മത്തായി എഴുതിയത് 10:1-42
അടിക്കുറിപ്പുകള്
പഠനക്കുറിപ്പുകൾ
അപ്പോസ്തലന്മാർ: അഥവാ “അയയ്ക്കപ്പെട്ടവർ.” അപ്പോസ്തൊലൊസ് എന്ന പദത്തിന്റെ ഉത്ഭവം, “പറഞ്ഞയയ്ക്കുക” എന്ന് അർഥംവരുന്ന അപ്പോസ്തെലൊ എന്ന ഗ്രീക്കുക്രിയയിൽനിന്നാണ്. (മത്ത 10:5; ലൂക്ക 11:49; 14:32) ഈ പദത്തിന്റെ അടിസ്ഥാനാർഥം യോഹ 13:16-ലെ യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു. അവിടെ അത് “അയയ്ക്കപ്പെട്ടവൻ” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.
പത്രോസ് എന്നും പേരുള്ള ശിമോൻ: തിരുവെഴുത്തുകളിൽ പത്രോസിന്റെ അഞ്ച് പേരുകൾ കാണാം: (1) “ശിമ്യോൻ.” ശിമെയോൻ എന്ന എബ്രായപേരിനോടു വളരെ സാമ്യമുള്ള ഗ്രീക്കുരൂപം; (2) “ശിമോൻ” എന്ന ഗ്രീക്കുപേര്. (ശിമ്യോൻ, ശിമോൻ എന്നീ പേരുകളുടെ ഉത്ഭവം “കേൾക്കുക; ശ്രദ്ധിക്കുക” എന്നൊക്കെ അർഥമുള്ള ഒരു എബ്രായക്രിയയിൽനിന്നാണ്.); (3) “പത്രോസ്.” (“പാറക്കഷണം” എന്ന് അർഥം വരുന്ന ഗ്രീക്കുപേര്. തിരുവെഴുത്തുകളിൽ മറ്റാർക്കും ഈ പേരില്ല.); (4) “കേഫ.” പത്രോസ് എന്നതിനു തത്തുല്യമായ അരമായപേര്. [ഇയ്യ 30:6; യിര 4:29 എന്നീ വാക്യങ്ങളിൽ ഉപയോഗിച്ചിരിക്കുന്ന കെഫിം (പാറകൾ) എന്ന എബ്രായപദത്തോട് ഈ പേരിനു ബന്ധമുണ്ടാകാം.]; (5) ശിമോൻ, പത്രോസ് എന്നീ പേരുകൾ ചേർന്ന “ശിമോൻ പത്രോസ്.”—പ്രവൃ 15:14; യോഹ 1:42; മത്ത 16:16.
ബർത്തൊലൊമായി: അർഥം: “തൊൽമായിയുടെ മകൻ.” യോഹന്നാൻ പറഞ്ഞ നഥനയേൽതന്നെയാണ് ഇതെന്നു കരുതപ്പെടുന്നു. (യോഹ 1:45, 46) മത്തായിയും ലൂക്കോസും ബർത്തൊലൊമായിയെ ഫിലിപ്പോസുമായി ബന്ധപ്പെടുത്തിയിരിക്കുന്ന അതേ വിധത്തിലാണു യോഹന്നാൻ നഥനയേലിനെ ഫിലിപ്പോസുമായി ബന്ധപ്പെടുത്തിയിരിക്കുന്നതെന്നു സുവിശേഷവിവരണങ്ങൾ താരതമ്യം ചെയ്യുമ്പോൾ മനസ്സിലാകും.—മത്ത 10:3; ലൂക്ക 6:14.
നികുതിപിരിവുകാരൻ: ഈ സുവിശേഷം എഴുതിയ മത്തായി മുമ്പ് ഒരു നികുതിപിരിവുകാരനായിരുന്നതുകൊണ്ട് സംഖ്യകളെക്കുറിച്ചും തുകകളെക്കുറിച്ചും ധാരാളം പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. (മത്ത 17:27; 26:15; 27:3) മത്തായി പലപ്പോഴും സംഖ്യകൾ കൃത്യമായി എടുത്തുപറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന്, അദ്ദേഹം യേശുവിന്റെ വംശാവലി 14 തലമുറകൾ വീതമുള്ള മൂന്നു ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. (മത്ത 1:1-17) കൂടാതെ, കർത്താവിന്റെ പ്രാർഥനയിലെ ഏഴ് അപേക്ഷകൾ, (മത്ത 6:9-13) മത്ത 13-ാം അധ്യായത്തിലെ ഏഴു ദൃഷ്ടാന്തങ്ങൾ, മത്ത 23:13-36 വരെയുള്ള വാക്യങ്ങളിലെ “നിങ്ങളുടെ കാര്യം കഷ്ടം” എന്ന ശൈലിയിലുള്ള ഏഴു പ്രസ്താവനകൾ എന്നിവയും അതിന് ഉദാഹരണങ്ങളാണ്. “നികുതിപിരിവുകാരൻ” എന്ന പദത്തെക്കുറിച്ച് കൂടുതൽ അറിയാൻ മത്ത 5:46-ന്റെ പഠനക്കുറിപ്പു കാണുക.
മത്തായി: ലേവി എന്നും അറിയപ്പെട്ടിരുന്നു.—ലൂക്ക 5:27.
അൽഫായിയുടെ മകനായ യാക്കോബ്: മർ 3:18-ന്റെ പഠനക്കുറിപ്പു കാണുക.
തദ്ദായി: അപ്പോസ്തലന്മാരുടെ പേരുകൾ രേഖപ്പെടുത്തിയിരിക്കുന്ന ലൂക്ക 6:16-ലും പ്രവൃ 1:13-ലും തദ്ദായിയുടെ പേരു കാണുന്നില്ല. പകരം “യാക്കോബിന്റെ മകനായ യൂദാസ്” എന്നാണു കാണുന്നത്. ഇതിൽനിന്ന് “യൂദാസ് ഈസ്കര്യോത്ത് അല്ലാത്ത മറ്റേ യൂദാസ്” എന്ന് യോഹന്നാൻ വിളിച്ച അപ്പോസ്തലന്റെ മറ്റൊരു പേരാണ് തദ്ദായി എന്നു നമുക്കു നിഗമനം ചെയ്യാം. (യോഹ 14:22) ഈ യൂദാസിനെ ഒറ്റുകാരനായ യൂദാസ് ഈസ്കര്യോത്തായി തെറ്റിദ്ധരിച്ചേക്കും എന്നതുകൊണ്ടായിരിക്കാം തദ്ദായി എന്ന പേര് ചിലയിടങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്.
അൽഫായിയുടെ മകനായ യാക്കോബ്: തെളിവനുസരിച്ച് മർ 15:40-ൽ ‘ചെറിയ യാക്കോബ് ’ എന്നു വിളിച്ചിരിക്കുന്ന അതേ ശിഷ്യനാണ് ഇത്. ഇവിടെ കാണുന്ന അൽഫായിയും ക്ലോപ്പാസും ഒരേ ആളാണെന്നു പൊതുവേ കരുതപ്പെടുന്നു. (യോഹ 19:25) അങ്ങനെയെങ്കിൽ അദ്ദേഹംതന്നെയാണു ‘മറ്റേ മറിയയുടെ’ ഭർത്താവ്. (മത്ത 27:56; 28:1; മർ 15:40; 16:1; ലൂക്ക 24:10) എന്നാൽ ഈ വാക്യത്തിൽ പറഞ്ഞിരിക്കുന്ന അൽഫായിയും മർ 2:14-ലെ ലേവിയുടെ അപ്പനായ അൽഫായിയും ഒരാളല്ല എന്നു തെളിവുകൾ സൂചിപ്പിക്കുന്നു.
നികുതിപിരിവുകാർ: ധാരാളം ജൂതന്മാർ റോമൻ അധികാരികൾക്കുവേണ്ടി നികുതി പിരിച്ചിരുന്നു. ഈ നികുതിപിരിവുകാരോടു ജനങ്ങൾക്കു വെറുപ്പായിരുന്നു. കാരണം, തങ്ങൾ വെറുത്തിരുന്ന ഒരു വിദേശശക്തിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്നവരായിരുന്നു അവർ. പോരാത്തതിന്, ഔദ്യോഗികമായി അംഗീകരിച്ചിരുന്നതിലും കൂടുതൽ നികുതി അവർ ഈടാക്കുകയും ചെയ്തിരുന്നു. മറ്റു ജൂതന്മാർ ഈ നികുതിപിരിവുകാരെ പൊതുവേ അകറ്റിനിറുത്തിയിരുന്നു. പാപികളുടെയും വേശ്യമാരുടെയും അതേ തട്ടിലാണ് ഇവരെയും കണ്ടിരുന്നത്.—മത്ത 11:19; 21:32.
കനാനേയൻ: അപ്പോസ്തലനായ ശിമോനെ അപ്പോസ്തലനായ ശിമോൻ പത്രോസിൽനിന്ന് വേർതിരിച്ചുകാണിക്കുന്ന ഒരു വിശേഷണം. (മർ 3:18) “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നൊക്കെ അർഥമുള്ള ഒരു എബ്രായ അല്ലെങ്കിൽ അരമായ പദത്തിൽനിന്നായിരിക്കാം ഇതിന്റെ ഉത്ഭവം. “തീക്ഷ്ണതയുള്ളവൻ” എന്നു ശിമോനെ വിശേഷിപ്പിക്കാൻ ലൂക്കോസ് ഉപയോഗിച്ച സെലോറ്റേസ് എന്ന ഗ്രീക്കുപദത്തിനും “തീവ്രനിലപാടുകാരൻ; ഉത്സാഹി” എന്നൊക്കെയാണ് അർഥം. (ലൂക്ക 6:15; പ്രവൃ 1:13) മുമ്പ് ശിമോൻ, റോമാക്കാരെ എതിർത്തിരുന്ന തീവ്രനിലപാടുകാരായ ഒരു ജൂതവിഭാഗത്തിൽപ്പെട്ട ആളായിരിക്കാൻ സാധ്യതയുണ്ടെങ്കിലും അദ്ദേഹത്തിന്റെ തീക്ഷ്ണതയും ഉത്സാഹവും കാരണമായിരിക്കാം ഇങ്ങനെയൊരു പേരു കിട്ടിയത്.
ഈസ്കര്യോത്ത്: “കെരീയോത്തിൽനിന്നുള്ള മനുഷ്യൻ” എന്നായിരിക്കാം അർഥം. യൂദാസിന്റെ അപ്പനായ ശിമോനെയും “ഈസ്കര്യോത്ത്” എന്നു വിളിച്ചിട്ടുണ്ട്. (യോഹ 6:71) ശിമോനും യൂദാസും യഹൂദ്യയിലെ കെരീയോത്ത്-ഹെസ്രോൻ എന്ന പട്ടണത്തിൽനിന്നുള്ളവരാണെന്ന് ഇതു സൂചിപ്പിക്കുന്നതായി കരുതപ്പെടുന്നു. (യോശ 15:25) ഇതു സത്യമാണെങ്കിൽ 12 അപ്പോസ്തലന്മാരിൽ യൂദാസ് മാത്രമാണ് യഹൂദ്യയിൽനിന്നുള്ളത്. മറ്റെല്ലാവരും ഗലീലക്കാരായിരുന്നു.
സ്വർഗരാജ്യം അടുത്തിരിക്കുന്നു: മത്ത 4:17-ന്റെ പഠനക്കുറിപ്പു കാണുക.
പ്രസംഗിക്കുക: അതായത്, എല്ലാവരും അറിയാൻ പരസ്യമായി ഘോഷിക്കുക.—മത്ത 3:1-ന്റെ പഠനക്കുറിപ്പു കാണുക.
പ്രസംഗിക്കുക: ഗ്രീക്കുപദത്തിന്റെ പ്രധാനാർഥം “പരസ്യമായി ഒരു കാര്യം അറിയിച്ചുകൊണ്ട് അതു ഘോഷിക്കുക” എന്നാണ്. സന്ദേശം അറിയിക്കുന്ന രീതിക്കാണ് ഇവിടെ ഊന്നൽ നൽകിയിരിക്കുന്നത്. ഒരു കൂട്ടത്തെ അഭിസംബോധന ചെയ്ത് നടത്തുന്ന പ്രഭാഷണത്തെക്കാൾ ഒരു കാര്യം എല്ലാവരോടും പരസ്യമായി ഘോഷിക്കുന്നതിനെയാണ് ഇതു പൊതുവേ അർഥമാക്കുന്നത്.
സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു: മുഴുഭൂമിയെയും ഭരിക്കുന്ന ഒരു പുതിയ ഗവൺമെന്റിനെക്കുറിച്ചുള്ള ഈ സന്ദേശമായിരുന്നു യേശുവിന്റെ പ്രസംഗവിഷയം. (മത്ത 10:7; മർ 1:15) യേശുവിന്റെ സ്നാനത്തിന് ഏതാണ്ട് ആറു മാസം മുമ്പ് സ്നാപകയോഹന്നാൻ സമാനമായൊരു സന്ദേശം അറിയിച്ചുതുടങ്ങിയിരുന്നു. (മത്ത 3:1, 2) എന്നാൽ ദൈവരാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നു യേശു പറഞ്ഞപ്പോൾ ആ വാക്കുകൾക്കു കൂടുതൽ അർഥം കൈവന്നു, കാരണം അഭിഷേകം ചെയ്യപ്പെട്ട നിയുക്തരാജാവെന്ന നിലയിൽ യേശു ഇപ്പോൾ അവിടെയുണ്ടായിരുന്നു. യേശുവിന്റെ മരണശേഷം ശിഷ്യന്മാർ ദൈവരാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നു ഘോഷിച്ചതായി രേഖകളില്ല.
കുഷ്ഠരോഗികൾ: മത്ത 8:2-ന്റെ പഠനക്കുറിപ്പും പദാവലിയിൽ “കുഷ്ഠം; കുഷ്ഠരോഗി” എന്നതും കാണുക.
ഒരു കുഷ്ഠരോഗി: ഗുരുതരമായ ഒരു ചർമരോഗം ബാധിച്ചയാൾ. ഇന്നു കുഷ്ഠം എന്ന പേരിൽ അറിയപ്പെടുന്ന രോഗത്തെ മാത്രമല്ല ബൈബിളിൽ കുഷ്ഠം എന്നു വിളിച്ചിരിക്കുന്നത്. ആർക്കെങ്കിലും കുഷ്ഠമാണെന്നു തെളിഞ്ഞാൽ അതു സുഖമാകുന്നതുവരെ സമൂഹം അദ്ദേഹത്തിനു ഭ്രഷ്ട് കല്പിച്ചിരുന്നു.—ലേവ 13:2, അടിക്കുറിപ്പ്, 45, 46; പദാവലിയിൽ “കുഷ്ഠം; കുഷ്ഠരോഗി” കാണുക.
അഭിവാദനം: ജൂതന്മാർക്കിടയിലെ സർവസാധാരണമായ ഒരു അഭിവാദനമായിരുന്നു “നിങ്ങൾക്കു സമാധാനം” എന്നത്.—ന്യായ 19:20; മത്ത 10:13; ലൂക്ക 10:5.
നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക: ദൈവം വരുത്താൻപോകുന്ന കാര്യങ്ങൾക്ക് ഇനി തങ്ങൾ ഉത്തരവാദികളല്ലെന്നു ശിഷ്യന്മാരുടെ ഈ പ്രവൃത്തി സൂചിപ്പിക്കുമായിരുന്നു. മർ 6:11-ലും ലൂക്ക 9:5-ലും ഇതേ പദപ്രയോഗം കാണാം. എന്നാൽ മർക്കോസും ലൂക്കോസും “അത് അവർക്ക് (അഥവാ “അവർക്കെതിരെ”) ഒരു തെളിവാകട്ടെ” എന്നുകൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. പൗലോസും ബർന്നബാസും പിസിദ്യയിലെ അന്ത്യോക്യയിൽവെച്ച് ഇങ്ങനെ ചെയ്തതായി കാണാം. (പ്രവൃ 13:51) കൊരിന്തിൽവെച്ച് പൗലോസ് തന്റെ ‘വസ്ത്രം കുടഞ്ഞതും’ ഇതിനോടു സമാനമായൊരു കാര്യമായിരുന്നു. “നിങ്ങളുടെ രക്തം നിങ്ങളുടെ തലമേൽത്തന്നെ ഇരിക്കട്ടെ. ഞാൻ കുറ്റക്കാരനല്ല” എന്നൊരു വിശദീകരണവും പൗലോസ് അതോടൊപ്പം നൽകി. (പ്രവൃ 18:6) ഇത്തരം രീതികൾ ശിഷ്യന്മാർക്കു സുപരിചിതമായിരുന്നിരിക്കണം. കാരണം മറ്റു ജനതകളിൽപ്പെട്ടവരുടെ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചിട്ടു ജൂതന്മാരുടെ പ്രദേശത്തേക്കു വീണ്ടും കടക്കുന്നതിനു മുമ്പ് മതഭക്തരായ ജൂതന്മാർ ചെരിപ്പിലെ പൊടി തട്ടിക്കളയുമായിരുന്നു. ആ പൊടി അശുദ്ധമായാണ് അവർ കണ്ടിരുന്നത്. എന്നാൽ ശിഷ്യന്മാർക്കു നിർദേശം കൊടുത്തപ്പോൾ യേശുവിന്റെ മനസ്സിലുണ്ടായിരുന്നത് എന്തായാലും ഇതായിരുന്നില്ല.
സത്യമായി: ഗ്രീക്കിൽ അമീൻ. “അങ്ങനെയാകട്ടെ,” “തീർച്ചയായും” എന്നൊക്കെ അർഥമുള്ള ആമേൻ എന്ന എബ്രായപദത്തിന്റെ ലിപ്യന്തരണം. ഒരു പ്രസ്താവനയോ വാഗ്ദാനമോ പ്രവചനമോ ഉച്ചരിക്കുന്നതിനു മുമ്പ് യേശു പലപ്പോഴും ഈ പദം ഉപയോഗിച്ചിട്ടുണ്ട്. പറയുന്ന കാര്യങ്ങൾ തികച്ചും സത്യവും ആശ്രയയോഗ്യവും ആണെന്നു കാണിക്കാനായിരുന്നു ഇത്. വിശുദ്ധലിഖിതങ്ങളിൽ “സത്യമായും” (അമീൻ) എന്ന പദം ഈ രീതിയിൽ ഉപയോഗിച്ചതു യേശു മാത്രമാണെന്നു പറയപ്പെടുന്നു. യോഹന്നാന്റെ സുവിശേഷത്തിൽ ഉടനീളം മൂലഭാഷയിൽ ഈ പദം അടുത്തടുത്ത് ആവർത്തിച്ച് (അമീൻ അമീൻ) ഉപയോഗിച്ചിരിക്കുന്നു. അതിനെ മിക്കയിടങ്ങളിലും “സത്യംസത്യമായി” എന്നാണു പരിഭാഷപ്പെടുത്തിയിരിക്കുന്നത്.—യോഹ 1:51.
സത്യമായി: മത്ത 5:18-ന്റെ പഠനക്കുറിപ്പു കാണുക.
ഇതാ: മത്ത 1:23-ന്റെ പഠനക്കുറിപ്പു കാണുക.
പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവർ: ജാഗ്രതയുള്ളവർ എന്ന് ഇവിടെ പറഞ്ഞിരിക്കുന്നതിന്റെ അർഥം വിവേകമുള്ളവർ, വകതിരിവുള്ളവർ, സൂക്ഷ്മബുദ്ധിയുള്ളവർ എന്നൊക്കെയാണ്. അപകടങ്ങൾ തിരിച്ചറിഞ്ഞ് അവ ഒഴിവാക്കാൻ മിക്ക പാമ്പുകൾക്കും പ്രത്യേകസാമർഥ്യമുണ്ടെന്നാണു ജന്തുശാസ്ത്രജ്ഞരുടെ അഭിപ്രായം. ആക്രമിക്കുന്നതിനെക്കാൾ ഓടിയൊളിക്കാനാണ് അവയുടെ പ്രവണത. സമാനമായി തന്റെ ശിഷ്യന്മാരും പ്രസംഗപ്രവർത്തനം നടത്തുമ്പോൾ എതിരാളികളെക്കുറിച്ച് ജാഗ്രതയുള്ളവരായിരിക്കണമെന്നും അപകടങ്ങൾ മുൻകൂട്ടിക്കണ്ട് അവ ഒഴിവാക്കണമെന്നും പറയുകയായിരുന്നു യേശു.
ഇതാ: “ഇതാ” എന്ന് ഇവിടെ പരിഭാഷപ്പെടുത്തിയിരിക്കുന്ന ഇദൗ എന്ന ഗ്രീക്കുപദം, തുടർന്നു പറയാൻപോകുന്ന കാര്യത്തിലേക്കു ശ്രദ്ധ ക്ഷണിക്കാനാണു മിക്കപ്പോഴും ഉപയോഗിക്കുന്നത്. ഒരു രംഗം ഭാവനയിൽ കാണാനോ വിവരണത്തിലെ ഏതെങ്കിലും ഒരു പ്രത്യേകവിശദാംശത്തിനു ശ്രദ്ധ കൊടുക്കാനോ അതു വായനക്കാരനെ പ്രോത്സാഹിപ്പിക്കുന്നു. ഊന്നലിനുവേണ്ടിയും പുതിയതോ അതിശയകരമോ ആയ എന്തെങ്കിലും കാര്യം അവതരിപ്പിക്കുന്നതിനുവേണ്ടിയും ഇത് ഉപയോഗിച്ചിട്ടുണ്ട്. ഗ്രീക്കുതിരുവെഴുത്തുകളിൽ മത്തായിയുടെയും ലൂക്കോസിന്റെയും സുവിശേഷങ്ങളിലും വെളിപാടുപുസ്തകത്തിലും ആണ് ഇത് അധികവും കാണുന്നത്. എബ്രായതിരുവെഴുത്തുകളിലും ഇതിനു തുല്യമായ ഒരു പ്രയോഗം ധാരാളമായി ഉപയോഗിച്ചിട്ടുണ്ട്.
പരമോന്നതനീതിപീഠം: മഹാപുരോഹിതനും മൂപ്പന്മാരിൽനിന്നും ശാസ്ത്രിമാരിൽനിന്നും ഉള്ള 70 പേരും ചേർന്ന സൻഹെദ്രിനായിരുന്നു ഇത്. ഇതു പുറപ്പെടുവിക്കുന്ന വിധി അന്തിമതീരുമാനമായിട്ടാണു ജൂതന്മാർ കണ്ടിരുന്നത്.—പദാവലിയിൽ “സൻഹെദ്രിൻ” കാണുക.
സൻഹെദ്രിൻ: അതായത് യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതി. “സൻഹെദ്രിൻ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദത്തിന്റെ (സുനേദ്രിഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്. കൂടിവരവ് അല്ലെങ്കിൽ യോഗം എന്ന വിശാലമായ അർഥമുള്ള പദമായിരുന്നു ഇതെങ്കിലും ഇസ്രായേലിൽ അതിനു മതപരമായ ന്യായാധിപസംഘത്തെ അഥവാ കോടതിയെ അർഥമാക്കാനാകുമായിരുന്നു.— മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക; സൻഹെദ്രിൻ ഹാൾ സ്ഥിതിചെയ്തിരുന്നിരിക്കാൻ സാധ്യതയുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.
കോടതി: സുനേദ്രിഒൻ എന്ന ഗ്രീക്കുപദമാണ് ഇവിടെ “കോടതി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഈ പദം ഗ്രീക്കുതിരുവെഴുത്തുകളിൽ മിക്കപ്പോഴും ഉപയോഗിച്ചിരിക്കുന്നതു യരുശലേമിൽ സ്ഥിതിചെയ്യുന്ന, ജൂതന്മാരുടെ പരമോന്നതകോടതിയായ സൻഹെദ്രിനെ കുറിക്കാനാണ്. (പദാവലിയിൽ “സൻഹെദ്രിൻ” എന്നതും മത്ത 5:22; 26:59 എന്നിവയുടെ പഠനക്കുറിപ്പുകളും കാണുക.) എന്നാൽ കുറെക്കൂടെ വിശാലമായ ഒരർഥത്തിൽ, ആളുകളുടെ ഒരു കൂടിവരവിനെയോ യോഗത്തെയോ കുറിക്കാനും ഇത് ഉപയോഗിച്ചിരുന്നു. ഇവിടെ അതു സിനഗോഗുകളോടു ചേർന്ന് പ്രവർത്തിച്ചിരുന്ന പ്രാദേശികകോടതികളെ കുറിക്കുന്നു. ആളുകളെ മതഭ്രഷ്ടരാക്കാനും ചാട്ടയ്ക്കടിപ്പിക്കാനും ഇത്തരം കോടതികൾക്ക് അധികാരമുണ്ടായിരുന്നു.—മത്ത 23:34; മർ 13:9; ലൂക്ക 21:12; യോഹ 9:22; 12:42; 16:2.
സഹിച്ചുനിൽക്കുന്നവൻ: അഥവാ “സഹിച്ചുനിന്നവൻ.”—മത്ത 24:13-ന്റെ പഠനക്കുറിപ്പു കാണുക.
സഹിച്ചുനിൽക്കുന്നവൻ: അഥവാ “സഹിച്ചുനിന്നവൻ.” ‘സഹിച്ചുനിൽക്കുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുക്രിയയുടെ (ഹുപ്പൊമെനോ) അക്ഷരാർഥം “കീഴിൽ തുടരുക (കഴിയുക)” എന്നാണ്. ആ പദം മിക്കപ്പോഴും, “ഓടിപ്പോകാതെ ഒരിടത്തുതന്നെ തുടരുക; ഉറച്ചുനിൽക്കുക; മടുത്ത് പിന്മാറാതിരിക്കുക; കുലുങ്ങിപ്പോകാതിരിക്കുക” എന്നീ അർഥങ്ങളിലാണ് ഉപയോഗിച്ചിട്ടുള്ളത്. (മത്ത 10:22; റോമ 12:12; എബ്ര 10:32; യാക്ക 5:11) എതിർപ്പുകളും പരിശോധനകളും ഉള്ളപ്പോഴും ക്രിസ്തുശിഷ്യരായി ജീവിക്കുന്നതിനെയാണ് ഇവിടെ ആ പദംകൊണ്ട് ഉദ്ദേശിക്കുന്നത്.—മത്ത 24:9-12.
മനുഷ്യപുത്രൻ: മത്ത 8:20-ന്റെ പഠനക്കുറിപ്പു കാണുക.
മനുഷ്യപുത്രൻ: അഥവാ “മനുഷ്യന്റെ പുത്രൻ.” ഈ പദപ്രയോഗം സുവിശേഷങ്ങളിൽ 80-ലധികം തവണ കാണാം. തന്നെത്തന്നെ ഇങ്ങനെ വിശേഷിപ്പിച്ചതിലൂടെ, താൻ ഒരു സ്ത്രീയിൽനിന്ന് ജനിച്ച യഥാർഥമനുഷ്യനാണെന്നും അതുകൊണ്ടുതന്നെ ആദാമിനു പകരംവെക്കാൻ എന്തുകൊണ്ടും അനുയോജ്യനാണെന്നും യേശു വ്യക്തമാക്കുകയായിരുന്നിരിക്കാം. അങ്ങനെ മനുഷ്യകുലത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും വീണ്ടെടുക്കാൻ യേശുവിനു കഴിയുമായിരുന്നു. (റോമ 5:12, 14, 15) ഈ പദപ്രയോഗം, യേശുതന്നെയാണു മിശിഹ അഥവാ ക്രിസ്തു എന്നും തിരിച്ചറിയിച്ചു.—ദാനി 7:13, 14. പദാവലി കാണുക.
ബയെത്സെബൂബ്: സാധ്യതയനുസരിച്ച് “ഈച്ചകളുടെ നാഥൻ (ദേവൻ)” എന്ന് അർഥംവരുന്ന ബാൽസെബൂബ് എന്നതിന്റെ മറ്റൊരു രൂപം. എക്രോനിലെ ഫെലിസ്ത്യർ ആരാധിച്ചിരുന്നതു ബാൽസെബൂബ് എന്ന ഈ ബാൽദേവനെയാണ്. (2രാജ 1:3) ചില ഗ്രീക്ക് കൈയെഴുത്തുപ്രതികളിൽ ബീൽസെബൗൽ, ബീസെബൗൽ എന്നിങ്ങനെയുള്ള മറ്റു രൂപങ്ങളാണു കാണുന്നത്. [സാധ്യതയനുസരിച്ച് അർഥം: ഉന്നതമായ വാസസ്ഥാനത്തിന്റെ (തിരുനിവാസത്തിന്റെ) നാഥൻ (ദേവൻ).] ഇനി ഈ പേര് ബൈബിളേതര എബ്രായപദമായ സെവലിൽനിന്ന് (കാഷ്ഠം) വന്നതാണെങ്കിൽ, അതിന്റെ അർഥം “കാഷ്ഠത്തിന്റെ നാഥൻ (ദേവൻ)” എന്നാണ്. മത്ത 12:24-ൽ കാണുന്നതുപോലെ, ഭൂതങ്ങളുടെ പ്രഭു അഥവാ അധിപൻ ആയ സാത്താനെ കുറിക്കാനാണ് ഈ പേര് പൊതുവേ ഉപയോഗിക്കുന്നത്.
പറയാനുണ്ടോ!: അക്ഷ. “എത്രയധികം.” മത്ത 7:11-ന്റെ പഠനക്കുറിപ്പു കാണുക.
എത്രയധികം: യേശു മിക്കപ്പോഴും ഈ ന്യായവാദരീതി ഉപയോഗിച്ചിരുന്നു. ആദ്യം വളരെ വ്യക്തമായ ഒരു വസ്തുത അഥവാ ആളുകൾക്കു സുപരിചിതമായ ഒരു സത്യം അവതരിപ്പിക്കും. എന്നിട്ട് അതിനെ അടിസ്ഥാനപ്പെടുത്തി, മറ്റൊരു കാര്യത്തെക്കുറിച്ച് ശരിയായ നിഗമനത്തിൽ എത്തിച്ചേരാൻ സഹായിക്കും. അങ്ങനെ, ലളിതമായ ഒരു വസ്തുത ഉപയോഗിച്ച് ഗഹനമായ ഒരു ആശയം പഠിപ്പിക്കുന്ന രീതിയായിരുന്നു ഇത്.—മത്ത 10:25; 12:12; ലൂക്ക 11:13; 12:28.
വെളിച്ചത്ത്: അതായത്, എല്ലാവരും അറിയുംവിധം പരസ്യമായി.
പുരമുകളിൽനിന്ന് വിളിച്ചുപറയുക: “പരസ്യമായി പ്രഖ്യാപിക്കുക” എന്ന് അർഥം വരുന്ന ഒരു പ്രയോഗം. ബൈബിൾക്കാലങ്ങളിൽ, വീടുകൾക്കു പരന്ന മേൽക്കൂരയാണുണ്ടായിരുന്നത്. അവിടെനിന്ന് അറിയിപ്പുകൾ നടത്താനാകുമായിരുന്നു. അവിടെവെച്ച് ചെയ്യുന്ന ചില കാര്യങ്ങൾ എല്ലാവരും അറിയുകയും ചെയ്തിരുന്നു.—2ശമു 16:22.
ഗീഹെന്ന: ഗേ ഹിന്നോം എന്നീ എബ്രായവാക്കുകളിൽനിന്ന് വന്ന പദപ്രയോഗം. “ഹിന്നോമിന്റെ താഴ്വര” എന്നാണ് ഇതിന്റെ അർഥം. പുരാതനയരുശലേമിന്റെ പടിഞ്ഞാറും തെക്കും ആയി വ്യാപിച്ചുകിടന്ന ഒരു താഴ്വരയായിരുന്നു ഇത്. (അനു. ബി12-ലെ “യരുശലേമും സമീപപ്രദേശവും” എന്ന ഭൂപടം കാണുക.) യേശുവിന്റെ കാലമായപ്പോഴേക്കും ഈ താഴ്വര ചപ്പുചവറുകൾ കത്തിക്കാനുള്ള ഒരു സ്ഥലമായി മാറിയിരുന്നു. അതുകൊണ്ടുതന്നെ “ഗീഹെന്ന” എന്ന പദം സമ്പൂർണനാശത്തിന്റെ ഉചിതമായ ഒരു പ്രതീകമായിരുന്നു.—പദാവലി കാണുക.
ദേഹി: അഥവാ, “ജീവൻ.” അതായത്, ഒരാൾക്കു പുനരുത്ഥാനത്തിലൂടെ ലഭിക്കുന്ന ഭാവിജീവിതം. സൈക്കി എന്ന ഗ്രീക്കുപദവും അതിന്റെ തത്തുല്യ എബ്രായപദമായ നെഫെഷും (കാലങ്ങളായി “ദേഹി” എന്നു തർജമ ചെയ്തുപോരുന്ന വാക്കുകൾ.) അടിസ്ഥാനപരമായി അർഥമാക്കുന്നത് (1) ആളുകളെയോ (2) ജന്തുക്കളെയോ (3) ആളുകളുടെ അല്ലെങ്കിൽ ജന്തുക്കളുടെ ജീവനെയോ ആണ്. (ഉൽ 1:20; 2:7; സംഖ 31:28; 1പത്ര 3:20; അടിക്കുറിപ്പുകൾ) “ഒരാളുടെ ജീവൻ” എന്ന അർഥത്തിൽ സൈക്കി എന്ന ഗ്രീക്കുപദം ഉപയോഗിച്ചിരിക്കുന്നതിന് ഉദാഹരണങ്ങളാണ് മത്ത 6:25; 10:39; 16:25, 26; മർ 8:35-37; ലൂക്ക 12:20; യോഹ 10:11, 15; 12:25; 13:37, 38; 15:13; പ്രവൃ 20:10 എന്നീ വാക്യങ്ങൾ. മത്ത 10:28-ലെ യേശുവിന്റെ വാക്കുകളുടെ അർഥം കൃത്യമായി മനസ്സിലാക്കാൻ ഇതുപോലുള്ള വാക്യങ്ങൾ സഹായിക്കുന്നു.—പദാവലി കാണുക.
ദേഹിയെയും ശരീരത്തെയും . . . നശിപ്പിക്കാൻ കഴിയുന്നവൻ: ഒരാളുടെ “ദേഹിയെ” (അയാൾ വീണ്ടും ജീവിക്കാനുള്ള സാധ്യതയെയാണ് ഇവിടെ കുറിക്കുന്നത്.) നശിപ്പിക്കാനോ നിത്യമായ ജീവിതത്തിലേക്ക് അയാളെ ഉയിർപ്പിക്കാനോ കഴിയുന്നതു ദൈവത്തിനു മാത്രമാണ്. “ദേഹി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കുപദം, മർത്യമായതും നശിപ്പിക്കപ്പെടാവുന്നതും എന്ന അർഥത്തിൽ ഉപയോഗിച്ചിരിക്കുന്നതിന് ഒരു ഉദാഹരണമാണ് ഇത്. മർ 3:4; ലൂക്ക 17:33; യോഹ 12:25; പ്രവൃ 3:23 എന്നിവ മറ്റു ചില ഉദാഹരണങ്ങളാണ്.
ഗീഹെന്ന: നിത്യമായ നാശത്തെ കുറിക്കുന്നു.—മത്ത 5:22-ന്റെ പഠനക്കുറിപ്പും പദാവലിയും കാണുക.
നിസ്സാരവിലയുള്ള ഒരു നാണയത്തുട്ട്: അക്ഷ. “ഒരു അസ്സാറിയൊൻ.” 45 മിനിട്ട് ജോലി ചെയ്യുന്നതിന് ഒരാൾക്കു കിട്ടിയിരുന്ന കൂലി. (അനു. ബി14 കാണുക.) ഗലീലയിൽ മൂന്നാം പര്യടനം നടത്തുന്ന ഈ സന്ദർഭത്തിൽ, ഒരു അസ്സാറിയൊനിനു രണ്ടു കുരുവികളെ വാങ്ങാമെന്നു യേശു പറഞ്ഞു. തെളിവനുസരിച്ച് ഒരു വർഷത്തിനു ശേഷം യഹൂദ്യയിലെ ശുശ്രൂഷയുടെ സമയത്ത്, അതിന്റെ ഇരട്ടി വിലയ്ക്ക് അഞ്ചു കുരുവികളെ കിട്ടുമെന്നു യേശു പറഞ്ഞു. (ലൂക്ക 12:6) ഈ രണ്ടു വിവരണങ്ങൾ താരതമ്യം ചെയ്താൽ ഒരു കാര്യം വ്യക്തം: വ്യാപാരികൾ കുരുവികളെ തീരെ വിലയില്ലാത്തതായാണു കണ്ടിരുന്നത്. കാരണം അഞ്ചാമത്തെ കുരുവിയെ അവർ സൗജന്യമായി കൊടുത്തിരുന്നു.
കുരുവികൾ: ഇവിടെ ഉപയോഗിച്ചിരിക്കുന്ന സ്റ്റ്രുതീയൊൻ എന്ന ഗ്രീക്കുപദത്തിന്റെ അൽപ്പതാവാചിരൂപം (diminutive form) സൂചിപ്പിക്കുന്നത് ഈ പദത്തിന് ഏതൊരു ചെറിയ പക്ഷിയെയും കുറിക്കാനാകും എന്നാണ്. പക്ഷേ ഇതു മിക്കപ്പോഴും കുരുവികളെയാണ് അർഥമാക്കിയിരുന്നത്. ഭക്ഷ്യയോഗ്യമായ പക്ഷികളിൽ ഏറ്റവും വില കുറഞ്ഞവയായിരുന്നു ഇവ.
നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു: ഒരു മനുഷ്യന്റെ തലയിൽ ശരാശരി 1,00,000-ത്തിലേറെ മുടിയിഴകളുണ്ടെന്നാണു കണക്കാക്കുന്നത്. അത്ര സൂക്ഷ്മമായ വിശദാംശങ്ങൾപോലും യഹോവയ്ക്കു നന്നായി അറിയാം എന്നത് ഒരു കാര്യത്തിന് ഉറപ്പേകുന്നു: ക്രിസ്തുവിന്റെ ഓരോ അനുഗാമിയുടെയും കാര്യത്തിൽ യഹോവയ്ക്ക് ആഴമായ താത്പര്യമുണ്ട്.
ദണ്ഡനസ്തംഭം: അഥവാ “വധസ്തംഭം.” സ്റ്റോറോസ് എന്ന ഗ്രീക്കുപദം ആദ്യമായി കാണുന്നിടം. ഗ്രീക്കു സാഹിത്യഭാഷയിൽ അതു പ്രധാനമായും കുത്തനെയുള്ള ഒരു സ്തംഭത്തെ അഥവാ തൂണിനെ കുറിക്കുന്നു. യേശുവിന്റെ അനുഗാമിയായതിന്റെ പേരിൽ ഒരാൾക്കു നേരിടേണ്ടിവരുന്ന യാതനയെയും അപമാനത്തെയും പീഡനത്തെയും, എന്തിന് മരണത്തെപ്പോലും കുറിക്കാൻ ആലങ്കാരികാർഥത്തിലും ഈ പദം ഉപയോഗിച്ചിട്ടുണ്ട്.—പദാവലി കാണുക.
എടുക്കുക: ഇവിടെ ഇത് ആലങ്കാരികമായ അർഥത്തിലാണ് ഉപയോഗിച്ചിരിക്കുന്നത്. യേശുവിന്റെ ശിഷ്യനാകുന്ന ഒരാൾ ഏറ്റെടുക്കേണ്ടിവരുന്ന ഉത്തരവാദിത്വങ്ങളെയും അയാൾക്കു നേരിടേണ്ടിവന്നേക്കാവുന്ന ഭവിഷ്യത്തുകളെയും ആണ് ഇത് അർഥമാക്കുന്നത്.
ദേഹി: അഥവാ “ജീവൻ.” പദാവലി കാണുക.
നാമത്തിൽ: “നാമം” എന്നതിന്റെ ഗ്രീക്കുപദം (ഓനൊമ) ഒരു വ്യക്തിയുടെ പേരിനെ മാത്രമല്ല കുറിക്കുന്നത്. ഇവിടെ അത്, പിതാവിന്റെയും പുത്രന്റെയും അധികാരവും സ്ഥാനവും അതോടൊപ്പം പരിശുദ്ധാത്മാവിന്റെ ധർമവും അംഗീകരിക്കുന്നതിനെ അർഥമാക്കുന്നു. അത് അംഗീകരിക്കുന്നതോടെ ഒരു വ്യക്തി ദൈവവുമായി പുതിയൊരു ബന്ധത്തിലേക്കു വരുന്നു.—മത്ത 10:41-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ: അക്ഷ. “ഒരു പ്രവാചകന്റെ നാമത്തിൽ.” ഒരു പ്രവാചകന്റെ സ്ഥാനത്തെയും പ്രവർത്തനത്തെയും അംഗീകരിക്കുന്നതിനെയാണു “നാമത്തിൽ” എന്ന ഗ്രീക്കുപ്രയോഗം ഇവിടെ സൂചിപ്പിക്കുന്നത്.—മത്ത 28:19-ന്റെ പഠനക്കുറിപ്പു താരതമ്യം ചെയ്യുക.
പ്രവാചകന്റെ പ്രതിഫലം: ദൈവത്തിന്റെ യഥാർഥപ്രവാചകന്മാരെ സ്വീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർക്കു സമൃദ്ധമായ പ്രതിഫലം കിട്ടും. 1രാജ 17-ലെ വിധവയുടെ വിവരണം ഇതിന് ഒരു ഉദാഹരണമാണ്.
ദൃശ്യാവിഷ്കാരം

വടി കൈയിൽ കൊണ്ടുനടക്കുന്നതു പണ്ട് എബ്രായരുടെഒരു രീതിയായിരുന്നു. പലതായിരുന്നു അതിന്റെ ഉപയോഗങ്ങൾ: ഊന്നിനടക്കാനും (പുറ 12:11; സെഖ 8:4; എബ്ര 11:21) പ്രതിരോധത്തിനോ സ്വയരക്ഷയ്ക്കോ വേണ്ടിയും (2ശമു 23:21) മെതിക്കാനും (യശ 28:27) ഒലിവുകായ്കൾ പറിക്കാനും (ആവ 24:20; യശ 24:13) മറ്റ് അനേകം കാര്യങ്ങൾക്കും അത് ഉപയോഗിച്ചിരുന്നു. ഭക്ഷണസഞ്ചി സാധാരണയായി തുകൽകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. സഞ്ചാരികളും ഇടയന്മാരും കർഷകരും മറ്റുള്ളവരും പൊതുവേ ഭക്ഷണവും വസ്ത്രവും മറ്റു വസ്തുക്കളും കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന ഈ സഞ്ചി തോളിലാണ് ഇട്ടിരുന്നത്. യേശു അപ്പോസ്തലന്മാരെ പ്രസംഗപര്യടനത്തിന് അയയ്ച്ചപ്പോൾ അവർക്കു നൽകിയ നിർദേശങ്ങളുടെ കൂട്ടത്തിൽ വടി, ഭക്ഷണസഞ്ചി എന്നിവയെക്കുറിച്ചും പറഞ്ഞു. അപ്പോസ്തലന്മാർ കൂടുതലായി എന്തെങ്കിലും എടുക്കാൻ തുനിഞ്ഞാൽ അവരുടെ ശ്രദ്ധ പതറുമായിരുന്നതുകൊണ്ട് അതിനു നിൽക്കാതെ അങ്ങനെതന്നെ പോകാനായിരുന്നു നിർദേശം. കാരണം യഹോവ എന്തായാലും അവർക്കുവേണ്ടി കരുതുമായിരുന്നു.—യേശു നൽകിയ നിർദേശങ്ങളുടെ അർഥം കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ലൂക്ക 9:3; 10:4 എന്നിവയുടെ പഠനക്കുറിപ്പുകൾ കാണുക.

ഇസ്രായേലിലെ ചെന്നായ്ക്കൾ പ്രധാനമായും രാത്രിയിലാണ് ഇര പിടിക്കാറുള്ളത്. (ഹബ 1:8) ഭക്ഷണത്തോട് ആർത്തിയുള്ള ഇക്കൂട്ടം ക്രൗര്യത്തിനും ധൈര്യത്തിനും പേരുകേട്ടവയാണ്. അത്യാഗ്രഹികളായ ഇവ പലപ്പോഴും തങ്ങൾക്കു തിന്നാനാകുന്നതിലും കൂടുതൽ ആടുകളെ കൊല്ലാറുണ്ട്. മിക്കപ്പോഴും ഇത് അവയ്ക്കു കടിച്ച് വലിച്ചുകൊണ്ടുപോകാൻപോലും പറ്റാത്തത്രയായിരിക്കും. ബൈബിളിൽ മിക്കയിടങ്ങളിലും മൃഗങ്ങളെക്കുറിച്ചും അവയുടെ നല്ലതും മോശവും ആയ പ്രത്യേകതകൾ, ശീലങ്ങൾ എന്നിവയെക്കുറിച്ചും പരാമർശിച്ചിരിക്കുന്നത് ആലങ്കാരികാർഥത്തിലാണ്. ഉദാഹരണത്തിന്, മരണശയ്യയിൽ വെച്ച് യാക്കോബ് നടത്തിയ പ്രവചനത്തിൽ ബന്യാമീൻ ഗോത്രത്തെ ചെന്നായെപ്പോലുള്ള (കാനിസ് ലൂപുസ്) ഒരു പോരാളിയായി വർണിച്ചിരിക്കുന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളിലും ക്രൗര്യം, അത്യാർത്തി, അക്രമസ്വഭാവം, കുടിലത എന്നീ മോശം ഗുണങ്ങളുടെ പ്രതീകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. ഉദാഹരണത്തിന് കള്ളപ്രവാചകന്മാരെയും (മത്ത 7:15) ക്രിസ്തീയശുശ്രൂഷയെ ക്രൂരമായി എതിർക്കുന്നവരെയും (മത്ത 10:16; ലൂക്ക 10:3) ക്രിസ്തീയസഭയ്ക്കുള്ളിൽനിന്ന് അതിനെ അപകടപ്പെടുത്താൻ നോക്കുന്ന വ്യാജോപദേഷ്ടാക്കളെയും (പ്രവൃ 20:29, 30) ചെന്നായ്ക്കളോടു താരതമ്യപ്പെടുത്തിയിട്ടുണ്ട്. ചെന്നായ്ക്കൾ എത്രമാത്രം അപകടകാരികളാണെന്ന് ഇടയന്മാർക്ക് അറിയാമായിരുന്നു. “ചെന്നായ് വരുന്നതു കാണുമ്പോൾ ആടുകളെ വിട്ട് ഓടിക്കളയുന്ന” ‘കൂലിക്കാരനെക്കുറിച്ച്’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുകളെക്കുറിച്ച് ചിന്തയില്ലാത്ത’ ആ കൂലിക്കാരനെപ്പോലെയല്ല. യേശു ‘ആടുകൾക്കുവേണ്ടി സ്വന്തം ജീവൻ കൊടുത്തു.’—യോഹ 10:11-13.

ആളുകൾ ഏറ്റവും ഭയന്നിരുന്ന ഈ ദണ്ഡനോപകരണം ഫ്ലാഗെല്ലും എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ ചാട്ടയുടെ പിടിയിൽ നിരവധി വള്ളികളോ കെട്ടുകളുള്ള തോൽവാറുകളോ പിടിപ്പിച്ചിരുന്നു. വേദനയുടെ കാഠിന്യം കൂട്ടാൻ ആ തോൽവാറുകളിൽ കൂർത്ത എല്ലിൻകഷണങ്ങളോ ലോഹക്കഷണങ്ങളോ പിടിപ്പിക്കാറുമുണ്ടായിരുന്നു.

കുടുംബാംഗങ്ങളെല്ലാം പല പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന ഇടമാണു വീടിന്റെ മേൽക്കൂര. യഹോവയെക്കുറിച്ച് കുടുംബാംഗങ്ങളോടു സംസാരിക്കാൻ കുടുംബനാഥൻ അവരെ പുരമുകളിൽ വിളിച്ചുകൂട്ടിയിരുന്നു. ഫലശേഖരത്തിന്റെ ഉത്സവത്തിനു പുരമുകളിൽ കൂടാരം കെട്ടുന്ന രീതിയുണ്ടായിരുന്നു. (ലേവ 23:41, 42; ആവ 16:13-15) ഫ്ളാക്സ് ചെടിത്തണ്ടുകൾ ഉണക്കുന്നതുപോലുള്ള ജോലികൾ ഇവിടെവെച്ചാണു ചെയ്തിരുന്നത്. (യോശ 2:6) ചിലപ്പോഴൊക്കെ ആളുകൾ പുരമുകളിൽ കിടന്ന് ഉറങ്ങുകപോലും ചെയ്തിരുന്നു. (1ശമു 9:25, 26) അവിടെവെച്ച് ചെയ്യുന്ന ഏതൊരു കാര്യവും പെട്ടെന്നു മറ്റുള്ളവരുടെ കണ്ണിൽപ്പെടുമായിരുന്നു. (2ശമു 16:22) പുരമുകളിൽ നിന്ന് നടത്തുന്ന ഒരു അറിയിപ്പ് അയൽക്കാർക്കും വഴിപോക്കർക്കും എളുപ്പം കേൾക്കാമായിരുന്നു.

ഗ്രീക്കിൽ ഗീഹെന്ന എന്നു വിളിക്കുന്ന ഹിന്നോം താഴ്വര പുരാതനയരുശേലമിനു തെക്കും തെക്കുപടിഞ്ഞാറും ആയി സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഒരു താഴ്വരയാണ്. യേശുവിന്റെ കാലത്ത്, അവിടം ചപ്പുചവറുകൾ കത്തിക്കുന്ന ഒരു സ്ഥലമായിരുന്നു. അതുകൊണ്ടുതന്നെ ആ പദം സമ്പൂർണനാശത്തെ കുറിക്കാൻ എന്തുകൊണ്ടും യോജിക്കും.

ഭക്ഷ്യയോഗ്യമായ പക്ഷികളിൽ ഏറ്റവും വില കുറഞ്ഞവയായിരുന്നു കുരുവികൾ. ഒരാൾ 45 മിനിട്ട് പണി എടുത്താൽ കിട്ടുന്ന കൂലികൊണ്ട് രണ്ടു കുരുവികളെ വാങ്ങാമായിരുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദത്തിന്, ഇന്നും ഇസ്രായേലിൽ ധാരാളമായി കാണുന്ന അങ്ങാടിക്കുരുവി (പാസെർ ഡൊമസ്റ്റിക്കസ്) സ്പാനിഷ് കുരുവി (പാസെർ ഹിസ്പാന്യോലെൻസിസ്) എന്നിവപോലുള്ള പലതരം ചെറിയ പക്ഷികളെ കുറിക്കാനാകും.