വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയും

നിങ്ങൾക്ക്‌ ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയും

നിങ്ങൾക്ക്‌ ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയും

നമുക്ക്‌ ദൈവത്തിന്റെ വികാരങ്ങളെ സ്വാധീനിക്കാനാകുമോ? സന്തോഷം അനുഭവിക്കാനുള്ള പ്രാപ്‌തി ദൈവത്തിനുണ്ടോ? ദൈവം ഒരു ശക്തിയാണെന്ന്‌ ചിലർ കരുതുന്നു. കേവലം ഒരു ശക്തിക്ക്‌ സന്തോഷം അനുഭവിക്കാനുള്ള പ്രാപ്‌തിയുണ്ടെന്ന്‌ നമുക്കു പ്രതീക്ഷിക്കാൻ കഴിയുമോ? ഒരിക്കലുമില്ല. എന്നാൽ ദൈവത്തെ കുറിച്ച്‌ ബൈബിൾ പറയുന്നത്‌ ശ്രദ്ധിക്കുക.

‘ദൈവം ആത്മാവ്‌ ആകുന്നു’ എന്ന്‌ യേശുക്രിസ്‌തു പറഞ്ഞു. (യോഹന്നാൻ 4:24) ഒരു ആത്മാവ്‌ മനുഷ്യരിൽനിന്നും വ്യത്യസ്‌തമായ ഒരു ജീവരൂപമാണ്‌. മനുഷ്യനേത്രങ്ങൾക്ക്‌ അദൃശ്യമാണെങ്കിലും അതിനും ഒരു ശരീരമുണ്ട്‌​—⁠‘ആത്മികശരീരം.’ (1 കൊരിന്ത്യർ 15:44; യോഹന്നാൻ 1:18) ആലങ്കാരികമായ അർഥത്തിൽ, ദൈവത്തിന്‌ കണ്ണ്‌, ചെവി, കൈ എന്നിവ ഉള്ളതായിപ്പോലും ബൈബിൾ പറയുന്നു. * ദൈവത്തിന്‌ ഒരു പേരുമുണ്ട്‌​—⁠യഹോവ. (സങ്കീർത്തനം 83:18) അതേ, ബൈബിളിലെ ദൈവം ഒരു ആത്മ ‘വ്യക്തിയാണ്‌.’ (എബ്രായർ 9:​24, NW) “അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും” ആണ്‌.​—⁠യിരെമ്യാവു 10:10.

ജീവിക്കുന്ന ഒരു യഥാർഥ വ്യക്തിയെന്ന നിലയിൽ യഹോവയ്‌ക്ക്‌ ചിന്തിക്കാനും പ്രവർത്തിക്കാനുമുള്ള പ്രാപ്‌തിയുണ്ട്‌. അവൻ തന്റെ ഗുണങ്ങളും വികാരങ്ങളും പ്രകടമാക്കുന്നു, ഇഷ്ടങ്ങളും അനിഷ്ടങ്ങളും പ്രകടിപ്പിക്കുന്നു. അവനു പ്രസാദകരമായതോ അല്ലാത്തതോ എന്താണ്‌ എന്നതു സംബന്ധിച്ച്‌ ബൈബിൾ ധാരാളം കാര്യങ്ങൾ പറയുന്നുണ്ട്‌. മനുഷ്യനിർമിത ദൈവങ്ങളും വിഗ്രഹങ്ങളും അവരുടെ ഉപജ്ഞാതാക്കളുടെ സവിശേഷതകളോ ഗുണങ്ങളോ പ്രതിഫലിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നാൽ സർവശക്തനായ യഹോവയാകട്ടെ മനുഷ്യനിൽ ഉൾനട്ടിരിക്കുന്ന വികാരങ്ങളുടെ കാരണഭൂതനാണ്‌.​—⁠ഉല്‌പത്തി 1:27; യെശയ്യാവു 44:7-11.

യഹോവ “സന്തുഷ്ടനായ ദൈവ”മാണ്‌. (1 തിമൊഥെയൊസ്‌ 1:​11, NW) അവൻ തന്റെ സൃഷ്ടിക്രിയകളിൽ സന്തോഷിക്കുന്നതോടൊപ്പംതന്നെ, സ്വന്തം ഉദ്ദേശ്യം നടപ്പാക്കുന്നതിലും ആനന്ദം കണ്ടെത്തുന്നു. പ്രവാചകനായ യെശയ്യാവിലൂടെ യഹോവ പ്രഖ്യാപിക്കുന്നു: “ഞാൻ എന്റെ താല്‌പര്യമൊക്കെയും [“എനിക്കു സന്തോഷമുള്ളതൊക്കെയും,” NW] അനുഷ്‌ഠിക്കും . . . ഞാൻ പ്രസ്‌താവിച്ചിരിക്കുന്നു; ഞാൻ നിവർത്തിക്കും; ഞാൻ നിരൂപിച്ചിരിക്കുന്നു; ഞാൻ അനുഷ്‌ഠിക്കും.” (യെശയ്യാവു 46:9-11) സങ്കീർത്തനക്കാരൻ ഇങ്ങനെ പാടി: “യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.” (സങ്കീർത്തനം 104:31) എന്നാൽ യഹോവയ്‌ക്ക്‌ സന്തോഷം കൈവരുത്തുന്ന മറ്റൊരു സംഗതികൂടെ ഉണ്ട്‌. അവൻ പറയുന്നു: “മകനേ, എന്നെ നിന്ദിക്കുന്നവനോടു ഞാൻ ഉത്തരം പറയേണ്ടതിന്നു നീ ജ്ഞാനിയായി എന്റെ ഹൃദയത്തെ സന്തോഷിപ്പിക്ക.” (സദൃശവാക്യങ്ങൾ 27:11) അതിന്റെ അർഥമെന്താണെന്ന്‌ ചിന്തിച്ചുനോക്കൂ​—⁠നമുക്കു ദൈവത്തെ സന്തോഷിപ്പിക്കാനാകും!

നമുക്ക്‌ ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാവുന്ന വിധം

ഗോത്രപിതാവായ നോഹ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിച്ചത്‌ എങ്ങനെയെന്ന്‌ നോക്കുക. “നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്‌കളങ്കനുമായിരുന്ന”തിനാൽ “നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.” അക്കാലത്തെ ദുഷ്ടരായ ആളുകളിൽനിന്ന്‌ തികച്ചും വിഭിന്നമായി, “നോഹ ദൈവത്തോടുകൂടെ നടന്നു”വെന്നു പറയാൻ കഴിയുന്ന അളവോളം അവന്റെ വിശ്വാസവും അനുസരണവും ദൈവത്തിന്‌ പ്രസാദകരമായിരുന്നു. (ഉല്‌പത്തി 6:6, 8, 9, 22) “വിശ്വാസത്താൽ നോഹ . . . ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു.” (എബ്രായർ 11:7) യഹോവ നോഹയിൽ പ്രസാദിക്കുകയും മനുഷ്യ ചരിത്രത്തിലെ ആ പ്രക്ഷുബ്ധ കാലഘട്ടത്തെ അതിജീവിക്കാനുള്ള പദവി നൽകിക്കൊണ്ട്‌ അവനെയും കുടുംബത്തെയും അനുഗ്രഹിക്കുകയും ചെയ്‌തു.

ഗോത്രപിതാവായ അബ്രാഹാമിനും യഹോവയുടെ വികാരങ്ങൾ സംബന്ധിച്ച്‌ സൂക്ഷ്‌മമായ ഒരു അവബോധമുണ്ടായിരുന്നു. സൊദോമിലെയും ഗൊമോരയിലെയും നിവാസികൾ അവരുടെ വഷളത്തം നിമിത്തം നശിപ്പിക്കപ്പെടുമെന്നു യഹോവ അറിയിച്ചപ്പോൾ, യഹോവയുടെ ചിന്തയെ കുറിച്ചുള്ള അബ്രാഹാമിന്റെ അറിവിന്റെ ആഴം വളരെ പ്രകടമായി. ദുഷ്ടന്മാരോടൊപ്പം ദൈവം നീതിമാന്മാരെയും സംഹരിക്കും എന്നുള്ളത്‌ അചിന്തനീയമാണെന്ന നിഗമനത്തിലെത്താൻ കഴിയുന്ന അളവോളം അബ്രാഹാം യഹോവയെ നന്നായി അറിഞ്ഞിരുന്നു. (ഉല്‌പത്തി 18:17-33) വർഷങ്ങൾക്കു ശേഷം, ദൈവത്തിന്റെ നിർദേശത്തോടുള്ള അനുസരണമായി ‘യിസ്‌ഹാക്കിനെ യാഗം അർപ്പി’ക്കാൻ അവൻ സന്നദ്ധനായി. കാരണം, അവനെ ‘മരിച്ചവരുടെ ഇടയിൽനിന്ന്‌ ഉയിർപ്പിക്കാൻ ദൈവം ശക്തൻ’ ആണെന്ന്‌ അബ്രാഹാമിന്‌ അറിയാമായിരുന്നു. (എബ്രായർ 11:17-19; ഉല്‌പത്തി 22:1-18) “ദൈവത്തിന്റെ സ്‌നേഹിതൻ” എന്നു വിളിക്കപ്പെടാൻ ഇടയാകത്തക്കവിധം അബ്രാഹാമിന്‌ വിശ്വാസവും അനുസരണവും ദൈവത്തിന്റെ വികാരങ്ങളോട്‌ സംവേദകത്വവും ഉണ്ടായിരുന്നു.​—⁠യാക്കോബ്‌ 2:23.

ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാൻ ശ്രമിച്ച മറ്റൊരു വ്യക്തി പുരാതന ഇസ്രായേലിലെ ദാവീദ്‌ രാജാവായിരുന്നു. അവനെ കുറിച്ച്‌ യഹോവ ഇങ്ങനെ പറഞ്ഞു: “ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും.” (പ്രവൃത്തികൾ 13:22) ഗൊല്യാത്ത്‌ എന്ന മല്ലനെ നേരിടുന്നതിനു മുമ്പ്‌, ദാവീദ്‌ ദൈവത്തിൽ തന്റെ പൂർണ ആശ്രയം അർപ്പിക്കുകയും ഇസ്രായേല്യ രാജാവായ ശൗലിനോട്‌ ഇങ്ങനെ പറയുകയും ചെയ്‌തു: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്‌ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും.” തന്നിലുള്ള ദാവീദിന്റെ ആശ്രയത്തെ യഹോവ അനുഗ്രഹിച്ചു, തത്‌ഫലമായി ദാവീദിന്‌ ഗൊല്യാത്തിനെ വധിക്കാൻ കഴിഞ്ഞു. (1 ശമൂവേൽ 17:37, 45-54) തന്റെ പ്രവൃത്തികൾ മാത്രമല്ല ‘വായിലെ വാക്കുകളും ഹൃദയത്തിലെ ധ്യാനവും കൂടെ യഹോവയ്‌ക്ക്‌ പ്രസാദ’കരമായിരിക്കാൻ അവൻ ആഗ്രഹിച്ചു.​—⁠സങ്കീർത്തനം 19:14.

നമ്മെ സംബന്ധിച്ചോ? നമുക്ക്‌ എങ്ങനെ യഹോവയെ പ്രസാദിപ്പിക്കാം? ദൈവത്തിന്റെ വികാരങ്ങളെ കുറിച്ച്‌ നാം എത്രയധികം പഠിക്കുന്നുവോ അത്രയധികമായി ദൈവത്തിന്റെ ഹൃദയത്തെ പ്രസാദിപ്പിക്കാൻ എന്തു ചെയ്യാനാകും എന്നതു സംബന്ധിച്ച്‌ നാം ബോധവാന്മാരായിത്തീരും. അതുകൊണ്ട്‌ നാം ബൈബിൾ വായിക്കുമ്പോൾ “പൂർണ്ണപ്രസാദത്തിന്നായി കർത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞു” വരത്തക്കവിധം ദൈവത്തിന്റെ വികാരങ്ങളെ കുറിച്ചു പഠിക്കാൻ നാം ശ്രമം ചെലുത്തേണ്ടത്‌ ആവശ്യമാണ്‌. (കൊലൊസ്സ്യർ 1:9, 10) പരിജ്ഞാനമാകട്ടെ, വിശ്വാസം വളർത്തിയെടുക്കാൻ നമ്മെ സഹായിക്കുന്നു. ഇതു മർമപ്രധാനമാണ്‌. കാരണം, “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല.” (എബ്രായർ 11:6) അതേ, ശക്തമായ വിശ്വാസം വളർത്തിയെടുക്കാൻ ശ്രമിക്കുകയും ജീവിതത്തെ യഹോവയുടെ ഹിതത്തിനു ചേർച്ചയിലാക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്ക്‌ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനാകും. അതോടൊപ്പം യഹോവയെ ദുഃഖിപ്പിക്കാതിരിക്കാനും നാം ശ്രദ്ധിക്കണം.

യഹോവയെ ദുഃഖിപ്പിക്കരുത്‌

യഹോവയുടെ വികാരങ്ങൾ എങ്ങനെ മുറിപ്പെട്ടേക്കാം എന്നതിന്റെ ഒരു ദൃഷ്ടാന്തം നോഹയുടെ നാളുകളെ സംബന്ധിച്ച വിവരണത്തിലുണ്ട്‌. അക്കാലത്ത്‌ “ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.” അക്രമവും വഷളത്തവും കണ്ടപ്പോൾ ദൈവത്തിന്‌ എന്തു തോന്നി? “താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി” എന്നു ബൈബിൾ പറയുന്നു. (ഉല്‌പത്തി 6:5, 6, 11, 12) പ്രളയത്തിനു മുമ്പ്‌ മനുഷ്യന്റെ നടത്ത അങ്ങേയറ്റം ദുഷിച്ചതായിത്തീർന്നതു നിമിത്തം ആ ദുഷ്ടതലമുറയോടുള്ള ബന്ധത്തിൽ ദൈവം തന്റെ മനോഭാവത്തിനു മാറ്റം വരുത്തി എന്ന അർഥത്തിലാണ്‌ അവൻ അനുതപിച്ചത്‌. അവരുടെ ദുഷ്ടതയോടുള്ള അവന്റെ അപ്രീതി നിമിത്തം മനുഷ്യന്റെ സ്രഷ്ടാവ്‌ എന്ന നിലയിൽനിന്ന്‌ മനുഷ്യന്റെ സംഹാരകൻ എന്ന നിലയിലേക്ക്‌ ദൈവം തന്റെ മനോഭാവത്തെ മാറ്റി.

സ്വന്തം ജനമായ പുരാതന ഇസ്രായേൽ തന്റെ വികാരങ്ങളെയും സ്‌നേഹപുരസ്സരമായ മാർഗനിർദേശത്തെയും തുടർച്ചയായി അവഗണിച്ചപ്പോഴും യഹോവയ്‌ക്ക്‌ ദുഃഖം തോന്നി. സങ്കീർത്തനക്കാരൻ ഇങ്ങനെ വിലപിച്ചു: “മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.” എന്നിരുന്നാലും, “അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.” (സങ്കീർത്തനം 78:38-41) മത്സരികളായ ഇസ്രായേല്യർ തങ്ങളുടെതന്നെ പാപങ്ങളുടെ ഭവിഷ്യത്തുകളാണ്‌ അനുഭവിച്ചിരുന്നതെങ്കിലും, ‘അവരുടെ കഷ്ടതയിൽ ഒക്കെയും [ദൈവം] കഷ്ടപ്പെട്ടു’ എന്ന്‌ ബൈബിൾ നമ്മോടു പറയുന്നു.​—⁠യെശയ്യാവു 63:⁠9.

തങ്ങളോടുള്ള ദൈവത്തിന്റെ ആർദ്രവികാരങ്ങൾക്ക്‌ മതിയായ തെളിവ്‌ ഉണ്ടായിരുന്നിട്ടും ഇസ്രായേൽ ജനം “ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകുംവണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.” (2 ദിനവൃത്താന്തം 36:16) ദുശ്ശാഠ്യത്തോടെയുള്ള അവരുടെ ആ മത്സരഗതി ഒടുവിൽ യഹോവയുടെ പ്രീതി നഷ്ടമാകാനിടയാകുന്ന അളവോളം “അവന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു.” (യെശയ്യാവു 63:10) ഫലമെന്തായിരുന്നു? ബാബിലോന്യർ യഹൂദയെ കീഴടക്കി യെരൂശലേമിനെ നശിപ്പിച്ചപ്പോൾ ദൈവം ഉചിതമായും തന്റെ സംരക്ഷണം പിൻവലിച്ചു, അവർക്ക്‌ അനർഥം വന്നുഭവിക്കുകയും ചെയ്‌തു. (2 ദിനവൃത്താന്തം 36:17-21) സ്രഷ്ടാവിനെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്യുന്ന പാപപൂർണമായ ഒരു ജീവിതഗതി ആളുകൾ തിരഞ്ഞെടുക്കുന്നത്‌ എത്ര സങ്കടകരമാണ്‌!

മനുഷ്യരുടെ അധാർമിക നടത്ത ദൈവത്തെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ട്‌ എന്നതു സംബന്ധിച്ച്‌ ബൈബിൾ നമ്മെ അജ്ഞതയിൽ വിടുന്നില്ല. (സങ്കീർത്തനം 78:41) ദൈവം വെറുക്കുന്ന, അവൻ അറയ്‌ക്കുകപോലും ചെയ്യുന്ന കാര്യങ്ങളിൽ അഹങ്കാരം, നുണ, കൊലപാതകം, മാന്ത്രികവിദ്യ, ഭാവികഥനം, പൂർവികാരാധന, അഴിഞ്ഞ നടത്ത, സ്വവർഗരതി, വൈവാഹിക അവിശ്വസ്‌തത, നിഷിദ്ധബന്ധുവേഴ്‌ച, ദരിദ്രരെ അടിച്ചമർത്തൽ എന്നിവ ഉൾപ്പെടുന്നു.​—⁠ലേവ്യപുസ്‌തകം 18:9-29; 19:29; ആവർത്തനപുസ്‌തകം 18:9-12; സദൃശവാക്യങ്ങൾ 6:16-19; യിരെമ്യാവു 7:5-7; മലാഖി 2:14-16.

വിഗ്രഹാരാധനയെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്‌? പുറപ്പാടു 20:4, 5 ഇപ്രകാരം പ്രസ്‌താവിക്കുന്നു: “മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്‌കരിക്കയോ സേവിക്കയോ ചെയ്യരുത്‌.” എന്തുകൊണ്ട്‌? എന്തെന്നാൽ വിഗ്രഹം “യഹോവെക്കു അറെപ്പാകുന്നു.” (ആവർത്തനപുസ്‌തകം 7:25, 26) അപ്പൊസ്‌തലനായ യോഹന്നാൻ ഈ മുന്നറിയിപ്പു നൽകി: “കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ.” (1 യോഹന്നാൻ 5:21) അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.”​—⁠1 കൊരിന്ത്യർ 10:14.

ദൈവാംഗീകാരം തേടുക

‘നീതിമാന്മാർക്ക്‌ ദൈവത്തിന്റെ സഖ്യത ഉണ്ട്‌’ എന്നും ‘നിഷ്‌കളങ്കമാർഗ്ഗികൾ അവന്നു പ്രസാദം’ എന്നും ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 3:32; 11:20) നേരെ മറിച്ച്‌, ധിക്കാരപൂർവം ദൈവത്തിന്റെ നീതിനിഷ്‌ഠമായ വികാരങ്ങളെ അവഗണിച്ചുകൊണ്ട്‌ അഥവാ മറുത്തുകൊണ്ട്‌ അവനെ വേദനിപ്പിക്കുന്നതിൽ തുടരുന്നവർ താമസിയാതെതന്നെ അതിന്റെ തിക്തഫലം അനുഭവിക്കും. (2 തെസ്സലൊനീക്യർ 1:6-10) ഇന്ന്‌ വിപുലവ്യാപകമായിരിക്കുന്ന എല്ലാ ദുഷ്ടതയ്‌ക്കും അവൻ പെട്ടെന്നുതന്നെ അറുതി വരുത്തും.​—⁠സങ്കീർത്തനം 37:9-11; സെഫന്യാവു 2:2, 3.

എന്നിരുന്നാലും, ‘ആരും നശിച്ചുപോകാതെ എല്ലാവരും മാനസാന്തരപ്പെടുവാനാണ്‌ [ദൈവം] ഇച്ഛിക്കുന്നത്‌’ എന്ന്‌ ബൈബിൾ വ്യക്തമാക്കുന്നു. (2 പത്രൊസ്‌ 3:9) നേരെയാക്കാനാവാത്തവിധം വഴിപിഴച്ചവരോട്‌ അപ്രീതി കാണിക്കുന്നതിനെക്കാൾ തന്നെ സ്‌നേഹിക്കുന്ന നീതിയുള്ള ആളുകളോട്‌ പ്രിയം കാണിക്കാനാണ്‌ യഹോവ ഏറെ താത്‌പര്യപ്പെടുന്നത്‌. “ദുഷ്ടന്റെ മരണത്തിൽ അല്ല, ദുഷ്ടൻ തന്റെ വഴി വിട്ടുതിരിഞ്ഞു ജീവിക്കുന്നതിൽ” ആണ്‌ യഹോവ സന്തോഷിക്കുന്നത്‌.​—⁠യെഹെസ്‌കേൽ 33:11.

അതുകൊണ്ട്‌ ആരും യഹോവയുടെ കോപത്തിന്‌ പാത്രമാകേണ്ടതില്ല. “കർത്താവു [“യഹോവ,” NW] മഹാ കരുണയും മനസ്സലിവുമുള്ളവ”നാണ്‌. (യാക്കോബ്‌ 5:11) “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ” അവന്റെ വികാരങ്ങളിൽ പൂർണ വിശ്വാസം അർപ്പിച്ചുകൊണ്ട്‌ ‘നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇടാൻ’ നിങ്ങൾക്കു കഴിയും. (1 പത്രൊസ്‌ 5:7) ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നവർക്ക്‌ അവന്റെ അംഗീകാരവും സൗഹൃദവും ആസ്വദിക്കാമെന്ന മഹത്തായ പ്രത്യാശയുണ്ട്‌ എന്നതു സംബന്ധിച്ച്‌ ഉറപ്പുള്ളവരായിരിക്കുക. അതുകൊണ്ട്‌, “കർത്താവിന്നു പ്രസാദമായതു എന്തെന്നു പരിശോധിച്ചു”കൊണ്ടിരിക്കേണ്ടത്‌ ഇപ്പോൾ മുമ്പെന്നത്തെക്കാളും അടിയന്തിരമാണ്‌.​—⁠എഫെസ്യർ 5:⁠9.

അനർഹദയ മുഖാന്തരം ദൈവം തന്റെ മഹത്തായ ഗുണങ്ങളും വികാരങ്ങളും വെളിപ്പെടുത്തിയിരിക്കുന്നത്‌ എത്ര അത്ഭുതകരമാണ്‌! നിങ്ങൾക്ക്‌ അവന്റെ ഹൃദയത്തെ സന്തോഷിപ്പിക്കാനാകും. അങ്ങനെ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിൽ, പ്രദേശത്തെ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാൻ ഞങ്ങൾ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തെ പ്രസാദിപ്പിക്കുന്നതിനുള്ള ശ്രമത്തിൽ പ്രായോഗികവും ഫലകരവുമെന്ന്‌ തങ്ങൾ കണ്ടെത്തിയ കാര്യങ്ങൾ വിശദീകരിച്ചു തരാൻ അവർ സന്തോഷമുള്ളവരായിരിക്കും.

[അടിക്കുറിപ്പ്‌]

^ ഖ. 3 “ബൈബിൾ ദൈവത്തിന്‌ മനുഷ്യത്വം കൽപ്പിച്ചു സംസാരിക്കുന്നത്‌ എന്തുകൊണ്ട്‌?” എന്ന ചതുരം കാണുക.

[7-ാം പേജിലെ ചതുരം]

ബൈബിൾ ദൈവത്തിന്‌ മനുഷ്യത്വം കൽപ്പിച്ചു സംസാരിക്കുന്നത്‌ എന്തുകൊണ്ട്‌?

ദൈവം ‘ആത്മാവ്‌ ആയ’തിനാൽ നമ്മുടെ കണ്ണുകൾക്ക്‌ അദൃശ്യനാണ്‌. (യോഹന്നാൻ 4:24) അതുകൊണ്ട്‌ ദൈവത്തിന്റെ ശക്തി, ഗാംഭീര്യം, പ്രവർത്തനങ്ങൾ എന്നിവ മനസ്സിലാക്കുന്നതിന്‌ നമ്മെ സഹായിക്കാനായി ഉപമാലങ്കാരം, രൂപകാലങ്കാരം, നരാകാരകൽപ്പനം (anthropomorphism) തുടങ്ങിയ ആലങ്കാരിക പ്രയോഗങ്ങൾ ബൈബിൾ ഉപയോഗിക്കുന്നു. മനുഷ്യനല്ലാത്ത ഒന്നിന്‌ മനുഷ്യന്റെ സവിശേഷതകൾ കൽപ്പിക്കുന്നതാണ്‌ നരാകാരകൽപ്പനം. അതുകൊണ്ട്‌, ദൈവത്തിന്റെ ആത്മശരീരം എങ്ങനെയിരിക്കുമെന്ന്‌ നമുക്ക്‌ അറിയില്ലെങ്കിലും, അവന്‌ കണ്ണും കാതും കൈകളും വിരലുകളും പാദവും ഹൃദയവും ഉള്ളതായി ബൈബിൾ പറയുന്നു.​—⁠ഉല്‌പത്തി 8:21; പുറപ്പാടു 3:20; 31:18; ഇയ്യോബ്‌ 40:9; സങ്കീർത്തനം 18:9; 34:15.

മനുഷ്യ ശരീരത്തിന്റേതിന്‌ സമാനമായ അവയവങ്ങൾ ദൈവത്തിന്റെ ആത്മശരീരത്തിന്‌ ഉണ്ടെന്ന്‌ ഇത്തരം വർണനാത്മക ഭാഷ അർഥമാക്കുന്നില്ല. നരാകാരകൽപ്പനത്തെ അക്ഷരാർഥത്തിൽ എടുക്കരുത്‌. ദൈവത്തെ കുറിച്ച്‌ മെച്ചമായി മനസ്സിലാക്കാൻ അതു നമ്മെ സഹായിക്കുന്നു, അത്രമാത്രം. അത്തരം ആലങ്കാരിക പ്രയോഗങ്ങൾ കൂടാതെ നമുക്ക്‌ ദൈവത്തെ കുറിച്ചുള്ള വിവരണം ഗ്രഹിക്കുക ബുദ്ധിമുട്ടായിരിക്കും അല്ലെങ്കിൽ അസാധ്യമായിരിക്കും. എന്നിരുന്നാലും, യഹോവയാം ദൈവത്തിന്റെ വ്യക്തിത്വം മനുഷ്യർ കെട്ടിച്ചമച്ചതാണെന്ന്‌ അതിനർഥമില്ല. ബൈബിൾ വളരെ വ്യക്തമായി പറയുന്നതനുസരിച്ച്‌ മനുഷ്യർ ദൈവത്തിന്റെ സ്വരൂപത്തിലാണ്‌​—⁠അല്ലാതെ ദൈവം മനുഷ്യന്റെ സ്വരൂപത്തിലല്ല​—⁠സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. (ഉല്‌പത്തി 1:27) ബൈബിളെഴുത്തുകാർ ‘ദൈവനിശ്വസ്‌തർ’ ആയിരുന്നതിനാൽ, ദൈവത്തിന്റെ വ്യക്തിത്വം സംബന്ധിച്ച അവരുടെ വിവരണം യഥാർഥത്തിൽ സ്വന്ത വ്യക്തിത്വ ഗുണങ്ങളെ​—⁠മനുഷ്യ സൃഷ്ടികളിൽ അവൻ വ്യത്യസ്‌തമായ അളവിൽ ഉൾനട്ടിരിക്കുന്ന അതേ ഗുണങ്ങളെ​—⁠കുറിച്ചുള്ള ദൈവത്തിന്റെതന്നെ വിവരണമാണ്‌. (2 തിമൊഥെയൊസ്‌ 3:16, 17) മനുഷ്യന്റെ ഗുണങ്ങൾ ദൈവത്തിലല്ല, ദൈവത്തിന്റെ ഗുണങ്ങൾ മനുഷ്യനിലാണുള്ളത്‌.

[4-ാം പേജിലെ ചിത്രം]

നോഹ ദൈവദൃഷ്ടിയിൽ പ്രീതി കണ്ടെത്തി

[5-ാം പേജിലെ ചിത്രം]

അബ്രാഹാമിന്‌ ദൈവത്തിന്റെ വികാരങ്ങൾ നന്നായി അറിയാമായിരുന്നു

[6-ാം പേജിലെ ചിത്രം]

ദാവീദ്‌ യഹോവയിൽ തന്റെ പൂർണ ആശ്രയമർപ്പിച്ചു

[7-ാം പേജിലെ ചിത്രം]

ദൈവത്തെ സന്തോഷിപ്പിക്കാൻ എങ്ങനെ കഴിയുമെന്ന്‌ ബൈബിൾ വായനയിലൂടെ നിങ്ങൾക്ക്‌ പഠിക്കാവുന്നതാണ്‌

[4-ാം പേജിലെ ചിത്രത്തിന്‌ കടപ്പാട്‌]

Courtesy of Anglo-Australian Observatory, photograph by David Malin