സഭാപ്രസംഗകൻ 4:1-16

4  സൂര്യനു കീഴെ നടക്കുന്ന എല്ലാ അടിച്ച​മർത്ത​ലു​ക​ളും കാണാൻ ഞാൻ വീണ്ടും ശ്രദ്ധ തിരിച്ചു. അവരുടെ കണ്ണീർ ഞാൻ കണ്ടു. അവരെ ആശ്വസി​പ്പി​ക്കാൻ ആരുമി​ല്ലാ​യി​രു​ന്നു.+ അടിച്ച​മർത്തു​ന്നവർ ശക്തരാ​യി​രു​ന്നു. അതു​കൊണ്ട്‌, അതിന്‌ ഇരയാ​യ​വരെ ആശ്വസി​പ്പി​ക്കാൻ ആരുമു​ണ്ടാ​യി​രു​ന്നില്ല.  അതുകൊണ്ട്‌, ഇപ്പോൾ ജീവി​ച്ചി​രി​ക്കു​ന്ന​വരെ അഭിന​ന്ദി​ക്കു​ന്ന​തി​നു പകരം ഇതി​നോ​ടകം മരിച്ചുപോയവരെ+ ഞാൻ അഭിന​ന്ദി​ച്ചു.  ഈ രണ്ടു കൂട്ട​രെ​ക്കാ​ളും ഇതുവരെ ജനിച്ചി​ട്ടി​ല്ലാ​ത്ത​വ​രു​ടെ സ്ഥിതി ഏറെ നല്ലത്‌.+ സൂര്യനു കീഴെ നടക്കുന്ന വേദനി​പ്പി​ക്കുന്ന കാര്യങ്ങൾ അവർ കണ്ടിട്ടി​ല്ല​ല്ലോ.+  ആളുകൾക്കിടയിലെ മത്സരം അവർ പ്രയത്‌നി​ക്കു​ന്ന​തി​നും വിദഗ്‌ധ​മാ​യി ജോലി ചെയ്യു​ന്ന​തി​നും കാരണ​മാ​കു​ന്നെന്നു ഞാൻ കണ്ടു.+ ഇതും വ്യർഥ​ത​യാണ്‌, കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം.  തന്റെ ശരീരം ശോഷിക്കുമ്പോഴും* മണ്ടൻ കൈയും കെട്ടി നിൽക്കു​ന്നു.+  ഇരുകൈ നിറയെ അധ്വാ​ന​ത്തെ​ക്കാ​ളും കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ട​ത്തെ​ക്കാ​ളും ഏറെ നല്ലത്‌ ഒരുപി​ടി വിശ്ര​മ​മാണ്‌.+  സൂര്യനു കീഴെ​യുള്ള മറ്റൊരു വ്യർഥ​ത​യി​ലേക്കു ഞാൻ ശ്രദ്ധ തിരിച്ചു:  ഒറ്റയ്‌ക്കുള്ള ഒരാളു​ണ്ട്‌, അയാൾക്കു കൂട്ടിന്‌ ആരുമില്ല. മക്കളോ സഹോ​ദ​ര​ങ്ങ​ളോ ഇല്ല. എങ്കിലും, അയാളു​ടെ കഠിനാ​ധ്വാ​ന​ത്തിന്‌ ഒരു അവസാ​ന​വു​മില്ല. സമ്പത്തു കണ്ട്‌ അയാളു​ടെ കണ്ണിന്‌ ഒരിക്ക​ലും തൃപ്‌തി​വ​രു​ന്നു​മില്ല.+ “ആർക്കു​വേ​ണ്ടി​യാണ്‌ ഞാൻ ഇങ്ങനെ അധ്വാ​നി​ക്കു​ക​യും സുഖങ്ങ​ളൊ​ക്കെ ത്യജി​ക്കു​ക​യും ചെയ്യു​ന്നത്‌” എന്ന്‌ അയാൾ തന്നോ​ടു​തന്നെ ചോദി​ക്കാ​റു​ണ്ടോ?+ ഇതും വ്യർഥ​ത​യാണ്‌. വളരെ പരിതാ​പ​കരം!+  ഒരാളെക്കാൾ രണ്ടു പേർ ഏറെ നല്ലത്‌.+ കാരണം അവർക്ക്‌ അവരുടെ അധ്വാ​ന​ത്തി​നു നല്ല പ്രതി​ഫ​ല​മുണ്ട്‌.* 10  ഒരാൾ വീണാൽ മറ്റേയാൾക്ക്‌ എഴു​ന്നേൽപ്പി​ക്കാ​നാ​കു​മ​ല്ലോ. പക്ഷേ എഴു​ന്നേൽപ്പി​ക്കാൻ ആരും കൂടെ​യി​ല്ലെ​ങ്കിൽ വീണയാ​ളു​ടെ അവസ്ഥ എന്താകും? 11  കൂടാതെ, രണ്ടു പേർ ഒരുമി​ച്ച്‌ കിടന്നാൽ അവർക്കു ചൂടു കിട്ടും. പക്ഷേ ഒറ്റയ്‌ക്കു കിടന്നാൽ എങ്ങനെ ചൂടു കിട്ടും? 12  മാത്രമല്ല, തനിച്ചാ​യി​രി​ക്കുന്ന ഒരാളെ ആരെങ്കി​ലും കീഴ്‌പെ​ടു​ത്തി​യേ​ക്കാം. പക്ഷേ രണ്ടു പേർ ഒരുമി​ച്ചാ​ണെ​ങ്കിൽ അവർക്ക്‌ എതിർത്തു​നിൽക്കാ​നാ​കും. മുപ്പി​രി​ച്ച​രട്‌ എളുപ്പം പൊട്ടി​ക്കാ​നാ​കില്ല. 13  പ്രായമായവനെങ്കിലും മേലാൽ മുന്നറി​യി​പ്പി​നു ചെവി കൊടു​ക്കാത്ത മണ്ടനായ രാജാ​വി​നെ​ക്കാൾ ഭേദം ദരി​ദ്ര​നെ​ങ്കി​ലും ബുദ്ധി​മാ​നായ ബാലനാ​ണ്‌.+ 14  ആ രാജാ​വി​ന്റെ ഭരണകാ​ലത്ത്‌ ദരി​ദ്ര​നാ​യി ജനിച്ച+ അവൻ* തടവറ​യിൽനിന്ന്‌ ഇറങ്ങി​വന്ന്‌ രാജാ​വാ​യി വാഴുന്നു.+ 15  രാജാവിനു പിൻഗാ​മി​യാ​യി വന്ന ഈ ബാലനും സൂര്യനു കീഴെ ചരിക്കുന്ന ജീവനുള്ള എല്ലാവർക്കും സംഭവി​ക്കു​ന്നതു ഞാൻ കണ്ടു. 16  അസംഖ്യം ആളുകൾ അവനെ പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടെ​ങ്കി​ലും പിൽക്കാ​ലത്ത്‌ വരുന്നവർ അവനിൽ തൃപ്‌ത​രാ​യി​രി​ക്കില്ല.+ ഇതും വ്യർഥ​ത​യാണ്‌, കാറ്റിനെ പിടി​ക്കാ​നുള്ള ഓട്ടം മാത്രം.

അടിക്കുറിപ്പുകള്‍

അക്ഷ. “സ്വന്തം മാംസം തിന്നു​കൊ​ണ്ട്‌.”
അഥവാ “അധ്വാ​ന​ത്താൽ കൂടുതൽ നേട്ടമു​ണ്ട്‌.”
ഇത്‌ ഒരുപക്ഷേ, ബുദ്ധി​മാ​നായ ആ ബാലനാ​യി​രി​ക്കാം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം