തീത്തോ​സിന്‌ എഴുതിയ കത്ത്‌ 1:1-16

1  ദൈവം തിര​ഞ്ഞെ​ടു​ത്ത​വ​രു​ടെ വിശ്വാ​സ​വും ദൈവ​ഭ​ക്തിപ്ര​കാ​ര​മുള്ള സത്യത്തി​ന്റെ ശരിയായ* അറിവും ഉള്ളവനും ദൈവ​ത്തി​ന്റെ അടിമ​യും യേശുക്രി​സ്‌തു​വി​ന്റെ അപ്പോ​സ്‌ത​ല​നും ആയ പൗലോ​സ്‌ എന്ന ഞാൻ,  നുണ പറയാൻ കഴിയാത്ത ദൈവം+ ദീർഘ​കാ​ലം മുമ്പ്‌ വാഗ്‌ദാ​നം ചെയ്‌ത നിത്യ​ജീ​വന്റെ പ്രത്യാശയുടെ+ അടിസ്ഥാ​ന​ത്തിൽ  (തന്റേതായ സമയം വന്നപ്പോൾ നമ്മുടെ രക്ഷകനായ ദൈവം തന്റെ കല്‌പ​ന​യാൽ എന്നെ ഭരമേൽപ്പിച്ച പ്രസംഗപ്രവർത്തനത്തിലൂടെ+ തന്റെ വചനം അറിയി​ച്ചു.)  തീത്തോസേ, നമ്മൾ പങ്കിടുന്ന വിശ്വാ​സപ്ര​കാ​രം ഒരു യഥാർഥ​മ​ക​നായ നിനക്ക്‌ എഴുതു​ന്നത്‌: പിതാ​വാ​യ ദൈവ​ത്തിൽനി​ന്നും നമ്മുടെ രക്ഷകനായ ക്രിസ്‌തുയേ​ശു​വിൽനി​ന്നും നിനക്ക്‌ അനർഹ​ദ​യ​യും സമാധാ​ന​വും!  ഞാൻ നിന്നെ ക്രേത്ത​യിൽ വിട്ടി​ട്ടുപോ​ന്നത്‌ നേരെ​യാ​ക്കേണ്ട കാര്യങ്ങൾ നേരെയാക്കാനും* ഞാൻ തന്ന നിർദേ​ശ​ങ്ങ​ള​നു​സ​രിച്ച്‌ നഗരംതോ​റും മൂപ്പന്മാരെ* നിയമി​ക്കാ​നും ആയിരു​ന്ന​ല്ലോ. ഇവയാ​യി​രു​ന്നു ആ നിർദേ​ശങ്ങൾ:  മൂപ്പൻ ആരോ​പ​ണ​ര​ഹി​ത​നും ഒരു ഭാര്യ മാത്ര​മു​ള്ള​വ​നും താന്തോന്നികളെന്നോ* ധിക്കാ​രി​കളെ​ന്നോ ദുഷ്‌പേ​രി​ല്ലാത്ത, വിശ്വാ​സി​ക​ളായ മക്കളു​ള്ള​വ​നും ആയിരി​ക്കണം.+  മേൽവിചാരകൻ ദൈവ​ത്തി​ന്റെ കാര്യ​സ്ഥ​നാ​യ​തുകൊണ്ട്‌ ആരോ​പ​ണ​ര​ഹി​ത​നാ​യി​രി​ക്കണം. തന്നിഷ്ടക്കാരനോ+ മുൻകോപിയോ+ കുടി​യ​നോ അക്രമാസക്തനോ* വളഞ്ഞ വഴിയി​ലൂ​ടെ നേട്ടമു​ണ്ടാ​ക്കാൻ നോക്കു​ന്ന​വ​നോ ആയിരി​ക്ക​രുത്‌.  പകരം അതിഥിപ്രിയനും+ നന്മയെ സ്‌നേ​ഹി​ക്കു​ന്ന​വ​നും സുബോധമുള്ളവനും*+ നീതി​നി​ഷ്‌ഠ​നും വിശ്വ​സ്‌ത​നും ആത്മനിയന്ത്രണമുള്ളവനും+ ആയിരി​ക്കണം.  മേൽവിചാരകൻ വിശ്വസ്‌തവചനത്തെ* മുറുകെ പിടിച്ച്‌ വിദഗ്‌ധ​മാ​യി പഠിപ്പിക്കുന്നവനും+ അങ്ങനെ, പ്രയോജനകരമായ* പഠിപ്പിക്കലിലൂടെ+ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും എതിർക്കു​ന്ന​വരെ ശാസിക്കാനും+ കഴിവു​ള്ള​വ​നും ആയിരി​ക്കണം. 10  ധിക്കാരികളും കഴമ്പി​ല്ലാത്ത കാര്യങ്ങൾ പറയു​ന്ന​വ​രും വഞ്ചകരും അവിടെ ധാരാ​ള​മു​ണ്ട​ല്ലോ, പ്രത്യേ​കിച്ച്‌ പരി​ച്ഛേ​ദ​നാ​വാ​ദി​കൾ.*+ 11  അവരുടെ വായട​പ്പി​ക്കണം. കാരണം, വളഞ്ഞ വഴിയി​ലൂ​ടെ നേട്ടം ഉണ്ടാക്കാൻവേണ്ടി അവർ അരുതാ​ത്തതു പഠിപ്പി​ച്ചുകൊണ്ട്‌ കുടും​ബ​ങ്ങളെ അപ്പാടേ വഴി​തെ​റ്റി​ക്കു​ന്നു. 12  “ക്രേത്തർ എന്നു പറഞ്ഞാൽത്തന്നെ നുണയ​ന്മാ​രും ദുഷ്ടജ​ന്തു​ക്ക​ളും മടിയ​ന്മാ​രായ തീറ്റിഭ്രാ​ന്ത​രും ആണ്‌” എന്ന്‌ അവരുടെ കൂട്ടത്തിൽ ഒരാൾ, അവരുടെ ഒരു പ്രവാ​ച​കൻതന്നെ, പറഞ്ഞി​ട്ടു​ണ്ട​ല്ലോ. 13  ഈ പറഞ്ഞതു സത്യമാ​ണ്‌. അതു​കൊണ്ട്‌ നീ അവരെ കർശന​മാ​യി ശാസി​ക്കു​ന്നതു നിറു​ത്ത​രുത്‌. അങ്ങനെ​യാ​കുമ്പോൾ അവർ വിശ്വാ​സ​ത്തിൽ ഉറച്ചു​നിൽക്കും.* 14  ജൂതന്മാരുടെ കെട്ടു​ക​ഥ​കൾക്കും സത്യം വിട്ടക​ലു​ന്ന​വ​രു​ടെ കല്‌പ​ന​കൾക്കും അവർ ചെവി കൊടു​ക്കില്ല. 15  ശുദ്ധിയുള്ളവർക്ക്‌ എല്ലാം ശുദ്ധമാ​ണ്‌.+ പക്ഷേ ശുദ്ധി​യി​ല്ലാ​ത്തവർക്കും വിശ്വാ​സ​മി​ല്ലാ​ത്ത​വർക്കും ഒന്നും ശുദ്ധമല്ല. കാരണം അവരുടെ മനസ്സും മനസ്സാ​ക്ഷി​യും അശുദ്ധ​മാണ്‌.+ 16  ദൈവത്തെ അറിയു​ന്ന​വ​രാണെന്ന്‌ അവർ അവകാ​ശ​വാ​ദം മുഴക്കുന്നെ​ങ്കി​ലും സ്വന്തം പ്രവൃ​ത്തി​ക​ളി​ലൂ​ടെ ദൈവത്തെ തള്ളിപ്പ​റ​യു​ന്നു.+ കാരണം അവർ വൃത്തികെ​ട്ട​വ​രും അനുസ​ര​ണംകെ​ട്ട​വ​രും ഒരു നല്ല കാര്യ​ത്തി​നും കൊള്ളാ​ത്ത​വ​രും ആണ്‌.

അടിക്കുറിപ്പുകള്‍

അഥവാ “സൂക്ഷ്‌മ​മായ.”
അഥവാ “പോരാ​യ്‌മകൾ പരിഹ​രി​ക്കാ​നും.”
പദാവലി കാണുക.
അഥവാ “വരുതി​യിൽ നിൽക്കാ​ത്ത​വ​രെ​ന്നോ.”
അഥവാ “തല്ലുകാ​ര​നോ.”
അഥവാ “നല്ല വകതി​രി​വോ​ടെ തീരു​മാ​ന​മെ​ടു​ക്കു​ന്ന​വ​നും.”
അഥവാ “വിശ്വ​സ​നീ​യ​മായ സന്ദേശത്തെ.”
അഥവാ “ആരോ​ഗ്യ​ക​ര​മായ.”
പദാവലിയിൽ “പരി​ച്ഛേദന” കാണുക.
അക്ഷ. “ആരോ​ഗ്യ​മു​ള്ള​വ​രാ​യി​രി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം