അപ്പോ​സ്‌ത​ല​ന്മാ​രു​ടെ പ്രവൃത്തികൾ 12:1-25

12  അക്കാലത്ത്‌ ഹെരോദ്‌ രാജാവ്‌ സഭയി​ലുള്ള ചിലരെ ദ്രോ​ഹി​ക്കാൻതു​ടങ്ങി.+  ഹെരോദ്‌ യോഹ​ന്നാ​ന്റെ സഹോ​ദ​ര​നായ യാക്കോബിനെ+ വാളു​കൊണ്ട്‌ കൊന്നു.+  ജൂതന്മാ​രെ അതു സന്തോ​ഷി​പ്പി​ച്ചെന്നു കണ്ടപ്പോൾ പത്രോ​സി​നെ​യും അറസ്റ്റു ചെയ്യാൻ ഹെരോദ്‌ തീരു​മാ​നി​ച്ചു. (അപ്പോൾ പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവമാ​യി​രു​ന്നു.)+  ഹെരോദ്‌ പത്രോ​സി​നെ പിടി​കൂ​ടി ജയിലിൽ ഇട്ടു.+ നാലു ഭടന്മാർ വീതമുള്ള നാലു ഗണങ്ങളെ ഊഴമ​നു​സ​രിച്ച്‌ നാലു നേരങ്ങ​ളി​ലാ​യി കാവൽനി​റു​ത്തു​ക​യും ചെയ്‌തു. പെസഹയ്‌ക്കു+ ശേഷം പത്രോ​സി​നെ ജനത്തിന്റെ മുന്നിൽ കൊണ്ടുവരാനായിരുന്നു* പദ്ധതി.  അങ്ങനെ പത്രോസ്‌ ജയിലിൽ കഴിഞ്ഞു. എന്നാൽ സഭ ഒന്നടങ്കം പത്രോ​സി​നു​വേണ്ടി ദൈവ​ത്തോട്‌ ഉള്ളുരു​കി പ്രാർഥി​ച്ചു​കൊ​ണ്ടി​രു​ന്നു.+  ഹെരോദ്‌ പത്രോ​സി​നെ ജനത്തിനു മുന്നിൽ കൊണ്ടു​വ​രാ​നി​രു​ന്ന​തി​ന്റെ തലേരാ​ത്രി പത്രോസ്‌ രണ്ടു ഭടന്മാ​രു​ടെ നടുവിൽ രണ്ടു ചങ്ങല​കൊണ്ട്‌ ബന്ധിത​നാ​യി ഉറങ്ങു​ക​യാ​യി​രു​ന്നു. ജയിലി​ന്റെ വാതിൽക്ക​ലും കാവൽക്കാ​രു​ണ്ടാ​യി​രു​ന്നു.  പെട്ടെന്ന്‌ യഹോ​വ​യു​ടെ ഒരു ദൂതൻ അവിടെ പ്രത്യ​ക്ഷ​നാ​യി!+ ജയിൽമു​റി​യിൽ ഒരു പ്രകാശം നിറഞ്ഞു. ദൂതൻ പത്രോ​സി​ന്റെ ഒരു വശത്ത്‌ തട്ടിയിട്ട്‌, “വേഗം എഴു​ന്നേൽക്ക്‌” എന്നു പറഞ്ഞ്‌ ഉറക്കമു​ണർത്തി. പത്രോ​സി​ന്റെ കൈക​ളിൽനിന്ന്‌ ചങ്ങലകൾ ഊരി​വീ​ണു.+  ദൂതൻ പത്രോ​സി​നോട്‌, “വസ്‌ത്രം ധരിക്കൂ, ചെരിപ്പ്‌ ഇടൂ” എന്നു പറഞ്ഞു. പത്രോസ്‌ അങ്ങനെ ചെയ്‌തു. പിന്നെ ദൂതൻ പത്രോ​സി​നോട്‌, “പുറങ്കു​പ്പാ​യം ധരിച്ച്‌ എന്റെ പിന്നാലെ വരുക” എന്നു പറഞ്ഞു.  പത്രോസ്‌ ജയിൽമു​റി​യിൽനിന്ന്‌ ഇറങ്ങി ദൂതന്റെ പിന്നാലെ ചെന്നു. എന്നാൽ ദൂതൻ ചെയ്യുന്ന ഇക്കാര്യ​ങ്ങ​ളെ​ല്ലാം ശരിക്കും സംഭവി​ക്കു​ക​യാ​ണെന്നു പത്രോ​സി​നു മനസ്സി​ലാ​യില്ല; ഒരു ദിവ്യ​ദർശനം കാണു​ക​യാ​ണെ​ന്നാ​ണു പത്രോസ്‌ കരുതി​യത്‌. 10  അവർ ഒന്നാം കാവലും രണ്ടാം കാവലും കടന്ന്‌ പുറ​ത്തേ​ക്കുള്ള ഇരുമ്പു​ക​വാ​ട​ത്തിൽ എത്തി. അതു തനിയെ തുറന്നു!+ അവർ പുറത്ത്‌ ഇറങ്ങി നഗരത്തി​ലെ ഒരു തെരു​വി​ലൂ​ടെ മുന്നോ​ട്ടു നടന്നു. പെട്ടെന്ന്‌ ദൂതൻ പത്രോ​സി​നെ വിട്ട്‌ പോയി. 11  സംഭവി​ക്കു​ന്നത്‌ എന്താ​ണെന്നു മനസ്സി​ലാ​ക്കിയ പത്രോസ്‌ പറഞ്ഞു: “യഹോവ ഒരു ദൂതനെ അയച്ച്‌ എന്നെ ഹെരോ​ദി​ന്റെ കൈയിൽനിന്ന്‌ രക്ഷപ്പെ​ടു​ത്തു​ക​യാ​യി​രു​ന്നെന്ന്‌ എനിക്ക്‌ ഇപ്പോൾ മനസ്സി​ലാ​യി. ദൈവം ജൂതന്മാ​രു​ടെ പ്രതീ​ക്ഷകൾ തകിടം​മ​റി​ച്ചി​രി​ക്കു​ന്നു.”+ 12  ഇക്കാര്യം ബോധ്യ​മാ​യ​പ്പോൾ പത്രോസ്‌ നേരെ മറിയ​യു​ടെ വീട്ടിൽ ചെന്നു. മർക്കോസ്‌ എന്ന്‌ അറിയ​പ്പെട്ട യോഹന്നാന്റെ+ അമ്മയാണു മറിയ. അവിടെ കുറെ പേർ കൂടി​യി​രുന്ന്‌ പ്രാർഥി​ക്കു​ക​യാ​യി​രു​ന്നു. 13  പത്രോസ്‌ പടിപ്പു​ര​വാ​തി​ലിൽ മുട്ടി​വി​ളി​ച്ച​പ്പോൾ രോദ എന്ന ദാസി​പ്പെൺകു​ട്ടി അത്‌ ആരാ​ണെന്നു നോക്കാൻ ചെന്നു. 14  പത്രോ​സി​ന്റെ ശബ്ദം തിരി​ച്ച​റിഞ്ഞ രോദ സന്തോ​ഷം​കൊണ്ട്‌ മതിമ​റന്ന്‌ വാതിൽ തുറക്കാ​തെ അകത്തേക്ക്‌ ഓടി; പത്രോസ്‌ പടിപ്പു​ര​വാ​തിൽക്കൽ നിൽക്കു​ന്നു​ണ്ടെന്ന്‌ അവി​ടെ​യു​ള്ള​വരെ അറിയി​ച്ചു. 15  അവർ രോദ​യോട്‌, “നിനക്കു വട്ടാണ്‌” എന്നു പറഞ്ഞു. എന്നാൽ താൻ സത്യമാ​ണു പറയു​ന്ന​തെന്നു രോദ തറപ്പി​ച്ചു​പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു. അപ്പോൾ അവർ, “അതു പത്രോ​സി​ന്റെ ദൈവ​ദൂ​ത​നാ​യി​രി​ക്കും” എന്നു പറഞ്ഞു. 16  പത്രോസ്‌ അപ്പോ​ഴും വാതി​ലിൽ മുട്ടി​ക്കൊ​ണ്ടി​രു​ന്നു. അവർ വാതിൽ തുറന്ന​പ്പോൾ പത്രോ​സി​നെ കണ്ട്‌ അത്ഭുത​പ്പെ​ട്ടു​പോ​യി. 17  എന്നാൽ നിശ്ശബ്ദ​രാ​യി​രി​ക്കാൻ പത്രോസ്‌ അവരെ ആംഗ്യം കാണിച്ചു. എന്നിട്ട്‌, യഹോവ എങ്ങനെ​യാ​ണു തന്നെ ജയിലിൽനിന്ന്‌ പുറത്ത്‌ കൊണ്ടു​വ​ന്ന​തെന്ന്‌ അവരോ​ടു വിവരി​ച്ചു. “ഈ കാര്യങ്ങൾ യാക്കോബിനെയും+ മറ്റു സഹോ​ദ​ര​ന്മാ​രെ​യും അറിയി​ക്കുക” എന്നും പത്രോസ്‌ പറഞ്ഞു. എന്നിട്ട്‌ അവി​ടെ​നിന്ന്‌ മറ്റൊരു സ്ഥലത്തേക്കു പോയി. 18  നേരം വെളു​ത്ത​പ്പോൾ, പത്രോസ്‌ എവി​ടെ​പ്പോ​യി എന്ന്‌ ഓർത്ത്‌ ഭടന്മാർ ആകെ പരി​ഭ്രാ​ന്ത​രാ​യി. 19  പത്രോ​സി​നു​വേണ്ടി ഹെരോദ്‌ ഊർജി​ത​മായ തിരച്ചിൽ നടത്തി​യെ​ങ്കി​ലും കണ്ടെത്താ​നാ​യില്ല. അതു​കൊണ്ട്‌ ഹെരോദ്‌ കാവൽക്കാ​രെ ചോദ്യം ചെയ്‌തിട്ട്‌ അവരെ ശിക്ഷി​ക്കാൻ ഉത്തരവി​ട്ടു.+ പിന്നെ ഹെരോദ്‌ യഹൂദ്യ​യിൽനിന്ന്‌ കൈസ​ര്യ​യി​ലേക്കു പോയി കുറച്ച്‌ കാലം അവിടെ താമസി​ച്ചു. 20  സോരി​ലെ​യും സീദോ​നി​ലെ​യും ജനങ്ങ​ളോ​ടു ഹെരോ​ദി​നു കടുത്ത ദേഷ്യ​മാ​യി​രു​ന്നു.* എന്നാൽ ആ രാജ്യ​ത്തേക്കു വേണ്ട ആഹാര​സാ​ധ​നങ്ങൾ കിട്ടി​യി​രു​ന്നതു രാജാ​വി​ന്റെ ദേശത്തു​നി​ന്നാ​യി​രു​ന്ന​തു​കൊണ്ട്‌ എങ്ങനെ​യും സമാധാ​നം സ്ഥാപി​ക്കണം എന്ന ലക്ഷ്യത്തിൽ ആളുക​ളെ​ല്ലാം ചേർന്ന്‌ രാജാ​വി​നെ കാണാൻ ചെന്നു. അതിനു​വേണ്ടി അവർ കൊട്ടാ​ര​ത്തി​ലെ കാര്യങ്ങൾ നോക്കി​ന​ട​ത്തി​യി​രുന്ന ബ്ലസ്‌തൊ​സി​നെ സ്വാധീ​നി​ച്ചു. 21  ഒരു നിശ്ചി​ത​ദി​വസം ഹെരോദ്‌ രാജകീ​യ​വ​സ്‌ത്രം ധരിച്ച്‌ ന്യായാസനത്തിൽ* ഉപവി​ഷ്ട​നാ​യി അവർക്കു മുമ്പാകെ ഒരു പ്രസംഗം നടത്തി. 22  കൂടി​വ​ന്നി​രുന്ന ജനം ഇതു കേട്ട്‌, “ഇതു മനുഷ്യ​ന്റെ ശബ്ദമല്ല, ഒരു ദൈവ​ത്തി​ന്റെ ശബ്ദമാണ്‌” എന്ന്‌ ആർത്തു​വി​ളി​ച്ചു. 23  ഹെരോദ്‌ ദൈവ​ത്തി​നു മഹത്ത്വം കൊടു​ക്കാ​ഞ്ഞ​തു​കൊണ്ട്‌ ഉടനെ യഹോ​വ​യു​ടെ ദൂതൻ അയാളെ പ്രഹരി​ച്ചു. കൃമി​കൾക്കി​ര​യാ​യി ഹെരോദ്‌ മരിച്ചു. 24  എന്നാൽ യഹോ​വ​യു​ടെ വചനം കൂടുതൽ സ്ഥലങ്ങളി​ലേക്കു പ്രചരി​ച്ചു, അനേകം ആളുകൾ വിശ്വാ​സി​ക​ളാ​യി​ത്തീർന്നു.+ 25  ബർന്നബാസും+ ശൗലും യരുശ​ലേ​മി​ലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ+ പൂർത്തി​യാ​ക്കി​യ​ശേഷം മർക്കോസ്‌ എന്നും അറിയ​പ്പെ​ടുന്ന യോഹ​ന്നാ​നെ​യും കൂട്ടി മടങ്ങി​പ്പോ​യി.+

അടിക്കുറിപ്പുകള്‍

അഥവാ “വിചാരണ നടത്താ​നാ​യി​രു​ന്നു.”
അഥവാ “ജനങ്ങ​ളോ​ടു വഴക്കിന്‌ ഒരുങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു ഹെരോദ്‌.”
അഥവാ “ന്യായാ​ധി​പന്റെ ഇരിപ്പി​ട​ത്തിൽ.”

പഠനക്കുറിപ്പുകൾ

ഹെരോദ്‌: അതായത്‌ മഹാനായ ഹെരോ​ദി​ന്റെ കൊച്ചു​മ​ക​നായ ഹെരോദ്‌ അഗ്രിപ്പ ഒന്നാമൻ. (പദാവലി കാണുക.) ബി.സി. 10-ൽ ജനിച്ച ഇദ്ദേഹ​ത്തി​ന്റെ വിദ്യാ​ഭ്യാ​സം റോമി​ലാ​യി​രു​ന്നു. ചക്രവർത്തി​കു​ടും​ബ​ത്തി​ലെ പലരു​മാ​യും ഇദ്ദേഹം സുഹൃ​ദ്‌ബന്ധം സ്ഥാപിച്ചു. അതിൽ ഒരാളാ​യി​രു​ന്നു കാലി​ഗുല എന്ന്‌ അറിയ​പ്പെ​ട്ടി​രുന്ന ഗായൊസ്‌. അദ്ദേഹം എ.ഡി. 37-ൽ ചക്രവർത്തി​പദം ഏറ്റെടുത്ത ഉടനെ അഗ്രി​പ്പയെ ഇതൂര്യ, ത്രഖോ​നി​ത്തി, അബിലേന എന്നീ പ്രദേ​ശ​ങ്ങ​ളു​ടെ ഭരണാ​ധി​കാ​രി​യാ​ക്കി. പിൽക്കാ​ലത്ത്‌ ഗലീല​യു​ടെ​യും പെരി​യ​യു​ടെ​യും ഭരണം​കൂ​ടെ അഗ്രി​പ്പയെ ഏൽപ്പി​ച്ചിട്ട്‌ കാലി​ഗുല അദ്ദേഹ​ത്തി​നു രാജാ​വെന്ന സ്ഥാന​പ്പേര്‌ നൽകി. എ.ഡി. 41-ൽ കാലി​ഗുല വധിക്ക​പ്പെ​ടു​മ്പോൾ അഗ്രിപ്പ റോമി​ലു​ണ്ടാ​യി​രു​ന്നു. തുടർന്നു​ണ്ടായ പ്രതി​സന്ധി പരിഹ​രി​ക്കു​ന്ന​തിൽ അഗ്രിപ്പ വളരെ പ്രധാ​ന​പ്പെട്ട ഒരു പങ്കു വഹിച്ചു എന്നാണു പറയ​പ്പെ​ടു​ന്നത്‌. അഗ്രി​പ്പ​യു​ടെ മറ്റൊരു സുഹൃ​ത്തും പ്രബല​നേ​താ​വും ആയിരുന്ന ക്ലൗദ്യൊ​സും റോമൻ ഭരണസ​മി​തി​യും തമ്മിൽ നടന്ന ചൂടു​പി​ടിച്ച ചർച്ചകൾ ഒത്തുതീർപ്പാ​ക്കു​ന്ന​തിൽ അദ്ദേഹം മധ്യസ്ഥത വഹിച്ചു. തുടർന്ന്‌ ക്ലൗദ്യൊസ്‌ ചക്രവർത്തി​യാ​കു​ക​യും ആഭ്യന്ത​ര​യു​ദ്ധം ഒഴിവാ​കു​ക​യും ചെയ്‌തു. ചർച്ചക​ളിൽ മധ്യസ്ഥ​നാ​യി​നി​ന്ന​തി​നുള്ള പ്രതി​ഫ​ല​മാ​യി ക്ലൗദ്യൊസ്‌ യഹൂദ്യ​യു​ടെ​യും ശമര്യ​യു​ടെ​യും ഭരണം​കൂ​ടെ അഗ്രി​പ്പ​യ്‌ക്കു നൽകി. എ.ഡി. 6 മുതൽ റോമൻ ഉദ്യോ​ഗ​സ്ഥ​രു​ടെ ഭരണത്തിൻകീ​ഴി​ലാ​യി​രുന്ന പ്രദേ​ശ​ങ്ങ​ളാ​യി​രു​ന്നു അവ. അതോടെ അഗ്രി​പ്പ​യു​ടെ ഭരണ​പ്ര​ദേശം മഹാനായ ഹെരോ​ദി​ന്റെ ഭരണ​പ്ര​ദേ​ശ​ത്തോ​ളം വിസ്‌തൃ​ത​മാ​യി. യരുശ​ലേ​മാ​യി​രു​ന്നു അഗ്രി​പ്പ​യു​ടെ തലസ്ഥാനം. അവി​ടെ​യുള്ള മതനേ​താ​ക്ക​ന്മാ​രു​ടെ പ്രീതി പിടി​ച്ചു​പ​റ്റു​ന്ന​തിൽ അദ്ദേഹം വിജയി​ച്ചു. അഗ്രിപ്പ ജൂതന്മാ​രു​ടെ നിയമ​വും പാരമ്പ​ര്യ​ങ്ങ​ളും കണിശ​മാ​യി പാലി​ച്ചി​രു​ന്നെ​ന്നും ദിവസ​വും ദേവാ​ല​യ​ത്തിൽ ബലികൾ അർപ്പി​ക്കുക, നിയമ​പു​സ്‌തകം പരസ്യ​മാ​യി വായി​ക്കുക എന്നിവ ഉൾപ്പെടെ ജൂതമ​ത​വു​മാ​യി ബന്ധപ്പെട്ട പല കാര്യ​ങ്ങ​ളും ചിട്ട​യോ​ടെ ചെയ്‌തു​പോ​ന്നി​രു​ന്നെ​ന്നും പറയ​പ്പെ​ടു​ന്നു. ജൂതവി​ശ്വാ​സ​ങ്ങൾക്കു​വേണ്ടി ശക്തമായി വാദി​ച്ചി​രുന്ന ആളായി​രു​ന്ന​ത്രേ അദ്ദേഹം. താൻ ദൈവ​ത്തി​ന്റെ ആരാധ​ക​നാ​ണെന്ന്‌ അവകാ​ശ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും ആ അവകാ​ശ​വാ​ദം തെറ്റാ​ണെന്നു തെളി​യി​ക്കു​ന്ന​താ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ പ്രവൃ​ത്തി​കൾ. പ്രദർശ​ന​ശാ​ല​ക​ളിൽ ദ്വന്ദ്വ​യു​ദ്ധങ്ങൾ ഉൾപ്പെ​ടെ​യുള്ള ക്രൂര​വി​നോ​ദ​പ​രി​പാ​ടി​ക​ളും വ്യാജ​മ​താ​ഘോ​ഷ​ങ്ങ​ളും സംഘടി​പ്പി​ച്ചത്‌ അതിനു തെളി​വാണ്‌. വഞ്ചകൻ, അവി​വേകി, ധാരാളി എന്നെല്ലാ​മാണ്‌ അഗ്രി​പ്പയെ വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്നത്‌. പ്രവൃ 12:23-ൽ വിവരി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ ഭരണത്തി​ലി​രി​ക്കെ യഹോ​വ​യു​ടെ ദൂതന്റെ കൈക​ളാ​ലാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ അന്ത്യം. ഹെരോദ്‌ അഗ്രിപ്പ ഒന്നാമന്റെ മരണം എ.ഡി. 44-ൽ ആയിരു​ന്നെ​ന്നാ​ണു പണ്ഡിത​ന്മാ​രു​ടെ പക്ഷം. മരിക്കു​മ്പോൾ 54 വയസ്സു​ണ്ടാ​യി​രുന്ന അദ്ദേഹം യഹൂദ്യ​യു​ടെ ഭരണം ഏറ്റെടു​ത്തിട്ട്‌ മൂന്നു വർഷമേ ആയിരു​ന്നു​ള്ളൂ.

യോഹ​ന്നാ​ന്റെ സഹോ​ദ​ര​നായ യാക്കോ​ബി​നെ വാളു​കൊണ്ട്‌ കൊന്നു: സാധ്യ​ത​യ​നു​സ​രിച്ച്‌ എ.ഡി. 44-നോട്‌ അടുത്താ​യി​രു​ന്നു ഈ സംഭവം. അങ്ങനെ യാക്കോബ്‌ 12 അപ്പോ​സ്‌ത​ല​ന്മാ​രിൽ ആദ്യത്തെ രക്തസാ​ക്ഷി​യാ​യി. യേശു​വു​മാ​യി വളരെ അടുപ്പ​മു​ണ്ടാ​യി​രുന്ന അപ്പോ​സ്‌ത​ല​നെന്ന്‌ അറിയ​പ്പെ​ട്ടി​രു​ന്ന​തു​കൊ​ണ്ടാ​കാം ഹെരോദ്‌ യാക്കോ​ബി​നെ നോട്ട​മി​ട്ടത്‌. ഇനി, യാക്കോ​ബി​ന്റെ തീക്ഷ്‌ണത വളരെ പ്രശസ്‌ത​മാ​യി​രു​ന്ന​തും അദ്ദേഹം ഹെരോ​ദി​ന്റെ നോട്ട​പ്പു​ള്ളി​യാ​കാൻ വഴി​വെ​ച്ചി​രി​ക്കാം. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ തീക്ഷ്‌ണ​ത​കൊ​ണ്ടു​ത​ന്നെ​യാ​ണു യാക്കോ​ബി​നും സഹോ​ദ​ര​നായ യോഹ​ന്നാ​നും “ഇടിമു​ഴ​ക്ക​ത്തി​ന്റെ മക്കൾ” എന്ന്‌ അർഥമുള്ള ബൊവ​നേർഗെസ്‌ എന്ന വിളി​പ്പേര്‌ മുമ്പ്‌ ലഭിച്ചത്‌. (മർ 3:17) ഭീരു​ത്വം നിറഞ്ഞ, രാഷ്‌ട്രീ​യ​പ്രേ​രി​ത​മായ ഈ നടപടി സന്തോ​ഷ​വാർത്ത​യു​ടെ വ്യാപ​ന​ത്തി​നു തടയി​ട്ടി​ല്ലെ​ങ്കി​ലും സഭയ്‌ക്ക്‌ അതു വലി​യൊ​രു നഷ്ടമാ​യി​രു​ന്നു. തങ്ങൾക്കു വളരെ പ്രിയ​ങ്ക​ര​നാ​യി​രുന്ന ഒരു അപ്പോ​സ്‌ത​ല​നെ​യും പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ ഉറവായ ഒരു ഇടയ​നെ​യും ആണ്‌ അന്ന്‌ അവർക്കു നഷ്ടമാ​യത്‌. വാളു​കൊണ്ട്‌ എന്ന പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നതു യാക്കോ​ബി​നെ വധിച്ചതു ശിര​ച്ഛേദം ചെയ്‌താ​യി​രി​ക്കാ​മെ​ന്നാണ്‌.

പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം: പെസഹ​യു​ടെ (നീസാൻ 14) തൊട്ട​ടുത്ത ദിവസ​മായ നീസാൻ 15-നാണ്‌ ഇത്‌ ആരംഭി​ച്ചി​രു​ന്നത്‌. ഏഴു ദിവസം നീണ്ടു​നിൽക്കുന്ന ഒരു ഉത്സവമാ​യി​രു​ന്നു ഇത്‌. (പദാവ​ലി​യും അനു. ബി15-ഉം കാണുക.) സുവി​ശേ​ഷ​വി​വ​ര​ണ​ങ്ങ​ളി​ലും പ്രവൃ​ത്തി​ക​ളു​ടെ പുസ്‌ത​ക​ത്തി​ലും വിവിധ ഉത്സവങ്ങ​ളെ​ക്കു​റിച്ച്‌ കൂടെ​ക്കൂ​ടെ പറഞ്ഞി​രി​ക്കു​ന്നു എന്ന വസ്‌തുത സൂചി​പ്പി​ക്കു​ന്നതു ജൂതന്മാർ യേശു​വി​ന്റെ​യും അപ്പോ​സ്‌ത​ല​ന്മാ​രു​ടെ​യും കാലത്തും ജൂതക​ലണ്ടർ പിൻപ​റ്റി​പ്പോ​ന്നി​രു​ന്നു എന്നാണ്‌. അക്കാലത്തെ പല ബൈബിൾസം​ഭ​വ​ങ്ങ​ളും നടന്ന ഏകദേ​ശ​സ​മയം കണക്കാ​ക്കാൻ ഉത്സവകാ​ല​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ഇത്തരം പരാമർശങ്ങൾ സഹായി​ക്കു​ന്നുണ്ട്‌.—മത്ത 26:2; മർ 14:1; ലൂക്ക 22:1; യോഹ 2:13, 23; 5:1; 6:4; 7:2, 37; 10:22; 11:55; പ്രവൃ 2:1; 12:3, 4; 20:6, 16; 27:9

യഹോ​വ​യു​ടെ ദൂതൻ: ഉൽ 16:7-ൽ ആദ്യമാ​യി കാണുന്ന ഈ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അവിട​ങ്ങ​ളി​ലെ​ല്ലാം “ദൂതൻ” എന്നതിന്റെ എബ്രാ​യ​പ​ദ​ത്തോ​ടൊ​പ്പം ദൈവ​നാ​മ​വും (ചതുര​ക്ഷരി) കാണാം. ഇനി, സെപ്‌റ്റുവജിന്റിന്റെ ഒരു ആദ്യകാല പ്രതി​യി​ലും സെഖ 3:5, 6 എന്ന തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ ആൻഗ​ലൊസ്‌ (ദൈവ​ദൂ​തൻ; സന്ദേശ​വാ​ഹകൻ) എന്ന ഗ്രീക്കു​വാ​ക്കി​നോ​ടൊ​പ്പം എബ്രാ​യാ​ക്ഷ​ര​ങ്ങ​ളിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇസ്രാ​യേ​ലി​ലെ യഹൂദ്യ മരുഭൂ​മി​യി​ലുള്ള നഹൽ ഹെവറി​ലെ ഒരു ഗുഹയിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റുവജിന്റിന്റെ ആ ശകലം ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ പ്രവൃ 5:19 എന്ന തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ “കർത്താ​വി​ന്റെ ദൂതൻ” എന്നാണു കാണു​ന്ന​തെ​ങ്കി​ലും പുതിയ ലോക ഭാഷാ​ന്തരം അവിടെ “യഹോ​വ​യു​ടെ ദൂതൻ” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം അനു. സി-യിൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌.

യഹോ​വ​യു​ടെ ഒരു ദൂതൻ: പ്രവൃ 5:19-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

വസ്‌ത്രം ധരിക്കൂ: അഥവാ “അര കെട്ടൂ.” അയഞ്ഞ ഉള്ളങ്കി​യും മറ്റും ഒരു അരപ്പട്ട​കൊ​ണ്ടോ തുണി​കൊ​ണ്ടോ മുറു​ക്കി​ക്കെ​ട്ടു​ന്ന​തി​നെ ആയിരി​ക്കാം ഇതു കുറി​ക്കു​ന്നത്‌.—ലൂക്ക 12:35-ന്റെ പഠനക്കു​റി​പ്പു കാണുക.

വസ്‌ത്രം ധരിച്ച്‌ തയ്യാറാ​യി​രി​ക്കുക: അക്ഷ. “അര കെട്ടി ഇരിക്കുക.” ഇതൊരു ഭാഷാ​ശൈ​ലി​യാണ്‌. കായി​കാ​ധ്വാ​നം ഉൾപ്പെട്ട ജോലി ചെയ്യാ​നോ ഓടാ​നോ ഒക്കെയുള്ള സൗകര്യ​ത്തി​നാ​യി നീണ്ട പുറങ്കു​പ്പാ​യ​ത്തി​ന്റെ താഴത്തെ അറ്റം കാലു​കൾക്ക്‌ ഇടയി​ലൂ​ടെ മുകളി​ലേക്ക്‌ എടുത്ത്‌ ഒരു അരപ്പട്ട​കൊണ്ട്‌ അരയിൽ കെട്ടി​നി​റു​ത്തു​ന്ന​തി​നെ​യാണ്‌ ഇതു കുറി​ക്കു​ന്നത്‌. ക്രമേണ അത്‌, ഒരു കാര്യം ചെയ്യാ​നുള്ള ഒരുക്കത്തെ സൂചി​പ്പി​ക്കുന്ന പദപ്ര​യോ​ഗ​മാ​യി മാറി. എബ്രായ തിരു​വെ​ഴു​ത്തു​ക​ളിൽ പലയി​ട​ത്തും സമാന​മായ പദപ്ര​യോ​ഗങ്ങൾ കാണാം. (ഉദാഹ​ര​ണങ്ങൾ: പുറ 12:11, അടിക്കു​റിപ്പ്‌; 1രാജ 18:46, അടിക്കു​റിപ്പ്‌; 2രാജ 3:21; 4:29; സുഭ 31:17, അടിക്കു​റിപ്പ്‌; യിര 1:17, അടിക്കു​റിപ്പ്‌) ഈ വാക്യ​ത്തിൽ ആ ക്രിയ​യു​ടെ രൂപം സൂചി​പ്പി​ക്കു​ന്നത്‌, ആത്മീയ​പ്ര​വർത്ത​നങ്ങൾ ചെയ്യാൻ ദൈവ​സേ​വ​കർക്ക്‌ എപ്പോ​ഴു​മു​ണ്ടാ​യി​രി​ക്കേണ്ട മനസ്സൊ​രു​ക്ക​ത്തെ​യാണ്‌. ലൂക്ക 12:37-ൽ (അടിക്കു​റിപ്പ്‌) ഇതേ ഗ്രീക്കു​ക്രിയ, “സേവനം ചെയ്‌തു​കൊ​ടു​ക്കാൻ അര കെട്ടി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. 1പത്ര 1:13-ലെ, “മനസ്സു​കളെ ശക്തമാ​ക്കുക” എന്ന പദപ്ര​യോ​ഗ​ത്തി​ന്റെ അക്ഷരാർഥം “മനസ്സിന്റെ അര കെട്ടുക” എന്നാണ്‌.

യഹോവ ഒരു ദൂതനെ അയച്ചു: “ദൂതനെ അയച്ചു” എന്ന പദപ്ര​യോ​ഗം കാണു​മ്പോൾ യഹോവ മുമ്പ്‌ ഇതേ രീതി​യിൽ ആളുകളെ വിടു​വി​ച്ച​തി​നെ​ക്കു​റിച്ച്‌ പറയുന്ന എബ്രായ തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ ഓർമ​യി​ലേക്കു വന്നേക്കാം. ഉദാഹ​ര​ണ​ത്തിന്‌, ദാനി​യേ​ലി​നെ​യും കൂട്ടു​കാ​രെ​യും രക്ഷിക്കാൻ ദൈവം തന്റെ ‘ദൂതനെ അയച്ചതാ​യി’ ദാനി 3:28; 6:22 എന്നിവി​ട​ങ്ങ​ളിൽ കാണാം.—സങ്ക 34:7 താരത​മ്യം ചെയ്യുക; അനു. സി കാണുക.

മറിയ​യു​ടെ വീട്‌: തെളി​വ​നു​സ​രിച്ച്‌ യരുശ​ലേം​സഭ കൂടി​വ​ന്നി​രു​ന്നത്‌ ഒരു വീട്ടി​ലാ​യി​രു​ന്നു, യോഹ​ന്നാൻ മർക്കോ​സി​ന്റെ അമ്മയായ മറിയ​യു​ടെ വീട്ടിൽ. ആരാധ​ന​യ്‌ക്കു​വേണ്ടി ‘കുറെ പേർക്ക്‌’ ഒന്നിച്ചു​കൂ​ടാൻ മാത്രം വലുപ്പ​മുള്ള ഒരു വീടാ​യി​രു​ന്നു അത്‌. ജോലി​ക്കു​വേണ്ടി അവിടെ ഒരു ദാസി​പ്പെൺകു​ട്ടി​യും ഉണ്ടായി​രു​ന്നു. അതിൽനിന്ന്‌ മറിയ സാമാ​ന്യം സാമ്പത്തി​ക​ശേ​ഷി​യുള്ള ഒരു സ്‌ത്രീ​യാ​യി​രു​ന്നെന്ന്‌ അനുമാ​നി​ക്കാം. (പ്രവൃ 12:13) ഇനി, ആ വീടി​നെ​ക്കു​റിച്ച്‌ പറഞ്ഞി​രി​ക്കു​ന്നതു ‘മറിയ​യു​ടെ വീട്‌’ എന്നാണ്‌. അവിടെ ഭർത്താ​വി​ന്റെ പേര്‌ പറയാത്ത സ്ഥിതിക്ക്‌ മറിയ ഒരു വിധവ​യാ​യി​രു​ന്നി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌.

മർക്കോസ്‌ എന്ന്‌ അറിയ​പ്പെട്ട യോഹ​ന്നാൻ: യേശു​വി​ന്റെ ഒരു ശിഷ്യ​നാ​യി​രുന്ന ഇദ്ദേഹം ‘ബർന്നബാ​സി​ന്റെ ഒരു ബന്ധുവും’ (കൊലോ 4:10) മർക്കോ​സി​ന്റെ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​ര​നും ആണ്‌. (മർക്കോസ്‌ തലക്കെ​ട്ടി​ന്റെ പഠനക്കു​റി​പ്പു കാണുക.) “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; യഹോവ കൃപ കാണി​ച്ചി​രി​ക്കു​ന്നു” എന്നൊക്കെ അർഥമുള്ള യഹോ​ഹാ​നാൻ അഥവാ യോഹാ​നാൻ എന്ന എബ്രാ​യ​പേ​രി​നു തത്തുല്യ​മായ പേരാണ്‌ യോഹ​ന്നാൻ. പ്രവൃ 13:5, 13 വാക്യ​ങ്ങ​ളിൽ ഈ ശിഷ്യനെ യോഹ​ന്നാൻ എന്നു മാത്രമേ വിളി​ച്ചി​ട്ടു​ള്ളൂ. എന്നാൽ ഇവി​ടെ​യും പ്രവൃ 12:25; 15:37 എന്നീ വാക്യ​ങ്ങ​ളി​ലും അദ്ദേഹ​ത്തി​ന്റെ മർക്കോസ്‌ എന്ന റോമൻ പേരും​കൂ​ടെ കൊടു​ത്തി​ട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മറ്റെല്ലാ​യി​ട​ത്തും അദ്ദേഹത്തെ മർക്കോസ്‌ എന്നു മാത്രമേ വിളി​ച്ചി​ട്ടു​ള്ളൂ.—കൊലോ 4:10; 2തിമ 4:11; ഫിലേ 24; 1പത്ര 5:13.

മർക്കോസ്‌: മാർക്കസ്‌ എന്ന ലത്തീൻപേരിൽനിന്ന്‌ വന്നത്‌. പ്രവൃ 12:12-ൽ പറഞ്ഞിരിക്കുന്ന “യോഹന്നാന്റെ” പേരിനൊപ്പം ചേർത്തിരുന്ന റോമൻ പേരായിരുന്നു മർക്കോസ്‌. മർക്കോസിന്റെ അമ്മ മറിയ, യരുശലേമിൽ താമസിച്ചിരുന്ന ഒരു ആദ്യകാല ശിഷ്യയായിരുന്നു. “ബർന്നബാസിന്റെ ബന്ധുവായ” യോഹന്നാൻ മർക്കോസ്‌ (കൊലോ 4:10) കുറെക്കാലം അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിട്ടുണ്ട്‌. ഇനി, പൗലോസിന്റെകൂടെയും മറ്റ്‌ ആദ്യകാല ക്രിസ്‌തീയമിഷനറിമാരുടെകൂടെയും മർക്കോസ്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. (പ്രവൃ 12:25; 13:5, 13; 2തിമ 4:11) ഈ സുവിശേഷത്തിൽ ഒരിടത്തും അതിന്റെ എഴുത്തുകാരൻ ആരാണെന്നു പറഞ്ഞിട്ടില്ലെങ്കിലും എ.ഡി. രണ്ടും മൂന്നും നൂറ്റാണ്ടുകളിലെ എഴുത്തുകാരുടെ അഭിപ്രായത്തിൽ അത്‌ എഴുതിയതു മർക്കോസുതന്നെയാണ്‌.

പത്രോ​സി​ന്റെ ദൈവ​ദൂ​തൻ: “ദൈവ​ദൂ​തൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന എബ്രായ, ഗ്രീക്ക്‌ പദങ്ങളു​ടെ അർഥം “സന്ദേശ​വാ​ഹകൻ” എന്നാണ്‌. (യോഹ 1:51-ന്റെ പഠനക്കു​റി​പ്പു കാണുക.) വാതിൽക്കൽ നിൽക്കു​ന്നത്‌ അപ്പോ​സ്‌ത​ലന്റെ വക്താവാ​യി വന്നിരി​ക്കുന്ന ഒരു ദൈവ​ദൂ​ത​നാണ്‌ എന്ന അർഥത്തി​ലാ​യി​രി​ക്കാം ‘പത്രോ​സി​ന്റെ ദൈവ​ദൂ​തൻ’ എന്ന്‌ അവർ പറഞ്ഞത്‌. ഓരോ ദൈവ​ദാ​സ​നു​വേ​ണ്ടി​യും കാവൽമാ​ലാ​ഖ​യാ​യി ഒരു ദൈവ​ദൂ​ത​നു​ണ്ടെന്നു ചില ജൂതന്മാർ വിശ്വ​സി​ച്ചി​രു​ന്ന​താ​യി തോന്നു​ന്നു. ദൈവ​വ​ചനം നേരിട്ട്‌ പഠിപ്പി​ക്കാത്ത ഒരു കാര്യ​മാണ്‌ ഇത്‌. അതേസ​മയം ചരി​ത്ര​ത്തി​ലു​ട​നീ​ളം ദൂതന്മാർ ദൈവ​ജ​ന​ത്തിൽ പലർക്കും വ്യക്തി​പ​ര​മായ സഹായം നൽകി​യി​ട്ടു​ണ്ടെന്ന്‌ യേശു​വി​ന്റെ ശിഷ്യ​ന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു​താ​നും. ഉദാഹ​ര​ണ​ത്തിന്‌, തന്നെ ‘എല്ലാ ആപത്തു​ക​ളിൽനി​ന്നും രക്ഷിച്ച ദൈവ​ദൂ​ത​നെ​ക്കു​റിച്ച്‌’ യാക്കോബ്‌ പറഞ്ഞി​ട്ടുണ്ട്‌. (ഉൽ 48:16) ഇനി, യേശു ഒരിക്കൽ തന്റെ ശിഷ്യ​ന്മാ​രെ​ക്കു​റിച്ച്‌ ‘അവരുടെ ദൂതന്മാർ എപ്പോ​ഴും സ്വർഗ​സ്ഥ​നായ എന്റെ പിതാ​വി​ന്റെ മുഖം കാണു​ന്ന​വ​രാണ്‌’ എന്നും പറഞ്ഞു. ഓരോ ക്രിസ്‌തു​ശി​ഷ്യ​ന്റെ​യും കാര്യ​ത്തിൽ ദൈവ​ദൂ​ത​ന്മാർക്കു പ്രത്യേക താത്‌പ​ര്യ​മു​ണ്ടെ​ന്നാണ്‌ അതു കാണി​ക്കു​ന്നത്‌. എന്തായാ​ലും, പത്രോസ്‌ മരിച്ച്‌ ആത്മാവാ​യി ഒരു ദൈവ​ദൂ​തന്റെ രൂപത്തിൽ അവിടെ വന്നിരി​ക്കു​ക​യാ​ണെന്നു മറിയ​യു​ടെ വീട്ടിൽ കൂടി​യി​രു​ന്നവർ ചിന്തി​ച്ചി​രി​ക്കാൻ ഒരു സാധ്യ​ത​യു​മില്ല. കാരണം മരിച്ച​വ​രു​ടെ അവസ്ഥ​യെ​ക്കു​റിച്ച്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കു​ന്നത്‌ അവർക്ക്‌ അറിയാ​മാ​യി​രു​ന്നു.—സഭ 9:5, 10.

ദൈവ​ദൂ​ത​ന്മാർ: അഥവാ “സന്ദേശ​വാ​ഹകർ.” ഈ വാക്യ​ത്തിൽ “ദൂതന്മാർ” എന്നതിന്റെ ഗ്രീക്കു​പദം ആൻഗ​ലൊസ്‌ ആണ്‌. ബൈബി​ളിൽ ഈ ഗ്രീക്കു​പ​ദ​വും അതിനു തത്തുല്യ​മായ മലാഖ്‌ എന്ന എബ്രാ​യ​പ​ദ​വും മൊത്തം 400-ഓളം പ്രാവ​ശ്യം കാണു​ന്നുണ്ട്‌. രണ്ടു പദങ്ങളു​ടെ​യും അടിസ്ഥാ​നാർഥം “സന്ദേശ​വാ​ഹകൻ” എന്നാണ്‌. ആത്മവ്യ​ക്തി​ക​ളായ സന്ദേശ​വാ​ഹ​ക​രെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ ഈ പദം “ദൈവ​ദൂ​ത​ന്മാർ,” “ദൂതന്മാർ” എന്നൊ​ക്കെ​യാ​ണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. മനുഷ്യ​സ​ന്ദേ​ശ​വാ​ഹ​ക​രെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ അതു “സന്ദേശ​വാ​ഹകർ” എന്നും “ദൂതന്മാർ” എന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. സന്ദേശ​വാ​ഹകർ മനുഷ്യ​രാ​ണോ ദൈവ​ദൂ​ത​ന്മാ​രാ​ണോ എന്നതു സന്ദർഭ​ത്തിൽനിന്ന്‌ വ്യക്തമാ​കും. എന്നാൽ ഈ രണ്ട്‌ അർഥവും വരാവു​ന്നി​ടത്ത്‌ അതിൽ ഒരെണ്ണം മിക്ക​പ്പോ​ഴും അടിക്കു​റി​പ്പിൽ കൊടു​ത്തി​ട്ടു​ണ്ടാ​കും. (ഉൽ 16:7; 32:3; ഇയ്യ 4:18, അടിക്കു​റിപ്പ്‌; 33:23, അടിക്കു​റിപ്പ്‌; സഭ 5:6, അടിക്കു​റിപ്പ്‌; യശ 63:9, അടിക്കു​റിപ്പ്‌; മത്ത 1:20; യാക്ക 2:25; വെളി 22:8; പദാവ​ലി​യിൽ “ദൈവ​ദൂ​തൻ” കാണുക.) ആലങ്കാ​രി​ക​ഭാ​ഷ​യിൽ കാര്യങ്ങൾ വർണി​ച്ചി​രി​ക്കുന്ന വെളി​പാട്‌ പുസ്‌ത​ക​ത്തിൽ ദൈവ​ദൂ​ത​ന്മാ​രെ​ക്കു​റിച്ച്‌ പറയുന്ന ചില ഭാഗങ്ങൾ സാധ്യ​ത​യ​നു​സ​രിച്ച്‌ മനുഷ്യർക്കും ബാധക​മാണ്‌.​—വെളി 2:1, 8, 12, 18; 3:1, 7, 14.

യഹോവ: മിക്ക ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഇവിടെ “കർത്താവ്‌” (ഗ്രീക്കിൽ, ഹോ കിരി​യോസ്‌) എന്നാണു കാണു​ന്നത്‌. എന്നാൽ അനു. സി-യിൽ വിശദീ​ക​രി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ, ഈ വാക്യ​ത്തി​ന്റെ മൂലപാ​ഠ​ത്തിൽ ദൈവ​നാ​മം ഉണ്ടായി​രു​ന്നെ​ന്നും പിന്നീട്‌ അതിനു പകരമാ​യി “കർത്താവ്‌” എന്ന സ്ഥാന​പ്പേര്‌ ചേർത്ത​താ​ണെ​ന്നും വിശ്വ​സി​ക്കാൻ തക്കതായ കാരണ​മുണ്ട്‌. അതു​കൊ​ണ്ടാണ്‌ ഈ വാക്യ​ത്തിൽ യഹോവ എന്ന പേര്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

യാക്കോബ്‌: സർവസാ​ധ്യ​ത​യു​മ​നു​സ​രിച്ച്‌ ഇതു യേശു​വി​ന്റെ അർധസ​ഹോ​ദ​ര​നായ യാക്കോ​ബാണ്‌. യോ​സേ​ഫി​ലൂ​ടെ മറിയ​യ്‌ക്കു ജനിച്ച നാലു പുത്ര​ന്മാ​രെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ (യാക്കോബ്‌, യോ​സേഫ്‌, ശിമോൻ, യൂദാസ്‌) ആദ്യം കാണു​ന്നതു യാക്കോ​ബി​ന്റെ പേരാണ്‌. അതു​കൊണ്ട്‌ യേശു​വി​ന്റെ നേരെ ഇളയ അനിയൻ ഇദ്ദേഹ​മാ​യി​രു​ന്നി​രി​ക്കാം. (മത്ത 13:55; മർ 6:3; യോഹ 7:5) എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തിൽ മറ്റു ദേശങ്ങ​ളിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു വന്ന ആയിര​ക്ക​ണ​ക്കി​നു ജൂതന്മാർ സന്തോ​ഷ​വാർത്ത കേട്ട്‌ സ്‌നാ​ന​മേ​റ്റ​പ്പോൾ ഒരു ദൃക്‌സാ​ക്ഷി​യാ​യി യാക്കോബ്‌ അവി​ടെ​യു​ണ്ടാ​യി​രു​ന്നു. (പ്രവൃ 1:14; 2:1, 41) ഇനി, ‘ഈ കാര്യങ്ങൾ യാക്കോ​ബി​നെ അറിയി​ക്കുക’ എന്നാണു പത്രോസ്‌ ശിഷ്യ​ന്മാ​രോ​ടു പറഞ്ഞത്‌. യരുശ​ലേം​സ​ഭ​യിൽ നേതൃ​ത്വ​മെ​ടു​ത്തി​രു​ന്നതു യാക്കോ​ബാ​യി​രു​ന്നെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു. പ്രവൃ 15:13; 21:18; 1കൊ 15:7; ഗല 1:19 (ഇവിടെ അദ്ദേഹത്തെ ‘കർത്താ​വി​ന്റെ സഹോ​ദരൻ’ എന്നു വിളി​ച്ചി​ട്ടുണ്ട്‌.); 2:9, 12 എന്നീ വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന യാക്കോ​ബും, യാക്കോബ്‌ എന്ന പേരി​ലുള്ള ബൈബിൾപു​സ്‌തകം എഴുതിയ വ്യക്തി​യും ഇദ്ദേഹം​ത​ന്നെ​യാ​യി​രി​ക്കാം.—യാക്ക 1:1; യൂദ 1.

കൊട്ടാ​ര​ത്തി​ലെ കാര്യങ്ങൾ നോക്കി​ന​ട​ത്തി​യി​രുന്ന: അക്ഷ. “രാജാ​വി​ന്റെ പള്ളിയ​റ​യു​ടെ ചുമത​ല​യു​ണ്ടാ​യി​രുന്ന.” സാധ്യ​ത​യ​നു​സ​രിച്ച്‌, രാജ​കൊ​ട്ടാ​ര​ത്തി​ലെ കാര്യ​ങ്ങൾക്കു പുറമേ രാജാ​വി​ന്റെ വ്യക്തി​പ​ര​മായ കാര്യങ്ങൾ നോക്കി​ന​ട​ത്താ​നുള്ള ചുമത​ല​യും ഒരു പരിധി​വരെ ഇദ്ദേഹ​ത്തി​നാ​യി​രു​ന്നു. വളരെ ആദരണീ​യ​മായ ഒരു സ്ഥാനമാ​യി​രു​ന്നു ഇത്‌.

യഹോ​വ​യു​ടെ ദൂതൻ: ഉൽ 16:7-ൽ ആദ്യമാ​യി കാണുന്ന ഈ പദപ്ര​യോ​ഗം എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. അവിട​ങ്ങ​ളി​ലെ​ല്ലാം “ദൂതൻ” എന്നതിന്റെ എബ്രാ​യ​പ​ദ​ത്തോ​ടൊ​പ്പം ദൈവ​നാ​മ​വും (ചതുര​ക്ഷരി) കാണാം. ഇനി, സെപ്‌റ്റുവജിന്റിന്റെ ഒരു ആദ്യകാല പ്രതി​യി​ലും സെഖ 3:5, 6 എന്ന തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ ആൻഗ​ലൊസ്‌ (ദൈവ​ദൂ​തൻ; സന്ദേശ​വാ​ഹകൻ) എന്ന ഗ്രീക്കു​വാ​ക്കി​നോ​ടൊ​പ്പം എബ്രാ​യാ​ക്ഷ​ര​ങ്ങ​ളിൽ ദൈവ​നാ​മം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഇസ്രാ​യേ​ലി​ലെ യഹൂദ്യ മരുഭൂ​മി​യി​ലുള്ള നഹൽ ഹെവറി​ലെ ഒരു ഗുഹയിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റുവജിന്റിന്റെ ആ ശകലം ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ഇപ്പോ​ഴുള്ള ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ പ്രവൃ 5:19 എന്ന തിരു​വെ​ഴു​ത്തു​ഭാ​ഗത്ത്‌ “കർത്താ​വി​ന്റെ ദൂതൻ” എന്നാണു കാണു​ന്ന​തെ​ങ്കി​ലും പുതിയ ലോക ഭാഷാ​ന്തരം അവിടെ “യഹോ​വ​യു​ടെ ദൂതൻ” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണം അനു. സി-യിൽ വിശദീ​ക​രി​ച്ചി​ട്ടുണ്ട്‌.

യഹോ​വ​യു​ടെ ദൂതൻ: പ്രവൃ 5:19-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

യഹോ​വ​യു​ടെ വചനം: പ്രവൃ 8:25-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

യഹോ​വ​യു​ടെ വചനം: പല ഗ്രീക്കു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും ഇവിടെ “കർത്താ​വി​ന്റെ വചനം” എന്നാണു കാണു​ന്നത്‌. എന്നാൽ ഈ പദപ്ര​യോ​ഗം ഉത്ഭവി​ച്ചത്‌ എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനി​ന്നാണ്‌. അവിടെ ഈ പദപ്ര​യോ​ഗം വരുന്നി​ട​ങ്ങ​ളിൽ “വചനം” എന്നതിന്റെ എബ്രാ​യ​പ​ദ​ത്തോ​ടൊ​പ്പം ദൈവ​നാ​മ​വും കാണാം. “യഹോ​വ​യു​ടെ വചനം” എന്ന പദപ്ര​യോ​ഗ​വും സമാനാർഥ​മുള്ള “യഹോ​വ​യു​ടെ വാക്ക്‌,” “യഹോ​വ​യു​ടെ സന്ദേശം,” “യഹോവ പറഞ്ഞത്‌” എന്നീ പദപ്ര​യോ​ഗ​ങ്ങ​ളും എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ 200-ഓളം വാക്യ​ങ്ങ​ളിൽ കാണു​ന്നുണ്ട്‌. (2ശമു 12:9; 24:11; 2രാജ 7:1; 20:16; 24:2; യശ 1:10; 2:3; 28:14; 38:4; യിര 1:4; 2:4; യഹ 1:3; 6:1; ഹോശ 1:1; മീഖ 1:1; സെഖ 9:1 എന്നിവ ചില ഉദാഹ​ര​ണ​ങ്ങ​ളാണ്‌.) ഇസ്രാ​യേ​ലിൽ ചാവു​ക​ട​ലിന്‌ അടുത്ത്‌ യഹൂദ്യ മരുഭൂ​മി​യി​ലുള്ള നഹൽ ഹെവറി​ലെ ഒരു ഗുഹയിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റു​വ​ജി​ന്റി​ന്റെ ഒരു ആദ്യകാ​ല​പ്ര​തി​യിൽ ഈ പദപ്ര​യോ​ഗം വരുന്ന സെഖ 9:1-ൽ ലോ​ഗൊസ്‌ എന്ന ഗ്രീക്കു​വാ​ക്കി​നു ശേഷം പുരാതന എബ്രാ​യ​ലി​പി​യിൽ ദൈവ​നാ​മം എഴുതി​യി​ട്ടുണ്ട്‌ (). ഈ തുകൽച്ചു​രുൾ ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​താ​ണെന്നു കരുത​പ്പെ​ടു​ന്നു. ഇപ്പോ​ഴുള്ള പല ഗ്രീക്ക്‌ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളി​ലും പ്രവൃ 8:25-ൽ “കർത്താ​വി​ന്റെ വചനം” എന്നാണു കാണു​ന്ന​തെ​ങ്കി​ലും പുതിയ ലോക ഭാഷാ​ന്തരം അവിടെ “യഹോ​വ​യു​ടെ വചനം” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചി​രി​ക്കു​ന്ന​തി​ന്റെ കാരണങ്ങൾ അനു. സി-യിൽ വിശദ​മാ​യി വിവരി​ച്ചി​ട്ടുണ്ട്‌.

സഹായം: അഥവാ “ദുരി​താ​ശ്വാ​സം.” ലോക​ത്തി​ന്റെ മറ്റൊരു ഭാഗത്ത്‌ താമസി​ക്കുന്ന സഹക്രി​സ്‌ത്യാ​നി​കൾക്കു​വേണ്ടി സഹോ​ദ​രങ്ങൾ ദുരി​താ​ശ്വാ​സ​സ​ഹാ​യം എത്തിക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. മിക്ക​പ്പോ​ഴും “ശുശ്രൂഷ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്താ​റുള്ള ഡയകൊ​നിയ എന്ന ഗ്രീക്കു​പദം പ്രവൃ 12:25-ൽ “ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ” എന്നും 2കൊ 8:4-ൽ “ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ” എന്നും അർഥം​വ​രുന്ന രീതി​യിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഡയകൊ​നിയ എന്ന പദം ഉപയോ​ഗി​ച്ചി​രി​ക്കുന്ന രീതി പരി​ശോ​ധി​ച്ചാൽ ക്രിസ്‌ത്യാ​നി​ക​ളു​ടെ ശുശ്രൂ​ഷ​യ്‌ക്കു രണ്ടു വശങ്ങളു​ണ്ടെന്നു മനസ്സി​ലാ​കും. ഒന്ന്‌ “അനുര​ഞ്‌ജ​ന​ത്തി​ന്റെ ശുശ്രൂഷ (ഡയകൊ​നി​യ​യു​ടെ ഒരു രൂപം.)” ആണ്‌. പ്രസംഗ-പഠിപ്പി​ക്കൽ വേലയാണ്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. (2കൊ 5:18-20; 1തിമ 2:3-6) മറ്റേതാ​കട്ടെ, ഈ വാക്യ​ത്തിൽ കാണു​ന്ന​തു​പോ​ലെ സഹവി​ശ്വാ​സി​കൾക്കു​വേ​ണ്ടി​യുള്ള ശുശ്രൂ​ഷ​യും. “ശുശ്രൂ​ഷകൾ (ഡയകൊ​നി​യ​യു​ടെ ബഹുവ​ച​ന​രൂ​പം.) പലവി​ധ​മുണ്ട്‌. എന്നാൽ കർത്താവ്‌ ഒന്നുത​ന്നെ​യാണ്‌” എന്നു പൗലോസ്‌ പറഞ്ഞു. (1കൊ 12:4-6, 11) ക്രിസ്‌തീ​യ​ശു​ശ്രൂ​ഷ​യു​ടെ എല്ലാ വശവും “വിശു​ദ്ധ​സേ​വനം” ആണെന്നും അദ്ദേഹം വ്യക്തമാ​ക്കി.—റോമ 12:1, 6-8.

ദുരി​താ​ശ്വാ​സ​പ്ര​വർത്ത​നങ്ങൾ: അഥവാ “ദുരി​താ​ശ്വാ​സ​ശു​ശ്രൂഷ.”—പ്രവൃ 11:29-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൃശ്യാവിഷ്കാരം

ഹെരോദ്‌ അഗ്രിപ്പ ഒന്നാമൻ
ഹെരോദ്‌ അഗ്രിപ്പ ഒന്നാമൻ

ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന നാണയം, പ്രവൃ 12:1-ൽ “ഹെരോദ്‌ രാജാവ്‌” എന്നു വിളി​ച്ചി​രി​ക്കുന്ന ഹെരോദ്‌ അഗ്രിപ്പ ഒന്നാമൻ ഉണ്ടാക്കി​യ​താണ്‌. എ.ഡി. 43-44 കാലഘ​ട്ട​ത്തി​ലാണ്‌ അദ്ദേഹം ഇതു പുറത്തി​റ​ക്കി​യത്‌. നാണയ​ത്തി​ന്റെ ഒരു വശത്ത്‌ ക്ലൗദ്യൊസ്‌ ചക്രവർത്തി​യു​ടെ മുഖവും മറുവ​ശത്ത്‌ ക്ലൗദ്യൊ​സി​ന്റെ​യും അഗ്രിപ്പ ഒന്നാമ​ന്റെ​യും രൂപങ്ങ​ളും കാണാം. അതിലെ ആലേഖ​ന​ത്തിൽ അഗ്രി​പ്പ​യു​ടെ പേരു​മുണ്ട്‌. ക്ലൗദ്യൊ​സി​ന്റെ മുൻഗാ​മി​യും സഹോ​ദ​ര​പു​ത്ര​നും ആയ കാലി​ഗുല ചക്രവർത്തി​യാ​ണു (എ.ഡി. 37 മുതൽ 41 വരെ ഭരണം നടത്തിയ ഈ വ്യക്തി​യെ​ക്കു​റിച്ച്‌ തിരു​വെ​ഴു​ത്തു​ക​ളിൽ പരാമർശ​മൊ​ന്നു​മില്ല.) എ.ഡി. 37-ൽ ഹെരോദ്‌ അഗ്രിപ്പ ഒന്നാമനെ രാജാ​വാ​യി വാഴി​ച്ചത്‌. ക്ലൗദ്യൊസ്‌ പിൽക്കാ​ലത്ത്‌ അഗ്രി​പ്പ​യ്‌ക്കു കൂടുതൽ പ്രദേ​ശ​ങ്ങ​ളു​ടെ ഭരണച്ചു​മതല കൊടു​ത്തു. ആദ്യകാല ക്രിസ്‌തീ​യ​സ​ഭയെ ക്രൂര​മാ​യി ഉപദ്ര​വി​ച്ച​യാ​ളാ​യി​രു​ന്നു ഹെരോദ്‌ അഗ്രിപ്പ ഒന്നാമൻ. അപ്പോ​സ്‌ത​ല​നായ യാക്കോ​ബി​നെ വധിക്കാ​നും പത്രോ​സി​നെ തടവി​ലാ​ക്കാ​നും പോലും അദ്ദേഹം മടിച്ചില്ല. (പ്രവൃ 12:1-4) യഹോ​വ​യു​ടെ ദൂതന്റെ പ്രഹര​മേറ്റ്‌ മരണമ​ട​യു​ന്ന​തു​വരെ ഹെരോദ്‌ അധികാ​ര​ത്തിൽ തുടർന്നു.—പ്രവൃ 12:21-23.