വെളിപാട്‌ 12:1-17

12  പിന്നെ സ്വർഗ​ത്തിൽ വലി​യൊ​രു അടയാളം കണ്ടു. സൂര്യനെ ധരിച്ച ഒരു സ്‌ത്രീ;+ അവളുടെ കാൽക്കീ​ഴിൽ ചന്ദ്രൻ; തലയിൽ 12 നക്ഷത്ര​ങ്ങൾകൊ​ണ്ടുള്ള കിരീടം.  അവൾ ഗർഭി​ണി​യാ​യി​രു​ന്നു; പ്രസവ​വേദന സഹിക്കാ​നാ​കാ​തെ അവൾ നിലവി​ളി​ച്ചു.  സ്വർഗത്തിൽ മറ്റൊരു അടയാ​ള​വും കണ്ടു. അതാ, തീനി​റ​മുള്ള വലി​യൊ​രു ഭീകര​സർപ്പം!+ അതിന്‌ ഏഴു തലയും പത്തു കൊമ്പും തലകളിൽ ഏഴു കിരീടവും* ഉണ്ട്‌.  അത്‌ ആകാശ​ത്തി​ലെ നക്ഷത്രങ്ങളിൽ+ മൂന്നിലൊ​ന്നി​നെ വാൽകൊ​ണ്ട്‌ വലിച്ചു​കൂ​ട്ടി ഭൂമി​യിലേക്ക്‌ എറിഞ്ഞു.+ ഗർഭി​ണി​യായ സ്‌ത്രീ+ പ്രസവി​ക്കുന്ന ഉടനെ ആ കുഞ്ഞിനെ വിഴു​ങ്ങാൻവേണ്ടി ഭീകര​സർപ്പം അവളുടെ മുന്നിൽ കാത്തു​നി​ന്നു.  സ്‌ത്രീ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു.+ അവൻ ജനതകളെയെ​ല്ലാം ഇരുമ്പു​കോൽകൊ​ണ്ട്‌ മേയ്‌ക്കും.+ പിറന്നു​വീണ ഉടനെ കുഞ്ഞിനെ ദൈവ​ത്തി​ന്റെ അടു​ത്തേ​ക്കും ദൈവ​ത്തി​ന്റെ സിംഹാ​സ​ന​ത്തിലേ​ക്കും കൊണ്ടുപോ​യി.  സ്‌ത്രീ വിജനഭൂമിയിലേക്ക്‌* ഓടിപ്പോ​യി. അവളെ 1,260 ദിവസം+ പോറ്റാൻ ദൈവം അവിടെ അവൾക്ക്‌ ഒരു സ്ഥലം ഒരുക്കി​യി​രു​ന്നു.  സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖായേലും*+ മീഖായേ​ലി​ന്റെ ദൂതന്മാ​രും ആ ഭീകര​സർപ്പത്തോ​ടു പോരാ​ടി. തന്റെ ദൂതന്മാരോടൊ​പ്പം സർപ്പവും പോരാ​ടി;  പക്ഷേ അവർ* തോറ്റുപോ​യി. അതോടെ സ്വർഗ​ത്തിൽ അവർക്ക്‌ അവരുടെ സ്ഥലം നഷ്ടപ്പെട്ടു.  ഈ വലിയ ഭീകര​സർപ്പത്തെ,+ അതായത്‌ ഭൂലോ​കത്തെ മുഴുവൻ വഴിതെറ്റിക്കുന്ന+ പിശാച്‌+ എന്നും സാത്താൻ+ എന്നും അറിയപ്പെ​ടുന്ന ആ പഴയ പാമ്പിനെ,+ താഴെ ഭൂമി​യിലേക്കു വലി​ച്ചെ​റി​ഞ്ഞു.+ അവനെ​യും അവന്റെ​കൂ​ടെ അവന്റെ ദൂതന്മാരെ​യും താഴേക്ക്‌ എറിഞ്ഞു. 10  അപ്പോൾ ആകാശത്ത്‌* ഒരു വലിയ ശബ്ദം ഇങ്ങനെ പറയു​ന്നതു ഞാൻ കേട്ടു: “ഇപ്പോൾ നമ്മുടെ ദൈവ​ത്തി​ന്റെ രക്ഷയും+ ശക്തിയും രാജ്യവും+ ദൈവ​ത്തി​ന്റെ ക്രിസ്‌തു​വി​ന്റെ ആധിപ​ത്യ​വും വന്നിരി​ക്കു​ന്നു. കാരണം രാവും പകലും ദൈവ​മു​മ്പാ​കെ നമ്മുടെ സഹോ​ദ​ര​ങ്ങളെ കുറ്റ​പ്പെ​ടു​ത്തുന്ന ആരോപകനെ+ എറിഞ്ഞു​ക​ള​ഞ്ഞ​ല്ലോ. 11  അവർ അവനെ കുഞ്ഞാ​ടി​ന്റെ രക്തംകൊണ്ടും+ തങ്ങളുടെ സാക്ഷിമൊഴികൾകൊണ്ടും+ കീഴടക്കി.+ മരണത്തെ മുഖാ​മു​ഖം കണ്ടപ്പോ​ഴും അവർ അവരുടെ പ്രാണനെ സ്‌നേ​ഹി​ച്ചില്ല.+ 12  അതുകൊണ്ട്‌ സ്വർഗമേ, അവിടെ വസിക്കു​ന്ന​വരേ, സന്തോ​ഷി​ക്കുക! ഭൂമി​ക്കും സമു​ദ്ര​ത്തി​നും ഹാ, കഷ്ടം!+ തനിക്കു കുറച്ച്‌ കാലമേ ബാക്കിയുള്ളൂ+ എന്ന്‌ അറിഞ്ഞ്‌ പിശാച്‌ ഉഗ്ര​കോ​പത്തോ​ടെ നിങ്ങളു​ടെ അടു​ത്തേക്കു വന്നിരി​ക്കു​ന്നു.” 13  തന്നെ ഭൂമി​യിലേക്കു വലി​ച്ചെ​റിഞ്ഞെന്നു കണ്ടപ്പോൾ ആ ഭീകരസർപ്പം+ ആൺകു​ഞ്ഞി​നെ പ്രസവിച്ച സ്‌ത്രീ​യെ ഉപദ്ര​വി​ച്ചു.+ 14  അപ്പോൾ സ്‌ത്രീ​ക്കു വലിയ കഴുകന്റെ രണ്ടു ചിറകു ലഭിച്ചു.+ അങ്ങനെ വിജന​ഭൂ​മി​യിൽ തന്റെ സ്ഥലത്തേക്കു പറന്നുപോ​കാൻ സ്‌ത്രീ​ക്കു കഴിഞ്ഞു. അവിടെ അവളെ സർപ്പത്തിൽനിന്ന്‌+ അകലെ, ഒരു കാലവും ഇരുകാ​ല​വും അരക്കാലവും*+ പോറ്റി​ര​ക്ഷി​ച്ചു. 15  സ്‌ത്രീയെ മുക്കിക്കൊ​ല്ലാൻ സർപ്പം വായിൽനി​ന്ന്‌ നദി​പോ​ലെ അവളുടെ പിന്നാലെ വെള്ളം ചാടിച്ചു. 16  എന്നാൽ ഭൂമി സ്‌ത്രീ​യു​ടെ സഹായ​ത്തിന്‌ എത്തി. അതു വായ്‌ തുറന്ന്‌, ഭീകര​സർപ്പം വായിൽനി​ന്ന്‌ ഒഴുക്കിയ നദി വിഴു​ങ്ങി​ക്ക​ളഞ്ഞു. 17  അതുകൊണ്ട്‌ ആ ഭീകര​സർപ്പ​ത്തി​നു സ്‌ത്രീയോ​ടു വല്ലാത്ത ദേഷ്യം തോന്നി. ദൈവ​ക​ല്‌പ​നകൾ അനുസ​രി​ക്കു​ക​യും യേശു​വി​നുവേണ്ടി സാക്ഷി പറയാൻ+ നിയമനം ലഭിക്കു​ക​യും ചെയ്‌ത, സ്‌ത്രീ​യു​ടെ സന്തതിയിൽ* ബാക്കി​യു​ള്ള​വരോ​ടു യുദ്ധം ചെയ്യാൻ സർപ്പം പുറ​പ്പെട്ടു.+

അടിക്കുറിപ്പുകള്‍

അക്ഷ. “രാജമു​ടി​യും.” രാജാവ്‌ തലയിൽ അണിയുന്ന പട്ടപോ​ലെ​യുള്ള ഒന്നായി​രി​ക്കാം ഇത്‌.
പദാവലി കാണുക.
അർഥം: “ദൈവ​ത്തെ​പ്പോ​ലെ ആരുണ്ട്‌?”
മറ്റൊരു സാധ്യത “അത്‌.” അതായത്‌, ഭീകര​സർപ്പം.
അഥവാ “സ്വർഗ​ത്തിൽ.”
അതായത്‌, മൂന്നര​ക്കാ​ലം.
അക്ഷ. “വിത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം