തിമൊഥെയൊസിന് എഴുതിയ ഒന്നാമത്തെ കത്ത് 6:1-21
6 അടിമത്തത്തിന്റെ നുകത്തിനു കീഴിലുള്ളവരെല്ലാം യജമാനന്മാരെ പൂർണബഹുമാനത്തിന് അർഹരായി കാണണം.+ അല്ലെങ്കിൽ ദൈവത്തിന്റെ പേരിനും ദൈവത്തിന്റെ പഠിപ്പിക്കലിനും അപകീർത്തിയുണ്ടാകും.+
2 ഇനി, യജമാനന്മാർ വിശ്വാസികളാണെങ്കിൽ, അവർ സഹോദരന്മാരാണല്ലോ എന്നുവെച്ച് അവരോട് അനാദരവ് കാണിക്കരുത്. പകരം, തങ്ങളുടെ സേവനത്തിന്റെ പ്രയോജനം അനുഭവിക്കുന്നവർ വിശ്വാസികളും പ്രിയപ്പെട്ടവരും ആയതുകൊണ്ട് അവരെ കൂടുതൽ ആത്മാർഥതയോടെ സേവിക്കുകയാണു വേണ്ടത്.
നീ ഇക്കാര്യങ്ങളെല്ലാം പഠിപ്പിക്കുകയും അതെല്ലാം ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുക.
3 ആരെങ്കിലും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽനിന്നുള്ള പ്രയോജനകരമായ* നിർദേശത്തിനും+ ദൈവഭക്തിക്കു ചേർന്ന പഠിപ്പിക്കലിനും+ എതിരായി മറ്റൊരു ഉപദേശം പഠിപ്പിക്കുന്നെങ്കിൽ,
4 അയാൾ അഹങ്കാരത്താൽ ചീർത്തിരിക്കുകയാണ്. അയാൾ കാര്യങ്ങൾ മനസ്സിലാക്കുന്നില്ല.+ വാദപ്രതിവാദങ്ങളും വാക്കുകളെക്കുറിച്ചുള്ള തർക്കങ്ങളും+ അയാൾക്ക് ഒരു ഹരമാണ്.* ഇത് അസൂയ, ശണ്ഠ, പരദൂഷണം, തെറ്റായ സംശയങ്ങൾ എന്നിവയ്ക്കും
5 ദുഷിച്ച മനസ്സുള്ളവരും ഉള്ളിൽ സത്യമില്ലാത്തവരും അഴിച്ചുവിടുന്ന, നിസ്സാരകാര്യങ്ങളെച്ചൊല്ലിയുള്ള നിരന്തരമായ വാദകോലാഹലങ്ങൾക്കും കാരണമാകുന്നു.+ ഇക്കൂട്ടർ ദൈവഭക്തിയെ നേട്ടമുണ്ടാക്കാനുള്ള മാർഗമായി കാണുന്നു.+
6 എന്നാൽ ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവർക്കു ദൈവഭക്തി+ വലിയൊരു നേട്ടമാണെന്ന കാര്യത്തിൽ സംശയമില്ല.
7 കാരണം ഈ ലോകത്തേക്കു നമ്മൾ ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെനിന്ന് ഒന്നും കൊണ്ടുപോകാനും സാധ്യമല്ല.+
8 അതുകൊണ്ട് ഉണ്ണാനും ഉടുക്കാനും* ഉണ്ടെങ്കിൽ നമുക്കു തൃപ്തരായിരിക്കാം.+
9 എന്നാൽ ധനികരാകാൻ തീരുമാനിച്ചുറയ്ക്കുന്നവർ പ്രലോഭനത്തിലും കെണിയിലും+ വീഴുകയും ആളുകളെ തകർച്ചയിലേക്കും നാശത്തിലേക്കും വീഴിക്കുന്ന ബുദ്ധിശൂന്യവും ദോഷകരവും ആയ പല മോഹങ്ങൾക്കും ഇരകളായിത്തീരുകയും ചെയ്യുന്നു.+
10 പണസ്നേഹം എല്ലാ തരം ദോഷങ്ങളുടെയും ഒരു അടിസ്ഥാനകാരണമാണ്. ഈ സ്നേഹത്തിനു വഴിപ്പെട്ടിട്ട് ചിലർ വിശ്വാസത്തിൽനിന്ന് വഴിതെറ്റി പലപല വേദനകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു.+
11 പക്ഷേ ഒരു ദൈവപുരുഷനായ നീ അവയിൽനിന്നെല്ലാം ഓടിയകന്ന് നീതി, ദൈവഭക്തി, വിശ്വാസം, സ്നേഹം, സഹനശക്തി, സൗമ്യത+ എന്നിവ പിന്തുടരുക.
12 വിശ്വാസത്തിന്റെ ആ നല്ല പോരാട്ടത്തിൽ പൊരുതുക. നിത്യജീവനിൽ പിടിയുറപ്പിക്കുക. ആ ജീവനുവേണ്ടിയാണല്ലോ നിന്നെ വിളിച്ചത്. അതിനുവേണ്ടിയാണല്ലോ അനേകം സാക്ഷികളുടെ മുന്നിൽവെച്ച് നീ നല്ല രീതിയിൽ പരസ്യപ്രഖ്യാപനം നടത്തിയത്.
13 എല്ലാത്തിനെയും ജീവനോടെ പരിപാലിക്കുന്ന ദൈവത്തെയും, ഒരു സാക്ഷിയായി പൊന്തിയൊസ് പീലാത്തൊസിന്റെ മുന്നിൽ നല്ല രീതിയിൽ പരസ്യപ്രഖ്യാപനം നടത്തിയ ക്രിസ്തുയേശുവിനെയും+ സാക്ഷിയാക്കി ഞാൻ നിന്നോടു കല്പിക്കുന്നു:
14 നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ വെളിപ്പെടൽവരെ+ നീ ഈ കല്പന കുറ്റമറ്റ രീതിയിലും ആക്ഷേപത്തിന് ഇടകൊടുക്കാത്ത വിധത്തിലും അനുസരിക്കണം.
15 സന്തോഷമുള്ള ആ ഒരേ ഒരു ശ്രേഷ്ഠാധിപതി, നിശ്ചയിച്ച സമയത്ത് വെളിപ്പെടും. അദ്ദേഹം രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+
16 അമർത്യതയുള്ള ഒരേ ഒരുവനും+ അടുക്കാൻ പറ്റാത്ത വെളിച്ചത്തിൽ കഴിയുന്നവനും+ മനുഷ്യർ ആരും കാണാത്തവനും അവർക്ക് ആർക്കും കാണാൻ കഴിയാത്തവനും ആണല്ലോ.+ അദ്ദേഹത്തിനു ബഹുമാനവും നിത്യശക്തിയും! ആമേൻ.
17 ഈ വ്യവസ്ഥിതിയിലെ* സമ്പന്നരോട്, ഗർവമില്ലാത്തവരായിരിക്കാനും അസ്ഥിരമായ ധനത്തിലല്ല,+ നമ്മൾ അനുഭവിക്കുന്നതെല്ലാം ഉദാരമായി തരുന്ന ദൈവത്തിൽ പ്രത്യാശ വെക്കാനും+ നിർദേശിക്കുക.
18 നല്ല കാര്യങ്ങൾ ചെയ്യുന്നതിൽ സമ്പന്നരും ഔദാര്യമുള്ളവരും ദാനശീലരും+ ആയി നന്മ ചെയ്യാൻ അവരോടു പറയുക.
19 അപ്പോൾ, വരുംകാലത്തേക്കുള്ള നിക്ഷേപമായി ഭദ്രമായ ഒരു അടിത്തറ പണിയാനും+ അങ്ങനെ യഥാർഥജീവനിൽ പിടിയുറപ്പിക്കാനും+ അവർക്കു സാധിക്കും.
20 തിമൊഥെയൊസേ, നിന്നെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്നതു ഭദ്രമായി കാക്കണം.+ അതുകൊണ്ട്, വിശുദ്ധമായതിനെ തുച്ഛീകരിക്കുന്ന വ്യർഥസംഭാഷണങ്ങളിൽനിന്നും “അറിവ്” എന്നു കളവായി പറയുന്നതിന്റെ+ ആശയവൈരുധ്യങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുക.
21 അത്തരം അറിവ് പ്രദർശിപ്പിച്ച് ചിലർ വിശ്വാസത്തിൽനിന്ന് അകന്നുപോയിരിക്കുന്നു.
ദൈവത്തിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.
അടിക്കുറിപ്പുകള്
^ അഥവാ “ആരോഗ്യകരമായ.”
^ അഥവാ “തർക്കങ്ങളോടും അയാൾക്കു ശരിയല്ലാത്ത ഒരു ഭ്രമമാണ്.”
^ മറ്റൊരു സാധ്യത “ആഹാരവും കിടപ്പാടവും.” അക്ഷ. “ആഹാരവും ആവരണവും.”