ഉൽപത്തി 16:1-16
16 അബ്രാമിന്റെ ഭാര്യ സാറായിക്കു മക്കളുണ്ടായിരുന്നില്ല.+ സാറായിക്കു ഹാഗാർ+ എന്നു പേരുള്ള ഈജിപ്തുകാരിയായ ഒരു ദാസിയുണ്ടായിരുന്നു.
2 സാറായി അബ്രാമിനോടു പറഞ്ഞു: “ദയവുചെയ്ത് ഞാൻ പറയുന്നതു കേൾക്കൂ, എനിക്കു മക്കൾ ഉണ്ടാകുന്നത് യഹോവ തടഞ്ഞിരിക്കുന്നതിനാൽ എന്റെ ദാസിയുടെ അടുത്ത് ചെന്ന് അവളുമായി ബന്ധപ്പെട്ടാലും. അവളിലൂടെ എനിക്കു മക്കൾ ജനിച്ചേക്കും.”+ അബ്രാം സാറായി പറഞ്ഞതു കേട്ടു.
3 അബ്രാമിന്റെ ഭാര്യ സാറായി ഈജിപ്തുകാരിയായ ദാസി ഹാഗാരിനെ അബ്രാമിനു ഭാര്യയായി കൊടുത്തത് അവർ കനാൻ ദേശത്ത് താമസംതുടങ്ങി പത്തു വർഷം കഴിഞ്ഞപ്പോഴായിരുന്നു.
4 അബ്രാം ഹാഗാരുമായി ബന്ധപ്പെട്ടു, അവൾ ഗർഭിണിയായി. താൻ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ ഹാഗാർ യജമാനത്തിയെ നിന്ദിക്കാൻതുടങ്ങി.
5 അപ്പോൾ സാറായി അബ്രാമിനോടു പറഞ്ഞു: “എന്റെ ഈ ദുഃഖത്തിനു കാരണക്കാരൻ അങ്ങാണ്. ഞാനാണ് എന്റെ ദാസിയെ അങ്ങയ്‌ക്കു തന്നത്.* എന്നാൽ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾമുതൽ അവൾ എന്നെ നിന്ദിക്കാൻതുടങ്ങിയിരിക്കുന്നു. നമുക്ക് ഇരുവർക്കും മധ്യേ യഹോവ വിധിക്കട്ടെ.”
6 അപ്പോൾ അബ്രാം സാറായിയോടു പറഞ്ഞു: “ഇതാ, നിന്റെ ദാസി നിന്റെ കൈയിലിരിക്കുന്നു. നിനക്കു ശരിയെന്നു തോന്നുന്നത് അവളോടു ചെയ്തുകൊള്ളുക.” അങ്ങനെ, സാറായി ഹാഗാരിനെ അപമാനിച്ച് അസഹ്യപ്പെടുത്താൻതുടങ്ങി. അപ്പോൾ ഹാഗാർ സാറായിയെ വിട്ട് ഓടിപ്പോയി.
7 പിന്നീട് യഹോവയുടെ ദൂതൻ വിജനഭൂമിയിലെ ഒരു നീരുറവയ്ക്കരികെ ഹാഗാരിനെ കണ്ടു; ശൂരിലേക്കുള്ള+ വഴിയുടെ അടുത്താണ് അത്.
8 ദൂതൻ ഹാഗാരിനോട്, “സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെനിന്ന് വരുന്നു, എവിടേക്കു പോകുന്നു” എന്നു ചോദിച്ചു. “ഞാൻ എന്റെ യജമാനത്തി സാറായിയുടെ അടുത്തുനിന്ന് ഓടിപ്പോന്നതാണ്” എന്നു ഹാഗാർ മറുപടി പറഞ്ഞു.
9 അപ്പോൾ യഹോവയുടെ ദൂതൻ പറഞ്ഞു: “നിന്റെ യജമാനത്തിയുടെ അടുത്തേക്കു തിരിച്ചുപോയി, താഴ്മയോടെ അവൾക്കു കീഴ്പെട്ടിരിക്കുക.”
10 യഹോവയുടെ ദൂതൻ ഇങ്ങനെയും പറഞ്ഞു: “ഞാൻ നിന്റെ സന്തതിയെ എണ്ണാനാകാത്ത വിധം അസംഖ്യമായി വർധിപ്പിക്കും.”+
11 കൂടാതെ, യഹോവയുടെ ദൂതൻ പറഞ്ഞു: “നീ ഗർഭിണിയാണല്ലോ. നീ ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവനു യിശ്‌മായേൽ* എന്നു പേരിടണം. കാരണം യഹോവ നിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് കേട്ടിരിക്കുന്നു.
12 അവൻ കാട്ടുകഴുതയെപ്പോലുള്ള* ഒരുവനായിത്തീരും. അവന്റെ കൈ എല്ലാവർക്കും എതിരായിരിക്കും; എല്ലാവരുടെയും കൈ അവനും എതിരായിരിക്കും. അവന്റെ എല്ലാ സഹോദരന്മാർക്കും എതിരായി അവൻ താമസിക്കും.”
13 അപ്പോൾ ഹാഗാർ, “എന്നെ കാണുന്നവനെ ഞാൻ ഇവിടെ കണ്ടോ” എന്നു സ്വയം ചോദിച്ചു. അതിനാൽ, തന്നോടു സംസാരിച്ചുകൊണ്ടിരുന്ന യഹോവയെ, “അങ്ങ് എല്ലാം കാണുന്ന ദൈവം”*+ എന്നു വിളിച്ചു.
14 അങ്ങനെയാണ് ആ കിണറിനു ബേർ-ലഹയീ-രോയി* എന്ന പേര് വന്നത്. (കാദേശിനും ബേരെദിനും ഇടയിലാണ് അത്.)
15 പിന്നീട് ഹാഗാർ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു. ഹാഗാരിൽ ഉണ്ടായ മകന് അബ്രാം യിശ്‌മായേൽ+ എന്നു പേരിട്ടു.
16 ഹാഗാർ യിശ്മായേലിനെ പ്രസവിക്കുമ്പോൾ അബ്രാമിന് 86 വയസ്സായിരുന്നു.
അടിക്കുറിപ്പുകള്‍
^ അക്ഷ. “മാർവിടത്തിൽ തന്നത്.”
^ അർഥം: “ദൈവം കേൾക്കുന്നു.”
^ അഥവാ “ഒണജർ,” ഒരിനം കാട്ടുകഴുത. എന്നാൽ വരയൻ കുതിരയാണെന്നു ചിലർ കരുതുന്നു. സാധ്യതയനുസരിച്ച്, പരാശ്രയമില്ലാതെ ജീവിക്കുന്ന പ്രകൃതത്തെ കുറിക്കുന്നു.
^ അഥവാ “എന്നെ കാണുന്ന ദൈവം.” അല്ലെങ്കിൽ “തന്നെത്തന്നെ പ്രത്യക്ഷനാക്കുന്ന ദൈവം (വെളിപ്പെടുന്നവൻ).”
^ അർഥം: “എന്നെ കാണുന്ന ജീവനുള്ളവന്റെ കിണർ.”