മത്തായി എഴുതിയത് 15:1-39
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
അവർ കൈ കഴുകുന്നില്ല: ആളുകൾ ഇത്തരത്തിൽ കൈ കഴുകിയിരുന്നതു ശുചിത്വത്തെക്കുറിച്ചുള്ള ചിന്തകൊണ്ടായിരുന്നില്ല, മറിച്ച് പാരമ്പര്യത്തോടു പറ്റിനിൽക്കാനായിരുന്നു. ആചാരപരമായി ശുദ്ധരാകാനാണ് അവർ അങ്ങനെ ചെയ്തിരുന്നത്. കഴുകാത്ത കൈകൊണ്ട് ഭക്ഷണം കഴിക്കുന്നത് ഒരു വേശ്യയുമായി ബന്ധപ്പെടുന്നതിനു തുല്യമായാണു പിൽക്കാലത്ത് ബാബിലോണിയൻ തൽമൂദിൽ (സോത്താഹ് 4ബി ) പട്ടികപ്പെടുത്തിയത്. കൈ കഴുകുന്നതിനെ നിസ്സാരമായി കാണുന്ന എല്ലാവരെയും “ഈ ലോകത്തുനിന്ന് ഉന്മൂലനം ചെയ്യു”മെന്നും അതിൽ പറഞ്ഞിരുന്നു.
ദൈവത്തിനു നേർന്നിരിക്കുന്നു: ഒരു വ്യക്തി പണമോ വസ്തുവകകളോ മറ്റെന്തെങ്കിലുമോ കാഴ്ചയായി ദൈവത്തിനു നേർന്നാൽ അതു ദേവാലയംവകയാകുമെന്നു ശാസ്ത്രിമാരും പരീശന്മാരും പഠിപ്പിച്ചു. ഈ പാരമ്പര്യമനുസരിച്ച് അത്തരത്തിൽ നേർന്ന ഒരു വസ്തു ദേവാലയത്തിനുവേണ്ടി നീക്കിവെച്ചിരിക്കുകയാണെന്നു പറഞ്ഞുകൊണ്ട് ഒരു മകന് അതു കൈവശംവെച്ച് സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാമായിരുന്നു. തെളിവുകൾ സൂചിപ്പിക്കുന്നതനുസരിച്ച് മാതാപിതാക്കളെ പരിപാലിക്കാനുള്ള ഉത്തരവാദിത്വത്തിൽനിന്ന് തലയൂരാനായി തങ്ങളുടെ വസ്തുവകകൾ ഇത്തരത്തിൽ ദൈവത്തിനു നേർന്നവർപോലുമുണ്ടായിരുന്നു.—മത്ത 15:6.
കപടഭക്തർ: ഇവിടെ കാണുന്ന ഹുപ്പൊക്രിറ്റീസ് എന്ന ഗ്രീക്കുപദം ആദ്യം ഗ്രീക്കുകാരുടെ (പിന്നീട് റോമാക്കാരുടെയും) നാടകവേദികളിൽ വലിയ മുഖംമൂടികൾ ധരിച്ച് എത്തുന്ന അഭിനേതാക്കളെ കുറിക്കാനാണ് ഉപയോഗിച്ചിരുന്നത്. ശബ്ദത്തിന്റെ തീവ്രത കൂട്ടാൻവേണ്ടിയുള്ളതായിരുന്നു ആ മുഖംമൂടികൾ. കപടഭാവത്തിലൂടെയോ നാട്യത്തിലൂടെയോ താൻ ശരിക്കും ആരാണെന്നും തന്റെ ഉദ്ദേശ്യം എന്താണെന്നും മറച്ചുവെക്കുന്നവരെ കുറിക്കാൻ ഈ പദം പിന്നീട് ആലങ്കാരികമായി ഉപയോഗിച്ചുതുടങ്ങി. യേശു ഇവിടെ “കപടഭക്തർ” എന്നു വിളിക്കുന്നതു ജൂതമതനേതാക്കന്മാരെയാണ്.—മത്ത 6:5, 16.
കപടഭക്തർ: മത്ത 6:2-ന്റെ പഠനക്കുറിപ്പു കാണുക.
ദൃഷ്ടാന്തങ്ങൾ: അഥവാ “ദൃഷ്ടാന്തകഥകൾ.” ഇതിന്റെ ഗ്രീക്കുപദമായ പരബൊളേയുടെ അക്ഷരാർഥം “അരികിൽ (ചേർത്ത്) വെക്കുക” എന്നാണ്. ഇതിന് ഒരു ദൃഷ്ടാന്തകഥയെയോ പഴമൊഴിയെയോ ദൃഷ്ടാന്തത്തെയോ അർഥമാക്കാനാകും. പലപ്പോഴും യേശു ഒരു കാര്യം വിശദീകരിച്ചിരുന്നത് അതിനെ സാമ്യമുള്ള എന്തിന്റെയെങ്കിലും ‘അരികിൽ വെച്ചുകൊണ്ട്,’ അഥവാ സാമ്യമുള്ള എന്തിനോടെങ്കിലും താരതമ്യം ചെയ്തുകൊണ്ട് ആയിരുന്നു. (മർ 4:30) ധാർമികമോ ആത്മീയമോ ആയ സത്യങ്ങൾ വേർതിരിച്ചെടുക്കാവുന്ന ഹ്രസ്വമായ ദൃഷ്ടാന്തങ്ങളാണു യേശു ഉപയോഗിച്ചത്. പലപ്പോഴും അവ സാങ്കൽപ്പികകഥകളായിരുന്നു.
ദൃഷ്ടാന്തം: അഥവാ “ദൃഷ്ടാന്തകഥ.”—മത്ത 13:3-ന്റെ പഠനക്കുറിപ്പു കാണുക.
ലൈംഗിക അധാർമികത: ഗ്രീക്കുപദമായ പോർണിയയ്ക്ക്, ബൈബിൾ കുറ്റം വിധിക്കുന്ന എല്ലാ തരം ലൈംഗികവേഴ്ചയെയും കുറിക്കുന്ന വിശാലമായ അർഥമാണുള്ളത്. അതിൽ വ്യഭിചാരം, വേശ്യാവൃത്തി, അവിവാഹിതർ തമ്മിലുള്ള ലൈംഗികബന്ധം, സ്വവർഗരതി, മൃഗവേഴ്ച എന്നിവയെല്ലാം ഉൾപ്പെടുന്നു.—പദാവലി കാണുക.
വ്യഭിചാരം: “വ്യഭിചാരം” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം (മൊയ്ഖെയ) ഈ വാക്യത്തിൽ ബഹുവചനരൂപത്തിലാണു കാണുന്നത്. അതിനെ “ആവർത്തിച്ചുള്ള വ്യഭിചാരം” എന്നു പരിഭാഷപ്പെടുത്താം.—പദാവലി കാണുക.
ലൈംഗിക അധാർമികത: ഗ്രീക്കുപദമായ പോർണിയ ഈ വാക്യത്തിൽ ബഹുവചനരൂപത്തിലാണു കാണുന്നത്. അതിനെ “ലൈംഗികമായി അധാർമികമായ പ്രവൃത്തികൾ (നടപടികൾ)” എന്നു പരിഭാഷപ്പെടുത്താം.—മത്ത 5:32-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
സിറിയൻ ഫൊയ്നിക്യ: ഫൊയ്നിക്യ ഒരു കാലത്ത് സിറിയ എന്ന റോമൻ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. “സിറിയൻ ഫൊയ്നിക്യ” എന്ന പേര് ഉത്ഭവിക്കാൻ കാരണം ഇതായിരിക്കാം.—ഈ സ്ത്രീയെ “ഫൊയ്നിക്യക്കാരി” അഥവാ “കനാന്യസ്ത്രീ” എന്നു വിളിച്ചിരിക്കുന്ന മത്ത 15:22-ന്റെ പഠനക്കുറിപ്പു കാണുക.
ദാവീദിന്റെ മകൻ: രാജ്യ ഉടമ്പടിയിൽ പറഞ്ഞിരിക്കുന്ന അവകാശി ദാവീദിന്റെ വംശത്തിൽപ്പെട്ട ഒരാളായിരിക്കണമായിരുന്നു. അതു യേശുവാണെന്ന് ഈ പദപ്രയോഗം സൂചിപ്പിക്കുന്നു.
താണുവണങ്ങിക്കൊണ്ട്: അഥവാ “കുമ്പിട്ട് നമസ്കരിച്ചുകൊണ്ട്; ആദരവ് കാണിച്ചുകൊണ്ട്.” ഒരു ജൂതസ്ത്രീയല്ലായിരുന്ന ഇവർ യേശുവിനെ “ദാവീദുപുത്രാ” എന്നു വിളിച്ചപ്പോൾ (മത്ത 15:22), തെളിവനുസരിച്ച് യേശുവാണു വാഗ്ദത്തമിശിഹ എന്ന കാര്യം അംഗീകരിക്കുകയായിരുന്നു. യേശു ഒരു ദൈവമോ ദേവനോ ആണെന്ന ചിന്തയോടെയല്ല, മറിച്ച് ദൈവത്തിന്റെ പ്രതിനിധിയാണെന്നു കരുതിത്തന്നെയാണ് ആ സ്ത്രീ യേശുവിനെ വണങ്ങിയത്.—മത്ത 2:2; 8:2; 14:33; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഫൊയ്നിക്യക്കാരി: അഥവാ “കനാന്യസ്ത്രീ.” ഗ്രീക്കിൽ ഖനാനേയ. ഫൊയ്നിക്യയിൽ ആദ്യകാലത്ത് താമസമാക്കിയവർ കനാന്റെ വംശത്തിൽപ്പെട്ടവരായിരുന്നു. പിൽക്കാലത്ത് “കനാൻ” എന്നതു പ്രധാനമായും ഫൊയ്നിക്യയെ കുറിക്കാൻ ഉപയോഗിച്ചുതുടങ്ങി.—ഈ സ്ത്രീയെ ‘സിറിയൻ ഫൊയ്നിക്യ ദേശക്കാരി’ എന്നു വിളിച്ചിരിക്കുന്ന മർ 7:26-ന്റെ പഠനക്കുറിപ്പു കാണുക.
ദാവീദുപുത്രൻ: മത്ത 1:1; 15:25 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
വണങ്ങാൻ: അഥവാ “കുമ്പിട്ട് നമസ്കരിക്കാൻ.” ഗ്രീക്കിൽ പ്രൊസ്കിനിയോ. ഒരു ദൈവത്തെ അഥവാ ഏതെങ്കിലും ദേവീദേവന്മാരെ ആരാധിക്കുക എന്ന് അർഥം വരുന്നിടത്ത് ഈ ഗ്രീക്കു ക്രിയാപദം, “ആരാധിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവിടെ “ജൂതന്മാരുടെ രാജാവായി പിറന്നവ”നെ കാണാനാണു ജ്യോത്സ്യന്മാർ വന്നത്. അതുകൊണ്ട് ഇവിടെ ഒരു മനുഷ്യരാജാവിനെ വണങ്ങുന്നതോ അദ്ദേഹത്തോട് ആദരവ് കാണിക്കുന്നതോ ആണ് ഉദ്ദേശിച്ചിരിക്കുന്നതെന്നു വ്യക്തം, അല്ലാതെ ഒരു ദൈവത്തെ ആരാധിക്കുന്നതല്ല. പടയാളികൾ പരിഹാസത്തോടെ യേശുവിനെ “ജൂതന്മാരുടെ രാജാവേ” എന്നു വിളിച്ച് ‘വണങ്ങുന്നതായി’ പറയുന്ന മർ 15:18, 19 വാക്യങ്ങളിലും സമാനമായ അർഥത്തിലാണ് ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്.—മത്ത 18:26-ന്റെ പഠനക്കുറിപ്പു കാണുക.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനെ ആദരിച്ചു.” പ്രവാചകന്മാരെയോ രാജാക്കന്മാരെയോ ദൈവത്തിന്റെ മറ്റു പ്രതിനിധികളെയോ കണ്ടപ്പോൾ ആളുകൾ അവരുടെ മുന്നിൽ കുമ്പിട്ടതായി എബ്രായതിരുവെഴുത്തുകളിലും പറഞ്ഞിട്ടുണ്ട്. (1ശമു 25:23, 24; 2ശമു 14:4-7; 1രാജ 1:16; 2രാജ 4:36, 37) ആളുകളെ സുഖപ്പെടുത്താൻ കഴിവുള്ള, ദൈവത്തിന്റെ ഒരു പ്രതിനിധിയോടാണു താൻ സംസാരിക്കുന്നതെന്നു സാധ്യതയനുസരിച്ച് ആ മനുഷ്യനു മനസ്സിലായിരുന്നു. യഹോവയുടെ നിയുക്തരാജാവിനു മുന്നിൽ ആദരസൂചകമായി കുമ്പിടുന്നത് ഉചിതമായിരുന്നു.—മത്ത 9:18; ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തെക്കുറിച്ച് കൂടുതൽ അറിയാൻ മത്ത 2:2-ന്റെ പഠനക്കുറിപ്പു കാണുക.
യേശുവിനെ വണങ്ങി: അഥവാ “യേശുവിനെ കുമ്പിട്ട് നമസ്കരിച്ചു; യേശുവിനോട് ആദരവ് കാണിച്ചു.” യേശുവിനെ ദൈവത്തിന്റെ ഒരു പ്രതിനിധിയായി മാത്രമാണ് അവർ കണ്ടത്. യേശു ഒരു ദൈവമോ ദേവനോ ആണെന്ന ചിന്തയോടെയല്ല മറിച്ച് ‘ദൈവപുത്രൻ’ ആണെന്നു കരുതിത്തന്നെയാണ് അവർ വണങ്ങിയത്.—മത്ത 2:2; 8:2; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
താണുവണങ്ങി: അഥവാ “കുമ്പിട്ട് നമസ്കരിച്ചു; ആദരവ് കാണിച്ചു.” ഒരു ദൈവത്തെയോ ദേവനെയോ ആരാധിക്കുക എന്ന് അർഥം വരുന്നിടത്ത് പ്രൊസ്കിനിയോ എന്ന ഗ്രീക്കുക്രിയ “ആരാധിക്കുക” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഒരു അടിമ തന്റെ മേൽ അധികാരമുള്ള വ്യക്തിയോട് ആദരവും കീഴ്പെടലും കാണിക്കുന്നതിനെയാണ് ഇവിടെ ഈ പദം അർഥമാക്കുന്നത്.—മത്ത 2:2; 8:2 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
താണുവണങ്ങിക്കൊണ്ട്: അഥവാ “കുമ്പിട്ട് നമസ്കരിച്ചുകൊണ്ട്; ആദരവ് കാണിച്ചുകൊണ്ട്.” ഒരു ജൂതസ്ത്രീയല്ലായിരുന്ന ഇവർ യേശുവിനെ “ദാവീദുപുത്രാ” എന്നു വിളിച്ചപ്പോൾ (മത്ത 15:22), തെളിവനുസരിച്ച് യേശുവാണു വാഗ്ദത്തമിശിഹ എന്ന കാര്യം അംഗീകരിക്കുകയായിരുന്നു. യേശു ഒരു ദൈവമോ ദേവനോ ആണെന്ന ചിന്തയോടെയല്ല, മറിച്ച് ദൈവത്തിന്റെ പ്രതിനിധിയാണെന്നു കരുതിത്തന്നെയാണ് ആ സ്ത്രീ യേശുവിനെ വണങ്ങിയത്.—മത്ത 2:2; 8:2; 14:33; 18:26 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
മക്കൾ . . . നായ്ക്കുട്ടികൾ: മോശയിലൂടെ കൊടുത്ത നിയമമനുസരിച്ച് നായ്ക്കൾ അശുദ്ധമായിരുന്നതുകൊണ്ട് മിക്കപ്പോഴും മോശമായൊരു ധ്വനിയോടെയാണു തിരുവെഴുത്തുകളിൽ ആ പദം ഉപയോഗിച്ചിരിക്കുന്നത്. (ലേവ 11:27; മത്ത 7:6; ഫിലി 3:2; വെളി 22:15) എന്നാൽ യേശു നടത്തിയ ഈ സംഭാഷണത്തെക്കുറിച്ചുള്ള മർക്കോസിന്റെയും (7:27) മത്തായിയുടെയും വിവരണത്തിൽ ഉപയോഗിച്ചിരിക്കുന്ന പദം അൽപ്പതാവാചിരൂപത്തിലാണ് (diminutive form). “നായ്ക്കുട്ടി,” “വളർത്തുനായ” എന്നൊക്കെയാണ് അതിന്റെ അർഥം. അത് ആ താരതമ്യത്തെ മയപ്പെടുത്തി. അതു കേട്ടവരുടെ മനസ്സിലേക്കു വന്നത്, ജൂതന്മാരല്ലാത്തവർ വീട്ടിൽ വളർത്തുന്ന ഓമനമൃഗങ്ങളെ വാത്സല്യത്തോടെ വിളിച്ചിരുന്ന ഒരു പദമായിരിക്കാം. ഇസ്രായേല്യരെ “മക്കളോടും” ജൂതന്മാരല്ലാത്തവരെ “നായ്ക്കുട്ടികളോടും” താരതമ്യപ്പെടുത്തിയതിലൂടെ യേശു ഒരു മുൻഗണനാക്രമം സൂചിപ്പിക്കുകയായിരുന്നെന്നു തോന്നുന്നു. ഒരു വീട്ടിൽ കുട്ടികളും നായ്ക്കളും ഉള്ളപ്പോൾ ആദ്യം കുട്ടികൾക്കായിരിക്കും ഭക്ഷണം കൊടുക്കുന്നത്.
അംഗവൈകല്യമുള്ളവർ സുഖപ്പെടുന്നു: ചില കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ വിട്ടുകളഞ്ഞിരിക്കുന്നെങ്കിലും ആദ്യകാലത്തെ മിക്ക കൈയെഴുത്തുപ്രതികളിലും പിൽക്കാലത്തെ ധാരാളം കൈയെഴുത്തുപ്രതികളിലും അവ കാണാം.
അലിവ് തോന്നി: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്പ്ളങ്ഖ്നീസൊമായ് എന്ന ഗ്രീക്കുക്രിയയ്ക്കു “കുടൽ” (സ്പ്ളാങ്ഖനാ) എന്നതിനുള്ള പദവുമായി ബന്ധമുണ്ട്. ഇതു ശരീരത്തിന്റെ ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്ന ഒരു വികാരത്തെ, അതായത് ഒരു തീവ്രവികാരത്തെ, കുറിക്കുന്നു. അനുകമ്പയെ കുറിക്കുന്ന ഗ്രീക്കുപദങ്ങളിൽ ഏറ്റവും ശക്തമായ ഒന്നാണ് ഇത്.
അലിവ് തോന്നുന്നു: അഥവാ “അനുകമ്പ തോന്നുന്നു.”—മത്ത 9:36-ന്റെ പഠനക്കുറിപ്പു കാണുക.
കൊട്ട: നെയ്തുണ്ടാക്കിയ ചെറിയ കൊട്ടകളായിരിക്കാം ഇവ. യാത്രപോകുമ്പോൾ കൊണ്ടുപോകാൻ പാകത്തിൽ ഇതിനു വള്ളികൊണ്ടുള്ള പിടിയും ഉണ്ടായിരുന്നു. ഏതാണ്ട് 7.5 ലിറ്റർ കൊള്ളുന്ന കൊട്ടകളായിരുന്നു ഇവ.—മത്ത 16:9, 10 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
വലിയ കൊട്ടകൾ: അഥവാ “ഭക്ഷണക്കൊട്ടകൾ.” മുമ്പ് ഒരിക്കൽ ഏകദേശം 5,000 പേർക്കു യേശു ഭക്ഷണം കൊടുത്തപ്പോൾ ഉപയോഗിച്ച കൊട്ടകളെക്കാൾ വലുപ്പമുള്ള ഒരുതരം കൊട്ടയെയാണു സാധ്യതയനുസരിച്ച് ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്ഫുറീസ് എന്ന ഗ്രീക്കുപദം കുറിക്കുന്നത്. (മത്ത 14:20-ന്റെ പഠനക്കുറിപ്പു കാണുക.) ദമസ്കൊസ് നഗരമതിലിന്റെ കിളിവാതിലിലൂടെ പൗലോസിനെ താഴേക്ക് ഇറക്കിയതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നിടത്ത് ‘കൊട്ട’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നതും ഇതേ ഗ്രീക്കുപദംതന്നെയാണ്.—പ്രവൃ 9:25.
സ്ത്രീകളും കുട്ടികളും വേറെയും: ഈ അത്ഭുതത്തെക്കുറിച്ചുള്ള വിവരണത്തിൽ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യം രേഖപ്പെടുത്തിയിരിക്കുന്നതു മത്തായി മാത്രമാണ്. അത്ഭുതകരമായി പോഷിപ്പിക്കപ്പെട്ടവരുടെ മൊത്തം സംഖ്യ 12,000-ത്തിലധികം വരാൻ സാധ്യതയുണ്ട്.
മഗദ: ഗലീലക്കടലിന്റെ ചുറ്റുവട്ടത്ത് മഗദ എന്ന പേരിൽ അറിയപ്പെടുന്ന ഒരു സ്ഥലം ഇന്ന് ഇല്ലെങ്കിലും, മഗ്ദലതന്നെയാണു മഗദയെന്നും അതു തിബെര്യാസിന് ഏതാണ്ട് 6 കി.മീ. (3.5 മൈ.) വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഖിർബത്ത് മജ്ദൽ (മിഗ്ദൽ) എന്ന സ്ഥലമാണെന്നും ചില പണ്ഡിതന്മാർ വിശ്വസിക്കുന്നു. സമാന്തരവിവരണത്തിൽ (മർ 8:10) ഈ പ്രദേശത്തെ ദൽമനൂഥ എന്നാണു വിളിച്ചിരിക്കുന്നത്.—അനു. ബി10 കാണുക.
ദൃശ്യാവിഷ്കാരം

വ്യത്യസ്തതരം കൊട്ടകളെ കുറിക്കാൻ ബൈബിളിൽ വെവ്വേറെ പദങ്ങൾ ഉപയോഗിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, യേശു അത്ഭുതകരമായി 5,000 പുരുഷന്മാരെ പോഷിപ്പിച്ചിട്ട് മിച്ചം വന്ന ഭക്ഷണം ശേഖരിക്കാൻ ഉപയോഗിച്ച 12 കൊട്ടകളെക്കുറിച്ച് പറയുന്നിടത്ത് കാണുന്ന ഗ്രീക്കുപദം സൂചിപ്പിക്കുന്നത് അവ നെയ്തുണ്ടാക്കിയ, കൈയിൽ പിടിക്കാവുന്ന തരം ചെറിയ കൊട്ടകളായിരിക്കാം എന്നാണ്. എന്നാൽ യേശു 4,000 പുരുഷന്മാർക്കു ഭക്ഷണം കൊടുത്തിട്ട് മിച്ചം വന്നതു ശേഖരിച്ച ഏഴു കൊട്ടകളെക്കുറിച്ച് പറയുന്നിടത്ത് മറ്റൊരു ഗ്രീക്കുപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (മർ 8:8, 9) അതു താരതമ്യേന വലിയ കൊട്ടകളെ കുറിക്കുന്നു. ദമസ്കൊസിലെ മതിലിന്റെ ദ്വാരത്തിലൂടെ പൗലോസിനെ താഴേക്ക് ഇറക്കാൻ ഉപയോഗിച്ച കൊട്ടയെക്കുറിച്ച് പറയുന്നിടത്തും ഇതേ ഗ്രീക്കുപദമാണു കാണുന്നത്.—പ്രവൃ 9:25.

4,000 പുരുഷന്മാർക്കും ഒപ്പമുണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും ഭക്ഷണം കൊടുത്തശേഷം യേശുവും ശിഷ്യന്മാരും വള്ളത്തിൽ കയറി ഗലീലക്കടലിന്റെ പടിഞ്ഞാറൻ തീരത്തുള്ള മഗദപ്രദേശത്തേക്കാണു പോയത്. മർക്കോസിന്റെ സമാന്തരവിവരണത്തിൽ ആ പ്രദേശത്തെ ദൽമനൂഥ എന്നു വിളിച്ചിരിക്കുന്നു.—മർ 8:10; യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അടങ്ങിയ ഭൂപടങ്ങൾക്ക് അനുബന്ധം എ7-ഡി കാണുക.