ഉൽപത്തി 13:1-18

13  അതിനു ശേഷം ഭാര്യയോ​ടും ലോത്തിനോ​ടും ഒപ്പം അബ്രാം തനിക്കു​ള്ളതെ​ല്ലാം സഹിതം ഈജി​പ്‌തിൽനിന്ന്‌ നെഗെബിലേക്കു+ പുറ​പ്പെട്ടു.  അബ്രാമിനു ധാരാളം മൃഗങ്ങ​ളും വെള്ളി​യും സ്വർണ​വും ഉണ്ടായി​രു​ന്നു.+  നെഗെബിൽനിന്ന്‌ ബഥേലിലേ​ക്കുള്ള യാത്ര​യിൽ അബ്രാം പല സ്ഥലങ്ങളിൽ മാറ്റി​മാ​റ്റി കൂടാരം അടിച്ചു; അങ്ങനെ ബഥേലി​നും ഹായിക്കും+ ഇടയിൽ പണ്ട്‌ കൂടാരം അടിച്ച സ്ഥലത്ത്‌ അബ്രാം എത്തി​ച്ചേർന്നു.  അവിടെയായിരുന്നു അബ്രാം മുമ്പ്‌ യാഗപീ​ഠം പണിതത്‌. ആ സ്ഥലത്ത്‌ അബ്രാം യഹോ​വ​യു​ടെ പേര്‌ വാഴ്‌ത്തി​സ്‌തു​തി​ച്ചു.  അബ്രാമിനോടൊപ്പം യാത്ര ചെയ്‌തി​രുന്ന ലോത്തി​നും, ആടുക​ളും കന്നുകാ​ലി​ക​ളും കൂടാ​ര​ങ്ങ​ളും ഉണ്ടായി​രു​ന്നു.  അവരുടെ വസ്‌തു​വ​കകൾ വർധി​ച്ചുപെ​രു​കി​യ​തുകൊണ്ട്‌ അവർക്ക്‌ ആ ദേശത്ത്‌ സ്ഥലം പോരാ​യി​രു​ന്നു. അങ്ങനെ അവർക്ക്‌ ഒരുമി​ച്ച്‌ താമസി​ക്കാൻ കഴിയി​ല്ലെന്ന സ്ഥിതി വന്നു.  അതുകൊണ്ട്‌, അബ്രാ​മി​ന്റെ ഇടയന്മാ​രും ലോത്തി​ന്റെ ഇടയന്മാ​രും തമ്മിൽ വഴക്ക്‌ ഉണ്ടായി. (അക്കാലത്ത്‌ കനാന്യ​രും പെരി​സ്യ​രും ആണ്‌ ദേശത്ത്‌ താമസി​ച്ചി​രു​ന്നത്‌.)+  അപ്പോൾ അബ്രാം ലോത്തിനോടു+ പറഞ്ഞു: “ഞാനും നീയും തമ്മിലും എന്റെ ഇടയന്മാ​രും നിന്റെ ഇടയന്മാ​രും തമ്മിലും വഴക്ക്‌ ഉണ്ടാക​രു​തേ. നമ്മൾ സഹോ​ദ​ര​ന്മാ​രല്ലേ?  ഇതാ, ഈ ദേശം മുഴുവൻ നിന്റെ മുന്നി​ലുണ്ട്‌. എന്നെ വിട്ടു​പി​രി​ഞ്ഞാ​ലും. നീ ഇടത്തോട്ടെ​ങ്കിൽ ഞാൻ വലത്തോ​ട്ടു പൊയ്‌ക്കൊ​ള്ളാം. ഇനി, നീ വലത്തോട്ടെ​ങ്കിൽ ഞാൻ ഇടത്തോ​ട്ടും.” 10  ലോത്ത്‌ നോക്കി​യപ്പോൾ യോർദാൻ പ്രദേശം+ നല്ല നീരൊ​ഴു​ക്കു​ള്ള​താണെന്നു കണ്ടു. (യഹോവ സൊ​ദോ​മും ഗൊ​മോ​റ​യും നശിപ്പി​ക്കു​ന്ന​തി​നു മുമ്പ്‌) അതു സോവർ+ വരെ യഹോ​വ​യു​ടെ തോട്ടംപോലെയും+ ഈജി​പ്‌ത്‌ ദേശംപോലെ​യും ആയിരു​ന്നു. 11  അതുകൊണ്ട്‌, ലോത്ത്‌ യോർദാൻ പ്രദേശം തിര​ഞ്ഞെ​ടുത്ത്‌ കിഴ​ക്കോ​ട്ടു പോയി. അങ്ങനെ അവർ തമ്മിൽ പിരിഞ്ഞു. 12  അബ്രാം കനാൻ ദേശത്ത്‌ താമസി​ച്ചു. ലോത്താ​കട്ടെ, യോർദാൻ പ്രദേ​ശ​ത്തുള്ള നഗരങ്ങൾക്കി​ട​യിൽ താമസി​ച്ചു.+ ഒടുവിൽ ലോത്ത്‌ സൊ​ദോ​മിന്‌ അടുത്ത്‌ കൂടാരം അടിച്ചു. 13  സൊദോമിലുള്ളവർ ദുഷ്ടരും യഹോ​വ​യു​ടെ മുമ്പാകെ കൊടും​പാ​പി​ക​ളും ആയിരു​ന്നു.+ 14  ലോത്ത്‌ അബ്രാ​മി​നെ വിട്ടു​പി​രി​ഞ്ഞശേഷം യഹോവ അബ്രാ​മിനോ​ടു പറഞ്ഞു: “ദയവായി നീ നിൽക്കു​ന്നി​ട​ത്തു​നിന്ന്‌ വടക്കോ​ട്ടും തെക്കോ​ട്ടും കിഴ​ക്കോ​ട്ടും പടിഞ്ഞാറോ​ട്ടും നോക്കുക. 15  നീ കാണുന്ന ഈ ദേശം മുഴുവൻ ഞാൻ നിനക്കും നിന്റെ സന്തതിക്കും* എന്നേക്കു​മുള്ള അവകാ​ശ​മാ​യി തരും.+ 16  ഞാൻ നിന്റെ സന്തതിയെ* ഭൂമി​യി​ലെ പൊടിപോ​ലെ വർധി​പ്പി​ക്കും. ആർക്കെ​ങ്കി​ലും ഭൂമി​യി​ലെ പൊടി എണ്ണാൻ കഴിയുമെ​ങ്കിൽ നിന്റെ സന്തതിയെയും* എണ്ണാൻ കഴിയും!+ 17  എഴുന്നേറ്റ്‌, ദേശത്തി​നു നെടുകെ​യും കുറുകെ​യും സഞ്ചരി​ക്കുക. നിനക്കാ​ണു ഞാൻ ഇതു തരാൻപോ​കു​ന്നത്‌.” 18  അബ്രാം പിന്നെ​യും കൂടാ​ര​ങ്ങ​ളിൽ താമസി​ച്ചു. പിന്നീട്‌ അബ്രാം ഹെബ്രോനിൽ+ മമ്രേയിലെ+ വലിയ മരങ്ങൾക്കി​ട​യിൽ ചെന്ന്‌ താമസി​ച്ചു. അവിടെ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠ​വും പണിതു.+

അടിക്കുറിപ്പുകള്‍

അക്ഷ. “വിത്തി​നും.”
അക്ഷ. “വിത്തിനെ.”
അക്ഷ. “വിത്തിനെ​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം