വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം ഉടൻ നിറവേറും

ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം ഉടൻ നിറവേറും

ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം ഉടൻ നിറവേറും

ആദാമും ഹവ്വായും പറുദീസയിൽ ആയിരിക്കുമ്പോഴാണ്‌ അവരോടു ദൈവം ഇങ്ങനെ കൽപ്പിച്ചത്‌: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തിലെ പറവജാതിയിന്മേലും സകലഭൂചരജന്തുവിന്മേലും വാഴുവിൻ.”​—⁠ഉല്‌പത്തി 1:28.

ഭൂമിയെ അടക്കിവാഴുക എന്നു പറഞ്ഞപ്പോൾ ഒരു ചെറിയ ഭൂവിഭാഗത്തിൽ മാത്രം കൃഷിചെയ്യുകയോ അതിനെ കേവലം പരിപാലിക്കുകയോ ചെയ്യുന്നതിലുമധികം ഉൾപ്പെട്ടിരുന്നു. ആദാമും ഹവ്വായും മക്കളും കൂടി പറുദീസ വ്യാപിപ്പിച്ച്‌ ക്രമേണ ഈ മുഴുഭൂഗ്രഹവും ഒരു പറുദീസയാക്കണമായിരുന്നു. പക്ഷേ ആദ്യ മനുഷ്യജോടി പാപംചെയ്‌തു, അവർ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കപ്പെട്ടു. (ഉല്‌പത്തി 3:23, 24) എന്നുവരികിലും ഭൂമിയെ അടക്കിവാഴുകയെന്ന ദൈവോദ്ദേശ്യം ഒരിക്കലും നിറവേറുകയില്ലെന്ന്‌ അതിനർഥമില്ല.

അനുസരണമുള്ള മനുഷ്യവർഗത്തെ ദൈവം അനുഗ്രഹിക്കുകയും അവർ ഭൂമിയെ അടക്കിവാഴുകയും ചെയ്യും. പുരാതന ഇസ്രായേൽ ജനത്തിന്‌ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടായിരുന്നപ്പോൾ അവരുടെ വയലേലകൾ സമൃദ്ധമായി വിളയുകയും പഴത്തോട്ടങ്ങൾ ഫലസമൃദ്ധമാകുകയും ചെയ്‌തു. നമ്മുടെ ഭൂമി ക്രമേണ ഒരു പറുദീസയായി പരിണമിക്കുമ്പോൾ അത്തരമൊരു അവസ്ഥയുണ്ടാകും. ദൈവത്തിന്റെ നിശ്വസ്‌ത വചനമായ ബൈബിളിൽ വാഗ്‌ദാനം ചെയ്‌തിരിക്കുന്നതുപോലെ “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.” (സങ്കീർത്തനം 67:6) ഒരർഥത്തിൽ പറഞ്ഞാൽ അന്ന്‌ ഭൂഗ്രഹത്തിലെ പുൽമേടുകളും പർവതങ്ങളും മരങ്ങളും പൂക്കളും നദികളും സമുദ്രങ്ങളുമെല്ലാം സന്തോഷിച്ചുല്ലസിക്കും. (സങ്കീർത്തനം 96:11-13; 98:7-9) തഴെച്ചാർക്കുന്ന സസ്യലതാദികളും വർണപ്പകിട്ടാർന്ന പക്ഷികളും വിസ്‌മയിപ്പിക്കുന്ന മൃഗജാലങ്ങളും ഊഷ്‌മളതയുള്ള മനുഷ്യവർഗവും അപ്പോൾ നമ്മുടെ ഭൂമിയെ ഓജസ്സുറ്റതാക്കും.

ഉടൻ ഒരു പുതിയലോകം!

യഹോവയാം ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയലോകത്തിന്റെ പടിവാതിൽക്കലാണു നാം ഇന്ന്‌. “നാം അവന്റെ വാഗ്‌ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു” എന്ന്‌ പത്രൊസ്‌ അപ്പൊസ്‌തലൻ എഴുതി. (2 പത്രൊസ്‌ 3:13) പത്രൊസിന്റെ മേലുദ്ധരിച്ച വാക്കുകൾ വായിക്കുമ്പോൾ ഈ ഗ്രഹം ഒരിക്കലും ഒരു പറുദീസയായിത്തീരുകയില്ലെന്ന്‌ ചിലർ നിഗമനം ചെയ്‌തേക്കാം. അക്ഷരീയ ആകാശവും ഭൂമിയും മാറി വേറൊന്നു സ്ഥാപിതമാകുന്നതിനെക്കുറിച്ചായിരിക്കാം അവർ ചിന്തിക്കുന്നത്‌. എന്നാൽ അങ്ങനെയാണോ?

എന്താണ്‌ ‘പുതിയ ആകാശം’? അത്‌ ദൈവം സൃഷ്ടിച്ച അക്ഷരീയ ആകാശമല്ല. (സങ്കീർത്തനം 19:1, 2) പത്രൊസ്‌ ആലങ്കാരിക “ആകാശ”ത്തെക്കുറിച്ചാണു പറഞ്ഞത്‌, അതായത്‌ പ്രജകൾക്കുമീതെ ഉന്നതമായിരിക്കുന്ന മാനുഷ ഗവൺമെന്റുകളെക്കുറിച്ച്‌. (2 പത്രൊസ്‌ 3:10-12) ഈ “ആകാശ”ങ്ങൾ മനുഷ്യവർഗത്തെ വിജയകരമായി ഭരിക്കുന്നതിൽ പരാജയമടഞ്ഞിരിക്കുന്നതിനാൽ അവ നീങ്ങിപ്പോകും. (യിരെമ്യാവു 10:23; ദാനീയേൽ 2:44) എന്നാൽ അവയുടെ സ്ഥാനത്തുവരുന്ന ‘പുതിയ ആകാശം’ ദൈവരാജ്യമാണ്‌. യേശുക്രിസ്‌തുവാണ്‌ അതിന്റെ രാജാവ്‌, സ്വർഗീയ ജീവനിലേക്കു പുനരുത്ഥാനം ചെയ്യപ്പെടുന്ന 1,44,000 പേർ സഹഭരണാധിപന്മാരും.​—⁠റോമർ 8:16, 17; വെളിപ്പാടു 5:9, 10; 14:1, 3.

പത്രൊസ്‌ പരാമർശിച്ച “പുതിയ ഭൂമി” ഒരു പുതിയ ഗ്രഹമല്ല. കാരണം എന്നേക്കും മനുഷ്യവർഗത്തിനു ജീവിക്കാൻ പറ്റിയ നിലയിലാണ്‌ യഹോവ ഭൂമിയെ സൃഷ്ടിച്ചിരിക്കുന്നത്‌. (സങ്കീർത്തനം 104:5) ബൈബിളിൽ “ഭൂമി” എന്ന പദം ചിലപ്പോഴൊക്കെ ആളുകളെ കുറിക്കുന്നു (ഉല്‌പത്തി 11:1) അതിനാൽ പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടാനിരിക്കുന്ന ഭൂമി, ദുഷ്ട മനുഷ്യസമൂഹമാണ്‌. സമാനമായി ഭക്തികെട്ട മനുഷ്യരുടെ ഒരു ലോകം മുമ്പ്‌ നോഹയുടെ കാലത്തെ ജലപ്രളയത്താൽ നശിപ്പിക്കപ്പെട്ടു. (2 പത്രൊസ്‌ 3:5-7) അങ്ങനെയെങ്കിൽ “പുതിയ ഭൂമി” എന്താണ്‌? അത്‌ ദൈവത്തിന്റെ “ഹൃദയപരമാർത്ഥ”തയുള്ള സത്യാരാധകരടങ്ങുന്ന ഒരു പുതിയ മനുഷ്യസമൂഹമാണ്‌. (സങ്കീർത്തനം 125:4; 1 യോഹന്നാൻ 2:17) “പുതിയ ഭൂമി”ക്കുവേണ്ടിയുള്ള സകല നിയമങ്ങളും വരുന്നത്‌ “പുതിയ ആകാശ”ത്തുനിന്നാണ്‌. ഈ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന്‌ ഭൂമിയിലെ വിശ്വസ്‌തരായ പുരുഷന്മാർ ഉറപ്പുവരുത്തും.

പുതിയതും വിസ്‌മയകരവുമായ സംഗതികൾ!

എത്ര മഹത്തരമായ ഒരു ഭവനമാണ്‌ യഹോവ നമുക്കു തന്ന ഈ ഭൂമി! ഭൂമിയെ ഒരുക്കുന്നതിനോടുള്ള ബന്ധത്തിൽ താൻ ചെയ്‌തതിനെക്കുറിച്ച്‌ “എത്രയും നല്ലതു” എന്നാണു ദൈവം പറഞ്ഞത്‌. (ഉല്‌പത്തി 1:31) പക്ഷേ, പിശാചായ സാത്താൻ ആദാമിനെയും ഹവ്വായെയും മത്സരത്തിലേക്കു നയിച്ചു. (ഉല്‌പത്തി 3:1-5; വെളിപ്പാടു 12:9) എന്നിരുന്നാലും, നീതിമാന്മാർ ‘സാക്ഷാലുള്ള ജീവൻ’ ആസ്വദിക്കുന്നുവെന്ന്‌ ദൈവം ഉറപ്പുവരുത്തും. പറുദീസയിലെ പൂർണതയുള്ള ചുറ്റുപാടുകളിലെ “നിത്യജീവ”നാണ്‌ ‘സാക്ഷാലുള്ള ജീവൻ.’ (1 തിമൊഥെയൊസ്‌ 6:12, 19) അന്നു മനുഷ്യവർഗം ആസ്വദിക്കുന്ന ചില അനുഗ്രഹങ്ങളെക്കുറിച്ച്‌ നമുക്കിപ്പോൾ പരിചിന്തിക്കാം.

ക്രിസ്‌തുവിന്റെ ആയിരംവർഷ വാഴ്‌ചക്കാലത്ത്‌ സാത്താൻ ബന്ധനത്തിലാകും, മനുഷ്യവർഗത്തിന്‌ ദുരിതംവരുത്താൻ അവനു കഴിയില്ല. യോഹന്നാൻ അപ്പൊസ്‌തലൻ ഇപ്രകാരം പറയുന്നു: “അനന്തരം ഒരു ദൂതൻ [പ്രധാനദൂതനായ മീഖായേൽ, യേശുക്രിസ്‌തു] അഗാധത്തിന്റെ താക്കോലും ഒരു വലിയ ചങ്ങലയും കയ്യിൽ പിടിച്ചുകൊണ്ടു സ്വർഗ്ഗത്തിൽനിന്നു ഇറങ്ങുന്നതു ഞാൻ കണ്ടു. അവൻ പിശാചും സാത്താനും എന്നുള്ള പഴയ പാമ്പായ മഹാസർപ്പത്തെ പിടിച്ചു ആയിരം ആണ്ടേക്കു ചങ്ങലയിട്ടു. ആയിരം ആണ്ടു കഴിയുവോളം ജാതികളെ വഞ്ചിക്കാതിരിപ്പാൻ അവനെ അഗാധത്തിൽ തള്ളിയിട്ടു അടെച്ചുപൂട്ടുകയും മീതെ മുദ്രയിടുകയും ചെയ്‌തു.” (വെളിപ്പാടു 20:1-3; 12:12) സാത്താൻ ബന്ധനത്തിലായിരിക്കുന്ന സമയത്ത്‌ മനുഷ്യവർഗം അവന്റെ സ്വാധീനത്തിൽനിന്നു സ്വതന്ത്രരാകുന്നതോടൊപ്പം രാജ്യഭരണത്തിൻകീഴിൽ മറ്റനേകം അനുഗ്രഹങ്ങളും ആസ്വദിക്കും.

ദുഷ്ടത, അക്രമം, യുദ്ധം എന്നിവ മേലാൽ ഉണ്ടായിരിക്കില്ല. ബൈബിളിന്റെ വാഗ്‌ദാനം ശ്രദ്ധിക്കുക: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല. എന്നാൽ സൌമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും. നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീർത്തനം 37:10, 11, 29) യഹോവയാം ദൈവം ‘ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യും.’ (സങ്കീർത്തനം 46:9) സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കുമെന്നുള്ളതിന്റെ എത്ര ശക്തമായ ഉറപ്പാണത്‌!

പോഷകസമൃദ്ധവും സ്വാദിഷ്‌ഠവുമായ ഭക്ഷണം സമൃദ്ധമായിരിക്കും. “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും” എന്ന്‌ സങ്കീർത്തനക്കാരൻ പാടി. (സങ്കീർത്തനം 72:16) അന്ന്‌ ആരും വിശപ്പിന്റെ ഭീകരത അനുഭവിക്കേണ്ടിവരില്ല.

രോഗമോ പകർച്ചവ്യാധികളോ നിമിത്തം ആരും കഷ്ടപ്പെടേണ്ടിവരില്ല. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24; 35:5, 6) യേശുക്രിസ്‌തു ഭൂമിയിലായിരുന്നപ്പോൾ കുഷ്‌ഠരോഗികളെയും മുടന്തരെയും അന്ധരെയും സൗഖ്യമാക്കി. (മത്തായി 9:35; മർക്കൊസ്‌ 1:40-42; യോഹന്നാൻ 5:5-9) അങ്ങനെയെങ്കിൽ പുതിയലോകത്തിൽ അവൻ എന്തെല്ലാം ചെയ്യുമെന്ന്‌ ഒന്നോർത്തുനോക്കൂ! അന്ധരും ബധിരരും മുടന്തരും ഊമരുമൊക്കെ സൗഖ്യമാക്കപ്പെടുമ്പോൾ അവിടെ അലയടിക്കുന്ന സന്തോഷത്തെക്കുറിച്ചൊന്നു ചിന്തിച്ചുനോക്കുക.

അനുസരണമുള്ള മനുഷ്യവർഗം പൂർണതയോടടുക്കവേ വൃദ്ധർ യൗവനത്തിലേക്കു തിരിച്ചുവരും. കണ്ണട, ഊന്നുവടി, ക്രച്ചസ്‌, ചക്രക്കസേര, ആശുപത്രികൾ, മരുന്നുകൾ എന്നിവയൊക്കെ ഗതകാല സംഗതികളായി മാറും. നമുക്ക്‌ യുവത്വത്തിന്റെ ഓജസ്‌ തിരികെക്കിട്ടുന്ന അവസ്ഥ എത്ര അവർണനീയമായിരിക്കും! (ഇയ്യോബ്‌ 33:25) രാത്രിയിലെ സുഖനിദ്രയ്‌ക്കുശേഷം രാവിലെ ഉന്മേഷഭരിതരായി ഉണരുന്ന നാം ആ ദിവസത്തെ ആനന്ദദായകമായ ജോലികാര്യങ്ങൾക്കായി സജ്ജരായിരിക്കും.

നമ്മുടെ പ്രിയപ്പെട്ടവരുടെയും മറ്റുള്ളവരുടെയും പുനരുത്ഥാനം നമ്മെ ആഹ്ലാദഭരിതരാക്കും. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) ഹാബേൽ, നോഹ, അബ്രാഹാം, സാറാ, ഇയ്യോബ്‌, മോശെ, രൂത്ത്‌, ദാവീദ്‌, ഏലീയാവ്‌, എസ്ഥേർ എന്നിങ്ങനെ പുനരുത്ഥാനം ചെയ്‌തുവരുന്ന എത്രയെത്ര ആളുകളെയാണ്‌ നമുക്കു സ്വാഗതം ചെയ്യാനുള്ളത്‌! ഇവരെക്കൂടാതെ മറ്റു ജനകോടികളും പുനരുത്ഥാനം ചെയ്യപ്പെടും. അവരിൽ മിക്കവരും യഹോവയെക്കുറിച്ച്‌ പഠിച്ചിട്ടുള്ളവരേയല്ല, എന്നാൽ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും അവന്റെ പുത്രനായ യേശുക്രിസ്‌തുവിനെയും കുറിച്ച്‌ അവരെ പഠിപ്പിക്കാൻ സന്നദ്ധരായ ആളുകൾ അവരെയെല്ലാം സ്വാഗതം ചെയ്യാനുണ്ടായിരിക്കും. പുനരുത്ഥാനം ചെയ്യപ്പെട്ടവർ തങ്ങളുടെ സ്രഷ്ടാവിനെക്കുറിച്ചു പഠിക്കുമ്പോൾ ഭൂമി അക്ഷരാർഥത്തിൽ യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ടു നിറയും.

എല്ലാറ്റിലുമുപരി നമുക്ക്‌ എന്നുമെന്നേക്കും ഏകസത്യദൈവത്തെ ആരാധിക്കാനാകും. “സന്തോഷത്തോടെ യഹോവയെ സേവി”ക്കുന്നതിനുള്ള പദവി നമുക്കുണ്ടായിരിക്കും. മനോഹരമായ വീടുകൾ പണിയുന്നതിലും കൃഷിചെയ്യുന്നതിലും നാം ഒത്തൊരുമിച്ച്‌ വേലചെയ്യും, അങ്ങനെ ഒടുവിൽ നാം മുഴുഭൂഗ്രഹവും അടക്കിവാഴും. (സങ്കീർത്തനം 100:1-3; യെശയ്യാവു 65:21-24) യഹോവയുടെ വിശുദ്ധനാമത്തിനു മഹത്ത്വം കരേറ്റുന്ന, അഴകും ശാന്തതയും വഴിഞ്ഞൊഴുകുന്ന, ഫലസമൃദ്ധമായ ഒരു പറുദീസയിൽ എന്നെന്നേക്കും ജീവിക്കുകയെന്നത്‌ എത്ര സന്തോഷകരമായ അനുഭവമായിരിക്കും!​—⁠സങ്കീർത്തനം 145:21; യോഹന്നാൻ 17:⁠3.

മനുഷ്യവർഗത്തിന്റെ അന്തിമ പരിശോധന

ആയിരംവർഷത്തെ ഭരണകാലത്ത്‌ യേശു തന്റെ മറുവിലയുടെ പ്രയോജനങ്ങൾ അനുസരണമുള്ള ഓരോ വ്യക്തിക്കും ലഭ്യമാക്കും. അതിന്റെ ഫലമായി ക്രമേണ പാപം നീക്കംചെയ്യപ്പെടുകയും മനുഷ്യവർഗം പൂർണതയിലെത്തുകയും ചെയ്യും. (1 യോഹന്നാൻ 2:2; വെളിപ്പാടു 21:1-5) ആദാമ്യ പാപത്തിന്റെ ഫലങ്ങളെല്ലാം നിർമൂലമാക്കപ്പെടുന്നതിനാൽ പൂർണതയിലെത്തിയ മനുഷ്യവർഗം ശാരീരികവും മാനസികവും ധാർമികവും ആത്മീയവും ആയ ദൈവിക നിലവാരങ്ങൾക്കു ചേർച്ചയിൽ ജീവിക്കും. പാപരഹിതമായ പൂർണത കൈവരിക്കുമ്പോഴാണ്‌ അവർ ‘ജീവിക്കുന്നു’ എന്ന്‌ പൂർണമായ അർഥത്തിൽ പറയാനാകുന്നത്‌. (വെളിപ്പാടു 20:5) ആ മനുഷ്യവർഗവും പറുദീസാഭൂമിയും യഹോവയെ എത്രമാത്രം മഹോന്നതനാക്കും!

ക്രിസ്‌തുവിന്റെ ആയിരംവർഷത്തെ ഭരണം അവസാനിച്ച്‌ അൽപ്പംകഴിഞ്ഞ്‌ പിശാചായ സാത്താനെയും അവന്റെ പക്ഷംചേർന്ന ദുഷ്ട ദൂതന്മാരെയും അഗാധത്തിൽനിന്ന്‌ പുറത്തുവിടും, അവിടെ അവർ ബന്ധനത്തിലായിട്ട്‌ ഏകദേശം പത്തുനൂറ്റാണ്ട്‌ കഴിഞ്ഞിരിക്കുമെന്നോർക്കുക. (വെളിപ്പാടു 20:1-3) ദൈവത്തിൽനിന്ന്‌ ആളുകളെ അകറ്റുന്നതിന്‌ ഒരു അവസാനശ്രമം കൂടി നടത്താനുള്ള അവസരം അവർക്കു നൽകും. ചിലർ ആ പരിശോധനയിൽ വീണുപോകുമെങ്കിലും ആ മത്സരം പരാജയപ്പെടും. സാത്താന്റെ പക്ഷം ചേരുന്ന ആ സ്വാർഥമതികളെ സാത്താനോടും അവന്റെ എല്ലാ ഭൂതങ്ങളോടുമൊപ്പം നശിപ്പിക്കും. പിന്നീടൊരിക്കലും ദുഷ്ടത തലപൊക്കുകയില്ല. ദുഷ്‌പ്രവൃത്തിക്കാരെല്ലാം എന്നേക്കുമായി പൊയ്‌പോയിരിക്കും. നീതിമാന്മാർക്ക്‌ നിത്യജീവൻ ലഭിക്കും.​—⁠വെളിപ്പാടു 20:7-10.

നിങ്ങൾ അവിടെ ഉണ്ടായിരിക്കുമോ?

യഹോവയാം ദൈവത്തെ സ്‌നേഹിക്കുന്നവർക്കു സകല നിത്യതയിലും സന്തുഷ്ടരായി ജീവിക്കാനാകും. പറുദീസയിലെ നിത്യജീവൻ ഒരുതരത്തിലും മടുപ്പിക്കുന്ന ഒന്നായിരിക്കില്ല. കാലം കടന്നുപോകവേ ജീവിതം കൂടുതൽ രസകരമായിത്തീരും. കാരണം യഹോവയെക്കുറിച്ചു പഠിക്കുന്നതിന്‌ ഒരന്തവും ഉണ്ടായിരിക്കില്ല. (റോമർ 11:33) എപ്പോഴും നിങ്ങൾക്ക്‌ എന്തെങ്കിലും പുതിയ കാര്യങ്ങൾ പഠിക്കാനുണ്ടായിരിക്കും, പഠിക്കാനാണെങ്കിൽ ഇഷ്ടംപോലെ സമയവും. അതെങ്ങനെ? കാരണം നിങ്ങൾ ജീവിക്കുന്നത്‌ വെറും 70-ഓ 80-ഓ വർഷത്തേക്കല്ല, മറിച്ച്‌ എന്നെന്നേക്കുമാണ്‌.​—⁠സങ്കീർത്തനം 22:26; 90:10; സഭാപ്രസംഗി 3:11.

നിങ്ങൾ ദൈവത്തെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ അവന്റെ ഇഷ്ടം ചെയ്യാൻ നിങ്ങൾക്ക്‌ എപ്പോഴും ഏറെ സന്തോഷമായിരിക്കും. “അവന്റെ കല്‌പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്‌നേഹം; അവന്റെ കല്‌പനകൾ ഭാരമുള്ളവയല്ല” എന്ന്‌ യോഹന്നാൻ അപ്പൊസ്‌തലൻ എഴുതി. (1 യോഹന്നാൻ 5:3) അതിനാൽ നീതിചെയ്‌തുകൊണ്ട്‌ യഹോവയാം ദൈവത്തെ പ്രസാദിപ്പിക്കുന്ന കാര്യത്തിൽ യാതൊന്നും ഒരു വിലങ്ങുതടിയായിരിക്കരുത്‌. ദൈവവചനമായ ബൈബിൾ നിങ്ങൾക്കു വെച്ചുനീട്ടുന്ന വിസ്‌മയകരമായ പ്രത്യാശ എല്ലായ്‌പോഴും മനസ്സിൽപ്പിടിക്കുക. യഹോവയുടെ ഹിതം ചെയ്യുന്നതിന്‌ ഹൃദയത്തിൽ ഉറച്ച തീരുമാനമെടുക്കുക, ഒരിക്കലും അതിൽനിന്ന്‌ ഇടംവലം തിരിയരുത്‌. അങ്ങനെ ചെയ്യുന്നെങ്കിൽ ഭൂമിയെക്കുറിച്ചുള്ള ദൈവോദ്ദേശ്യം നിറവേറി, നമ്മുടെ ഭൂമി എന്നേക്കും നിലനിൽക്കുന്ന ഒരു പറുദീസയായിത്തീരുമ്പോൾ നിങ്ങൾ അവിടെയുണ്ടായിരിക്കും.

[4-ാം പേജിലെ ചിത്രം]

ദൈവം അനുഗ്രഹിച്ചപ്പോൾ ഇസ്രായേല്യരുടെ വയലുകൾ സമൃദ്ധമായി വിളഞ്ഞു

[7-ാം പേജിലെ ചിത്രം]

പറുദീസയിൽ എന്ത്‌ അനുഗ്രഹം ആസ്വദിക്കാനാണ്‌ നിങ്ങൾ ആഗ്രഹിക്കുന്നത്‌?