വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായമായവരേ, ചെറുപ്പക്കാർക്കു നിങ്ങളൊരു അനുഗ്രഹമായിരിക്കട്ടെ

പ്രായമായവരേ, ചെറുപ്പക്കാർക്കു നിങ്ങളൊരു അനുഗ്രഹമായിരിക്കട്ടെ

പ്രായമായവരേ, ചെറുപ്പക്കാർക്കു നിങ്ങളൊരു അനുഗ്രഹമായിരിക്കട്ടെ

“ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.”​—⁠സങ്കീർത്തനം 71:18.

1, 2. പ്രായംചെന്ന ദൈവദാസർ എന്തു തിരിച്ചറിയണം, നാം ഇപ്പോൾ എന്തു പരിചിന്തിക്കുന്നതായിരിക്കും?

പശ്ചിമാഫ്രിക്കയിലുള്ള ഒരു ക്രിസ്‌തീയ മൂപ്പൻ പ്രായംചെന്ന ഒരു അഭിഷിക്ത സഹോദരനെ സന്ദർശിച്ചു ചോദിച്ചു: ‘സുഖമാണോ സഹോദരാ?’ അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: “നോക്കൂ! എനിക്ക്‌ ഓടാം, ചാടാം, വേണമെങ്കിൽ ഒറ്റക്കാലിൽ ചാടിച്ചാടി നടക്കാം.” കൂട്ടത്തിൽ അതെല്ലാം കാണിച്ചുകൊടുക്കാനും ശ്രമിച്ചു. “പക്ഷേ, എനിക്കു പറക്കാനാവില്ല” അദ്ദേഹം കൂട്ടിച്ചേർത്തു. ‘എനിക്കു ചെയ്യാനാകുന്നതെല്ലാം ഞാൻ സന്തോഷത്തോടെ ചെയ്യുന്നു, ചെയ്യാനാകാത്തതൊന്നും ചെയ്യുന്നുമില്ല’ എന്നാണ്‌ അദ്ദേഹം പറയാൻ ഉദ്ദേശിച്ചതെന്നു മൂപ്പനു മനസ്സിലായി. ഇന്ന്‌ ആ മൂപ്പന്‌ 80-ലേറെ വയസ്സുണ്ട്‌, ആ അഭിഷിക്ത സഹോദരന്റെ നർമബോധവും വിശ്വസ്‌തതയും അദ്ദേഹത്തിന്റെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു.

2 പ്രായംചെന്ന ഒരു വ്യക്തി പ്രകടമാക്കുന്ന ദൈവികഗുണങ്ങൾക്കു മറ്റുള്ളവരിൽ ആഴമായ സ്വാധീനം ചെലുത്താനാകും. എന്നാൽ പ്രായമേറുന്നു എന്നതുകൊണ്ടുമാത്രം ഒരാളിൽ ജ്ഞാനവും ക്രിസ്‌തുസമാന ഗുണങ്ങളും വളർന്നുവരണമെന്നില്ല. (സഭാപ്രസംഗി 4:13) “നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാർഗ്ഗത്തിൽ അതിനെ പ്രാപിക്കാം” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 16:31) നിങ്ങൾ പ്രായംചെന്ന ഒരാളാണെങ്കിൽ, നിങ്ങളുടെ വാക്കിനും പ്രവൃത്തിക്കും മറ്റുള്ളവരെ എത്രത്തോളം ഗുണകരമായി സ്വാധീനിക്കാനാകുമെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? പ്രായംചെന്നവർക്ക്‌ ചെറുപ്പക്കാരെ എത്ര ശക്തമായി സ്വാധീനിക്കാനാകുമെന്നതിന്റെ ചില ബൈബിൾ ദൃഷ്ടാന്തങ്ങൾ നമുക്കിപ്പോൾ പരിശോധിക്കാം.

ദൂരവ്യാപകഫലങ്ങൾ ഉളവാക്കുന്ന വിശ്വാസം

3. നോഹയുടെ വിശ്വസ്‌തത ഇന്നു ജീവിച്ചിരിക്കുന്ന ഏവർക്കും പ്രയോജനം ചെയ്‌തിരിക്കുന്നത്‌ എങ്ങനെ?

3 നോഹയുടെ വിശ്വാസവും നിശ്ചയദാർഢ്യവും കൈവരുത്തിയ പ്രയോജനങ്ങൾ നാം ഇന്നും അനുഭവിക്കുന്നു. നോഹയ്‌ക്ക്‌ 600-നോടടുത്തു പ്രായമുള്ളപ്പോഴായിരുന്നു അവൻ പെട്ടകം നിർമിക്കുകയും മൃഗങ്ങളെ അതിൽ കയറ്റുകയും അയൽക്കാരോടു പ്രസംഗിക്കുകയുമൊക്കെ ചെയ്‌തത്‌. (ഉല്‌പത്തി 7:6; 2 പത്രൊസ്‌ 2:5) നോഹയുടെ ദൈവികഭക്തി നിമിത്തം അവൻ തന്റെ കുടുംബത്തോടൊപ്പം മഹാപ്രളയത്തെ അതിജീവിക്കുകയും ഇന്നു ഭൂമിയിലുള്ള എല്ലാവരുടെയും പൂർവപിതാവായിത്തീരുകയും ചെയ്‌തു. മനുഷ്യർക്കു പൊതുവേ കൂടുതൽ ആയുർദൈഘ്യമുണ്ടായിരുന്ന ഒരു കാലത്താണു അവൻ ജീവിച്ചിരുന്നത്‌. വളരെ പ്രായംചെന്നിട്ടും നോഹ തന്റെ വിശ്വസ്‌തത കൈവിട്ടില്ല, അത്‌ അവനു നിരവധി അനുഗ്രഹങ്ങൾ കൈവരുത്തി. ഏതു വിധത്തിൽ?

4. നോഹയുടെ നിശ്ചയദാർഢ്യം ഇന്നു ദൈവദാസന്മാർക്ക്‌ മാതൃക ആയിരിക്കുന്നത്‌ എങ്ങനെ?

4 “ഭൂമിയിൽ നിറവിൻ” എന്ന യഹോവയുടെ കൽപ്പന ധിക്കരിച്ചുകൊണ്ട്‌ നിമ്രോദ്‌ ബാബേൽഗോപുരം പണിയാൻ ആരംഭിച്ചപ്പോൾ നോഹയ്‌ക്ക്‌ ഏതാണ്ട്‌ 800 വയസ്സുണ്ടായിരുന്നു. (ഉല്‌പത്തി 9:1; 11:1-9) എന്നാൽ നിമ്രോദിന്റെ ഈ പദ്ധതിയുമായി നോഹയ്‌ക്കു യാതൊരു ബന്ധവുമില്ലായിരുന്നു. അതുകൊണ്ടുതന്നെ മത്സരികളുടെ ഭാഷ ദൈവം കലക്കിയപ്പോൾ നോഹയുടെ ഭാഷ മാറ്റമില്ലാതെ തുടർന്നിരിക്കാം. പ്രായമായപ്പോൾ മാത്രമല്ല, തന്റെ ജീവിതത്തിലുടനീളം നോഹ വിശ്വാസവും നിശ്ചയദാർഢ്യവും പ്രകടമാക്കി. പ്രായഭേദമന്യേ എല്ലാവർക്കും അനുകരിക്കാൻ കഴിയുന്നതാണു നോഹയുടെ വിശ്വാസവും നിശ്ചയദാർഢ്യവും.​—⁠എബ്രായർ 11:⁠7.

കുടുംബത്തിന്മേലുള്ള സ്വാധീനം

5, 6. (എ) അബ്രാഹാമിന്‌ 75 വയസ്സുണ്ടായിരുന്നപ്പോൾ യഹോവ അവനോട്‌ എന്താണ്‌ ആവശ്യപ്പെട്ടത്‌? (ബി) ദൈവത്തിന്റെ കൽപ്പനയോട്‌ അവൻ എങ്ങനെ പ്രതികരിച്ചു?

5 പ്രായംചെന്നവർക്ക്‌ അവരുടെ കുടുംബാംഗങ്ങളുടെ വിശ്വാസത്തെ തീർച്ചയായും സ്വാധീനിക്കാനാകും. അത്‌ എങ്ങനെയെന്നറിയണമെങ്കിൽ നോഹയ്‌ക്കുശേഷം വന്ന ഗോത്രപിതാക്കന്മാരുടെ ജീവിതം പരിശോധിച്ചാൽ മതി. അബ്രാഹാമിന്‌ ഏകദേശം 75 വയസ്സുണ്ടായിരുന്നപ്പോഴാണ്‌ “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും” എന്നു ദൈവം അരുളിച്ചെയ്‌തത്‌.​—⁠ഉല്‌പത്തി 12:1, 2.

6 നാടും വീടും ഉപേക്ഷിച്ച്‌ കൂട്ടുകാരിൽനിന്നും ബന്ധുജനങ്ങളിൽനിന്നും വളരെ ദൂരെ, കേട്ടിട്ടുപോലുമില്ലാത്ത ഒരു നാട്ടിലേക്കു പോകാൻ നിങ്ങളോട്‌ ആവശ്യപ്പെട്ടെന്നു കരുതുക. അബ്രാഹാമിനോടു ദൈവം ആവശ്യപ്പെട്ടത്‌ അതുതന്നെയാണ്‌. “യഹോവ തന്നോടു കല്‌പിച്ചതുപോലെ” അബ്രാഹാം യാത്രപുറപ്പെട്ടു. തുടർന്നുള്ള കാലം പ്രവാസിയും പരദേശിയുമായി അവൻ കനാൻദേശത്ത്‌ കൂടാരങ്ങളിൽ പാർത്തു. (ഉല്‌പത്തി 12:4; എബ്രായർ 11:8, 9) “ഞാൻ നിന്നെ വലിയോരു ജാതിയാക്കും” എന്ന്‌ യഹോവ അബ്രാഹാമിനോടു വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും, അതു നിവൃത്തിയേറി കാണുന്നതിനു വളരെമുമ്പുതന്നെ അവൻ മരിച്ചുപോയി. 25 വർഷം വാഗ്‌ദത്തദേശത്തു പ്രവാസിയായി കഴിഞ്ഞതിനുശേഷമാണ്‌ അവന്റെ ഭാര്യയായ സാറാ അവരുടെ ഏക സന്താനമായ യിസ്‌ഹാക്കിനു ജന്മംനൽകുന്നത്‌. (ഉല്‌പത്തി 21:2, 5) എന്നിട്ടും ആ കാലത്തൊന്നും അവൻ മനംമടുത്ത്‌ തന്റെ സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോയില്ല. വിശ്വസ്‌തതയുടെയും സഹിഷ്‌ണുതയുടെയും എത്ര നല്ല ദൃഷ്ടാന്തം!

7. അബ്രാഹാമിന്റെ സഹിഷ്‌ണുത യിസ്‌ഹാക്കിന്റെമേൽ എന്തു ഫലമുളവാക്കി, മനുഷ്യവർഗത്തിന്‌ അത്‌ എങ്ങനെ ഗുണം ചെയ്‌തു?

7 അബ്രാഹാമിന്റെ സഹിഷ്‌ണുത, 180 വർഷം നീണ്ട തന്റെ ജീവകാലമൊക്കെയും കനാനിൽ ഒരു പരദേശിയായി പാർത്ത യിസ്‌ഹാക്കിന്റെമേൽ ശക്തമായ സ്വാധീനം ചെലുത്തി. ദൈവത്തിന്റെ വാഗ്‌ദാനത്തിലുള്ള അടിയുറച്ച വിശ്വാസമായിരുന്നു യിസ്‌ഹാക്കിന്റെ സഹിഷ്‌ണുതയ്‌ക്കു നിദാനം. ഈ വിശ്വാസം അവനിൽ ഉൾനട്ടത്‌ അവന്റെ മാതാപിതാക്കളായിരുന്നു. പിന്നീട്‌ യഹോവയുടെ സ്വന്തം വാക്കുകൾ ആ വിശ്വാസത്തെ ബലിഷ്‌ഠമാക്കുകയും ചെയ്‌തു. (ഉല്‌പത്തി 26:2-5) മുഴുമനുഷ്യവർഗത്തിനും അനുഗ്രഹം ചൊരിയുന്ന “സന്തതി” അബ്രാഹാമിന്റെ കുടുംബത്തിലൂടെ വരുമെന്നുള്ള യഹോവയുടെ വാഗ്‌ദാനം നിവൃത്തിയേറുന്നതിൽ യിസ്‌ഹാക്കിന്റെ അചഞ്ചലമായ ജീവിതഗതി നിർണായകമായ പങ്കുവഹിച്ചു. നൂറ്റാണ്ടുകൾക്കുശേഷം, ആ ‘സന്തതിയുടെ’ മുഖ്യഭാഗമായ യേശുക്രിസ്‌തു തന്നിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവവുമായി അനുരഞ്‌ജനപ്പെടാനും നിത്യജീവൻ ആസ്വദിക്കാനുമുള്ള വഴി തുറന്നുകൊടുത്തു.​—⁠ഗലാത്യർ 3:16; യോഹന്നാൻ 3:16.

8. യാക്കോബ്‌ ദൃഢമായ വിശ്വാസം പ്രകടമാക്കിയത്‌ എങ്ങനെ, അതിന്റെ ഫലമെന്തായിരുന്നു?

8 ദൃഢമായ വിശ്വാസം വളർത്തിയെടുക്കാൻ യിസ്‌ഹാക്ക്‌ തന്റെ പുത്രനായ യാക്കോബിനെ സഹായിച്ചു. ആ വിശ്വാസം വാർധക്യത്തിലും അവനു തുണനിന്നു. അനുഗ്രഹത്തിനായി ഒരു രാത്രിമുഴുവനും ദൂതനുമായി മൽപ്പിടുത്തം നടത്തുമ്പോൾ യാക്കോബിനു 97 വയസ്സായിരുന്നു. (ഉല്‌പത്തി 32:24-28) 147-ാമത്തെ വയസ്സിൽ, തന്റെ മരണത്തിനുമുമ്പ്‌ 12 മക്കളെയും അനുഗ്രഹിക്കാനായി യാക്കോബ്‌ ശക്തി സംഭരിച്ച്‌ കിടക്കയിൽ എഴുന്നേറ്റിരുന്നു. (ഉല്‌പത്തി 47:28) ഉല്‌പത്തി 49:​1-28-ൽ രേഖപ്പെടുത്തിയിരിക്കുന്ന ആ പ്രാവചനിക വാക്കുകൾ സത്യമായി ഭവിച്ചു, അതിന്റെ നിവൃത്തി ഇന്നും കാണാനാകുന്നുണ്ട്‌.

9. ആത്മീയ പക്വതയുള്ള പ്രായമായവർക്കു തങ്ങളുടെ കുടുംബത്തിൽ എന്തു സ്വാധീനം ചെലുത്താനാകും?

9 വ്യക്തമായും, പ്രായംചെന്ന വിശ്വസ്‌ത ദൈവദാസർക്ക്‌ തങ്ങളുടെ കുടുംബാംഗങ്ങളുടെമേൽ ഗുണകരമായ സ്വാധീനം ചെലുത്താനാകും. അനുഭവപരിചയത്തിന്റെ വെളിച്ചത്തിലുള്ള ജ്ഞാനപൂർവകമായ തിരുവെഴുത്തുപദേശങ്ങളും അതോടൊപ്പം നിങ്ങളുടെതന്നെ സഹിഷ്‌ണുതയുടെ മാതൃകയും വിശ്വാസത്തിൽ ഉറപ്പുള്ളവരായി വളർന്നുവരാൻ ചെറുപ്രായക്കാരെ സഹായിക്കും. (സദൃശവാക്യങ്ങൾ 22:6) കുടുംബാംഗങ്ങളുടെമേൽ നിങ്ങൾക്കുള്ള നല്ല സ്വാധീനത്തിന്റെ മൂല്യം ഒരിക്കലും കുറച്ചുകാണരുത്‌.

സഹാരാധകരുടെമേലുള്ള സ്വാധീനം

10. “തന്റെ അസ്ഥികളെക്കുറിച്ചു” യോസേഫ്‌ കൊടുത്ത “കല്‌പന” എന്തായിരുന്നു, അത്‌ എന്തു ഫലം ഉളവാക്കി?

10 പ്രായമായവർക്ക്‌ സഹാരാധകരെയും നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയും. യാക്കോബിന്റെ പുത്രനായ യോസേഫ്‌ തന്റെ വാർധക്യകാലത്തു ചെയ്‌ത വിശ്വാസത്തിന്റെ ഒരു പ്രവൃത്തി, അദ്ദേഹത്തിനുശേഷം ജീവിച്ചിരുന്ന ദശലക്ഷക്കണക്കിനു സത്യാരാധകരെ ശക്തമായി സ്വാധീനിച്ചു. യോസേഫിന്‌ 110 വയസ്സുള്ളപ്പോഴാണ്‌ ‘തന്റെ അസ്ഥികൾ’ എന്തുചെയ്യണം എന്നതു സംബന്ധിച്ച്‌ അവൻ ‘കല്‌പനകൊടുത്തത്‌.’ ഈജിപ്‌ത്‌ വിട്ടുപോകുമ്പോൾ ഇസ്രായേൽ ജനത അവന്റെ അസ്ഥികളും കൂടെക്കൊണ്ടുപോകണം എന്നതായിരുന്നു ആ കൽപ്പന. (എബ്രായർ 11:22; ഉല്‌പത്തി 50:25) അവരെ സംബന്ധിച്ചിടത്തോളം ആ കൽപ്പന പ്രത്യാശയുടെ മറ്റൊരു കിരണമായിരുന്നു. യോസേഫിന്റെ മരണശേഷം അനേകവർഷക്കാലം അടിമത്തത്തിൽ കഴിയേണ്ടിവന്ന ഇസ്രായേല്യർക്ക്‌ വിടുതൽ ലഭിക്കുമെന്നുള്ള ഉറപ്പ്‌ അതു നൽകി.

11. വാർധക്യത്തിലായിരുന്ന മോശെക്ക്‌ യോശുവയുടെമേൽ എന്തു സ്വാധീനമുണ്ടായിരുന്നു?

11 യോസേഫിന്റെ വിശ്വാസത്തിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഒരു വ്യക്തിയായിരുന്നു മോശെ. യോസേഫിന്റെ അസ്ഥി ഈജിപ്‌തിൽനിന്നു കൊണ്ടുപോകാനുള്ള പദവി മോശെക്ക്‌ ലഭിക്കുമ്പോൾ അവന്‌ 80 വയസ്സായിരുന്നു. (പുറപ്പാടു 13:19) ഏതാണ്ട്‌ ആ സമയത്താണ്‌ തന്നെക്കാൾ വളരെ ചെറുപ്പമായ യോശുവയെ മോശെ പരിചയപ്പെടുന്നത്‌. തുടർന്നുവന്ന 40 വർഷം അവൻ മോശെക്കു ശുശ്രൂഷചെയ്‌തു. (സംഖ്യാപുസ്‌തകം 11:28) മോശെയോടൊപ്പം സീനായി പർവതത്തിലേക്കു പോയ അവൻ, സാക്ഷ്യത്തിന്റെ കൽപ്പലകകളുമായി ഇറങ്ങിവന്ന മോശെയെ സ്വീകരിക്കാൻ അവിടെ കാത്തുനിൽപ്പുണ്ടായിരുന്നു. (പുറപ്പാടു 24:12-18; പുറപ്പാടു 32:15-17) യോശുവയെ സംബന്ധിച്ച്‌ പക്വമായ ഉപദേശത്തിന്റെയും ജ്ഞാനത്തിന്റെയും വറ്റാത്ത ഉറവായിരുന്നിരിക്കണം മോശെ!

12. തന്റെ മരണംവരെയും ഇസ്രായേൽ ജനതയുടെമേൽ യോശുവയ്‌ക്ക്‌ എന്തു സ്വാധീനമുണ്ടായിരുന്നു?

12 തന്റെ ജീവിതകാലത്തൊക്കെയും യോശുവ ഇസ്രായേൽ ജനതയ്‌ക്കു പ്രോത്സാഹനത്തിന്റെ സ്രോതസ്സായിരുന്നു. ന്യായാധിപന്മാർ 2:​7, 8-ൽ നാം വായിക്കുന്നു: “യോശുവയുടെ കാലത്തൊക്കെയും യോശുവ കഴിഞ്ഞിട്ടു ഏറിയനാൾ ജീവിച്ചിരുന്നവരായി യഹോവ യിസ്രായേലിന്നു വേണ്ടി ചെയ്‌ത മഹാപ്രവൃത്തികളൊക്കെയും കണ്ടിട്ടുള്ളവരായ മൂപ്പന്മാരുടെ കാലത്തൊക്കെയും ജനം യഹോവയെ സേവിച്ചു.” (ന്യായാധിപന്മാർ 2:7) എന്നാൽ യോശുവയുടെയും മറ്റു മൂപ്പന്മാരുടെയും മരണത്തോടെ ജനം സത്യാരാധനയിൽ ഉറച്ചുനിൽക്കാതെ വ്യാജാരാധനയെയും സത്യാരാധനയെയും മാറിമാറി ആശ്ലേഷിച്ച ഒരു കാലഘട്ടത്തിന്‌ ആരംഭമായി. ഈ അവസ്ഥ 300 വർഷം, ശമൂവേൽ പ്രവാചകന്റെ നാൾ വരെ, നീണ്ടുനിന്നു.

ശമൂവേൽ “നീതി നടത്തി”

13. ‘നീതി നടത്താൻ’ ശമൂവേൽ എന്തു ചെയ്‌തു?

13 മരിക്കുമ്പോൾ ശമൂവേലിന്‌ എത്ര പ്രായമുണ്ടായിരുന്നുവെന്നു ബൈബിൾ പറയുന്നില്ല. എന്നാൽ 102 വർഷത്തോളം നീളുന്ന ഒരു ചരിത്രമാണ്‌ ഒന്നു ശമൂവേലിൽ അടങ്ങിയിരിക്കുന്നത്‌. അതിൽ മിക്കവാറും എല്ലാ സംഭവങ്ങൾക്കും ശമൂവേൽ ദൃക്‌സാക്ഷിയുമായിരുന്നു. നീതിമാന്മാരായ ന്യായാധിപന്മാരും പ്രവാചകന്മാരും “നീതി നടത്തിയെന്ന്‌” എബ്രായർ 11:​32, 33 വ്യക്തമാക്കുന്നു. അതേ, തന്റെ സമകാലികരിൽ ചിലരെയെങ്കിലും തെറ്റായ വഴികളിൽനിന്നു പിന്തിരിപ്പിക്കാൻ ശമൂവേലിനായി. (1 ശമൂവേൽ 7:2-4) ഏതു വിധത്തിൽ? ജീവിതത്തിലുടനീളം അവൻ യഹോവയോടു വിശ്വസ്‌തനായിരുന്നു. (1 ശമൂവേൽ 12:2-5) ഒരു രാജാവിനു ശക്തമായ ബുദ്ധിയുപദേശം നൽകേണ്ടി വന്നപ്പോൾപോലും അതിൽനിന്നവൻ പിന്മാറിനിന്നില്ല. (1 ശമൂവേൽ 15:16-29) മാത്രമല്ല, “വൃദ്ധനും നരച്ചവനുമായ” ശമൂവേൽ മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നതിൽ ഒരു നല്ല മാതൃകവെച്ചു. സഹ ഇസ്രായേല്യർക്കുവേണ്ടി ‘പ്രാർത്ഥിക്കാതിരുന്നുകൊണ്ട്‌ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ’ എന്ന്‌ അവൻ പറയുകയുണ്ടായി.​—⁠1 ശമൂവേൽ 12:2, 23.

14, 15. പ്രാർഥനയുടെ കാര്യത്തിൽ പ്രായമായവർക്ക്‌ ശമൂവേലിനെ എങ്ങനെ അനുകരിക്കാം?

14 സഹവിശ്വാസികളുടെ നന്മയ്‌ക്കുവേണ്ടി പ്രായമായവർക്കു ചെയ്യാൻ കഴിയുന്ന പ്രധാനപ്പെട്ട ഒരു സംഗതിയാണ്‌ ഈ ദൃഷ്ടാന്തം എടുത്തു കാണിക്കുന്നത്‌. അനാരോഗ്യവും മറ്റു പ്രശ്‌നങ്ങളും അടിച്ചേൽപ്പിക്കുന്ന പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുപോലും മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കാൻ പ്രായമായവർക്കാകും. പ്രിയ സഹോദരങ്ങളേ, നിങ്ങളുടെ പ്രാർഥനകൾ സഭയുടെ ആത്മീയ അഭിവൃദ്ധിക്ക്‌ എത്രമാത്രം സഹായകരമെന്നോ! ക്രിസ്‌തുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുള്ള നിങ്ങളുടെ വിശ്വാസം, നിങ്ങൾക്കു യഹോവയുടെ മുമ്പാകെ ഒരു അംഗീകൃത നില നേടിത്തന്നിരിക്കുന്നു. നിങ്ങളുടെ സഹിഷ്‌ണുതയിലൂടെ നിങ്ങളുടെ വിശ്വാസം “പരിശോധനകളെ” അതിജീവിച്ച്‌ അതിന്റെ മാറ്റുതെളിയിച്ചിരിക്കുന്നു. (യാക്കോബ്‌ 1:3; 1 പത്രൊസ്‌ 1:7) “നീതിമാന്റെ . . . പ്രാർത്ഥന വളരെ ഫലിക്കുന്നു” എന്ന കാര്യം ഒരിക്കലും വിസ്‌മരിക്കരുത്‌.​—⁠യാക്കോബ്‌ 5:16.

15 പ്രസംഗ, ശിഷ്യരാക്കൽ വേലയ്‌ക്കും സഭാപ്രവർത്തനങ്ങൾക്കും നിങ്ങളുടെ പ്രാർഥനയുടെ പിന്തുണ എന്നും ഉണ്ടായിരിക്കണം. ക്രിസ്‌തീയ നിഷ്‌പക്ഷതയുടെ പേരിൽ നമ്മുടെ സഹോദരങ്ങളിൽ ചിലർ ജയിലിലാണ്‌. മറ്റുചിലർ പ്രകൃതിദുരന്തങ്ങളുടെയും യുദ്ധങ്ങളുടെയും ആഭ്യന്തര കലാപങ്ങളുടെയും ഇരകളായിത്തീർന്നിരിക്കുന്നു. ഇനിയും നമ്മുടെ സ്വന്തം സഭയിൽത്തന്നെ പ്രലോഭനങ്ങളെയും എതിർപ്പുകളെയും അഭിമുഖീകരിക്കുന്നവരുണ്ട്‌. (മത്തായി 10:35, 36) സഭയിലും സുവാർത്താപ്രസംഗത്തിലും നേതൃത്വമെടുക്കുന്നവർക്കും നിങ്ങളുടെ ഇടവിടാതെയുള്ള പ്രാർഥനയുടെ പിന്തുണ വേണം. (എഫെസ്യർ 6:18, 19; കൊലൊസ്സ്യർ 4:2, 3) എപ്പഫ്രാസ്‌ ചെയ്‌തതുപോലെ നിങ്ങളും സഹവിശ്വാസികൾക്കുവേണ്ടി പ്രാർഥിക്കുന്നത്‌ എത്ര ഉചിതമാണ്‌!​—⁠കൊലൊസ്സ്യർ 4:12.

വരുവാനുള്ള തലമുറകളെ പഠിപ്പിക്കുന്നു

16, 17. സങ്കീർത്തനം 71:​18-ൽ എന്താണു മുൻകൂട്ടി പറഞ്ഞിരിക്കുന്നത്‌, അത്‌ എങ്ങനെയാണു നിവൃത്തിയേറുന്നത്‌?

16 സ്വർഗീയ പ്രത്യാശയുള്ള “ചെറിയ ആട്ടിൻകൂട്ട”ത്തിലെ അംഗങ്ങളോടൊത്തു സഹവസിച്ചുകൊണ്ട്‌ ഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയുള്ള “വേറെ ആടുകൾ” ആവശ്യമായ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. (ലൂക്കൊസ്‌ 12:32; യോഹന്നാൻ 10:16) ഇതേക്കുറിച്ച്‌ സങ്കീർത്തനം 71:​18-ൽ മുൻകൂട്ടി പറഞ്ഞിരിക്കുന്നത്‌ ഇങ്ങനെയാണ്‌: “ദൈവമേ, അടുത്ത തലമുറയോടു ഞാൻ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.” ആത്മാഭിഷിക്ത ക്രിസ്‌ത്യാനികൾ യേശുവിനോടൊപ്പം മഹത്വീകരിക്കപ്പെടാനായി സ്വർഗത്തിലേക്കു പോകുന്നതിനുമുമ്പ്‌ വേറെ ആടുകളിൽപ്പെട്ട തങ്ങളുടെ സഹകാരികളെ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏൽക്കുന്നതിനായി ശുഷ്‌കാന്തിയോടെ പരിശീലിപ്പിക്കുന്നു.

17 സങ്കീർത്തനം 71:​18-ലെ ‘വരുവാനുള്ള എല്ലാവരെയും . . . അറിയിക്കും’ എന്ന പരാമർശം, അഭിഷിക്തരിൽനിന്നു പഠിക്കുന്ന വേറെ ആടുകൾക്കും തത്ത്വത്തിൽ ബാധകമാക്കാം. സത്യാരാധനയിലേക്കു വരുന്നവരോടു തന്നെക്കുറിച്ചു സാക്ഷ്യം പറയാനുള്ള ഉത്തരവാദിത്വം യഹോവ പ്രായമായവരെ ഭരമേൽപ്പിച്ചിരിക്കുന്നു. (യോവേൽ 1:2, 3) അഭിഷിക്തരിൽനിന്നു കാര്യങ്ങൾ പഠിക്കാനാകുന്നത്‌ ഒരു വലിയ പദവിയായിട്ടാണു വേറെ ആടുകൾ വീക്ഷിക്കുന്നത്‌. മാത്രമല്ല, തിരുവെഴുത്തുകളിൽനിന്നു പഠിക്കുന്ന കാര്യങ്ങൾ യഹോവയെ സേവിക്കാൻ ആഗ്രഹിക്കുന്ന മറ്റുള്ളവരുമായി പങ്കുവെക്കാൻ അവർ വളരെയധികം ആഗ്രഹിക്കുകയും ചെയ്യുന്നു. ​—⁠വെളിപ്പാടു 7:9, 10.

18, 19. (എ) പ്രായംചെന്ന പല ദൈവദാസർക്കും ഏതെല്ലാം വിവരങ്ങൾ പ്രദാനം ചെയ്യാനാകും? (ബി) പ്രായംചെന്ന ക്രിസ്‌ത്യാനികൾക്ക്‌ എന്ത്‌ ഉറപ്പുണ്ടായിരിക്കാനാകും?

18 ചരിത്രപ്രധാന സംഭവങ്ങളുമായി നമ്മെ കൂട്ടിയിണക്കുന്ന ജീവനുള്ള കണ്ണികളാണ്‌ അഭിഷിക്തരിലും വേറെ ആടുകളിലുംപെട്ട പ്രായമായവർ. ‘സൃഷ്ടിപ്പിൻ ഫോട്ടോ നാടകത്തിന്റെ’ ആദ്യ പ്രദർശനങ്ങൾ കണ്ട ചിലർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌. 1918-ൽ തടവിലാക്കപ്പെട്ട, പ്രവർത്തനങ്ങൾക്കു നേതൃത്വമെടുത്തിരുന്ന സഹോദരന്മാരെ നേരിട്ടു പരിചയമുള്ള ചിലർ ഇന്നുമുണ്ട്‌. വാച്ച്‌ടവർ റേഡിയോ സ്റ്റേഷനായ ഡബ്ലിയുബിബിആറുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിട്ടുള്ളവരാണ്‌ മറ്റുചിലർ. പരമോന്നത കോടതികളിൽ യഹോവയുടെ സാക്ഷികളുടെ മതസ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന കേസുകളെക്കുറിച്ച്‌ പറയാൻ അനേകർക്കാകും. ഇനിയും ചിലർ സ്വേച്ഛാധിപത്യ ഭരണത്തിൻകീഴിൽ സത്യാരാധയ്‌ക്കുവേണ്ടി ഉറച്ച നിലപാട്‌ എടുത്തവരാണ്‌. സത്യത്തെക്കുറിച്ചുള്ള ഗ്രാഹ്യം കാലക്രമേണ കൂടുതൽ വ്യക്തമായത്‌ എങ്ങനെയെന്ന്‌ ജീവിതസായാഹ്നത്തിലെത്തിനിൽക്കുന്ന ഇവർക്കു പറയാനാകും. അവരുടെ അനുഭവസമ്പത്തിൽനിന്നു പ്രയോജനം നേടാൻ ബൈബിൾ നമ്മെയെല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.​—⁠ആവർത്തനപുസ്‌തകം 32:⁠7.

19 പ്രായമായവർ ചെറുപ്പക്കാർക്ക്‌ നല്ല മാതൃകകൾ ആയിരിക്കട്ടെ. (തീത്തൊസ്‌ 2:2-4) നിങ്ങളുടെ സഹിഷ്‌ണുതയും പ്രാർഥനയും ഉപദേശങ്ങളും മറ്റുള്ളവരിൽ ഉളവാക്കുന്ന ഫലം ഒരുപക്ഷേ നിങ്ങൾക്ക്‌ ഇപ്പോൾ കാണാനായെന്നു വരില്ല. തങ്ങളുടെ വിശ്വസ്‌തത വരുംതലമുറകളുടെമേൽ എത്ര സ്വാധീനം ചെലുത്തുമായിരുന്നുവെന്ന്‌ നോഹയോ അബ്രാഹാമോ യോസേഫോ മോശെയോ മറ്റു ദൈവദാസന്മാരോ പൂർണമായി തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. എന്നിരുന്നാലും അവരുടെ വിശ്വാസത്തിന്റെയും നിർമലതയുടെയും ചരിത്രത്തിന്‌ നമ്മുടെ ജീവിതത്തിൽ പ്രഭാവം ചെലുത്താൻ കഴിഞ്ഞിരിക്കുന്നു. അതുപോലെ വരുംതലമുറകളുടെമേൽ സ്വാധീനം ചെലുത്താൻ നിങ്ങൾക്കുമാകും.

20. അവസാനംവരെയും പ്രത്യാശ മുറുകെപ്പിടിക്കുന്നവരെ എന്ത്‌ അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു?

20 നിങ്ങൾ “മഹോപദ്രവത്തെ” അതിജീവിച്ചാലും പുനരുത്ഥാനത്തിലൂടെ ജീവനിലേക്കു തിരികെവന്നാലും ‘സാക്ഷാലുള്ള ജീവൻ’ ആസ്വദിക്കാനാകുന്നത്‌ എത്ര പുളകപ്രദമായ അനുഭവമായിരിക്കും. (മത്തായി 24:21; 1 തിമൊഥെയൊസ്‌ 6:19) ക്രിസ്‌തുവിന്റെ ആയിരം വർഷത്തെ ഭരണകാലത്ത്‌ വാർധക്യത്തിന്റെ ദോഷഫലങ്ങളെയെല്ലാം യഹോവ നീക്കംചെയ്യുന്നതിനെക്കുറിച്ച്‌ ഒന്നു വിഭാവനം ചെയ്യൂ. നിരന്തരം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ശരീരത്തിനു പകരം ഓരോ ദിവസവും നാം ഉണർന്നെണീക്കുന്നത്‌ കൂടുതൽ ഓജസ്സോടെ ആയിരിക്കും, മെച്ചമായ ആരോഗ്യത്തോടെ, കൂടുതൽ കാഴ്‌ചശക്തിയോടെ, കേൾവിശക്തിയോടെ, യൗവനചൈതന്യത്തോടെ. (ഇയ്യോബ്‌ 33:25; യെശയ്യാവു 35:5, 6) ദൈവത്തിന്റെ പുതിയ ഭൂമിയിൽ ജീവിക്കാൻ അനുഗ്രഹിക്കപ്പെട്ടവർ അവരുടെ മുമ്പിലുള്ള നിത്യതയുമായി താരതമ്യം ചെയ്യുമ്പോൾ എന്നും ചെറുപ്പമായിരിക്കും. (യെശയ്യാവു 65:22) അതുകൊണ്ട്‌ നമുക്കെല്ലാവർക്കും നമ്മുടെ പ്രത്യാശയെ അവസാനത്തോളം മുറുകെപ്പിടിച്ചുകൊണ്ട്‌ യഹോവയെ മുഴു ഹൃദയത്തോടെ സേവിക്കാം. അവൻ വാഗ്‌ദാനം ചെയ്‌തതെല്ലാം അവൻ നടപ്പിലാക്കുമെന്നും നമ്മുടെ പ്രതീക്ഷകളെയെല്ലാം അതു കവച്ചുവെക്കുമെന്നുമുള്ള ബോധ്യം നമുക്കുണ്ടായിരിക്കാം.​—⁠സങ്കീർത്തനം 37:4; 145:16.

• വൃദ്ധനായ നോഹയുടെ നിശ്ചയദാർഢ്യം മുഴു മനുഷ്യവർഗത്തിനും അനുഗ്രഹമായത്‌ എങ്ങനെ?

• ഗോത്രപിതാക്കന്മാരുടെ വിശ്വാസം പിൻതലമുറക്കാരെ സ്വാധീനിച്ചത്‌ എങ്ങനെ?

• യോസേഫ്‌, മോശെ, യോശുവ, ശമൂവേൽ എന്നിവർ വാർധക്യത്തിലും തങ്ങളുടെ സഹാരാധകരെ എങ്ങനെ ശക്തീകരിച്ചു?

• പ്രായമായവർക്ക്‌ വരുംതലമുറകൾക്കുവേണ്ടി കൈമാറാനാകുന്ന പൈതൃകം എന്താണ്‌?

[അധ്യയന ചോദ്യങ്ങൾ]

[26-ാം പേജിലെ ചിത്രം]

അബ്രാഹാമിന്റെ സഹിഷ്‌ണുതയ്‌ക്ക്‌ യിസ്‌ഹാക്കിന്റെമേൽ ശക്തമായ സ്വാധീനം ഉണ്ടായിരുന്നു

[28-ാം പേജിലെ ചിത്രം]

മോശെയുടെ പക്വമായ ഉപദേശങ്ങൾ യോശുവയ്‌ക്ക്‌ പ്രോത്സാഹനമേകി

[29-ാം പേജിലെ ചിത്രം]

മറ്റുള്ളവർക്കുവേണ്ടിയുള്ള നിങ്ങളുടെ പ്രാർഥനകൾ നല്ല ഫലം ചെയ്യുന്നു

[30-ാം പേജിലെ ചിത്രം]

പ്രായംചെന്ന വിശ്വസ്‌ത ദൈവദാസർക്ക്‌ ചെവികൊടുത്തുകൊണ്ട്‌ ചെറുപ്പക്കാർക്ക്‌ പ്രയോജനം നേടാനാകും