വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേരാൻവേണ്ട പരിശീലനം നൽകുക

ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേരാൻവേണ്ട പരിശീലനം നൽകുക

ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേരാൻവേണ്ട പരിശീലനം നൽകുക

“തികഞ്ഞ അഭ്യസനം ലഭിച്ചവനെല്ലാം തന്റെ ഗുരുവിനെപ്പോലെ ആയിരിക്കും.”—ലൂക്കോ. 6:40.

1. തന്റെ ഭൗമിക ശുശ്രൂഷക്കാലത്ത്‌ യേശു എങ്ങനെയാണ്‌ ഒരു സവിശേഷ സഭയ്‌ക്ക്‌ അടിത്തറ പാകിയത്‌?

“യേശു ചെയ്‌ത മറ്റു പല കാര്യങ്ങളുമുണ്ട്‌. അവ വിശദമായി എഴുതിയാൽ എഴുതിയ ചുരുളുകൾ ലോകത്തിൽത്തന്നെയും ഒതുങ്ങുകയില്ലെന്നു ഞാൻ കരുതുന്നു.” ഈ വാക്കുകളോടെയാണ്‌ യോഹന്നാൻ അപ്പൊസ്‌തലൻ തന്റെ സുവിശേഷവിവരണം ഉപസംഹരിച്ചത്‌. (യോഹ. 21:25) തന്റെ സ്വർഗാരോഹണശേഷം നേതൃത്വംവഹിക്കേണ്ട പുരുഷന്മാരെ കണ്ടെത്താനും പരിശീലിപ്പിക്കാനും സംഘടിപ്പിക്കാനും വളരെ തിരക്കുപിടിച്ച, ഹ്രസ്വമായ ശുശ്രൂഷക്കാലത്ത്‌ യേശു സമയം കണ്ടെത്തി. എ.ഡി. 33-ൽ അവന്റെ ഭൗമികവാസം അവസാനിച്ചപ്പോൾ, ആയിരങ്ങളായി വളരാനിരുന്ന ഒരു സവിശേഷ സഭയ്‌ക്ക്‌ അവൻ അടിത്തറ പാകിയിരുന്നു.—പ്രവൃ. 2:41, 42; 4:4; 6:7.

2, 3. (എ) സ്‌നാനമേറ്റ പുരുഷന്മാർ സേവനപദവികളിൽ എത്തിച്ചേരാൻ യത്‌നിക്കേണ്ടത്‌ അടിയന്തിരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌? (ബി) ഈ ലേഖനത്തിൽ എന്തു പഠിക്കും?

2 ലോകമെമ്പാടും ഒരുലക്ഷത്തിൽപ്പരം സഭകളിലായി 70 ലക്ഷത്തിലധികം രാജ്യഘോഷകരാണുള്ളത്‌. അതുകൊണ്ട്‌ സഭകളിൽ ആത്മീയ കാര്യങ്ങൾക്കു നേതൃത്വംവഹിക്കാൻ യോഗ്യതയുള്ള പുരുഷന്മാരെ ഇനിയും ആവശ്യമുണ്ട്‌; വിശേഷിച്ച്‌ ക്രിസ്‌തീയ മൂപ്പന്മാരെ. ഈ സേവനപദവിയിൽ എത്തിച്ചേരാൻ യത്‌നിക്കുന്നവർ അഭിനന്ദനമർഹിക്കുന്നു. കാരണം, അവർ ‘നല്ല വേലയാണ്‌ ആഗ്രഹിക്കുന്നത്‌.’—1 തിമൊ. 3:1.

3 എന്നാൽ സഭാ പദവികൾക്കുവേണ്ട യോഗ്യത ഒരു വ്യക്തിയിൽ താനേ ഉണ്ടാകില്ല. ലൗകിക വിദ്യാഭ്യാസമോ ജീവിതാനുഭവമോ അല്ല ഒരു സഹോദരനെ ഈ സേവനത്തിന്‌ സജ്ജനാക്കുന്നത്‌. ആ പദവി ശരിയാംവണ്ണം നിർവഹിക്കാൻ കഴിയണമെങ്കിൽ ഒരു വ്യക്തി ആത്മീയ യോഗ്യതകളിൽ എത്തിച്ചേരേണ്ടതുണ്ട്‌. പ്രാപ്‌തികളെക്കാളും നേട്ടങ്ങളെക്കാളും ഉപരി അദ്ദേഹത്തിന്‌ ആത്മീയ ഗുണങ്ങൾ ഉണ്ടായിരിക്കണം. അത്തരം യോഗ്യതകളിൽ എത്തിച്ചേരാൻ സഭയിലെ സഹോദരന്മാരെ എങ്ങനെ സഹായിക്കാം? “തികഞ്ഞ അഭ്യസനം ലഭിച്ചവനെല്ലാം തന്റെ ഗുരുവിനെപ്പോലെ ആയിരിക്കും” എന്ന്‌ യേശു പറയുകയുണ്ടായി. (ലൂക്കോ. 6:40) കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കാൻവേണ്ട യോഗ്യതകളിൽ എത്തിച്ചേരാൻ യേശുക്രിസ്‌തു എന്ന മഹാനായ അധ്യാപകൻ തന്റെ ശിഷ്യന്മാരെ സഹായിച്ച ചില വിധങ്ങൾ നമുക്ക്‌ ഇപ്പോൾ പരിശോധിക്കാം. അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും എന്നും നോക്കാം.

“ഞാനോ നിങ്ങളെ സ്‌നേഹിതന്മാർ എന്നു വിളിച്ചിരിക്കുന്നു”

4. യേശു തന്റെ ശിഷ്യന്മാരുടെ ഉറ്റസുഹൃത്തായിരുന്നു എന്ന്‌ പറയാവുന്നത്‌ എന്തുകൊണ്ട്‌?

4 യേശു തന്റെ ശിഷ്യന്മാരെ തന്നെക്കാൾ താഴ്‌ന്നവരായിട്ടല്ല പിന്നെയോ സുഹൃത്തുക്കളായിട്ടാണ്‌ കണ്ടത്‌. അവൻ അവരോടൊപ്പം സമയം ചെലവഴിക്കുകയും മനസ്സുതുറന്ന്‌ അവരോട്‌ സംസാരിക്കുകയും ‘പിതാവിൽനിന്നു കേട്ടതൊക്കെയും അറിയിക്കുകയും’ ചെയ്‌തു. (യോഹന്നാൻ 15:15 വായിക്കുക.) “നിന്റെ സാന്നിധ്യത്തിന്റെയും യുഗസമാപ്‌തിയുടെയും അടയാളം എന്തായിരിക്കും” എന്ന ചോദ്യത്തിന്‌ യേശു ഉത്തരം നൽകിയപ്പോൾ അവർക്കുണ്ടായ സന്തോഷം നിങ്ങൾക്ക്‌ ഊഹിക്കാനാകുന്നുണ്ടോ? (മത്താ. 24:3, 4) അവൻ അവരുമായി തന്റെ സ്വകാര്യചിന്തകളും വികാരങ്ങളും പോലും പങ്കുവെച്ചു. ഉദാഹരണത്തിന്‌, താൻ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയിൽ ഗെത്ത്‌ശെമനത്തോട്ടത്തിൽ പ്രാർഥിക്കാൻ പോയപ്പോൾ യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂടെക്കൊണ്ടുപോയി. യേശുവിന്റെ പ്രാർഥന അവർ കേട്ടിരിക്കാനിടയില്ലെങ്കിലും അവൻ ഹൃദയംനൊന്തു പ്രാർഥിക്കുന്നത്‌ അവർ കണ്ടിരിക്കണം. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കാൻ അതവരെ സഹായിച്ചിരിക്കും. (മർക്കോ. 14:33-38) മുമ്പ്‌ യേശു രൂപാന്തരപ്പെട്ടപ്പോഴും ഇവർ മൂവരും അവനോടൊപ്പം ഉണ്ടായിരുന്നു. ആ കാഴ്‌ച അവരിൽ ചെലുത്തിയ പ്രഭാവം എത്ര ശക്തമായിരുന്നിരിക്കണം! (മർക്കോ. 9:2-8; 2 പത്രോ. 1:16-18) യേശുവിനു ശിഷ്യന്മാരുമായി ഉണ്ടായിരുന്ന ആ ഉറ്റബന്ധം പിൽക്കാലത്ത്‌ ഭാരിച്ച ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻവേണ്ട കരുത്ത്‌ അവർക്കു പകർന്നു.

5. മൂപ്പന്മാർക്ക്‌ മറ്റുള്ളവരെ സഹായിക്കാനാകുന്ന ചില വിധങ്ങളേവ?

5 യേശുവിന്റെ മാതൃക അനുകരിക്കുന്ന മൂപ്പന്മാർ മറ്റുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നു. സഹവിശ്വാസികളോട്‌ ആത്മാർഥ താത്‌പര്യം കാണിക്കാൻ സമയമെടുത്തുകൊണ്ട്‌ അവരുമായി ഒരു ഉറ്റബന്ധം അവർ വളർത്തിയെടുക്കുന്നു. രഹസ്യസ്വഭാവമുള്ള വിവരങ്ങൾ വെളിപ്പെടുത്തില്ലെങ്കിലും അവർ മറ്റുള്ളവരോട്‌ തുറന്നു സംസാരിക്കുന്നവരായിരിക്കും. സഹോദരന്മാരെ വിശ്വസിക്കുന്നവരാണ്‌ മൂപ്പന്മാർ. ദൈവവചനത്തിൽനിന്ന്‌ തങ്ങൾ മനസ്സിലാക്കിയ വിവരങ്ങളെക്കുറിച്ച്‌ അവർ അവരോട്‌ സംസാരിക്കും. ഒരു ശുശ്രൂഷാദാസനെ, അദ്ദേഹം പ്രായംകുറഞ്ഞ ഒരാളാണെങ്കിൽക്കൂടെ, തങ്ങളെക്കാൾ താഴ്‌ന്നവനായി അവർ ഒരിക്കലും കാണില്ല. സഭയിൽ വിലപ്പെട്ട സേവനമനുഷ്‌ഠിക്കുന്ന, കൂടുതൽ പുരോഗതി പ്രാപിക്കാൻ സാധ്യതയുള്ള ആത്മീയ വ്യക്തിയായിട്ടാണ്‌ മൂപ്പന്മാർ അദ്ദേഹത്തെ കാണുന്നത്‌.

“ഞാൻ നിങ്ങൾക്കു മാതൃകവെച്ചിരിക്കുന്നു”

6, 7. ശിഷ്യന്മാർക്ക്‌ യേശു നല്ല മാതൃക ആയിരുന്നത്‌ എങ്ങനെ, അത്‌ അവരെ എപ്രകാരം സ്വാധീനിച്ചു?

6 യേശുവിന്റെ ശിഷ്യന്മാർ ആത്മീയ മനസ്‌കരായിരുന്നെങ്കിലും അവർ വളർന്നുവന്ന സാഹചര്യവും സംസ്‌കാരവും ഇടയ്‌ക്കൊക്കെ അവരുടെ ചിന്തയെ വികലമാക്കി. (മത്താ. 19:9, 10; ലൂക്കോ. 9:46-48; യോഹ. 4:27) പക്ഷേ യേശു അവരെ കുറ്റപ്പെടുത്തുകയോ അവരോടു കയർക്കുകയോ ചെയ്‌തില്ല; അവരെക്കൊണ്ട്‌ ആകുന്നതിലധികം അവരോട്‌ ആവശ്യപ്പെട്ടതുമില്ല. താൻ ചെയ്യാത്ത ഒരു കാര്യം ചെയ്യാൻ അവൻ അവരോടു പറഞ്ഞില്ല; പകരം, അവർ ചെയ്യേണ്ട കാര്യം അവൻതന്നെ ചെയ്‌തു കാണിച്ചു.—യോഹന്നാൻ 13:15 വായിക്കുക.

7 യേശു തന്റെ ശിഷ്യന്മാർക്ക്‌ മാതൃകയായിരുന്നത്‌ എങ്ങനെയാണ്‌? (1 പത്രോ. 2:21) ലളിതമായ ഒരു ജീവിതം നയിച്ചതിനാൽ മറ്റുള്ളവരെ ശുശ്രൂഷിക്കാൻ അവനു കഴിഞ്ഞു. (ലൂക്കോ. 9:58) എളിമയുള്ളവനായിരുന്ന യേശു തിരുവെഴുത്തുകളെ ആധാരമാക്കിയാണ്‌ എപ്പോഴും പഠിപ്പിച്ചത്‌. (യോഹ. 5:19; 17:14, 17) അവൻ കരുണാമയനും മറ്റുള്ളവർക്ക്‌ സമീപിക്കാവുന്നവനും ആയിരുന്നു. അവന്റെ പ്രവൃത്തികളെ നയിച്ചത്‌ സ്‌നേഹമാണ്‌. (മത്താ. 19:13-15; യോഹ. 15:12) യേശുവിന്റെ നല്ല മാതൃക അവന്റെ അപ്പൊസ്‌തലന്മാരുടെ ജീവിതത്തെ ഏറെ സ്വാധീനിച്ചു. വധിക്കപ്പെടുന്നതുവരെ ദൈവത്തെ വിശ്വസ്‌തമായി സേവിക്കാൻ യാക്കോബിന്‌ ധൈര്യം പകർന്നത്‌ ആ മാതൃകയാണ്‌. (പ്രവൃ. 12:1, 2) 60-ലധികം വർഷം യേശുവിന്റെ കാൽച്ചുവടുകൾ വിശ്വസ്‌തമായി പിന്തുടരാൻ യോഹന്നാന്‌ കഴിഞ്ഞു.—വെളി. 1:1, 2, 9.

8. ചെറുപ്പക്കാരായ സഹോദരന്മാർക്കും മറ്റുള്ളവർക്കും മൂപ്പന്മാർ എന്തു മാതൃക വെക്കുന്നു?

8 ത്യാഗങ്ങൾ ചെയ്യാൻ ഒരുക്കമുള്ള, താഴ്‌മയും സ്‌നേഹവും പ്രകടിപ്പിക്കുന്ന മൂപ്പന്മാർ ചെറുപ്പക്കാരായ സഹോദരന്മാർക്ക്‌ നല്ല മാതൃകയാണ്‌. (1 പത്രോ. 5:2, 3) വിശ്വാസത്തിലും പ്രബോധനത്തിലും ക്രിസ്‌തീയ ജീവിതത്തിലും ശുശ്രൂഷയിലും മാതൃകായോഗ്യരായ മൂപ്പന്മാർക്ക്‌, തങ്ങളുടെ വിശ്വാസം മറ്റുള്ളവർക്ക്‌ അനുകരിക്കാനാകുന്നതിൽ സന്തോഷിക്കാം.—എബ്രാ. 13:7.

‘കൽപ്പന കൊടുത്ത്‌ യേശു അവരെ പറഞ്ഞയച്ചു’

9. സുവിശേഷവേല നിർവഹിക്കാൻ യേശു ശിഷ്യന്മാർക്ക്‌ പരിശീലനം നൽകി എന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

9 രണ്ടുവർഷത്തോളം തീക്ഷ്‌ണതയോടെ ശുശ്രൂഷ നിർവഹിച്ചതിനുശേഷം തന്റെ 12 അപ്പൊസ്‌തലന്മാരെ അയച്ചുകൊണ്ട്‌ യേശു പ്രസംഗവേല വിപുലമാക്കി. എന്നാൽ, വേണ്ട നിർദേശങ്ങൾ നൽകിയശേഷമാണ്‌ അവൻ അവരെ പറഞ്ഞയച്ചത്‌. (മത്താ. 10:5-14) ആയിരങ്ങളെ അത്ഭുതകരമായി പോഷിപ്പിക്കുന്നതിനുമുമ്പ്‌, ജനത്തെ എങ്ങനെയാണ്‌ ഇരുത്തേണ്ടതെന്നും അവർക്ക്‌ എങ്ങനെയാണ്‌ ഭക്ഷണം വിതരണം ചെയ്യേണ്ടതെന്നും യേശു ശിഷ്യന്മാർക്ക്‌ പറഞ്ഞുകൊടുത്തു. (ലൂക്കോ. 9:12-17) അതെ, വ്യക്തവും കൃത്യവുമായ നിർദേശങ്ങൾ നൽകിക്കൊണ്ട്‌ യേശു ശിഷ്യന്മാരെ പരിശീലിപ്പിച്ചു. ഇത്തരത്തിലുള്ള പരിശീലനവും പരിശുദ്ധാത്മാവിന്റെ ശക്തമായ വഴിനടത്തിപ്പുമാണ്‌ എ.ഡി. 33-ലും അതിനുശേഷവും നടന്ന ബൃഹത്തായ പ്രസംഗവേല സംഘടിപ്പിക്കാൻ അപ്പൊസ്‌തലന്മാരെ പ്രാപ്‌തരാക്കിയത്‌.

10, 11. പുതിയവരെ ഘട്ടംഘട്ടമായി എങ്ങനെ പരിശീലിപ്പിക്കാം?

10 ഇന്ന്‌, ഒരു വ്യക്തി ബൈബിളധ്യയനം സ്വീകരിക്കുന്നതോടെ അദ്ദേഹത്തിന്റെ പരിശീലനം ആരംഭിക്കുകയാണ്‌. നന്നായി വായിക്കാൻ അദ്ദേഹത്തെ സഹായിക്കേണ്ടതുണ്ടാകാം. അധ്യയനവേളകളിൽ അദ്ദേഹത്തിന്‌ ആവശ്യമായ സഹായം നാം നൽകുന്നു. ക്രിസ്‌തീയ യോഗങ്ങളിൽ ക്രമമായി സംബന്ധിക്കാൻ തുടങ്ങുന്നതോടെ ആത്മീയമായി പുരോഗമിക്കാൻ കൂടുതൽ പരിശീലനം ലഭിക്കുകയായി: ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽ പങ്കെടുക്കാനും സ്‌നാനമേറ്റിട്ടില്ലാത്ത പ്രസാധകനാകാനും ഒക്കെ അദ്ദേഹത്തിനു സാധിക്കും. സ്‌നാനശേഷം ഒരു സഹോദരന്‌ രാജ്യഹാളിന്റെ അറ്റകുറ്റപണികൾപോലുള്ള കാര്യങ്ങൾ ചെയ്യാൻ പരിശീലനം ലഭിച്ചേക്കാം. ശുശ്രൂഷാദാസനായി യോഗ്യത പ്രാപിക്കാൻ എന്തൊക്കെ പുരോഗതി വരുത്തണം എന്ന്‌ കാലാന്തരത്തിൽ മൂപ്പന്മാർ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തും.

11 സ്‌നാനമേറ്റ ഒരു സഹോദരന്‌ എന്തെങ്കിലും നിയമനം നൽകുമ്പോൾ, അത്‌ നിർവഹിക്കുന്നതു സംബന്ധിച്ച സംഘടനയുടെ നിർദേശങ്ങളും അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഒരു മൂപ്പൻ നൽകും. താൻ എന്താണ്‌ ചെയ്യേണ്ടതെന്ന്‌ നിയമനം ലഭിക്കുന്ന സഹോദരന്‌ വ്യക്തമാകണം. തന്നെ ഭരമേൽപ്പിച്ച ഉത്തരവാദിത്വം നിർവഹിക്കാൻ ഒരു സഹോദരൻ ബുദ്ധിമുട്ടുന്നെങ്കിൽ അദ്ദേഹത്തിന്‌ അതു സാധിക്കില്ലെന്ന്‌ സ്‌നേഹസമ്പന്നനായ ഒരു മൂപ്പൻ തിടുക്കത്തിൽ നിഗമനംചെയ്യില്ല. പകരം, എവിടെയാണ്‌ മെച്ചപ്പെടേണ്ടതെന്നും എങ്ങനെയാണ്‌ അത്‌ കൈകാര്യം ചെയ്യേണ്ടതെന്നും ആ മൂപ്പൻ വീണ്ടും പറഞ്ഞുകൊടുക്കും. ഇത്തരം പരിശീലനം പ്രയോജനപ്പെടുത്തുകയും അങ്ങനെ മറ്റുള്ളവരെ സേവിക്കുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷം ആസ്വദിക്കുകയും ചെയ്യുന്ന പുരുഷന്മാരെ കാണുന്നത്‌ മൂപ്പന്മാർക്ക്‌ വളരെ സന്തോഷമാണ്‌.—പ്രവൃ. 20:35.

“ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു”

12. യേശു നൽകിയ ബുദ്ധിയുപദേശങ്ങൾ ഫലവത്തായിരുന്നത്‌ എന്തുകൊണ്ട്‌?

12 ശിഷ്യന്മാരിൽ ഓരോരുത്തർക്കും വ്യക്തിപരമായി ബുദ്ധിയുപദേശം നൽകിക്കൊണ്ടും യേശു അവരെ പരിശീലിപ്പിച്ചു. ഉദാഹരണത്തിന്‌, തന്നെ കൈക്കൊള്ളാതിരുന്ന ചില ശമര്യക്കാരുടെമേൽ ആകാശത്തുനിന്ന്‌ തീ ഇറക്കാൻ ആഗ്രഹിച്ച യാക്കോബിനെയും യോഹന്നാനെയും അവൻ ശാസിക്കുകയുണ്ടായി. (ലൂക്കോ. 9:52-55) ഒരിക്കൽ, ദൈവരാജ്യത്തിലെ പ്രമുഖസ്ഥാനങ്ങൾ തങ്ങൾക്കു നൽകണമെന്ന്‌ യാക്കോബും യോഹന്നാനും അവരുടെ അമ്മ മുഖാന്തരം ആവശ്യപ്പെട്ടപ്പോൾ യേശു അവർ ഇരുവരോടുമായി പറഞ്ഞു: “എന്റെ വലത്തോ ഇടത്തോ ഇരുത്തുന്നതു ഞാനല്ല. ആ സ്ഥാനങ്ങൾ എന്റെ പിതാവ്‌ ആർക്കുവേണ്ടി ഒരുക്കിയിരിക്കുന്നുവോ അവർക്കുള്ളതാണ്‌.” (മത്താ. 20:20-23) യേശു നൽകിയ ബുദ്ധിയുപദേശങ്ങളെല്ലാം വ്യക്തവും പ്രായോഗികവും ദൈവികതത്ത്വങ്ങളിൽ അധിഷ്‌ഠിതവുമായിരുന്നു. ഇത്തരം തത്ത്വങ്ങളെക്കുറിച്ചു ചിന്തിച്ച്‌ അതിന്റെ അടിസ്ഥാനത്തിൽ നിഗമനങ്ങളിൽ എത്തിച്ചേരേണ്ടത്‌ എങ്ങനെയെന്ന്‌ അവൻ തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്താ. 17:24-27) തന്റെ അനുഗാമികളുടെ പരിമിതികൾ മനസ്സിലാക്കിയ യേശു അവരിൽനിന്ന്‌ പൂർണത പ്രതീക്ഷിച്ചതുമില്ല. യഥാർഥ സ്‌നേഹമാണ്‌ ആ ബുദ്ധിയുപദേശങ്ങൾ നൽകാൻ അവനെ പ്രേരിപ്പിച്ചത്‌.—യോഹ. 13:1.

13, 14. (എ) ആർക്കെല്ലാം ബുദ്ധിയുപദേശം ആവശ്യമാണ്‌? (ബി) ആത്മീയമായി പുരോഗമിക്കാത്ത വ്യക്തിക്ക്‌ മൂപ്പന്മാർ എന്തു ബുദ്ധിയുപദേശങ്ങൾ നൽകിയേക്കാം? ഉദാഹരിക്കുക.

13 ക്രിസ്‌തീയ സഭയിലെ സേവനപദവികൾക്കായി പരിശ്രമിക്കുന്ന ഒരോ പുരുഷനും എപ്പോഴെങ്കിലുമൊക്കെ തിരുത്തലോ തിരുവെഴുത്തു ബുദ്ധിയുപദേശമോ വേണ്ടിവരും. “ജ്ഞാനിയോ ആലോചന കേട്ടനുസരിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 12:15 പറയുന്നു. “സ്വന്തം കുറവുകളായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്‌നം. ഒരു മൂപ്പൻ തന്ന ഉപദേശമാണ്‌ ഇതേക്കുറിച്ച്‌ ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കാൻ എന്നെ സഹായിച്ചത്‌.” ഒരു യുവസഹോദരൻ പറഞ്ഞതാണ്‌ ഇങ്ങനെ.

14 അനഭിലഷണീയമായ എന്തെങ്കിലും പ്രവൃത്തി ഒരുവന്റെ ആത്മീയ പുരോഗതിയെ തടയുന്നതായി കാണുന്നെങ്കിൽ സൗമ്യതയുടെ ആത്മാവിൽ അദ്ദേഹത്തെ യഥാസ്ഥാനപ്പെടുത്താൻ മൂപ്പന്മാർ മുൻകൈയെടുക്കും. (ഗലാ. 6:1) ചിലപ്പോൾ, മനോഭാവത്തിൽ മാറ്റം വരുത്താൻ ചിലർക്ക്‌ ബുദ്ധിയുപദേശം ആവശ്യമായിവരും. ഉദാഹരണത്തിന്‌, ഒരു സഹോദരൻ തന്നെക്കൊണ്ടാവുന്നത്ര ചെയ്യാൻ മനസ്സുകാണിക്കുന്നില്ലെങ്കിൽ, യേശു തീക്ഷ്‌ണതയുള്ള ഒരു രാജ്യഘോഷകനായിരുന്നു എന്നും തന്നെ അനുകരിക്കാൻ അവൻ തന്റെ അനുഗാമികളോടു കൽപ്പിച്ചു എന്നും ഒരു മൂപ്പന്‌ അദ്ദേഹത്തോട്‌ പറയാനാകും. (മത്താ. 28:19, 20; ലൂക്കോ. 8:1) ഒരു സഹോദരൻ സഭയിൽ സ്ഥാനമാനങ്ങൾ മോഹിക്കുന്നതായി കാണുന്നെങ്കിലോ? പ്രാമുഖ്യത നേടാൻ ആഗ്രഹിക്കുന്നതിലെ അപകടം തിരിച്ചറിയാൻ, യേശു തന്റെ ശിഷ്യന്മാരെ സഹായിച്ച വിധം ഒരു മൂപ്പൻ ആ സഹോദരന്റെ ശ്രദ്ധയിൽപ്പെടുത്തിയേക്കാം. (ലൂക്കോ. 22:24-27) ക്ഷമിക്കാൻ പൊതുവെ മനസ്സില്ലാത്തതായിരിക്കാം മറ്റൊരാളുടെ പ്രശ്‌നം. വലിയൊരു കടം ഇളച്ചുകിട്ടിയിട്ടും ചെറിയൊരു കടം ഇളച്ചുകൊടുക്കാൻ വിസമ്മതിച്ച ദാസന്റെ ദൃഷ്ടാന്തം ഉപയോഗിക്കുന്നത്‌ ഈ അവസരത്തിൽ ഗുണംചെയ്‌തേക്കാം. (മത്താ. 18:21-35) ബുദ്ധിയുപദേശം ആവശ്യമാണെങ്കിൽ മൂപ്പന്മാർ അത്‌ കഴിവതും നേരത്തേ നൽകുന്നത്‌ നന്നായിരിക്കും. “സുഗന്ധതൈലവും ധൂപവർഗ്ഗവും ഹൃദയത്തെ ആഹ്ലാദിപ്പിക്കുന്നു; സ്‌നേഹിതന്റെ ഉപദേശവും ഒരു മനുഷ്യന്‌ അങ്ങനെതന്നേ” എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു.—സദൃശവാക്യങ്ങൾ 27:9, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

“പരിശീലനം നേടുക”

15. മറ്റുള്ളവരെ സേവിക്കാൻ ഒരു സഹോദരനെ കുടുംബാംഗങ്ങൾക്ക്‌ എങ്ങനെ സഹായിക്കാം?

15 സേവനപദവികളിൽ എത്തിച്ചേരാൻ സഹോദരന്മാരെ പരിശീലിപ്പിക്കുന്നത്‌ പ്രധാനമായും മൂപ്പന്മാരാണെങ്കിലും മറ്റുള്ളവർക്കും ഇക്കാര്യത്തിൽ ചിലതൊക്കെ ചെയ്യാനാകും. ഉദാഹരണത്തിന്‌, ഉത്തരവാദിത്വസ്ഥാനങ്ങൾക്കുവേണ്ട യോഗ്യത നേടാൻ ഒരു വ്യക്തിയെ കുടുംബാംഗങ്ങൾക്കു സഹായിക്കാനാകും, അവർ അതു ചെയ്യുകയും വേണം. ഇനി അദ്ദേഹം ഒരു മൂപ്പനാണെങ്കിൽ ഭാര്യയും മക്കളും സ്‌നേഹപൂർവം ചെയ്യുന്ന ത്യാഗങ്ങളും നൽകുന്ന പിന്തുണയും അദ്ദേഹത്തിനൊരു മുതൽക്കൂട്ടായിരിക്കും. സഭയ്‌ക്കുവേണ്ടി സമയവും ഊർജവും നീക്കിവെക്കാൻ കുടുംബാംഗങ്ങൾ മനസ്സോടെ അദ്ദേഹത്തെ അനുവദിച്ചാൽ ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിർവഹിക്കാനും അതിന്റെ സന്തോഷം ആസ്വദിക്കാനും അദ്ദേഹത്തിനു കഴിയും. ത്യാഗങ്ങൾ ചെയ്യാനുള്ള അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ മനസ്സൊരുക്കം നാമെല്ലാം അതിയായി വിലമതിക്കുന്നു.—സദൃ. 15:20; 31:10, 23.

16. (എ) സേവനപദവികൾക്കായുള്ള യോഗ്യതയിൽ എത്തിച്ചേരാൻ മുഖ്യമായും ശ്രമിക്കേണ്ടത്‌ ആരാണ്‌? (ബി) സഭയിലെ സേവനപദവികളിൽ എത്തിച്ചേരാൻ ഒരു സഹോദരൻ എന്തു ചെയ്യണം?

16 പിന്തുണ നൽകാൻ മറ്റുള്ളവർക്കാകുമെങ്കിലും സേവനപദവികൾക്കായുള്ള യോഗ്യതയിൽ എത്തിച്ചേരാൻ മുഖ്യമായും ശ്രമിക്കേണ്ടത്‌ ആ വ്യക്തിതന്നെയാണ്‌. (ഗലാത്യർ 6:5 വായിക്കുക.) പ്രസംഗവേലയിൽ തന്റെ പരമാവധി ചെയ്യാനോ മറ്റുള്ളവരെ സഹായിക്കാനോ ഒരു സഹോദരൻ ശുശ്രൂഷാദാസനോ മൂപ്പനോ ആയിരിക്കേണ്ടതില്ല എന്നത്‌ ശരിതന്നെ. എന്നാൽ സഭയിലെ സേവനപദവികളിൽ എത്തിച്ചേരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി തിരുവെഴുത്തുകൾ വെച്ചിരിക്കുന്ന യോഗ്യതകൾ നേടേണ്ടതുണ്ട്‌. (1 തിമൊ. 3:1-13; തീത്തൊ. 1:5-9; 1 പത്രോ. 5:1-3) അതുകൊണ്ട്‌, ഒരു ശുശ്രൂഷാദാസനോ മൂപ്പനോ ആയി സേവിക്കാൻ ആഗ്രഹിച്ചിട്ടും ഇതുവരെ ആ നിയമനം ലഭിച്ചിട്ടില്ലാത്ത ഒരു സഹോദരൻ താൻ പുരോഗമിക്കേണ്ട വശം മനസ്സിലാക്കി മെച്ചപ്പെടാൻ ശ്രമിക്കണം. അതിന്‌ അദ്ദേഹം ക്രമമായി ബൈബിൾ വായിക്കുകയും ശുഷ്‌കാന്തിയോടെ പഠിക്കുകയും ഗൗരവമായി ധ്യാനിക്കുകയും ഹൃദയംഗമമായി പ്രാർഥിക്കുകയും തീക്ഷ്‌ണതയോടെ ക്രിസ്‌തീയ ശുശ്രൂഷയിൽ ഏർപ്പെടുകയും വേണം. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ, “ദൈവഭക്തിയെ ലാക്കാക്കി പരിശീലനം നേടുക” എന്ന്‌ പൗലോസ്‌ തിമൊഥെയൊസിനു നൽകിയ ബുദ്ധിയുപദേശം അനുസരിക്കുകയായിരിക്കും അദ്ദേഹം.—1 തിമൊ. 4:7.

17, 18. ഉത്‌കണ്‌ഠയോ അപര്യാപ്‌തതാബോധമോ ആഗ്രഹമില്ലായ്‌മയോ ആണ്‌ സ്‌നാനമേറ്റ ഒരു സഹോദരന്‌ തടസ്സമാകുന്നതെങ്കിൽ അദ്ദേഹത്തിന്‌ എന്തു ചെയ്യാനാകും?

17 ഉത്‌കണ്‌ഠയോ അപര്യാപ്‌തതാബോധമോ നിമിത്തമാണ്‌ ഒരു സഹോദരൻ സേവനപദവികൾക്കായി യത്‌നിക്കാൻ മടിക്കുന്നതെങ്കിലോ? യഹോവയാംദൈവവും യേശുക്രിസ്‌തുവും നമ്മെ എത്രമാത്രം സഹായിക്കുന്നു എന്നോർക്കുന്നത്‌ നന്നായിരിക്കും. യഹോവ ‘നാൾതോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്നു’ എന്ന്‌ തിരുവെഴുത്തുകൾ പറയുന്നു. (സങ്കീ. 68:19) സഭാ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനും നമ്മുടെ സ്വർഗീയപിതാവിന്‌ ഒരു സഹോദരനെ സഹായിക്കാനാകും. ഉത്തരവാദിത്വങ്ങൾ ഏൽക്കാൻ യോഗ്യതയുള്ള പക്വമതികളായ പുരുഷന്മാരെ ദൈവത്തിന്റെ സംഘടനയിൽ ഏറെ ആവശ്യമുണ്ടെന്ന കാര്യവും ശുശ്രൂഷാദാസനോ മൂപ്പനോ അല്ലാത്ത സഹോദരൻ ഓർക്കുന്നത്‌ നല്ലതാണ്‌. നിരുത്സാഹപ്പെടുത്തുന്ന ചിന്തകളെ മറികടക്കാൻ ഇത്തരം ചിന്തകൾ അദ്ദേഹത്തിനു പ്രേരണയേകും. ഉത്‌കണ്‌ഠയും അപര്യാപ്‌തതാബോധവും അകറ്റാൻ സഹായിക്കുന്ന ഗുണങ്ങളായ സമാധാനവും ആത്മനിയന്ത്രണവും വളർത്താൻ പരിശുദ്ധാത്മാവിനു സഹായിക്കാനാകുമെന്നതിനാൽ അദ്ദേഹം അതിനായി പ്രാർഥിക്കേണ്ടതാണ്‌. (ലൂക്കോ. 11:13; ഗലാ. 5:22, 23) ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേരാൻ ശരിയായ ആന്തരത്തോടെ പരിശ്രമിക്കുന്നവരെയെല്ലാം യഹോവ അനുഗ്രഹിക്കും എന്ന്‌ ഉറപ്പുണ്ടായിരിക്കുക.

18 സേവനപദവികളിൽ എത്തിച്ചേരണമെന്ന ആഗ്രഹമില്ലാത്തതാണ്‌ സ്‌നാനമേറ്റ ഒരു സഹോദരന്റെ പ്രശ്‌നമെങ്കിലോ? അദ്ദേഹത്തിന്‌ എന്തു സഹായം ലഭ്യമാണ്‌? “നിങ്ങൾക്ക്‌ ഇച്ഛിക്കാനും പ്രവർത്തിക്കാനും കഴിയേണ്ടതിന്‌ തന്റെ പ്രസാദപ്രകാരം നിങ്ങളിൽ പ്രവർത്തിക്കുന്നതു ദൈവമാകുന്നു” എന്ന്‌ പൗലോസ്‌ അപ്പൊസ്‌തലൻ എഴുതി. (ഫിലി. 2:13) സഹോദരങ്ങളെ സേവിക്കാനും ദൈവഹിതം നിവർത്തിക്കാനും ഉള്ള ആഗ്രഹവും ശക്തിയും നൽകുന്നത്‌ ദൈവമാണ്‌. (ഫിലി. 4:13) അതുകൊണ്ട്‌ ശരിയായത്‌ ചെയ്യാൻ തന്നെ പ്രാപ്‌തനാക്കേണമേ എന്ന്‌ ദൈവത്തോടു പ്രാർഥിക്കാൻ അദ്ദേഹത്തിനാകും.—സങ്കീ. 25:4, 5.

19. “ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും” എഴുന്നേൽപ്പിക്കും എന്ന പ്രവചനം നമുക്ക്‌ എന്ത്‌ ഉറപ്പ്‌ നൽകുന്നു?

19 മറ്റുള്ളവരെ പരിശീലിപ്പിക്കാൻ മൂപ്പന്മാർ ചെയ്യുന്ന ശ്രമങ്ങളെ യഹോവ അനുഗ്രഹിക്കും. ഈ പരിശീലനത്തിൽനിന്നു പ്രയോജനംനേടി സഭയിലെ സേവനപദവികൾക്കായി യത്‌നിക്കുന്നവർക്കും അവന്റെ അനുഗ്രഹമുണ്ടാകും. ദൈവജനത്തിന്റെ ഇടയിൽനിന്ന്‌ “ഏഴു ഇടയന്മാരെയും എട്ടു മാനുഷപ്രഭുക്കന്മാരെയും,” അതായത്‌ പ്രാപ്‌തരായ വേണ്ടത്ര പുരുഷന്മാരെ യഹോവയുടെ സംഘടനയെ നയിക്കാനായി എഴുന്നേൽപ്പിക്കും എന്ന്‌ തിരുവെഴുത്തുകൾ ഉറപ്പുനൽകുന്നു. (മീഖാ 5:5) പരിശീലനംനേടി താഴ്‌മയോടെ ഉത്തരവാദിത്വസ്ഥാനങ്ങൾക്കായി യത്‌നിക്കുന്ന അനേകം ക്രിസ്‌തീയ പുരുഷന്മാർ നമുക്കിടയിലുണ്ട്‌. അവരുടെ ശ്രമങ്ങൾ യഹോവയ്‌ക്കു മഹത്ത്വം കരേറ്റുന്നതോടൊപ്പം നമുക്ക്‌ അനേകം അനുഗ്രഹങ്ങളും കൈവരുത്തുന്നു!

ഉത്തരം പറയാമോ?

• കൂടുതൽ ഉത്തരവാദിത്വങ്ങൾ വഹിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പരിശീലിപ്പിച്ചത്‌ എങ്ങനെ?

• നേതൃത്വംവഹിക്കാൻ സഭയിലുള്ളവരെ പരിശീലിപ്പിക്കുമ്പോൾ മൂപ്പന്മാർക്ക്‌ എങ്ങനെ യേശുവിനെ അനുകരിക്കാം?

• സഭയെ സേവിക്കാൻ ഒരു സഹോദരനെ കുടുംബാംഗങ്ങൾക്ക്‌ എങ്ങനെ സഹായിക്കാം?

• സേവനപദവികൾക്കുവേണ്ട യോഗ്യത നേടാൻ ഒരുവൻ എന്തൊക്കെ ചെയ്യണം?

[അധ്യയന ചോദ്യങ്ങൾ]

[31-ാം പേജിലെ ചിത്രം]

പുരോഗമിക്കാൻ ആഗ്രഹിക്കുന്ന ബൈബിൾ വിദ്യാർഥിയെ നിങ്ങൾക്ക്‌ എങ്ങനെ പരിശീലിപ്പിക്കാം?

[32-ാം പേജിലെ ചിത്രം]

സേവനപദവികൾക്കായി യത്‌നിക്കുന്നുവെന്ന്‌ ഒരു പുരുഷന്‌ എങ്ങനെ തെളിയിക്കാം?