പുറപ്പാട്‌ 8:1-32

8  പിന്നെ യഹോവ മോശയോ​ടു പറഞ്ഞു: “നീ ഫറവോ​ന്റെ അടുത്ത്‌ ചെന്ന്‌ പറയണം: ‘യഹോവ പറയു​ന്നത്‌ ഇതാണ്‌: “എന്നെ സേവി​ക്കാൻ എന്റെ ജനത്തെ വിട്ടയ​യ്‌ക്കുക.+  അവരെ വിട്ടയ​യ്‌ക്കാൻ നീ ഇനിയും വിസമ്മ​തി​ച്ചാൽ ഞാൻ തവളകളെ+ അയച്ച്‌ നിന്റെ ദേശത്തു​ള്ള​വരെയെ​ല്ലാം കഷ്ടപ്പെ​ടു​ത്തും.  നൈൽ നദിയിൽ തവളകൾ പെരു​കി​യിട്ട്‌ അവ കയറി​വന്ന്‌ നിന്റെ വീട്ടി​ലും കിടപ്പ​റ​യി​ലും കിടക്ക​യി​ലും നിന്റെ ദാസരു​ടെ വീടു​ക​ളി​ലും നിന്റെ ജനത്തിന്മേ​ലും നിന്റെ അടുപ്പു​ക​ളി​ലും മാവ്‌ കുഴയ്‌ക്കുന്ന പാത്ര​ങ്ങ​ളി​ലും കയറും.+  തവളകൾ നിന്റെ മേലും നിന്റെ ജനത്തിന്റെ മേലും നിന്റെ എല്ലാ ദാസരു​ടെ മേലും കയറും.”’”  പിന്നീട്‌ യഹോവ മോശയോ​ടു പറഞ്ഞു: “അഹരോ​നോ​ട്‌ ഇങ്ങനെ പറയുക: ‘നിന്റെ വടി കൈയിലെ​ടുത്ത്‌ നദിക​ളുടെ​യും നൈലി​ന്റെ കനാലു​ക​ളുടെ​യും ചതുപ്പു​നി​ല​ങ്ങ​ളുടെ​യും മീതെ നീട്ടുക, ഈജി​പ്‌ത്‌ ദേശ​ത്തേക്കു തവളകൾ കയറി​വ​രട്ടെ.’”  അങ്ങനെ അഹരോൻ ഈജി​പ്‌തി​ലെ വെള്ളത്തി​ന്മേൽ കൈ നീട്ടി; തവളകൾ കയറി​വന്ന്‌ ഈജി​പ്‌ത്‌ ദേശം മുഴുവൻ നിറഞ്ഞു.  എന്നാൽ മന്ത്രവാ​ദി​ക​ളും അവരുടെ ഗൂഢവി​ദ്യ​യാൽ അതുതന്നെ ചെയ്‌തു. ഈജി​പ്‌ത്‌ ദേശത്ത്‌ അവരും തവളകളെ വരുത്തി.+  അപ്പോൾ ഫറവോൻ മോശയെ​യും അഹരോനെ​യും വിളി​ച്ചു​വ​രു​ത്തി ഇങ്ങനെ പറഞ്ഞു: “എന്റെയും എന്റെ ജനത്തിന്റെ​യും ഇടയിൽനി​ന്ന്‌ തവളകളെ നീക്കി​ത്ത​രാൻ യഹോ​വയോ​ടു യാചിക്കൂ.+ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കാൻവേണ്ടി ജനത്തെ വിട്ടയ​യ്‌ക്കാൻ ഞാൻ തയ്യാറാ​ണ്‌.”  അപ്പോൾ മോശ ഫറവോനോ​ടു പറഞ്ഞു: “തവളകൾ അങ്ങയെ​യും അങ്ങയുടെ ദാസ​രെ​യും ജനത്തെ​യും വീടു​കളെ​യും വിട്ട്‌ പോകാൻ ഞാൻ എപ്പോ​ഴാ​ണു യാചിക്കേ​ണ്ടതെന്ന്‌ അങ്ങുതന്നെ എന്നോടു പറഞ്ഞാ​ലും. പിന്നെ നൈൽ നദിയി​ല​ല്ലാ​തെ വേറെ​ങ്ങും അവയെ കാണില്ല.” 10  അപ്പോൾ ഫറവോൻ, “നാളെ” എന്നു പറഞ്ഞു. മറുപ​ടി​യാ​യി മോശ പറഞ്ഞു: “ഞങ്ങളുടെ ദൈവ​മായ യഹോ​വയെപ്പോ​ലെ മറ്റാരുമില്ലെന്ന്‌+ അങ്ങ്‌ അറിയാൻ അങ്ങയുടെ വാക്കുപോലെ​തന്നെ സംഭവി​ക്കും. 11  തവളകൾ അങ്ങയെ​യും അങ്ങയുടെ വീടു​കളെ​യും ദാസ​രെ​യും ജനത്തെ​യും വിട്ട്‌ പോകും. പിന്നെ നൈൽ നദിയി​ല​ല്ലാ​തെ വേറെ​ങ്ങും അവയെ കാണില്ല.”+ 12  അങ്ങനെ മോശ​യും അഹരോ​നും ഫറവോ​ന്റെ അടുത്തു​നിന്ന്‌ പോയി. യഹോവ ഫറവോ​ന്റെ മേൽ വരുത്തിയ തവളകൾ നീങ്ങി​ക്കി​ട്ടാൻ മോശ ദൈവത്തോ​ടു യാചിച്ചു.+ 13  മോശ അപേക്ഷി​ച്ച​തുപോ​ലെ യഹോവ ചെയ്‌തു. വീടു​ക​ളി​ലും മുറ്റങ്ങ​ളി​ലും വയലു​ക​ളി​ലും ഉള്ള തവളകൾ ചത്തുതു​ടങ്ങി. 14  അവർ അവയെ കൂമ്പാ​രം​കൂ​മ്പാ​ര​മാ​യി കൂട്ടിക്കൊ​ണ്ടി​രു​ന്നു, എണ്ണമറ്റ കൂമ്പാ​രങ്ങൾ! ദേശം നാറാൻതു​ടങ്ങി. 15  എന്നാൽ സ്വസ്ഥത വന്നെന്നു കണ്ടപ്പോൾ, യഹോവ പറഞ്ഞി​രു​ന്ന​തുപോലെ​തന്നെ ഫറവോൻ ഹൃദയം കഠിന​മാ​ക്കി.+ ഫറവോൻ അവർക്കു ചെവി കൊടു​ക്കാൻ വിസമ്മ​തി​ച്ചു. 16  അപ്പോൾ യഹോവ മോശയോ​ടു പറഞ്ഞു: “അഹരോ​നോ​ട്‌ ഇങ്ങനെ പറയുക: ‘നിന്റെ വടി നീട്ടി നിലത്തെ പൊടി​യിൽ അടിക്കുക. അപ്പോൾ അതു കൊതുകുകളായി* ഈജി​പ്‌ത്‌ ദേശ​ത്തെ​ല്ലാം നിറയും.’” 17  അവർ അങ്ങനെ ചെയ്‌തു. അഹരോൻ കൈയി​ലി​രുന്ന വടി നീട്ടി നിലത്തെ പൊടി​യിൽ അടിച്ചു. അപ്പോൾ കൊതു​കു​കൾ വന്ന്‌ മനുഷ്യരെ​യും മൃഗങ്ങളെ​യും പൊതി​ഞ്ഞു. നിലത്തെ പൊടി മുഴുവൻ ഈജി​പ്‌ത്‌ ദേശ​ത്തെ​ങ്ങും കൊതു​കു​ക​ളാ​യി മാറി.+ 18  മന്ത്രവാദികൾ അവരുടെ ഗൂഢവി​ദ്യ ഉപയോഗിച്ച്‌+ അതു​പോലെ​തന്നെ കൊതു​കു​കളെ ഉണ്ടാക്കാൻ ശ്രമിച്ചെ​ങ്കി​ലും അവർക്കു സാധി​ച്ചില്ല. കൊതു​കു​കൾ വന്ന്‌ മനുഷ്യരെ​യും മൃഗങ്ങളെ​യും പൊതി​ഞ്ഞു. 19  അതുകൊണ്ട്‌ മന്ത്രവാ​ദി​കൾ ഫറവോ​നോ​ട്‌, “ഇതു ദൈവ​ത്തി​ന്റെ വിരലാ​ണ്‌!”+ എന്നു പറഞ്ഞു. പക്ഷേ യഹോവ പറഞ്ഞതുപോ​ലെ ഫറവോ​ന്റെ ഹൃദയം കഠിന​മാ​യി​ത്തന്നെ​യി​രു​ന്നു. ഫറവോൻ അവർക്കു ചെവി കൊടു​ത്തില്ല. 20  പിന്നെ യഹോവ മോശയോ​ടു പറഞ്ഞു: “അതിരാ​വി​ലെ എഴു​ന്നേറ്റ്‌ ഫറവോ​ന്റെ മുന്നിൽ ചെന്ന്‌ നിൽക്കുക. അതാ, അവൻ വെള്ളത്തി​ന്റെ അടു​ത്തേക്കു വരുന്നു! നീ അവനോ​ടു പറയണം: ‘യഹോവ ഇങ്ങനെ പറഞ്ഞി​രി​ക്കു​ന്നു: “എന്നെ സേവി​ക്കാൻ എന്റെ ജനത്തെ വിടുക. 21  എന്നാൽ നീ എന്റെ ജനത്തെ വിടു​ന്നില്ലെ​ങ്കിൽ ഞാൻ നിന്റെ മേലും നിന്റെ ദാസരു​ടെ മേലും നിന്റെ ജനത്തിന്റെ മേലും നിന്റെ വീടു​ക​ളി​ലും രക്തം കുടി​ക്കുന്ന ഈച്ചയെ അയയ്‌ക്കും. ഈജി​പ്‌തി​ലെ വീടു​ക​ളിലെ​ല്ലാം അവ നിറയും. ഈജി​പ്‌തു​കാ​രു​ടെ പ്രദേ​ശത്ത്‌ കാലു കുത്താൻപോ​ലും ഇടമി​ല്ലാത്ത വിധം അവ നിലം മുഴുവൻ മൂടി​ക്ക​ള​യും. 22  എന്റെ ജനം വസിക്കുന്ന ഗോശെൻ ദേശം ഞാൻ അന്നേ ദിവസം നിശ്ചയ​മാ​യും ഒഴിച്ചു​നി​റു​ത്തും. ആ ഈച്ചക​ളിൽ ഒരെണ്ണംപോ​ലും അവിടെ കാണില്ല.+ അങ്ങനെ യഹോവ എന്ന ഞാൻ ഇവിടെ ഈ ദേശത്തു​ണ്ടെന്നു നീ അറിയും.+ 23  ഞാൻ എന്റെ ജനത്തി​നും നിന്റെ ജനത്തി​നും തമ്മിൽ പ്രകട​മായ ഒരു വ്യത്യാ​സം വെക്കും. ഈ അടയാളം നാളെ സംഭവി​ക്കും.”’” 24  യഹോവ അങ്ങനെ​തന്നെ ചെയ്‌തു. രക്തം കുടി​ക്കുന്ന ഈച്ചകൾ വലിയ കൂട്ടങ്ങ​ളാ​യി വന്ന്‌ ഫറവോ​ന്റെ കൊട്ടാ​ര​ത്തി​ലും ഫറവോ​ന്റെ ദാസരു​ടെ വീടു​ക​ളി​ലും ഈജി​പ്‌ത്‌ ദേശത്ത്‌ എല്ലായി​ട​ത്തും ആക്രമണം തുടങ്ങി.+ ഈച്ചകൾ ദേശം നശിപ്പി​ച്ചു.+ 25  ഒടുവിൽ ഫറവോൻ മോശയെ​യും അഹരോനെ​യും വിളി​ച്ചു​വ​രു​ത്തി ഇങ്ങനെ പറഞ്ഞു: “പൊയ്‌ക്കൊ​ള്ളൂ. ഈ ദേശത്ത്‌ എവി​ടെയെ​ങ്കി​ലുംവെച്ച്‌ നിങ്ങളു​ടെ ദൈവ​ത്തി​നു ബലി അർപ്പി​ച്ചുകൊ​ള്ളൂ.” 26  എന്നാൽ മോശ പറഞ്ഞു: “അതു ശരിയാ​കില്ല. കാരണം ഞങ്ങൾ ഞങ്ങളുടെ ദൈവ​മായ യഹോ​വ​യ്‌ക്ക്‌ അർപ്പി​ക്കുന്ന ബലികൾ ഈജി​പ്‌തു​കാർക്ക്‌ അറപ്പാണ്‌.+ ഈജി​പ്‌തു​കാ​രു​ടെ കൺമു​ന്നിൽവെച്ച്‌ അവർക്ക്‌ അറപ്പു തോന്നുന്ന ബലി അർപ്പി​ച്ചാൽ അവർ ഞങ്ങളെ കല്ലെറി​യി​ല്ലേ? 27  ഞങ്ങളുടെ ദൈവ​മായ യഹോവ ഞങ്ങളോ​ടു പറഞ്ഞതുപോ​ലെ ഞങ്ങൾ മൂന്നു ദിവസത്തെ യാത്രപോ​യി വിജന​ഭൂ​മി​യിൽവെച്ച്‌ ദൈവ​ത്തി​നു ബലി അർപ്പി​ക്കും.”+ 28  അപ്പോൾ ഫറവോൻ പറഞ്ഞു: “വിജന​ഭൂ​മി​യിൽവെച്ച്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കാൻ ഞാൻ നിങ്ങളെ വിടാം. എന്നാൽ നിങ്ങൾ വളരെ ദൂരേക്കു പോക​രുതെന്നു മാത്രം. എനിക്കു​വേണ്ടി നിങ്ങളു​ടെ ദൈവത്തോ​ടു യാചിക്കൂ.”+ 29  അപ്പോൾ മോശ പറഞ്ഞു: “ഇപ്പോൾ ഞാൻ പോകു​ന്നു. ഞാൻ യഹോ​വയോ​ടു യാചി​ക്കും. രക്തം കുടി​ക്കുന്ന ഈച്ചകൾ നാളെ ഫറവോനെ​യും ദാസ​രെ​യും ജനത്തെ​യും വിട്ട്‌ പോകു​ക​യും ചെയ്യും. എന്നാൽ യഹോ​വ​യ്‌ക്കു ബലി അർപ്പി​ക്കാൻ ജനത്തെ വിടാ​തി​രു​ന്നുകൊണ്ട്‌ ഞങ്ങളെ പറ്റിക്കു​ന്നതു ഫറവോൻ നിറു​ത്ത​ണമെന്നു മാത്രം.”+ 30  അതിനു ശേഷം മോശ ഫറവോ​ന്റെ അടുത്തു​നിന്ന്‌ പോയി യഹോ​വയോ​ടു യാചിച്ചു.+ 31  അങ്ങനെ യഹോവ മോശ പറഞ്ഞതുപോ​ലെ ചെയ്‌തു. ആ ഈച്ചകൾ ഒന്നു​പോ​ലും ശേഷി​ക്കാ​തെ ഫറവോനെ​യും ദാസ​രെ​യും ജനത്തെ​യും വിട്ട്‌ പോയി. 32  എന്നാൽ ഫറവോൻ വീണ്ടും ഹൃദയം കഠിന​മാ​ക്കി; ജനത്തെ വിട്ടില്ല.

അടിക്കുറിപ്പുകള്‍

ഈജിപ്‌തിൽ സർവസാ​ധാ​ര​ണ​മാ​യി കണ്ടിരുന്ന കൊതു​കിനെപ്പോ​ലുള്ള ഒരു ചെറുപ്രാ​ണി​യാ​യി​രു​ന്നു ഇത്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം