വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അബ്രാഹാമും സാറായും—നിങ്ങൾക്ക്‌ അവരുടെ വിശ്വാസം അനുകരിക്കാനാകും!

അബ്രാഹാമും സാറായും—നിങ്ങൾക്ക്‌ അവരുടെ വിശ്വാസം അനുകരിക്കാനാകും!

അബ്രാഹാമും സാറായും—നിങ്ങൾക്ക്‌ അവരുടെ വിശ്വാസം അനുകരിക്കാനാകും!

‘വിശ്വസിക്കുന്ന . . . എല്ലാവരുടെയും പിതാവ്‌’ എന്നാണ്‌ അവനെ വിളിച്ചിരിക്കുന്നത്‌. (റോമർ 4:11) അവന്റെ പ്രിയപ്പെട്ട ഭാര്യയ്‌ക്കും വിശ്വാസം എന്ന ഗുണം ഉണ്ടായിരുന്നു. (എബ്രായർ 11:11) ദൈവഭക്തനായ ഗോത്രപിതാവ്‌ അബ്രാഹാമും അവന്റെ അർപ്പിതയായ ഭാര്യ സാറായും ആയിരുന്നു അത്‌. അവർ ഇരുവരും വിശ്വാസത്തിന്റെ ഇത്ര ഉദാത്ത ദൃഷ്ടാന്തങ്ങൾ ആയിരുന്നത്‌ എന്തുകൊണ്ടാണ്‌? അവർക്കു നേരിടേണ്ടിവന്ന ചില പരിശോധനകൾ എന്തെല്ലാമായിരുന്നു? അവരുടെ ജീവിതകഥയ്‌ക്ക്‌ നമ്മെ സംബന്ധിച്ച്‌ എന്തു മൂല്യമുണ്ട്‌?

അബ്രാഹാമിനോട്‌ വീടുവിട്ടു പോകാൻ ദൈവം കൽപ്പിച്ചപ്പോൾ അവൻ വിശ്വാസം പ്രകടമാക്കി. യഹോവ ഇപ്രകാരം പറഞ്ഞു: “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക.” (ഉല്‌പത്തി 12:1) വിശ്വസ്‌തനായ ആ ഗോത്രപിതാവ്‌ അത്‌ അനുസരിച്ചു. അതേക്കുറിച്ച്‌, ബൈബിൾ നമ്മോട്‌ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.” (എബ്രായർ 11:8) എന്നാൽ അത്തരമൊരു താമസം മാറ്റത്തിൽ എന്തെല്ലാം ഉൾപ്പെട്ടിരുന്നുവെന്നു കാണുക.

ഇന്നത്തെ ദക്ഷിണ ഇറാക്കിൽ സ്ഥിതിചെയ്‌തിരുന്ന ഊർ എന്ന സ്ഥലത്താണ്‌ അബ്രാഹാം ജീവിച്ചിരുന്നത്‌. മെസൊപ്പൊത്താമ്യയിലെ തഴച്ചുവളരുന്ന ഒരു വ്യാപാര കേന്ദ്രമായിരുന്നു ഊർ. അത്‌ പേർഷ്യൻ ഉൾക്കടലിലെയും സാധ്യതയനുസരിച്ച്‌ സിന്ധു നദീതടത്തിലെയും പ്രദേശങ്ങളുമായി വ്യാപാരത്തിലേർപ്പെട്ടിരുന്നു. ഊർ പ്രദേശത്ത്‌ ക്രമീകൃതമായ ഉത്‌ഖനനങ്ങൾ നടത്തുന്നതിൽ നേതൃത്വം വഹിച്ച ലിയൊനാർഡ്‌ വൂളി പറയുന്നതനുസരിച്ച്‌ അബ്രാഹാമിന്റെ കാലത്ത്‌ മിക്ക വീടുകളും ഇഷ്ടികകൾകൊണ്ട്‌ നിർമിച്ചവയും തേച്ച്‌ വെള്ളപൂശിയ ഭിത്തികളോടു കൂടിയവയും ആയിരുന്നു. ഉദാഹരണത്തിന്‌, സമ്പന്നനായ ഒരു പൗരന്റെ വസതി ഇഷ്ടിക പാകിയ നടുമുറ്റമുള്ള ഇരുനിലക്കെട്ടിടം ആയിരുന്നു. ഭൃത്യന്മാരും അതിഥികളുമാണ്‌ താഴത്തെ നിലയിൽ താമസിച്ചിരുന്നത്‌. മുകളിലത്തെ നിലയിൽ ചുറ്റും തടികൊണ്ടുള്ള വരാന്ത ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുടെ മുറികളിലേക്കു വരുകയും പോകുകയും ചെയ്‌തിരുന്നത്‌ ഈ വരാന്തയിലൂടെ ആയിരുന്നു. 10 മുതൽ 20 വരെ മുറികൾ ഉണ്ടായിരുന്നതിനാൽ അത്തരം വസതികൾ “താരതമ്യേന വിസ്‌താരമേറിയതായിരുന്നു. മാത്രമല്ല മാന്യവും സുഖപ്രദവും പൗരസ്‌ത്യ നിലവാരമനുസരിച്ച്‌ ആഡംബരപൂർണവുമായ ഒരു ജീവിതത്തിനു പറ്റിയതുമായിരുന്നു.” അവ “മുഖ്യമായും പരിഷ്‌കൃത ജനതയുടെ വസതികളായിരുന്നു. അതുപോലെ, ഉയർന്ന നാഗരിക ജീവിതത്തിലെ ആവശ്യങ്ങൾ തൃപ്‌തിപ്പെടുത്തുന്നവയുമായിരുന്നു,” അദ്ദേഹം തുടരുന്നു. അബ്രാഹാമും സാറായും ഇത്തരമൊരു ഭവനം വിട്ട്‌ കൂടാരങ്ങളിൽ താമസിക്കാനായി പുറപ്പെട്ടെങ്കിൽ അവർ യഹോവയെ അനുസരിക്കാനായി ചെയ്‌ത വലിയൊരു ത്യാഗമായിരുന്നു അത്‌.

അബ്രാഹാം തന്റെ കുടുംബവുമായി ആദ്യം പോയത്‌ ഉത്തര മെസൊപ്പൊത്താമ്യയിലുള്ള ഹാരാനിലേക്കായിരുന്നു. അവിടെനിന്ന്‌ അവർ കനാനിലേക്കു പോയി. ഇതിനായി അവർ ഏകദേശം 1,600 കിലോമീറ്റർ യാത്ര ചെയ്യേണ്ടതുണ്ടായിരുന്നു. ഒരു വൃദ്ധദമ്പതികളെ സംബന്ധിച്ചിടത്തോളം ഈ താമസംമാറ്റം അത്ര നിസ്സാരമായ ഒന്നായിരുന്നില്ല. ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാഹാമിന്‌ 75-ഉം സാറായ്‌ക്ക്‌ 65-ഉം ആയിരുന്നു പ്രായം.​—⁠ഉല്‌പത്തി 12:⁠4.

തങ്ങൾ ഊർ വിട്ടുപോകുകയാണെന്ന്‌ അബ്രാഹാം സാറായോടു പറഞ്ഞപ്പോൾ അവൾക്ക്‌ എന്തു തോന്നിക്കാണണം? സുഖസൗകര്യങ്ങളോടുകൂടിയ ഒരു ഭവനത്തിന്റെ ഹൃദ്യമായ അന്തരീക്ഷം വിട്ട്‌ ഒരു പരിചയവുമില്ലാത്ത, സാധ്യതയനുസരിച്ച്‌ ശത്രുത നേരിടേണ്ടിവന്നേക്കാവുന്ന ഒരു ദേശത്തേക്കു പോകുന്നതിനെ കുറിച്ചും അവിടെ താഴ്‌ന്ന നിലവാരത്തിലുള്ള ഒരു ജീവിതം നയിക്കേണ്ടിവരുന്നതിനെ കുറിച്ചുമൊക്കെ ചിന്തിച്ചപ്പോൾ സ്വാഭാവികമായും അവൾക്ക്‌ ആശങ്ക തോന്നിയിട്ടുണ്ടാവണം. എന്നിരുന്നാലും, സാറാ കീഴ്‌പെടൽ മനോഭാവം ഉള്ളവളായിരുന്നു. അബ്രാഹാമിനെ അവൾ തന്റെ “യജമാനൻ” ആയി വീക്ഷിച്ചു. (1 പത്രൊസ്‌ 3:5, 6) അത്‌, അവൾ “അബ്രാഹാമിനോടു ബഹുമാനം കാണിക്കുകയും ഇടപെടുകയും ചെയ്‌തുപോന്ന രീതിയുടെ” ഒരു പ്രകടനമായിരുന്നെന്നും “അവളുടെ യഥാർഥ ചിന്താരീതിയുടെയും വികാരങ്ങളുടെയും” തെളിവായിരുന്നെന്നും ചില പണ്ഡിതന്മാർ പറയുന്നു. എന്നാൽ എല്ലാറ്റിനുമുപരി, സാറാ യഹോവയിൽ ആശ്രയിച്ചിരുന്നു. അവളുടെ കീഴ്‌പെടൽ മനോഭാവവും വിശ്വാസവും ക്രിസ്‌തീയ ഭാര്യമാർക്ക്‌ ഒരു ഉത്തമ ദൃഷ്ടാന്തമാണ്‌.

യഹോവയോടുള്ള അനുസരണം പ്രകടമാക്കുന്നതിനായി നമ്മുടെ ഭവനങ്ങൾ വിട്ടു പോകാനൊന്നും അവൻ നമ്മോടു പറയുന്നില്ല, മറ്റൊരു രാജ്യത്തു സുവാർത്ത ഘോഷിക്കുന്നതിനായി ചില മുഴുസമയ സുവിശേഷകർ തങ്ങളുടെ നാടുവിട്ട്‌ പോയിട്ടുണ്ടെങ്കിലും. നാം എവിടെ സേവിച്ചാലും നമ്മുടെ ജീവിതത്തിൽ ആത്മീയ താത്‌പര്യങ്ങൾ ഒന്നാമതു വെക്കുന്നിടത്തോളം കാലം അവൻ നമ്മുടെ ആവശ്യങ്ങൾക്കായി കരുതും.​—⁠മത്തായി 6:25-33.

തങ്ങൾ എടുത്ത തീരുമാനത്തെ പ്രതി അബ്രാഹാമോ സാറായോ തെല്ലും ദുഃഖിച്ചില്ല. “അവർ വിട്ടുപോന്നതിനെ ഓർത്തു എങ്കിൽ മടങ്ങിപ്പോകുവാൻ ഇട ഉണ്ടായിരുന്നുവല്ലോ” എന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറയുകയുണ്ടായി. പക്ഷേ അവർ മടങ്ങിപ്പോയില്ല. യഹോവ “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കു”ന്നവനാണ്‌ എന്ന്‌ അവർക്ക്‌ ഉറപ്പുണ്ടായിരുന്നു. അവർ അവന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസം പ്രകടമാക്കി. യഹോവയ്‌ക്ക്‌ പൂർണഹൃദയത്തോടെയുള്ള ഭക്തി നൽകുന്നതിൽ തുടരണമെങ്കിൽ നമുക്കും അത്തരത്തിലുള്ള വിശ്വാസം ആവശ്യമാണ്‌.—എബ്രായർ 11:6, 15, 16.

ആത്മീയവും ഭൗതികവുമായ സമ്പത്ത്‌

അബ്രാഹാം കനാനിൽ എത്തിയതിനു ശേഷം ദൈവം അവനോടു പറഞ്ഞു: ‘നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കും.’ അതിനോടുള്ള പ്രതികരണമായി അബ്രാഹാം യഹോവയ്‌ക്ക്‌ ഒരു യാഗപീഠം പണിയുകയും “യഹോവയുടെ നാമത്തിൽ ആരാധി”ക്കുകയും ചെയ്‌തു. (ഉല്‌പത്തി 12:7, 8) യഹോവ അബ്രാഹാമിനെ ധനവാനാക്കി, അവന്റെ പാളയത്തിൽ നിരവധിപേർ ഉണ്ടായിരുന്നു. ഒരിക്കൽ അവൻ തന്റെ വീട്ടിൽ ജനിച്ച ദാസന്മാരും അഭ്യാസികളുമായ 318 പുരുഷന്മാരെ കൂട്ടിച്ചേർത്തതിനെ കുറിച്ചു പറയുന്ന വിവരണത്തെ ആസ്‌പദമാക്കി “അവന്റെ വീട്ടിൽ ഉണ്ടായിരുന്നവർ ആയിരത്തിലേറെ വരുമായിരിക്കാം” എന്നു നിഗമനം ചെയ്യപ്പെട്ടിട്ടുണ്ട്‌. എന്തുതന്നെയായിരുന്നാലും, ആളുകൾ അവനെ “ദൈവത്തിന്റെ ഒരു പ്രഭു” ആയി കണക്കാക്കിയിരുന്നു.​—⁠ഉല്‌പത്തി 13:2; 14:14; 23:⁠6.

ആരാധനയുടെ കാര്യത്തിലും അബ്രാഹാം നേതൃത്വം വഹിച്ചു. ‘നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ’ അവൻ തന്റെ വീട്ടിലുള്ളവരെ പഠിപ്പിച്ചു. (ഉല്‌പത്തി 18:19) യഹോവയിൽ ആശ്രയിക്കാനും നീതിയും നേരും പ്രവർത്തിക്കാനും തന്റെ വീട്ടിലുള്ളവരെ പഠിപ്പിക്കുന്നതിൽ വിജയിച്ച അബ്രാഹാമിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ ഇന്നത്തെ ക്രിസ്‌തീയ കുടുംബത്തലവന്മാർക്കു പ്രോത്സാഹനം ഉൾക്കൊള്ളാൻ കഴിയും. സാറായുടെ മിസ്രയീമ്യ ദാസി ഹാഗാർ, അബ്രാഹാമിന്റെ വീട്ടിലെ ഏറ്റവും പ്രായമുള്ള ദാസൻ, അബ്രാഹാമിന്റെ മകൻ യിസ്‌ഹാക്‌ എന്നിവർ യഹോവയിൽ ആശ്രയിച്ചതിൽ അതിശയിക്കാനില്ല.​—⁠ഉല്‌പത്തി 16:5, 13; 24:10-14; 25:21.

അബ്രാഹാം സമാധാനം അന്വേഷിച്ചു

അബ്രാഹാമിന്‌ ദൈവിക വ്യക്തിത്വമാണ്‌ ഉണ്ടായിരുന്നതെന്ന്‌ അവന്റെ ജീവിതത്തിലെ സംഭവങ്ങൾ കാണിക്കുന്നു. തനിക്കും ലോത്തിനുമുള്ള കന്നുകാലികളുടെ ഇടയന്മാർ തമ്മിൽ പിണക്കം ഉണ്ടായപ്പോൾ അതു തുടരാൻ അനുവദിക്കാതെ തമ്മിൽ സമാധാനത്തിൽ വഴിപിരിഞ്ഞു പോകുന്നതിനെ കുറിച്ചു ചിന്തിച്ചുകൊണ്ട്‌ അവൻ ഒരു നിർദേശം മുന്നോട്ടുവെച്ചു. തുടർന്ന്‌ ഇഷ്ടമുള്ള ദേശം ആദ്യം തിരഞ്ഞെടുക്കാനുള്ള അവസരം അവൻ ഇളയവനായ ലോത്തിനു നൽകി. അതേ, അബ്രാഹാം ഒരു സമാധാനകാംക്ഷി ആയിരുന്നു.​—⁠ഉല്‌പത്തി 13:5-13.

നമ്മുടെ അവകാശങ്ങൾക്കായി നിർബന്ധം പിടിക്കണോ അതോ സമാധാനം നഷ്ടപ്പെടുത്താതിരിക്കാൻ ചില വിട്ടുവീഴ്‌ചകൾക്കു തയ്യാറാകണോ എന്നതു സംബന്ധിച്ച്‌ എന്നെങ്കിലും ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടിവന്നാൽ, ഒരു സംഗതി നാം മനസ്സിൽ പിടിക്കുന്നത്‌ നല്ലതാണ്‌, ലോത്തിനോടു പരിഗണന കാണിച്ചതു നിമിത്തം അബ്രാഹാമിനു യാതൊരു കുറവും സംഭവിക്കാൻ യഹോവ അനുവദിച്ചില്ലെന്ന കാര്യം. നേരെ മറിച്ച്‌, ലോത്തുമായി വേർപിരിഞ്ഞ ശേഷം, അബ്രാഹാമിന്റെ കണ്ണിനു കാണാൻ കഴിയുന്ന ഭൂമിയൊക്കെയും അവനും അവന്റെ സന്തതിക്കും കൊടുക്കുമെന്ന്‌ ദൈവം വാഗ്‌ദാനം ചെയ്‌തു. (ഉല്‌പത്തി 13:14-17) “സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ”, കാരണം “അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും” എന്ന്‌ യേശു പറയുകയുണ്ടായി.​—⁠മത്തായി 5:⁠9.

അബ്രാഹാമിന്റെ അവകാശി ആരായിരിക്കും?

ഒരു സന്തതി ജനിക്കുമെന്ന വാഗ്‌ദാനം ലഭിച്ചശേഷവും സാറാ മച്ചിയായി തുടർന്നു. അബ്രാഹാം ഇക്കാര്യം ദൈവത്തിന്റെ മുമ്പാകെ കൊണ്ടുവന്നു. ദാസനായ എല്യേസർ അബ്രാഹാമിന്റെ സ്വത്തിന്‌ അവകാശിയാകുമായിരുന്നോ? ഇല്ല, കാരണം യഹോവ ഇപ്രകാരം പറഞ്ഞു: “അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും.”​—⁠ഉല്‌പത്തി 15:1-4.

എന്നിട്ടും അവർക്ക്‌ ഒരു കുഞ്ഞു ജനിച്ചില്ല. 75 വയസ്സുണ്ടായിരുന്ന സാറായ്‌ക്ക്‌ താൻ ഗർഭം ധരിക്കുമെന്നുള്ള പ്രതീക്ഷയും അസ്‌തമിച്ചു. അതിനാൽ, അവൾ അബ്രാഹാമിനോട്‌: “ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു.” തുടർന്ന്‌ അബ്രാഹാം ഹാഗാറിനെ തന്റെ രണ്ടാം ഭാര്യയായി എടുത്തു, അവളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു, അവൾ ഗർഭിണിയായി. താൻ ഗർഭവതിയാണെന്ന്‌ അറിഞ്ഞ നിമിഷം മുതൽ ഹാഗാർ തന്റെ യജമാനത്തിയെ അവജ്ഞയോടെ വീക്ഷിക്കാൻ തുടങ്ങി. സാറാ ഇതേക്കുറിച്ച്‌ അബ്രാഹാമിനോട്‌ കടുത്ത നീരസത്തോടെ പരാതി പറഞ്ഞു. തുടർന്ന്‌ സാറാ ഹാഗാറിനോട്‌ കഠിനമായി പെരുമാറാൻ തുടങ്ങിയപ്പോൾ അവൾ അവിടെനിന്ന്‌ ഓടിപ്പോയി.​—⁠ഉല്‌പത്തി 16:1-6.

ഇക്കാര്യത്തിൽ അബ്രാഹാമും സാറായും വിശ്വാസത്തോടെതന്നെ ആയിരുന്നു പ്രവർത്തിച്ചത്‌. തങ്ങളുടെ കാലത്തു നിലവിലിരുന്ന ഒരു രീതി അവർ അവലംബിക്കുകയായിരുന്നു. എന്നിരുന്നാലും, അബ്രാഹാമിന്റെ സന്തതിയെ ഉത്‌പാദിപ്പിക്കാനുള്ള യഹോവയുടെ മാർഗം അതല്ലായിരുന്നു. ചില പ്രത്യേക സാഹചര്യങ്ങളിൽ ചില പ്രത്യേക സംഗതികൾ ചെയ്യുന്നത്‌ ശരിയാണെന്ന്‌ നമ്മുടെ നാട്ടുനടപ്പു ചട്ടങ്ങൾ നിഷ്‌കർഷിച്ചേക്കാം. എന്നാൽ, അതിന്‌ യഹോവയുടെ അംഗീകാരം ഉണ്ടായിരിക്കണമെന്നില്ല. കാര്യങ്ങൾ സംബന്ധിച്ച അവന്റെ വീക്ഷണം ചിലപ്പോൾ തികച്ചും വ്യത്യസ്‌തമായിരുന്നേക്കാം. അതുകൊണ്ട്‌, നാം പ്രവർത്തിക്കേണ്ട വിധം നമ്മെ കാണിച്ചുതരണമെന്ന്‌ പ്രാർഥനയിൽ അവനോട്‌ അപേക്ഷിക്കാൻ കഴിയും.​—⁠സങ്കീർത്തനം 25:4, 5; 143:8, 10.

‘യഹോവയ്‌ക്കു കഴിയാത്ത കാര്യം’ ഒന്നുമില്ല

കാലാന്തരത്തിൽ ഹാഗാർ അബ്രാഹാമിന്‌ ഒരു മകനെ, യിശ്‌മായേലിനെ പ്രസവിച്ചു. എന്നാൽ, വാഗ്‌ദത്ത സന്തതി അവൻ ആയിരുന്നില്ല. സാറാ വൃദ്ധയായിരുന്നെങ്കിലും അവൾതന്നെ ആ സന്തതിക്കു ജന്മം കൊടുക്കണമായിരുന്നു.​—⁠ഉല്‌പത്തി 17:15, 16.

സാറാതന്നെ തനിക്ക്‌ ഒരു മകനെ പ്രസവിക്കുമെന്നു ദൈവം എടുത്തു പറഞ്ഞപ്പോൾ “അബ്രാഹാം കവിണ്ണുവീണു ചിരിച്ചു: നൂറു വയസ്സുള്ളവന്നു മകൻ ജനിക്കുമോ? തൊണ്ണൂറു വയസ്സുള്ള സാറാ പ്രസവിക്കുമോ? എന്നു തന്റെ ഹൃദയത്തിൽ പറഞ്ഞു.” (ഉല്‌പത്തി 17:17) ദൈവദൂതൻ ഈ സന്ദേശം ആവർത്തിച്ചപ്പോൾ അതുകേട്ടുകൊണ്ട്‌ അടുത്തുതന്നെ ഉണ്ടായിരുന്ന സാറാ “ഉള്ളുകൊണ്ടു ചിരിച്ചു.” എന്നാൽ ‘യഹോവയ്‌ക്കു കഴിയാത്ത കാര്യം’ ഒന്നുമില്ല. താൻ ആഗ്രഹിക്കുന്നതെന്തും ചെയ്യാൻ അവനു കഴിയുമെന്ന്‌ നമുക്കു വിശ്വസിക്കാവുന്നതാണ്‌.​—⁠ഉല്‌പത്തി 18:12-14.

“വിശ്വാസത്താൽ സാറയും വാഗ്‌ദത്തം ചെയ്‌തവനെ വിശ്വസ്‌തൻ എന്നു എണ്ണുകയാൽ പ്രായം കഴിഞ്ഞിട്ടും പുത്രോല്‌പാദനത്തിന്നു ശക്തി പ്രാപിച്ചു” എന്നു ബൈബിൾ പറയുന്നു. (എബ്രായർ 11:11) കാലാന്തരത്തിൽ, സാറാ യിസ്‌ഹാക്കിന്‌ ജന്മം നൽകി. അവന്റെ പേരിന്റെ അർഥം “ചിരി” എന്നാണ്‌.

ദൈവിക വാഗ്‌ദാനങ്ങളിലുള്ള അടിയുറച്ച വിശ്വാസം

ദീർഘകാലം കാത്തിരിക്കേണ്ടിവന്ന യഥാർഥ അവകാശി യിസ്‌ഹാക്‌ ആണെന്ന്‌ യഹോവ തിരിച്ചറിയിച്ചു. (ഉല്‌പത്തി 21:12) അതിനാൽ തന്റെ പുത്രനെ യാഗം കഴിക്കാൻ ദൈവം അബ്രാഹാമിനോട്‌ ആവശ്യപ്പെട്ടപ്പോൾ അവൻ ഞെട്ടിപ്പോയിരിക്കണം. എന്നാൽ ദൈവത്തിൽ അടിയുറച്ചു വിശ്വസിക്കുന്നതിന്‌ അബ്രാഹാമിനു കാതലായ കാരണങ്ങൾ ഉണ്ടായിരുന്നു. യിസ്‌ഹാക്കിനെ മരണത്തിൽ നിന്ന്‌ ഉയിർപ്പിക്കാൻ യഹോവയ്‌ക്കു കഴിയുകയില്ലേ? (എബ്രായർ 11:17-19) അബ്രാഹാമിന്റെയും സാറായുടെയും പുനരുത്‌പാദന പ്രാപ്‌തികളെ അത്ഭുതകരമായി പുനരുജ്ജീവിപ്പിച്ച്‌ യിസ്‌ഹാക്‌ ജനിക്കാൻ ഇടയാക്കിക്കൊണ്ട്‌ ദൈവം തന്റെ ശക്തി തെളിയിച്ചില്ലേ? തന്റെ വാഗ്‌ദാനങ്ങൾ നിവർത്തിക്കാനുള്ള ദൈവത്തിന്റെ പ്രാപ്‌തിയിൽ ഉറച്ച ബോധ്യമുണ്ടായിരുന്ന അബ്രാഹാം അനുസരിക്കാൻ തയ്യാറായിരുന്നു. മകനെ വധിക്കുന്നതിൽനിന്ന്‌ യഹോവയുടെ ദൂതൻ അബ്രാഹാമിനെ തടഞ്ഞു എന്നത്‌ ശരിയാണ്‌. (ഉല്‌പത്തി 22:1-14) എന്നിരുന്നാലും, ഈ അവസരത്തിൽ അബ്രാഹാമിനു നിർവഹിക്കേണ്ടിയിരുന്ന ഭാഗധേയം, ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കാൻ’ തക്കവണ്ണം അവനെ ഈ ലോകത്തിനു നൽകുന്നത്‌ യഹോവയാം ദൈവത്തിന്‌ എത്ര വേദന ഉളവാക്കിയിരിക്കണം എന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു.​—⁠ യോഹന്നാൻ 3:16; മത്തായി 20:28.

യഹോവയുടെ വാഗ്‌ദാനങ്ങളുടെ അവകാശിയായവൻ കനാൻദേശത്തെ വ്യാജാരാധകരിൽപ്പെട്ട ഒരു പെൺകുട്ടിയെ വിവാഹം ചെയ്യാൻ പാടില്ലെന്ന്‌ ദൈവത്തിലുള്ള വിശ്വാസം നിമിത്തം അബ്രാഹാമിനു ബോധ്യമുണ്ടായിരുന്നു. യഹോവയെ സേവിക്കാത്ത ആരെയെങ്കിലും വിവാഹം കഴിക്കുന്നതിന്‌ തന്റെ മകനെയോ മകളെയോ അനുവദിക്കാൻ ദൈവഭക്തിയുള്ള മാതാപിതാക്കൾക്ക്‌ കഴിയുമോ? അതിനാൽ അബ്രാഹാം 800-ലധികം കിലോമീറ്റർ അകലെ മെസൊപ്പൊത്താമ്യയിൽ താമസിച്ചിരുന്ന തന്റെ ബന്ധുക്കൾക്കിടയിൽ യിസ്‌ഹാക്കിനു വേണ്ടി അനുയോജ്യയായ ഒരു പെൺകുട്ടിയെ അന്വേഷിച്ചു. യിസ്‌ഹാക്കിന്റെ വധുവും മിശിഹായുടെ പൂർവികയുമാകാൻ താൻ തിരഞ്ഞെടുത്ത പെൺകുട്ടി റിബെക്കാ ആണെന്നു തിരിച്ചറിയിച്ചുകൊണ്ട്‌ യഹോവ ആ ഉദ്യമത്തെ അനുഗ്രഹിക്കുകയും ചെയ്‌തു. അതേ, യഹോവ “അബ്രാഹാമിനെ സകലത്തിലും അനുഗ്രഹിച്ചിരുന്നു.”​—⁠ഉല്‌പത്തി 24:1-67; മത്തായി 1:1, 2.

സകല ജാതികൾക്കുമുള്ള അനുഗ്രഹം

പരിശോധനകൾ സഹിക്കുന്നതിലും ദൈവത്തിന്റെ വാഗ്‌ദാനങ്ങളിൽ വിശ്വാസം പ്രകടമാക്കുന്നതിലും അബ്രാഹാമും സാറായും ഉത്തമ ദൃഷ്ടാന്തം വെച്ചു. ആ വാഗ്‌ദാനങ്ങളുടെ നിവൃത്തി മനുഷ്യവർഗത്തിന്റെ നിത്യ പ്രത്യാശയുമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം യഹോവ അബ്രാഹാമിന്‌ പിൻവരുന്ന ഉറപ്പു നൽകി: “നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും.”​—⁠ഉല്‌പത്തി 22:18.

അബ്രാഹാമും സാറായും നമ്മെപ്പോലെ തന്നെ അപൂർണരായിരുന്നു. എങ്കിലും ദൈവത്തിന്റെ ഇഷ്ടമെന്താണെന്ന്‌ അവരോടു വ്യക്തമാക്കിയപ്പോൾ ഉൾപ്പെട്ടിരുന്ന ത്യാഗങ്ങൾ ഗണ്യമാക്കാതെ ഉടനടി അവർ അത്‌ അനുസരിച്ചു. അതിനാൽ അബ്രാഹാമിനെ “ദൈവത്തിന്റെ സ്‌നേഹിതൻ” എന്നും സാറായെ ‘ദൈവത്തിൽ പ്രത്യാശവെച്ചിരുന്ന വിശുദ്ധ സ്‌ത്രീ’ എന്നും വിളിക്കുന്നു. (യാക്കോബ്‌ 2:23; 1 പത്രൊസ്‌ 3:5) അബ്രാഹാമിന്റെയും സാറായുടെയും വിശ്വാസം അനുകരിക്കാൻ ശ്രമിക്കുകവഴി നമുക്കും ദൈവവുമായി അമൂല്യമായ ഒരു ഉറ്റബന്ധം ആസ്വദിക്കാൻ കഴിയും, ഒപ്പം അബ്രാഹാമിനോട്‌ യഹോവ ചെയ്‌ത ആ ഉത്‌കൃഷ്ട വാഗ്‌ദാനത്തിന്റെ പ്രയോജനങ്ങൾ ആസ്വദിക്കാനും.​—⁠ഉല്‌പത്തി 17:⁠7.

[26-ാം പേജിലെ ചിത്രം]

അബ്രാഹാമിന്റെയും സാറായുടെയും വിശ്വാസം നിമിത്തം വാർധക്യത്തിൽ യഹോവ അവർക്ക്‌ ഒരു മകനെ നൽകി അനുഗ്രഹിച്ചു

[28-ാം പേജിലെ ചിത്രം]

തന്റെ ഏകജാതപുത്രനെ മരിക്കാൻ അനുവദിച്ചപ്പോൾ യഹോവയ്‌ക്ക്‌ എന്തു തോന്നിയെന്നു മനസ്സിലാക്കാൻ അബ്രാഹാമിന്റെ ദൃഷ്ടാന്തം നമ്മെ സഹായിക്കുന്നു