയ അളവിനെ കുറിക്കുന്ന വാക്കാണു യേശു ഇവിടെ ഉപയോഗിച്ചിരിക്കുന്നത് (അക്ഷ. “ഒരു മുഴങ്കൈ.”). അത് ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്) വരും.—പദാവലിയിൽ “മുഴം” എന്നതും അനു. ബി14-ഉം കാണുക.
പറമ്പിലെ ലില്ലിച്ചെടികൾ: ഇത് അനെമണി പൂവാണെന്നാണു ചിലരുടെ അഭിപ്രായം. എന്നാൽ ഇതു ടൂലിപ്പ്, ഹൈയാസിന്ത്, ഐറിസ്, ഗ്ലാഡിയോലസ് എന്നിവപോലെ ലില്ലിപ്പൂക്കളോടു സാമ്യമുള്ള മറ്റേതെങ്കിലും പൂക്കളും ആകാം. ആ പ്രദേശത്ത് കാണപ്പെടുന്ന വിവിധതരം കാട്ടുപൂക്കളെക്കുറിച്ചാണു യേശു പറഞ്ഞതെന്ന് അഭിപ്രായപ്പെടുന്ന ചിലർ അതിനെ “പറമ്പിലെ പൂക്കൾ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
പഠിക്കുക: ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുക്രിയാരൂപത്തെ “നന്നായി, സമഗ്രമായി പഠിക്കുക” എന്നും പരിഭാഷപ്പെടുത്താനാകും.
തീയിലിടുന്ന ചെടികൾ: ഇസ്രായേലിൽ നല്ല ചൂടുള്ള വേനൽക്കാലമാസങ്ങളിൽ വെറും രണ്ടു ദിവസംകൊണ്ട് ചെടികൾ വാടിപ്പോകാറുണ്ട്. ഉണങ്ങിയ അത്തരം പൂക്കളും അവയുടെ തണ്ടുകളും പുല്ലും മറ്റും പറമ്പിൽനിന്ന് ശേഖരിച്ച് അടുപ്പിൽ തീ കത്തിക്കാൻ ഉപയോഗിച്ചിരുന്നു.
അൽപ്പം വിശ്വാസമുള്ളവരേ: ശിഷ്യന്മാരെക്കുറിച്ചുള്ള യേശുവിന്റെ ഈ വാക്കുകൾ അവരുടെ വിശ്വാസം അഥവാ ആശ്രയം ശക്തമല്ലായിരുന്നെന്നു സൂചിപ്പിച്ചു. (മത്ത 8:26; 14:31; 16:8; ലൂക്ക 12:28) അവർക്കു വിശ്വാസം ഇല്ലായിരുന്നെന്നല്ല മറിച്ച് അതു കുറവായിരുന്നെന്നാണ് ആ വാക്കുകൾ സൂചിപ്പിച്ചത്.
ദൈവനീതി: ദൈവനീതിക്ക് ഒന്നാം സ്ഥാനം കൊടുക്കുന്നവർ ഒരു മടിയുംകൂടാതെ ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരും ശരിതെറ്റുകളെക്കുറിച്ചുള്ള ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച് ജീവിക്കുന്നവരും ആയിരിക്കും. എന്നാൽ നീതിയുടെ കാര്യത്തിൽ സ്വന്തം നിലവാരങ്ങൾ വെക്കാൻ ശ്രമിച്ച പരീശന്മാരുടെ ഉപദേശത്തിൽനിന്ന് തികച്ചും വ്യത്യസ്തമായിരുന്നു ഇത്.—മത്ത 5:20.
എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക: തുടർച്ചയായ പ്രവൃത്തിയെ സൂചിപ്പിക്കുന്ന ഇതിന്റെ ഗ്രീക്കുക്രിയാരൂപം, “തുടർച്ചയായി ഒന്നാം സ്ഥാനം കൊടുക്കുക” എന്നും പരിഭാഷപ്പെടുത്താം. യേശുവിന്റെ യഥാർഥാനുഗാമികൾ കുറച്ച് നാളത്തേക്കു ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുത്തിട്ട് പിന്നീടു മറ്റു കാര്യങ്ങളിലേക്കു തിരിയില്ല. അവർ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യം കൊടുക്കുന്നത് എപ്പോഴും അതിനായിരിക്കും.
അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്: കാര്യങ്ങൾ നന്നായി ആസൂത്രണം ചെയ്യാൻ അഥവാ നന്നായി പദ്ധതികൾ തയ്യാറാക്കാൻ തിരുവെഴുത്തുകൾ പ്രോത്സാഹിപ്പിക്കുന്നു. (സുഭ 21:5) എന്നാൽ ഭാവിയിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ച് അനാവശ്യമായി ഉത്കണ്ഠപ്പെടുന്നതു ദൈവവുമായുള്ള ഒരാളുടെ ബന്ധത്തെ മോശമായി ബാധിച്ചേക്കാം. അങ്ങനെ അയാൾ ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം സ്വന്തം ജ്ഞാനത്തിൽ ആശ്രയിക്കാൻതുടങ്ങും.—സുഭ 3:5, 6.
ദൃശ്യാവിഷ്കാരം

ഗലീലക്കടലിന് ഏതാണ്ട് 10 കി.മീ. വടക്കുകിഴക്കുള്ള ഗാംലായിൽ കണ്ടെത്തിയ സിനഗോഗിന്റെ (ഒന്നാം നൂറ്റാണ്ടിലേത്) ചില സവിശേഷതകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ മാതൃക. പണ്ടത്തെ ഒരു സിനഗോഗിന്റെ ഏകദേശരൂപം മനസ്സിലാക്കാൻ ഇതു നമ്മളെ സഹായിക്കുന്നു.

‘ലില്ലിച്ചെടികൾ എങ്ങനെ വളരുന്നെന്നു നോക്കി’ അവയിൽനിന്ന് ‘പഠിക്കാൻ’ യേശു ശിഷ്യന്മാരോടു പറഞ്ഞു. ബൈബിൾഭാഷാന്തരങ്ങളിൽ പൊതുവേ ‘ലില്ലിച്ചെടികൾ’ എന്നു തർജമ ചെയ്തിരിക്കുന്ന മൂലഭാഷാപദത്തിനു സാധ്യതയനുസരിച്ച് ടൂലിപ്പ്, അനെമണി, ഹൈയാസിന്ത്, ഐറിസ്, ഗ്ലാഡിയോലസ് എന്നിങ്ങനെയുള്ള പൂക്കളിൽ ഏതിനെ വേണമെങ്കിലും കുറിക്കാനാകുമായിരുന്നു. യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് അനെമണി എന്ന ലില്ലിച്ചെടിയായിരിക്കാം എന്നാണു ചില പണ്ഡിതന്മാർ പറയുന്നത്. എന്നാൽ യേശു ലില്ലിവർഗത്തിൽപ്പെട്ട ചെടികളെക്കുറിച്ച് പൊതുവായി നടത്തിയ ഒരു പ്രസ്താവന മാത്രമായിരിക്കാം അത്. കടുഞ്ചുവപ്പു നിറമുള്ള ക്രൗൺ അനെമണി ആണ് (അനെമണി കൊറോനേറിയ) ചിത്രത്തിൽ കാണിച്ചിരിക്കുന്നതെങ്കിലും നീല, റോസ്, പർപ്പിൾ, വെള്ള എന്നീ നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ഇസ്രായേലിൽ ഇത്തരം ലില്ലിച്ചെടികൾ സർവസാധാരണമാണ്.