യോഹ​ന്നാൻ എഴുതി​യത്‌ 21:1-25

21  അതിനു ശേഷം തിബെ​ര്യാസ്‌ കടലിന്റെ തീരത്തു​വെച്ച്‌ യേശു ശിഷ്യ​ന്മാർക്കു വീണ്ടും പ്രത്യക്ഷനായി. ഇങ്ങനെ​യാ​യി​രു​ന്നു ആ സംഭവം:  ശിമോൻ പത്രോ​സും തോമ​സും (ഇരട്ട എന്നും വിളിച്ചിരുന്നു.)+ ഗലീല​യി​ലെ കാനാ​യിൽനി​ന്നുള്ള നഥനയേലും+ സെബെദിപുത്രന്മാരും+ വേറെ രണ്ടു ശിഷ്യ​ന്മാ​രും ഒരുമിച്ച്‌ ഇരിക്കുകയായിരുന്നു.  ശിമോൻ പത്രോസ്‌ അവരോട്‌, “ഞാൻ മീൻ പിടി​ക്കാൻ പോകു​ക​യാണ്‌” എന്നു പറഞ്ഞു. “ഞങ്ങളും പോരു​ന്നു” എന്ന്‌ അവർ പറഞ്ഞു. അങ്ങനെ, അവർ വള്ളത്തിൽ കയറി മീൻ പിടി​ക്കാൻ പോയി. പക്ഷേ അന്നു രാത്രി അവർക്ക്‌ ഒന്നും കിട്ടിയില്ല.+  നേരം വെളു​ക്കാ​റാ​യ​പ്പോൾ യേശു കടൽത്തീ​രത്ത്‌ വന്ന്‌ നിന്നു. എന്നാൽ അതു യേശു​വാ​ണെന്നു ശിഷ്യ​ന്മാർക്കു മനസ്സിലായില്ല.+  യേശു അവരോട്‌, “മക്കളേ, നിങ്ങളു​ടെ കൈയിൽ കഴിക്കാൻ വല്ലതു​മു​ണ്ടോ” എന്നു ചോദിച്ചു. “ഇല്ല” എന്ന്‌ അവർ പറഞ്ഞു.  യേശു അവരോ​ടു പറഞ്ഞു: “വള്ളത്തിന്റെ വലതു​വ​ശത്ത്‌ വല വീശൂ. അപ്പോൾ നിങ്ങൾക്കു കിട്ടും.” അവർ വല വീശി. വല വലിച്ചു​ക​യ​റ്റാൻ പറ്റാത്ത​തു​പോ​ലെ അത്രയ​ധി​കം മീൻ വലയിൽപ്പെട്ടു.+  യേശു സ്‌നേ​ഹിച്ച ശിഷ്യൻ+ അപ്പോൾ പത്രോസിനോട്‌, “അതു കർത്താ​വാണ്‌” എന്നു പറഞ്ഞു. അതു കർത്താ​വാ​ണെന്നു കേട്ട ഉടനെ, നഗ്നനാ​യി​രുന്ന ശിമോൻ പത്രോസ്‌ താൻ അഴിച്ചു​വെ​ച്ചി​രുന്ന പുറങ്കു​പ്പാ​യ​വും ധരിച്ച്‌* കടലിൽ ചാടി കരയി​ലേക്കു നീന്തി.  വള്ളത്തിൽനിന്ന്‌ കരയി​ലേക്ക്‌ 300 അടി ദൂരമേ ഉണ്ടായിരുന്നുള്ളൂ. അതു​കൊണ്ട്‌ മറ്റു ശിഷ്യ​ന്മാർ മീൻ നിറഞ്ഞ വലയും വലിച്ചു​കൊണ്ട്‌ അവരുടെ ചെറു​വ​ള്ള​ത്തിൽ കരയ്‌ക്ക്‌ എത്തി.  അവർ കരയിൽ ഇറങ്ങിയപ്പോൾ, അവിടെ തീക്കന​ലു​കൾ കൂട്ടി അതിൽ മീൻ വെച്ചി​രി​ക്കു​ന്നതു കണ്ടു; അപ്പവും അവിടെയുണ്ടായിരുന്നു. 10  യേശു അവരോട്‌, “നിങ്ങൾ ഇപ്പോൾ പിടിച്ച കുറച്ച്‌ മീൻ കൊണ്ടു​വരൂ” എന്നു പറഞ്ഞു. 11  ശിമോൻ പത്രോസ്‌ വള്ളത്തിൽ കയറി വല കരയി​ലേക്കു വലിച്ചുകയറ്റി. അതിൽ നിറയെ വലിയ മീനുകളായിരുന്നു, 153 എണ്ണം! അത്രയ​ധി​കം മീനു​ണ്ടാ​യി​രു​ന്നി​ട്ടും വല കീറിയില്ല. 12  യേശു അവരോട്‌, “വരൂ, ഭക്ഷണം കഴിക്കാം”+ എന്നു പറഞ്ഞു. ‘അങ്ങ്‌ ആരാണ്‌’ എന്നു യേശു​വി​നോ​ടു ചോദി​ക്കാൻ ശിഷ്യ​ന്മാ​രാ​രും ധൈര്യപ്പെട്ടില്ല. കാരണം അതു കർത്താ​വാ​ണെന്ന്‌ അവർക്കു മനസ്സിലായിരുന്നു. 13  യേശു വന്ന്‌ അപ്പം എടുത്ത്‌ അവർക്കു കൊടുത്തു, മീനും കൊടുത്തു. 14  ഇതു മൂന്നാം തവണയാണു+ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്ക​പ്പെ​ട്ട​ശേഷം യേശു ശിഷ്യ​ന്മാർക്കു പ്രത്യക്ഷനായത്‌. 15  അവർ ഭക്ഷണം കഴിച്ചു​ക​ഴി​ഞ്ഞ​പ്പോൾ യേശു ശിമോൻ പത്രോസിനോട്‌, “യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നു ചോദിച്ചു. പത്രോസ്‌ യേശുവിനോട്‌, “ഉണ്ട്‌ കർത്താവേ, എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ” എന്നു പറഞ്ഞു. യേശു പത്രോസിനോട്‌, “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക”+ എന്നു പറഞ്ഞു. 16  യേശു രണ്ടാമതും, “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നു ചോദിച്ചു. അപ്പോൾ പത്രോസ്‌, “ഉണ്ട്‌ കർത്താവേ, എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാ​മ​ല്ലോ” എന്നു പറഞ്ഞു. യേശു പത്രോസിനോട്‌, “എന്റെ കുഞ്ഞാ​ടു​കളെ മേയ്‌ക്കുക”+ എന്നു പറഞ്ഞു. 17  മൂന്നാ​മത്‌ യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടോ” എന്നു ചോദിച്ചു. “നിനക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടോ” എന്ന ഈ മൂന്നാ​മത്തെ ചോദ്യം കേട്ട​പ്പോൾ പത്രോ​സിന്‌ ആകെ സങ്കടമായി. പത്രോസ്‌ യേശു​വി​നോ​ടു പറഞ്ഞു: “കർത്താവേ, അങ്ങയ്‌ക്ക്‌ എല്ലാം അറിയാം. എനിക്ക്‌ അങ്ങയെ എത്ര ഇഷ്ടമാ​ണെന്ന്‌ അങ്ങയ്‌ക്ക്‌ അറിയാമല്ലോ.” അപ്പോൾ യേശു പത്രോ​സി​നോ​ടു പറഞ്ഞു: “എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക.+ 18  സത്യം​സ​ത്യ​മാ​യി ഞാൻ നിന്നോ​ടു പറയുന്നു: ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾ നീ തനിയെ വസ്‌ത്രം ധരിച്ച്‌ ഇഷ്ടമു​ള്ളി​ട​ത്തൊ​ക്കെ നടന്നു. എന്നാൽ വയസ്സാ​കു​മ്പോൾ നീ കൈ നീട്ടു​ക​യും മറ്റൊ​രാൾ നിന്നെ വസ്‌ത്രം ധരിപ്പി​ക്കു​ക​യും നിനക്ക്‌ ഇഷ്ടമി​ല്ലാ​ത്തി​ട​ത്തേക്കു നിന്നെ കൊണ്ടു​പോ​കു​ക​യും ചെയ്യും.”+ 19  ഏതുവി​ധ​ത്തി​ലുള്ള മരണത്താൽ പത്രോസ്‌ ദൈവത്തെ മഹത്ത്വ​പ്പെ​ടു​ത്തു​മെന്നു സൂചി​പ്പി​ക്കാ​നാ​ണു യേശു ഇതു പറഞ്ഞത്‌. എന്നിട്ട്‌ യേശു പത്രോസിനോട്‌, “തുടർന്നും എന്നെ അനുഗ​മി​ക്കുക”+ എന്നു പറഞ്ഞു. 20  പത്രോസ്‌ തിരി​ഞ്ഞു​നോ​ക്കി​യ​പ്പോൾ യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ+ പിന്നാലെ വരുന്നതു കണ്ടു. അത്താഴ​സ​മ​യത്ത്‌ യേശുവിന്റെ മാറി​ലേക്കു ചാഞ്ഞ്‌, “കർത്താവേ, അങ്ങയെ ഒറ്റി​ക്കൊ​ടു​ക്കു​ന്നത്‌ ആരാണ്‌” എന്നു ചോദി​ച്ചത്‌ ഈ ശിഷ്യനായിരുന്നു. 21  ഈ ശിഷ്യനെ കണ്ടിട്ട്‌ പത്രോസ്‌ യേശുവിനോട്‌, “കർത്താവേ, ഇയാളു​ടെ കാര്യ​മോ” എന്നു ചോദിച്ചു. 22  യേശു പത്രോ​സി​നോ​ടു പറഞ്ഞു: “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌? നീ തുടർന്നും എന്നെ അനുഗമിക്കുക.” 23  ഇതു കേട്ടിട്ട്‌, ആ ശിഷ്യൻ മരിക്കില്ല എന്നൊരു സംസാരം സഹോ​ദ​ര​ങ്ങൾക്കി​ട​യിൽ പരന്നു. എന്നാൽ യേശു പറഞ്ഞത്‌ ഈ ശിഷ്യൻ മരിക്കില്ല എന്നല്ല, “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌” എന്നു മാത്രമാണ്‌. 24  ഈ ശിഷ്യൻതന്നെയാണ്‌+ ഈ കാര്യങ്ങൾ സാക്ഷ്യ​പ്പെ​ടു​ത്തു​ന്ന​തും ഇവ എഴുതിയതും. ഈ ശിഷ്യന്റെ വാക്കുകൾ സത്യമാ​ണെന്നു ഞങ്ങൾക്ക്‌ അറിയാം.+ 25  യേശു ചെയ്‌ത മറ്റ്‌ അനേകം കാര്യങ്ങളുമുണ്ട്‌. അവയെ​ല്ലാം വിശദ​മാ​യി എഴുതി​യാൽ ആ ചുരു​ളു​കൾ ഈ ലോക​ത്തു​തന്നെ ഒതുങ്ങി​ല്ലെ​ന്നാണ്‌ എനിക്കു തോന്നുന്നത്‌.+

അടിക്കുറിപ്പുകള്‍

അഥവാ “പുറങ്കു​പ്പാ​യം അരയിൽ ചുറ്റി; പുറങ്കു​പ്പാ​യം​കൊണ്ട്‌ അര കെട്ടി.”

പഠനക്കുറിപ്പുകൾ

മക്കളേ: അഥവാ “കുഞ്ഞു​ങ്ങളേ.” ഇവിടെ അഭിസം​ബോ​ധ​നാ​രൂ​പ​ത്തിൽ കാണുന്ന പൈദി​യോൻ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ (“കുട്ടി” എന്നതിന്റെ ഗ്രീക്കു​പ​ദ​മായ പെയ്‌സ്‌ എന്നതിന്റെ അൽപ്പതാ​വാ​ചി രൂപം.) ഒരു പിതാ​വി​നു മക്കളോ​ടു തോന്നുന്ന തരം ഇഷ്ടത്തെ സൂചി​പ്പി​ക്കാ​നാ​കും. ഈ വാക്യ​ത്തിൽ ആ പദം സൗഹൃ​ദ​ത്തെ​യും സ്‌നേ​ഹ​ത്തെ​യും ആണ്‌ കുറി​ക്കു​ന്നത്‌.

കഴിക്കാൻ വല്ലതു​മു​ണ്ടോ: അഥവാ “മീനു​ണ്ടോ?” പ്രൊ​സ്‌ഫാ​ഗി​യൊൻ എന്ന ഗ്രീക്കു​പദം ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഇവിടെ മാത്രമേ കാണു​ന്നു​ള്ളൂ. പൊതു​വേ ഈ പദം മറ്റു ഗ്രീക്കു​ഗ്ര​ന്ഥ​ങ്ങ​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ അപ്പത്തി​ന്റെ​കൂ​ടെ കഴിക്കാ​വുന്ന എന്തി​നെ​യെ​ങ്കി​ലും സൂചി​പ്പി​ക്കാ​നാണ്‌. ഈ വാക്യ​ത്തി​ലെ ചോദ്യം ഒരു കൂട്ടം മീൻപി​ടു​ത്ത​ക്കാ​രോ​ടാ​യ​തു​കൊണ്ട്‌ ഇവിടെ ആ പദം​കൊണ്ട്‌ ഉദ്ദേശി​ച്ചതു മീനു​ക​ളെ​യാ​ണെന്നു വ്യക്തം.

യേശു സ്‌നേ​ഹിച്ച ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 19:26; 20:2; 21:7, 20) അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10) അങ്ങനെ പറയാ​നുള്ള ഒരു കാരണം, ഈ സുവി​ശേ​ഷ​ത്തിൽ എവി​ടെ​യും അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടില്ല എന്നതാണ്‌. ആകെക്കൂ​ടെ യോഹ 21:2-ൽ ‘സെബെ​ദി​പു​ത്ര​ന്മാർ’ എന്നൊരു പരാമർശം കാണാം. ഇനി, ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന “ശിഷ്യൻ” യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാ​യി​രി​ക്കാം എന്നതിന്റെ മറ്റൊരു സൂചന യോഹ 21:20-24-ൽ കാണാം. ‘യേശു സ്‌നേ​ഹിച്ച ശിഷ്യൻത​ന്നെ​യാണ്‌’ ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​രൻ എന്ന്‌ അവിടെ പറഞ്ഞി​ട്ടുണ്ട്‌. മാത്രമല്ല ആ അപ്പോ​സ്‌ത​ല​നെ​ക്കു​റിച്ച്‌, “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌” എന്നു യേശു ചോദി​ക്കു​ന്ന​താ​യും അവിടെ കാണാം. ഇപ്പറഞ്ഞ അപ്പോ​സ്‌തലൻ, പത്രോ​സി​നെ​ക്കാ​ളും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കാ​ളും എല്ലാം കൂടുതൽ കാലം ജീവി​ച്ചി​രി​ക്കു​മെ​ന്നാണ്‌ ഇതു സൂചി​പ്പി​ച്ചത്‌. അത്തരത്തിൽ ദീർഘ​കാ​ലം ജീവി​ച്ചി​രുന്ന അപ്പോ​സ്‌ത​ല​നും യോഹ​ന്നാൻത​ന്നെ​യാണ്‌.​—യോഹ തലക്കെ​ട്ടി​ന്റെ​യും യോഹ 1:6; 21:20 എന്നിവ​യു​ടെ​യും പഠനക്കു​റി​പ്പു​കൾ കാണുക.

യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 13:23; 19:26; 20:2; 21:7, 20) അതിൽ അവസാ​ന​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 21:2) “യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ”തന്നെയാണ്‌ ‘ഈ കാര്യങ്ങൾ (അതായത്‌ യോഹ​ന്നാ​ന്റെ സുവി​ശേഷം) എഴുതി​യത്‌’ എന്നു യോഹ 21:20-24 സൂചി​പ്പി​ക്കു​ന്നു.​—യോഹ തലക്കെട്ട്‌; 1:6; 13:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

നഗ്നൻ: അഥവാ “വേണ്ടത്ര വസ്‌ത്രം ധരിക്കാ​ത്തവൻ.” ഇവിടെ കാണുന്ന ഗും​നോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌, “അൽപ്പവ​സ്‌ത്ര​ധാ​രി; അടിവ​സ്‌ത്രം മാത്രം ധരിച്ചവൻ” എന്നെല്ലാം അർഥം വരാം.​—യാക്ക 2:15.

യേശു സ്‌നേ​ഹിച്ച ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 13:23; 19:26; 20:2; 21:7, 20) അതിൽ നാലാ​മ​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു.​—മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 21:2; ഇതു യോഹ​ന്നാ​നാ​ണെന്നു പറയാ​നുള്ള കാരണങ്ങൾ അറിയാൻ, യോഹ 13:23; 21:20 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

നഗ്നനാ​യി​രുന്ന: അഥവാ “അൽപ്പവ​സ്‌ത്ര​ധാ​രി​യാ​യി​രുന്ന.” ഇവിടെ കാണുന്ന ഗും​നോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിന്‌, “അൽപ്പവ​സ്‌ത്ര​ധാ​രി; അടിവ​സ്‌ത്രം മാത്രം ധരിച്ചവൻ” എന്നെല്ലാം അർഥം വരാം.​—യാക്ക 2:15; മത്ത 25:36-ന്റെ പഠനക്കു​റി​പ്പു കാണുക.

300 അടി: ഏകദേശം 90 മീ. അക്ഷ. ”ഏകദേശം 200 മുഴം.“ ഇവിടെ കാണുന്ന പേഖൂസ്‌ എന്ന ഗ്രീക്കു​പദം (മത്ത 6:27; ലൂക്ക 12:25; വെളി 21:17 എന്നിവി​ട​ങ്ങ​ളിൽ “മുഴം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.) നീളത്തി​ന്റെ ചെറി​യൊ​രു അളവിനെ കുറി​ക്കു​ന്നു. ഏതാണ്ട്‌ കൈമു​ട്ടു​മു​തൽ നടുവി​ര​ലി​ന്റെ അറ്റംവ​രെ​യുള്ള നീളത്തി​നു തുല്യ​മാ​യി​രു​ന്നു അത്‌. ഏകദേശം 44.5 സെ.മീ. (17.5 ഇഞ്ച്‌) ആണ്‌ ഇസ്രാ​യേ​ല്യർ സാധാരണ ഒരു മുഴമാ​യി കണക്കാ​ക്കി​യി​രു​ന്നത്‌.​—പദാവ​ലി​യിൽ “മുഴം” എന്നതും അനു. ബി14-ഉം കാണുക.

യേശു ശിമോൻ പത്രോ​സി​നോട്‌: പത്രോസ്‌ യേശു​വി​നെ മൂന്നു വട്ടം തള്ളിപ്പ​റ​ഞ്ഞിട്ട്‌ അധിക​മാ​കു​ന്ന​തി​നു മുമ്പാണു യേശു​വും പത്രോ​സും തമ്മിലുള്ള ഈ സംഭാ​ഷണം നടക്കു​ന്നത്‌. പത്രോ​സി​നു തന്നോ​ടുള്ള ഇഷ്ടം അളക്കാൻ യേശു മൂന്നു ചോദ്യ​ങ്ങൾ ചോദി​ച്ചെ​ന്നും ഒടുവിൽ “പത്രോ​സിന്‌ ആകെ സങ്കടമാ​യി” എന്നും നമ്മൾ വായി​ക്കു​ന്നു. (യോഹ 21:17) യോഹ 21:15-17-ലെ ഈ വിവര​ണ​ത്തിൽ വ്യത്യ​സ്‌ത​മായ രണ്ടു ഗ്രീക്ക്‌ ക്രിയാ​പ​ദങ്ങൾ കാണാം: ഒന്ന്‌, സ്‌നേ​ഹി​ക്കുക എന്ന്‌ അർഥം​വ​രുന്ന അഗപാഓ; രണ്ട്‌, ഇഷ്ടപ്പെ​ടുക എന്ന്‌ അർഥം​വ​രുന്ന ഫിലീ​യോ. ‘നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ’ എന്നു രണ്ടു പ്രാവ​ശ്യം യേശു പത്രോ​സി​നോ​ടു ചോദി​ച്ചു. തനിക്കു യേശു​വി​നെ വളരെ ‘ഇഷ്ടമാ​ണെന്ന്‌’ രണ്ടു തവണയും പത്രോസ്‌ ആത്മാർഥ​മാ​യി​ത്തന്നെ മറുപ​ടി​യും കൊടു​ത്തു. ഒടുവിൽ യേശു, “നിനക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടോ” എന്നു ചോദി​ച്ചു. ഉണ്ടെന്ന്‌ ഇത്തവണ​യും പത്രോസ്‌ ഉറപ്പു കൊടു​ത്തു. പത്രോസ്‌ ഓരോ തവണ തന്റെ സ്‌നേ​ഹ​ത്തിന്‌ ഉറപ്പു കൊടു​ത്ത​പ്പോ​ഴും യേശു ഒരു കാര്യം ഊന്നി​പ്പ​റഞ്ഞു: തന്നോടു സ്‌നേ​ഹ​വും ഇഷ്ടവും ഉണ്ടെങ്കിൽ പത്രോസ്‌ തന്റെ ശിഷ്യ​ന്മാ​രായ കുഞ്ഞാ​ടു​കളെ ആത്മീയ​മാ​യി തീറ്റു​ക​യും ‘മേയ്‌ക്കു​ക​യും’ വേണം. (യോഹ 21:16, 17; 1പത്ര 5:1-3) തന്നോടു പത്രോ​സി​നു സ്‌നേ​ഹ​മു​ണ്ടെന്ന്‌ ഉറപ്പേ​കാൻ മൂന്ന്‌ അവസരം കൊടു​ത്ത​ശേ​ഷ​മാ​ണു തന്റെ ആടുകളെ പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യേശു അദ്ദേഹത്തെ ഏൽപ്പി​ച്ചത്‌. താൻ യേശു​വി​നെ മൂന്നു വട്ടം തള്ളിപ്പ​റ​ഞ്ഞതു യേശു ക്ഷമിച്ചോ എന്നു ചെറി​യൊ​രു സംശയ​മെ​ങ്കി​ലും പത്രോ​സിന്‌ ഉണ്ടായി​രു​ന്നെ​ങ്കിൽ അത്‌ ഈ സംഭാ​ഷ​ണ​ത്തോ​ടെ തീർന്നു​കാ​ണും.

യോഹ​ന്നാൻ: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ പത്രോസ്‌ അപ്പോ​സ്‌ത​ലന്റെ അപ്പനെ യോഹ​ന്നാൻ എന്നാണു വിളി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ മറ്റു ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഇവിടെ അദ്ദേഹത്തെ യോന എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം. മത്ത 16:17-ൽ യേശു പത്രോ​സി​നെ ‘യോന​യു​ടെ മകനായ ശിമോൻ’ എന്നാണു വിളി​ച്ചത്‌. (മത്ത 16:17-ന്റെ പഠനക്കു​റി​പ്പു കാണുക.) യോഹ​ന്നാൻ എന്നതിന്റെ എബ്രാ​യ​പേര്‌ ഗ്രീക്കിൽ രണ്ടു രീതി​യിൽ എഴുതാം. അതിൽനി​ന്നാ​യി​രി​ക്കാം യോഹ​ന്നാൻ, യോന എന്നീ രണ്ടു പേരുകൾ വന്നതെന്നു ചില പണ്ഡിത​ന്മാർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ?: ഗ്രീക്കു​വ്യാ​ക​ര​ണ​മ​നു​സ​രിച്ച്‌, “ഇവയെ​ക്കാൾ” എന്ന പദപ്ര​യോ​ഗ​ത്തിന്‌ ഒന്നില​ധി​കം അർഥം വരാം. ചില പണ്ഡിത​ന്മാ​രു​ടെ അഭി​പ്രാ​യ​ത്തിൽ യേശു ചോദി​ച്ച​തി​ന്റെ അർഥം, “ഈ ശിഷ്യ​ന്മാ​രെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കാൾ നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നോ “ഈ ശിഷ്യ​ന്മാർ എന്നെ സ്‌നേ​ഹി​ക്കു​ന്ന​തി​നെ​ക്കാ​ളും നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്നോ ആണ്‌. എന്നാൽ “നീ ഇവയെ​ക്കാൾ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ” എന്ന യേശു​വി​ന്റെ ചോദ്യം, അവർ പിടിച്ച മീനു​ക​ളെ​യോ അവരുടെ മത്സ്യബ​ന്ധ​ന​ബി​സി​നെ​സ്സു​മാ​യി ബന്ധപ്പെട്ട കാര്യ​ങ്ങ​ളെ​യോ ഉദ്ദേശി​ച്ചാ​യി​രി​ക്കാ​നാ​ണു കൂടുതൽ സാധ്യത. ചുരു​ക്ക​ത്തിൽ ആ വാക്യ​ത്തി​ന്റെ ആശയം ഇതായി​രി​ക്കാം: ‘നീ ഭൗതി​ക​വ​സ്‌തു​ക്ക​ളെ​ക്കാ​ളും സ്ഥാനമാ​ന​ങ്ങ​ളെ​ക്കാ​ളും എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ? എങ്കിൽ എന്റെ കുഞ്ഞാ​ടു​കളെ തീറ്റുക.’ പത്രോ​സി​ന്റെ ഭൂതകാ​ലം കണക്കി​ലെ​ടു​ക്കു​മ്പോൾ ഈ ചോദ്യ​ത്തി​നു പ്രത്യേ​ക​പ്ര​സ​ക്തി​യുണ്ട്‌. കാരണം, പത്രോസ്‌ യേശു​വി​ന്റെ ആദ്യശി​ഷ്യ​ന്മാ​രിൽ ഒരാളാ​യി​രു​ന്നെ​ങ്കി​ലും (യോഹ 1:35-42) അദ്ദേഹം പെട്ടെ​ന്നൊ​ന്നും യേശു​വി​നെ മുഴുവൻ സമയവും അനുഗ​മി​ച്ചില്ല. പകരം അദ്ദേഹം മീൻപി​ടു​ത്ത​ത്തി​ലേ​ക്കു​തന്നെ തിരി​ച്ചു​പോ​യി. ആ വലിയ ബിസി​നെ​സ്സിൽ ഉൾപ്പെ​ട്ടി​രുന്ന പത്രോ​സി​നെ കുറച്ച്‌ മാസങ്ങൾക്കു ശേഷം യേശു ‘മനുഷ്യ​രെ പിടി​ക്കു​ന്ന​വ​നാ​കാൻ’ വിളിച്ചു. (മത്ത 4:18-20; ലൂക്ക 5:1-11) എന്നാൽ യേശു​വി​ന്റെ മരണ​ശേഷം അധികം വൈകാ​തെ പത്രോസ്‌ വീണ്ടും, താൻ മീൻ പിടി​ക്കാൻ പോകു​ക​യാ​ണെന്നു പറഞ്ഞു. മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രും പത്രോ​സി​ന്റെ കൂടെ കൂടി. (യോഹ 21:2, 3) അതു​കൊണ്ട്‌ പത്രോ​സി​നോ​ടുള്ള യേശു​വി​ന്റെ ഈ വാക്കുകൾ നിർണാ​യ​ക​മായ ഒരു തീരു​മാ​നം എടുക്കാ​നുള്ള ആഹ്വാ​ന​മാ​യി​രു​ന്നി​രി​ക്കാം. താൻ ജീവി​ത​ത്തിൽ ഒന്നാം സ്ഥാനം കൊടു​ക്കു​ന്നത്‌ അവിടെ കൂട്ടി​യി​ട്ടി​രുന്ന മീനു​കൾക്ക്‌ അഥവാ മത്സ്യബ​ന്ധ​ന​ബി​സി​നെ​സ്സിന്‌ ആയിരി​ക്കു​മോ അതോ യേശു​വി​ന്റെ അനുഗാ​മി​ക​ളായ കുഞ്ഞാ​ടു​കൾക്ക്‌ ആത്മീയ​ഭ​ക്ഷണം കൊടു​ക്കു​ന്ന​തി​നാ​യി​രി​ക്കു​മോ എന്നു പത്രോസ്‌ തീരു​മാ​നി​ക്കേ​ണ്ടി​യി​രു​ന്നു.​—യോഹ 21:4-8.

യോന​യു​ടെ മകൻ: അഥവാ, “ബർ-യോന.” മിക്ക എബ്രാ​യ​പേ​രു​ക​ളി​ലും, ബേൻ എന്ന എബ്രാ​യ​പ​ദ​മോ ബർ എന്ന അരമാ​യ​പ​ദ​മോ ചേർത്ത്‌ (രണ്ടി​ന്റെ​യും അർഥം “മകൻ” എന്നാണ്‌.) പിതാ​വി​ന്റെ പേരും എഴുതി​യി​രു​ന്നു. യേശു​വി​ന്റെ കാലത്ത്‌ സംസാ​രി​ച്ചി​രുന്ന എബ്രാ​യ​ഭാ​ഷ​യി​ലെ അരമാ​യ​സ്വാ​ധീ​ന​ത്തി​ന്റെ തെളി​വാണ്‌ അരമാ​യ​യിൽനിന്ന്‌ കടം​കൊണ്ട ബർ എന്ന വാക്കു ചേർത്ത, ബർത്തൊലൊമായി, ബർത്തിമായി, ബർന്നബാസ്‌, ബർ-യേശു എന്നിവ​പോ​ലുള്ള പേരുകൾ.

യേശു ശിമോൻ പത്രോ​സി​നോട്‌: പത്രോസ്‌ യേശു​വി​നെ മൂന്നു വട്ടം തള്ളിപ്പ​റ​ഞ്ഞിട്ട്‌ അധിക​മാ​കു​ന്ന​തി​നു മുമ്പാണു യേശു​വും പത്രോ​സും തമ്മിലുള്ള ഈ സംഭാ​ഷണം നടക്കു​ന്നത്‌. പത്രോ​സി​നു തന്നോ​ടുള്ള ഇഷ്ടം അളക്കാൻ യേശു മൂന്നു ചോദ്യ​ങ്ങൾ ചോദി​ച്ചെ​ന്നും ഒടുവിൽ “പത്രോ​സിന്‌ ആകെ സങ്കടമാ​യി” എന്നും നമ്മൾ വായി​ക്കു​ന്നു. (യോഹ 21:17) യോഹ 21:15-17-ലെ ഈ വിവര​ണ​ത്തിൽ വ്യത്യ​സ്‌ത​മായ രണ്ടു ഗ്രീക്ക്‌ ക്രിയാ​പ​ദങ്ങൾ കാണാം: ഒന്ന്‌, സ്‌നേ​ഹി​ക്കുക എന്ന്‌ അർഥം​വ​രുന്ന അഗപാഓ; രണ്ട്‌, ഇഷ്ടപ്പെ​ടുക എന്ന്‌ അർഥം​വ​രുന്ന ഫിലീ​യോ. ‘നീ എന്നെ സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ’ എന്നു രണ്ടു പ്രാവ​ശ്യം യേശു പത്രോ​സി​നോ​ടു ചോദി​ച്ചു. തനിക്കു യേശു​വി​നെ വളരെ ‘ഇഷ്ടമാ​ണെന്ന്‌’ രണ്ടു തവണയും പത്രോസ്‌ ആത്മാർഥ​മാ​യി​ത്തന്നെ മറുപ​ടി​യും കൊടു​ത്തു. ഒടുവിൽ യേശു, “നിനക്ക്‌ എന്നോട്‌ ഇഷ്ടമു​ണ്ടോ” എന്നു ചോദി​ച്ചു. ഉണ്ടെന്ന്‌ ഇത്തവണ​യും പത്രോസ്‌ ഉറപ്പു കൊടു​ത്തു. പത്രോസ്‌ ഓരോ തവണ തന്റെ സ്‌നേ​ഹ​ത്തിന്‌ ഉറപ്പു കൊടു​ത്ത​പ്പോ​ഴും യേശു ഒരു കാര്യം ഊന്നി​പ്പ​റഞ്ഞു: തന്നോടു സ്‌നേ​ഹ​വും ഇഷ്ടവും ഉണ്ടെങ്കിൽ പത്രോസ്‌ തന്റെ ശിഷ്യ​ന്മാ​രായ കുഞ്ഞാ​ടു​കളെ ആത്മീയ​മാ​യി തീറ്റു​ക​യും ‘മേയ്‌ക്കു​ക​യും’ വേണം. (യോഹ 21:16, 17; 1പത്ര 5:1-3) തന്നോടു പത്രോ​സി​നു സ്‌നേ​ഹ​മു​ണ്ടെന്ന്‌ ഉറപ്പേ​കാൻ മൂന്ന്‌ അവസരം കൊടു​ത്ത​ശേ​ഷ​മാ​ണു തന്റെ ആടുകളെ പരിപാ​ലി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം യേശു അദ്ദേഹത്തെ ഏൽപ്പി​ച്ചത്‌. താൻ യേശു​വി​നെ മൂന്നു വട്ടം തള്ളിപ്പ​റ​ഞ്ഞതു യേശു ക്ഷമിച്ചോ എന്നു ചെറി​യൊ​രു സംശയ​മെ​ങ്കി​ലും പത്രോ​സിന്‌ ഉണ്ടായി​രു​ന്നെ​ങ്കിൽ അത്‌ ഈ സംഭാ​ഷ​ണ​ത്തോ​ടെ തീർന്നു​കാ​ണും.

സ്‌നേ​ഹി​ക്കു​ന്നു​ണ്ടോ . . . ഇഷ്ടമാ​ണെന്ന്‌: യോഹ 21:15-ന്റെ പഠനക്കു​റി​പ്പു കാണുക.

കുഞ്ഞാ​ടു​കൾ: ഇവി​ടെ​യും 17-ാം വാക്യ​ത്തി​ലും ‘കുഞ്ഞാ​ടു​കൾ’ (അക്ഷ. “ചെമ്മരി​യാ​ട്ടിൻകു​ട്ടി​കൾ”) എന്നു പരിഭാഷ ചെയ്‌തി​രി​ക്കുന്ന പ്രോ​ബ​റ്റ്യൊൻ എന്ന ഗ്രീക്കു​പദം “ചെമ്മരി​യാട്‌” എന്നതി​നുള്ള ഗ്രീക്കു​പ​ദ​ത്തി​ന്റെ അൽപ്പതാ​വാ​ചി രൂപമാണ്‌. ഇഷ്ടത്തെ​യും അടുപ്പ​ത്തെ​യും ഒക്കെ സൂചി​പ്പി​ക്കാ​നാ​ണു ക്രിസ്‌തീയ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മിക്ക​പ്പോ​ഴും അൽപ്പതാ​വാ​ചി രൂപം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.​—പദാവ​ലി​യിൽ “അൽപ്പതാ​വാ​ചി” കാണുക.

മൂന്നാ​മത്‌: പത്രോസ്‌ മൂന്നു വട്ടം തന്റെ കർത്താ​വി​നെ തള്ളിപ്പ​റ​ഞ്ഞി​രു​ന്നു. എന്നാൽ ഇപ്പോൾ തന്നോ​ടുള്ള സ്‌നേ​ഹ​ത്തിന്‌ ഉറപ്പേ​കാൻ യേശു പത്രോ​സി​നു മൂന്ന്‌ അവസരം കൊടു​ക്കു​ന്നു. യേശു​വി​നോ​ടു സ്‌നേ​ഹ​മു​ണ്ടെന്നു പത്രോസ്‌ ഉറപ്പി​ച്ചു​പ​റ​ഞ്ഞ​പ്പോൾ, വിശു​ദ്ധ​സേ​വ​ന​ത്തി​നു മറ്റെല്ലാ​ത്തി​നെ​ക്കാ​ളും പ്രാധാ​ന്യം കൊടു​ത്തു​കൊണ്ട്‌ ആ സ്‌നേ​ഹ​വും ഇഷ്ടവും തെളി​യി​ക്കാൻ യേശു പറയുന്നു. ഉത്തരവാ​ദി​ത്വ​പ്പെട്ട മറ്റു സഹോ​ദ​ര​ന്മാ​രോ​ടൊ​പ്പം പത്രോസ്‌ ക്രിസ്‌തു​വി​ന്റെ വിശ്വ​സ്‌താ​നു​ഗാ​മി​ക​ളായ ആട്ടിൻപ​റ്റ​ത്തിന്‌ ആത്മീയ​ഭ​ക്ഷണം കൊടു​ക്കു​ക​യും അവരെ ബലപ്പെ​ടു​ത്തു​ക​യും മേയ്‌ക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു. യേശു​വി​ന്റെ ആ അനുഗാ​മി​കൾ അഭിഷി​ക്ത​രാ​യി​രു​ന്നെ​ങ്കി​ലും ആത്മീയ​ഭ​ക്ഷണം വേണ്ടവ​രാ​യി​രു​ന്നു അവരും.​—ലൂക്ക 22:32.

യോഹ​ന്നാൻ: യഹോ​ഹാ​നാൻ അഥവാ യോഹാ​നാൻ എന്ന എബ്രായപേരിന്റെ മലയാ​ള​രൂ​പം. അർഥം: “യഹോവ പ്രീതി കാണി​ച്ചി​രി​ക്കു​ന്നു; യഹോവ കൃപ കാണി​ച്ചി​രി​ക്കു​ന്നു.” ഈ സുവി​ശേഷം എഴുതി​യത്‌ ആരാ​ണെന്ന്‌ ഇതിൽ പറയു​ന്നില്ല. എന്നാൽ ഇത്‌ എഴുതി​യത്‌ അപ്പോ​സ്‌ത​ല​നായ യോഹ​ന്നാൻ ആണെന്ന്‌ എ.ഡി. രണ്ടും മൂന്നും നൂറ്റാ​ണ്ടു​ക​ളാ​യ​പ്പോ​ഴേ​ക്കും പരക്കെ അംഗീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ സുവി​ശേ​ഷ​ത്തിൽ യോഹ​ന്നാൻ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌ എല്ലായ്‌പോ​ഴും സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ ഉദ്ദേശി​ച്ചാണ്‌. അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേര്‌ ഇതിൽ ഒരിട​ത്തും കാണു​ന്നി​ല്ലെ​ങ്കി​ലും അദ്ദേഹ​ത്തെ​യും സഹോ​ദ​ര​നായ യാക്കോ​ബി​നെ​യും ഇതിൽ ‘സെബെ​ദി​പു​ത്ര​ന്മാർ’ എന്നു വിളി​ച്ചി​ട്ടുണ്ട്‌. (യോഹ 21:2; മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 1:6-ന്റെ പഠനക്കു​റി​പ്പു കാണുക.) സുവി​ശേ​ഷ​ത്തി​ന്റെ അവസാ​ന​വാ​ക്യ​ങ്ങ​ളിൽ എഴുത്തു​കാ​രൻ തന്നെക്കു​റിച്ച്‌ “യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ” എന്നു പറഞ്ഞി​രി​ക്കു​ന്ന​താ​യി കാണാം. (യോഹ 21:20-24) ഈ പദപ്ര​യോ​ഗം അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​നെ​ക്കു​റി​ച്ചു​ത​ന്നെ​യാ​ണെന്നു ചിന്തി​ക്കാൻ ന്യായ​മായ കാരണ​ങ്ങ​ളുണ്ട്‌.​—യോഹ 13:23-ന്റെ പഠനക്കു​റി​പ്പു കാണുക.

യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 13:23; 19:26; 20:2; 21:7, 20) അതിൽ അവസാ​ന​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10; യോഹ 21:2) “യേശു സ്‌നേ​ഹി​ക്കുന്ന ശിഷ്യൻ”തന്നെയാണ്‌ ‘ഈ കാര്യങ്ങൾ (അതായത്‌ യോഹ​ന്നാ​ന്റെ സുവി​ശേഷം) എഴുതി​യത്‌’ എന്നു യോഹ 21:20-24 സൂചി​പ്പി​ക്കു​ന്നു.​—യോഹ തലക്കെട്ട്‌; 1:6; 13:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

യേശുവിന്റെ മാറി​ലേക്കു ചാഞ്ഞ്‌ . . . ഈ ശിഷ്യൻ: യോഹ 13:23-ന്റെ പഠനക്കു​റി​പ്പു കാണുക.

യോഹ​ന്നാൻ: അതായത്‌, സ്‌നാ​പ​ക​യോ​ഹ​ന്നാൻ. ഈ സുവി​ശേ​ഷ​ത്തിന്റെ മൂല ഗ്രീക്കുപാഠത്തിൽ സ്‌നാ​പ​ക​യോ​ഹ​ന്നാ​നെ​ക്കു​റിച്ച്‌ 19 തവണ പറയു​ന്നുണ്ടെങ്കിലും ഇതിന്റെ എഴുത്തു​കാ​ര​നായ യോഹ​ന്നാൻ അപ്പോ​സ്‌തലൻ ഒരിക്കൽപ്പോ​ലും അദ്ദേഹത്തെ “സ്‌നാ​പകൻ” എന്നു വിശേ​ഷി​പ്പി​ച്ചി​ട്ടില്ല. എന്നാൽ മറ്റു സുവി​ശേ​ഷ​യെ​ഴു​ത്തു​കാർ അദ്ദേഹത്തെ “സ്‌നാ​പ​ക​യോ​ഹ​ന്നാൻ” എന്നും “യോഹ​ന്നാൻ സ്‌നാ​പകൻ” എന്നും വിളി​ച്ചി​ട്ടുണ്ട്‌. (മത്ത 3:1; മർ 1:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) യോഹ​ന്നാൻ അപ്പോ​സ്‌തലൻ തന്റെ സുവി​ശേ​ഷ​ത്തിൽ മൂന്നു മറിയ​മാ​രെ വേർതി​രി​ച്ചു​കാ​ണി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും (യോഹ 11:1, 2; 19:25; 20:1) അദ്ദേഹ​ത്തിന്‌ ഒരിക്കൽപ്പോ​ലും സ്‌നാ​പ​ക​യോ​ഹ​ന്നാ​ന്റെ കാര്യ​ത്തിൽ ഇങ്ങനെ​യൊ​രു വ്യത്യാ​സം കല്‌പി​ക്കേ​ണ്ടി​വ​ന്നി​ട്ടില്ല. കാരണം, അപ്പോ​സ്‌തലൻ തന്റെ സ്വന്തം പേര്‌ സുവി​ശേ​ഷ​ത്തിൽ ഒരിട​ത്തും പറഞ്ഞി​ട്ടില്ല. അതു​കൊ​ണ്ടു​തന്നെ ഏതു യോഹ​ന്നാ​നെ​ക്കു​റി​ച്ചാണ്‌ അദ്ദേഹം സംസാ​രി​ക്കു​ന്ന​തെന്ന്‌ ആർക്കും സംശയം തോന്നില്ല. യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാണ്‌ ഈ സുവി​ശേഷം എഴുതി​യത്‌ എന്നതിന്റെ മറ്റൊരു തെളി​വാണ്‌ ഇത്‌.​—“യോഹ​ന്നാൻ​ആമുഖം” എന്നതും യോഹ​ന്നാൻ തലക്കെ​ട്ടി​ന്റെ പഠനക്കു​റി​പ്പും കാണുക.

യേശു സ്‌നേ​ഹിച്ച ശിഷ്യൻ: അതായത്‌, യേശു​വി​നു പ്രത്യേ​ക​സ്‌നേ​ഹ​മു​ണ്ടാ​യി​രുന്ന ശിഷ്യൻ. യേശു “സ്‌നേ​ഹിച്ച” അഥവാ “യേശു​വി​നു പ്രിയ​പ്പെട്ട” ഒരു ശിഷ്യ​നെ​ക്കു​റിച്ച്‌ ഈ സുവി​ശേ​ഷ​ത്തിൽ അഞ്ചിടത്ത്‌ പറയു​ന്നുണ്ട്‌. (യോഹ 19:26; 20:2; 21:7, 20) അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. ഈ ശിഷ്യൻ സെബെ​ദി​യു​ടെ മകനും യാക്കോ​ബി​ന്റെ സഹോ​ദ​ര​നും ആയ യോഹ​ന്നാൻ അപ്പോ​സ്‌ത​ല​നാ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. (മത്ത 4:21; മർ 1:19; ലൂക്ക 5:10) അങ്ങനെ പറയാ​നുള്ള ഒരു കാരണം, ഈ സുവി​ശേ​ഷ​ത്തിൽ എവി​ടെ​യും അപ്പോ​സ്‌ത​ല​നായ യോഹ​ന്നാ​ന്റെ പേരെ​ടുത്ത്‌ പറഞ്ഞി​ട്ടില്ല എന്നതാണ്‌. ആകെക്കൂ​ടെ യോഹ 21:2-ൽ ‘സെബെ​ദി​പു​ത്ര​ന്മാർ’ എന്നൊരു പരാമർശം കാണാം. ഇനി, ഈ വാക്യ​ത്തിൽ പറഞ്ഞി​രി​ക്കുന്ന “ശിഷ്യൻ” യോഹ​ന്നാൻ അപ്പോ​സ്‌ത​ലൻത​ന്നെ​യാ​യി​രി​ക്കാം എന്നതിന്റെ മറ്റൊരു സൂചന യോഹ 21:20-24-ൽ കാണാം. ‘യേശു സ്‌നേ​ഹിച്ച ശിഷ്യൻത​ന്നെ​യാണ്‌’ ഈ സുവി​ശേ​ഷ​ത്തി​ന്റെ എഴുത്തു​കാ​രൻ എന്ന്‌ അവിടെ പറഞ്ഞി​ട്ടുണ്ട്‌. മാത്രമല്ല ആ അപ്പോ​സ്‌ത​ല​നെ​ക്കു​റിച്ച്‌, “ഞാൻ വരുന്ന​തു​വരെ ഇവനു​ണ്ടാ​യി​രി​ക്കണം എന്നാണ്‌ എന്റെ ഇഷ്ടമെ​ങ്കിൽ നിനക്ക്‌ എന്താണ്‌” എന്നു യേശു ചോദി​ക്കു​ന്ന​താ​യും അവിടെ കാണാം. ഇപ്പറഞ്ഞ അപ്പോ​സ്‌തലൻ, പത്രോ​സി​നെ​ക്കാ​ളും മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാ​രെ​ക്കാ​ളും എല്ലാം കൂടുതൽ കാലം ജീവി​ച്ചി​രി​ക്കു​മെ​ന്നാണ്‌ ഇതു സൂചി​പ്പി​ച്ചത്‌. അത്തരത്തിൽ ദീർഘ​കാ​ലം ജീവി​ച്ചി​രുന്ന അപ്പോ​സ്‌ത​ല​നും യോഹ​ന്നാൻത​ന്നെ​യാണ്‌.​—യോഹ തലക്കെ​ട്ടി​ന്റെ​യും യോഹ 1:6; 21:20 എന്നിവ​യു​ടെ​യും പഠനക്കു​റി​പ്പു​കൾ കാണുക.

ചേർന്ന്‌: അക്ഷ. “മാറോ​ടു ചേർന്ന്‌.” യേശു​വി​ന്റെ കാലത്ത്‌ ആളുകൾ ഭക്ഷണ​മേ​ശ​യ്‌ക്കൽ ഇരുന്നി​രുന്ന രീതി വർണി​ക്കുന്ന ഒരു പദപ്ര​യോ​ഗ​മാണ്‌ ഇത്‌. ഒരു കുഷ്യ​നി​ലേക്ക്‌ ഇട​ങ്കൈ​മുട്ട്‌ ഊന്നി ചാരി​യി​രി​ക്കു​ന്ന​താ​യി​രു​ന്നു അവരുടെ രീതി. അങ്ങനെ ഇരിക്കു​മ്പോൾ ഒരാൾക്കു തൊട്ട​ടു​ത്തി​രി​ക്കുന്ന സുഹൃ​ത്തി​ന്റെ മാറി​ലേക്ക്‌ അഥവാ നെഞ്ചി​ലേക്കു ചാരി​ക്കി​ടന്ന്‌ സ്വകാ​ര്യ​സം​ഭാ​ഷ​ണങ്ങൾ നടത്താ​മാ​യി​രു​ന്നു. (യോഹ 13:25) ഒരാ​ളോ​ടു ‘ചേർന്ന്‌’ അഥവാ ഒരാളു​ടെ ‘മാറോ​ടു ചേർന്ന്‌’ ഇരിക്കു​ന്നത്‌, അയാ​ളോ​ടുള്ള പ്രത്യേ​ക​മായ ഇഷ്ടത്തെ​യോ അടുത്ത സൗഹൃ​ദ​ത്തെ​യോ ഒക്കെയാ​ണു സൂചി​പ്പി​ച്ചി​രു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ രീതി​യിൽനി​ന്നാണ്‌, ലൂക്കോ​സി​ന്റെ​യും യോഹ​ന്നാ​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളിൽ കാണുന്ന ഈ പദപ്ര​യോ​ഗം വന്നിരി​ക്കു​ന്നത്‌.​—ലൂക്ക 16:22; 23; യോഹ 1:18 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ഞാൻ വരുന്ന​തു​വരെ: യേശു ഇങ്ങനെ പറഞ്ഞ​പ്പോൾ, യോഹ​ന്നാൻ അപ്പോ​സ്‌തലൻ തങ്ങളെ​ക്കാൾ കൂടുതൽ കാലം ജീവി​ച്ചി​രി​ക്കു​മെ​ന്നൊ​രു ധാരണ മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാർക്കു ലഭിച്ചു​കാ​ണും. വാസ്‌ത​വ​ത്തിൽ ഈ സംഭവ​ത്തി​നു ശേഷം യോഹ​ന്നാൻ ഏതാണ്ട്‌ 70 വർഷം​കൂ​ടെ ജീവി​ക്കു​ക​യും വിശ്വ​സ്‌ത​മാ​യി ദൈവത്തെ സേവി​ക്കു​ക​യും ചെയ്‌തു. സാധ്യ​ത​യ​നു​സ​രിച്ച്‌ ഏറ്റവും അവസാനം മരിച്ച അപ്പോ​സ്‌ത​ല​നും ഇദ്ദേഹ​മാണ്‌. ഇനി, “ഞാൻ വരുന്ന​തു​വരെ” എന്ന യേശു​വി​ന്റെ വാക്കുകൾ കേട്ട​പ്പോൾ, ‘മനുഷ്യ​പു​ത്രൻ തന്റെ രാജ്യ​ത്തിൽ വരുന്ന​തി​നെ​ക്കു​റിച്ച്‌’ യേശു പറഞ്ഞതും ശിഷ്യ​ന്മാർ ഓർത്തു​കാ​ണും. (മത്ത 16:28) ഒരർഥ​ത്തിൽ യേശു ‘വരുന്ന​തു​വരെ’ യോഹ​ന്നാൻ ജീവി​ച്ചി​രി​ക്കു​ക​യും ചെയ്‌തു. അത്‌ എങ്ങനെ​യാണ്‌? പത്മൊസ്‌ ദ്വീപി​ലേക്കു നാടു​ക​ട​ത്ത​പ്പെട്ട യോഹ​ന്നാ​ന്റെ ജീവി​താ​വ​സാ​ന​ത്തോ​ട​ടുത്ത്‌ അദ്ദേഹ​ത്തിന്‌ ഒരു വെളി​പാട്‌ ലഭിച്ചു. യേശു ‘കർത്താ​വി​ന്റെ ദിവസ​ത്തിൽ’ രാജാ​ധി​കാ​ര​ത്തോ​ടെ വരു​മ്പോൾ സംഭവി​ക്കാ​നി​രി​ക്കുന്ന ചില കാര്യ​ങ്ങ​ളു​ടെ പ്രതീ​ക​ങ്ങ​ളാണ്‌ അദ്ദേഹം അതിൽ കണ്ടത്‌. അത്യത്ഭു​ത​ക​ര​മായ ദർശന​ങ്ങ​ളാ​യി​രു​ന്നു അവ. ഒടുവിൽ യേശു, “ഞാൻ വേഗം വരുക​യാണ്‌” എന്നു പറഞ്ഞ​പ്പോൾ യോഹ​ന്നാൻ ആവേശ​ത്തോ​ടെ “ആമേൻ! കർത്താ​വായ യേശുവേ, വരേണമേ” എന്നു പറഞ്ഞു. ആ ദർശനങ്ങൾ അദ്ദേഹത്തെ അത്ര​യേറെ സ്വാധീ​നി​ച്ചെ​ന്നാണ്‌ അതു തെളി​യി​ക്കു​ന്നത്‌.​—വെളി 1:1, 9, 10; 22:20.

യേശു ചെയ്‌ത മറ്റ്‌ അനേകം കാര്യ​ങ്ങ​ളു​മുണ്ട്‌: യേശു​വി​ന്റെ ജീവി​ത​ത്തെ​ക്കു​റി​ച്ചും ശുശ്രൂ​ഷ​യെ​ക്കു​റി​ച്ചും ഉള്ള എല്ലാ വിശദാം​ശ​ങ്ങ​ളും രേഖ​പ്പെ​ടു​ത്തി​യാൽ ആ ചുരു​ളു​കൾ (അന്ന്‌ പുസ്‌ത​കങ്ങൾ ഈ രൂപത്തി​ലാ​യി​രു​ന്നു.) ഈ ലോക​ത്തു​തന്നെ ഒതുങ്ങി​ല്ലെന്നു പറഞ്ഞ​പ്പോൾ യോഹ​ന്നാൻ അതിശ​യോ​ക്തി അലങ്കാരം ഉപയോ​ഗി​ക്കു​ക​യാ​യി​രു​ന്നു. യോഹ​ന്നാൻ ഇവിടെ ലോകം എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന കോസ്‌മൊസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​നു മുഴു​മാ​ന​വ​സ​മു​ദാ​യ​ത്തെ​യും (അന്നത്തെ ലോക​ത്തു​ണ്ടാ​യി​രുന്ന എല്ലാ ഗ്രന്ഥശാ​ല​ക​ളും ഉൾപ്പെടെ.) കുറി​ക്കാ​നാ​കു​മാ​യി​രു​ന്നു. അതേ പദം മറ്റു ഗ്രീക്കു​ഗ്ര​ന്ഥ​ങ്ങ​ളിൽ മുഴു​പ്ര​പ​ഞ്ചത്തെ (മനുഷ്യ​മ​ന​സ്സി​നു വിഭാവന ചെയ്യാ​വുന്ന ഏറ്റവും വലിയ മണ്ഡലം.) കുറി​ക്കാ​നും ചില​പ്പോ​ഴൊ​ക്കെ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (പ്രവൃ 17:24-ന്റെ പഠനക്കു​റി​പ്പു താരത​മ്യം ചെയ്യുക.) എന്നാൽ യോഹ​ന്നാൻ ഇവിടെ ഉദ്ദേശി​ച്ചത്‌ ഇതാണ്‌: യേശു​വി​നെ​ക്കു​റിച്ച്‌ ഇനിയും ഒരുപാട്‌ എഴുതാ​നു​ണ്ടെ​ങ്കി​ലും “യേശു ദൈവ​പു​ത്ര​നായ ക്രിസ്‌തു​വാ​ണെന്നു” സംശയ​ലേ​ശ​മെ​ന്യേ തെളി​യി​ക്കാൻ യോഹ​ന്നാ​ന്റെ ‘ചുരു​ളി​ലും’ ദൈവ​പ്ര​ചോ​ദി​ത​മായ മറ്റു തിരു​വെ​ഴു​ത്തു​ഭാ​ഗ​ങ്ങ​ളി​ലും ഉള്ള വിവര​ങ്ങൾതന്നെ ധാരാളം. (യോഹ 20:30, 31) യോഹ​ന്നാ​ന്റെ ഈ ലിഖി​ത​രേഖ താരത​മ്യേന ഹ്രസ്വ​മാ​ണെ​ങ്കി​ലും അതു ദൈവ​പു​ത്രന്റെ മനോ​ഹ​ര​മായ ഒരു ചിത്രം വരച്ചു​കാ​ട്ടു​ന്നു.

ദൃശ്യാവിഷ്കാരം

ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം
ഗലീല​യി​ലെ ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശിഷ്ടം

1985/1986-ൽ ഉണ്ടായ ഒരു വരൾച്ച​യിൽ ഗലീല​ക്ക​ട​ലി​ലെ ജലനി​രപ്പു താഴ്‌ന്ന​പ്പോൾ ചെളി​യിൽ ആണ്ടുകി​ടന്ന ഒരു പഴയ വള്ളത്തിന്റെ ഭാഗം തെളി​ഞ്ഞു​വന്നു. വള്ളത്തിന്റെ കുറെ ഭാഗം നശിച്ചു​പോ​യി​രു​ന്നെ​ങ്കി​ലും പുറ​ത്തെ​ടുത്ത ഭാഗത്തിന്‌ 8.2 മീ. (27 അടി) നീളവും 2.3 മീ. (7.5 അടി) വീതി​യും, ഒരു ഭാഗത്ത്‌ 1.3 മീ. (4.3 അടി) ഉയരവും ഉണ്ടായി​രു​ന്നു. ഇതു നിർമി​ച്ചതു ബി.സി. ഒന്നാം നൂറ്റാ​ണ്ടി​നും എ.ഡി. ഒന്നാം നൂറ്റാ​ണ്ടി​നും ഇടയ്‌ക്കാ​ണെന്നു പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇന്ന്‌ അത്‌ ഇസ്രാ​യേ​ലി​ലെ ഒരു മ്യൂസി​യ​ത്തിൽ പ്രദർശി​പ്പി​ച്ചി​ട്ടുണ്ട്‌. ഏതാണ്ട്‌ 2,000 വർഷം​മുമ്പ്‌ അത്‌ ഉപയോ​ഗ​ത്തി​ലി​രു​ന്ന​പ്പോ​ഴത്തെ രൂപം പുനഃ​സൃ​ഷ്ടി​ച്ചി​രി​ക്കു​ക​യാണ്‌ ഈ വീഡി​യോ​യിൽ.

ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം
ഒന്നാം നൂറ്റാ​ണ്ടി​ലെ മത്സ്യബ​ന്ധ​ന​വള്ളം

ഒന്നാം നൂറ്റാ​ണ്ടോ​ളം പഴക്കമുള്ള ചില പുരാ​വ​സ്‌തു​ക്കളെ അടിസ്ഥാ​ന​മാ​ക്കി​യാണ്‌ ഈ ചിത്രം വരച്ചി​രി​ക്കു​ന്നത്‌. ഗലീല​ക്ക​ട​ലി​ന്റെ തീരത്തിന്‌ അടുത്ത്‌ ചെളി​യിൽനിന്ന്‌ കണ്ടെടുത്ത ഒരു മത്സ്യബ​ന്ധ​ന​വ​ള്ള​ത്തി​ന്റെ അവശി​ഷ്ടങ്ങൾ, മിഗ്‌ദൽ എന്ന കടലോ​ര​പ്പ​ട്ട​ണ​ത്തി​ലെ ഒരു വീട്ടിൽനിന്ന്‌ കണ്ടെടുത്ത അലങ്കാ​ര​പ്പണി എന്നിവ​യാണ്‌ അതിന്‌ ആധാരം. പായ്‌മ​ര​വും പായും പിടി​പ്പി​ച്ചി​രുന്ന ഇത്തരം ഒരു വള്ളത്തിൽ നാലു തുഴക്കാ​രും ഒരു അമരക്കാ​ര​നും ഉൾപ്പെടെ അഞ്ചു ജോലി​ക്കാർ ഉണ്ടായി​രു​ന്നി​രി​ക്കാം. അമരക്കാ​രനു നിൽക്കാൻ അമരത്ത്‌ ഒരു ചെറിയ തട്ടും ഉണ്ടായി​രു​ന്നു. ഏതാണ്ട്‌ 8 മീ. (26.5 അടി) നീളമു​ണ്ടാ​യി​രുന്ന ഇത്തരം വള്ളങ്ങൾക്കു മധ്യഭാ​ഗത്ത്‌ 2.5 മീ (8 അടി) വീതി​യും 1.25 മീ. (4 അടി) ഉയരവും ഉണ്ടായി​രു​ന്നി​രി​ക്കാം. കുറഞ്ഞത്‌ 13 പേരെ​ങ്കി​ലും ഇതിൽ കയറു​മാ​യി​രു​ന്നെന്നു കരുത​പ്പെ​ടു​ന്നു.

ഗലീല​ക്ക​ട​ലി​ലെ മീനുകൾ
ഗലീല​ക്ക​ട​ലി​ലെ മീനുകൾ

ഗലീല​ക്ക​ട​ലി​ലെ മീനു​ക​ളെ​യും മീൻപി​ടു​ത്ത​ക്കാ​രെ​യും മത്സ്യബ​ന്ധ​ന​ത്തെ​യും കുറിച്ച്‌ ബൈബി​ളിൽ ധാരാളം പരാമർശ​ങ്ങ​ളുണ്ട്‌. ഗലീല​ക്ക​ട​ലിൽ ഏതാണ്ട്‌ 18 ഇനം മത്സ്യങ്ങൾ കാണ​പ്പെ​ടു​ന്നു. അതിൽ 10 ഇനത്തെ മാത്രമേ മുക്കുവർ പിടി​ക്കാ​റു​ള്ളൂ. ഈ 10 ഇനം മത്സ്യങ്ങളെ വാണി​ജ്യ​പ്രാ​ധാ​ന്യ​മുള്ള മൂന്നു ഗണമായി തിരി​ക്കാം. ഒന്നാമ​ത്തേതു ബിന്നി എന്നും ബാർബൽ (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, ബാർബസ്‌ ലോഞ്ചി​സെ​പ്‌സ്‌ ) (1) എന്നും അറിയ​പ്പെ​ടു​ന്നു. ഈ ഗണത്തിൽപ്പെട്ട മൂന്ന്‌ ഇനം മത്സ്യങ്ങൾക്കും വായുടെ ഇരുവ​ശ​ത്തു​മാ​യി സ്‌പർശ​ന​ശ​ക്തി​യുള്ള മീശയുണ്ട്‌. ബാർബ​ലി​ന്റെ സെമി​റ്റിക്ക്‌ പേരായ ബിനി എന്നതിന്റെ അർഥവും “രോമം” എന്നാണ്‌. കക്കയും ഒച്ചും ചെറു​മീ​നു​ക​ളും ആണ്‌ അവയുടെ ഭക്ഷണം. നീണ്ട തലയുള്ള ഒരിനം ബാർബ​ലിന്‌ 75 സെ.മീ. (30 ഇഞ്ച്‌) നീളവും 7 കിലോ​ഗ്രാ​മി​ല​ധി​കം തൂക്കവും വരും. രണ്ടാമത്തെ ഗണം മുഷ്‌റ്റ്‌ (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, തിലാ​പ്പിയ ഗലീലിയ) (2) എന്ന്‌ അറിയ​പ്പെ​ടു​ന്നു. അറബി​യിൽ ആ വാക്കിന്റെ അർഥം “ചീപ്പ്‌” എന്നാണ്‌. ഈ ഗണത്തിൽപ്പെട്ട അഞ്ച്‌ ഇനം മീനു​ക​ളു​ടെ മുതു​കി​ലെ ചിറകി​നു ചീപ്പി​നോ​ടു സാമ്യ​മു​ള്ള​തു​കൊ​ണ്ടാണ്‌ ആ പേര്‌ വന്നിരി​ക്കു​ന്നത്‌. മുഷ്‌റ്റ്‌ വർഗത്തിൽപ്പെട്ട ഒരിനം മീനിന്‌ 45 സെ.മീ. (18 ഇഞ്ച്‌) നീളവും ഏതാണ്ട്‌ 2 കി.ഗ്രാം തൂക്കവും വരും. കിന്നേ​രെത്ത്‌ മത്തി (ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌, അക്കൻത​ബ്രാമ ടെറി സാങ്‌റ്റീ) (3) എന്ന്‌ അറിയ​പ്പെ​ടുന്ന മൂന്നാ​മത്തെ കൂട്ടം ചെറിയ ഒരിനം മത്തിയാണ്‌. പുരാ​ത​ന​കാ​ലം മുതലേ ഈ മീൻ അച്ചാറിട്ട്‌ സൂക്ഷി​ക്കാ​റുണ്ട്‌.