അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 15:1-41

15  യഹൂദ്യ​യിൽനിന്ന്‌ ചിലർ വന്ന്‌, “മോശ​യു​ടെ നിയമ​മ​നു​സ​രിച്ച്‌ പരിച്ഛേദനയേറ്റില്ലെങ്കിൽ*+ നിങ്ങൾക്കു രക്ഷ കിട്ടില്ല” എന്നു സഹോ​ദ​ര​ന്മാ​രെ പഠിപ്പി​ക്കാൻതു​ടങ്ങി. 2  പൗലോ​സും ബർന്നബാ​സും അവരോ​ടു വിയോ​ജി​ക്കു​ക​യും അതി​നെ​ക്കു​റിച്ച്‌ കാര്യ​മാ​യി തർക്കി​ക്കു​ക​യും ചെയ്‌തു. പൗലോ​സും ബർന്നബാ​സും മറ്റു ചിലരും ഈ പ്രശ്‌ന​വു​മാ​യി യരുശ​ലേ​മിൽ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും മൂപ്പന്മാ​രു​ടെ​യും അടുത്ത്‌ പോക​ണ​മെന്ന്‌ അവർ തീരു​മാ​നി​ച്ചു.+ 3  സഭയി​ലു​ള്ളവർ അവരോ​ടൊ​പ്പം അൽപ്പദൂ​രം ചെന്ന്‌ അവരെ യാത്ര​യാ​ക്കി. ഫൊയ്‌നിക്യയിലൂടെയും+ ശമര്യ​യി​ലൂ​ടെ​യും പോകും​വഴി, അവർ അവി​ടെ​യുള്ള സഹോ​ദ​ര​ന്മാ​രോ​ടു ജനതക​ളിൽപ്പെ​ട്ട​വ​രു​ടെ പരിവർത്ത​ന​ത്തെ​ക്കു​റിച്ച്‌ വിവരി​ച്ചു; എല്ലാവർക്കും വലിയ സന്തോ​ഷ​മാ​യി. 4  അവർ യരുശ​ലേ​മിൽ എത്തിയ​പ്പോൾ സഭയും അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും അവരെ സന്തോ​ഷ​ത്തോ​ടെ സ്വീക​രി​ച്ചു. ദൈവം തങ്ങളി​ലൂ​ടെ ചെയ്‌ത കാര്യ​ങ്ങ​ളെ​ല്ലാം അവർ അവരെ അറിയി​ച്ചു.+ 5  എന്നാൽ പരീശ​ഗ​ണ​ത്തിൽനിന്ന്‌ വിശ്വാ​സി​ക​ളാ​യി​ത്തീർന്ന ചിലർ ഇരുന്നി​ട​ത്തു​നിന്ന്‌ എഴു​ന്നേറ്റ്‌, “ജൂതര​ല്ലാത്ത വിശ്വാ​സി​കളെ പരി​ച്ഛേദന ചെയ്യി​പ്പി​ക്കു​ക​യും മോശ​യു​ടെ നിയമം ആചരി​ക്കാൻ അവരോ​ടു കല്‌പി​ക്കു​ക​യും വേണം”+ എന്നു പറഞ്ഞു. 6  അതു​കൊണ്ട്‌ ഇക്കാര്യ​ത്തിൽ ഒരു തീരു​മാ​നം ഉണ്ടാക്കാൻ അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും കൂടി​വന്നു. 7  ഏറെ നേരത്തെ ചൂടു​പി​ടിച്ച ചർച്ചകൾക്കു ശേഷം പത്രോസ്‌ എഴു​ന്നേറ്റ്‌ അവരോ​ടു പറഞ്ഞു: “സഹോ​ദ​ര​ന്മാ​രേ, ജനതക​ളിൽപ്പെ​ട്ട​വ​രോ​ടു സന്തോ​ഷ​വാർത്ത അറിയി​ക്കാ​നും അങ്ങനെ അവർ വിശ്വാ​സി​ക​ളാ​യി​ത്തീ​രാ​നും വേണ്ടി കുറെ നാൾ മുമ്പ്‌ ദൈവം എന്നെ നിങ്ങൾക്കി​ട​യിൽനിന്ന്‌ തിര​ഞ്ഞെ​ടുത്ത കാര്യം നിങ്ങൾക്ക്‌ അറിയാ​മ​ല്ലോ.+ 8  ഹൃദയ​ങ്ങളെ അറിയുന്ന ദൈവം,+ നമുക്കു തന്നതു​പോ​ലെ​തന്നെ അവർക്കും പരിശു​ദ്ധാ​ത്മാ​വി​നെ കൊടു​ത്തു.+ അങ്ങനെ അവരെ​യും അംഗീ​ക​രി​ച്ചെന്നു തെളിവ്‌ നൽകി. 9  നമുക്കും അവർക്കും തമ്മിൽ ദൈവം ഒരു വ്യത്യാ​സ​വും കല്‌പി​ച്ചി​ട്ടില്ല.+ അവരുടെ വിശ്വാ​സം കാരണം അവരുടെ ഹൃദയ​ങ്ങളെ ദൈവം ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു.+ 10  അതു​കൊണ്ട്‌ നമ്മുടെ പൂർവി​കർക്കോ നമുക്കോ ചുമക്കാൻ കഴിയാതിരുന്ന+ ഒരു നുകം+ ശിഷ്യ​ന്മാ​രു​ടെ കഴുത്തിൽ വെച്ചു​കെട്ടി നിങ്ങൾ ദൈവത്തെ പരീക്ഷി​ക്കു​ന്നത്‌ എന്തിനാണ്‌? 11  കർത്താ​വായ യേശു​വി​ന്റെ അനർഹദയയാൽ+ അവർക്കു രക്ഷ ലഭിക്കു​ന്ന​തു​പോ​ലെ​ത​ന്നെ​യാ​ണു നമുക്കും രക്ഷ+ ലഭിക്കു​ന്ന​തെന്നു നമ്മൾ വിശ്വ​സി​ക്കു​ന്നു.” 12  അപ്പോൾ, കൂടി​വ​ന്ന​വ​രെ​ല്ലാം നിശ്ശബ്ദ​രാ​യി. ബർന്നബാ​സും പൗലോ​സും ദൈവം തങ്ങളി​ലൂ​ടെ ജനതകൾക്കി​ട​യിൽ ചെയ്‌ത പല അടയാ​ള​ങ്ങ​ളും അത്ഭുത​ങ്ങ​ളും വിവരി​ച്ച​പ്പോൾ അവർ ശ്രദ്ധി​ച്ചു​കേട്ടു. 13  അവർ സംസാ​രി​ച്ചു​തീർന്ന​പ്പോൾ യാക്കോബ്‌+ പറഞ്ഞു: “സഹോ​ദ​ര​ന്മാ​രേ, ഞാൻ പറയു​ന്നതു ശ്രദ്ധി​ക്കുക.+ 14  ജനതക​ളിൽപ്പെ​ട്ട​വ​രിൽനിന്ന്‌ തന്റെ പേരി​നാ​യി ഒരു ജനത്തെ എടുക്കാൻ+ ദൈവം ആദ്യമാ​യി അവരി​ലേക്കു ശ്രദ്ധതി​രി​ച്ച​തി​നെ​ക്കു​റിച്ച്‌ ശിമ്യോൻ+ നന്നായി വിവരി​ച്ച​ല്ലോ. 15  പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളും ഇതി​നോ​ടു യോജി​ക്കു​ന്നു: 16  ‘ഇതിനു ശേഷം ഞാൻ മടങ്ങി​വന്ന്‌ ദാവീ​ദി​ന്റെ വീണു​കി​ട​ക്കുന്ന കൂടാരം വീണ്ടും ഉയർത്തും. നശിച്ചു​കി​ട​ക്കുന്ന ആ കൂടാരം പുനർനിർമിച്ച്‌ ഞാൻ പണ്ടത്തെ​പ്പോ​ലെ​യാ​ക്കും. 17  അങ്ങനെ ജനത്തിൽ ബാക്കി​യു​ള്ളവർ എല്ലാ ജനതക​ളി​ലും​പെ​ട്ട​വ​രോ​ടൊ​പ്പം, അതായത്‌ എന്റെ നാമത്തിൽ അറിയ​പ്പെ​ടുന്ന ആളുക​ളോ​ടൊ​പ്പം, എന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കും എന്ന്‌ യഹോവ പറയുന്നു.+ 18  താൻ പണ്ടേ+ നിശ്ചയി​ച്ചി​ട്ടു​ള്ള​തൊ​ക്കെ നിവർത്തി​ക്കുന്ന ദൈവ​മാണ്‌ യഹോവ.’ 19  അതു​കൊണ്ട്‌ ജനതക​ളിൽനിന്ന്‌ ദൈവ​ത്തി​ലേക്കു തിരി​യു​ന്ന​വരെ ബുദ്ധി​മു​ട്ടി​ക്ക​രുത്‌ എന്നാണ്‌ എന്റെ അഭി​പ്രാ​യം.+ 20  പക്ഷേ വിഗ്ര​ഹ​ങ്ങ​ളാൽ മലിന​മാ​യത്‌,+ ലൈം​ഗിക അധാർമി​കത,+ ശ്വാസം​മു​ട്ടി ചത്തത്‌, രക്തം+ എന്നിവ ഒഴിവാ​ക്കാൻ അവർക്ക്‌ എഴുതണം. 21  കാലങ്ങളായി* മോശ​യു​ടെ പുസ്‌ത​കങ്ങൾ ശബത്തു​തോ​റും സിന​ഗോ​ഗു​ക​ളിൽ വായി​ക്കു​ക​യും അങ്ങനെ നഗരം​തോ​റും അതു പ്രസം​ഗി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്ന​താ​ണ​ല്ലോ.”+ 22  പിന്നെ, തങ്ങൾക്കി​ട​യിൽനിന്ന്‌ ചിലരെ തിര​ഞ്ഞെ​ടുത്ത്‌ പൗലോ​സി​നോ​ടും ബർന്നബാ​സി​നോ​ടും ഒപ്പം അന്ത്യോ​ക്യ​യി​ലേക്ക്‌ അയയ്‌ക്കാൻ അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും സഭ മുഴു​വ​നും തീരു​മാ​നി​ച്ചു. അങ്ങനെ അവർ സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ നേതൃ​ത്വം വഹിച്ചി​രുന്ന, ബർശബാസ്‌ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന യൂദാ​സി​നെ​യും ശീലാസിനെയും+ അയച്ചു. 23  അവർ ഇങ്ങനെ ഒരു എഴുത്തും അവരുടെ കൈയിൽ കൊടു​ത്ത​യച്ചു: “അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും ആയ നിങ്ങളു​ടെ സഹോ​ദ​ര​ന്മാർ അന്ത്യോ​ക്യ,+ സിറിയ, കിലിക്യ എന്നിവി​ട​ങ്ങ​ളി​ലുള്ള ജനതക​ളിൽപ്പെട്ട സഹോ​ദ​ര​ന്മാർക്ക്‌ എഴുതു​ന്നത്‌: പ്രിയ സഹോ​ദ​ര​ങ്ങളേ, 24  ഞങ്ങൾക്കി​ട​യിൽനി​ന്നുള്ള ചിലർ പലതും പറഞ്ഞ്‌ നിങ്ങളെ വിഷമിപ്പിക്കുകയും+ നിങ്ങളു​ടെ മനസ്സു മാറ്റാൻ ശ്രമി​ക്കു​ക​യും ചെയ്‌ത​താ​യി ഞങ്ങൾ കേട്ടു. അങ്ങനെ ചെയ്യാൻ ഞങ്ങൾ അവർക്ക്‌ അധികാ​രം കൊടു​ത്തി​ട്ടില്ല. 25  അതു​കൊണ്ട്‌ ചിലരെ തിര​ഞ്ഞെ​ടുത്ത്‌ അവരെ, നമ്മുടെ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ പേരി​നു​വേണ്ടി സ്വന്തം ജീവൻ വിട്ടു​കൊ​ടു​ത്ത​വ​രായ 26  നമ്മുടെ പ്രിയ​പ്പെട്ട ബർന്നബാ​സി​നോ​ടും പൗലോ​സി​നോ​ടും കൂടെ+ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കാൻ ഞങ്ങൾ ഒറ്റക്കെ​ട്ടാ​യി തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. 27  ഞങ്ങൾ യൂദാ​സി​നെ​യും ശീലാ​സി​നെ​യും ആണ്‌ അയയ്‌ക്കു​ന്നത്‌. അവർ വന്ന്‌ ഈ കാര്യങ്ങൾ നിങ്ങ​ളോ​ടു നേരിട്ട്‌ പറയു​ക​യും ചെയ്യും.+ 28  നിങ്ങളെ കൂടുതൽ ഭാര​പ്പെ​ടു​ത്ത​രു​തെന്നു പരിശുദ്ധാത്മാവിനും+ ഞങ്ങൾക്കും തോന്നി​യ​തു​കൊണ്ട്‌ പിൻവ​രുന്ന പ്രധാ​ന​കാ​ര്യ​ങ്ങൾ മാത്രം ശ്രദ്ധി​ക്കുക: 29  വിഗ്ര​ഹ​ങ്ങൾക്ക്‌ അർപ്പിച്ചവ,+ രക്തം,+ ശ്വാസം​മു​ട്ടി ചത്തത്‌,+ ലൈം​ഗിക അധാർമികത+ എന്നിവ ഒഴിവാ​ക്കുക. ഈ കാര്യ​ങ്ങ​ളിൽനിന്ന്‌ അകന്നി​രു​ന്നാൽ നിങ്ങൾക്കു നല്ലതു വരും. നിങ്ങൾ എല്ലാവ​രും സുഖമാ​യി​രി​ക്കട്ടെ എന്ന്‌ ആശംസി​ക്കു​ന്നു!” 30  അങ്ങനെ അവർ അന്ത്യോ​ക്യ​യി​ലേക്കു പോയി. അവിടെ ചെന്ന്‌ ശിഷ്യ​ന്മാ​രെ മുഴുവൻ കൂട്ടി​വ​രു​ത്തി അവർക്കു കത്തു കൈമാ​റി. 31  അതു വായിച്ച്‌ പ്രോ​ത്സാ​ഹനം ലഭിച്ച ശിഷ്യ​ന്മാർ അതിയാ​യി സന്തോ​ഷി​ച്ചു. 32  പ്രവാ​ച​ക​ന്മാർകൂ​ടെ​യാ​യി​രുന്ന യൂദാ​സും ശീലാ​സും പല പ്രസം​ഗങ്ങൾ നടത്തി സഹോ​ദ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ബലപ്പെ​ടു​ത്തു​ക​യും ചെയ്‌തു.+ 33  കുറച്ച്‌ നാൾ അവർ അവിടെ തങ്ങി. പിന്നെ സഹോ​ദ​ര​ന്മാർ യാത്രാമംഗളങ്ങൾ* നേർന്ന്‌ അവരെ തിരികെ യരുശ​ലേ​മി​ലേക്കു യാത്ര​യ​യച്ചു. 34  —— 35  എന്നാൽ പൗലോ​സും ബർന്നബാ​സും അന്ത്യോ​ക്യ​യിൽ താമസിച്ച്‌ പഠിപ്പി​ക്കു​ക​യും മറ്റു പലരോ​ടു​മൊ​പ്പം യഹോ​വ​യു​ടെ വചന​ത്തെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത അറിയി​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടി​രു​ന്നു. 36  കുറച്ച്‌ ദിവസ​ങ്ങൾക്കു ശേഷം പൗലോസ്‌ ബർന്നബാ​സി​നോട്‌, “വരൂ, നമ്മൾ യഹോ​വ​യു​ടെ വചനം അറിയിച്ച നഗരങ്ങ​ളി​ലെ​ല്ലാം മടങ്ങിച്ചെന്ന്‌* സഹോ​ദ​ര​ന്മാർ എങ്ങനെ​യി​രി​ക്കു​ന്നെന്ന്‌ അന്വേ​ഷി​ക്കാം”+ എന്നു പറഞ്ഞു. 37  മർക്കോസ്‌ എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന യോഹന്നാനെയും+ കൂടെ​ക്കൊ​ണ്ടു​പോ​ക​ണ​മെന്നു ബർന്നബാസ്‌ നിർബന്ധം പിടിച്ചു. 38  പക്ഷേ പംഫു​ല്യ​യിൽവെച്ച്‌ അവരെ വിട്ട്‌ പോകു​ക​യും പ്രവർത്ത​ന​ത്തിൽ പങ്കു​ചേ​രാ​തി​രി​ക്കു​ക​യും ചെയ്‌ത മർക്കോ​സി​നെ കൂടെ​ക്കൊ​ണ്ടു​പോ​കാൻ പൗലോ​സി​നു താത്‌പ​ര്യ​മി​ല്ലാ​യി​രു​ന്നു.+ 39  ഇതിന്റെ പേരിൽ അവർ തമ്മിൽ വലി​യൊ​രു വഴക്ക്‌ ഉണ്ടായി. ഒടുവിൽ രണ്ടു പേരും രണ്ടു വഴിക്കു പോയി. ബർന്നബാസ്‌+ മർക്കോ​സി​നെ​യും കൂട്ടി സൈ​പ്ര​സി​ലേക്കു കപ്പൽ കയറി. 40  പൗലോസ്‌ ശീലാ​സി​നെ​യും കൂട്ടി യാത്ര തിരിച്ചു. സഹോ​ദ​ര​ന്മാർ പൗലോ​സി​നെ യഹോ​വ​യു​ടെ കൈയിൽ ഭരമേൽപ്പിച്ച്‌ യാത്ര​യാ​ക്കി.+ 41  പൗലോസ്‌ സിറി​യ​യി​ലൂ​ടെ​യും കിലി​ക്യ​യി​ലൂ​ടെ​യും സഞ്ചരിച്ച്‌ സഭകളെ ശക്തി​പ്പെ​ടു​ത്തി.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “തലമു​റ​ക​ളാ​യി.”
അഥവാ “സമാധാ​നം.”
മറ്റൊരു സാധ്യത “നഗരങ്ങ​ളി​ലെ​ല്ലാം എങ്ങനെ​യും മടങ്ങി​ച്ചെന്ന്‌.”

പഠനക്കുറിപ്പുകൾ

പ്രശ്‌നം: അഥവാ “തർക്കം.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന റ്റ്‌സേ​റ്റേമാ എന്ന ഗ്രീക്കു​പദം, വിവാ​ദ​പ​ര​മായ ഒരു ചോദ്യ​ത്തെ​യോ ഒരു പ്രത്യേക തർക്കവി​ഷ​യ​ത്തെ​യോ ആണ്‌ മിക്ക​പ്പോ​ഴും കുറി​ക്കു​ന്നത്‌. “അന്വേ​ഷി​ക്കുക” എന്ന്‌ അർഥമുള്ള ഒരു ഗ്രീക്കു​പ​ദ​ത്തോ​ടു (റ്റ്‌സേ​റ്റേഓ) ബന്ധമുള്ള വാക്കാണ്‌ ഇത്‌.—പ്രവൃ 15:7-ന്റെ പഠനക്കു​റി​പ്പു കാണുക.

മൂപ്പന്മാർ: അക്ഷ. “പ്രായ​മേ​റിയ പുരു​ഷ​ന്മാർ.” ഇവിടെ പ്രെസ്‌ബൂ​റ്റെ​റൊസ്‌ എന്ന ഗ്രീക്കു​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ആദ്യകാല ക്രിസ്‌തീ​യ​സ​ഭ​യിൽ ഉത്തരവാ​ദി​ത്വ​സ്ഥാ​ന​ങ്ങ​ളിൽ ഉണ്ടായി​രു​ന്ന​വരെ കുറി​ക്കാ​നാണ്‌. പരി​ച്ഛേദന സംബന്ധിച്ച പ്രശ്‌നം പരിഹ​രി​ക്കാ​നാ​യി പൗലോ​സും ബർന്നബാ​സും സിറി​യ​യി​ലെ അന്ത്യോ​ക്യ​യിൽനി​ന്നുള്ള മറ്റു ചില സഹോ​ദ​ര​ന്മാ​രും ചെന്നത്‌ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും യരുശ​ലേം സഭയിലെ മൂപ്പന്മാ​രു​ടെ​യും അടു​ത്തേ​ക്കാണ്‌. പുരാതന ഇസ്രാ​യേൽ രാഷ്‌ട്ര​ത്തി​ന്റെ ചുമത​ലകൾ വഹിക്കാൻ ദേശീ​യ​ത​ല​ത്തിൽ മൂപ്പന്മാർ ഉണ്ടായി​രു​ന്ന​തു​പോ​ലെ എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​ലെ എല്ലാ ക്രിസ്‌തീ​യ​സ​ഭ​കൾക്കും മേൽനോ​ട്ടം വഹിച്ചി​രു​ന്നത്‌ അപ്പോ​സ്‌ത​ല​ന്മാ​രും യരുശ​ലേം​സ​ഭ​യി​ലെ മൂപ്പന്മാ​രും ചേർന്ന ഒരു ഭരണസം​ഘ​മാ​ണെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. ആദ്യം ഭരണസം​ഘ​മാ​യി സേവി​ച്ചത്‌ 12 അപ്പോ​സ്‌ത​ല​ന്മാ​രാ​യി​രു​ന്നെ​ങ്കി​ലും ഈ സമയമാ​യ​പ്പോ​ഴേ​ക്കും ആ സംഘത്തി​ലു​ള്ള​വ​രു​ടെ എണ്ണം വർധി​ച്ചി​രു​ന്നു.—പ്രവൃ 1:21, 22, 26; മത്ത 16:21; പ്രവൃ 11:30 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

പരിവർത്തനം: ഇവിടെ കാണുന്ന എപിസ്‌​റ്റ്രോ​ഫെ എന്ന ഗ്രീക്കു​പദം വന്നിരി​ക്കു​ന്നതു “തിരി​യുക; തിരി​ച്ചു​വ​രുക” എന്നൊക്കെ അർഥമുള്ള ഒരു ക്രിയ​യിൽനി​ന്നാണ്‌. (യോഹ 12:40; 21:20; പ്രവൃ 15:36) ആത്മീയാർഥ​ത്തിൽ ആ പദത്തിന്‌, സത്യ​ദൈ​വ​ത്തി​ലേക്കു തിരി​യു​ക​യോ മടങ്ങി​വ​രു​ക​യോ ചെയ്യു​ന്ന​തി​നെ​യും, വിഗ്ര​ഹ​ങ്ങ​ളെ​യും വ്യാജ​ദൈ​വ​ങ്ങ​ളെ​യും വിട്ടു​തി​രി​യു​ന്ന​തി​നെ​യും കുറി​ക്കാ​നാ​കും. (പ്രവൃ 3:19; 14:15; 15:19; 26:18, 20; 2കൊ 3:16 എന്നീ വാക്യ​ങ്ങ​ളിൽ ഈ ക്രിയ കാണാം.) 1തെസ്സ 1:9-ൽ “വിഗ്ര​ഹ​ങ്ങളെ വിട്ട്‌ ജീവനുള്ള സത്യ​ദൈ​വ​ത്തി​ലേക്കു തിരിഞ്ഞ്‌” എന്ന ഭാഗത്തും ഈ ക്രിയ കാണാം. മാനസാ​ന്ത​ര​പ്പെ​ട്ട​ശേ​ഷ​മാ​ണു പരിവർത്തനം നടക്കു​ന്നത്‌.—മത്ത 3:2, 8; പ്രവൃ 3:19; 26:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

പരീശ​ഗ​ണ​ത്തിൽനിന്ന്‌ . . . ചിലർ: എന്തോ കാരണ​ത്താൽ, ഈ ക്രിസ്‌ത്യാ​നി​കൾ അപ്പോ​ഴും അവരുടെ പരീശ​പ​ശ്ചാ​ത്ത​ല​ത്തി​ന്റെ പേരി​ലാണ്‌ അറിയ​പ്പെ​ട്ടി​രു​ന്ന​തെന്നു തോന്നു​ന്നു.—പ്രവൃ 23:6-ന്റെ പഠനക്കു​റി​പ്പു കാണുക.

ചൂടു​പി​ടിച്ച ചർച്ചകൾ: അഥവാ “വാദ​പ്ര​തി​വാ​ദങ്ങൾ.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിന്‌ “അന്വേ​ഷി​ക്കുക” എന്ന്‌ അർഥമുള്ള ഒരു ക്രിയ​യു​മാ​യി (റ്റ്‌സേ​റ്റേഓ) ബന്ധമുണ്ട്‌. അതു​കൊ​ണ്ടു​തന്നെ അതിനെ “അന്വേ​ഷി​ക്കൽ; ചോദ്യം ചെയ്യൽ” (രാജ്യ​വ​രി​മധ്യ ഭാഷാ​ന്തരം) എന്നൊക്കെ നിർവ​ചി​ക്കാം. അതു സൂചി​പ്പി​ക്കു​ന്നത്‌ ആ പ്രശ്‌ന​ത്തിന്‌ ഒരു പരിഹാ​രം കണ്ടെത്താ​നുള്ള ആത്മാർഥ​മായ ആഗ്രഹ​ത്തോ​ടെ അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും പരസ്‌പരം ചോദ്യ​ങ്ങൾ ചോദി​ക്കു​ക​യും ആ പ്രശ്‌നം ശ്രദ്ധാ​പൂർവം വിശക​ലനം ചെയ്യു​ക​യും അവരുടെ വ്യത്യ​സ്‌ത​മായ അഭി​പ്രാ​യങ്ങൾ ഒരു വളച്ചു​കെ​ട്ടു​മി​ല്ലാ​തെ തുറന്നു​പ​റ​യു​ക​യും ചെയ്‌തു എന്നാണ്‌.

യാക്കോബ്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോബ്‌. പ്രവൃ 12:17-ൽ പറഞ്ഞി​രി​ക്കുന്ന യാക്കോ​ബും ഇതുത​ന്നെ​യാ​യി​രി​ക്കാം. (മത്ത 13:55; പ്രവൃ 12:17 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) പരി​ച്ഛേദന സംബന്ധിച്ച വിഷയം “യരുശ​ലേ​മിൽ അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും മൂപ്പന്മാ​രു​ടെ​യും” മുമ്പാകെ വന്നപ്പോൾ ആ ചർച്ചയ്‌ക്കു നേതൃ​ത്വം വഹിച്ചതു യാക്കോ​ബാ​ണെന്നു തോന്നു​ന്നു. (പ്രവൃ 15:1, 2) ആ സംഭവം മനസ്സിൽവെ​ച്ചാ​യി​രി​ക്കാം പൗലോസ്‌ പിന്നീടു യാക്കോ​ബി​നെ​യും കേഫ​യെ​യും (പത്രോസ്‌) യോഹ​ന്നാ​നെ​യും യരുശ​ലേം സഭയുടെ ‘തൂണു​ക​ളാ​യി കരുത​പ്പെ​ട്ടി​രു​ന്നവർ’ എന്നു വിളി​ച്ചത്‌.—ഗല 2:1-9.

തന്റെ പേരി​നാ​യി ഒരു ജനം: ഈ പദപ്ര​യോ​ഗം, യഹോവ ഒരു ജനത്തെ തന്റെ പ്രത്യേ​ക​സ്വ​ത്താ​യി തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ പറയുന്ന എബ്രാ​യ​തി​രു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നേ​ക്കാം. (പുറ 19:5; ആവ 7:6; 14:2; 26:18, 19) ‘ദൈവ​ത്തി​ന്റെ ഇസ്രാ​യേൽ’ അഥവാ ആത്മീയ ഇസ്രാ​യേൽ എന്ന ഈ പുതിയ ജനതയിൽ ഇനിമു​തൽ ജൂതന്മാ​ര​ല്ലാത്ത വിശ്വാ​സി​ക​ളും ഉൾപ്പെ​ടു​മാ​യി​രു​ന്നു. ദൈവ​ത്തി​ന്റെ പേര്‌ വഹിക്കുന്ന ജനതയാ​യി​രു​ന്നു അവർ. (ഗല 6:16; റോമ 11:25, 26എ; വെളി 14:1) തങ്ങൾ പ്രതി​നി​ധീ​ക​രിച്ച ദൈവത്തെ സ്‌തു​തി​ക്കാ​നും ആ ദൈവ​ത്തി​ന്റെ നാമം പരസ്യ​മാ​യി മഹത്ത്വ​പ്പെ​ടു​ത്താ​നും ഉള്ള ഉത്തരവാ​ദി​ത്വം അവർക്കു​ണ്ടാ​യി​രു​ന്നു. (1പത്ര 2:9, 10) കാരണം, യഹോ​വ​യ്‌ക്കു ‘സ്‌തുതി ഘോഷി​ക്കാ​നാ​യി രൂപം കൊടുത്ത ജനം’ എന്ന വിശേ​ഷണം ഇനിമു​തൽ ജഡിക ഇസ്രാ​യേ​ലി​നല്ല ആത്മീയ ഇസ്രാ​യേ​ലി​നു​ള്ള​താ​യി​രു​ന്നു. (യശ 43:21) യഹോവ മാത്ര​മാ​ണു സത്യ​ദൈ​വ​മെന്ന്‌ ആ ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾ ധൈര്യ​ത്തോ​ടെ പ്രഖ്യാ​പി​ച്ചു. അക്കാലത്ത്‌ ആളുകൾ ആരാധി​ച്ചി​രുന്ന മറ്റെല്ലാ ദൈവ​ങ്ങ​ളും വ്യാജ​മാ​ണെന്ന്‌ അവർ അങ്ങനെ തുറന്നു​കാ​ട്ടി.—1തെസ്സ 1:9.

ശിമ്യോൻ: അതായത്‌, ശിമോൻ പത്രോസ്‌. ശിമെ​യോൻ എന്ന എബ്രാ​യ​പേ​രി​നോ​ടു വളരെ സാമ്യ​മുള്ള ഗ്രീക്കു​രൂ​പ​മാ​ണു ശിമ്യോൻ. എബ്രാ​യ​പേ​രി​നോ​ടു വളരെ സാമ്യ​മുള്ള ഒരു ഗ്രീക്കു​രൂ​പം ഇവിടെ ഉപയോ​ഗി​ച്ചു എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നത്‌, ആ യോഗം നടത്തി​യത്‌ എബ്രാ​യ​ഭാ​ഷ​യി​ലാ​യി​രി​ക്കാ​മെ​ന്നാണ്‌. ബൈബി​ളിൽ ഇവിടെ മാത്രമേ അപ്പോ​സ്‌ത​ല​നായ പത്രോ​സി​നെ ഈ പേരിൽ വിളി​ച്ചി​ട്ടു​ള്ളൂ.—മത്ത 10:2-ന്റെ പഠനക്കു​റി​പ്പു കാണുക.

പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​രി​ക്കുന്ന കാര്യങ്ങൾ: ശിമ്യോൻ എന്ന ശിമോൻ പത്രോ​സി​ന്റെ പ്രസം​ഗ​വും (പ്രവൃ 15:7-11), ബർന്നബാ​സും പൗലോ​സും നിരത്തിയ തെളി​വും (പ്രവൃ 15:12) കേട്ട​പ്പോൾ, അവിടെ ചർച്ച ചെയ്‌തു​കൊ​ണ്ടി​രുന്ന വിഷയ​വു​മാ​യി ബന്ധപ്പെട്ട ചില സുപ്ര​ധാ​ന​തി​രു​വെ​ഴു​ത്തു​കൾ യാക്കോ​ബി​ന്റെ മനസ്സി​ലേക്കു വന്നുകാ​ണും. (യോഹ 14:26) അവർ പറഞ്ഞ കാര്യ​ങ്ങ​ളു​മാ​യി “പ്രവാ​ച​ക​പു​സ്‌ത​ക​ങ്ങ​ളിൽ എഴുതി​യി​രി​ക്കുന്ന കാര്യ​ങ്ങ​ളും . . . യോജി​ക്കു​ന്നു” എന്നു പറഞ്ഞതി​നു ശേഷം യാക്കോബ്‌ ആമോ 9:11, 12-ൽനിന്നാണ്‌ ഉദ്ധരി​ച്ചത്‌. ആമോസ്‌ എന്ന ബൈബിൾപു​സ്‌തകം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ ‘പ്രവാ​ച​ക​വ​ച​നങ്ങൾ’ എന്ന്‌ അറിയ​പ്പെ​ടുന്ന ഭാഗ​ത്തേ​താണ്‌.—മത്ത 22:40; പ്രവൃ 15:16-18; ലൂക്ക 24:44-ന്റെ പഠനക്കു​റി​പ്പു കാണുക.

ദാവീ​ദി​ന്റെ . . . കൂടാരം: അഥവാ “ദാവീ​ദി​ന്റെ പന്തൽ (താമസ​സ്ഥലം).” ദാവീ​ദി​ന്റെ രാജ്യാ​ധി​കാ​രം “എന്നും ഭദ്രമാ​യി​രി​ക്കും” എന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​രു​ന്നു. (2ശമു 7:12-16) എന്നാൽ സിദെ​ക്കിയ രാജാ​വി​നെ സ്ഥാന​ഭ്ര​ഷ്ട​നാ​ക്കി​യ​തോ​ടെ ‘ദാവീ​ദി​ന്റെ കൂടാരം’ അതായത്‌, ദാവീ​ദി​ന്റെ രാജവം​ശം നിലം​പൊ​ത്തി. (യഹ 21:27) ആ സമയം​മു​തൽ ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യിൽപ്പെട്ട ഒരു രാജാ​വു​പോ​ലും ഭൗമി​ക​യ​രു​ശ​ലേ​മി​ലെ “യഹോ​വ​യു​ടെ സിംഹാ​സ​ന​ത്തിൽ” ഇരുന്ന്‌ ഭരണം നടത്തി​യി​രു​ന്നില്ല. (1ദിന 29:23) എന്നാൽ ദാവീ​ദി​ന്റെ പിൻത​ല​മു​റ​ക്കാ​ര​നായ യേശു​വി​നെ എന്നേക്കു​മുള്ള രാജാ​വാ​യി നിയമി​ച്ചു​കൊണ്ട്‌ യഹോവ ദാവീ​ദി​ന്റെ ആലങ്കാ​രി​ക​കൂ​ടാ​രം വീണ്ടും പണിയു​മാ​യി​രു​ന്നു. (പ്രവൃ 2:29-36) ആമോസ്‌ മുൻകൂ​ട്ടി​പ്പറഞ്ഞ ഈ പുനർനിർമാ​ണ​ത്തിൽ (ദാവീ​ദി​ന്റെ വംശത്തിൽപ്പെട്ട വ്യക്തിക്കു വീണ്ടും രാജ്യാ​ധി​കാ​രം ലഭിക്കു​ന്നത്‌.) ജൂതന്മാ​രിൽനി​ന്നും ജനതക​ളിൽനി​ന്നും ഉള്ളവരെ യേശു​വി​ന്റെ ശിഷ്യ​ന്മാ​രാ​യി (രാജ്യാ​വ​കാ​ശി​കൾ) കൂട്ടി​ച്ചേർക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു​ണ്ടെന്നു യാക്കോബ്‌ ഇവിടെ സൂചി​പ്പി​ക്കു​ന്നു.—ആമോ 9:11, 12.

അങ്ങനെ ജനത്തിൽ ബാക്കി​യു​ള്ളവർ . . . എന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കും: പ്രവൃ 15:15-ന്റെ പഠനക്കു​റി​പ്പിൽ കാണു​ന്ന​തു​പോ​ലെ, യാക്കോബ്‌ ഇവിടെ ഉദ്ധരി​ച്ചത്‌ ആമോ 9:11, 12-ലെ വാക്കു​ക​ളാണ്‌. എന്നാൽ ഈ ഉദ്ധരണി​യു​ടെ ചില ഭാഗങ്ങൾക്ക്‌ ഇപ്പോൾ ലഭ്യമായ എബ്രാ​യ​പാ​ഠ​വു​മാ​യി അൽപ്പം വ്യത്യാ​സം കാണു​ന്നുണ്ട്‌. ഇവിടെ യാക്കോബ്‌ ഉദ്ധരി​ച്ചത്‌ എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ഗ്രീക്കു​പ​രി​ഭാ​ഷ​യായ സെപ്‌റ്റു​വജി​ന്റിൽനി​ന്നാ​യ​തു​കൊ​ണ്ടാ​കാം ഈ വ്യത്യാ​സ​മെന്നു ചിലർ കരുതു​ന്നു. എന്നാൽ യാക്കോബ്‌ പത്രോ​സി​നെ​ക്കു​റിച്ച്‌ സംസാ​രി​ച്ച​പ്പോൾ ശിമെ​യോൻ എന്ന എബ്രാ​യ​പേ​രി​നോ​ടു വളരെ സാമ്യ​മുള്ള ഒരു ഗ്രീക്കു​രൂ​പ​മാണ്‌ ഉപയോ​ഗി​ച്ചത്‌. അന്നത്തെ ആ യോഗം നടന്നത്‌ എബ്രാ​യ​ഭാ​ഷ​യി​ലാ​യി​രി​ക്കാ​മെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. (പ്രവൃ 15:14) വസ്‌തുത അതാ​ണെ​ങ്കിൽ ഈ വ്യത്യാ​സം വരാനുള്ള മറ്റൊരു സാധ്യത ഇതാണ്‌: യാക്കോബ്‌ ആ വാക്യങ്ങൾ ഉദ്ധരി​ച്ചത്‌ എബ്രാ​യ​ഭാ​ഷ​യി​ലാ​യി​രി​ക്കാം, എന്നാൽ ലൂക്കോസ്‌ അതു രേഖ​പ്പെ​ടു​ത്താൻ ഉപയോ​ഗി​ച്ചതു സെപ്‌റ്റു​വ​ജി​ന്റി​ലെ വാക്കു​ക​ളാ​കാം. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഉദ്ധരി​ച്ച​പ്പോൾ ലൂക്കോ​സും യാക്കോ​ബും മറ്റു ചില ബൈബി​ളെ​ഴു​ത്തു​കാ​രും ഒക്കെ ഈ രീതി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. സെപ്‌റ്റു​വ​ജി​ന്റിൽനി​ന്നുള്ള അത്തരം ചില ഉദ്ധരണി​കൾക്ക്‌ ഇന്നുള്ള എബ്രാ​യ​പാ​ഠ​വു​മാ​യി അൽപ്പം വ്യത്യാ​സ​മു​ണ്ടെ​ങ്കി​ലും ആ പരിഭാഷ ഉപയോ​ഗി​ക്കാൻ യഹോവ ആ ബൈബി​ളെ​ഴു​ത്തു​കാ​രെ അനുവ​ദി​ച്ചു. അങ്ങനെ ആ ഉദ്ധരണി​കൾ ദൈവ​പ്ര​ചോ​ദി​ത​മായ രേഖയു​ടെ ഭാഗമാ​കു​ക​യും ചെയ്‌തു. (2തിമ 3:16) ഈ വാക്യ​ത്തിൽ കാണുന്ന, ആമോ 9:12-ലെ ഉദ്ധരണി​യു​ടെ കാര്യ​മെ​ടു​ക്കുക. സെപ്‌റ്റു​വ​ജി​ന്റിൽ ആ ഭാഗത്ത്‌ കാണു​ന്നത്‌ “ജനത്തിൽ ബാക്കി​യു​ള്ളവർ” എന്നാ​ണെ​ങ്കി​ലും ഇപ്പോ​ഴുള്ള എബ്രായ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കാണു​ന്നത്‌ “ഏദോ​മിൽ ശേഷി​ക്കുന്ന ഭാഗം” എന്നാണ്‌. പുരാതന എബ്രാ​യ​ഭാ​ഷ​യിൽ “ജനം” എന്നതിന്റെ വാക്കി​നോട്‌ “ഏദോം” എന്ന വാക്കിനു വളരെ സാമ്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാണ്‌ ഈ വ്യത്യാ​സം വന്നതെന്നു ചിലർ പറയുന്നു. “അന്വേ​ഷി​ക്കുക,” “അവകാ​ശ​മാ​ക്കുക” എന്നിവ​യു​ടെ എബ്രാ​യ​വാ​ക്കു​ക​ളും കണ്ടാൽ ഏതാണ്ട്‌ ഒരു​പോ​ലി​രി​ക്കും. സെപ്‌റ്റു​വ​ജി​ന്റി​ലെ ആമോ 9:12-ന്റെ പരിഭാ​ഷ​യ്‌ക്ക്‌ ആധാരം ഇന്നു ലഭ്യമായ എബ്രാ​യ​പാ​ഠമല്ല, മറിച്ച്‌ അതിൽനിന്ന്‌ കുറ​ച്ചൊ​ക്കെ വ്യത്യാ​സ​മുള്ള ഒരു പുരാതന എബ്രാ​യ​പാ​ഠ​മാ​ണെന്നു കരുത​പ്പെ​ടു​ന്നു. എന്നാൽ അക്കാര്യ​ത്തിൽ ഉറപ്പില്ല. വസ്‌തുത എന്തായി​രു​ന്നാ​ലും, യാക്കോബ്‌ പറഞ്ഞ വാക്കു​ക​ളു​ടെ അടിസ്ഥാ​നാ​ശയം സെപ്‌റ്റു​വ​ജി​ന്റി​ലും എബ്രായ മാസൊ​രി​റ്റിക്ക്‌ പാഠത്തി​ലും ഒന്നുത​ന്നെ​യാണ്‌. ജനതക​ളിൽപ്പെ​ട്ടവർ യഹോ​വ​യു​ടെ നാമത്തിൽ അറിയ​പ്പെ​ടു​മെന്ന്‌ ആമോസ്‌ മുൻകൂ​ട്ടി​പ്പ​റ​ഞ്ഞ​താ​യാണ്‌ ആ രണ്ടു പാഠങ്ങ​ളും സൂചി​പ്പി​ക്കു​ന്നത്‌.

യഹോവ: പ്രവൃ 15:14-ൽ ‘ദൈവം ജനതക​ളിൽപ്പെ​ട്ട​വ​രി​ലേക്കു ശ്രദ്ധതി​രി​ച്ച​തി​നെ​ക്കു​റിച്ച്‌’ ശിമ്യോൻ വിവരി​ച്ച​താ​യി യാക്കോബ്‌ പറയുന്നു. ഇനി, 19-ാം വാക്യ​ത്തിൽ “ജനതക​ളിൽനിന്ന്‌ ദൈവ​ത്തി​ലേക്കു തിരി​യു​ന്ന​വരെ”ക്കുറിച്ച്‌ അദ്ദേഹം പറയു​ന്നുണ്ട്‌. ആമോസ്‌ 9:11, 12 വാക്യ​ങ്ങ​ളാണ്‌ യാക്കോബ്‌ ഇവിടെ ഉദ്ധരി​ക്കു​ന്നത്‌. ആ വാക്യ​ങ്ങ​ളു​ടെ എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​നാ​മം ഒരു തവണയേ കാണു​ന്നു​ള്ളൂ. “യഹോ​വ​തന്നെ പ്രഖ്യാ​പി​ക്കു​ന്നു” എന്നു പറയു​ന്നി​ട​ത്താണ്‌ അത്‌. എന്നാൽ ഇവിടെ ആ വാക്യം ഉദ്ധരി​ച്ച​പ്പോൾ ഗ്രീക്കു​പാ​ഠ​ത്തിൽ കിരി​യോസ്‌ (കർത്താവ്‌) എന്ന പദം രണ്ടു പ്രാവ​ശ്യം വന്നിട്ടുണ്ട്‌. രണ്ടും യഹോ​വ​യെ​യാ​ണു സൂചി​പ്പി​ക്കു​ന്നത്‌. ഈ വിവര​ണ​ത്തി​ന്റെ സന്ദർഭ​വും ഇതുമാ​യി ബന്ധമുള്ള എബ്രായ തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളും സെപ്‌റ്റു​വ​ജി​ന്റി​ലും ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളി​ലെ മറ്റു ഭാഗങ്ങ​ളി​ലും കിരി​യോസ്‌ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തും നോക്കു​മ്പോൾ പ്രവൃ 15:17, 18 വാക്യ​ങ്ങ​ളിൽ രണ്ടു തവണ യഹോവ എന്ന പദം ഉപയോ​ഗി​ക്കാൻ ന്യായ​മുണ്ട്‌. അനു. സി കാണുക.

എല്ലാ ജനതക​ളി​ലും​പെ​ട്ട​വ​രോ​ടൊ​പ്പം: അതായത്‌ ജൂതന്മാ​ര​ല്ലാ​ത്ത​വ​രോ​ടൊ​പ്പം. ജനതക​ളിൽപ്പെട്ട ഒരാൾ പരി​ച്ഛേ​ദ​ന​യേ​റ്റാൽ പിന്നീട്‌ അയാളെ ജനതക​ളിൽപ്പെട്ട ഒരു വ്യക്തി​യാ​യല്ല പകരം ഒരു ‘സ്വദേ​ശി​യാ​യി’ അഥവാ ജൂതനാ​യി​ത്തന്നെ ആണ്‌ കണ്ടിരു​ന്നത്‌. (പുറ 12:48, 49) എസ്ഥേറി​ന്റെ കാലത്ത്‌ ജനതക​ളിൽപ്പെട്ട അനേകർ “ജൂതന്മാ​രാ​യി​ത്തീർന്നു.” (എസ്ഥ 8:17) സെപ്‌റ്റു​വ​ജിന്റ്‌ ഭാഷാ​ന്ത​ര​ത്തിൽ എസ്ഥ 8:17 വായി​ക്കു​ന്നത്‌ ജനതക​ളിൽപ്പെട്ട അവർ “പരി​ച്ഛേ​ദ​ന​യേറ്റ്‌ ജൂതന്മാ​രാ​യി​ത്തീർന്നു” എന്നാണ്‌. ആമോ 9:11, 12-ലെ പ്രവചനം ഉദ്ധരി​ച്ചി​രി​ക്കുന്ന പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലെ ഈ വാക്യ​ത്തിൽ പറയു​ന്നത്‌ ‘എല്ലാ ജനതക​ളി​ലും​പെ​ട്ടവർ’ (പരി​ച്ഛേ​ദ​ന​യേ​റ്റി​ട്ടി​ല്ലാത്ത ജനതക​ളിൽപ്പെ​ട്ടവർ.) ഇസ്രാ​യേൽഗൃ​ഹ​ത്തിൽ ‘ബാക്കി​യു​ള്ള​വ​രോ​ടൊ​പ്പം’ ചേർന്ന്‌ (ജൂതന്മാ​രും പരി​ച്ഛേ​ദ​ന​യേറ്റ്‌ ജൂതമതം സ്വീക​രി​ച്ച​വ​രും.) ‘എന്റെ (യഹോ​വ​യു​ടെ) നാമത്തിൽ അറിയ​പ്പെ​ടും’ എന്നാണ്‌. ഈ പ്രവച​ന​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ, ജനതക​ളിൽപ്പെ​ട്ടവർ പരി​ച്ഛേ​ദ​ന​യേ​റ്റി​ട്ടി​ല്ലെ​ങ്കി​ലും ദൈവം അവരെ സ്വീക​രി​ക്കാൻ അവർ പരി​ച്ഛേ​ദ​ന​യേൽക്കേ​ണ്ട​തി​ല്ലെന്നു ശിഷ്യ​ന്മാർ തിരി​ച്ച​റി​ഞ്ഞു.

എന്റെ നാമത്തിൽ അറിയ​പ്പെ​ടുന്ന ആളുകൾ: അഥവാ “എന്റെ പേര്‌ വിളി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന ആളുകൾ.” എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ, ഇസ്രാ​യേ​ല്യർ ‘യഹോ​വ​യു​ടെ പേരിൽ അറിയ​പ്പെട്ടു (വിളി​ക്ക​പ്പെട്ടു)’ എന്നതു​പോ​ലുള്ള പദപ്ര​യോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ അവർ യഹോ​വ​യു​ടെ ജനമാ​യി​രു​ന്നെന്ന അർഥത്തി​ലാണ്‌. (ആവ 28:10; 2ദിന 7:14; യശ 43:7; 63:19; ദാനി 9:19) ദേവാ​ലയം സ്ഥിതി ചെയ്‌തി​രുന്ന യരുശ​ലേ​മി​ലും യഹോവ തന്റെ പേര്‌ സ്ഥാപി​ച്ച​താ​യി നമ്മൾ വായി​ക്കു​ന്നു. യഹോവ ആ സ്ഥലത്തെ തന്റെ ആരാധ​ന​യു​ടെ കേന്ദ്ര​മാ​യി അംഗീ​ക​രി​ച്ചെ​ന്നാണ്‌ അതു സൂചി​പ്പി​ച്ചത്‌.—2രാജ 21:4, 7.

യഹോവ പറയുന്നു: ഇത്‌ ആമോ 9:12-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവത്തിന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.—അനു. സി കാണുക.

താൻ പണ്ടേ നിശ്ചയി​ച്ചി​ട്ടു​ള്ള​തൊ​ക്കെ നിവർത്തി​ക്കുന്ന ദൈവ​മാണ്‌ യഹോവ: ഇതിന്റെ മൂല ഗ്രീക്കു​പാ​ഠത്തെ മറ്റൊരു രീതി​യി​ലും മനസ്സി​ലാ​ക്കാം. അതു​വെച്ച്‌ ഈ ഭാഗം ഇങ്ങനെ പരിഭാ​ഷ​പ്പെ​ടു​ത്താം: “ഇക്കാര്യ​ങ്ങൾ പണ്ടുമു​തലേ അറിയി​ക്കുന്ന ദൈവ​മാണ്‌ യഹോവ.”

എന്നാണ്‌ എന്റെ അഭി​പ്രാ​യം: അഥവാ “എന്നാണ്‌ എന്റെ തീരു​മാ​നം.” അക്ഷ. “എന്നു ഞാൻ വിധി​ക്കു​ന്നു.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു “തീരു​മാ​നി​ക്കുക” എന്നൊരു അർഥമു​ണ്ടെ​ങ്കി​ലും ആ യോഗ​ത്തി​ന്റെ അധ്യക്ഷ​നാ​യി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള യാക്കോബ്‌ അവിടെ കൂടി​യി​രു​ന്ന​വ​രു​ടെ മേൽ തന്റെ അഭി​പ്രാ​യം അടി​ച്ചേൽപ്പി​ക്കു​ക​യാ​യി​രു​ന്നില്ല എന്നു വേണം കരുതാൻ. പകരം, ആ വിഷയ​ത്തിൽ സ്വീക​രി​ക്കേണ്ട നടപടി​യെ​ക്കു​റിച്ച്‌ തെളി​വു​ക​ളു​ടെ​യും ബന്ധപ്പെട്ട തിരു​വെ​ഴു​ത്തു​ക​ളു​ടെ​യും അടിസ്ഥാ​ന​ത്തിൽ ഒരു നിർദേശം മുന്നോ​ട്ടു​വെ​ക്കുക മാത്ര​മാ​യി​രു​ന്നു. ഈ വാക്യ​ത്തിൽ ആ ഗ്രീക്കു​പ​ദ​ത്തി​ന്റെ അർഥം, “പല ഘടകങ്ങൾ കണക്കി​ലെ​ടുത്ത്‌ ഒരു നിഗമ​ന​ത്തി​ലെ​ത്തുക” എന്നാ​ണെന്ന്‌ ഒരു നിഘണ്ടു പറയുന്നു. അതു​കൊണ്ട്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ക്രിയ ഒരു ഔപചാ​രിക ന്യായ​ത്തീർപ്പി​നെയല്ല കുറി​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ, തൊട്ടു​മുമ്പ്‌ ഉദ്ധരിച്ച തിരു​വെ​ഴു​ത്തിൽനിന്ന്‌ താൻ മനസ്സി​ലാ​ക്കിയ കാര്യം യാക്കോബ്‌ ഒരു അഭി​പ്രാ​യ​മാ​യി അവതരി​പ്പി​ക്കുക മാത്ര​മാ​യി​രു​ന്നു.

ലൈം​ഗിക അധാർമി​കത: ഗ്രീക്കു​പ​ദ​മായ പോർണി​യ​യ്‌ക്ക്‌, ബൈബിൾ കുറ്റം വിധി​ക്കുന്ന എല്ലാ തരം ലൈം​ഗി​ക​പ്ര​വൃ​ത്തി​ക​ളെ​യും കുറി​ക്കുന്ന വിശാ​ല​മായ അർഥമാ​ണു​ള്ളത്‌. അതിൽ വ്യഭി​ചാ​രം, വേശ്യാ​വൃ​ത്തി, അവിവാ​ഹി​തർ തമ്മിലുള്ള ലൈം​ഗി​ക​ബന്ധം, സ്വവർഗ​ലൈം​ഗി​ക​ത​യു​മാ​യി ബന്ധപ്പെട്ട പ്രവൃ​ത്തി​കൾ, മൃഗ​വേഴ്‌ച എന്നിവ​യെ​ല്ലാം ഉൾപ്പെ​ടു​ന്നു.—പദാവലി കാണുക.

ശ്വാസം​മു​ട്ടി ചത്തത്‌: അഥവാ “രക്തം ഊറ്റി​ക്ക​ള​യാ​തെ കൊന്നവ.” സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ നിയമം, താനേ ചത്ത മൃഗങ്ങ​ളു​ടെ​യും മറ്റൊരു മൃഗം കടിച്ചു​കീ​റി​ക്കൊന്ന മൃഗങ്ങ​ളു​ടെ​യും കാര്യ​ത്തി​ലും ബാധക​മാ​യി​രു​ന്നു. ഈ രണ്ടു സാഹച​ര്യ​ത്തി​ലും മൃഗത്തി​ന്റെ ശരീര​ത്തിൽനിന്ന്‌ രക്തം ശരിയാ​യി വാർന്നു​പോ​കി​ല്ലാ​യി​രു​ന്നു.—പുറ 22:31; ലേവ 17:15; ആവ 14:21.

മോശ​യു​ടെ പുസ്‌ത​കങ്ങൾ: യാക്കോബ്‌ ഇവിടെ പറഞ്ഞ മോശ​യു​ടെ പുസ്‌ത​ക​ങ്ങ​ളിൽ ദൈവം മോശ​യി​ലൂ​ടെ കൊടുത്ത നിയമ​സം​ഹിത മാത്രമല്ല ഉൾപ്പെ​ടു​ന്നത്‌. അതിൽ, നിയമം കൊടു​ക്കു​ന്ന​തി​നു മുമ്പുള്ള കാലത്ത്‌ ദൈവം തന്റെ ജനത്തോട്‌ ഇടപെ​ട്ട​തി​ന്റെ ചരി​ത്ര​വും അക്കാലത്ത്‌ തന്റെ ഇഷ്ടത്തെ​ക്കു​റിച്ച്‌ ദൈവം നൽകിയ സൂചന​ക​ളും ഉൾപ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, രക്തത്തിന്റെ ഉപയോ​ഗം, വ്യഭി​ചാ​രം, വിഗ്ര​ഹാ​രാ​ധന എന്നിവ സംബന്ധിച്ച ദൈവ​ത്തി​ന്റെ വീക്ഷണം ഉൽപത്തി പുസ്‌ത​ക​ത്തിൽ വ്യക്തമാ​യി കാണാം. (ഉൽ 9:3, 4; 20:2-9; 35:2, 4) ജൂത​നെ​ന്നോ ജനതക​ളിൽപ്പെ​ട്ട​വ​നെ​ന്നോ വ്യത്യാ​സ​മി​ല്ലാ​തെ എല്ലാ മനുഷ്യർക്കും ബാധക​മാ​കുന്ന തത്ത്വങ്ങ​ളാ​ണു വാസ്‌ത​വ​ത്തിൽ യഹോവ അതിലൂ​ടെ നൽകി​യത്‌. പ്രവൃ 15:19, 20-ൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന തീരു​മാ​നം, ജനതക​ളിൽനിന്ന്‌ ക്രിസ്‌ത്യാ​നി​ക​ളാ​യ​വരെ ‘ബുദ്ധി​മു​ട്ടി​ക്കു​ന്ന​താ​യി​രു​ന്നില്ല.’ കാരണം, മോശ​യു​ടെ നിയമ​ത്തി​ലെ അനേക​മ​നേകം നിബന്ധ​നകൾ അത്‌ അവരുടെ മേൽ അടി​ച്ചേൽപ്പി​ച്ചില്ല. അതേസ​മയം, വർഷങ്ങ​ളാ​യി മോശ​യു​ടെ പുസ്‌ത​കങ്ങൾ ശബത്തു​തോ​റും സിന​ഗോ​ഗു​ക​ളിൽ വായി​ച്ചു​കേട്ട ജൂത​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മനസ്സാ​ക്ഷി​യെ പരിഗ​ണി​ക്കു​ന്ന​തു​മാ​യി​രു​ന്നു ആ തീരു​മാ​നം. (ലൂക്ക 4:16; പ്രവൃ 13:15 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) ഇപ്പോൾ മുന്നോ​ട്ടു​വെച്ച ഈ നിർദേശം, ജൂതന്മാ​രിൽനിന്ന്‌ ക്രിസ്‌ത്യാ​നി​ക​ളാ​യ​വ​രും ജനതക​ളിൽനിന്ന്‌ ക്രിസ്‌ത്യാ​നി​ക​ളാ​യ​വ​രും തമ്മിലുള്ള ബന്ധം ശക്തമാ​ക്കു​മാ​യി​രു​ന്നു.

ശബത്തുതോറും സിന​ഗോ​ഗു​ക​ളിൽ വായി​ക്കു​ക​യും: ലൂക്ക 4:16; പ്രവൃ 13:15 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

അപ്പോ​സ്‌ത​ല​ന്മാ​രും മൂപ്പന്മാ​രും: പ്രവൃ 15:2-ന്റെ പഠനക്കു​റി​പ്പു കാണുക.

പ്രിയ സഹോ​ദ​ര​ങ്ങളേ: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഖായ്‌റൊ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം “സന്തോ​ഷി​ക്കുക” എന്നാണ്‌. ഈ വാക്യ​ത്തിൽ ഒരു അഭിവാ​ദ​ന​മാ​യി ഉപയോ​ഗി​ച്ചി​രി​ക്കുന്ന ആ പദം ഇവിടെ അർഥമാ​ക്കു​ന്നതു “നിങ്ങൾ സുഖമാ​യി​രി​ക്കട്ടെ” എന്നാണ്‌. പരി​ച്ഛേ​ദ​ന​യെ​ക്കു​റിച്ച്‌ സഭകൾക്ക്‌ അയച്ച ഈ കത്തിലെ ആമുഖ​പ്ര​സ്‌താ​വ​നകൾ, പണ്ടുള്ള കത്തുക​ളിൽ പൊതു​വേ കണ്ടിരുന്ന അതേ രീതി​യി​ലാ​ണു തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. എഴുതു​ന്നത്‌ ആരാ​ണെന്ന്‌ ആദ്യം പറയും, പിന്നെ ആളെ അഭിസം​ബോ​ധന ചെയ്യും, മൂന്നാ​മ​താ​യി അന്നു പ്രചാ​ര​ത്തി​ലി​രുന്ന ഒരു അഭിവാ​ദനം അറിയി​ക്കും. (പ്രവൃ 23:26-ന്റെ പഠനക്കു​റി​പ്പു കാണുക.) ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ധാരാളം കത്തുക​ളു​ണ്ടെ​ങ്കി​ലും ഒന്നാം നൂറ്റാ​ണ്ടി​ലെ ഭരണസം​ഘം എഴുതിയ കത്തിൽ കാണുന്ന ഖായ്‌റൊ എന്ന ഗ്രീക്കു​പദം അതേ രീതി​യിൽ ഒരു അഭിസം​ബോ​ധ​ന​യാ​യി ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു യാക്കോ​ബി​ന്റെ കത്തിൽ മാത്ര​മാണ്‌. (യാക്ക 1:1) ഭരണസം​ഘ​ത്തി​ന്റെ ആ കത്ത്‌ തയ്യാറാ​ക്കു​ന്ന​തിൽ ശിഷ്യ​നായ യാക്കോബ്‌ ഉൾപ്പെ​ട്ടി​രു​ന്നു. യാക്കോബ്‌ എന്ന ബൈബിൾപു​സ്‌തകം എഴുതിയ വ്യക്തി​ത​ന്നെ​യാ​ണു പ്രവൃ​ത്തി​കൾ 15-ാം അധ്യാ​യ​ത്തിൽ വിവരി​ച്ചി​രി​ക്കുന്ന യോഗ​ത്തിൽ ഒരു പ്രധാ​ന​പങ്കു വഹിച്ച യാക്കോ​ബെന്ന്‌ ഇതിൽനിന്ന്‌ അനുമാ​നി​ക്കാം.

നിങ്ങളു​ടെ മനസ്സു മാറ്റാൻ: അഥവാ “നിങ്ങളെ ഇളക്കാൻ.” ഇവിടെ ഗ്രീക്കിൽ “നിങ്ങളു​ടെ ദേഹികൾ” എന്നാണ്‌ കാണു​ന്നത്‌. കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തുന്ന സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ വ്യക്തി​ക​ളെ​യാ​ണു കുറി​ക്കു​ന്നത്‌. അതു​കൊ​ണ്ടാണ്‌ ആ പദം ‘നിങ്ങൾ’ എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.—പദാവ​ലി​യിൽ “ദേഹി” കാണുക.

സ്വന്തം ജീവൻ വിട്ടു​കൊ​ടു​ത്തവർ: സൈക്കി എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ബഹുവ​ച​ന​രൂ​പ​മാണ്‌ ഇവിടെ “ജീവൻ” എന്നു തർജമ ചെയ്‌തി​രി​ക്കു​ന്നത്‌. മിക്ക​പ്പോ​ഴും “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ആ പദത്തിന്‌ ഒരു വ്യക്തി​യെ​ത്ത​ന്നെ​യോ ഒരാളു​ടെ ജീവ​നെ​യോ കുറി​ക്കാ​നാ​കും. (പദാവ​ലി​യിൽ “ദേഹി” കാണുക.) ഇവിടെ കാണുന്ന ‘സ്വന്തം ജീവൻ വിട്ടു​കൊ​ടു​ത്തവർ’ എന്ന പദപ്ര​യോ​ഗ​ത്തിന്‌, “സ്വന്തം ജീവൻ (ദേഹി) അപകട​ത്തി​ലാ​ക്കി​യവർ” എന്നോ “സ്വന്തം ജീവിതം (അഥവാ തങ്ങളെ​ത്തന്നെ) ഉഴിഞ്ഞു​വെ​ച്ചവർ” എന്നോ അർഥം​വ​രാം.

ഒറ്റക്കെ​ട്ടാ​യി: അക്ഷ. “ഒരേ മനസ്സോ​ടെ.” ഇവിടെ കാണുന്ന ഹൊ​മൊ​തു​മ​സൊൻ എന്ന ഗ്രീക്കു​പദം പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ പല തവണ കാണു​ന്നുണ്ട്‌. ആദ്യകാ​ല​ക്രി​സ്‌ത്യാ​നി​കൾക്ക്‌ ഇടയി​ലു​ണ്ടാ​യി​രുന്ന അസാധാ​ര​ണ​മായ ഐക്യ​ത്തെ​യാ​ണു മിക്ക​പ്പോ​ഴും അതു കുറി​ക്കു​ന്നത്‌. അതിന്റെ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌ പ്രവൃ 1:14; 2:46 എന്നിവി​ട​ങ്ങ​ളിൽ കാണുന്ന “ഒരേ മനസ്സോ​ടെ” എന്ന പദപ്ര​യോ​ഗ​വും പ്രവൃ 4:24-ൽ കാണുന്ന “ഏകമന​സ്സോ​ടെ” എന്ന പദപ്ര​യോ​ഗ​വും.

രക്തം . . . ഒഴിവാ​ക്കുക: യഹോവ നോഹ​യ്‌ക്കും മക്കൾക്കും കൊടുത്ത, രക്തം ഭക്ഷിക്ക​രു​തെന്ന നിയമ​ത്തിൽ അധിഷ്‌ഠി​ത​മാണ്‌ ഈ കല്‌പന. വാസ്‌ത​വ​ത്തിൽ അവർക്കു കൊടുത്ത ആ കല്‌പന മനുഷ്യ​കു​ല​ത്തി​നു മുഴുവൻ ബാധക​മാ​യി​രു​ന്നു. (ഉൽ 9:4-6) എട്ടു നൂറ്റാ​ണ്ടി​നു ശേഷം ഇസ്രാ​യേ​ല്യർക്കു നിയമം കൊടു​ത്ത​പ്പോ​ഴും യഹോവ ഈ കല്‌പന അതിൽ ഉൾപ്പെ​ടു​ത്തി. (ലേവ 17:13-16) പിന്നീട്‌ 15 നൂറ്റാണ്ട്‌ കഴിഞ്ഞ്‌ ഈ വാക്യ​ത്തിൽ കാണു​ന്ന​തു​പോ​ലെ ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കും ഈ നിയമം നൽകി. ദൈവ​ത്തി​ന്റെ വീക്ഷണ​ത്തിൽ രക്തം ഒഴിവാ​ക്കു​ന്നത്‌, വിഗ്ര​ഹാ​രാ​ധ​ന​യും ലൈം​ഗിക അധാർമി​ക​ത​യും ഒഴിവാ​ക്കു​ന്ന​തു​പോ​ലെ​തന്നെ പ്രധാ​ന​മാണ്‌.

ശ്വാസംമുട്ടി ചത്തത്‌: പ്രവൃ 15:20-ന്റെ പഠനക്കു​റി​പ്പു കാണുക.

ലൈംഗിക അധാർമി​കത: പ്രവൃ 15:20-ന്റെ പഠനക്കു​റി​പ്പു കാണുക.

ഒഴിവാ​ക്കുക: അഥവാ “വർജി​ക്കുക.” ക്രിസ്‌ത്യാ​നി​കൾ വിഗ്ര​ഹാ​രാ​ധ​ന​യും ലൈം​ഗിക അധാർമി​ക​ത​യും ശ്വാസം​മു​ട്ടി ചത്ത (അതിന്റെ രക്തം വാർന്നു​പോ​കി​ല്ലാ​യി​രു​ന്നു.) മൃഗങ്ങ​ളു​ടെ മാംസം ഭക്ഷിക്കു​ന്ന​തും ഒഴിവാ​ക്ക​ണ​മാ​യി​രു​ന്നു. ഇനി, രക്തം ഒഴിവാ​ക്കണം എന്നു പറഞ്ഞി​രി​ക്കു​ന്ന​തിൽ രക്തം ഭക്ഷിക്കാ​തി​രി​ക്കു​ന്നതു മാത്രമല്ല അതിന്റെ എല്ലാ തരം ദുരു​പ​യോ​ഗ​വും ഒഴിവാ​ക്കു​ന്ന​തും ഉൾപ്പെ​ടു​ന്നു. നമ്മൾ രക്തത്തെ പാവന​മാ​യി കാണു​ന്നെന്ന്‌ അതു തെളി​യി​ക്കും.—ലേവ 17:11, 14; ആവ 12:23.

സുഖമാ​യി​രി​ക്കട്ടെ എന്ന്‌ ആശംസി​ക്കു​ന്നു!: ഇവിടെ കാണുന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗം അക്കാലത്തെ കത്തുക​ളിൽ സർവസാ​ധാ​ര​ണ​മാ​യി ഉപയോ​ഗി​ച്ചി​രു​ന്നു. തൊട്ടു​മുമ്പ്‌ പറഞ്ഞ കാര്യങ്ങൾ ആളുക​ളു​ടെ ആരോ​ഗ്യ​സം​ര​ക്ഷ​ണത്തെ കരുതി പറഞ്ഞതാ​ണെന്നു ചിന്തി​ക്കേ​ണ്ട​തില്ല. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ ‘ഇവയൊ​ക്കെ ഒഴിവാ​ക്കി​യാൽ നിങ്ങൾക്ക്‌ നല്ല ആരോ​ഗ്യ​മു​ണ്ടാ​കും’ എന്നല്ല ഇവിടെ ഉദ്ദേശി​ച്ചി​രി​ക്കു​ന്നത്‌. മറിച്ച്‌ കത്തിന്റെ ഉപസം​ഹാ​ര​ത്തി​ലെ ഒരു ആശംസ മാത്ര​മാ​യി​രു​ന്നു ഇത്‌. കത്ത്‌ ലഭിക്കു​ന്ന​യാൾക്കു നല്ല ആരോ​ഗ്യ​വും ഓജസ്സും സന്തോ​ഷ​വും നേരുന്ന വാക്കു​ക​ളാ​യി​രു​ന്നു അവ. കത്തിന്റെ ഉപസം​ഹാ​ര​ത്തിൽ സമാധാ​നം ആശംസി​ക്കാൻ എബ്രാ​യ​യിൽ ഉപയോ​ഗി​ച്ചി​രുന്ന ഷാലോം എന്ന പദത്തിനു സമാന​മാണ്‌ ഇത്‌. (പുറ 4:18; ന്യായ 18:6; 19:20; 1ശമു 1:17) ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ ഒരു ആധുനിക എബ്രാ​യ​പ​രി​ഭാഷ (അനു. സി4-ൽ J22 എന്നു സൂചി​പ്പി​ച്ചി​രി​ക്കു​ന്നു.) ഇവിടെ കാണുന്ന ഗ്രീക്ക്‌ പദപ്ര​യോ​ഗത്തെ ഷാലോം ലാഖെം എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. “നിങ്ങൾക്കു സമാധാ​നം” എന്നാണ്‌ അതിന്റെ അർഥം.

താരത​മ്യേന കാലപ്പ​ഴക്കം കുറഞ്ഞ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും പരിഭാ​ഷ​ക​ളി​ലും പിൻവ​രുന്ന ആശയം ധ്വനി​പ്പി​ക്കുന്ന വാക്കുകൾ ഇവിടെ കൂട്ടി​ച്ചേർത്തി​രി​ക്കു​ന്ന​താ​യി കാണാം: “എന്നാൽ താൻ അവിടെ താമസി​ക്കു​ന്നതു നല്ലതെന്നു ശീലാ​സി​നു തോന്നി. യൂദാ​സാ​കട്ടെ തനിച്ച്‌ യരുശ​ലേ​മി​ലേക്കു പോയി.” എന്നാൽ ഏറ്റവും കാലപ്പ​ഴ​ക്ക​മു​ള്ള​തും ഏറെ വിശ്വാ​സ​യോ​ഗ്യ​വും ആയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്കുകൾ കാണു​ന്നില്ല. പ്രവൃ​ത്തി​ക​ളു​ടെ പുസ്‌തകം എഴുതി​യ​പ്പോൾ ഈ വാക്കുകൾ അതിലി​ല്ലാ​യി​രു​ന്നെ​ന്നാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇത്‌ പ്രവൃ 15:40-ന്റെ ഒരു വിശദീ​ക​ര​ണ​മാ​യി മാർജി​നിൽ ഉണ്ടായി​രുന്ന കുറി​പ്പാ​യി​രു​ന്നി​രി​ക്കണം. എന്നാൽ പിൽക്കാ​ലത്ത്‌ ചുരുക്കം ചില കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഇത്‌ ഈ വാക്യ​ത്തിൽ കൂട്ടി​ച്ചേർത്തു.—അനു. എ3 കാണുക.

യഹോ​വ​യു​ടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

യഹോ​വ​യു​ടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

യഹോ​വ​യു​ടെ കൈയിൽ: അഥവാ “യഹോ​വ​യു​ടെ അനർഹ​ദ​യ​യിൽ.” പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തിൽ “അനർഹദയ” എന്ന പദം മിക്ക​പ്പോ​ഴും ദൈവ​വു​മാ​യി ബന്ധപ്പെ​ടു​ത്തി​യാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. (പ്രവൃ 11:23; 13:43; 20:24, 32) പ്രവൃ 14:26-ലും “ദൈവ​ത്തി​ന്റെ അനർഹ​ദ​യ​യിൽ ഭരമേൽപ്പിച്ച്‌” എന്നൊരു പദപ്ര​യോ​ഗം കാണാം.—അനു. സി കാണുക.

ദൃശ്യാവിഷ്കാരം

അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ രണ്ടാം മിഷനറിയാത്ര (പ്രവൃ 15:36–18:22) ഏ. എ.ഡി. 49-52
അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ—പൗലോസിന്റെ രണ്ടാം മിഷനറിയാത്ര (പ്രവൃ 15:36–18:22) ഏ. എ.ഡി. 49-52

സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്ത​ന്നെ​യാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌

1. പൗലോ​സും ബർന്നബാ​സും പിരി​യു​ന്നു; പൗലോസ്‌ ശീലാ​സി​നെ​യും കൂട്ടി പോകു​ന്നു, ബർന്നബാ​സാ​കട്ടെ യോഹ​ന്നാ​നെ (മർക്കോസ്‌ എന്നും പേരുണ്ട്‌.) തന്റെകൂ​ടെ കൊണ്ടു​പോ​കു​ന്നു (പ്രവൃ 15:36-41)

2. പൗലോസ്‌ ദർബ്ബെ​യി​ലേ​ക്കും തുടർന്ന്‌ ലുസ്‌ത്ര​യി​ലേ​ക്കും പോകു​ന്നു, അവി​ടെ​വെച്ച്‌ അദ്ദേഹം തന്റെകൂ​ടെ പോരാൻ തിമൊ​ഥെ​യൊ​സി​നെ തിര​ഞ്ഞെ​ടു​ക്കു​ന്നു (പ്രവൃ 16:1-4)

3. ഏഷ്യ സംസ്ഥാ​നത്ത്‌ ദൈവ​വ​ചനം പ്രസം​ഗി​ക്കു​ന്ന​തിൽനിന്ന്‌ പരിശു​ദ്ധാ​ത്മാവ്‌ പൗലോ​സി​നെ വിലക്കു​ന്നു; പൗലോസ്‌ ഫ്രുഗ്യ​യി​ലൂ​ടെ​യും ഗലാത്യ​യി​ലൂ​ടെ​യും സഞ്ചരിച്ച്‌ മുസ്യ​യി​ലെ​ത്തു​ന്നു (പ്രവൃ 16:6, 7)

4. പൗലോ​സും കൂട്ടാ​ളി​ക​ളും ത്രോ​വാ​സിൽ എത്തിയ​പ്പോൾ, മാസി​ഡോ​ണി​യ​ക്കാ​ര​നായ ഒരാൾ തങ്ങളെ മാസി​ഡോ​ണി​യ​യി​ലേക്കു ക്ഷണിക്കുന്ന ദിവ്യ​ദർശനം പൗലോസ്‌ കാണുന്നു (പ്രവൃ 16:8-10)

5. പൗലോ​സും കൂട്ടാ​ളി​ക​ളും ത്രോ​വാ​സിൽനിന്ന്‌ കപ്പൽ കയറി നവപൊ​ലി​യി​ലേ​ക്കും അവി​ടെ​നിന്ന്‌ ഫിലി​പ്പി​യി​ലേ​ക്കും പോകു​ന്നു (പ്രവൃ 16:11, 12)

6. ഫിലി​പ്പി​ന​ഗ​ര​ത്തി​ന്റെ ഒരു കവാട​ത്തി​നു വെളി​യിൽ, നദിക്ക​രി​കെ​വെച്ച്‌ പൗലോസ്‌ കുറെ സ്‌ത്രീ​ക​ളോ​ടു സംസാ​രി​ക്കു​ന്നു; ലുദി​യ​യും വീട്ടു​കാ​രും സ്‌നാ​ന​മേൽക്കു​ന്നു (പ്രവൃ 16:13-15)

7. പൗലോ​സും ശീലാ​സും ഫിലി​പ്പി​യിൽവെച്ച്‌ ജയിലി​ലാ​കു​ന്നു; ജയില​ധി​കാ​രി​യും വീട്ടു​കാ​രും സ്‌നാ​ന​മേൽക്കു​ന്നു (പ്രവൃ 16:22-24, 31-33)

8. അധികാ​രി​കൾ ഔദ്യോ​ഗി​ക​മാ​യി ക്ഷമാപണം നടത്തണ​മെന്നു പൗലോസ്‌ ആവശ്യ​പ്പെ​ടു​ന്നു; നഗരത്തി​ലെ മജിസ്‌​റ്റ്രേ​ട്ടു​മാർ നേരിട്ട്‌ വന്ന്‌ ആ സഹോ​ദ​ര​ന്മാ​രെ ജയിലിൽനിന്ന്‌ പുറത്ത്‌ കൊണ്ടു​പോ​കു​ന്നു; പൗലോസ്‌ ലുദി​യയെ സന്ദർശി​ക്കു​ന്നു, പുതു​താ​യി സ്‌നാ​ന​പ്പെ​ട്ട​വരെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു (പ്രവൃ 16:37-40)

9. പൗലോ​സും കൂട്ടാ​ളി​ക​ളും അംഫി​പൊ​ലി​സി​ലൂ​ടെ​യും അപ്പൊ​ലോ​ന്യ​യി​ലൂ​ടെ​യും യാത്ര ചെയ്‌ത്‌ തെസ്സ​ലോ​നി​ക്യ​യിൽ എത്തുന്നു (പ്രവൃ 17:1)

10. പൗലോസ്‌ തെസ്സ​ലോ​നി​ക്യ​യിൽ പ്രസം​ഗി​ക്കു​ന്നു; ചില ജൂതന്മാ​രും ധാരാളം ഗ്രീക്കു​കാ​രും വിശ്വാ​സി​ക​ളാ​കു​ന്നു; അവിശ്വാ​സി​ക​ളായ ജൂതന്മാർ നഗരത്തിൽ വലിയ പ്രക്ഷോ​ഭം ഇളക്കി​വി​ടു​ന്നു (പ്രവൃ 17:2-5)

11. ബരോ​വ​യിൽ എത്തിയ പൗലോ​സും ശീലാ​സും അവിടത്തെ സിന​ഗോ​ഗിൽ ചെന്ന്‌ പ്രസം​ഗി​ക്കു​ന്നു; തെസ്സ​ലോ​നി​ക്യ​യിൽനി​ന്നുള്ള ജൂതന്മാർ വന്ന്‌ ജനത്തെ ഇളക്കുന്നു (പ്രവൃ 17:10-13)

12. പൗലോസ്‌ കടൽമാർഗം ആതൻസി​ലേക്കു പോകു​ന്നു; ശീലാ​സും തിമൊ​ഥെ​യൊ​സും ബരോ​വ​യിൽത്തന്നെ താമസി​ക്കു​ന്നു (പ്രവൃ 17:14, 15)

13. ആതൻസിൽ എത്തിയ പൗലോസ്‌ അരയോ​പ​ഗ​സിൽ പ്രസം​ഗി​ക്കു​ന്നു; ചിലർ വിശ്വാ​സി​ക​ളാ​കു​ന്നു (പ്രവൃ 17:22, 32-34)

14. പൗലോസ്‌ ദൈവ​വ​ചനം പഠിപ്പി​ച്ചു​കൊണ്ട്‌ 18 മാസം കൊരി​ന്തിൽ താമസി​ക്കു​ന്നു; ചിലർ അദ്ദേഹത്തെ എതിർക്കു​ന്നു; എന്നാൽ പലരും വിശ്വ​സി​ക്കു​ക​യും സ്‌നാ​ന​പ്പെ​ടു​ക​യും ചെയ്യുന്നു (പ്രവൃ 18:1, 8, 11)

15. കൊരി​ന്തി​ലെ ഒരു തുറമു​ഖ​മായ കെം​ക്രെ​യ​യിൽനിന്ന്‌ പൗലോസ്‌ പ്രിസ്‌കി​ല്ല​യെ​യും അക്വി​ല​യെ​യും കൂട്ടി എഫെ​സൊ​സി​ലേക്കു കപ്പൽ കയറുന്നു; പൗലോസ്‌ അവിടെ സിന​ഗോ​ഗിൽ ചെന്ന്‌ പ്രസം​ഗി​ക്കു​ന്നു (പ്രവൃ 18:18, 19)

16. പൗലോസ്‌ കൈസ​ര്യ​യി​ലേക്കു കപ്പൽ കയറുന്നു; എന്നാൽ പ്രിസ്‌കി​ല്ല​യും അക്വി​ല​യും എഫെ​സൊ​സിൽത്തന്നെ താമസി​ക്കു​ന്നു; സാധ്യ​ത​യ​നു​സ​രിച്ച്‌ യരുശ​ലേ​മി​ലേക്കു പോയ പൗലോസ്‌ അവി​ടെ​നിന്ന്‌ സിറി​യ​യി​ലെ അന്ത്യോ​ക്യ​യി​ലേക്കു യാത്ര​യാ​കു​ന്നു (പ്രവൃ 18:20-22)