മർക്കൊസ് എഴുതിയത് 9:1-50
അടിക്കുറിപ്പുകള്‍
പഠനക്കുറിപ്പുകൾ
ഉയരമുള്ള ഒരു മല: സാധ്യതയനുസരിച്ച് ഹെർമോൻ പർവതം. കൈസര്യഫിലിപ്പിക്ക് അടുത്താണ് ഇത്. (മർ 8:27; മത്ത 16:13-ന്റെ പഠനക്കുറിപ്പു കാണുക.) സമുദ്രനിരപ്പിൽനിന്ന് 2,814 മീ. (9,232 അടി) ആണ് അതിന്റെ ഉയരം. ഹെർമോൻ പർവതത്തിലെ നിരപ്പായ ഏതെങ്കിലും ഒരു സ്ഥലത്തുവെച്ചായിരിക്കാം യേശു രൂപാന്തരപ്പെട്ടത്.—അനു. ബി10 കാണുക.
റബ്ബി: അക്ഷരാർഥം “എന്റെ ശ്രേഷ്‌ഠൻ.” “ശ്രേഷ്‌ഠമായ” എന്ന് അർഥമുള്ള റവ് എന്ന എബ്രായപദത്തിൽനിന്ന് വന്നത്. സാധാരണയായി “ഗുരു” എന്ന അർഥത്തിലാണു “റബ്ബി” എന്ന പദം ഉപയോഗിച്ചിരുന്നത്—യോഹ 1:38.
ഒരു ശബ്ദം: സുവിശേഷവിവരണങ്ങളിൽ, യഹോവ മനുഷ്യരോടു നേരിട്ട് സംസാരിച്ചതിനെക്കുറിച്ച് പറയുന്ന മൂന്നു സന്ദർഭങ്ങളുണ്ട്. അതിൽ രണ്ടാമത്തേതാണ് ഇത്.—മർ 1:11; യോഹ 12:28 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.
ഊമനായ ഒരു അശുദ്ധാത്മാവ്: അതായത്, ഒരാളുടെ സംസാരപ്രാപ്‌തി ഇല്ലാതാക്കുന്ന ദുഷ്ടാത്മാവ്.
ഞെളിപിരികൊള്ളിച്ചു: ഭൂതം ബാധിച്ച ഈ വ്യക്തി അപസ്‌മാരത്തിന്റെ ലക്ഷണങ്ങളാണു കാണിച്ചത് എന്നതു ശരിയാണ്. എന്നാൽ ഒരാൾ ബധിരനോ ഊമനോ ആകുന്നത് എല്ലായ്‌പോഴും ഭൂതബാധകൊണ്ടാണെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കാത്തതുപോലെതന്നെ അപസ്‌മാരവും എപ്പോഴും ഭൂതബാധകൊണ്ടാണ് ഉണ്ടാകുന്നതെന്നു തിരുവെഴുത്തുകൾ സൂചിപ്പിക്കുന്നില്ല. (മർ 9:17, 25 താരതമ്യം ചെയ്യുക.) മത്ത 4:24-ൽ പറയുന്നതനുസരിച്ച് ആളുകൾ യേശുവിന്റെ അടുത്തേക്കു കൊണ്ടുവന്ന രോഗികളുടെ കൂട്ടത്തിൽ “ഭൂതബാധിതർ, അപസ്‌മാരരോഗികൾ” എന്നീ രണ്ടു കൂട്ടരും ഉണ്ടായിരുന്നു. അപസ്‌മാരത്തെയും ഭൂതബാധയെയും ഇവിടെ രണ്ടായിട്ടാണ് പറഞ്ഞിരിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്.—മത്ത 4:24-ന്റെ പഠനക്കുറിപ്പു കാണുക.
ഊമനും ബധിരനും ആയ ആത്മാവ്: അതായത്, ഒരാളുടെ സംസാരപ്രാപ്‌തിയും കേൾവിശക്തിയും ഇല്ലാതാക്കുന്ന ദുഷ്ടാത്മാവ്.
പ്രാർഥനകൊണ്ട്: ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ “പ്രാർഥനകൊണ്ടും ഉപവാസംകൊണ്ടും” എന്നാണു കാണുന്നത്. എന്നാൽ ഏറ്റവും കാലപ്പഴക്കമുള്ളതും ഏറെ വിശ്വാസയോഗ്യവും ആയ കൈയെഴുത്തുപ്രതികളിൽ “ഉപവാസംകൊണ്ടും” എന്ന പദപ്രയോഗം കാണുന്നില്ല. സാധ്യതയനുസരിച്ച് ഉപവാസത്തെ പ്രോത്സാഹിപ്പിക്കുകയും അത് ആചരിക്കുകയും ചെയ്‌തിരുന്ന പകർപ്പെഴുത്തുകാർ കൂട്ടിച്ചേർത്തതാണ് ഇത്. മുൻകാലപ്രതികളിൽ ഉപവാസത്തെക്കുറിച്ച് പറഞ്ഞിട്ടില്ലാത്ത പലയിടങ്ങളിലും അവർ ഇതെക്കുറിച്ചുള്ള പരാമർശം കൂട്ടിച്ചേർത്തിട്ടുണ്ട്.—മത്ത 17:21-ന്റെ പഠനക്കുറിപ്പു കാണുക.
കഴുത തിരിക്കുന്നതുപോലുള്ള ഒരു തിരികല്ല്: മത്ത 18:6-ന്റെ പഠനക്കുറിപ്പു കാണുക.
അതു വെട്ടിക്കളയുക: യേശു ഇവിടെ അതിശയോക്തി അലങ്കാരം ഉപയോഗിക്കുകയായിരുന്നു. സ്വന്തം കൈ, കാൽ, കണ്ണ് എന്നിവയുടെയത്ര വിലയുള്ളതായി ഒരാൾ കാണുന്ന എന്തെങ്കിലും അയാളെ പാപം ചെയ്യിക്കുമെന്നുവന്നാൽ അയാൾ അത് ഉപേക്ഷിക്കാൻ തയ്യാറായിരിക്കണം എന്നു പറയുകയായിരുന്നു യേശു. ഇവിടെ യേശു, സ്വയം അംഗഭംഗം വരുത്താൻ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ, ഒരു വ്യക്തി ഏതെങ്കിലും വിധത്തിൽ തന്റെ കൈകാലുകളുടെയോ കണ്ണുകളുടെയോ അടിമയാണെന്നു പറയുകയോ ആയിരുന്നില്ല. (മർ 9:45, 47) പകരം ഒരാൾ തന്റെ ശരീരാവയവംകൊണ്ട് പാപം ചെയ്യുമെന്നുവന്നാൽ അതിനെ കൊന്നുകളയണം അഥവാ അതിനെ ശരീരത്തിൽനിന്ന് മുറിച്ചുമാറ്റിയതായി കണക്കാക്കണം എന്നു പറയുകയായിരുന്നു. (കൊലോ 3:5 താരതമ്യം ചെയ്യുക.) ജീവൻ നേടുന്നതിൽനിന്ന് തന്നെ തടയാൻ ഒരാൾ ഒന്നിനെയും അനുവദിക്കരുത്.
ഗീഹെന്ന: മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
ചില കൈയെഴുത്തുപ്രതികളിൽ ഇവിടെ ഇങ്ങനെ വായിക്കുന്നു: “ഗീഹെന്നയിൽ പുഴുക്കൾ ചാകുന്നില്ല; അവിടത്തെ തീ കെടുത്തുന്നതുമില്ല.” എന്നാൽ പുരാതനമായ ചില സുപ്രധാന കൈയെഴുത്തുപ്രതികളിൽ ഈ വാക്കുകൾ കാണുന്നില്ല. പക്ഷേ സമാനമായ വാക്കുകൾ 48-ാം വാക്യത്തിൽ കാണാം. അതിന്റെ ആധികാരികതയെക്കുറിച്ചാകട്ടെ ആർക്കും സംശയമില്ലതാനും. തെളിവനുസരിച്ച് ഒരു പകർപ്പെഴുത്തുകാരൻ അല്ലെങ്കിൽ ചില പകർപ്പെഴുത്തുകാർ 48-ാം വാക്യത്തിൽ കാണുന്ന ഈ വാക്കുകൾ 44, 46 വാക്യങ്ങളിലേക്കു പകർത്തിയതാകാം.—അനു. എ3 കാണുക.
ഗീഹെന്ന: മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
മർ 9:44-ന്റെ പഠനക്കുറിപ്പു കാണുക.
ഗീഹെന്ന: മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
ഗീഹെന്നയിൽ: മത്ത 5:22-ന്റെ പഠനക്കുറിപ്പിൽ കാണുന്നതുപോലെ യേശുവിന്റെ കാലമായപ്പോഴേക്കും ഹിന്നോം താഴ്‌വര (ഇതിൽനിന്നാണു “ഗീഹെന്ന” എന്ന പദപ്രയോഗം വന്നിരിക്കുന്നത്.) ചപ്പുചവറുകൾ കത്തിക്കാനുള്ള ഒരു സ്ഥലമായി മാറിയിരുന്നു. പുഴുക്കൾ ചാകുന്നില്ല, അവിടത്തെ തീ കെടുത്തുന്നതുമില്ല എന്നു പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു യശ 66:24-ലെ പ്രാവചനികവാക്കുകളായിരിക്കാം. ആ പ്രവചനം പറയുന്നത് ആളുകളെ ജീവനോടെ ദണ്ഡിപ്പിക്കുന്നതിനെക്കുറിച്ചല്ല, മറിച്ച് യഹോവയോട് എതിർത്തുനിൽക്കുന്നവരുടെ ‘ശവങ്ങൾക്ക് ’ എന്തു സംഭവിക്കുമെന്നാണ്. തീ എത്താത്തിടത്ത് പുഴുക്കളും കൃമികളും മറ്റും പെരുകുകയും തീ നശിപ്പിക്കാത്തതെല്ലാം തിന്നുതീർക്കുകയും ചെയ്‌തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യേശുവിന്റെ വാക്കുകളുടെ അർഥം ഇതാണ്: ദൈവത്തിന്റെ പ്രതികൂലന്യായവിധി നേരിടേണ്ടിവരുന്നവർക്കു ദണ്ഡനമല്ല, സമ്പൂർണനാശമാണ് അനുഭവിക്കേണ്ടിവരുക.
ഉപ്പു വിതറുന്നതുപോലെ . . . തീ വിതറും: ഈ അലങ്കാരപ്രയോഗം രണ്ടു വിധത്തിൽ മനസ്സിലാക്കാം. (1) ഈ പദപ്രയോഗം ബന്ധപ്പെട്ടിരിക്കുന്നതു യേശു തൊട്ടുമുമ്പ് പറഞ്ഞ പ്രസ്‌താവനകളുമായിട്ടാണെങ്കിൽ (മർ 9:43-48-ലെ വാക്കുകൾ.) അത് അർഥമാക്കിയതു ഗീഹെന്നയിലെ തീയാലുള്ള നാശത്തെയാണ്. “തീ വിതറും” എന്നു പറഞ്ഞപ്പോൾ ഒരുപക്ഷേ യേശുവിന്റെ മനസ്സിലുണ്ടായിരുന്നതു ചാവുകടലിന്റെ (ഉപ്പുകടലിന്റെ) സമീപത്തുള്ള സൊദോമിന്റെയും ഗൊമോറയുടെയും മേൽ ദൈവം ‘തീയും ഗന്ധകവും വർഷിച്ചപ്പോൾ’ ആ നഗരങ്ങൾക്കു സംഭവിച്ച കാര്യമായിരിക്കാം. (ഉൽ 19:24) ഇതിന്റെ പശ്ചാത്തലത്തിൽ, “ഇത്തരം ആളുകളുടെ മേൽ തീ വിതറും” എന്ന യേശുവിന്റെ വാക്കുകളുടെ അർഥം ഇതാണ്: ഒരാളുടെ കൈയോ കാലോ കണ്ണോ അയാളെത്തന്നെയോ മറ്റുള്ളവരെയോ പാപത്തിലേക്കു വീഴിക്കുന്നെങ്കിൽ അങ്ങനെയുള്ളവരുടെ മേൽ ഗീഹെന്നയുടെ അഥവാ നിത്യനാശത്തിന്റെ തീ ഉപ്പുപോലെ വിതറും. (2) ഇനി “തീ വിതറും” എന്ന പദപ്രയോഗം ബന്ധപ്പെട്ടിരിക്കുന്നതു യേശു തുടർന്ന് പറഞ്ഞ വാക്കുകളുമായിട്ടാണെങ്കിൽ (മർ 9:50-ലെ വാക്കുകൾ.) യേശു സംസാരിച്ചതു തന്റെ അനുഗാമികളുടെ മേൽ വരാൻപോകുന്ന, അവർക്കു പ്രയോജനം ചെയ്യുന്ന ഒരു തീയെക്കുറിച്ചാണ്. ആ തീ അവരുടെ ഇടയിൽ സമാധാനം ഉന്നമിപ്പിക്കുമായിരുന്നു. ഇതാണു യേശു ഉദ്ദേശിച്ചതെങ്കിൽ തന്റെ എല്ലാ ശിഷ്യന്മാരും യഹോവയുടെ വചനമെന്ന അഗ്നിയാലോ ഉപദ്രവത്തിന്റെയും പരിശോധനയുടെയും അഗ്നിയാലോ ശുദ്ധീകരിക്കപ്പെടുമെന്നു പറയുകയായിരുന്നു യേശു. ദൈവവചനം എന്ന അഗ്നി എല്ലാ വ്യാജോപദേശങ്ങളും തെറ്റുകളും ദഹിപ്പിച്ചുകളയുമ്പോൾ, ഉപദ്രവത്തിന്റെയും പരിശോധനയുടെയും അഗ്നി യഹോവയോടുള്ള ഒരാളുടെ വിശ്വസ്‌തതയുടെയും ഭക്തിയുടെയും മേന്മ തെളിയിക്കുകയും അതിന്റെ മാറ്റു കൂട്ടുകയും ചെയ്യുമായിരുന്നു. (യിര 20:8, 9; 23:29; 1പത്ര 1:6, 7; 4:12, 13) ഇനി ഒരുപക്ഷേ, ഇവിടെ ചർച്ച ചെയ്‌ത രണ്ട് ആശയങ്ങളും യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നിരിക്കാനും സാധ്യതയുണ്ട്.
ഉപ്പ്: ഭക്ഷണം കേടാകാതെ സൂക്ഷിക്കാനും അതിന്റെ രുചി വർധിപ്പിക്കാനും ഉപയോഗിക്കുന്ന ധാതുപദാർഥം.—മത്ത 5:13-ന്റെ പഠനക്കുറിപ്പു കാണുക.
ഉപ്പുരസം നഷ്ടമായാൽ: യേശുവിന്റെ കാലത്ത് ചാവുകടൽ പ്രദേശത്തുനിന്നായിരുന്നു മിക്കപ്പോഴും ഉപ്പു ലഭിച്ചിരുന്നത്. എന്നാൽ അതിൽ ആവശ്യമില്ലാത്ത പല ധാതുക്കളും കലർന്നിരുന്നു. അതിൽനിന്ന് ഉപ്പുരസമുള്ള ഭാഗം നീക്കം ചെയ്‌താൽ അവശേഷിക്കുന്നത് ഒരു രുചിയുമില്ലാത്ത, ഉപയോഗശൂന്യമായ ഒരു വസ്‌തുവായിരുന്നു.
നിങ്ങൾ ഉപ്പുള്ളവർ . . . ആയിരിക്കുക: സാധ്യതയനുസരിച്ച് യേശു ഇവിടെ ഉപയോഗിച്ച “ഉപ്പ് ” എന്ന പദം കുറിക്കുന്നത്, ഉചിതവും പരിഗണനയോടെയുള്ളതും ബലപ്പെടുത്തുന്നതും ആയ കാര്യങ്ങൾ പറയാനും ചെയ്യാനും ഒരു ക്രിസ്‌ത്യാനിയെ പ്രേരിപ്പിക്കുന്ന ഗുണത്തെയാണ്. അത്തരം കാര്യങ്ങൾക്കു മറ്റുള്ളവരുടെ ജീവനെ പരിരക്ഷിക്കാനുള്ള കഴിവുണ്ട്. കൊലോ 4:6-ൽ പൗലോസ് അപ്പോസ്‌തലനും ‘ഉപ്പ് ’ എന്ന പദം സമാനമായ അർഥത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ഇവിടെ കാണുന്ന വാക്കുകൾ പറഞ്ഞപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത്, തങ്ങളുടെ ഇടയിൽ വലിയവൻ ആരാണ് എന്നതിനെക്കുറിച്ച് അപ്പോസ്‌തലന്മാരുടെ ഇടയിൽ ഉണ്ടായ തർക്കമായിരിക്കാം. ആലങ്കാരികമായ ഉപ്പു ചേർത്ത വാക്കുകൾ അംഗീകരിക്കാൻ മറ്റുള്ളവർക്കു കൂടുതൽ എളുപ്പമായിരിക്കും എന്നതുകൊണ്ടുതന്നെ അതു സമാധാനം നിലനിറുത്താൻ സഹായിക്കും.
ദൃശ്യാവിഷ്കാരം

ഇസ്രായേലിന്റെ ചുറ്റുവട്ടത്തുള്ളതിലേക്കും ഏറ്റവും ഉയരമുള്ള പർവതമാണു ഹെർമോൻ. കൈസര്യഫിലിപ്പിക്കു സമീപത്തായി സ്ഥിതിചെയ്യുന്ന ആ പർവതത്തിന്റെ ഉയരം 2,814 മീ. (9,232 അടി) ആണ്. അതിന്റെ ഗിരിശൃംഗങ്ങളിലുള്ള മഞ്ഞ് നീരാവിയെ ഘനീഭവിപ്പിക്കുന്നതുകൊണ്ട് ദേശത്ത് മഞ്ഞുതുള്ളികൾ പെയ്തിറങ്ങുകയും അതു ദൈർഘ്യമേറിയ വേനൽക്കാലത്തുടനീളം സസ്യജാലങ്ങളെ നനയ്ക്കുകയും ചെയ്യുന്നു. (സങ്ക 133:3) അതിലെ മഞ്ഞ് ഉരുകി വരുന്ന വെള്ളമാണു യോർദാൻ നദിയുടെ പ്രധാന ജലസ്രോതസ്സ്. യേശു രൂപാന്തരപ്പെട്ടത് ഇവിടെവെച്ചായിരിക്കാം എന്നും അഭിപ്രായമുണ്ട്.—മത്ത 17:2.

വാഗ്ദത്തദേശത്തിന്റെ വടക്കേ അറ്റത്തുള്ള ഹെർമോൻ പർവതത്തിൽ പല കൊടുമുടികളുണ്ട്. അതിൽ ഏറ്റവും ഉയർന്ന കൊടുമുടി സമുദ്രനിരപ്പിൽനിന്ന് 2,814 മീ. (9,232 അടി) ഉയരത്തിലാണ്. ആന്റി-ലബാനോൻ മലനിരയുടെ തെക്കേ അറ്റത്താണ് ഈ പർവതം സ്ഥിതിചെയ്യുന്നത്. യേശു രൂപാന്തരപ്പെട്ടതു ഹെർമോൻ പർവതത്തിൽവെച്ചായിരിക്കാം.

ഇവിടെ കാണിച്ചിരിക്കുന്ന തരം വലിയ തിരികല്ലു കഴുതയെപ്പോലുള്ള വളർത്തുമൃഗങ്ങളാണു തിരിച്ചിരുന്നത്. ധാന്യം പൊടിക്കാനും ഒലിവ് ആട്ടാനും അവ ഉപയോഗിച്ചിരുന്നു. ഇതിൽ മുകളിലത്തെ കല്ലിന് 1.5 മീറ്ററോളം (5 അടി) വ്യാസം വരും. അതിലും വ്യാസം കൂടിയ മറ്റൊരു കല്ലിൽവെച്ചാണ് അതു തിരിക്കുക.

ഗ്രീക്കുതിരുവെഴുത്തുകളിൽ ഗീഹെന്ന എന്നു വിളിച്ചിരിക്കുന്ന ഹിന്നോം താഴ്‌വര (1). ദേവാലയം സ്ഥിതിചെയ്തിരുന്ന സ്ഥലം (2). ഒന്നാം നൂറ്റാണ്ടിലെ ജൂതദേവാലയം ഇവിടെയായിരുന്നു. ഇന്ന് അവിടെ കാണുന്ന ഏറ്റവും ശ്രദ്ധേയമായ നിർമിതി ഡോം ഓഫ് ദ റോക്ക് എന്ന് അറിയപ്പെടുന്ന ഒരു മുസ്ലീം ആരാധനാലയമാണ്.—അനുബന്ധം ബി-12-ലെ ഭൂപടം കാണുക.

ഇന്ന്, ചാവുകടലിലെ (ഉപ്പുകടൽ) ഉപ്പിന്റെ അളവ് മഹാസമുദ്രങ്ങളെ അപേക്ഷിച്ച് ഏതാണ്ട് ഒൻപത് ഇരട്ടിയാണ്. (ഉൽ 14:3) ചാവുകടലിലെ ജലം ബാഷ്പീകരിച്ചുണ്ടാകുന്ന ഉപ്പ് ഇസ്രായേല്യർ ഉപയോഗിച്ചിരുന്നു. ചാവുകടലിൽനിന്ന് ധാരാളം ഉപ്പ് ലഭിച്ചിരുന്നെങ്കിലും അതിൽ ആവശ്യമില്ലാത്ത പല ധാതുപദാർഥങ്ങളും കലർന്നിരുന്നതുകൊണ്ട് അതു ഗുണനിലവാരം കുറഞ്ഞതായിരുന്നു. ഇസ്രായേല്യർക്കു ഫൊയ്നിക്യക്കാരിൽനിന്നും ഉപ്പ് ലഭിച്ചിരുന്നിരിക്കാം. മെഡിറ്ററേനിയൻ സമുദ്രജലം വറ്റിച്ചാണു ഫൊയ്നിക്യക്കാർ ഉപ്പ് ഉണ്ടാക്കിയിരുന്നത് എന്നു പറയപ്പെടുന്നു. ആഹാരത്തിനു രുചി വർധിപ്പിക്കാൻ ഉപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ബൈബിളിൽ പറയുന്നുണ്ട്. (ഇയ്യ 6:6) ആളുകളുടെ ദൈനംദിനജീവിതവുമായി ബന്ധപ്പെട്ട ദൃഷ്ടാന്തങ്ങൾ പറയുന്നതിൽ വിദഗ്ധനായിരുന്ന യേശു, പ്രാധാന്യമേറിയ ആത്മീയസത്യങ്ങൾ പഠിപ്പിക്കാൻ ഉപ്പിനെ ഒരു ദൃഷ്ടാന്തമായി ഉപയോഗിച്ചതിൽ അതിശയിക്കാനില്ല. ഉദാഹരണത്തിന്, ഗിരിപ്രഭാഷണത്തിനിടെ യേശു ശിഷ്യന്മാരോടു “നിങ്ങൾ ഭൂമിയുടെ ഉപ്പാണ്” എന്നു പറഞ്ഞു. ആത്മീയമായും ധാർമികമായും ജീർണിച്ചുപോകുന്നതിൽനിന്ന് ആളുകളെ സംരക്ഷിക്കാൻ ശിഷ്യന്മാർക്കു കഴിയുമായിരുന്നതുകൊണ്ടാണ് യേശു അങ്ങനെ പറഞ്ഞത്.