ലൂക്കോസ്‌ എഴുതിയത്‌ 11:1-54

11  യേശു ഒരിടത്ത്‌ പ്രാർഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. പ്രാർഥി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ ഒരു ശിഷ്യൻ യേശു​വി​നോട്‌, “കർത്താവേ, യോഹ​ന്നാൻ തന്റെ ശിഷ്യ​ന്മാ​രെ പ്രാർഥി​ക്കാൻ പഠിപ്പി​ച്ച​തു​പോ​ലെ ഞങ്ങളെ​യും പഠിപ്പി​ക്കേ​ണമേ” എന്നു പറഞ്ഞു.  അപ്പോൾ യേശു അവരോ​ടു പറഞ്ഞു: “പ്രാർഥി​ക്കു​മ്പോൾ നിങ്ങൾ ഇങ്ങനെ പ്രാർഥി​ക്കണം: ‘പിതാവേ, അങ്ങയുടെ പേര്‌ പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ.+ അങ്ങയുടെ രാജ്യം വരേണമേ.+  അന്നന്നു വേണ്ട ആഹാരം* ഞങ്ങൾക്ക്‌ അന്നന്നു തരേണമേ.+  ഞങ്ങളോ​ടു കടപ്പെ​ട്ടി​രി​ക്കുന്ന എല്ലാവ​രോ​ടും ഞങ്ങൾ ക്ഷമിക്കു​ന്ന​തു​പോ​ലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോ​ടും ക്ഷമി​ക്കേ​ണമേ.+ ഞങ്ങളെ പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടു​ത്ത​രു​തേ.’”+  പിന്നെ യേശു അവരോ​ടു പറഞ്ഞു: “നിങ്ങളിൽ ഒരാൾക്ക്‌ ഒരു കൂട്ടു​കാ​ര​നു​ണ്ടെന്നു വിചാ​രി​ക്കുക. നിങ്ങൾ അർധരാ​ത്രി അയാളു​ടെ അടുത്ത്‌ ചെന്ന്‌ പറയുന്നു: ‘സ്‌നേ​ഹി​താ, എനിക്കു മൂന്ന്‌ അപ്പം കടം തരണം.  എന്റെ ഒരു കൂട്ടു​കാ​രൻ യാത്ര​യ്‌ക്കി​ട​യിൽ എന്റെ അടുത്ത്‌ വന്നിട്ടുണ്ട്‌. അവനു കൊടു​ക്കാൻ എന്റെ കൈയിൽ ഒന്നുമില്ല.’  അപ്പോൾ അകത്തു​നിന്ന്‌ അയാൾ പറയുന്നു, ‘വെറുതേ ശല്യ​പ്പെ​ടു​ത്താ​തി​രിക്ക്‌! വാതിൽ അടച്ചു​ക​ഴി​ഞ്ഞു. കുട്ടികൾ എന്റെകൂടെ കിടക്കു​ക​യാണ്‌. എഴു​ന്നേറ്റ്‌ നിനക്ക്‌ എന്തെങ്കി​ലും തരാൻ എനിക്ക്‌ ഇപ്പോൾ പറ്റില്ല.’  കൂട്ടു​കാ​ര​നാ​ണെന്ന കാരണ​ത്താൽ അയാൾ എഴു​ന്നേറ്റ്‌ എന്തെങ്കി​ലും കൊടു​ക്ക​ണ​മെന്നു നിർബ​ന്ധ​മില്ല. പക്ഷേ മടുത്ത്‌ പിന്മാ​റാ​തെ ചോദിച്ചുകൊണ്ടിരുന്നാൽ+ അതിന്റെ പേരിൽ അയാൾ എഴു​ന്നേറ്റ്‌ ആവശ്യ​മു​ള്ളതു കൊടു​ക്കും എന്നു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.  അതു​കൊണ്ട്‌ ഞാൻ പറയുന്നു: ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ,+ നിങ്ങൾക്കു കിട്ടും. അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടി​ക്കൊ​ണ്ടി​രി​ക്കൂ, നിങ്ങൾക്കു തുറന്നു​കി​ട്ടും.+ 10  കാരണം, ചോദി​ക്കു​ന്ന​വർക്കെ​ല്ലാം കിട്ടുന്നു.+ അന്വേ​ഷി​ക്കു​ന്ന​വ​രെ​ല്ലാം കണ്ടെത്തു​ന്നു. മുട്ടു​ന്ന​വർക്കെ​ല്ലാം തുറന്നു​കി​ട്ടു​ന്നു. 11  നിങ്ങളിൽ ഏതെങ്കി​ലും പിതാവ്‌, മകൻ മീൻ ചോദി​ച്ചാൽ അതിനു പകരം പാമ്പിനെ കൊടു​ക്കു​മോ?+ 12  മുട്ട ചോദി​ച്ചാൽ തേളിനെ കൊടു​ക്കു​മോ? 13  മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടു​ക്കാൻ ദുഷ്ടന്മാ​രായ നിങ്ങൾക്ക്‌ അറിയാ​മെ​ങ്കിൽ സ്വർഗ​സ്ഥ​നായ പിതാവ്‌ തന്നോടു ചോദി​ക്കു​ന്ന​വർക്കു പരിശു​ദ്ധാ​ത്മാ​വി​നെ എത്രയ​ധി​കം കൊടു​ക്കും!”+ 14  പിന്നീട്‌ യേശു ഒരാളിൽനിന്ന്‌ ഊമനായ ഒരു ഭൂതത്തെ പുറത്താ​ക്കി.+ ഭൂതം പുറത്ത്‌ വന്നപ്പോൾ ഊമൻ സംസാ​രി​ച്ചു. ജനമെ​ല്ലാം അതിശ​യി​ച്ചു​പോ​യി.+ 15  എന്നാൽ അവരിൽ ചിലർ, “ഭൂതങ്ങ​ളു​ടെ അധിപ​നായ ബയെത്‌സെ​ബൂ​ബി​നെ​ക്കൊ​ണ്ടാണ്‌ ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്‌” എന്നു പറഞ്ഞു.+ 16  മറ്റു ചിലർ യേശു​വി​നെ പരീക്ഷി​ക്കാൻവേണ്ടി ആകാശ​ത്തു​നിന്ന്‌ ഒരു അടയാളം ആവശ്യ​പ്പെട്ടു.+ 17  അവരുടെ ഉള്ളിലി​രു​പ്പു മനസ്സിലാക്കിയ+ യേശു അവരോ​ടു പറഞ്ഞു: “ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന രാജ്യം നശിച്ചു​പോ​കും. ആളുകൾ പരസ്‌പരം പോര​ടി​ക്കുന്ന വീടും വീണു​പോ​കും. 18  അതു​പോ​ലെ​തന്നെ സാത്താൻ തന്നോ​ടു​തന്നെ പോരാ​ടു​ന്നെ​ങ്കിൽ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും? ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്നതു ബയെത്‌സെ​ബൂ​ബി​നെ​ക്കൊ​ണ്ടാ​ണെ​ന്നല്ലേ നിങ്ങൾ പറയു​ന്നത്‌? 19  ബയെത്‌സെ​ബൂ​ബി​നെ​ക്കൊ​ണ്ടാ​ണു ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തെ​ങ്കിൽ നിങ്ങളു​ടെ പുത്ര​ന്മാർ ആരെ​ക്കൊ​ണ്ടാണ്‌ അവയെ പുറത്താ​ക്കു​ന്നത്‌? അതു​കൊണ്ട്‌ അവർതന്നെ ന്യായാ​ധി​പ​ന്മാ​രാ​യി നിങ്ങളെ വിധി​ക്കട്ടെ. 20  എന്നാൽ ദൈവത്തിന്റെ ശക്തിയാലാണു+ ഞാൻ ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​തെ​ങ്കിൽ ഉറപ്പാ​യും ദൈവ​രാ​ജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു.*+ 21  ശക്തനായ ഒരാൾ ആയുധം ഏന്തി വീടു കാക്കു​മ്പോൾ അയാളു​ടെ സ്വത്തുക്കൾ ഭദ്രമാ​യി​രി​ക്കും. 22  എന്നാൽ അയാ​ളെ​ക്കാൾ ശക്തനായ ഒരാൾ വന്ന്‌ അയാളെ കീഴട​ക്കു​മ്പോൾ അയാൾ ആശ്രയം വെച്ചി​രുന്ന ആയുധ​ങ്ങ​ളെ​ല്ലാം പിടി​ച്ചെ​ടു​ക്കു​ക​യും അയാളു​ടെ വസ്‌തു​വ​ക​ക​ളെ​ല്ലാം കൊള്ള​യ​ടിച്ച്‌ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ക​യും ചെയ്യും. 23  എന്റെ പക്ഷത്ത്‌ നിൽക്കാ​ത്ത​വ​നെ​ല്ലാം എനിക്ക്‌ എതിരാണ്‌. എന്റെകൂടെ നിന്ന്‌ ശേഖരി​ക്കാ​ത്തവൻ വാസ്‌ത​വ​ത്തിൽ ചിതറി​ക്കു​ക​യാ​ണു ചെയ്യു​ന്നത്‌.+ 24  “ഒരു അശുദ്ധാത്മാവ്‌* ഒരു മനുഷ്യ​നെ വിട്ട്‌ പുറത്ത്‌ വരു​മ്പോൾ അതു വരണ്ട സ്ഥലങ്ങളി​ലൂ​ടെ ഒരു വിശ്ര​മ​സ്ഥാ​നം തേടി അലയുന്നു. ഒന്നും കണ്ടെത്താ​തെ വരു​മ്പോൾ അത്‌, ‘ഞാൻ വിട്ടു​പോന്ന എന്റെ വീട്ടി​ലേ​ക്കു​തന്നെ മടങ്ങിച്ചെല്ലും’ എന്നു പറയുന്നു.+ 25  അത്‌ അവിടെ എത്തു​മ്പോൾ ആ വീട്‌ അടിച്ചു​വൃ​ത്തി​യാ​ക്കി അലങ്കരി​ച്ചി​രി​ക്കു​ന്ന​താ​യി കാണുന്നു. 26  അതു പോയി അതി​നെ​ക്കാൾ ദുഷ്ടരായ വേറെ ഏഴ്‌ ആത്മാക്കളെ കൂട്ടി​ക്കൊ​ണ്ടു​വന്ന്‌ അവിടെ കയറി താമസ​മാ​ക്കു​ന്നു. അങ്ങനെ ആ മനുഷ്യന്റെ അവസ്ഥ മുമ്പ​ത്തെ​ക്കാൾ ഏറെ വഷളാ​യി​ത്തീ​രു​ന്നു.”+ 27  യേശു ഇക്കാര്യ​ങ്ങൾ പറഞ്ഞു​കൊ​ണ്ടി​രു​ന്ന​പ്പോൾ ജനക്കൂ​ട്ട​ത്തിൽനിന്ന്‌ ഒരു സ്‌ത്രീ യേശു​വി​നോട്‌, “അങ്ങയെ ചുമന്ന വയറും അങ്ങ്‌ കുടിച്ച മുലക​ളും അനുഗൃ​ഹീ​തം”*+ എന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞു. 28  അപ്പോൾ യേശു, “അല്ല, ദൈവത്തിന്റെ വചനം കേട്ടനു​സ​രി​ക്കു​ന്ന​വ​രാണ്‌ അനുഗൃ​ഹീ​തർ”*+ എന്നു പറഞ്ഞു. 29  ജനം തിങ്ങി​ക്കൂ​ടി​യ​പ്പോൾ യേശു ഇങ്ങനെ പറഞ്ഞു​തു​ടങ്ങി: “ഈ തലമുറ ഒരു ദുഷ്ടത​ല​മു​റ​യാണ്‌. അത്‌ അടയാളം* അന്വേ​ഷി​ക്കു​ന്നു. എന്നാൽ യോന​യു​ടെ അടയാ​ള​മ​ല്ലാ​തെ മറ്റൊരു അടയാ​ള​വും അവർക്കു ലഭിക്കില്ല.+ 30  യോന+ നിനെ​വെ​ക്കാർക്ക്‌ ഒരു അടയാ​ള​മാ​യ​തു​പോ​ലെ മനുഷ്യ​പു​ത്രൻ ഈ തലമു​റ​യ്‌ക്കും ഒരു അടയാ​ള​മാ​യി​രി​ക്കും. 31  തെക്കേ ദേശത്തെ രാജ്ഞി+ ന്യായ​വി​ധി​യിൽ ഈ തലമു​റ​യി​ലെ ആളുക​ളോ​ടൊ​പ്പം ഉയിർത്തെ​ഴു​ന്നേറ്റ്‌ ഇവരെ കുറ്റം വിധി​ക്കും. ആ രാജ്ഞി ശലോമോന്റെ ജ്ഞാനം കേൾക്കാൻ ഭൂമി​യു​ടെ അറ്റത്തു​നിന്ന്‌ വന്നല്ലോ. എന്നാൽ ഇവിടെ ഇതാ, ശലോ​മോ​നെ​ക്കാൾ വലിയവൻ!+ 32  നിനെ​വെ​ക്കാർ ന്യായ​വി​ധി​യിൽ ഈ തലമു​റ​യോ​ടൊ​പ്പം എഴു​ന്നേറ്റ്‌ ഇതിനെ കുറ്റം വിധി​ക്കും. കാരണം അവർ യോന​യു​ടെ പ്രസംഗം കേട്ട്‌ മാനസാ​ന്ത​ര​പ്പെ​ട്ട​ല്ലോ.+ എന്നാൽ ഇവിടെ ഇതാ, യോന​യെ​ക്കാൾ വലിയവൻ! 33  വിളക്കു കത്തിച്ച്‌ ആരും ഒളിച്ചു​വെ​ക്കാ​റില്ല, കൊട്ട​കൊണ്ട്‌ മൂടിവെക്കാറുമില്ല. പകരം, അകത്ത്‌ വരുന്ന​വർക്കു വെളിച്ചം കിട്ടാൻ വിളക്കു​ത​ണ്ടി​ലാ​ണു വെക്കുക.+ 34  കണ്ണാണു ശരീരത്തിന്റെ വിളക്ക്‌. നിങ്ങളു​ടെ കണ്ണ്‌ ഒരു കാര്യ​ത്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നെ​ങ്കിൽ നിങ്ങളു​ടെ ശരീരം മുഴു​വ​നും പ്രകാശിക്കും.*+ എന്നാൽ കണ്ണ്‌ അസൂയ​യു​ള്ള​തെ​ങ്കിൽ ശരീരം മുഴുവൻ ഇരുണ്ടതായിരിക്കും.+ 35  അതു​കൊണ്ട്‌ നിങ്ങളി​ലുള്ള വെളിച്ചം ഇരുട്ടാ​കാ​തി​രി​ക്കാൻ സൂക്ഷി​ച്ചു​കൊ​ള്ളുക. 36  നിങ്ങളു​ടെ ശരീര​ത്തിൽ ഇരുട്ട്‌ ഒട്ടുമി​ല്ലാ​തെ അതു മുഴു​വ​നാ​യി പ്രകാ​ശി​ക്കു​ന്നെ​ങ്കിൽ, പ്രകാശം ചൊരി​യുന്ന ഒരു വിളക്കു​പോ​ലെ​യാ​യി​രി​ക്കും അത്‌.” 37  യേശു സംസാ​രി​ച്ചു​ക​ഴി​ഞ്ഞ​പ്പോൾ ഒരു പരീശൻ യേശു​വി​നെ ഭക്ഷണത്തി​നു ക്ഷണിച്ചു. അങ്ങനെ, യേശു ചെന്ന്‌ ഭക്ഷണ​മേ​ശ​യ്‌ക്കൽ ഇരുന്നു. 38  എന്നാൽ യേശു ഭക്ഷണത്തി​നു മുമ്പ്‌ കൈ കഴുകാ​ത്തതു കണ്ടിട്ട്‌ പരീശൻ അത്ഭുതപ്പെട്ടു.+ 39  അപ്പോൾ കർത്താവ്‌ പരീശ​നോ​ടു പറഞ്ഞു: “പരീശ​ന്മാ​രായ നിങ്ങൾ പാനപാത്രത്തിന്റെയും തളിക​യു​ടെ​യും പുറം വൃത്തി​യാ​ക്കു​ന്നു. എന്നാൽ നിങ്ങളു​ടെ ഉള്ളിൽ നിറയെ അത്യാഗ്രഹവും* ദുഷ്ടത​യും ആണ്‌.+ 40  ബുദ്ധി​യി​ല്ലാ​ത്ത​വരേ, പുറം ഉണ്ടാക്കി​യ​വൻത​ന്നെ​യല്ലേ അകവും ഉണ്ടാക്കി​യത്‌? 41  അതു​കൊണ്ട്‌ ദാനം കൊടു​ക്കു​മ്പോൾ ഹൃദയ​ത്തിൽനിന്ന്‌ ദാനം കൊടുക്കുക. അപ്പോൾ എല്ലാത്തി​ലും നിങ്ങൾ ശുദ്ധിയുള്ളവരാകും.*+ 42  എന്നാൽ പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! കാരണം നിങ്ങൾ പുതിന, അരൂത തുടങ്ങി എല്ലാ തരം സസ്യങ്ങളുടെയും*+ പത്തി​ലൊ​ന്നു കൊടു​ക്കു​ന്നെ​ങ്കി​ലും ദൈവത്തിന്റെ സ്‌നേ​ഹ​വും നീതിയും* അവഗണിക്കുന്നു! ആദ്യ​ത്തേതു ചെയ്യു​ന്ന​തോ​ടൊ​പ്പം നിങ്ങൾ രണ്ടാമ​ത്തേ​തും ചെയ്യേണ്ടിയിരുന്നു.+ 43  പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! സിന​ഗോ​ഗു​ക​ളിൽ മുൻനി​ര​യിൽ ഇരിക്കാ​നും ചന്തസ്ഥല​ങ്ങ​ളിൽ ആളുകൾ നിങ്ങളെ അഭിവാ​ദനം ചെയ്യാ​നും നിങ്ങൾ കൊതിക്കുന്നു.+ 44  നിങ്ങളു​ടെ കാര്യം കഷ്ടം! പെട്ടെന്ന്‌ ആരു​ടെ​യും കണ്ണിൽപ്പെ​ടാത്ത ശവകു​ടീ​ര​ങ്ങൾപോ​ലെ​യാ​ണു നിങ്ങൾ.+ മനുഷ്യർ അവയുടെ മുകളി​ലൂ​ടെ നടക്കു​ന്നെ​ങ്കി​ലും അത്‌ അവി​ടെ​യു​ണ്ടെന്ന്‌ അറിയുന്നില്ല.” 45  അപ്പോൾ നിയമ​പ​ണ്ഡി​ത​ന്മാ​രിൽ ഒരാൾ യേശു​വി​നോട്‌, “ഗുരുവേ, ഇങ്ങനെ​യൊ​ക്കെ പറയു​മ്പോൾ അങ്ങ്‌ ഞങ്ങളെ​യും​കൂ​ടെ അപമാ​നി​ക്കു​ക​യാണ്‌” എന്നു പറഞ്ഞു. 46  അപ്പോൾ യേശു പറഞ്ഞു: “നിയമ​പ​ണ്ഡി​ത​ന്മാ​രായ നിങ്ങളു​ടെ കാര്യ​വും കഷ്ടം! ചുമക്കാൻ പറ്റാത്ത ചുമടു​കൾ നിങ്ങൾ ആളുക​ളു​ടെ മേൽ വെച്ചു​കൊ​ടു​ക്കു​ന്നു. എന്നാൽ വിരൽകൊണ്ട്‌ അതി​ലൊ​ന്നു തൊടാൻപോ​ലും നിങ്ങൾക്കു മനസ്സില്ല.+ 47  “നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങളു​ടെ പൂർവി​കർ കൊന്ന പ്രവാ​ച​ക​ന്മാർക്കു നിങ്ങൾ കല്ലറകൾ പണിയു​ന്നു.+ 48  പൂർവി​ക​രു​ടെ ചെയ്‌തി​കൾക്കു നിങ്ങൾ സാക്ഷി​ക​ളാണ്‌. എന്നിട്ടും നിങ്ങൾ അവ അംഗീ​ക​രി​ക്കു​ന്നു. അവർ പ്രവാ​ച​ക​ന്മാ​രെ കൊന്നു,+ നിങ്ങളോ അവർക്കു കല്ലറകൾ പണിയു​ന്നു. 49  അതു​കൊ​ണ്ടാണ്‌ ദൈവം തന്റെ ജ്ഞാനത്തിൽ ഇങ്ങനെ പറഞ്ഞത്‌: ‘ഞാൻ അവരുടെ അടു​ത്തേക്കു പ്രവാ​ച​ക​ന്മാ​രെ​യും അപ്പോ​സ്‌ത​ല​ന്മാ​രെ​യും അയയ്‌ക്കും. അവരോ അവരിൽ ചിലരെ കൊല്ലു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്യും.+ 50  അങ്ങനെ, ലോകാ​രം​ഭം​മു​തൽ ചൊരി​ഞ്ഞി​ട്ടുള്ള എല്ലാ പ്രവാ​ച​ക​ന്മാ​രു​ടെ​യും രക്തത്തിന്‌ ഈ തലമുറ ഉത്തരം പറയേണ്ടിവരും.+ 51  ഹാബേൽ+ മുതൽ യാഗപീ​ഠ​ത്തി​നും ദേവാ​ല​യ​ത്തി​നും ഇടയ്‌ക്കു​വെച്ച്‌ കൊന്നു​കളഞ്ഞ സെഖര്യ വരെയു​ള്ള​വ​രു​ടെ രക്തത്തിന്‌ അവരോ​ടു കണക്കു ചോദി​ക്കും.’+ അതെ, അതിന്‌ ഈ തലമു​റ​യോ​ടു കണക്കു ചോദി​ക്കും എന്നു ഞാൻ പറയുന്നു. 52  “നിയമപണ്ഡിതന്മാരായ നിങ്ങളു​ടെ കാര്യം കഷ്ടം! നിങ്ങൾ അറിവിന്റെ താക്കോൽ എടുത്തു​മാ​റ്റി​യ​ല്ലോ. നിങ്ങളോ അകത്ത്‌ കടക്കു​ന്നില്ല. അകത്ത്‌ കടക്കാൻ ശ്രമി​ക്കു​ന്ന​വരെ നിങ്ങൾ തടയു​ക​യും ചെയ്യുന്നു!”+ 53  യേശു അവി​ടെ​നിന്ന്‌ പോയ​പ്പോൾ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും ചുറ്റും കൂടി യേശു​വി​നെ കഠിന​മായ സമ്മർദ​ത്തി​ലാ​ക്കി. അവർ തുരു​തു​രെ ചോദ്യ​ങ്ങൾ ചോദിച്ച്‌ യേശു​വി​നെ ബുദ്ധി​മു​ട്ടി​ക്കാൻ ശ്രമിച്ചു. 54  എങ്ങനെ​യും യേശു​വി​നെ വാക്കിൽ കുടു​ക്കു​ക​യാ​യി​രു​ന്നു അവരുടെ ലക്ഷ്യം.+

അടിക്കുറിപ്പുകള്‍

അക്ഷ. “അപ്പം.”
അഥവാ “ദൈവ​രാ​ജ്യം വന്നെത്തി​യതു നിങ്ങൾ തിരി​ച്ച​റി​ഞ്ഞി​ട്ടില്ല.”
ഭൂതത്തെ കുറി​ക്കു​ന്നു.
അഥവാ “സന്തോ​ഷ​മു​ള്ളത്‌.”
അഥവാ “സന്തുഷ്ടർ.”
അഥവാ “തെളി​വാ​യി ഒരു അത്ഭുതം.”
അഥവാ “വെളി​ച്ച​മു​ള്ള​താ​യി​രി​ക്കും.”
അഥവാ “കൊള്ള​യും; കവർച്ച​യും.”
മറ്റൊരു സാധ്യത “അപ്പോൾ നിങ്ങൾക്ക്‌ എല്ലാം ശുദ്ധി​യു​ള്ള​താ​യി​രി​ക്കും.”
മറ്റൊരു സാധ്യത “ഭക്ഷ്യ​യോ​ഗ്യ​മായ എല്ലാ തരം ചെടി​ക​ളു​ടെ​യും.”
അഥവാ “നീതി​യുള്ള വിധി​യും.”

പഠനക്കുറിപ്പുകൾ

കർത്താവേ, . . . പ്രാർഥി​ക്കാൻ . . . ഞങ്ങളെ​യും പഠിപ്പി​ക്ക​ണമേ: ഈ ശിഷ്യന്റെ അപേക്ഷ​യെ​ക്കു​റിച്ച്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു ലൂക്കോസ്‌ മാത്ര​മാണ്‌. യേശു ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ ശിഷ്യ​ന്മാ​രെ മാതൃ​കാ​പ്രാർഥന പഠിപ്പി​ച്ചിട്ട്‌ ഇപ്പോൾ ഏകദേശം 18 മാസം കഴിഞ്ഞി​രു​ന്നു. (മത്ത 6:9-13) സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു അതു പഠിപ്പി​ച്ച​പ്പോൾ ഈ ശിഷ്യൻ അവി​ടെ​യി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ യേശു ദയയോ​ടെ മാതൃ​കാ​പ്രാർഥ​ന​യി​ലെ സുപ്ര​ധാ​ന​മായ ആശയങ്ങൾ ഇപ്പോൾ ആവർത്തി​ക്കു​ക​യാണ്‌. പ്രാർഥ​ന​യ്‌ക്ക്‌, ജൂതന്മാ​രു​ടെ ജീവി​ത​വു​മാ​യും ആരാധ​ന​യു​മാ​യും അടുത്ത ബന്ധമു​ണ്ടാ​യി​രു​ന്നു. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലെ സങ്കീർത്ത​ന​പ്പു​സ്‌ത​ക​ത്തി​ലും മറ്റിട​ങ്ങ​ളി​ലും ധാരാളം പ്രാർഥ​നകൾ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​മുണ്ട്‌. അതു​കൊണ്ട്‌, പ്രാർഥി​ക്കാൻ പഠിപ്പി​ക്ക​ണ​മെന്ന്‌ ആ ശിഷ്യൻ പറഞ്ഞെ​ങ്കി​ലും, പ്രാർഥന അദ്ദേഹ​ത്തിന്‌ ഒട്ടും പരിച​യ​മി​ല്ലാത്ത ഒരു കാര്യ​മോ അദ്ദേഹം ഇതേവരെ ചെയ്‌തി​ട്ടി​ല്ലാത്ത ഒന്നോ ആയിരി​ക്കാൻ സാധ്യ​ത​യില്ല. ഇനി, ജൂതമ​ത​നേ​താ​ക്ക​ന്മാ​രു​ടെ ഔപചാ​രി​ക​മായ പ്രാർഥ​ന​ക​ളും അദ്ദേഹ​ത്തിന്‌ എന്തായാ​ലും പരിച​യ​മു​ണ്ടാ​യി​രു​ന്നു. പക്ഷേ സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു പ്രാർഥി​ക്കു​ന്നതു നിരീ​ക്ഷി​ച്ച​പ്പോൾ, ആ പ്രാർഥ​ന​യും റബ്ബിമാ​രു​ടെ കപടഭക്തി നിറഞ്ഞ പ്രാർഥ​ന​ക​ളും തമ്മിൽ വലിയ അന്തരമു​ണ്ടെന്ന്‌ അദ്ദേഹ​ത്തി​നു മനസ്സി​ലാ​യി​ക്കാ​ണും.​—മത്ത 6:5-8.

പേര്‌: ദൈവ​ത്തി​ന്റെ വ്യക്തി​പ​ര​മായ പേര്‌. יהוה (യ്‌ഹ്‌വ്‌ഹ്‌) എന്ന നാല്‌ എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതുന്ന ഈ പേര്‌ മലയാ​ള​ത്തിൽ “യഹോവ” എന്നാണു പൊതു​വേ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. പുതിയ ലോക ഭാഷാ​ന്ത​ര​ത്തിൽ ഈ പേര്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ 6,979 പ്രാവ​ശ്യ​വും ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ 237 പ്രാവ​ശ്യ​വും കാണാം. (ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ദിവ്യ​നാ​മം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ കൂടുതൽ അറിയാൻ അനു. എ5-ഉം അനു. സി-യും കാണുക.) ബൈബി​ളിൽ, “പേര്‌” എന്ന പദം ചില​പ്പോൾ ആ വ്യക്തി​യെ​ത്ത​ന്നെ​യോ സമൂഹ​ത്തിൽ അയാൾക്കുള്ള പേരി​നെ​യോ കുറി​ക്കു​ന്നു. ഇനി ആ പദത്തിന്‌, ആ വ്യക്തി തന്നെക്കു​റിച്ച്‌ വെളി​പ്പെ​ടു​ത്തുന്ന എല്ലാ കാര്യ​ങ്ങ​ളെ​യും കുറി​ക്കാ​നാ​കും.​—വെളി 3:4, അടിക്കു​റിപ്പ്‌.

പരിശു​ദ്ധ​മാ​യി​രി​ക്കേ​ണമേ: അഥവാ “പാവന​മാ​യി കണക്കാ​ക്ക​പ്പെ​ടട്ടെ.” മനുഷ്യ​രും ദൂതന്മാ​രും ഉൾപ്പെടെ ബുദ്ധി​ശ​ക്തി​യുള്ള എല്ലാ സൃഷ്ടി​ക​ളും ദൈവ​ത്തി​ന്റെ പേര്‌ പരിശു​ദ്ധ​മാ​യി കണക്കാ​ക്കാൻ ഇടവരട്ടെ എന്ന അപേക്ഷ​യാണ്‌ ഇത്‌. ഏദെൻതോ​ട്ട​ത്തിൽവെച്ച്‌ ആദ്യ മനുഷ്യ​ജോ​ടി ധിക്കാരം കാട്ടി​യ​തു​മു​തൽ ദൈവ​ത്തി​ന്റെ പേരി​ന്മേൽ കുമി​ഞ്ഞു​കൂ​ടി​യി​രി​ക്കുന്ന നിന്ദ നീക്കി​ക്കൊണ്ട്‌ ദൈവം തന്നെത്തന്നെ വിശു​ദ്ധീ​ക​രി​ക്കാൻ നടപടി എടു​ക്കേ​ണമേ എന്ന അഭ്യർഥ​ന​യും ഇതേ അപേക്ഷ​യിൽ അടങ്ങി​യി​ട്ടുണ്ട്‌.

പ്രാർഥി​ക്കു​മ്പോൾ നിങ്ങൾ ഇങ്ങനെ പ്രാർഥി​ക്കണം: ഏതാണ്ട്‌ 18 മാസം മുമ്പ്‌ ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ യേശു പഠിപ്പിച്ച മാതൃ​കാ​പ്രാർഥ​ന​യു​ടെ (മത്ത 6:9ബി-13) ഉള്ളടക്കം​ത​ന്നെ​യാ​ണു തുടർന്നുള്ള വാക്യ​ങ്ങ​ളി​ലെ (2ബി-4) പ്രാർഥ​ന​യി​ലും പ്രതി​ഫ​ലി​ക്കു​ന്നത്‌. ഇവിടെ യേശു മാതൃ​കാ​പ്രാർഥന പദാനു​പദം ആവർത്തി​ക്കു​ക​യാ​യി​രു​ന്നില്ല എന്നു ശ്രദ്ധി​ക്കുക. അതു സൂചി​പ്പി​ക്കു​ന്നത്‌, ആളുകൾ മനഃപാ​ഠം പഠിച്ച്‌ ഉരുവി​ടേണ്ട ഒരു പ്രാർഥ​നാ​ക്ര​മമല്ല യേശു നൽകി​യത്‌ എന്നാണ്‌. ഇനി, യേശു​വും ശിഷ്യ​ന്മാ​രും പിന്നീട്‌ പ്രാർഥിച്ച സന്ദർഭ​ങ്ങ​ളി​ലും മാതൃ​കാ​പ്രാർഥ​ന​യി​ലെ പദങ്ങളോ അതിന്റെ ഘടനയോ അതേപടി പകർത്തി​യില്ല.

പേര്‌: മത്ത 6:9-ന്റെ പഠനക്കു​റി​പ്പു കാണുക.

പരിശുദ്ധമായിരിക്കേണമേ: മത്ത 6:9-ന്റെ പഠനക്കു​റി​പ്പു കാണുക.

കടങ്ങൾ: പാപങ്ങളെ കുറി​ക്കു​ന്നു. ആരോ​ടെ​ങ്കി​ലും പാപം ചെയ്യുന്ന ഒരാൾ ആ വ്യക്തിക്ക്‌ ഒരു കടം കൊടു​ത്തു​തീർക്കാ​നു​ള്ള​തു​പോ​ലെ​യാണ്‌ അല്ലെങ്കിൽ ആ വ്യക്തി​യോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അതു​കൊ​ണ്ടു​തന്നെ അയാൾ ആ വ്യക്തി​യു​ടെ ക്ഷമ തേടേ​ണ്ട​തുണ്ട്‌. ഒരാൾ തന്നോടു കടപ്പെ​ട്ടി​രി​ക്കു​ന്ന​വ​രോട്‌, അതായത്‌ തന്നോടു പാപം ചെയ്‌ത​വ​രോട്‌, ക്ഷമിച്ചാൽ മാത്രമേ അയാൾക്കു ദൈവ​ത്തി​ന്റെ ക്ഷമ കിട്ടു​ക​യു​ള്ളൂ.​—മത്ത 6:14, 15; 18:35; ലൂക്ക 11:4.

പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടു​ത്ത​രു​തേ: അഥവാ “പ്രലോ​ഭ​ന​ത്തി​നു വഴി​പ്പെ​ടാൻ അനുവ​ദി​ക്ക​രു​തേ.” ചില കാര്യങ്ങൾ സംഭവി​ക്കാൻ ദൈവം അനുവ​ദി​ച്ചു എന്നതു​കൊണ്ട്‌ ദൈവം അതിന്റെ കാരണ​ക്കാ​ര​നാ​ണെന്ന രീതി​യിൽ ബൈബിൾ സംസാ​രി​ക്കു​ന്നുണ്ട്‌. (രൂത്ത്‌ 1:20, 21) അതു​പോ​ലെ, “പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടു​ത്ത​രു​തേ” എന്നു പ്രാർഥി​ക്കാൻ അനുഗാ​മി​ക​ളോ​ടു പറഞ്ഞ​പ്പോ​ഴും പാപം ചെയ്യാൻ മനുഷ്യ​രെ പ്രലോ​ഭി​പ്പി​ക്കു​ന്നതു ദൈവ​മാ​ണെന്നല്ല യേശു സൂചി​പ്പി​ച്ചത്‌. (യാക്ക 1:13) പകരം പ്രലോ​ഭനം ഒഴിവാ​ക്കാ​നോ അതിനു വഴി​പ്പെ​ട്ടു​പോ​കാ​തെ പിടി​ച്ചു​നിൽക്കാ​നോ ഉള്ള സഹായ​ത്തി​നു​വേണ്ടി ദൈവ​ത്തോ​ടു പ്രാർഥി​ക്കാ​നുള്ള പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു അത്‌.​—1കൊ 10:13.

ഞങ്ങളോ​ടു കടപ്പെ​ട്ടി​രി​ക്കുന്ന: അഥവാ “ഞങ്ങൾക്കെ​തി​രെ പാപം ചെയ്യുന്ന.” ആരോ​ടെ​ങ്കി​ലും പാപം ചെയ്യുന്ന ഒരാൾ ആ വ്യക്തിക്ക്‌ ഒരു കടം കൊടു​ത്തു​തീർക്കാ​നു​ള്ള​തു​പോ​ലെ​യാണ്‌, അല്ലെങ്കിൽ ആ വ്യക്തി​യോ​ടു കടപ്പെ​ട്ടി​രി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അതു​കൊ​ണ്ടു​തന്നെ അയാൾ ആ വ്യക്തി​യു​ടെ ക്ഷമ തേടേ​ണ്ട​തുണ്ട്‌. യേശു ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​നി​ടെ പഠിപ്പിച്ച മാതൃ​കാ​പ്രാർഥ​ന​യിൽ പാപങ്ങൾ എന്നതിനു പകരം “കടങ്ങൾ” എന്ന പദമാണ്‌ ഉപയോ​ഗി​ച്ച​തെന്നു ശ്രദ്ധി​ക്കുക. (മത്ത 6:12-ന്റെ പഠനക്കു​റി​പ്പു കാണുക.) ക്ഷമിക്കുക എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “വിട്ടു​ക​ള​യുക” എന്നാണ്‌. കടം കൊടുത്ത പണം തിരികെ ആവശ്യ​പ്പെ​ടാ​തെ എഴുതി​ത്ത​ള്ളുക എന്നാണ്‌ അതിന്റെ അർഥം.

ഞങ്ങളെ പ്രലോ​ഭ​ന​ത്തിൽ അകപ്പെ​ടു​ത്ത​രു​തേ: മത്ത 6:13-ന്റെ പഠനക്കു​റി​പ്പു കാണുക.

സ്‌നേ​ഹി​താ, എനിക്കു മൂന്ന്‌ അപ്പം കടം തരണം: അതിഥി​കളെ ഏറ്റവും നന്നായി സത്‌ക​രി​ക്കേ​ണ്ടതു തങ്ങളുടെ കടമയാ​ണെന്നു കരുതു​ന്ന​വ​രാ​ണു മധ്യപൂർവ​ദേ​ശത്തെ ആളുകൾ. അവരുടെ സംസ്‌കാരത്തിന്റെ ഈ പ്രത്യേ​കത യേശു പറഞ്ഞ ദൃഷ്ടാ​ന്ത​ത്തി​ലും വ്യക്തമാ​യി കാണാം. അതിഥി​യു​ടെ ആ അപ്രതീ​ക്ഷി​ത​സ​ന്ദർശനം അർധരാ​ത്രി​യി​ലാ​യി​രു​ന്നു. എങ്കിൽപ്പോ​ലും അദ്ദേഹ​ത്തിന്‌ എന്തെങ്കി​ലും കഴിക്കാൻ കൊടു​ത്തേ മതിയാ​കൂ എന്ന്‌ ആതി​ഥേ​യനു തോന്നി. അതു​കൊ​ണ്ടാണ്‌ ആ പാതി​രാ​യ്‌ക്ക്‌ അയൽക്കാ​രനെ വിളി​ച്ചു​ണർത്തി​യി​ട്ടാ​ണെ​ങ്കിൽപ്പോ​ലും അവി​ടെ​നിന്ന്‌ ഭക്ഷണം കടം വാങ്ങാ​മെന്ന്‌ അദ്ദേഹം കരുതി​യത്‌. അതിഥി എത്തിയത്‌ അർധരാ​ത്രി​യി​ലാണ്‌ എന്ന വിശദാം​ശം, അക്കാലത്ത്‌ യാത്രകൾ എത്ര​ത്തോ​ളം അനിശ്ചി​ത​ത്വം നിറഞ്ഞ​താ​യി​രു​ന്നെ​ന്നും സൂചി​പ്പി​ക്കു​ന്നു.

വെറുതേ ശല്യ​പ്പെ​ടു​ത്താ​തി​രിക്ക്‌: ഈ ദൃഷ്ടാ​ന്ത​ത്തി​ലെ അയൽക്കാ​രൻ സഹായി​ക്കാൻ മടി കാണി​ച്ചത്‌ അയാൾ നിർദ​യ​നാ​യ​തു​കൊ​ണ്ടല്ല, മറിച്ച്‌ അതി​നോ​ടകം ഉറങ്ങാൻ കിടന്ന​തു​കൊ​ണ്ടാണ്‌. സാധാ​ര​ണ​യാ​യി അന്നത്തെ വീടു​കൾക്ക്‌, പ്രത്യേ​കിച്ച്‌ പാവ​പ്പെ​ട്ട​വ​രു​ടെ ഭവനങ്ങൾക്ക്‌, താരത​മ്യേന വലുപ്പ​മുള്ള ഒരൊറ്റ മുറിയേ ഉണ്ടായി​രു​ന്നു​ള്ളൂ. അതു​കൊ​ണ്ടു​തന്നെ ആ വീട്ടു​കാ​രൻ എഴു​ന്നേ​റ്റാൽ അവിടെ ഉറങ്ങി​ക്കി​ട​ക്കുന്ന കൊച്ചു​കു​ട്ടി​കൾ ഉൾപ്പെടെ കുടും​ബ​ത്തി​ലെ എല്ലാവ​രു​ടെ​യും ഉറക്കം തടസ്സ​പ്പെ​ടാൻ സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു.

മടുത്ത്‌ പിന്മാ​റാ​തെ ചോദി​ച്ചു​കൊ​ണ്ടി​രു​ന്നാൽ: ഇവിടെ കാണുന്ന ഗ്രീക്കുപദത്തിന്റെ അക്ഷരാർഥം “മര്യാ​ദ​യി​ല്ലാ​തെ,” “നാണം​കെട്ട്‌” എന്നൊ​ക്കെ​യാണ്‌. എങ്കിലും ഇവിടെ അതു കുറി​ക്കു​ന്നത്‌, മടുത്ത്‌ പിന്മാ​റാ​തെ ഒരു കാര്യം ചെയ്യു​ന്ന​തി​നെ​യാണ്‌. തനിക്ക്‌ ആവശ്യ​മുള്ള കാര്യം വീണ്ടും​വീ​ണ്ടും ചോദി​ക്കാൻ യേശുവിന്റെ ദൃഷ്ടാ​ന്ത​ക​ഥ​യി​ലെ മനുഷ്യ​നു നാണ​ക്കേ​ടോ മടിയോ തോന്നി​യില്ല. അതു​പോ​ലെ​തന്നെ, തന്റെ ശിഷ്യ​ന്മാ​രും പ്രാർഥി​ക്കു​മ്പോൾ മടുത്ത്‌ പിന്മാ​റാ​തെ വീണ്ടു​വീ​ണ്ടും ചോദി​ക്ക​ണ​മെന്നു യേശു പറഞ്ഞു.​—ലൂക്ക 11:9, 10.

ബയെത്‌സെ​ബൂബ്‌: സാധ്യ​ത​യ​നു​സ​രിച്ച്‌ “ഈച്ചക​ളു​ടെ നാഥൻ (ദേവൻ)” എന്ന്‌ അർഥം​വ​രുന്ന ബാൽസെ​ബൂബ്‌ എന്നതിന്റെ മറ്റൊരു രൂപം. എക്രോ​നി​ലെ ഫെലി​സ്‌ത്യർ ആരാധി​ച്ചി​രു​ന്നതു ബാൽസെ​ബൂബ്‌ എന്ന ഈ ബാൽദേ​വ​നെ​യാണ്‌. (2രാജ 1:3) ചില ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ബീൽസെ​ബൗൽ, ബീസെ​ബൗൽ എന്നിങ്ങ​നെ​യുള്ള മറ്റു രൂപങ്ങ​ളാ​ണു കാണു​ന്നത്‌. [സാധ്യ​ത​യ​നു​സ​രിച്ച്‌ അർഥം: ഉന്നതമായ വാസസ്ഥാനത്തിന്റെ (തിരുനിവാസത്തിന്റെ) നാഥൻ (ദേവൻ).] ഇനി ഈ പേര്‌ ബൈബി​ളേതര എബ്രാ​യ​പ​ദ​മായ സെവലിൽനിന്ന്‌ (കാഷ്‌ഠം) വന്നതാ​ണെ​ങ്കിൽ, അതിന്റെ അർഥം “കാഷ്‌ഠത്തിന്റെ നാഥൻ (ദേവൻ)” എന്നാണ്‌. ലൂക്ക 11:18-ൽ കാണു​ന്ന​തു​പോ​ലെ, ഭൂതങ്ങ​ളു​ടെ പ്രഭു അഥവാ അധിപൻ ആയ സാത്താനെ കുറി​ക്കാ​നാണ്‌ ഈ പേര്‌ പൊതു​വേ ഉപയോ​ഗി​ക്കു​ന്നത്‌.

ദൈവ​ത്തി​ന്റെ ശക്തി: അക്ഷ. “ദൈവ​ത്തി​ന്റെ വിരൽ.” മുമ്പ്‌ നടന്ന, സമാന​മാ​യൊ​രു സംഭാ​ഷണം രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന മത്തായി​യു​ടെ വിവര​ണ​ത്തിൽനിന്ന്‌ ഇതു ദൈവ​ത്തി​ന്റെ പരിശു​ദ്ധാ​ത്മാ​വാ​ണെന്നു വ്യക്തമാണ്‌. ഇവിടെ ലൂക്കോ​സി​ന്റെ വിവര​ണ​ത്തി​ന്റെ മൂലപാ​ഠ​ത്തിൽ യേശു ‘ദൈവ​ത്തി​ന്റെ വിരലു​കൊണ്ട്‌’ ഭൂതങ്ങളെ പുറത്താ​ക്കു​ന്ന​താ​യി പറയു​മ്പോൾ, മത്തായി​യു​ടെ വിവര​ണ​ത്തിൽ യേശു അതു ‘ദൈവാ​ത്മാ​വി​നാൽ’ (അഥവാ, ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​യാൽ) ചെയ്യു​ന്ന​താ​യി പറഞ്ഞി​രി​ക്കു​ന്നു.​—മത്ത 12:28.

അടിച്ചു​വൃ​ത്തി​യാ​ക്കി അലങ്കരി​ച്ചി​രി​ക്കു​ന്ന​താ​യി: ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ കാണു​ന്നത്‌, “ഒഴിഞ്ഞു​കി​ട​ക്കു​ന്ന​താ​യും, അടിച്ചു​വൃ​ത്തി​യാ​ക്കി അലങ്കരി​ച്ചി​രി​ക്കു​ന്ന​താ​യും” എന്നാണ്‌. പക്ഷേ ഈ തർജമ​യിൽ കാണുന്ന പരിഭാ​ഷ​യെ​യാണ്‌ ആധികാ​രി​ക​മായ പല പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളും പിന്താ​ങ്ങു​ന്നത്‌. യേശു സമാന​മാ​യൊ​രു പ്രസ്‌താ​വന നടത്തുന്ന മത്ത 12:44-ൽ “ഒഴിഞ്ഞു​കി​ട​ക്കു​ന്ന​താ​യി” എന്നതിന്റെ ഗ്രീക്കു​പദം കാണു​ന്നുണ്ട്‌. അതു​കൊണ്ട്‌, ലൂക്കോ​സി​ന്റെ വിവരണം മത്തായി​യു​ടെ വിവര​ണം​പോ​ലെ​യാ​ക്കാൻ പകർപ്പെ​ഴു​ത്തു​കാർ ഇവിടെ ആ പദം കൂട്ടി​ച്ചേർത്ത​താ​യി​രി​ക്കാം എന്നാണു ചില പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌.

തെക്കേ ദേശത്തെ രാജ്ഞി: അതായത്‌, ശേബയി​ലെ രാജ്ഞി. തെക്കു​പ​ടി​ഞ്ഞാ​റൻ അറേബ്യ​യി​ലാ​യി​രു​ന്നു അവരുടെ രാജ്യം എന്നു കരുത​പ്പെ​ടു​ന്നു.​—1രാജ 10:1.

വിളക്ക്‌: ബൈബിൾക്കാ​ല​ങ്ങ​ളിൽ സാധാ​ര​ണ​യാ​യി വീടു​ക​ളിൽ വിളക്കാ​യി ഉപയോ​ഗി​ച്ചി​രു​ന്നത്‌ ഒലിവെണ്ണ നിറച്ച ചെറിയ മൺപാ​ത്ര​ങ്ങ​ളാ​യി​രു​ന്നു.

കൊട്ട: ധാന്യം​പോ​ലുള്ള ഖരപദാർഥങ്ങൾ അളക്കാൻ ഉപയോ​ഗി​ച്ചി​രു​ന്നത്‌. ഇവിടെ പറഞ്ഞി​രി​ക്കുന്ന തരം ‘കൊട്ട​യിൽ’ ഏകദേശം 9 ലി. വരെ കൊള്ളും.

കണ്ണാണു ശരീര​ത്തി​ന്റെ വിളക്ക്‌: കുഴപ്പ​മൊ​ന്നു​മി​ല്ലാത്ത കണ്ണു ശരീര​ത്തിന്‌, ഇരുട്ടത്ത്‌ കത്തിച്ചു​വെ​ച്ചി​രി​ക്കുന്ന വിളക്കു​പോ​ലെ​യാണ്‌. ചുറ്റു​മുള്ള കാര്യങ്ങൾ കണ്ട്‌ മനസ്സി​ലാ​ക്കാൻ അത്‌ ആ വ്യക്തിയെ സഹായി​ക്കു​ന്നു. എന്നാൽ ഇവിടെ ‘കണ്ണ്‌ ’ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—എഫ 1:18.

ഒരു കാര്യ​ത്തിൽ കേന്ദ്രീ​ക​രി​ക്കു​ന്നെ​ങ്കിൽ: അഥവാ “വ്യക്തമാ​യി കാണാ​നാ​കു​ന്നെ​ങ്കിൽ; ആരോ​ഗ്യ​മു​ള്ള​തെ​ങ്കിൽ.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഹാപ്‌ളൗസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അടിസ്ഥാ​നാർഥം “ഒന്നു മാത്രം; ലളിതം” എന്നൊ​ക്കെ​യാണ്‌. മനസ്സ്‌ ഒരു കാര്യ​ത്തിൽ മാത്രം കേന്ദ്രീ​ക​രി​ക്കുക, ഒറ്റ ലക്ഷ്യത്തിൽ അർപ്പി​ത​മാ​യി​രി​ക്കുക എന്നും അതിന്‌ അർഥം വരാം. ഒറ്റ വസ്‌തു​വിൽ മാത്രം കാഴ്‌ച കേന്ദ്രീ​ക​രി​ക്കാൻ കഴിയു​ന്നെ​ങ്കിൽ മാത്രമേ ഒരു കണ്ണു നന്നായി പ്രവർത്തി​ക്കു​ന്നു എന്നു പറയാ​നാ​കൂ. ഒരു വ്യക്തി​യു​ടെ ആലങ്കാ​രി​ക​മായ കണ്ണ്‌, ശരിയായ കാര്യ​ത്തിൽ മാത്രം ‘കേന്ദ്രീ​ക​രി​ച്ച​താ​ണെ​ങ്കിൽ’ (മത്ത 6:33) അതിന്‌ അദ്ദേഹ​ത്തി​ന്റെ വ്യക്തി​ത്വ​ത്തെ മുഴുവൻ നല്ല രീതി​യിൽ സ്വാധീ​നി​ക്കാ​നാ​കും.

അസൂയ​യു​ള്ള: അക്ഷ. “ചീത്ത; ദുഷിച്ച.” ഒരു കണ്ണു ‘ചീത്തയാ​ണെ​ങ്കിൽ’ അഥവാ ആരോ​ഗ്യ​മി​ല്ലാ​ത്ത​താ​ണെ​ങ്കിൽ അതിനു വ്യക്തമാ​യി കാണാ​നാ​കില്ല. സമാന​മാ​യി അസൂയ​യുള്ള ഒരു കണ്ണിന്‌, ശരിക്കും പ്രാധാ​ന്യ​മുള്ള കാര്യ​ത്തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നാ​കില്ല. (മത്ത 6:33) അങ്ങനെ​യുള്ള ഒരു കണ്ണ്‌ അസംതൃ​പ്‌തി നിറഞ്ഞ​തും അത്യാ​ഗ്ര​ഹ​മു​ള്ള​തും ആണ്‌; അതു ശ്രദ്ധാ​ശൈ​ഥി​ല്യ​മു​ള്ള​തും വഞ്ചകവും ആയിരി​ക്കും. അത്തരം കണ്ണുള്ള ഒരാൾ കാര്യ​ങ്ങളെ ശരിയാ​യി വിലയി​രു​ത്താൻ പറ്റാതെ സ്വാർഥ​ല​ക്ഷ്യ​ങ്ങ​ളു​ടെ പിന്നാലെ പോകും.​—മത്ത 6:22-ന്റെ പഠനക്കു​റി​പ്പു കാണുക.

കണ്ണാണു ശരീര​ത്തി​ന്റെ വിളക്ക്‌: മത്ത 6:22-ന്റെ പഠനക്കു​റി​പ്പു കാണുക.

കേന്ദ്രീകരിക്കുന്നെങ്കിൽ: മത്ത 6:22-ന്റെ പഠനക്കു​റി​പ്പു കാണുക.

അസൂയയുള്ളതെങ്കിൽ: മത്ത 6:23-ന്റെ പഠനക്കു​റി​പ്പു കാണുക.

കഴുകി ശുദ്ധി വരുത്തുക: പല പുരാതന കൈയെഴുത്തുപ്രതികളും ഇവിടെ ഉപയോഗിച്ചിരിക്കുന്നതു ബാപ്‌റ്റിഡ്‌സോ (മുക്കുക; നിമജ്ജനം ചെയ്യുക) എന്ന ഗ്രീക്കുപദമാണ്‌. ഈ പദമാകട്ടെ മിക്കപ്പോഴും ക്രിസ്‌തീയസ്‌നാനത്തെയാണു കുറിക്കുന്നത്‌. എന്നാൽ ലൂക്ക 11:38-ൽ ഇതേ പദം ജൂതസമ്പ്രദായമനുസരിച്ച്‌ ആളുകൾ ആചാരപരമായി കുളിക്കുന്നതും കൈകാലുകൾ കഴുകുന്നതും പോലെ ആവർത്തിച്ച്‌ ചെയ്‌തിരുന്ന വിവിധതരം നടപടികളെ കുറിക്കുന്നു. മറ്റു ചില പുരാതന കൈയെഴുത്തുപ്രതികൾ മർ 7:4-ൽ “തളിക്കുക; തളിച്ച്‌ ശുദ്ധീകരിക്കുക” എന്നെല്ലാം അർഥമുള്ള റാൻടിഡ്‌സോ എന്ന ഗ്രീക്കുപദമാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. (എബ്ര 9:13, 19, 21, 22) കൈയെഴുത്തുപ്രതികളിൽ കാണുന്ന ഈ വ്യത്യസ്‌തപദങ്ങളിൽ ഏതെടുത്താലും ആശയം ഏതാണ്ട്‌ ഒന്നുതന്നെയാണ്‌​—ഏതെങ്കിലും വിധത്തിൽ ആചാരപരമായി ശുദ്ധിവരുത്താതെ മതനിഷ്‌ഠയുള്ള ജൂതന്മാർ ഭക്ഷണം കഴിച്ചിരുന്നില്ല. അക്കാലത്തെ ജൂതന്മാർ വെള്ളത്തിൽ മുങ്ങി ആചാരപരമായി ശുദ്ധിവരുത്തിയിരുന്നു എന്നതിനെ പിന്താങ്ങുന്ന തെളിവുകൾ പുരാവസ്‌തുശാസ്‌ത്രജ്ഞർ യരുശലേമിൽ കണ്ടെത്തിയിട്ടുണ്ട്‌. ഈ തെളിവുകളനുസരിച്ച്‌ ചില കൈയെഴുത്തുപ്രതികളിൽ “മുങ്ങുക” എന്ന്‌ അർഥമുള്ള ബാപ്‌റ്റിഡ്‌സോ എന്ന ഗ്രീക്കുക്രിയ ഇവിടെ ഉപയോഗിച്ചിരിക്കുന്നതും തെറ്റല്ല.

കൈ കഴുകുക: അതായത്‌, ആചാര​പ​ര​മാ​യി ശുദ്ധനാ​കുക. ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ബാപ്‌റ്റി​ഡ്‌സോ (മുക്കുക; നിമജ്ജനം ചെയ്യുക) എന്ന ഗ്രീക്കു​പദം മിക്ക​പ്പോ​ഴും ക്രിസ്‌തീ​യ​സ്‌നാ​ന​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. എന്നാൽ ഇവിടെ ആ പദം ജൂതസ​മ്പ്ര​ദാ​യ​മ​നു​സ​രിച്ച്‌ ആളുകൾ ആചാര​പ​ര​മാ​യി കുളി​ക്കു​ന്ന​തും കൈകാ​ലു​കൾ കഴുകു​ന്ന​തും പോലെ ആവർത്തിച്ച്‌ ചെയ്‌തി​രുന്ന വിവി​ധ​തരം നടപടി​കളെ സൂചി​പ്പി​ക്കു​ന്നു.​—മർ 7:4-ന്റെ പഠനക്കു​റി​പ്പു കാണുക.

ദാനം: കാലങ്ങ​ളാ​യി “ദാനധർമം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള എലെയീ​മൊ​സു​നേ എന്ന ഗ്രീക്കു​പ​ദ​ത്തി​നു “കരുണ,” ”കരുണ കാണി​ക്കുക” എന്നിവ​യു​ടെ ഗ്രീക്കു​പ​ദ​ങ്ങ​ളു​മാ​യി ബന്ധമുണ്ട്‌. ദരി​ദ്രർക്ക്‌ ആശ്വാ​സ​മാ​യി പണമോ ആഹാര​മോ സൗജന്യ​മാ​യി കൊടു​ക്കു​ന്ന​തി​നെ​യാണ്‌ ഇതു സൂചി​പ്പി​ക്കു​ന്നത്‌.

ദാനം കൊടു​ക്കു​മ്പോൾ: മത്ത 6:2-ന്റെ പഠനക്കു​റി​പ്പു കാണുക.

ഹൃദയ​ത്തിൽനിന്ന്‌: അടുത്ത വാക്യ​ത്തിൽ യേശു നീതി, സ്‌നേഹം എന്നീ ഗുണങ്ങൾക്ക്‌ ഊന്നൽ നൽകി​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ (ലൂക്ക 11:42) ഹൃദയ​ത്തി​ലെ ഗുണങ്ങ​ളെ​യാ​ണു യേശു ഇവിടെ ഉദ്ദേശി​ച്ച​തെന്ന്‌ അനുമാ​നി​ക്കാം. നമ്മൾ ചെയ്യുന്ന ഒരു നല്ല കാര്യം ശരിക്കുള്ള കരുണാ​പ്ര​വൃ​ത്തി​യാ​ക​ണ​മെ​ങ്കിൽ അതു സ്‌നേ​ഹ​വും മനസ്സൊ​രു​ക്ക​വും ഉള്ള ഹൃദയ​ത്തിൽനി​ന്നു​ള്ള​താ​യി​രി​ക്കണം.

പുതിന, അരൂത തുടങ്ങി എല്ലാ തരം സസ്യങ്ങ​ളു​ടെ​യും പത്തി​ലൊന്ന്‌: ദൈവം മോശ​യി​ലൂ​ടെ കൊടുത്ത നിയമ​മ​നു​സ​രിച്ച്‌ ഇസ്രാ​യേ​ല്യർ തങ്ങളുടെ വിളവിന്റെ പത്തി​ലൊന്ന്‌ അഥവാ ദശാംശം കൊടു​ക്ക​ണ​മാ​യി​രു​ന്നു. (ലേവ 27:30; ആവ 14:22) പുതിന, അരൂത പോലുള്ള സസ്യങ്ങ​ളു​ടെ പത്തി​ലൊ​ന്നു കൊടു​ക്ക​ണ​മെന്നു നിയമ​ത്തിൽ പ്രത്യേ​കം വ്യവസ്ഥ ചെയ്‌തി​രു​ന്നി​ല്ലെ​ങ്കി​ലും ജൂതപാ​ര​മ്പ​ര്യ​മ​നു​സ​രിച്ച്‌ അവർ അതു ചെയ്‌ത​തി​നെ യേശു എതിർത്തില്ല. എന്നാൽ, മോശ​യി​ലൂ​ടെ കൊടുത്ത നിയമത്തിന്റെ അടിസ്ഥാ​ന​ത​ത്ത്വ​ങ്ങ​ളാ​യി​രുന്ന നീതി, ദൈവ​ത്തോ​ടുള്ള സ്‌നേഹം എന്നിവ അവഗണി​ച്ചിട്ട്‌ നിയമ​ത്തി​ലെ ചെറി​യ​ചെ​റിയ കാര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ത്ത​തി​നാ​ണു യേശു ശാസ്‌ത്രി​മാ​രെ​യും പരീശ​ന്മാ​രെ​യും ശാസി​ച്ചത്‌. പിന്നീട്‌ ഒരിക്കൽ സമാന​മായ ഒരു പ്രസ്‌താ​വന നടത്തി​യ​പ്പോൾ യേശു പുതിന, ജീരകം, ചതകുപ്പ എന്നിവ​യെ​ക്കു​റി​ച്ചാ​ണു പറഞ്ഞത്‌. മത്ത 23:23-ൽ അതു രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.

മുൻനിര: അഥവാ “ഏറ്റവും നല്ല ഇരിപ്പി​ടങ്ങൾ.” തെളി​വ​നു​സ​രിച്ച്‌ സിന​ഗോ​ഗി​ന്റെ അധ്യക്ഷ​ന്മാ​രും വിശി​ഷ്ടാ​തി​ഥി​ക​ളും സിന​ഗോ​ഗിൽ ഏറ്റവും മുന്നി​ലാ​യി, തിരു​വെ​ഴു​ത്തു​ചു​രു​ളു​കൾ വെച്ചി​രു​ന്ന​തിന്‌ അടുത്താണ്‌ ഇരുന്നി​രു​ന്നത്‌. സിന​ഗോ​ഗിൽ കൂടി​വ​ന്നി​രുന്ന എല്ലാവർക്കും അവരെ കാണാ​മാ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ആദരണീ​യ​മായ ആ ഇരിപ്പി​ടങ്ങൾ അത്തരം പ്രമു​ഖ​വ്യ​ക്തി​കൾക്കു​വേണ്ടി വേർതി​രി​ച്ചി​രു​ന്നു.

ചന്തസ്ഥലങ്ങൾ: അഥവാ “കൂടി​വ​രാ​നുള്ള സ്ഥലങ്ങൾ.” ഗ്രീക്കിൽ അഗോറ. പുരാ​ത​ന​കാ​ലത്ത്‌ മധ്യപൂർവ​ദേ​ശ​ത്തെ​യും ഗ്രീക്ക്‌, റോമൻ സ്വാധീ​ന​മു​ണ്ടാ​യി​രുന്ന പ്രദേ​ശ​ങ്ങ​ളി​ലെ​യും നഗരങ്ങ​ളി​ലും പട്ടണങ്ങ​ളി​ലും, കച്ചവട​കേ​ന്ദ്ര​മാ​യോ പൊതു​ജ​ന​ങ്ങൾക്കു കൂടി​വ​രാ​നുള്ള സ്ഥലമാ​യോ ഉപയോ​ഗി​ച്ചി​രുന്ന തുറസ്സായ സ്ഥലങ്ങ​ളെ​യാണ്‌ അതു കുറി​ക്കു​ന്നത്‌.

വെള്ള പൂശിയ ശവക്കല്ല​റകൾ: ശവക്കല്ല​റ​കൾക്കു വെള്ള പൂശു​ന്നത്‌ ഇസ്രാ​യേ​ലി​ലെ ഒരു രീതി​യാ​യി​രു​ന്നു. വഴി​പോ​ക്ക​രായ ആരെങ്കി​ലും അബദ്ധത്തിൽ ഒരു കല്ലറയിൽ തൊട്ട്‌ ആചാര​പ​ര​മാ​യി അശുദ്ധ​രാ​കാ​തി​രി​ക്കാൻ ഒരു മുന്നറി​യി​പ്പാ​യി​ട്ടാണ്‌ അങ്ങനെ ചെയ്‌തി​രു​ന്നത്‌. (സംഖ 19:16) വർഷത്തിൽ ഒരിക്കൽ, പെസഹ​യ്‌ക്ക്‌ ഒരു മാസം മുമ്പ്‌ ആണ്‌ ഇത്തരത്തിൽ വെള്ള പൂശി​യി​രു​ന്നത്‌ എന്ന്‌ ജൂതമി​ഷ്‌നാ (ഷെക്കാ​ലിം 1:1) പറയുന്നു. യേശു ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചതു കാപട്യ​ത്തി​ന്റെ പ്രതീ​ക​മാ​യി​ട്ടാണ്‌.

പെട്ടെന്ന്‌ ആരു​ടെ​യും കണ്ണിൽപ്പെ​ടാത്ത ശവകു​ടീ​രങ്ങൾ: അഥവാ “പ്രത്യേ​കം അടയാ​ള​പ്പെ​ടു​ത്താത്ത ശവകു​ടീ​രങ്ങൾ.” സാധ്യ​ത​യ​നു​സ​രിച്ച്‌, ജൂതന്മാ​രു​ടെ ശവകു​ടീ​രങ്ങൾ പൊതു​വേ വലിയ മോടി​യും പകിട്ടും ഇല്ലാത്ത​വ​യാ​യി​രു​ന്നു. ഈ വാക്യ​ത്തിൽ പറയു​ന്ന​തു​പോ​ലെ, ചില ശവകു​ടീ​രങ്ങൾ ഒട്ടും കണ്ണിൽപ്പെ​ടാ​ത്ത​വ​യാ​യി​രു​ന്ന​തു​കൊണ്ട്‌ ആളുകൾ അറിയാ​തെ അതിനു മുകളി​ലൂ​ടെ നടക്കാ​നും അങ്ങനെ ആചാര​പ​ര​മാ​യി അശുദ്ധ​രാ​യി​ത്തീ​രാ​നും സാധ്യ​ത​യു​ണ്ടാ​യി​രു​ന്നു. മരിച്ച ഒരാളു​മാ​യി ബന്ധപ്പെട്ട എന്തി​ലെ​ങ്കി​ലും തൊടു​ന്ന​വരെ മോശ​യു​ടെ നിയമം അശുദ്ധ​രാ​യാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌. ഒരാൾ അറിയാ​തെ ശവകു​ടീ​ര​ങ്ങ​ളു​ടെ മുകളി​ലൂ​ടെ നടന്നാൽപ്പോ​ലും ഏഴു ദിവസ​ത്തേക്ക്‌ ആചാര​പ​ര​മാ​യി അശുദ്ധ​നാ​കു​മാ​യി​രു​ന്നു. (സംഖ 19:16) അതു​കൊണ്ട്‌, അത്തരം ശവകു​ടീ​രങ്ങൾ പെട്ടെന്നു തിരി​ച്ച​റി​യാ​നും ഒഴിവാ​ക്കാ​നും വേണ്ടി ജൂതന്മാർ എല്ലാ വർഷവും അവയിൽ വെള്ള പൂശി​യി​രു​ന്നു. ഇവിടെ ശവകു​ടീ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ സാധ്യ​ത​യ​നു​സ​രിച്ച്‌ യേശു ഉദ്ദേശി​ച്ചത്‌, പരീശ​ന്മാർ നല്ലവരാ​ണെന്നു കരുതി ആളുകൾ അവരു​മാ​യി അടുത്ത്‌ ഇടപഴ​കു​മ്പോൾ അവരുടെ ദുഷിച്ച മനോ​ഭാ​വ​വും അശുദ്ധ ചിന്തക​ളും അറിയാ​തെ അവരെ​യും സ്വാധീ​നി​ച്ചേ​ക്കാം എന്നാണ്‌.​—മത്ത 23:27-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൈവം തന്റെ ജ്ഞാനത്തിൽ ഇങ്ങനെ പറഞ്ഞു: അക്ഷ. “ദൈവ​ത്തി​ന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞു.” തുടർന്ന്‌ വരുന്ന വാക്കുകൾ ദൈവ​ത്തിൽനി​ന്നു​ള്ള​താ​യി​ട്ടാണ്‌ ഈ വാക്യ​ത്തിൽ കാണു​ന്നത്‌. എന്നാൽ മറ്റൊരു സന്ദർഭ​ത്തിൽ സമാന​മായ വാക്കുകൾ യേശു​വി​ന്റേ​താ​യി​ത്തന്നെ രേഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌.​—മത്ത 23:34.

ലോകാ​രം​ഭം: ഇവിടെ കാണുന്ന ‘ആരംഭം’ എന്നതിന്റെ ഗ്രീക്കു​പദം എബ്ര 11:11-ൽ “ഗർഭി​ണി​യാ​കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ വാക്യ​ത്തിൽ ‘ആരംഭം’ എന്ന പദം, ആദാമി​ന്റെ​യും ഹവ്വയു​ടെ​യും മക്കൾ ഗർഭത്തിൽ ഉരുവാ​യ​തി​നെ​യും അവർ ജനിച്ച​തി​നെ​യും ആണ്‌ കുറി​ക്കു​ന്നത്‌. യേശു ‘ലോകാ​രം​ഭത്തെ’ ഹാബേ​ലു​മാ​യി ബന്ധിപ്പി​ച്ചി​ട്ടുണ്ട്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്ന മനുഷ്യ​വർഗ​ലോ​ക​ത്തി​ലെ ആദ്യമ​നു​ഷ്യ​നാ​ണു ഹാബേൽ. അത്തരത്തിൽ വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്നവ​രു​ടെ പേരുകൾ ‘ലോകാ​രം​ഭം​മു​തൽ’ ജീവന്റെ പുസ്‌ത​ക​ത്തിൽ എഴുത​പ്പെടുന്നുണ്ട്‌.​—ലൂക്ക 11:50, 51; വെളി 17:8.

ലോകാ​രം​ഭം: ഇവിടെ കാണുന്ന ‘ആരംഭം’ എന്നതിന്റെ ഗ്രീക്കു​പദം എബ്ര 11:11-ൽ “ഗർഭി​ണി​യാ​കുക” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ വാക്യ​ത്തിൽ ‘ആരംഭം’ എന്ന പദം, ആദാമി​നും ഹവ്വയ്‌ക്കും മക്കൾ ജനിച്ച​തി​നെ​യാ​ണു കുറി​ക്കു​ന്നത്‌. യേശു ‘ലോകാ​രം​ഭത്തെ’ ഹാബേ​ലു​മാ​യി ബന്ധിപ്പി​ച്ചി​ട്ടുണ്ട്‌. തെളി​വ​നു​സ​രിച്ച്‌, വീണ്ടെ​ടു​ക്ക​പ്പെ​ടാ​വുന്ന മനുഷ്യ​വർഗ​ലോ​ക​ത്തി​ലെ ആദ്യമ​നു​ഷ്യ​നാ​ണു ഹാബേൽ. അത്തരത്തിൽ വീണ്ടെ​ടു​ക്ക​പ്പെ​ടാ​വു​ന്ന​വ​രു​ടെ പേരുകൾ ‘ലോകാ​രം​ഭം​മു​തൽ’ ജീവന്റെ പുസ്‌ത​ക​ത്തിൽ എഴുത​പ്പെ​ടു​ന്നുണ്ട്‌.​—ലൂക്ക 11:51; വെളി 17:8; മത്ത 25:34-ന്റെ പഠനക്കു​റി​പ്പു കാണുക.

നീതി​മാ​നാ​യ ഹാബേ​ലി​ന്റെ രക്തംമു​തൽ . . . സെഖര്യ​യു​ടെ രക്തംവരെ: കൊല ചെയ്യ​പ്പെ​ട്ട​താ​യി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ എല്ലാവ​രും യേശു​വി​ന്റെ ആ പ്രസ്‌താ​വ​ന​യിൽ ഉൾപ്പെടും—അതായത്‌ ആദ്യപു​സ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഹാബേൽ (ഉൽ 4:8) മുതൽ 2ദിന 24:20-ൽ (പരമ്പരാ​ഗത ജൂതകാ​നോ​നി​ലെ അവസാ​ന​പു​സ്‌തകം ദിനവൃ​ത്താ​ന്ത​മാണ്‌.) പറഞ്ഞി​രി​ക്കുന്ന സെഖര്യ വരെയുള്ള എല്ലാവ​രും. അതു​കൊണ്ട്‌ ‘ഹാബേൽ മുതൽ സെഖര്യ വരെ’ എന്നു പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌ “ഏറ്റവും ആദ്യത്തെ ആൾമുതൽ ഏറ്റവും അവസാ​നത്തെ ആൾവരെ” എന്നാണ്‌.

ഹാബേൽ മുതൽ . . . സെഖര്യ വരെയു​ള്ള​വ​രു​ടെ രക്തം: മത്ത 23:35-ന്റെ പഠനക്കു​റി​പ്പു കാണുക.

യാഗപീ​ഠ​ത്തി​നും ദേവാ​ല​യ​ത്തി​നും ഇടയ്‌ക്കു​വെച്ച്‌: ‘ദേവാ​ലയം’ എന്ന പദം, വിശു​ദ്ധ​വും അതിവി​ശു​ദ്ധ​വും അടങ്ങുന്ന കെട്ടി​ട​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌. സെഖര്യ കൊല്ല​പ്പെ​ട്ടത്‌ “യഹോ​വ​യു​ടെ ഭവനത്തിന്റെ മുറ്റത്തു​വെച്ച്‌” ആണെന്നു 2ദിന 24:21 പറയുന്നു. വിശുദ്ധമന്ദിരത്തിന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​നു പുറത്ത്‌, അതിനു മുന്നി​ലാ​യി, അകത്തെ മുറ്റത്താ​യി​രു​ന്നു ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠം. (അനു. ബി8 കാണുക.) സെഖര്യ കൊല്ല​പ്പെ​ട്ട​താ​യി യേശു പറഞ്ഞ സ്ഥലം ഇതുമാ​യി യോജി​പ്പി​ലാണ്‌.

അറിവി​ന്റെ താക്കോൽ: അക്ഷരാർഥ​ത്തി​ലു​ള്ള​തോ ആലങ്കാ​രി​കാർഥ​ത്തി​ലു​ള്ള​തോ ആയ താക്കോ​ലു​കൾ ചിലർക്കു ലഭിച്ച​താ​യി ബൈബി​ളിൽ പറഞ്ഞി​ട്ടുണ്ട്‌. അവർക്ക്‌ ഒരളവിൽ അധികാ​രം ലഭിച്ചു എന്നതിന്റെ സൂചന​യാ​യി​രു​ന്നു അത്‌. (1ദിന 9:26, 27; യശ 22:20-22) അതു​കൊ​ണ്ടു​തന്നെ “താക്കോൽ“ എന്ന പദം അധികാരത്തിന്റെയും ഉത്തരവാദിത്വത്തിന്റെയും പ്രതീ​ക​മാ​യി മാറി. ഇനി ഈ വാക്യ​ത്തിൽ, ‘അറിവ്‌’ എന്നു പറഞ്ഞി​രി​ക്കു​ന്നതു ദൈവ​ത്തിൽനി​ന്നുള്ള അറിവി​നെ​യാ​യി​രി​ക്കാം കുറി​ക്കു​ന്നത്‌. കാരണം യേശു ഇവിടെ സംസാ​രി​ക്കു​ന്നതു നിയമ​പ​ണ്ഡി​ത​ന്മാ​രായ മതനേ​താ​ക്ക​ന്മാ​രോ​ടാണ്‌. വാസ്‌ത​വ​ത്തിൽ, ദൈവ​നി​യ​മ​ത്തിൽ പാണ്ഡി​ത്യ​മു​ണ്ടാ​യി​രുന്ന അവർ, ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ ആളുകൾക്കു പകർന്നു​കൊ​ടു​ക്കാൻ തങ്ങളുടെ അധികാ​രം ഉപയോ​ഗി​ക്കേ​ണ്ട​വ​രാ​യി​രു​ന്നു. ദൈവ​വ​ചനം വിശദീ​ക​രി​ച്ചു​കൊ​ടു​ത്തു​കൊണ്ട്‌, അതിന്റെ അർഥം മനസ്സി​ലാ​ക്കാൻ അവർ ആളുകളെ സഹായി​ക്ക​ണ​മാ​യി​രു​ന്നു. ഇനി, മതനേ​താ​ക്ക​ന്മാർ “മനുഷ്യർക്കു സ്വർഗ​രാ​ജ്യം അടച്ചു​ക​ള​യു​ന്നു” എന്നു മത്ത 23:13-ൽ യേശു പറയു​ന്ന​താ​യി കാണാം. അതുമാ​യി ഈ വാക്യം താരത​മ്യം ചെയ്‌താൽ, അകത്ത്‌ കടക്കുക എന്നു പറഞ്ഞി​രി​ക്കു​ന്നത്‌, സ്വർഗ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തി​നെ​യാ​ണു കുറി​ക്കു​ന്ന​തെന്നു മനസ്സി​ലാ​കും. ദൈവ​ത്തെ​ക്കു​റി​ച്ചുള്ള ശരിയായ അറിവ്‌ ആളുകൾക്കു പകർന്നു​കൊ​ടു​ക്കാ​തി​രു​ന്ന​തി​ലൂ​ടെ മതനേ​താ​ക്ക​ന്മാർ, ദൈവ​വ​ചനം മനസ്സി​ലാ​ക്കാ​നും ദൈവ​രാ​ജ്യ​ത്തി​ലേക്കു പ്രവേ​ശി​ക്കാ​നും ഉള്ള അവസരം പലരിൽനി​ന്നും എടുത്തു​മാ​റ്റി.

യേശു​വി​നെ കഠിന​മായ സമ്മർദ​ത്തി​ലാ​ക്കി: ഈ പദപ്ര​യോ​ഗ​ത്തിന്‌ ആളുകൾ ചുറ്റും കൂടു​ന്ന​തി​നെ അർഥമാ​ക്കാൻ കഴിയു​മെ​ങ്കി​ലും ഇവിടെ അതു കുറി​ക്കു​ന്നതു മതനേ​താ​ക്ക​ന്മാർക്കു യേശു​വി​നോ​ടുള്ള കടുത്ത വിദ്വേ​ഷ​ത്തെ​യാ​യി​രി​ക്കാം. ഭയപ്പെ​ടു​ത്തുക എന്ന ലക്ഷ്യത്തിൽ അവർ യേശു​വി​നെ ശക്തമായ സമ്മർദ​ത്തി​ലാ​ക്കി. ഈ വാക്യ​ത്തിൽ കാണുന്ന ഗ്രീക്കു​ക്രിയ മർ 6:19-ൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ‘കടുത്ത പക’ എന്നാണ്‌. സ്‌നാ​പ​ക​യോ​ഹ​ന്നാ​നോ​ടു ഹെരോ​ദ്യ​ക്കുള്ള അടങ്ങാത്ത വിദ്വേ​ഷ​ത്തെ​ക്കു​റി​ച്ചാണ്‌ അവിടെ പറയു​ന്നത്‌.

ദൃശ്യാവിഷ്കാരം

തേളുകൾ
തേളുകൾ

ഏതാണ്ട്‌ 2.5 സെ.മീ. മുതൽ 20 സെ.മീ. വരെ വലുപ്പ​മുള്ള 600-ലധികം വ്യത്യസ്‌ത ഇനം തേളു​ക​ളുണ്ട്‌. ഇവയിൽ ഏതാണ്ട്‌ 12 ഇനങ്ങളെ ഇസ്രാ​യേ​ലി​ലും സിറി​യ​യി​ലും ആയി കണ്ടെത്തി​യി​ട്ടുണ്ട്‌. തേളിന്റെ കുത്തേറ്റ്‌ പൊതു​വേ മനുഷ്യർ മരിക്കാ​റി​ല്ലെ​ങ്കി​ലും പല ഇനങ്ങളു​ടെ​യും വിഷം മരുഭൂ​മി​യിൽ കാണുന്ന അപകട​കാ​രി​ക​ളായ ചില അണലി​ക​ളു​ടെ വിഷ​ത്തെ​ക്കാൾ വീര്യം കൂടി​യ​താണ്‌. ഇസ്രാ​യേ​ലിൽ കാണുന്ന ഏറ്റവും വിഷമുള്ള തേൾ, മഞ്ഞ നിറത്തി​ലുള്ള ലയൂറസ്‌ ക്വിൻക്വെ​സ്‌ട്രി​യാ​റ്റസ്‌ (ഇവിടെ കാണി​ച്ചി​രി​ക്കു​ന്നത്‌.) ആണ്‌. തേൾ കുത്തു​മ്പോൾ ഉണ്ടാകുന്ന കഠിന​വേ​ദ​ന​യെ​ക്കു​റിച്ച്‌ വെളി 9:3, 5, 10 എന്നീ വാക്യ​ങ്ങ​ളിൽ കാണാം. യഹൂദ്യ വിജന​ഭൂ​മി​യി​ലും ‘ഭയാന​ക​മായ വിജന​ഭൂ​മി​യുള്ള’ സീനായ്‌ ഉപദ്വീ​പി​ലും തേളു​കളെ സർവസാ​ധാ​ര​ണ​മാ​യി കണ്ടിരു​ന്നു.​—ആവ 8:15.

വീടു​ക​ളി​ലെ വിളക്കു​തണ്ട്‌
വീടു​ക​ളി​ലെ വിളക്കു​തണ്ട്‌

ഇവിടെ കാണി​ച്ചി​രി​ക്കുന്ന വിളക്കു​തണ്ട്‌ (1) എഫെ​സൊ​സിൽനി​ന്നും ഇറ്റലി​യിൽനി​ന്നും കണ്ടെടുത്ത പുരാ​വ​സ്‌തു​ക്കളെ (ഒന്നാം നൂറ്റാ​ണ്ടിൽ ഉപയോ​ഗ​ത്തി​ലി​രു​ന്നത്‌.) ആധാര​മാ​ക്കി ഒരു ചിത്ര​കാ​രൻ വരച്ചതാണ്‌. വീടു​ക​ളിൽ ഉപയോ​ഗി​ച്ചി​രുന്ന ഇത്തരം വിളക്കു​ത​ണ്ടു​കൾ സാധ്യ​ത​യ​നു​സ​രിച്ച്‌ സമ്പന്നരു​ടെ ഭവനങ്ങ​ളി​ലാ​ണു കണ്ടിരു​ന്നത്‌. അത്ര സാമ്പത്തി​ക​സ്ഥി​തി ഇല്ലാത്ത​വ​രു​ടെ വീടു​ക​ളിൽ, വിളക്കു ചുവരി​ലെ ഒരു പൊത്തിൽ വെക്കു​ക​യോ (2) മച്ചിൽനിന്ന്‌ തൂക്കി​യി​ടു​ക​യോ മണ്ണു​കൊ​ണ്ടോ തടി​കൊ​ണ്ടോ ഉണ്ടാക്കിയ ഒരു വിളക്കു​ത​ണ്ടിൽ വെക്കു​ക​യോ ആണ്‌ ചെയ്‌തി​രു​ന്നത്‌.

അരൂത
അരൂത

അത്ര പെട്ടെ​ന്നൊ​ന്നും നശിച്ചു​പോ​കാത്ത ഒരുതരം കുറ്റി​ച്ചെടി. തണ്ടുക​ളിൽ നിറയെ രോമ​മുള്ള ഈ ചെടിക്കു രൂക്ഷഗ​ന്ധ​മാണ്‌. ഇത്‌ ഏതാണ്ട്‌ 1 മീ. (3 അടി) ഉയരത്തിൽ വളരും. മങ്ങിയ പച്ച നിറ​ത്തോ​ടു​കൂ​ടിയ ഇലകളുള്ള ഈ ചെടി​യിൽ കുലകു​ല​യാ​യി മഞ്ഞപ്പൂ​ക്ക​ളും കാണ​പ്പെ​ടു​ന്നു. ഇവിടെ കാണി​ച്ചി​രി​ക്കുന്ന അരൂത​യ്‌ക്കു (റൂട്ട ചാല​പെൻസിസ്‌ ലാറ്റി​ഫോ​ളിയ) പുറമേ മറ്റൊരു ഇനവും (റൂട്ട ഗ്രവി​യോ​ലൻസ്‌) ഇസ്രാ​യേ​ലിൽ വളരു​ന്നുണ്ട്‌. യേശു​വി​ന്റെ ഭൗമി​ക​ശു​ശ്രൂ​ഷ​ക്കാ​ലത്ത്‌ ആളുകൾ ഇതു വളർത്തി​യി​രു​ന്നത്‌ മരുന്നി​നും ഭക്ഷണത്തി​ന്റെ രുചി വർധി​പ്പി​ക്കാ​നും ആയിരു​ന്നി​രി​ക്കാം. ബൈബി​ളിൽ ഈ ചെടി​യെ​ക്കു​റിച്ച്‌ ലൂക്ക 11:42-ൽ മാത്രമേ പറയു​ന്നു​ള്ളൂ. അമിത​മായ കണിശ​ത​യോ​ടെ ദശാംശം വാങ്ങി​യി​രുന്ന പരീശ​ന്മാ​രു​ടെ കപടഭ​ക്തി​യെ യേശു കുറ്റം വിധി​ക്കുന്ന ഒരു തിരു​വെ​ഴു​ത്തു​ഭാ​ഗ​മാണ്‌ ഇത്‌.​—മത്ത 23:33 താരത​മ്യം ചെയ്യുക.

ചന്തസ്ഥലം
ചന്തസ്ഥലം

ഇവിടെ കാണി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ചില​പ്പോ​ഴൊ​ക്കെ റോഡി​ന്റെ ഇരുവ​ശ​ത്തു​മാ​യി​ട്ടാ​യി​രു​ന്നു ചന്തകൾ. മിക്ക​പ്പോ​ഴും വ്യാപാ​രി​കൾ ധാരാളം സാധനങ്ങൾ വഴിയിൽ വെച്ചി​രു​ന്ന​തു​കൊണ്ട്‌ ഗതാഗതം തടസ്സ​പ്പെ​ട്ടി​രു​ന്നു. പ്രദേ​ശ​വാ​സി​കൾക്കു വീട്ടു​സാ​ധ​ന​ങ്ങ​ളും കളിമൺപാ​ത്ര​ങ്ങ​ളും വിലകൂ​ടിയ ചില്ലു​പാ​ത്ര​ങ്ങ​ളും നല്ല പച്ചക്കറി​ക​ളും പഴങ്ങളും മറ്റും കിട്ടുന്ന സ്ഥലമാ​യി​രു​ന്നു ഇത്‌. അക്കാലത്ത്‌ ഭക്ഷണം ശീതീ​ക​രിച്ച്‌ സൂക്ഷി​ക്കാ​നുള്ള സൗകര്യം ഇല്ലാഞ്ഞ​തു​കൊണ്ട്‌ ഓരോ ദിവസ​ത്തേ​ക്കും വേണ്ട സാധനങ്ങൾ അതതു ദിവസം ചന്തയിൽ പോയി മേടി​ക്കു​ന്ന​താ​യി​രു​ന്നു രീതി. അവിടെ ചെല്ലു​ന്ന​വർക്കു കച്ചവട​ക്കാ​രിൽനി​ന്നും മറ്റു സന്ദർശ​ക​രിൽനി​ന്നും പുതി​യ​പു​തിയ വാർത്തകൾ കേൾക്കാ​മാ​യി​രു​ന്നു. കുട്ടികൾ അവിടെ കളിച്ചി​രു​ന്നു. തങ്ങളെ കൂലിക്കു വിളി​ക്കു​ന്ന​തും പ്രതീ​ക്ഷിച്ച്‌ ആളുകൾ അവിടെ കാത്തി​രി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു. ചന്തസ്ഥല​ത്തു​വെച്ച്‌ യേശു ആളുകളെ സുഖ​പ്പെ​ടു​ത്തി​യ​താ​യും പൗലോസ്‌ മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ച്ച​താ​യും നമ്മൾ വായി​ക്കു​ന്നു. (പ്രവൃ 17:17) എന്നാൽ അഹങ്കാ​രി​ക​ളായ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും ഇത്തരം പൊതു​സ്ഥ​ല​ങ്ങ​ളിൽവെച്ച്‌, ആളുക​ളു​ടെ ശ്രദ്ധാ​കേ​ന്ദ്ര​മാ​കാ​നും അവരുടെ അഭിവാ​ദ​നങ്ങൾ ഏറ്റുവാ​ങ്ങാ​നും ആഗ്രഹി​ച്ചു.